ഞാനൊരു പാവം പാലാക്കാരന്‍

കുരിശുവര (സന്ധ്യാ പ്രാര്‍ത്തന)

>> Monday, June 16, 2008

വളരെ ധൈര്യവാന്‍ അയിരുന്നു ഞാന്‍ ചെറുപ്പത്തില്‍, ഇരുട്ടിലേക്ക് ജനലില്‍ കൂടി നോക്കുവാന്‍ കൂടി പേടിയുണ്ടായിരുന്ന കാലം. മുറ്റത്തെ വാഴയില കാറ്റത്താടുന്നതു രാത്രിയില്‍ ജനലിലൂടെ കാണുമ്പോള്‍ വഴയില വെട്ടിയിട്ട പോലെ കിടക്കുന്നവനായിരുന്നു ഞാന്‍. സ്വര്‍ഗ്ഗസ്ഥനായ പിതാവേ മുതല്‍ എത്രയും ദയയുള്ള മാതാവേ വരെ ബാത്ത് റൂം ല്‍ മുള്ളാന്‍ പോകാന്‍ നേരം വരെ ചെല്ലിക്കൊണ്ടിരുന്നത് ഭക്തിയാലല്ല, പ്രത്യുത ഭയത്താലായിരുന്നു എന്നത് സത്യം. ആഴ്ചയില്‍ ഒരിക്കല്‍ വരുന്ന അമ്മയുടെ അടുത്തു കിടക്കുമ്പോള്‍ മാത്രമേ പേടിക്കാതെ കിടന്നുറങ്ങിയുരുന്നുള്ളു, അതും നാലാഴ്ചയില്‍ ഒരിക്കല്‍ വരുന്ന ഊഴം. മൂത്തവന്‍ ആയതുകൊണ്ടും, ആണായതു കൊണ്ടും ഞാന്‍ ഭയങ്കര ധൈര്യവാനാണെന്നായിരുന്നിരിക്കും എല്ലവരുടെയും വിചാരം, എന്നാല്‍ 4 വയസ് ഇളയ എന്റെ അനിയന്റെ പാതി ധൈര്യം പോലും ഇല്ലതിരുന്ന പേടിച്ചുതൂറി അയിരുന്നു ഞാന്‍ എന്ന് അമ്മക്കു മാത്രമേ അറിയാമയിരുന്നുള്ളു. എന്നെ പേടിപ്പിക്കാനായി പ്രേത കഥകള്‍ ഒന്നും തന്നെ മുത്തശ്ച്ചിമാര്‍ പറഞ്ഞു തന്നിരുന്നില്ല എങ്കിലും ലോകത്താകമാനമുള്ള പ്രേത പിശാചുക്കള്‍ രത്രിയാകുമ്പോള്‍ എന്നെ പേടിപ്പിക്കാനായ് എത്തുമായിരുന്നു. (പ്രേത കഥ പറയാതെ തന്നെ നല്ല പേടിയുണ്ടെന്നും ഇനി പറഞ്ഞാല്‍ അതു കേട്ടു തന്നെ ഇവന്‍ വടിയാകുമെന്നും അവര്‍ക്ക് നേരത്തേ തന്നെ മനസിലായി കാണും). വല്ല്യമ്മയുടെ (അമ്മയുടെ അമ്മ) വയറ്റിലെ മാര്‍ദ്ദവമുള്ള ഒരു കുരുവില്‍ ഞെരടി രാത്രിയില്‍ കിടക്കുമ്പോള്‍ പേടി മാറാന്‍ വേണ്ടിയായിരിക്കണം ഞാന്‍ സത്യ ക്രിസ്ത്യാനികളുടെ എല്ലാ പ്രാര്‍ത്ഥനകളും കാണാതെ പഠിച്ചത് എന്ന് തോന്നുന്നു. എന്തായാലും 53 മണി ജപം മുതല്‍ (ലുത്തിനിയാ ഉള്‍പടെ) സകല പുണ്യാളന്മാരുടെ പ്രാര്‍ത്ഥന വരെ നമുക്കു കണാപ്പാഠം ആയിരുന്നു. പാട്ട്, ഡാന്‍സ്, പ്രസംഗം, മോണോആക്ട് ഇങ്ങനെയുള്ള കലകളില്‍ ഞാനൊഴികെയുള്ള എല്ലാ സഹോദരങ്ങളും പ്രഗല്‍ഭരും, കിടന്നുമുള്ളല്‍, സ്വപ്നം കണ്ടു കാറല്‍, കൊതി, ക്രിമി എന്നീ കര്യങ്ങളില്‍ ഞാന്‍ പ്രഗല്‍ഭനും ആയിരുന്നെങ്കിലും വല്ല്യപ്പനും വല്ല്യമ്മക്കും (അമ്മയുടെ അപ്പനും അമ്മയും) എന്നെ ഇഷ്ടമായിരുന്നു. പുറത്തു കൊണ്ടുപോയാല്‍ മുറുക്കാന്‍ കടയിലെ നാരങ്ങാ മുട്ടായി, ഷാ മുട്ടായി, തേന്‍ മുട്ടായി, പ്യാരിയുടെ പച്ച ആന്റ് ഓറഞ്ചു മുട്ടായി, ബെല്ലടിച്ചോണ്ടു പോകുന്ന കോല്‍ ഐസ്, ബേക്കറിയിലെ ജിലേബി, ലഡ്ഡു ഇതൊക്കെ കൊതിയോടെ നോക്കാറുണ്ടായിരുന്നെങ്കിലും ഒന്നിനും വേണ്ടി കാറാത്തതിനാല്‍ എല്ലായിടത്തും കൊണ്ടു പോകാന്‍ വല്ല്യപ്പനു എന്നെ ഒരു PREFERENCE ഉണ്ടായിരുന്നു. മിച്ചം വരുന്ന പാട വീണ തണുത്ത പാല്‍ (directly propotional to guests) ഒന്നോ രണ്ടോ വെട്ടുഗ്ലാസ് പഞ്ചസാര ഇല്ലാതെ മടക്ക് മടക്കന്ന് മോന്തുന്നതിനാല്‍ വല്ല്യമ്മക്കും എന്നോട് ഒരു മമത ഉണ്ടായിരുന്നു, ബ്ലാക്കിക്ക് ദേഷ്യവും (വീട്ടിലെ കാവല്‍ക്കാരനായ നാടന്‍ അള്‍സേഷന്‍ ക്രോസ്). അങ്ങനെ അവരുടെ സ്നേഹവും കുരുത്തകേടുകള്‍ക്ക് ചൂരല്‍കഷായം കൂടാതെ വല്ല്യപ്പന്റെ സ്പെഷ്യല്‍ ചെവിയില്‍ കിഴുക്കും, വല്ല്യമ്മയുടെ സ്പെഷ്യല്‍ തുടയില്‍ നുള്ളും വാങ്ങി സഹോദര പരിവാരങ്ങളുമായി ബാഹ്യലോക ബന്ധം ഇല്ലാതെ ജീവിച്ചുപോന്നു.
DPEP വരുന്നതിനു എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് അതു പ്രയോഗത്തില്‍ വരുത്തിയ ആള്‍ക്കാരയിരുന്നു നമ്മുടെ കാര്‍ണവന്മാര്‍. തേങ്ങയിടീലില്‍ന്റെ അവസാനം കിട്ടുന്ന അര കരിക്കിന്റെ (ഒന്നടിക്കനുള്ള വയറുണ്ട് എന്നു എത്ര കാണിച്ചിട്ടും വല്ല്യപ്പനു മനസിലായില്ല) പ്രലോഭനത്തില്‍ തെങ്ങില്‍നിന്നും തേങ്ങ താഴെ വീഴുന്നതിനു മുമ്പ് എണ്ണാനുള്ള പ്രാഗഭ്യം ഞങ്ങള്‍ നേടിയെടുത്തു. ഹിന്ദിക്കാരന്‍ പരവന്‍ ആയിരുന്നെങ്കില്‍ ഹിന്ദിയും എണ്ണാന്‍ പഠിച്ചേനേ.പരവന്‍ കുട്ടന്‍ തായിപ്പിരി ഇട്ടു തെങ്ങില്‍ കയറുന്നതു കണ്ട് കൊതി തോന്നി, തായിപ്പിരിയുടെ വ്യാസം, തെങ്ങിന്റെ പരുക്കന്‍ പ്രതലം ഇതൊന്നും ഇളം കാലുകള്‍ക്ക് പറ്റിയതല്ലാ എന്ന തിരിച്ചറിവില്‍ കുളിക്കാനുള്ള തോര്‍ത്ത് പിരിച്ച് തായിപ്പിരി ആക്കി കമുകില്‍ കയറുകയും തിരിച്ച് ന്യൂട്ടര്‍ അടിച്ചു പോന്നതിന്റെ ഫലമായി ഇളം ഉള്ളം കാലുകള്‍ പൊള്ളുകയും ചെയ്തെങ്കിലും പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. മണ്ണിര മുതല്‍ പാമ്പ്, പട്ടി, പന്നിയെലി, തോട്ടിലെ പമ്പാരവന്‍ എന്തിനേറെ തോട്ടിലെ വെള്ളത്തില്‍ ഓളം തല്ലുമ്പോള്‍ പുളഞ്ഞു കാണുന്ന കമ്പു വരെ എന്റെയുള്ളില്‍ പേടിയുടെ അലകള്‍ തീര്‍ത്തിരുന്നെങ്കിലും experinsed ആയ ഞാന്‍ സഹോദരങ്ങളെ പഠിപ്പിക്കുന്ന വ്യാജേന അവരെ മുമ്പില്‍ നിര്‍ത്തി പ്രപഞ്ചവുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തികൊണ്ടിരുന്നു. പക്ഷെ രാത്രിയില്‍ അമ്മയുടെ കൂടെയല്ലാതെ ആരുടെ കൂടെ കിടന്നാലും ഭയം നമ്മളെ വിട്ടു പിരിയാറില്ല. അന്നു രാത്രിയില്‍ കാണാനിടയുള്ള ആനയോടിക്കല്‍ മഹാമഹം (ആന എന്നെ ഓടിക്കുന്ന സ്വപ്നം). രാവിലെ പാലു കൊടുക്കാന്‍ പോകുന്ന വഴിയിലെ പട്ടികളുടെ രൂപം, അടുത്തയിടെ നടന്ന ദുര്‍ ഉം അല്ലാതെയുമുള്ള മരണങ്ങള്‍, വെളുപ്പിനെ മുറ്റത്തെ പതിനെട്ടാം പാത്തി തെങ്ങിനു കവച്ചു നിന്നു യൂറിയ കൊടുക്കുന്ന ഓര്‍മ്മയില്‍ കിടക്ക നനക്കല്‍, അതു നിര്‍ത്താനുള്ള ബന്ധുക്കളുടെയും നാട്ടുകാരുടെയും ഒക്കെ പരീക്ഷണങ്ങള്‍ ഇങ്ങനെ കൊച്ചു മനസിനു താങ്ങാനാവാത്ത പ്രശ്നങ്ങളുടെ കൂമ്പാരത്തിലലഞ്ഞിരുന്ന ഞാന്‍ പൊതുവെ സന്ധ്യാ പ്രാര്‍ത്ഥനയില്‍ വളരെ ആക്ടീവ് ആയിരുന്നു. കഷ്ടപ്പാടുകളിലാണു ദൈവത്തിലേക്ക് മനുഷ്യര്‍ അടുക്കുന്നത് എന്നുള്ളതുകൊണ്ടും, കിഴക്കന്‍ മലയോരങ്ങളില്‍ പഠിപ്പിക്കാന്‍ പോയിരിക്കുന്ന അമ്മക്കു യാത്ര ചെയ്യേണ്ട കൊക്കയുള്ള റോഡുകളും, നമുക്കുള്ള അനുഗ്രഹങ്ങള്‍ ഓര്‍ക്കാതെ കൈലാസ് ചാ‍യക്കടയിലെ (പരിപ്പുവട, ഏത്തക്കാബോളി, മൊട്ടക്കറി, ഉള്ളിക്കറി) വിശ്വേട്ടന്റെ മക്കളായി ജനിക്കാന്‍ പറ്റഞ്ഞതിന്റെ കൊതിക്കെറുവും ഒക്കെ ഞങ്ങളെ പ്രാര്‍ത്ഥനാ സമയത്ത് ഇടക്കിടെ മുട്ടിന്മേല്‍ നില്‍ക്കാന്‍ പ്രേരിപ്പിച്ചിരുന്നു എങ്കിലും വല്ല്യമ്മയുടെ നേത്രിത്വത്തില്‍ ഉള്ള ഉറക്കം 1 മണിക്കൂര്‍ നീണ്ട കുരിശുവരയില്‍ എല്ലാവരേയും അലട്ടിയിരുന്നു എന്നതാണു സത്യം. ഉറക്കത്തില്‍ നിന്നും ഉണത്താനായുള്ള വല്ല്യപ്പന്റെ ചൂരവടികൊണ്ട് പായിലുള്ള അടി, അതു കേട്ട് ഞെട്ടിയുണരുന്നവരെ കണ്ടുള്ള ചിരി, തറവാടിയായ വല്ല്യപ്പന്റെ ഗ്യാരന്‍ഡിയുള്ള കീഴ് ശ്വാസം, തറവാടിയിലെ വാടി ആയിട്ടില്ലാത്തതിനാല്‍ അമര്‍ത്തി പിടിച്ചിട്ടും പിടിവിട്ടു പോയി വരുന്ന ഞങ്ങളുടെ അധോവായു എന്നിങ്ങനെ ചിരിക്കാനുള്ള വകയും ഉള്ള ഒരു നീണ്ട പ്രോസസ് ആയിരുന്നു കുരിശുവര. അങ്ങനെ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവര്‍ക്കുള്ള പ്രാര്‍ത്ഥന കൂടാതെ, മാതവിനുള്ള 53 മണി ജപം, ഭാഗ്യപ്പെട്ട മാര്‍ യൌസേപ്പ് തുടങ്ങി സീസണല്‍ ആയി വരുന്ന ഗീവര്‍ഗ്ഗീസ്, സെബസ്റ്റ്യാനോസ് (അസുഖം, പ്രാണികള്‍) എന്നിവരോടുള്ള പ്രാര്‍ത്ഥനകള്‍ വരെ ഉണ്ടായിരുന്നു എങ്കിലും ഇവരോടൊക്കെ പ്രാര്‍ത്ഥിച്ചിട്ടും എന്റെ പേടി മാറുകയോ, കിടന്നുമുള്ളല്‍ നില്‍ക്കുകയോ, ആനയുടെ സ്വപ്നത്തിനു പകരം എന്റെ കയ്യില്‍ നിന്നും പാലു വാങ്ങുന്ന, കല്യാണ ആലോചന നടക്കുന്ന ആലീസുചേച്ചിയെ സ്വപ്നം കാണുകയോ ചെയ്യാത്തതിനാലാവാം അന്നു ഞാന്‍ കളം മാറി ചവിട്ടിയത്. അതോ എല്ലാ ദൈവങ്ങളേയും സ്വീകരിച്ച ഹിന്ദു സംസ്കാരത്തിന്റെ ഭാഗമായതു കൊണ്ടോ എന്തോ അന്നു വല്ല്യപ്പന്റെ അടിയില്‍ മയക്കത്തില്‍ നിന്നും ഞെട്ടിയെണീറ്റ എന്റെ വായില്‍ ഈശോയേ എന്നതിനു പകരം വന്നത് ഗണപതിയേ എന്നയിരുന്നു. എന്തോ ആരും ചിരിച്ചില്ല, എനിക്കിട്ടൊട്ടു തല്ലും കിട്ടിയില്ല.

Read more...

സൈക്കിള്‍

മലകളും, കുന്നും, തോടും, റബര്‍ മരങ്ങളും, കപ്പ, ചേന, കൊക്കോ, ജാതി, മുതലായ എല്ലാ വിധ ക്രിഷികളും ഉള്ള ഫലഭൂയിഷ്ടമായ ഗ്രാമപ്രദേശം. അതായിരുന്നു എലിക്കുളം എന്ന നാമത്തില്‍ അറിയപ്പെടുന്ന ഞങ്ങളുടെ അമ്മവീടിരിക്കുന്ന കൊച്ചു ഗ്രാമം. കാലഘട്ടം ഏകദേശം 25 വര്‍ഷം പുറകില്‍. MMS എന്ന black & white private ബസ്സുകാരുടെ monopoly ആയിരുന്ന പാലാ പൊന്‍കുന്നം റൂട്ടില്‍ സ്പീഡില്‍ പോകുന്ന ksrtc മണക്കടവ് ഫാസ്റ്റിന്റെ ഡ്രൈവര്‍ പാക്കരന്‍ ചേട്ടനും, ഭയങ്കര സ്പീഡില്‍ എന്ന വ്യാചേന ഇരപ്പിച്ചു വരുന്ന മാറ്റൊരു കളര്‍ ബസ്സായ MMS Express ന്റെ ഡ്രൈവര്‍ സെബാനും ഹീറോകളായിരുന്ന സമയം. (അന്നൊക്കെ MMS നു പെയിന്റ്, സ്പോഞ്ച് സീറ്റ്, സ്പീഡ് ഇതൊന്നും ഇല്ലായിരുന്നു, കാരണം വേറൊരുരുത്തരുടെയും ബസ് അവിടെ ഓടാന്‍ അവര്‍ സമ്മതിച്ചിരുന്നില്ല. അതിനാല്‍ തന്നെ മുതലാളിയെക്കാള്‍ ജാടയുള്ള തൊഴിലാളികള്‍ അയിരുന്നു അന്നു MMS ല്‍ ഉണ്ടായിരുന്നത്.) Ambasidor, Willies Jeep, Bullet, Yesdy, Trucker ഇതൊക്കെ നാട്ടിലെ മമ്മൂട്ടി മോഹന്‍ലാല്‍ മാര്‍ക്കും, റാലി, ഹെര്‍കുലീസ്, BSA SLR എന്നിവ ജഗതി,തിലകന്‍,കുഞ്ചാക്കോമാര്‍ക്കും സ്വന്തമായുണ്ടായിരുന്ന കാലം.
എല്ലാവരും അവധിക്കാലം ചിലവഴിക്കുന്ന അമ്മവീട് ഞങ്ങളെ സംബന്ധിച്ചിടത്തോളം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ജോലികളുടെ കാര്യത്തില്‍ സ്വന്തം വീടും അവകാശങ്ങളുടെ കാര്യത്തില്‍ അന്യവീടും ആയി മാറി. അമ്മവീട്ടില്‍ നിന്നു പിള്ളേര്‍ പിഴച്ചു പോയി എന്ന് നാട്ടുകാരെ കൊണ്ടും കുടുംബക്കാരെ കൊണ്ടും പറയിക്കരുതല്ലോ എന്നു കരുതി വളരെ strict ആയ ജീവിതം ആയിരുന്നു ഞങ്ങളുടേത്. വല്ല്യപ്പന്‍, വല്ല്യമ്മ, അമ്മാവന്മാര്‍‍, അമ്മായിമാര്‍ തുടങ്ങി അവിടെ വരുന്ന എല്ലവര്‍ക്കും പിള്ളേരെ വളര്‍ത്തലിന് ബയോളജി ലാബിലെ തവളകള്‍ പോലെ ആയിരുന്നു ഞങ്ങള്‍ 4 സഹോദരങ്ങള്‍. എങ്കിലും സ്തലത്തിന്റെ വിസ്ത്രിതി കൊണ്ടും ജാതിക്ക പറിക്കല്‍, റബ്ബറിന്റെ 2 ആം പാല്‍ എടുക്കല്‍, കൊക്കോ കായ് പറിക്കല്‍, ഉണങ്ങി വീഴുന്ന ചൂട്ട്, കൊതുമ്പ്, തേങ്ങാ എന്നിവ പെറുക്കല്‍ തുടങ്ങിയ വീട്ടു ജോലികള്‍ക്കിടെ മരംകയറ്റം തോട്ടില്‍ ചാട്ടം മുതലായ സുകുമാര കലകളുമായി ആസ്വദിച്ചു ജീവിക്കുകയും അവസാനത്തെ 2 പരിപാടികള്‍ക്ക് ഇടക്കിടെ അടിവാങ്ങുകയും ചെയ്ത് ജീവിതം മുമ്പോട്ടു പൊയ്ക്കോണ്ടിരുന്നു.
ആകെ ഞങ്ങള്‍ക്ക് ഇത്തിരി അഹങ്കരിക്കാനുള്ള സമയം അവുധിക്കാലത്ത് ബാക്കി കസിന്‍സ് ഒക്കെ വരുമ്പോളാണ്. പട്ടണങ്ങളില്‍ ജീവിച്ചു വരുന്ന അവര്‍ക്ക് പറമ്പിലൂടെ അവരെ നയിച്ചുകൊണ്ട് നടക്കുന്ന നമ്മള്‍ സിനിമയിലെ അത്ര വരില്ലെല്‍ങ്കിലും കുറഞ്ഞ പക്ഷം സീരിയലിലെ എങ്കിലും നായകനാവനുളള യോഗ്യത ഉള്ളവര്‍ ആണാല്ലോ. ചക്കപ്പഴം, കൈതച്ചക്ക, നാടന്‍ മാമ്പഴം, ചാമ്പങ്ങ എന്നിവ ഞങ്ങളുടെ അധികാര പരിധിയില്‍ പെട്ട എപ്പോഴും available ആയ പഴങ്ങളും കരിക്ക്, മള്‍ഗോവ, ആനിക്കാവിള, ഓറഞ്ച്, ആപ്പിള്‍ മുതലായ items നിങ്ങള്‍ എപ്പോളും തിന്നുന്നതല്ലേ എന്നു പറഞ്ഞ് കസിന്‍സിനു മാത്രം കൊടുക്കുന്ന കിട്ടാക്കനികളും ആയിരുന്നു എങ്കിലും ഇതൊക്കെ ഞങ്ങള്‍ തിന്നു മടുത്തതിന്റെ ബാക്കിയല്ലേ എന്ന ഭാവം വരുത്താന്‍ ശ്രമിച്ച് (പരാജയപ്പെടാറുണ്ടായിരുന്നു എന്നു വാസ്തവം) എല്ലാ കാര്യങ്ങളിലും നമ്മള്‍ ഭയങ്കര ഉസ്താദുക്കള്‍ ആണെന്നു നടിച്ചു നടക്കുന്ന കാലം. പോരാത്തതിന് ആണുങ്ങളില്‍ മൂത്തവന്‍ ഞാന്‍, മോശമാവാന്‍ പാടില്ലല്ലോ? അങ്ങനെ പൊതുവേ സാ‍ഹസിക പ്രിയനായ ഞാന്‍ ഇളയവരായ സഹോദരങ്ങള്‍ക്കും കസിന്‍സിനും ഇടയില്‍ അവരുടെ സങ്കല്പങ്ങള്‍ക്കു തിരികൊളുത്താനായി കൂടുതല്‍ സാഹസികത കാണിക്കുകയും അതില്‍ കൂടുതല്‍ അവരോടു വിവരിക്കുകയും ചെയ്തിരുന്നു. കക്കൂസില്‍ വരെ ഒറ്റക്കു പോകാന്‍ പേടിയുള്ള ഞാന്‍ അവിടെ കൂട്ടിനായാണ് അവരെ വിളിച്ച് കൂടുതല്‍ സങ്കല്പ സാഹസിക കഥകള്‍ കേള്‍പിച്ചിരുന്നത് എന്നു അവരും അതുവഴി എന്റെ ഭാവനയുടെയും idea യുടെയും ഉറവിടം കക്കൂസ് ആയി മാറിയത് എന്നു ഞാനും മനസിലാക്കുന്ന വരെ ഇതെല്ലാം തുടര്‍ന്നു പോന്നു.
അങ്ങനെയാണ് സൈക്കിള്‍ ഞങ്ങളെ സംബന്ധിച്ചിടത്തൊളം ഫോര്‍മുലാ 1 ആയത്. ആദ്യം സൈക്കിള്‍ ഉന്താനും, ക്രമേണ ഇടച്ചവിട്ടും ശേഷം കമ്പിയിലിരുന്നു ചവിട്ടും ഒക്കെയയായി പ്രായത്തിനും ശരീരത്തിനും മുമ്പേ പ്രകടനം നടത്താന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു, ഇളയവര്‍ക്കു ശിക്ഷണവും നല്‍കിയിരുന്നു. വീട്ടുകാരുടെ ശ്രദ്ധയില്‍നിന്നും മാറി ഇതൊക്കെ ചെയ്യാന്‍ പ്രതാപികളുടെ അഹങ്കാരം ഇല്ലാഞ്ഞതിനാല്‍ ഞങ്ങള്‍ക്ക് പണിക്കരുടെയും അയല്‍ക്കരുടെയും സഹായവും ലഭിച്ചിരുന്നു. അങ്ങനെ നാട്ടിലെ അണുകുടുംബസന്തതികള്‍ BSA SLR എന്ന മുക്കാല്‍ സൈക്കിളില്‍ ചെത്തുമ്പോള്‍ പഴയകാല Harlee Dasvidson ആയ Rally സൈക്കിള്‍ ആയിരുന്നു ഞങ്ങളുടെ ആശ്രയം.അങ്ങനെ എങ്ങിനെയോ ഞാന്‍ സീറ്റില്‍ ഇരുന്നു ചവിട്ടാനുള്ള പ്രാപ്തി കൈവരിച്ചു. ജന്മനാ തന്നെ ബുദ്ധിയിലും ശരീര വളര്‍ച്ചയിലും പുറകിലായിരുന്നു എങ്കിലും സാഹസികതയിലും പൊട്ടത്തരത്തിലും അഗ്രഗണ്യനായിരുന്ന കൊണ്ട് എല്ലാവരും “0“ പോലെ പൂര്‍ണ്ണമായി ചവിട്ടുമ്പോള്‍ ഞന്‍ “റ” പോലെ വിട്ടു പിടിച്ചു ചവിട്ടുകയായിരുന്നു എന്നു മാത്രം. (സ്റ്റൈല്‍ അല്ലായിരുന്നു, കാലെത്തത്തില്ലാഞ്ഞതിനാല്‍ മാത്രമായിരുന്നു)
കാര്യം പ്രതാപികള്‍ ആയിരുന്നു എങ്കിലും, നാട്ടിലെ സധാരണക്കാരെ പോലെ തന്നെ ഞങ്ങള്‍ക്കും ഷഡ്ഡി എന്നത്, പേണ്ണൂങ്ങള്‍ ധരിക്കുന്ന ഒരു വസ്ത്രം (കടപ്പാട് - വനിതയിലെ angel form ന്റെ റോസ് നിറത്തിലുള്ള പരസ്യം) എന്നതില്‍ കവിഞ്ഞു അറിവുണ്ടായിരുന്നില്ല. പോരാത്തതിനു Ditty, tantex മുതലായ പരസ്യങ്ങള്‍ തുടങ്ങാ‍ന്‍ പിന്നെയും വര്‍ഷങ്ങള്‍ എടുത്തു. ആണുങ്ങള്‍ എപ്പോളും സ്വതന്ത്രര്‍ ആയിരിക്കണം എന്നും വയസായാല്‍ ഒരു താങ്ങിനുള്ളതാണ് അപ്പൂപ്പന്മാര്‍ ഉപയോഗിക്കുന്ന അണ്ടര്‍ വെയര്‍ എന്നുമാണ് അന്ന് ഞങ്ങളുടെ അറിവ്. അല്ലെങ്കിലും നിക്കറില്‍ നിന്നും മുണ്ട് അഥവാ കൈലിയിലേക്കു മാറി ചേട്ടായി ആകാനുള്ള പ്രയാണത്തില്‍ അതിനു നമ്മള്‍ പുല്ലു വില പോലും കൊടുത്തില്ല. അങ്ങനെ അമ്മ ഓണത്തിനു വാങ്ങി തന്ന കൊച്ചുമുണ്ടുമുടുത്ത് മോഹന്‍ലാല്‍ ആറാം തമ്പുരാനില്‍ ബുള്ളെറ്റില്‍ നിന്നും ഇറങ്ങുന്ന പോലെ കാലു പുറകോട്ട് വീശി ഇറങ്ങിയും, കള്ളുചെത്തുകാരെ പോലെ മുമ്പില്‍ കൂടി കയറിയും world of sports ല്‍ ബൈക്ക് ജംബിങ്ങ് കണ്ട് പ്രജോതിതനായി ഇഷ്ടികയുടെ മുകളില്‍ പലക വച്ച് Rally Davidson ചാടിച്ചും ആശ തീര്‍ത്ത് സ്പീഡ് ക്യാമറ ഇല്ലാത്തതിനാല്‍ ഹൈ സ്പീഡില്‍ തന്നെ ഇളയവരുടെ മുമ്പില്‍ വിലസുകയും അവരുടെ ദൈന്യതയാര്‍ന്ന അപേക്ഷകളില്‍ കരളലിഞ്ഞ് അവരെ കുറെശ്ശെ പഠിപ്പിക്കുകയും ചെയ്തു രസിച്ചിരുന്ന കാലത്താണ് അത് സംഭവിച്ചത്.
സാഹസികത മൂര്‍ച്ച കൂടുന്ന സമയങ്ങളില്‍ (സാധാരണ നട്ടുച്ചക്ക്) അതിരാത്രം സിനിമയില്‍ മോഹന്‍ലാല്‍ പോലീസ് മമ്മൂട്ടി കള്ളനെ ഓടിക്കുമ്പോള്‍ സ്ലോ മോഷനില്‍ ഓടുന്നതും ചാടുന്നതും ടെക്നിക് ആണെന്നറിയാതെ പരീക്ഷിച്ചിരുന്ന ഞങ്ങള്‍ പാലത്തില്‍ നിന്നും തോട്ടിലേക്ക് സ്ലോ മോഷനില്‍ ചാടാന്‍ പരിശീലനം തുടങ്ങിയ കടവ് ഒരു കെണിയായത്. വയസന്മാര്‍ക്കും യുവാക്കള്‍ക്കും, തോളത്തു തത്തുമിരുപന്തുകള്‍ മാറത്തിട്ട കീറത്തോര്‍ത്തിലൊതുങ്ങിയില്ല എന്ന കാവ്യ വചനം മറഞ്ഞു കണാനുള്ള അവസരമൊരുക്കി ആന്റിമാര്‍ ചേച്ചിമാര്‍ ഒക്കെ കുളി, നന മുതലായ കാര്യങ്ങള്‍ നടത്തിയിരുന്ന കടവാണതെങ്കിലും പ്രായപൂര്‍ത്തി ആകാഞ്ഞതിനാല്‍ അങ്ങോട്ടു നോക്കി പിഴച്ചതല്ല. ലുങ്കിയും ഉടുത്ത് കാല്‍ എത്താത്ത സൈക്കിളില്‍ അമിതവേഗതയില്‍ വന്ന എന്റെ ലുങ്കി, ഏതോ ഒരു പെണ്‍കുട്ടിയുടെ പ്രാര്‍ഥന കേട്ടിട്ടെന്നപോലെ, മുമ്പില്‍ നിന്നും വന്ന കാറ്റില്‍ സൈഡിലേക്ക് മാറി പോവുകയും വൈര്യമുത്തു കാത്തുസൂക്ഷിക്കുന്ന കരിമൂര്‍ഖന്റെ ശൌര്യത്തോടുകൂടെ ഒരു കൈ വിട്ട് ഞാന്‍ മാനം മറച്ചതും ജന്മനാ കിട്ടിയ Reflex action മൂലമായിരുന്നു. അതിന്റെ ആശ്വാസ നിശ്വാസമെടുക്കും മുമ്പെ ഒരു കൊച്ചു കല്ലില്‍ കയറിയ സൈക്കിളിന്റെ ഹാന്‍ഡില്‍ ഒരു വശതേക്കു തിരിഞ്ഞത് എന്റെ reflex action നെ തോല്പിക്കുന്ന വേഗത്തിലായി പോയി. മുണ്ടില്‍ നിന്നും മാനത്തില്‍ നിന്നും പിടിവിട്ട് സൈക്കിളില്‍ പിടിച്ചെങ്കിലും സൈക്കിള്‍ പാലത്തിന്റെ സൈഡിലെ തിട്ടയില്‍ ഇടിക്കുകയും Newton ന്റെ every action has an equel and opposit reaction എന്ന സിദ്ധാന്തപ്രകാരം പുറകോട്ടു വരുകയും ചെയ്തു.വീണ്ടും ആ സിദ്ധാന്തം ശരിയാണന്ന് പ്രൂവ് ചെയ്തുകൊണ്ട് (ആറ്റം ബോംബിന്റെ chain reaction പോലെയാണോ ആവോ) പുറകോട്ടു വന്ന സൈക്കിളിന്റെ opposit reaction ല്‍ ഞാന്‍ തോട്ടിലേക്കു പറക്കുകയും ചെയ്തു. മുട്ടൊപ്പം വെള്ളത്തില്‍ വട്ടകല്ലുകള്‍ക്കു മുകളിലായാണു വീണതെങ്കിലും horizontal ആയി പറന്നതു കൊണ്ടും, bornvita, boost, complan ഇതൊക്കെ ഞങ്ങള്‍ക്ക് പരസ്യം മാത്രവുമായിരുന്നത് കൊണ്ടും ഞാന്‍ സാമാന്യം കനം കുറഞ്ഞവനാകയാല്‍ പ്രകടമായ ഒന്നും സംഭവിക്കാതെ വെള്ളത്തില്‍ പരന്നു വീണു. (ഇടക്കുള്ള കയ്യാല കമന്നു വന്ന എന്നെ തിരിച്ചിട്ടതിന്റെ ഫലമായി പിന്നീടു വന്ന കര്‍ക്കിടകങ്ങളില്‍ ആറാംവാരിക്കു ചെറിയ വേദന തന്നിരുന്നു എന്നു മാത്രം). ഉച്ചയുറക്കത്തിനു ശേഷം മുഖം കഴുകിയപ്പോള്‍ ഉന്മേഷവാനായ പോലെ വെള്ളത്തില്‍ വീണ ഞാന്‍ ചാടിയെഴുന്നേറ്റപ്പോള്‍ ഓടിയടുക്കുന്ന ചേച്ചിമാരെയും, ആന്റിമാരെയും കണ്ട് ഒരു നിമിഷം ചിന്തിച്ചു. മറുനിമിഷം വീട്ടില്‍ നിന്നും ഇതറിഞ്ഞാല്‍ കിട്ടുന്ന അടിയും ഓര്‍ത്തു. എന്തു പറ്റിയാലും ആദ്യം ഒരടി തരുക എന്ന പഴയ സമ്പ്രദായം അപ്പോളും വീട്ടില്‍ ‍നിലനിന്നിരുന്നു. ഒരടികിട്ടിയാലും അവരുടെ തലോടലിനായി കിടക്കാനുള്ള പ്രായം ആകാഞ്ഞതിനാല്‍, കബടി, കുടുകുടു തുടങ്ങിയ കളികളിലുള്ള പ്രഗല്‍ഭ്യം ഉപയോഗിച്ച് ഞാന്‍ അവിടെ നിന്നും വീണ്ടും പറന്നു. ഏറ്റു നിന്നു തൂറ്റാന്‍ ഏക്കമില്ലാതിരുന്ന എന്റെ കസിനെ സൈക്കിള്‍ ഉന്താന്‍ നല്‍കാം എന്ന പ്രലോഭനം നല്‍കി വേറെ ഡ്രെസ്സ് എടുത്തതിനാല്‍ വീട്ടില്‍ ഒരാഴ്ചത്തേക്ക് സംഭവം അറിഞ്ഞതേയില്ല. അറിഞ്ഞപ്പോളേക്കും ആറിയ ചായ പഴംചാ‍യ ആയതിനാല്‍ അടിയും കിട്ടിയില്ല.

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP