ഞാനൊരു പാവം പാലാക്കാരന്‍

ഞരമ്പ്

>> Sunday, December 3, 2023

മരുഭൂമിയിലെ കൂട്ടുകാരുടെ ഒരു ഒത്തുചേരൽ. കലാപരിപാടികൾ, പാചകം, സമ്മാനദാനം, കളികൾ അങ്ങനെ നിരവധി കലാപരിപാടികൾ. 

എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ തലങ്ങും വിലങ്ങും ഓടി നടന്നു. മര്യാദക്ക് നടക്കുന്ന കാര്യങ്ങൾ  വെറുതെ നിയന്ത്രിച്ചു കുളമാക്കുന്ന കല്യാണവീട്ടിലെ അമ്മാവനെ പോലെ ഞാൻ തേരാപാരാ നടന്നു വെറുപ്പിച്ചുകൊണ്ടിരുന്നു, എന്നെക്കൊണ്ടാവുന്ന പോലെ.  അവസാനം ബാർബിക്യൂ നടക്കുന്ന സ്ഥലത്തുനിന്നു അവർ എണീപ്പിച്ചു വിട്ടപ്പോൾ ഇനി എവിടെപ്പോയി അലമ്പുണ്ടാക്കും എന്ന വ്യഥയുമായി കറങ്ങി നടന്നപ്പോൾ അതാ അവിടെ ഒരു മൂലക്ക് കുറച്ചു ആരോഗ്യദൃഢഗാത്രരായ ചെറുപ്പക്കാരെപോലെ ഇരിക്കുന്ന മധ്യവയസ്കരും ( അവരുമായി ചെറിയ പരിചയം മാത്രം), കൂടെ നല്ല സുന്ദരിമാരായ മൂന്നാലു തരുണീമണികളും (എന്റെ പ്രായം ഏകദേശം അൻപതാകാറായി, പോരാത്തതിന് നേർത്ത ഇരുട്ടും). 

നേരെ അങ്ങോട്ട് വെച്ചു പിടിപ്പിച്ചു, അവർ നല്ല രസമായി എന്തൊക്കെയോ കാര്യങ്ങൾ സംസാരിച്ചു ചിരിച്ചു കളിച്ചു നിൽക്കുകയാണ്. പോരാത്തതിന് എന്റെ കൂട്ടത്തിൽ വന്ന സതീർത്യന് പിള്ളേച്ചൻ വരെ അവിടെ അവരുടെകൂടെ പിള്ളകളിച്ചു നിൽക്കുന്നു. എനിക്ക് അതത്ര പിടിച്ചില്ല. എന്താ നിങ്ങൾ ഇങ്ങനെ മാറി നിൽക്കുന്നത്? അവിടെ ഭക്ഷണം ഒക്കെ തീരാറായി, വേഗന് ചെന്ന് കഴിക്കൂ കുട്ടികളെ എന്നൊക്കെ പറഞ്ഞു ഞാൻ കാരണവരായി. 

ഈ മരപ്പാഴിനെ എങ്ങനെ ഒഴിവാക്കാം ഏന് വിചാരിച്ചായിരിക്കും, അതിലെ ഒരാൾ പതുക്കെ എന്നെ പൊക്കിയടിച്ചു. അതിൽ ഒന്ന് രണ്ടുപേർ എന്റെ കഥകൾ വായിച്ചുണ്ട്. ഇദ്ദേഹം വലിയ എഴുത്തുകാരൻ ആണ്, ഭയങ്കര രസമാണ് സാറിന്റെ എഴുത്ത്, നമ്മളൊക്കെ ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കും എന്നൊക്കെ പറഞ്ഞു അവർ അങ്ങ് പുകഴ്ത്തി. എനിക്കങ്ങു നാണം വന്നു, ഇതൊക്കെയെന്ത് എന്ന ഭാവത്തിൽ ഞാൻ നമ്രശിരസ്കനായി നിന്നു. പ്രോത്സാഹനം കൂടിയപ്പോൾ ആ കൂട്ടത്തിലെ സുന്ദരിയായ ഒരു ജുവതി, കഴിഞ്ഞ ദിവസം കണ്ട ഏതോ ഹിന്ദി സിനിമയിൽ എഴുത്തുകാരെ കുറിച്ച് പറയുന്നുണ്ട് എന്ന് പറഞ്ഞു. ആ വാക്ക് പറയാൻ എനിക്ക് പറ്റില്ല എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ വെറും പോഴന്മാരാണ് എഴുത്തുകാർ എന്നാണ് അവർ ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. നമ്രത ശിരോസ്കർ ആയിരുന്ന എന്റെ ശിരോഭാഗം ചെറുതായി ഒടിഞ്ഞു. 

പിള്ളേച്ചൻ പക്ഷെ വിട്ടില്ല, ആ വാക്ക് പറഞ്ഞേ പറ്റൂ എന്ന് വാശി. ഇയാൾ ഉള്ള ആത്മവിശ്വാസം കൂടി കളഞ്ഞേ അടങ്ങൂ എന്നു മനസ്സിൽ ശപിച്ചു നിന്നപ്പോൾ എന്റെ കഥയുടെ ആരാധകനായിരുന്നു ഒരാൾ ഓരോ കഥയുടെ രസമുള്ള ഭാഗങ്ങൾ പറയാൻ തുടങ്ങി. എത്രയോ നല്ല കഥകൾ എഴുതിയ ഒരാളാണ് ഞാൻ, എന്നിട്ടും എന്റെ കൊച്ചിന്റെ സുനയിൽ ഉറുമ്പു കടിച്ച കഥയാണ് അവൻ പറയുന്നത്. മനുഷ്യന്റെ തൊലിയുരിയുന്ന കാര്യങ്ങൾ തന്നെയാണല്ലോ കർത്താവെ ഇന്ന് വരുന്നത്.ഭാഗ്യത്തിന് കൂട്ടത്തിൽ ഒരാൾ, എഴുത്തുകാർ വലിയ മനുഷ്യരാണ്, അനുഭവ സമ്പത്തും ക്രിയേറ്റിവിറ്റിയും ഒക്കെ ഉണ്ടെങ്കിലേ എഴുതാൻ പറ്റൂ എന്നൊക്കെ പറഞ്ഞു ചെറുതായി വീണ്ടും ആശ്വസിപ്പിച്ചു. ശരിക്കും പുള്ളി അനുഭവസമ്പത്ത് എന്നുദ്ദേശിച്ചതു ഉറുമ്പു കടിച്ച കാര്യമാണോ ആവോ? പക്ഷെ പിള്ളേച്ചൻ വിട്ടില്ല, ആ സിനിമയിൽ കണ്ട സ്വഭാവരീതി എന്താണ് എന്ന് പറയാതെ വിടില്ല എന്ന ഭാവം. 

എന്തോ എന്നോട് സഹതാപം തോന്നിയിട്ടാവണം മറ്റൊരാൾ പറഞ്ഞു, എനിക്ക് ലിങ്ക് അയച്ചു തരണം, എല്ലാവരും രസമുള്ള എഴുത്ത് എന്നോകെ പറയുമ്പോൾ ഒന്ന് നോക്കണമല്ലോ. കൂടാതെ പത്മരാജൻ ഭരതൻ ഇവർ ഒക്കെ നല്ല എഴുത്തുകാരായിരുന്നു എന്നും എത്ര മനോഹരം ആയിരുന്നു അവരുടെ കഥകൾ എന്നൊക്കെയായി അദ്ദേഹത്തിന്റെ വിവരണം.  പിള്ളേച്ചൻ വിടുമോ? അവരൊക്കെ നല്ല കഥകളെ ഒരാവശ്യവും ഇല്ലാതെ സിനിമയിൽ ഞരമ്പ് സീനുകളും കാണിച്ചു വൾഗർ ആക്കിയവരാണ്. ഞരമ്പുകളാണ് കഥയെഴുത്തുകാർ എന്നൊക്കെ പറഞ്ഞു അടിച്ചു കീറുകയാണ്.

അധികം കുളമാകുന്നതിനു മുമ്പ് പോയേക്കാം എന്ന് വിചാരിച്ചു വീണ്ടും ഭക്ഷണം വിളമ്പുന്നിടത്തു ചെന്ന് അവിടെ മര്യാദക്ക് വിളമ്പിക്കൊണ്ടിരുന്ന ഇക്കയെ മാറ്റി അവിടെ നിന്ന് ഒരു ചിക്കൻ വിളമ്പുമ്പോൾ ഒരെണ്ണം അകത്തോട്ടും എന്ന രീതിയിൽ കേറ്റിക്കൊണ്ടിരുന്നപ്പോൾ ആണ് നമ്മുടെ ജുവതികൾ കഴിക്കാനായി എത്തിയത്. അതിലൊരു സുന്ദരി എന്നെക്കണ്ടപ്പോൾ നല്ല ഒരു ചിരിയോടെ പറഞ്ഞു. "ആ കൊള്ളാല്ലോ ...ഞരമ്പ് ഇവിടെ വിളമ്പാനും എത്തിയോ" എന്ന്. 

ഞാൻ എന്റെ രണ്ടു സൈഡിലും വിളമ്പാൻ നിന്നവരെ ദയനീയമായി ഒന്ന് നോക്കി. ഒരു പ്രത്യേക അവജ്ഞയോടെ അവർ രണ്ടുപേരും ഓരോ അടി മാറിനിന്നു. ഞാൻ ഒരു ചെറിയ തളർച്ചയോടെ നിലത്തേക്കിരുന്നു. 





Read more...

ഓണം - ഓർമ്മയുടെ ശലകങ്ങളിലെ ഒരേട്...

>> Tuesday, October 17, 2023


ഹരിതാഭയും പച്ചപ്പും ഒക്കെ സ്വപ്നം കണ്ടു നടക്കുന്ന ഏതൊരു ശരാശരി  പ്രവാസിമലയാളിയെയും പോലെ  ഓണത്തെ കുറിച്ച് പറയുമ്പോൾ എനിക്കും ഗതകാല സ്മരണകളെ പൊടി തപ്പിയെടുക്കേണ്ടതായി വരും. അങ്ങനെ ഓർമ്മയുടെ ആഴങ്ങളിൽ മുങ്ങാംകുഴിയിട്ടു അടിത്തട്ടിൽ പരതി കണ്ടെടുത്ത ശലകങ്ങളിലെ ഒരേട്...


അന്ന് ഞാൻ അഞ്ചാം ക്‌ളാസിൽ  പഠിക്കുന്നു. ഞങ്ങളുടെ പറമ്പിന്റെ കരോട്ടുഭാഗത്തുള്ള ഒരു ചെരുവിൽ ആണ് കുട്ടൻ ചേട്ടനും രാധിക ചേച്ചിയും അവരുടെ മകൾ  ദീപ്തി ചേച്ചിയും കൂടി താമസിക്കുന്നത്.  അവർ തൃശൂർ - പാലക്കാട് ഭാഗത്തുനിന്നും വന്നവർ ആണ്. 


ഞാൻ പണ്ടേ ഭീകര ധൈര്യവാൻ ആയതു കൊണ്ടും, വീട്ടിൽ നിന്ന് കുറച്ച്  മോളിൽ ആയതുകൊണ്ടും, കയറ്റം കഴിഞ്ഞുള്ള ചെരിവിൽ ഉള്ള ഒറ്റപ്പെട്ട സ്ഥലം ആയതുകൊണ്ടും എനിക്ക് ഏറ്റവും പേടിയുള്ള ഭാഗമായിരുന്നു അത്. സത്യത്തിൽ അവർ അവിടെ താമസിക്കാൻ വന്നപ്പോൾ വല്യ ആശ്വാസമായി, ദൈവങ്ങൾക്ക് ദേഷ്യവും. റബറിന്റെ രണ്ടാം പാൽ എടുക്കാനും പശുവിനെ മാറ്റിക്കെട്ടാനും ഒക്കെ ആ വഴി  പോകുമ്പോൾ ചൊല്ലിക്കൊണ്ടിരുന്ന നിരവധിയനവധി പ്രാർത്ഥനകൾ അവർ വന്നതോടെ ശുഷ്കിച്ചുപോയി, പേടിയില്ലെങ്കിൽ പിന്നെ ദൈവത്തിനും ഏജന്റുമാർക്കും എന്തുവില. 


ദീപ്തി ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. കാണുമ്പോൾ ഒക്കെ തന്നെ "ഹേയ് ആരപ്പാ ഇത്, എന്തൂട്ടെടാ മോനെ നീ കഴിച്ചെ.." എന്നൊക്കെ തൃശൂർ ഭാഷയിൽ (പാട്ടുകാരി ജോത്സ്നയെ പോലെ) നീട്ടി ചോദിക്കുകയും, വീട്ടിൽ നിന്നും എന്തെങ്കിലുമൊക്കെ കഴിക്കാൻ എടുത്ത് തരുകയും ചെയ്യുമായിരുന്നു. നമ്മുടെ വീട്ടിൽ ആണെങ്കിൽ സ്ഥിരം "കഴുത" "ഓക്കൻ" "ഉണ്ണാക്കൻ" "എരപ്പ"  "പരട്ട" വിളികൾ കേട്ട് മനസ്സ് കംപ്ലീറ്റ് മുരടിച്ചു നിൽക്കുന്ന നമുക്ക് ഒരു കുളിർമഴയാണ് ഈ മോനെ, കുട്ടാ വിളികൾ. എപ്പോഴും സന്തോഷവതിയാണ്  ദീപ്തി ചേച്ചി, പോരാത്തതിന് നമ്മളെ ചേർത്ത് നിർത്തുമ്പോൾ നല്ല മുല്ലപ്പൂവിന്റെ മണവും. (അന്ന് കാച്ചിയ എണ്ണയുടെ മണം അറിയില്ലായിരുന്നു, പോരാത്തതിന് കോഴിക്കുഞ്ഞിൽ നിന്നും പൂവനിലേക്കുള്ള പ്രയാണം ആരംഭിച്ചിട്ടും ഇല്ലായിരുന്നു.) മുടിയിൽ എപ്പോഴും മുല്ല മൊട്ടുകളോ പൂക്കളോ കാണും, വീടിൻറെ മുറ്റത്തും ഒത്തിരി മുല്ല ചെടികൾ ഉണ്ട്. 


അങ്ങനെ ഓണം അടുത്തു. നമ്മള് കഷ്ടപ്പെട്ട് പറമ്പിൽ കൂടെ നടന്ന് തൊട്ടാവാടിയുടെയും തുമ്പയുടെയും, പിന്നെ അതിലെയും ഇതിലേയും കാണുന്ന കാക്കിരി പൂക്കിരി പൂക്കൾ ഒക്കെ പറിച്ചു, കോമ്പസിന് പകരം മോര് കലക്കുന്ന കടകോൽ  കുത്തി നിർത്തി ചരടിൽ കല്ലുപെൻസിൽ വെച്ച് ഒരു വൃത്തം ഒക്കെ ഉണ്ടാക്കി ഒരു പൂക്കളം അങ്ങ് ഇടും. ശരിക്കും ഈ കാർന്നോന്മാർക്ക് അങ്ങ് മൈസൂർ വൃന്ദാവൻ ഗാർഡൻ പോലെ പറമ്പിൽ മുഴുവൻപൂച്ചെടികൾ വെച്ചാൽ എന്തായിരുന്നു കുഴപ്പം? ഇതിപ്പോ ഒരുമാതിരി  കോപ്പിലെ ഒണക്ക മണം ഉള്ള റബർ മരങ്ങളും അതിലും ഭയങ്കരമായി എല്ലുംവണ്ടി പോകുമ്പോളത്തെ മണമുള്ള കുറെ ചണ്ടിപാലും ഒട്ടുപാലും. എന്തായാലും അങ്ങനെ പൂക്കൾ തപ്പി പറമ്പിലൂടെ തേരാപാരാ നടന്നു കരോട്ടുഭാഗത്തു എത്തി.


അവിടെ ചെന്നപ്പോൾ മനസ്സിൽ ഉരുണ്ടുകൂടിയ പേടിയുടെ വിവിധ ഭാവങ്ങളെ തളർത്താനും, വിശപ്പിന്റെ മുകുളങ്ങൾ ഒട്ടും തളരാതെ ഉണർന്നതിനാലും പതുക്കെ ദീപ്തിച്ചേച്ചിയുടെ വീടിന്റെ ഭാഗത്തേക്ക് ഒന്ന് എത്തി നോക്കി. അവിടെ വലിയ ഒരു പൂക്കളം, കളം ഒക്കെ വരച്ചു നല്ല ഭംഗിയിൽ ഇട്ടുകൊണ്ടിരിക്കുന്നു ചേച്ചി. എന്നെ കണ്ടതും "വാടാ കുട്ടാ, ഈ പൂക്കളം ഉണ്ടാക്കാൻ ഒന്ന് കൂടിയേ" എന്ന് പറഞ്ഞു ചേച്ചി വിളിച്ചു.


അവരുടെ പൂക്കളം ഓൾമോസ്റ്റ് തീർന്നു. പണ്ട് നമ്മുടെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ബാച്ചലർ ആയി താമസിക്കുന്ന സമയത്ത്, നമ്മൾ പാത്രം കഴുകി, പച്ചക്കറിയോ ഇറച്ചിയോ മീനോ ഒക്കെ വെട്ടി വൃത്തിയാക്കി, കറി ഒക്കെ വെച്ച്  തീരാറാകുമ്പോൾ ഈ കക്ഷി വന്ന് ഇത്തിരി ഉപ്പും വെളിച്ചെണ്ണയും ഒക്കെ മേമ്പൊടി ചേർത്ത് , എല്ലാരും വന്നു കഴിക്കൂ എന്ന് പറയും. എന്ന് വെച്ചാൽ ഈ കാണുന്നതെല്ലാം ഉണ്ടാക്കിയത് താനാണ് എന്നും ആദ്യം മുതൽ ഇതൊക്കെ ചെയ്തവൻ ഉണ്ണാക്കൻ ആണെന്നും അർത്ഥം. അത് പോലെ വെറുതെ ദീപ്തി ചേച്ചിയെ ആക്കണ്ടല്ലോ എന്ന് വിചാരിച്ചു ആട്ടുകട്ടിലിൽ ഇരുന്നു ചെറുതായി ആടിക്കൊണ്ട് ഞാൻ മൊഴിഞ്ഞു,  "ഇത് നല്ല രസമുണ്ടല്ലോ കാണാൻ, ഞാനായിട്ട് ഇത് തൊട്ടു നശിപ്പിക്കുന്നില്ല"


അവർ പാലായിൽ പോയി പൂക്കളം ഇടാനുള്ള പൂക്കൾ കുറച്ചൊക്കെ വാങ്ങി, ബാക്കി അവരുടെ പറമ്പിൽ നിൽക്കുന്നതും എല്ലാം കൂട്ടിയാണ് ഇടുന്നത്. വീട്ടിൽ കാര്യം കുറെ റോസും, ബോഗെൻ വില്ലയും, വേറെ പൊങ്ങച്ച പൂവുകളായ ഓർക്കിഡും വേറെ എന്താണ്ടൊക്കെയോ ഒക്കെ ഉണ്ടെങ്കിലും നമുക്ക് പറിക്കാൻ അനുവാദം ഉള്ളത് വല്ല ജമന്തിയും ബാൾസവും മുസാണ്ടയും അമ്മ കറമ്പിയും ഒക്കെ മാത്രം. എന്നാലും എവർഗ്രീനിന്റെ ഇല പൊടിച്ചും, തൊട്ടാവാടിയുടെ പൂവ് പൊടിയാക്കിയും ഒക്കെ എന്തെങ്കിലും ചെയ്യും.


വെറുതെ നോക്കി നിന്നു ബോറടിക്കണ്ട എന്നോർത്തിട്ടാവും, ദീപ്തി ചേച്ചി പറഞ്ഞു "മോനെ ദാ ആ തെക്കുവശത്തെ മാവിൽ ഊഞ്ഞാൽ കെട്ടിയിട്ടുണ്ട്, പോയിരുന്നു ആടിക്കൊ". കുരങ്ങനിൽ നിന്നും പരിണമിച്ചതിൽ എന്തോ മിച്ചം കിടക്കുന്ന ഒരാളായതുകൊണ്ടാവാം മരംകേറ്റം, അതിന്റെ കമ്പിൽ നിന്നും ഞാന്നു അടുത്ത മരത്തിൽ കയറ്റം, ചാട്ടം തുടങ്ങിയ സാഹസിക പ്രവർത്തികൾ നമുക്ക് അന്ന് വളരെ പ്രിയങ്കരം ആയിരുന്നു. ഓടിച്ചെന്നു ഊഞ്ഞാലിൽ കയറി. നമ്മുടെ വീട്ടിൽ ഒരു കൊച്ചു ചക്കര കയറിൽ തെങ്ങും മടൽ വെട്ടിവെച്ചുള്ള ഒണക്ക ഊഞ്ഞാൽ മാത്രമേ ഉണ്ടാക്കാറുള്ളു, ഊഞ്ഞാലിൽ കയറി കയ്യും കാലും ഓടിക്കേണ്ട എന്നതാണ് വീട്ടുകാരുടെ ലൈൻ. 


ഇത് നല്ല തടി ഷേപ്പിൽ കട്ട് ചെയ്‌തു നല്ല ബലമുള്ള കയറിൽ കെട്ടിയ വലിയ ഊഞ്ഞാൽ. ഞാൻ പതുക്കെ അതിൽ കയറി ഇരുന്നു ആടാൻ തുടങ്ങി. ശരിക്കും പറഞ്ഞാൽ ഊഞ്ഞാലിൽ ഇരുന്നു ആടാനൊന്നും നമുക്കറിയില്ലല്ലോ. അത് കണ്ടു ദീപ്തി ചേച്ചി വന്നു - "എന്റെ കുട്ടാ, നിനക്ക് ഊഞ്ഞാലാടാൻ അറിയില്ല അല്ലേ? ഞാൻ കാണിച്ചു തരാം"


പിന്നെ ചേച്ചി ഊഞ്ഞാലിൽ കയറി നിന്നു ചെറുതായി ആടിയിട്ടു , കാലിന്റെ മുട്ട് പതിയെ മടക്കി മുന്നോട്ട് ആഞ്ഞപ്പോൾ ഊഞ്ഞാൽ കൂടുതൽ മുന്നോട്ട് നീങ്ങി. അങ്ങനെ ക്രമേണ നല്ല ആയത്തിൽ ആടിയിട്ട് എന്നോട് പറഞ്ഞു "ഇങ്ങനെ ആണ് ഊഞ്ഞാൽ  ആടുന്നത് " എന്ന്. ഒരു പുതിയ കാര്യം പഠിച്ച ആവേശത്തിൽ ഞാൻ പ്രയത്നം ആരംഭിച്ചു. വളരെ പെട്ടെന്ന് തന്നെ ഞാൻ പ്രഗത്ഭൻ ആയി.  പണ്ട് സൈക്കിൾ ചവിട്ടു പഠിച്ച സമയത്തു ഒരുസൈക്കിൾ (അന്ന് ഒരുസൈക്കിൾ, മുക്കാസൈക്കിൾ, അരസൈക്കിൾ ഒക്കെയായിരുന്നു ഉണ്ടായിരുന്നത്) കമ്പിയുടെ ഇടവഴി കാലിട്ടു ഓടിച്ചു തുടങ്ങിയ അന്ന് തന്നെ പാലകയുടെ ഒരു സൈഡ് ഇഷ്ടിക വെച്ച് പൊക്കി സൈക്കിൾ ജമ്പ് ചെയ്യിപ്പിച്ച സാഹസികൻ ആയിരുന്നു ഞാൻ.  ആ ഞാൻ ഇടക്കൊന്നു ഒറ്റക്കൈ വിട്ടു ആടി നോക്കി, വലിയ കുഴപ്പമില്ല.


അങ്ങനെ ഊഞ്ഞാലാട്ടം സ്പീഡ് കൂടി ഏകദേശം അർദ്ധവൃത്താകൃതിയിൽ ആയി. ദീപ്തി ചേച്ചി പറഞ്ഞു, മോനെ ആവേഷ് ഖാൻ ആകാതിരിക്കൂ, മര്യാദരാമൻ ആകൂ എന്നൊക്കെ. എന്നോടാണോ കളി, ഞാൻ ആരാ മോൻ. പുറകോട്ടു വന്ന് മുകളിൽ എത്തിയപ്പോൾ കൂടുതൽ ആവേശത്തതിൽ മുട്ട് വളച്ചു മുന്നോട്ടു കുതിച്ചു. പക്ഷെ ആ കുതിപ്പിൽ എന്റെ കാൽ ഊഞ്ഞാലിൽ നിന്നും തെന്നി പോയി. കയറിൽ പിടിവിടാതെ ഞാൻ കിടന്നു. പക്ഷെ താഴെ എത്തിയപ്പോൾ കാൽ മടക്കി വെച്ചിട്ടും മുട്ട് നിലത്തുരഞ്ഞു. സാൻഡ്‌പേപ്പർ ഇട്ടു തുരുമ്പിൽ ഉരക്കുന്ന ഒരു പ്രത്യേകതരം ഒച്ച അന്നേരം എന്റെ കാതുകളിൽ മുഴങ്ങി. ABS ഒന്നും ഇല്ലാത്തതുകൊണ്ട് മുട്ടുകൊണ്ടു മണലിൽ നിരങ്ങിയെങ്കിലും ഞാൻ മുൻപോട്ടു പൊക്കോണ്ടിരുന്നു. അവസാനത്തെ ഒരു രണ്ടുമൂന്നു മീറ്റർ കയറിൽ നിന്നും പിടിവിട്ടു ഒരു ഗ്രിപ്പിനു വേണ്ടി കയ്യും മുഖവും കൂടി ചേർത്ത് മണ്ണിൽ ഉരച്ചാണ് ഞാൻ മുകളിലേക്ക് പൊങ്ങാതെ നിന്നത്. എന്തായാലും മുട്ടിലെ അര  ഇഞ്ചു കനത്തിൽ തൊലിയുടെ കട്ട പോയി വെളുത്ത നിറത്തിൽ കാണാമായിരുന്നു. പോരാത്തതിന് ഓണത്തിന് പായസവും മറ്റും വെക്കാനായി ചെമ്പും വാർപ്പും ഒക്കെ ചാരവും കാരവും ഇട്ടു കഴുകിയ ഭാഗത്തുകൂടി നിരങ്ങിയതിനാൽ നല്ല നീറ്റിലും. മുഖത്ത് കുറച്ച്  ഭാഗത്തെ തൊലിയും പോയി. ഒരുമാസം മുമ്പ് സൈക്കിളെന്ന് വീണു കാലിലെ തൊലി പോയത് ഇപ്പോഴും വെളുത്തിരിപ്പുണ്ട്. എൻറെ മുഖത്ത് മുഴുവൻ വെള്ളപ്പാണ്ട് വന്നു എൻറെ സൗന്ദര്യമൊക്കെ നശിച്ചു ഒരു സിനിമാനടൻ ആകാനുള്ള മോഹം ഇപ്പോൾ പൊലിഞ്ഞു പോകൂല്ലോ  ഈശോയെ എന്ന് വിചാരിച്ച് ഞാൻ സങ്കടപ്പെട്ടു. ചേച്ചിയും കുട്ടൻചേട്ടനും കൂടി മുറിവൊക്കെ കഴുകി ഇത്തിരി കമ്മ്യുണിസ്റ്റുപള്ള ചതച്ചു മുറിവിൽ തേച്ചു തന്നു.


അന്നൊക്കെ വീണിട്ടു വീട്ടിൽ ചെല്ലുവാണെങ്കിൽ ആദ്യം ഒരു അടിയാണ് കിട്ടുക. അത് ഒരു മാതിരി ഫ്രൂട്ട് സാലഡിന്റെ മുകളിൽ ഐസ് ക്രീമിട്ടു തരുന്ന പോലെയാണ്. മുറിവിന്റെ വേദനയാണോ അടിയുടെ  വേദനയാണോ കൂടുതൽ എന്നറിയാതെ വരും. ഞാൻ കൊണ്ട് വിടാണോടാ മോനെ എന്ന് ദീപ്തി ചേച്ചി ചോദിച്ചു, വെറുതെ അടി കിട്ടുന്നത് എന്തിനാ അവരെക്കൂടി കാണിക്കുന്നത് എന്നോർത്ത് വേണ്ട എന്ന് പറഞ്ഞു ഞാൻ ഇറങ്ങി.


പക്ഷെ വീട്ടിൽ ചെന്നാൽ അടി ഉറപ്പ്, അത് ഒരു വീരനെപോലെ ചെന്ന് വാങ്ങാൻ ഞാൻ വീരപ്പൻ അല്ലല്ലോ. അങ്ങനെ കറങ്ങി തിരിഞ്ഞു കപ്പ തോട്ടത്തിൽ ചെന്ന് പന്നിയെലിയുടെ പൊത്തിന്റെ കണക്കും എടുത്തു കുറെ നേരം നടന്നിട്ടും അടിവാങ്ങാനുള്ള വീരപ്പൻ ആയില്ല. അവസാനം പടിഞ്ഞാട്ടുള്ള ആഞ്ഞിലിയുടെ കീഴെ തണലുപറ്റി വല്ല ആനിക്കാവിളയും തലയിൽ വീണു മറ്റൊരു ന്യുട്ടൺ ആവുന്നത് സ്വപ്നം കണ്ടു അറിയാതെ ഉറങ്ങി പോയി.


പെട്ടെന്നാണ് ഒരാരവം ഞാൻ കേട്ടത്, ഞെട്ടി കണ്ണുതുറന്ന് നോക്കുമ്പോൾ ഒരു ഗ്രാമം മുഴുവൻ എത്തിയിട്ടുണ്ട്. സങ്കടവും രോഷവും ആശ്വാസവും നിറഞ്ഞ മുഖത്തോടെ വീട്ടുകാർ, ഭാഗ്യത്തിന് കയ്യിൽ ചൂരലോന്നും കണ്ടില്ല. 


വീഴ്ചയുടെ വേദനയും, വിശപ്പിന്റെ ആധിക്യവും കാരണം നോം ന്യുട്ടൺ ആകാതെ തന്നെ മൂന്നാലു മണിക്കൂർ ഉറങ്ങിയത്രേ. 


Read more...

ചോനോനുറുമ്പു

>> Saturday, June 24, 2023

രാവിലെ ഒരു കടുംകാപ്പിയും എടുത്തു മുറ്റത്തെ ഇളം മഞ്ഞ റോസപ്പൂവിലെ വെള്ളത്തുള്ളിയെ നോക്കി അതിന്റെ സൗന്ദര്യം നുകർന്ന്, ചൂട് കാപ്പി ഊതി ഊതി കുടിച്ചുകൊണ്ടിരുന്നപ്പോൾ ആണ് കുഞ്ഞേപ്പ് അവന്റെ നിക്കറിനകത്തു കൊതുകു കടിച്ചു എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട് ഓടി വന്നത്.

 ജീൻസിന്റെ നിക്കറാണ് ഇട്ടിരിക്കുന്നത്. എന്നാലും അതിനകത്തു കയറി കടിക്കുന്ന കൊതുകോ? കൊതുകിനും കൃമികടി എന്ന് കേട്ടിട്ടുണ്ട്, പക്ഷെ കൊതുകിനും AI വന്നതായി അറിഞ്ഞില്ല.

ഞാൻ മടിയിൽ ഇരുത്തി നോക്കട്ടെ എന്നുപറഞ്ഞു അവന്റെ നിക്കറൂരി. ചൊമന്ന കടിയൻ  ഉറുമ്പു അവന്റെ കുഞ്ഞു കുണ്ടിയിലും സുനാപ്പിയിലും ഒക്കെ കടിച്ചിരിക്കുന്നു. സുനാപ്പിയുടെ തൊലിയുടെ അറ്റം ഉറുമ്പോക്കെ കടിച്ചാൽ വീർത്തു കുമിള പോലെ വരും, ഭയങ്കര വേദനയും ആണ്. ഉറുമ്പിനെ ഓരോന്നായി പിടിച്ചു ഞെരടി കൊന്നു. പാവം ബുദ്ധൻ എവിടെയോ ഇരുന്നു തേങ്ങുന്നുണ്ടാവും എന്റെ കൊലകൾ കണ്ട്.

ഞാൻ പിന്നെ ഉറുമ്പുകളെ കുറിച്ചായി ക്‌ളാസ്. നിന്നെ കടിച്ച ഉറുമ്പിന്റെ പേരാണ് കടിയൻ ഉറുമ്പ്. ചെറിയ ഉറുമ്പാണ്, ഇളം ചൊമല നിറം ആണ്, പക്ഷെ നല്ല വേദനയും നീറ്റലും ആണ് കടിച്ചാൽ. നീയിന്നലെ ചോക്കലേറ്റ് കഴിച്ചിട്ട് നിക്കറിൽ തേച്ചത് കാരണം ആണ് അത് നിക്കറിൽ വന്നത്. പിന്നെ ജീവികൾ അല്ലെ, അതിന്റെ ശത്രുക്കൾ ആണെന്ന് കണ്ടാൽ അത് കടിക്കും. 

എന്റെ നെഞ്ചിൽ ചാരികിടന്നു സുനാപ്പിൽ മെല്ലെ തഴുകി അകലങ്ങളിലേക്ക് കണ്ണും നട്ട്‌ അവൻ ചോദിച്ചു, " സുനാപ്പി കണ്ടാൽ ശത്രു ആണെന്ന് ഉറുമ്പിന് തോന്നുമോ? " (tv യിൽ വെടിയും പൊകയും കാണുന്നതിന്റെ ആഫ്റ്റർ എഫ്ഫെക്ട്സ്) 

"അല്ല ചാച്ചേ... എന്തിനാ ഈശോ ഈ ഉറുമ്പിനെയും കൊതുകിനെയും ഒക്കെ ഉണ്ടാക്കിയത്?" 

ഞാൻ പറഞ്ഞു, "മോനെ, ഉറുമ്പിലും നല്ല ആൾക്കാർ ഉണ്ട്. നീയിപ്പോൾ പഞ്ചസാര പാത്രത്തിൽ ഒക്കെ ഇരിക്കുന്ന ഒരു കറുത്ത ഉറുമ്പിനെ കണ്ടിട്ടില്ലേ? "

അവൻ ഒന്നാലോചിച്ചിട്ടു പറഞ്ഞു " ശരിയാ ചാച്ചേ, അതിനെ ഞാനും തുമ്പിയും അതിനെ ഇക്കിളി ഉറുമ്പെന്നാ വിളിക്കുന്നെ. നമ്മുടെ ദേഹത്തോടെ ഓടിക്കളിക്കുമ്പോൾ അപ്പിടി ഇക്കിളി ആകും. പാവം ഉറുമ്പാണ് അത്, കടിക്കത്തില്ല"

ഞാൻ പറഞ്ഞു "അതാണ് ചാച്ച പറഞ്ഞത്, ഉറുമ്പിലും നല്ലതും ചീത്തയും ഉണ്ട്. ചാച്ചയൊക്കെ കുഞ്ഞായിരുന്നപ്പോൾ അതിനെ സ്നേഹ ഉറുമ്പു എന്നാണ് വിളിച്ചിരുന്നത്. ഒരിക്കലും കടിക്കില്ല. പക്ഷെ ചില ഉറുമ്പുകൾ കടിക്കും. ഉദാഹരണത്തിന് നിങ്ങളുടെ ഇക്കിളിയുറുമ്പിന്റെ വലിയതാണ് കട്ടുറുമ്പ്, അത് പണ്ട് നമ്മുടെ മാവിന്റെ ചോട്ടിൽ കുറെ കൂട്ടം കൂടി ഉണ്ടായിരുന്നില്ലേ? അതിന്റെ ഒരു മൂത്ത സാധനം ആണ് കട്ടുറുമ്പ്, കടിച്ചാൽ നല്ല വേദനയാ.. പിന്നെ അതിലും വലുപ്പം കൂടിയ ഒരെണ്ണം ഉണ്ട്, ചൊട്ടൻ എന്ന് വിളിക്കുന്ന ഒരു ഭീകര സാധനം. നിന്നെ ഇപ്പോൾ കടിച്ച ചൊമല കുഞ്ഞുറുമ്പിന്റെ കടി പോലെ അല്ല. പൊകഞ്ഞു ഇരിക്കും. വിരലൊക്കെ നീര് വെച്ച് വീർത്തു ഇരിക്കും. കുഞ്ഞേപ്പ് വീർത്തിരിക്കുന്ന സുനാപ്പിയിൽ ഒന്നൂടെ നോക്കി.

പിന്നെയും അകലങ്ങളിലേക്ക് നോട്ടം ഇട്ട കുഞ്ഞേപ്പ് ചോദിച്ചു, " അപ്പോൾ ഈ ചൊമന്ന കടിയനുറുമ്പിന്റെ വലുതായിരിക്കും അല്ലെ നീറ്, പേരയിലും ചാമ്പയിലും എല്ലാം മുഴുവൻ അതാണ്. എനിക്കിട്ടു ഇടക്കെല്ലാം കടി കിട്ടും."

അവന്ന് തുടർന്നു " അപ്പൊ ഈ ചെറുതായിരിക്കുമ്പോൾ ഇക്കിളിയൊക്കെ ഇടുന്ന ചാച്ചേടെ സ്നേഹ ഉറുമ്പോക്കെ വലുതാകുമ്പോൾ കട്ടുറുമ്പും ചൊട്ടനും ഒക്കെ ആയി കടി തുടങ്ങും അല്ലെ? അപ്പൊ ചേട്ടന്മാരൊക്കെ ഇത്തിരി കഴിയുമ്പോൾ വലിയ ഉറുമ്പുകളെ പോലെ കടിയും തല്ലും ഒക്കെ തുടങ്ങുമോ?"

എവിടെയോ ഒരു കൊച്ചു വിലക്കം വന്നു എനിക്ക്. വിഷമത്തോടെ ഞാൻ ചോദിച്ചു. "അങ്ങനെ ആണേൽ ചാച്ചയും അമ്മയും ഒക്കെ ചൊട്ടനെ പോലെ വലിയ വേദന ഉള്ള കടി തരുന്നവരാണോ?"

കുഞ്ഞേപ്പ് ഇന്ന് ഫുൾ ആലോചനാ മൂഡിൽ ആണ്. അതോ ഇനി അവന്റെ സുനാപ്പിയുടെ തൊലിയുടെ വേദന അവനെ ആഴത്തിൽ ചിന്തിപ്പിക്കുന്നതാണോ ആവോ? അവൻ പറഞ്ഞു "ചിലപ്പോൾ അമ്മ വഴക്കു പറയുമ്പോൾ ചൊട്ടൻറെ കണക്കായോ എന്ന് തോന്നും. പക്ഷെ ചാച്ച കുഴപ്പമില്ല കേട്ടോ, സ്നേഹയുറുമ്പാണ്."

വിഷയം മാറ്റാൻ ഞാൻ അവനെ പതുക്കെ കൈപിടിച്ച് മുറ്റത്തേക്ക് കൊണ്ട് പോയി. പടിഞ്ഞാറേ മാട്ടേലോട്ടു ചെന്ന് ചാരി നിന്ന് അറ്റത്തു നിക്കുന്ന മാവിൽ നോക്കിയപ്പോൾ ആണ് ശ്രദ്ധിച്ചത് അതിൽ ഇപ്പോൾ ചോനൻ (ജോനോൻ) ഉറുമ്പാണ്‌. അമ്മ ഇടയ്ക്കു പറഞ്ഞിരുന്നു, നീറിനെ ഓടിക്കാൻ ചോനൻ ഉറുമ്പിനെ കേറ്റി വിറ്റാൽ മതിയെന്ന്.

ഞാൻ പിന്നെ കുഞ്ഞേപ്പിനോട് പറഞ്ഞു. ഈ കടിക്കുന്ന നീറിനെ ഒക്കെ ഓടിക്കാൻ ഈ ചോനൻ ഉറുമ്പിന് പറ്റും. പക്ഷെ ചോനൻ നമ്മുടെ കൂട്ടുകാരൻ ആണ്. കടിക്കില്ല, മറ്റേ കറമ്പൻ കുഞ്ഞിന്റെ അത്ര ഇക്കിളി ഒന്നും ഇല്ല, പക്ഷെ സ്നേഹം ഉള്ളവനാണ്"

"നേരാണോ ചാച്ചേ? ഞാൻ നീറിന്റെ കുഞ്ഞാണെന്നു കരുതി കുറെ എണ്ണത്തിനെ കൊന്നിട്ടുണ്ട്. പാവം, നമ്മുടെ ഫ്രണ്ട്‌സ് ആയിരുന്നല്ലേ?  ഇനി ഞാൻ കൊല്ലില്ല കേട്ടോ."

അങ്ങനെ പതുക്കെ മുമ്പോട്ടു നടന്ന് പട്ടിക്കൂടിന്റെ അടുത്ത് ചെന്നപ്പോളാണ് അവിടെ പലകയിൽ ഇരിക്കുന്ന കുറച്ചു ചിതലിനെ കണ്ടത്. എന്റെ വിശ്വവിജ്ഞാന കെട്ടഴിക്കാൻ വെമ്പിയ ഞാൻ ചിതലിനെ കുറിച്ചും പിന്നെ മഴക്കാലവും വേനൽക്കാലവും വരുമ്പോൾ അതിന്റെ മുന്നറിയിപ്പായി വരുന്ന ഈയലിനെ പറ്റിയും ഒക്കെ ആ കുഞ്ഞു മനസ്സിന്റെ മുമ്പിൽ വിളമ്പി. 

അവസാനം എവിടെയോ കേട്ടു മറന്ന കഥയിലെ നുറുങ്ങുകൾ എന്ന പോലെ, അടമഴ വരുന്നതിനു മുമ്പും വലിയ വേനൽ വരുന്നതിനു മുമ്പും വയസായ ചിതലുകൾ ഈയലുകളായി മാറും എന്നും, മണ്ണിൽ നിന്നും പുറത്തു വന്നു എന്തിനെന്നറിയാതെ ആകാശത്തേക്ക് പറന്നു പൊന്തുമെന്നും, ചിലതൊക്കെ വിളക്കിന്റെയും പ്രകാശത്തിന്റെയും പുറകെപോയി ഒടുങ്ങി തീരുമെന്നും, മറ്റുള്ളവ ആകാശത്തിലേക്ക് പറന്നുയർന്ന്, അവസാനം ഉയരത്തിൽ വെച്ച്  മരിച്ചു പ്രകൃതിയിൽ അലിയും എന്നൊക്കെ ആ കുഞ്ഞു മനസ്സിന്റെ ചിന്തകളിലേക്ക് എന്തിനെന്നറിയാതെ പകർന്നു വെച്ചു.

അവൻ എന്നോട് ചോദിച്ചു. "അപ്പോൾ ചാച്ചയും വയസായാൽ ഇത് പോലെ പറന്നു പൊങ്ങി ആകാശത്തിലേക്കാണോ പോവുക?"

ഞാൻ പറഞ്ഞു, "ഇല്ലെടാ കുഞ്ഞേപ്പേ... ചാച്ച ഒരു ചോനൻ ഉറുമ്പിനെ പോലെ നിങ്ങളെ കടിക്കാൻ വരുന്ന നീറിനെയും ചൊട്ടനെയും ഒക്കെ ഓടിക്കുന്ന ഒരു കുഞ്ഞു സ്നേഹ ഉറുമ്പായിരിക്കും, എന്നും, എപ്പോളും."  അവൻ സ്നേഹത്തോടെ എന്നെ ഇറുക്കി കെട്ടിപിടിച്ചു.

ഞങ്ങൾ നാല് കുട്ടികൾക്ക് ഒരു ചോനൻ ഉറുമ്പിനെ പോലെ നിക്കേണ്ട ആൾ ഒരു ഈയാം പാറ്റയെപോലെ പറന്നുയർന്ന് എരിഞ്ഞു തീർന്നിട്ട് ഇന്ന് 41 വർഷം.....




Read more...

പിറന്നാൾ

>> Monday, January 2, 2023

അങ്ങനെ നീണ്ട 48 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഈ മനോഹരമായ ഭൂമിയിൽ പിറന്നു വീണിട്ട്. ഇത്രയും നാളുകൾ ജീവിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായി കരുതുന്നു. ഇനിയുള്ള ഓരോ ദിവസവും ബോണസായി കരുതേണ്ടിയിരിക്കുന്നു.

തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി മാത്രം. ഒരു ആവറേജ് അല്ലെങ്കിൽ ബിലോ ആവറേജ് ആയിരുന്ന, വളർച്ചയിലും വിവേകത്തിലും അല്പം ലേറ്റ് ആയിരുന്ന ഞാൻ ഇന്ന് എന്റെ നേട്ടങ്ങളിലും കോട്ടങ്ങളിലും എല്ലാം ഒരു ചെറു പുഞ്ചിരിയോട് കൂടി കടന്നു പോകുന്നു. 

ഇന്നിപ്പോൾ ഈ പാതിരാത്രിയിൽ ഒറ്റക്കിരുന്നു പിന്തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തിയും സന്തോഷവും മാത്രം. എനിക്ക് ശരിയെന്നുതോന്നുന്നത്, സന്തോഷം തരുന്നത്, ആരെയും ദ്രോഹിക്കാൻ ഉദ്ദേശമില്ലാത്തത് ഒക്കെ ചെയ്തുകൊണ്ട്, ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കുന്നു. 

ലോകത്തിന്റെ കാഴ്ചപ്പാടിൽ ഒരുപക്ഷെ ഇന്നത്തെ സാഹചര്യങ്ങൾ വെച്ച് നോക്കിയാൽ ഒട്ടും സെക്യൂർ അല്ലാത്ത, ഒത്തിരി നേട്ടങ്ങളും സേവിങ്‌സും ഇല്ലാത്ത, ലഭിച്ച അവസരങ്ങൾ നന്നായി ഉപയോഗപ്പെടുത്താതെ പരാജിതനായ ഒരാളാണ് ഞാൻ. പലരുടെയും കണ്ണിൽ കഴിവുകളും അവസരങ്ങളും ഉപയോഗപ്പെടുത്താതെ ഒഴുകിപോയവൻ ആണ് ഞാൻ. അത്രക്കൊന്നും ഞാൻ ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്, ഒരു പക്ഷെ എന്നെ പ്രോത്സാഹിപ്പിക്കാൻ പറയുന്നതാവാം.

ഞാൻ ഒരു പരാജിതൻ എങ്കിൽ,  എന്റെ പരാജയങ്ങൾക്ക് ഉത്തരവാദി ഞാൻ മാത്രമാണ്, എന്റെ കഴിവുകേടുകൾ തന്നെയാണ്. ഭാഗ്യത്തിനേയോ, ദൈവത്തിനെയോ, കാർന്നോന്മാരെയോ ഒന്നും പഴിചാരാതെ എന്റെ പരാജയങ്ങൾക്ക് ഞാൻ മാത്രമാണ് ഉത്തരവാദി എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. 

പക്ഷെ ഈ പരാജയങ്ങൾ ഒന്നും പരാജയം അല്ലെന്നും, എന്നെ സംബന്ധിച്ചിടത്തോളം ഒത്തിരി  വിജയങ്ങൾ എനിക്കുണ്ടെന്നും ഉള്ള ചിന്തകൾ ആയിരിക്കാം എന്നെ സന്തോഷത്തോടുകൂടി മുന്നോട്ടു നയിക്കുന്നത്. അല്ലെങ്കിൽ തന്നെ സ്വയം വിജയങ്ങൾ കണ്ടെത്താതെ പരാജിതനായി ആർക്കും മുന്നോട്ടു പോവാൻ ആവില്ലല്ലോ. 

കാലത്തിന്റെ കുത്തൊഴുക്കിൽ, വിലപ്പെട്ടത് എന്ന് കരുതിയിരുന്നത്തിൽ പലതും പതുക്കെ കൊഴിഞ്ഞുപോവുകയോ അല്ലെങ്കിൽ അകലുകയോ ചെയ്തു. ഭാര്യയും കുട്ടികളും ഇന്നിപ്പോൾ ജീവനും സ്വന്തവും എന്ന് കരുതി ജീവിക്കുന്നു. കുട്ടികളൊക്കെ പറക്കമുറ്റുമ്പോൾ അവരുടെ വഴികളിൽ തിരിഞ്ഞു പോകും, പോകണമല്ലോ...അമ്മയുടെ കൂടെ പഴയ കുട്ടിയായി ഒന്നുകൂടി കിടക്കണം, വയസ്സനും പക്വതയുള്ളവനും ആയപ്പോൾ എവിടെയോ അത് പോയി. പിന്നെ അല്പം സ്വാർത്ഥതയോടുകൂടി ആഗ്രഹിക്കുന്നു..... മരണം വരെ ഭാര്യ കൂടെയുണ്ടാവണം. 

പ്രാഞ്ചിയേട്ടനിൽ ഫ്രാൻസിസ് അസ്സീസി പറയുന്നപോലെ, ജീവിതമെന്നത് നമ്മൾ കാണുന്ന പോലെ ഒന്നുമല്ലല്ലോ. എന്നോട് സ്നേഹമുണ്ട് എന്ന് ഞാൻ വിചാരിക്കുന്ന കുറച്ചധികം ആളുകൾ.... കുടുംബം, സ്വന്തം, ബന്ധം, കൂട്ടുകാർ എന്ന് തുടങ്ങി പെട്ടെന്ന് പരിചയപ്പെടുന്നവർ വരെ എന്നോട് സ്നേഹത്തോടും ഇഷ്ടത്തോടും കൂടി പെരുമാറുമ്പോൾ എന്റെ ജീവിതം സഫലമായി എന്ന് കരുതുന്നു. 

ഒരു നല്ല മനുഷ്യനായി ആരെങ്കിലും എന്നെ കരുതുന്നു എങ്കിൽ അതായിരിക്കും എന്റെ നേട്ടം. സമ്പത്തോ കരിയറോ സ്ഥാനമാനങ്ങളോ ആയിരുന്നു എന്റെ നോട്ടമെങ്കിൽ ഒരു പക്ഷെ ഞാൻ വേറൊരാളായേനെ എന്ന് തോന്നുന്നു. നഷ്ടമെന്നു ഇന്നും തോന്നുന്നത് ഒരു കായികതാരം ആയില്ല എന്നുമാത്രം ആണ്. 

മക്കളിലൂടെ എങ്കിലും അത് സഫലമാകുമോ എന്നറിയില്ല, എങ്കിലും വളരെ സംതൃപ്തനായി  ഞാൻ മുന്നോട്ടു പോവട്ടെ. ആരെയെങ്കിലും ഞാൻ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോടു ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്തെങ്കിലും പിണക്കമോ പ്രയാസമോ എന്നോട് ഉള്ളവർ പറഞ്ഞാൽ ഞാൻ അവരെ വിളിച്ചു സംസാരിക്കാം, നേരിട്ട് കാണാം (പണം മാത്രം ചോദിക്കരുത്). ഒരു മനുഷ്യനെന്ന നിലയിൽ എനിക്കും പരിഭവങ്ങൾ ഒക്കെ ഉണ്ട്, പക്ഷെ അതെല്ലാം ഒരു മഞ്ഞുകണം പോലെ അലിഞ്ഞില്ലാതാവുന്നതു തന്നെ.  

ഇനി ബാക്കിയുള്ള കാലം മനസ്സിൽ നന്മയും സ്നേഹവും ആയി പോകാം. എല്ലാവരോടും ഒത്തിരി ഒത്തിരി നന്ദിയോടും സ്നേഹത്തോടും കൂടെ.....

സിനോജ് സിറിയക് 


Read more...

ഒരു "ന" കാര്യം

>> Monday, September 19, 2022

ഒരു "ന" കാര്യം 


അവധി ദിനം ആയിരുന്നുകൊണ്ടു കൊണ്ട് ഇന്നലെ ഉള്ള പിള്ളേരേം പെറുക്കി വണ്ടിയിൽ ഇട്ടു സകുടുംബം ഒരു യാത്ര പോയി. 

രാവിലെ വെള്ളയൊക്കെ കീറി ഉഷാറോടെ വന്ന പ്രഭാകരൻ പതുക്കെ കീറിയതൊക്കെ തുന്നിക്കെട്ടി വെറും രവിയായി തിരിച്ചു കയറുകയും അതേസമയം ചിലരൊക്കെ പുച്ഛിക്കുന്ന ശശി ഇന്നിത്തിരി ശോഭയോടെ വരുകയും ചെയ്തു. രവിയുടെ കൂടെ മഞ്ഞും മലയും മഴയും ആസ്വദിച്ച ഞങ്ങൾ പതുക്കെ ശശിയുടെ കൂടെ തിരികെ പോരുന്ന സമയം.

പെട്ടെന്നാണ് ചർച്ചകൾ ചൂടുപിടിച്ചത്. അതിനു കാരണം വണ്ടിയുടെ മുൻപിൽ നിന്നും മാറാതെ റോഡിൽ കിടന്ന ഒരു നായ.

ശരിക്കും ആരാണ് മലയാള അക്ഷരമാലയയിലെ "ന". എന്തുകൊണ്ട് ഒരേ അക്ഷരം ആയിട്ടും നായയുടെ "ന" യും ആനയുടെ "ന" യും നമ്മൾ വ്യത്യസ്തമായി ഉപയോഗിക്കുന്നു. 

നായയുടെ "ന" യുടെ കൂട്ടാളികൾ ആയി നന്മ, നന്ദി, നല്ലത് തുടങ്ങിയ പോസിറ്റീവ് വാക്കുകളും ഇടികിട്ടുമ്പോൾ വരുന്ന നീര് മുതൽ നര, നരകം, നാറി തുടങ്ങിയ നെഗറ്റീവ് വാക്കുകളും നിർവികാരങ്ങൾ ആയി നദി, നാരായം, നാരകം, നിതംബം ഒക്കെ വന്നു ആറാടിയപ്പോൾ ആനയുടെ "ന" മറ്റൊരു തലത്തിൽ ആയിരുന്നു.

ആദ്യാക്ഷരക്കൂട്ടുകൾ പഠിക്കുമ്പോൾ തന്നെ വരുന്ന പന മുതൽ പേന, പനി, വനം, മനസ്, കനം, കനവ്, ചെന, ചേന തുടങ്ങി ചൈന വരെ.

അപ്പോൾ ദേണ്ടെ വീണ്ടും പ്രശ്‍നം, രണ്ടു "ന" അടുപ്പിച്ചു വന്നാലോ? കാനനം , നനയുക, നിനവ്, ഖനനം ....

അവസാനം ഒരു തീരുമാനത്തിൽ എത്തി. "ന" യിൽ തുടങ്ങുന്ന വാക്കുകൾക്ക് നായയുടെ "ന" യും രണ്ടാമത് മുതൽ വരുന്ന "ന"കൾ ആനയുടെ "ന" യും ആയി ഉപയോഗിച്ചാൽ ശരിയാവുമോ?

നന്നായി നാട്ടിൽ നിന്നും നടന്നു നഗരത്തിൽ നനഞ്ഞെത്തിയത് ....



Read more...

ഏകാന്തത

>> Saturday, June 25, 2022


ഏകാന്തത എന്നു പറയുന്നത് ചിലർക്ക് ഒരു സ്വപ്നമാണ്. കേട്ടിട്ടില്ലേ, വനാന്തരങ്ങളിലും ഹിമാലയത്തിലും ഒക്കെ ഒറ്റയ്ക്ക് പോയി തപസ്സിരിക്കുന്ന മുനിമാരെ കുറിച്ച്? എന്നാൽ മറ്റുചിലർക്ക് ഏകാന്തത വളരെ മടുപ്പിക്കുന്ന, പേടിപ്പിക്കുന്ന, ഭ്രാന്ത് പിടിപ്പിക്കുന്ന ഒന്നാണ്. ചിലർക്കാകട്ടെ ഇത് വളരെ ആപേക്ഷികമാണ്. ഞാൻ ആ കൂട്ടത്തിൽ ആണ്, ഒറ്റപ്പെടലിനെ വേദന ആളിക്കത്തുമ്പോൾ ഓടി നാട്ടിലേക്ക് ചെല്ലും. അവിടെ ആകുമ്പോൾ ഭാര്യയുണ്ട്, അമ്മയുണ്ട്, പുരമുഴുവൻ ചിതറി നടക്കുന്ന പിള്ളേരുണ്ട്. പിന്നെ സഹോദരങ്ങൾ കുടുംബക്കാർ പിന്നെ അതൊന്നും പോരാഞ്ഞിട്ട് ആവശ്യത്തിലധികം കൂട്ടുകാരും. എൻറെ ഭാര്യക്ക് പക്ഷേ ഈ ലക്ഷുറി ഒന്നുമില്ല. അവളുടെ ഏകാന്തത എന്നുപറയുന്നത് ഒരു പക്ഷേ രാത്രിയുടെ, അല്ലേൽ പുലർച്ചയുടെ ഏതെങ്കിലും യാമങ്ങളിൽ എന്നോടൊപ്പം കഴിയുന്ന കുറച്ചു നിമിഷങ്ങൾ മാത്രമായിരിക്കാം.

കുറച്ചുദിവസം അവിടെ പാറിപ്പറന്നു നടന്ന് അവസാനം ദുബായിൽ നിന്നും കമ്പനിക്കാരും കടക്കാരും ഒക്കെ വിളി പതുക്കെ മുറുക്കുമ്പോൾ തിരികെ മണലാരണ്യത്തിലേക്ക്. ആവശ്യത്തിലധികം ഏകാന്തത എനിക്കിവിടെ ലഭിക്കുന്നത് കൊണ്ടു തന്നെ പലപ്പോഴും അത് മടുപ്പുളവാക്കുന്നതാണ്. ചിലപ്പോഴൊക്കെ ഫോൺ വിളികളിലൂടെ ആരുടെയൊക്കെയോ ഒപ്പമുണ്ടെന്ന് ഉള്ള ഒരു തോന്നലിൽ കഴിയും,  കിടക്കാൻ നേരം തലയിണയിൽ ഭാര്യയുടെ ഉടുപ്പിടുവിച്ച് കെട്ടിപ്പിടിച്ചു കിടക്കും. അങ്ങനെ നമുക്ക് നമ്മുടേതായ ചില പരിഹാര മാർഗ്ഗങ്ങൾ.

എന്നാൽ ചിലപ്പോഴൊക്കെ മനസ്സും മടുക്കുമ്പോൾ, ഏകനാണ് എന്ന ചിന്ത മനസ്സിനെ വല്ലാതെ വേദനിപ്പിക്കുമ്പോൾ, നേർചിന്തകളുടെയും വിഭ്രാന്തിയുടെയും വരമ്പത്തുകൂടി മനസ് ചഞ്ചലപ്പെട്ട് നടക്കുമ്പോൾ, വണ്ടിയുമെടുത്ത് രാത്രിയുടെ അന്ത്യയാമങ്ങളിൽ മരുഭൂമിയുടെ ഏതെങ്കിലും ഒരു ഒഴിഞ്ഞ കോണിൽ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കാറുണ്ട്. അങ്ങനെ ഇന്നും നക്ഷത്രങ്ങളെ നോക്കി, അതൊക്കെ മരിച്ചുപോയ എന്റെ പ്രിയപ്പെട്ടവർ എന്നെ നോക്കി ചിരിക്കുന്നതാണ് എന്ന് വിചാരിച്ചു കൊണ്ട് വെറുതെ അങ്ങനെ കിടന്നു.

പെട്ടെന്ന് ഈ കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോളത്തെ ചില സംഭവങ്ങൾ എന്റെ ഓർമയിലേക്ക് പതുക്കെ തികട്ടി വന്നു. മൂത്ത മകൻ കുഞ്ഞു കറിയാച്ചൻ, അവന് ഇപ്പോൾ 15 വയസ്സ് ആയി, ഒത്തിരി വലുതായി. കാര്യം കൗമാരത്തിലേക്ക് കടന്നുവെങ്കിലും, ചാച്ചയുടെ കാലിന്റെ അറ്റത്തു എങ്കിലും ഒന്നു തൊട്ടുകൊണ്ട് കൂട്ടത്തിൽ കിടന്നോട്ടെ എന്ന് ചോദിച്ചു ഇപ്പോളും കൂടെ കിടക്കുന്ന ചെക്കൻ. നാട്ടിലുണ്ടായിരുന്ന എന്റെ അനിയൻ തിരിച്ചു ബാംഗ്ലൂരിലേക്ക് പോകുമ്പോൾ നീ പോരുന്നോടാ കൂടെ എന്ന് അവനോട് ചോദിച്ചു. "ഞാൻ പൊക്കോട്ടെ ചാച്ചേ" എന്ന് അവനെന്നോട് അനുവാദം ചോദിച്ചു. ഒന്നാലോചിച്ചിട്ട് ഞാൻ പൊക്കോളാൻ പറഞ്ഞു.

അങ്ങനെ രണ്ടു പേരും കൂടി ബാംഗ്ലൂർ പോയി. കാര്യം ബാക്കി നാലെണ്ണം കൂടെ ഉണ്ട് എങ്കിലും അവനെ ഭയങ്കരാമായി മിസ് ചെയ്തു. കാണാതെ പോയ ആടിനെ തിരക്കി നടന്ന ഇടയന്റെ മനസ് എനിക്ക് മനസ്സിലായി. കുറച്ച് ദിവസത്തേക്ക് വന്ന ഞാൻ കുഞ്ഞുങ്ങളിൽ ഒരാളെ പോലും  മിസ് ചെയ്തിരിക്കാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. പക്ഷെ അവൻ അവിടെ ഒരാഴ്ച അടിച്ചുപൊളിച്ചു തിരിച്ചു വന്നു. ഇനി ആകെ ഒരാഴ്ച മാത്രം എനിക്ക് തിരികെ മടങ്ങാൻ. എന്തോ ചെറിയ കശപിശക്കിടയിൽ, അവൻ പരാതി പറഞ്ഞപ്പോൾ അമ്മ അവനോടു പറഞ്ഞു, മോനെ ചാച്ചക്ക് നീ പോയത് സങ്കടം ആയിരുന്നു, പിന്നെ നിന്റെ ആഗ്രഹം കണ്ടപ്പോൾ പൊക്കോട്ടെ എന്ന് വെച്ചതായിരുന്നു എന്ന്.

അവൻ ഓടി വന്നു എന്നോട് ചേർന്ന് നിന്നു പറഞ്ഞു, "ചാച്ച.. ഒന്ന് പറഞ്ഞിരുന്നെകിൽ ഞാൻ പോകില്ലായിരുന്നല്ലോ". ഞാൻ അവനോട് പറഞ്ഞു.

"മോനെ, നിനക്ക് പതിനഞ്ചു വയസായി. ഇനി നീ അപ്പനെയും അമ്മയെയും ഒക്കെ വിട്ടു പുറത്തു പോകേണ്ട സമയം ആയി. ഞങ്ങൾക്ക് എത്ര നാൾ പൊതിഞ്ഞു വെക്കാൻ പാറ്റും നിന്നെ? നിന്റെ വഴികളിൽ ഒരു തടസം ആയി ഞങ്ങൾ ഒരിക്കലും ഉണ്ടാവില്ല. ഒരു പ്രായം ആകുമ്പോൾ കോഴിയൊക്കെ കുഞ്ഞുങ്ങളെ കൊത്തിപ്പിരിച്ചു തനിയെ വിടും. ഞങ്ങൾക്ക് അങ്ങനെ വിടാൻ ഒരിക്കലും പറ്റില്ല, പക്ഷെ പോകുന്നത് ഒരിക്കലും തടസപ്പെടുത്തില്ല."

പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവൻ എന്നെ കെട്ടിപ്പിടിച്ചു, കണ്ണുനീർ ധാരധാരയായി ഒഴുകി, ഏങ്ങലടികൾ നിയന്ത്രിക്കാൻ  സാധിച്ചില്ല. ഒരിക്കലും നിങ്ങടെ അടുത്തു നിന്നും ഞാൻ പോവില്ല എന്നവൻ പറഞ്ഞു. ഞാൻ പറഞ്ഞു, ഇതൊക്കെ പണ്ട് പറഞ്ഞതാണ് ഞങ്ങളും. ഇന്നിപ്പോൾ സ്വന്തം കുടുംബം ആകുമ്പോൾ എല്ലാം മാറും, മാറണം, അതാണ് ജീവിതം. അച്ഛനെയും അമ്മയെയും വിട്ടു ഭാര്യ ഭർത്താവിനോടും ഭർത്താവു ഭാര്യയോടും ചേരണം. അതാണ് പ്രകൃതി നിയമം.

അവന്റെ കരച്ചിലിൽ എനിക്ക് സങ്കടം തോന്നിയില്ല, പക്ഷെ തന്റെയൊപ്പത്തോളം വളർന്ന അവൻ എന്റെ നെഞ്ചിന്റെ ചൂടിൽ കിടന്നപ്പോൾ ഒരു നിർവൃതി തോന്നി.

പണ്ടൊരിക്കൽ നാല് കുട്ടികൾക്ക് നഷ്ടമായ ഒരു കരുതൽ, ഒരു ധൈര്യം, ഒരാശ്വാസം. ആ നഷ്ടത്തിന്റെ നാല്പതാം ഓർമയാണ് ഇന്ന്. ഇന്നും ആ നെഞ്ചിൽ ഒന്ന് ചേർന്ന് നിന്നു കരയാൻ കൊതിയുണ്ട്. വെറുതെ എന്റെ കണ്ണുകൾ നക്ഷത്രങ്ങൾക്കിടയിൽ പരതി നോക്കി. സ്വർഗത്തിൽ ഇപ്പോൾ ചാച്ചക്കു ഏകാന്തത ആയിരിക്കുമോ? അതോ നിരവധി നക്ഷത്രങ്ങളുടെ കൂടെ ഉല്ലാസവാനായി നടക്കുകയാണോ? ഞങ്ങളെ ഒക്കെ മിസ് ആകുന്നുണ്ടാവുമോ, അതോ മറന്നോ? ഒരിക്കലെങ്കിലും ഒന്ന് വന്നു കെട്ടിപ്പിടിക്കാൻ, ഏറ്റവും കുഞ്ഞായിരുന്നയാളെയെങ്കിലും ഒന്ന് നെഞ്ചോട് ചേർക്കാൻ തോന്നില്ലേ?  

ഈ  ഭൂമിയിൽ കുറച്ചു കാലം ജീവിച്ചു പ്രകൃതിയിലേക്ക് മടങ്ങിപ്പോയ ഞങ്ങളുടെ ചാച്ച, ഇന്നിപ്പോൾ അദ്ദേഹത്തെ ഓർക്കുന്നവർ വളരെ കുറവായിരിക്കാം. അമ്പതു വയസിനു മുകളിൽ പ്രായമുള്ള ജീവിച്ചിരിക്കുന്ന കുറച്ചു പേർക്ക് മാത്രം ഓർമയുള്ള ഒരു മുഖം. വല്ലപോലും ഒക്കെ ആ ചാച്ചയുടെ കഥകൾ ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു വികാരം ആണ്. നൊമ്പരവും സന്തോഷവും പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ ചേർന്ന ഒരു പ്രത്യേക അനുഭവം.

ഒത്തിരി ആളുകളിൽ നിന്നും സ്നേഹം ലഭിച്ചിട്ടുണ്ട്. ബന്ധുക്കളിൽ നിന്നും, സത്യം പറഞ്ഞാൽ കൂട്ടുകാരിൽ നിന്ന് വരെ കുറേശ്ശെ അതൊക്കെ ലഭിച്ചിട്ടുണ്ട്, അല്ലെങ്കിൽ ഞങ്ങൾ എടുത്തിട്ടുണ്ട്. എല്ലാം നന്ദിയോടെ ഓർക്കുന്നു. പക്ഷെ ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്. 





 



 

Read more...

ഉരുള

>> Sunday, January 30, 2022

ഭയങ്കര തണുപ്പ്, പുതപ്പു ഒന്നുകൂടി വലിച്ചിട്ടു അമ്മയെ നന്നായി കെട്ടിപിടിച്ചു കിടന്നു.  അമ്മയുടെ വയറിൽ ഉള്ള ഒരു കുഞ്ഞു മണി പോലെയുള്ള ഒരു കുരു പിടിച്ചു ഞെരടിക്കൊണ്ടു കിടക്കാൻ നല്ല സുഖം ആണ്. പക്ഷെ മുള്ളാൻ മുട്ടിയിട്ടു വയ്യ, അമ്മയോട് ചോദിച്ചു എന്നെ ഒന്ന് മുള്ളിക്കാൻ കൊണ്ടുപോകുമോ എന്ന്. അമ്മ എന്നെ ചേർത്ത് പിടിച്ചു അടുക്കളയുടെ പുറകിൽ ഉള്ള പതിനെട്ടാംപാത്തി തെങ്ങിന്റെ അടിയിൽ കൊണ്ടുപോയി നിക്കറിന്റെ സിബ് ഊരി തന്നു. അമ്മയോട് ചേർന്ന് നിന്ന് ഞാൻ നീട്ടി ഒഴിച്ചു. എന്റെ നിക്കർ നനഞ്ഞു, കെട്ടിപ്പിടിച്ച തലയിണയും. ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നു. 

ഞാൻ അശ്വിൻ രവീന്ദ്രൻ, ആറാം ക്ലാസിൽ പഠിക്കുന്നു. അപ്പയുടെ കൂടെ അച്ഛവീടായ കാഞ്ഞിരപ്പള്ളിയിൽ താമസിക്കുന്നു. ഒരു കുഞ്ഞു കാന്താരി തുളസി എന്ന ചിന്നു ഉണ്ട് കൂടെ, ആറു വയസ്  ആയി അവൾക്ക്. എന്നെയും സ്നേഹത്തോടെ ചിലരൊക്കെ അച്ചു എന്ന് വിളിക്കും കേട്ടോ. 

അപ്പയെയും ചിന്നുവിനെയും കൂടാതെ അപ്പൂപ്പനും അമ്മൂമ്മയും ഉണ്ട്, പണിക്കാരി അമ്മിണിയമ്മ ഉണ്ട്, പിന്നെ വെട്ടുകാരൻ ചാക്കോ ചേട്ടൻ , വീട്ടിലെ പട്ടി കട്ടപ്പ അങ്ങനെ കുറച്ചുപേർ ആണ് ഇവിടുത്തെ ആളുകൾ. ഇപ്പൊ സ്‌കൂളും കാര്യങ്ങളും ഒന്നും ഇല്ല, കൊറോണ ആണല്ലോ. ഓൺലൈൻ ക്ലാസ് ആയതുകൊണ്ട് വീട്ടിൽ തന്നെ ഇരുപ്പാണ്, ആരും കാണാതെ കുറെ ഗെയിംസ് കളിക്കും, കാർട്ടൂൺ കാണും, യൂട്യൂബ് കാണും. ഇതൊക്കെ തന്നെ പരിപാടി. 

ബാംഗ്ളൂർ ആയിരുന്നു ഞങ്ങൾ, നാല് വർഷം മുമ്പ് എന്റെ അമ്മ മരിച്ചതിനു ശേഷം ആണ് അപ്പയുടെ വീടായ കാഞ്ഞിരപ്പള്ളിയിൽ എത്തിയത്. നിറയെ വെളിച്ചവും ആളുകളും ഉള്ള ബാംഗ്ലൂർ നിന്നും മരങ്ങളും ഇരുട്ടും നിറഞ്ഞ കാഞ്ഞിരപ്പള്ളിയിൽ. അവിടെ ഫ്ളാറ്റിലെ ജീവിതം എന്തോരം രസമായിരുന്നു എന്നറിയാമോ? എന്നും വൈകിട്ട് കളിക്കാൻ കുറെ കൂട്ടുകാർ. ചിലപ്പോൾ സാറയുടെ വീട്ടിൽ പോയി അവളുടെ മമ്മി തരുന്ന സ്വീറ്സ് ഒക്കെ കഴിച്ചു ഡോറ കാണും, സെക്യൂരിറ്റി അങ്കിളിനെ മണിയടിച്ചു പാർക്കിങ്ങിൽ ക്രിക്കറ്റ് കളിക്കും, സൈക്കിൾ ഓടിക്കും, അങ്ങനെ അടിപൊളി ആയിരുന്നു. ഇവിടെ ഇപ്പോൾ കളിക്കണമെങ്കിൽ ചിന്നു മാത്രം ഉണ്ട് കൂട്ട്, ചലപ്പോൾ അമ്മിണിയമ്മ ചെറുതായി കൊഞ്ചിക്കും. പക്ഷെ ചിന്നു കുശുമ്പ് കാണിച്ചു അവിടെയും വന്നു എന്നെ ഓടിക്കും. 

അപ്പൂപ്പനും അമ്മൂമ്മക്കും ഞാൻ ടാബും, ലാപ്ടോപ്പും ഒക്കെ യൂസ് ചെയ്യുന്നത് കാണുന്നതേ ദേഷ്യം ആണ്. നിന്റെ നല്ല കണ്ണാണ്, അത് സോഡാ ഗ്ലാസ് വെച്ച് ചത്ത മീനിന്റെ കണ്ണുപോലെയാകും എന്നൊക്കെ പറഞ്ഞു എപ്പോൾ കണ്ടാലും വഴക്കാണ്. ഞാൻ മൈൻഡ് ചെയ്യാറില്ല. ഉച്ചക്ക് അവർ ഉറങ്ങുന്ന സമയത്തു മുഴുവൻ കളിക്കും.

അപ്പോൾ രാവിലെ ഈ മൂത്രമൊഴിച്ച കാര്യം ഒന്ന് സോൾവ് ചെയ്യണം. ആരെയും അറിയിക്കാതെ പതുക്കെ നിക്കറും തലയിണക്കവറും ഊരി പതിയെ വാഷിംഗ് മെഷീന്റെ അടുത്ത് ചെന്നപ്പോൾ അവിടെയൊരു കെട്ട് തുണിയുമായി അമ്മിണിയമ്മ. രാവിലെ ശൂന്നു പോയി അല്ലെ അച്ചുക്കുട്ടാ എന്ന് പറഞ്ഞു ഒന്ന് കളിയാക്കി. ഞാൻ സങ്കടത്തോടെ ഡ്രെസ് കൊടുത്തിട്ടു തിരിഞ്ഞു നടന്നപ്പോൾ കൃത്യം ചിന്നു വന്നു, കാര്യം മനസിലായ അവൾ ഉറക്കെ അപ്പൂപ്പനോടും ഒക്കെ ചെന്ന് പറഞ്ഞു. നാണം കേട്ട  ഞാൻ കുളിക്കാൻ എന്ന പോലെ വേഗം ബാത്‌റൂമിൽ കയറി.

ഇവിടെ ആണെങ്കിൽ ചൂടുവെള്ളം, ഹീറ്റർ ഒന്നുമില്ല. പനി ഒക്കെ വരുമ്പോൾ അമ്മൂമ്മ വെള്ളം അനത്തി തരും. അല്ലാത്തപ്പോൾ തണുത്ത വെള്ളത്തിൽ കുളിക്കണം, അതാണ് ആരോഗ്യത്തിന് നല്ലതു എന്നാണു അമ്മൂമ്മയുടെ വാദം. അപ്പൂപ്പൻ ഒക്കെ ഇപ്പോളും ആരോഗ്യത്തോടെ ഇരിക്കുന്നത് അതുകൊണ്ടാണത്രെ. ഞാൻ പതുക്കെ കാലിൽ ഒക്കെ കുറേശെ കുറേശെ വെള്ളം ഒഴിച്ച് നിന്നിട്ടു ശ്വാസം ഒക്കെ വലിച്ചു പടേന്ന് വെള്ളം കോരി ദേഹത്തൊഴിക്കും. തണുപ്പ് കാരണം ഷവറിൽ നിന്ന് കുളിക്കാൻ പറ്റില്ല.

അങ്ങനെ കുളി ഒക്കെ ലാവിഷ് ആയി നടത്തി പതുക്കെ വന്നു മുറിയിൽ വന്നു ടാബ് ഓൺ ചെയ്തു ഇരുന്നപ്പോളേക്കും അപ്പയുടെ വിളി വന്നു, കഴിക്കാൻ. രാവിലെ ഭക്ഷണം എല്ലാവരും കൂടി ഇരുന്നാണ് കഴിക്കുക. എനിക്കാണെങ്കിൽ ഇന്ന് കിടന്നുമുള്ളിയത് കൊണ്ട് ആകെ വിഷമം. ചിന്നു ഉറപ്പായും കളിയാക്കും, കുറഞ്ഞത് വെറുതെ ചിരിക്കുക എങ്കിലും ചെയ്യും. അപ്പ വല്ലതും പറയുമോ ആവോ,  ശോ..എന്ത് ചെയ്യും?

പതുക്കെ ചമ്മലോടെ മേശയുടെ അടുത്ത് ചെന്നു. ഇങ്ങു വാടാ അച്ചുക്കുട്ടാ എന്ന് പറഞ്ഞു കൊണ്ട് അപ്പ ചേർത്ത് പിടിച്ചു. ഞാൻ അറിയാതെ കരഞ്ഞു പോയി. അപ്പാ പറഞ്ഞു സാരമില്ലെടാ മോനെ, അപ്പയും ചെറുപ്പത്തിൽ കിടന്നു മുള്ളുമായിരുന്നു. അത് കുറച്ചു കഴിയുമ്പോൾ മാറിക്കോളും. അപ്പൂപ്പൻ അപ്പയോടു പറഞ്ഞു: എടാ രവി.. നീയാ അമ്പലത്തിൽ ചെന്ന് നമ്പൂരിയുടെ കയ്യീന്ന് ഒരു ചരട് ജപിച്ചു തരാൻ പറ, അവൻ ശരിയായിക്കൊള്ളും.

രാവിലെ പുട്ടും കടലയും ആണ്, എനിക്ക് ഇഷ്ടമില്ല കടല. അമ്മയാണെങ്കിൽ ബാംഗ്ളൂർ വെച്ച് ചിക്കൻകറി വെച്ച് തരുമായിരുന്നു. ഇവിടെ വെജിറ്റേറിയൻ ആണ്, അമ്മ മരിച്ചതിൽ പിന്നെ നോൺ വെജ് ഒന്നും വെച്ചിട്ടില്ല. അപ്പക്കറിയാം എനിക്ക് കടല ഇഷ്ടം അല്ലെന്ന്. അമ്മിണിയമ്മയോടു പറന്ന് പഴം എടുപ്പിച്ചു പുട്ടു കുഴച്ചു ഉരുള ആക്കി തന്നു അപ്പാ. വല്ലപ്പോളും ഒക്കെ മാത്രമേ അപ്പ ഇങ്ങനെ ഒക്കെ സ്നേഹിക്കുകയുള്ളൂ. എന്റെ വിഷമം ഒക്കെ പതുക്കെ മാറി.   

ഞാനതുകൊണ്ടു ഇന്ന് ഡിവൈസ് ഒന്നും എടുക്കേണ്ട എന്ന് തീരുമാനിച്ചു, നല്ല കൊച്ചായി അങ്ങ് നിന്നേക്കാം. വല്ലപ്പോളും അല്ലേ ഈ സ്നേഹം ഒക്കെ കിട്ടുന്നത്. അമ്മ പോയെ പിന്നെ അപ്പയും ബാംഗ്ളൂർ ജീവിതം ഒക്കെ വിട്ടു ഒരു കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ നിന്നും അധികം എങ്ങോട്ടും  പോകാതെ ആയി. സാധാരണ ഞങ്ങടെ ആൾക്കാർ മരിച്ചാൽ ദഹിപ്പിക്കുകയാണ് പതിവ്, അമ്മയെ പക്ഷെ ദഹിപ്പിച്ചില്ല. വീടിന്റെ ഒരു സൈഡിൽ ഒരിടത്തു കുഴിച്ചിടുകയാണ് ചെയ്തത്. അമ്മൂമ്മ പറഞ്ഞു കേട്ടു, അവിടെ ഒരു വാഴ വെച്ചിട്ടു അതിന്റെ പഴം കിളികൾക്കു നൽകി എന്ന്. അങ്ങനെ  അമ്മയുടെ ശരീരം പ്രകൃതിയിൽ ലയിച്ചു ചേർന്ന് എന്ന്. 

അതിനടുത്തായി ഒരു മാവുണ്ട്. ഞാൻ അതിന്റെ ചുവട്ടിൽ പോയിനിന്നു.  ഇപ്പോൾ ആ നാടൻ മാവിലെ മാങ്ങാക്കു മധുരം കൂടി എന്ന് അമ്മൂമ്മ പറയാറുണ്ട്. പണ്ട് ഇതിലും പുളിയായിരുന്നു അതിലെ മാങ്ങക്ക് എന്നാണു അമ്മൂമ്മയുടെ അഭിപ്രായം. മിക്കവാറും അമ്മയുടെ ശരീരം ആ മാവും കൂടി കുറച്ചു വലിച്ചെടുത്തിട്ടുണ്ടാവും, അതായിരിക്കാം മധുരം കൂടിയത്. എനിക്കെന്തോ ആ മാവിനോട് വലിയ സ്നേഹം ആണ്. ഇത്തിക്കണ്ണി കയറി എന്ന് പറഞ്ഞു ആ മാവിന്റെ കൊമ്പുകൾ ഒരു മാസം മുമ്പ്  മുറിച്ചപ്പോൾ ഞാനെന്തോ അകത്തു പോയിരുന്നു വെറുതെ കുറച്ചു നേരം കരഞ്ഞു. പക്ഷെ ഇപ്പോൾ അതിന്റെ കൊമ്പുകളിൽ ഒക്കെ പുതിയ നാമ്പുകൾ വന്നു തുടങ്ങി. 

വെട്ടുകാരൻ ചാക്കോ ചേട്ടൻ ആ വഴി വന്നു. അച്ചുക്കുട്ടാ, പാലെടുക്കാൻ പോകുന്നകൂട്ടത്തിൽ വരുന്നോടാ എന്ന് ചോദിച്ചു. വീട്ടിൽ ഇരുന്നാൽ ടാബ് എടുത്തു എന്തെങ്കിലും ചെയ്യാൻ തോന്നും, അതിനാൽ ചാക്കോ ചേട്ടന്റെ കൂടെ പറമ്പിൽ കറങ്ങി. കറക്കം ഒക്കെ കഴിഞ്ഞ കൊണ്ട് നല്ല വിശപ്പ് ആയിരുന്നു. അല്ലെങ്കിൽ തന്നെ വണ്ണം വെക്കുന്നു എന്ന് പറഞ്ഞു അമ്മൂമ്മ ഇടക്കൊക്കെ ഭക്ഷണം കുറക്കാൻ പറയും, എനിക്കാണെങ്കിൽ അത് ദേഷ്യം ആണ്. എന്തായാലും ആവശ്യത്തിൽ കൂടുതൽ കഴിച്ചു.

ഊണൊക്കെ കഴിഞ്ഞു അമ്മൂമ്മയും അപ്പൂപ്പനും ഉറങ്ങാൻ പോയി. ചിന്നു അമ്മിണിയമ്മയുടെ കൂടെ എന്തൊക്കെയോ ചെയ്തു കൊണ്ട് നിൽക്കുന്നു. ഓൺലൈൻ ക്ലാസ് എന്ന് പറഞ്ഞു കൂടെ പഠിക്കുന്ന ജോസഫിന്റെ കൂടെ ഓൺലൈൻ ഗെയിം കളിച്ചാലോ എന്നൊരു തോന്നൽ വന്നു.  പിന്നെ അത്  വേണ്ടാ എന്ന് വെച്ച് അമ്മൂമ്മയുടെ സൈഡിൽ കയറി ഉറങ്ങാൻ കിടന്നു. ഞാൻ ചെറുതായി ഒന്ന് കെട്ടിപിടിച്ചു. അമ്മൂമ്മയ്ക്ക് കെട്ടിപ്പിടിക്കുന്നു പോയിട്ട് തൊടുന്നത് പോലും ഇഷ്ടം അല്ല. അങ്ങോട്ട് മാറിക്കിടക്കു ചെക്കാ, നീ വേണമെങ്കിൽ അപ്പൂപ്പനെ കെട്ടിപിടിച്ചോ എന്ന് പറഞ്ഞു. അപ്പൂപ്പന് ഒരു കുഴമ്പിന്റെ മണം ഉണ്ട്, എനിക്ക് അത് ഒട്ടും ഇഷ്ടം അല്ല. ഞാൻ പതുക്കെ അമ്മൂമ്മയുടെ കാലിന്റെ ഭാഗത്തു വെറുതെ കിടന്നു ഉറങ്ങി പോയി.

നാലുമണി കഴിഞ്ഞപ്പോൾ അമ്മിണിയമ്മ വന്നു എണീപ്പിച്ചു. നല്ല ഏത്തക്കാ ബോളി ഉണ്ടായിരുന്നു. അതും ചായയും കഴിച്ചു വീണ്ടും മാവിന്റെ ചോട്ടിൽ പോയി വെറുതെ കറങ്ങി തിരിഞ്ഞു നടന്നു. അവിടെ നിക്കുമ്പോൾ എന്തോ ഒരു സുരക്ഷിത ബോധം, അല്ലെങ്കിൽ നാട്ടിലെ എല്ലാ ജന്തുക്കളെയും, കട്ടപ്പ ഒഴിച്ച് എല്ലാത്തിനെയും എനിക്ക് പേടി ആണ്. പല്ലി, പാറ്റ, പാമ്പു, എട്ടുകാലി എന്നിങ്ങനെ എല്ലാം എന്റെ പേടി സ്വപ്‌നങ്ങൾ ആണ്. ത്രിസന്ധ്യക്ക് പറമ്പിൽ കറങ്ങി നടക്കാതെ വന്നു നാമം ജപിക്കെടാ എന്ന് പറഞ്ഞു അമ്മൂമ്മ വിളിച്ചു. അമ്മിണിയമ്മ പണിയൊക്കെ തീർത്തു അവരുടെ വീട്ടിൽ പോയി. 

അപ്പ കാഞ്ഞിരപ്പള്ളി ടൗണിൽ ഒക്കെ പോയിട്ട് വീട്ടിൽ വന്നിട്ടുണ്ട്. കൂടെ ആരൊക്കെയോ കൂട്ടുകാരും. അവർ ചായ്പ്പിന്റെ ഒരു സൈഡിൽ ഇരുന്നു കള്ളുകുടി തുടങ്ങി. അമ്മൂമ്മ ദേഷ്യപ്പെട്ടു അപ്പൂപ്പനോട് എന്തൊക്കെയോ പറഞ്ഞു വീട്ടിനുള്ളിൽ കയറി. അപ്പൂപ്പൻ അപ്പയുടെ അടുത്തോട്ടു പോകുന്നത് കണ്ടു ഞാനും പതുക്കെ പുറകെ ചെന്നു. അപ്പൂപ്പൻ ഇനി അപ്പയെയും കൂട്ടുകാരെയും വഴക്കു പറഞ്ഞു ഓടിക്കുമോ ആവോ?

പക്ഷെ അവിടെ ചെന്ന അപ്പൂപ്പന് അപ്പ ഒരു ഗ്ലാസ്സിൽ കുറച്ചു കള്ളു കൊടുത്തു, അതും കഴിച്ചു അപ്പൂപ്പൻ തിരിച്ചു പോയി. അവർ അവിടെ ഇറച്ചി കഴിക്കുന്നുണ്ട്, നല്ലമണം വന്നു. ഞാനും പതുക്കെ ചെന്ന് അവിടെ. എന്താടാ നിനക്ക് വേണോ ഒരു പെഗ് എന്ന് അപ്പ ചോദിച്ചു, ഞാൻ ചിരിച്ചുകൊണ്ട് ആ ഇറച്ചിയിൽ നോക്കി. അപ്പയുടെ കൂട്ടുകാരനെ സണ്ണി അങ്കിൾ എനിക്ക് ഒരു കഷ്ണം എടുത്തു തന്നു. സണ്ണി അങ്കിളിനു ഒരു ഉമ്മ കൊടുക്കാൻ തോന്നി എനിക്ക്. ഒരു പ്ളേറ്റിൽ പെറോട്ടയും കുറച്ചു ഇറച്ചിയും എടുത്തു തന്നു നീ ഇത് കഴിച്ചോടാ എന്ന് പറഞ്ഞു അപ്പ. ഒത്തിരി നാള് കൂടി ഞാൻ നോൺ വെജ് കഴിച്ചു. 

കഴിപ്പും കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോൾ പോയി സോപ്പിട്ടു കഴുകിയിട്ടു വാടാ എന്ന് പറഞ്ഞു അമ്മൂമ്മ ഓടിച്ചു. അതും കഴിഞ്ഞു ഞാൻ പതുക്കെ മുറിക്കകത്തു ചെന്നു. ചിന്നുവിന് ആണ് എന്നും അപ്പയുടെ കൂടെ കിടക്കാൻ അനുവാദം. എനിക്ക് ജനലിന്റെ അടുത്ത് ഒരു ചെറിയ കട്ടിൽ ആണ്. എനിക്കാണെങ്കിൽ ജനലും അതിന്റെ അപ്പുറെ ഉള്ള ഇരുട്ടും ഭയങ്കര പേടി ആണ്.

ചിന്നു കിടന്നു ഉറങ്ങി, അപ്പയും കൂട്ടുകാരും വർത്തമാനം പറയുന്ന ഒച്ചയും ബഹളവും കാരണം എനിക്ക് തത്കാലം വലിയ പേടി തോന്നിയില്ല. പേടിച്ചിട്ടാണെങ്കിലും വെറുതെ ജനലിൽ കൂടി ഞാൻ പുറത്തോട്ടു നോക്കി. നല്ല ഇരുട്ടാണ്. പക്ഷെ എനിക്ക് മാവ് ചെറുതായി ഇരുട്ടത്ത് കാണാം. സാധാരണ  വാഴയുടെ ഇലകൾ ഇളകുന്നത് കാണുമ്പോൾ എനിക്ക് പ്രേതം, പിശാചുക്കൾ ഒക്കെ ഓർമ വരും. കഴിഞ്ഞ ദിവസം അമ്മിണിയമ്മ പറയുന്ന യക്ഷിയുടെ കഥയും കൂടി കേട്ടപ്പോൾ പുതിയ ഒരു സാധനം കൂടി ആയി പേടിക്കാൻ. രാത്രിയായി കഴിഞ്ഞാൽ പിന്നെ എനിക്ക് ഭയങ്കര പേടിയാണ്, പേടിച്ചു വിറച്ചു ഇരിക്കുമ്പോളും അപ്പയുടെ കൂടെ കിടക്കാൻ എനിക്ക് യോഗം ഇല്ല. അപ്പയുടെ കൂടെ ചിന്നു കിടക്കുന്നതു കാണുമ്പോൾ സങ്കടം തോന്നും, ഇടക്കെങ്കിലും എന്നെ ഒന്ന് കിടത്തിയിരുന്നെങ്കിൽ എന്നോർക്കും.

ഞാൻ വെറുതെ ജനലിലൂടെ നോക്കി. വാഴയുടെ ഇലകൾ അനങ്ങുന്നുണ്ട്. ഹൃദയം നന്നായി മിടിക്കുന്നുണ്ട്. ഈ മരിച്ചു കഴിഞ്ഞവർ അല്ലെ പ്രേതങ്ങൾ ആകുന്നത്. അങ്ങനെ ആണെങ്കിൽ എന്റെ അമ്മയോട് ഒരു പ്രേതം ആയി ഇവിടെ വരാൻ പറഞ്ഞാലോ. അതാകുമ്പോൾ എനിക്ക് പേടിക്കണ്ടല്ലോ. അമ്മിണിയമ്മ പറഞ്ഞ ആ യക്ഷി ആയി വന്നാൽ മതി. വെളുത്ത സാരി ഒക്കെ ഉടുത്ത്, നല്ല സുന്ദരി ആയി വരട്ടെ. എന്നെ ഏതായാലും ഒന്നും ചെയ്യില്ല എന്ന് ഉറപ്പാണ്. യക്ഷിയായ അമ്മയെ ഒന്ന് ചേർത്ത് പിടിക്കണം. കൂട്ടികൊണ്ടു വന്നു അപ്പയും ചിന്നുവും കാണാതെ എന്റെ കട്ടിലിൽ കിടത്തണം,  ആ മടിയിൽ തല ചേർത്ത് കിടക്കണം. അമ്മയുടെ വയറിലെ കുഞ്ഞു മണിയിൽ ഞെരടണം. 

ഒരു യക്ഷിയായി എന്റെ അമ്മയെ കൊണ്ട് വരാൻ സുബ്രമണ്യ ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഒരു പേടിയും ഇല്ലാതെ വാതിൽ തുറന്നു മാവിൻ ചുവട്ടിലേക്ക് മെല്ലെ  നടന്നു.....അമ്മയുടെ കയ്യിൽ നിന്നും നെയ്യിട്ടു മൂപ്പിച്ച ഒരു ഉരുള ചോറ് കഴിക്കാനുള്ള കൊതിയോടെ....

 




Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP