കോഴിപ്പൂവന്‍
>> Thursday, April 23, 2009
പഴയ കാലന്‍കുടയുടെ ശീലപോയ കമ്പിയില്‍ പഴുത്ത പ്ലാവില കുത്തിക്കൊണ്ടുവരാനായി വല്ല്യമ്മ പറഞ്ഞയച്ചപ്പോള്‍ പറമ്പിലേക്കു ഒറ്റക്കു പോകുന്നതിന്റെ പേടിയായിരുന്നു മനസില്‍. കാര്യം ആട് ആ പ്ലാവില തിന്നുന്നതു കാണാന്‍ രസമുണ്ടെങ്കിലും ഒറ്റക്കു കാര്യങ്ങള്‍ ചെയ്യാന്‍ പേടി കാരണം താല്പര്യമില്ലായിരുന്നു. എങ്കിലും വീടിന്റെ കരോട്ട് കപ്പത്തോട്ടത്തിനു മുകളിലായി നില്‍ക്കുന്ന വരിക്ക പ്ലാവിന്റെ കീഴിലെ പ്ലാവില്‍ എടുക്കാനായി ഞാന്‍ നടന്നു.
കപ്പക്കു ഇടകിളച്ചുകൊണ്ടിരുന്ന പാലാക്കാട്ടുകാരായ സരസനോടും സുന്ദരനോടും കുശലം പറഞ്ഞ് ഞാന്‍ നടന്നു. വേട്ടോന്‍ കയ്യാലയുടെ ഇടക്കുള്ള പൊത്തില്‍ ചൂട്ടു വെച്ചു പുകച്ച് എലിയെ പിടിക്കുന്നത് കുറച്ചു സമയം നോക്കി നിന്നു. പുകയടിച്ചു പുറത്തു ചാടിവന്ന എലിയെ ഒരെണ്ണത്തിനെ പുള്ളിക്കാരന്‍ തട്ടിയപ്പോളേ ഞാന്‍ അവിടുന്നു മുങ്ങി. കാര്യം എലി ഉപദ്രവകാരിയാണെങ്കിലും ജീവന്‍ പോകുന്നതു കാണാന്‍ എനിക്കു വയ്യ. ഇനി ഇന്നു രാത്രി ആ എലിയെയായിരിക്കും സ്വപ്നം കാണുക. ഹോ.. മിനിഞ്ഞാന്ന് വീട്ടിലെ കഴുത്തേപ്പപ്പില്ലാത്ത പൂവനെ റബറുവെട്ടുകാരന്‍ തൊമ്മന് കഴുത്തിനു പിടിച്ചു തിരിച്ചു കൊല്ലുന്നതു കണ്ടു. ആക്രമണകാരിയും എല്ലാ പിടക്കോഴിയുടെയും മുകളില്‍ കയറി അതുങ്ങളുടെ കൊച്ചു പൂവിനെ കൊത്തുകയും ചെയ്യുന്ന ദുഷ്ടനാണെങ്കിലും കാലില്‍ ചവിട്ടിപിടിച്ച്, കഴുത്തു തിരിച്ചപ്പോള്‍ ആ പൂവന്റെ ഒരു പിടച്ചില്‍, ഇപ്പോളും മനസില്‍ നിന്നു മായുന്നില്ല. പക്ഷെ കറിവെച്ചു തിന്നാനിരുന്നപ്പോള്‍ ആ പൂവനായിരുന്നു അതെന്നു തോന്നിയെ ഇല്ല. അതോ സൌകര്യപൂര്‍വ്വം മറന്നതായിരുന്നോ ആവോ? ഇണ്ഗനായിരിക്കും മനുഷ്യന്റെ കാര്യവും, ആര്‍ക്കറിയാം. ഹിറ്റ്ലറൊക്കെ ഒത്തിരി മനുഷ്യരെ കൊന്നു എന്നൊക്കെ പറയുന്നതു കേല്‍ക്കുമ്പോള്‍ തോന്നാറുണ്ട് എങ്ങനെ ഇതു ചെയ്യാന്‍ അവര്‍ക്കു സാധിക്കുന്നു എന്ന്.
പേരയുടെ ചുവട്ടിലെത്തിയപ്പോളാണ് അതില്‍ പഴുത്ത പേരക്കാ വല്ലതും ഉണ്ടോ എന്നു നോക്കിയേക്കാം എന്നു വെച്ചത്. അകം ചുവന്നിരിക്കുന്ന പേരക്കായാണെങ്കിലും മധുരം വീടിനു പുറകില്‍ നില്‍ക്കുന്ന ചെറിയ പേരയിലെ കുഞ്ഞുപേരക്കായ്ക്കാണ്. ഇതു വല്ല്യ പേരയായതിനാല്‍ ആരെങ്കിലും കണ്ടാല്‍ വഴക്കുപറയും. എന്നാലും പഴുത്തതു കണ്ടപ്പോള്‍ കയറിപറിച്ചേക്കാം എന്നു വെച്ചു.
കാര്യം മാടത്തയും വാവലും മറ്റും നല്ല പേരക്ക നോക്കി കൊത്തുന്നതിനാല്‍ പഴുത്തത് കിട്ടില്ലെങ്കിലും പഴുക്കാന്‍ തുടങ്ങിയത് അവര്‍ തൊടുന്നതിനു മുമ്പേ നമുക്കു കിട്ടും. ഒരു മൂത്ത പേരക്കാ വടക്കുള്ള തുഞ്ചത്തു കയറി പറിച്ച് അവിടെത്തന്നെ ശിഖരങ്ങളുടെ ഇടക്കിരുന്നു പതുക്കെ ആടി ഇരുന്നു. നല്ല രസമാണ് ഇങ്ങനെ പൊക്കത്തിരിക്കാന്‍. വീടിന്റെ നടുമുറ്റം വരെ കാണാം. വീടിന്റെ പുറകില്‍ നിന്ന് തള്ളക്കോഴി കൊക്കുന്നത് കേട്ട് കോഴിക്കുഞ്ഞുങ്ങള്‍ എല്ലാം തള്ളയുടെ ചിറകിനടിയില്‍ കയറുന്നു. വല്ല്യമ്മ പിഞ്ഞാണം എടുത്ത് കൊട്ടി എറിയനെ ഓടിക്കാന്‍ നോക്കുന്നു. പണ്ടേ പേടിയാ എറിയനെ, തള്ളക്കോഴിയെ പറ്റിച്ച് കുഞ്ഞുങ്ങളെ റാഞ്ചുന്നവനല്ലേ. തള്ളക്കോഴി കൊക്കുന്നതു കേല്‍ക്കുമ്പോളേ പേടിയാ, ഏതു ഹതഭാഗ്യന്‍ കുഞ്ഞാണോ ഇന്നു പോയത് എന്നോര്‍ത്ത്. ഒരു തോക്കു ഉണ്ടായിരുന്നെങ്കില്‍ എറിയനെയും പരുന്തിനെയും വെടിവെച്ചു കൊല്ലാരുന്നു. എന്തായാലും അനിയന്‍ ചെന്ന് വല്ല്യമ്മയോട് എന്തോ പറഞ്ഞ് കോഴിക്കുഞ്ഞുങ്ങളെ പിടിച്ച് ചൂരല്‍ കൊട്ടക്കകത്തിട്ടു. അവന്റെ പരിപാടികളാ കോഴികളെ പൊരുന്നയിരുത്തും കുഞ്ഞുങ്ങളെ വളര്‍ത്തും.
രണ്ടു പേരക്കാ തിന്നു കഴിഞ്ഞ് പതുക്കെ ഇറങ്ങി പ്ലാവിന്‍ ചുവട്ടിലേക്കു നടന്നു. തേക്കിന്റെ ചുവട്ടില്‍ കൂടി പോയപ്പോള്‍ ഒരു പുഴു ദേഹത്തു തട്ടിയപ്പോളാണ് അതിന്റെ കാര്യം ഓര്‍ത്തത്. നൂലില്‍ തൂങ്ങിക്കിടക്കുന്ന നൂറുകണക്കിനു പുഴുക്കളാണ് ആ സീസണില്‍ തേക്കു മുഴുവന്‍. അതിന്റെ ഇല മുഴുവന്‍ തിന്നുകയും ചെയ്യും. എന്തൊക്കെ ജീവികളാണോ ഈ പറമ്പില്‍? പച്ച കളറിലും പലകളറിലും ഉള്ള പുഴുക്കളേ മാത്രം ഇഷ്ടമാണ്. ആട്ടിന്‍പുഴുവിനെ എങ്ങാനും തൊട്ടാല്‍ പിന്നെ പറയണ്ടാ. എന്നാ പിന്നെ ഈ ദൈവത്തിന് നല്ല പുഴുക്കളേ മാത്രം സൃഷ്ടിച്ചാല്‍ മതിയാരുന്നല്ലോ? എന്തിനാ ഈ ചൊറിയന്‍ പുഴുവിനെയും മറ്റും ഉണ്ടാക്കിയത്? പോരാത്തതിന് കൂടുതല്‍ ഉള്ളതും ആട്ടിന്‍ പുഴു, ഈച്ച, അട്ട, കാക്ക, കൊതുക്, എലി തുടങ്ങിയ സാധനങ്ങള്‍. ഇതിനൊക്കെ പകരം എല്ലാ കൂട്ടത്തിലെയും സുങരന്മാരെ ഉണ്ടാക്കിയാല്‍ മതിയാരുന്നല്ലോ. പാമ്പുകളില്‍ പച്ചിലപാമ്പ്, തവളകളില്‍ പച്ചത്തവള, പുഴുക്കളില്‍ പച്ചപ്പുഴു, പക്ഷികളില്‍ മയിലും തത്തയും ഒക്കെ. ആ പറഞ്ഞിട്ടു കാര്യമില്ലല്ലോ, അങ്ങനെ തന്നെയാ മനുഷ്യരെയും സൃഷ്ടിക്കുന്നതെങ്കില്‍ പാവം ആഫ്രിക്കക്കാര്‍ ഒക്കെ എന്തു ചെയ്തേനേ?
പ്ലാവിലെ കുറെ കുത്തിയെടുത്തു. പിന്നെ പതുക്കെ വല്ല്യപ്പന്‍ കുടയുമായി നടക്കുന്നപോലെ കുടക്കാലു കുത്തിക്കുത്തി വീട്ടിലേക്കു നടന്നു. അങ്ങനെ നടന്നു പോയപ്പോളാണ് അനിയന്റെ അരുമയായ ഗിരിരാജാ കോഴിപ്പൂവന്‍ ഒരെണ്ണം വഴിയില്‍ നില്‍ക്കുന്നത്. സാധാരണ നമ്മള്‍ വരുമ്പോള്‍ ബഹുമാനത്തോടെ മാറിത്തരുന്നതാണ് കോഴികള്‍. ഇവന്റെ അഹങ്കാരം കണ്ടില്ലേ? കുടക്കമ്പികൊണ്ട് ഒരു തോണ്ടു കൊടുത്തു ഞാന്‍. കൊക്കിക്കൊണ്ട് ഒരു ചാട്ടം അവന്‍, ഞാന്‍ മുമ്പോട്ടു നടന്നു.
പുറകില്‍ നിന്നും ഒരു ശബ്ദം, ഞെട്ടിത്തിരിഞ്ഞുനോക്കിയ ഞാന്‍ കണ്ടത് എന്നെ കൊത്താന്‍ പറന്നു വരുന്ന പൂവനെയാണ്. എന്റമ്മോ എന്നു കരഞ്ഞു ഓടിയെങ്കിലും ഒരു കൊത്തു കിട്ടി കുണ്ടിക്കു തന്നെ. അതിന്റെ വേദനിയില്‍ കയ്യാലയില്‍ നിന്നും എടുത്തു ചാടിയ ഞാന്‍ ചെന്നു ചവുട്ടിയത് നനഞ്ഞുകിടന്ന വാഴപ്പോളയില്‍. തെന്നിചെന്നു വീണത് തെങ്ങില്‍ കെട്ടിയിരുന്ന ആടിന്റെ മുമ്പില്‍. ഇനി അതിന്റെ ചവുട്ടോ അല്ലെങ്കില്‍ കുത്തോ കിട്ടുമോ എന്ന് വിചാരിച്ചെങ്കിലും പാവം ആട്, നേരെ വന്നു കുടക്കമ്പിയിലെ പഴുത്ത പ്ലാവില തിന്നാന്‍ തുടങ്ങി.
അതു വിചാരിച്ചു കാണും സ്നേഹംകാരണം പറന്നുവന്നു പ്ലാവില തന്നതാണെന്ന്. എന്നാലും ഒരു കോഴിപ്പൂവന്റെ മുമ്പില്‍ പോലും അഹങ്കരിക്കാന്‍ യോഗമില്ലാത്തവനാണല്ലോ ഞാന്‍ എന്നാലോചിച്ചപ്പോള്‍ കൊത്തിയിടത്തെ വേദന വീണ്ടും കൂടി. ഇന്നും നല്ല കോഴിപ്പൂവനെ കാണുമ്പോള്‍ ഞാന്‍ ഇത്തിരി മാറി നടന്നേക്കും, എന്തിനാ വെറുതെ അഹങ്കരിക്കുന്നത്?