ഞാനൊരു പാവം പാലാക്കാരന്‍

ബാംഗ്ലൂര്‍ ഡൈയ്സ് 3

>> Wednesday, January 28, 2009

ബാംഗളൂരിലെ ജീവിതത്തിന്റെ ഒരു പ്രത്യേകത എന്താണെന്നു വെച്ചാല്‍ എവിടെ നോക്കിയാലും മലയാളി പെണ്‍കുട്ടികളെ കാണാം എന്നുള്ളതായിരുന്നു. നഴ്സിങിനും എഞ്ചിനീയറിങിനും എന്തിനേറെ, എല്‍ എല്‍ ബി ക്കുവരെ പെണ്ണുങ്ങള്‍ ബാംഗളൂരില്‍ പഠിക്കുന്നു. സിനിമാകാണാനും, ഷോപ്പിങിനും, ഭക്ഷണത്തിനും, കറങ്ങാന്‍ പോകാനും ഇതിനെല്ലാം പുറമേ എത്ര കള്ളുകുടിച്ചു മരിച്ചു കിടന്നാലും രാവിലെ എണീറ്റ് പള്ളിയില്‍ പോയി കുര്‍ബാന കാണാന്‍ വരെ ഹിങുക്കളും മുസ്ലീങ്ങളും ഉള്‍പ്പെടെയുള്ള ആണുങ്ങള്‍ മത സൌഹാര്‍ദ്ദത്തോടെ പോയിരുന്നതെന്തിനാ? സുങരിപ്പെണ്ണുങ്ങളെ കാണാന്‍. ആരെയെങ്കിലും വളച്ചൊടിച്ച് പ്രണയിച്ചു നടക്കാന്‍. ആരെയും പേടിക്കാതെ ഐസ്ക്രീമും തിന്നു നടക്കാന്‍. നേരിയ തണുപ്പും ആവശ്യത്തിനു സൌകര്യങ്ങളുമുള്ള ബാംഗളൂരിനെ എല്ലാ ചെറുപ്പക്കാര്‍ക്കും പ്രിയങ്കരമാക്കിയത് ഇതു തന്നെ.

അതുപോലെ തന്നെ ശരാശരി എല്ലാ ബലഹീനതകളുമുള്ളതായിരുന്നു എന്റെ സഹമുറിയന്മാരും. മോഡി ജംക്ഷനില്‍ ചുട്ടുവട്ടത്തുള്ള നാലു നഴ്സിങ് കോളേജിലെയും പെണ്ണുങ്ങളെ വായിനോക്കി നിന്നു കാണാതെ ആര്‍ക്കും ഒരു സമാധാനവും ഇല്ലായിരുന്നു. ആ സമയത്ത് എല്ലാവരുറ്റെയും വായില്‍ ഗോള്‍ഡ് ഫ്ലേക് കിങ് സൈസും, കയ്യില്‍ കോളയും കാണും, അവിടെയിരിക്കുന്ന ഏതെങ്കിലും ബൈക്ക് സ്വന്തം ബൈക്കെന്ന
ഭാവത്തില്‍ അതേല്‍ കാലും കയറ്റിവെച്ചു നില്‍ക്കും. ഏതെങ്കിലും പെണ്‍കുട്ടി അബദ്ധത്തില്‍ ണൊക്കിയാല്‍ പിന്നെ ദിവസവും കൂട്ടുകാരുടെ ബൈക്കുകള്‍ മാറി മാറി എടുത്ത് ഇതെല്ലാം എന്റേതെന്ന ഭാവത്തില്‍ ബസിനുപുറകേ വളരെ അത്യാവശ്യത്തിനെന്ന ഭാവേന ഭയങ്കര സ്പീഡില്‍ പോവുക ഇതൊക്കെ പതിവായുള്ള
ചെറിയ പൂവാല കലാപരിപാടികള്‍.

ഒരു ദിവസം ഞങ്ങള്‍ കള്ളടിച്ചു വീട്ടില്‍ വായിനോക്കാന്‍ പോകാതെ ഇരിക്കുന്ന സമയത്ത് ബേള അനീഷ് പറഞ്ഞു ഞാനൊന്നു പുറത്ത് പോയിട്ട് വരാം. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഈസ്റ്റ്വെസ്റ്റിലെ സ്മിത വിളിച്ചു. എന്തിനാ നിങ്ങളീ ചെറുക്കനെ ഇങ്ങനെ പൊട്ടന്‍ കളിപ്പിക്കുന്നത് എന്ന് ചോദിച്ചു.

ഈസ്റ്റ് വെസ്റ്റ് നേഴ്സിങ് കോളെജില്‍ നിന്നും പെണ്‍കുട്ടികള്‍ വരുന്ന വഴിയിലുള്ള ബേക്കറി ഞങ്ങളുടെ കൂട്ടുകാരുടെ ഒരു സങ്കേതം ആയിരുന്നു. എന്റെ സ്യൂട്ടും ഇട്ട് ഇന്റര്‍വ്യൂവിനു പോയിട്ടു തളര്‍ന്ന് വന്നതെന്ന ഭാവത്തില്‍ ബേക്കറിയുടെ മുമ്പില്‍ സ്മിതാ, ജീന, ബിങു എന്ന മൂവര്‍ സംഘത്തെ കാത്തിരുന്നു പുള്ളിക്കാരന്‍. അവനു സ്മിതയെ ഒരു ചെറിയ നോട്ടം ഉണ്ടായിരുന്നു എന്നതു വാസ്തവം. എന്നിട്ട് അവര്‍ വരുന്നതു കണ്ടപ്പോള്‍ അവന്‍ പോയി ഒരു കോക്ക കോള വാങ്ങി ബൈക്കില്‍ ചാരി ഒന്നും അറിയാത്തവനെപ്പോലെ
സ്റ്റൈലായി നിന്നു കുടിച്ചു.
പക്ഷെ ആ പെണ്ണുങ്ങള്‍ അവന്‍ അവരെ നോക്കിയിട്ടാണ് പോയി കോള വാങ്ങിയത് എന്നു കണ്ടിരുന്നു. നേരെ ഞങ്ങളെ വിളിച്ചു പറഞ്ഞു. പാവം ബേളയനീഷ്, പിന്നീട് എന്നും അവനെ കളിയാക്കാനേ നേരമുണ്ടായിരുന്നുള്ളൂ. നാണക്കേട് ഒന്നും തോന്നിയില്ലെങ്കിലും അവള്‍ ഇംപ്രെസ്സ്ഡ് ആവാഞ്ഞതില്‍ അവനു
സങ്കടം തോന്നി. ടെന്‍ഷന്‍ വന്നപ്പോള്‍ സ്ഥിരം വരാറുള്ള തലവേദനയുമെത്തി. കണ്ണിനകത്ത് വിക്സ് തേച്ച് തലകുത്തി നിന്നൊക്കെ അവന്‍ തലവേദന മാറ്റാന്‍ കിണഞ്ഞു ശ്രമിച്ചു. എന്തിനേറെ പറയുന്നു, ഒരാഴ്ചക്കുള്ളില്‍ അവനു പനിയും പിടിച്ചു.


കൂട്ടത്തിലൊരാള്‍ക്ക് എന്തെങ്കിലും ഒരു അസുഖം വന്നു ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ എന്തൊരു കൊതിയാണെന്നോ ബാംഗളൂരിലെ ചെറുപ്പക്കാര്‍ക്ക്? അവരോടുള്ള ഇഷ്ടക്കേടുകൊണ്ടല്ല, അതിന്റെ പേരില്‍ ഹോസ്പിറ്റലില്‍ പോയി കൂട്ടു കിടക്കാനും ആ വകയില്‍ ഏതെങ്കിലും നഴ്സുമാരെ ലൈന്‍ അടിക്കാന്‍ ഉള്ള സാധ്യതയും മുന്നില്‍ കണ്ടാണ് ഈ താല്പര്യം.

പതിവുപോലെ പനിവന്ന ബേളയുമായി ആരാണ് കൂട്ടുകിടക്കുന്നത് എന്നുള്ളതില്‍ അടിപിടിയുമായി സഹമുറിയന്മാര്‍ ഹോസ്പിറ്റലിലേക്കെത്തി. ബാംഗളൂരില്‍ ജോലിക്കു പുതിയതായി വന്ന എന്റെ നാഗര്‍കോവില്‍ സുഹൃത്തുക്കള്‍ അജിയും വിന്‍സിയും ഇവിടുത്തെ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ചു കേട്ടതിന്‍ പ്രകാരം ബേളയുടെ കൂടെ ഹോസ്പിറ്റലിലേക്കു പോയി. കൊതുകിന്റെയും മറ്റും ശല്യം ഒഴിവാക്കാനും തണുപ്പിനെ അകറ്റാനുമായി പുതപ്പും കയ്യില്‍ കരുതിയിരുന്നു. അവിടെ ചെന്നപ്പോളല്ലേ പൂരം.
ബേളയനീഷിനെ പരിചയമുള്ള എല്ലാവരും അവിടെയുണ്ട്. പാവം അജിയും വിന്‍സിയും മുന്‍ഗണനാക്രമത്തില്‍ പിന്നിലായിപ്പോയതു കൊണ്ട് തിരിച്ചു പോരേണ്ടി വന്നു. പനി നീളുകയാണെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ ഒരവസരം കിട്ടും എന്ന പ്രതീക്ഷയാല്‍ അവന്റെ പനി നീണ്ടു നീണ്ടു പോകണേ എന്നു പ്രാര്‍ഥിച്ചു കൊണ്ട് അവര്‍ അടുത്ത ബാറില്‍ കയറി.
എന്തൊക്കെ സ്വപ്നങ്ങളാണ് കണ്ടുകൂട്ടിയത്. എല്ലാം തകര്‍ന്നു. നിരാശ സഹിക്കാന്‍ വയ്യാതെ അവര്‍ നന്നായി കഴിച്ചു. രാത്രി പന്ത്രണ്ടരയായി, അവര്‍ ബാറില്‍ നിന്നും എഴുന്നേറ്റു. റോഡിന്റെ വീതിയളന്ന് അവര്‍ 790 എന്ന ഞങ്ങളുടെ വീട്ടിലേക്കു നടന്നു. വരുന്ന വഴിക്കാണ് അവര്‍ക്ക് തങ്ങളുടെ പൂര്‍വ്വികരായ റൂം മേറ്റ്സ് ചെയ്തതായി പറഞ്ഞു കേട്ട ചില മദ്യപാനവിനോദങ്ങളെക്കുറിച്ച് ഓര്‍മ്മ വന്നത്. വഴിയില്‍ കാണുന്ന
സാധനങ്ങള്‍, അതിപ്പോള്‍ ബോര്‍ഡായാലും, ചെരുപ്പുകുത്തിയുടെ ടയറായാലും എടുത്തു വീട്ടില്‍ കൊണ്ടുവരുക.

അവര്‍ ചുറ്റും നോക്കി. അതാ ഒരു പ്രൈവറ്റ് ഹോസ്പിറ്റല്‍. എന്നാല്‍ അവിടുത്തെ തന്നെ എന്തെങ്കിലും അടിച്ചു മാറ്റാം എന്നു വെച്ചു അവര്‍. ബോര്‍ഡ് നോക്കി, വല്ല്യ പാടാണ് ഊരിയെടുക്കാന്‍. അപ്പോളാണ് വിന്‍സി അവിടെയിരിക്കുന്ന ചെടികള്‍ കണ്ടത്. നല്ല ഒരു ചെടിയുടെ മൂട്ടില്‍ പിടിച്ച് പൊക്കിയെടുത്തു, ചെടി ചട്ടിയില്‍ നിന്നും ഊരിപോന്നു. അജി പറഞ്ഞു, നമുക്കു ചട്ടിയോടെ വേണം, അല്ലാതെ വളര്‍ത്താന്‍ നമുക്കു മണ്ണൊന്നുമില്ലല്ലോ ഇവിടെ? അങ്ങനെ രണ്ടുപേരും ഓരോ ചട്ടിയെടുത്ത് പുതപ്പില്‍ പൊതിഞ്ഞ് പാണ്ടിപ്പിള്ളേര്‍ സാധനങ്ങള്‍ ചുമക്കുന്നപോലെ തോളത്തിട്ടു. പതുക്കെ റൂമിലേക്കു നടന്നു. രണ്ട് പേരും വളരെ സന്തോഷവാന്മാരായിരുന്നു. ഇനി ചെടിയെ വെള്ളമൊഴിച്ച് വലര്‍ത്തുന്നതിനെക്കുറിച്ചൊക്കെ പ്ലാന്‍ ചെയ്തു നടക്കുന്ന സമയത്താണ് ഒരു ഹൊയ്സാലാ ജീപ്പ് വന്നത്.

അന്ന് ബാംഗളൂരില്‍ ഹൊയ്സാല ഇറങ്ങിയതേ ഉള്ളൂ. ഹൊയ്സാലാ എന്നു വെച്ചാല്‍ നമ്മുടെ ഹൈവേ പെട്രോള്‍ പോലെ. പക്ഷെ 1997 കാലഘട്ടങ്ങളില്‍ ഇംഗ്ലീഷ് സിനിമകളില്‍ മാത്രം കണ്ടിരിക്കുന്ന മുകളില്‍ ഒക്കെ ലൈറ്റ് വെച്ച പോലീസ് വണ്ടികള്‍ അന്നൊരു അത്ഭുതം ആയിരുന്നു. ഊപ്പ മഹീന്ദ്രായുടെ ജീപ്പില്‍ എസ് പി വന്നിറങ്ങുന്നതിലും ഗമയുണ്ടായിരുന്നു സാദാ പോലീസുകാരന്‍ ഇതില്‍ വന്നിറങ്ങുമ്പോള്‍. ആ വണ്ടിയും
അതിന്റെ ലൈറ്റും ഒക്കെ, ഹാ എന്താ ഒരു സ്റ്റൈല്‍.

സ്റ്റൈലൊക്കെ വെറുതെ കാണുമ്പോള്‍. ബെഡ് ഷീറ്റും അതിനകത്തോ എന്തോ സാധനങ്ങളുമായി ആടി പോകുന്ന അവരെ കണ്ടപ്പോള്‍ പോലീസുകാര്‍ക്ക് എന്തോ ഒരു പന്തികേട് തോന്നി. ഏന്‍ ലൈയ്? അവര്‍ ചോദിച്ചു. അതു കേട്ട താമസം ചെറിയവനായ വിന്‍സി കെട്ടു താഴെ ഇട്ടു. ചട്ടി പൊട്ടിയ ഒച്ചകേട്ടതും വെടിയൊച്ച കേട്ട അത്ലറ്റിനെ പോലെ അവന്‍ പാഞ്ഞു. പുറകേ അജിയും. ലൈറ്റും നിലവിളി ശബ്ദവും ഇട്ട് ഹൊയ്സാല പുറകേയും.

വിന്‍സി ഇടവഴി ഓടി കണ്ട ഒരു വീടിന്റെ ഗെയിറ്റു ചാടി അകത്തു ചെന്ന് അടുത്ത വീടിന്റെ മതില്‍ ചാടി രണ്ടുമൂന്നു ചാട്ടങ്ങള്‍ക്കു ശേഷം ഒരിടത്ത് ഒരു കാറിന്റെ പുറകില്‍ പാത്തിരുന്നു.

അജി നേരെ ഞങ്ങളുടെ പറ്റുകടയിലെ പണിക്കാര്‍ താമസിക്കുന്ന അവിടെ ചെന്നു അവരെ മെല്ലെ വിളിച്ചുനോക്കി. എവിടെ പണിയും കഴിഞ്ഞു തളര്‍ന്നുറങ്ങുന്ന അവര്‍ കതിനാ പൊട്ടിച്ചാലല്ലേ അറിയൂ. എന്താണു വഴി എന്നു ചിന്തിച്ച് അവന്‍ അവിടെ ഇരുന്നു.

കാറിന്റെ പുറകില്‍ ഇരുന്നു ശബ്ദങ്ങള്‍ ശ്രദ്ധിച്ച് ഇരുന്ന തന്റെ പുറകില്‍ ഒരു ചെറിയ തണുപ്പ്. തോക്കിന്റെ മെറ്റല്‍ ഭാഗം മുട്ടിയ പോലെ. വിന്‍സി തിരിഞ്ഞുനോക്കി. നല്ലൊരു ഡോബര്‍മാന്‍. ശ്വാസം നിന്നുപോയി എങ്കിലും പതുക്കെ അവന്റെ തലയില്‍ ഒന്നു തലോടി. പട്ടി ചിരിച്ചോ എന്നു രാത്രിയായതിനാല്‍ വിന്‍സിക്കു കാണാന്‍ സാധിച്ചില്ല, എങ്കിലും അവനെ കടിക്കുകയോ കുരക്കുകയോ ചെയ്തില്ല. എങ്കിലും അധിക അവിടെ
നിന്നാല്‍ പന്തിയല്ല എന്നു മനസിലാക്കിയ അവന്‍ പതുക്കെ കുഞ്ഞു പുള്ളേരെ വിളിക്കുന്ന പോലെ ടുട്ടൂ എന്നൊക്കെ വിളിച്ച് പതുക്കെ മതിലിന്റെ അടുത്തു വന്നു. ചാടാന്‍ ഉള്ള തയ്യാറെടുപ്പു നടത്തിയതേ പട്ടിക്കു മനസിലായി ഇവന്‍ സുഹൃത്തല്ലെന്ന്. ചാടിക്കടിച്ചു അവനെ, കയ്യിലും കാലിലുമെല്ലാം. പക്ഷെ ചന്തിയില്‍ പോലും ദശയില്ലാത്ത അവനെ ഒരിടത്തും കടിച്ചുപിടിച്ചു നിര്‍ത്താന്‍ ഡോബര്‍മാനു പറ്റിയില്ല. ചാടിയോടി അവന്‍, ഇത്തിരി കടികിട്ടിയെങ്കിലെന്താ, ഹൊയ്സാലയുടെ ഇടി കിട്ടിയില്ലല്ലോ...

അജി അരമണിക്കൂര്‍ കാത്തിരുന്നു. ഇനി ഇപ്പോള്‍ പോലീസുകാര്‍ പോയിക്കാണും, എന്നാലും ചെറിയ ഒരു പ്രിക്കോഷന്‍ എടുത്തേക്കാം. അവന്‍ നേരെ പാന്റൂരി. അടിയില്‍ ഹോസ്പിറ്റലിലെ പെണ്ണുങ്ങളെ ആകര്‍ഷിക്കാനായി ഇട്ടിരുന്ന ഉഗ്രന്‍ ബര്‍മുഡാ. ടീഷര്‍ട്ട് എടുത്ത് മറിച്ചിട്ടു. അവിടെ നിന്നും പതുക്കെ വീടിനെ ലക്ഷ്യമാക്കി നടന്നു. വീടിനു താഴെയായി ഹൊയ്സാല ലൈറ്റ് ഒക്കെ ഓഫ് ചെയ്ത് കിടക്കുന്നു. ഓ.. അവന്മാര്‍ കിടന്ന് ഉറങ്ങുന്നതായിരിക്കും. പിന്നെ എന്നെ കണ്ടാന്‍ അവര്‍ അറിയില്ലല്ലോ. ഉറച്ച
കാല്‍ വെപ്പുകളോടെ അവന്‍ നടന്നു.

കിടന്നുറങ്ങുകയായിരുന്ന ഞാന്‍ വാതിലില്‍ ഒരു മുട്ടു കേട്ടു. പൊതുവേ ഒരു ധൈര്യവാന്‍ അയിരുന്ന ഞാന്‍ ചോദിച്ചു, ആരാടാ അത്? പതുക്കെ ഒരു ശബ്ദം, എടാ ഞാനാടാ, വിന്‍സി പറഞ്ഞു, ഡോര്‍ തുറന്നപ്പോള്‍ അതാ കടിച്ചു പറിച്ച പാന്റ്സും ഇട്ട് പാവം വിന്‍സി. എടാ..പോലീസ് ഓടിച്ചപ്പോള്‍ പട്ടികടിച്ചതാ എന്നെന്തെക്കെയോ പറഞ്ഞു. എനിക്കൊന്നും മനസിലായില്ല. അവന്‍ പറഞ്ഞു, ഹൊയ്സാലാ താഴെക്കിടപ്പുണ്ട്, അവന്‍ പുറകു വശത്തുനിന്നും മതില്‍ ചാടിയാ വന്നത് എന്ന്. പണ്ടാരക്കാലന്മാര്‍ക്ക് വീടു മനസില്ലയെന്ന
തോന്നുന്നത് എന്ന്. അജിയെ കണ്ടില്ല എന്നും അവന്‍ പറഞ്ഞു.

വീണ്ടും കിടന്നപ്പോളാണ് താഴെ ഒരു ശബ്ദം കേട്ടത്, വിന്‍സി പറഞ്ഞു മിണ്ടാതെ കിടന്നോ. ഒരു കോളിങ്ബെല്ല് കേട്ടതോടെ മിണ്ടാതിരിക്കുകയൊന്നും വേണ്ടാ, നീ ഷെല്‍ഫില്‍ കയറി ഒളിച്ചിരുന്നോളാന്‍ പറഞ്ഞിട്ട് ഞാന്‍ വാതില്‍ തുറന്നു. പുറത്ത് അജിയും ഒരു പോലീസുകാരനും.

ഉറച്ച കാല്‍വെപ്പുകളോടെ ഒട്ടും പതറാതെ വന്ന അവനെ വന്നവഴിക്കേ പിടിച്ചു വണ്ടിയില്‍ കയറ്റി ഒന്നു പൊട്ടിച്ചപ്പോള്‍ അവന്റെ ഉറച്ചതെല്ലാം ഉരുകുകയും ഇനി എന്നെ തല്ലല്ലേ എന്നു പറഞ്ഞ് കാലുപിടിച്ചതിന്റെ ഫലമായി വെറും മൂന്നു തല്ലേ കിട്ടിയുള്ളുവത്രേ...

5 comments:

ജിജ സുബ്രഹ്മണ്യൻ January 29, 2009 at 8:38 AM  

അല്ല വിൻസിക്കും അജിയ്ക്കും കിട്ടിയ കൂട്ടത്തിൽ വാഴക്കാ വരയനെയും ഒന്നു തലോടീല്ലേ ! സത്യം വദ !!

അവിടെയിരിക്കുന്ന ഏതെങ്കിലും ബൈക്ക് സ്വന്തം ബൈക്കെന്ന
ഭാവത്തില്‍ അതേല്‍ കാലും കയറ്റിവെച്ചു നില്‍ക്കും. ഏതെങ്കിലും പെണ്‍കുട്ടി അബദ്ധത്തില്‍ ണൊക്കിയാല്‍ പിന്നെ ദിവസവും കൂട്ടുകാരുടെ ബൈക്കുകള്‍ മാറി മാറി എടുത്ത് ഇതെല്ലാം എന്റേതെന്ന ഭാവത്തില്‍ ബസിനുപുറകേ വളരെ അത്യാവശ്യത്തിനെന്ന ഭാവേന ഭയങ്കര സ്പീഡില്‍ പോവുക !! ഇതൊക്കെയാണു അപ്പോൾ പൂവാലന്മാരുടെ ഐഡന്റിറ്റി ല്ലേ
ഓർമ്മകൾ രസകരമായി അവതരിപ്പിച്ചൂ ട്ടോ ! അഭിനന്ദൻസ് !

ചാര്‍ളി (ഓ..ചുമ്മാ ) January 29, 2009 at 2:58 PM  

പരസ്പരം പുറം ചൊറിഞ്ഞാലോ..?
"പോസ്റ്റ് വായിച്ചു...ഉഗ്രനായിട്ടുണ്ട് കേട്ടോ..ഞാന്‍ താങ്കളൂടെ ഒരു ആരാധകനാണ്‌"

ശ്രീക്കുട്ടന്‍ | Sreekuttan January 31, 2009 at 7:07 PM  

ശരിക്കും തല്ലു മേടിച്ചത് ആരാണെന്ന് കൂട്ടുകാരോട് ചോദിച്ചാല്‍ അറിയാം..

Jayasree Lakshmy Kumar February 1, 2009 at 6:46 AM  

വീരശൂരപരാകൃമികൾ!!

Anonymous March 21, 2009 at 1:47 AM  

kadha kollam..iniyum ezhuthuka...


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP