ഞാനൊരു പാവം പാലാക്കാരന്‍

കുട്ടപ്പായി കഥകള്‍ 2

>> Wednesday, January 21, 2009

നാട്ടിലെ ഏറ്റവും ചീത്തയാള്‍ ആരാണെന്ന് ആരോടു ചോദിച്ചാലും, ഒരു കുഞ്ഞു കൊച്ചിനോടു ചോദിച്ചാലും പറയും കുട്ടപ്പായി എന്ന്. അത്രക്കായിരുന്നു ആള്‍ക്കാര്‍ക്ക് എന്നോടുള്ള ബഹുമാനം. ചെറുപ്പം മുതല്‍ വളരെ പണിപ്പെട്ട് ഉണ്ടാക്കിയെടുത്ത ഒരു ഇമേജായിരുന്നു അത്. അതു നഷ്ടപ്പെടാതിരിക്കാന്‍ അവുന്നതും ശ്രമിക്കുന്നുമുണ്ട്.

ഏതു പെണ്ണിനെയും പകല്‍ നടുറോഡില്‍ വെച്ചുപോലും ബലാന്‍സംഗം ചെയ്യാന്‍മാത്രം ധൈര്യമുള്ളവന്‍, മദ്യപാനം, കഞ്ചാവടി, വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവന്‍ അങ്ങനെ നാട്ടുകാര്‍ വിശേഷണങ്ങള്‍ പലതും തന്നിരുന്നു. ഏറ്റവും പ്രധാനമായ വിശേഷണം ഒരിക്കലും സത്യം പറയില്ലാ എന്നുള്ളതായിരുന്നു. പല അപസര്‍പ്പക കഥകളിലേയും നായകന്‍, പല പോക്രിത്തരങ്ങളുടെയും ഉത്തരവാദി, ഊമക്കത്തുകളുടെയും അപവാദങ്ങളുടെയും സൃഷ്ടാവ് തുടങ്ങിയവ കൂടാതെ നാട്ടിലെ ഏറ്റവും സുങരിയായ പെണ്ണിനെ പ്രണയിച്ചു കറക്കി കൊണ്ടുനടക്കുന്നവന്‍ എന്ന പേരും എനിക്കുണ്ടായിരുന്നു. ബാക്കിയെല്ലാം ആള്‍ക്കാര്‍ക്കിഷ്ടം ആയിരുന്നെങ്കിലും അവസാനത്തേതു മാത്രം നാട്ടിലെ ചെറുപ്പക്കാര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല.

അങ്ങനെ നല്ല ഇമേജുമായി ഞാന്‍ ജീവിക്കുന്ന കാലം. എല്ലാ ചെറുപ്പക്കാരും വാശിയും വൈരാഗ്യവും തീര്‍ക്കാന്‍ കഥകള്‍ ഉണ്ടാക്കുന്നതില്‍ നായകന്‍ ഞാനായതിനാല്‍ എന്നോടു മിണ്ടാന്‍ തന്നെ എല്ലാവര്‍ക്കും പേടിയായിരുന്നു. അങ്ങനെയൊരു കാലഘട്ടത്തിലാണ് നാട്ടിലെ ഏറ്റവും സത്സ്വഭാവിയും ആസനത്തില്‍ ചുണ്ണാമ്പിട്ടിളക്കിയാലും ചിരിച്ചുകൊണ്ടിരിക്കുന്നവനുമായ വാഴക്കാവരയനുമായി ലോഹ്യം ആകുന്നത്. എന്നെ ഒഴിവാക്കാന്‍ പറ്റാഞ്ഞിട്ടാണോ അതോ എന്റെ സ്വഭാവത്തില്‍ എന്തെങ്കിലും ആകര്‍ഷണം തോന്നിയതു കൊണ്ടാണോ എന്നറിയില്ല ഞങ്ങള്‍ പതുക്കെ അടുത്തു.

ഞാനാണെങ്കില്‍ പള്ളിയില്‍ കയറണ്ട സമയത്ത് സൈക്കിളുകട ശശിച്ചേട്ടന്റെയും കശാപ്പുകാരന്‍ തോമ്മാച്ചന്റെയും അടുത്തിരുന്നു അവരുടെ ഭൂലോക നുണകളും തെറികളും ആസ്വദിച്ചു നടന്ന് അവരുടെ പട്ടയടിയില്‍ കമ്പനി ചേര്‍ന്ന് നടന്ന സമയത്ത്
വാഴക്കാവരയന്‍ എല്ലാ ദിവസവും പള്ളിയില്‍ പോയി മുട്ടില്‍നിന്നു പ്രാര്‍ത്ഥിച്ചു. വേദപാഠക്ലാസില്‍ വെച്ച് സാറുമ്മാരെയും ടീച്ചറുമാരെയും അനുസരിക്കാതിരുന്നപ്പോള്‍ അവന്‍ എല്ലാം അനുസരിച്ച് ദൈവത്തെ വിചാരിച്ചു നടന്നു. ബാക്കിയുള്ള പെണ്ണുങ്ങളുടെ കാര്യങ്ങള്‍ നോക്കിയതിനു കൂടെ വാഴക്കാവരയനെയും അളിയാ എന്നു വിളിച്ചപ്പോളും അവന്റെ ആറിയ തമാശകളെ ഞങ്ങള്‍ ആക്കി ചിരിച്ചപ്പോളും അവന്‍ പരിഭവിച്ചില്ല. അതേ സമയം എന്റെ കൂട്ടുകാരുടെ എല്ലാ പ്രശ്നങ്ങളിലും അടിപിടി മദ്യപാനക്കേസുകളില്‍ ഞാനായി നേതാവ്.

മറ്റൊരു പ്രത്യേകത എന്നു പറയുന്നത് ഞാന്‍ സത്യമേ പറയാറില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നോട് എവിടെ പോയതാണ് എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ പാലാക്കു പോയി എന്നാണ് പറയുന്നതെങ്കില്‍ ഉറപ്പിക്കാം ഞാന്‍ പാലാക്കു മാ‍ത്രം പോയിട്ടില്ല എന്ന്. എനിക്കതും ഇഷ്ടമായിരുന്നു. കാരണം ആരോടെങ്കിലും സത്യം പറഞ്ഞാലും അവര്‍ വിശ്വസിക്കില്ലല്ലോ? എത്രയോ നുണകള്‍ പറഞ്ഞു ഞാന്‍ രസിച്ചിരിക്കുന്നു. വാഴക്കാവരയനാണെങ്കില്‍ ഗാന്ധിജിയുടെ കൊച്ചുമോനാണ്. വെറുതെ എന്തിനാണ് ഒരു നുണ പറഞ്ഞ് അതിനു സപ്പോര്‍ട്ടിങ് നുണകളുണ്ടാക്കി കഷ്ടപ്പെടുന്നത് എന്നാണ് അവന്റെ ചോദ്യം. എനിക്കാണെങ്കില്‍ കഷ്ടപ്പെടുന്നതു ഇഷ്ടമായതു കൊണ്ടായിരിക്കാം, വെറുതെ എന്തിനാ ഒരു സത്യം പറയുന്നത് എന്ന ചിന്തയായിരുന്നു. അവന്‍ നൂറു സത്യം പറഞ്ഞ് പിന്നെ ഒരു നുണ പറഞ്ഞു പിടിക്കപ്പെട്ടാലും അവന്‍ നുണയനായി. ഞാനൊരു സത്യം പറഞ്ഞാലോ? കുട്ടപ്പായി നല്ലവനായി എന്ന പേരും, ഞാനാരാ മോന്‍...

അങ്ങനെ വിപരീത ധ്രുവങ്ങളില്‍ സഞ്ചരിച്ചിരുന്ന ഞങ്ങള്‍ എങ്ങനെയോ സുഹൃത്തുക്കളായപ്പോള്‍ ഞാന്‍ കുറച്ചൊക്കെ ഭക്തിയിലേക്കും നിര്‍വികാരതയിലേക്കും പ്രപഞ്ചസത്യങ്ങളിലേക്കും അന്തസത്തയിലേക്കുമൊക്കെ മാറുകയും വാഴക്കാവരയന്‍ പള്ളീയേയും പട്ടക്കാരെയും ദൈവത്തേയുമൊക്കെ ഒരു റിബലായി നോക്കുകയും ചെയ്തു തുടങ്ങിയിരുന്നു.

അവന്‍ മുരിങ്ങൂരും, എറണാകുളത്തും, ഭരണങ്ങാനത്തും അവസാനം മലബ്ബാറിലുള്ള ഏതോ ധ്യാനസ്ഥലത്തു വരെ ധ്യാനം കൂടുകയും തല്ഫലമായി അവന്റെ പള്ളിയില്‍പ്പോക്കു വരെ നിലക്കുകയും ചെയ്തു. ഞാനാണെങ്കില്‍ പതുക്കെ കുര്‍ബാനയില്‍ ഒക്കെ പങ്കെടുത്തു തുടങ്ങുകയും ഭരണങ്ങാനത്തെയും മറ്റും അസ്സീസി അച്ചന്മാരൊക്കെ എന്റെ സുഹൃത്തുക്കള്‍ ആകുകയും ചെയ്തു.

അലാസ്കക്കു മീന്‍ പിടിക്കാന്‍ പോകാന്‍ വേണ്ടി പേപ്പറുകള്‍ ശരിയാക്കാനായി പൈസാ കൊടുക്കുകയും ആകാംക്ഷ സഹിക്കാന്‍ വയ്യാതെ നില്‍ക്കുമ്പോളാണ് പൊങ്ങൂട്ടില്‍ ഭാസിയുടെ വക കുമ്പാനിയിലുള്ള കണിയാരെ പറ്റി അറിയുന്നത്. ആദ്യം ഞാനും ഭാസിയുമായി പോയി. വിദേശയാത്ര കാണുന്നുണ്ടല്ലോ എന്നായി കണിയാര്. എന്നാപിന്നെ വാഴക്കാവരയന്റെയും ഒന്നു നോക്കമെന്നു വെച്ചു, അവന്റെയും ഇതേപോലെ പറയുകയാണെങ്കില്‍ ശരിയാണെന്ന് ഉറപ്പിക്കാമല്ലോ. കാരണം ഞങ്ങള്‍ ഒന്നിച്ചല്ലേ കൊടുത്തിരിക്കുന്നത്. കണിയാരു പറഞ്ഞു വാഴക്കാവരയന് പുറത്തു നിന്ന് എന്തോ ഒരു പേപ്പറുവന്നുകൊണ്ടിരിക്കുവാണെന്ന്. ഞങ്ങള്‍ ഖുശി ഖുശി.

അങ്ങനെയിരിക്കുമ്പോള്‍ ആണ് ആലപ്പുഴയില്‍ തപസ് ധ്യാനം ഉണ്ടെന്നറിയുന്നത്. മീന്‍പിടിക്കാന്‍ അല്ലേ പോകുന്നത്,പോരാത്തതിനു അവിടെ ഫുള്‍ റ്റൈം മൈനസിലാണത്രെ ടെമ്പറേച്ചര്‍. രാവിലെ മുതല്‍ കള്ളുകുടിച്ചിരുന്നാലല്ലേ മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ തണുക്കാതെ ഇരിക്കുകയുള്ളൂ. അതാണെങ്കില്‍ പാപവുമല്ലേ. എന്നാപ്പിന്നെ അവിടെപ്പോയി നന്നായി ഒന്നു ധ്യാനിച്ചേക്കാം എന്നു വെച്ചു. വാഴക്കാവരയനും സമ്മതം. ഇനി ഇതും കൂടി കഴിഞ്ഞാല്‍ പിന്നെ വേറെ ധ്യാനം ഒന്നും കൂടാന്‍ ഇല്ലല്ലോ എന്നായിരുന്നു അവന്റെ ഭാവം. അങ്ങനെ ഞങ്ങള്‍ ബൈക്കില്‍ ആലപ്പുഴക്കു തിരിച്ചു.

കുട്ടാനാടിന്റെ ക്ഷണം സ്വീകരിക്കാതെ ആ വഴിക്കു പോകാന്‍ പറ്റുമോ? മദ്യം എരിവു തോന്നാതിരിക്കാന്‍ മാത്രം സേവിച്ച് ഞങ്ങള്‍ കരിമീന്‍, എരിമീന്‍, പൊരിമീന്‍ തുടങ്ങി തിന്നാവുന്നതെല്ലാം തിന്നു. ഇനി മൂന്നു ദിവസത്തേക്ക് പച്ചവെള്ളവും ചൂടുവെള്ളവും മാത്രമല്ലേ കിട്ടൂ. അപ്പോളാണ് വാഴക്കാവരയന്‍ ഒരു സത്യം പറഞ്ഞത്. അവനു വിശന്നിരിക്കാന്‍ വല്ല്യ പാടാണത്രെ. സമയാസമയത്ത് എന്തെങ്കിലും കിട്ടിയാല്‍ മതി, പക്ഷെ കിട്ടിയില്ലെങ്കില്‍ വല്ല്യ പ്രയാസം ആണത്രെ. അതിനാലാണ് ഈ പരീക്ഷണത്തിനു അവന്‍ മുതിരുന്നത്. ഇനി അലാസ്കയില്‍ കടല്‍ക്ഷോഭം ഒക്കെയുണ്ടായി കടലിലിറങ്ങാന്‍ പറ്റാതെ വന്നാല്‍ പിന്നെ ഐസുതിന്നു ജീവിതം നിലനിത്തണ്ടേ? അതിനുള്ള പരീക്ഷണം ആണത്രെ ഇത്.

എന്തായാലും അവിടെ ചെന്നു. രാത്രിയില്‍ ചെറിയ അത്താഴം ഒക്കെ അടിച്ചു കിടന്നു. രാവിലെ എണീറ്റ് ഹാളില്‍ ചെന്നു. ഭക്ഷണം എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു. എങ്കിലും മൂന്നു ദിവസം കഴിക്കാന്‍ പാടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു ചെറിയ വിഷമം. വാഴക്കാവരയന്റെ മുഖം ആണെങ്കില്‍ കെ എം മാണി മരിച്ച വീട്ടില്‍ ചെല്ലുമ്പോളത്തെമാതിരിയാണ് രാവിലെ തന്നെ. ധ്യാനഗുരു ഉപവാസധ്യാനത്തിന്റെ ഗുണങ്ങളും അതുകൊണ്ട് ശാരീരികവും ആദ്ധ്യാത്മികവുമായ നേട്ടങ്ങളെ പറ്റി പറഞ്ഞു. വെള്ളം എത്ര വേണമെങ്കിലും കുടിക്കമെന്നു പറഞ്ഞെങ്കിലും ആദ്ധ്യാത്മികനായ ഞാന്‍ അധികം കുടിച്ചില്ല. ശാരീരികനായ വാഴക്കാവരയന്‍ ശരീരത്തിലെ ദുഷിപ്പുകള്‍ ഒക്കെ വിയര്‍പ്പിലൂടെ കളയാനായി വെള്ളം കുടിച്ചുകൊണ്ടേ ഇരുന്നു.

വൈകുന്നേരമായപ്പോളേക്കും നല്ല ക്ഷീണമുണ്ട്. വാഴക്കാവരയന്‍ ആണെങ്കില്‍ കാടിയോ ഓക്കേയോ പുല്ലോ ഒന്നുമില്ലെങ്കിലും സാരമില്ല ഇത്തിരി കച്ചിയെങ്കിലും കിട്ടിയാ മതി എന്ന പോലെയായി. അവിടെയുള്ള പേരയിലൊന്നും ഒരു പേരക്കാപോലും ഇല്ലാത്തതുകൊണ്ട് പേരയില ആയുര്‍വേദത്തില്‍ വയറിനു നല്ലതാണെന്നു പറഞ്ഞ് അവന്‍ രണ്ടുമൂന്ന് ഇല പറിച്ചു തിന്നു. വൈകിട്ടത്തെ കുര്‍ബാന കുമ്പസാരിച്ചിട്ട് ഒത്തിരി നാളായെങ്കിലും അവന്‍ വാങ്ങി കഴിച്ചു. എന്തായാലും രാത്രിയില്‍ സാധാരണ എത്ര ചീത്തവിളിച്ചാലും കേണുകരഞ്ഞാലും വരാത്ത നിദ്രാദേവി അന്ന് വേഗന്നു വന്നു.രണ്ടാമത്തെ ദിവസമല്ലേ മോനേ ദിവസം. നേരെ നില്‍ക്കാന്‍ പോലും വയ്യ. ശരീരം വിയര്‍ക്കാനായി ഡാന്‍സുചെയ്തു വിയര്‍ക്കാനായി ഗുരു പറഞ്ഞു. വാഴക്കാവരയന്‍ വെള്ളം കുടിക്കുന്നു, കൈകൊട്ടി പാടുന്നു, ഡാന്‍സു ചെയ്യുന്നു. ഞാന്‍ അധികം വെള്ളവും കുടിച്ചില്ല അധികം കൈ കൊട്ടിയും ഇല്ല. വെള്ളം കുടിച്ചാല്‍ പിന്നെ ഇടക്കു മുള്ളാന്‍ പോകണം. ശരീരത്തിലെ ദുഷിപ്പുകള്‍ മൂത്രത്തിലോടെയും വിയര്‍പ്പിലൂടെയും പോകുന്ന കാരണമാണത്രെ മൂത്രത്തിനൊക്കെ ഭയങ്കര നാറ്റം. നമ്മുടേതു സഹിക്കാം എന്തിനാ അവിടെ വരുന്ന ബാക്കിയുള്ളോരുടെ കൂടെ സഹിക്കുന്നത്?

വൈകുന്നേരമായി, വിശപ്പിന്റെ വിളി ഒട്ടും തന്നെയില്ല. വാഴക്കാവരയന്‍ പതുക്കെ ഊര്‍ജ്ജസ്വലനായിരിക്കുന്നു. ഇനി അവന്‍ ഒതുക്കത്തില്‍ വല്ലതും കഴിച്ചോ ആവോ. വൈകുന്നേരത്തെ മുള്ളാന്‍ പോക്ക് വളരെ ബുദ്ധിമുട്ടിയായിരുന്നു. അപ്പൂപ്പന്മാര്‍ ഒക്കെ വളഞ്ഞുനിന്ന് കൈ കയ്യാലക്കു താങ്ങുകൊടുത്തു മുള്ളുന്നത് എന്തു കൊണ്ടാണെന്നു മനസിലായി. മൂത്രപ്പുരയുടെ ഭിത്തിയില്‍ ഒരു കൈ കൊണ്ട് താങ്ങി ആടിനിന്ന് ഞാന്‍ വേദനയോടെ ശരീരത്തിലെ വിഷാംശങ്ങള്‍ കളഞ്ഞു. ഈ വിഷത്തിനൊക്കെ മഞ്ഞനിറം തന്നെയാണോ ആവോ? വെറുതെയല്ല മദ്യം വിഷമാണെന്നു പറയുന്നത്. എന്റെ മൂത്രം കൊടും വിഷമായിരിക്കും, നല്ല റമ്മിന്റെ നിറം.

മൂന്നാമത്തെ ദിനം രാവിലെ തന്നെ ഒരു പ്രസരിപ്പൊക്കെ ആയി. ഭക്ഷണം കഴിക്കാത്തതിന്റെ യാതൊരു ക്ഷീണവും ഇല്ല. വാഴക്കാവരയനും ക്ഷീണമില്ല. എങ്കിലും നല്ല പച്ചക്കപ്പയും അതിലെ കറിവേപ്പിലയും, ചുവന്ന മുളകുചാറും ഒക്കെ അവന്റെ മനസില്‍ എത്ര കണ്‍ ട്രോള്‍ചെയ്തിട്ടും മാറാതെ നില്‍ക്കുവാണത്രെ. പണ്ടാരക്കാലന്‍ അതൊക്കെ പറഞ്ഞപ്പോള്‍ യാതൊരു ആര്‍ത്തിയും ഇല്ലാത്ത എന്റെ മനസിലും കളറുകള്‍ വരാന്‍ തുടങ്ങി. ശരീരത്തിനു ഭക്ഷണം ആവശ്യമില്ലായിരുന്നു എങ്കിലും കൊതി ഒരു പ്രശ്നമായി തുടങ്ങി. ഒറ്റമോനായതുകൊണ്ട് എന്നും നിര്‍ബന്ധിച്ചു തന്നിരുന്ന ഭക്ഷണത്തെ എനിക്കൊരു ബാധ്യതയായിരുന്നത് ഇന്നാണ് ഒരു കൊതിയായി വന്നത്.

ഉച്ചക്കു മുമ്പായി കുമ്പസാരം. ഒരു നല്ല കുമ്പസാരം നടത്തി കുര്‍ബാനയും കൈക്കൊണ്ടാല്‍ നല്ലൊരു ധ്യാനവും കൂടി, മനസും ശരീരവും നന്നാക്കി വീട്ടില്‍ പോകാ‍മല്ലോ. വാടാ വാഴക്കാവരയാ, നമുക്ക് പോകാം കുമ്പസാരിക്കാന്‍? അവന്‍ പറഞ്ഞു, “ഓ..ഞാനെങ്ങും ഇല്ല. ഞാനിവിടെ ഇരുന്നു ഓം എന്ന് ഉച്ഛരിച്ചുകൊണ്ട് ഇരുന്നുകൊള്ളാം, എന്റെ ശ്വാസകോശവും ഒക്കെ കൂടെ ഒന്നു ശുദ്ധമാകട്ടെ”.

വാഴക്കാവരയന്റെ ഒരു പ്രത്യേക ഗുണം അവന്‍ ഒരു കാര്യത്തിനും ആരെയും ശല്ല്യപ്പെടുത്താറില്ല, ഒരു പേര്‍സണല്‍ കാര്യവും കിള്ളി ചോദിക്കാറില്ല. നമ്മള്‍ പറയുന്ന കാര്യങ്ങള്‍ വിശദമായി കേല്‍ക്കുകയും നല്ല പക്വമായ അഭിപ്രായങ്ങള്‍ പറയുകയും ചെയ്യും. നമുക്കു പറയാന്‍ താല്പര്യമില്ലാത്ത കാര്യങ്ങള്‍ അവന്‍ ചോദിക്കാറെ ഇല്ല.

ഞാനേതായാലും കുമ്പസാരിക്കാന്‍ പോയി. ഒരു നല്ല കുമ്പസാരം ഒക്കെ നടത്തി തിരിച്ചു വന്നു. കുമ്പസാരിച്ചപ്പോള്‍ മനസിനു ഒരു കുളിര്‍മ്മയും സമാധാനവും ഒക്കെയുണ്ട്, നീയും പോയൊന്നു കുമ്പസാരിക്കെടാ..“അവന്‍ പറഞ്ഞു ഞാനില്ല മോനേ..” പെട്ടെന്ന് അവനൊരു ചോദ്യം, നാലു വര്‍ഷം കൂടെ നടന്നിട്ടും ചോദിക്കാതിരുന്ന ചോദ്യം. “കുട്ടപ്പായി ശരിക്കും നരിതൂക്കിലെ റാണിയുമായി പ്രേമ ആയിരുന്നോ?....

അവനാരാ മോന്‍.. കുമ്പസാരിച്ചു വന്ന ഉടനേ ഞാന്‍ നുണ പറയില്ല എന്ന തന്ത്രപരമായ തീരുമാനമല്ലായിരുന്നോ അവന്റേത്? ഒരിക്കലും കാര്യങ്ങള്‍ ചൂഴ്ന്നു ചോദിക്കാറില്ലായിരുന്ന അവന്റെ മനസിലും രഹസ്യങ്ങള്‍ അറിയാനുള്ള ത്വര എല്ലാ മനുഷ്യരെയും പോലെ ഉണ്ടായിരുന്നു അല്ലേ? ഒരു സാധാരണ മനുഷ്യനെപ്പോലെ......

4 comments:

ശ്രീ January 22, 2009 at 9:41 AM  

കഴിഞ്ഞോ? അതോ ഇനിയും തുടരുമോ?

Anonymous January 22, 2009 at 10:53 PM  

Idinde srishtavu ara maashu tanne ano? ado verum saankalpika kadayo...?Onnum manasilavunnilla...

Unknown February 12, 2009 at 4:01 AM  

adepole..
pavam kuttapayi
bakke katha enna..
waiting to read

Unknown February 13, 2009 at 11:16 PM  

kollam..teena rani rakshapettu
ente oru vedheye
bhagyam ,ente pappa kanatherunnahtu nannayi.


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP