ഞാനൊരു പാവം പാലാക്കാരന്‍

കറിയാച്ചന്‍ ആരംഭിച്ചു.

>> Thursday, October 1, 2009

അങ്ങനെ കറിയാച്ചനും വിദ്യ ആരംഭിച്ചു. ഇടക്കു പറഞ്ഞു കൊടുക്കുന്നതു പെട്ടെന്നു പഠിക്കുന്നു എന്ന് അമ്മ. മൊത്തത്തില്‍ രണ്ടാഴ്ചയായി നല്ല വളര്‍ച്ച പോലെ തോന്നി. ഡയപ്പറിന്റെ ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തി. സ്വതവേ ഉണ്ടായിരുന്ന നാണം (പ്രത്യേകിച്ച് ഇളയവന്‍ വന്ന് ഓവര്‍ടേക്ക് ചെയ്തപ്പോള്‍) കുറേശ്ശെ മാറുന്നതിന്റെ ലക്ഷണങ്ങള്‍. വര്‍ത്തമാനം കുറച്ചുകൂടി മനസിലാവാന്‍ തുടങ്ങി. വണ്ടികള്‍ എന്റെ ഭാര്യയേക്കാളും നന്നായി മനസിലാക്കാന്‍ തുടങ്ങി. എന്തിന്, ചാച്ചക്ക് പൈസ ഉണ്ടാക്കി ഒരു നിസാന്‍ പെട്രോള്‍ വരെ വാങ്ങിച്ചു തരാമെന്ന് അവന്‍ പറഞ്ഞു തുടങ്ങി.

കുഞ്ഞവന്‍ കോക്കു വളരെ ചടുലതയും വികൃതിയും ഉള്ളവനാകയാല്‍ എല്ലാവരും അവനെ ഇഷ്ടപ്പെടുകയും താലോലിക്കുകയും ചെയ്യുന്നതിനാല്‍ കറിയാച്ചന്‍ കുറച്ച് നാണം കുണുങ്ങിയായി
ഒതുങ്ങിപോയി എന്നുള്ളതായിരുന്നു സത്യം. എന്തിനു പറയുന്നു, കോക്കു ചെയ്യുന്ന വികൃതി ഞാന്‍ പോലും തമാശയായി ചിരിക്കുകയും അതു തന്നെ കറിയാ ചെയ്താല്‍ അംഗീകരിക്കാതിരിക്കുകയും ചെയ്യുന്നു. രണ്ടാമനായതിനാല്‍ തന്നെ കോക്കു എല്ലാം ചോദിച്ചും വഴക്കുണ്ടാക്കിയും നേടുകയും എല്ലാവരെയും ചിരിച്ചും ഉമ്മകൊടുത്തും കയ്യിലെടുക്കുമ്പോള്‍ കറിയാച്ചന്‍ വായും പൊളിച്ച് ചെറിയ അസൂയയോടുകൂടി നില്‍ക്കുന്നതു കാണാം. പ്രായത്തില്‍ ഒരു വര്‍ഷത്തെ വിത്യാസമേ ഉള്ളെങ്കിലും അവന്‍ ചേട്ടനായി പോയില്ലേ. മനപൂര്‍വ്വം അല്ലെങ്കില്‍ പോലും കറിയാച്ചനു നഷ്ടപ്പെടുന്ന കുറെയേറെ കാര്യങ്ങളില്‍ അങ്ങനെ പലത്.

ഇതൊക്കെ നന്നായി മനസിലാക്കുന്ന ഒരു വിവരമുള്ള പിതാവ് (സ്വയം എങ്കിലും ഇത്തിരി ബഹുമാനം വേണ്ടേ?) അതിനനുസരിച്ച് മക്കളെ നോക്കണമല്ലോ? അങ്ങനെ കോക്കു നേരത്തെയുറങ്ങിയ ഇന്നലെ കറിയാച്ചനെ ഇത്തിരി കൊഞ്ചിക്കാം എന്നു വെച്ചു. ഒരു അരമണിക്കൂര്‍ ഒക്കെയല്ലേ നമ്മുടെ മാക്സിമം. പോരാത്തതിന് കോക്കു ഉറങ്ങിയതിനാല്‍ നമുക്കുള്ള കന്നിമാസത്തിന്റെ വിളിയും. പതുക്കെ ലൈറ്റ് ഒക്കെ കെടുത്തിയിട്ടാവാം ഇനിയുള്ള കൊഞ്ചിക്കല്‍ എന്നു വെച്ചു. ആ വഴിക്കവന്‍ ഉറങ്ങിയാല്‍ ഒരു വെടിക്കു രണ്ടു പക്ഷിയല്ലേ.

ആദ്യം ഒരു പാട്ടു പാടിനോക്കി “ചാഞ്ചാടുയാടി ഉറങ്ങു നീ..” അവന്‍ പറഞ്ഞു “ചാച്ചേ..പാട്ടു വേണ്ട”. മുറിയില്‍ ചെറിയൊരു വെളിച്ചത്തിനായി ബാത്ത് റൂമില്‍ തെളിച്ചിട്ടിരിക്കുന്ന ലൈറ്റില്‍ നിന്നും വരുന്ന പ്രകാശം നോക്കി അവനിരിക്കുന്നു. അതെന്തായാലും അതിന്റെ സൌന്ദര്യം ആസ്വദിക്കുകയല്ലാ എന്ന് എനിക്കു മനസിലായി, കാരണം എന്റെ പേടി അതേ പടി കിട്ടിയതു അവനാണ്.

എന്നാ പിന്നെ ഒരു കഥ പറയാം എന്നു വെച്ചു. ഇന്നു സിഡിയില്‍ കണ്ട കടുവായുടെ കഥ തന്നെയാവട്ടെ എന്നു വെച്ചു. അതാകുമ്പോള്‍ അവനും സങ്കല്പിക്കാന്‍ എളുപ്പമുണ്ടാവുമല്ലോ? ഞാനും അവനും കൂടി പജീറോയില്‍ കാട്ടില്‍ പോകുന്നു, അതിനെ സാഹസികതയും സംഭവങ്ങളും ചേര്‍ന്ന് അടിപൊളിയാക്കുന്നു, കൂട്ടത്തില്‍ നമ്മളെ വലിയ ആള്‍ ആക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ചാച്ച എന്നു പറഞ്ഞാല്‍ ഭയങ്കര സംഭവം ആണ് എന്നു വരുത്തേണ്ടത് നമ്മുടെ ആവശ്യം ആണല്ലോ, നിലനില്‍പ്പിന്റെ ഭാഗവും. അങ്ങനെ ധൈര്യവാന്‍, അതിശക്തിമാന്‍, ഹീമാന്‍, സ്പൈഡര്‍മാന്‍, കലമാന്‍ എന്നു തുടങ്ങി ലോകത്തിലെ എല്ലാ
ഹീറോയിസവും ഉള്ളയാളാണ് അവന്റെ അപ്പന്‍ എന്ന കാര്യം കഥയില്‍ ഊട്ടി ഉറപ്പിച്ചുകൊണ്ട്
കൊടൈക്കനാലിലെ കാട്ടിലൂടെ ഞാന്‍ മുന്നേറിക്കൊണ്ടിരുന്നു.

കഥയുടെ പകുതിയായപ്പോള്‍ (എന്റെ വീരഗാഥകള്‍ പറയുമന്നത് അവസാനിക്കണമെങ്കില്‍ ഇത്തിരി പുളിക്കും) ഞാന്‍ കടുവയെ കറക്കിയെറിയുന്ന സീന്‍. ഞാന്‍ അതു കറിയാച്ചനു വിവരിച്ചു കൊടുത്തു. അതിസാഹസികമായ ആ വിവരണത്തിലേക്ക്

കറിയാച്ചനെ പിടിക്കാനായി വന്ന കടവുയെ ഞാന്‍ സൂക്ഷിച്ചു നോക്കി. പിന്നെ പതുക്കെ കറിയാച്ചനെ എന്റെ പിന്നിലേക്ക് മാറ്റി. ഞാന്‍ രൂക്ഷമായി കടുവയേ ഒന്നു നോക്കി, പക്ഷെ കടുവാ ഒരു ഭീകരനായിരുന്നു. അവന്‍ മുമ്പോട്ടു വന്നു. പിന്നെ അമാന്തിച്ചില്ല, കറക്കിയൊരു ഏറ്.

കറിയാച്ചന്‍ “ കതുവ ചാച്ചയെ എഞ്ഞു അല്ലേ?...”

ഒന്നു ചമ്മിയെങ്കിലും വെളിച്ചം കുറവല്ലേ, ഞാന്‍ പറഞ്ഞു. “അല്ലെടാ ചാച്ചയാ എറിഞ്ഞത്“

അവന്‍ വിടുന്നില്ല, “അല്ല, ചാച്ചയെ കതുവാ എരിഞ്ഞു ”

അപ്പോളേക്കും പാതി ഉറക്കത്തില്‍ ഞങ്ങളുടെ കഥ ആസ്വദിച്ചു കിടന്ന പ്രിയതമയുടെ അടക്കിയ ചിരി പൊട്ടിത്തെറിച്ചു പോയി. അതുകേട്ട് അവള്‍ കരയുകയാണെന്ന് വിചാരിച്ചു കറിയാച്ചന്റെ
അടുത്ത ഡയലോഗ് “അമ്മ കരയണ്ട, ഞാനുണ്ടല്ലോ കൂടെ”

ഞാനും ചിരിച്ചു, അല്ലാതെന്തു ചെയ്യാന്‍. അവള്‍ പറഞ്ഞു, “വിദ്യ ആരംഭിച്ചതിന്റെ ഗുണം കണ്ടോ? എന്തായാലും അപ്പന്റെ മകന്‍ തന്നെ”

ധൈര്യവാന്‍, ശക്തിമാന്‍, ഹീമാന്‍, സ്പൈഡര്‍മാന്‍ ഇതിന്റെ ഒക്കെ കൂടെ അവന്‍ എന്നെ പൂ..മോന്‍, പി..മോന്‍, ക..മോന്‍ എന്നൊന്നും വിളിക്കാതിരുന്നാല്‍ മതിയായിരുന്നു..!

11 comments:

രഞ്ജിത് വിശ്വം I ranji October 1, 2009 at 12:51 PM  

ഇതു കലക്കി സാര്‍ ...
അങ്ങിനെ അങ്ങു പോരട്ടെ..

Ashly October 1, 2009 at 4:04 PM  

nice and lovely !!

Lechu October 1, 2009 at 4:07 PM  

നല്ല അവതരണരീതി...ന ന്നായിരിക്കുന്നു...

Maliny October 1, 2009 at 4:11 PM  

“ കതുവ ചാച്ചയെ എഞ്ഞു അല്ലേ?...”
very nice....

★ Shine October 1, 2009 at 4:32 PM  

good...liked it..

ചിതല്‍/chithal October 1, 2009 at 9:22 PM  

കറിയാച്ചന്‍ വലുതാവുമ്പോള്‍ അവന്റെ ബ്ലോഗ്‌ ഒരു വാഗ്ദാനമാകും! ഉറപ്പ്‌!!

കണ്ണനുണ്ണി October 2, 2009 at 9:47 AM  

"ധൈര്യവാന്‍, ശക്തിമാന്‍, ഹീമാന്‍, സ്പൈഡര്‍മാന്‍ ഇതിന്റെ ഒക്കെ കൂടെ അവന്‍ എന്നെ പൂ..മോന്‍, പി..മോന്‍, ക..മോന്‍ എന്നൊന്നും വിളിക്കാതിരുന്നാല്‍ മതിയായിരുന്നു..!"

kariyaachan puliyaavatte

നീര്‍വിളാകന്‍ October 2, 2009 at 3:05 PM  

നല്ല അവതരണം.... വരട്ടെ ഇതുപോലെയുള്ളവ ഇനിയും

എന്റെ ബ്ലോഗുകളും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുമോ?

http://keralaperuma.blogspot.com/

http://neervilakan.blogspot.com/

Anil Peter October 3, 2009 at 3:27 AM  
This comment has been removed by the author.
Anil Peter October 3, 2009 at 3:27 AM  

Good one....

സ്വതന്ത്രന്‍ October 3, 2009 at 10:18 AM  

ധൈര്യവാന്‍, ശക്തിമാന്‍, ഹീമാന്‍, സ്പൈഡര്‍മാന്‍ ഇതിന്റെ ഒക്കെ കൂടെ അവന്‍ എന്നെ പൂ..മോന്‍, പി..മോന്‍, ക..മോന്‍ എന്നൊന്നും വിളിക്കാതിരുന്നാല്‍ മതിയായിരുന്നു..!
കലക്കി മാഷെ നന്നായിട്ടുണ്ട് .
എനിക്കും ഒരു ബ്ലോഗ്‌ ഉണ്ട് എന്റെ ബ്ലോഗ്


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP