ഞാനൊരു പാവം പാലാക്കാരന്‍

പാപ്പിയുടെ പിറന്നാള്‍

>> Sunday, November 4, 2012

നാട്ടില്‍ പാപ്പിയുടെ ബര്‍ത്ത്ഡേക്കുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ട്. ഭാര്യയുടെ വീട്ടുകാര്‍, പെങ്ങളും കുടുംബവും, പിന്നെ അമ്മയും അനിയനും അടങ്ങുന്ന ഞങ്ങളുടെ വീട്ടുകാരും ഒക്കെയുള്ള ഒരു ചെറിയ ആഘോഷം. ഞാനിവിടെ ഒറ്റയ്ക്ക് ദുബായില്‍ ആണെങ്കിലും ആഘോഷം ഒന്നും കുറക്കണ്ടാ എന്ന് പ്രത്യേകം പറഞ്ഞിരുന്നു.

അങ്ങനെ അവര്‍ കേക്കും ഭക്ഷണവും ഒക്കെ ഓര്‍ഡര്‍ ചെയ്തു. വൈകുന്നേരം ആഘോഷിക്കാന്‍ തയ്യാറായി ഇരിക്കുന്നു. ഭാര്യ ഇന്നലെ രാത്രി വിളിച്ചു ഒത്തിരി സങ്കടം പറഞ്ഞു, വാഴക്കാവരയന്‍ ഇല്ലാതെ എന്താഘോഷിക്കാനാണ് എന്നൊക്കെ. ഞാന്‍ പറഞ്ഞു ഒരു കുറവും വരാതെ പരിപാടികള്‍ നടത്തിക്കോണം, എന്റെ മനസ് അവിടെ തന്നെ ആയിരിക്കും എന്നൊക്കെ.

പക്ഷെ ഞാന്‍ ആരാ മോന്‍, ഞാനിപ്പോള്‍ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ആണ്. എല്ലാവര്‍ക്കും ഒരു സര്‍പ്രൈസ്‌ ആയി ഞാന്‍ പിറന്നാളിന് അവിടെ ചെല്ലാം എന്ന് തീരുമാനിച്ചു. എന്റെ കൂട്ടുകാരന്‍ നായരുടെ എയര്‍ ഇന്ത്യ സ്നേഹം കാരണം ഞാന്‍ അതിനു തന്നെ ടിക്കെറ്റ്‌ എടുത്തു. നാട്ടില്‍ സമയത്ത് ചെല്ലുമോ എന്നുള്ള മറ്റു കൂട്ടുകാരുടെ ചോദ്യത്തെ ഒക്കെ നായര്‍ വളരെ രൂക്ഷമായി നേരിട്ടതോടെ എനിക്കും സമാധാനം ആയി.

ബാഗില്‍ മുഴുവന്‍ പിള്ളേര്‍ക്കുള്ള സമ്മാനങ്ങള്‍ മാത്രം. പാപ്പിക്കുട്ടന് ഉടുപ്പും കളിക്കോപ്പുകളും പിന്നെ കുറച്ചു പാമ്പേഴ്സും, കറിയാച്ചനും കോക്കുവിനും ഉടുപ്പും പെന്‍സിലും കളി വണ്ടികളും. പിന്നെ പിറന്നാളിന് ഗില്‍റ്റ്കളും ഒക്കെ ചിതറി വീഴുന്ന രണ്ടു മൂന്നു കുഴല്‍, മഞ്ഞു പോലത്തെ എന്തോ ഒന്ന് സ്പ്രേ ചെയ്യുന്ന രണ്ടു കുപ്പി അങ്ങനെ കുറെ അലുഗുലുത്ത സാധനങ്ങളും. അങ്ങനെ എയര്‍പോര്‍ട്ടില്‍ ചെന്ന് ഇങ്ങനെ ഇരുന്നപ്പോള്‍ തോന്നി രണ്ടു കുപ്പി ഏതായാലും എടുത്തേക്കാം, ഇനി കൊച്ചിയില്‍ ചെല്ലുമ്പോള്‍ അഡീഷനല്‍ വേണമെങ്കില്‍ എടുക്കാമല്ലോ എന്ന്. അങ്ങനെ കുപ്പികളില്‍ നോക്കി നടന്നു. ആദ്യം പോയി ഒരു ഷിവാസ് റീഗല്‍ എടുത്തു, പിന്നെ തീരുമാനം മാറ്റി. എന്റെ കുഞ്ഞുപാപ്പീടെ പിറന്നാള്‍ അല്ലെ, അത് കൊണ്ട് ഒരു റെമി മാര്‍ട്ടിന്‍ തന്നെ ആയിക്കോട്ടെ എന്ന് വെച്ചു.

അങ്ങനെ അതും ഒക്കെയായി വിമാനത്തില്‍ കയറി. കൃത്യം സമയത്ത് തന്നെ വിമാനം പറന്നുയര്‍ന്നു. പറന്നു മുകളില്‍ ചെന്നപ്പോള്‍ മുതല്‍ ഓരോത്തന്മാര്‍ കള്ളിന് വേണ്ടി അലറാന്‍ തുടങ്ങി. ഒരു നല്ല കാര്യത്തിനു പോകുവല്ലേ എന്ന് കരുതി ഞാന്‍ എനിക്ക് വേണ്ടെന്നു പറഞ്ഞു. അടുത്തിരുന്നവന്മാരുടെ ആക്രാന്തവും വാചകവും കാരണം എനിക്ക് സഹി കെട്ടു. അവര്‍ മൂന്നാമത്തെ കഴിഞ്ഞു നാലാമത്തെ പെഗിനു വഴക്ക് തുടങ്ങിയപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്കും ഒന്ന് തായോ എന്ന്.

അവന്മാര്‍ക്ക് കൊണ്ട് പോയി അവജ്ഞയോടെ കൊടുത്ത എയര്‍ഹോസ്ടസ് ചേച്ചി എനിക്ക് സ്നേഹത്തോടെ തന്നെ തന്നു, ഒരു ഡബിള്‍ പെഗ് തന്നെ. അതും അടിച്ചു ഞാന്‍ പതുക്കെ ഉറക്കവും തുടങ്ങി.

രാവിലെ നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടില്‍ എത്തിയപ്പോള്‍ ചെറിയ മഴ ഉണ്ട്. വിമാനത്തിന്റെ ജനലില്‍ കൂടി നോക്കുമ്പോള്‍ തന്നെ മഴത്തുള്ളികളും പച്ചപ്പും ഒക്കെ നിറഞ്ഞ ഒരു കുളിര്‍മയുള്ള കാഴ്ച. അങ്ങനെ എയര്‍പോര്‍ട്ടില്‍ നിന്നും ഒരു പ്രീപെയിഡ് ടാക്സി വിളിച്ചു നേരെ പാലായ്ക്ക് വിട്ടു. വണ്ടിയില്‍ ഇരുന്നു തന്നെ സിം ഒക്കെ മാറ്റി നാട്ടിലെ സിം ഇട്ടു നേരെ അളിയനെ വിളിച്ചു. ആരോടും പറയരുത്, ഞാനിവിടെ ലാന്‍ഡ്‌ ചെയ്തിട്ടുണ്ട്, കൃത്യം സമയം ആകുമ്പോള്‍ ഞാന്‍ എത്തിക്കോളാം എന്ന് പുള്ളിയോട് പറഞ്ഞു. അളിയനോട് പോലും പറയാതിരുന്നതിനു ഇത്തിരി പരിഭവം ഉള്ള അപോലെ തോന്നി, എങ്കിലും പെട്ടെന്ന് തന്നെ പുള്ളി ഇത്തിരി കൂടി കൃത്യമായി പ്ലാനിംഗ് നടത്തി.

അവിടെ എല്ലാവരും കേക്ക് മുറിക്കാന്‍ റെഡി ആകുമ്പോള്‍ ഞാന്‍ നേരെ കയറി ചെന്നു വീട്ടിലെ ബെല്‍ അടിക്കണം. ഞാന്‍ വീടിന്റെ അടുത്ത്‌ എത്തുന്നതു അനുസരിച്ച് കേക്ക് മുറിക്കല്‍ ചടങ്ങ് ക്രമീകരിക്കുന്നത് അളിയന്‍ ഏറ്റെടുത്തു. അങ്ങനെ വളരെ നാടകീയമായി എത്തി പിറന്നാള്‍ കൂടുക. ഹോ.. ഓര്‍ത്തപ്പോള്‍ തന്നെ ഒരു കുളിര്. ഞാന്‍ വീണ്ടും കണ്ണുകളടച്ചു പാപ്പിയുടെ ജനനം ഒക്കെ ഒന്നോര്‍ത്തു നോക്കി.

പാലായിലെ ചെറുപുഷ്പം ആശുപത്രിയില്‍ എന്റെ കൈകളില്‍ ഇറുക്കി പിടിച്ചു ഭാര്യ അമ്മേയെന്നു വിളിച്ചു നീട്ടി കരഞ്ഞപ്പോള്‍, ആ കരച്ചില്‍ നിന്നിട്ട്  കണ്ണുകളില്‍ നിന്നും വെള്ളം വന്നപ്പോള്‍, ഞാന്‍ അവളുടെ മുഖത്ത് നിന്നും നോട്ടം മാറ്റി കൊച്ചിന്റെ തല വന്നിരുന്ന സ്ഥലത്തേക്ക് നോക്കി. ഡോക്ടര്‍ കൊച്ചിന്റെ തലയില്‍ പിടിച്ചു ഒരു ചെറിയ ബെയ്സനിലെക്ക് കൊച്ചിനെ ഇടുന്നു. അവിടെ നിന്നും നഴ്സ് പൊക്കിയെടുത്ത സമയത്ത് തന്നെ അവന്‍ കരഞ്ഞതിനാല്‍ കുണ്ടിക്ക് അടിച്ചു കരയിപ്പിക്കേണ്ടി വന്നില്ല. അതോടെ എന്നെ അവര്‍ പുറത്താക്കി.

അവിടെ നിന്നും പുറത്തിറങ്ങി ഹോസ്പിറ്റലിലെ മുറിയില്‍ അഭിമാനത്തോടെ ഇരുന്നു ഫോണ്‍ വിളികള്‍ തുടങ്ങി. നിനക്ക് ഇത് മാത്രമേ പണി ഉള്ളോ എന്ന് ചോദിച്ചവരോടും, ഈ പ്രാവശ്യവും ആണായി പോയി അല്ലേ എന്ന് ചോദിച്ചവരോടും ഒക്കെ എന്റെ സന്തോഷം അറിയിച്ചു ഇരിക്കുന്ന സമയം ഭാര്യ എത്തി. അവളുടെ മുഖം കലങ്ങിയിരുന്നു, കൊച്ചിന് റെസ്പിറേറ്ററി റേറ്റ്‌ കൂടുതലാണ് എന്ന് പറഞ്ഞു അവര്‍ അവിടെ ഓക്സിജന്‍ കൊടുത്ത്‌ കിടത്തിയിരിക്കുകയാണത്രേ. അവിടെ ആരെയും നിര്ത്തില്ലത്രേ. ഡോക്ടറിനെ പോയി കണ്ടപ്പോള്‍ അതൊന്നും സാരമുള്ള പ്രശ്നമല്ല, ഒരു ദിവസം കിടന്നു കഴിയുമ്പോള്‍ നോര്‍മല്‍ ആകും എന്നുള്ള വാക്കുകള്‍ ഒക്കെ കേട്ട് ഞാന്‍ ഭാര്യയെ ആശ്വസിപ്പിച്ചു.

പെറ്റമ്മയല്ലേ , അവളുടെ വേവലാതി ഭയങ്കരം ആയിരുന്നു. അവളുടെ അമ്മിഞ്ഞയില്‍ നിന്നും പാപ്പിക്ക് വേണ്ടി പാല് ചുരത്തിക്കൊണ്ടേ ഇരുന്നു. ആ നനവിനും കണ്ണീരിന്‍റെ നനവിനും മറുപടിയില്ലാതെ ഞാന്‍ വീണ്ടും ഡോക്ടറെ കണ്ടു ഞങ്ങളെ ഇടക്കിടക്ക്‌ കാണിക്കാമോ എന്ന് ചോദിച്ചു. അത് അനുവദനീയം അല്ലെങ്കിലും ഡോക്ടര്‍ സമ്മതിച്ചു.

    അങ്ങനെ കുറച്ചു കുഴലുകള്‍ക്കും ലൈറ്റുകള്‍ക്കും ഇടയില്‍ അവന്‍ കിടന്നു ഉറങ്ങുന്നു. അമ്മിഞ്ഞപ്പാല്‍ ഞ്ഞുണയേണ്ട അവന്റെ ചുണ്ടുകള്‍ വരണ്ടിരുന്നു.

ഒരു ദിവസത്തിനു ശേഷം എല്ലാം ശരിയായി. അവന്റെ കുഞ്ഞിക്കൈകള്‍, കാലുകള്‍, അവന്റെ പാല്‍ പുഞ്ചിരി, കരച്ചിലും ചിണുക്കവും ഒക്കെ ഞങ്ങള്‍ ആസ്വദിച്ചു തുടങ്ങി.
ഞാന്‍ ഓര്‍മ്മകളില്‍ നിന്നും കണ്ണ് തുറന്നു. വണ്ടി മുവാറ്റുപുഴയിലെ ഫിഷ്‌ മാര്‍ക്കറ്റിന്റെ സമീപത്തെത്തിയതെ ഉള്ളൂ. ആ മണം ആയിരിക്കും എന്നെ ഓര്‍മ്മകളില്‍ നിന്നും തിരിച്ചു കൊണ്ട് വന്നത്. പെട്ടെന്നായിരുന്നു വന്‍ ശബ്ദത്തോടെ ഒരു ടാങ്കര്‍ ലോറി ഞങ്ങളുടെ കാറിന്റെ പുറകില്‍ ഇടിച്ചത്‌. ഇടിയുടെ ആഘാതത്തില്‍ പുറകിലത്തെ സീറ്റില്‍ ഞെളിഞ്ഞിരുന്ന ഞാന്‍ കാറിന്റെ മുമ്പിലത്തെ ചില്ലും തകര്‍ത്ത്‌ റോഡില്‍ വീണത്‌. എന്റെ കണ്ണില്‍ ഇരുട്ട് മാത്രം, ഞാന്‍ അമ്മേയെന്നു ഉറക്കെ വിളിച്ചെങ്കിലും ശബ്ദം പുറത്ത് വന്നില്ല. ആംബുലന്‍സിന്റെ നിലവിളി ശബ്ദം ഞാന്‍ കേട്ടു.  

ആരോ എന്നെ കുലുക്കി വിളിക്കുന്നു. "വാഴക്കാവരയന്‍ ചേട്ടാ, വാഴക്കാവരയന്‍ ചേട്ടാ...." ഇത് ഫിലിപ്പ് കുട്ടിയുടെ സ്വരം ആണല്ലോ എന്നോര്‍ത്ത്‌ ഞാന്‍ കണ്ണ് തുറന്നു. എന്റെ മുമ്പില്‍ ഫിലിപ്പുകുട്ടിയുടെ ആജാനുബാഹുവായ രൂപം. "ദേണ്ടെ ബര്‍ത്ത്‌ഡേ രാത്രീല്‍ തന്നെ വിളിക്കാന്‍ വെച്ച അലാം കിടന്നു അടിക്കുന്നു, കുറേശെ ഒക്കെ അടിക്ക് ചേട്ടാ, ഇല്ലേ വടിയായി പോകും"

ഒരു ഊഞ്ഞാലാടിയ ചിരിയുമായി ഞാന്‍ ഇരുന്നു. രായാവേ...രാജാവേ എന്ന് വിളിച്ചു കൊണ്ട് കിംഗ്‌ ജോര്‍ജ്‌ റമ്മിന്റെ ഒരു കുപ്പിയും പാതി തീര്‍ന്ന ഒരു ഗ്ലാസും എന്നെ നോക്കി ചിരിക്കുന്നു. 

അങ്ങനെ എന്റെ പാപ്പിക്കുട്ടന്‍ വലുതായിരിക്കുന്നു. അവന്‍ നടക്കാന്‍ തുടങ്ങിയിരിക്കുന്നു, അവനു പല്ലും വന്നു കഴിഞ്ഞു. അവനു ഇന്ന് ഒരു വയസായിരിക്കുന്നു.....അവന്റെ ചേട്ടന്മാരുടെ കൈ പിടിച്ചു, അവന്റെ ചിറ്റപ്പായുടെ കൈപിടിച്ച്, ചേച്ചിമാരുടെയും ആന്റിമാരുടെയും മേല്‍നോട്ടത്തില്‍ അവന്‍ കേക്ക് മുറിക്കട്ടെ...


മൂന്നു മക്കളില്‍ ആരുടേയും ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ സാധിക്കാതിരുന്ന ഒരു ഹതഭാഗ്യന്‍  ...... ........... എല്ലാവരോടും ഒത്തിരി ഒത്തിരി സ്നേഹത്തോടെ........                


Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP