ഞാനൊരു പാവം പാലാക്കാരന്‍

മദ്യപാനം- ഒരു കല

>> Sunday, January 24, 2010

അങ്ങനെ നാട്ടില്‍ ചെന്ന ഞാന്‍ വീണ്ടും വീടും പറമ്പും തോടും തോട്ടിലെ വാഴക്കാവരയനേയും ഒക്കെ കണ്ടുനടന്നാല്‍ മാത്രം പോരല്ലോ? ഏറ്റവും വലിയ കലാപരിപാടി എന്നു പറയുന്നത് വിവിധ തരക്കാരായ നമ്മുടെ അഭ്യുദയകാംക്ഷികളുടെ കൂടെയിരുന്നുള്ള മദ്യപാനം ആണ്. സ്വന്തക്കാര്‍, അയല്‍വക്കം, മുതിര്‍ന്ന കൂട്ടുകാര്‍, സമപ്രായക്കാര്‍, ഇളപ്രായക്കാര്‍ എന്നിങ്ങനെ പല സെറ്റുകള്‍. നാട്ടില്‍ ചെന്നാല്‍ കള്ളുകുടിച്ചാല്‍ എന്താന്നറിയില്ല പൂസാകാന്‍ വലിയ പ്രയാസം. അവിടുള്ളവര്‍ അങ്ങനെ നല്ല അന്തസ്സുള്ള ഒരു കുടിയനായി എന്നെ പ്രമോട്ട് ചെയ്തു.

അങ്ങനെ എന്റെ ഇളപ്രായക്കാരെങ്കിലും സാറന്മാരും ഡാഷന്മാരും പ്രത്യുത സമൂഹത്തില്‍ അറിയപ്പെടുന്നവരുമായ പാലാസാര്‍, പ്രിയന്‍സാര്‍, ശാന്തന്‍ എന്നിവരുടെ കൂടെയുള്ള കൂടലിനായി പദ്ധതിയിട്ടു. ആര്‍ക്കും സ്കോച്ചിനോട് വലിയ പ്രതിപത്തിയൊന്നുമില്ലെങ്കിലും നമ്മള്‍ വരുമ്പോള്‍ അതൊരു ചടങ്ങാണല്ലോ. വീട്ടിലിരുന്നു മദ്യപിച്ചാല്‍ പെമ്പ്രന്നോര്‍മാര്‍ടെ ഗുണങ്ങളും ഒതുക്കത്തില്‍ ദോഷങ്ങളും പറയാന്‍ പറ്റില്ലല്ലോ.

അങ്ങനെ പാലായിലെ ഒരു ബാറിന്റെ ഓണറിനെ വിളിച്ച് പാലാസാര്‍ ഒരു ഏ സി റൂം ഏര്‍പ്പാട് ചെയ്തു, അവിടെ ഇരുന്ന് ഞങ്ങള്‍ക്ക് സ്കോച്ച് അടിക്കാനുള്ള അനുവാദവും വാങ്ങിച്ചു. മൂന്നാം നിലയിലെ റൂമിലേക്കു കയറിപോയപ്പോള്‍ ഞാന്‍ വിചാരിച്ചു ഇനി ഇതെല്ലാം ഇറങ്ങുന്നതിനെക്കുറിച്ച്. പോകുന്നവഴിക്കുതന്നെ പാലാസാര്‍ വഴിയില്‍ കണ്ട വെയ്റ്ററോട് പറഞ്ഞു “ എടാ ബിജു, ഞങ്ങള്‍ ആ എ സി റൂമില്‍ കാണും നീ വേഗന്ന് അങ്ങോട്ട് വാ” സാറിന്റെ ഓരോ ബന്ധങ്ങളേ എന്നു മനസില്‍ വിചാരിച്ച് ഞാനും

ഞങ്ങള്‍ അവിടെ ചെന്നു, ഒരു മേശയും ആറുകസേരയും ഒരു ബെഡ്ഡും. വാളുവെക്കാനും മറ്റു സൌകര്യങ്ങള്‍ക്കുമായും വാഷ്ബേസനും ബാത്ത്റൂമും. ഗ്ലാസും സോഡായും ഐസുമായി ബിജുവെത്തി. ബീഫ് ഡബിള്‍ ഫ്രൈ, ബട്ടര്‍ ചിക്കന്‍ ഒക്കെ അവര്‍ ഓഡര്‍ ചെയ്തപ്പോള്‍ ഞാന്‍ ഒരു ഊണും മീന്‍ കറിയും പറഞ്ഞു. പതുക്കെ കാര്യപരിപാടികളിലേക്ക് കടന്നു. ഔപചാരികമായി പണ്ടു സിസറും ബീഡിയും വലിച്ചു നടന്നകാലത്തെ ഓര്‍മ്മയില്‍ സിസേര്‍സ് പറഞ്ഞ് അടി തുടങ്ങി.

ഞാന്‍ ഇത്തിരി മുമ്പേ അങ്ങു പോകുവാണേ എന്നു പാലാസാര്‍. എന്താടാ ഭാര്യ പ്രശ്നമാണോ എന്നു ഞാന്‍ ചോദിച്ചു. എടാ പൊട്ടാ അതെല്ലെടാ അവന്‍ വലി നിര്‍ത്തിയില്ലേ, ഇപ്പോള്‍ മുറുക്കല്ലേ അവന്റെ ശീലം. അപ്പോള്‍ അവന്‍ മുറുക്കാന്‍ തുടങ്ങുമ്പോള്‍ പിന്നെ നമ്മള്‍ അവനെ ഓവര്‍ടേക്ക് ചെയ്യുന്നകാരണം അവന്‍ ആദ്യം ഇത്തിരി മുമ്പേ പോയി അവിടെ നില്‍ക്കും. കല്യാണത്തിനൊക്കെ വീഡിയോ വണ്ടിക്കാര്‍ പോകുന്നപോലെ. ബാറില്‍ കയറുന്നതിനു മുമ്പ് മൂന്നുമുറുക്കനെങ്കിലും പാലാസാര്‍ വാങ്ങിച്ചിരിക്കും. എന്തായാലും ലാര്‍ജ് മൂന്നെണ്ണം പടപടാ എന്നു പിടിച്ചു, പാലാസാര്‍ അഞ്ചും. പാലാസാര്‍ ബാത്ത് റൂമില്‍ ചെന്ന് ബക്കറ്റില്‍ പകുതി വെള്ളം നിറച്ചു കസേരയുടെ അടുത്തു വെച്ചു. പതുക്കെ മുറുക്കു തുടങ്ങി, തുപ്പല്‍ ബക്കറ്റിലേക്കും. പൊതുവേ മടിയുടെ കാര്യത്തില്‍ വളരെ പുരോഗമിച്ചിരുന്ന ഞങ്ങളുടെ പ്രതീകമായിരുന്നു സാര്‍. എണീറ്റുപോയി തുപ്പാന്‍ അവന്റെ പട്ടി പോകും. അവസാനം ബക്കറ്റില്‍ ഇത്തിരി വെള്ളമൊഴിച്ചിട്ടാല്‍ മതിയല്ലോ.  മുറുക്കുന്നത് വായ്ക്കും പല്ലിനും നല്ലതാണെന്നാണ് ആയുര്‍വെദത്തില്‍ പറയുന്നതത്രേ. മുറുക്കുന്നതിനാല്‍ സാറിന്റെ വായും ശുദ്ധം, നന്നായി കഴുകാത്തതിനാല്‍ പിന്നീട് ആ ബക്കറ്റ് ഉപയോഗിക്കുന്നവരുടെ പലസ്ഥലങ്ങളും ശുദ്ധം.

ഭക്ഷണവുമായി ബെയറര്‍ ബിജുവെത്തി. ശാന്തന്‍ ആദ്യമേതന്നെ അവനൊരെണ്ണം ഊറ്റിക്കൊടുത്തു. പണ്ടൊക്കെ ഹോട്ടലിലോ ബാറിലോ കയറിയാല്‍ ഗ്ലാസും പ്ലേറ്റുമൊക്കെ രണ്ടാമതു കഴുകിക്കുക, സപ്ലെയേര്‍സിനോട് ജാഡയില്‍ സംസാരിക്കുക എന്നതൊക്കെ അവന്റെ സ്റ്റൈല്‍ ആയിരുന്നു. പിന്നീട് അവന്റെ അനിയന്‍ ഹോട്ടല്‍ മാനേജുമെന്റിനു പോയതില്‍ പിന്നെ അവന്റെ പെരുമാറ്റമേ മാറിപ്പോയി. അവരോടുള്ള ബഹുമാനംകൊണ്ടൊന്നുമല്ല, ഇത്തരക്കാര്‍ക്കിട്ടു കൊടുക്കുന്ന പണി ശാന്തനു മനസിലായത് അപ്പോളാണ്. തുപ്പിയിട്ടും എച്ചിലിട്ടും മറ്റുപലതരത്തിലും അവരുടെ പ്രതികാരത്തിന്റെ കഥകള്‍ കേട്ടപ്പോള്‍ ശാന്തന്‍ വിനയാന്വിതനായി, അത്രയേ ഉള്ളൂ.

ഗ്ലാസുകള്‍ കാലിയായിക്കൊണ്ടേ ഇരുന്നു,സ്കോച്ചു തീര്‍ന്ന് നാടന്‍ സ്കോച്ചും എത്തി. അതാ പ്രിയന് ഭാര്യയുടെ ഫോണ്‍, മച്ചാന്‍ നുണയുടെ ആദ്യ വെടി പൊട്ടിച്ചു, ഞങ്ങള്‍ ചോറുണ്ണാന്‍ വേണ്ടി പോകാന്‍ തുടങ്ങുന്നു എന്ന്.സത്യമാ, അവന്‍ ചോറുണ്ടില്ല. എല്ലാവരും ഭാര്യമാരോട് നുണപറഞ്ഞിട്ടേ മദ്യപിക്കാന്‍ എത്തൂ. ഇന്നു പിന്നെ പ്രിയന്‍ പറഞ്ഞു എന്നെ കാണാന്‍ വരുന്നകാര്യം. അതിനാല്‍ ഉച്ചക്കുതന്നെ കള്ളടി തുടങ്ങിയോ എന്നറിയാന്‍ ഭാര്യ വിളിച്ചതാ.

കല്യാണം കഴിക്കുന്നതിനു മുമ്പ് കള്ളടിച്ചാല്‍ എപ്പോളെങ്കിലും പെണ്ണുങ്ങളുടെ കാര്യത്തിലെത്തും സംസാരം. പിന്നെ കുളിരണിയിക്കുന്ന സങ്കല്പങ്ങളും ഒക്കെയായി സുഖമുള്ള വര്‍ത്തമാനങ്ങള്‍. ഇന്നിപ്പോള്‍ ഭാര്യമാരെ ഇടക്ക് അവരുടെ വീട്ടിലയക്കാന്‍ കാരണം നോക്കിയിരിക്കുകയാണ് എല്ലാവരും. ചക്കയും മാങ്ങയും പഴുക്കുന്ന വരെയല്ലേ സുഖമുള്ളൂ, പഴുത്തുപോയാല്‍.. അല്ലെങ്കില്‍ ചീഞ്ഞാല്‍ പിന്നെ...? പൂക്കുകയും കായ്ക്കുകയും ചെയ്തതിനു ശേഷം ചക്കക്കുരുവും മാങ്ങാണ്ടിയും വരെ പാകിയില്ലെ എല്ലാവരും.
അവനവന്റെ വീരഗാഥകളും കിടപ്പറയിലെ അങ്കം വെട്ടലുകളും മറ്റും റസൂല്‍ പൂക്കുട്ടിയുടെ സൌണ്ട് എഫക്ടില്‍ വിവരിച്ചു എല്ലാവനും. ആരാ മോശം, ഒരാള്‍ വാള്‍ പയറ്റിന്റെ കാര്യം പറഞ്ഞാല്‍ മറ്റവന്‍ കുന്തമേറ്, അടുത്തവന്‍ ദ്വന്തയുദ്ധം. പക്ഷെ എല്ലാവരും യുദ്ധത്തില്‍ ജയിച്ച് തോറ്റവരോട് കരുണയുള്ളവരാകും. ഒരു കാര്യം മനസിലായി, ഒരൊറ്റയാളിന്റെ വീട്ടില്‍ചെന്ന് ഭാര്യയോട് ഗ്ലാസും വെള്ളവും എടുക്കാന്‍ പറയാന്‍ പറ്റില്ല എന്ന്.

വീണ്ടും ഓരോരോ ഫോണ്‍ വിളികള്‍ വരുന്നു, ചിലതു വരുമ്പോള്‍ പുറത്തുപോയി സംസാരിക്കുന്നു, ഇനി ഫോണില്‍ കൂടി മറ്റുള്ളവരുടെ മണമെങ്ങാനും അവിടെ ചെന്നാലോ എന്ന് പേടിച്ചിട്ടായിരിക്കും. അല്ലേലും അവനവന്റെ വായിലെ നാറ്റം ആര്‍ക്കറിയാം. എന്തായാലും കള്ളുകുടിയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ഇത്തിരി രക്തസമ്മര്‍ദ്ദം ഉണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ ആരും ഒരു തുള്ളിപോലും കുറച്ചിട്ടില്ലെന്നും മനസിലായി.

എന്നിലെ എം എസ് ഡബ്യൂ കാരന്‍ ഉണര്‍ന്നു. ഞാന്‍ പതുക്കെ കൌണ്‍സലിങ് ആരംഭിച്ചു. ഒരു സാറിനെ ടാര്‍ജറ്റ് ചെയ്തു നീങ്ങിയപ്പോള്‍ തന്നെ മറ്റുള്ളവരും കൂടെ വന്നു. എല്ലാവര്‍ക്കും ഇതിനെക്കുറിച്ച് ഒരു ചര്‍ച്ച ആവശ്യമാണെന്നും മനസിലായി. ഭാര്യയുടെ സുന്ദരമുഖം മാത്രം വിവരിച്ചിരുന്ന എല്ലാവര്‍ക്കും അവരുടെ അത്ര സുന്ദരമല്ലാത്ത മുഖത്തെപറ്റിയും പറയേണ്ടി വന്നു. പണ്ടത്തെക്കാലമൊന്നും അല്ലല്ലോ എന്ന ആശ്വാസവും. വെറുതെ അടുക്കളപ്പണിയും നോക്കി നടന്ന പണ്ടത്തെക്കാലത്തായിരുന്നേല്‍ നമ്മള്‍ കൊടുക്കുന്ന ചവിട്ടും വാങ്ങി മിണ്ടാതെ അവിടെ കിടന്നേനെ. കുതിരക്കു കൊമ്പ് കൊടുത്തുപോയില്ലേ, ഇനി പറഞ്ഞിട്ടെന്തു കാര്യം.

അവസാനം കാര്യം മനസിലായി. കൂട്ടുകാരന്റെ അപ്പനു ആശുപത്രിയില്‍ കൂട്ടിരിക്കാന്‍, അവന്റെ വണ്ടിയുടെ ആക്സില്‍ ഒടിഞ്ഞത് നന്നാക്കാന്‍, അല്ലേല്‍ സഹപ്രവര്‍ത്തകന്റെ അമ്മായിപ്പന്റെ സ്വന്തക്കാരന്റെ മരണവീട് സന്ദര്‍ശനം എന്നിങ്ങനെ താമസിക്കുന്നതിനു കാരണം പലത്. കള്ളുകുടിയെക്കുറിച്ച് അക്ഷരം മിണ്ടില്ല. ഭാര്യ ഉറങ്ങിക്കഴിയുമ്പോള്‍ വന്നു പതുക്കെ കിടന്നാല്‍ അവര്‍ അറിയില്ലെന്നാ വിചാരം. നല്ല പൂസായാല്‍ ഭാര്യയുടെ അടുത്തു കിടക്കുമ്പോള്‍ എല്ലാവര്‍ക്കും ചെറുതായി എങ്കിലും തണുക്കും, അല്ലേലും കള്ളുകുടിച്ചാല്‍ പിന്നെ ഇടക്കിടക്കു മൂത്രമൊഴിക്കാന്‍ തോന്നും. ക്രമേണ അടച്ചു വെച്ച വാ തുറക്കും, തുറന്നു പോകും. അപ്പോ ശശി ആരായി? അല്ലെങ്കില്‍ തന്നെ കറണ്ടുപോയി ശരീരം വിയര്‍ക്കുമ്പോള്‍ മണം വരും. ഇതൊന്നുമല്ലേല്‍ രാവിലെ ഒരു വായിക്കോട്ടാ വിട്ടാല്‍ പൊളിയുന്ന
നുണയല്ലേ ഇതൊക്കെ?

ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ചോര്‍ക്കാതെ, അല്ലെങ്കില്‍ കള്ളി വെളിച്ചത്താകാനുള്ള സാധ്യതകളെക്കുറിച്ചോര്‍ക്കാതെ നുണകള്‍ പറയുന്നതാണ് പ്രശ്നം. ഇങ്ങനെയുള്ള പൊളിയുന്ന നുണകള്‍ പറയാതെ കള്ളുകുടിക്കനുള്ള കാരണം നല്ല ഒരു നുണയായി നമ്മള്‍ തന്ത്രപരമായി ഉണ്ടാക്കണം. ഉദാഹരണത്തിന് കൂട്ടുകാരന്റെ ഭാര്യയുയുടെ വഴക്കും അവന്റെ സങ്കടവും കേള്‍ക്കാന്‍, അതിന്റെ പ്രശ്നം തീര്‍ക്കാന്‍ അവന്റെ കൂടെ ഒരെണ്ണം അടിക്കേണ്ടി വന്നു. വേറൊരു പെണ്ണിന്റെ കുറ്റമല്ലേ, ഏതു പെണ്ണിനും ഇഷ്ടപ്പെടും. മാത്രവുമല്ല, ഒരെണ്ണം ഒക്കെ അടിക്കുന്നത് വലിയ തെറ്റായി അവര്‍ക്കു കാണാന്‍ പറ്റില്ല. ഇല്ലെങ്കില്‍ സമൂഹത്തിലെ ഏതെങ്കിലും ഉന്നതന്റെ,അല്ലെങ്കില്‍ സിനിമാ നടന്റെ ഒക്കെ കൂടെ ഇരുന്നപ്പോള്‍ കമ്പനിക്ക് രണ്ടെണ്ണം അടിക്കാതിരിക്കാന്‍ പറ്റിയില്ല എന്ന മാതിരിയുള്ള നുണകള്‍ വേണം തട്ടി വിടാന്‍. അവര്‍ക്കും എവിടേലും പോയി രണ്ട് ഗുണ്ടടിക്കാനുള്ള പ്രജോദനം നല്‍കേണ്ടേ? എനിക്കു മദ്യം വേണ്ടെന്നുണ്ടായിരുന്നു, പക്ഷെ നിര്‍ബന്ധിതനായി പോയി എന്നൊക്കെ വേണം തട്ടിവിടാന്‍. എങ്ങനെ ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങനെ അടിക്കാതെ ഊരിപ്പോരാം എന്നതിനു അവരുടെ ഉപദേശം കൂടി ചോദിക്കുവാനെങ്കില്‍ അവര്‍ക്ക് ഒത്തിരി സന്തോഷം ആകും. മാത്രവുമല്ല അവരുടെ ചിന്ത ഏതു
ലൈന്‍ ആണെന്ന് അറിയുകയും ചെയ്യാം. നല്ല പൂസായെങ്കില്‍ പറയണം ഇന്നു മൂന്നെണ്ണം അടിക്കാന്‍ മോഹന്‍ ലാല്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അടിച്ചു പോയെന്ന്. നല്ല വായനാശീലം ഉള്ള പെണ്ണുങ്ങളാ‍ണേല്‍ മാറ്റാരുടെയെങ്കിലും പേരാ നല്ലത്. എന്തായാലും മൂന്നു ലാര്‍ജില്‍ കൂടുതല്‍ ഒരിക്കലും പറയരുത്.

അതെങ്ങനാ, വലിയ വീരവാദം ഒക്കെ അടിച്ച് ആദ്യം പെമ്പ്രന്നോരോട് പറയും ഞാന്‍ ഒരു ഫുള്‍ അടിച്ചാലും പയറുപോലെ നില്‍ക്കും എന്ന്. എന്നിട്ട് നാലുകാലില്‍ വരുമ്പോള്‍ ഭാര്യ വിചാരിക്കും ഇന്നൊരു നാലു ഫുള്‍ എങ്കിലും അടിച്ചു കാണും എന്ന്. കാശ്, കരള്, മാനം മുതലായ കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഏതു ഭാര്യക്കാ സഹിക്കുന്നത്?

അതു കൊണ്ട് രണ്ടോ മൂന്നോ അടിച്ചാല്‍ പൂസാകും എന്നു മാത്രമേ പറയാവൂ. രണ്ടാണോ മൂന്നാണോ അതോ പത്താണോ നമ്മള്‍ അടിച്ചത് എന്ന് അളന്നു നോക്കാനുള്ള യന്ത്രമൊന്നുമില്ലല്ലോ അവരുടെ കയ്യില്‍?
എല്ലാവരും ചിന്തിച്ചു, എത്ര വാസ്തവമായ കാര്യങ്ങള്‍! എന്റെ ബുദ്ധിയില്‍ അവര്‍ അത്ഭുതപ്പെട്ടു, ദുബായിയില്‍ പോയാല്‍ ബുദ്ധിവരുമെന്ന് അവര്‍ക്കും മനസിലായി. പാക്കിസ്താന്റെ കയ്യിലെ അണുബോംബിനെക്കുറിച്ചും, സക്കറിയാ പിണറായി വിവാദത്തെക്കുറിച്ചും ഒക്കെ ചിന്തിച്ചു നടന്ന സമയത്ത് സ്വന്തം കാര്യം ചിന്തിക്കാതെ നടന്നതിന്റെ അല്ലെങ്കില്‍ അതിനായി ബുദ്ധി ഉപയോഗിക്കാത്തതിന്റെ ഫലം, ഞാന്‍ കത്തിക്കയറി.

അവസാനം എനിക്കും വന്നു ഒരു കോള്‍, ഭാര്യയാണ്. ഞാനും പുറത്തേക്കിറങ്ങി, ഇന്നു എത്തുവോ എന്നാണ് അവള്‍ക്കറിയേണ്ടത്. അവന്മാര്‍ക്കു തോന്നിക്കാണും ഇത്ര വിദ്വാനായ ഞാന്‍ എന്തിനാ പുറത്തോട്ട് പോയത് എന്ന്. ങാ ... പഴയ നമ്പറുകള്‍ ഒന്നും ഇപ്പോള്‍ ഏക്കുന്നില്ല, ഇവന്മാരോട് ഉപദേശിച്ച സമയത്ത് സ്വയം നിലനില്‍ക്കാനുള്ള ഒരു നുണ കണ്ടുപിടിച്ചായിരുന്നെങ്കില്‍!!!

6 comments:

രഞ്ജിത് വിശ്വം I ranji January 24, 2010 at 2:17 PM  

കി കി കി...
കള്ളുകുടിക്കാന്‍ ദിവസോം ഓരോ കാരണം ഉണ്ടാക്കാന്‍ പാടുപെടുന്നതിനിടയിലാ.. ഇങ്ങനേം ഒരു പാര.. എന്താ ചെയ്യുക.
ബൈ ദ ബൈ.. ഈ സ്കോച്ചിന്റെ നിറമെന്താ.. ഈ വിസ്കീം ബ്രാണ്ടീം എന്നൊക്കെ പറയുന്നത് ഒരു സാധനം തന്നെയാണോ.. അറിയാന്‍ പാടില്ല അതാ..

താരകൻ January 24, 2010 at 9:20 PM  

ഹോശ് വാലോം കൊ ഖബർ ക്യാ സിംന്ദഗീ ക്യാ ചീസ് ഹെ...

ശ്രീ January 25, 2010 at 9:32 AM  

അപ്പോ സ്വന്തം ഭാര്യ ബ്ലോഗ് വായിയ്ക്കാറില്ല അല്ലേ മാഷേ?

ടിപ്സ് കൊള്ളാം. എല്ലാ കുടിയന്മാരും വന്ന് വായിച്ചു പഠിയ്ക്കട്ടെ :)

Unknown January 25, 2010 at 11:09 AM  

കള്ളടിക്കാനുള്ള 101 വഴികൾ കലക്കീ

അഭി January 25, 2010 at 12:58 PM  

ഇതു കലക്കി മാഷെ ........

മുക്കുവന്‍ January 26, 2010 at 1:08 AM  

അതു കൊണ്ട് രണ്ടോ മൂന്നോ അടിച്ചാല്‍ പൂസാകും എന്നു മാത്രമേ പറയാവൂ. രണ്ടാണോ മൂന്നാണോ അതോ പത്താണോ നമ്മള്‍ അടിച്ചത് എന്ന് അളന്നു നോക്കാനുള്ള യന്ത്രമൊന്നുമില്ലല്ലോ അവരുടെ കയ്യില്‍?...

thats a good point.. :)


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP