ഞാനൊരു പാവം പാലാക്കാരന്‍

സന്തോഷിക്കാനും ഭയം

>> Saturday, October 11, 2008

മഞ്ഞിന്റെ നനവും ക്രിസ്തുമസ് നക്ഷത്രങ്ങളുടെ തിളക്കവും തണുപ്പും അവധി ദിനങ്ങളും ഉള്ള ഡിസംബര്‍ മാസം. ഞങ്ങള്‍ പൈകക്കാരെ സംബന്ധിച്ചിടത്തോളം പൈക പെരുന്നാള്‍, ക്രിസ്തുമസ്, ന്യൂ ഇയര്‍ തുടങ്ങി
ആഘോഷങ്ങളുടെ ഒരു സമയം ആണ് ഡിസംബര്‍. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുമയോടെ എല്ലാ
അഘോഷങ്ങളും വിജയിപ്പിക്കുന്ന സ്ഥലം. (മുസ്ലീങ്ങളെ ഒഴിവാക്കിയതല്ല കേട്ടോ, അവിടെ മുസ്ലീം സഹോദരന്മാര്‍ ഇല്ലാഞ്ഞിട്ടാണ്).


അതിരാവിലെ കൈലി ഉടുത്ത് ഒരു തലേക്കെട്ടും കെട്ടി കട്ടന്‍കാപ്പിയും കട്ടന്‍ബീഡിയും വലിച്ച് റബ്ബറും വെട്ടി, അല്ലെങ്കില്‍ വെട്ടുകാരെകൊണ്ട് വെട്ടിച്ച്, പാലെടുക്കയും ഷീറ്റടിയും ഒക്കെ കഴിഞ്ഞ് ഷാപ്പില്‍ നിന്നും കള്ളും കപ്പയും പന്നിയും അല്ലെങ്കില്‍ തോമസുചേട്ടന്റെ മുറുക്കാങ്കടയില്‍ നിന്നും പട്ടയും മുട്ടയും അടിച്ചുകൊണ്ടിരുന്ന പഴയ തലമുറ പതുക്കെ മാറി. പാന്റും ഷര്‍ട്ടും ഒക്കെ ഇട്ട് പാലാ മഹാറാണി, മേരിയ, രാജധാനി തുടങ്ങി റോസ് മരിയ വരെയുള്ള ബാറുകളിലും, അല്ലെങ്കില്‍ ബീവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വാങ്ങി, വീടുകളിലോ അല്ലെങ്കില്‍ പറമ്പിലോ ഇരുന്നു അവനവന്റെ സൌകര്യത്തിനടിക്കുന്ന തലമുറ പൈക കൈപ്പിടിയിലാക്കി. റബര്‍പ്പാലിന്റെയും ബീഡിയുടെയും മണം ബ്രൂട്ടിനും വിത്സിനും വഴിമാറി. കാലത്തിനനുസരിച്ച് പൈകയും ദാവണി മാറ്റി ജീന്‍സും സ്ലീവ് ലെസ്സ് ടീഷര്‍ട്ടുമിട്ടു. യേശുദാസും ചിത്രയും മമ്മൂട്ടിയുമൊക്കെ വന്നു കൊഴുപ്പിച്ചിരുന്ന പൈക പെരുന്നാള്‍ ക്രിമി ടോമിക്കും സിനിമാറ്റിക് ഡാന്‍സിനും വഴിമാറി.


അങ്ങനെ ഞങ്ങള്‍ കൂട്ടുകാര്‍ക്കും ചില മാറ്റങ്ങള്‍ ഉണ്ടായി. ഒരു കിലോമീറ്റര്‍ ചുറ്റളവിലുണ്ടായിരുന്ന ഞങ്ങള്‍ മൂന്നു പേര്‍ സമപ്രായക്കാരായിരുന്നെങ്കിലും ഉത്തമ സുഹൃത്തുക്കള്‍ ആകുന്നത് യൌവ്വനത്തിലെ തിരിച്ചടികള്‍ക്കിടയില്‍ സങ്കടങ്ങള്‍ പങ്കുവെച്ചാണ്. അവരുടെ കാര്‍ന്നവന്മാരുടെ കട്ടെടുത്ത ബീഡി വലിച്ചു പൊട്ടത്തരങ്ങളും സങ്കല്പങ്ങളും പറഞ്ഞു തള്ളിയ രാവുകള്‍ ഞങ്ങളേ മാനസികമായി ഒത്തിരി അടുപ്പിച്ചിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ തെറിച്ചു വീണ മുത്തുകള്‍ വാരിക്കെട്ടി ഞങ്ങളും രക്ഷപെട്ടു തുടങ്ങി. ഇതിനിടെ പ്രഭാഷകനും പ്ലസ് റ്റു അധ്യാപകനും പോരാഞ്ഞിട്ടു ജേസീസ് പാലാ പ്രസിഡന്റുമായ മറ്റൊരു പൊട്ടനും ഞങ്ങളുടെ കൂടെ ചേര്‍ന്നിരുന്നു.


അങ്ങനെ രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ഡിസംബര്‍. എന്നെക്കാളും മുമ്പേ എല്ലാ കൂട്ടുകാരും കല്ല്യാണം കഴിച്ചെങ്കിലും അവരെക്കാള്‍ മുമ്പേ ആദ്യത്തെ കുട്ടിയുണ്ടാക്കി അവരെ ഞാന്‍ തോല്പിച്ചു. ഞങ്ങളില്‍ രണ്ടു പേര്‍ക്ക് കുട്ടികളായി, മറ്റു രണ്ടുപേരും വിട്ടു തരില്ല എന്ന ഭാവത്തില്‍ ജനുവരിയിലും ഫെബ്രുവരിയിലുമായി കുട്ടികളെ പ്രതീക്ഷിച്ചിരിക്കുന്നു. അവരൊക്കെ അനുസരണയുള്ള ഭര്‍ത്താക്കന്മാര്‍ ആയി മദ്യപാനത്തിനു നോയമ്പ് എടുത്തിരിക്കുന്നു. എന്തായാലും അവര്‍ കാത്തിരുന്നു കാത്തിരുന്നു 24 ആം തീയതി ആയി. പ്രസവിച്ചതും പ്രസവിക്കാനായിരിക്കുന്നതുമായ ഭാര്യമാരോട് പാതിരാക്കുര്‍ബാനക്കു പോകുന്നു എന്നും പറഞ്ഞ് അവരിറങ്ങി, നോയമ്പു വീട്ടാന്‍. എനിക്കു പിന്നെ നോയമ്പേ ഇല്ലായിരുന്നല്ലോ.


ഒരു കുപ്പി സെലിബ്രേഷന്‍ റമ്മും രണ്ടു കെട്ടു ബീഡിയും കുറച്ചു ഓലപ്പടക്കം, കമ്പിത്തിരി, പൂവ്, ചക്രം ഇതെല്ലാം പഴയ ഓര്‍മ്മകള്‍ക്കായും പിന്നെ ഒരു ബൊക്കാര്‍ഡി ലെമൊണ്‍ പുതുമക്കായും കരുതി അവര്‍ മൂന്നു പേരും എന്നെ കൂട്ടാനെത്തി. രാത്രി എട്ടുമണിയോടുകൂടി ഞങ്ങള്‍ പൈകയില്‍ നിന്നും യാത്ര തിരിച്ചു. കുട്ടിക്കാനം ഏലപ്പാറ വഴിക്കു വിടാം എന്നു തീരുമാനിച്ചു പുറപ്പെട്ടു. പണ്ടൊക്കെ അഞ്ചു രൂപക്കു കഷ്ടപ്പെട്ടിരുന്ന ഞങ്ങള്‍ ഇന്നു ആവശ്യത്തിലധികം കാശുമായി അടിച്ചു പൊളിക്കാനിറങ്ങുന്നു. ഭാര്യയുടെയും മോന്റെയും കൂടെ ആദ്യത്തെ ക്രിസ്തുമസ് ആഘോഷിക്കാനാവാത്തതിന്റെ നഷ്ടബോധത്തേക്കാളേറെ എന്തോ ഒരു ചെറിയ ഭീതി എന്റെ മനസില്‍ ഉണ്ടായിരുന്നു എന്നതു സത്യം.


അങ്ങനെ പൊന്‍കുന്നം കഴിഞ്ഞപ്പോളേ ഞാന്‍ വീശാന്‍ തുടങ്ങി. അവര്‍ കുറച്ചു നേരം പിടിച്ചു നിന്നു.
മുണ്ടക്കയത്തിനു മുമ്പേ ക്രിസ്തു ജനിച്ച നസ്രത്തില്‍ ഇപ്പോള്‍ പന്ത്രണ്ടു മണി ആയെന്ന ന്യായത്തില്‍ അവരും തുടങ്ങി. കാര്‍ ഹൈറേഞ്ചിലൂടെ നീങ്ങി. പാതിരാകുര്‍ബാനക്കു പോകുന്നവരെ ഞങ്ങള്‍ കണ്ടുതുടങ്ങി. ഞങ്ങള്‍ വീട്ടുകാര്യങ്ങള്‍ ഒക്കെ മറന്ന് പഴയ കാലരീതിയിലേക്കു കടന്നു.കുട്ടിക്കാനത്തിനും ഏലപ്പാറക്കും ഇടക്കുവെച്ച് പലതവണകളായി കുപ്പി തീര്‍ത്തു. പടക്കങ്ങളും മറ്റും വഴിയിലിട്ടു പൊട്ടിച്ചു. ഞങ്ങള്‍ ലോകത്തെ മുഴുവന്‍ മറന്ന് ആഘോഷിച്ചു. കമ്പിത്തിരി കത്തിച്ചു ആകാശത്തേക്കു എറിഞ്ഞു. പണ്ടൊക്കെ ഒരു ലോറി നിറയെ പടക്കങ്ങള്‍ കിട്ടിയിരുന്നെങ്കില്‍ എന്നാലോചിച്ചിരുന്ന ഞങ്ങള്‍ കൊതി തീരെ
ആസ്വദിച്ചു പൊട്ടിച്ചു.

ഞങ്ങള്‍ മടക്കയാത്ര തുടങ്ങി. മദ്യം സിരകളില്‍ ചൂടുതന്നിരുന്നതിനാല്‍ തണുപ്പനുഭവപ്പെട്ടേ ഇല്ല. എന്നാല്‍ അതു ഞങ്ങളുടെ കൂട്ടത്തിലെ ഒരാളെ ഒത്തിരി ചൂടു പിടിപ്പിച്ചു. നല്ലൊരു ഡ്രൈവര്‍ ആയിരുന്ന അവന്‍ റാലി നടത്താന്‍ തുടങ്ങി. മാക്സിമം സ്പീഡില്‍ അവന്‍ സെക്കന്റിലും തേര്‍ഡിലും ഇട്ടു വളവുകള്‍ തിരിച്ചു, ടയറും ബ്രേക്കും കരിഞ്ഞ മണം വന്നു തുടങ്ങി. ഞങ്ങള്‍ എന്തു ചെയ്യാന്‍? പറയാവുന്നതിന്റെ പരമാവധി പറഞ്ഞു നോക്കി, ഭാര്യയേയും കുട്ടിയേയും ഒക്കെ ഓര്‍മ്മിപ്പിച്ചു. അവന്‍ ആസ്വദിച്ചു പായിക്കുകയാണ്. എനിക്കു വണ്ടിയില്‍ കയറിയപ്പോളേ തോന്നിയ ഭയം യഥാര്‍ത്യമായി. ഞാന്‍ എന്റെ ഭാര്യയെ ഓര്‍ത്തു, മകന്‍ കറിയാച്ചനെ ഓര്‍ത്തു. അമ്മയെ, സഹോദരങ്ങളെ ഒക്കെ ഓര്‍ത്തു. ഇതിനു സ്വാഭാവികമായ ഒരു അവസാനം ഇല്ലായെന്നറിയാം, ഞാനും പുറകില്‍ എന്റെ കൂടെയിരുന്ന കൂട്ടുകാരനും കൈപിടിച്ചിരുന്നു. ക്രിസ്തുമസ് രാത്രിയില്‍ അകാലചരമം അടഞ്ഞ നാലു യുവാക്കളെ നാളെ ഞങ്ങളുടെ ഗ്രാമം കാണുന്നതോര്‍ത്തു. വിധവകളായ നാലു ഭാര്യമാര്‍, രണ്ടു കുഞ്ഞുങ്ങള്‍ ഒന്നിച്ചു നടന്നു ഒന്നിച്ചു മരിച്ച നാലു കൂട്ടുകാര്‍ ഇതൊക്കെ നിമിഷാര്‍ഥത്തില്‍ മനസില്‍ വന്നു. അവസാനം അതു സംഭവിച്ചു.

ഒരു കൊടും വളവില്‍ തിരിച്ച വഴി മണലില്‍ നിരങ്ങിപ്പോയ കാര്‍ വിലങ്ങനെ വന്ന് കൊക്കയുടെ തടയായി വെച്ചിരുന്ന കലുങ്കില്‍ ഇടിച്ചു. അവന്‍ ഡോര്‍ തുറന്നു പുറത്തിറങ്ങി നിന്നു ചിരിച്ചു. ഞങ്ങള്‍ മൂന്നു പേരും തലകുനിച്ചു വണ്ടിയില്‍ തന്നെയിരുന്നു. അദ്ധ്യാപകനായ കൂട്ടുകാരന്‍ ഇറങ്ങി ഒരെണ്ണം പൊട്ടിച്ചു അവന്റെ കവിളത്ത്. അവന്‍ പിന്നെയും ചിരിച്ചു. അവന്റെ മനസില്‍ എന്തായിരുന്നെന്ന് ഞങ്ങള്‍ക്കു മനസിലായില്ല, ഇതു വരെ ചോദിച്ചിട്ടും ഇല്ല.


അവന്‍ ഒരു നല്ല ഡ്രൈവര്‍ ആയിരുന്നതിനാലും അവന്‍ സ്ഥിരം ബാംഗളൂര്‍ - പൈക യാത്ര ചെയ്തിരുന്ന കാര്‍ അയിരുന്നതിനാലും ഹാന്‍ഡ് ബ്രേക്കും പെഡല്‍ ബ്രേക്കും ചവിട്ടിയിരുന്നതിനാലും വണ്ടി ചെറുതായി ഇടിച്ചതേ ഉള്ളൂ. പക്ഷേ മദ്യത്തിന്റെ ലഹരിയിലായിരുന്ന അവന്റെ കണ്‍ട്രോള്‍ ചെറുതായി തെറ്റിയിരുന്നെങ്കില്‍?


മനസില്‍ യാത്രയുടെ തുടക്കത്തില്‍ വന്ന അശുഭ ചിന്ത ഒരു ചൂണ്ടുപലകയായിരുന്നോ? അതോ ചെറുപ്പം മുതലേ നേരിട്ട ചീത്ത അനുഭവങ്ങളുടെ ഭാഗമായി എനിക്കു സന്തോഷിക്കാന്‍ ഭയമായതാണോ? എനിക്കറിയില്ല.

4 comments:

Rare Rose October 11, 2008 at 1:03 PM  

പേടിപ്പിച്ചു കളഞ്ഞല്ലോ വാഴക്കാവരയാ...മുടിനാഴിരക്കു രക്ഷപ്പെടാനായല്ലോ..ഭാഗ്യം എന്നും കൂടെയുണ്ടാവട്ടെ...ചിലപ്പോള്‍ ഇത്തരം ആപത്ഘട്ടങ്ങളില്‍ ഒരു പിന്‍ വിളി പോലെ ഇത്തരം ചിന്തകള്‍ കയറി വരാറുണ്ടു.....ദൈവം കൂടെയുണ്ടെന്നൊരു ഓര്‍മ്മപ്പെടുത്തല്‍ പോലെ....

mayilppeeli October 11, 2008 at 3:37 PM  

തുടക്കത്തില്‍ വളരെ ആസ്വദിച്ചു വായിച്ച എന്നെ അവസാന ഭാഗം വല്ലാതെ മുള്‍മുനയിലാക്കി. ഭാഗ്യവും വീട്ടിലിരിയ്ക്കുന്ന പാവം ഭാര്യയുടെ പ്രാര്‍ഥനയും തുണച്ചെന്നു പറഞ്ഞാല്‍ മതി... മദ്യം വിഷമാണെന്നു ഇപ്പോഴെങ്കിലും മനസ്സിലാക്കിയോ അതോ.....?

Jayasree Lakshmy Kumar October 13, 2008 at 11:53 PM  

ഭാഗ്യം കോണ്ട് രക്ഷപ്പെട്ടു അല്ലേ! മുൻപിൻ ചിന്തകളില്ലാതെ ഈ ചെറുക്കന്മാർ എന്തൊക്കെയാ കാണിക്കുന്നതെന്ന് ഇതു പോ‍ലെ ചില ചെയ്തികളെക്കുറിച്ചറിയുമ്പോൾ ഞാൻ ഓർക്കാറുണ്ട്

Typist | എഴുത്തുകാരി October 14, 2008 at 10:45 AM  

ഇനിയെങ്കിലും മദ്യപിച്ചു വണ്ടി ഓടിക്കാതിരി‍ക്കുക, അല്ലെങ്കില്‍ അത്തരം വണ്ടിയില്‍ യാത്ര ചെയ്യാതിരിക്കുക.
(ഇനിയെങ്കിലും മദ്യപിക്കാതിരിക്കുക എന്നു പറയാനാണെനിക്കിഷ്ടം. അതു പറഞ്ഞാല്‍ ഞാന്‍ ഒരു പുരാവസ്തൂ ആയിപ്പോയാലോ)


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP