ഞാനൊരു പാവം പാലാക്കാരന്‍

എന്റെ മക്കൾ

>> Saturday, January 30, 2010

വെറുതെയിരിക്കുന്ന മനസ് ചെകുത്താന്റെ പടിപ്പുര ആണെന്നല്ലേ പറയാറ്. വല്ലപ്പോളുമൊക്കെ അങ്ങനെ ആകാറുണ്ടെങ്കിലും പൊതുവേ ഞാന്‍ ഡീസന്റ് ആണ്. ചിലദിവസങ്ങളില്‍ ഭയങ്കര സന്തോഷവും തമാശും മറ്റുചില ദിവസങ്ങളില്‍ ഭയങ്കര സെന്റിമെന്റ്സും ആണ്. തുലാമാസത്തിലെ ദിവസങ്ങള്‍ പോലെ, ചിലപ്പോള്‍ നല്ല വയില്‍ അല്ലെങ്കില്‍ ഇടിവെട്ടി മഴയും. മിക്കവാറും ആളുകള്‍ക്ക് ഫീല്‍ ചെയ്യുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ വലുതെന്നു തോന്നുന്ന കാര്യങ്ങള്‍ എനിക്കു പുല്ലാണ്, എന്നാല്‍ ആര്‍ക്കും വലിയ പ്രശ്നമില്ലാത്ത കാര്യങ്ങള്‍ എനിക്കു വലുതും, ചുരുക്കം പറഞ്ഞാല്‍ സമൂഹത്തിനു ചേരാത്തവന്‍.



വെറുതെ ഒരു വെള്ളിയാഴ്ച വീട്ടിലിരുന്നപ്പോള്‍ മനസില്‍ നിറയെ എന്റെ കുട്ടികള്‍ കണ്ണുനിറച്ചുകൊണ്ട് കടന്നു വന്നു, എത്രയൊക്കെ വേണ്ടെന്നു വെച്ചിട്ടും. അവര്‍ ഓടി നടന്ന് എന്റെ ഫ്ലാറ്റ്, അവരുടെ കളിപ്പാട്ടങ്ങള്‍, അവര്‍ കുത്തിവരച്ച ഭിത്തികള്‍. ഇപ്പോളും അവരുടെ മൂത്രത്തിന്റെ ചെറിയ മണമുള്ള കിടക്ക. അവരില്‍ നിന്ന് പിരിഞ്ഞ് നില്‍കാന്‍ തുടങ്ങിയിട്ട് ഒരു മാസമേ ആയുള്ളൂ. എങ്കിലും വയ്യ,മനസില്‍ ഭയങ്കര നഷ്ടബോധം. നാട്ടിലവര്‍ക്ക് ഇപ്പോള്‍ ഒത്തിരി ആള്‍ക്കാരുണ്ട്, ഞാനല്ലേ ഇവിടെ ഒറ്റക്കായി പോയത്. ഭാര്യയേയോ കറിയാച്ചനേയോ അമ്മിഞ്ഞപിടി വിട്ടു കിടക്കുന്ന സമയത്ത് കോക്കുവിനേയോ കെട്ടിപ്പിടിച്ചു കിടന്നിരുന്ന ഞാന്‍ ഇന്ന് ഉറക്കത്തില്‍ എന്റെ തന്നെ വായില്‍നിന്നുരുകിവരുന്ന ലാവയുടെ മണമുള്ള തലയിണയില്‍ കെട്ടിപ്പിടിച്ച് ഉറങ്ങാന്‍ ശ്രമിക്കുന്നു.




അമ്മയുടെ സ്നേഹം ആണ് കുട്ടികള്‍ക്ക് ഏറ്റവും ആവശ്യം. അച്ഛന്റെ സ്നേഹത്തിലും കൂടുതല്‍ കുട്ടികള്‍ക്ക് ആവശ്യം അച്ഛന്റെ സംരക്ഷണവും അധികാരവുമായിരിക്കാം. മൂത്തവന്‍ കറിയാച്ചന് ഇടക്കൊക്കെ ചാച്ച വേണം എന്നായി, പ്രത്യേകിച്ച് ആരെങ്കിലും വഴക്കു പറയുമ്പോള്‍. കോക്കുവിന് ഇനി ഒരു 3 മാസം ഞാന്‍ കാണാതിരുന്നാല്‍ ചാച്ച ആരാണെന്നു പോലും മറന്നു പോയേക്കും. ഞാന്‍ ഇനിയും എന്റെ മക്കള്‍ക്ക് അന്യനായി പോകുമോ എന്ന ഭയം എന്നെ വേദനിപ്പിക്കുന്നു.


രണ്ടാംക്ലാസില്‍ വച്ചേ എന്റെ ചാച്ചയെ നഷ്ടപ്പെട്ട എനിക്ക് നന്നായറിയാം അച്ഛനില്ലെങ്കിലത്തെ വിഷമങ്ങള്‍. പക്ഷെ അമ്മയുടെ സ്നേഹം അതിലും വലുതാണ്. എന്റെ മക്കള്‍ ഒന്നുമെല്ലെങ്കിലും അമ്മയുടെ സ്നേഹം നന്നായി അനുഭവിക്കാന്‍ യോഗമുള്ളവര്‍ തന്നെ, അതില്‍ ഞാന്‍ ആശ്വസിക്കാന്‍ ശ്രമിക്കുന്നു.

പക്ഷെ ആത്യന്തികമായി മനുഷ്യന്‍ സെല്‍ഫിഷ് ആണ്, ഞാനും. മനുഷ്യര്‍ക്ക് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹം ഉണ്ട്. എനിക്കു സ്നേഹിക്കാന്‍ എന്റെ മക്കള്‍ എന്റെ അടുത്തു വേണം. അവരുടെ സ്നേഹം കൂടി കിട്ടിയാല്‍ കൃതാര്‍ത്ഥനായി. പക്ഷെ കൂട്ടുകാരും മറ്റുമായി തകര്‍ത്തു വാരി നടന്ന ബാച്ചിലര്‍ ലൈഫ് എനിക്ക് മടുത്തു പോയിരിക്കുന്നു. എന്റെ മക്കള്‍ക്ക് നല്ലതു പറഞ്ഞുകൊടുക്കാനും, തെറ്റുചെയ്യുമ്പോള്‍ ശിക്ഷിക്കാനും വാത്സല്യം തോന്നുമ്പോള്‍ വാരി ഉമ്മ വെക്കാനും അവര്‍ എന്റെയൊപ്പം വേണം.

വെടിക്കെട്ട് കാണുമ്പോള്‍ എന്റെ തോളില്‍ അമര്‍ത്തി പിടിച്ചിരിക്കുന്ന കോക്കു, വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ കഴുത്തില്‍ മുറുക്കി പിടിക്കുന്ന കറിയാച്ചന്‍. വണ്ടിയില്‍ കയറ്റി പുറത്ത് കൊണ്ടുപോകാന്‍ എന്നു പറയുമ്പോള്‍ അവര്‍ പകരമായി തരുന്നതെങ്കിലും സ്നേഹത്തിന്റെ ചുവയുള്ള ഉമ്മകള്‍. അമ്മ വഴക്കുപറയുമ്പോള്‍ ചാച്ചേ എന്നു വിളിച്ച് ഓടി അടുത്തു വരുന്ന മക്കളേ ചേര്‍ത്തുപിടിക്കുമ്പോള്‍ ഉള്ള ഒരു സുഖം. അവരുടെ നിശ്വാസത്തിലെ പാലിന്റെ മണം. എല്ലാറ്റിനും ഉപരി ആ ഇളം മേനിയില്‍ കെട്ടിപ്പിടിക്കുമ്പോളുള്ള ആ ചൂട്. ഇതൊക്കെ അവര്‍ ചെയ്യുമ്പോള്‍ എനിക്കുണ്ടാകുന്ന ഒരു തരം നിര്‍വൃതി, അതല്ലേ ഏതൊരു അച്ഛന്റെയും ഏറ്റവും വലിയ സംതൃപ്തി? ഇതെല്ലാം നഷ്ടപ്പെടുത്തി എന്തു നേടാനാണ് ഞാന്‍ ഇവിടെ ഇനി നില്‍ക്കുന്നത്?
എന്നെപോലെ ഒത്തിരി അച്ഛന്മാര്‍ ഈ മരുഭൂമിയില്‍ ഉണ്ടാകാം. എനിക്കൊരു മാസമെങ്കില്‍ ഒരു വര്‍ഷവും രണ്ടു വര്‍ഷവും ഉള്ള പാവം അച്ഛന്മാര്‍. കുട്ടികള്‍ക്ക് പട്ടിണി നിന്നു വാങ്ങുന്ന കളിപ്പട്ടങ്ങള്‍ അവര്‍ എറിഞ്ഞു പൊട്ടിച്ചാനന്ദിക്കുമ്പോളും നോവാത്ത പാവങ്ങള്‍. അതിനാല്‍ തന്നെ എന്റെ വിഷമം തുലോം കുറവ്.

വലുതാകും തോറും നമ്മില്‍ നിന്നകന്നു പോകും മക്കള്‍, അതിനാല്‍ തന്നെ അവര്‍ക്കും നമുക്കും വേണ്ടത് സമ്പത്തല്ല, സാമീപ്യമാണ്. ഇന്നു നഷ്ടപെടുന്ന നിമിഷങ്ങള്‍ ഇനിയൊരിക്കലും തിരിച്ചു വരില്ല. പണവും സുഖസൌകര്യങ്ങളും വരാനും പോകാനും ഒരു സമയവും ആവശ്യമില്ല എന്ന് അനുഭവ ജ്ഞാനമുള്ള ഞാന്‍ ഇതെന്തായാലും നഷ്ടപ്പെടുത്തില്ല. ദൈവം മറ്റുപലര്‍ക്കും നല്‍കാത്തതും നമുക്കു കനിഞ്ഞു നല്‍കിയതുമായ ഏറ്റവും വലിയ സമ്പത്ത് കൊതി തീരെ അനുഭവിക്കാതെ മറ്റു സുഖങ്ങല്‍ തേടി പൊകുന്നതെന്തേ മനുഷ്യന്‍.

പിരിഞ്ഞിരിക്കുന്ന സമയത്താണ് പലതിന്റെയും വില നമ്മള്‍ അറിയുന്നത്. അതു പോലെ തന്നെ പല വസ്തുതകളും മനസിലാക്കുന്നത് മാറി നില്‍ക്കുമ്പോളാണ്. ദൈവം തിരിച്ചറിവു നല്‍കാനായി ഓരോ സാഹചര്യങ്ങള്‍ ഒരുക്കുന്നതായിരിക്കാം. ചെറുപ്പം മുതലേ വലിയ ബുദ്ധിമാന്‍ ആകാനായി ദൈവത്തോട് പ്രാര്‍ഥിച്ചിരുന്നത് ജ്ഞാനം തരണേ എന്നായിരുന്നു. സോളമന്‍ ദൈവത്തോട് അറിവു ചോദിച്ചപ്പോള്‍ അതിന്റെ കൂടെ സമ്പത്തും ഫ്രീ ആയി കിട്ടിയതുകൊണ്ട് അതും കൂട്ടത്തില്‍ പോരും എന്ന കള്ള വിചാരവും ഉണ്ടായിരുന്നിരിക്കാം അതില്‍. എന്തായാലും വലരെയധികം കയറ്റിറക്കങ്ങള്‍ നിറഞ്ഞ ജീവിതം തന്ന് എന്റെ തിരിച്ചറിവുകളിലേക്ക് ദൈവം എന്നെ നടത്തിക്കൊണ്ടേ ഇരിക്കുന്നു.

11 comments:

Unknown January 30, 2010 at 8:47 PM  

സമൂഹത്തിനു ചേരാത്താ സുഹൃത്തേ, മക്കള്‍ മാഹാത്മ്യം വായിച്ചു. ഏറെ ഇഷ്ടായീ..ഇനിയും വരാം..
www.tomskonumadam.blogspot.com

ഷിനോജേക്കബ് കൂറ്റനാട് January 30, 2010 at 10:02 PM  

വളരെ നല്ലത്

Snehitha January 30, 2010 at 11:13 PM  

Really touching...

Unknown January 30, 2010 at 11:16 PM  

Chacha enne karayippichu.:(

Unknown January 31, 2010 at 12:08 PM  

എഴുത്തില്ലെങ്കിൽ തന്നെ ഈ ചിത്രങ്ങൾ കണ്ടാൽ മതി ആ ചാച്ചയുടെ മനസ്സറിയാൻ... മനസ്സ്‌ അതുപോലെ തന്നെ വരികളിൽ പകർത്തിയിരിക്കുന്നു...

രഞ്ജിത് വിശ്വം I ranji January 31, 2010 at 12:58 PM  

സുന്ദരമായ എഴുത്ത്.. സെന്റിയാണല്ലേ.. ഉടനെ വരും സിനോ.. എല്ലാരും..

പട്ടേപ്പാടം റാംജി January 31, 2010 at 9:01 PM  

മക്കള്‍ മാഹാത്മ്യം വായിച്ചു. കൊള്ളാം.

ആശംസകള്‍.

Prasanth Iranikulam February 1, 2010 at 6:19 PM  

Really touching
well said!

siva // ശിവ February 2, 2010 at 6:32 PM  

മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു ഈ ചാച്ചയും മക്കളും.

Ashly February 3, 2010 at 6:27 PM  

വളരെ ടച്ചിംഗ് !!!!

ചേച്ചിപ്പെണ്ണ്‍ February 8, 2010 at 11:06 AM  

ഈ പോസ്റ്റും ഇഷ്ടായി ..
അപ്പമനസ്സു തൊട്ടറിയുന്നു ....
ഇനീം വരാം .. മനസ്സ് വായിക്കാന്‍ ,,,,,


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP