ഞാനൊരു പാവം പാലാക്കാരന്‍

കുട്ടപ്പായി കഥകള്‍ 4, മടി

>> Monday, August 17, 2009

കാലും മടക്കി വെച്ച് ഈ വെള്ളത്തില്‍ ഇങ്ങനെ ഒന്നും പേടിക്കാതെ കിടക്കാന്‍ എന്തു സുഖം! പുറത്തു നിന്ന് എന്തോ സ്വരം ഒക്കെ കേള്‍ക്കുന്നുണ്ട്. വരാറായെന്നാ തോന്നുന്നത് എന്നോക്കെ.എനിക്കും ഒരു തള്ളല്‍ ഒക്കെ തോന്നുന്നു. അവസാനം തള്ളല്‍ രൂക്ഷമായപ്പോല്‍ ഞാന്‍ പതുക്കെ ഒരു വാതില്‍ പോലെ കണ്ട സ്ഥലത്തേക്കു നീങ്ങീ. അവിടെ ചെന്നപ്പോളോ, തല കടക്കുന്നില്ല. അമ്മ കരയുന്ന ഒച്ച കേള്‍ക്കാം, എന്നെ പുറത്തേക്കിടാന്‍ ഉള്ള ശ്രമം ആണ്. ഒന്നു മൂടി ശ്രമിക്കണോ എന്നൊന്ന് ആലോചിച്ചു. ഓ പിന്നെ, വേറെ പണി ഒന്നും ഇല്ലേ, ഞാന്‍ അവിടെ തന്നെ കിടന്നു. പിന്നെ ഡോക്ടര്‍മാര്‍ വയര്‍ കീറി എന്നെ പുറത്തെടുത്തു, മുപ്പതില്‍ പരം വര്‍ഷങ്ങള്‍ക്കു മുമ്പ്. അങ്ങനെ കുട്ടപ്പായി എന്ന ഞാന്‍ ഭൂമിയിലെത്തി, എന്റെ കൂടെപ്പിറപ്പായി മടിയും. ജനിച്ച ഉടനെ തന്നെ എന്താ ഇവന്‍ കരയാത്തത് എന്നു ഡോക്ടര്‍ ചോദിച്ചോണ്ട് നോക്കി. വെറുതെ എന്തിനാ കരഞ്ഞ് അത്രയും ഊര്‍ജ്ജം കളയുന്നത് എന്നു വിചാരിച്ച് ഞാന്‍ കണ്ണും അടച്ചു കിടന്നു. അവസാനം ഒരു മുതുക്കി നേഴ്സ് വന്ന് എന്നെ കലേപിടിച്ചു പൊക്കി കുണ്ടിയില്‍ ഒന്നു നുള്ളിയപ്പോള്‍ ഞാന്‍ അറിയാതെ കരഞ്ഞുപോയി. പക്ഷെ അന്നു ഞാന്‍ മറ്റൊരു പാഠം പഠിച്ചു, കരച്ചിലിന്റെ ഗുണം.

അങ്ങനെ മടിയും വാശിയുള്ള കരച്ചിലുമായി ഞാന്‍ എന്റെ ബാല്യകാലം ചിലവിട്ടു. ഭക്ഷണം ചവച്ചരക്കാനുള്ള മടി കൊണ്ട് ഞാന്‍ അമ്മയും പെങ്ങന്മാരും അരച്ചു തരുന്ന ഭക്ഷണമേ കഴിച്ചിരുന്നുള്ളൂ. കാര്യം ഒറ്റമോനായിരുന്നെങ്കിലും എല്ലാത്തിനും ഒരു പരിധിയില്ലേ? അങ്ങനെ അവര്‍ മടുത്തപ്പോള്‍ ഞാന്‍ ഭക്ഷണം ചവച്ചു കഴിക്കാന്‍ തുടങ്ങി, കാരണം മടിയാണെന്നു കരുതി വിശപ്പിനു ഒരു കുറവില്ലായിരുന്നു. എങ്കിലും കൂടുതലും പാലുകുടിക്കാനായിരുന്നു താല്പര്യം, അധികം ചവക്കേണ്ടല്ലോ. എല്ലുള്ള കോഴിയിറച്ചി (പ്രത്യേകിച്ച് കഴുത്തിന്റെ ഭാഗം), മുള്ളുള്ള മീന്‍(മത്തി, നത്തോലി), ഉണക്കിറച്ചി, അവല്‍, എന്തിനേറെ ബബിള്‍ഗം പോലും ഞാന്‍ ഇഷ്ടപെട്ടിരുന്നില്ല. പക്ഷെ എന്റെ സ്വപനങ്ങളില്‍ കുരുവില്ലാത്ത മുന്തിരി, തൊലിയില്ലാത്ത ആപ്പില്‍, തൊലിയും കുരുവും ഇല്ലാത്ത ഓറഞ്ച്, ചകിണിയും മുളഞ്ഞിയും (അരക്ക്) മടലും ചക്കക്കുരുവും ഇല്ലാത്ത ചക്കപ്പുഴം എന്നിങ്ങനെ പലതരം പഴങ്ങളും നിറഞ്ഞു നിന്നിരുന്നു. എങ്കിലും ഞാന്‍ സഹജീവികളോട് സ്നേഹമുള്ളവനായിരുന്നു. പൊക്കമുള്ള ആഞ്ഞിലിയില്‍ പഴുത്തു കിടക്കുന്ന ആനിക്കാവിള കണ്ടപ്പോള്‍ ഒരു കുരങ്ങനുണ്ടായിരുന്നെങ്കില്‍ അവനെ കയറ്റി വിട്ട് അതു പറിപ്പിക്കാമായിരുന്നു എന്ന് എന്റെ കൂട്ടുകാര്‍ സങ്കല്പിച്ചപ്പോള്‍ ഞാന്‍ അങ്ങനെയല്ല ചിന്തിച്ചത്. സാധാരണ കുരങ്ങനുപകരം കപീഷായിരുന്നെങ്കില്‍ അവനെ മരത്തില്‍ പോലും കയറ്റാതെ വാലു നീട്ടി ആനിക്കവിള പറിപ്പിക്കാമല്ലോ എന്നായിരുന്നു എന്റെ ചിന്ത.

ഞാന്‍ ഏതാണ്ട് അഞ്ചാം ക്ലാസു വരെ കട്ടിലില്‍ കിടന്നു മൂത്രമൊഴിച്ചിരുന്നു, അല്ലേല്‍ തന്നെ ഉറങ്ങുമ്പോള്‍ മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ എഴുന്നേറ്റുപോയി മൂത്രമൊഴിക്കാന്‍ ഒക്കെ ആര്‍ക്കാ തോന്നുന്നത്. പിന്നീട് അതിന്റെ നാറ്റം ഒരു ബുദ്ധിമുട്ടായപ്പോള്‍ ഞാന്‍ ഒരു വഴി കണ്ടെത്തി. ഈ സുനാപ്പി തന്നെ പുറത്തുപോയി മുള്ളീട്ട് വരുവായിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചിരുന്ന കാലം. ഇത്രയും കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന ശാസ്ത്രഞ്ജര്‍ക്ക് എന്തു കൊണ്ട് ഇങ്ങനത്തെ ഉപകാരപ്രദമായ കാര്യങ്ങല്‍ ചെയ്തുകൂടാ എന്നായിരുന്നു എന്റെ ചിന്ത.അത്യാവശ്യങ്ങള്‍ അല്ലെ കണ്ടുപിടുത്തങ്ങളുടെ അമ്മ (ഇനി ഇതു ഇംഗ്ലീഷില്‍ ടൈപ്പുചെയ്യാനും മടിയാണ് ). വീട്ടിലെ ചെടി നനക്കുന്ന ഹോസ് ഒരു ജീപ്പുകയറി പൊട്ടിയപ്പോള്‍ അതിന്റെ നീളമുള്ള ഒരു കഷണം എടുത്ത് എന്റെ കട്ടിലില്‍ നിന്നും ജനലിലേക്കിട്ടു. പക്ഷെ ആദ്യത്തെ തവണ ജനലിന്റെ ഉയരവും കട്ടിലിന്റെ ഉയരവും തമ്മിലുള്ള അന്തരം കാരണം എന്റെ മൂത്രം ഒഴിക്കല്‍ തീര്‍ന്നപ്പോള്‍ ഓസ് മൂത്രം തിരിച്ചു കട്ടിലിലേക്ക് തന്നെ ഒഴിച്ചു. എങ്കിലും ഫിസിക്സിലെ സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് ഉയരവും അകലവും ക്രമീകരിച്ച് ഞാന്‍ അതില്‍ വിജയിച്ചു, കിടന്നുകൊണ്ട് സാധിക്കുന്നതിനു പകരം ചെറുതായി ഒന്നു പൊങ്ങണം എന്നു മാത്രം.

മടിയനാണെങ്കിലും ഒറ്റമോനായതിന്റെ സ്നേഹം വീട്ടുകാര്‍ക്കുണ്ടായിരുന്നതു കൊണ്ട് ഞാന്‍ തെങ്ങു പോലെ ഒത്തിരി വളര്‍ന്നു പൊങ്ങി (പനങ്കള്ളിലും ലഹരി തെങ്ങിന്‍ കള്ളിനല്ലേ? ). അങ്ങനെ ഞാന്‍ വലുതായി, കൂടെ എന്റെ മടിയും. മീശയുണ്ടെങ്കില്‍ ഷേവ് ചെയ്യാന്‍ പ്രയാസമാ‍യതു കൊണ്ട് ഞാന്‍ ക്ലീന്‍ ഷേവ് ആയി നടന്നു, മുടി ചീകാന്‍ മടിയായതുകാരണം ഞാന്‍ മുടി പറ്റെ വെട്ടിച്ചു. ഇതു രണ്ടും ബാര്‍ബര്‍ ഷോപ്പിലാണ് ചെയ്യുന്നതെങ്കിലും എന്റെ സഹജീവികളുടെ മടിയുടെ കാര്യത്തില്‍ വരെ ഞാന്‍ ശ്രദ്ധിച്ചിരുന്നു എന്നു നിങ്ങള്‍ക്കു മനസിലായില്ലേ? ബീഡി വലിച്ചിട്ട് പുക ഞാന്‍ പുറത്തേക്ക് വിട്ടിരുന്നില്ല, മദ്യത്തില്‍ വെള്ളം ചേര്‍ത്തിരുന്നില്ല, എന്തിനു പറയുന്നു, ഇടിച്ചു പതം വരുത്തി വായിലിട്ട മുറുക്കാന്‍ തുപ്പാന്‍ പോലും എനിക്കു മടിയായിരുന്നു. എഴുതാന്‍ മടിയായതിനാല്‍ സാമൂഹ്യപാഠം, മലയാളം എന്നിവയില്‍ മാര്‍ക്കു കുറവും എന്റെ ഒടുക്കത്തെ ബുദ്ധികാരണം കണക്ക്, കെമിസ്ട്രി എന്നിവക്കു മാര്‍ക്കു കൂടുതലും ആയിരുന്നു. ഒരിക്കല്‍ കൈയ്യൊടിഞ്ഞപ്പോള്‍ പരീക്ഷ എഴുതാതെ പറഞ്ഞുകൊടുത്തതിന്റെ സുഖം അറിഞ്ഞപ്പോള്‍ എല്ലാ പരീക്ഷക്കു മുമ്പും കയ്യൊടിക്കാന്‍ തോന്നിയിരുന്നെങ്കിലും വേദന എന്നെ ആ സാഹസത്തില്‍ നിന്നും പിന്തിരിപ്പിച്ചു.

അങ്ങനെ ജീവിതമാകുന്ന പുഴ മുമ്പോട്ടൊഴുകി. മഴക്കാലത്തെപ്പോലെ കുത്തിയൊഴുകിയൊന്നുമല്ല, വേനല്‍ക്കാലത്തെ മീനച്ചിലാറുപോലെ അതിലെയും ഇതിലെയും ഇത്തിരി ഇത്തിരിയായി ചാലുകളിലൂടെയും ഓലികളിലൂടെയും മന്ദം മന്ദം ഒഴുകി. അവസാനം എന്റെ ജന്മവും പരാഗണം നടത്താനും പൂക്കാനും കായ്ക്കാനുമൊക്കെ കാലമെത്തി. ആദ്യരത്രിയും ഹണിമൂണും ഒക്കെ സങ്കല്‍പ്പിക്കുന്നതിനു പകരം ഭാര്യയെ ജൊലിക്കു വിട്ട് ജീവിതം എങ്ങനെ മടിപിടിച്ചിരിക്കാം എന്നതിനെക്കുറിച്ചായിരുന്നു എന്റെ സങ്കല്പം. രാവിലെ പത്തു മണിവരെ കിടന്നുറങ്ങണം. പിന്നെ എണീറ്റ് ഒരു ഗ്ലാസ് വെള്ളവുമായി ബാല്‍ക്കണിയില്‍ പോയി നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് കുടിക്കണം. ഡയറ്റിങ് ഒക്കെ വേണ്ടേ, ചുമ്മാ വല്ല കൊളസ്ട്രോളോ പ്രമേഹമോ വന്നാല്‍ പിന്നെ രാവിലെ ഓടാന്‍ ഒക്കെ പോകേണ്ടി വന്നാലോ? പിന്നെ ഒരു മണിക്കൂര്‍ ബാത്ത് ടബില്‍ കിടന്ന് നോവല്‍ ഒക്കെ വായിച്ചു ഒരു കുളി. പിന്നെ സോഫായില്‍ വന്നു കിടന്ന് ഉച്ചവരെ ടി വി കാണണം. ഉച്ചക്ക് ഭാര്യ ഉണ്ടാക്കി വെച്ചിരിക്കുന്ന ഭക്ഷണം എടുത്തു ഓവനില്‍ വെച്ച് ചൂടാക്കി കഴിക്കണം. ഒരു വേലക്കാരത്തി കൂടി ആവാം, അപ്പോള്‍ പിന്നെ പാത്രം ഒന്നും കഴുകേണ്ടിയും വരില്ലല്ലോ. പിന്നെ ഉച്ച മയക്കം. വൈകിട്ട് സ്വിമ്മിങ് പൂളിലെ ഒഴുകുന്ന കിടക്കയില്‍ കിടന്ന് ഭാര്യ തരുന്ന പെഗ്ഗും കാഷ്യൂ നട്ടും കഴിക്കണം. നീന്താനൊക്കെ എന്റെ പട്ടി പോകും. പിന്നെ വീണ്ടും അത്താഴം കഴിച്ച് കാമലീലകളുമായി കിടന്നുറങ്ങണം. ആഹാ...എത്ര സുഖം

ജീവിതത്തിലെ വലിയ കാര്യങ്ങല്‍ക്കു മുമ്പ് ദൈവത്തെ വിളിക്കണമല്ലോ? അങ്ങനെ ഞാന്‍ വീണ്ടും ഒരു ധ്യാനത്തിനു പോയി. പോട്ടയിലൊക്കെ പോയാല്‍ ഇടക്ക് എണീറ്റ് നിന്ന് കൈകൊട്ടി പാടേണ്ടിവരുമല്ലോ എന്നോര്‍ത്ത് ഞങ്ങളുടെ അടുത്തുള്ള ഭരണങ്ങാനം അസീസ്സിയില്‍ പോയി. അവിടെ ചെന്ന് കൌണ്‍സിലിങിന്റെ സമയത്ത് എന്തേലും ഒരു പ്രശ്നം പറഞ്ഞില്ലേല്‍ എന്നെ കൌണ്‍സില്‍ ചെയ്യാന്‍ വന്നവന്‍ എന്തു വിചാരിക്കും എന്നു വിചാരിച്ച് കല്യാണക്കാര്യവും മടിയുടെ കാര്യവും ഒക്കെ പറഞ്ഞു. അദ്ദേഹം മടിയനായ ഒരാളുടെ കഥ പറഞ്ഞു. കല്യാണത്തിനു ശേഷം സെക്സിന്റെ കാര്യത്തില്‍ പോലും മടിയനായിരുന്ന പുള്ളിക്കാരനിട്ട് ഭാര്യ കൊടുത്ത പണിയുടെ കഥ(പിന്നെ, എന്റെ പട്ടി പറയും ആ കഥയിവിടെ). ഞാന്‍ ഞെട്ടിപ്പോയി, ശക്തമായ തീരുമാനങ്ങള്‍ എടുത്തു ഞാന്‍.

അങ്ങനെ ഒരാഴ്ചത്തെ ധ്യാനം ഒക്കെ കഴിഞ്ഞ് രാത്രിയില്‍ തന്നെ വീട്ടില്‍ ചെന്നു. സമാധാനമായി കിടന്നുറങ്ങി. രാവിലെ അഞ്ചു മണിക്കേ എണീറ്റു, അടുക്കളയില്‍ ചെന്ന് ഒരു കട്ടന്‍ കാപ്പി തനിയെ എടുത്തു കുടിച്ചു! അടുക്കളയില്‍ ഒച്ച കേട്ടു വന്ന അമ്മ അതു കണ്ടു ഞെട്ടി, പരിശുദ്ധാത്മാവ് മകനെ അനുഗ്രഹിച്ചതാണോ ഇതു? മുറ്റത്തിറങ്ങിയപ്പോള്‍ രാത്രിക്കു പട്ടി കൊണ്ടു വന്നിട്ട പന്നിയെലിയെ കമ്പുകൊണ്ട് തോണ്ടി മതിലിനു താഴെ ഇട്ടു. തൂമ്പാ എടുത്ത് കുഴികുത്തി, അവനെ മണ്ണിട്ട് മൂടി അവസാനം കല്ലുവരെ ചുമന്നു അതിന്റെ മുകളില്‍ വെച്ചു. എന്താ മനസിനു ഒരു സുഖം ഇത്തിരി പണി ഒക്കെ ചെയ്തപ്പോള്‍. പിന്നെ തണുത്ത വെള്ളത്തില്‍ ഒരു കുളി. പ്രാതലിന് കുശാലായി പുട്ടും പോത്തിറച്ചുയും അടിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ഒന്നു കിടക്കാന്‍ തോന്നി. എങ്കിലും മടി ഒഴിവാകാനായി പൈക വരെ ഒന്നു പോയേക്കാം എന്നു വെച്ചു. സാധനം വല്ലതും വാങ്ങാനുണ്ടോ എന്നന്വേഷിച്ചപ്പോള്‍ അമ്മ പറഞ്ഞു ഞാന്‍ പണിക്കാരനോട് പറഞ്ഞോളാം എന്ന്. എന്നതാ വേണ്ടത് എന്നു പറ, ഞാന്‍ വാങ്ങാം എന്നായി ഞാന്‍. സാധനങ്ങളുടെ ലിസ്റ്റ് തന്നു. ഇന്നു ഉച്ചക്കു വരുന്ന അമ്മയുടെ സഹോദരന്റെ മകള്‍ക്കും കെട്ടിയോനും ഉള്ള സദ്യക്കുള്ള സാധനങ്ങളാണ്.
ഒരു മൂളിപ്പാട്ടുമായി ഞാന്‍ കാറില്‍ കയറി പൈകയിലേക്കു തിരിച്ചു. കെ എം എസിന്റെ പമ്പിന്റെ അവിടെ എത്തിയപ്പോള്‍ ആണ് പെട്രോള്‍ തീരാറായല്ലോ എന്നോര്‍ത്തത്. സാധാരണ മടി കാരണം അതു ചെയ്യാറില്ല, ഒരു കിലോമീറ്റര്‍ തിരിച്ചു പോയാല്‍ വീട്ടില്‍ ചെല്ലും. മാത്രവുമല്ല തീരാറാകുമ്പോള്‍ പപ്പാ പെട്രോള്‍ അടിക്കുകയും ചെയ്യും. ഇന്ന് എന്തായാലും പെട്രോള്‍ ഒക്കെ അടിച്ചേക്കാം എന്നു വെച്ചു. അവിടെ പെട്രോള്‍ അടിച്ചുകൊണ്ടിരുന്നപ്പോള്‍ ആണ് എന്റെ സഹപാഠൊയായ കുഞ്ചപ്പന്‍ എന്നെ വിളിച്ചത്. ഒരാഴ്ച കഴിഞ്ഞായിരുന്നു അവനെ കണ്ടിട്ട്. അവന്റെ ഓഫീസില്‍ ചെന്നപ്പോള്‍ അവന്‍ അകത്തോട്ട് വിളിച്ചു. അറിയാതെ അങ്ങോട്ട് പോയി. നാടന്‍ വാറ്റും, നാരങ്ങാ അച്ചാറും അവിടെ എന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു. പെട്ടെന്ന് ഒരു ചിറക്കടി ശബ്ദം കേട്ടു, പരിശുദ്ധാത്മാവ് പറന്നു പോയതാണെന്നാ തോന്നുന്നേ...

3 comments:

Anne M August 22, 2009 at 12:42 PM  

:)

I can't read or write in Malayalam, but whatever you've written looks good :D

Thanks for dropping by, keep writing too. :)

Tc.

Unknown August 25, 2009 at 12:53 AM  

ethra krethyamayettu engane ezhuthe pedeppechu

Ashly September 23, 2009 at 3:27 PM  

"പെട്ടെന്ന് ഒരു ചിറക്കടി ശബ്ദം കേട്ടു, പരിശുദ്ധാത്മാവ് പറന്നു പോയതാണെന്നാ തോന്നുന്നേ..."

അളിയന്‍ ആള് പുലി ആണാലോ......ശേ....ഇപഴാ കാണുന്നെ ...


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP