ഞാനൊരു പാവം പാലാക്കാരന്‍

പാപ്പിയുടെ സൈറ്റടി

>> Wednesday, November 16, 2011

ഒരു കുട്ടി അമ്മയുടെ ഉദരത്തില്‍ കിടക്കുന്ന സമയത്ത് തന്നെ അവരുടെ  സ്വഭാവത്തിന്റെയും കഴിവുകളുടെയും സിദ്ധികളുടെയും രൂപീകരണവും മറ്റും നടക്കുമെന്നാണല്ലോ വിദഗ്ധ മതം. അതിനാല്‍ തന്നെ ഇന്നത്തെ തലമുറയിലെ പുതു മാതാപിതാക്കള്‍ അവര്‍ പ്ലാന്‍ ചെയ്തിരിക്കുന്ന ഒന്നോ രണ്ടോ കുട്ടികളെ അവര്‍ക്കാവശ്യമുള്ള കഴിവുകള്‍ ഒക്കെ തികഞ്ഞതാക്കി തീര്‍ക്കുവാന്‍ വേണ്ടി അമ്മയുടെ ഗര്‍ഭാവസ്ഥയില്‍ തന്നെ പരിശ്രമിക്കുകയും ചെയ്യുന്നു.

ഞാനും വിത്യസ്ഥനായില്ല, അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യത്തെ പുത്രന്‍ കറിയാച്ചനെ ഉദരത്തില്‍ വഹിച്ചു കൊണ്ട് എന്റെ വാമഭാഗം ജീവിക്കുന്ന കാലം. ആദ്യത്തെ കുട്ടി ആണാണോ പെണ്ണാണോ എന്നൊന്നും പറയില്ല, അത് ഒരു ത്രില്‍ ആയി ഇരിക്കട്ടെ എന്ന് ഡോക്ടര്‍ പറഞ്ഞു. നമുക്കിപ്പോള്‍ ഏതായാലും കുഴപ്പം ഇല്ല, പക്ഷെ നമുക്ക് ഇഷ്ടമുള്ള രീതിയില്‍ കൊച്ചിനെ ഡെവലപ് ആക്കി എടുക്കണമെങ്കില്‍ കുട്ടിയുടെ സെക്സ് ഏതാണെന്ന് അറിയണമല്ലോ. അതിനാല്‍ തന്നെ കഴിവുകള്‍ ഉണ്ടാക്കുന്നതിലും കൂടുതല്‍ വേണ്ടാത്ത കഴിവുകള്‍ ഉണ്ടാകാതെ വരാന്‍ ഞാന്‍ ശ്രദ്ധിച്ചു. ശോഭനയുടെ ഡാന്‍സ്‌ പ്രോഗ്രാം കാണാന്‍ വേണ്ടി ഭാര്യ താല്പര്യം പറഞ്ഞപ്പോള്‍ ഞാന്‍ അതൊന്നും വേണ്ട എന്ന് പറഞ്ഞു. ഡാന്‍സ്‌ പ്രോഗ്രാം ഒക്കെ കണ്ടു രസിച്ചു നടന്നു അവസാനം ഉണ്ടാകുന്നത് ഒരു ചെറുക്കന്‍ എങ്ങാനും ആയാല്‍ അവന്‍ വല്ല തോം തോം ആയി പോകുവോ എന്നാ പേടി ഒരു വശത്ത്. ഇനി ആണാണ് എന്ന് കരുതി ഇത്തിരി ഊരും ഉശിരും ഉണ്ടായിക്കോട്ടെ എന്ന പ്രതീക്ഷയില്‍ റെസിലിംഗ് ഒക്കെ കാണിച്ചാലോ, പെണ്ണായാല്‍ തീര്‍ന്നില്ലേ കഥ. അങ്ങനെ ത്രില്‍ ഒക്കെ ടെന്‍ഷന്‍ ആയി മാറി. എന്തായാലും ഒരു അഡ്ജസ്റ്റുമെന്റ് എന്നാ രീതിയില്‍ ഇത്തിരി പാട്ട്, പിന്നെ ലേശം സ്പോര്‍ട്സ്‌ ഒക്കെയായി ഞങ്ങള്‍ മുമ്പോട്ടുപോയി.

ആദ്യം ഞങ്ങള്‍ പാട്ടില്‍ കൊണ്സട്രെറ്റ് ചെയ്യാം എന്ന് വെച്ചു. എന്റെ വീട്ടില്‍ ഞാന്‍ മൂളിപ്പട്ടെങ്ങാനും പാടിയാല്‍ തൊഴുത്തിലെ പശു വരെ അവിടെക്കിടന്നു അമറും. പക്ഷെ അവള്‍ കോളേജില്‍ നിന്ന് ഒക്കെ പാടിയിട്ടുള്ളതാണെന്ന് എന്നോട് പറഞ്ഞു. കട്ടിലില്‍ ചാരിയിരുന്നു കണ്ണടച്ചു അവള്‍ ദര്‍ബാര്‍ രാഗത്തില്‍ ഒരു കാച്ചു കാച്ചി. നിത്യ വിശുദ്ധയാം കന്യാമറിയമേ എന്ന പാട്ട്.  ആദ്യത്തെ ചരണം കഴിഞ്ഞപ്പോള്‍ തന്നെ കൂടുതല്‍ ഷഡ്ജവും സംഗതിയും കീറുന്നതിനു മുമ്പേ ഞാന്‍ അതങ്ങു നിര്‍ത്തിച്ചു. വിശദമായി ചോദിച്ചപോള്‍ ആണ് അറിയുന്നത് ഒരു പ്രോഗ്രാമില്‍ പ്രാര്‍ഥനാ ഗാനം മറ്റു പന്ത്രണ്ടു പേരുടെ കൂടെ പാടിയതാണ് എന്ന്. പിന്നെ ആ ഉത്തരവാദിത്വം ഞാന്‍ അങ്ങ് ഏറ്റെടുത്തു.

ഒരു രണ്ടു മൂന്നു മാസം ആ ചെയ്ത്ത്‌ അങ്ങ് തുടര്‍ന്നു. ഒരു വെള്ളിയാഴ്ച (ഗള്‍ഫിലെ അവധി ദിനം) ചേട്ടായിയുടെ വീട്ടില്‍ ചെറുതായി ഒന്ന് കമ്പനി കൂടി അവിടെ തന്നെ കിടന്നപ്പോള്‍ ഞാന്‍ വീണ്ടും അന്നത്തെ ഫേവറിറ്റ് പാട്ടായിരുന്ന സുന്ദരിയെ വാ എന്നാ ആല്‍ബത്തിലെ ചെമ്പകമേ എന്നാ പാട്ട് ഭാര്യയുടെ വയറ്റില്‍ തലവെച്ച് പാടി. അനു പല്ലവി കഴിഞ്ഞു രാധ പല്ലവി തുടങ്ങിയപ്പോളേക്കും  ചേട്ടായി വാതിലില്‍ മുട്ടി. ഗര്‍ഭിണിയായ ആ പെണ്ണിനെ വെറുതെ ശല്യപ്പെടുത്താതെടാ ചെക്കാ എന്ന് പറഞ്ഞപ്പോള്‍ ആ പണി അങ്ങ് നിര്‍ത്തി. ഇനി കൊച്ചുണ്ടായി കഴിഞ്ഞു  മിണ്ടാന്‍ തുടങ്ങുമ്പോള്‍ ഇതുകൂട്ടു പാട്ടാണ് പാടുന്നതെങ്കില്‍ ഞാന്‍ തന്നെ അത് സഹിക്കണ്ടേ? എങ്കിലും അത്യാവശ്യം കഴിവുകള്‍ ഒക്കെ ഉണ്ടാകാന്‍ വേണ്ടി ഞാന്‍ ക്രിക്കറ്റ് കളിക്കാന്‍ പോകുമ്പോള്‍ അവളെയും കൊണ്ട് പോയി. ഡിസ്കവറി ചാനല്‍ ഇടക്കൊക്കെ കണ്ടു, ഫാഷന്‍ ടീവി ഒഴിവാക്കി ശാലോം ഇടക്കൊക്കെ വെക്കാന്‍ തുടങ്ങി. അങ്ങനെ സീമന്ത പുത്രന്‍ കറിയാച്ചന്‍ പിറന്നു.

എന്തായാലും വലിയ തരക്കേടില്ല. എന്റെ ചെമ്പകമേ എന്നാ പാട്ട് കേട്ടാല്‍ ഇന്നും അവന്‍ ഉറങ്ങും. അത്യാവശ്യം ക്രിക്കറ്റും ഫുട്ബോളും കളിക്കും. പിന്നെ അത്യാവശ്യം നുണക്കഥകളും പറയും. എന്തായാലും രണ്ടാമത്തെ കുട്ടി ആണാണെന്നു അഞ്ചാം മാസത്തിലെ സ്കാനിങ്ങില്‍ തന്നെ ഡോക്ടര്‍ പറഞ്ഞു. പിന്നെ അവനെ ഒരു ചുണക്കുട്ടന്‍ ആക്കാനുള്ള ശ്രമങ്ങള്‍ . ഒരു ക്രിക്കറ്റ്‌ താരം ആക്കാന്‍ ശ്രമിക്കാം എന്ന് വെച്ച് കളിക്കാന്‍ ചെല്ലുമ്പോള്‍ അവിടെ ക്ലബില്‍ നമ്മളെക്കാലും നല്ല കളിക്കാര്‍ എത്തിയിരിക്കുന്നു പക്ഷെ വിട്ടു കൊടുത്തില്ല. പ്രായം മറന്നു ഞാന്‍ പറന്നു കളിച്ചു. കയ്യുടെയും കാലിന്റെയും മുട്ടിലെ തൊലി ഉരഞ്ഞു പൊളിഞ്ഞു. അത് കണ്ടു പാവം ഭാര്യയുടെ കണ്ണുകള്‍ നിറഞ്ഞു എങ്കിലും എല്ലാം നമ്മുടെ മകന് വേണ്ടി അല്ലെ എന്ന് പറഞ്ഞു ഞാന്‍ അവളെ സമാധാനിപ്പിച്ചു. ആരെടാ എന്ന് ചോദിച്ചവരോടൊക്കെ എന്തെടാ എന്ന് ചോദിച്ചു. അങ്ങനെ ആകെ കൂടെ ഒരു തകൃതം ഒക്കെ കാണിച്ചു.

അങ്ങനെ കോക്കു പിറന്നു വീണു. ഇന്നും അവന്‍ നടക്കുന്ന വഴി എല്ലാം അതിലേം ഇതിലേം ഇടിച്ചു വീഴും. കാലിലെ തൊലി പോകാത്ത ദിവസങ്ങളില്ല. ഇവിടെ വാടാ എന്ന് പറഞ്ഞാല്‍ പോടാ എന്ന് പറയും. പക്ഷെ നല്ല തകൃതം ഉണ്ട് എന്തായാലും.

അങ്ങനെ വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞങ്ങളുടെ മാവ് വീണ്ടും പൂത്തു. ഇത്തവണ നാട്ടില്‍ ആയതിനാല്‍ ആണ്കുട്ടിയാണോ അല്ലെങ്കില്‍ പെണ്ണാണോ എന്നൊന്നും അറിയാന്‍ പറ്റില്ലല്ലോ? പിന്നെ അവള്‍ക്കാണെങ്കില്‍ രണ്ടു പിള്ളേരെ സ്കൂളില്‍ വിടുന്നതിന്റെയും മേയ്ക്കുന്നതിന്റെയും തിരക്കുകള്‍ . ഞാന്‍ വേലയും കൂലിയും ഇല്ലാത്തതിന്റെ വലിയ തിരക്കില്‍ . അതിന്റെ ഒക്കെ ഇടക്ക് വയറ്റില്‍ വളരുന്ന കൊച്ചിന്റെ കഴിവുകള്‍ ഉത്തേജിപ്പിക്കാന്‍ എവിടെ സമയം.

എന്തായാലും കഴിഞ്ഞ ആഴ്ച ഭാര്യ പ്രസവിച്ചു. യേശു കര്‍ത്താവിന്റെ ശരീരത്തില്‍ അടിച്ച ആണിയുടെ എണ്ണം മൂന്നായിരുന്ന കൊണ്ടാവാം സത്യാ ക്രിസ്ത്യാനിയായ എനിക്ക് മൂന്നാമത്തെ മകനായി സുന്ദരനായ പാപ്പി പിറന്നു. ഗര്‍ഭാവസ്ഥയില്‍ പ്രത്യേകിച്ച് പരിശീലനം ഒന്നും കൊടുക്കാത്തതിനാല്‍ ആയിരിക്കാം, അവന്‍ വളരെ ശാന്തന്‍ .

എന്റെ കയ്യില്‍ ഇത്തിരി കാശുണ്ടെന്നു തോന്നിയതിനാലും, അവിടെ രോഗികള്‍ കുറവായിരുന്നതിനാലും മഞ്ഞ നിറം, മറ്റു അല്ലറ ചില്ലറ പഴികളും പറഞ്ഞു ആശുപത്രിയില്‍ ഞങ്ങളെ നാലഞ്ചു ദിവസം നിര്‍ത്തി. സുന്ദരിമാരായ രണ്ടു മൂന്നു നഴ്സുമാര്‍ ഉണ്ടായിരുന്നതിനാലും മറ്റു ജോലികള്‍ ഒന്നും ഇല്ലായിരുന്നതിനാലും ഞാനും ആശുപത്രിയില്‍ തന്നെ കൂടി. നല്ല വണ്ണം ഉള്ള റീമ എന്നാ നഴ്സിനെ കാണുമ്പോള്‍ പാപ്പിക്ക് എപ്പോളും വലിയ സന്തോഷം ആണ്. ഉറക്കം ആണെങ്കിലും റീനയുടെ ശബ്ദം കേള്‍ക്കുമ്പോള്‍ പാപ്പി കണ്ണ് തുറക്കും. രണ്ടു മാസം മുമ്പ് അവള്‍ക്ക് പ്രീമച്വര്‍ പെയിന്‍ വന്നപ്പോള്‍ ഞാന്‍ റീമയെ ലൈന്‍ അടിക്കാന്‍ നോക്കിയതാണോ കാരണം എന്ന് എന്റെ ഭാര്യ സംശയിച്ചു. അങ്ങനാണെന്കില്‍ അവന്‍ സുന്ദരിയായ ബിന്ദുവിനെ വേണമല്ലോ നോക്കാന്‍ എന്ന് ഞാനും ശങ്കിച്ചു.

അങ്ങനെ അവസാനത്തെ ദിവസം, പാപ്പി പാലുകുടി ഒക്കെ കഴിഞ്ഞു എന്റെ മടിയില്‍ വിശ്രമിക്കുന്നു. എനിക്ക് ബാംഗ്ലൂര്‍ നിന്നും ഒരു കോള്‍ ,പക്ഷെ അവിടെ നല്ല റേഞ്ച് ഇല്ല. അപ്പോളാണ് റീമ അവിടെ വന്നത്. പാപ്പി അപ്പോള്‍ തന്നെ ഉഷാറായി റീമയെ ചിരിച്ചു കാണിച്ചു. ഞാന്‍ റീമയോട് പറഞ്ഞു, ഇതെന്നാ കോപ്പ് ഹോസ്പിടല്‍ ആണ്, മൊബൈല്‍ ന് റേഞ്ച് പോലും ഇല്ലല്ലോ എന്ന്. അപ്പോള്‍ റീമ പറഞ്ഞു, ഈ നിലയില്‍ വോഡാഫോണിന് മാത്രമേ റേഞ്ച് ഉള്ളു അവളുടെ കണക്ഷന്‍ അതാണെന്ന്. ഉടനെ എന്റെ മടിയില്‍ കിടന്ന പാപ്പി ഒന്ന് തുള്ളിച്ചാടി.  ഇവനെന്താ ഈ വോഡാഫോണ്‍ എന്ന് കേട്ടപ്പോള്‍ തുള്ളുന്നത് എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവന്‍ വീണ്ടും തുള്ളിച്ചാടി. എന്റെ മനസ്സില്‍ ഒരു ചോദ്യചിഹ്നം പൊട്ടി, ഭാര്യയുടെ മനസ്സില്‍ ഒരു ലഡുവും പൊട്ടി.
അവള്‍ എന്റെ ചെവിയില്‍ പറഞ്ഞു.. അതേ... ഞാനിപ്രാവശ്യം ഏറ്റവും കൂടുതല്‍ കണ്ട ടീവി പ്രോഗ്രാം വോഡാഫോണ്‍ കോമഡി സ്റ്റാര്‍ ആണു ചേട്ടാ......


                              ഫോട്ടോ എടുക്കുന്ന റീമയെ സൈറ്റ്‌ അടിച്ചു കാണിക്കുന്ന പാപ്പി.


Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP