ഞാനൊരു പാവം പാലാക്കാരന്‍

എനിക്ക് വയസായപ്പോള്‍

>> Monday, June 29, 2009

രാവിലെ എണീക്കാനേ തോന്നുന്നില്ല, ക്ഷീണം പോലെ. വയസ് അറുപത്തിമൂന്നായില്ലേ, ഇനിയിപ്പോള്‍ ഇത്തിരി ക്ഷീണമൊക്കെ കാണുമായിരിക്കും. കല്ല്യാണം കഴിച്ച സമയത്തു തന്നെ ലേശം വണ്ണമുണ്ടായിരുന്ന ഭാര്യക്ക് ഇപ്പോള്‍ പാകത്തിനു വണ്ണം. അന്നു ഡോബര്‍മാന്റെ കണക്ക് വയര്‍ അകത്തോട്ട് വളഞ്ഞിരുന്ന എനിക്ക് ഇപ്പോള്‍ എട്ടുമാസ ലക്ഷണം. അതിന്റെയൊക്കെ ആയിരിക്കും ഈ ക്ഷീണം. ഉടുത്തിരുന്ന ലുങ്കി ചുളുങ്ങി കട്ടിലിന്റെ ഒരു കോണില്‍ കിടപ്പുണ്ട്. ചെറുപ്പത്തില്‍ മറ്റുള്ളവരുടെ കൂടെ കിടക്കുമ്പോള്‍ ലുങ്കിയുടെ അറ്റം കെട്ടിയിട്ട് കിടക്കുമായിരുന്നു, അല്ലെങ്കില്‍ അഴിഞ്ഞുപോവുമ്പോള്‍ ആരെങ്കിലും കാണില്ലേ. കല്ല്യാണം ഒക്കെ കഴിഞ്ഞപ്പോള്‍ പിന്നെ അതിന്റെ ആവശ്യമില്ലല്ലോ. അല്ലെങ്കിലും നഗ്നനായി ഭാര്യയുടെ ശരീരത്തിന്റെ ചൂടും ചൂരുമേറ്റു കിടക്കുകയല്ലേ അതിന്റെ സുഖം.

നേരെ അടുക്കളയിലേക്ക് ചെന്നു. ഇഡലിയും ചമ്മന്തിയും ഉണ്ടാക്കി പാത്രത്തില്‍ വെച്ചിട്ട് ഭാര്യാമണി പാവക്കാത്തോരനും അടുപ്പത്ത് വെച്ച് എന്തോ ആലോചിച്ചു നില്പാ‍ണ്. പതുക്കെ ചെന്ന് ഭാര്യയുടെ പുറകില്‍ ബ്ലൌസ് മറക്കാതിരുന്ന ഭാഗത്ത് ഒന്നു കയ്യോടിച്ചു. ഞെട്ടിത്തിരിഞ്ഞ അവള്‍ തുടയില്‍ ഒരു നുള്ള്. ഹോ, പൊള്ളിപ്പോയി. പണ്ടേ അവള്‍ക്കുള്ളതാ ഈ നുള്ളല്‍, മനുഷ്യന്റെ എടപാടുതീരും. അവള്‍ ചോദിച്ചു, “പാലും കാപ്പി വേണൊ അതോ കട്ടന്‍ കാപ്പി മതിയോ?”. ഞാന്‍ പറഞ്ഞു കട്ടന്‍ മതി.

ഇനി പാലുകുടിച്ച് കൂടുതല്‍ പോഷകം അകത്തോട്ട് ചെന്നാല്‍ പിന്നെ അതായിരിക്കും അരയിഞ്ചു വയറും, ഇരുന്നൂറ്റംബത് കൊളസ്ട്രോളുമൊക്കെയായി വരുന്നത്. തിണ്ണയില്‍ ചെന്നു നോക്കി, പത്രം എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വരെ ജോലിയുമായി ഗള്‍ഫിലായിരുന്ന കാലത്ത് ആദ്യം ഓഫീസില്‍ ചെന്നാല്‍ നോക്കുക ഇന്റര്‍നെറ്റില്‍ പത്രമായിരുന്നു. എന്തിനേറെ, കൊച്ചു കാലത്ത് പോലും എഴുന്നേല്‍റ്റാല്‍ പിന്നെ പത്രം കണ്ടില്ലേല്‍ ഒരു സുഖവുമില്ല. അന്നു മാന്‍ഡ്രേക്കും ഫാന്റവുമായിരുന്നു എങ്കില്‍ ഇപ്പോള്‍ അച്യുതാനന്തനും പിണറായിയുമായി എന്നു മാത്രം.

പത്രവുമായി ചാരുകസേരയിലിരുന്നു ഒരു കവിള്‍ കാപ്പി കുടിച്ചപ്പോളേ വയറ്റില്‍ നിന്നു വിളി വന്നു. കാപ്പി അവിടെ വെച്ചു പത്രവുമായി നേരെ ചിന്താമുറിയിലേക്കു കയറി. ആദ്യകാലത്തു സിഗരറ്റുവലിച്ചു തുടങ്ങിയ ശീലം, പിന്നീട് വലി നിറുത്തിയപ്പോല്‍ എന്തെങ്കിലും വായിക്കാന്‍ കൊണ്ടുപോകണം എന്നായി.അവസാനം സിഗരറ്റും വായനയും എല്ലാംകൂടിയായി. അല്ലെങ്കില്‍ തന്നെ ഏറ്റവും കൂടുതല്‍ കോണ്‍സെന്റ്റേഷന്‍ കിട്ടുന്ന സമയവും സ്ഥലവും ആണ് അത്. അല്ലെങ്കില്‍ തന്നെ ഒരു മനുഷ്യന്റെ ജീവിതത്തില്‍ എത്രയോ സുപ്രധാന കാര്യങ്ങളുടെ ചിന്തകള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത് ഈ സ്ഥലത്തു നിന്നായിരിക്കും? ബാല്യത്തില്‍ സിനിമാനടനും, ഫുട്ബോളുകാരനും, ഡ്രൈവറുമൊക്കെയായി സങ്കല്പത്തില്‍ മേഞ്ഞിരുന്നത് കൌമാരം ആയപ്പോളേക്കും സിനിമാനടികളും നാട്ടിലെ സുന്ദരികളുമായി മാറി. പിന്നീടതിന് എന്തൊക്കെ വ്യതിയാനങ്ങള്‍. ഇടക്കാലത്ത് പഠനം വരെ അതിനകത്താക്കിയിരുന്നു.

ഒരു പത്തുമണി കഴിയുവാരുന്നേല്‍ മച്ചുവും, ദാസനും, ജോസും, പാലാ സാറും എത്തിയേനെ. അവന്മാര്‍ ഒക്കെ രാവിലെ കിടന്ന് ഉറങ്ങും. ഇന്നലത്തെ ചീട്ടുകളിയില്‍ രൂപാ ആയിരത്തി അഞ്ഞൂറാ പോയത്. ഇന്നെന്താകുമോ ആവോ. സ്ഥിരം പരിപാടി ആയതുകൊണ്ടും ഒരേ ആള്‍ക്കാര്‍ ആയതുകൊണ്ടും കാശ് ആര്‍ക്കും അധികം പോവില്ല. എല്ലാം ഇവിടെ തന്നെ കിടന്നു കറങ്ങിക്കോളും. പിന്നെ മച്ചുവും സാറും തമ്മിലുള്ള അടി സഹിക്കാന്മേലന്നേ ഉള്ളൂ. പണ്ടും അവന്മാര്‍ അങ്ങനെ ആയിരുന്നു.

മക്കളും എല്ലാം ദൂരെ ആയതിന്റെ വിഷമം തീര്‍ക്കുന്നത് വീണ്ടും ഒത്തു ചേര്‍ന്ന ഈ പഴയകാല സുഹൃത്തുക്കളുടെ പുനസംഗമത്തിലാണ്. എല്ലാവനും വയസായെങ്കിലും സ്വഭാവം പഴയ പോലെ തന്നെ. ഇടക്കാലത്തു കുറഞ്ഞിരുന്ന സിഗരറ്റുവലി ഉഷാറായെന്നു മാത്രം. ഒരു വിത്സും കത്തിച്ചു വീണ്ടും തിണ്ണയില്‍ വന്ന് കാലും പൊക്കി അരഭിത്തിയില്‍ വെച്ച് വഴിയിലേക്ക് കണ്ണും നട്ടിരുന്നു.
പുറത്തൊരു കൈവന്നപ്പോള്‍ ഞെട്ടിപ്പോയി. ഭാര്യയായിരുന്നു. എന്റെ ഞെട്ടല്‍ കണ്ട് അവളും ഞെട്ടി. എന്നിട്ട് പറഞ്ഞു, ഇത്ര വയസായിട്ടും പേടി മാറിയില്ല, ബാക്കിയൊള്ളോരെ കൂടെ പേടിപ്പിക്കുവാ. ഇങ്ങനെ ഞെട്ടിയാല്‍ വല്ല ഹാര്‍ട്ട് അറ്റാക്കും വരും, വയസായെന്ന് ഓര്‍ത്തോണം. പതുക്കെ അവളെ ചേര്‍ത്തു നിര്‍ത്തി. അവളുടെ വിയര്‍ത്ത് വയറില്‍ തല ചേര്‍ത്തപ്പോള്‍ നല്ല തണുപ്പ്. എന്റെ മുടിയിഴകളിലൂടെ വിറലോടിച്ച് അവല്‍ നിന്നു. അവള്‍ക്കറിയാം എനിക്കതൊത്തിരി ഇഷ്ടമാണെന്ന്. എനിക്കു കൂട്ടുകാരെങ്കിലും ഉണ്ട്, അവള്‍ക്ക് ഞാനല്ലാതെ ആരുമില്ലല്ലോ ഇപ്പോള്‍. മക്കളും കുഞ്ഞുമക്കളും വരുമ്പോളല്ലേ അവള്‍ക്ക് എന്തെങ്കിലും ഉള്ളത്. ഇപ്പോള്‍ കൂടുതലും ഒറ്റക്കു ചിന്തിക്കുന്നതുകാണാം. ഞാന്‍ പോകുന്നതിനു മുമ്പ് പോകണം എന്നാണവളുടെ ആഗ്രഹം. എനിക്കാണെങ്കില്‍ അവള്‍ ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ല താനും. ഒരുമിച്ചു പോകാന്‍ പറ്റുകയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

അതാരാണപ്പാ ഒരു പരിചയമില്ലാത്ത വണ്ടി വരുന്നത്? ദാസനും ഉണ്ടല്ലോ വണ്ടിയില്‍. ഓ.. നമ്മുടെ ശാന്തന്‍ എത്തിയിരിക്കുന്നു അമേരിക്കയില്‍ നിന്നും. ദാ എത്തിക്കഴിഞ്ഞു ബാക്കി പരിവാരങ്ങള്‍. കെട്ടിപ്പിടുത്തവും കുശലവും മക്കള്‍ പുരാണവും ഒക്കെ കൈമാറി. പാലാസാര്‍ വന്ന ഉടനെ തന്നെ കള്ളുകുടിക്കുള്ള സെറ്റപ്പ് റെഡിയാക്കുന്നു. ഭാര്യയോട് പോത്ത് ഉലത്താനും, സവോള അരിഞ്ഞ് സാലഡ് ഉണ്ടാക്കാനും ഓര്‍ഡര്‍ കൊടുത്തിട്ട് പുള്ളികാരന്‍ കവലക്കു പോയി. ഇനി സിഗരറ്റ്, സോഡ, ഐസ്, മുറുക്കാന്‍ മുതലായ സാധനങ്ങളുമായി എത്തിക്കോളും. കള്ളുകുടി തുടങ്ങുന്നതിനു മുമ്പ് എല്ലാം റെഡിയായിരിക്കണം എന്നുള്ളത് സാറിന്റെ നിര്‍ബന്ധം ആണ്. അന്യായ വലിക്കാരനായിരുന്ന സാറു കല്ല്യാണം കഴിഞ്ഞതോടെ വലി നിര്‍ത്തിയെങ്കിലും പകരം മുറുക്കാന്‍ തുടങ്ങി. രണ്ടെണ്ണം കഴിയുമ്പോല്‍ തുടങ്ങും മുറുക്ക്. പിറ്റേ ദിവസം ഭാര്യ ചീത്ത പറയും എന്നു മാത്രം, മുറ്റം നിറച്ചും മുറുക്കാന്‍ തുപ്പലല്ലേ.

ജോസ് കൊണ്ടുവന്ന മുന്തിരിങ്ങ ആദ്യം നിരത്തിവെച്ചു. ഇപ്പോള്‍ വയസന്മാര്‍ക്ക് കൊളസ്ട്രോളും മറ്റുമായതു കൊണ്ട് ഇറച്ചി കുറച്ചു കഴിച്ച് പഴങ്ങള്‍ കൂട്ടി കള്ളുകുടിക്കുകയാണ് പതിവ്. പ്രമേഹക്കാരനായ മച്ചു മൂന്നു പെഗ്ഗിനുള്ള മരുന്നായ ഒരു ഡോസ് ഇന്‍സുലിന്‍ മടിക്കുത്തില്‍ എടുത്തു നിന്നും സിറിഞ്ചില്‍ നിറച്ചു. ഇനി ചിയേര്‍സ് പറയാന്‍ ഗ്ലാസ് എടുക്കുമ്പോല്‍ അവന്‍ ഒരു സ്റ്റൈല്‍ ആയി ഒരു സെക്കന്‍ഡ് എന്നു പറഞ്ഞ് സിറിഞ്ച് എടുത്ത് മുണ്ട്മാറ്റി തുടയില്‍ ഒരു കുത്തുണ്ട്. എന്നതാന്നു പറഞ്ഞാലും അവന്‍ കാര്യങ്ങളെല്ലാം സ്റ്റൈലായേ ചെയ്യൂ, പണ്ടും ഇന്നും.

ശാന്തന്‍ കൊണ്ടുവന്ന ഷിവാസ് രണ്ടെണ്ണം പെട്ടെന്നു തന്നെ കഴിഞ്ഞു. വയസന്മാര്‍ക്കെല്ലാം നല്ല കപ്പാസിറ്റിയ ഇപ്പോള്‍. എനിക്കാണെങ്കില്‍ പണ്ടത്തെ പോലെ പറ്റുന്നില്ല. ഒരു നാലെണ്ണം കഴിഞ്ഞാല്‍ പിന്നെ വര്‍ത്തമാനവും അടിയും കൂടും. ഭാര്യയോട് പറഞ്ഞിട്ടുണ്ട് വാണിങ് തരണം എന്ന്. പൂസായാല്‍ പിന്നെ തര്‍ക്കവും ഫിലോസഫിയും കൂടുതലാകും. പിന്നെ രാവിലെ ആണ് പ്രശ്നം, ഒരു ദിവസം പോക്കാ. ഹാങ് ഓവര്‍ മാറ്റാന്‍ എത്ര കാര്യങ്ങളാ പരീക്ഷിച്ചിരിക്കുന്നത്. നാരങ്ങാവെള്ളം, കരിക്ക്, പഴയന്‍ കഞ്ഞി, ഏത്തക്കാ പുഴുങ്ങിയത്, മോരു തുടങ്ങിയ എല്ലാം പരീക്ഷിച്ചാലും ഒരു ദിവസം പോക്കാ.

റമ്മികളിച്ച് കാശുപോയപ്പോള്‍ മച്ചു പറഞ്ഞു ഇനി പരിയല്‍ കളിക്കാം. എല്ലാവരും തയ്യാര്‍. ഇനി കാശ് വരവും പോക്കും പെട്ടെന്നാവും. കളിമൂത്തു. എന്റെ അടുത്തിരുന്ന ജോസ് രണ്ട് ഗുലാന്‍ വച്ച് രണ്ടാസിനെ രണ്ടു പ്രാവശ്യം ഓടിച്ചു. എന്താന്നു പറഞ്ഞാലും ഇതൊക്കെ കുറച്ചു ധൈര്യവും ഭാഗ്യവും തന്നെ. അതാ അടുത്ത കൈ ഇട്ടത് ഉഷാറായി. രണ്ടിടത്തും പരിയലു കയറി എന്നുറപ്പ്. ഒരു കളറും വെച്ചോണ്ടിരുന്ന ഞാന്‍ CPI യുടെയും CPM ഇന്റെയും ഇടക്കുപെട്ട ജനദാദള്‍ പോലെ പോയ കാശിന്റെ സങ്കടത്തില്‍ ഇരുന്നു.

കളി വാശിയായി. കഴിഞ്ഞ ഉടക്കിന്റെ സമയത്ത് കടം വാങ്ങിയുള്ള കളി നിരോധിച്ചിരുന്നു. അവസാനം പാലാസാറിന്റെ കാശു തീര്‍ന്നു. മച്ചു വീണ്ടും കാശുവെച്ചു. പാലാസാറ് പറഞ്ഞു, കയ്യെനിക്കാണ്, മൂന്നാസു കയറി. മച്ചു വിട്ടില്ല, മൂന്നാസുകാരന് മറിക്കാന്‍ പറയാന്‍ പറ്റില്ല. ഒന്നുകില്‍ കൈ വിടണം, അല്ലെങ്കില്‍ മറ്റെയാള്‍ മറിപ്പിക്കണം. മൂന്നാസു കയറിയ പാലാസാര്‍ വിടുവോ? രണ്ട് പേരും വഴക്കായി. അവസാനം കയ്യാങ്കളി ആയപ്പോള്‍ ഞങ്ങള്‍ ചാടി വീണു. ഇനി മേലില്‍ ഈ നാറിയുടെ കൂടെ കളിക്കാന്‍ ഇല്ല എന്നു പറഞ്ഞ് പാലാസാര്‍ പോയി. മുശടു ന്യായം പറഞ്ഞിരുന്ന മച്ചുവിനോടും മിണ്ടാതെ പൊക്കോളാന്‍ പറഞ്ഞു. അത്രയും ആയപ്പോളേക്കും ഭാര്യ എത്തി. ഇനി മേലില്‍ ഇവിടെ കള്ളു കുടിയും ചീട്ടുകളിയും നടത്തിപ്പോകരുതെന്നു അവളുടെ ഓര്‍ഡര്‍. എല്ലാവരും മിണ്ടാതെ എഴുന്നേറ്റു. ജോസ് പറഞ്ഞു, “ഇതിപ്പോള്‍ വീട്ടില്‍ കയറിയേക്കരുത് എന്നു പറഞ്ഞപോലായല്ലോ?”. ഞാന്‍ ചിരിച്ചു. എല്ലാ അവന്മാരും വയസായാലും പിള്ളേരുടെ കണക്കുതന്നെ. വെറുതെയല്ല പണ്ട് കാര്‍ന്നവന്മാര്‍ പിള്ളേരെ കൂട്ടത്തില്‍ കൂട്ടാതിരുന്നത്. ഈ പിള്ളേരു സ്വഭാവം ഒക്കെ കണ്ടാല്‍ പിള്ളേര്‍ക്ക് അവരോടുള്ള വില പോകില്ലേ?

എന്തായാലും രാത്രിയില്‍ ഒരു സങ്കടം, നാളെ മുതല്‍ എന്തു ചെയ്യും. കിടക്കാന്‍ നേരം ഭാര്യ പറഞ്ഞു, “സങ്കടമായല്ലേ?, ഞാന്‍ അങ്ങനെ പറഞ്ഞത് ഇഷ്ടമായില്ലേ?” ഞാന്‍ പറഞ്ഞു, “കുഴപ്പമില്ലെടി, ഇടക്കൊരു കണ്ട്രോള്‍ നല്ലതാ.”

രാത്രി പന്ത്രണ്ടരക്കു ഫോണ്‍. സൂര്യനാണ്, ഐക്യരാഷ്ട്രസഭയുടെ ഒരു മാസത്തെ എന്തോ പരിപാടിക്കു ശേഷം ജനീവയില്‍ നിന്നും വരുന്നതാണത്രെ. നാളെ എയര്‍പോര്‍ട്ടില്‍ ചെല്ലാനാണ് വിളിച്ചത്. ഇവിടുത്തെ പിണക്കം ഒന്നും പറയണ്ടാ എന്നു വെച്ചു. ഇനിയിപ്പോള്‍ ആരെയാ കൂട്ടത്തില്‍ കൊണ്ടുപോകാന്‍ വിളിക്കേണ്ടത്? മച്ചൂനെ വിളിച്ചാല്‍ പാലാസാര്‍ പിണങ്ങുമൊ എന്നൊക്കെയൊരു ചെറിയ ഭയം. എന്തായാലും ഭാര്യയേയും കൂട്ടി അങ്ങു പോകാമെന്നു വെച്ചു.

ഭാര്യ രാവിലെ മുതലേ ഉഷാറാണ്. അല്ലേലും അവള്‍ പണ്ടേ യാത്രക്കു തല്പരയാണ്. എനിക്കാണെങ്കില്‍ മറ്റു വാനരന്മാരോട് പറയാത്തതിന്റെ ഒരു ചെറിയ വിമ്മിഷ്ടം ഉണ്ട്. അങ്ങനെ പതുക്കെ വൈകിട്ട് നാലുമണിക്ക് പുറപ്പെട്ടു. പോകുന്ന വഴി അങ്കമാലിയിലെ അങ്കിളിന്റെ വീട്ടിലും ഒന്നു കയറാമല്ലോ.

പതിനൊന്നു മണിക്കാണ് വിമാനം. കൃത്യം പതിനൊന്നായപ്പോള്‍ അവിടെ എത്തി. വണ്ടി പാര്‍ക്ക് ചെയ്ത് അവിടെ കാത്തിരിക്കുന്നവരുടെ കൂടെ എത്തി നോക്കി നില്‍പ് തുടങ്ങി. ഹോ, ഭയങ്കര ബോറിങാ ഈ പരിപാടി, നോക്കി നോക്കി മടുത്തു പോകും. അപ്പോളതാ പുറകില്‍ നിന്നും ഒരടി, മിന്നലിന്റെ പുറകേ ഇടി വരുന്ന പോലെ “ -- മോനെ, ഞങ്ങളോട് മിണ്ടാതെ നീ ഒറ്റക്കു പോരും അല്ലേടാ..”
പലാസാറിന്റെ തോളില്‍ തൂങ്ങി മച്ചു. വളിച്ച ചിരിയുമായി ബാക്കിയെല്ലാ വാനരന്മാരും. അല്ലേല്‍ തന്നെ സ്കൂളില്‍ അടിയുണ്ടാക്കിയാല്‍ കൂടിയാല്‍ ഒരു ദിവസം, അതില്‍ കൂടുതല്‍ എവിടെ പോകാനാ.

2 comments:

സൂത്രന്‍..!! July 1, 2009 at 3:29 PM  

നല്ല ഓര്‍മ്മകള്‍ ..

Unknown July 2, 2009 at 9:43 AM  

വാഴയ്ക്കായുടെ സ്വപ്‌നങ്ങള്‍ നന്നായിട്ടുണ്ട്... ചീട്ടു കളിയും കള്ളുകുടിയും സ്വപ്നത്തിലും കൈവിട്ടു കളയരുത്...


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP