ഞാനൊരു പാവം പാലാക്കാരന്‍

പാപ്പിയുടെ സൈറ്റടി

>> Wednesday, November 16, 2011

ഒരു കുട്ടി അമ്മയുടെ ഉദരത്തില്‍ കിടക്കുന്ന സമയത്ത് തന്നെ അവരുടെ  സ്വഭാവത്തിന്റെയും കഴിവുകളുടെയും സിദ്ധികളുടെയും രൂപീകരണവും മറ്റും നടക്കുമെന്നാണല്ലോ വിദഗ്ധ മതം. അതിനാല്‍ തന്നെ ഇന്നത്തെ തലമുറയിലെ പുതു മാതാപിതാക്കള്‍ അവര്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ഒന്നോ രണ്ടോ കുട്ടികളെ അവര്‍ക്കാവശ്യമുള്ള കഴിവുകള്‍ ഒക്കെ തികഞ്ഞതാക്കി തീര്‍ക്കുവാന്‍ വേണ്ടി അമ്മയുടെ ഗര്‍ഭാവസ്ഥയില്‍ തന്നെ പരിശ്രമിക്കുകയും ചെയ്യുന്നു.

ഞാനും വിത്യസ്ഥനായില്ല, അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യത്തെ പുത്രന്‍ കറിയാച്ചനെ ഉദരത്തില്‍ വഹിച്ചു കൊണ്ട് എന്റെ വാമഭാഗം ജീവിക്കുന്ന കാലം. ആദ്യത്തെ കുട്ടി ആണാണോ പെണ്ണാണോ എന്നൊന്നും പറയില്ല, അത് ഒരു ത്രില്‍ ആയി ഇരിക്കട്ടെ എന്ന് ഡോക്ടര്‍ പറഞ്ഞു. നമുക്കിപ്പോള്‍ ഏതായാലും കുഴപ്പം ഇല്ല, പക്ഷെ നമുക്ക് ഇഷ്ടമുള്ള രീതിയില്‍ കൊച്ചിനെ ഡെവലപ് ആക്കി എടുക്കണമെങ്കില്‍ കുട്ടിയുടെ സെക്സ് ഏതാണെന്ന് അറിയണമല്ലോ. അതിനാല്‍ തന്നെ കഴിവുകള്‍ ഉണ്ടാക്കുന്നതിലും കൂടുതല്‍ വേണ്ടാത്ത കഴിവുകള്‍ ഉണ്ടാകാതെ വരാന്‍ ഞാന്‍ ശ്രദ്ധിച്ചു. ശോഭനയുടെ ഡാന്‍സ്‌ പ്രോഗ്രാം കാണാന്‍ വേണ്ടി ഭാര്യ താല്പര്യം പറഞ്ഞപ്പോള്‍ ഞാന്‍ അതൊന്നും വേണ്ട എന്ന് പറഞ്ഞു. ഡാന്‍സ്‌ പ്രോഗ്രാം ഒക്കെ കണ്ടു രസിച്ചു നടന്നു അവസാനം ഉണ്ടാകുന്നത് ഒരു ചെറുക്കന്‍ എങ്ങാനും ആയാല്‍ അവന്‍ വല്ല തോം തോം ആയി പോകുവോ എന്നാ പേടി ഒരു വശത്ത്. ഇനി ആണാണ് എന്ന് കരുതി ഇത്തിരി ഊരും ഉശിരും ഉണ്ടായിക്കോട്ടെ എന്ന പ്രതീക്ഷയില്‍ റെസിലിംഗ് ഒക്കെ കാണിച്ചാലോ, പെണ്ണായാല്‍ തീര്‍ന്നില്ലേ കഥ. അങ്ങനെ ത്രില്‍ ഒക്കെ ടെന്‍ഷന്‍ ആയി മാറി. എന്തായാലും ഒരു അഡ്ജസ്റ്റുമെന്റ് എന്നാ രീതിയില്‍ ഇത്തിരി പാട്ട്, പിന്നെ ലേശം സ്പോര്‍ട്സ്‌ ഒക്കെയായി ഞങ്ങള്‍ മുമ്പോട്ടുപോയി.

ആദ്യം ഞങ്ങള്‍ പാട്ടില്‍ കൊണ്സട്രെറ്റ് ചെയ്യാം എന്ന് വെച്ചു. എന്റെ വീട്ടില്‍ ഞാന്‍ മൂളിപ്പട്ടെങ്ങാനും പാടിയാല്‍ തൊഴുത്തിലെ പശു വരെ അവിടെക്കിടന്നു അമറും. പക്ഷെ അവള്‍ കോളേജില്‍ നിന്ന് ഒക്കെ പാടിയിട്ടുള്ളതാണെന്ന് എന്നോട് പറഞ്ഞു. കട്ടിലില്‍ ചാരിയിരുന്നു കണ്ണടച്ചു അവള്‍ ദര്‍ബാര്‍ രാഗത്തില്‍ ഒരു കാച്ചു കാച്ചി. നിത്യ വിശുദ്ധയാം കന്യാമറിയമേ എന്ന പാട്ട്.  ആദ്യത്തെ ചരണം കഴിഞ്ഞപ്പോള്‍ തന്നെ കൂടുതല്‍ ഷഡ്ജവും സംഗതിയും കീറുന്നതിനു മുമ്പേ ഞാന്‍ അതങ്ങു നിര്‍ത്തിച്ചു. വിശദമായി ചോദിച്ചപോള്‍ ആണ് അറിയുന്നത് ഒരു പ്രോഗ്രാമില്‍ പ്രാര്‍ഥനാ ഗാനം മറ്റു പന്ത്രണ്ടു പേരുടെ കൂടെ പാടിയതാണ് എന്ന്. പിന്നെ ആ ഉത്തരവാദിത്വം ഞാന്‍ അങ്ങ് ഏറ്റെടുത്തു.

ഒരു രണ്ടു മൂന്നു മാസം ആ ചെയ്ത്ത്‌ അങ്ങ് തുടര്‍ന്നു. ഒരു വെള്ളിയാഴ്ച (ഗള്‍ഫിലെ അവധി ദിനം) ചേട്ടായിയുടെ വീട്ടില്‍ ചെറുതായി ഒന്ന് കമ്പനി കൂടി അവിടെ തന്നെ കിടന്നപ്പോള്‍ ഞാന്‍ വീണ്ടും അന്നത്തെ ഫേവറിറ്റ് പാട്ടായിരുന്ന സുന്ദരിയെ വാ എന്നാ ആല്‍ബത്തിലെ ചെമ്പകമേ എന്നാ പാട്ട് ഭാര്യയുടെ വയറ്റില്‍ തലവെച്ച് പാടി. അനു പല്ലവി കഴിഞ്ഞു രാധ പല്ലവി തുടങ്ങിയപ്പോളേക്കും  ചേട്ടായി വാതിലില്‍ മുട്ടി. ഗര്‍ഭിണിയായ ആ പെണ്ണിനെ വെറുതെ ശല്യപ്പെടുത്താതെടാ ചെക്കാ എന്ന് പറഞ്ഞപ്പോള്‍ ആ പണി അങ്ങ് നിര്‍ത്തി. ഇനി കൊച്ചുണ്ടായി കഴിഞ്ഞു  മിണ്ടാന്‍ തുടങ്ങുമ്പോള്‍ ഇതുകൂട്ടു പാട്ടാണ് പാടുന്നതെങ്കില്‍ ഞാന്‍ തന്നെ അത് സഹിക്കണ്ടേ? എങ്കിലും അത്യാവശ്യം കഴിവുകള്‍ ഒക്കെ ഉണ്ടാകാന്‍ വേണ്ടി ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ പോകുമ്പോള്‍ അവളെയും കൊണ്ട് പോയി. ഡിസ്കവറി ചാനല്‍ ഇടക്കൊക്കെ കണ്ടു, ഫാഷന്‍ ടീവി ഒഴിവാക്കി ശാലോം ഇടക്കൊക്കെ വെക്കാന്‍ തുടങ്ങി. അങ്ങനെ സീമന്ത പുത്രന്‍ കറിയാച്ചന്‍ പിറന്നു.

എന്തായാലും വലിയ തരക്കേടില്ല. എന്റെ ചെമ്പകമേ എന്നാ പാട്ട് കേട്ടാല്‍ ഇന്നും അവന്‍ ഉറങ്ങും. അത്യാവശ്യം ക്രിക്കറ്റും ഫുട്ബോളും കളിക്കും. പിന്നെ അത്യാവശ്യം നുണക്കഥകളും പറയും. എന്തായാലും രണ്ടാമത്തെ കുട്ടി ആണാണെന്നു അഞ്ചാം മാസത്തിലെ സ്കാനിങ്ങില്‍ തന്നെ ഡോക്ടര്‍ പറഞ്ഞു. പിന്നെ അവനെ ഒരു ചുണക്കുട്ടന്‍ ആക്കാനുള്ള ശ്രമങ്ങള്‍ . ഒരു ക്രിക്കറ്റ്‌ താരം ആക്കാന്‍ ശ്രമിക്കാം എന്ന് വെച്ച് കളിക്കാന്‍ ചെല്ലുമ്പോള്‍ അവിടെ ക്ലബില്‍ നമ്മളെക്കാലും നല്ല കളിക്കാര്‍ എത്തിയിരിക്കുന്നു പക്ഷെ വിട്ടു കൊടുത്തില്ല. പ്രായം മറന്നു ഞാന്‍ പറന്നു കളിച്ചു. കയ്യുടെയും കാലിന്റെയും മുട്ടിലെ തൊലി ഉരഞ്ഞു പൊളിഞ്ഞു. അത് കണ്ടു പാവം ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞു എങ്കിലും എല്ലാം നമ്മുടെ മകന് വേണ്ടി അല്ലെ എന്ന് പറഞ്ഞു ഞാന്‍ അവളെ സമാധാനിപ്പിച്ചു. ആരെടാ എന്ന് ചോദിച്ചവരോടൊക്കെ എന്തെടാ എന്ന് ചോദിച്ചു. അങ്ങനെ ആകെ കൂടെ ഒരു തകൃതം ഒക്കെ കാണിച്ചു.

അങ്ങനെ കോക്കു പിറന്നു വീണു. ഇന്നും അവന്‍ നടക്കുന്ന വഴി എല്ലാം അതിലേം ഇതിലേം ഇടിച്ചു വീഴും. കാലിലെ തൊലി പോകാത്ത ദിവസങ്ങളില്ല. ഇവിടെ വാടാ എന്ന് പറഞ്ഞാല്‍ പോടാ എന്ന് പറയും. പക്ഷെ നല്ല തകൃതം ഉണ്ട് എന്തായാലും.

അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞങ്ങളുടെ മാവ് വീണ്ടും പൂത്തു. ഇത്തവണ നാട്ടില്‍ ആയതിനാല്‍ ആണ്കുട്ടിയാണോ അല്ലെങ്കില്‍ പെണ്ണാണോ എന്നൊന്നും അറിയാന്‍ പറ്റില്ലല്ലോ? പിന്നെ അവള്‍ക്കാണെങ്കില്‍ രണ്ടു പിള്ളേരെ സ്കൂളില്‍ വിടുന്നതിന്റെയും മേയ്ക്കുന്നതിന്റെയും തിരക്കുകള്‍ . ഞാന്‍ വേലയും കൂലിയും ഇല്ലാത്തതിന്റെ വലിയ തിരക്കില്‍ . അതിന്റെ ഒക്കെ ഇടക്ക് വയറ്റില്‍ വളരുന്ന കൊച്ചിന്റെ കഴിവുകള്‍ ഉത്തേജിപ്പിക്കാന്‍ എവിടെ സമയം.

എന്തായാലും കഴിഞ്ഞ ആഴ്ച ഭാര്യ പ്രസവിച്ചു. യേശു കര്‍ത്താവിന്റെ ശരീരത്തില്‍ അടിച്ച ആണിയുടെ എണ്ണം മൂന്നായിരുന്ന കൊണ്ടാവാം സത്യാ ക്രിസ്ത്യാനിയായ എനിക്ക് മൂന്നാമത്തെ മകനായി സുന്ദരനായ പാപ്പി പിറന്നു. ഗര്‍ഭാവസ്ഥയില്‍ പ്രത്യേകിച്ച് പരിശീലനം ഒന്നും കൊടുക്കാത്തതിനാല്‍ ആയിരിക്കാം, അവന്‍ വളരെ ശാന്തന്‍ .

എന്റെ കയ്യില്‍ ഇത്തിരി കാശുണ്ടെന്നു തോന്നിയതിനാലും, അവിടെ രോഗികള്‍ കുറവായിരുന്നതിനാലും മഞ്ഞ നിറം, മറ്റു അല്ലറ ചില്ലറ പഴികളും പറഞ്ഞു ആശുപത്രിയില്‍ ഞങ്ങളെ നാലഞ്ചു ദിവസം നിര്‍ത്തി. സുന്ദരിമാരായ രണ്ടു മൂന്നു നഴ്സുമാര്‍ ഉണ്ടായിരുന്നതിനാലും മറ്റു ജോലികള്‍ ഒന്നും ഇല്ലായിരുന്നതിനാലും ഞാനും ആശുപത്രിയില്‍ തന്നെ കൂടി. നല്ല വണ്ണം ഉള്ള റീമ എന്നാ നഴ്സിനെ കാണുമ്പോള്‍ പാപ്പിക്ക് എപ്പോളും വലിയ സന്തോഷം ആണ്. ഉറക്കം ആണെങ്കിലും റീനയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ പാപ്പി കണ്ണ് തുറക്കും. രണ്ടു മാസം മുമ്പ് അവള്‍ക്ക് പ്രീമച്വര്‍ പെയിന്‍ വന്നപ്പോള്‍ ഞാന്‍ റീമയെ ലൈന്‍ അടിക്കാന്‍ നോക്കിയതാണോ കാരണം എന്ന് എന്റെ ഭാര്യ സംശയിച്ചു. അങ്ങനാണെന്കില്‍ അവന്‍ സുന്ദരിയായ ബിന്ദുവിനെ വേണമല്ലോ നോക്കാന്‍ എന്ന് ഞാനും ശങ്കിച്ചു.

അങ്ങനെ അവസാനത്തെ ദിവസം, പാപ്പി പാലുകുടി ഒക്കെ കഴിഞ്ഞു എന്റെ മടിയില്‍ വിശ്രമിക്കുന്നു. എനിക്ക് ബാംഗ്ലൂര്‍ നിന്നും ഒരു കോള്‍ ,പക്ഷെ അവിടെ നല്ല റേഞ്ച് ഇല്ല. അപ്പോളാണ് റീമ അവിടെ വന്നത്. പാപ്പി അപ്പോള്‍ തന്നെ ഉഷാറായി റീമയെ ചിരിച്ചു കാണിച്ചു. ഞാന്‍ റീമയോട് പറഞ്ഞു, ഇതെന്നാ കോപ്പ് ഹോസ്പിടല്‍ ആണ്, മൊബൈല്‍ ന് റേഞ്ച് പോലും ഇല്ലല്ലോ എന്ന്. അപ്പോള്‍ റീമ പറഞ്ഞു, ഈ നിലയില്‍ വോഡാഫോണിന് മാത്രമേ റേഞ്ച് ഉള്ളു അവളുടെ കണക്ഷന്‍ അതാണെന്ന്. ഉടനെ എന്റെ മടിയില്‍ കിടന്ന പാപ്പി ഒന്ന് തുള്ളിച്ചാടി.  ഇവനെന്താ ഈ വോഡാഫോണ്‍ എന്ന് കേട്ടപ്പോള്‍ തുള്ളുന്നത് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ വീണ്ടും തുള്ളിച്ചാടി. എന്റെ മനസ്സില്‍ ഒരു ചോദ്യചിഹ്നം പൊട്ടി, ഭാര്യയുടെ മനസ്സില്‍ ഒരു ലഡുവും പൊട്ടി.
അവള്‍ എന്റെ ചെവിയില്‍ പറഞ്ഞു.. അതേ... ഞാനിപ്രാവശ്യം ഏറ്റവും കൂടുതല്‍ കണ്ട ടീവി പ്രോഗ്രാം വോഡാഫോണ്‍ കോമഡി സ്റ്റാര്‍ ആണു ചേട്ടാ......


                              ഫോട്ടോ എടുക്കുന്ന റീമയെ സൈറ്റ്‌ അടിച്ചു കാണിക്കുന്ന പാപ്പി.


Read more...

ഒരു തിരോന്തോരം യാത്ര

>> Tuesday, August 16, 2011


വൈകുന്നേരം പിള്ളേരെ ഒക്കെ ഒന്നുറക്കി പതുക്കെ ഒരു സ്ലീപിംഗ് പില്‍ അടിച്ചേക്കാം എന്ന് കരുതി ഇരിക്കുമ്പോളാണ് കസിന്റെ ഫോണ്‍ വന്നത്. എടാ... നീ നാളെ മാമ്മോദീസാക്ക് പോകുന്നില്ലേ എന്ന്? വലിയപ്പന്റെ മോന്റെ മകളുടെ മകന്റെ കൊച്ചിന്റെ മാമ്മോദീസാ, അതും ഞാന്‍ പാലായില്‍ നിന്നും തിരുവനന്തപുരത്ത് ചെല്ലണം. അവരാണെങ്കില്‍ നമ്മള്‍ വിളിക്കുന്ന പരിപാടിക്കൊക്കെ വരും, ഞാനിവിടെ ഉണ്ടെന്നും കൂടി അറിഞ്ഞ കാരണം പോകാതെ പറ്റില്ല. ശരിക്കും മറന്നു പോയ കാര്യം കസിന്‍ വിളിച്ചു ഓര്‍മ്മിപ്പിച്ചപോള്‍ പിന്നെ പോയേക്കാം എന്ന് വെച്ചു.


അങ്ങനെ മാസങ്ങള്‍ക്ക് ശേഷം രാവിലെ നാലുമണിക്ക് എണീറ്റു. കുളിച്ചു കുറി തൊട്ട് ബാഗില്‍ അത്യാവശ്യം വസ്ത്രം, ക്യാമറ തുടങ്ങിയ സാധനങ്ങള്‍ കുത്തിക്കയറ്റി. ഒരു വഴിക്ക് പോകുവല്ലേ, ഇനി അവിടെ വല്ലയിടത്തും കിടക്കേണ്ടി വന്നാല്‍ കുറഞ്ഞ പക്ഷം അണ്ടര്‍വയര്‍ എങ്കിലും നമ്മള്‍ കൊണ്ട് പോകണമല്ലോ. അങ്ങനെ കൃത്യം നാലരക്ക് വീട്ടില്‍ നിന്നും ഇറങ്ങി. നാല് അമ്പതിന് പാലായില്‍ നിന്നും ഉള്ള ട്രാന്‍സ്പോര്‍ട്ട് ബസില്‍ കയറിയാല്‍ ആറു പത്തിന്റെ വഞ്ചി നാട് കിട്ടും. എല്ലാം ശുഭാകരവും ആകും. 


കുറ്റാകുറ്റിരുട്ട്, ചീവീടിന്റെയും മാക്രിയുടെയും ശബ്ദം മാത്രം. നല്ല തണുപ്പും അത്യാവശ്യം മഞ്ഞും ഉണ്ട്. ആള്‍ക്കാര്‍ കൊതിവിട്ടും കണ്ണ് വെച്ചും ചുമക്കു കുറച്ച് ആശ്വാസം വന്നെങ്കിലും ശബ്ദം ടകോ ടകോ എന്ന് തന്നെ. ഒരു ഷാള്‍ എടുത്തു കഴുത്തില്‍ ചുറ്റി ഹെല്‍മറ്റ്‌ റിവ്യു മിററില്‍ തൂക്കിയിട്ടു ഞാന്‍ നമ്മുടെ കറുത്ത യമഹാ സ്റ്റാര്‍റ്റ് ചെയ്തു. ചീവീടും മാക്രിയും നിശബ്ദരായി, കൂട്ടില്‍ കിടന്ന ശ്വാനന്‍ ടിപ്പു ഞെട്ടിയെഴുന്നേറ്റു കുരച്ചു. എന്നും അഞ്ചു മണിക്കെഴുന്നേല്‍ക്കുന്ന അയല്‍വക്കത്തെ ലീല ദൈവമേ പത്തുമണിയായല്ലോ എന്ന് വിലപിച്ചു കൊണ്ട് ചാടി എണീറ്റു. ചുമ്മാ ഒരു യാഗാശ്വത്തെ പോലെ യമഹാ അങ്ങോട്ട്‌ കുതിച്ചു പാഞ്ഞു, അല്ലാതെ എനിക്ക് പേടിയുണ്ടായിട്ടൊന്നുമല്ല.


കുട്ടിക്കാട്ടുകാരുടെ മുമ്പിലത്തെ വളവില്‍ പണ്ട് പാണ്ടി വണ്ടി കയറി ചത്തുപോയ കുഞ്ഞന്റെ അപകട സ്ഥലത്ത് എത്തുന്നതിനു തൊട്ടു മുമ്പ് തന്നെ കണ്ണിലെ കാഴ്ച മറയുന്നു. ദൈവമേ, വെളുപ്പിനെ നാലര ആയിട്ടും പ്രേത പിശാചുക്കള്‍ കയറിപോകാന്‍ മറന്നു പോയോ? അതോ പട്ടിണി ആയതുകൊണ്ട് ഒരഞ്ച് മിനിട്ട് കൂടി നോക്കിയിട്ട് പോകാം എന്ന് കരുതി സൊറപറഞ്ഞിരുന്നതാണോ? എന്തായാലും ആദ്യത്തെ ഞെട്ടലില്‍ ചാടി കഴുത്തിലെ മാലയിലെ കുരിശില്‍ പിടിച്ചു, അപ്പോളാണ് മനസിലായത്‌ കണ്ണാടിയില്‍ മഞ്ഞു പിടിച്ചതായിരുന്നു എന്ന്. പിന്നെ ഓരോ രണ്ടു മിനിട്ടിലും വിരലുകള്‍ വൈപ്പറാക്കി ഞാന്‍ പാലായ്ക്ക് വെച്ചു പിടിച്ചു. 


വിളക്കുംമരുത്  കവലയിലെ ഗട്ടറില്‍ ചാടി ഞാനും വണ്ടിയും അടുത്ത ഓടയില്‍ ചെന്നപ്പോളാണ് റോഡിനു രണ്ടാഴ്ചക്കുള്ളില്‍ വന്ന മാറ്റം ഞാന്‍ തിരിച്ചറിഞ്ഞത്‌. കഴിഞ്ഞ ആഴ്ചയിലെ വെള്ളപൊക്കത്തില്‍ റോഡില്‍ കയറിയ ഊപ്പയും വരാലും ഒക്കെ പിള്ളാര്‍ക്ക് ഗോലി കളിക്കാന്‍ വേണ്ടി റോഡിലെ മെറ്റലും ടാറും കൊണ്ട് പോയ വിവരം. ബഡ്ജറ്റ്‌ അവതരിപ്പിച്ച മാണി എല്ലാം പാലാക്ക്‌ കൊണ്ടുപോയി ഒണ്ടാക്കി എന്ന് പറഞ്ഞ ദാരിദ്ര്യവാസികളെ തെറി വിളിച്ചു കൊണ്ട്, അപ്പോള്‍ ഇത് പോലും ഇല്ലാത്ത മറ്റു സ്ഥലങ്ങളെ ഓര്‍ത്തുകൊണ്ട് ഞാന്‍ വണ്ടി നിവര്‍ത്തി വീണ്ടും കയറി ഇരുന്നു. എന്തായാലും വണ്ടിക്കും നമ്മുടെ കണ്ണിനും ഒക്കെ പ്രായമായ യാഥാര്‍ത്ഥ്യം അംഗീകരിച്ചു കൊണ്ട് ഞാന്‍ വേഗത കുറച്ച് പാലായ്ക്ക് പാഞ്ഞു. 


നാല് അമ്പതിന്റെ ട്രാന്‍സ്പോര്‍ട്ട് പോയെങ്കിലും അഞ്ചു പത്തിനുള്ള മൂലമറ്റത്ത് നിന്നും തിരുവനന്തപുരത്തിനുള്ള ഫാസ്റ്റ്‌ കിട്ടി. ചാടിക്കയറി ഒരു സീറ്റില്‍ ഇരിപ്പറപ്പിച്ചു, വണ്ടി നിറച്ചും ആളുണ്ട്. മൂക്കില്‍ നിന്നും ചുരണ്ടിയെടുത്ത അയിരുകള്‍ വിരലുകള്‍ കൊണ്ട് ഗോളമാക്കി രസിച്ചു കൊണ്ടിരുന്ന കണ്ടക്ടര്‍ വന്നു ടിക്കറ്റ് തന്നു, ഓ ഇതൊന്നും വേണ്ട എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും ഒന്നും മിണ്ടാതെ വാങ്ങി പോക്കറ്റിലിട്ടു അവിടിരുന്നു. കൊടാരമറ്റത്തു നിന്നും കയറിയ മൂന്നു സ്ത്രീകളുടെ ഒന്നിന്റെ കയ്യില്‍ ഒരു കുഞ്ഞു കൊച്ച്. കയറി അടുത്ത് കണ്ട കമ്പിയില്‍ പിടിച്ചു അവര്‍ നേരെ താഴെ ഇരുന്ന ചെറുപ്പക്കാരനെ നോക്കി അധികാരത്തോടെ ചോദിച്ചു, ഒരു സ്ത്രീ കുട്ടിയുമായി കയറിയത് കണ്ടില്ലേ ചെറുക്കാ എന്ന്. ഞാന്‍ തിരുവനന്തപുരത്തിനു പോകാനുള്ളതാണ് എന്ന് പറഞ്ഞു പയ്യന്‍ അവിടെ തന്നെ ഇരുന്നു. ഇവനൊക്കെ എന്ത് സംസ്കാരം ആണ് എന്ന് പറഞ്ഞു ഒന്ന് രണ്ടു പേര്‍ സ്ത്രീയുടെ പക്ഷം കൂടി, ബാക്കിയുള്ളവര്‍ ഉറക്കം നടിച്ചു. എന്തായാലും അവരുടെ നോട്ടം എന്റെ മേലെ പതിഞ്ഞപോള്‍ ഞാന്‍ പതുക്കെ എണീറ്റു കൊടുത്തേച്ചു. ആ പയ്യന്‍ എന്നോട് പറഞ്ഞു, അവന്‍ മൂലമറ്റത്ത് നിന്നും കയറിയതാണ്, പാതി ഉറക്കത്തില്‍ ആണ്, ഇപ്പോള്‍ എണീറ്റു കൊടുത്താല്‍ പിന്നെ തിരുവനന്തപുരം വരെ നില്‍ക്കാന്‍ പറ്റാത്തത് കൊണ്ടാണ് എന്നൊക്കെ. അതും ന്യായം തന്നെ. 


എന്തായാലും കോട്ടയം നാഗമ്പടം എത്തി. അവിടെ ഇറങ്ങി പ്രവറ്റ് സ്റ്റാന്‍ണ്ട് വഴി റെയില്‍വേ ട്രാക്കിലേക്ക് കയറിയപ്പോള്‍ അവിടം മുഴുവന്‍ വിജനം, ഇരുട്ട് അപ്പോളും മാറിയിട്ടില്ല. ടിക്കറ്റ്‌ എടുത്ത്‌ പതിവിനു വിപരീതമായി സമയത്തെത്തിയ ട്രിയിനില്‍ കയറി ആരും ഇല്ലാത്ത ഒരു ക്യാബിനില്‍ ഇരുന്നു. ദുഫായില്‍ നിന്നും പടം പിടുത്തക്കാരന്‍ ജിമ്മിയുടെ ഉപദേശപ്രകാരം ക്യാമറ എടുത്ത്‌ കയ്യില്‍ വെച്ചു, തോക്ക് റെഡി ആണെങ്കില്‍ മാത്രമല്ലേ സമയത്ത്‌ വെടി വെക്കാന്‍ പറ്റൂ.


വണ്ടി ചങ്ങനാശ്ശേരി എത്തി, കുറച്ചു ആള്‍ക്കാര്‍ കയറാനുണ്ട്. ദൈവമേ വല്ല കടും വെട്ടും വന്നു അടുത്തിരിക്കരുതെ, നല്ല സുന്ദരി പെണ്ണുങ്ങള്‍ വല്ലതും ഇരിക്കണേ എന്നുള്ള എന്റെ പ്രാര്‍ത്ഥന  ദൈവം പതിവില്ലാതെ അങ്ങ് കേട്ടേച്ചു. ഒരു മദാലസ വന്നു എന്റെ എതിരെ ഇരുന്നു, കൂടെ അവളുടെ അപ്പനും. ഓടുന്ന കുതിര പുറത്തിരുന്നു പറക്കുന്ന പക്ഷിയെ വെടിവെച്ചിടുന്ന നായകനെ പോലെ ഓടുന്ന ട്രെയിനില്‍ ഇരുന്നു ഞാന്‍ ചുമ്മാ ഫോട്ടോ എടുത്തു കളിച്ചു. ചെറിയ മയക്കം ഒക്കെ മാറി ഞാന്‍ ഉഷാറായി വന്നപോളെക്കും അവള്‍ പതുക്കെ ഉറക്കം തൂങ്ങി. 


എന്തായാലും ആയുധം പുറത്തെടുത്തു പോയില്ലേ, ചുമ്മാ എന്തേലും ഒക്കെ എടുത്തോണ്ടിരിക്കാം എന്ന് കരുതി ഞാന്‍ ഫോട്ടോ എടുക്കല്‍ തുടര്‍ന്നു. ചെങ്ങന്നൂരില്‍ ട്രെയിന്‍ നിറുത്തിയപ്പോള്‍ ഞാന്‍ ആവേശത്തോടു കൂടി വളഞ്ഞു നിന്ന് ഫോട്ടോ എടുക്കുന്നു. പെണ്ണിന്റെ അപ്പന്‍ എന്നെ സംശയത്തോട് കൂടി നോക്കുന്നു. ഞാന്‍ പെണ്ണിനെ നോക്കിയപ്പോള്‍ അവളുടെ മാറില്‍ നിന്നും ചുരിദാര്‍ കുറച്ചു മാറി കിടക്കുന്നു. പെട്ടെന്ന് എന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി, പക്ഷെ അവള്‍ടെ അപ്പന് തോന്നിയത്‌ അതൊരു കള്ള ലക്ഷണം  ആണെന്നാ. താനെന്തോന്നാടോ ഈ ഫോട്ടോ എടുക്കുന്നത് എന്ന് ചോദിക്കേണ്ട താമസം എതിര്‍ വശത്തിരുന്ന എന്റെ സൌഭാഗ്യത്തില്‍ അസൂയ പൂണ്ടിരുന്ന ചെറുപ്പക്കാരും കൂടി. ഞാന്‍ പുറത്തെ ഫോട്ടോയാ എടുത്തത്‌ എന്ന് പറഞ്ഞെങ്കിലും പെട്ടെന്ന് തന്നെ അതൊരു 144 പ്രഖ്യാപിച്ച ഒരു പ്രശ്ന ബാധിത പ്രദേശം ആയി മാറി. 


എന്റെ പോന്നു ചേട്ടാ ഇതിലെ ഫോട്ടോ എടുത്തു നോക്കി കൊള്ളാന്‍ പറഞ്ഞപ്പോള്‍ അപ്പന്‍ പറയുന്നു എനിക്കീ കോപ്പൊന്നും നോക്കാന്‍ അറിയില്ല എന്ന്. എന്തേലും കാണാമല്ലോ എന്നും പിന്നെ ആദ്യത്തെ കീറ് കൊടുത്തു പെണ്‍കുട്ടിയുടെ മുമ്പില്‍ ഹീറോ ആകാമല്ലോ എന്നും വിചാരിച്ച് ചെറുപ്പക്കാരില്‍ ഒരുത്തന്‍ മുമ്പോട്ട്‌ വന്നു, ഞാന്‍ നോക്കാം എന്നാ വാഗ്ദാനവുമായി. അവനൊരു കിണ്ടിയും അറിയില്ലെങ്കിലും ഞാന്‍ ഫോട്ടോകള്‍ ഓരോന്നായി കാണിച്ചു. 


പ്ലാറ്റ്‌ഫോര്‍മില്‍ ഇരുന്നു അപ്പൂപ്പന്റെ പുറം ചൊറിയുന്ന അമ്മൂമ്മ, വടയുടെ അവശിഷ്ടം തിന്നുന്ന കാക്ക, ചെളിയില്‍ ചാടിക്കളിക്കുന്ന പട്ടിക്കുട്ടികള്‍ , ട്രെയിനില്‍ നിന്നും പുറത്തേക്ക് തള്ളുന്ന അവശിഷ്ടത്തിന്റെ സുന്ദര ചിത്രം. ഒരു നല്ല പടമെങ്കിലും എടുത്തുകൂടെ ശവമേ നിനക്ക് എന്നാ ചോദ്യം എനിക്കാ കണ്ണുകളില്‍ കാണാമായിരുന്നു. 


എല്ലാവരും സീറ്റില്‍ പോയിരുന്നു. ഞാനും പെണ്‍കുട്ടിയുടെ അപ്പനും പരിചയപ്പെട്ടു, അങ്ങനെ പെണ്‍കുട്ടിയേയും. എന്റെ ക്യാമറ വാങ്ങി നോക്കിയ ചെറുപ്പക്കാരന്‍ വാങ്ങി വെച്ചിരുന്ന പൂരി മസാലയില്‍ ഒന്ന് നോക്കി, പിന്നെ പതുക്കെ അത് പുറത്തേക്കെറിഞ്ഞു. 

Read more...

വാഗമണ്‍ കുരിശുമല ആശ്രമം

>> Sunday, July 17, 2011


വയസാന്‍ കാലത്തെ പഠനം ഒരു തരത്തിലും മുന്നോട്ടു നീങ്ങാതിരുന്ന അവസരത്തില്‍ വീണ്ടും കുട്ടപ്പായി ഒരു നിര്‍ദ്ദേശവുമായി എത്തി, വാഗമണ്ണിലെ കുരിശുമല ആശ്രമത്തില്‍ പോയി ഒരാഴ്ച നില്‍ക്കുക. അവിടിരുന്നു പഠിക്കാന്‍ പറ്റിയില്ലെങ്കില്‍ തന്നെ വന്നു കഴിയുമ്പോള്‍ മനസ് ഒന്ന് തണുക്കും, അതുകൊണ്ട് പോയി നോക്കാന്‍ പറഞ്ഞു. എന്തായാലും നാട്ടില്‍ വെറുതെ വെടിയുംപറഞ്ഞു തേരാ പാരാ നടക്കുവാ, എന്നാ പിന്നെ ഇനി അവിടുത്തെ അച്ചന്മാരെ ഇത്തിരി പേടിപ്പിക്കാം എന്ന് വെച്ചു. അവിടെയുള്ള അഗസ്റ്റിന്‍ ബ്രദറിനെ വിളിച്ച് കുട്ടപ്പായി ഞാനെന്ന മഹാന്‍ എത്തുന്ന കാര്യം പറഞ്ഞു.


ഉച്ചക്ക് പതിയെ ചോറുണ്ടു, ഒരു ബാഗില്‍ രണ്ടു മൂന്നു ജോഡി ഉടുപ്പും എടുത്ത്‌ നമ്മുടെ പഴയ യമഹ RX 100 സ്റ്റാര്‍ട്ട്‌ ചെയ്തു. പൈകയില്‍ നിന്നും ഭരങ്ങാനം, ഈരാറ്റുപേട്ട, തീക്കോയി വഴി വാഗമണ്‍ , ഏകദേശം 40  കിലോമീറ്റര്‍ മാത്രം ദൂരം. പോകുന്ന വഴി മനസ് അസ്വസ്ഥമായിരുന്നു. പഠിക്കാന്‍ ധാരാളം, പള്ളിയില്‍ പോക്കോ പ്രാര്‍ഥനയോ ഇല്ല, ധ്യാനങ്ങളും ഭക്തിമാര്‍ഗ്ഗങ്ങളും എന്നോ വെടിഞ്ഞിരുന്നു. തിരക്കുകള്‍ കുറഞ്ഞു ശാന്തമായ മനസോടെ പഠിക്കണം എന്നാ ദുരാഗ്രഹം മാത്രമാണ് മനസ്സില്‍ .


തീക്കോയി കഴിഞ്ഞപ്പോള്‍ തന്നെ ചെറിയൊരു കുളിരും ആകെയൊരു ഫ്രെഷ്നെസ്സും. പതുക്കെ കയറ്റം കയറി പോകുന്ന വഴിക്ക് മഞ്ഞും പച്ചപ്പും മനസ്സിനെ തണുപ്പിച്ചു കൊണ്ടിരുന്നു. വേനല്‍ക്കാലം ആയതിനാല്‍ ഇടയ്ക്കു ചെറിയ മലകളില്‍ തീ കത്തുന്നതും കണ്ടു.
 
അവിടെ ചെന്ന് തീ കെടുത്തണം എന്നുള്ള പ്രകൃതി സ്നേഹം ഉണ്ടായിരുന്നെങ്കിലും കിലോമീറ്ററുകള്‍ മല വലിഞ്ഞു കയറി അവിടെ ചെല്ലുമ്പോള്‍ ഉള്ള ശാരീരിക ബുദ്ധിമുട്ട് ഓര്‍ത്തപ്പോള്‍ അത് ഒരു ഗദ്ഗദത്തോടെ വേണ്ടെന്നു വെച്ചു.അങ്ങനെ ഞാന്‍ ചീറിപ്പാഞ്ഞു കുരിശുമലയില്‍ എത്തി. വാഗമണ്ണില്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഓരോ മല വീതം ഉണ്ട്. ഇത് പക്ഷെ അതിനെല്ലാം മുമ്പായി ഒരു ഗെയിറ്റ് ഒക്കെ വെച്ചിരിക്കുന്ന സന്ദര്‍ശക വാഹങ്ങള്‍ക്ക് പ്രവേശനം ഇല്ലാത്ത ഒരു മല. കുരിശുമല എന്ന പാല്‍ ആണ് അവിടെ നിന്നുള്ള ഉല്പന്നം. അവിടെ താമസിച്ചു ധ്യാനിക്കാനാണ് എന്ന് പറഞ്ഞപ്പോള്‍ സെക്യുരിറ്റി എന്റെ വണ്ടി കടത്തി വിട്ടു. ഉച്ചസമയം ആയതിനാല്‍ ആയിരിക്കാം ആരെയും കാണുന്നില്ല. വെയിലും തണുപ്പും ഒക്കെ കൂടെ ആകെ ഒരു രസം ഉണ്ട്. നീലാകാശം, പച്ചപ്പ് നിറഞ്ഞ പുല്‍മേടുകള്‍ , പാറിപ്പറക്കുന്ന തുമ്പികള്‍ പക്ഷികള്‍ . 

 കയറ്റം കയറി മുകളില്‍ എത്തിയപ്പോള്‍ ആകെ ഒരു കന്നുകാലി മണം. വണ്ടി ചെന്ന് നില്‍ക്കുന്നത്‌ എല്ലാ സജ്ജീകരണങ്ങളും ഉള്ള പശു വളര്‍ത്തല്‍ കേന്ദ്രത്തിലാണ്. ഒന്ന് രണ്ടു കാഴ്ചക്കാര്‍ അവിടെയുണ്ട്. അപ്പോള്‍ അവിടുത്തെ സന്യാസികള്‍ക്ക് വിശ്രമ സമയം ആയതിനാല്‍ കാലി വളര്‍ത്തല്‍ കേന്ദ്രത്തെ കുറിച്ച് വിശദീകരിച്ചു കൊടുക്കാന്‍ ആരുമില്ല. ഞാന്‍ ആശ്രമത്തിനു അകത്തേക്ക് നടന്നു. പ്രവേശനം ഇല്ല എന്ന ബോര്‍ഡ്‌ കണ്ടപ്പോള്‍ നിന്നു. ഒരു പണിക്കാരന്‍ അപ്പോള്‍ വന്നു പറഞ്ഞു ഇപ്പോള്‍ വിശ്രമ സമയം ആണ്, അതുകൊണ്ട് പ്രവേശനം ഇല്ല എന്ന്. ഞാന്‍ പറഞ്ഞു ഇവിടെ താമസിക്കാന്‍ വന്നതാണ്‌ എന്ന്. അപ്പോള്‍ അദ്ദേഹം എന്നെ ഒരു പള്ളിക്കകത്ത് കൊണ്ട് പോയി ഇരുത്തി. നിമിഷങ്ങള്‍ക്കകം അഗസ്റ്റിന്‍ സാമി അവിടെ എത്തി. അദ്ദേഹം സ്വാഗതം ചെയ്തു, പിന്നാലെ ഗസ്റ്റ്‌ മാസ്റര്‍ ആയ സ്വാമി വന്നു താമസിക്കാന്‍ ഉള്ള സ്ഥലം കാണിച്ചു തന്നു.

താമസ സ്ഥലത്തിന്റെ സൈഡില്‍ നിന്നുള്ള  വ്യു, മുമ്പില്‍ ചെറിയ ഉദ്യാനം, പിറകില്‍ ഒരു കൊച്ചു കുളം.

വാതില്‍ എപ്പോളും അടച്ചിടാനുള്ള കപ്പിയും കയറും ഭാരവും ഉപയോഗിച്ചുള്ള ഡോര്‍ സ്റൊപ്പര്‍

ഒരു കട്ടിലും മേശയും കസേരയും കൊതുക് വലയും അടങ്ങിയ ചെറിയ ഒരു മുറി.

ആധുനിക സൌകര്യങ്ങള്‍ ഒന്നുമില്ലാത്ത പഴമയുടെ സ്പര്‍ശമുള്ള താമസ സൌകര്യങ്ങള്‍ . പൊതുവായുള്ള പരുക്കന്‍ സിമന്റിട്ട ബാത്ത് റൂമുകള്‍ , പഴയ രീതിയിലുള്ള അലുമിനിയം ബക്കറ്റുകള്‍ , കാലുരക്കാന്‍ പാറക്കല്ല്, യുറോപ്യനും നാടനും ആയ ക്ലോസറ്റുകള്‍ . പക്ഷെ ജീവിക്കാന്‍ ആവശ്യമായ സൌകര്യങ്ങള്‍ ഉണ്ട്.

രാവിലെ മൂന്നേ മുക്കാലിന്  തുടങ്ങും അവരുടെ ജീവിതം.
ASHRAM TIME - TABLE
04.00-05.00 Night Vigil, Meditation
05.00-06-00 Yoga, Bible Reading, Reflection
06.00-06.45 Eucharistic Celebration On Sundays and Feasts at 10.00
07.00 Breakfast
07.30-08.30 Meditative Reading, Study
08.30-10.45 'Bread-Labour'
11.00 Study, Spiritual Reading
12.00 Mid-day Prayer, Meal, Rest
02.15 Prayer, Sundays and Feasts 02.30
03.00 Tea "Bread-Labour"
05.30 Bath, Study, Reading
06.30 Evening Prayer, Meditation, Supper
08.00 Satsangh

08.30 Night Prayer, Retiring

ഇഷ്ടമുള്ളവര്‍ കൂടിയാല്‍ മതി. ഒന്നിനും കൂടാതെ ഭക്ഷണം മാത്രം കഴിക്കാന്‍ ചെന്നാലും അവര്‍ കുറ്റം പറയില്ല. പണ്ട് ചില ധ്യാനങ്ങളില്‍ പോയപ്പോള്‍ എന്തൊക്കെയായിരുന്നു നിര്‍ബന്ധങ്ങള്‍ ? കൈകൊട്ടി പാട്ടുപാടി ഹല്ലെലുയ വെച്ചുകൊണ്ട് നിര്‍ബന്ധപൂര്‍വ്വം ചെയ്യിച്ചിരുന്ന കോപ്രായങ്ങള്‍ ! ഇവിടെ എല്ലാം ശാന്തം, എങ്ങും നിറഞ്ഞു നില്‍ക്കുന്നത്‌ മനുഷ്യരുടെ നിശബ്ദതയും പ്രകൃതിയുടെ ശബ്ദവും മാത്രം.  

അവിടെ തന്നെ ഉണ്ടാകുന്ന പച്ചക്കറികള്‍ പഴവര്‍ഗ്ഗങ്ങള്‍ , അവര്‍ തന്നെ ഉണ്ടാക്കുന്ന ബ്രെഡ്‌ . സമയാ സമയങ്ങളില്‍ പോഷക സമ്പന്നമായ വെജിറ്റേറിയന്‍ ഭക്ഷണ ക്രമം. അറിയും ചില പലചരക്ക് സാധനങ്ങളും മാത്രം പുറത്ത് നിന്ന്. പ്രാതലിന് ശേഷം അവിടെ ചെന്ന് പച്ചക്കറി അറിയാന്‍ കൂടിയാല്‍ അവര്‍ക്ക് സന്തോഷം. ഇല്ലെങ്കില്‍ കഴുകി തരുന്ന പാത്രങ്ങള്‍ ഒന്ന് തുടക്കാന്‍ കൂടണം. 

ജീവിത രീതികള്‍ പ്രാര്‍ഥനകള്‍ എല്ലാം തികച്ചും ഭാരതീയ രീതിയില്‍ . കാര്യം ഈ ആശ്രമം തുടങ്ങിയത് ബെല്‍ജിയം കാരനായ ഒരു സന്യാസി ആയിരുന്നെങ്കിലും അദ്ദേഹം മലയാളവും ഇന്ത്യന്‍ സംസ്കാരവും പഠിച്ച് ക്രിസ്ത്യാനിറ്റിയെ ഭാരതീയവല്ക്കരിച്ചു. ഓം കാര ശബ്ദത്തിന്റെ വില മനസിലാക്കി അതും ഉള്‍പ്പെടുത്തി, പൂക്കളും വിളക്കും മറ്റും പൂജയില്‍ ഉപയോഗിച്ചു. കുര്‍ബാന എന്നാ പദം തന്നെ മാറ്റി ഭാരതീയ പൂജ എന്നാക്കി.  ഇവിടുത്തെ അച്ചന്മാരും മറ്റും അറബികളുടെ കന്ദൂറായും മറ്റും വലിച്ചു കേറ്റി അന്യഗ്രഹ ജീവികളെ പോലെ നടക്കുമ്പോള്‍ ഇവര്‍ കാഷായ വസ്ത്രം മാത്രം ഉടുത്ത് ചെരുപ്പ് പോലും ഉപയോഗിക്കാതെ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നു. കൃഷിക്കും പശു വളര്‍ത്തലിനും കണക്കിനും പ്രാര്‍ഥനക്കും ഒക്കെ ഓരോരുത്തര്‍ മേല്‍നോട്ടം വഹിക്കുന്നു. 

കുളങ്ങളും മരങ്ങളും പുല്‍ത്തകിടികളും നിറഞ്ഞ ആ മലനിരകളില്‍ എവിടെയെങ്കിലും പോയിരുന്നു നമുക്ക് ധ്യാനിക്കാം. പക്ഷികളും മൃഗങ്ങളും ഇഴജന്തുക്കളും എല്ലാം അവിടെ ആരോടും പരിഭവമില്ലാതെ ജീവിക്കുന്നു. പ്രകൃതിക്ക് അതിന്റെ നിയമം, മനുഷ്യന് മാത്രം മനുഷ്യ നിയമം. 
ആദ്യ രണ്ടു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവിടം സ്വന്തം ഭവനം പോലെയായി, എല്ലാവരും സഹോദരരും. എപ്പോളും ചിരിച്ചു കൊണ്ട് ആര് വന്നാലും അവരെ ഒരേ പോലെ സ്വീകരിച്ചു കൊണ്ട് എലിമയില്‍ ജീവിക്കുന്ന അവിടുത്തെ സന്യാസികള്‍ . എല്ലാവരും സ്വന്ത ഇഷ്ടപ്രകാരം ഈ ജീവിതത്തിന്റെ മനോഹാരിത കണ്ടു വന്നു കൂടിയവര്‍ . കെമിക്കല്‍ എന്ജിനീയറിംഗ് കഴിഞ്ഞു രണ്ടു വര്ഷം ജോലിയും ചെയ്തിട്ട് വന്നു ഇവിടെ ചേര്‍ന്ന അഗസ്റ്റിന്‍ സ്വാമി തന്നെയായിരുന്നു കുട്ടപ്പായിയെ പോലെ എന്റെയും കൂട്ട്. നമുക്കാവശ്യം ഉള്ളപ്പോള്‍ അവര്‍ നമുക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ തരും. അതും വളരെ വിനയപുരസരം. അല്പജ്ഞാനി വിവേകിയെന്നു പ്രകടിപ്പിക്കും, എന്തെങ്കിലും ചോദിച്ചാല്‍ പിന്നെ ജാടയായി, തിരക്കായി.  പക്ഷെ വിവരമുള്ളവര്‍ ആവശ്യമുള്ളവര്‍ക്ക്‌ അത് പകര്‍ന്നു കൊടുക്കും. എത്ര വിവേകവും വിനയവും ഉള്ള മനുഷ്യര്‍ !

അവിടുത്തെ ലൈബ്രറിയില്‍ നിന്നും ഖുറാനോ ഗീതയോ എന്തെങ്കിലും പുസ്തകങ്ങള്‍ എടുത്തുകൊണ്ട് മലയുടെ ചെരിവുകളില്‍ പോയി വായിക്കാം. നാമൊക്കെ ഓടി തീര്‍ക്കുന്ന അര്‍ത്ഥശൂന്യമായ ജീവിതത്തെ മാറി നിന്ന് കാണാം. 

മലനിരകളുടെ മുകളില്‍ ദൈവത്തിനു തൊട്ടടുത്ത്‌

അഗസ്റ്റിന്‍ സ്വാമിയുടെ വാക്കുകള്‍

കുളിര്‍മയുള്ള കാഴ്ചകള്‍ മാത്രം


എന്തിനോ വേണ്ടി തിരക്കിട്ട് നടന്നു അവസാനം ഒന്നുമില്ലാതെ, ഒന്നുമാകാതെ, ഒരിടത്തുമെത്താതെ കടന്നു പോകുന്ന മനുഷ്യന്റെ നിസ്സഹായത. എന്തെല്ലാമോ അറിയാമെന്ന് വിചാരിച്ച് അവസാനം ജീവിത പഠനം കഴിയുമ്പോള്‍ തനിക്ക് ഒന്നുമറിയില്ല എന്ന സത്യം മനസിലാക്കുന്ന മനുഷ്യന്റെ വ്യര്‍ത്ഥത. മക്കളുടെ ഭാവിക്കുവേണ്ടി അവരെ നോക്കാതെ അവര്‍ക്ക് സമ്പത്ത്‌ ഉണ്ടാക്കി അവസാനം മക്കളും സമ്പത്തും കൈവിട്ടു പോകുമ്പോള്‍ മനുഷ്യന്‍ അനുഭവിക്കുന്ന വൈക്ലബ്യം. ഇതെല്ലാം ഈ മണ്ണില്‍ ഇരുന്നു ധ്യാനിക്കുംപോള്‍ നമുക്ക് മനസിലാകും. 


കാറ്റിനോടും കിളികളോടും കഥകള്‍ പറഞ്ഞ്
തളിരിടാന്‍ വെമ്പുന്ന ഉണക്ക മരത്തെ പോലെ

ആശ്രമത്തിന്റെ മറ്റൊരു ദൃശ്യം

അവസാനം ഒരാഴ്ചത്തെ ജീവിതം കഴിഞ്ഞു പടിയിറങ്ങുമ്പോള്‍ മനസ്സില്‍ കുളിര്‍മ്മ മാത്രം. ഏതെന്കിലും പെണ്ണിനെ കുറിച്ചുള്ള അനാവശ്യ ചിന്തകള്‍ , കള്ളുകുടിക്കാനും മീന്‍ കറി കൂട്ടാനും ഉള്ള കൊതി, വില കൂടിയ ഡ്രസ്സും ഇട്ടു വെടിക്കെട്ട്‌ വണ്ടിയില്‍ ചെത്തി നടക്കാനുള്ള മോഹം, എല്ലാരും നമ്മളെ സാറെ സാറെ എന്ന് വിളിക്കുന്നത് കേള്‍ക്കാനുള്ള മോഹം, ഇതൊന്നുമില്ലാതെ ഒരാഴ്ച. പണ്ട് ഇന്റന്‍സീവ്‌ കെയര്‍ യുനിറ്റില്‍ കിടന്നാപോള്‍ പോലും അങ്ങനെ ഉണ്ടായിട്ടില്ല. 


   മറ്റു ധ്യാനങ്ങളില്‍ അവസാനം സ്തോത്രക്കാഴ്ച എന്ന് പറഞ്ഞ് മനുഷ്യനെ നിര്‍ബന്ധിച്ചു , നീയിവിടെ പൈസ ഇട്ടില്ലെങ്കില്‍ നിന്റെ സാമ്പത്തികം കുളം തോണ്ടപ്പെടും എന്ന് ദൈവനാമത്തില്‍ ശപിക്കുന്ന ധ്യാനഗുരുക്കളല്ല ഇവിടുള്ളത്. കെട്ടിപിടിച്ച് അനുഗ്രഹിച്ച് ഇനിയും വരണം എന്ന് പറഞ്ഞ് വിടുന്ന സ്നേഹസംപന്നരായ സന്യാസികള്‍ . എന്തെങ്കിലും വേണോ എന്നല്ലാതെ എന്തേലും തരുന്നോ എന്ന് ഒരിക്കലും ചോദിക്കാത്തവര്‍ .  ഒരേ ഭക്ഷണം ഒന്നിച്ചിരുന്നു കഴിക്കുന്ന ഊട്ടുപുര. ശരീരത്തിനും മനസിനും ആരോഗ്യം തരുന്ന ചുറ്റുപാടുകള്‍ . 

ഇനിയും പോകണം അവിടെ. ഇരുട്ടില്‍ അനന്ത ആഴങ്ങളില്‍ മുങ്ങിത്താഴുമ്പോള്‍ ഒരു വെളിച്ചമായി വന്നു പ്രകാശത്തിലേക്ക് കൈപിടിച്ച് നടത്താന്‍ 

Read more...

ചില ബ്ലാക്ക്‌ ആന്‍റ് വൈറ്റ് ഓര്‍മ്മകള്‍

>> Friday, June 24, 2011

ഏകദേശം നാല്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള തിരുവനന്തപുരത്തെ ഒരു പ്രഭാതം. ആയുര്‍വേദ കോളേജ് ഹോസ്റ്റലിലെ കുഴമ്പ് മണമുള്ള കിടക്കയില്‍ കിടന്നുകൊണ്ട് തന്നെ കറിയാച്ചന്‍ മേശപ്പുറത്ത് നിന്നും തന്റെ പനാമ സിഗരറ്റ് തപ്പിയെടുത്തു. തലയിണക്കടിയില്‍ വെച്ചിരുന്ന ക്യാമല്‍ തീപ്പെട്ടി തുറന്നു നോക്കിയപ്പോള്‍ അതില്‍ കൊള്ളികള്‍ ശൂന്യം. അടുത്ത മുറിയിലെ ഗോപാലകൃഷ്ണന്റെ മുറിയില്‍ കയറി അവന്‍ വിളക്ക് കത്തിക്കാന്‍ വെച്ചിരിക്കുന്ന തീപ്പെട്ടിയില്‍ നിന്നും പനാമ കത്തിച്ച് കറിയാച്ചന്‍ പ്രഭാത ധ്യാനം നടത്തി.

ഉമിക്കിരിയും ചതച്ചു വെച്ച ആരിവേപ്പിന്റെ തണ്ടും ഉപയോഗിച്ചു പല്ല് തേച്ചതിനു ശേഷം പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിച്ച് കറിയാച്ചന്‍ പുറത്തിറങ്ങി. ഒരു തൊട്ടി വെള്ളം കൊണ്ട് വന്നു തന്റെ ജാവയും കഴുകി കുട്ടപ്പാനാക്കി മെസ്സിലെ നാണു ചേട്ടന്റെ കയ്യില്‍ നിന്ന് ഒരു കട്ടനും വാങ്ങി കൊണ്ട് വന്നു അടുത്ത പനാമ കത്തിച്ച് ചിന്തയില്‍ ആണ്ടു. ഇന്ന് തന്റെ സീനിയര്‍ ആയി പഠിച്ച ശ്രീദേവിയുടെ കല്യാണമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പഠിച്ച കൃഷ്ണനാണു വരന്‍ . ഒരു വര്ഷം മുമ്പ്‌ രാവിലെ കോളേജില്‍ വരുന്ന വഴി ആയുര്‍വേദ കോളേജിന്റെ ഗേറ്റിനു മുമ്പില്‍ വെച്ച് ആദ്യമായി കൃഷ്ണന്‍ ശ്രീടെവിയോടു  ഇഷ്ടമാണ് എന്ന് പറഞ്ഞു. കരഞ്ഞുകൊണ്ടാണ് ശ്രീദേവി അന്ന് കോളേജില്‍ വന്നത്. ഒരു ആയുര്‍വേദ ഡോക്ടര്‍ കുട്ടിയെ പ്രേമിക്കാന്‍ മാത്രം ധൈര്യമോ  എം ബി ബി എസ് കാരന്? ശ്രീദേവിയുടെ കണ്ണീര്‍ ആയുര്‍വേദക്കാരുടെ ഹൃദയമലിയിപ്പിച്ചു. അന്ന് മെഡിക്കല്‍ കോളേജില്‍ കയറി കൃഷ്ണനെയും കൂട്ടരെയും തല്ലാന്‍ പോയ കൂട്ടത്തില്‍ ഒന്നാം വര്‍ഷക്കാരനായ കറിയാച്ചനും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു.

പിന്നെ കേസും വക്കാണവും. അവസാനം പോലീസും വക്കീലും പരിപാടികളുമായി നടന്ന വകയില്‍  കഴുത്തില്‍ കിടന്ന പിരിയന്‍ മാല ഒരെണ്ണം അപ്രത്യക്ഷമായെങ്കിലും അതോടെ കറിയാച്ചന്‍ എന്ന ചങ്ങനാശേരിക്കാരന്‍ സിറിയക്‌ കോളേജില്‍ പ്രസിദ്ധനായി. അഞ്ചാണുങ്ങള്‍ക്കും ഒരു പോലെ പണിയിച്ച സ്വര്‍ണ്ണ മാല പോയെങ്കിലും, വിമോചന സമരത്തിനു വേണ്ടി ചിലവാക്കി എന്ന് പറഞ്ഞു അച്ചായന്റെ കയ്യില്‍ നിന്നും വലിയ വഴക്ക് നേടാതെ രക്ഷപെടുകയും ചെയ്തു. എന്ത് കാര്യത്തിലും ഇടപെടുകയും എല്ലാവരെയും സഹായിക്കാന്‍ തയ്യാറാകുകയും ചെയ്ത കറിയാച്ചനെ പൊതുവേ എല്ലാവര്‍ക്കും ഇഷ്ടവുമായിരുന്നു.

കൃഷ്ണന് കിട്ടിയ അടിയുടെ മുറിവുണങ്ങി, അമ്പലപ്പറമ്പിലും വഴി സൈഡിലും ഒക്കെ നിന്ന് ശ്രീദേവിയെ കാണുമ്പോള്‍ മുഖം തിരിച്ച കൃഷ്ണനോട് ശ്രീദേവിയുടെ ഉള്ളില്‍ ഇഷ്ടവും മുളപൊട്ടി. എന്ത് സഹായത്തിനും സദാ തയ്യാര്‍ എന്ന് പറഞ്ഞു നില്‍ക്കുന്ന കറിയാച്ചനെ തന്നെ ശ്രീദേവി വീണ്ടും സമീപിച്ചു. അങ്ങനെ മാസങ്ങള്‍ക്ക്‌ ശേഷം ശ്രീദേവിയുടെ ഇഷ്ടം മെഡിക്കല്‍ കോളേജില്‍ ചങ്കും വിരിച്ചു ചെന്ന് കൃഷ്ണനോട് പറയുകയും ചെയ്തു. പറഞ്ഞ കാര്യം കൃഷ്ണന് ഇഷ്ടപ്പെട്ടെങ്കിലും പണ്ട് തല്ലുകൊണ്ട മറ്റുള്ളവര്‍ക്ക് അത്ര പിടിക്കാത്തതിനാല്‍ വിരിഞ്ഞ മാറില്‍ ചവുട്ടിക്കൊണ്ട് തന്നെ അവര്‍ ഒന്നുപെരുമാറി. കുറുംതോട്ടിയും വെളുത്തുള്ളിയും സമൂലം അരച്ചു ചേര്‍ത്ത കഷായവും കുടിച്ച് , ധന്വന്തരം തൈലം ചെറു ചൂടില്‍ തിരുമ്മി, മുറിവില്‍ ചതച്ച ഉള്ളിയും വെളിച്ചെണ്ണയും തേച്ച് കറിയാച്ചന്‍ അടുത്ത അങ്കത്തിനു ശരീരത്തിനെ പാകപ്പെടുത്തി. മനസിന്റെ മുറിവുണക്കാന്‍ ഗോവിന്ദനും ഔസേപ്പച്ചനും കൂടി കൊണ്ട് വന്ന ചാരായവും അടിച്ച് വിശ്രമിക്കുന്ന കറിയാച്ചനെ കാണാന്‍ ആറാം പൊക്കം അവരെത്തി, കൃഷ്ണനും ശ്രീദേവിയും.

അവരുടെ ഇണക്കത്തിന്റെ കൂടെ കോളേജുകളുടെ പിണക്കവും മാറി. മുറിവുണങ്ങിയ കറിയാച്ചന്‍ തല്ലിയതും കൊണ്ടതും തനിക്കൊരു പെണ്ണിന് വേണ്ടി അല്ലാതിരുന്നതിനാല്‍ കറിയാച്ചനെ ആരും പ്രണയിച്ചില്ല, അല്ലെങ്കില്‍ തിരക്ക് കാരണം അറിഞ്ഞില്ല. പാരമ്പര്യമായി വൈദ്യം പകര്‍ന്നു കിട്ടിയതിനാല്‍ ഉള്ള അറിവുകള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടുത്തും സഹായിച്ചും കറിയാച്ചന്‍ നല്ല വിദ്യാര്‍ഥികള്‍ക്കു വേണ്ടപെട്ടവനായി. അത്യാവശ്യം വലി കുടി ഒക്കെയായി ബാക്കി സമയം തിരക്കും, അതിനിടയില്‍ സ്വന്തം കാര്യംനോക്കാന്‍ ആര്‍ക്കു സമയം.

എന്തായാലും കുളിച്ചു റെഡിയായി കറിയാച്ചനും  കൂട്ടരും ശ്രീദേവിയുടെ വീട്ടില്‍ എത്തി. കൃഷ്ണന്റെ ചേട്ടന്‍ കൊണ്ട് വന്ന വിദേശ മദ്യം പണ്ട് തല്ലു കൂടിയ ചേട്ടന്മാരും അനുജന്മാരും ഒക്കെ ഒന്നിച്ചിരുന്നു സേവിച്ചു. അങ്ങനെ അലോപ്പതി ആയുര്‍വേദ സഹോദരന്മാര്‍ സ്നേഹത്തിലായി. പിന്നെ മുണ്ടും മടക്കി കുത്തി  സദ്യ വിളമ്പാനും കാര്യങ്ങള്‍ നടത്താനും കറിയാച്ചന്‍ മുമ്പില്‍ . പണ്ട് തല്ലു കൊടുത്ത വകയില്‍ കൃഷ്ണന്റെ അച്ഛനും അമ്മാവന്മാര്‍ക്കും കറിയാച്ചനെ അത്ര പ്രിയമുണ്ടായിരുന്നില്ല എങ്കിലും കല്യാണത്തിന്റെ പരിപാടികള്‍ എല്ലാം ഏറ്റെടുത്തിരുന്നത് കറിയാച്ച്ചനായിരുന്നത് കൊണ്ട് അവര്‍ അതങ്ങു സഹിച്ചു.

അങ്ങനെ കല്യാണം കഴിഞ്ഞു, കറിയാച്ചന്റെ പ്രവര്‍ത്തന മേഖല പതുക്കെ മെഡിക്കല്‍ കോളെജിലേക്കും വ്യാപിച്ചു. ആയുര്‍വേദ കോളേജിലെ അരിഷ്ടം കൊണ്ട് പോയി കൊടുത്ത്‌ കറിയാച്ചന്‍ മെഡിക്കല്‍ കോളേജിലെ സ്പിരിറ്റും ചേര്‍ത്ത് കഴിച്ചു. കൃഷ്ണനും ശ്രീദേവിയും പഠനം കഴിഞ്ഞു പിരിഞ്ഞു. പുതിയ കൂട്ടുകാരും പ്രവര്‍ത്തന മണ്ഡലങ്ങളുമായി കറിയാച്ചനും തുടര്‍ന്നു.

അങ്ങനെ ആഴ്ചകളും മാസങ്ങളും കഴിഞ്ഞു. ഒരു വിളവെടുപ്പുകാലം. ഒരാഴ്ചത്തെ ക്ലാസും കളഞ്ഞു ചങ്ങനാശ്ശേരിയില്‍ പോയി കൊയ്ത്തും മെതിയും ഒക്കെ കഴിഞ്ഞു വീണ്ടും തിരുവനന്തപുരത്തേക്ക് ബൈക്കില്‍ പുറപ്പെട്ടു. കൊട്ടാരക്കരയില്‍ നിന്നും ഗോപാലനും കയറും. ബൈക്കിനാണ് പോകുന്നത് എന്ന് പറഞ്ഞാല്‍ വഴക്ക് കിട്ടുന്ന കൊണ്ട് ഗോപാലന്‍ ബസില്‍ കയറി അടുത്ത സ്റ്റോപ്പില്‍ ഇറങ്ങി അവിടുത്തെ മുറുക്കാന്‍ കടയില്‍ നിന്ന് സോഡയും ഗ്യാസുമുട്ടായിയും ഒക്കെ തിന്നു കൊണ്ടിരുന്നു. അങ്ങനെ ഗോപാലനെയും കയറ്റി കറിയാച്ചന്‍ തിരുവനന്തപുരത്തിന് വീണ്ടും പിടിപ്പിച്ചു. രാത്രി പതിനൊന്നര ആയപ്പോള്‍ അവര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ക്ഷീണം മാറ്റാന്‍ ഇത്തിരി ഫ്രഷ്‌ സ്പിരിറ്റ് കിട്ടുമോ എന്നറിയാന്‍ ചെന്നു.

അവിടെ ചെന്നപ്പോള്‍ അതാ കൃഷ്ണനും കൂട്ടരും വേവലാതിയോടെ നില്‍ക്കുന്നു. എന്താ കൃഷ്ണാ എന്ന് ചോദിച്ച കറിയാച്ചനോട് കൃഷ്ണന്‍ പറഞ്ഞു അമ്മയുടെ ഓപ്പറേഷന്റെ കാര്യം. ബ്ലീഡിംഗ് ഉള്ളത് കാരണം രക്തം വേണ്ടി വരുമത്രേ. എ ബി പോസിറ്റീവ് ആയതിനാലും രാത്രി ആയതിനാലും കിട്ടാനും വിഷമമാണത്രേ. കുറച്ച് പേരെ കൊണ്ട് വന്നു നോക്കി എങ്കിലും ഗ്രൂപ്പ് യോജിച്ചില്ല. രക്തദാനം എന്നത് സാധാരണക്കാര്‍ കേട്ടിട്ട് പോലുമില്ലാത്ത ഒരു കാലമല്ലേ,  പലരും വിമുഖത കാണിക്കും. പിന്നെ കഷ്ടപ്പെട്ട് കഞ്ഞികുടിച്ചുണ്ടാക്കിയ രക്തം എങ്ങനാ വേറൊരാള്‍ക്ക്‌ കൊടുക്കുക? പോരാത്തതിനു എന്തും ഏതും സംശയത്തോടെ കാണുന്ന മലയാളി മനസും.

യാത്രയുടെ ക്ഷീണം ഉണ്ടായിരുന്നെങ്കിലും കറിയാച്ചന്‍ കൃഷ്ണനോട് പറഞ്ഞു. എന്റെ ചോര എടുത്തോടാ നീ, ഒരേ ഗ്രൂപ്പ്‌ തന്നെയാ. സന്തോഷത്തോടെ കൃഷ്ണന്‍ ഓടി പോയി അപ്പനോടും അമ്മാവന്മാരോടും വിവരം പറഞ്ഞു. ആദ്യം സന്തോഷിച്ചെങ്കിലും സ്വന്തം മോനെ തല്ലിയവന്റെ രക്തം തന്നെ വേണോ എന്ന് കൃഷ്ണന്റെ അപ്പന്‍ കെ എന്‍ മേനോന്‍ ഒന്ന് ചിന്തിച്ചു. തൊട്ടു പുറകെ കൃഷ്ണന്റെ അമ്മാവന്‍ ചോദിച്ചു, ഒരു ക്രിസ്ത്യാനിയുടെ ചോര തന്നെ വേണോ മേനോനെ എന്ന്. ചോരക്കു മതമില്ലാ അമ്മാവാ എന്ന് പറഞ്ഞു കൃഷ്ണന്‍ കറിയാച്ചന്റെ അടുത്ത് വന്നു ചോദിച്ചു, നീ അടിച്ചിട്ടുണ്ടോ? ഓ ഇല്ലെടാ, ഒരെണ്ണം അടിക്കാമെന്ന് കരുതിയാ ഇങ്ങോട്ട് വന്നത് എന്ന്‍. എന്നാ വാടാ എന്ന് പറഞ്ഞു അവര്‍ രക്തം എടുക്കാന്‍ പോയി.

എല്ലാം മംഗളമായി കഴിഞ്ഞു. ക്രിസ്ത്യാനിയുടെ രക്തം ഹിന്ദുവിന്റെ രക്തവുമായി ചേര്‍ന്നു. രക്തം കൊടുത്തിട്ട് പുല്ലു പോലെ ഇറങ്ങി നടന്ന കറിയാച്ചനോട് കുറച്ചു മുമ്പ്‌ ശങ്കിച്ച കൃഷ്ണന്റെ അച്ഛന്‍  തന്നെ വന്നു പറഞ്ഞു "മോനേ.. ഇത്തിരി നേരം ഇവിടെ കിടക്കൂ, ക്ഷീണം കുറയട്ടെ". അതാ മുന്തിരങ്ങയും മുട്ട പുഴുങ്ങിയതുമായി ധൃതിയില്‍ നടന്നു വരുന്നു കൃഷ്ണന്റെ അമ്മാവന്‍ . അതോടെ ഉണ്ടായിരുന്ന എല്ലാ പരിഭവങ്ങളും മാറി. കറിയാച്ചന്‍ ആ വീട്ടിലെ അംഗമായി മാറി.

രണ്ടു മാസങ്ങള്‍ക്ക്‌ ശേഷം ഒരു അവുധിക്കാലം. അച്ചായന്‍  (കറിയാച്ചന്റെ അച്ഛന്‍ ) ചാരുകസേരയില്‍ ഇരുന്നു അവിടെ വന്ന രോഗിയുടെ വിവരങ്ങള്‍ ചോദിച്ചറിയുന്നു. കറിയാച്ചന്‍ അകത്ത്‌ കുറുംതോട്ടി രാമന്റെ കൂടെ ലേഹ്യം ഉണ്ടാക്കുന്ന തിരക്കില്‍ . പുറത്ത്‌ ഒരു കാര്‍ വന്നു നിന്നു.  അതില്‍ നിന്നും കൃഷ്ണന്‍ കൃഷ്ണന്റെ അച്ഛന്‍ അമ്മ അമ്മാവന്‍ പിന്നെ ശ്രീദേവി എന്നിവര്‍ ഇറങ്ങി. ലക്ഷണ ശാസ്ത്രപ്രകാരം രോഗി അല്ലാ വന്നിരിക്കുന്നത് എന്ന് മനസിലായ അച്ചായന്‍ അവരെ സ്വീകരിച്ചു കൊണ്ട് ചോദിച്ചു, "എനിക്ക് മനസിലായില്ല?". കെ എന്‍ മേനോന്‍ പറഞ്ഞു, "ഞങ്ങളുടെ മോന്റെ വീടോന്നു കാണാന്‍ വന്നതാ ഞങ്ങള്‍ ". ആരാണാവോ വന്നിരിക്കുന്നത് എന്ന്‍ സംശയത്തോടെ വന്ന കറിയാച്ചന്റെ അമ്മയെ കണ്ട കൃഷ്ണന്റെ അമ്മ ഓടിച്ചെന്നു കെട്ടിപ്പിടിച്ചു പറഞ്ഞു, "അമ്മേടെ മോന്റെ ചോരയാണ് ഇപ്പോള്‍ എന്റെ ഞരമ്പില്‍ കൂടി ഓടുന്നത്". കാര്യങ്ങള്‍ ഒക്കെ അവര്‍ മനസിലാക്കിയപ്പോളെക്കും കുഷ്ണനും ശ്രീദേവിയും ചെന്ന് ചായ്പ്പില്‍ രാമന്റെ കൂടെ ലേഹ്യത്തിനു ഇളക്കികൊണ്ടിരുന്ന കറിയാച്ചനെ വിളിച്ചു കൊണ്ട് വന്നു.

ഒരു ദിവസം താമസിച്ചിട്ടാണ് അവര്‍ തിരികെ പോയത്‌. പുണ്യം ചെയ്ത അച്ഛനും അമ്മയും ആണ് നിങ്ങള്‍ എന്ന് കറിയാച്ചന്റെ മാതാപിതാക്കളോട് അവര്‍ പറയുന്ന കേട്ടപ്പോളും കറിയാച്ചന്‍ ഒരു ചെറു പുഞ്ചിരിയുമായി അവിടെ നിന്നു. മകനെ കുറിച്ച് നല്ലത് പറഞ്ഞത്‌ കേട്ടപ്പോള്‍ അച്ചായന്റെ കണ്ണിലെ തിളക്കം കണ്ടിട്ടും കാണാത്ത പോലെ.

കയറുമാലയ്ക്ക് പകരം മറ്റൊരു മാല അച്ചായന്‍ കറിയാച്ചന് വാങ്ങി കൊടുത്തു. കാലത്തിന്റെ തികവില്‍ കറിയാച്ചനും വിവാഹിതനായി, കുട്ടികളും കുടുംബവുമായി കൃഷ്ണന്റെ വീട്ടിലും അവര്‍ ചങ്ങനാശേരിയിലും വന്നു കൊണ്ടിരുന്നു. നാടെങ്ങും രക്തബാങ്കുകള്‍ ആയി, രക്തദാനം ഒരു സംഭവമേ അല്ലാതായി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ്‌ രക്തദാനത്തിന് തയ്യാറായ ഈ കറിയാച്ചന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഇരുപത്തൊന്പത് വയസ് ....

Read more...

എന്തിനു നീ വോട്ടു ചെയ്തു?

>> Saturday, April 30, 2011


ഓരോ തവണയും നിങ്ങളൊക്കെ പോയി വോട്ടു ചെയ്തു ഓരോത്തന്മാരെ ജയിപ്പിച്ചു വിട്ടിട്ട് എന്ത് മണ്ണാങ്കട്ട നേടി? നാടിനും നാട്ടുകാര്‍ക്കും വേണ്ടി ഞങ്ങള്‍ കുറെ ഉലത്തുന്നുണ്ട് എന്ന് പറയുന്ന ഈ ഡാഷ് മക്കള്‍ എന്നാ കോപ്പാ ഇവിടെ ചെയ്തിരിക്കുന്നത്? പണ്ട് ബ്രിട്ടീഷുകാര്‍ നമ്മളെ കട്ടുമുടിച്ചു എന്ന് പറയന്നു. അതിനു മുമ്പ് ഫ്രെഞ്ചുകാരും പോര്‍ട്ടുഗീസുകാരും അതിനോക്കെയും മുമ്പ്‌ മുഗളന്മാരും പാര്‍സികളും ഒക്കെയായി ഇവിടെ ഭരണവും കൊള്ളയും അങ്ങനെ പലതും നടത്തി. അവരൊക്കെ ഇവിടെയെന്തെങ്കിലും ചെയ്തതിന്റെ അവശിഷ്ടങ്ങലെന്കിലും കാണാനുണ്ട്. ഇന്നത്തെ രാഷ്ട്രീയക്കാര്‍ സേവിച്ചു സേവിച്ചു നൂറു തലമുറയ്ക്ക് കഴിയാനുള്ളത് ഉണ്ടാക്കി അത് കൊണ്ട് പോയി ഗള്‍ഫു നാടുകളിലോ അല്ലെങ്കില്‍ കള്ളപണം നിക്ഷേപിക്കാന്‍ പറ്റിയ എവിടെയേലും കൊണ്ട് പോയി അമുക്കി വെച്ചിരിക്കുന്നു. അറിഞ്ഞ പണത്തിന്റെ കണക്കില്‍ നിന്ന് തന്നെ ഇന്ത്യയിലെ ഓരോ കുടുംബത്തിനും ഒന്നര ലക്ഷം വച്ച് വിതരണം ചെയ്യാനുള്ള പണം, അറിയാനുള്ളത് അതിലും എത്രയേറെ?


സംസ്കാരമുള്ള, കുലീനത്വവും വിനയവുമുള്ള, വിവരവും വിദ്യാഭ്യാസവുമുള്ള, അന്തസ്സും അഭിമാനവുമുള്ള ഏതെന്കിലും ഒരു ചെറുപ്പക്കാരന്‍ ഇന്ന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ വരുന്നുണ്ടോ? ഇന്ന് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എല്ലാം തന്തയില്ലത്തവന്മാരും നികൃഷ്ടരും ശുംഭാന്മാരും ഒക്കെയാണെന്നൊന്നും ഞാന്‍ പറയുന്നില്ല. പക്ഷെ പറയുന്ന വാക്കിന് പഴംചാക്കിന്റെ വിലപോലുമില്ലാതെ, സ്വന്തം തന്തയുടെ പോലും മുഖത്ത് നോക്കി പുഴുത്ത നുണ പറയുന്നവരാണ് ഭൂരിപക്ഷം എന്നാ കാര്യത്തില്‍ വലിയ സംശയം ഒന്നും ആര്‍ക്കും ഉണ്ടാവാന്‍ വഴിയില്ല.

കോണ്ഗ്രസ്സ് എന്നാല്‍ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ഉണ്ടാക്കി തന്ന പാര്‍ട്ടി, അന്തസും അഭിമാനവും കുടുംബ മഹിമയും ഒക്കെയുള്ള ആള്‍ക്കാര്‍ കോണ്ഗ്രസിനെ പിന്തുണക്കണം. തൊഴിലാളികളും അടിച്ചമര്‍ത്തപെട്ടവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ പാര്‍ട്ടി, പാവപ്പെട്ടവന്റെ കണ്ണീരോപ്പാനുള്ള പാര്‍ട്ടി. ഇതൊക്കെ മാറിമറിഞ്ഞു രണ്ടു പേരും ഒന്നിച്ചു ഭരണം നടത്താന്‍ തുടങ്ങിയിട്ട കാലം കുറച്ചായി. ഇടയ്ക്കു ഓരോപാര്ട്ടിയിലും മാറിവരുന്ന നേതൃസമവാക്യങ്ങല്‍ക്കനുസൃതമായി പുറത്തുവരുന്ന ചില അഴിമതിക്കഥകള്‍ , അതൊക്കെ ഒഴിച്ച് നിര്‍ത്തിയാല്‍ ഇടതു പക്ഷവും വലതു പക്ഷവും ഒന്നിച്ചു നിന്ന് തന്നെ കട്ടുതിന്നുന്നു. ഭരിക്കുന്നവര്‍ക്ക്‌ 70%, മറ്റവര്‍ക്ക്  30%. ഇതൊന്നുമറിയാതെ കഴുത്ത ജനങ്ങള്‍ പിന്നെയും വോട്ടു ചെയ്യുന്നു. നാണമില്ലേ നിങ്ങള്‍ക്ക് ?


രാജഭരണവും പട്ടാലഭരണവും എകാതിപതികളും ഒക്കെ തരാത്ത എന്ത് സുഖവും മെച്ചവും ആണ് നിങ്ങള്‍ക്ക്‌ ഈ ജനാതിപത്യം തരുന്നത്? അധികാരം ജനങ്ങളിലേക്ക്‌... എന്നാ മാങ്ങാത്തോലിയാണ് നിങ്ങള്‍ക്കുള്ളത്? വോട്ടു ചോദിക്കാന്‍ നേരം വന്നു കാലു പിടിക്കുന്ന ഒരു തൊട്ടിത്തരം, അത് കഴിഞ്ഞാല്‍ ഗര്‍വിന്റെയും അഹന്കാരത്തിന്റെയും മൂര്‍ത്തീ ഭാവങ്ങള്‍ .


ഞങ്ങള്‍ ജനിച്ചത് കോണ്ഗ്രസുകാരായിട്ടാണ്, അതിനാല്‍ തന്നെ ഞങ്ങള്‍ എല്ലാം നേതാക്കളാണ്. ഒരിക്കല്‍ ഒരു സ്ഥാനം കിട്ടിയാല്‍ പിന്നെ അതിലും വലുത് എന്നും കിട്ടണം, ഇല്ലെങ്കില്‍ അവര്‍ വന്നിരുന്നു കരഞ്ഞുകൊണ്ട് തെറി പറയും. വലിച്ചു പറിച്ചു കളഞ്ഞാലും, ഉടല്‍ പറിഞ്ഞു പോയാലും കടി വിടാതെ ചോര തുപ്പി കളയുന്ന തോട്ടപ്പുഴുവിനെ പോലെ ഇവര്‍ ചാകാറായാലും പോവില്ല. പശ തേച്ചുപിടിപ്പിച്ച മുണ്ട് ഒന്ന് കുനിഞ്ഞു നിന്ന് എടുത്ത്‌ മടക്കിക്കുത്താന്‍ പോലും മടിയുള്ളവര്‍ . അവരൊക്കെ രാജ്യത്തിനു വേണ്ടി എന്നാ ചെയ്യാനാ? അഞ്ചുവര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന ഭരണത്തിന്റെ ഉച്ചിഷ്ടം കഴിക്കാനായി വെയിലുകാഞ്ഞിരിക്കുന്ന കഴുതപ്പുലികള്‍ .


പിന്നെ കുറച്ചു ബുദ്ധിമാന്മാരായ പൊട്ടന്മാര്‍ .  പാര്‍ട്ടി എന്ത് പറഞ്ഞാലും അത് ശരിയാണ്, ബാക്കി എല്ലാം തെറ്റ് എന്ന് മനസ്സില്‍ ഫെവിക്കോള്‍ വെച്ച് പിടിപ്പിച്ചിരിക്കുന്ന ചിന്തകന്മാര്‍ . പാര്‍ട്ടി തീരുമാനത്തിനു എതിരായി ആരെങ്കിലും സംസാരിച്ചാല്‍ , ലോകത്തുള്ള എന്തെങ്കിലും സംഭവം അതിനെ ന്യായീകരിക്കാന്‍ ഉണ്ടോ എന്ന് മാത്രം ചിന്തിക്കാന്‍ ബുദ്ധി വര്‍ക്ക് ചെയ്യിക്കുന്ന പാവം ബുജികള്‍ . പിന്നെ പറയുന്ന എന്തും ചെയ്യാന്‍ , അതിപ്പോള്‍ കൊള്ളയോ കൊലയോ ബലാത്സംഗമോ ആയികൊള്ളട്ടെ, അതിനായി തയ്യാറായി നില്‍ക്കുന്ന കുറച്ചു ഗുണ്ടകള്‍ .


പിന്നെ ഇന്ത്യയിലെ മുസ്ലീങ്ങളുടെ മുഴുവന്‍ കണ്ണീരൊപ്പാന്‍ ഒരു പാര്‍ട്ടി, കോഴിക്കോട് എയര്‍പോര്‍ട്ട് വരെ അവര്‍ക്ക് സ്വന്തം. കേരളത്തിലെ ക്രിസ്ത്യാനികളുടെ മുഴുവന്‍ പ്രതിനിധി മറ്റൊരു പാര്‍ട്ടി. മെത്രാന്മാരും കന്യാസ്ത്രീകളും ദിനരാത്രങ്ങള്‍ ഉപവസിച്ചു പ്രാര്‍ഥിച്ചു വിജയിപ്പിക്കുന്ന കേരളാ പാര്‍ട്ടി. പിന്നെ ചെറുപ്പത്തില്‍ കേട്ട മണ്ണാങ്കട്ടയും കരിയിലയും കഥയിലെ പോലെ മറ്റു കുറെ പാര്‍ട്ടികള്‍ , കാറ്റടിച്ചു, കരിയില പറന്നു പോയി, മഴ പെയ്തു മണ്ണാങ്കട്ട ഒലിച്ചു പോയി.


കാശിനും കാശും പൂശിനു പൂശും ഉണ്ടെങ്കില്‍ ഇന്നീ നാട്ടില്‍ എന്തും നടക്കും.  കോടതിയോ നിയമങ്ങളോ ഒന്നും ഒരുപ്രശ്നവും അല്ല. ഐസ്ക്രീം, അഭയാ, ശാരി, ഇടമാലയാര്‍ കേസിലെ പണ്ട് ആത്മഹത്യ (എന്ന് പറയുന്ന)ചെയ്ത കുടുംബം, ഈയിടെ മരിച്ച മലബാര്‍ സിമന്റിലെ കുടുംബം, ഇതൊക്കെ എവിടെ തെളിയാന്‍ എന്ത് നടക്കാന്‍ . പണ്ട് മുരളി ഒരു സിനിമയില്‍ പറഞ്ഞപോലെ... അവനൊക്കെ കാറും ബാറും പൂ......ഛീ പൂത്ത കാശും കൊടുത്ത്‌ ഇട്ടേക്കുവല്ലേ ഇവിടുത്തെ സകല നിയമത്തെയും. എട്ടൊമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതി, പക്ഷെ പാസ്സ്പോര്‍ട്ടിനും യാത്ര ചെയ്യുന്നതിനും ഒരു പ്രയാസവുമില്ല. പിടികിട്ടാപ്പുള്ളി ആണെങ്കിലും വായും പൊളിച്ചു നടക്കുന്നതിന്റെ ഫോട്ടോ വരെ പത്രത്തില്‍ വരുമെന്കിലും പോലീസ്‌ പിടിക്കില്ല. എങ്ങനെ വിശ്വസിക്കും നിങ്ങള്‍ ഈ നിയമത്തെയും പോലീസിനെയും. പാവപ്പെട്ടവനെ പോലീസ്‌ പിടിക്കാന്‍ എല്ലാ മാര്‍ഗ്ഗവും നോക്കും, വീട്ടുകാരെ പിടിച്ചു ഇടിചെന്കിലും അവനെ പിടിക്കും. അതിപ്പം ഏതേലും പിടിയുള്ളവന്‍ കള്ളക്കേസ്‌ കൊടുത്താലും മതി. ഇവന്മാരെ ഇതു പോലീസ്‌ പിടിക്കാന്‍ ,ഇനി പിടിച്ചു ജയിലില്‍ ഇട്ടാല്‍ വരും പരോളും പൊക്കി പിടിച്ച്.


ചാനലില്‍ കാണാം എന്നും കുറെ പ്രകടങ്ങള്‍ . നിങ്ങളുടെ പാര്‍ട്ടി പീഡിപ്പിചില്ലേ പറഞ്ഞാല്‍ പണ്ട്  മറ്റേ കൂട്ടര്‍ നഴ്സറിയില്‍ വെച്ച്  കാലില്‍ മൂത്രമൊഴിച്ച കാര്യം വരെ പറഞ്ഞു അതിനെ ന്യായീകരിക്കുന്ന കുറെ വാഗ്മികള്‍ . നിങ്ങള്‍ അവനെ കൊന്നില്ലേ എന്ന് ചോദിച്ചാല്‍ അവന്‍ പണ്ട് ഒരു വിട്ടിലിനെ കൊന്ന കാര്യം പറഞ്ഞു ന്യായം വെക്കുന്നവര്‍ . അടുത്തുകൂടി പോകുന്ന പെണ്ണിന്റെ കുണ്ടിയില്‍ തോണ്ടിയിട്ട് കണ്ണീരോട് കൂടി ഞാന്‍ അങ്ങനെ ചെയ്യില്ലാ എന്ന് പറയുന്നവര്‍ , ദൈവത്തെ വിളിച്ചു ആണയിടുന്നവര്‍ , ചുവന്നു തുടുത്ത പയ്യന്മാരെ സില്‍ബന്തികളായി കൂടെ കൊണ്ട് നടക്കുന്നവര്‍ . അറപ്പാണ് ഇവരെ, ഈ വര്‍ഗ്ഗത്തെ.


തിരുവല്ലയില്‍ നിന്നും പാലായ്ക്ക് വരാന്‍ ഹെലിക്കോപ്ടര്‍ വേണം, പ്രചാരണത്തിനു. പ്ഫൂ... അവന്റെ മണ്ഡലത്തിലെ ഒരുത്തന്റെ ജീവന്‍ രക്ഷിക്കാന്‍ എന്നെങ്കിലും ഒരു ഹെലികോപ്ടര്‍ ഉപയോഗിച്ചിരുന്നു എങ്കില്‍ .....സാധാരണ ജനത്തിനു ഗുണം കിട്ടുന്ന എന്തെങ്കിലും ഒരു ഉപയോഗം ഈ ഹെലികോപ്ടര്‍ എന്നാ സാധനം കൊണ്ടുണ്ടായോ ഈ നാട്ടില്‍ ? ഉണ്ടായി, കുറെ എന്‍ഡോസള്‍ഫാന്‍ തളിച്ചു. പിന്നെ ഏതെങ്കിലും കൊമ്പന്റെ അപ്പന്‍ ചത്താല്‍ കുറച്ചു പൂ വിതറാനും. പാവപ്പെട്ട പട്ടാളക്കാര്‍ മാത്രമേ ഈ ഹെലികോപ്ടര്‍ തകര്‍ന്നു മരിക്കുന്നുള്ളല്ലോ ദൈവമേ...


ഇനിയും ഉണ്ട് ചില കൂട്ടര്‍ , വരിയുടച്ച പട്ടിയുടെ പോലെ. പണ്ടൊക്കെ ഞങ്ങളുടെ നാട്ടില്‍ ആണ്‍ പട്ടിയെ പിടിച്ച് കെട്ടി അതിന്റെ വരി ഉടച്ചു കളയും. അതിലെയും ഇതിലേയും നടക്കുന്ന കൊടിച്ചിപട്ടിയുടെ പുറകെ പോകുമെന്ന് പേടിച്ചിട്ടല്ല, വരിയുടച്ചാല്‍ പിന്നെ അവനു ഭയങ്കര ശൌര്യം ആണത്രേ. കൂട്ടിലിട്ടടച്ചാല്‍ പിന്നെ കിടന്നു കുരച്ചോളും, ഭരണപക്ഷത്തോ പ്രതിപക്ഷത്തോ എവിടാണേലും. പക്ഷെ കൂട്ടിനു വെളിയില്‍ വന്നിട്ടുവേണ്ടേ എന്തേലും കാണിക്കാന്‍ .


 പിന്നെ സര്‍ക്കാര്‍ ജോലിക്കാര്‍ , പഠിച്ചു കഷ്ടപ്പെട്ട് പീ എസ് സീ എഴുതി കാത്തിരുന്നു പറ്റുമെങ്കില്‍ ആര്‍കെങ്കിലും കുറച്ചു കാശും കൊടുത്ത്‌ കയ്യും കാലും പിടിച്ചു കയറും. പിന്നെയാണ് മോനെ ജീവിതം. രാവിലെ തോന്നുമ്പോള്‍ ജോലിക്ക് പോകാം, ഇഷ്ടം പോലെ കൈക്കൂലി വാങ്ങാം. ജീവിത കാലം മുഴുവന്‍ അവന്റെ അപ്പന്റെ തറവാട്ടു സ്വത്ത്‌ പോലെ അടുപ്പത്തിരുന്നു സാധിക്കുനോ അല്ലെങ്കില്‍ നടവാതിക്കള്‍ കൊണ്ട് പോയി കോണ... ശ്ശി... കുഴലപ്പം വരെ ഉണക്കാന്‍ ഇടുന്ന തരത്തിലേക്ക് മാറാന്‍ അവനു വേണ്ടത്‌ ദിവസങ്ങളോ അല്ലെങ്കില്‍ മണിക്കൂറുകളോ മാത്രം. പഞ്ചിംഗ് മഷീന്‍ വച്ചാല്‍ ദിവസങ്ങള്‍ക്കകം അത് വലിച്ചു ദൂരെ എറിയും, യുണിയന്‍ മെമ്പര്‍ ആയാല്‍ പിന്നെ എന്നാ കുന്നായ്മ കാണിച്ചാലും അവര്‍ നോക്കി കൊള്ളും. നികുതി കൊടുക്കുന്ന പണം കൊണ്ട് അത് തന്നവരുടെ തന്നെ തലമണ്ടയില്‍ കയറിയിരുന്നു ചെണ്ടകൊട്ടാന്‍ കിട്ടുന്ന ഒരവസരം. നിങ്ങള്‍ കൊടുക്കുന്ന വോട്ടു പോലെ തന്നെ നിങ്ങള്‍ കൊടുക്കുന്ന നികുതിയും സ്വാഹ. അതിനും ഒത്താശ രാഷ്ട്രീയക്കാര്‍ , വന്‍ കൊള്ളകള്‍ നടത്താന്‍ അവര്‍ എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങള്‍ തിന്നു അവരുടെ പൃഷ്ടം താങ്ങിനടക്കുന്ന വൃത്തികെട്ട കീടങ്ങളാണ് കൂടുതല്‍ സര്‍ക്കാര്‍ ജോലിക്കാരും.


കമ്പ്യുട്ടര്‍ വല്‍ക്കരിച്ചാല്‍ നഷടമാകുന്ന ജോലിക്കാരുടെ കണക്ക് പറഞ്ഞു അതിനെ എതിര്‍ക്കും. ജനങ്ങള്‍ക്ക്‌ ക്ഷേമം ഉണ്ടാകുന്ന എന്ത് പരിപാടിയും എതിര്‍ക്കും, ക്ഷേമം ഉണ്ടാകുന്നതിനു എതിരായിട്ടൊന്നും അല്ല. കിട്ടുന്ന നക്കാപ്പിച്ച ശമ്പളത്തിന്റെ (കിമ്പളം വെച്ച് നോക്കുമ്പോള്‍ )കൂടെ കിട്ടുന്ന കാശ് നിന്ന് പോകുമല്ലോ എന്ന പേടികൊണ്ട്, രാഷ്ട്രീയക്കാര്‍ക്ക്‌ വന്‍ കള്ളത്തരം കാണിക്കാനുള്ള അവസരവും.


പിന്നെ കുറെ മത സംഘടനകള്‍ , എന്തേലും പറഞ്ഞു എപ്പോളും ഇളക്കികൊണ്ടിരിക്കും. അല്ലേല്‍ ഒരു പട്ടിയും കൂടെ നില്‍ക്കില്ല എന്നറിയാം. ഇവന്മാര്‍ ഒക്കെ കൊണ്ട് പോകുന്ന കാശ് എത്രയാണെന്ന് ദൈവത്തിനു പോലും അറിയത്തില്ലായിരിക്കാം. ആയിരക്കണക്കിന് രൂപയുടെ ബ്ലേഡ്‌ നിക്ഷേപം ഉള്ള രൂപതകള്‍ , വിദേശരാജ്യങ്ങളില്‍ വരെ തോട്ടങ്ങള്‍ ഉള്ളവര്‍ സംഘടനകള്‍ , സ്വന്തമായി കൊലയാളി സംഘങ്ങള്‍ ഉള്ളവര്‍ . ഇവരൊക്കെ ഏതു ദൈവത്തെയാണ്‌ നമുക്ക് കാണിച്ചു തരുന്നത്? 


നന്നായി പ്രവര്‍ത്തിക്കുന്ന ആധുനിവല്‍ക്കരിച്ച ഒരു ഗവര്‍ന്മേന്റ്റ്‌ സ്ഥാപനം.  ജനങ്ങള്‍ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്ന സമയാ സമയത്ത് ഓഫീസില്‍ വരുന്ന സെക്രട്ടറിയേറ്റ്. നിയമ വിരുദ്ധമായി ചെയ്യുന്നതെന്തും പിടിക്കപ്പെടും എന്ന പേടിയുള്ള ഉദ്യോഗസ്ഥവൃന്ദവും ജനങ്ങളും. സമയ ബന്ധിതമായി തീരുന്ന ഇടപാടുകള്‍ . മനുഷ്യമനസുകള്‍ക്ക് മാത്രം ആശ്വാസം പകരാനുള്ള മതങ്ങള്‍ . സേവനം മാത്രം ലക്ഷ്യമായുള്ള രാഷ്ട്രീയം. ഹെലികോപ്ടറില്‍ പറന്നു അപകടസ്ഥലത്തേക്ക് വരുന്ന പോലീസ്‌. ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനം ഉണ്ടാവുന്ന കോടതികള്‍ . കുഴിയില്ലാത്ത റോഡുകള്‍ , ആവശ്യത്തിന് മാത്രം മരുന്നുതരുന്ന, സൌകര്യങ്ങള്‍ ഉള്ള ആശുപത്രികള്‍ . എല്ലാം വെറും സ്വപ്‌നങ്ങള്‍ മാത്രമായിരിക്കാം.


ഇവിടെയും ഒരു മാറ്റം വരുമായിരിക്കാം. അഭ്യസ്തവിദ്യരും ആത്മാഭിമാനികളും സത്യസന്തരും ആയ ഒരു കൂട്ടം ചെറുപ്പക്കാര്‍ വരുമായിരിക്കാം. ചുറ്റും നില്‍ക്കുന്നവരുടെ സങ്കടങ്ങള്‍ ഇല്ലാതാക്കുന്നതില്‍ സന്തോഷവും സമാധാനവും കാണുന്ന ഒരു തലമുറ വരുമായിരിക്കാം. ഇന്നീ നേടുന്നതൊന്നും നേട്ടമല്ലെന്നും പണവും അധികാരവും എന്നുമുണ്ടാവില്ലെന്നും ചിലര്‍ക്ക് തിരിച്ചറിവുണ്ടാകുമായിരിക്കാം. ജനപ്രതിനിധികള്‍ സേവനം ചെയ്യാനുള്ളവരാണെന്നും ജനങ്ങള്‍ അവര്‍ക്ക് പാദസേവ ചെയ്യാനുള്ളതല്ല എന്നും തിരിച്ചറിയുമായിരിക്കാം.


നമുക്കൊന്നുണരേണ്ടേ കൂട്ടരേ.... ഒരു മാറ്റം വേണ്ടേ നമുക്കും? തിരഞ്ഞെടുപ്പില്‍ അസാദുവോ അല്ലെങ്കില്‍ ഇവര്‍ ആരും വേണ്ടെന്നെങ്കിലും പറയാനുള്ള ഒരു അവസരം? അത് പോലും തരില്ല ഇക്കൂട്ടര്‍ . പണ്ട് ഇടമറ്റം എന്നാ സ്ഥലത്തെ മടുത്ത നാട്ടുകാര്‍ അവസാനം പഞ്ചായത്തിലേക്ക് തിരഞ്ഞെടുത്തത്‌ മുണ്ടന്‍ ശങ്കരനെ, എലിയെ വേട്ടയാടി തിന്നുകൊണ്ട് നടന്ന എഴുത്തും വായനയും അറിയില്ലാത്ത ഒരു പാവത്തെ.  അങ്ങനെയെങ്കിലും ചെയ്യാനുള്ള യോഗമില്ലെങ്കില്‍ പിന്നെ പോകരുത് നിങ്ങള്‍ ഈ പേക്കൂത്തിനു. കാത്തിരുന്നോ ഇനി മെയ്‌ ആകാന്‍ ......

Read more...

വ്യായാമം

>> Tuesday, February 8, 2011

ഒരു കാലമുണ്ടായിരുന്നു... എത്ര ചക്കപ്പുഴുക്കും പാളയന്‍കോടന്‍ പഴവും വലിച്ചു കേറ്റിയാലും, പശുവിനു കൊടുക്കുന്ന പിണ്ണാക്കും ഒകെയും വരെ കഴിച്ചിട്ടും ഡോബര്‍മാന്‍ പട്ടിയുടെ വയറുപോലെ അകത്തോട്ടു വീര്‍ക്കുന്ന വയറുമായി നടന്നിരുന്ന ഞാന്‍ . ഒരു പാന്റിട്ടാല്‍ കുണ്ടിയില്ലാത്തതിനാല്‍ ഊര്‍ന്നു നിലത്തോട്ടു പോരാതിരിക്കാന്‍ റബര്‍ ബാന്റിട്ടിരുന്ന ഞാന്‍ . അതെല്ലാം പോയില്ലേ......

കാലം മാറി, പുതിയ സ്വിഫ്ടിനു പുറകില്‍ വാലുവെച്ചു ഡിസയര്‍ ആക്കി, ഇന്ടിക്കാ കാറിനും കുണ്ടി ഫിറ്റ്‌ ചെയ്ത് ഇന്‍ഡിഗോ ആക്കി. കാലത്തിന്റെ തികവില്‍ എനിക്കും റബര്‍ ബാന്റില്ലാതെ പാന്‍റും ജീന്‍സും എന്തിനു പറയുന്നു ബര്‍മുഡ വരെ ഇടാറായി. ഭാര്യ തുടരെ രണ്ടു പ്രസവിച്ചപ്പോള്‍ എന്നാ പിന്നെ നീയും ഈ വയറിന്റെ സുഖം ഒന്നറിഞ്ഞോ എന്ന് ദൈവം വിചാരിച്ചതാവാം, അത്ഭുതം, എനിക്കും കുടവയര്‍ വന്നു. 

പണ്ട് മുതലേ മലയാളികള്‍ക്കും തമിഴന്മാര്‍ക്കും ഇത്തിരി വണ്ണമുള്ള പെണ്ണുങ്ങളെ ആയിരുന്നല്ലോ ഇഷ്ടം. അത് മനസിലാക്കിയിട്ടോ എന്തോ എന്റെ ഭാര്യയും ഇത്തിരി വണ്ണം വെച്ചു. കുറക്കാന്‍ പറ്റുമോ നമ്മള്‍ ആണുങ്ങള്‍ക്ക്? ഞാനും അങ്ങ് തകര്‍ത്തു. ഇത്തിരി കൊളസ്ട്രോള്‍ ഒക്കെ വന്നെങ്കിലെന്താ എനിക്ക് ഭാര്യയുടെ മുമ്പില്‍ പിടിച്ചു നില്‍ക്കാറായി. 

ചുമ്മാ പയറുപോലെ ഏതു മരത്തേലും വലിഞ്ഞു കയറിയിരുന്ന എനിക്ക് ഇപ്പോള്‍ ഒരു കയറ്റം പോലും കയറാന്‍ മേലന്നായി. ഉരഞ്ഞുരഞ്ഞു ജീന്‍സിന്റെ വരെ തുടഭാഗം തേഞ്ഞു തീരുന്നു. രണ്ടു നാഴി അരിയുടെ ചോറുണ്ട് കഴിയുമ്പോള്‍ പോലും അധ്വാന ഭാരത്താല്‍ കിതയ്ക്കുന്നു, എന്തിനാ അധികം പറയുന്നേ, മര്യാദക്കൊന്നു ശ്വാസം വലിച്ചാല്‍ മടുക്കും, അത് കാരണം രാത്രിക്ക് മടുത്തു ശ്വാസം നിന്ന് പോകാതിരിക്കാനായി ജനറേറ്റര്‍ വച്ചിരിക്കുകയാ....കൂര്‍ക്കം....

അവസാനം ടീവീ യില്‍ വാവ്‌.... എന്നും പറഞ്ഞു മാദാമ്മയും സായിപ്പും മലയാളത്തില്‍ വിവരിക്കുന്ന വണ്ണം കുറയ്ക്കുന്ന യന്ത്രം ഒക്കെ കണ്ടപ്പോള്‍ ഭാര്യ പറഞ്ഞു, നമ്മള്‍ക്കും വണ്ണം ഒക്കെ ഒന്ന് കുറക്കേണ്ടേ?

പിന്നേ..... വേണം, നമ്മള്‍ക്ക് വീണ്ടും മുന്തിരി തോപ്പുകളില്‍ രാപാര്‍ക്കാം, ആട്ടിന്‍ കുട്ടികളുടെ (മാന്‍ പേട ഒക്കെ ഇപ്പോള്‍ എവിടെ കിട്ടാനാ) കൂടെ ഓടിക്കളിക്കാം, ഒന്നുമില്ലേലും തുടയുരയാതെ ഇത്തിരി സൊറ പറഞ്ഞു നടക്കുകയെന്കിലും ചെയ്യാമല്ലോ എന്ന് വിചാരിച്ചു ഞങ്ങള്‍ മെലിയാന്‍ തീരുമാനിച്ചു.

നാളെ രാവിലെ നാലുമണിക്ക് തന്നെ വിളിച്ചു എണീല്‍പ്പിക്കൂ എന്ന് പറഞ്ഞു ഞാന്‍ കിടന്നു.  എങ്ങനെയാ, വല്ലോ സാധനവും വാങ്ങണ്ടേ എക്സര്‍സൈസ് ചെയ്യാന്‍ എന്ന് പ്രിയതമ. നീ വിളിക്കെടീ പെണ്ണെ എന്ന് പറഞ്ഞു  ഞാന്‍ ജനറേറ്റര്‍ ഓണ്‍ ചെയ്തു.

രാവിലെ നാലുമണിക്ക്‌ എണീറ്റ്‌ ഇവരെ രണ്ടുപേരേം ഒറ്റയ്ക്ക് വിട്ടാല്‍ ഇത്രയും നാള്‍ ശ്രദ്ധയോടെ നോക്കിയതെല്ലാം വൃഥാവില്‍ ആകുമല്ലോ എന്ന് വിചാരിച്ചു കോക്കു (ഇളയ സന്താനം) മൂന്നെ മുക്കാലിനു തന്നെ എണീറ്റു. അടുത്ത സന്തതി ഉണ്ടാകാതിരിക്കാനുള്ള പ്രകൃതിയുടെ ഗര്‍ഭനിരോധന മാര്‍ഗ്ഗം ആണ് അവന്‍ . 

എന്തായാലും അവനെ പറ്റിച്ചു ഞങ്ങള്‍ പഠനമുറിയില്‍ എത്തി. ഞാന്‍ പതുക്കെ ലാപ്‌ ടോപ്‌  ഓണ്‍ ചെയ്തു ഒരു സിഡി അതില്‍ ഇട്ടു. ഇതിയാന് രാവിലെ എന്നാത്തിന്റെ സൂക്കേടാ എന്നാ സംശയത്തില്‍ അവള്‍ എന്നെ നോക്കി. ഞാന്‍ പറഞ്ഞു ഇത് യോഗായുടെ സിഡി ആണ്. 

പ്രകൃതി രമണീയമായ ആലപ്പുഴയുടെ തീരത്തിരുന്നു ശില്പാ ഷെട്ടി യോഗാ പഠിപ്പിക്കുന്നു. ഞാന്‍ ആത്മാര്‍ഥമായി ശില്‍പ്പ ഷെട്ടിയെ നോക്കി പഠിക്കാന്‍ ശ്രമിച്ചു. എന്റെ ഭയങ്കരമായ ശ്രദ്ധ കണ്ടപ്പോള്‍ ഭാര്യക്ക്‌ അതത്ര ഇഷ്ടപെട്ടില്ല. അല്ലേലും ഒരു പട്ടിക്ക് വേറൊരു പട്ടിയെ കാണരുതല്ലോ. നമ്മക്ക് വല്ല എക്സര്സൈസും ചെയ്യാം എന്ന് പറഞ്ഞു അവള്‍ സ്കൂളിലെ ഡ്രില്‍ പീരിയഡില്‍ ചെയ്തിരുന്ന കൈ കറക്കല്‍ ഒക്കെ ചെയ്തു. പഴയ കരാട്ടെ കുംഫൂ ഗുരുക്കളേയും ബ്രൂസ് ലീ ബാബു ആന്റണി തുടങ്ങിയ വീരന്മാരെയും മനസ്സില്‍ ധ്യാനിച്ച്‌ ഞാന്‍ അവളെ നല്ല എക്സര്സൈസുകള്‍ പഠിപ്പിക്കുകയും സ്വയം ചെയ്യുകയും ചെയ്തു. 

പഠനമുറിയില്‍ വെളിച്ചം കണ്ടു അമ്മ അടുക്കളയില്‍ പോയി ഒരു കട്ടന്‍ ഒക്കെ അനത്തി.  ഈ വയസാന്‍ കാലത്തും വെളുപ്പിനെ കുത്തിയിരുന്നു പഠിക്കുന്ന മകന് ഒരു ഗ്ലാസ്‌ കട്ടനുമായി ചാരിയിട്ടിരുന്ന വാതില്‍ തുറന്നു അമ്മ. 

വയറു കുറക്കാനുള്ള എക്സര്‍സൈസ് കട്ടിലില്‍ കിടന്നു ചെയ്തിട്ട് കിതച്ചു കിടക്കുന്ന എന്നെയും ഭാര്യയേയും കണ്ടു അമ്മ ഞെട്ടി. കിതപ്പോടെ ഞാനും ഭാര്യയും ഒരു വളിച്ച ചിരി ചിരിച്ചു, എന്നിട്ട് പറഞ്ഞു ഞങ്ങള്‍ രാവിലെ ഇത്തിരി എക്സര്‍സൈസ് ചെയ്യുവാ...... 

ഉവ്വ ഉവ്വ..... കൊച്ചു വെളുപ്പാന്‍ കാലത്ത്  കട്ടിലില്‍ മലന്നു കിടന്നല്ലേ എക്സര്‍സൈസ് ചെയ്യുന്നേ.....

  

Read more...

ചിന്താവിഷ്ടനായ വാഴക്കാവരയന്‍

>> Monday, January 31, 2011

കുറച്ചു നാളുകളായി പഠനം ആണ് എന്ന് പറഞ്ഞു തേരാ പാരാ നടക്കാന്‍ തുടങ്ങിയിട്ട്. ഇടയ്ക്കു ബാംഗ്ലൂര്‍ പോകുന്നു, തിരിച്ചു വരുന്നു അങ്ങനെ ആകെ കോലാഹലങ്ങള്‍. പറയാന്‍ എല്ലാവര്ക്കും എളുപ്പമാ..ഞാന്‍ ഈ വയസാന്‍ കാലത്ത്‌ എങ്ങനെ സമാധാനമായി പഠിക്കും?


കുറച്ചു ദിവസമായി നാട്ടിലാണ് ഇപ്പോള്‍. രാവിലെ ഒരു പത്തുമണി ആകുമ്പോള്‍ എണീക്കും, അപ്പോഴേക്കും ഭാര്യ പിള്ളേരെ ഒക്കെ ഒരുക്കി പ്ലേ സ്കൂളിലും അവള്‍ ജാവാ പഠിക്കാനും പോകും. പിന്നെ പതുക്കെ കുളിയും ജപവും, മലാശയത്തിനു ആശ്വാസവും ആമാശയത്തിനു പണിയും കൊടുത്ത്‌ പതുക്കെ ഇനിയെന്ത്‌ എന്നാലോചിക്കും. ടീ വീ യില്‍ ആണെങ്കില്‍ ക്രിക്കറ്റിന്റെ ഹൈലൈറ്റ്സ് അല്ലെങ്കില്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്. അതൊന്നുമില്ലെന്കില്‍ സിനിമാ, കോമഡി അങ്ങനെ എന്തേലും. അമ്മയും കൂടി പുറത്തു പോകുവാണേല്‍ എഫ് ടീ വീ. അത് മടുക്കുമ്പോള്‍ ഇമെയില്‍ നോക്കും. പിന്നെ ഫേസ് ബുക്ക്‌ ഓര്‍ക്കുട്ട് അങ്ങനെ എല്ലാം. അതിനകത്തൊന്നും പിന്നെ കുരുത്തക്കേട് നടക്കില്ല, എല്ലാരും കാണില്ലേ? ഇനി ഒരു കള്ള ഐ ഡി ഉണ്ടാക്കണം, പക്ഷെ ഇതാണ് എന്റെ കള്ള ഐ ഡി എന്ന് എങ്ങനെ ആള്‍ക്കാരോട് പറയും? അതൊക്കെപോട്ടെ.

 അങ്ങനെ ഉച്ചയാകും, പിന്നെയും ആമാശയത്തിനിട്ടു പണി കൊടുക്കും. പാവം ഞാന്‍ ആമാശയത്തിനു മാത്രം എക്സര്‍ സൈസ്‌ കൊടുത്ത്‌ വയറിനു മസില് കയറി കയറി കക്ഷം വരെ ആയി. ജിമ്മില്‍ പോയി ടംബില്സ് അടിച്ച് മസിലും വിംഗ്സും കാരണം കക്ഷത്തില്‍ കുരു വന്ന പിള്ളേരെ പോലെ.

ഉച്ച കഴിയുമ്പോള്‍ ഭാര്യ വരും. പിന്നെ അവള്‍ കാച്ചിയ എണ്ണയോ വല്ല മുല്ലപ്പൂവോ ചൂടിയിട്ടുണ്ടെങ്കില്‍ പിന്നെ ഒരു എക്സര്‍സൈസ്, അതില്ലെങ്കില്‍ വെറുതെ വീണ്ടും ഒരു വിശ്രമം. പിന്നെ പിള്ളേര് വരുന്നു, അവരുമായി സാറ്റു കളി, കുടു കുടു, വല്ല മരത്തിലോ മുരിക്കിലോ വല്ലോം കയറുക അങ്ങനെ പലവക. വൈകിട്ട് പൈകക്ക് പോയി ചുമ കോര വലി വാതമെന്നു പറയുന്ന പോലെ മുറുക്ക് വലി കുടി വെടി. ഇതിനിടക്ക് ഞാനെങ്ങനെ പഠിക്കാനാ...?

എല്ലാരും എന്നെ കൊണ്ട് മടുത്തു. അവസാനം കുട്ടപ്പായിയും ടോമിച്ചനും റെജിയും കൂടി എന്നെ ഒരു ധ്യാനത്തിന് പോകാന്‍ നിര്‍ബന്ധിച്ചു. ഒരു ഞായറാഴ്ചയും നിവൃത്തി ഉണ്ടെങ്കില്‍ പള്ളീല്‍ പോകാത്ത, കുമ്പസാരിച്ചിട്ടു പഞ്ചവല്സരങ്ങള്‍ കഴിഞ്ഞ, മതങ്ങളെല്ലാം തന്നെ വെറും സംസ്കാരങ്ങളോ അല്ലെങ്കില്‍ കുടുംബ കഥകളുടെ കൂടെ തത്വങ്ങള്‍ ചേര്‍ന്നതോ ആണെന്ന വിശ്വാസം ഉള്ള ഞാന്‍ ഇനി ധ്യാനത്തിന് പോയി കൈകൊട്ടി ഹല്ലേലൂയ പാടാനോ.. എന്റെ പട്ടി പോകും. പക്ഷെ അവര്‍ പറഞ്ഞു, മകനെ ഇത് വേറെ ആണ്.

വാഗമണ്ണിലെ കുരിശുമല ആശ്രമം. അവിടെ കുറച്ചു സന്യാസികള്‍ ആണ് ഉള്ളത്. നഗ്നപാദരായി കാഷായ വസ്ത്രവുമണിഞ്ഞു, എല്ല് മുറിയെ പണിത് പക്ഷെ പല്ലുമുറിയാതെ മാത്രം തിന്ന്, പച്ചക്കറികളും കായ്കനികളും മറ്റു കിഴങ്ങ് പയറുവര്‍ഗ്ഗങ്ങളും എല്ലാം അവിടെ തന്നെ കൃഷി ചെയ്തു, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവര്‍. ഭാരതീയ രീതികളുമായി ചേര്‍ന്ന് പോകുന്നവര്‍. അവിടെ പോകുക, മര്യാദക്കിരുന്നു പഠിക്കുക, ആവശ്യത്തിന് മാലിന്യമില്ലാത്ത നല്ല ഭക്ഷണം കഴിക്കുക, അങ്ങനെ ഒരു ചിട്ടയാകുക. ഞാന്‍ നോക്കിയപ്പോള്‍ കുഴപ്പമില്ല.
ടീ വീ ഇല്ല, പത്ര മാസികകള്‍ ഇല്ല, പുറം ലോകവുമായി അവിടുത്തെ സന്യാസികള്‍ക്ക് പോലും പരിമിതമായ ബന്ധം മാത്രം. ഫോണും കാര്യങ്ങളും ഒന്നോ രണ്ടോ പേര്‍ മാത്രം ബിസിനസ് (പാല് കച്ചവടം) കാര്യത്തിനായി ഉപയോഗിക്കും. കൊള്ളാം, മറ്റു തടസങ്ങള്‍ ഒന്നുമില്ലാതെ പഠിക്കാന്‍ പറ്റിയ സ്ഥലം.

ഇറച്ചിയും മീനും മുട്ടയും ഇല്ലാതെ വിഷാംശം തീരെയിലാത്ത പച്ചക്കറികള്‍ കഴിക്കുമ്പോള്‍ വയറു ശുചിയാകും, ആമാശയത്തിന്റെ എക്സര്‍സൈസ് കുറയും, ദുര്‍മേദസ് കുറയും. അവിടുത്തെ തണുത്ത കാറ്റില്‍ എന്റെ ശരീരത്തിലെ കൊഴുപ്പുകള്‍ അലിഞ്ഞു തീരും, മലയോരങ്ങളിലെ പച്ചമരചില്ലകളില്‍ ഉരുമ്മിയെത്തുന്ന ശുദ്ധ വായു നാസാരന്ധ്രങ്ങള്‍ വഴി ശ്വാസകോശത്തിലെത്തി രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് വിറ്റാമിന്‍ ഇറു വരെയായി കിഡ്നി കാണാതെ കശേരുക്കളില്‍ എത്തും. അങ്ങനെ ഞാന്‍ ആരോഗ്യവാനാകും. പിന്നെ രാവിലെ എണീക്കുക, കാര്യങ്ങള്‍ ഒക്കെ സ്വന്തമായി ചെയ്യുക, സന്യാസിമാരുടെ കൂടെ വല്ല പശൂനെ കറക്കാനോ കറിക്കരയാനോ കൂടുക, എല്ലാം കഴിഞ്ഞു ബോറടിക്കുമ്പോള്‍ പഠിക്കുക. എന്തായാലും കുറച്ചെങ്കിലും പഠിച്ചു പോകും എന്ന് മനസിലായി.

ഇനി അവിടെ പോയി എനിക്കെന്തെലും മാറ്റങ്ങള്‍ സംഭവിച്ചാലോ? ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപോലെ, അല്ലെങ്കില്‍ ബുദ്ധന് ബോധോദയം ഉണ്ടായ പോലെ !

പന്നിയും പോത്തും തവളയും കോഴിയും മാക്‌ഡോണാള്‍ഡും കെ എഫ് സിയുമൊക്കെ കഴിച്ചിരുന്ന ഞാന്‍ ഇനി അതൊക്കെ ഉപേക്ഷിച്ച് പയറും പരിപ്പും ഇലകളും പുല്ലും മാത്രം കഴിക്കുമോ?

ലകൊസ്റ്റെ, നൈക്കി തുടങ്ങി പട്ടിണി കിടന്നു വരെ വാങ്ങിയ ബ്രാന്‍ഡുകളും പിന്നെ നമ്മുടെ ചിരച്ചു കയറ്റി ഉടുക്കുന്ന സാദാ കൈലിമുണ്ട് വരെ മാറ്റി ഞാന്‍ കാഷായ വസ്ത്രം അണിയുമോ?

ലതര്‍ ഷൂ, ക്യാന്‍വാസ്‌ ഷൂ, കൊവാടീസ്‌ ചെരുപ്പ് തുടങ്ങി റബ്ബര്‍ ചെരുപ്പ് വരെ ഞാന്‍ ഉപേക്ഷിച്ച് നഗ്ന പാദനാകുമോ?

റെമി മാര്‍ട്ടിന്‍, ഷിവാസ്, എം എച്ച്, സെലിബ്രേഷന്‍, ബിയര്‍ തുടങ്ങി വാറ്റും പനംകള്ളും വരെ കുടിച്ചിരുന്ന ഞാന്‍ ചൂടുവെള്ളവും കരിങ്ങാലി വെള്ളവും മാത്രം കുടിച്ചു കഴിയുമോ? ദൈവമേ അങ്ങനെ തോന്നാന്‍ ഇടയാക്കരുതേ...

ബീഡി സിഗരറ്റ് കഞ്ചാവ് തുടങ്ങി ഹാന്സും പാന്‍ പരാഗും ഒക്കെ ഒഴിവാക്കി ഞാന്‍ ജീരകവും കല്‍ക്കണ്ടവും വായിലിട്ടു നടക്കുമോ?

സെറ്റ് സാരിയും ഉടുത്തു ഈറനണിഞ്ഞു വരുന്ന എന്റെ പ്രിയതമയെ കാണുമ്പോള്‍ ഞാന്‍ എങ്ങനെ.....  ആഞ്ജനേയാ... കണ്ട്രോള്‍ തരണേ....

എല്ലാം പോട്ടെ സ്വന്തത്തിലുള്ളവരും വേണ്ടപെട്ടവരുമല്ലാതെയുള്ള ഏതു പെണ്ണിനെ കണ്ടാലും ഒന്ന് പൂശ്... ഛെ..പുണരാന്‍ മോഹിക്കുന്ന ഞാന്‍ എങ്ങനെ എല്ലാവരെയും സഹോദരിമാരായി കാണും?

താടി ഒക്കെ നീട്ടി ബിന്‍ ലാദന്റെ കണക്ക്‌ തിരിച്ചു വീട്ടില്‍ ചെന്നാല്‍ എന്റെ മക്കള്‍ എന്ത് വിചാരിക്കും?

ഭാര്യ ബാഗും ഒക്കെ റെഡി ആക്കി കയ്യില്‍ തന്നു. അമ്മ വന്നു നന്നായി വരട്ടെ എന്ന് പറഞ്ഞു അനുഗ്രഹിച്ചു. ആ കണ്ണുകളില്‍ അടുത്ത ആഴ്ച മുതല്‍ പള്ളിയില്‍ ഒക്കെ പോകുകയും വീട്ടില്‍ ഇരുന്നു മുട്ടെക്കുത്തി അമ്പത്തിമൂന്നു മണി ജപം ചെല്ലുകയും ഹല്ലേലൂയ പാടുകയും ചെയ്യുന്ന ഒരു മകനെ കാണാമെന്നുള്ള പ്രതീക്ഷ ഞാന്‍ കണ്ടു.

കെട്ടിപിടിച്ചു ഒരുമ്മയും ഞാന്‍ കാത്തിരിക്കാം എന്ന ഡയലോഗും പിന്നെ ആരോഗ്യമൊക്കെ നോക്കി നടക്കണേ എന്നുള്ള ഉപദേശവുമായി ഭാര്യ. ചുമ്മാ എന്റെ പുറകെ മണത്തോണ്ട് നടക്കാതെ മര്യാദക്ക് വല്ല ജോലിയും കണ്ടുപിടിച്ചു രണ്ടു ക്യാഷ്‌ ഉണ്ടാക്കെടാ മടിയാ എന്നൊരു ധ്വനി ആ നോട്ടത്തില്‍ ഉണ്ടായിരുന്നോ?... ഹേയ് കാണില്ല.

ചാച്ച ഞങ്ങളെ കൂടാതെ എവിടെയോ പോകുകയാണ് എന്ന് മനസിലായി സങ്കടത്തോട്‌ കൂടെ കറിയാച്ചന്‍ ആന്‍ഡ്‌ കോക്കു. ഇടക്കിടക്കൊക്കെ ഓരോ പോക്കുണ്ട്, ഇനി വേറെ വല്ല ഭാര്യേം പിള്ളേരും കാണുമോ എന്നാവും അവര്‍ ചിന്തിച്ചത്. 

ഞാന്‍ യാത്ര പറഞ്ഞു ആര്‍ എക്സ് 100 സ്റ്റാര്‍ട്ട്‌ ചെയ്തു. അവന്‍ എന്നെയും കൊണ്ട് പറക്കാന്‍ കുതിച്ചു നിന്നു. എല്ലാവരും റ്റാറ്റാ തന്നു വിട്ടു. ഞാന്‍ മുന്നോട്ടെടുത്തു...

പുറകില്‍ നിന്നും ഒരു വിളിക്ക് കാതോര്‍ത്ത്‌ ഞാന്‍ പിന്നെയും തിരിഞ്ഞു നോക്കി, അച്ഛാ അച്ഛാ പോകല്ലേ.. അച്ഛാ അച്ഛാ പോകല്ലേ.. എന്നൊരു വിളിയെങ്ങാനും കേള്‍ക്കുന്നുണ്ടോ?..... പിന്നെ കോപ്പാ... ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്‍ ഒന്നും അല്ലല്ലോ ഞാന്‍.

NB - ശേഷം ഒരു സന്യാസിയായില്ലെങ്കില്‍........

Read more...

ഇന്ത്യ വേള്‍ഡ് കപ്പ് തോല്‍ക്കട്ടെ.....

>> Monday, January 17, 2011

ഒരു ക്രിക്കറ്റ്‌ ആരാധകനാണ് ഞാന്‍. ഇന്ത്യയേക്കാള്‍ നന്നായി ഓസ്ട്രലിയ അല്ലെങ്കില്‍ പാക്കിസ്ഥാന്‍ കളിക്കുമ്പോള്‍ അവര്‍ ജയിക്കണം എന്നും വാസിം അക്രം, ഗില്‍ക്രിസ്റ്റ്‌, മാര്‍ക്ക്‌ വോ തുടങ്ങിയ കളിക്കാരെ ആരാധിക്കുകയും ചെയ്യുന്ന ഒരു ശരാശരി ക്രിക്കറ്റ് ആരാധകന്‍. തനിക്ക് നേടാനാവാതെ പോയത് മക്കളിലൂടെ നേടാന്‍ ക്രിക്കറ്റും ഫുട്ബോളും മക്കളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രാരാബ്ദക്കാരന്‍.

പക്ഷെ ഇന്ത്യന്‍ ടീം തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമിലെ എനിക്ക് വ്യക്ക്തിപരമായി സ്വഭാവം ഇഷ്ടമില്ലാത്ത ഒരേ ഒരു കളിക്കാരന്‍, അതും ഒരു മലയാളി ആയത് കൊണ്ട് മാത്രം അങ്ങനെ ആയ ശ്രീ.... അദ്ദേഹം ടീമില്‍ ഇല്ല.

ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍, യവരാജ്‌ സിംഗ്, രോഹിത്‌ ശര്‍മ അങ്ങനെ വാ തുറന്നാല്‍ എന്തേലും ചൂത്ത് എന്ന് മാത്രം പറയുന്ന സകല നാറികളും ടീമില്‍ (രോഹിത്‌ ഒഴിച്ച്). അപ്പോള്‍ സ്വഭാവ ദൂഷ്യം മാത്രമാണോ ശ്രീയുടെ കുറ്റം? ഒരു മലയാളി, അല്ലെങ്കില്‍ ഊപ്പ മദ്രാസി..... ബൌളിങ്ങിലെ മികവ് ആണെങ്കില്‍ ഓരോ ബോളും കഴിഞ്ഞു പൊട്ടനെ പോലെ നോക്കി നില്‍ക്കുന്ന നെഹ്രയോ ഒരു സ്റ്റെപ് കയറിയാല്‍ ആര്‍ക്കും അടിക്കാവുന്ന മുനാഫോ ചെയ്യുന്നതില്‍ എന്ത് കൊണ്ടും മെച്ചമുള്ള ഒരു ബൌളര്‍. നോര്‍ത്ത്‌ ഇന്ത്യന്‍ ഡാഷ് മക്കളുടെ അഹങ്കാരത്തില്‍ മുങ്ങിപോയ ഒരു നല്ല കളിക്കാരന്‍. ഇന്ന് വരെ ആരും ശ്രീ എന്നാ വ്യക്തിയെ അല്ലാതെ ശ്രീ എന്നാ കളിക്കാരനെ വില കുറച്ചിട്ടില്ല.

സ്മിത്ത്‌ ശ്രീശാന്തിനെ ചീത്ത പറഞ്ഞപ്പോള്‍ സ്മിത്തിന്റെ കൂടെ നിന്ന ധോണി എന്നാ ക്യാപ്ടനെ ഞാന്‍ വെറുക്കുന്നു. അവന്‍ ഒരു ഇന്ത്യാക്കരനാണോ? നെഹ്രയെ ടീം ഇല്‍ എടുക്കാനായി സ്വന്തം നാട്ടുകാരനെ ചതിച്ച ഒരുവന്‍. അത്രയ്ക്ക് മോശക്കാരനാണോ ശ്രീ..? എങ്കില്‍ എന്ത് കൊണ്ട് അവനു ഇപ്പോളും ചില സമയം ടീമില്‍ അവസരം കിട്ടുന്നു?

ആശ്വിനായി ശ്രീകാന്തും നെഹ്രക്കായി ധോനിയും... പാവം ശ്രീക്കായി ഒരു പട്ടിയും ഇല്ല. കര്‍മ്മ ഫലമോ മലയാളി ജന്മ ദോഷമോ......?

പാവം സച്ചിന്‍.. ഈ പ്രാവശ്യവും ലോക കപ്പ് എന്ന സ്വപ്നം നടക്കില്ല.....  ഒരു ശാപം എന്ന പോലെ...നാനാത്വത്തില്‍ ഏകത്വം ഇന്ത്യയുടെ മുദ്ര....... അതിനെതിരായ ഒന്നും നീതിയല്ല. മലയാളിയും മദ്രാസിയും ഇന്ത്യാക്കാരന്‍ തന്നെ.

Read more...

പൈകയിലും ബീവ്കോ....

>> Monday, January 10, 2011

അങ്ങനെ പൈക എന്ന ചെറു പട്ടണത്തിന്റെ ഏറ്റവും വലിയ സ്വപ്നവും പ്രതീക്ഷയും ജനലക്ഷങ്ങളുടെ ചിരകാലാഭിലാക്ഷവുമായ അത് ഒരു ക്രിസ്തുമസ് പുതുവല്‍സര സമ്മാനമായി ഈ കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി സംഭവിച്ചു. പൈകക്കാര്‍ വലിയ സഹോദര സ്നേഹികളും അയല്‍വക്ക സ്നേഹികളും ആയതിനാല്‍ പ്രാന്തപ്രദേശങ്ങളായ വലിയകൊട്ടാരം, ചെങ്ങളം, വിളക്കുമാടം, എലിക്കുളം, കപ്പാട്‌, മഞ്ചക്കുഴി, കുരുവിക്കൂട്, പൂവരണി, ഇടമറ്റം എന്ന് തുടങ്ങി ഒരു വലിയ ചുറ്റളവിലുള്ള ജനങ്ങള്‍ക്ക്‌ മുഴുവന്‍ പുതുവര്‍ഷത്തിന്റെ പ്രതീക്ഷയായും രക്ഷകന്റെ ജനനം പോലെയും അത് പിറന്നു. അതേ ബീവ്കോയുടെ പുതിയ ഷോറൂം......

ഇരുപത്തി മൂന്നാം തീയതി രാത്രി ഏകദേശം എട്ടുമാണിയോടു കൂടി പാലാ രാജധാനിയില്‍ ഇരുന്നു ഒരു സോഡാ നാരങ്ങവെള്ളം കൂട്ടുകാരന്‍ മനീഷിന്റെ കൂടെ ഷെയര്‍ ചെയ്തു നുണഞ്ഞു കുടിച്ചു കൊണ്ടിരുന്നപ്പോള്‍ ആണ് പൈകയില്‍ നിന്നും കത്രിതൊമ്മന്റെ വിളി വന്നത്. "പോത്തച്ചാ... നമ്മുടെ മനീഷിന് ലോട്ടറിയടിച്ചു". ഞാന്‍ ഞെട്ടി, ഞാനും മനീഷും അറിയാതെ മനീഷിന് ലോട്ടറിയോ? ഞാന്‍ രൂക്ഷമായി മനീഷിനെ നോക്കി, കള്ളാ.. ലോട്ടറിയടിച്ച വിവരം പറയാനാണോ നീ എനിക്ക് ഈ സോഡാ നാരങ്ങവെള്ളം വാങ്ങി തരുന്നത്? അപ്പോള്‍ എത്തി തൊമ്മന്റെ അടുത്ത ഡയലോഗ്... "മനീഷിന്റെ വീട്ടിലെക്കുള്ള വഴിയുടെ വാതുക്കല്‍ പുതിയ ബീവ്കോ ആരംഭിച്ചിരിക്കുന്നു".

ബാക്കി വന്ന സോഡാ നാരങ്ങവെള്ളം അവിടെ വെച്ച് ഞങ്ങള്‍ പൈകക്ക് പാഞ്ഞു. ചെല്ലുമ്പോള്‍ ചുക്കിലി പിടിച്ചു കിടന്നു ചുവപ്പുങ്കല്‍ പെട്രോള്‍ പമ്പിന്റെ മുമ്പില്‍ ജനസമുദ്രം. ഒരു ബോര്‍ഡ്‌ പോലും ഇല്ല, ഉദ്ഘാടനം എന്ന ചടങ്ങില്ല, നിയന്ത്രിക്കാന്‍ പോലീസോ പട്ടാളമോ ഇല്ല, എന്തിനു പറയുന്നു, ഒരിത്തിരി വെളിച്ചം പോയിട്ട് ഷാപ്പിന്റെയോ ബാറിന്റെയോ മണം പോലും ഇല്ല. എന്നിട്ടും അച്ചടക്കത്തോട് കൂടി, അക്ഷമരായി അവര്‍ ക്യു നിന്നു. ആദ്യരാത്രിയില്‍ പാലുമായി വരുന്ന ഭാര്യയെ കാത്ത്‌ കട്ടിലില്‍ നഖം ചൊറിഞ്ഞിരിക്കുന്ന മണവാളനെപോലെ, അല്ലെങ്കില്‍ കല്യാണത്തിനു പെണ്ണും ചെറുക്കനും മധുരം വെച്ചിട്ട് സദ്യ തുടങ്ങാന്‍ കാത്തിരിക്കുന്ന അതിഥികളെ  പോലെ നീളം കൂടിയ ക്യു മീനച്ചിലാറിനെ പോലെ വളഞ്ഞു പുളഞ്ഞു നിന്നു. പൈകക്കാര്‍ ഇന്ന് വരെ കാണാത്തവര്‍ കേള്‍ക്കാത്തവര്‍ എല്ലാം വിനയപുരസരം പൈകയുടെ മണ്ണില്‍ താമര വരച്ചു കൊണ്ട് നിന്നു. 

എന്റെ മകന്‍ വേള്‍ഡ്‌കപ്പിന് സെഞ്ചുറി അടിക്കുന്നത് സ്റ്റേഡിയത്തില്‍ നോക്കി നില്‍ക്കുന്നത് പോലെ ഞാന്‍ അവിടെ നോക്കി നിന്നു. മനീഷിന്റെ കണ്ണില്‍ കൂടി ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു വീണു, ആദ്യ കളത്രത്തിന്റെ ജനന സമയത്ത് പോലും അവന്റെ കണ്ണില്‍ ഇത്ര നീര്‍ പൊടിഞ്ഞിട്ടില്ല. അപ്പോളേക്കും ആദ്യ പത്തുപേരില്‍ ഒരാളായി മദ്യം വാങ്ങാന്‍ സാധിച്ച ക്ണാപ്പന്‍ രമേശ്‌ ലോകകപ്പുമായി ഇന്ത്യയിലെത്തിയ കപിലിനെ പോലെ ഞങ്ങളുടെ അടുത്ത് വന്നു.

ബീവ്കോ പൈകയില്‍ തുടങ്ങാന്‍ സാധ്യത ഉണ്ട് എന്നറിയാമായിരുന്നെങ്കിലും എന്നാണു ദിവസം എന്നോ എത്ര മണിക്കാനെന്നോ എവിടെയാണെന്നോ ആര്‍ക്കും അറിയില്ലായിരുന്നു. മദ്യവിരുദ്ധ സമിതിയുടെ ഇടപെടീല്‍ ഉണ്ടാവാന്‍ സാധ്യതയുള്ളത് കൊണ്ട് കാര്യങ്ങള്‍ എല്ലാം രഹസ്യമായിരുന്നു. രമേശന്‍ ഓട്ടോയില്‍ കപ്പാട് എന്നാ സ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് അവിടെ നിന്നും ഒരു ഓട്ടോക്കാരന്‍ പൈകയില്‍ ഏഴുമണിക്ക്‌ ബീവറേജസ്‌ കോര്‍പറേഷന്‍ തുടങ്ങുന്നു എന്നാ രഹസ്യ വിവരം കിട്ടി പൈകക്ക് വരുന്നത് കണ്ടത്. ക്ണാപ്പന്‍ രമേശ്‌ വാച്ചില്‍ നോക്കി, സമയം ആറര. പിന്നെ ഒട്ടും അമാന്തിച്ചില്ല, വണ്ടിയില്‍ ഇരുന്ന അമ്മച്ചിയോടും കൊച്ചു മകളോടും വേണേല്‍ ഇവിടെ ഇറങ്ങിക്കോ ഇല്ലേല്‍ പൈകക്ക് തിരിച്ചു കൊണ്ട് പോയി ബിവറേജസില്‍ ഇറക്കിവിടും എന്ന് പറഞ്ഞു ഇറക്കിവിട്ടു ഒറ്റ പാച്ചില്‍ ആയിരുന്നു. പൈകയില്‍ എത്തിയപോള്‍ കൃത്യം ഏഴുമണി, മുന്‍പില്‍ വെറും ഒന്‍പതു പേര്‍ മാത്രം. പത്തമാനായി ഒരു കുപ്പി ഓ സി ആര്‍ വാങ്ങുന്നതിന് മുമ്പ് തന്നെ പന്ത്രണ്ടു പേരെ വിളിച്ചറിയിച്ചു. കുപ്പിയുമായി തിരിച്ചിറങ്ങിയപോള്‍ ക്യു നൂറിനു മുകളില്‍ എത്തിയിരുന്നത്രേ. വിലവിവര പട്ടികയില്ല, പൊതിഞ്ഞു കൊടുക്കാന്‍ പേപ്പര്‍ പോലുമില്ല എന്നിട്ടും എല്ലാം സഹിച്ച് വേദനിക്കുന്ന മദ്യപാനികള്‍ അവിടെ കാത്തു നിന്നു. 

അടുത്തുള്ള വീട്ടുകാര്‍ അവിടെ സോഡയും പുഴുങ്ങിയ മൊട്ടയും വില്‍കുന്നതിനെ കുറിച്ചു ചര്‍ച്ച ചെയ്തപ്പോള്‍ പൈകയുടെ തെക്ക് ഭാഗത്തുള്ളവരില്‍ ചിലര്‍ എനിക്കുപിറക്കാതെ പോയ മകനെ എന്ന പോലെ അവിടെ നോക്കി നിന്നു. ഓട്ടോക്കാര്‍ ഇവിടേയ്ക്ക് ഓട്ടോ സ്റ്റാന്റ് മാറ്റുന്ന കാര്യം ആലോചിച്ചപോള്‍ ഐ എന്‍ ടി യു ഡി യും സി ഐ ടി യു ഉം ഓഫീസ്‌ ഇവിടേയ്ക്ക് മാറ്റുന്നതിനെ പറ്റി ചിന്തിച്ചു. മുദ്രാവാക്യങ്ങള്‍ അവര്‍ മനസ്സില്‍ മാറ്റിയെഴുതി, "തോല്‍പ്പിക്കും തോപ്പിക്കും ചാലക്കുടിയെ തോപ്പിക്കും". എന്തിനു പറയുന്നു കെ എം എസ് കാര്‍ പമ്പ് പോലും അവിടേക്ക് മാറ്റിയാലോ എന്ന് ചിന്തിച്ചു. 
കേട്ടവര്‍ കേട്ടവര്‍ പൈകയിലേക്ക് പാഞ്ഞു. പാലായിലെക്കാളും പത്തു രൂപ വിലക്കുറവ് ഉണ്ടെന്നും പുതിയ കടയായത് കാരണം ഇവിടെ വ്യാജന്‍ ഉണ്ടാവില്ലെന്നും നല്ല പ്രചരണം ആദ്യം തന്നെ വന്നു. ഇതിനകം തന്നെ  മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് കുറുക്കന്തൂക്കില്‍ സിബി തന്റെ വണ്ടിയില്‍ വന്നു അവിടെ അഭിമാനത്തോട് കൂടി ഇറങ്ങിനിന്നു. തൊള്ളായിരത്തി എണ്‍പത്തെട്ടിലെ സമരം കാരണം വളര്‍ച്ച മുരടിച്ച പൈകയുടെ ഉയര്‍ച്ച ഇനി ആരംഭിക്കുന്നു എന്നാണു സിബിയുടെ അവകാശം. തന്റെ രണ്ടു വര്‍ഷത്തെ ശ്രമഫലം ആണ് ഈ ബീവ്കോ, ഇനി പൈകയിലെക്കുള്ള ജനങ്ങളുടെ ഒഴുക്ക് കൂടും, അത് വഴി എല്ലാ ബിസിനസിനും ഇത് മാറ്റം വരുത്തും. റബര്‍ വില്‍ക്കാനുള്ളവര്‍ ഇനി പൈകക്ക് വരും, ഷീറ്റിന്റെ വില വീട്ടിലേക്കും ഒട്ടുപാലിന്റെത് ബീവ്‌ കോയിലെക്കും. അങ്ങനെ അരി, പലചരക്ക്, അടക്ക, കൊക്കോ, കുരുമുളക് തുടങ്ങി സോഡാ, ബീഡി, കടിപിടി അങ്ങനെ എല്ലാത്തിനും പൈകയില്‍ ഇനി മാര്‍ക്കറ്റ്‌ ആകും. അങ്ങനെ പൈകയുടെ മാറ്റത്തിന് കാരണക്കാരനായ ഒരാളായി ജനങ്ങള്‍ തന്നെ വാഴ്ത്തും എന്ന പ്രതീക്ഷയുമായി സിബി കുളിരണിഞ്ഞു നിന്നു. ഭാവിയില്‍ ചിലപ്പോള്‍ വിജയ്‌ മല്ലിയ ഒരു കൊച്ചു മോഡലിനെ എങ്കിലും തനിക്ക് സമ്മാനമായി നല്‍കിയാലോ എന്ന ഒരു കൊച്ചു സ്വപ്നവും സിബി കാണാതിരുന്നില്ല.

നോയമ്പുവീടലും അതിന്റെ ക്ഷീണവും ഒക്കെയായി ക്രിസ്തുമസിന്റെ അന്ന് വൈകുന്നേരം വരെ പൈകക്ക് ഇറങ്ങാന്‍ പറ്റിയില്ല. ഒരു നാലുമാണിയോടു കൂടി പൈകയിലെത്തിയപോള്‍ ഉണ്ണിയേശുവിന്റെ ജനനമോ കരുണാകരന്റെ മരണമോ ഒന്നും അല്ല പൈകയിലെ ജനങ്ങളുടെ വിഷയം. ബീവറേജ് കാരുടെ ചതിയെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്.ശരാശരി രണ്ടു ലക്ഷം രൂപയുടെ വില്പനയെ അവര്‍ പ്രതീക്ഷിച്ചിരുന്നുള്ളൂ, അതിനാല്‍ എട്ടു ലക്ഷം രൂപയുടെ സെയില്‍ വന്നപ്പോള്‍ സ്റ്റോക്ക് തീര്‍ന്നത്രേ. ചാലക്കുടിയും കരുനാഗപ്പള്ളിയെയും തോല്പ്പിക്കാനായി കച്ചകെട്ടി ഇറങ്ങിയ പൈകക്കാര്‍ക്കിട്ടു ബീവ്കോ കാണിച്ച വലിയ ചതി ആയിപ്പോയി അത്. സംവിധായകന്‍ ജോഷി എന്നെ പറ്റിച്ചു എന്ന് കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂട്ടി പറയുന്നപോലെ പൈകക്കാര്‍ പറഞ്ഞു.


അവിടെ ബാക്കി ഇരിക്കുന്ന എന്തെങ്കിലും ഒരു കുപ്പി വാങ്ങിയില്ലേല്‍ ഇനിയും പാലായ്ക്ക് പോകേണ്ടി വരുമല്ലോ എന്നോര്‍ത്ത്‌ നേരെ ബീവ്കോ യെ ലക്ഷ്യമാക്കി വണ്ടി വിട്ടു. പാലായ്ക്ക് പോകേണ്ടി വരും എന്നതിനേക്കാള്‍ കൂടുതല്‍ പ്രശ്നം പൈകയില്‍ നിന്ന വരുന്നത് എന്നറിഞ്ഞാല്‍ പാലായില്‍ നിന്നും ചിലപ്പോള്‍ കുപ്പി തരില്ല. ഇന്നലെ മൊന്ത രാജേഷ്‌ പാലായില്‍ ഒരു കുപ്പി റം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നു. ബില്ലടിക്കാന്‍ നേരം ഒരു അഞ്ഞൂറിന്റെ നോട്ട കൊടുത്തപ്പോള്‍ ക്യാഷറിനു ചില്ലറ വേണം. അണ്ടര്‍വയറിന്റെ പോക്കറ്റില്‍ വരെ തപ്പിയെങ്കിലും കിട്ടാത്തെ ചില്ലറയുമായി വിഷമിച്ചു നിന്ന രാജേഷിനു പുറകില്‍ നിന്നും ഒരു വിളി. "ഡാ മോന്തേ...." മൊന്ത നിന്റെ തന്ത എന്ന് പറയാനായി നാക്കെടുത്ത രാജേഷ്‌ കണ്ടത് തന്റെ അളിയന്‍ പാലാക്കാരന്‍ തുണ്ട് ശശിയെ. "നീയെന്നാ ഡാഷാനാ ഇവിടുന്നു വാങ്ങുന്നെ , നിന്റെ പൈകയില്‍ ബീവറേജസ്‌ തുടങ്ങിയത് അറിഞ്ഞില്ലേ?"  പോടാ തുണ്ടേ സത്യമാണോ നീ പറയുന്നേ എന്ന് മൊന്ത. നീ പുല്ലു പോലെ ആ പൈസയും വാങ്ങി പൈകക്ക് ചെല്ലെട എന്ന് തുണ്ട്. 

പിന്നെ അവിടെ മൊന്തയുടെ ഒരു പ്രകടനം ആയിരുന്നു. ഡാ പുന്നാര മോനെ, നിനക്ക് ചില്ലറ വേണം അല്ലേടാ... കച്ചവടം നടത്താന്‍ ഇരിക്കുന്നവന്‍ ചില്ലറ പോലും ഇല്ലാതെ പിന്നെ എന്നാ മൂ.... നാ ഇവിടെ ഇരിക്കുന്നത്? നിന്റെ ഒരു കോപ്പും ഇനി വേണ്ട, നിന്നെയെങ്ങാനും പൈക ഭാഗത്ത് കണ്ടാല്‍ കാച്ചിക്കളയും എന്നൊക്കെ വെല്ലുവിളിചിട്ട് ക്യാഷ്‌ കൊടുക്കുന്ന പൊത്തിലൂടെ ക്യാഷരിന്റെ താടിക്കിട്ടു ഒന്ന് തോണ്ടുകയും ചെയ്തിട്ടാണ് മൊന്ത പോന്നത്. ഇനി പാലാക്കാര്‍ക്ക് നമ്മള്‍ പൈക കാരന്‍ ആണെന്ന് മനസിലായാലോ...

ഇന്ന് വൈകിട്ടാണെന്കില്‍ രണ്ടു അളിയന്മാരും വരുന്നുണ്ട്. പണ്ടാണെങ്കില്‍ അവര്‍ വരുന്ന വഴി കുപ്പിയും കൊണ്ട് വന്നേനെ, ഇനിയിപോള്‍ പൈകയില്‍ ഉള്ളത് കാരണം ഞാന്‍ തന്നെ പോയി വാങ്ങേണ്ടി വരും. അവര്‍ വരുന്നതിനു മുമ്പ്‌ വാങ്ങിയില്ലേല്‍ അവര്‍ക്ക് കുപ്പി ഏതാണെന്ന് തിരഞ്ഞെടുക്കാന്‍ ഒരു അവസരം കൂടി ഞാന്‍ കൊടുക്കേണ്ടിവരും, പൈസാ അവരുടെ കയ്യില്‍ നിന്ന് വാങ്ങാന്‍ പറ്റുമോ? കോ..കം പുരപ്പുറത്തു തന്നെ ഉണ്ട് ഇപ്പോളും. കുപ്പികള്‍ കുറവാണെങ്കിലും ക്യൂ ഒരു കുറവും ഇല്ല. കുട്ടപ്പായി ഉള്ളത് കൊണ്ടും കുട്ടപ്പായിക്ക് നല്ല തണ്ടും തടിയും ഉള്ളത് കൊണ്ടും ക്യു ഒന്നും നില്‍ക്കാതെ നേരെ ചെന്ന് രണ്ടു ഫുള്‍ വാങ്ങി. ഒരെണ്ണം വീട്ടില്‍ കൊണ്ട് പോയി വെച്ച് രണ്ടാമത്തേത് പൊട്ടിച്ചു അടിച്ചുകൊണ്ടിരുന്നപ്പോള്‍ കുട്ടപ്പായിക്ക് ഒരാഗ്രഹം. നമുക്കവിടെ പോയി കാഴ്ചകള്‍ കണ്ടാലോ എന്ന്, ശരിയാ... ഒത്തിരി കാലമായി മിസ്‌ ആയിരിക്കുന്ന പലരെയും ഒരു പക്ഷെ കാണാന്‍ ഒരു അവസരം ആയിരിക്കും ഇത്.

ഇനിയൊന്നും കാണാന്‍ എനിക്ക് വയ്യേ എന്ന് പറഞ്ഞു സൂര്യന്‍ മനീഷിന്റെ വീടിന്റെ പുറകില്‍ പോയി പാത്തിരുന്നു. ത്രിസന്ധ്യാ സമയത്താണ് ഇഴജന്തുക്കളും സാത്താനുമൊക്കെ ഇറങ്ങുന്നത് എന്ന് പണ്ട് കാര്‍ന്നവന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അത് അന്വര്‍ഥമാക്കികൊണ്ട് ചിലരൊക്കെ ഇഴഞ്ഞു തുടങ്ങി, ചിലരുടെ നാക്ക് കാല് തുടങ്ങിയ അവയവങ്ങളും. ഇനി സാത്താനാകാന്‍ അധികം സമയം വേണ്ടായിരിക്കും. ഇരുട്ടിന്റെ മറവു പറ്റി കുപ്പിവാങ്ങാന്‍ വന്നവരുടെ നീളം കൂടി, പൈകപ്പെരുന്നാളിനു പോലും ഇല്ലാത്ത തിരക്ക്‌. 

അതാ വെടിക്കുരു ജോക്കുട്ടന്‍ അവിടെ ഒരു പോസ്റ്റില്‍ പിടിച്ചു ഒരു സിഗരറ്റും വലിച്ചുകൊണ്ട് എന്തോ ആലോചിച്ചു നില്‍ക്കുന്നു. അവനെ പത്താം ക്ലാസ്‌ കഴിഞ്ഞു ആദ്യമായി കാണുകയാണ്. ബാംഗലുരില്‍ പീടീസിയും പിന്നെ ഏതാണ്ടൊക്കെ കോപ്പും പഠിച്ചു ഇപ്പോള്‍ അമേരിക്കയിലോ ആസ്ത്രെലിയായിലോ ആണെന്നറിയാം. വര്‍ഷങ്ങള്‍ക്കു ശേഷം കാണാന്‍ സാധിച്ച സന്തോഷത്തോടെ ഞാന്‍ ഓടിച്ചെന്നു. ഞങ്ങള്‍ കെട്ടിപിടിച്ചു, ആറാം ക്ലാസില്‍ വെച്ച് ചക്കക്കുരു തോരന്‍ കഴിച്ചിട്ടിരുന്ന ഒരു മധ്യാഹ്നത്തില്‍ അവനു പറ്റിയ അബദ്ധത്തെ വെടിക്കുരു എന്ന രണ്ടാം പേരാക്കിയ എന്നെ അവന്‍ എങ്ങനെ മറക്കാന്‍. അവന്റെ കണ്ണില്‍ നിന്നും ആനന്ദാശ്രു (വെടിക്കുരുവാശ്രു) വന്നു, ഒരു പെഗ് അവനും ഒഴിച്ചു ഞങ്ങള്‍.
കുടുംബ കളത്ര വേല വിശേഷങ്ങള്‍ ഒക്കെ കൈമാറി. നീ പഴയതിലും സുന്ദരനായി എന്ന് അവന്‍, നീ ഇപ്പോളും ചക്കക്കുരു കൂട്ടാരുണ്ടോ എന്ന് ഞാന്‍, അങ്ങനെ പെഗ്ഗിന്റെ എണ്ണം ശ്ശി കൂടി. അവസാനം അവന്‍ എന്നോട് പറഞ്ഞു. "അളിയാ പോത്തശ്ഷാ... നീ എന്നെ ഒന്ന് സഹായിക്കണം" അതിനെന്നാടാ ചക്കരെ.. നീ പറ എന്ന് ഞാന്‍. പക്ഷെ ഇവനെ കൊണ്ട് പോയി വീട്ടില്‍ വിടുന്നതും വാതില്‍ തുറക്കുന്ന ഭാര്യയോ അല്ലെങ്കില്‍ അവന്റെ അമ്മയോ എന്നെ ഒരു നല്ല സമരിയാക്കാരനെ പോലെ നോക്കി മനസ്സില്‍ സുകൃതജപം ചൊല്ലുന്നതും ഒന്ന് മനസ്സില്‍ മിന്നി. ഒരു മദ്യപനെ അവന്റെ വീട്ടില്‍ കൊണ്ട് പോയി വിടുന്നതും ഒരു വേശ്യ നമ്മളെ ഓട്ടോ പിടിച്ചു ആശുപത്രിയില്‍ കൊണ്ട് പോകുന്നതും ഒരു പോലെയാണെന്ന് ആരോ ഒരു മഹാന്‍ പണ്ട് പറഞ്ഞിട്ടുണ്ട്. വെടിക്കുരു തുടര്‍ന്നു. "എടാ... ഞാന്‍ വന്നത് കാറിലാണോ അതോ ബൈക്കിലാണോ എന്ന് ഞാന്‍ മറന്നു പോയി, ഒന്ന് സഹായിക്കെടാ..." സന്തോഷത്തോടെ സമാധാനത്തോടെ ഇരുന്ന കല്ലില്‍ നിന്നും എണീക്കാന്‍ തുടങ്ങിയപോള്‍ അവന്‍ സ്നേഹപൂര്‍വ്വം ഉപദേശിച്ചു, "എടാ കുനിയല്ലേ, പോക്കറ്റില്‍ നിന്നും മൊബൈല്‍ പോകും"  ദൈവമേ.. അതൊക്കെ അവനു ഇപ്പോളും അറിയാം, പക്ഷെ ഇതു വണ്ടിയിലാ വന്നതെന്നറിയില്ല!

അവനെ ഒരു തരത്തില്‍ വീട്ടില്‍ വിട്ടു. അപ്പോള്‍ അതാ കുട്ടപ്പായിയുടെ വീട്ടില്‍ വേലക്ക് നില്‍ക്കുന്ന പാണ്ടിപയ്യന്‍ കുപ്പിയുമായി വരുന്നു. കുട്ടപ്പായി പതുക്കെ മാറി. ഞങ്ങള്‍ അവനെ വിളിച്ചു, "ഡേയ്.. ഇങ്കെ വാ..  എന്നാ തമ്പി.. വീട്ടിലെ വേലയെല്ലാം മുടിഞാച്ചാ...എന്ന് ഞങ്ങള്‍. എല്ലാം മുടിഞ്ഞു എന്നവന്‍ മലയാളത്തില്‍ പറഞ്ഞു. എന്നാ രണ്ടെണ്ണം അടിച്ചോളാന്‍ പറഞ്ഞു അവനോടും. അവന്‍ ഒരു കല്ലില്‍ ഇരുന്നു അടി തുടങ്ങി.

അമേരിക്കയില്‍ നിന്നും ജോസി വിളിച്ചു. ക്രിസ്തുമസ് വിഷ് ഒക്കെ വളരെ വേഗം പൂര്‍ത്തിയാക്കി അവന്‍ കാര്യത്തിലേക്ക് കടന്നു. ബീവറേജസ്‌ ഇരിക്കുന്നതിന്റെ എതിര്‍വശം ഞങ്ങള്‍ ഇരുന്നു കള്ളുകുടിക്കുന്ന പറമ്പ്‌ അവന്റെതാണ്. അതില്‍ ഒരു ലോഡ്ജും കുറച്ചു കടയും പണിയുന്നതിനെ കുറിച്ച് തിരക്കാന്‍ വിളിച്ചതാ. തെണ്ടിക്കൊക്കെ മര്യാദക്ക് വിഷ് പറഞ്ഞിട്ട് ചോദിച്ചാല്‍ എന്താ കുഴപ്പം?

കുട്ടപ്പായി അതാ തിരിച്ചു വരുന്നു, ഞങ്ങള്‍ പാണ്ടിയോടു നീ എന്നാ വീട്ടില്‍ പോക്കോടാ എന്ന് പറഞ്ഞു. അവന്‍ ഭയങ്കര ചിരി. എന്നാടാ എന്ന് ചോദിച്ചപോള്‍ അവന്‍ പറഞ്ഞു, ഞാന്‍ ഇന്ന് അമ്മായെ പറ്റിച്ചു എന്ന്. എങ്ങനെയാടാ എന്ന് ഞങ്ങള്‍. ഞാന്‍ ഇങ്ങോട്ട് പോരാന്‍ ഇറങ്ങിയപ്പോള്‍ അമ്മാ പറഞ്ഞു പശുവിന് തീറ്റ കൊടുക്കാന്‍. ഞാന്‍ പറഞ്ഞു വയര് നറച്ചു പുല്ലു കൊടുത്തിട്ടുണ്ട്‌ എന്ന്. അവിടുന്ന് പുറത്തോട്ടു ഇറങ്ങിയപോള്‍ പശു അമറി. എനിക്കറിയാം അമ്മാ വന്ത് പശുവിനെ നോക്കും എന്ന്. ഞാന്‍ ഓടി പോയി ചെത്തി വെച്ചിരുന്ന കുറച്ചു പുല്ലെടുത്തു പശുവിന്റെ മുമ്പിലും ഇത്തിരി പശുവിന്റെ കുണ്ടിയിലും തിരുകി വെച്ചു. അമ്മാ വന്തപോള്‍ ഞാന്‍ പറഞ്ഞു പശു കൂടുതല്‍ തിന്നിട്ടു പുല്ലു ദഹിക്കാതെ വരുന്നത് കണ്ടോ എന്ന്. പാവം അത് നിജം എന്ന് നിനച്ചേ....ഞങ്ങളും ചിരിച്ചു.  

അങ്ങനെ നാട്ടുകാര്‍ പല രീതിയില്‍ പൈകക്ക് ഇറങ്ങി. കൂടം കാച്ചിക്കാനും ഇന്റര്‍നെറ്റ്‌ നോക്കാനും എന്തിനു പറയുന്നു കുമ്പസാരിക്കാന്‍ വരെ ആളുകള്‍ പൈകക്ക് ഇറങ്ങി തുടങ്ങി. 

അളിയന്മാര്‍ ഒക്കെ വീട്ടില്‍ വന്നു. ഞാന്‍ വന്നു അവരുടെ കൂടെയും തുടങ്ങി. നീ ക്രിസ്തുമസിന് വരുന്നില്ല എന്ന് പറഞ്ഞിട്ട് എന്താട പിന്നെ വന്നത് എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു പനിയായത് കാരണം മനീഷും മനുവും പറഞ്ഞു നീ തന്നെ അവിടെ നില്‍ക്കേണ്ട എന്ന്. അവര്‍ നിര്‍ബന്ധിച്ചപോള്‍ ഞാനും വിചാരിച്ചു ഇങ്ങോട്ട് പോന്നെക്കാം, പിള്ളേരുടെ ഒക്കെ കൂടെ ക്രിസ്തുമസ് ആഹോഷിക്കുകേം ചെയ്യാമല്ലോ. നീ എന്നാ തിരിച്ചു പോകുന്നത് എന്നായി അടുത്ത ചോദ്യം. 

ഞാന്‍ പറഞ്ഞു, ഇതൊക്കെയായാലും വന്നു. ഇനി പരീക്ഷ ജനുവരി അവസാനം എഴുതണം എന്നാ പ്ലാന്‍. അത് വരെ ഇവിടെ നിന്ന് പഠിച്ചാലോ എന്നാലോചിക്കുവാ. പിള്ളേരും ഭാര്യയും പഠിക്കാന്‍ പോകുന്ന കാരണം വീട്ടില്‍ ശല്യമോന്നും ഇല്ലാതെ പഠിക്കാമല്ലോ.

ഭാര്യ കടക്കണ്ണിട്ടു നോക്കി, അവളുടെ കണ്ണുകളിലെ കുസൃതി, അവളുടെ സന്തോഷം എല്ലാം എനിക്ക് കാണാമായിരുന്നു. അന്ന് വൈകിട്ട് എന്നെ സന്തോഷപൂര്‍വ്വം ഇറുക്കി പിടിച്ചു അവള്‍ കിടന്നു. മദ്യത്തിന്റെ നേരിയ തരിപ്പിലും ഞങ്ങള്‍ ഒന്നായി, ഞാന്‍ പതുക്കെ നിദ്രയിലേക്ക് വഴുതി വീണു. 

ഇരുട്ടിലെവിടെയോ ഒരു കോഴി കൂവിയത് ഞാന്‍ അര്‍ദ്ധനിദ്രയില്‍ കേട്ട്. ഭാര്യ കുലുക്കി വിളിച്ചു എന്നെ. എന്താടീ ചക്കരേ എന്ന് ഞാന്‍ ആ സമയത്തും വിളിച്ചു. അവള്‍ എന്നോട് ചോദിച്ചു... അതെ... ശരിക്കും ഇവിവ്ടെ നില്‍ക്കുന്നത് പഠിക്കാനാണോ? 

ഞാന്‍ ചോദിച്ചു അതെന്താ അങ്ങനെ ചോദിക്കുന്നെ.. ഞാന്‍ പിന്നെ വേറെ എന്നാ കാണിക്കാനാ.. പിന്നെ കൂട്ടത്തില്‍ നിന്റെയും മക്കളുടെം കൂടെ നില്‍ക്കുകേം ചെയ്യാമല്ലോ എന്ന ഒരു ദുരുദ്ദേശവും...ഞാന്‍ ഒരു കള്ള ചിരി ചിരിച്ചു. 

അവളും ചിരിച്ചു...എന്നിട്ട് പറഞ്ഞു, ഇന്നലെ മനീഷിന്റെ ഭാര്യ സാലി വിളിച്ചാരുന്നു.അപ്പോള്‍ ഇവിടെ ബീവറേജസ്‌ തുടങ്ങിയ കാര്യവും പറഞ്ഞു, അത് കൊണ്ട് ചോദിച്ചതാ......

എന്റെ ചിരിക്ക് അത്ര ശോഭ ഇല്ലായിരുന്നു എന്നെനിക്കും തോന്നി......

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP