ഞാനൊരു പാവം പാലാക്കാരന്‍

വിശാലേട്ടന്റെ വീട്

>> Wednesday, December 29, 2021

ഒരു വിർച്വൽ ലോകത്തിരുന്നു നാം തന്നെ നമുക്കിഷ്ടം ഉള്ള  മറ്റൊരു നമ്മെ വാർത്തെടുത്ത് ശരിക്കുള്ള നമ്മെ നാം മറന്നു പോകുന്ന ഇന്നത്തെ കാലം. സോഷ്യൽ മീഡിയായുടെ സ്വാധീനത്തിൽ ജീവിക്കുന്ന നമുക്ക് ഓരോ ദിവസവും പലതരത്തിൽ ഉള്ള പ്രലോഭനങ്ങൾ ഉണ്ടാകാറുണ്ട്.  അതിലൊന്ന് ആണ് ചലഞ്ച് എന്നും പറഞ്ഞു ഓരോരുത്തർ തുടങ്ങി വെക്കുന്ന ഓരോ പരിപാടികൾ. 25 വർഷത്തെ ഫോട്ടോ ചലഞ്ച്, ഉടുപ്പ് ചലഞ്ച്, മൊട്ടയടി ചലഞ്ച് എന്ന് തുടങ്ങി രാവിലെ പല്ലു തേക്കുന്നത് വരെ ചലഞ്ച് ആയി നടക്കുന്ന കാലത്തു ആണ് ഭാര്യയെ എടുത്തു പൊക്കൽ ചലഞ്ച് ഏതോ ഒരുത്തൻ ഇട്ടത്.  മകനോട് ഒരു ഫോട്ടോ എടുക്കെടാ എന്ന് പറഞ്ഞു നേരെ പോയി ഭാര്യയെ എടുത്തു ഒരു പൊക്കൽ. 

കല്യാണം കഴിഞ്ഞു വർഷങ്ങൾ കടന്നുപോയത്മനസ്സിന്റെ ഒരു കോർണറിൽ പോലും ആ സമയത്തു വരാതിരുന്നത് കാലത്തിന്റെ വികൃതി അല്ലെങ്കിൽ പ്രായം തലച്ചോറിലെ കോശങ്ങളോട് ചെയ്ത ചതി. കോശങ്ങളുടെയും പേശികളുടെയും കശേരുക്കളുടെയും ശേഷി കുറഞ്ഞ ഞാൻ പ്രായത്തോടൊപ്പം ബുദ്ധിയും അതിലും കൂടുതൽ ശരീരവും വളർന്ന അവളെ പൊക്കാൻ ആയി ശ്രമിച്ച വകയിൽ വെട്ടിയിട്ട വാഴത്തണ്ടു പോലെ നിലത്തു വീണു. നടു വെട്ടിയത് ആണത്രേ....

ഹൗവെവർ... കഴിഞ്ഞ ദിവസം കണ്ട മറ്റൊരു ചലഞ്ച് എന്നെ ഹഠാതാകര്ഷിച്ചു. എഴുത്തുകാരുടെ വീടിന്റെ ഗെയിറ്റിന്റെ മുൻപിൽ നിന്നുള്ള ഒരു പടം പിടിത്തം. 

വർഷങ്ങൾക്ക് മുൻപ് കൊടകരപുരണാം വായിച്ചു ചിരിച്ചു മണ്ണുകപ്പി ഒരു വലിയ വിശാലമനസ്കൻ ആകാനും, ബെർളിത്തരങ്ങൾ വായിച്ചു അതിരൂക്ഷ ആക്ഷേപഹാസ്യത്തിന്റെ വാക്താവ് ആകാനും നമ്മൾ ഇറങ്ങി പുറപ്പെട്ടു, വാഴക്കാവരയൻ എന്ന തൂലികാ നാമവും ആയി. 

പണ്ടത്തെ ഹരിതാഭയുടെയും പച്ചപ്പിന്റെയും സ്‌കൂളിലെ നൊസ്റ്റാൾജിയയുടെയും ഒക്കെ കാര്യങ്ങൾ വെറുതെ കുത്തിനിറച്ചു നമ്മളും എഴുത്തു തുടങ്ങി. കുഞ്ഞിലേ എന്താവണം എന്ന സ്വപ്നത്തിൽ പോലും,  ക്രിക്കറ്റ് വേണോ അതോ ഫുട്ബാൾ വേണോ എന്ന സെലക്ഷൻ പ്രയാസം ആയിരുന്ന പോലെ  നമ്മൾ കോമഡി, സെന്റി, പ്രണയം, പൈങ്കിളി എന്ന് തുടങ്ങി എല്ലാവരോടും പകയോടെ കുശ്‌വന്ദ സിങ് വരെ ആകാന് നോക്കി.   ഒരേ സമയം ഉത്തരത്തിലും ചോദ്യത്തിലും കക്ഷത്തിലും എല്ലാം  കൈവെക്കാൻ നോക്കി ആക്രാന്തം മൂലം  ഒന്നും ആകാതെ തേരാപാരാ നടക്കുന്നു. എന്നാലും ചെറുതായി എഴുതി വെറുപ്പിക്കൽസ് തുടരുന്നു.

ബെർളി എന്ന വൻവൃക്ഷത്തെ കുറിച്ച് ഒന്നും കേൾക്കാനേ ഇല്ല.  പക്ഷെ ജബൽ അലിയിലും പിന്നീട്  റാസ് അൽ ഖൈമയുടെ അപ്പുറെ ഉള്ള ഫുജൈറയിലും ഒരു രാജകുമാരൻ ആയിരുന്ന വിശാലമനസ്കനെ ഞാൻ കണ്ടു പിടിച്ചു. ഇടയ്ക്കിടെ കാണും, പക്ഷെ ബഹുമാനം കൊണ്ട് ഒരു ഫോട്ടോ പോലും എടുത്തിട്ടില്ല, പക്ഷെ ഈ എഴുത്തുകാരുടെ വീടിന്റെ മുൻപിൽ നിന്നുള്ള ഫോട്ടോ ചലഞ്ച് എനിക്കിഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ഏതോ ഒരു ചേച്ചി വിശാലമനസ്കന്റെ കൊടകരയിലെ വീട്ടിൽ നിന്ന് ഫോട്ടോ എടുത്തപോലെ ഞാനും ഒരെണ്ണം എടുക്കാൻ തീരുമാനിച്ചു. ഭാര്യയും അമ്മയും പെങ്ങളും  പിള്ളേരും ഒക്കെ ആയി തൃശൂർ വരെ പോകുന്ന നേരം. ചാലക്കുടി കഴിഞ്ഞു, ഭാര്യയോട് ഫേസ്ബുക് നോക്കി വിശാലേട്ടന്റെ പോസ്റ്റ് എടുത്തു വീട് നോക്കാൻ പറഞ്ഞു. 

തൃശ്ശൂരിലേക്ക് പോകുന്ന വഴി  ഫ്ലൈ ഓവർ ഇറങ്ങുമ്പോൾ ഉടനെ ഇടതു വശത്തു ആണത്രേ, വീടിന്റെ ഫോട്ടോ നോക്കി നീല ഗൈയിട്ടും ആണെന്ന് പറഞ്ഞു. പക്ഷെ ഫ്ലൈ ഓവർ ഇറങ്ങി പുറകോട്ടു പതുക്കെ വണ്ടിയുമായി വന്നപ്പോൾ കണ്ട വിശാലമായ നീല ഗേറ്റ് പക്ഷെ വിശാലേട്ടന്റെ അല്ലായിരുന്നു, പക്ഷെ കഥയിൽ പലപ്പോഴും എവിടെയെക്കൊയോ കേട്ടത്‌പോലെ ഓര്മയുള്ള ഗോൾഡൻ ബാർ. എന്റെ കണ്ണുകൾ ഒരു ആവശ് ഖാൻ ആയി പെട്ടെന്ന് തിളങ്ങി എങ്കിലും അമ്മ കൂടെയുള്ളത് കൊണ്ട് ഞാൻ തിരിച്ചിറങ്ങി. പതുക്കെ മുൻപോട്ടു പോയ വഴിയിൽ ഇടതു സൈഡിൽ ഒരു വയസ്സനും വലതു സൈഡിൽ ഒരു സുന്ദരിയായ ചേച്ചിയും.  ക്രിക്കറ്റ് വേണോ ഫുട്ബാൾ വേണോ എന്ന കൺഫ്യുഷൻ അതിൽ ഇല്ലായിരുന്നു. വലതു വശത്തു നിന്ന ചേച്ചിയോട് വളരെ അഭിമാനത്തോടെ ചോദിച്ചു, ഞങ്ങൾ അങ്ങ് പാലായിൽ നിന്നും വരുവാണ്, ഈ കൊടകരപുരാണം എഴുതിയ സജീവ് ഇടത്തേടന്റെ വീട് എവിടെയെയാണ്? 

അല്ലെങ്കിലും സ്വന്തം നാട്ടിൽ ഒരു പ്രവാചകനെയും ആരും ബഹുമാനിച്ചിട്ടില്ല. കൊടകര ഇതാണ്, പറഞ്ഞ കക്ഷിയെ എനിക്കറീല്യ കേട്ടോ എന്ന് തൃശൂർ സ്ലാങ്ങിൽ മൊഴിഞ്ഞിട്ടു സുന്ദരി അവിടുന്ന് പോയി. എന്നാൽ അവളെ ഒന്ന് മനസ്സിലാക്കി കൊടുപ്പിച്ചിട്ടു തന്നെ കാര്യം എന്ന് വിചാരിച്ചു ബെർളിയെ പോലെ രൂക്ഷൻ ആയി ഇറങ്ങിയെങ്കിലും എന്നെ അറിയാവുന്ന ഭാര്യ വിളിച്ചു ഇങ്ങു പോരാൻ പറഞ്ഞു. 

എന്തായാലും ദൗത്യം അവസാനിപ്പിച്ചു ഞങ്ങൾ തൃശൂരിന് പോയി. പക്ഷെ ഞങ്ങൾ പാലാക്കാർ പരാജയപ്പെട്ടു പിന്മാറുന്നവർ അല്ലല്ലോ. മൂന്നാലു മണിക്കൂറിനു ശേഷം പോയ കാര്യം ഒക്കെ കഴിഞ്ഞു തിരിച്ചു വരുന്ന വഴി വീണ്ടും ഫ്ലൈ ഓവറിന്റെ താഴെക്കൂടെ വന്ന് യു ടേൺ അടിച്ചു. വീണ്ടും നീല ഗേറ്റിൽ ഒരു ചാഞ്ചാട്ടം ഉണ്ടായി എങ്കിലും മുൻപോട്ടു പോയി. ഫോട്ടോയിൽ കാണുന്ന വീട് കാണുന്നില്ല. വീണ്ടും ഹൈവേയിൽ കയറുന്നതിനു തൊട്ടു മുൻപ് അവിടെ കണ്ട വീട്ടിൽ ഒരു ചേട്ടൻ നിൽക്കുന്നു. ചേച്ചിമാരെ ഒന്നും കാണാഞ്ഞത് കൊണ്ട്, ചേട്ടനോട് ചോദിച്ചു. 

എടത്തേടൻമാർ അപ്പുറത്തെ സൈഡിൽ ഉണ്ടെന്നു തോന്നുന്നു എന്ന് പറഞ്ഞു ആ ചേട്ടനും പ്രവാചകന്റെ നാട്ടുകാരൻ ആയി, എനിക്ക് വാശി കൂടി. ഈ നാട്ടുകാരെ എന്റെ വിശാലേട്ടന്റെ ലോകം മുഴുവനും ഉള്ള പ്രശസ്തി അറിയിച്ചിട്ടേ കാര്യം ഉളളൂ എന്ന് വിചാരിച്ചു ഞാൻ തന്നെ അമേരിക്ക, ദുബായ് തുടങ്ങി അന്റാർട്ടിക്ക വരെയുള്ള സ്ഥലത്തു നിന്ന് ആണെന്ന് പറഞ്ഞു പ്രശസ്തൻ അന്വേഷണം തുടങ്ങാൻ തീരുമാനിച്ചു. വീണ്ടും യു ടേൺ അടിക്കാൻ വന്നപ്പോൾ ഒരു വണ്ടി പോലീസുകാർ നിൽക്കുന്നു. 

നേരെ വണ്ടി നിർത്തി ചോദിച്ചു, സാറെ ഈ കൊടകരപുരാണം എഴുതിയ വിശാലേട്ടന്റെ വീട് അറിയാമോ? 

വണ്ടികളുടെ ഒച്ചകാരണം കേൾക്കാഞ്ഞിട്ടു ആയിരിക്കും,  എന്താ സാറെ എന്ന് അവർ തിരിച്ചു ചോദിച്ചു. എന്നെ സാറെ എന്ന് പോലീസ് കാർ വിളിച്ച സന്തോഷത്തിൽ ഞാൻ പിന്നെ കൂടുതൽ ചോദിയ്ക്കാൻ പോയില്ല. ഇവിടെ യു ടേൺ എടുക്കാമോ എന്ന് ചോദിച്ചു വീണ്ടും കറങ്ങി ഗോൾഡൻ ബാറിന്റെ മുൻപിൽ വന്നു. 

വണ്ടി വളരെ പതുക്കെ മുമ്പോട്ടു പോകുമ്പോൾ രണ്ടു മൂന്നു അമ്മൂമ്മമാരും ഒരു സ്‌കൂളിൽ പഠിക്കുന്ന കുട്ടിയും അവിടെ നിൽക്കുന്നു. വണ്ടിയിൽ നിന്നും പെങ്ങൾ ആ കുഞ്ഞിനോട് ചോദിച്ചു. 

അവൾ വായനാശീലം ഉള്ളതും നാട്ടിലെ പ്രവാചകരെ ബഹുമാനം ഉള്ളവളും ആയതുകൊണ്ട് കൃത്യം ആയി പറഞ്ഞു തന്നു. നേരെ അവിടെ ചെന്നു. ഫോട്ടോയിൽ കാണുന്ന അതെ വീട് തന്നെ. പക്ഷെ വീടിന്റെ മുമ്പിൽ മൂന്നാലു ചെറുപ്പക്കാർ ഇന്നത്തെ ഫ്രീക്കൻ ലുക്കിൽ ഇരിക്കുന്നു. ഇനി വല്ല കഞ്ചാവോ അല്ലെങ്കിൽ പ്രശ്നക്കാരോ ആണോ ആവൊ. എന്തായാലും ധൈര്യം സംഭരിച്ചു ഗേറ്റിന്റെ മുമ്പിൽചെന്ന് അവരോടു ചോദിച്ചു, ചേട്ടന്മാരെ രണ്ടു ഫോട്ടോ എടുത്തു തരാമോ എന്ന്.

വളരെ സന്തോഷത്തോടെ അവർ ഫോട്ടോ എടുത്തു തന്നു. നിങ്ങൾ അറിയുമോ കൊടകരപുരാണം എഴുതിയ സജീവേട്ടനെ എന്ന് ചോദിച്ചപ്പോൾ  അവർ കൂട്ടത്തിൽ ഉള്ള ഒരുത്തനെ ചൂണ്ടി പറഞ്ഞു, ഇവന്റെ പാപ്പൻ ആണത്രേ. 

എന്തായാലും പുതു തലമുറയിൽ ഉള്ളവർ പറഞ്ഞു തന്നതിൽ നിന്നും മനസ്സിലായി, നാട്ടിലും വിലയുള്ള ഒരു പ്രവാചകൻ തന്നെ ആണ് നമ്മുടെ വിശാലേട്ടൻ.    


Read more...

യാത്ര

>> Thursday, December 2, 2021

 യാത്ര 

എനിക്കും ഭാര്യക്കും ഒത്തിരി ഇഷ്ടമാണ് യാത്രകൾ. അതിപ്പം തൊട്ടടുത്തുള്ള ഏതെങ്കിലും തോട്ടിലെ വെള്ളച്ചാട്ടം ആയാലും ശരി, അതിരപ്പിള്ളി ആയാലും ശരി, അതിനുള്ള ഒരു അവസരവും ഞങ്ങൾ പാഴാക്കാറില്ല. അങ്ങനെ ഈ പ്രാവശ്യം  നാട്ടിൽ ചെല്ലുമ്പോൾ വല്ല ആനക്കുളത്തോ പാഞ്ചാലിമേടോ എവിടെയെങ്കിലും ഒക്കെ പോകുന്ന ഹരിതാഭയും പച്ചപ്പും ഉള്ള  കാര്യങ്ങൾ വിചാരിച്ചു ഇവിടെ  ഇരിക്കുമ്പോൾ ആണ് ഭാര്യയുടെ കോൾ വന്നത്.

"ദേ അറിഞ്ഞോ, ആ വിജയേട്ടൻ മരിച്ചു."

ഞങ്ങൾക്ക് വ്യക്തിപരമായി അത്ര അറിവുള്ള ആളല്ല വിജയേട്ടനും മോഹനേടത്തിയും, പക്ഷെ അവരുടെ യാത്രകൾ എന്നും ഒരു പ്രചോദനം ആയിരുന്നു. അവൾ ആ പറഞ്ഞതിൽ എന്തോ ഒരു പാത്തിരിക്കുന്ന അർഥം ഇല്ലേ എന്ന ശങ്ക എനിക്ക് വന്നു. കാലേട്ടൻ വന്നു വാടാ മോനെ നമുക്ക് പാം,  നീയാ പോത്തിന്റെ പുറകിലോട്ടു കേറിക്കോ എന്ന് പറയുന്നതിന്റെ  മുമ്പ് വേണമെങ്കിൽ എന്തേലും ഒക്കെ നടത്തിക്കോ എന്നായിരിക്കാം അതിന്റെ ദ്വയാർത്ഥം. 

ഞാൻ കൂലംകുഷം ആയ പ്ലാനിങ് നടത്തി. ഡിസംബറിൽ നാഷണൽ ഡേ അവധികൾ ഉണ്ട്. ഒരു പത്തു ദിവസം അങ്ങ് പോകാം. അല്ലെങ്കിൽ തന്നെ ഈ ഉണ്ടാക്കുന്ന കാശൊക്കെ സൂക്ഷിച്ചു വെച്ചാൽ  ചത്ത് കഴിയുമ്പോൾ കാലേട്ടനു കൈക്കൂലി കൊടുക്കാൻ പോലും ഉപകാരപ്പെടില്ല എന്ന് പലരും ഉപദേശിച്ചത് ആണ്. എന്തായാലും ക്രെഡിറ്റ് കാർഡിൽ നിന്നും ലോൺ എടുത്തു ഒരു ട്രിപ്പ് പോകാൻ തീരുമാനിച്ചു.  കല്യാണം കഴിഞ്ഞ ആദ്യ ദിവസങ്ങളിൽ ഞാൻ വലിയ സംഭവം ആണെന്ന് കാണിക്കാൻ വേണ്ടി അവളെ പറഞ്ഞു കൊതിപ്പിച്ച കൊളറാഡോക്ക് ഒരു സർപ്രൈസ്‌ ടൂർ.

ഒരു പത്ത് പതിനഞ്ചു ദിവസം ഇങ്ങോട്ടു പോരെ എന്നും പറഞ്ഞു വളരെ സൂത്രത്തിൽ അവളെ വിളിച്ചു. പിള്ളേരെ ഒക്കെ നാട്ടിൽ അമ്മയെ ഏൽപ്പിച്ചു അവൾ ഇവിടെ പറന്ന് എത്തി. ഇവിടെ വന്നു കാച്ചിയ എണ്ണയും മുല്ലപ്പൂവും ചൂടുന്നത് ചിന്തിക്കാൻ പോലും പറ്റുന്നതിനു മുമ്പ് ഞങ്ങൾ ചിക്കാഗോ വഴി ഞങ്ങൾ ഡെൻവറിൽ എത്തി. അവിടെ റോക്കി മൗണ്ടൈൻസിന്റെ താഴെയുള്ള ഗോൾഡൻ എന്ന താഴ്‌വരയിൽ ഞങ്ങൾ ചെന്നു. 

സ്വർണ നിറത്തിൽ ഉള്ള ഇലകൾ കൊഴിഞ്ഞു കിടക്കുന്ന മനോഹരമായ ആ കൊച്ചു നഗരത്തിന്റെ കൈവഴികളിൽ കൂടി ഞങ്ങൾ കരങ്ങൾ ചേർത്ത് പിടിച്ചു നടന്നു. ഞങ്ങളുടെ പ്രായം പത്തുപതിനഞ്ചു വര്ഷം പുറകിലേക്ക് പോയി. ഇണക്കുരുവികളെ പോലെ ഞങ്ങൾ അവിടെപാറിപ്പറന്നു നടന്നു. കുറെ വര്ഷങ്ങള്ക്കു ശേഷം പിള്ളേരോ അറിയാവുന്ന ആളുകളോ ഇല്ലാത്ത സ്ഥലം ആയതു കൊണ്ട് അവൾ നന്നായി ആസ്വദിച്ചു, എന്റെ തുടയിൽ നുള്ളുകളുടെ പാടുകൾ കൂടി.

സാഹസപ്രിയരാണ് ഞങ്ങൾ രണ്ടും. സമയം ഒന്നും അധികം കളയാതെ ഞങ്ങൾ മഞ്ഞു നിറഞ്ഞു കിടക്കുന്ന റോക്കി മലനിരകളിലേക്കു വെച്ച് പിടിച്ചു. അവിടുത്തെ മഞ്ഞു മലകളിൽ മഞ്ഞുപൊടികൾ വാരിയെടുത്തു ഉണ്ടകളാക്കി ഞങ്ങൾ എറിഞ്ഞു കളിച്ചു, അപ്പം ചുട്ടുകളിച്ചു. പെട്ടെന്ന് ഒരു ചെങ്കുത്തായ മലയുടെ ചെരിവിൽ ചെന്ന് ഞാൻ വിളിച്ചു "വരൂ പ്രിയതമേ..."

ഓടി വന്ന അവൾ എന്നെ കെട്ടിപിടിച്ചു, പക്ഷെ എന്റെ കാല് വഴുതി ഞാൻ താഴേക്ക് പോയി. അവളുടെ കൈ വിടുവിച്ചു പോന്നത് കൊണ്ട് അവൾ സേഫ് ആയി. പാവം  മുകളിൽ നിന്ന് അലറി വിളിക്കുന്നത് ഞാൻ കണ്ടു, മലയുടെ സൈഡിൽ ഉള്ള ഒരു പാറയിൽ എന്റെ തല ഇടിച്ചു പിന്നെ വേദനയും കൂരിരുട്ടും മാത്രം.

പതുക്കെ എന്റെ കണ്ണുകൾ തെളിഞ്ഞു വന്നു. മൊത്തം ഇരുട്ടാണ്, നടുവിന് ഭീകര വേദന, എണീക്കാൻ പറ്റുന്നില്ല. ജനലിൽ നിന്നും ഉള്ള അരണ്ട വെളിച്ചത്തിൽ ഞാൻ പതുക്കെ ആ ഭീകര സത്യം മനസിലാക്കി. ഞാൻ ദുഫായിയിലെ എന്റെ വീട്ടിൽ ഏകനാണ്. കണ്ടത് ഒരു സ്വപനം ആയിരുന്നു. 

പക്ഷെ എനിക്ക് എണീക്കാൻ സാധിക്കുന്നില്ല, നെറ്റിയിൽ എന്തോ ഒഴുകി വരുന്നുണ്ട്. ചോരയാണെന്നു തോന്നുന്നു. അങ്ങനെ ഞാൻ മറ്റൊരു തുണിയുടുക്കാത്ത സത്യം കൂടി മനസിലാക്കി. ഞാൻ കട്ടിലിൽ നിന്നും സ്വപ്നം കണ്ടു താഴെ വീണു, തല പൊട്ടിയിട്ടുണ്ട്, നടുവിന് നല്ല വേദന ഉണ്ട്.  തൂക്കം നോക്കിയിട്ടു മാറ്റിവെക്കാൻ മടികൊണ്ടു  കട്ടിലിന്റെ അടുത്ത തന്നെ  വെച്ചിരുന്ന ത്രാസിൽ തട്ടിയായിരിക്കാം നടുവിന് വേദന. അതൊന്നു നീക്കാൻ പോലും പറ്റുന്നില്ല.

വലത്തേ കയ്യും കാലും അനങ്ങുന്നു പോലും ഇല്ല. കർട്ടന്റെ ഇടയിലൂടെ വരുന്ന നേർത്ത വെളിച്ചം മാത്രം. ഫോൺ കട്ടിലിൽ കിടപ്പുണ്ട്, അതൊന്നു എടുക്കാൻ സാധിക്കുമായിരുന്നു എങ്കിൽ ആരെയെങ്കിലും വിളിക്കാമായിരുന്നു. പക്ഷെ അനങ്ങാൻ ആവുന്നില്ല. 

ഇരുട്ടുമായി കണ്ണുകൾ താതാത്മ്യം പ്രാപിച്ചതുകൊണ്ടു ഇപ്പോൾ കുറച്ചൊക്കെ കാണാം. സമയം  പുലർച്ചെ മൂന്നുമണിയോട് അടുത്തിരിക്കുന്നു. നാടുവിന്റെ വേദന സഹിക്കാൻ വയ്യാതെ ഞാൻ കരയുകയാണ്. തലയിൽ നിന്നും വരുന്ന ചോരയും കണ്ണീരും കൂടി കലർന്ന് മുഖത്തുകൂടി ഒഴുകുന്നു. ഇങ്ങനെ കിടന്നാൽ ചോര വാർന്നു ഞാൻ മരിച്ചേക്കും. 

എന്റെ മക്കളുടെ ഓരോരുത്തരുടെയും മുഖം എന്റെ മനസ്സിൽ തെളിഞ്ഞു വന്നു. ആ കുഞ്ഞുങ്ങൾ  പറക്കമുറ്റുന്ന വരെയെങ്കിലും ഞാൻ ജീവിച്ചേ മതിയാവൂ. ചാച്ചേ എന്ന് വിളിച്ചു ചിരിച്ചുകൊണ്ട് എന്നും മിണ്ടുന്ന കുഞ്ഞേപ്പും തുമ്പിയും എനിക്ക് എന്തോ ഭ്രാന്തമായ ശക്തി തന്നു. അടുത്ത ഫ്ലാറ്റിൽ നിന്നും ആരെങ്കിലും ഒച്ച കേട്ട് വന്നെങ്കിൽ എന്ന് വിചാരിച്ചു  ഞാൻ ഉറക്കെ അലറി വിളിച്ചു. പ്ലീസ് ഹെല്പ് മി  എന്നൊക്കെ പറയണം എന്നുണ്ട്, പക്ഷെ സ്വരം മാത്രമേ വരുന്നുള്ളൂ....

പല പ്രാവശ്യം വിളിച്ചു, ഒരു അനക്കവും ഇല്ല, ആരും വരുന്നില്ല. എന്റെ തൊണ്ടവറ്റി വരണ്ടു. ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ... നിലത്തു വീണ ഉപ്പും ചവർപ്പും കലർന്ന രുചിയുള്ള ചോര നക്കി ഞാൻ തൊണ്ട നനച്ചു.   കട്ടിലിൽ കിടക്കുന്ന ഫോണിൽ ഒരു whatsapp മെസ്സേജ് വന്ന സ്വരം, എന്ത് ചെയ്യാൻ. അതൊന്നു എടുക്കാൻ സാധിച്ചിരുന്നെങ്കിൽ....

രക്തം പോയത് കൊണ്ടാവാം, തല കിറുങ്ങുന്നുണ്ട്. ഇനി അധിക സമയം പിടിച്ചു നിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. എല്ലാവരെയും പിരിഞ്ഞു പോയെ പറ്റൂ എന്ന് തോന്നുന്നു. ഞാൻ പ്രതീക്ഷ കൈവിട്ടു, ഈ ഫ്ലാറ്റിൽ ആരും അറിയാതെ കിടന്നു മരിച്ചു പോകാൻ ആയിരിക്കും എന്റെ വിധി.

മനസ് പക്ഷെ  സഞ്ചരിച്ചു കൊണ്ടെയിരുന്നു. മരിച്ചു കിടക്കുന്ന എന്റെ മുമ്പിൽ കരഞ്ഞുകൊണ്ടു നിൽക്കുന്ന അമ്മയും സഹോദരങ്ങളും. അവരുടെ മടിയിൽ തളർന്നിരിക്കുന്ന എന്റെ കുഞ്ഞുങ്ങൾ. അകത്തെവിടെയോ ബോധം കേട്ട് കിടക്കുന്ന എന്റെ ഭാര്യ. ഇല്ല...അവരെ വിട്ടു എനിക്ക് പോകാനാവില്ല. എന്റെ ഫോൺ ഒന്ന് കിട്ടിയിരുന്നെങ്കിൽ മാത്രം മതിയായിരുന്നു?  കൂട്ടുകാർ, ബന്ധുക്കൾ... എല്ലാം ഇവിടെ ഉണ്ടായിട്ടും ഒന്നും ചെയ്യാനാവാതെ ഞാൻ പോകണമല്ലോ ദൈവമേ. നിരീശ്വരവാദി ആയ ഞാൻ ദൈവത്തെ ഒന്നൂടെ വിളിച്ചു, പ്ലീസ്, എനിക്ക് ഇത്തിരി കൂടി ജീവിക്കണം. ഒരു വഴി തുറക്കൂ....

പണ്ട് കൊറോണ വന്നപ്പോൾ ബെഡ്‌റൂമിൽ വെച്ചിരുന്ന ക്യാമറ ഇപ്പോളും ഉണ്ട്. ഇടക്കൊക്കെ ഭാര്യ അതിൽ നോക്കാറും ഉണ്ട്. അവളൊന്നു നോക്കിയിരുന്നെങ്കിൽ എന്ന് പ്രതീക്ഷിച്ചു അതിലേക്കു നോക്കി ഞാൻ കിടന്നു. എന്റെ കണ്ണുകൾ പതുക്കെ അടഞ്ഞു തുടങ്ങി, മടക്കയാത്ര ആരംഭിക്കാറായി എന്ന് തോന്നുന്നു.  ഭാര്യ ആ ക്യാമറ ഒന്ന് നോക്കും എന്ന ഒരു മങ്ങിയ പ്രതീക്ഷ മാത്രം വെച്ചുകൊണ്ട്, എല്ലാം കൈവിട്ട് ഞാൻ എന്റെ കണ്ണുകൾ പതിയെ അടച്ചു.

അങ്ങനെ പോകാൻ പറ്റാത്തതുകൊണ്ട്, എന്നെ സ്നേഹിക്കുന്നവരുടെ ഇഷ്ടം അത്ര വലുതായതുകൊണ്ടും അവൾ എന്നെ ക്യാമറയിലൂടെ നോക്കി കാണണം. ഫോൺ ഓഫ് ചെയ്യാത്ത, അടിച്ചു കോൺ തെറ്റി കിടക്കാത്ത ഏതെങ്കിലും കൂട്ടുകാർ എന്നെ ആശുപത്രിയിൽ എത്തിച്ചു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുമായിരിക്കും....  Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP