ഞാനൊരു പാവം പാലാക്കാരന്‍

ഒരു കിളി കഥ (പൈൻ)

>> Tuesday, December 25, 2018

ദുബായിലെ ഒരു വൈകുന്നേരം, ക്രിസ്തുമസ് ഇങ്ങെത്തി കഴിഞ്ഞു. ഞാൻ ഇപ്പോൾ ഒറ്റയാനാണ്, കുടുംബത്തെ ഒക്കെ നാട്ടിൽ അയച്ചതുകൊണ്ടു എന്തു ക്രിസ്തുമസ് ആഘോഷം. ഓഫീസിൽ പോയി വെറുതെ തായം കളിച്ചു നടന്നു. ഷട്ടിൽ കളിയും കഴിഞ്ഞു ഫ്ലാറ്റിന്റെ വാതിക്കൽ വന്നപ്പോൾ അതാ അവിടെ ഒരു നല്ല പെൺകൊച്ചു നിൽക്കുന്നു. ഓപ്പോസിറ്റ് ഫ്ളാറ്റിലെ പുതിയ താമസക്കാരിയാണെന്നു തോന്നുന്നു. രണ്ടു ദിവസം മുമ്പ് അവിടെ പച്ചകളെ ഒക്കെ കണ്ടായിരുന്നു, താമസം തുടങ്ങിയതേ കാണൂ. കുറച്ചു നാളായി അവിടെ ആരും താമസക്കാരില്ലാരുന്നു, അല്ലെങ്കിൽ തന്നെ ആരേലും ഉണ്ടോ ചത്തോ എന്നൊക്കെ ആര് നോക്കാൻ. എന്തായാലും അവൾ സുന്ദരിയായിരുന്ന കൊണ്ട് ഞാൻ ഒന്ന് നോക്കി, ചെറുതായി ഒന്നു മന്ദഹസിക്കുകേം ചെയ്തു. നമ്മുടെ വിദ്യാ ബാലന്റെ ഒക്കെ ഒരു ടൈപ്പ് അടാറു സുന്ദരി. അവൾ ഒരു ഹായ് തന്നു, എത്ര മനോഹരമായ ചിരി....

ഞാൻ വീട്ടിനകത്തു കയറി. വിയർത്തൊട്ടിയ നിക്കറും ബനിയനും ഒക്കെ വലിച്ചെറിഞ്ഞു, പതുക്കെ സോഫയിലേക്ക് ചാരി. അവളാരായിരിക്കും? എന്തായാലും ഇന്ത്യൻ ആണ്, ഇത്തിരി മോഡേൺ ആണ് എന്നാലും ഒരു മലയാളി ഛായ ഇല്ലാതില്ല. അവളുടെ കെട്ടിയോൻ ഏതു കോന്തൻ ആണോ ആവൊ? പിള്ളേർ വല്ലതും കാണുമോ? ഇനി പുതിയ താമസക്കാരുടെ ഗസ്റ്റ് ആയിരിക്കുമോ? എന്തോ കോപ്പേലും ആകട്ടെ,   എന്തായാലും ആ മോന്ത നന്നായി മനസ്സിൽ പതിഞ്ഞു.

ആദ്യം കുളിക്കണോ അതോ രണ്ടെണ്ണം അടിച്ചിട്ട് കുളിക്കണോ എന്ന കൺഫ്യൂഷനിൽ ഒരു രണ്ടു മിനിറ്റു നിന്നു, പിന്നെ ആ കൺഫ്യൂഷൻ തീർക്കാൻ ഒരെണ്ണം ഊറ്റി. അപ്പോൾ കോളിംഗ്ബെൽ അടിച്ചു, ഞാൻ കിഴുത്തയിലൂടെ നോക്കിയപ്പോൾ അവളാണ്. ഓടി പോയി ഒരു ലുങ്കിയും ബനിയനും എടുത്തിട്ടു വാതിൽ പാതി തുറന്നു. വീണ്ടും ഒരു ഹായ്, ഒരു നല്ല ചിരി, പിന്നെ അവൾ ചോദിച്ചു. ആം സന്ധ്യ, യുവർ ന്യൂ നെയ്‌ബർ. ഡു യു ഹാവ് ഇന്റർനെറ്റ് ആൻഡ് വൈഫൈ?

ഞാൻ പറഞ്ഞു... യെസ്, ഡു യു വാണ്ട് മി റ്റു ഷെയർ ഇറ്റ് ഫോർ യു?
വാരിക്കോരി സഹായിക്കാൻ സാദാ തയ്യാറായിരിക്കുന്ന നമ്മളോടാ കളി, വേണേൽ ഈ ഇന്റർനെറ്റ് സെറ്റ് അപ്പ് എല്ലാം അവിടെ കൊണ്ട് പോയി കൊടുക്കും. എന്റെ ബിസിനസ് കാർഡിൽ തന്നെ പാസ്സ്‌വേർഡ് എഴുതി കൊടുത്തു. രണ്ടു മിനിറ്റിനകം അവൾ വീണ്ടും വന്നു. ദെയ്ർ ഈസ് നോ റേഞ്ച്, ക്യാൻ ഐ യൂസ് ഇറ്റ് ഫോർ ഫ്യു മിനുറ്റ്സ് ഹിയർ?

ഞാൻ തോറ്റു, ജീവിതത്തിൽ ഇന്നേ വരെ ആഗ്രഹിച്ചാൽ അതിന്റെ വിപരീതം മാത്രം നടക്കുന്ന എന്റെ ജീവിതത്തിൽ ആഗ്രഹിക്കുന്നതിനു മുമ്പേ കാര്യങ്ങൾ നടക്കുന്നു. ഗിവ് മി ടു മിനിട്സ് എന്നു പറഞ്ഞു ഞാൻ അകത്തേക്കോടി.

സോഫയിൽ കിടന്ന ഷഡ്ഢി, സോക്സ് മുതലായ അവശിഷ്ടങ്ങൾ എടുത്തു ലോൺഡ്രി ബാഗിൽ ഇട്ടു. അടുക്കളയിൽ ഇരുന്ന പാത്രങ്ങൾ എടുത്തു സിങ്കിൽ ഇട്ടു വലിയ ഒരു അടപ്പു കൊണ്ട് മൂടി, നിറഞ്ഞിരുന്ന വേസ്റ്റ് ബോക്സിൽ രണ്ടു ന്യൂസ് പേപ്പർ ഇട്ടു മൂടി (എന്റെ പട്ടി കൊണ്ട് പോയി കളയും), കുളിമുറിയിൽ കയറി ശടേന്ന് ഒരു കുളി പാസാക്കി, ഇത്തിരി ഡിയോർ പെർഫ്യൂം ദേഹത്തും കയ്യിലും ചെവിയുടെ പുറകിലും താടിയിലും ഒക്കെ അടിച്ചു നല്ല കുട്ടപ്പൻ ആയി. എല്ലാം കൂടി നാലുമിനിറ്റ് എടുത്തു.

ഞാൻ  - സോറി സന്ധ്യാ... ഐ ആം ജസ്റ്റ് ബാക് ഫ്രം ബാഡ്മിന്റൺ, സൊ വെൻറ് ഫോർ എ ക്വിക്ക് ഷവർ.

സന്ധ്യ - ഇറ്സ് ഓക്കേ... ആർ  യു ഫ്രം കേരളാ?

ഞാൻ  - അതേ... എങ്ങനെ മനസിലായി?
സന്ധ്യ - വനിത മാഗസിൻ ഇരിക്കുന്ന കണ്ടു
ഞാൻ  - ഓ ഓക്കേ... എവിടാ നാട്?
സന്ധ്യ - ഞാൻ ഇടുക്കികാരിയാണ്, ബട്ട് സെറ്റിൽഡ് ഇൻ ബാംഗ്ലൂർ, ഇപ്പോൾ ദുബായ്ക്കാരിയായി 
ഞാൻ  - ഞാൻ പാലാക്കാരനാ, കല്യാണം കഴിഞ്ഞോ...ഞാരിക്കുമോ?
സന്ധ്യ - ഞാൻ സെപ്പറേറ്റഡ് ആണ്, ഒരു മോളുണ്ട്, നാട്ടിൽ പേരെന്റ്സിന്റെ കൂടെയാണ്.
ഞാൻ  - അപ്പൊ ഇവിടെ ഒറ്റക്കാ?
സന്ധ്യ - ഉം...
ഞാൻ  - ഞാനും ഒറ്റക്കാ, ബട്ട് ഫാമിലി നാട്ടിലാണ്, ഇപ്പൊ വിട്ടതെ ഉള്ളൂ...
സന്ധ്യ - ഓ ഐ സീ.... എന്നാൽ ഞാൻ ഒന്ന് നോക്കിക്കൊട്ടെ?
ഞാൻ  - ആയിക്കോട്ടെ, എന്തേലും കുടിക്കാൻ?
സന്ധ്യ - ഒന്നും വേണ്ട
ഞാൻ - ഫീൽ കംഫർട്ടബിൾ

ഞാൻ അടുക്കളയിൽ ചെന്ന് പതുക്കെ അവളെ കാണാവുന്ന പരുവത്തിൽ നിന്ന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതു കൊണ്ട് കുറച്ചു വെണ്ടയ്ക്ക എടുത്തു അരിഞ്ഞു തുടങ്ങി.

ഞാനും ഒറ്റക്ക് അവളും ഒറ്റക്ക്. അവളാണെങ്കിൽ മുപ്പതുകളിൽ അഭിരമിക്കുന്ന വടിവൊത്ത നല്ല സുന്ദരി. ഞാനോ, നാല്പതുകളിൽ ഇഴഞ്ഞു ജീവിക്കുന്ന, തലയിലും താടിയിലും ദേഹിയിലും നരച്ച രോമങ്ങൾ ഉള്ള, കുടവയറും ജംഗമ വസ്തുക്കളും ഉള്ള, കണ്ണും കാതും കരളും മറ്റു അവയവങ്ങളും ക്ഷയിക്കാൻ തുടങ്ങിയ ഒരു പോഴൻ. എന്നാലും എന്ത് രസമാ അവളെ കാണാൻ. ഒഴുകി കിടക്കുന്ന അവളുടെ വസ്ത്രങ്ങളിൽ തെളിഞ്ഞു നിൽക്കുന്ന അവളുടെ വടിവുകൾ. കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ തോന്നി എനിക്ക്.

പെട്ടെന്നാണ് അത് സംഭവിച്ചത്, വെണ്ടയ്ക്കക്ക് പകരം ഒരു വെട്ടു കൊടുത്തത് എന്റെ വിരലിനായിരുന്നു. വിരലിൽ നിന്നും ചോര പൊടിഞ്ഞു, അത് കണ്ടതെ എന്റെ തല കറങ്ങി. നിലവിളി ശബ്ദം ഒന്നും ഇടുന്നതിനു മുമ്പേ ഞാൻ ധിം....

കണ്ണ് തുറക്കുമ്പോൾ ഞാൻ അവളുടെ മടിയിൽ ആണ്. ടോം ഫോർഡ് പെർഫ്യൂമിന്റെ മനസിനെ പിടിച്ചുലക്കുന്ന നല്ല മണം. എന്റെ മുറിഞ്ഞ കൈ അവൾ ഉയർത്തിപ്പിടിച്ചിരിക്കുന്നു... ദൈവമേ... അതിൽ നിന്നും ചോര പനക്കുമ്പോൾ അവൾ അതു പതുക്കെ വായിൽ വെച്ചു വലിച്ചെടുക്കുന്നു. ഹോ... എന്തൊരു സുഖം...ഞാൻ കണ്ണു തുറക്കാതെ ഇത്തിരി നേരം അങ്ങ് കിടന്നു.

സന്ധ്യ - ഡാ കള്ളാ.... സുഖിച്ചു കിടക്കുവാ അല്ലേ?
ഒരു കള്ളാ ചിരിയോടെ ഞാൻ കണ്ണ് തുറന്നു. ചെറിയ ചമ്മലോടെ പറഞ്ഞു.
ഞാൻ  - നല്ല രസമുണ്ടായിരുന്നു കിടക്കാൻ, അതാ അങ്ങ്....
സന്ധ്യ - എന്നാ ഇത്തിരി നേരം കൂടി കിടന്നോ....

സ്വർഗ്ഗീയ ലഹരിയിലാണ് ഞാൻ. തല അജിത്തിന്റെ നര പോലെ എന്റെ നരയുടെ ഭംഗിയെപ്പറ്റി, വൃത്തികെട്ട സിക്സ് പാക്കല്ലാതെ ഒരു ചെറിയ ഉണ്ണികുടവയർ ഉള്ളതിന്റെ രസത്തെ പറ്റി, എന്റെ തുടയിലെ ഉറച്ച മസിലുകളെ പറ്റി, കറുപ്പും ചുവപ്പും ഇടകലർന്ന എന്റെ ചുണ്ടുകളെ പറ്റി, അങ്ങനെ എന്നെ ഇന്ന് വരെ ഒരു പെണ്ണും പുകഴ്താത്ത വഴികളിലൂടെ അവൾ സഞ്ചരിച്ചു. ഞാൻ ആനന്ദസാഗരത്തിൽ ആറാടി. വികാരവിജൃഭിതനായി ഞാൻ അവളെ ആലിംഗനം ചെയ്തു. എന്റെ വിരലുകൾ അവളുടെ മുടിയിഴകളിൽ നാദങ്ങൾ വായിച്ചു. ശാരീരങ്ങൾ കൂട്ടിമുട്ടി അഗ്നിസ്പുലിംഗങ്ങൾ ഉണ്ടായി, ഇണചേരുന്ന മൂർഖൻ പാമ്പുകളെ പോലെ ഞങ്ങൾ പുളഞ്ഞു.

അപ്പോളാണ് മൊബൈലിൽ ഒരു വാട്സ്ആപ്പ് മെസേജ് വന്ന സൗണ്ട് കേട്ടത്. ഞങ്ങളുടെ പുളച്ചിൽ നിന്നു, പക്ഷെ ഞാൻ വീണ്ടും പുളയാൻ റെഡി ആയി. അപ്പോൾ അവൾ പറഞ്ഞു, മെസേജ് ഒന്ന് നോക്കിയേക്കൂ. ഓ.. എന്ന നോക്കാനാ... ഞാൻ വീണ്ടും പുളയാനായി ആഞ്ഞു..

പെട്ടെന്നാണ് "നിന്റെ മോന്റെ മെസേജ് ആണ്, എടുത്തു നോക്കെടാ പട്ടീ..."എന്നും പറഞ്ഞു അവൾ എന്റെ കരണക്കുറ്റി നോക്കി പൊട്ടിച്ചത്. അടിയുടെ ഏക്കത്തിൽ പൊട്ടിയ എന്റെ വായിലൂടെ ചോര ഒഴുകി.

കണ്ണ് തുറന്ന ഞാൻ പതുക്കെ സൈഡിൽ ഇരുന്ന ടിഷ്യൂ ബോക്സിൽ നിന്നും ഒരെണ്ണം എടുത്തു എന്റെ വായിൽ നിന്നും ഒഴുകിയ ഉമിനീർ കലർന്ന ഉറക്കത്തിൽ ഒലിക്കുന്ന ദ്രാവകം തുടച്ചുമാറ്റി. നാല് മക്കൾക്ക് പകരം കട്ടിലിൽ വെച്ചിരുന്ന നാല് തലയിണകൾ അപ്പോളും നിരന്നിരുന്നു. ഭാര്യയായി സങ്കല്പിച്ചു കല്പിച്ചിരുന്ന ബ്ളാങ്കറ്റ് പക്ഷെ നിലത്തു ചുരുണ്ടു കൂടി കിടക്കുകയായിരുന്നു. പതുക്കെ എണീറ്റ് ബ്ലാങ്കറ്റ് എടുത്തു, രണ്ടു തലയിണകൾ വീതം ഇരു കരങ്ങളിലും വെച്ചു ബ്ലാങ്കറ്റ് എടുത്തു പുതച്ചു....

വന്യമായ സ്വപ്നങ്ങൾക്ക് പോലും മാറ്റിവെക്കാനാവുന്നില്ല അവരെ.... ഒരു തുള്ളി മദ്യം ഇല്ലാതെ, ഒരു പുക പോലും എടുക്കാതെ, പള്ളിയിൽ പോകാതെ, പടക്കം പൊട്ടിക്കാതെ, ഏകനായി ഞാൻ ഈ ക്രിസ്തുമസ് ആഘോഷിക്കുന്നു മക്കളെ.....നിങ്ങളില്ലാതെ എനിക്കെന്താഘോഷം....


Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP