ഞാനൊരു പാവം പാലാക്കാരന്‍

പഴയൊരു മഴ

>> Monday, May 4, 2009

രാവിലെ തന്നെ നല്ല മഴ. രണ്ടു ദിവസമായി എന്നും വൈകുന്നേരം നല്ല മഴയും ഇടിയും ആണ് . ഇന്നു പക്ഷെ രാവിലെ തന്നെ തുടങ്ങി. തണുപ്പുള്ള രാവിലെ എണീറ്റ് അടുപ്പിന്റെ പാതകത്തില്‍ കയറി കുത്തിയിരുന്ന് തീ കായാന്‍ നല്ല സുഖം. അപകടം ആണ് ആ ഇരുപ്പ് എന്ന് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പണ്ട്  പാതകത്തിൽ ഇരുന്നു ഉറങ്ങിപ്പോയി തീയിലേക്ക് വീണത്, പാകത്തിൽ നിന്ന് ഇറങ്ങിയപ്പോൾ വിറകുകമ്പു തട്ടി കഞ്ഞിക്കലം  മറിഞ്ഞു വീണു പൊള്ളിയത് അങ്ങനെയൊക്കെയുള്ള കഥകൾ. പക്ഷെ എത്രയായാലും ആ ഇരുപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ.   

ഉന്തിന്റെ കൂടെ ഒരു തള്ള് എന്നപോലെ കൂട്ടത്തില്‍ വിറക് അടുപ്പിച്ചു വെച്ച് അമ്മക്ക് ഒരു കുഞ്ഞു സഹായം ചെയ്തോണ്ടിരുന്നു. അടച്ചു വാറ്റിയില് തവിക്കണ കൊണ്ട് ചുട്ട വറ്റൽ മുളക് ഞെരടിക്കൊണ്ടിരുന്ന അമ്മയെ ഇടയ്ക്കു പാളി ഒന്ന് നോക്കി. മടിപിടിച്ചു ഇരിക്കുവാണെന്നു മനസിലായ അമ്മ "പോയി കുളിക്കെടാ" എന്നു പറഞ്ഞ് എണീപ്പിച്ചു വിട്ടു. 


പതുക്കെ ചെന്ന് ചായിപ്പിന്റെ വാതില്‍ തുറന്ന്  വീടിന്റെ ഓടില്‍ നിന്നും മണലിലേക്ക് നൂലുപോലെ വീഴുന്ന വെള്ളത്തുള്ളികല്‍ പതുക്കെ കൈകൊണ്ട് തെറിപ്പിച്ച് തണുപ്പുമായി താതാത്മ്യം പ്രാപിക്കാന്‍ ശ്രമിച്ചു. "അമ്മേ.. ഇച്ചിരെ വെള്ളം ചൂടാക്കി തരാമോ?”  അമ്മ ദേഷ്യത്തോടെ  “എന്നാ പിന്നെ ഇത്തിരി കുഴമ്പും കൂടി തേച്ചോ, ഒരു കിളവന്‍ വന്നേക്കുന്നു. പോയി തണുത്ത വെള്ളത്തില്‍ കുളിയെടാ ചെക്കാ." എന്നിട്ടു ആശുപത്രിയിലെ കുത്തിവെപ്പിന് ശേഷം തരുന്ന തിരുമ്മു പോലെ  "ആദ്യത്തെ മഗ്ഗിലെ വെള്ളത്തിനു ശേഷം തണുക്കത്തില്ലെടാ കുട്ടാ" എന്നും പറഞ്ഞു.

മഴയില്ലായിരുന്നെങ്കില്‍ കിണറ്റില്‍ നിന്നും വെള്ളം കോരി കുളിക്കാമായിരുന്നു, അതിനു ചെറിയ ചൂടുകാണും രാവിലെ. രാവിലെ അമ്മാവന്‍ നേരത്തെ പോയതിനാല്‍ ബസിനു പോകണം. യൂണിഫൊമില്‍ ഇന്നലെ വൈകിട്ടു നടന്നപ്പോള്‍ ചെരുപ്പില്‍ നിന്നും പറ്റിയ ചെളി വട്ടത്തില്‍ നല്ല പൊട്ടുപോലെ കാണാം. എത്ര കഴുകിയാലും അതു പോകില്ല. ചെരുപ്പിട്ട് എത്ര സൂക്ഷിച്ചു നടന്നാലും ഇത്തിരി ചെളിയെങ്കിലും തെറിക്കും. ഒരു ഷൂ ഉണ്ടാരുന്നെങ്കില്‍ ഇത്രയും ചെളി പുറകിൽ വരില്ല എന്ന് അമ്മയോട് പറഞ്ഞതാണ്, കിം ഫലം. ഒരു ഞെക്കുമ്പോള്‍ നിവരുന്ന കുട വാങ്ങി തന്നത് ഒരാഴ്ച മുമ്പ് സ്‌കൂളിൽ കളഞ്ഞു പോയി. ഇപ്പോള്‍ അമ്മയുടെ പഴയ ഒറ്റ മടക്കുള്ള കുടയാണ് ശരണം. ഒന്നു രണ്ടു തുളയുണ്ട്, ഒരു കമ്പി ഇത്തിരി വളഞ്ഞിട്ടും ഉണ്ട്, എന്നാലും ഒള്ളതാകട്ടെ. 

കടൂക്കുന്നേല്‍ വാതിക്കലെ ബസ് സ്റ്റോപ്പില്‍ ചെല്ലുന്നതിനു മുമ്പേ തന്നെ തിങ്ങിനിറഞ്ഞ് പുഞ്ചവയല്‍ ബസു പോയി. ഇനി കോരുത്തോട് ബസിനു പോകാം. കുടയും ചൂടി അവിടെ കിടന്ന തെങ്ങുംതടിയില്‍ കയറിനിന്നു. അതാവുമ്പോള്‍ പിന്നെ വെള്ളം നിലത്തു തല്ലി തെറിക്കുന്ന കുഞ്ഞു മണല്‍തരികളുടെ തരിതരിപ്പ് ഇല്ല. പുറകിലുള്ള കാനയില്‍ മഴവെള്ളം നിറഞ്ഞിട്ടുണ്ട്. വാഴക്കാവരയനും  നെറ്റിയെപൊട്ടനും ഒക്കെ തോട്ടിൽ നിന്നും കയറി അവിടെ എത്തിയിരിക്കുന്നു. ഒറ്റവെയില്‍ തെളിയുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്കുനില്‍ക്കും. പിന്നെ ഇവന്മാര്‍ ഒക്കെ ഇവിടെ കിടന്നു ചാവേണ്ടി വരും, പാവങ്ങള്‍. വെള്ളം പൊങ്ങിയപ്പോള്‍ ആക്രാന്തത്തിൽ ചാടിക്കയറി ഇങ്ങുപോന്നതല്ലേ, വരും വരായ്ക നോക്കാതെ. വൈകുന്നേരം ആകട്ടെ, വരുമ്പോള്‍ പിടിച്ചു വീ‍ട്ടിലെ കുളത്തില്‍ ഇട്ടേക്കാം. 

കോരുത്തോട് ബസ് വരുന്ന ഒച്ച കേള്‍ക്കുന്നു. ദൈവമേ..നിറച്ചു ആളുമായാണ് വരവ്. ഒരു ഫുള്‍ ടിക്കറ്റുപോലുമില്ലാതെ ഞാനെന്ന പേട്ട് എസ് റ്റി കാരനെ കയറ്റാന്‍ അത് എന്റെ അപ്പന്റെ വകയൊന്നുമല്ലല്ലോ, എന്റെ ആത്മഗതം കേട്ടത് പോലെ അവര്‍ നിര്‍ത്തിയില്ല. ഭാഗ്യത്തിനു കൈയ്യില്‍ 2 രൂപയുണ്ട്, അടുത്ത ട്രാന്‍സ്പോര്‍ട്ടിന് ഫുള്‍ ടിക്കറ്റെടുത്ത് പോകാം. 

 പെട്ടെന്നാണ് കവിതയുടെ മുഖം മനസിലേക്ക് ഒരു വെള്ളത്തുള്ളി പോലെ ഒഴുകിവന്നത്. എന്റെ കൂടെ നാലാം ക്ലാസുവരെ പഠിച്ച കടുവാതൂക്കില്‍ ഷിബുവിന്റെ പെങ്ങളാണ്. എന്നെക്കാളും രണ്ടുവയസ് കുറവ്, വിളക്കുമാടം മഠം സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. ഈ വര്‍ഷം സ്കൂളുതുറന്ന സമയത്ത് ഇതുപോലൊരു ദിവസം ആനവണ്ടിയിൽ കയറി പോയപ്പോളാണ് ശരീക്കും അടുത്തു കണ്ടത്. അവരൊക്കെ പാലായില്‍ പോയി കെ എസ് ആര്‍ ടി സി യിലെ മന്ത്‌ലി കാര്‍ഡ് ആണ് എടുക്കുന്നത്. 

എനിക്ക് കവിതയെ ഭയങ്കരമായി ഇഷ്ടപ്പെട്ടു. നല്ല വിടര്‍ന്ന കണ്ണുകളാണ് കവിതയുടേത്. കൃസ്ത്യാനിപ്പെണ്ണുങ്ങള്‍ക്ക് പൊതുവേയില്ലാത്ത ശീലമെങ്കിലും, ഞാൻ കണ്ട സമയത്തൊക്കെ അവൾ  രാവിലെ കുളിച്ച് ഭംഗിയായി മുടി വിടര്‍ത്തിയിട്ടിരുന്നു. എന്നാല്‍ എണ്ണമെഴുക്കോ മണമോ ഒന്നുമില്ലതാനും. നല്ല ക്യൂട്ടിക്കൂറാ പൌഡറിന്റെ മണമാണവള്‍ക്ക്. ഈയിടെയായി കിടക്കാന്‍ നേരം മനസില്‍ എന്നും വരുന്നത് അവളുടെ മുഖമാണ്. ഇന്നും കാണാമല്ലോ എന്നോര്‍ത്തപ്പോള്‍ കോരുത്തോട് ബസ് നിര്‍ത്താതെ പോയ ഡ്രൈവറോട് തോന്നിയ ദേഷ്യമൊക്കെ മാറി. ബസിന്റെ ഉടമസ്തരുടെ വീട്ടിലും കുട്ടികളുടെ വീട്ടിലും തുമ്മലും ചീറ്റലും അക്കാലങ്ങളിൽ പതിവായിരുന്നു. വണ്ടി നിർത്താതെ പോകുന്ന സമയം കുട്ടികളും,  ഇടിച്ചു വണ്ടി നിറയെ കയറുന്ന പത്തുപൈസ ടിക്കറ്റിന്റെ ദേഷ്യത്തിൽ ബസുകാരും പരസ്പരം ഉള്ളിലും പുറത്തും  പറയാറുണ്ടായിരുന്ന മാതാപിതാ സ്തുതികളുടെ ബാക്കിപത്രം എന്ന നിലയിൽ.

അവസാനം ചെവിയാട്ടിയെത്തുന്ന ആനയെപ്പോലെ രണ്ടുസൈഡിലെയും പടുതാ ആട്ടി നമ്മുടെ ആനവണ്ടിയെത്തി. കുടമടക്കി ചാടിക്കയറി ഞാന്‍, നിറച്ചും ആള്‍ക്കാരാണ് വണ്ടിയില്‍. ബസ് കയറ്റം കയറുന്നതിനു ഇറങ്ങുന്നതിനു അനുസരിച്ചു അടിയില്‍ വെള്ളം ഒഴുക്കാണ് മുന്നോട്ടും പിന്നോട്ടും. ഞാന്‍ പതുക്കെ മുമ്പോട്ട് നുഴഞ്ഞു കയറി. കവിത സീറ്റിന്റെ സൈഡില്‍ തന്നെ ഇരിപ്പുണ്ട്. ഞാന്‍ പതുക്കെ അവളുടെ അടുത്തു ചെന്നു നിന്നു. പക്ഷെ അവളെ മുട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇനി നമ്മള്‍ മുട്ടിയാല്‍ അവള്‍ ഞാനൊരു ചീത്തയാണെന്നു വിചാരിച്ച് എന്നന്നേക്കുമായി അവളെ നഷ്ടപ്പെട്ടാലോ എന്ന ചിന്ത കാരണം ഏറ്റവും മാന്യനായി തന്നെ പെരുമാറണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. (അതാണ് ഈ ജന്മത്ത് എനിക്കൊരു പ്രണയം ഉണ്ടാവാതെ പോയതിനു കാരണം)

 മഞ്ചക്കുഴിയുടെ വളവ് വണ്ടി വീശി എടുത്തപ്പോള്‍ അറിയാതെ അവളെ ഇത്തിരി മുട്ടി എങ്കിലും കുഴപ്പമൊന്നുമുണ്ടായില്ല. എങ്കിലും അടുത്തു നിന്നവര്‍ക്കൊന്നും ഞാന്‍ നുഴഞ്ഞ് കയറി അവളുടെ അടുത്ത് നിന്നത് അത്ര ഇഷ്ടമായില്ല എന്നു തോന്നുന്നു. പെട്ടെന്നാണ് അവളെന്നോട് അതു പറഞ്ഞത്. കേള്‍ല്‍ക്കാനായി കുനിഞ്ഞു നിന്ന ഞാന്‍ നിവരും മുമ്പേ സൈഡില്‍ നിന്ന ചേട്ടന്‍ എന്റെ കുത്തിനു പിടിച്ചു. "ഡാ, മൊട്ടേന്നു വിരിയും മുമ്പേ പെണ്ണുങ്ങളെ പിടിക്കുന്നോടാ.. "എന്നു ചോദിച്ച് കോളേജില്‍ പഠിക്കുന്ന ഒരു ചേട്ടന്‍ കൈയ്യില്‍ പിടിച്ചു വലിച്ചു. ഏല്ലാ ഭാഗത്തു നിന്നും ഒരു വൃത്തികെട്ടവനെ എന്ന പോലെയുള്ള നോട്ടം. നാണക്കേട് മൂലവും തല്ലു കിട്ടാതിരിക്കാനുമായി ഞാന്‍ മുഖം താഴ്ത്തി പൊത്തിപീടിച്ചു. 

ഇവന്‍ ഇന്നവീട്ടിലെ  കൊച്ചല്ലേ, ഇവന്റെ കാർന്നോന്മാരുടെ പേര് കളയാൻ ആണോ ഭാവം എന്ന് ആരോ പറയുന്നതും കേട്ടു, . പെട്ടെന്ന് അവള്‍ എണീറ്റു നിന്നു പറഞ്ഞു. “അയ്യോ ആ ചേട്ടനെ ഒന്നും ചെയ്യേണ്ട... കുടയില്‍ നിന്നു വെള്ളം വീണപ്പോള്‍ ഒന്നു മാറ്റിവെക്കാന്‍ പറഞ്ഞതേ ഉള്ളൂ ഞാന്‍”. എന്റെ മനസില്‍ കൂടി ഒരു ചെറിയ കാറ്റ് വീശി. ആകെ കൂടെ മര്‍മ്മരങ്ങളും അടക്കിയ ചിരിയും മറ്റും ബസില്‍. എനിക്കണെങ്കില്‍ ആരെയും നോക്കാന്‍ പോലും പറ്റുന്നില്ല. കുത്തിനു പിടിച്ച ചേട്ടന്‍ പതുക്കെ മാറി. ബസ് കുരുവിക്കൂട് സ്റ്റോപ്പില്‍ എത്തി അപ്പോളേക്കും. ഞാന്‍ പതുക്കെ നാണക്കേടു കാരണം അവിടെ ഇറങ്ങാന്‍ വേണ്ടി തിരിഞ്ഞു.

 അപ്പോള്‍ പൈകയില്‍ കടനടത്തുന്ന സുകുമാരന്‍ ചേട്ടന്‍ പറഞ്ഞു “സാരമില്ല മോനേ, എല്ലാരും തെറ്റിദ്ധരിച്ചതല്ലേ. നീ ഇറങ്ങുവൊന്നും വേണ്ട.” പെട്ടെന്ന് ഒരു ചെറിയ ചൂട് കൈയ്യില്‍, ഞാന്‍ പേടിയോടെ ആ ഭാഗത്തേക്ക് നോക്കി. അത് കവിത എന്റെ കയ്യില്‍ പതുക്കെ പിടിച്ചതായിരുന്നു. അവള്‍ കണ്ണുകളുയര്‍ത്തി എന്നെ നോക്കി. ക്ഷമയും സഹതാപവും ഇഷ്ടവും ഒക്കെ നിറഞ്ഞ ഒരു നോട്ടം. എന്റെ മനസിലും ഒരു മഴ പെയ്തു, നല്ല തണുപ്പുള്ള ഒരു കുളിര്‍മഴ.

6 comments:

ഹന്‍ല്ലലത്ത് Hanllalath May 4, 2009 at 12:05 PM  

എന്നിട്ട്..?
പിന്നെ എന്തായി..കവിത.........

പൊട്ട സ്ലേറ്റ്‌ May 4, 2009 at 1:22 PM  

കൊള്ളാം. വായിക്കാന്‍ സുഘമുള്ള ഒരു പോസ്റ്റ്‌. മുകളിലെ ചോദ്യം ഞാനും ചോദിക്കുന്നു...

ഈ കമന്റ്‌ ഇടാനുള്ള വേര്‍ഡ്‌ വീരിഫികേശന്‍ ഒന്നെടുത്തു മാറ്റികൂടെ ?

പകല്‍കിനാവന്‍ | daYdreaMer May 4, 2009 at 2:29 PM  

എന്റെ മനസിലും ഒരു മഴ പെയ്തു, നല്ല തണുപ്പുള്ള ഒരു കുളിര്‍മഴ.
:)

പി.സി. പ്രദീപ്‌ May 6, 2009 at 12:21 AM  

ഹാ ഹ ഹ ...., നല്ല ഒഴുക്ക്, നല്ല എഴുത്ത്.

PreethySunil May 6, 2009 at 2:36 PM  

Mazhakkalam ellavarkkum ennum thanuppinte sukhamulla oru nalla ormayanu...enikkum...!! angine ulla aa nalla ormakal ennum sookshikkunnathu enthu rasama....! ippol njanum poyi.. marannu poya aa pazhaya mazhakkalathilekku......

Unknown May 7, 2009 at 2:46 PM  

aftr tht wht happnd?..........


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP