ഞാനൊരു പാവം പാലാക്കാരന്‍

ഞാനൊരു ശക്തയായ പെണ്ണ്, പക്ഷെ...

>> Wednesday, October 22, 2008

എന്റെ പേരു ദിവ്യ. കുറച്ചധികം വായനയും പുരോഗമന ചിന്താഗതികളുമുള്ള ഒരു തന്റേടിയായ പെണ്ണായിരുന്നു ഞാന്‍. എങ്കിലും പാലക്കാട്ടെ ടൌണിലെ സാധാരണ ഏതൊരു പെണ്‍കുട്ടിയേയും പോലെ മുരടിച്ച ജീവിതവുമായി മുന്നോട്ടു പോയപ്പോളാണ് എന്റെ ജീവിതത്തിലേക്ക് അവന്‍ ഒരു കുളിര്‍മഴയായി എത്തിയത്. സുന്ദരനും സൌമ്യനുമായ നിഖില്‍ എന്ന നിക്.

എന്റെ ഓഫീസിലേക്ക് ട്രാന്‍സ്ഫര്‍ ആയി വന്ന അവന്‍ നന്നായി സംസരിക്കുമായിരുന്നു. ആദ്യമൊക്കെ ജീവിതാനുഭവങ്ങള്‍ പകര്‍ന്നു തന്ന വിവേകത്തിന്റെ ഫലമായി ഞാന്‍ അവനെ അത്ര അടുപ്പിച്ചില്ല. പോരാത്തതിനു പണ്ട് എന്റെ കയ്യില്‍ തൊട്ടതിനു പുസ്തകം വെച്ചടികൊടുത്ത സോണിയുടെ കൂട്ടുകാരനാണത്രെ അവന്‍. കല്ലിനുമുണ്ടാകില്ലേ ആ സൌരഭ്യം. എന്നെ സംബന്ധിച്ചിടത്തോളം നമ്മുടെ നാട്ടിലെ എല്ലാ ആണുങ്ങളും പെണ്ണുങ്ങളോടടുക്കുന്നത് എതിര്‍ ലിംഗത്തോടുള്ള ആകര്‍ഷണം മൂലവും അവസരം കിട്ടിയാല്‍ മിനിമം ഒന്നു ഞോണ്ടുവെങ്കിലും ചെയ്യുന്നവരുമായിരിക്കും. കാര്യം ഗോണ്‍ വിത് ദ വിന്‍ഡിലെ സ്കാര്‍ലെറ്റിനെ പോലെ തന്റേടിയും എന്റേതായ കാഴ്ചപ്പാടുകള്‍ എല്ലാ കാര്യങ്ങളിലും ഉള്ളവളുമായിരുന്നെങ്കിലും നാടിന്റെ ചട്ടക്കൂടുകള്‍ എന്നേയും പലകാര്യങ്ങളിലും ബന്ധനസ്ഥയാക്കിയിരുന്നു, എന്നെ അരൊഗന്റ് ആക്കിയിരുന്നു

കാണുമ്പോള്‍ നല്‍കുന്ന സുന്ദരമായ ചിരിയുമായി അവന്‍ പതുക്കെ എന്റെ മനസില്‍ നിന്നും സാധാരണ ഒരു ചെറുക്കന്റെ ചിത്രം മാറ്റി ഒരു മാന്യനായ ഒരുവനായി. ഒഴിവുസമയങ്ങളില്‍ ഞങ്ങള്‍ ധാരാളം സംസാരിച്ചു. ഡോക്ടര്‍ ആകണമെന്നുണ്ടായിരുന്ന അവന്റെ ആഗ്രഹം കേട്ടപ്പോള്‍ ഞാനവന് മെഡിക്കല്‍ സ്റ്റുഡന്‍സിന്റെ കഥ പറയുന്ന എറിക് സീഗളിന്റെ ഡോക്ടര്‍ എന്ന നോവല്‍ വായിക്കാന്‍ നല്‍കി. വായിക്കാനുള്ള അവന്റെ താല്പര്യം മനസിലാക്കി ഗോഡ് ഫാദര്‍ ഉള്‍പ്പെടെയുള്ള നോവലുകള്‍ അവനു നല്‍കി. വിറ്റോ കാര്‍ലിയോണും മൈക്കിളും ഓരോരുത്തരുടെയും ഇഷ്ടങ്ങളായപ്പോള്‍ ആരാണ് മിടുക്കന്‍ എന്ന് ഞങ്ങള്‍ തര്‍ക്കിച്ചു. പല കഥകളിലേയും കഥാപാത്രങ്ങളുടെ മനസുകളെ ഞങ്ങല്‍ ഒന്നിച്ചിരുന്നു കീറിമുറിച്ചു. ജ്യോതിഷവും ദൈവങ്ങളും ആറ്റവും അണുക്കളുമൊക്കെ ഞങ്ങളുടെ വിഷയങ്ങളായി വന്നു. എങ്ങനെയോ ഞങ്ങള്‍ ഒത്തിരി അടുത്തു. എങ്കിലും അവന്‍ ആദ്യമേ പറഞ്ഞിരുന്നു, അവനോട് മിണ്ടാന്‍ പേടിക്കേണ്ടാ, അവന്‍ പ്രണയിക്കാന്‍ വന്നതല്ലാ എന്ന്. എന്നെ അവന്റെ പെണ്ണായി കാണാന്‍ അവനു വയ്യ, അവനു വേണ്ടത് പഴയകാല മിണ്ടാപ്രാണി ഭാര്യ ആണെന്ന്. ദുഷ്ടന്‍, ഇന്നത്തെ കാലത്ത് മിക്കവാറും അവനു കിട്ടിയതു തന്നെ. എന്നാലും എനിക്കു ധൈര്യമായി.

മാസങ്ങള്‍ക്കു ശേഷം ഒരു ദിവസം, അന്നു ഓഫീസിലെ ഞങ്ങളുടെ റൂമില്‍ ആരുമില്ലായിരുന്നു. അവന്‍ ചോദിച്ചു, ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ എന്ന്. ചോദിച്ചോളൂ എന്നു ഞാന്‍. ചോദിച്ചാല്‍ സമ്മതിക്കുമോ എന്നവനു പേടി, ചോദിക്കാതെങ്ങനെയാ ഞാന്‍ പറയുക എന്നു ഞാന്‍. അത് ഇത്തിരി മോശം കാര്യമെന്നവന്‍, എങ്കില്‍ ചോദിക്കണ്ടായെന്നു ഞാന്‍. അവസാനം നീണ്ടപിടിവലികള്‍ക്കൊടുവില്‍ അവന്‍ പറഞ്ഞു അവനെന്നെ ഒന്നു കെട്ടിപ്പിടിക്കണം. തന്റേടിയായ ഞാന്‍ അവന്റെ കണ്ണൂകളില്‍ സൂക്ഷിച്ചു നോക്കി, അവന്‍ പറഞ്ഞു, ചുമ്മാതല്ലല്ലോ ചോദിച്ചിട്ടല്ലേ? ശരിയാണ്, കള്ളത്തരം കാണിക്കുന്നവര്‍ അറിയാത്ത ഭാവത്തില്‍ തോണ്ടും, പ്രശ്നമില്ലെങ്കില്‍ പിന്നെ ആഘോഷമായി, അതിപ്പോള്‍ എത്ര പരിചയമുള്ളവരായാലും. പക്ഷെ അവന്‍ നേരിട്ടു ചോദിച്ചു, ഉള്ള ആഗ്രഹം തുറന്നു പറഞ്ഞു. എനിക്കു നിരസിക്കാന്‍ തോന്നിയില്ല. എങ്കിലും പറഞ്ഞു, പോ ചെക്കാ..വല്ലവരും വരും, ഇതൊക്കെ കാണും എന്നിട്ടു വേണം ഇനി എന്റെ പേരു കളയാന്‍. സത്യത്തില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നോ ആവോ അവന്‍ എന്നെ ഇഷ്ടമാണെന്നുപറയും എന്ന്?


എങ്കിലും അവന്‍ ആള്‍ക്കാര്‍ പെട്ടെന്നു വന്നല്‍ കാണാതിരിക്കാനുള്ള രീതിയില്‍ ഒരു കോര്‍ണറില്‍ നില്‍ക്കാം എന്നും പെട്ടെന്നു കെട്ടിപ്പിടിച്ചു വിടാം, ആരും വരുന്നതിനുമുമ്പ് എന്നൊക്കെ പറഞ്ഞ് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി. ഞാന്‍ എന്റെ കസേരയില്‍ തലകുനിച്ചിരുന്നു. ആദ്യമായി എന്റെ അനുവാദത്തോടുകൂടി ഒരു പുരുഷന്‍ എന്റെ ശരീരത്തില്‍ തൊടുന്നു. അവന്‍ പുറകിലൂടെ വന്ന് എന്ന കെട്ടിപ്പിടിച്ചു. അവന്റെ മുഖം എന്റെ മുടിയില്‍ ചേര്‍ത്തു വെച്ചു, അവന്റെ ചുടുനിശ്വാസം എന്റെ കഴുത്തിലും പുറം ചെവിയിലുമായി പതിച്ചു. അങ്ങനെ തന്നെ കുറച്ചു നേരം ഇരിക്കാന്‍ എന്റെ മനസു വെമ്പി. എങ്കിലും അവന്‍ പെട്ടെന്നു തന്നെ മാറി. അവന്റെ മുഖത്ത് ഒരു കുറ്റബോധം കാണ്മാനായി. എനിക്കു അവനോട് ഒരു പിണക്കവും തോന്നിയില്ല. അവന്റെ സ്പര്‍ശനം ഒരു പക്ഷെ എനിക്കിഷ്ടമായിരുന്നിരിക്കാം.


എന്റെ അനുവാദത്തോടുകൂടിയല്ലാതെ എന്നെ തൊടുന്ന ഒരു മനുഷ്യനെയും ഞാന്‍ വെറുതെ വിട്ടിട്ടില്ല. പക്ഷെ ഇവന്‍, പതുക്കെ ആവശ്യങ്ങള്‍ കൂടി, ഒന്നും എതിര്‍ക്കാന്‍ എനിക്കായില്ല. അവന്റെ സാമീപ്യം, സ്പര്‍ശനം എല്ലാം എനിക്കിഷ്ടമായിരുന്നു. പെട്ടെന്നു തന്നെ അവനു സ്ഥലം മാറ്റമായി, എങ്കിലും ഞങ്ങളുടെ ബന്ധങ്ങള്‍ കൂടി, പക്ഷെ ഞങ്ങളുടെ പഴയ ഊഷ്മളത പതുക്കെ നഷ്ടമായി. അവനു ലൈംഗികതയില്‍ മാത്രമായി ശ്രദ്ധ. അവസാനം ഞാന്‍ പിടിച്ചു വെച്ചിരുന്ന എന്റെ ചാരിത്ര്യം എനിക്കു നഷ്ടമായി. ഒരു പക്ഷെ സാഹചര്യങ്ങളും അവസരങ്ങളും ഒന്നും ശരിയാവാഞ്ഞതിനാലാവാം, എല്ലാം വെറും പ്രഹസനങ്ങള്‍ മാത്രമായിരുന്നു. അവനും ഇതൊരു ആഗ്രഹമായിരുന്നതല്ലാതെ ആസ്വദിച്ചതായി തോന്നിയില്ല. അവസാനം എനിക്കു തോന്നി, ഇതിനൊരു അവസാനം വേണം.

ഞാന്‍ അവനോടു പറഞ്ഞു, ചെക്കാ, ഒരു കൂട്ടുകാരനായി നിന്നെ കാണാന്‍ ഇനി എനിക്കാവില്ല. നമ്മുടെ ജീവിതത്തില്‍ എന്തൊക്കെയോ സംഭവിച്ചു, പക്ഷെ ഇനി എനിക്കാവില്ല ഇങ്ങനെ പോകാന്‍. അവന്‍ പറഞ്ഞു, അവനെന്നെ ഒരു ഭാര്യയായി കാണാനാവില്ല. അവിടെ അവസാനിച്ചു എന്റെ ബന്ധം.


ഞാന്‍ അവസാനമായി അവനെഴുതി. ഇനി നമ്മള്‍ കാണില്ല, മിണ്ടില്ല. നിന്നോടെനിക്കു പരിഭവമില്ല, നിന്നെക്കുറിച്ചു നീ ഒത്തിരി വിലകുറച്ചു കാണണ്ട കാര്യവുമില്ല. എനിക്കു വന്ന മാറ്റങ്ങള്‍ നിനക്കറിയില്ല. പക്ഷെ നിന്നോടെനിക്കു പരിഭവമില്ല, നീ തന്ന നല്ല ഓര്‍മ്മകള്‍ ഉണ്ടെനിക്ക്. അതു മാത്രം മതിയെനിക്ക്.


ഞാന്‍ ജോലി ഉപേക്ഷിച്ചു, മറ്റൊരു നാട്ടിലെത്തി. അവന്റെ മെയിലുകള്‍ക്കു മറുപടി അയച്ചില്ല. എനിക്കു പരിഭവമില്ല,അവന്റെ ഭാഗത്തു തെറ്റുകളും ഇല്ല. എങ്കിലും എനിക്കിനി വേറൊരു ജീവിതം വേണ്ടാ. അവന്‍ അവനു പറ്റുന്ന ഒരു പെണ്ണുമായി ലോകത്തെവിടെയെങ്കിലും ജീവിക്കട്ടെ. എന്റെ തീരുമാനം ശക്തമായിരുന്നു, ഇപ്പോളും. എങ്കിലും ഞാനെപ്പോളോ ഒരു ശരാശരി സ്ത്രീയായി മാറിപ്പോയപോലെ.

5 comments:

Rejeesh Sanathanan October 22, 2008 at 4:26 PM  

മറ്റൊരു ‘മാന്യനായ’ ഒരുത്തന്‍ വേറെ ഒരവസരത്തില്‍ അവളുടെ ജീവിതത്തില്‍ കടന്നു വന്നാല്‍ അവളുടെ ശക്തമായ തീരുമാനം വീണ്ടും മാറിയേക്കാം...

"ഞാനൊരു ശക്തയായ പെണ്ണ്, എന്നതില്‍ തന്നെയുണ്ട് അവളുടെ അശക്തി

Anonymous October 22, 2008 at 9:17 PM  

നിങ്ങള്‍ ഒരു ശക്തയായ സ്‌ത്രീയാണെന്ന കാര്യം ആദ്യമേ സമ്മതിക്കുന്നു. കാരണം അസന്മാര്‍ഗ ബന്ധപ്പെടലില്‍ ഒരു ഗര്‍ഭധാരണത്തിനുള്ള സാധ്യത ഇല്ലാതെ അത്‌ നടത്തിയല്ലോ എന്നതില്‍ ആ ശക്തി അല്ലെങ്കില്‍ ബുദ്ധി (സ്‌ത്രീയുടെ ശക്തി ബുദ്ധി തന്നെയാണെന്ന്‌ തോന്നുന്നു) തെളിയിച്ചിരിക്കുന്നു. പക്ഷേ സ്‌ത്രീ വിഡ്‌ഢിയാണ്‌ എന്നാണ്‌ എന്റെ അഭിപ്രായം. തന്നെ കല്യാണം കഴിക്കുമോ, അല്ലെങ്കില്‍ തന്നെ അയാള്‍ സ്‌നേഹിക്കുന്നുണ്ടോ എന്ന്‌്‌്‌ അറിയുന്നതിനു മുമ്പേ ഈ കാര്യങ്ങള്‍ക്കെല്ലാം നിങ്ങള്‍ സമ്മതിച്ചെങ്കില്‍ തീര്‍ച്ച ഒരു കല്യാണത്തിനപ്പുുറം നിങ്ങളത്‌ ആഗ്രഹിക്കുന്നു. സാധാരണ ഒരു ഭക്ഷണം കഴിക്കുന്ന ലാഘവത്തോടെ ലൈംഗികത രണ്ടുപേരും ആസ്വദിച്ച്‌, ശേഷം പിരിയുമ്പോള്‍ എനിക്ക്‌ നിങ്ങളോട്‌ ദേഷ്യമില്ലാ അല്ലെങ്കില്‍ ഒരു മനോ വിശമവും ഇല്ലാ എന്ന്‌ പറയുന്ന നങ്ങള്‍ പിന്നെ എന്തിനാണ്‌ ഇനിയൊരു ജീവിതമില്ല എന്ന കഴിവ്‌ കെട്ട തീരുമാനം എടുക്കുന്നത്‌ എന്നെനിക്ക്‌ മനസിലാവുന്നില്ല. ഇതെഴുതുന്ന ഞാനൊരു പുരുഷനാണ്‌. നിങ്ങളുടെ കാമുകന്‌ (അതായിരുന്നോ എന്നറിയില്ല) ഇതിനു ശേഷം മറ്റൊരു ദാമ്പത്യം ആവാമെങ്കില്‍ അതെന്തു കൊണ്ട്‌ നിങ്ങള്‍ക്കായിക്കൂടാ. അത്‌ ഒഴിവാക്കുന്നതിലൂടെ നിങ്ങള്‍ സ്‌ത്രീകള്‍ അബലയാണെന്ന്‌ വീണ്ടും വീണ്ടും തെളിയിക്കുന്നു. ഒപ്പം തീരുമാനം പുനപരിശോധിക്കാവുന്നതാണ്‌ എന്ന ഒരു ഉപദേശവും.
സ്വന്തം
അനുമോന്‍

Sinochan October 23, 2008 at 10:00 AM  

സുഹൃത്തുക്കളേ, ഇതൊരു കഥയാണ്. കണ്ടതും കേട്ടതും എന്റെ സങ്കല്പങ്ങളും ഉള്‍ക്കാഴ്ചകളും ഇഴകിച്ചേരുന്ന ഒന്ന്. ഞാന്‍ ഒരു പുരുഷനാണ്, സ്ത്രീയുടെ മാനസികാവസ്ഥ ഒന്നു ചിന്തിച്ചു നോക്കിയതാണ്.

നരിക്കുന്നൻ October 23, 2008 at 11:44 AM  

നമ്മുടെ നാട്ടിലെ എല്ലാ ആണുങ്ങളും പെണ്ണുങ്ങളോടടുക്കുന്നത് എതിര്‍ ലിംഗത്തോടുള്ള ആകര്‍ഷണം മൂലവും അവസരം കിട്ടിയാല്‍ മിനിമം ഒന്നു ഞോണ്ടുവെങ്കിലും ചെയ്യുന്നവരുമായിരിക്കും.

ഒരുപക്ഷേ, ശരിയായിരിക്കാം. എങ്കിലും എല്ലാവരും അങ്ങനെയാണെന്ന ഒരു ധാരന തെറ്റല്ലേ? ഇവിടെ ഏറ്റവും ശക്തയാണെന്ന് പറഞ്ഞ പെണ്ണ് പോലും ആഗ്രഹിച്ചില്ലേ നികിന്റെ സാമീപ്യം. ഒരു എതിർപ്പും കൂടാതെ ഒരു പെണ്ണിന്റെ ഏറ്റവും വലിയ സമ്പത്ത് അവൾ പണയപ്പെടുത്തിയില്ലേ? ഇവിടെ തന്നെ വ്യക്തമാകുന്നു നായിക ഒരു ശക്തിയില്ലാത്ത പെണ്ണാണെന്ന്. കഥയുടെ ശക്തി ചോരാതെ സൂക്ഷിച്ചതിന് അഭിനന്ദനങ്ങൾ. ഇത് കഥയായാലും കാഴ്ചയായാലും ഇതൊക്കെയാണ് നമ്മുടെ ആണിനും പെണ്ണിനും ഇന്നും നടക്കുന്നത്. ഇവിടെ സ്വന്തത്തെ, അതിന്റെ വിലയെ, ചെറിയ നിമിഷ നേരത്തേക്കെങ്കിലും നാം മറക്കുമ്പോൾ നഷ്ടപ്പെടുന്നത് വളരെ വലുതായിരിക്കും.

Anil cheleri kumaran October 24, 2008 at 1:37 PM  

ഇതാ പറഞ്ഞത് ഏതു കോട്ടയിലും ശ്രമിച്ചാല്‍ വിള്ളലുണ്ടാക്കാമെന്നു ഹ ഹ ഹ..


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP