ഞാനൊരു പാവം പാലാക്കാരന്‍

അന്നത്തെ ഓണമല്ലേ ഓണം!!!

>> Tuesday, September 9, 2008

അങ്ങനെ വീണ്ടും ഒരോണക്കാലം. പഴയ ഓണം എത്ര മനോഹരവും ആസ്വാദ്യകരവുമായിരുന്നു എന്ന് പഴമക്കാര്‍ പരിതപിക്കുമ്പോള്‍ പുതിയ തലമുറ ഡിജിറ്റല്‍ ഓണം ആഘോഷിക്കുന്നു. ഇന്നത്തെ ഓണം ആഘോഷിക്കുന്ന പുത്തന്‍ തലമുറയും പത്തു വര്‍ഷം കഴിയുമ്പോള്‍ പറയും, ഓണം ഒക്കെ ഞങ്ങളുടെ കാലത്തായിരുന്നു എന്ന്. എന്നാല്‍ പഴംതലമുറക്ക് ഓണം ഒരു ഓര്‍മ്മ മാത്രമായി മാറി എന്നാണ് എനിക്കു തോന്നുന്നത്. അതായത് ഓണം കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും മൂന്നാം തലമുറയെ കണ്ടവര്‍ക്കും ഉള്ളതാണ്, ചുരുക്കത്തില്‍ ഉത്തരവാദിത്വം ഇല്ലാത്തവര്‍ക്ക്. കൊടും പ്രാരാബ്ദങ്ങളില്‍ പെട്ടുഴലുന്നവര്‍ക്കും, മനസില്‍ റിലാക്സ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും, പഠിക്കുന്നവര്‍ക്കും ഒക്കെ എങ്ങനെ ഓണം ആസ്വദിക്കാന്‍ പറ്റും? തലമുറ, കാലഘട്ടം എന്നിവയെക്കാളേറെ അവനവന്റെ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു അത്. അതായത് ഓണം അത് ആഘോഷിക്കുന്നവന്റെ മനസിലെ ആസ്വാദന മൂല്യങ്ങളെ അടിസ്ഥാനപ്പെട്ടിരിക്കുന്നു.
അങ്ങനെ ഒരു ശരാശരി ഗള്‍ഫ് മലയാളിയായ ഞാനും ഒരു പ്രാരബ്ദക്കാരനാകയാല്‍ ഓണം ഒരു അയവിറക്കല്‍ ആകട്ടെയെന്നു വെച്ചു. ഭാര്യയും കുട്ടികളും അമ്മയും സഹോദരങ്ങളും നാടിന്റെ ചൂടും ചൂരും ഇല്ലാതെന്ത് ഓണം? സണ്‍റൈസിലോ മറ്റോ കിട്ടുന്ന ഒരു ഓണ സദ്യ അടിച്ചു വേണ്ടേ നമുക്കു ഓണം ആഘോഷിക്കാന്‍, അതും പാര്‍സല്‍, റമദാന്‍ അല്ലേ ഇപ്പോള്‍?

മനസ് 20 -25 വര്‍ഷങ്ങള്‍ പിന്നിലേക്കു പാഞ്ഞു. അമ്മവീട്ടിലെ സ്ഥിരതാമസകാരായ ഞങ്ങള്‍ എല്ലാ അവുധിക്കാലത്തും എത്തുന്ന കസിന്‍സിനെ പ്രതീക്ഷിച്ച് കാത്തിരിക്കും. ഞങ്ങള്‍ നാലെണ്ണത്തില്‍ ആര്‍ക്കെങ്കിലും ഒക്കെ ചിലപ്പോള്‍ ചാച്ചയുടെ വീട്ടില്‍ ഒന്നോ രണ്ടോ ദിവസം ഒക്കെ നില്‍കാന്‍ അവസരം ചിലപ്പോള്‍ ലഭിക്കറുണ്ട് എങ്കിലും മിക്കാവറും എല്ലാ കുട്ടികളും ബന്ധുവീടുകളില്‍ അടിച്ചു പൊളിക്കുമ്പോള്‍ ഞങ്ങള്‍ അങ്ങനെ തകര്‍ക്കാന്‍ വരാനിരിക്കുന്ന സഹോദരീ സഹോദര കിടാങ്ങളെ പ്രതീക്ഷിച്ചിരിക്കും.

ആ കാത്തിരിപ്പു തന്നെ ഒരു സുഖമായിരുന്നു. വീടിന്റെ മുമ്പിലുള്ള പതിനെട്ടാം പടിയില്‍ ഞങ്ങള്‍ നോക്കിയിരിക്കും. അവര്‍ വന്നു കഴിയുമ്പോള്‍ ചെയ്യാ‍നുള്ള കുരുത്തകേടുകള്‍ പ്ലാന്‍ ചെയ്യും. ഓരോരുത്തരും വരുന്ന വണ്ടിയുടെ ശബ്ദം അകലെ നിന്നു കേള്‍ക്കുമ്പോളേ ഞങ്ങള്‍ക്കറിയാമയിരുന്നു എന്നുള്ളതാണ് വാസ്തവം. അരക്കിലോമീറ്റര്‍ അകലെ നിന്നു തന്നെ ഗിയര്‍ ഡൌണ്‍ ചെയ്ത് ഇരപ്പിച്ചു വരുന്ന തിലകന്‍ മോഡല്‍ അങ്കിളിനെയും അത്രയും അകലെ നിന്നു തന്നെ ന്യൂട്ടര്‍ അടിച്ചു വരുന്ന നെടുമുടി മോഡല്‍ അങ്കിളിനെയും കുടുംബത്തെയും ഒക്കെ സ്വീകരിക്കാന്‍ പടികള്‍ ചാടിക്കിടന്ന് റോഡില്‍ ചെല്ലും, പിന്നെ വണ്ടിയുടെ പിറകേ ഓടി വീട്ടില്‍ വന്ന് കുഞ്ഞുങ്ങളായവരെ എടുക്കുക, വണ്ടിയില്‍ നിന്നും പെട്ടിപണ്ടാരങ്ങള്‍ എടുക്കുക മുതലായവയില്‍ വ്യാപൃതരാകും. ഏറ്റവും വലിയ പെട്ടി ഞാനെടുത്ത് അങ്കിളുമാരെയും ആന്റിമാരെയും ഒക്കെ ഞാന്‍ വലുതായെന്നും ഏറ്റുനിന്നു തൂറ്റാറായെന്നും കാണിക്കും.

പ്രഭാതത്തിലെ ഇളം വെയിലില്‍ ചാടിക്കളിക്കുന്ന കറുപ്പും സ്വര്‍ണ്ണ നിറവും കലര്‍ന്ന ഓണത്തുമ്പി എന്നു വിളിക്കുന്ന സാധു തുമ്പിയെ പിടിക്കലാണ് ആദ്യത്തെ പരിപാടി. ആഞ്ഞു കൈ വീശിയാല്‍ അതിന്റെ കാറ്റടിച്ച് പാവം തുമ്പി താഴെ വീഴും. പിന്നെ അതു പറക്കില്ല. എതിര്‍ക്കാന്‍ കെല്പില്ലാത്തവരെ ഉപദ്രവിക്കുക പണ്ടേ ഇഷ്ടമല്ലാത്തതിനാല്‍ ഒരെണ്ണത്തിനെ ഒക്കെ പിടിച്ചു കൂട്ടത്തിലെ കുഞ്ഞുപിള്ളേര്‍ക്കു കൊടുത്തിട്ടു ഞങ്ങള്‍ മുതിര്‍ന്നവര്‍ (എന്നു വെച്ചാല്‍ ഒരു 12 നും 8 നും ഇടക്കു പ്രായം ഉള്ളവര്‍) കല്ലന്തുമ്പി, ആനത്തുമ്പി എന്നിവയെ നോട്ടം ഇടും. പച്ചയും മഞ്ഞയും നിറത്തിലുണ്ടായിരുന്ന കല്ലന്തുമ്പിയെ പിടിക്കാന്‍ ലേശം പ്രയാസമായിരുന്നെങ്കിലും നൂലു കെട്ടി പറപ്പിക്കുമ്പോള്‍ സ്വന്തമായി ഹെലികോപ്ടര്‍ പറത്തുന്നപോലത്തെ സുഖം ലഭിച്ചിരുന്നു എന്നത് വാസ്തവം.

അതിനു ശേഷം പതിയെ പറമ്പിലേക്കു കയറും. പിള്ളേരേ എല്ലാം വിളിച്ച് ഒടിഞ്ഞ റബ്ബര്‍ തടിയുടെ മുകളില്‍ കയറ്റി, തീര്‍ത്തു കുഞ്ഞുങ്ങള്‍ക്ക് വലിയവര്‍ ഒരു കൈ താങ്ങും കൊടുത്ത് ഇരുത്തും. പിന്നെ കൂട്ടത്തിലെ പ്രബലന്മാര്‍ തടി ഇട്ടാട്ടും. കുതിരപ്പുറത്തും കാളപ്പുറത്തും ഒക്കെ ഇരിക്കുന്നതായി സങ്കല്പിച്ച് ഓരോരുത്തരും സായൂജ്യമടയും. അമ്മാവന്‍ റബ്ബറിന്റെ ചീക്കെടുത്ത സ്ഥലങ്ങള്‍ ഒക്കെ കാണിച്ച് അതൊക്കെ ഞാന്‍ ചെയ്തതാണെന്നു വീമ്പിളക്കും. എനിക്കന്നു ഏണി പിടിക്കാനുള്ള പ്രായം മാത്രമല്ലേ ഉള്ളൂ.
എല്ലാവര്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യണമന്നല്ലേ ആഗ്രഹം. കാര്‍ന്നോന്മാര്‍ ആണെങ്കില്‍ അതൊന്നും സമ്മതിക്കുകയും ഇല്ല. പണിക്കാര്‍ മമ്മട്ടി തൂമ്പാ വെച്ച് പുല്ലു ചെത്തുന്നതു കാണുമ്പോല്‍ കൊതിതോന്നും, പക്ഷെ നമുക്കന്നു കൈ കൊണ്ട് പറിക്കാനെ അനുവാദമുള്ളൂ. ഇഷ്ടമില്ലാത്തത് ചെയ്യരുത് എന്നാണങ്കിലും കൈ കൊണ്ട് തന്നെ അതു പുല്ലു പറിപ്പിക്കുകയും ചെയ്യും. ഏണി പിടിച്ചു കൊണ്ടു നില്‍ക്കാതെ അതില്‍ കയറാനാണ് താല്പര്യം, ആരു സമ്മതിക്കാന്‍? കോടാലി കൊണ്ട് വിറകു വെട്ടുന്നത് കാണാന്‍ എന്തു രസം. നമുക്ക് പക്ഷെ കീറിയ വിറക് അടുക്കാനാണ് വിധി. അന്നത്തെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു കോടാലിയും മഴുവും ഒക്കെ എടുത്ത് ആഞ്ഞു പ്രയോഗിക്കുക എന്നുള്ളത്. പണ്ട് ചാച്ചയുണ്ടായിരുന്നപ്പോള്‍ പിള്ളേര്‍ക്കുള്ള ചെറിയ തൂമ്പാ ഒരെണ്ണം കിട്ടിയതോര്‍ക്കുന്നു. എന്തായാലും കൈക്കോടാലി പിള്ളേര്‍ക്കുള്ളതാണെന്നു കരുതി അതെടുത്തു പെരുമാറി അതിന്റെ വാ കളഞ്ഞപ്പോള്‍ കിട്ടിയ തല്ലിന്റെ വേദനയേക്കാളും പ്രയാസം ഈ കസിന്റെ എല്ലാം മുമ്പില്‍ വച്ച് അടി കിട്ടിയതിനായിരുന്നു. എന്തോ പണ്ടു മുതലേ ഇത്തിരി അഹങ്കരിക്കാന്‍ തല പൊക്കുമ്പോളേ ചുറ്റിക വെച്ചിടിച്ചു താഴ്ത്തികളയും. ഒന്നു നന്നായി അഹങ്കരിച്ചിട്ടു മരിച്ചാല്‍ മതിയെന്നേ ഇപ്പോളുള്ളൂ.

അതൊക്കെ പോട്ടെ, വീണ്ടും ഓണത്തിലേക്ക്. അങ്ങനെ ഒടിഞ്ഞ റബ്ബര്‍ തടിയിലെ അതിക്രമങ്ങള്‍ക്കു ശേഷം, പേര, ചാമ്പ, കമുക് തുടങ്ങിയ വണ്ണം കുറഞ്ഞ മരത്തില്‍ കയറി കുഞ്ഞു കസിന്‍സിനെ അല്‍ഭുതപ്പെടുത്തലും നടത്തും. വീട്ടില്‍ സന്തോഷം ഉണ്ടാക്കാന്‍ ജാതിയില്‍ കയറ്റം, കൊക്കോ കായ് പറിക്കല്‍ ആന്റ് കഴിക്കല്‍ തുടങ്ങിയ വീടോപകാര പ്രവര്‍ത്തികളും കൂട്ടത്തില്‍ ജാതിയില്‍ കാലില്‍ തൂങ്ങിക്കിടക്കുക, അണ്ണാനെ ഓടിക്കുക, ഓന്തിനെ കല്ലെറിയുക തുടങ്ങിയ വികൃതിത്തരങ്ങളും നടത്തി പോന്നു.

പിന്നെ ഓണ സദ്യ, കാര്യം ക്രിസ്ത്യാനികളാണെങ്കിലും ഓണത്തിന് വെജിറ്റേറിയന്‍ ആയിരിക്കും, ഭക്ഷണം ഇലയിലും ആയിരിക്കും. എങ്കിലും ചെറുപയര്‍ പായസം ആണ് അന്നൊക്കെ തന്നിരുന്നത്. അങ്ങനെയാണ് അട പായസത്തിനോട് ഒരു ചെറിയ ആക്രാന്തം മനസില്‍ വന്നത്. ഏത്തക്ക വറുത്തതും ചക്കരപിരട്ടിയും ഒക്കെ ഉണ്ടാക്കുന്ന മുറക്കേ കുഞ്ഞു കസിന്‍സിനെ കൊണ്ട് വാങ്ങിപ്പിച്ച് ഞങ്ങള്‍ കഴിക്കുന്നതു കാരണം സദ്യ കഴിക്കണം എന്നു തന്നെ വല്ല്യ നിര്‍ബന്ധം ഇല്ലായിരുന്നു

അതിനു ശേഷം ഞങ്ങള്‍ ആന്റിമാരുടെ കൂടെ തോട്ടിലേക്കിറങ്ങി. അറിയാവുന്ന അഭ്യാസം ഒക്കെ കാണിക്കുകയും പിള്ളേരേ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമവും ഒക്കെയായി അതാണ് ഏറ്റവും രസമുള്ള പണി. അങ്ങനെ അത്തവണ ഞങ്ങള്‍ മീ‍നിനെ പിടിച്ചു വളര്‍ത്താം എന്നു പ്ലാന്‍ ചെയ്തു. സധാരണ മീന്‍ പിടിച്ച് എല്ലാം കൂടി ഒരു കുളത്തില്‍ നിക്ഷേപിച്ച് അതു വലുതായി ഡോള്‍ഫിനും, സ്രാവും ഒക്കെയായി മാറുന്നതും പ്രതീക്ഷിച്ചിരുന്ന ഞങ്ങള്‍ ഇത്തവണ കൂട്ടത്തിലെ പാവവും കൃമിയുമായ പൊറിഞ്ചു പറഞ്ഞതനുസരിച്ച് വീട്ടിലെ ഒരു കുഞ്ഞു ടാങ്കില്‍ വളര്‍ത്താന്‍ തീരുമാനിച്ചു.

മീനുകളുടെ കൂട്ടത്തിലെ വിരുതന്മാരായ കല്ലെമുട്ടിയെയും, കാച്ചവനെയും അനിയനും ഞാനും ചേര്‍ന്നു സാരിയിട്ടു പിടിച്ചു. പിന്നെ എല്ലാവര്‍ക്കും ഓരോ ടൈപ്പ് മീന്‍ തന്നെ ആയിക്കോട്ടെ എന്നുള്ള തീരുമാനത്താല്‍ മണലാരവന്‍, നെറ്റിയെപൊന്നന്‍, വാഴക്കാവരയന്‍, വട്ടോന്‍ എന്നിവയേയും പിള്ളേര്‍ക്ക് കുഞ്ഞുമീനുകളേയും പിടിച്ച് ബക്കറ്റിലിട്ടുകൊണ്ട് ഞങ്ങല്‍ വീട്ടില്‍ വന്നു. ചാട്ടക്കാരായ കാച്ചോനെയും നെറ്റിയെപ്പൊന്നനേയും ഒതുക്കാന്‍ തോര്‍ത്തിട്ടു ബക്കറ്റ് മൂടുകയും ചെയ്തു.

വീട്ടില്‍ വന്നു പഴയ ഒരു സിമന്റ് ടാങ്ക് കഴുകി വൃത്തിയാക്കി അടിയില്‍ ഇത്തിരി മണലും വിരിച്ച് മീനുകളുടെ വാസസ്ഥലം റെഡിയാക്കി ഞങ്ങള്‍. ഓരോന്നിനെയായി പിടിച്ചിടുമ്പോള്‍ കൂട്ടത്തിലെ തരി ആയ കുഞ്ഞോസിക്കൊരു മോഹം, ഒരെണ്ണത്തിനെ അവനു പിടിക്കണം. ദയാലുവും പരോപകാരപ്രിയനുമായ ഞാന്‍ എനിക്കുള്ള മീന്‍ ആയ വഴക്കാവരയനെ പിടിച്ചിട്ടോളാന്‍ പറഞ്ഞു. വാഴക്കാവരയന്റെ വഴുവഴുക്കല്‍ ഒഴിവാക്കാന്‍ മുറുക്കി പിടിച്ച കുഞ്ഞോസിയുടെ കരാളഹസ്തങ്ങളില്‍ പെട്ട് ആ വാഴക്കാവരയന്‍ അകാലചരമം അടഞ്ഞു.

കുഞ്ഞോസി കരഞ്ഞു, ഞങ്ങള്‍ക്കെല്ലാവര്‍ക്കും സങ്കടം ആയി, എനിക്കണെങ്കില്‍ അപ്പിടി സങ്കടം, എന്റെ മീനല്ലേ മരിച്ചത്. ടാങ്കില്‍ കിടന്ന ടിപ്പുവും, ജാക്കും, ജോനയും, ആലീസും എല്ലാം കരഞ്ഞുകാണണം. അവരുടെ കൂട്ടത്തിലെ ടാങ്കില്‍ കിടന്ന പാവം മീനല്ലാരുന്നോ അവന്‍. എല്ലാവര്‍ക്കും അപ്പോളേക്കും പേരായിരുന്നു). എന്റെ സ്വതവേ ഉള്ള കണ്‍ഫ്യൂഷന്‍ അവന്റെ പേരിടുന്ന കാര്യത്തിലും ഉണ്ടായിരുന്നു. എന്തായാലും മൂത്ത പെങ്ങള്‍ പറഞ്ഞു നമുക്ക് വാഴക്കാവരയനെ അടക്കാം.
അങ്ങനെ അനിയന്‍ ജോനക നാരകത്തിന്റെ താഴെ ഒരു കുഴി മാന്തി. എല്ലാവരും വ്യസനത്തോടെ അവന്‍ കുഴിയുടെ ഭംഗി കൂട്ടുന്നതു നോക്കി നിന്നു. ഞാന്‍ നാരകത്തില്‍ ചാരി നിന്നു, രണ്ടുമൂന്നു നീറുകള്‍ എന്നെ കടിച്ചു. എനിക്കു വേദനിച്ചില്ല, നീറിനെ ചവുട്ടിയരച്ചില്ല. ജോനകനുറുമ്പിന്‍ കൂട്ടത്തെ നാരകത്തില്‍ കയറ്റിവിട്ടു നീറുകളെ തുരത്തണം എന്നു പ്ലാന്‍ ചെയ്തും ഇല്ല. നിര്‍വ്വികാരതയോടെ ഞാനാ കുഴിയില്‍ നോക്കി നിന്നു. ആകെ സങ്കടവാനായ കുഞ്ഞോസിയെ ഞാന്‍ ചേര്‍ത്തു പിടിച്ചിരുന്നു. അവസാനം വാഴക്കാവരയനെ എന്റെ ഇളയ പെങ്ങള്‍ എടുത്തു കുഴിയില്‍ വെച്ചു. മൂത്തപെങ്ങള്‍ ചടങ്ങുകള്‍ പറഞ്ഞുതന്നതനുസരിച്ച് ഞങ്ങള്‍ കുഴിയില്‍ ഒരൊ നുള്ളു മണ്ണിട്ടു. തൊട്ടാവാടിയുടെയും, ബാള്‍സത്തിന്റെയും പൂവിന്റെ ഇതളുകള്‍ അടര്‍ത്തിയിട്ടു. എന്നിട്ടു എല്ലാവരും കൂടി നിന്ന് സമയാമാം രഥത്തില്‍ പാടി, അതിനു ശേഷം മരിച്ച വിശ്വാസികളുടെ പ്രാര്‍ത്ഥനയും ചെല്ലി വീടിന്റെ തിണ്ണയില്‍ പോയിരുന്നു.

ആര്‍ക്കും ഒരു ഉഷാറും ഇല്ല. തളര്‍ന്നിരിക്കുന്നു. വീട്ടിലെ വെട്ടുകാരായ കുട്ടപ്പനും തൊമ്മനും വന്ന സൈക്കിള്‍ കണ്ടിട്ടും കയറാന്‍ തോന്നിയില്ല. ആന്റി ചോദിച്ചു എന്താടാ ഓണമായിട്ടു എല്ലാരും ചത്തുകുത്തിയിരിക്കുന്നേ? വല്ല്യമ്മ പറഞ്ഞു ഏതാണ്ടു കുരുത്തക്കേട് ഒപ്പിച്ചേച്ചിരിക്കുവാണെന്നാ തോന്നുന്നേ എന്ന്. സാധാരണ ചാടിക്കടിക്കുന്ന കസിന്‍ വല്ല്യോസിയും രൂക്ഷമായി വല്ല്യമ്മയെ ഒന്നു നോക്കിയതേ ഉള്ളൂ.
പോറിഞ്ചൂസ് പറഞ്ഞു, ഞങ്ങടെ വാഴക്കാവരയന്‍ മരിച്ചു പോയി. അങ്ങനെ ഓണം വിഷാദമൂകമായി പോയി. കാലങ്ങള്‍ ഒത്തിരി കടന്നു പോയി, കഴിഞ്ഞ വര്‍ഷം ഒന്നിച്ചിരുന്ന് സ്മോള്‍ അടിച്ചപ്പോള്‍ പഴയ കാര്യങ്ങല്‍ സംസാരിച്ച കൂട്ടത്തില്‍ കുഞ്ഞോസി ചോദിച്ചു, ---ന്റെ വാഴക്കാവരയനെ ഞാന്‍ കൊന്നതോര്‍ക്കുന്നുണ്ടോ എന്ന്. രണ്ട് ദശാബ്ദങ്ങള്‍ കടന്നു പോയി, മീശയും താടിയും മസിലുകളും ആണുങ്ങള്‍ക്കു വന്നു. പെണ്ണുങ്ങള്‍ ഋതുമതികള്‍ ആയി. പലരും കല്ല്യാണവും കഴിച്ചു. എത്രയൊ അടുപ്പമുള്ളവരുടെ മരണങ്ങളും, ജീവിതത്തിലെ നഷ്ടങ്ങളും അനുഭവിച്ചു. എന്നിട്ടും ഞങ്ങള്‍ക്കൊക്കെ അന്നത്തെ ആ ഫീലിങ് തന്നെ അനുഭവപ്പെട്ടു. ഒരു ശോകമൂകഭാവം മനസില്‍ വന്നു.

ഇതൊക്കെ തന്നെയല്ലേ ഞങ്ങളുടെ ചെറുപ്പത്തിലെ ഓണമല്ലേ ഓണം എന്നു പറയുന്നവരിലും ഉള്ളത്? പണ്ട് വെള്ളക്കായും പഴയ ചെരുപ്പു വട്ടത്തില്‍ കീറിയതും കമ്പില്‍ കുത്തി വണ്ടി ഓടിക്കുകയും പാളയില്‍ ഇരുത്തി വലിച്ചു കൊണ്ടുപോകുകയും ചെയ്തിരുന്നതാണോ അതോ ഇന്നത്തെ പോലെ റിമോട്ട് വച്ച് കാറോടിക്കുന്നതാണോ നല്ലത്?

3 comments:

smitha adharsh September 9, 2008 at 8:41 PM  

ശരിക്കും നല്ല ഓണം..പണ്ടത്തെത് തന്നെ...ഈ പോസ്റ്ലൂടെ പഴയ ഓണം കാണാനായി..നന്ദി.

Sinochan September 10, 2008 at 10:26 AM  

കമന്റടിച്ചതിനു നന്ദി

ഒരു അഭിപ്രായ വിത്യാസം, ഇന്നത്തെ കുട്ടികളും 20 വര്‍ഷത്തിനു ശേഷം പറയും പണ്ടത്തെ ഓണമായിരുന്നു ഓണം എന്ന്. എന്റെ അഭിപ്രായം ആഘോഷങ്ങള്‍ ഒക്കെ മധുരസ്മരണകള്‍ ആയി നില്‍ക്കുന്നത് ചെറുപ്പകാലത്തുള്ളത് ആണ്. അതാണ് ഞാന്‍ ഈ ചെറിയ ഓര്‍മ്മയിലൂടെ പറയാന്‍ ശ്രമിച്ചതും. (വിജയിച്ചില്ല അല്ലേ)

sv September 10, 2008 at 11:47 AM  

ഓണാശംസകള്‍..


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP