ഞാനൊരു പാവം പാലാക്കാരന്‍

മഴത്തുള്ളികൾ

>> Friday, September 20, 2019

ഒരു കുഞ്ഞു അവധിക്കാലം... ഇരുണ്ടു മൂടിക്കെട്ടിയ മാനം.....

കോരിച്ചൊരിയുന്ന മഴയുടെയും, ക്ലാരയുടെയും, കാച്ചിയ വെളിച്ചെണ്ണയുടേയും, മുല്ലപ്പൂവിന്റെയും പ്രചോദനത്താൽ, ദീർഘദൃഷ്ടി ഇല്ലാതെ നടത്തിയ കോലാഹലങ്ങളുടെ പരിണതഫലമായി കരസ്ഥമാക്കിയ ചെറുതും വലുതുമായ ട്രോഫികൾ തേരാപ്പാര നടക്കുന്നതിനാൽ, സ്വന്തം ഭാര്യയെ സ്വസ്ഥമായി ഒന്ന് സൈറ്റ് അടിക്കാൻ പോലും ആവാതെ വിഷണ്ണനായി വിഷാദനായി നിർവികാരനായി കാറ്റത്ത് തെങ്ങോല ആടുന്നതും നോക്കി ഇരിക്കുന്ന സമയം. വന്യമായ ചിന്തകൾ പലതും കടന്നു പോയതിന് ഇടയിൽ വന്ന ഒരു കൊച്ചു പ്ലാൻ. ഈ പെരുമഴയത്ത് ബസ്സിൽ കയറി എങ്ങോട്ടെങ്കിലും ഒന്ന് യാത്ര ചെയ്താലോ എന്ന്.

പിന്നെ ഒട്ടും അമാന്തിച്ചില്ല, ഭാര്യയുടെ പേഴ്സിൽ നിന്ന് ഒരു 500 രൂപയും എടുത്ത് മുണ്ടും മടക്കി കുത്തി നമ്മൾ നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു. സ്കൂൾ വിട്ട സമയം ആയതിനാൽ ബസ്സിൽ നല്ല തിരക്കായിരുന്നു. പണ്ടത്തെപ്പോലെ കൈകൾക്കൊന്നും ബലം ഇല്ലാത്തതിനാൽ കമ്പിയിൽ പിടിച്ചു, പൃഷ്ഠം ഒരു സീറ്റിന് സൈഡിൽ താങ്ങി വെച്ചുകൊണ്ട് ബാലൻസ് ചെയ്തു നിന്നു.

ബസ് നിറയെ പിള്ളേർ. രണ്ടു മുതിർന്ന കുട്ടികൾ ഇരിക്കുന്ന സീറ്റിന്റെ സൈഡിൽ ആണ് ഞാൻ നിക്കുന്നത്. മുതിർന്നവർ എന്ന് സീറ്റിന്റെ മുകളിൽ എഴുതി വെച്ചിട്ട് ഉണ്ടെങ്കിലും, പഴയ ക്ളോക്കിന്റെ പെന്റുലം പോലെ ഞാൻ നിന്നാടുന്നുണ്ടെങ്കിലും, എന്റെ ചർമം കണ്ടിട്ടാവണം അവന്മാർക്ക്‌ ഒരു ദയയും ഇല്ല.

അവരിൽ ഒരുവൻ ഇത്തിരി കറുത്തിട്ടാണെങ്കിലും മിരുമിരുപ്പൻ ആണ്. പുറകിൽ നിൽക്കുന്നവരെ ഞോണ്ടുന്നു, ഇടിക്കുന്നു, തമാശ പറയാൻ ശ്രമിക്കുന്നു, അങ്ങനെ ആകെ കൂടെ കോലാഹലം ആണ്.

കമ്പിയിൽ തൂങ്ങി നിന്ന് ബസ്സിന്റെ ആരോഹണ അവരോഹണ ചാഞ്ചട്ടങ്ങൾക്കിടയിൽ ആടിയുലഞ്ഞു നിന്നിരുന്ന ഞാൻ അതിന്റെ ഇടയിലും കണ്ടൂ, വളരെ വിദഗ്ദമായി അവന്റെ കണ്ണുകൾ മുൻപിൽ നിൽക്കുന്ന പെൺകുട്ടിയുടെ കണ്ണുകളുമായി സംസാരിക്കുന്നത്. കൂട്ടുകാരുമായി സല്ലപിക്കുന്നതിന്റെ ഇടയിൽ സൂക്ഷ്മ ചലനങ്ങൾ കണ്ണിമ വഴി നടത്തുന്നത് കണ്ടപ്പോൾ, ആ പെണ്ണിന്റെ നിർവൃതി കണ്ടപ്പോൾ, മനസ് കുറച്ചു വർഷങ്ങൾ പിന്നിലേക്ക് പാഞ്ഞു.

ഒരു വൈകുന്നേരം, സെന്റ് തോമസ് കോളേജിൽ നിന്നും വീട്ടിൽക്കുള്ള സെന്റ് മേരി ബസിൽ ഇരിക്കുന്നു. കോരിച്ചൊരിയുന്ന മഴ. അന്നൊക്കെ ഇന്നത്തെപ്പോലെ ഷട്ടറും ഗ്ലാസും ഒന്നും ബസിനില്ല. പടുതായും കമ്പിയിൽ കെട്ടാനുള്ള ഒരു വള്ളിയും ആണ് അന്നുള്ളത്. അതിന്റെ ഒരു മണവും പിന്നെ ബസിലെ ആൾക്കാരുടെ ഒരു വിയർപ്പു മണവും എല്ലാം ഒരു നൊസ്റ്റാൾജിക് ഓർമ്മകൾ  തന്നെ. ബസിൽ കയറിയാൽ സ്ത്രീകളുടെ സീറ്റിന്റെ തൊട്ടു പുറകിലുള്ള സീറ്റിൽ ഇരിക്കാനാണ് എല്ലാവർക്കും ഇഷ്ടം, അവിടെ മാത്രം സൈഡ് സീറ്റ് ഒരു പട്ടിക്കും വേണ്ട. അന്നെന്തോ ആ ഭാഗ്യം എനിക്ക് ലഭിച്ചു. സൈഡ് സീറ്റിൽ വിൽസൺ വിഷണ്ണനായി എന്റെ ഭാഗ്യം ഓർത്ത് വ്യസനിച്ചിരിക്കുന്നു. കോളേജിൽ നിന്നും ബസ് വന്നു പാലാ സ്റ്റാൻഡിൽ നിർത്തി. ഗേൾസ് സ്‌കൂളിലെ പെൺകുട്ടികൾ ഇടിച്ചു കയറി, എന്റെ സീറ്റും കഴിഞ്ഞു രണ്ടു സീറ്റ് പുറകിൽ വരെ അവർ ഉണ്ട്. കണ്ടക്ടർ കുട്ടൻ അങ്ങ് കേറി നില്ല് പിള്ളേരെ എന്ന് പറഞ്ഞു അവരെ വീണ്ടും വീണ്ടും പുറകിലേക്ക് മാറ്റി നിർത്തുന്നു.

പൊരിഞ്ഞ മഴ, പടുത താഴ്ത്തി ഇട്ടിരിക്കുന്നതിനാൽ കുറ്റാകുറ്റിരുട്ട്. നനഞ്ഞ പടുതയുടെയും വിയർത്ത കുട്ടികളുടെയും ഒരു കൊനഷ്ടു ഗന്ധം അന്തരീക്ഷത്തിൽ ഉണ്ടെങ്കിലും ഉള്ളിൽ മുഴുവൻ കുളിരാണ്. അമീബ ഇര പിടക്കാനിറങ്ങിയ പോലെ വിരുതന്മാർ ആ ബസിൽ ഇര പിടിക്കുന്നുണ്ടാവണം. പക്ഷെ പരിശുദ്ധ പ്രേമത്തിന്റെ വാക്താവും സർവോപരി ദുരഭിമാനത്തിന്റെ ഉത്തുംഗശൃംഗത്തിൽ വ്യാപരിക്കുന്നവനും ആയ ഞാൻ അത്തരം ദുഷ്ടകർമ്മങ്ങളിൽ ഒന്നും ഏർപ്പെടാതെ ആത്മസംയമനത്തോടെ എന്റെ ലിസ്റ്റിലുള്ള ഏതെങ്കിലും കുട്ടികൾ ഇതിൽ കയറിയിട്ടുണ്ടോ എന്ന് ആരും കാണാതെ ഊളിയിട്ടു നോക്കികൊണ്ടിരുന്നു.

അപ്പോളാണ്, കഴിഞ്ഞ കുറച്ചു കാലങ്ങളായി എന്റെ ഉറങ്ങാൻ കിടക്കുന്ന സമയം മുഴുവൻ മനസ്സിൽ തേൻ കിനിയുന്ന സങ്കല്പങ്ങളിൽ വന്നു നിറയുന്ന സെലിൻ പുറകോട്ടു വരുന്നത് ഞാൻ കണ്ടത്. മാതാവിന് ഒരു അമ്പത്തിമൂന്നു മണിജപം നേർന്നു, അവൾ എന്റെ സീറ്റിന്റെ അരികിൽ നിൽക്കാനുള്ള യോഗത്തിനു വേണ്ടി. ഒരു റിസ്ക് എടുക്കേണ്ട എന്ന് വെച്ച് കാണാതെ പോയ സാധനങ്ങൾ കണ്ടുകിട്ടാനുള്ള മധ്യസ്ഥനായ അന്തോനീസ് പുണ്യാളനും, പാമ്പ്, തേള് മുതലായ ക്ഷുദ്രജീവികളുടെ അന്തകനായ അരുവിത്തുറ പുണ്യാളനും ഓരോന്ന് നേർന്നു. നേർച്ചകളുടെ ശക്തി ലേശം കൂടിയതിനാലാവണം, അവൾ എന്റെ തോളിൽ അറിയാതെ സ്‌കൂൾ ബാഗ് വെച്ച് ഉരുമ്മി പുറകിലത്തെ സീറ്റിന്റെ അടുത്തേക്ക് പോയി. കറക്ട് പ്രാർത്ഥന ആയിരുന്നെങ്കിൽ അവൾ എന്റെ അടുത്ത് നിന്നേനെ....

ഭൂത പ്രേത പിശാചുക്കളിൽ നിന്നും ചിന്തകൾ മാറാനുള്ള എന്റെ ഒറ്റമൂലി ആയിരുന്നു ഏതെങ്കിലും നല്ല പെണ്ണുങ്ങളെ എന്റെ പ്രണയിനി ആയി സങ്കല്പിച്ചു രാത്രിയിൽ കിടക്കുക. പേടി ഓർമയിൽ വരില്ല, നല്ല സുഖ ഉണ്ടുതാനും. അങ്ങനെ എന്റെ രാത്രികളിൽ പ്രണയത്തിന്റെ  മഞ്ഞു തുള്ളികൾ വാരിവിതറിക്കൊണ്ടിരുന്ന പൊന്നു സെലിൻ, അവൾ പിന്നിലുണ്ടെന്ന വിചാരം തന്നെ എന്നെ ഒരു ധൃതങ്കപുളകിതൻ ആക്കി. പെട്ടെന്ന് കോനാകൃതികൾ ഒക്കെ നിർത്തി ഞാൻ ഒരു ആഢ്യൻ, കുലീനൻ ആൻഡ് കുബേരൻ ആകാനുള്ള ശ്രമം നടത്തി. മടക്കി കുത്തി ചെരച്ചു കേറ്റിയിരുന്ന മുണ്ട് അഴിച്ചിട്ട് കര ഒക്കെ നേരെ ഇട്ടു നടു നിവർത്തി ഇരുന്നു. ഇനി അവളെ എങ്ങനെ ഇമ്പ്രെസ് ചെയ്യിക്കും എന്ന ചിന്ത എന്റെ കുടിലബുദ്ധിയിൽ ചികഞ്ഞു തുടങ്ങി.

മനസിൽ തോന്നിയ ഐഡിയ എക്സിക്യുട്ടു ചെയ്യാനായി ഞാൻ വിത്സന്റെ കയ്യിൽ പിടിച്ചു. ഞെട്ടിത്തരിച്ചു പോയി വിൽസൺ  - " എന്തോ കോപ്പിലെ തണുപ്പാടാ നിന്റെ കയ്യിൽ? കൊട്ടക്കകത്തു കൈയിട്ടേച്ചു വരുവാണോ? ഐ മീൻ ഐസിട്ട മീൻകൊട്ട"

എന്റെ മുഖത്തു ജഗതിയുടെ ഉദയനാണ് താരത്തിലെ പോലെ സ്പെഷ്യൽ ഭാവം വന്നു. " എന്റെ പൊന്നു വത്സാ.... "

വിത്സൺ - "പോടാ പട്ടി..ക..&^^%$ .മോനെ...നിന്റെ അമ്മായിപ്പനാടാ വത്സൻ"

ഏതു കോപ്പിലെ സമയത്താണോ അത് നാക്കിൽ കയറി വന്നത്, അവനു ഏറ്റവും കലിയുള്ളതാണ് വത്സൻ എന്ന വിളി. അവൻ പേര് മാറ്റി വല്ല ശശിയോ സോമനോ ആക്കാൻ പോലും റെഡി ആയിരിക്കുന്ന സമയത്താണ് എന്റെ ഒടുക്കത്തെ വിളി. ഞാൻ കാലേ പിടിച്ചു - "എന്റെ പൊന്നു വിൽസാ... നാറ്റിക്കരുത്, അറിയാതെ വന്ന വികട സരസ്വതി ആണ്. എന്നെ നീ സഹായിക്കണം"

വിത്സൺ - "നാളെ പെറോട്ടയും മുട്ടക്കറിയും പിന്നെയൊരു വിൽസും, എങ്കിൽ ഓക്കേ..."

ഞാൻ " എല്ലാം ഓക്കേ.. അതേ.. ഇപ്പോ നീ തിരിഞ്ഞു നോക്കരുത്"

അത് പറഞ്ഞു കഴിയുന്നതിനു മുമ്പേ അവൻ തിരിഞ്ഞു നോക്കി. ഈ മരയൂളയെ തന്നെയാണല്ലോ ദൈവമേ നീ എന്റെ അടുത്ത് ഇരുത്തിയത്....

അവന്റെ മുഖത്ത് ഒരു അളിഞ്ഞ ചിരി വന്നു, " നിന്റെ സെലിൻ ആണ് പുറകിൽ അല്ലേ?"

ഞാൻ പറഞ്ഞു - " എന്റെ പൊന്നു കുട്ടാ, നീ എന്നെ ഒന്ന് പൊക്കി പറയണം. ഇനി ഇങ്ങനെ ഒരു അവസരം കിട്ടി എന്ന് വരില്ല. പുറകിൽ ഇരിക്കുന്ന സുരേഷിനോടോ വിനുവിനോടോ എന്നെപറ്റി ഇത്തിരി പുകഴ്‍ത്താമോ? അത് കേട്ട് അവൾക്ക് ഒരു ബഹുമാനം ഒക്കെ തോന്നി എന്നെ പ്രേമിക്കാൻ തോന്നണം."

കാര്യം ഞാൻ ഉൾപ്പെടെ ഉള്ള അസൂയക്കാർ അവന്റെ ലൈൻ അമ്പിളി ബസിൽ അവന്റെ അടുത്ത് നിന്ന സമയം, അവൻ കോളേജിൽ ഇരുന്നു ഉറങ്ങിയപ്പോൾ ഈത്താ ഒലിപ്പിച്ച കാര്യവും, വളി വിട്ട കാര്യവും ഒക്കെ പറഞ്ഞു അവനെ നാറ്റിച്ചതാണെങ്കിലും ഒരു പ്രണയത്തിന്റെ വില അവനറിയാം. അവൻ ഒരു മുത്തായിരുന്നു ശരിക്കും....തിരിച്ചറിയാൻ വൈകിയെങ്കിലും.

ആ കാര്യം ഞാനേറ്റു എന്ന് പറഞ്ഞു അവൻ തിരിഞ്ഞു സുരേഷിനോട് പറഞ്ഞു.

വിൽസൺ  - "എടാ ചൊറിയൻ സുരു, ഈ വാഴക്കാവരയൻ ഞായറാഴ്ച MM 540  ഓടിച്ചോണ്ടു ഞങ്ങടെ വീടിന്റെ അതിലെ വന്നെടാ.... സൂപ്പർ വേണ്ടിയാ.."

സുരേഷ് - "ചൊറിയൻ നിന്റപ്പൻ....., പിന്നെ എന്റപ്പന് വണ്ടി ഒണ്ടാരുന്നേൽ ഞാനും ഓടിച്ചോണ്ടു വന്നേനെ."
പിന്നെ സുരേഷ് തുടർന്നു - "പിന്നെ ജീപ്പെന്നു പറഞ്ഞാൽ ഇന്റർനാഷണൽ തന്നെ നല്ലതു. MM 540 അത്ര പോര."

വിൽസൺ  - "എടാ ഇത് സൈഡിൽ ഡോറും ലോക്കും ഒക്കെയുള്ളതാ. കാണാനും നല്ല രസമാ.."

സുരേഷ് - "ഓ.. അതിപ്പം എന്നാ ലോക്കൊണ്ടേലും പുറകിൽ പടുതാ അല്ലെ? പിന്നെ എന്തു ലോക്ക്. പിന്നെ കാഴ്ച്ചയിൽ എന്ത് കാര്യം, പെർഫോമൻസ്‍ അല്ലെ പ്രധാനം."

ഈ കോന്തന്മാർ ഇനി ഇതും തർക്കിച്ചോണ്ടിരിക്കാൻ ആണോ ഭാവം, ഞാൻ പതുക്കെ ഒന്നുകൂടി വിത്സന്റെ കാലിൽ ചവുട്ടി. ചിലപ്പോളൊക്കെ അവനു വിവരമുണ്ട്, അതുകൊണ്ടു അവനു കാര്യം മനസ്സിലായി.

വിൽസൺ  - "എന്നാണേലും അവന്റെ ഓടീര് സൂപ്പറായിരുന്നു"

സുരേഷ് - "എടാ നിനക്ക് വണ്ടി ഓടിക്കാൻ അറിയാമോ?

വിൽസൺ  - "ഇല്ല"

സുരേഷ് - "എടാ വത്സാ... പിന്നെ നീ എന്ത് കണ്ടിട്ടാ അവന്റെ ഓടീര് നല്ലതാണെന്നു പറയുന്നത്? നാട്ടിൽ വാണം വിട്ടു നടക്കുന്നവൻ റോക്കറ്റ് വിടുന്നതിനെ പറ്റി പറയുന്നപോലെ..."

എഴുന്നേറ്റ് ചെന്ന് അവന്റെ തലമണ്ട തല്ലി പൊട്ടിക്കാനുള്ള കലി വന്നു എനിക്ക്. ഇതുക്കൂട്ട് ഒരു മല മലരൻ... ഒന്നിനും സമ്മതിക്കുകില്ലാത്ത ഒരു പരട്ട.....തർക്കീരോട് തർക്കീര്....

വിൽസൺ  - "വത്സൻ നിന്റപ്പൂപ്പൻ....  പോടാ കോപ്പിലെ ചൊറിയാ....."

കളി കൈവിട്ടു പോയി. സുരേഷ് വിത്സന്റെ മുടിക്ക് പിടിച്ചു. വിൽസൺ തിരിഞ്ഞു നിന്ന് സുരേഷിന്റെ കൊങ്ങാക്കു പിടിച്ചു. അവസാനം ഞാൻ തർക്കത്തിൽ ഇടപെട്ടു രണ്ടു പേരെയും പിടിച്ചിരുത്തി. കൂട്ടത്തിൽ എന്റെ സമചിത്തത, പക്വത, നയതത്രജ്ഞത ഒക്കെ സെലിൻ കാണുന്നുണ്ട് എന്നും മനസിലായി. ഉദ്ദേശിച്ച രീതിയിൽ അല്ലെങ്കിലും അവളുടെ കണ്ണിൽ പെടാൻ പറ്റിയതിന്റെ കുളിർമ്മയിൽ ഞാൻ ഇരുന്നു. ഇനി ഇതിന്റെ ബാക്കി ഒക്കെ രാത്രിയിൽ കിടക്കാൻ നേരം സങ്കൽപ്പിക്കാൻ എന്ത് രസമായിരിക്കും.

അടുത്ത സ്റ്റോപ്പ് എത്തിയപ്പോൾ മുൻപിലത്തെ കുറച്ചു കുട്ടികൾ ഇറങ്ങി. എന്റെ മനസ്സിൽ ലഡു പൊട്ടി. പുറകിൽ നിൽക്കുന്ന കുട്ടികൾ ഇത്തിരി മുൻപോട്ടെക്ക് വരും, അപ്പോൾ സെലിൻ എന്റെ സൈഡിൽ വരുമായിരിക്കും...!

ബസിന്റെ കുലുക്കത്തിൽ പെട്ട് എന്റെ തല പുറകോട്ടൊന്നു ചരിഞ്ഞപ്പോൾ ആണ് ആ കൈകളിൽ എന്റെ തല സ്പർശിച്ച ആദ്യാനുഭവം ഉണ്ടായത്. വളരെ പതുക്കെ തല ഒന്നുകൂടി ചേർത്തപ്പോൾ ആ മാർദ്ദവമുള്ള കൈ അവിടെ തന്നെ ഇരുന്നു. ഞാൻ കണ്ണടച്ചിരുന്ന് തല ആ കൈയിലേക്ക് ചേർത്ത് വെച്ചു. ഒരാഴ്ച മുൻപ് കണ്ട റോജ സിനിമയുടെ ലൊക്കേഷനുകൾ എന്റെ മനസ്സിൽ ഓടിയെത്തി. ഞാനും സെലിനും കൂടി "പുതു വെള്ളൈ മഴൈ..." പാടിക്കൊണ്ട് മഞ്ഞുതരികൾ എടുത്തെറിയുന്നതും, കെട്ടിപിടിക്കുന്നതും, നിർവൃതി അടയുന്നതും ഒക്കെ മനസ്സിൽ വന്നു. മനസ് സന്തോഷം കൊണ്ടും പ്രണയം കൊണ്ടും നിറഞ്ഞു തുളുമ്പിയിരുന്നു. മുത്തുമണികൾ കിലുങ്ങുന്നപോലെയുള്ള സെലിന്റെ ചിരി, വെണ്ണയുടെ ഫീലുള്ള അവളുടെ ദേഹം, തേന്മധുരമുള്ള അവളുടെ പ്രണയം... ഞാൻ എന്നെ തന്നെ മറന്നു പോവുകയായി...

അവളെ നേരെ നോക്കാൻ നാണമായതിനാൽ ഞാൻ തല എതിർ ദിശയിൽ ചെരിച്ചു എന്റെ കവിൾ ആ കൈകളിൽ മുട്ടിച്ചു. പെട്ടെന്ന് ആ വിരലുകൾ എന്റെ കവിളിൽ ചെറുതായി തലോടി. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുമായിരുന്നില്ല. പ്രണയത്താൽ വിവശനായി ഹൃദയം തുടിച്ചുകൊണ്ടേയിരുന്നു. അവളുടെ വിരലുകൾ എന്റെ മുഖത്ത് കവിതകൾ രചിച്ചുകൊണ്ടേയിരുന്നു.....

അടുത്ത സ്റ്റോപ്പ് എത്തി, കുറച്ചുകൂടി ആളുകൾ ഇറങ്ങി. എന്റെ സുഖശീതള സമയം അവസാനിക്കാറായി. ഇനി അവളുടെ പ്രയാർദ്രമായ കണ്ണുകളിൽ നോക്കി കവിത ചൊല്ലാം എന്ന് വിചാരിച്ചു വളരെ നാണത്തോടെ ഞാൻ അവളെ നോക്കി.

അതാ ഒരു അളിഞ്ഞ ചിരിയുമായി നിൽക്കുന്നു കൂഴചാക്കോ എന്ന് വിളിക്കുന്ന പ്ലാത്തോട്ടത്തിൽ ജോണി ചാക്കോ എന്ന തടിയൻ.......  എന്നിട്ടു ആ കൈയും വെച്ച് മുഖത്ത് ഒന്നൂടെ ഉരുട്ടി, തെണ്ടി....

അങ്ങനെ വർഷങ്ങൾക്ക് ശേഷം ആ ഓർമയിൽ ഒന്ന് കൂടി ചമ്മി. ജീവിതത്തിലെ ഏറ്റവും അധികം സന്തോഷം അനുഭവിച്ച ചില നിമിഷങ്ങൾ ആയിരുന്നു അത്, യാഥാർഥ്യം അല്ലായിരുന്നു എങ്കിൽ കൂടി. ചില കാര്യങ്ങൾ അല്ലെങ്കിലും അങ്ങനെ ആണ്, സങ്കല്പങ്ങൾക്കാണ് കൂടുതൽ മിഴിവും സുഖവും ഉള്ളത്.

പുതിയ തലമുറയിലെ കുട്ടികൾ എങ്ങനെയാണോ ആവോ? എന്തായാലും ഞാൻ വീണ്ടും കമ്പിയിൽ തൂങ്ങി നിന്നാടി നിൽക്കുന്ന സമയത്തു മുൻപിൽ നിന്ന ചേച്ചിയുടെ കയ്യിൽനിന്നും ചില്ലറ പൈസ താഴെ പോയി. വളരെ കഷ്ടപ്പെട്ട് പാടുപെട്ട് കുനിഞ്ഞു ഞാൻ അതെടുത്തു അവരുടെ കൈയിൽ കൊടുത്തു. അവർ നല്ലൊരു ചിരി ചിരിച്ചു, ഞാൻ ഒന്ന് ഞെട്ടി, അത് സെലിൻ ആയിരുന്നു.

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP