ഞാനൊരു പാവം പാലാക്കാരന്‍

പൈക പെരുന്നാൾ

>> Thursday, February 25, 2021

അങ്ങനെ വീണ്ടും ഒരു പൈക പെരുന്നാൾ കഴിഞ്ഞു, ഡിസംബറിന്റെ തണുപ്പും, മഞ്ഞും, പെരുന്നാളും, നക്ഷത്രങ്ങളും  ആഘോഷങ്ങളും എല്ലാം കൂടി ഒരു വല്ലാത്ത വശ്യത ആണ് ഡിസംബറിന്. നാട്ടിൽ നിന്നും മാറിനിൽക്കുന്ന എന്റെ ഓർമ്മകൾ പതിവുപോലെ പഴയ കാലത്തേക്ക് പോയി.

പ്രീഡിഗ്രി പഠിക്കുന്ന കാലം. കൗമാരത്തിന്റെയും യൗവനത്തിന്റെയും അതിർ വരമ്പിൽ, കനത്ത തീവ്രതയോടെ പെൺകുട്ടികളോട് പ്രണയം തോന്നുക എന്നുള്ളത് വളരെ സ്വാഭാവികം. അങ്ങനെ പൈകയുടെ പ്രാന്തപ്രദേശത്തുള്ള അതിസുന്ദരിയായ ഒരു പെൺകുട്ടിയോട് എനിക്ക് വല്ലാത്ത പ്രേമം തോന്നി.

ചോരത്തിളപ്പിന്റെ കാലമല്ലേ, ഇത്തിരി ആരോഗ്യവും സൂക്കേടും ഒരു വഴിക്ക് തീർന്നു പൊക്കോട്ടെ എന്നു കരുതിയാവണം വീട്ടുകാർ കരാട്ടേക്ക് ചേർത്തു. അപ്പോൾ ദേണ്ടേ നമ്മുടെ കുഞ്ഞൂഞ്ഞ് ഉസ്... എന്ന് ഒക്കെ വലിയ വായിൽ വെച്ച് അവിടെ നിൽക്കുന്നു, കൂടാതെ പരിചയക്കാർ വേറെയും. സന്തോഷമായി, അറിയാവുന്ന ആൾക്കാർ ഒക്കെ ഉണ്ടല്ലോ സാറന്മാർ ആയിട്ട്. 

കണ്ട ഉടനെ കുഞ്ഞൂഞ്ഞു എന്നെ ചേർത്ത് പിടിച്ചു പറഞ്ഞു, നന്നായെടാ വാഴക്കാവരയാ...നിന്നെ ഞാൻ ഒരു ബ്രൂസ് ലി ആക്കും. 

ബ്രൂസ് ലീയും, ബാബു ആന്റണിയും മുതൽ പൈകക്കാരൻ മോൻസി വരെ എന്റെ മനസ്സിൽ കൂടി കടന്നു പോയി. അങ്ങനെ കുഞ്ഞൂഞ്ഞിന്റെ നേതൃത്വത്തിൽ ഞങ്ങൾ പുഷ്അപ് തുടങ്ങി സമ്മർ സോൾട്ട് വരെ പറന്നടിക്കുന്ന കാലം. കുമിത്തെ, കാട്ടാ എന്ന് തുടങ്ങി എന്ത് പ്രശ്നം ഉണ്ടെങ്കിലും എന്തിനും ഏതിനും പരിഹാരവും സഹായവും ആയി കുഞ്ഞൂഞ്ഞ് ഓടിയെത്തും.

കാര്യം നമ്മുടെ കുറെ ആരോഗ്യം ഒക്കെ കരാട്ടെ കാണിച്ചു പോകുന്നുണ്ടെങ്കിലും,  പ്രേമിക്കുന്ന പെണ്ണിനെ ഒന്നു നേരെ നോക്കാനുള്ള ധൈര്യം ഒരു തരി പോലും അന്നും ഇന്നത്തെ പോലെ ഇല്ല. അങ്ങനെ വിഷണ്ണനായി വിമൂകനായി നിരാശനായി നടക്കുന്ന എന്നെ സഹായിക്കാനായി കുഞ്ഞൂഞ്ഞ് തീരുമാനിച്ചു.

എന്താ മോനെ നിൻറെ പ്രശ്നം, നിനക്ക് ഈയിടയായി ഒരു വൈക്ലബ്യം കാണുന്നല്ലോ?

അന്ന് നല്ല കോരിച്ചൊരിയുന്ന മഴയായിരുന്നു, തൂവാനത്തുമ്പികളിലെ പോലെ.  ഹൃദയത്തിന് നാല് അറക്കുള്ളിലും ഒളിപ്പിച്ചു വച്ചിരുന്ന അവളോടുള്ള പ്രണയം ഞാൻ കുഞ്ഞൂഞ്ഞിനോട് ഏറ്റു പറഞ്ഞു. പ്രണയ വിവശനായി ഞാൻ വിറക്കുന്നുണ്ടായിരുന്നു, പരവശനായിരുന്നു എങ്കിലും എന്റെ ഉള്ളം കൈ വിയർത്തിരുന്നു. എൻറെ കരങ്ങൾ ചേർത്ത് പിടിച്ച് കുഞ്ഞൂഞ്ഞ് പറഞ്ഞു, ഞാൻ നിന്നെ സഹായിച്ചിരിക്കും ...ഇത് സത്യം ...

പിന്നെ കുഞ്ഞൂഞ്ഞിന്റെ തേരോട്ടം ആയിരുന്നു. അടുത്ത ഇടവകയിലെ പള്ളിയിൽ, വികാരി അച്ഛൻറെ ഏറ്റവുമടുത്ത ആളാണെന്നും പറഞ്ഞു, അവളുടെ ജനന തീയതി വരെ മാമ്മോദീസ സർട്ടിഫിക്കറ്റ് നോക്കി  കുഞ്ഞൂഞ്ഞു എനിക്ക്സംഘടിപ്പിച്ചു തന്നു. പക്ഷേ നേരെ നോക്കാൻ പോലും ധൈര്യം ഇല്ലാതിരുന്ന ഞാൻ അതുകൊണ്ട് ഒക്കെ എന്തു പുഴുങ്ങി തിന്നാൻ

പക്ഷെ കുഞ്ഞൂഞ്ഞു വിട്ടില്ല, എന്നെ പ്രേമിപ്പിച്ചേ അവൻ അടങ്ങൂ... ഇതൊന്നും എടുത്തു ചാടി ചെയ്യേണ്ട കാര്യങ്ങൾ അല്ല, സമചിത്തതയോടെ ചെയ്യണം, നീ കാത്തിരിക്കൂ...എല്ലാം അവൻ ചെയ്തോളാൻ എന്ന് എന്നെ ആശ്വസിപ്പിച്ചു. അവളെ എങ്ങാനും നേരെ നോക്കിയാൽ ഞാൻ വെറും വായിനോക്കിയാണെന്നു വിചാരിച്ചു എന്നെന്നേക്കുമായി അവൾ എന്നെ വെറുത്താലോ എന്ന് വിചാരിച്ചു ഞാനവളെ നോക്കാറുപോലുമില്ല. പിന്നെ എങ്ങനെ എന്റെ പ്രണയം അവളറിയും?  അവസാനം കുഞ്ഞൂഞ്ഞ് എനിക്കുവേണ്ടി ആ കർത്തവ്യം ഏറ്റെടുക്കാമെന്ന് വാഗ്ദാനം ചെയ്തു. 

അങ്ങനെ ഡിസംബറിന്റെ കുളിരിൽ, രാവിലെ തന്നെ തണുത്ത വെള്ളത്തിൽ കുളിച്ചിട്ട് ആ നേർത്ത മഞ്ഞിലൂടെ ഞാൻ പൈക പള്ളിയിൽ പോകും. തണുത്ത വെള്ളത്തുള്ളികൾ റബറിന്റെ ഇലകളിൽ തട്ടി ചിതറി നമ്മുടെ ദേഹത്ത് വീഴുമ്പോൾ ഉള്ള കുഞ്ഞു കുളിരിൽ ഞാൻ അവളുമായുള്ള ചെറുചൂടുള്ള ഓർമകളെ / സങ്കല്പങ്ങളെ തഴുകി പള്ളിയിലേക്ക് നടക്കും. ഓരോ വീടുകളിലും തെളിഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങൾ മഞ്ഞിന്റെ ഇടയിലൂടെ മിന്നി മിന്നി കത്തും. എന്തൊരു ഫീൽ ആയിരുന്നു അത്.

പള്ളിയിൽ ചെന്നാൽ മാതാവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കും. അവളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്, അവളെ എനിക്ക് തന്നെ തരണം, ഞാൻ പൊന്നു പോലെ നോക്കിക്കൊള്ളാം എന്നൊക്കെ പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ  സഹായിക്കാനായി പോകുന്ന കുഞ്ഞൂഞ്ഞ് അവളെ അടിച്ചു മാറ്റരുതേ എന്നും കൂടി പ്രാർത്ഥിച്ചിരുന്നു.

എന്നെപറ്റി ഇടക്കൊക്കെ അവളോട് പറയാറുണ്ട് എന്ന് കുഞ്ഞൂഞ്ഞു പറഞ്ഞു. "എനിക്ക് ഒരു കൂട്ടുകാരൻ ഉണ്ട്, ആ ചേട്ടൻ ആള് സൂപ്പറാണ്, സുന്ദരൻ, സുമുഖൻ, സുശീലൻ. പോരാത്തതിനു ഭയങ്കര ബുദ്ധിയും." ഇങ്ങനെയൊക്കെയാണ് എന്നെപ്പറ്റി അവളോട് പറഞ്ഞിരിക്കുന്നത് എന്നാണ് കുഞ്ഞൂഞ്ഞ് പറഞ്ഞത്. ഞാൻ ആണെങ്കിൽ അങ്ങു വല്ലാണ്ടായി പോയി. പിന്നെ ഞാൻ നടക്കുമ്പോൾ ഒക്കെ ഇത്തിരി സ്ലോ മോഷൻ ആയി എന്നാണു തോന്നുന്നത്. 

കരാട്ടെയിൽ  ഒരു 10 പുഷ് up കഴിഞ്ഞ് ഒടിഞ്ഞുതൂങ്ങിയ ഇരുന്ന ഞാൻ പുഷ്പം പോലെ 25 എണ്ണം ഒക്കെ ചുമ്മാ പയറു പോലെ ചെയ്യാൻ തുടങ്ങി. ആവേശത്തിൽ ബ്ലോക്ക് പഠിപ്പിച്ചുകൊണ്ടിരുന്ന കുഞ്ഞൂഞ്ഞിനിട്ട് വരെ  ഇടികൊടുത്തു. ബാബു ആന്റണിയുടെ സിനിമകൾ കണ്ടു, മുടി നീട്ടി വളർത്താൻ തുടങ്ങി. വീട്ടിൽ മുറ്റത്ത് ബാൾസവും മുസാണ്ടയും ജമന്തിയും കട്ട റോസും പിന്നെ നക്ഷത്രമുല്ലയും വരെ പൂത്തു.

ആ സമയത്തു വൈകിട്ട് പാലായിൽ ഞാൻ കോളേജിലെ അവസാനത്തെ പീരീഡ് കട്ട് ചെയ്തു അവൾ കയറുന്ന ബസ്സിന്റെ മുമ്പിലും സൈഡിലും കൂടെ വെറുതെ സ്ലോമോഷനിൽ ഉലാത്തും. ഞാൻ പക്ഷെ ബസിലേക്ക് നോക്കത്തില്ല. എന്നെ ബുദ്ധിമുട്ടില്ലാതെ, നാണമില്ലാതെ അവൾ കണ്ടോട്ടെ എന്ന ചിന്തയായിരുന്നു മനസ്സിൽ. 

അങ്ങനെ ഡിസംബറിലെ രണ്ടാം ആഴ്ചയിൽ ഒരു സുദിനം, ഞാൻ ക്‌ളാസ് ഒക്കെ കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ പെങ്ങൾ ഒരു കത്തെടുത്തു തന്നു, ഇന്നാടാ ഒരു എഴുത്തുണ്ട്, വല്ല പ്രേമലേഖനവും ആയിരിക്കും. ചുമ്മാ കൊതിപ്പിക്കാതെ എന്ന് പറഞ്ഞു ഞാൻ കത്ത് വാങ്ങി ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് വിചാരിച്ചു മുറ്റത്തെ പേരയുടെ മണ്ടേൽ കയറി പൊട്ടിച്ചു. 

എന്നെ വിറക്കാൻ തുടങ്ങി, എന്റെ കരങ്ങൾ വിയർത്തു, അതവളുടെ കത്തായിരുന്നു. കുറച്ചു വരികൾ മാത്രം, മനോഹരമായ കൈയക്ഷരത്തിൽ ഒരു കവിത പോലെ അവൾ കുത്തികുറിച്ചിരിക്കുന്നു. അവൾ എന്നെ കണ്ടിട്ടുണ്ട്, എനിക്ക് അവളെ ഇഷ്ടമാണെന്നു ഒരാൾ അവളോട് പറഞ്ഞിട്ടുണ്ട്. നമുക്ക് ഉണ്ണീശോയോടു പ്രാർത്ഥിച്ചു തീരുമാനം എടുക്കാം. എന്നൊക്കെ...

ആ പേരക്കൊമ്പിൽ ചാരിയിരുന്നു ഞാൻ എത്ര പേരയില തിന്നു എന്ന് എനിക്ക് പോലും ഓർമയില്ല. ആ കത്തെടുത്തു ഞാൻ ലോഗരിതം ടേബിളിന്റെ അകത്തു വെച്ചു. പിറ്റേന്ന് കരാട്ടെ ക്‌ളാസ് തുടങ്ങാൻ വേണ്ടി കാത്തിരുന്നു. അവസാനം കുഞ്ഞൂഞ്ഞു വന്നു. ഓടി ചെന്ന് അവനെ കെട്ടിപിടിച്ചു കാര്യം പറഞ്ഞു. എടാ ഭയങ്കരാ... നീ പണി പറ്റിച്ചല്ലോ... എന്തായാലും നല്ല കാര്യം, ഇത്ര വേഗം വീഴും എന്ന് വിചാരിച്ചില്ല എന്നൊക്കെ പറഞ്ഞു. വളരെ സംയമനത്തോടെ കൈകാര്യം ചെയ്യണം, അവിവേകവും ആക്രാന്തവും ഒന്നും കാണിക്കരുത് എന്നൊക്കെ ഉപദേശിച്ചു. 

പിന്നീടുള്ള ദിവസങ്ങൾ സുന്ദരങ്ങൾ ആയിരുന്നു. മനസ് നിറഞ്ഞു തുളുമ്പി ഇരുന്നു. രാവിലെ എണീറ്റ് പള്ളിയിൽ പോകും, നേർത്ത മഞ്ഞിലൂടെ വീടുകളിലെ ചുവന്ന നക്ഷത്രങ്ങൾ നോക്കി എന്റെ പ്രണയിനി കൂടെയുണ്ടെന്ന് മനസ്സിൽ സങ്കല്പിച്ചു പ്രണയ ഗാനങ്ങളും മൂളി പള്ളിയിൽ ചെല്ലും. ഉണ്ണീശോയോടും റെക്കമെൻഡേഷൻ ആയി മാതാവിനോടും മുട്ടിപ്പായി പ്രാർത്ഥിക്കും. വീട്ടിൽ വന്നു പ്രത്യേകം നാട്ടു വളർത്തിയ നക്ഷത്ര മുല്ലക്ക് വെള്ളം ഒഴിക്കും, അമ്മയെ അടുക്കളയിൽ സഹായിക്കും. അങ്ങനെ ആകെ മൊത്തം ഒരു നല്ല മോൻ.

അങ്ങനെ പൈക പെരുന്നാൾ എത്തി.  ഞാനും പെങ്ങന്മാരും ഒക്കെ പ്രദിക്ഷണത്തിന്റെ കൂടെ നടക്കുന്നു. ഞാൻ ആണെങ്കിൽ ഒരു മുത്തുകുടയുംപിടിച്ചിട്ടുണ്ട്. അപ്പോളാണ് വഴി സൈഡിൽ മുൻപിലായി അവൾ നിൽക്കുന്നത് കണ്ടത്. എല്ലാം മാതാവിന്റെ അനുഗ്രഹം എന്ന് വിചാരിച്ചു അവളെ ചിരിച്ചു കാണിച്ചു, അവൾ തിരിച്ചും. എന്റെ മനസ് സന്തോഷത്താൽ തുള്ളിച്ചാടി. അവളുടെ അടുത്ത് എത്തുന്ന വരെയുള്ള സമയം എനിക്ക് യുഗങ്ങൾ ആയി തോന്നി. അവളുടെ അടുത്ത് വന്നപ്പോൾ ഞാൻ പതുക്കെ അവളുടെ നേരെ ചെന്ന് പറഞ്ഞു, കത്ത് കിട്ടി കേട്ടോ, ഒത്തിരി ഇഷ്ടായി...

ഏതു കത്ത്? ഞാൻ നിന്ന നിൽപ്പിൽ ഉരുകി. കൂടെ നിന്ന പെങ്ങൾ അവളോട്  നിനക്കിവനെ  അറിയാമോ എന്ന് ചോദിച്ചു. എനിക്കറിയില്ല, കണ്ടിട്ട് പോലുമില്ല ഇവനെ എന്ന് അവൾ പെങ്ങളോട് പറഞ്ഞു. പെങ്ങൾ എന്നെ രൂക്ഷമായി നോക്കി, ഞാൻ ഒന്നും മിണ്ടിയില്ല. പെങ്ങളുടെയും ഒന്നും നോട്ടം ഏറ്റു വാങ്ങാൻ ആവാതെ ഞാൻ മുത്തുകുടയും മടക്കിവെച്ചു ഒരു വേണു നാഗവള്ളിയായി ഇരുട്ടത്ത് വീട്ടിൽ പോയിരുന്നു ഒത്തിരി കരഞ്ഞു. ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നി. 

പെങ്ങളും അവളും കൂട്ടുകാരികൾ ആയിരുന്നു, എന്റെ സൈഡിൽ നിന്ന പെങ്ങളെ ആണ് അവൾ ചിരിച്ചു കാണിച്ചത്.  പിറ്റേ ദിവസം കുഞ്ഞൂഞ്ഞു കരാട്ടേക്ക് എത്തുന്നത് ഞാൻ കാത്തിരുന്നു. പെരുന്നാളൊക്കെ അടിപൊളിയായിരുന്നോ ചെറുക്കാ  എന്നൊക്കെ ചോദിച്ചു ആള് കയറി വന്നു. ഞാൻ നേരെ ചെന്ന് കുത്തിന് പിടിച്ചു ചോദിച്ചു, ആരെടാ കുഞ്ഞൂഞ്ഞേ ആ കത്ത് എഴുതിയത്? 

മറുപടി ഒരു വെടല ചിരി മാത്രം ആയിരുന്നു......അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ ഒരു ബ്രൂസ് ലീ ആയി മാറി....



 

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP