ഞാനൊരു പാവം പാലാക്കാരന്‍

വാഗമണ്‍ കുരിശുമല ആശ്രമം

>> Sunday, July 17, 2011


വയസാന്‍ കാലത്തെ പഠനം ഒരു തരത്തിലും മുന്നോട്ടു നീങ്ങാതിരുന്ന അവസരത്തില്‍ വീണ്ടും കുട്ടപ്പായി ഒരു നിര്‍ദ്ദേശവുമായി എത്തി, വാഗമണ്ണിലെ കുരിശുമല ആശ്രമത്തില്‍ പോയി ഒരാഴ്ച നില്‍ക്കുക. അവിടിരുന്നു പഠിക്കാന്‍ പറ്റിയില്ലെങ്കില്‍ തന്നെ വന്നു കഴിയുമ്പോള്‍ മനസ് ഒന്ന് തണുക്കും, അതുകൊണ്ട് പോയി നോക്കാന്‍ പറഞ്ഞു. എന്തായാലും നാട്ടില്‍ വെറുതെ വെടിയുംപറഞ്ഞു തേരാ പാരാ നടക്കുവാ, എന്നാ പിന്നെ ഇനി അവിടുത്തെ അച്ചന്മാരെ ഇത്തിരി പേടിപ്പിക്കാം എന്ന് വെച്ചു. അവിടെയുള്ള അഗസ്റ്റിന്‍ ബ്രദറിനെ വിളിച്ച് കുട്ടപ്പായി ഞാനെന്ന മഹാന്‍ എത്തുന്ന കാര്യം പറഞ്ഞു.


ഉച്ചക്ക് പതിയെ ചോറുണ്ടു, ഒരു ബാഗില്‍ രണ്ടു മൂന്നു ജോഡി ഉടുപ്പും എടുത്ത്‌ നമ്മുടെ പഴയ യമഹ RX 100 സ്റ്റാര്‍ട്ട്‌ ചെയ്തു. പൈകയില്‍ നിന്നും ഭരങ്ങാനം, ഈരാറ്റുപേട്ട, തീക്കോയി വഴി വാഗമണ്‍ , ഏകദേശം 40  കിലോമീറ്റര്‍ മാത്രം ദൂരം. പോകുന്ന വഴി മനസ് അസ്വസ്ഥമായിരുന്നു. പഠിക്കാന്‍ ധാരാളം, പള്ളിയില്‍ പോക്കോ പ്രാര്‍ഥനയോ ഇല്ല, ധ്യാനങ്ങളും ഭക്തിമാര്‍ഗ്ഗങ്ങളും എന്നോ വെടിഞ്ഞിരുന്നു. തിരക്കുകള്‍ കുറഞ്ഞു ശാന്തമായ മനസോടെ പഠിക്കണം എന്നാ ദുരാഗ്രഹം മാത്രമാണ് മനസ്സില്‍ .


തീക്കോയി കഴിഞ്ഞപ്പോള്‍ തന്നെ ചെറിയൊരു കുളിരും ആകെയൊരു ഫ്രെഷ്നെസ്സും. പതുക്കെ കയറ്റം കയറി പോകുന്ന വഴിക്ക് മഞ്ഞും പച്ചപ്പും മനസ്സിനെ തണുപ്പിച്ചു കൊണ്ടിരുന്നു. വേനല്‍ക്കാലം ആയതിനാല്‍ ഇടയ്ക്കു ചെറിയ മലകളില്‍ തീ കത്തുന്നതും കണ്ടു.
 
അവിടെ ചെന്ന് തീ കെടുത്തണം എന്നുള്ള പ്രകൃതി സ്നേഹം ഉണ്ടായിരുന്നെങ്കിലും കിലോമീറ്ററുകള്‍ മല വലിഞ്ഞു കയറി അവിടെ ചെല്ലുമ്പോള്‍ ഉള്ള ശാരീരിക ബുദ്ധിമുട്ട് ഓര്‍ത്തപ്പോള്‍ അത് ഒരു ഗദ്ഗദത്തോടെ വേണ്ടെന്നു വെച്ചു.



അങ്ങനെ ഞാന്‍ ചീറിപ്പാഞ്ഞു കുരിശുമലയില്‍ എത്തി. വാഗമണ്ണില്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഓരോ മല വീതം ഉണ്ട്. ഇത് പക്ഷെ അതിനെല്ലാം മുമ്പായി ഒരു ഗെയിറ്റ് ഒക്കെ വെച്ചിരിക്കുന്ന സന്ദര്‍ശക വാഹങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്ത ഒരു മല. കുരിശുമല എന്ന പാല്‍ ആണ് അവിടെ നിന്നുള്ള ഉല്പന്നം. അവിടെ താമസിച്ചു ധ്യാനിക്കാനാണ് എന്ന് പറഞ്ഞപ്പോള്‍ സെക്യുരിറ്റി എന്റെ വണ്ടി കടത്തി വിട്ടു. ഉച്ചസമയം ആയതിനാല്‍ ആയിരിക്കാം ആരെയും കാണുന്നില്ല. വെയിലും തണുപ്പും ഒക്കെ കൂടെ ആകെ ഒരു രസം ഉണ്ട്. നീലാകാശം, പച്ചപ്പ് നിറഞ്ഞ പുല്‍മേടുകള്‍ , പാറിപ്പറക്കുന്ന തുമ്പികള്‍ പക്ഷികള്‍ . 





 കയറ്റം കയറി മുകളില്‍ എത്തിയപ്പോള്‍ ആകെ ഒരു കന്നുകാലി മണം. വണ്ടി ചെന്ന് നില്‍ക്കുന്നത്‌ എല്ലാ സജ്ജീകരണങ്ങളും ഉള്ള പശു വളര്‍ത്തല്‍ കേന്ദ്രത്തിലാണ്. ഒന്ന് രണ്ടു കാഴ്ചക്കാര്‍ അവിടെയുണ്ട്. അപ്പോള്‍ അവിടുത്തെ സന്യാസികള്‍ക്ക് വിശ്രമ സമയം ആയതിനാല്‍ കാലി വളര്‍ത്തല്‍ കേന്ദ്രത്തെ കുറിച്ച് വിശദീകരിച്ചു കൊടുക്കാന്‍ ആരുമില്ല. ഞാന്‍ ആശ്രമത്തിനു അകത്തേക്ക് നടന്നു. പ്രവേശനം ഇല്ല എന്ന ബോര്‍ഡ്‌ കണ്ടപ്പോള്‍ നിന്നു. ഒരു പണിക്കാരന്‍ അപ്പോള്‍ വന്നു പറഞ്ഞു ഇപ്പോള്‍ വിശ്രമ സമയം ആണ്, അതുകൊണ്ട് പ്രവേശനം ഇല്ല എന്ന്. ഞാന്‍ പറഞ്ഞു ഇവിടെ താമസിക്കാന്‍ വന്നതാണ്‌ എന്ന്. അപ്പോള്‍ അദ്ദേഹം എന്നെ ഒരു പള്ളിക്കകത്ത് കൊണ്ട് പോയി ഇരുത്തി. നിമിഷങ്ങള്‍ക്കകം അഗസ്റ്റിന്‍ സാമി അവിടെ എത്തി. അദ്ദേഹം സ്വാഗതം ചെയ്തു, പിന്നാലെ ഗസ്റ്റ്‌ മാസ്റര്‍ ആയ സ്വാമി വന്നു താമസിക്കാന്‍ ഉള്ള സ്ഥലം കാണിച്ചു തന്നു.

താമസ സ്ഥലത്തിന്റെ സൈഡില്‍ നിന്നുള്ള  വ്യു, മുമ്പില്‍ ചെറിയ ഉദ്യാനം, പിറകില്‍ ഒരു കൊച്ചു കുളം.

വാതില്‍ എപ്പോളും അടച്ചിടാനുള്ള കപ്പിയും കയറും ഭാരവും ഉപയോഗിച്ചുള്ള ഡോര്‍ സ്റൊപ്പര്‍





ഒരു കട്ടിലും മേശയും കസേരയും കൊതുക് വലയും അടങ്ങിയ ചെറിയ ഒരു മുറി.

ആധുനിക സൌകര്യങ്ങള്‍ ഒന്നുമില്ലാത്ത പഴമയുടെ സ്പര്‍ശമുള്ള താമസ സൌകര്യങ്ങള്‍ . പൊതുവായുള്ള പരുക്കന്‍ സിമന്റിട്ട ബാത്ത് റൂമുകള്‍ , പഴയ രീതിയിലുള്ള അലുമിനിയം ബക്കറ്റുകള്‍ , കാലുരക്കാന്‍ പാറക്കല്ല്, യുറോപ്യനും നാടനും ആയ ക്ലോസറ്റുകള്‍ . പക്ഷെ ജീവിക്കാന്‍ ആവശ്യമായ സൌകര്യങ്ങള്‍ ഉണ്ട്.

രാവിലെ മൂന്നേ മുക്കാലിന്  തുടങ്ങും അവരുടെ ജീവിതം.
ASHRAM TIME - TABLE
04.00-05.00 Night Vigil, Meditation
05.00-06-00 Yoga, Bible Reading, Reflection
06.00-06.45 Eucharistic Celebration On Sundays and Feasts at 10.00
07.00 Breakfast
07.30-08.30 Meditative Reading, Study
08.30-10.45 'Bread-Labour'
11.00 Study, Spiritual Reading
12.00 Mid-day Prayer, Meal, Rest
02.15 Prayer, Sundays and Feasts 02.30
03.00 Tea "Bread-Labour"
05.30 Bath, Study, Reading
06.30 Evening Prayer, Meditation, Supper
08.00 Satsangh

08.30 Night Prayer, Retiring

ഇഷ്ടമുള്ളവര്‍ കൂടിയാല്‍ മതി. ഒന്നിനും കൂടാതെ ഭക്ഷണം മാത്രം കഴിക്കാന്‍ ചെന്നാലും അവര്‍ കുറ്റം പറയില്ല. പണ്ട് ചില ധ്യാനങ്ങളില്‍ പോയപ്പോള്‍ എന്തൊക്കെയായിരുന്നു നിര്‍ബന്ധങ്ങള്‍ ? കൈകൊട്ടി പാട്ടുപാടി ഹല്ലെലുയ വെച്ചുകൊണ്ട് നിര്‍ബന്ധപൂര്‍വ്വം ചെയ്യിച്ചിരുന്ന കോപ്രായങ്ങള്‍ ! ഇവിടെ എല്ലാം ശാന്തം, എങ്ങും നിറഞ്ഞു നില്‍ക്കുന്നത്‌ മനുഷ്യരുടെ നിശബ്ദതയും പ്രകൃതിയുടെ ശബ്ദവും മാത്രം.  

അവിടെ തന്നെ ഉണ്ടാകുന്ന പച്ചക്കറികള്‍ പഴവര്‍ഗ്ഗങ്ങള്‍ , അവര്‍ തന്നെ ഉണ്ടാക്കുന്ന ബ്രെഡ്‌ . സമയാ സമയങ്ങളില്‍ പോഷക സമ്പന്നമായ വെജിറ്റേറിയന്‍ ഭക്ഷണ ക്രമം. അറിയും ചില പലചരക്ക് സാധനങ്ങളും മാത്രം പുറത്ത് നിന്ന്. പ്രാതലിന് ശേഷം അവിടെ ചെന്ന് പച്ചക്കറി അറിയാന്‍ കൂടിയാല്‍ അവര്‍ക്ക് സന്തോഷം. ഇല്ലെങ്കില്‍ കഴുകി തരുന്ന പാത്രങ്ങള്‍ ഒന്ന് തുടക്കാന്‍ കൂടണം. 

ജീവിത രീതികള്‍ പ്രാര്‍ഥനകള്‍ എല്ലാം തികച്ചും ഭാരതീയ രീതിയില്‍ . കാര്യം ഈ ആശ്രമം തുടങ്ങിയത് ബെല്‍ജിയം കാരനായ ഒരു സന്യാസി ആയിരുന്നെങ്കിലും അദ്ദേഹം മലയാളവും ഇന്ത്യന്‍ സംസ്കാരവും പഠിച്ച് ക്രിസ്ത്യാനിറ്റിയെ ഭാരതീയവല്ക്കരിച്ചു. ഓം കാര ശബ്ദത്തിന്റെ വില മനസിലാക്കി അതും ഉള്‍പ്പെടുത്തി, പൂക്കളും വിളക്കും മറ്റും പൂജയില്‍ ഉപയോഗിച്ചു. കുര്‍ബാന എന്നാ പദം തന്നെ മാറ്റി ഭാരതീയ പൂജ എന്നാക്കി.  ഇവിടുത്തെ അച്ചന്മാരും മറ്റും അറബികളുടെ കന്ദൂറായും മറ്റും വലിച്ചു കേറ്റി അന്യഗ്രഹ ജീവികളെ പോലെ നടക്കുമ്പോള്‍ ഇവര്‍ കാഷായ വസ്ത്രം മാത്രം ഉടുത്ത് ചെരുപ്പ് പോലും ഉപയോഗിക്കാതെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നു. കൃഷിക്കും പശു വളര്‍ത്തലിനും കണക്കിനും പ്രാര്‍ഥനക്കും ഒക്കെ ഓരോരുത്തര്‍ മേല്‍നോട്ടം വഹിക്കുന്നു. 

കുളങ്ങളും മരങ്ങളും പുല്‍ത്തകിടികളും നിറഞ്ഞ ആ മലനിരകളില്‍ എവിടെയെങ്കിലും പോയിരുന്നു നമുക്ക് ധ്യാനിക്കാം. പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും എല്ലാം അവിടെ ആരോടും പരിഭവമില്ലാതെ ജീവിക്കുന്നു. പ്രകൃതിക്ക് അതിന്റെ നിയമം, മനുഷ്യന് മാത്രം മനുഷ്യ നിയമം. 




ആദ്യ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവിടം സ്വന്തം ഭവനം പോലെയായി, എല്ലാവരും സഹോദരരും. എപ്പോളും ചിരിച്ചു കൊണ്ട് ആര് വന്നാലും അവരെ ഒരേ പോലെ സ്വീകരിച്ചു കൊണ്ട് എലിമയില്‍ ജീവിക്കുന്ന അവിടുത്തെ സന്യാസികള്‍ . എല്ലാവരും സ്വന്ത ഇഷ്ടപ്രകാരം ഈ ജീവിതത്തിന്റെ മനോഹാരിത കണ്ടു വന്നു കൂടിയവര്‍ . കെമിക്കല്‍ എന്ജിനീയറിംഗ് കഴിഞ്ഞു രണ്ടു വര്ഷം ജോലിയും ചെയ്തിട്ട് വന്നു ഇവിടെ ചേര്‍ന്ന അഗസ്റ്റിന്‍ സ്വാമി തന്നെയായിരുന്നു കുട്ടപ്പായിയെ പോലെ എന്റെയും കൂട്ട്. നമുക്കാവശ്യം ഉള്ളപ്പോള്‍ അവര്‍ നമുക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ തരും. അതും വളരെ വിനയപുരസരം. അല്പജ്ഞാനി വിവേകിയെന്നു പ്രകടിപ്പിക്കും, എന്തെങ്കിലും ചോദിച്ചാല്‍ പിന്നെ ജാടയായി, തിരക്കായി.  പക്ഷെ വിവരമുള്ളവര്‍ ആവശ്യമുള്ളവര്‍ക്ക്‌ അത് പകര്‍ന്നു കൊടുക്കും. എത്ര വിവേകവും വിനയവും ഉള്ള മനുഷ്യര്‍ !

അവിടുത്തെ ലൈബ്രറിയില്‍ നിന്നും ഖുറാനോ ഗീതയോ എന്തെങ്കിലും പുസ്തകങ്ങള്‍ എടുത്തുകൊണ്ട് മലയുടെ ചെരിവുകളില്‍ പോയി വായിക്കാം. നാമൊക്കെ ഓടി തീര്‍ക്കുന്ന അര്‍ത്ഥശൂന്യമായ ജീവിതത്തെ മാറി നിന്ന് കാണാം. 

മലനിരകളുടെ മുകളില്‍ ദൈവത്തിനു തൊട്ടടുത്ത്‌

അഗസ്റ്റിന്‍ സ്വാമിയുടെ വാക്കുകള്‍

കുളിര്‍മയുള്ള കാഴ്ചകള്‍ മാത്രം


എന്തിനോ വേണ്ടി തിരക്കിട്ട് നടന്നു അവസാനം ഒന്നുമില്ലാതെ, ഒന്നുമാകാതെ, ഒരിടത്തുമെത്താതെ കടന്നു പോകുന്ന മനുഷ്യന്റെ നിസ്സഹായത. എന്തെല്ലാമോ അറിയാമെന്ന് വിചാരിച്ച് അവസാനം ജീവിത പഠനം കഴിയുമ്പോള്‍ തനിക്ക് ഒന്നുമറിയില്ല എന്ന സത്യം മനസിലാക്കുന്ന മനുഷ്യന്റെ വ്യര്‍ത്ഥത. മക്കളുടെ ഭാവിക്കുവേണ്ടി അവരെ നോക്കാതെ അവര്‍ക്ക് സമ്പത്ത്‌ ഉണ്ടാക്കി അവസാനം മക്കളും സമ്പത്തും കൈവിട്ടു പോകുമ്പോള്‍ മനുഷ്യന്‍ അനുഭവിക്കുന്ന വൈക്ലബ്യം. ഇതെല്ലാം ഈ മണ്ണില്‍ ഇരുന്നു ധ്യാനിക്കുംപോള്‍ നമുക്ക് മനസിലാകും. 


കാറ്റിനോടും കിളികളോടും കഥകള്‍ പറഞ്ഞ്
തളിരിടാന്‍ വെമ്പുന്ന ഉണക്ക മരത്തെ പോലെ

ആശ്രമത്തിന്റെ മറ്റൊരു ദൃശ്യം

അവസാനം ഒരാഴ്ചത്തെ ജീവിതം കഴിഞ്ഞു പടിയിറങ്ങുമ്പോള്‍ മനസ്സില്‍ കുളിര്‍മ്മ മാത്രം. ഏതെന്കിലും പെണ്ണിനെ കുറിച്ചുള്ള അനാവശ്യ ചിന്തകള്‍ , കള്ളുകുടിക്കാനും മീന്‍ കറി കൂട്ടാനും ഉള്ള കൊതി, വില കൂടിയ ഡ്രസ്സും ഇട്ടു വെടിക്കെട്ട്‌ വണ്ടിയില്‍ ചെത്തി നടക്കാനുള്ള മോഹം, എല്ലാരും നമ്മളെ സാറെ സാറെ എന്ന് വിളിക്കുന്നത് കേള്‍ക്കാനുള്ള മോഹം, ഇതൊന്നുമില്ലാതെ ഒരാഴ്ച. പണ്ട് ഇന്റന്‍സീവ്‌ കെയര്‍ യുനിറ്റില്‍ കിടന്നാപോള്‍ പോലും അങ്ങനെ ഉണ്ടായിട്ടില്ല. 


   മറ്റു ധ്യാനങ്ങളില്‍ അവസാനം സ്തോത്രക്കാഴ്ച എന്ന് പറഞ്ഞ് മനുഷ്യനെ നിര്‍ബന്ധിച്ചു , നീയിവിടെ പൈസ ഇട്ടില്ലെങ്കില്‍ നിന്റെ സാമ്പത്തികം കുളം തോണ്ടപ്പെടും എന്ന് ദൈവനാമത്തില്‍ ശപിക്കുന്ന ധ്യാനഗുരുക്കളല്ല ഇവിടുള്ളത്. കെട്ടിപിടിച്ച് അനുഗ്രഹിച്ച് ഇനിയും വരണം എന്ന് പറഞ്ഞ് വിടുന്ന സ്നേഹസംപന്നരായ സന്യാസികള്‍ . എന്തെങ്കിലും വേണോ എന്നല്ലാതെ എന്തേലും തരുന്നോ എന്ന് ഒരിക്കലും ചോദിക്കാത്തവര്‍ .  ഒരേ ഭക്ഷണം ഒന്നിച്ചിരുന്നു കഴിക്കുന്ന ഊട്ടുപുര. ശരീരത്തിനും മനസിനും ആരോഗ്യം തരുന്ന ചുറ്റുപാടുകള്‍ . 

ഇനിയും പോകണം അവിടെ. ഇരുട്ടില്‍ അനന്ത ആഴങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍ ഒരു വെളിച്ചമായി വന്നു പ്രകാശത്തിലേക്ക് കൈപിടിച്ച് നടത്താന്‍ 





9 comments:

ഒരു യാത്രികന്‍ July 18, 2011 at 10:17 AM  

സിനോച്ചാ....വളരെ നന്നായി. ഹൃദയ സ്പര്‍ശിയായ കുറിപ്പ്. ആശ്രമാന്തരീക്ഷത്ത്തിന്റെ വശ്യതയും കുളിര്‍മയും കൃത്യമായി പകര്‍ന്നു കിട്ടി........സസ്നേഹം

- സോണി - July 18, 2011 at 12:35 PM  

പോയിട്ടുണ്ട് അവിടെ, സന്ദര്‍ശക ആയി മാത്രം. ഇപ്പോള്‍ വീണ്ടും പോയി താമസിച്ചുവന്ന ഒരു അനുഭൂതി. നന്ദി, അനുഭവം പങ്കുവച്ചതിന്.

the man to walk with July 18, 2011 at 2:57 PM  

രണ്ടു പ്രാവശ്യം പോയിട്ടുണ്ട് അവിടെ ..
നല്ല വവരണം ചിത്രങ്ങള്‍
ആശംസകള്‍

Shabeer Thurakkal July 25, 2011 at 5:52 PM  

ippo vagamon poyi vannathe ulloooo..avide kayariyilla...arinhilla inganeyoru aasramathe patti..pokaan kothi thonnunnu

kanakkoor July 25, 2011 at 7:03 PM  

ഇത് വായിച്ചപ്പോള്‍ ഒരാഴ്ച അവിടെ പോയി നില്‍ക്കാന്‍ കൊതി. കൂടുതല്‍ വിവരങ്ങള്‍ തരുമോ ?
mail to- kanakkoor@gmail.com

jk December 24, 2011 at 7:47 PM  

sir,
very nice article and i really liked the way you conveyed the serenity of the ashram to the reader.
i would like to know more about the ashram- how to contact them, what are the procedures to follow to stay there etc. please e-mail me. my address is krishjayan@gmail.com.
thanking you,
jayakrishnan.

SAM February 12, 2014 at 3:35 PM  

സിനോജ് അച്ചായോ എനിക്കും ഒന്ന് പോണം അവിടെ...ദയവായി എങ്ങനെ ആണെന്ന് ഒന്ന് പറഞ്ഞു തരാമോ. (കുടുംബമായി പോകാൻ പറ്റുമോ)?? samabraham58@gmail.com

Unknown August 17, 2019 at 2:51 PM  

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെതാണ് ആശ്രമം.

Anonymous January 13, 2023 at 2:25 PM  

അതെയോ?


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP