ഞാനൊരു പാവം പാലാക്കാരന്‍

കുഞ്ഞേപ്പിന്റെ വികൃതികൾ

>> Friday, December 13, 2019


ഒരു രണ്ടു മൂന്നു വയസ്സുള്ള കുട്ടികൾ പൊതുവെ വികൃതികൾ ആയിരിക്കും. നാലാമത്തെ ആൺതരി എന്ന നിലയിൽ കുറച്ചു നല്ല പോക്രി ആയി തോന്നിയിരുന്നെങ്കിലും അവന്റെ വികൃതിയുടെ പ്രകൃതി മനസിലായത് രണ്ടു മാസം മുൻപാണ്. കുഞ്ഞേപ്പ് ലോപിച്ചു കുഞ്ചു എന്നാക്കിയെങ്കിലും കയ്യിലിരിപ്പുകൊണ്ട് ഞങ്ങൾ വീണ്ടും വികസിപ്പിച്ചു അവന്റെ പേര് കുരിപ്പ് എന്നും കൂടുതൽ വികസിപ്പിച്ചു കടയാടി കുഞ്ചു (കടയാടി മോനെ സ്റ്റൈലിൽ) എന്നും ആക്കി.

രാത്രി ഒരു ഒൻപതര സമയം. ടി വി യിൽ കാർട്ടൂൺ കണ്ട് അതിലെ ഡോറമോളെ ലൈൻഅടിക്കാൻ പറ്റുമോ എന്ന് ചിന്തിച്ചു അവശനായി നിൽക്കുന്ന കുരിപ്പ് കുഞ്ഞേപ്പ്. കുറേശെ മുള്ളാൻ മുട്ടുന്നുണ്ട്, പക്ഷെ ഡോറ ഇങ്ങനെ വിരിഞ്ഞു നിൽക്കുമ്പോൾ എങ്ങനെ മൂത്രം ഒഴിക്കാൻ പോകും. കുത്താൻ വരുന്ന പോത്തിനേയും വേദം ഓതുന്ന അമ്മയെയും, കൊത്താൻ വരുന്ന പാമ്പിനെയും പോരിന് വരുന്ന ചേട്ടന്മാരെയും പേടിയില്ലെങ്കിലും അവനെ കീഴടക്കാൻ ജന്മം എടുത്ത അവതാരം ആണ് എട്ടുകാലി. കൂട്ടിനു ഈച്ചയും കൊതുകും. ഇവറ്റകളെ കണ്ടാൽ ഉടനെ ഋ പറയാനുള്ള ത്രാണി ആകാത്തതിനാൽ പാണി എന്ന് പറഞ്ഞു പുള്ളിക്കാരൻ ഓടും.  അതിനാൽ തന്നെ ബാത്‌റൂമിൽ ഒറ്റക്ക് പോകാൻ ഒടുക്കത്തെ പേടിയും.

കുരിപ്പിനു വൃത്തി ഇത്തിരി കൂടുതൽ ഉള്ളത് കൊണ്ട് ഒന്ന് മുള്ളിയാൽ ഉടനെ ഡയപ്പർ ഊരിക്കളയും. ആഗോള സാമ്പത്തിക മാന്ദ്യം പ്രമാണിച്ചും എണീറ്റ് നിന്ന് മുള്ളാനുള്ള പ്രായം ആയതിനാലും അമ്മ അവന്റെ ഡയപ്പർ അങ്ങ് മാറ്റി. ആദ്യം ഒക്കെ നിക്കറിൽ മുള്ളിയാൽ സ്നേഹത്തോടെ പറഞ്ഞു കൊടുക്കുമായിരുന്നു, ഇപ്പോൾ അമ്മയുടെ നല്ല നുള്ളു കിട്ടും.

ചേട്ടന്മാരെ ഒന്ന് വിളിച്ചു നോക്കി, അവൻമാരും ഡോറായിൽ ആകൃഷ്ടരായി ഇരിക്കുകയാണ് എന്ന് തോന്നുന്നു. അപ്പന്റെ മക്കളല്ലേ (മടി ആണ് ഉദ്ദേശിച്ചത്), ഒരുത്തനും സഹായിച്ചില്ല. അമ്മ കുളിക്കാനും പോയി, അപ്പുറത്തെ ടോയ്‌ലെറ്റിൽ പോകാൻ പേടിയും. പെട്ടെന്ന് അവൻ തിരിഞ്ഞു നോക്കി, അതാ അടുക്കളയിൽ ലൈറ്റ്. മറ്റൊന്നും ആലോചിച്ചില്ല, ഡോറയിൽ നിന്നും കണ്ണെടുക്കാതെ അടുക്കളയിൽ പോയി, വാതിലിന്റെ ഇടയിലൂടെ ഡോറയെ നോക്കിക്കൊണ്ടു വൃത്തത്തിൽ അങ്ങോടു തകർത്തു. എന്നിട്ടു ഒന്നും അറിയാത്ത പോലെ വന്നു സോഫയിൽ ഇരുന്നു വീണ്ടും വായിനോക്കി ഇരുന്നു.

അപ്പുറത്തെ മുറിയിൽ സകല പുണ്യന്മാരുടെയും പ്രാർത്ഥനയും ചൊല്ലി ചെറു മയക്കത്തിൽ കിടന്ന അവന്റെ അമ്മമ്മക്ക് പെട്ടെന്ന് ഇത്തിരി വെള്ളം കുടിക്കാനുള്ള ഒരു ഉൾവിളി ഉണ്ടായി. അമ്മമ്മ അടുക്കളയിൽ ചെന്നു, കൃത്യം കുരിപ്പിന്റെ മൂത്രത്തിൽ ചവിട്ടി തെന്നി വീണു. കൈ ഒടിഞ്ഞു, തല മുറിഞ്ഞു, വേദനകൊണ്ടു അമ്മമ്മ പുളഞ്ഞു. പിന്നെ ആളായി, ബഹളം ആയി, വണ്ടിയായി, അമ്മമ്മയും കൂടെ അവന്റെ അമ്മയും എല്ലാം കൂടി ആശുപത്രിയിൽ പോയി. കുരിപ്പ് വീട്ടിൽ കിടന്നു സുഖമായി ഉറങ്ങി.

കൈ ഒടിഞ്ഞ അമ്മമ്മ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞു വീട്ടിൽ വന്നു. കാണാൻ ആൾക്കാർ വരുന്നു, ചായ, ജ്യൂസ്, ചിപ്സ്, സ്നാക്ക്സ് അങ്ങനെ കുരിപ്പിനു ആകെ ഓളം ആണ്. ഇവനാണോ കൈ ഒടിച്ച വികൃതി എന്നാരോ ചോദിച്ചപ്പോൾ, പാവം അവനെന്തു അറിഞ്ഞിട്ടാ, കുഞ്ഞല്ലേ എന്നൊക്കെ പറഞ്ഞു അമ്മമ്മ അവനെ ചേർത്ത് പിടിച്ചു. ചേട്ടന്മാർ ആരും ഈ കാര്യം പറഞ്ഞു മേലാൽ അവനെ കളിയാക്കരുത്, കുഞ്ഞുമനസിനു വേദനിക്കും എന്നൊക്കെ അമ്മമ്മ മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്തു. അവനാരാ മോൻ...അമ്മമ്മയുടെ കയ്യിലിരുന്ന ജിലേബി കൂടി വാങ്ങിച്ചു കൊണ്ട് അവൻ വീണ്ടും ഓടി തകർത്തു.

ഡോറ കഴിഞ്ഞാൽ പുള്ളിക്കാരന് ഇഷ്ടം പെപ്പ പിഗ് ആണ്. കുത്തിയിരുന്നു കണ്ടാൽ പിന്നെ പുള്ളിക്ക് എങ്ങനേലും മഡ്‌ഡി പഡിൽ നടത്തണം. കരകൗശല വിദ്വാൻ ആയ പാപ്പിയുടെ ഗൈഡൻസിൽ ഒരു പ്രാവശ്യം വെള്ളം ഒഴിച്ച് ചെളി കുഴക്കുന്നത് പുള്ളി പഠിച്ചു, അതോടെ വീടിന്റെ കാര്യം ഗോപി. ചെളി ചവുട്ടി വീട്ടിൽ കയറ്റുക, അമ്മയുടെ നുള്ളും കിഴുക്കും വാങ്ങുക ഇതൊക്കെ ശീലമായി. എത്ര വേണ്ടെന്നു വെച്ചാലും ടി വി യിൽ പെപ്പ പിഗ് കണ്ടു കഴിയുമ്പോൾ അവനു ഒന്ന് ചെളിയിൽ ചാടണം. അതു കണ്ടാൽ പിന്നെ അമ്മയെയും കോക്കുവിനെയും അവനു സ്നേഹം ആണ്. അമ്മ പിഗ് , കോക്കു പിഗ് എന്ന് വിളിച്ചു ഒന്ന് സ്നേഹിക്കും, ഇത്തിരി ചെളി അവർക്കും കൊടുക്കും.

രണ്ടാഴ്ച മുമ്പ് ഒരു സായാഹ്നം. കാര്യം ഡിസംബർ ആണെങ്കിലും അത്യാവശ്യം നല്ല ചൂടും ഉണ്ട് ഇപ്പോൾ. വീടിന്റെ പുറകുവശത്തുള്ള പൈപ്പിൽ നിന്നും വെള്ളം എടുത്തു ഉടുക്കാകുണ്ടൻ ആയി ചെളിയിൽ ചവുട്ടി ഉല്ലസിച്ചു നിന്നപ്പോളാണ് പൂവൻകോഴി പതുക്കെ അവനെ ഒന്ന് സൂക്ഷിച്ചു നോക്കിയത്. അവനതത്ര ഇഷ്ടപ്പെട്ടില്ല, പോരാത്തതിന് നേരം ചെറുതായി ഇരുട്ടാനും തുടങ്ങി. നീ എന്നെ നോക്കി പേടിപ്പിക്കുന്നോ പരട്ട പൂവാ എന്ന് മനസ്സിൽ വിചാരിച്ചു പൂർവാധികം ധൈര്യം സംഭരിച്ചു അവൻ വീട്ടിലേക്ക് ഓടി കയറി. കയ്യും കാലും കഴുകിയില്ലെങ്കിൽ അമ്മേടെ പിച്ചുകിട്ടും, പുറത്തോട്ടു പോകാൻ പേടിയും. നേരെ അടുക്കളയിൽ ചെന്ന് ഫ്രിഡ്ജ് തുറന്നു തണുത്ത വെള്ളം ഒഴിച്ച് കാലു കഴുകി. അടുക്കളയിൽ നിന്ന് എന്തോ ഒച്ച കേട്ട്, ഉലത്തി വെച്ച പോത്തിറച്ചി തിന്നാൻ കയറിയ പൂച്ചയോ മറ്റോ ആണെന്ന വർണ്ണ്യത്തിൽ ആശങ്കയോടെ വന്ന അവന്റെ അമ്മ ആ ചെളി കഴുകിയ വെള്ളത്തിൽ ചവുട്ടി അമ്മമ്മ വീണ അതെ സ്ഥലത്തു വീഴുകയും ചെയ്തു. ദൈവാനുഗ്രഹത്താൽ കുണ്ടിക്ക് ചെറിയ ചളുക്കം അല്ലാതെ ഒടിവും പൊട്ടലും ഒന്നും സംഭവിച്ചില്ല. ആ കുരുപ്പിന്റെ  മുകളിൽ എങ്ങാനും വീണിരുന്നെങ്കിൽ തറയിൽ നിന്നും ഒട്ടിച്ച സ്റ്റാമ്പ് പറിച്ചെടുക്കുന്ന പോലെ എടുക്കേണ്ടി വന്നേനെ. പിന്നെ അടിയായി, നുള്ളും പിച്ചും കരച്ചിലും പിഴിച്ചിലും അങ്ങനെ കുഞ്ചുന്റെ കാര്യം പിന്നേം പോക.

ഏങ്ങലടി ഒക്കെ ഒന്ന് ഒതുങ്ങി, മൂത്തവന്മാർ ടി വി യിൽ സിനിമ കാണുന്നു. പാപ്പി മുൻവശത്തെ വാതിൽ തുറന്നു ജസ്റ്റ് ഒന്ന് പുറത്തേക്ക് ഇറങ്ങി പേടിയോടെ ആണെങ്കിലും വാതിൽപടിയിൽ പിടിച്ചു കൊണ്ട് അന്ന് പകൽ ഫിറ്റുചെയ്ത നക്ഷത്രത്തിന്റെ രാത്രി ഭംഗി നോക്കി നിൽക്കുന്നു. സിനിമയിൽ മോഹൻലാൽ ഒന്ന് വിരിഞ്ഞു. അപ്പോളാണ് കുഞ്ഞേപ്പിനു തന്റെ ഫേവറിറ്റ് ആയ "എന്റെ പിള്ളേരെ തൊടുന്നൊടാ" എന്ന ഡയലോഗ് ഓർമ്മ വന്നത്. അവന്റെ ഏറ്റവും ഇഷ്ടമുള്ള സീൻ അതാണ്. നേരെ കാലു പൊക്കി വാതിലിലേക്ക് ചവുട്ടി ഡയലോഗ് ഒന്ന് വിട്ടു. പാപ്പിയുടെ രണ്ടു വിരൽ വാതിലിനു ഇടയിൽ പോയി ചതഞ്ഞു. പിന്നെ വണ്ടി വരുന്നു, ആളുകൾ വരുന്നു, ഒച്ച ബഹളം ആശുപത്രിയിൽ പോക്ക് അങ്ങനെ ജഗപൊക.

പരോപകാരം പ്രദമായ ഒത്തിരി കാര്യങ്ങൾ അവൻ ചെയ്യാറുണ്ട്. അമ്മിഞ്ഞ കുടിച്ചു ഉറങ്ങിക്കൊണ്ടു കിടക്കുന്ന തുമ്പിയുടെ വായിൽ നിന്നും അമ്മിഞ്ഞ മാറ്റി അമ്മയെ സഹായിക്കുക, അപ്പോൾ കരയുന്ന തുമ്പിയുടെ വാ പൊത്തിപ്പിടിക്കുക, പകൽ കിടന്നു നന്നായി ഉറങ്ങിയിട്ട് രാത്രിയിൽ എല്ലാവരും ഉറങ്ങുമ്പോൾ ഉറങ്ങാതെ കാവൽ ഇരിക്കുക, കറിക്കകത്തു ഉപ്പു വാരിഇട്ടു സഹായിക്കുക അങ്ങനെ ഓരോന്ന്.

കൂടാതെ എല്ലാരും കൂടി ഏതേലും പ്രോഗ്രാം കാണുമ്പൊൾ ടീ വി ഓഫ് ചെയ്യുക, വഴക്കു പറഞ്ഞാൽ മുറിയുടെ മൂലയിൽ പോയി മൂത്രം ഒഴിച്ച് വെക്കുക, മടക്കി വെച്ചിരിക്കുന്ന ചേട്ടന്മാരുടെ തുണി വലിച്ചു നിരത്തി ഇടുക,  കട്ടിലിൽ നിന്നും എടുത്തു ചാടി തലേം കുത്തി വീണു തലയിൽ അഞ്ചാറു സ്റ്റിച്ച് ഇടുക, മുട്ട താഴെ ഇട്ടു പൊട്ടിച്ചു രസിക്കുക, നാട്ടുവെച്ചിരിക്കുന്ന ചെടികൾ വലിച്ചു പറിച്ചു കളയുക തുടങ്ങിയ എണ്ണിയാൽ ഒടുങ്ങാത്ത കുസൃതികളും ആയി അങ്ങനെ വാഴുകയാണ് അവനവിടെ.

ഈ ഞായറാഴ്ച പൈക പള്ളി പെരുന്നാൾ ആണ്. പണ്ടത്തെപ്പോലെ അലങ്കാരം ഒന്നും ഇല്ലെങ്കിലും കുറെ വീപ്പയും നാട്ടി കുറച്ചു തോരണവും വലിച്ചു കെട്ടിയിട്ടുണ്ട്. കുഞ്ഞേപ്പും അമ്മയും കൂടി ആധാറിന്റെ കാര്യം ശരിയാക്കാനായി അക്ഷയ സെന്റർ ലക്ഷ്യമാക്കി നടക്കുന്നു. ഫോട്ടോയിൽ എന്തെങ്കിലും കാണാൻ വേണ്ടി വെള്ള ഡ്രസ്സ് ആണ് ഇടീപ്പിച്ചിരിക്കുന്നത്. ഷാജിച്ചേട്ടന്റെ മുറുക്കാൻ കടയുടെ മുമ്പിൽ ഗ്ലാസ് കഴുകിയ വെള്ളം റോഡിൽ ഒഴിച്ചത് കുറച്ചു കിടപ്പുണ്ട്. അത് കണ്ടതോടെ കുഞ്ഞേപ്പിന്റെ കൺഡ്രോൾ പോയി. നേരെ ചെന്ന് അതിൽ ഒറ്റ ചട്ടം, ചെളി നിറയെ അവന്റെ ദേഹത്തും അവന്റ അമ്മയുടെ ദേഹത്തും. വളരെ സന്തോഷത്തോടെ അവൻ വിളിച്ചു അമ്മാ പിഗ്....വഴിയിൽ നിന്നവരൊക്കെ ചിരിച്ചു. അമ്മയുടെ കുരു പൊട്ടി, അപകടം മണത്തറിഞ്ഞ അവൻ കേണു, അമ്മാ പ്ലീസ്, നുള്ളല്ലേ അമ്മേ, അടിക്കല്ലേ അമ്മേ...ചെളിപിടിച്ച ഉടുപ്പ് കഴുകുന്ന കാര്യവും നാട്ടുകാരുടെ ചിരിയും കാരണം കലി കയറിയ അമ്മ അവന്റെ തുടയിൽ ഒരു നല്ല നുള്ളുവെച്ചു കൊടുത്തു.

ഇത്രയും നല്ല ചെളി കിട്ടിയപ്പോൾ സന്തോഷിച്ച തന്നെ ഉപദ്രവിച്ച അമ്മയോടുള്ള ദേഷ്യത്തിൽ  അടുത്ത് കണ്ട പോസ്റ്റിൽ കാലു പൊക്കി വെച്ച് അവൻ ലൂസിഫർ ഡയലോഗ് പറഞ്ഞു "എന്റെ പിള്ളേരെ തൊടുന്നൊടാ". കൂടെ പ്രതിഷേധ സൂചകം ആയി അവൻ ഇത്തിരി നന്നായി തന്നെ നിക്കറിൽ മൂത്രവും ഒഴിച്ചു. പെട്ടെന്ന് സ്‌സ് സ് എന്നൊരു ഒച്ചകേട്ടു, സുനയും പൊത്തിപ്പിടിച്ചു കുരിപ്പ്  കുഞ്ഞേപ്പ് നിലത്തു വീണു. പിന്നെ ആളുകൂടി പതിവുപോലെ ഒച്ച, വണ്ടി, ആശുപത്രി ബഹളങ്ങൾ.

ഹോസ്പിറ്റൽ അവനെ കൊണ്ടുപോയപ്പോൾ മുതൽ ടെൻഷൻ അടിച്ചിരുന്ന എനിക്ക് അവൾ ഒരു ഫോട്ടോ അയച്ചു തന്നു. സുനയും പൊത്തിപിടിച്ചു വിഷമത്തോടെ ഇരിക്കുന്ന കുഞ്ഞേപ്പ്! കൂടെ കമെന്റ്, ഇനി ഇവൻ നിക്കറിൽ എന്നല്ല, മൂത്രമേ ഒഴിക്കില്ലെന്നാ തോന്നുന്നത് എന്ന്. വാശിയിൽ മൂത്രമൊഴിച്ചപ്പോൾ എർത്തു കമ്പിയിൽ നിന്നും ഷോക്ക് കിട്ടിയതായിരുന്നു പാവത്തിന്.

അകലങ്ങളിൽ ഇരുന്നു മക്കളുടെ കാര്യത്തിൽ ടെൻഷൻഅടിക്കാൻ വിധിക്കപ്പെട്ട ഗതികെട്ട അപ്പൻ ആയ എനിക്ക് ടെൻഷൻ കൂടി. കല്യാണം കഴിഞ്ഞാലും ഈ ഷോക്കിന്റെ പേടിയിൽ ഇവൻ അതും പൊത്തിപിടിച്ചു ഇനി ഇരിക്കുവോ ആവോ?Read more...

മഴത്തുള്ളികൾ

>> Friday, September 20, 2019

ഒരു കുഞ്ഞു അവധിക്കാലം... ഇരുണ്ടു മൂടിക്കെട്ടിയ മാനം.....

കോരിച്ചൊരിയുന്ന മഴയുടെയും, ക്ലാരയുടെയും, കാച്ചിയ വെളിച്ചെണ്ണയുടേയും, മുല്ലപ്പൂവിന്റെയും പ്രചോദനത്താൽ, ദീർഘദൃഷ്ടി ഇല്ലാതെ നടത്തിയ കോലാഹലങ്ങളുടെ പരിണതഫലമായി കരസ്ഥമാക്കിയ ചെറുതും വലുതുമായ ട്രോഫികൾ തേരാപ്പാര നടക്കുന്നതിനാൽ, സ്വന്തം ഭാര്യയെ സ്വസ്ഥമായി ഒന്ന് സൈറ്റ് അടിക്കാൻ പോലും ആവാതെ വിഷണ്ണനായി വിഷാദനായി നിർവികാരനായി കാറ്റത്ത് തെങ്ങോല ആടുന്നതും നോക്കി ഇരിക്കുന്ന സമയം. വന്യമായ ചിന്തകൾ പലതും കടന്നു പോയതിന് ഇടയിൽ വന്ന ഒരു കൊച്ചു പ്ലാൻ. ഈ പെരുമഴയത്ത് ബസ്സിൽ കയറി എങ്ങോട്ടെങ്കിലും ഒന്ന് യാത്ര ചെയ്താലോ എന്ന്.

പിന്നെ ഒട്ടും അമാന്തിച്ചില്ല, ഭാര്യയുടെ പേഴ്സിൽ നിന്ന് ഒരു 500 രൂപയും എടുത്ത് മുണ്ടും മടക്കി കുത്തി നമ്മൾ നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു. സ്കൂൾ വിട്ട സമയം ആയതിനാൽ ബസ്സിൽ നല്ല തിരക്കായിരുന്നു. പണ്ടത്തെപ്പോലെ കൈകൾക്കൊന്നും ബലം ഇല്ലാത്തതിനാൽ കമ്പിയിൽ പിടിച്ചു, പൃഷ്ഠം ഒരു സീറ്റിന് സൈഡിൽ താങ്ങി വെച്ചുകൊണ്ട് ബാലൻസ് ചെയ്തു നിന്നു.

ബസ് നിറയെ പിള്ളേർ. രണ്ടു മുതിർന്ന കുട്ടികൾ ഇരിക്കുന്ന സീറ്റിന്റെ സൈഡിൽ ആണ് ഞാൻ നിക്കുന്നത്. മുതിർന്നവർ എന്ന് സീറ്റിന്റെ മുകളിൽ എഴുതി വെച്ചിട്ട് ഉണ്ടെങ്കിലും, പഴയ ക്ളോക്കിന്റെ പെന്റുലം പോലെ ഞാൻ നിന്നാടുന്നുണ്ടെങ്കിലും, എന്റെ ചർമം കണ്ടിട്ടാവണം അവന്മാർക്ക്‌ ഒരു ദയയും ഇല്ല.

അവരിൽ ഒരുവൻ ഇത്തിരി കറുത്തിട്ടാണെങ്കിലും മിരുമിരുപ്പൻ ആണ്. പുറകിൽ നിൽക്കുന്നവരെ ഞോണ്ടുന്നു, ഇടിക്കുന്നു, തമാശ പറയാൻ ശ്രമിക്കുന്നു, അങ്ങനെ ആകെ കൂടെ കോലാഹലം ആണ്.

കമ്പിയിൽ തൂങ്ങി നിന്ന് ബസ്സിന്റെ ആരോഹണ അവരോഹണ ചാഞ്ചട്ടങ്ങൾക്കിടയിൽ ആടിയുലഞ്ഞു നിന്നിരുന്ന ഞാൻ അതിന്റെ ഇടയിലും കണ്ടൂ, വളരെ വിദഗ്ദമായി അവന്റെ കണ്ണുകൾ മുൻപിൽ നിൽക്കുന്ന പെൺകുട്ടിയുടെ കണ്ണുകളുമായി സംസാരിക്കുന്നത്. കൂട്ടുകാരുമായി സല്ലപിക്കുന്നതിന്റെ ഇടയിൽ സൂക്ഷ്മ ചലനങ്ങൾ കണ്ണിമ വഴി നടത്തുന്നത് കണ്ടപ്പോൾ, ആ പെണ്ണിന്റെ നിർവൃതി കണ്ടപ്പോൾ, മനസ് കുറച്ചു വർഷങ്ങൾ പിന്നിലേക്ക് പാഞ്ഞു.

ഒരു വൈകുന്നേരം, സെന്റ് തോമസ് കോളേജിൽ നിന്നും വീട്ടിൽക്കുള്ള സെന്റ് മേരി ബസിൽ ഇരിക്കുന്നു. കോരിച്ചൊരിയുന്ന മഴ. അന്നൊക്കെ ഇന്നത്തെപ്പോലെ ഷട്ടറും ഗ്ലാസും ഒന്നും ബസിനില്ല. പടുതായും കമ്പിയിൽ കെട്ടാനുള്ള ഒരു വള്ളിയും ആണ് അന്നുള്ളത്. അതിന്റെ ഒരു മണവും പിന്നെ ബസിലെ ആൾക്കാരുടെ ഒരു വിയർപ്പു മണവും എല്ലാം ഒരു നൊസ്റ്റാൾജിക് ഓർമ്മകൾ  തന്നെ. ബസിൽ കയറിയാൽ സ്ത്രീകളുടെ സീറ്റിന്റെ തൊട്ടു പുറകിലുള്ള സീറ്റിൽ ഇരിക്കാനാണ് എല്ലാവർക്കും ഇഷ്ടം, അവിടെ മാത്രം സൈഡ് സീറ്റ് ഒരു പട്ടിക്കും വേണ്ട. അന്നെന്തോ ആ ഭാഗ്യം എനിക്ക് ലഭിച്ചു. സൈഡ് സീറ്റിൽ വിൽസൺ വിഷണ്ണനായി എന്റെ ഭാഗ്യം ഓർത്ത് വ്യസനിച്ചിരിക്കുന്നു. കോളേജിൽ നിന്നും ബസ് വന്നു പാലാ സ്റ്റാൻഡിൽ നിർത്തി. ഗേൾസ് സ്‌കൂളിലെ പെൺകുട്ടികൾ ഇടിച്ചു കയറി, എന്റെ സീറ്റും കഴിഞ്ഞു രണ്ടു സീറ്റ് പുറകിൽ വരെ അവർ ഉണ്ട്. കണ്ടക്ടർ കുട്ടൻ അങ്ങ് കേറി നില്ല് പിള്ളേരെ എന്ന് പറഞ്ഞു അവരെ വീണ്ടും വീണ്ടും പുറകിലേക്ക് മാറ്റി നിർത്തുന്നു.

പൊരിഞ്ഞ മഴ, പടുത താഴ്ത്തി ഇട്ടിരിക്കുന്നതിനാൽ കുറ്റാകുറ്റിരുട്ട്. നനഞ്ഞ പടുതയുടെയും വിയർത്ത കുട്ടികളുടെയും ഒരു കൊനഷ്ടു ഗന്ധം അന്തരീക്ഷത്തിൽ ഉണ്ടെങ്കിലും ഉള്ളിൽ മുഴുവൻ കുളിരാണ്. അമീബ ഇര പിടക്കാനിറങ്ങിയ പോലെ വിരുതന്മാർ ആ ബസിൽ ഇര പിടിക്കുന്നുണ്ടാവണം. പക്ഷെ പരിശുദ്ധ പ്രേമത്തിന്റെ വാക്താവും സർവോപരി ദുരഭിമാനത്തിന്റെ ഉത്തുംഗശൃംഗത്തിൽ വ്യാപരിക്കുന്നവനും ആയ ഞാൻ അത്തരം ദുഷ്ടകർമ്മങ്ങളിൽ ഒന്നും ഏർപ്പെടാതെ ആത്മസംയമനത്തോടെ എന്റെ ലിസ്റ്റിലുള്ള ഏതെങ്കിലും കുട്ടികൾ ഇതിൽ കയറിയിട്ടുണ്ടോ എന്ന് ആരും കാണാതെ ഊളിയിട്ടു നോക്കികൊണ്ടിരുന്നു.

അപ്പോളാണ്, കഴിഞ്ഞ കുറച്ചു കാലങ്ങളായി എന്റെ ഉറങ്ങാൻ കിടക്കുന്ന സമയം മുഴുവൻ മനസ്സിൽ തേൻ കിനിയുന്ന സങ്കല്പങ്ങളിൽ വന്നു നിറയുന്ന സെലിൻ പുറകോട്ടു വരുന്നത് ഞാൻ കണ്ടത്. മാതാവിന് ഒരു അമ്പത്തിമൂന്നു മണിജപം നേർന്നു, അവൾ എന്റെ സീറ്റിന്റെ അരികിൽ നിൽക്കാനുള്ള യോഗത്തിനു വേണ്ടി. ഒരു റിസ്ക് എടുക്കേണ്ട എന്ന് വെച്ച് കാണാതെ പോയ സാധനങ്ങൾ കണ്ടുകിട്ടാനുള്ള മധ്യസ്ഥനായ അന്തോനീസ് പുണ്യാളനും, പാമ്പ്, തേള് മുതലായ ക്ഷുദ്രജീവികളുടെ അന്തകനായ അരുവിത്തുറ പുണ്യാളനും ഓരോന്ന് നേർന്നു. നേർച്ചകളുടെ ശക്തി ലേശം കൂടിയതിനാലാവണം, അവൾ എന്റെ തോളിൽ അറിയാതെ സ്‌കൂൾ ബാഗ് വെച്ച് ഉരുമ്മി പുറകിലത്തെ സീറ്റിന്റെ അടുത്തേക്ക് പോയി. കറക്ട് പ്രാർത്ഥന ആയിരുന്നെങ്കിൽ അവൾ എന്റെ അടുത്ത് നിന്നേനെ....

ഭൂത പ്രേത പിശാചുക്കളിൽ നിന്നും ചിന്തകൾ മാറാനുള്ള എന്റെ ഒറ്റമൂലി ആയിരുന്നു ഏതെങ്കിലും നല്ല പെണ്ണുങ്ങളെ എന്റെ പ്രണയിനി ആയി സങ്കല്പിച്ചു രാത്രിയിൽ കിടക്കുക. പേടി ഓർമയിൽ വരില്ല, നല്ല സുഖ ഉണ്ടുതാനും. അങ്ങനെ എന്റെ രാത്രികളിൽ പ്രണയത്തിന്റെ  മഞ്ഞു തുള്ളികൾ വാരിവിതറിക്കൊണ്ടിരുന്ന പൊന്നു സെലിൻ, അവൾ പിന്നിലുണ്ടെന്ന വിചാരം തന്നെ എന്നെ ഒരു ധൃതങ്കപുളകിതൻ ആക്കി. പെട്ടെന്ന് കോനാകൃതികൾ ഒക്കെ നിർത്തി ഞാൻ ഒരു ആഢ്യൻ, കുലീനൻ ആൻഡ് കുബേരൻ ആകാനുള്ള ശ്രമം നടത്തി. മടക്കി കുത്തി ചെരച്ചു കേറ്റിയിരുന്ന മുണ്ട് അഴിച്ചിട്ട് കര ഒക്കെ നേരെ ഇട്ടു നടു നിവർത്തി ഇരുന്നു. ഇനി അവളെ എങ്ങനെ ഇമ്പ്രെസ് ചെയ്യിക്കും എന്ന ചിന്ത എന്റെ കുടിലബുദ്ധിയിൽ ചികഞ്ഞു തുടങ്ങി.

മനസിൽ തോന്നിയ ഐഡിയ എക്സിക്യുട്ടു ചെയ്യാനായി ഞാൻ വിത്സന്റെ കയ്യിൽ പിടിച്ചു. ഞെട്ടിത്തരിച്ചു പോയി വിൽസൺ  - " എന്തോ കോപ്പിലെ തണുപ്പാടാ നിന്റെ കയ്യിൽ? കൊട്ടക്കകത്തു കൈയിട്ടേച്ചു വരുവാണോ? ഐ മീൻ ഐസിട്ട മീൻകൊട്ട"

എന്റെ മുഖത്തു ജഗതിയുടെ ഉദയനാണ് താരത്തിലെ പോലെ സ്പെഷ്യൽ ഭാവം വന്നു. " എന്റെ പൊന്നു വത്സാ.... "

വിത്സൺ - "പോടാ പട്ടി..ക..&^^%$ .മോനെ...നിന്റെ അമ്മായിപ്പനാടാ വത്സൻ"

ഏതു കോപ്പിലെ സമയത്താണോ അത് നാക്കിൽ കയറി വന്നത്, അവനു ഏറ്റവും കലിയുള്ളതാണ് വത്സൻ എന്ന വിളി. അവൻ പേര് മാറ്റി വല്ല ശശിയോ സോമനോ ആക്കാൻ പോലും റെഡി ആയിരിക്കുന്ന സമയത്താണ് എന്റെ ഒടുക്കത്തെ വിളി. ഞാൻ കാലേ പിടിച്ചു - "എന്റെ പൊന്നു വിൽസാ... നാറ്റിക്കരുത്, അറിയാതെ വന്ന വികട സരസ്വതി ആണ്. എന്നെ നീ സഹായിക്കണം"

വിത്സൺ - "നാളെ പെറോട്ടയും മുട്ടക്കറിയും പിന്നെയൊരു വിൽസും, എങ്കിൽ ഓക്കേ..."

ഞാൻ " എല്ലാം ഓക്കേ.. അതേ.. ഇപ്പോ നീ തിരിഞ്ഞു നോക്കരുത്"

അത് പറഞ്ഞു കഴിയുന്നതിനു മുമ്പേ അവൻ തിരിഞ്ഞു നോക്കി. ഈ മരയൂളയെ തന്നെയാണല്ലോ ദൈവമേ നീ എന്റെ അടുത്ത് ഇരുത്തിയത്....

അവന്റെ മുഖത്ത് ഒരു അളിഞ്ഞ ചിരി വന്നു, " നിന്റെ സെലിൻ ആണ് പുറകിൽ അല്ലേ?"

ഞാൻ പറഞ്ഞു - " എന്റെ പൊന്നു കുട്ടാ, നീ എന്നെ ഒന്ന് പൊക്കി പറയണം. ഇനി ഇങ്ങനെ ഒരു അവസരം കിട്ടി എന്ന് വരില്ല. പുറകിൽ ഇരിക്കുന്ന സുരേഷിനോടോ വിനുവിനോടോ എന്നെപറ്റി ഇത്തിരി പുകഴ്‍ത്താമോ? അത് കേട്ട് അവൾക്ക് ഒരു ബഹുമാനം ഒക്കെ തോന്നി എന്നെ പ്രേമിക്കാൻ തോന്നണം."

കാര്യം ഞാൻ ഉൾപ്പെടെ ഉള്ള അസൂയക്കാർ അവന്റെ ലൈൻ അമ്പിളി ബസിൽ അവന്റെ അടുത്ത് നിന്ന സമയം, അവൻ കോളേജിൽ ഇരുന്നു ഉറങ്ങിയപ്പോൾ ഈത്താ ഒലിപ്പിച്ച കാര്യവും, വളി വിട്ട കാര്യവും ഒക്കെ പറഞ്ഞു അവനെ നാറ്റിച്ചതാണെങ്കിലും ഒരു പ്രണയത്തിന്റെ വില അവനറിയാം. അവൻ ഒരു മുത്തായിരുന്നു ശരിക്കും....തിരിച്ചറിയാൻ വൈകിയെങ്കിലും.

ആ കാര്യം ഞാനേറ്റു എന്ന് പറഞ്ഞു അവൻ തിരിഞ്ഞു സുരേഷിനോട് പറഞ്ഞു.

വിൽസൺ  - "എടാ ചൊറിയൻ സുരു, ഈ വാഴക്കാവരയൻ ഞായറാഴ്ച MM 540  ഓടിച്ചോണ്ടു ഞങ്ങടെ വീടിന്റെ അതിലെ വന്നെടാ.... സൂപ്പർ വേണ്ടിയാ.."

സുരേഷ് - "ചൊറിയൻ നിന്റപ്പൻ....., പിന്നെ എന്റപ്പന് വണ്ടി ഒണ്ടാരുന്നേൽ ഞാനും ഓടിച്ചോണ്ടു വന്നേനെ."
പിന്നെ സുരേഷ് തുടർന്നു - "പിന്നെ ജീപ്പെന്നു പറഞ്ഞാൽ ഇന്റർനാഷണൽ തന്നെ നല്ലതു. MM 540 അത്ര പോര."

വിൽസൺ  - "എടാ ഇത് സൈഡിൽ ഡോറും ലോക്കും ഒക്കെയുള്ളതാ. കാണാനും നല്ല രസമാ.."

സുരേഷ് - "ഓ.. അതിപ്പം എന്നാ ലോക്കൊണ്ടേലും പുറകിൽ പടുതാ അല്ലെ? പിന്നെ എന്തു ലോക്ക്. പിന്നെ കാഴ്ച്ചയിൽ എന്ത് കാര്യം, പെർഫോമൻസ്‍ അല്ലെ പ്രധാനം."

ഈ കോന്തന്മാർ ഇനി ഇതും തർക്കിച്ചോണ്ടിരിക്കാൻ ആണോ ഭാവം, ഞാൻ പതുക്കെ ഒന്നുകൂടി വിത്സന്റെ കാലിൽ ചവുട്ടി. ചിലപ്പോളൊക്കെ അവനു വിവരമുണ്ട്, അതുകൊണ്ടു അവനു കാര്യം മനസ്സിലായി.

വിൽസൺ  - "എന്നാണേലും അവന്റെ ഓടീര് സൂപ്പറായിരുന്നു"

സുരേഷ് - "എടാ നിനക്ക് വണ്ടി ഓടിക്കാൻ അറിയാമോ?

വിൽസൺ  - "ഇല്ല"

സുരേഷ് - "എടാ വത്സാ... പിന്നെ നീ എന്ത് കണ്ടിട്ടാ അവന്റെ ഓടീര് നല്ലതാണെന്നു പറയുന്നത്? നാട്ടിൽ വാണം വിട്ടു നടക്കുന്നവൻ റോക്കറ്റ് വിടുന്നതിനെ പറ്റി പറയുന്നപോലെ..."

എഴുന്നേറ്റ് ചെന്ന് അവന്റെ തലമണ്ട തല്ലി പൊട്ടിക്കാനുള്ള കലി വന്നു എനിക്ക്. ഇതുക്കൂട്ട് ഒരു മല മലരൻ... ഒന്നിനും സമ്മതിക്കുകില്ലാത്ത ഒരു പരട്ട.....തർക്കീരോട് തർക്കീര്....

വിൽസൺ  - "വത്സൻ നിന്റപ്പൂപ്പൻ....  പോടാ കോപ്പിലെ ചൊറിയാ....."

കളി കൈവിട്ടു പോയി. സുരേഷ് വിത്സന്റെ മുടിക്ക് പിടിച്ചു. വിൽസൺ തിരിഞ്ഞു നിന്ന് സുരേഷിന്റെ കൊങ്ങാക്കു പിടിച്ചു. അവസാനം ഞാൻ തർക്കത്തിൽ ഇടപെട്ടു രണ്ടു പേരെയും പിടിച്ചിരുത്തി. കൂട്ടത്തിൽ എന്റെ സമചിത്തത, പക്വത, നയതത്രജ്ഞത ഒക്കെ സെലിൻ കാണുന്നുണ്ട് എന്നും മനസിലായി. ഉദ്ദേശിച്ച രീതിയിൽ അല്ലെങ്കിലും അവളുടെ കണ്ണിൽ പെടാൻ പറ്റിയതിന്റെ കുളിർമ്മയിൽ ഞാൻ ഇരുന്നു. ഇനി ഇതിന്റെ ബാക്കി ഒക്കെ രാത്രിയിൽ കിടക്കാൻ നേരം സങ്കൽപ്പിക്കാൻ എന്ത് രസമായിരിക്കും.

അടുത്ത സ്റ്റോപ്പ് എത്തിയപ്പോൾ മുൻപിലത്തെ കുറച്ചു കുട്ടികൾ ഇറങ്ങി. എന്റെ മനസ്സിൽ ലഡു പൊട്ടി. പുറകിൽ നിൽക്കുന്ന കുട്ടികൾ ഇത്തിരി മുൻപോട്ടെക്ക് വരും, അപ്പോൾ സെലിൻ എന്റെ സൈഡിൽ വരുമായിരിക്കും...!

ബസിന്റെ കുലുക്കത്തിൽ പെട്ട് എന്റെ തല പുറകോട്ടൊന്നു ചരിഞ്ഞപ്പോൾ ആണ് ആ കൈകളിൽ എന്റെ തല സ്പർശിച്ച ആദ്യാനുഭവം ഉണ്ടായത്. വളരെ പതുക്കെ തല ഒന്നുകൂടി ചേർത്തപ്പോൾ ആ മാർദ്ദവമുള്ള കൈ അവിടെ തന്നെ ഇരുന്നു. ഞാൻ കണ്ണടച്ചിരുന്ന് തല ആ കൈയിലേക്ക് ചേർത്ത് വെച്ചു. ഒരാഴ്ച മുൻപ് കണ്ട റോജ സിനിമയുടെ ലൊക്കേഷനുകൾ എന്റെ മനസ്സിൽ ഓടിയെത്തി. ഞാനും സെലിനും കൂടി "പുതു വെള്ളൈ മഴൈ..." പാടിക്കൊണ്ട് മഞ്ഞുതരികൾ എടുത്തെറിയുന്നതും, കെട്ടിപിടിക്കുന്നതും, നിർവൃതി അടയുന്നതും ഒക്കെ മനസ്സിൽ വന്നു. മനസ് സന്തോഷം കൊണ്ടും പ്രണയം കൊണ്ടും നിറഞ്ഞു തുളുമ്പിയിരുന്നു. മുത്തുമണികൾ കിലുങ്ങുന്നപോലെയുള്ള സെലിന്റെ ചിരി, വെണ്ണയുടെ ഫീലുള്ള അവളുടെ ദേഹം, തേന്മധുരമുള്ള അവളുടെ പ്രണയം... ഞാൻ എന്നെ തന്നെ മറന്നു പോവുകയായി...

അവളെ നേരെ നോക്കാൻ നാണമായതിനാൽ ഞാൻ തല എതിർ ദിശയിൽ ചെരിച്ചു എന്റെ കവിൾ ആ കൈകളിൽ മുട്ടിച്ചു. പെട്ടെന്ന് ആ വിരലുകൾ എന്റെ കവിളിൽ ചെറുതായി തലോടി. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുമായിരുന്നില്ല. പ്രണയത്താൽ വിവശനായി ഹൃദയം തുടിച്ചുകൊണ്ടേയിരുന്നു. അവളുടെ വിരലുകൾ എന്റെ മുഖത്ത് കവിതകൾ രചിച്ചുകൊണ്ടേയിരുന്നു.....

അടുത്ത സ്റ്റോപ്പ് എത്തി, കുറച്ചുകൂടി ആളുകൾ ഇറങ്ങി. എന്റെ സുഖശീതള സമയം അവസാനിക്കാറായി. ഇനി അവളുടെ പ്രയാർദ്രമായ കണ്ണുകളിൽ നോക്കി കവിത ചൊല്ലാം എന്ന് വിചാരിച്ചു വളരെ നാണത്തോടെ ഞാൻ അവളെ നോക്കി.

അതാ ഒരു അളിഞ്ഞ ചിരിയുമായി നിൽക്കുന്നു കൂഴചാക്കോ എന്ന് വിളിക്കുന്ന പ്ലാത്തോട്ടത്തിൽ ജോണി ചാക്കോ എന്ന തടിയൻ.......  എന്നിട്ടു ആ കൈയും വെച്ച് മുഖത്ത് ഒന്നൂടെ ഉരുട്ടി, തെണ്ടി....

അങ്ങനെ വർഷങ്ങൾക്ക് ശേഷം ആ ഓർമയിൽ ഒന്ന് കൂടി ചമ്മി. ജീവിതത്തിലെ ഏറ്റവും അധികം സന്തോഷം അനുഭവിച്ച ചില നിമിഷങ്ങൾ ആയിരുന്നു അത്, യാഥാർഥ്യം അല്ലായിരുന്നു എങ്കിൽ കൂടി. ചില കാര്യങ്ങൾ അല്ലെങ്കിലും അങ്ങനെ ആണ്, സങ്കല്പങ്ങൾക്കാണ് കൂടുതൽ മിഴിവും സുഖവും ഉള്ളത്.

പുതിയ തലമുറയിലെ കുട്ടികൾ എങ്ങനെയാണോ ആവോ? എന്തായാലും ഞാൻ വീണ്ടും കമ്പിയിൽ തൂങ്ങി നിന്നാടി നിൽക്കുന്ന സമയത്തു മുൻപിൽ നിന്ന ചേച്ചിയുടെ കയ്യിൽനിന്നും ചില്ലറ പൈസ താഴെ പോയി. വളരെ കഷ്ടപ്പെട്ട് പാടുപെട്ട് കുനിഞ്ഞു ഞാൻ അതെടുത്തു അവരുടെ കൈയിൽ കൊടുത്തു. അവർ നല്ലൊരു ചിരി ചിരിച്ചു, ഞാൻ ഒന്ന് ഞെട്ടി, അത് സെലിൻ ആയിരുന്നു.

Read more...

മരിക്കാത്ത ഓർമ്മകൾ

>> Monday, June 24, 2019

പൊരിഞ്ഞ ടെൻഷനും അടിച്ചു തലപൊളിഞ്ഞു നിൽക്കുന്ന സമയം, ബുദ്ധനു ബോധോദയം ഉണ്ടായ പോലെ നമുക്കും ഒരു ഉൾവിളി. നാട്ടിലൊന്നു പോകണം. അമാന്തിച്ചില്ല, നേരെ വിട്ടു. അവിടെ ചെന്ന് രണ്ടു ദിവസം നിന്നപ്പോൾ ഇവിടെ വീണ്ടും പൊരിഞ്ഞ പ്രശ്നങ്ങൾ. പ്രശ്നങ്ങളിൽ നിന്നും എങ്ങോട്ട് ഒളിച്ചോടാൻ, പോയാൽ ഇവിടം വരെ പോകും. ചങ്കു വിരിച്ചു നിന്ന് നേരിടാം എന്ന് തീരുമാനിച്ചു. പക്ഷെ പ്രശ്‍നം ഒടുക്കത്തെ ടിക്കറ്റ് റേറ്റ്, തലേ ദിവസം ടിക്കറ്റ് എടുക്കാൻ നോക്കിയാൽ കുറഞ്ഞ റേറ്റിൽ തരാൻ എന്റെ അമ്മാവന് വിമാനക്കമ്പനി ഒന്നും ഇല്ലല്ലോ. അങ്ങനെ അവസാനം എമിറേറ്സിൽ ഒടുക്കത്തെ കാശും കൊടുത്തു ടിക്കറ്റ് എടുത്തു.

വെറുതെ ഒരു കുത്തിക്കഴപ്പിനു വീട്ടിൽ വന്നു ഈ ഒടുക്കത്തെ കാശും കൊടുത്തു ടിക്കറ്റ് എടുക്കേണ്ടി വന്ന ഗതികേട് ഓർത്തു മനസ് തേങ്ങിക്കൊണ്ടിരുന്നു. ആ കാശിനു എത്ര കട്ടൻ അടിക്കാമായിരുന്നു, സോഡാ നാരങ്ങാവെള്ളം കുടിക്കാമായിരുന്നു, പിള്ളേർക്ക് എത്ര കിൻഡർ ജോയ് വാങ്ങി കൊടുക്കാമായിരുന്നു, ഭാര്യക്ക് ചുമ്മാ കുറച്ചു സ്ലൈഡും റിബണും വാങ്ങി കൊടുക്കാമായിരുന്നു, അമ്മക്ക് രണ്ടു സെറ്റു സാരി വാങ്ങി കൊടുക്കരുന്നു എന്നൊക്കെ ആലോചിച്ചു വ്യസനത്തോടെ വസന്ത വന്ന കോഴിയെ പോലെ തൂങ്ങി തൂങ്ങി കൗണ്ടറിൽ ചെന്നു.

എന്ത് വസന്ത വന്നാലും ജാത്യാലുള്ളത് തൂത്താൽ പോകില്ലല്ലോ.എന്റെ ഗ്ലാമർ, എന്റെ പൗരുഷം, എന്റെ കുലീനത്വം ഇതെല്ലാം കണ്ടിട്ടായിരിക്കും, അവിടിരുന്ന പെൺകൊച്ചു എന്റെ ടിക്കറ്റ് അപ്ഗ്രേഡ് ചെയ്തു തന്നു. ബിസിനസ് ക്ലാസ്.

നമ്മുടെ ഉള്ളിൽ ഉറങ്ങി കിടന്നിരുന്ന ഒരു സിംഹം ഒരു അലർച്ചയോടെ പുറത്തു വന്നു. നടുവൊക്കെ നിവർത്തി, തലയൊക്കെ ഉയർത്തി പിടിച്ചായി പിന്നെ എന്റെ നടപ്പ്. എക്കണോമി ക്ലാസ് ആൾക്കാരോടൊക്കെ എനിക്ക് വെറുതെ പുച്ഛം തോന്നി. അങ്ങനെ സ്വീകരണങ്ങളും പൂമാലകളും എണീറ്റു വാങ്ങി ഞാൻ എന്റെ സീറ്റിൽ വിശാലമായി ഉപവിഷ്ഠനായി. രണ്ടു സീറ്റ് അപ്പുറത്തായി ഒരു തരുണീമണി ഇരിപ്പുണ്ടായിരുന്നു. ബിസിനസ് ക്ലാസ് ആയതു കൊണ്ട് ക്ലാസ് കളയേണ്ട എന്ന് കരുതി നോക്കണേ പോയില്ല. താലത്തിൽ ഷാംപെയിനും ഒക്കെയായി വന്ന പെണ്ണിനോട് വെറും വെള്ളം മാത്രം വാങ്ങി കുടിച്ചു (സത്യമായിട്ടും) ഞാൻ ലാൻഡ് ചെയ്‌താൽ ഉടനെ ഓഫീസിൽ പോയി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചുള്ള ചിന്തകളിൽ ഊളിയിട്ടു.

വിമാനം പറന്നുയർന്നു, ഇത്തിരി നേരം സീറ്റ് കട്ടിൽ പോലെയാക്കി കിടന്നു ചിന്തിച്ചു. ചിന്തിച്ചു ചിന്തിച്ചു മൂത്രം ഒഴിക്കാൻ മുട്ടി. എക്കണോമി ക്ലാസിലെ തെണ്ടികൾ അവിടെ പോയി ക്യൂ നിക്കേണ്ട പോലെ എനിക്ക് നിക്കേണ്ടി വരില്ലല്ലോ എന്ന ആശ്വാസത്തോടെ ഇത്തിരി കൂടി നന്നായി മുട്ടട്ടെ, എന്നിട്ടു ഒഴിക്കുമ്പോൾ സുഖം കൂടുതൽ ഉണ്ടല്ലോ എന്ന വിചാരത്തോടെ വീണ്ടും കിടന്നു. അവസാനം ഗ്യാസും കയറി ഒന്നും രണ്ടും മൂന്നും എല്ലാം കൂടി പോകണം എന്ന സ്ഥിതി എത്തിയപ്പോൾ പതുക്കെ എണീറ്റ് നടന്നു. തൊട്ടു മുമ്പിൽ ആണ് വാഷ് റൂം. ഞാൻ വാതിക്കൽ എത്തിയപ്പോൾ അതാ ഫസ്റ്റ് ക്ലാസിൽ നിന്നും സൈഡ് വഴി തോളും ചെരിച്ചു ഒരാൾ വരുന്നു. വിനയത്തോടെ യൂ ഗോ ഫസ്റ്റ് എന്ന രീതിയിൽ ഞാൻ ആംഗ്യം കാണിച്ചപ്പോൾ അതിലും വിനയത്തോടെ അദ്ദേഹം പൊക്കോളൂ പൊക്കോളൂ എന്ന് കാണിച്ചു. ശോ.. എന്താ ഇപ്പോൾ ചെയ്ക. ഞാൻ പറഞ്ഞു " ലാലേട്ടാ, കയറിക്കോളൂ..." എന്റെ തോളത്തു തട്ടി അദ്ദേഹം പറഞ്ഞു " നിങ്ങളല്ലേ ആദ്യം വന്നത്, പൊയ്ക്കോളൂ" ഹോ.. എന്തൊരു വിനയം, എന്തൊരു കുലീനത്വം.

ഞാൻ അകത്തു കയറി, പക്ഷെ ടെൻഷൻ ആയി. ഞാൻ ഇറങ്ങുമ്പോൾ അതിനകത്തു മണം ഉണ്ടെങ്കിൽ ലാലേട്ടന് വിഷമമാകില്ലേ, എന്റെ ക്ലാസ് പോകില്ലേ, അകത്തെ സ്വരം പുറത്തു ഒക്കെ കേൾക്കാൻ പറ്റുമോ, പുള്ളിക്ക് പ്രായമൊക്കെ ആയതു കൊണ്ട് പിടിച്ചു നിൽക്കാൻ പറ്റുമായിരിക്കുമോ, അദ്ദേഹം പുറത്തു കാത്തു നിൽക്കുമ്പോൾ ഞാനെങ്ങനാ ഇതിനകത്ത് അതും ഇതും ഒക്കെ ചെയ്യുക എന്നൊക്കെയുള്ള ഭീകരമായ കൺഫ്യൂഷനിൽ ഞാൻ മൂത്രം മാത്രം ഒഴിച്ചു.  പിന്നെ അവിടിരുന്ന കുറെ കുറെ പെർഫ്യൂം ഒക്കെ വാരി ക്ളോസറ്റിലും അവിടേം ഇവിടേം ഒക്കെ അടിച്ചു, ഉള്ളിൽ ബാക്കിയുള്ള  മാലിന്യ വസ്തുക്കളെയും വായുവിനെയും ഉള്ളിൽ തന്നെ സൂക്ഷിച്ചു പുറത്തിറങ്ങി. ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും വിനയത്തോടെ വീണ്ടും അഭിവാദ്യം ചെയ്തു. കക്കൂസിൽ പോകുന്നവരുടെ അഭിവാദ്യങ്ങൾ....

തിരിച്ചു വന്നു സീറ്റിൽ ഇരുന്നു, ഗ്യാസ് ഒക്കെ കയറി വയറു കമ്പിച്ചാണ് ഇരിക്കുന്നത്. അപ്പോളേക്കും വീണ്ടും ചേച്ചി വീണ്ടും താളവുമായി എത്തി. ക്ലാസ് ഒക്കെ മാറ്റിവെച്ചു ഗ്ലാസ് ഒന്ന് വെച്ചേക്കൂ എന്ന് പറഞ്ഞു. കൂടിയ ഐറ്റംസ് കുടിക്കുന്നവരുടെ ഇടയിൽ ഒരു വെറെയ്റ്റി ആകട്ടെ എന്ന് കരുതി റം ഏതാണ് ഉള്ളത് എന്ന് ചോദിച്ചു, ക്യാപ്റ്റൻ മോർഗൻ ഉണ്ടെന്നു പറഞ്ഞു. അതിൽ വെറുതെ ഐസ് മാത്രം ഇട്ടു നുണഞ്ഞു കുടിച്ചു തുടങ്ങി.

ഞാൻ രണ്ടാമത്തെ സിപ്പിൽ ഇടിച്ചു കയറിയ ഐസ് ക്യൂബ് തിരിച്ചു ഗ്ലാസിലേക്ക് തുപ്പിയപ്പോളേക്കും ആശ്വാസനിശ്വാസം ഒക്കെ വിട്ടു ലാലേട്ടൻ വാതിൽ തുറന്നു പുറത്തിറങ്ങി. ഞങ്ങൾ വീണ്ടും വിനയത്തോടെ അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിച്ചു. അപ്പോളാണ് അദ്ദേഹം എന്റെ അടുത്തിരിക്കുന്ന ഗ്ലാസ് കണ്ടത്. പെട്ടെന്ന് ഞാൻ ആ കണ്ണുകളിൽ ഒരു തിളക്കം കണ്ടു. അദ്ദേഹം എന്റെ അടുത്ത് വന്നു ഒരു കമ്പനി തരട്ടെ എന്ന് ചോദിച്ചു. എനിക്കാണേൽ സന്തോഷം കൊണ്ടങ്ങിരിക്കാൻ മേലാതെ പോയി. എന്റെ അടുത്ത സീറ്റിൽ അദ്ദേഹം വന്നിരുന്നു, ഒരു ഹെന്നസി ഓർഡർ ചെയ്തു.

അങ്ങനെ വിറ കൈകളോടെ ലാലേട്ടന് ചിയേർസ് പറഞ്ഞു ഞങ്ങൾ സംസാരം തുടങ്ങി. വിസ്മയകരമായ ജീവിതത്തെ കുറിച്ച്, കുടുംബം മക്കൾ ജോലി അങ്ങനെ ഞങ്ങൾ പലതും സംസാരിച്ചു. മൂന്നാമത്തെ പെഗ്ഗിൽ ഐസ് ക്യൂബ് വീണപ്പോളേക്കും ഞാൻ അത്യാവശ്യം ഫോമിലായി. പതുക്കെ ഞാൻ വിഷയം നടിമാരിൽ എത്തിച്ചു. ഏറ്റവും ഇഷ്ടമുള്ള നടി ഏതാണ്, ഈ നടിമാരൊക്കെ ശരിക്കും സുന്ദരിമാർ ആണോ അതോ മേക്കപ്പ് ആണോ,അഭിനയിക്കാൻ നല്ല രസമാണോ സുഖമാണോ എന്നൊക്കെ പല രീതിയിൽ ചോദിച്ചെങ്കിലും ഒരു നാണച്ചിരിയിൽ അതൊക്കെ സ്കൂട്ട് ചെയ്തു ലാലേട്ടൻ കഴിവ് തെളിയിച്ചു. എങ്കിലും വിടാൻ ഞാൻ ഒരുക്കമല്ലായിരുന്നു. അടുത്ത പെഗ്ഗിൽ ഐസ് വീണു, രണ്ടും കല്പിച്ചു ഞാൻ ചോദിച്ചു, അപ്പോ ലാലേട്ടാ, നിങ്ങളു ശരിക്കും വലിയ പുലിയാണെന്നാണല്ലോ കേട്ടത്. എന്തോ എണ്ണം തികഞ്ഞതിന്റെ ആഘോഷം ഒക്കെ ഇടയ്ക്കു നടത്തി എന്ന് കേട്ടല്ലോ. എന്റെ കവിളിൽ ഒരു നുള്ളു തന്നു ലാലേട്ടൻ, എന്നിട്ടു പറഞ്ഞു. ചള്ളൂ ചെക്കാ, രണ്ടെണ്ണം അടിച്ച എന്നെക്കൊണ്ട് സത്യം പറയിക്കാനുള്ള നിന്റെ കളി ഇവിടെ വേണ്ട മോനേ... ആപ്പച്ചട്ടിയിൽ അരി വറുക്കുന്നോടാ..."

തലേ ദിവസത്തെ ഉറക്കിള, യാത്രാക്ഷീണം ഒക്കെ ആയിരിക്കാം, എനിക്ക് നല്ല തളർച്ച ഉണ്ടായിരുന്നു. ലാലേട്ടന്റെ ഒപ്പം പിടിച്ചു നിൽക്കാനുള്ള ശ്രമത്തിൽ വെള്ളമൊഴിക്കാതെ അടിച്ചതിനാൽ ആവാം, മൊത്തത്തിൽ ഒരു കുഴച്ചിൽ ആയി. പൂസായ ഞാൻ ലാലേട്ടന്റെ കയ്യിൽ കെട്ടിപ്പിടിച്ചു, നമ്പർ 20 മദ്രാസ് മെയിലിൽ മമ്മൂട്ടിയെ ലാലേട്ടൻ പീഡിപ്പിച്ചതിന് പ്രതികാരം എന്ന പോലെ ഞാൻ അങ്ങ് സ്നേഹിച്ചു.

അദ്ദേഹം എന്റെ തലയിൽ പതുക്കെ തലോടി
ക്കൊണ്ടിരുന്നു. എന്തോ ഒരു സംരക്ഷണയിൽ, അച്ഛന്റെ കരവലയത്തിൽ കിടക്കുന്ന ഒരു കുട്ടിയെപ്പോലെ ഞാൻ ശാന്തനായി കിടന്നു. പെട്ടെന്നാണ് ലാലേട്ടൻ ദൈവവുമായുള്ള സംസാരിക്കുന്ന കാര്യത്തെക്കുറിച്ചു ഓർമ്മ വന്നത്. ഞാൻ ചോദിച്ചു, " ലാലേട്ടാ... അടുത്ത പ്രാവശ്യം ദൈവവുമായി സംസാരിക്കുമ്പോൾ ഒരാൾക്ക് സുഖമാണോ എന്ന കാര്യം ചോദിക്കാമോ?" ലാലേട്ടൻ പറഞ്ഞു "ദൈവത്തിന്റെ അടുത്ത് ആർക്കാടാ സുഖമില്ലാത്തത്, അതല്ലേ സ്വർഗ്ഗം എന്ന് പറയുന്നത്."

ശരിയായിരിക്കാം, ഭൂമിയിൽ മാത്രമേ ദുഖമുണ്ടായിരിക്കുള്ളൂ. പക്ഷെ 37 വർഷം മുമ്പ് ഞങ്ങളെ പിരിഞ്ഞു പോയ ഞങ്ങളുടെ ചാച്ച അവിടെ സുഖമായിരിക്കണേ എന്ന പ്രാർത്ഥന മാത്രം.

ഞങ്ങളുടെ ചാച്ചയുടെ ഓർമ്മകൾക്ക് 37 വർഷം.
Read more...

ഡെസേർട് ഡ്രൈവ്

>> Thursday, June 6, 2019

കുറച്ചധികം അവധി ദിവസങ്ങൾ. എന്ത് ചെയ്യണം എന്ന കൂലംകുഷമായ ചിന്തയിൽ ഇരിക്കുകയായിരുന്നു. ദുഫായിലുള്ള സകല തെണ്ടികളും ഒന്നുകിൽ നാട്ടിൽ പോകും, അല്ലെങ്കിൽ ടൂറു പോകും. നമ്മൾ ഈ പ്രാവശ്യം ഒറ്റക്കായതിനാൽ വിശ്രമിച്ചു തീർക്കാം എന്ന ചിന്തയിൽ രണ്ടെണ്ണം ഒക്കെ അടിച്ചു അങ്ങനെ ഇരിക്കുമ്പോളാണ് അമേരിക്കയിൽ നിന്നും സുഹൃത്ത് മനുക്കുട്ടൻ വിളിക്കുന്നത്.
മനു "അളിയോ, എന്നാ പണിയാ, അഞ്ചാറു ദിവസം അവധി ഒക്കെ ആണെന്ന് കേട്ടു"
ഞാൻ "എന്റളിയാ, ഒരു മലരും ഇല്ല, വെറുതെ ചൊറീം കുത്തി ഇവിടെ ഇരിക്കാമെന്ന് വെച്ചു. പിള്ളേരും പിടക്കോഴീം ഒന്നുമില്ലാത്തോണ്ട് ഒരു ഉത്സാഹം ഇല്ല, കുൽസിത പ്രവർത്തികൾക്ക് അവസ്ഥയും ഇല്ല. സോ ഒരു രണ്ടെണ്ണം ഒക്കെ അടിച്ചു ഇങ്ങനെ ഒക്കെ അങ്ങ് ഇരിക്കാം..."
മനു "എന്നാ അളിയന് ഒരു ചെറിയ പണി തരാം. നമ്മുടെ കുറച്ചു ഫ്രണ്ട്‌സ് അങ്ങോട്ട് ട്രിപ്പ് വരുന്നുണ്ട്. ദേ ആർ നോട് ഇന്ററസ്റ്റഡ് ഇൻ സിറ്റി ആന്റ് ഇറ്റ്സ് ഫൺ. ഇവിടെ കിട്ടാത്ത എന്ത് മാങ്ങാത്തൊലി ആണ് അവിടെ ഉള്ളത്?"
ഞാൻ " അങ്ങനെ പറയരുത്, എല്ലാ അമേരിക്കക്കാരന്റെയും വൃത്തികെട്ട ഒരു ചിന്തയാണ് അത്. എന്റെ ഉള്ളിലെ പ്രവാസദേശസ്നേഹി ഉണർന്നു. ബുർജ് ഖലീഫയുടെ അത്ര ഉയരം ഉള്ള കെട്ടിടം അവിടുണ്ടോ? ഇവിടെയില്ലാത്ത എന്ത് കോത്താഴത്തെ സാധനമാണ് അവിടെ ഉള്ളത്?"
മനു "എടാ കോപ്പേ, നീ അത് വിട്. അവർക്ക് വേണ്ടത് വല്ല മരുഭൂമിയും, അവിടുത്തെ താമസവും ഒക്കെ ആണ്. അവർ മരുഭൂമിയുടെ നടുക്കുള്ള ഏതോ ബാബ് അൽ ഷംസ് എന്നോ മറ്റോ പറഞ്ഞ റിസോർട്ടിൽ ബുക്ക് ചെയ്തിട്ടുണ്ട്. ബട്ട് യു ക്യാൻ ടേക്ക് ദെം അറ്റ്ലീസ്റ്റ് 2 -3 ഡേയ്സ് "
ഞാൻ " ഓ.. ഈ മലര് സായിപ്പന്മാർക്കൊക്കെ ഒടുക്കത്തെ ജാടയും പോരാത്തതിന് ഇംഗ്ലീഷും ആണ്. അത് വേണോടാ?"
മനു " ഇതുവേറെ ലെവൽ ആണ്. മൂന്ന് പേര് ഉണ്ട്, ഒരു മലയാളിയും ഒരു നോർത്ത് ഇന്ത്യനും ഒരു മദാമ്മയും"
ഞാൻ "ഒരു ലഡു ചെറുതായി പൊട്ടി. ഒരെണ്ണമെങ്കിലും ഒരെണ്ണം, ശരി, എന്തേലും ചെയ്യാം"
മനു " എല്ലാം പെണ്ണുങ്ങൾ ആണ് മോനെ, ഒരു മുപ്പതുകളിൽ പിടക്കുന്ന പെണ്ണുങ്ങൾ "
ഞാൻ "ശരിക്കും? ചുമ്മാ പറ്റിക്കുന്നത് അല്ലല്ലോ അല്ലെ? പറ്റിക്കാൻ വേണ്ടിയാണേൽ കൂടെ ഇങ്ങനെയൊന്നും പറയരുത് സാറെ..."
പണ്ട് യാഹൂ ചാറ്റിൽ ഒരു പെണ്ണിന്റെ പേരിൽ അവനെ ഞാൻ പറ്റിച്ചതിനു പ്രതികാരം ചെയ്യുവാണോ എന്നൊരു ശങ്ക തോന്നാതിരുന്നില്ല. പക്ഷെ അവൻ പറഞ്ഞത് സത്യമായിരുന്നു. ഡീറ്റെയിൽസ് അയച്ചു തന്നു, മൂന്നു കിടുക്കാച്ചി പെണ്ണുങ്ങൾ. അമേരിക്കയിൽ നിന്നും ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാൻ എന്റെ പക്കലേക്ക് വരുന്ന അസ്പ... അപ്സ.... ആ.. പോട്ടേ, സുന്ദരികൾ. 
അവർ വ്യാഴാച ആണ് എത്തിയത്. വന്ന ഉടനെ ഫോൺ വിളിച്ചു. തൃശൂർകാരി മലയാളി, ഡെൽഹിക്കാരി, പിന്നെ അമേരിക്കക്കാരി. എല്ലാം ഡോക്ടർമാർ. ഞാൻ ലഡുവും പേടയും ഡോണറ്റും ഒന്നിച്ചു കഴിക്കുന്നത് മനസിൽ കണ്ടു. ഇന്ന് നിങ്ങൾ അവിടം ഒക്കെ ചുറ്റിക്കറങ്ങി കണ്ടോ, നാളെ രാവിലെ നമ്മൾ ഡെസേർട്ടിലേക്ക് പോകുന്നു എന്ന് അറിയിച്ചു.
വ്യാഴാച്ച രാത്രി തന്നെ നമ്മുടെ പുലിക്കുട്ടനെ ഒന്ന് സ്റ്റീമ് വാഷ് ഒക്കെ ചെയ്തു കുട്ടപ്പൻ ആക്കാൻ നോക്കി. ഒരു വയസൻ കരിമ്പുലി ആണ് നമ്മുടേത്. മരുഭൂമിയിലെ കഴുകന്മാർ എന്ന ഓഫ് റോഡ് കൂട്ടായ്മയിൽ അംഗമായ ഞാൻ എല്ലാ വെള്ളിയാഴ്ചകളിലും അതിരാവിലെ ഡ്രൈവ് പോകാറുണ്ട്. അവിടെയുള്ള ചുള്ളന്മാർ ലക്ഷക്കണക്കിന് രൂപ വണ്ടിയിൽ ചിലവാക്കി നിറയെ ലൈറ്റും ഫിറ്റ് ചെയ്തു സസ്‌പെൻഷൻ ഒക്കെ മാറ്റി അഞ്ചാറിഞ്ചു വണ്ടിയും പൊക്കി പൊളപ്പൻ ടയറും ആയി വരുമ്പോൾ കാശ് മുടക്കി നമുക്ക് പിടിച്ചു നില്ക്കാൻ നമുക്കാവില്ല.
പകരം നമ്മൾ മറ്റൊരു സ്ട്രാറ്റജി എടുത്തു. മോളിൽ ഒരു ചപ്പടാ ലൈറ്റ് എനിക്ക് മുമ്പ് വണ്ടി ഓടിച്ചിരുന്ന അറബി വെച്ചിട്ടുണ്ടാരുന്നു. കൂടെ അല്പനായ നമ്മളെക്കൊണ്ട് പറ്റുന്ന കാര്യങ്ങൾ ആയ അല്പം ചളുക്കം, കുറെ സ്ക്രാച്ചസ് പിന്നെ വളരെയേറെ ചെളി ആൻഡ് പൊടി ഇതൊക്കെ വെച്ച് ചെല്ലുമ്പോൾ ഞാനും ഒരു വലിയ ഡ്രൈവർ ആണ് എന്ന ഫീലിംഗ് കുറഞ്ഞ പക്ഷം എനിക്കെങ്കിലും തോന്നുമായിരുന്നു.അങ്ങനെയുള്ള ഞാൻ കാശ് മുടക്കി വണ്ടി കഴുകിച്ചിട്ടും പത്തു രൂപ ടിപ് കൊടുത്തു പൊടി കളഞ്ഞിട്ടും, കുളിക്കാത്തവൻ കുളിക്കുമ്പോൾ ചൊറിയും എന്ന പോലെ ഒരു വൃത്തികെട്ട അവസ്ഥയിൽ ആയി വണ്ടി. അമേരിക്കൻ പെണ്ണുങ്ങളെ വണ്ടി വൃത്തിയാക്കി ഇമ്പ്രെസ് ചെയ്യിക്കാനാവില്ല എന്നറിഞ്ഞ ഞാൻ പിന്നെയൊന്നും നോക്കിയില്ല. അടുത്ത മണൽ ഉള്ള സ്ഥലത്തു നിർത്തി, മണൽ വാരി വണ്ടിയിൽ വിതറി. നൂറ്റിമുപ്പതു രൂപ കൊടുത്തു വണ്ടി കഴുകി പത്തു രൂപ ടിപ്പും കൊടുത്തു കൂടുതൽ വൃത്തിയാക്കി കുളി കഴിഞ്ഞ ആന പൂഴി വിതറുന്ന പോലെ വീണ്ടും അതിൽ മണൽ വാരിയിടുന്ന എന്നെ സമ്മതിക്കണം.
ഡോക്ടർമാർ ഒക്കെ ആയതുകൊണ്ട് സാധാരണ പിള്ളേരെ പറ്റിക്കുന്ന ഡയലോഗുകൾ പറഞ്ഞാൽ പോരാ എന്ന ബുദ്ധിപരമായ തിരിച്ചറിവിനാൽ ഞാൻ പ്ലാനിങ് നടത്തി. എക്സ്പെർട്ട് ചുള്ളന്മാരുടെ കൂടെ പോയാൽ മോഡിഫൈഡ് വണ്ടികളുടെ കൂടെ ചുക്കിച്ചുളിഞ്ഞ വയസ്സനായ നമുക്ക് ഒരു വിലയുണ്ടാകില്ല, കണ്ടാലും കൊണ്ടാലും അവരുടെ ഒപ്പമെത്താനുള്ള ശേഷി കാണില്ല. അങ്ങനെ പുതിയ പിള്ളേരുടെ കോൺവോയിൽ സ്വീപ് ആയി പോകാമെന്ന് തീരുമാനിച്ചു. അതാകുമ്പോൾ മണലിൽ താഴുന്ന പാവം പുതിയ വണ്ടിക്കാരെ ഒക്കെ വലിച്ചു കേറ്റാം, എങ്ങനെ റിക്കവർ ചെയ്യണമെന്ന് പറഞ്ഞു കൊടുക്കാം, എല്ലാരും എന്നെയങ്ങു സമ്മതിച്ചു തരും, എന്നെ സാറെ എന്ന് വിളിക്കും, ഹോ... എന്റെയൊരു ബുദ്ധിയെ? 
അതിരാവിലെ മൂന്നേമുക്കാലിന് അലാറം വെച്ചിരുന്നെങ്കിലും മൂന്നരക്കെ എണീറ്റു. നാലുമണിയായപ്പോളേക്കും കുളിച്ചു കുട്ടപ്പനായി, പ്രത്യേക അവസരങ്ങളിൽ മാത്രം അടിക്കുന്ന ഡിയോർ സ്പ്രേയും അടിച്ചു ഞാൻ അവരുടെ റിസോർട്ടിലേക്ക്. മൂക്കാമണിക്കൂർ ഡ്രൈവ് ചെയ്ത് അവരുടെ സ്ഥലത്തെത്തി. വരാനുള്ള മെസ്സേജ് അയച്ചു ഞാൻ കാത്തിരുന്നു. എങ്ങനെയായിരിക്കും അവർ? സുന്ദരിമാരായിരിക്കണേ.....
നിമിഷങ്ങൾ യാമങ്ങളായി തോന്നി, ആകാംക്ഷ കാരണം എനിക്ക് വെറുതെ മൂത്രം ഒഴിക്കാൻ മുട്ടി. അവസാനം അവർ എത്തി.
ആദ്യം എത്തിയത് പമേല എന്ന അമേരിക്കക്കാരി. ജീൻസിന്റെ കുട്ടി നിക്കറും സ്ലീവെലെസ്സ് ടീ ഷർട്ടുമിട്ട് അവൾ വന്ന ഉടനെ എന്നെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ തന്നു. നല്ല ഏതോ പെർഫ്യൂമിന്റെ ഗന്ധം എന്നെ ഹടാതാകർഷിച്ചു. വെൽക്കം റ്റു ഊട്ടി, നൈസ് ട്ടോ മീറ്റ് യു എന്ന് അറിയാതെ പറഞ്ഞു ഞാൻ തരിച്ചു നിന്നു. ടെൻഷൻ കാരണമായിരിക്കാം, എന്റെ കരങ്ങൾ തണുത്തിരുന്നു. രണ്ടാമത് ഡൽഹിക്കാരി പ്രിയങ്ക, ഒരു ജീൻസും ചൂടാണെങ്കിലും ജാക്കറ്റും ഇട്ട് അവൾ വന്നു, ഒരു കൊച്ചു ഹഗ്, അതി ഭീകരമായ വിയർപ്പുനാറ്റവും പല്ലു തേക്കാത്തതിന്റെ ഗന്ധവും കൂടി ഏതോ നിർവൃതിയുടെ ഉത്തുങ്കശൃംഗത്തിൽ ഉലഞ്ഞിരുന്ന എന്നെ നേർവഴിയിലേക്ക് കൊണ്ടുവന്നു. കുളിക്കുകേം വൃത്തയാകുകേം ഇല്ലാത്ത ജന്തുക്കൾ, തണുത്തിരുന്ന കൈകൾ ചൂടായി.
പിന്നെയാണ് അവൾ വന്നത്, ഒരു വെളുത്ത ടീ ഷർട്ടും നീല ജീൻസും അണിഞ്ഞ മീര കൃഷ്ണൻ. രാവിലെ തന്നെ കുളിച്ചു കുറിയും തൊട്ടു ഈറനണിഞ്ഞ മുടിയുമായി അവൾ വന്നു, എന്റെ കരങ്ങൾ ചേർത്ത് പിടിച്ചു രാവിലെ തന്നെ വന്നതിനു നന്ദി പറഞ്ഞു. മീരയെ കണ്ടപ്പോളും അവളുടെ കരങ്ങൾ സ്പർശിച്ചപ്പോളും മൊത്തത്തിൽ ഒരു കുളിർമ, മഞ്ഞുത്തുള്ളികൾ വീണ റോസാപ്പൂവ് പോലെ.
പിന്നെ അവിടെ നിന്നും ബദയാർ എന്ന സ്ഥലത്തേക്ക്ഒരു മണിക്കൂർ ഡ്രൈവ്. ഇന്നലെ രാത്രി ഒരു ഡ്രൈവ് ഉണ്ടായിരുന്നു, അതിനാൽ വണ്ടി വൃത്തിയാക്കാൻ പറ്റിയില്ല, ഐ ആം സൊ സോറി എന്ന പുളുവോടു കൂടി എന്റെ അധര വ്യായാമം ആരംഭിച്ചു ഞാൻ. സാറ് ഭയങ്കര ഡ്രൈവർ ആണ്, ദുബായിലെ ഡെസേർട് പോകുന്ന എല്ലാവരും സാറിനെ ബഹുമാനിക്കും, സാറിനു ഇവിടുത്തെ എല്ലാ മരുഭൂമികളും കൈരേഖ പോലെ അറിയാം എന്ന് തുടങ്ങി ആരൊക്കെ ഡ്രൈവിനെ പറ്റി പറഞ്ഞിട്ടുള്ള കഥകൾ കേട്ടിട്ടുണ്ടോ അതെല്ലാം എന്റെ പേരിലാക്കി ഞാൻ വിളമ്പിക്കൊണ്ടിരുന്നു. ഇടക്കെപ്പോളോ ആവേശം മൂത്തപ്പോൾ സ്പീഡ് കൂടി ഒരു ക്യാമറ അടിച്ചതോടെ ആണ് ലേശം കൺട്രോൾ കിട്ടിയത്.
അങ്ങനെ അൽ ബദയാർ എത്തി, യു എ ഇ ലുള്ള പകുതി ഓഫ് റോഡേഴ്സും ഓടിക്കാൻ എത്തുന്ന ഒരു സ്ഥലം ആയതിനാൽ അവിടെ ഇഷ്ടം പോലെ വണ്ടികൾ ഉണ്ടാകും. കണ്ട എല്ലാവരെയും ഞാൻ കൈ പൊക്കി കാണിച്ചു, ഏതടാ ഈ നാറി എന്ന് മനസ്സിൽ വിചാരിച്ചാണേലും മിക്കവരും തിരിച്ചും വിഷ് ചെയ്‌തു. വെറുതെ ഷൂളം ഒക്കെ അടിച്ചു കസബയിൽ മമ്മൂട്ടി നടക്കുന്നപോലെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ നടന്നു. പൊങ്ങൻമാരായ കുറച്ചു മോഡിഫൈഡ് വണ്ടികളുടെ ഉടമകളോട് വെറുതെ അതിന്റെ പ്രത്യേകതകൾ ചോദിച്ചു. ഇതൊക്കെ ആരോട് പറഞ്ഞു കേൾപ്പിക്കും എന്ന വർണ്ണ്യത്തിൽ ആശങ്കയുമായി നിന്നവർ ജാഡ ഒക്കെ മാറ്റി വെച്ച് എന്നെ അങ്ങു കൊന്നു തന്നു. ഇതൊക്കെ നമ്മുടെ പെണ്ണുങ്ങൾ കാണുന്നുണ്ട ല്ല ല്ല ല്ല ല്ലോ.. അല്ലേ എന്ന് ഞാൻ ഒളികണ്ണിട്ടു നോക്കി, ഒരു പത്തു പതിനഞ്ചു മിനിറ്റ് അങ്ങു തകർത്തു. ഇനിയും അവരുടെ അടുത്ത് നിന്ന് മാറി നിന്നാൽ വേറെ എന്നെക്കാളും മൂത്ത ഏതേലും കോഴി അവരെ കൊത്തിയാലോ എന്ന പേടിയിൽ ഞാൻ അവരുടെ അടുത്ത് ചെന്നു.
ഡിക്കിയിൽ കിടന്ന തൂമ്പ, വടം, ജാക്കി, പലക, കംപ്രസ്സർ ഒക്കെ ഇളക്കി (എല്ലാം ഇത്രയും സാധനങ്ങൾ എനിക്കുണ്ട് എന്ന് കാണിക്കാൻ) അവസാനം ഡാഷ്ബോർഡിൽ കിടന്ന വാൾട്യൂബ് ഊരുന്ന കുഞ്ഞു സാധനവും ഒക്കെ തപ്പിയെടുത്തു ടയറിന്റെ കാറ്റ് കളയാൻ തുടങ്ങി. പത്തു വര്ഷം മുമ്പ് ഈ ഓടിക്കൽ തുടങ്ങിയ സമയത്തു വെറും ഒരു തൂമ്പയുമായി മൂന്നു മണിക്കൂർ പൊരിവെയിലത്തു നിന്ന് വണ്ടി മാന്തി പുറത്തെടുത്ത നമ്മളാ ഇപ്പോൾ ഈ ജാഡയൊക്കെ.അങ്ങനെ പത്തിരുപത് ഡ്രൈവിൽ താഴെ ഓടിച്ചിട്ടുള്ള എട്ടു വണ്ടികളുടെ സ്വീപ്പ് ആയി നമ്മൾ യാത്ര തുടങ്ങി. വളരെ കഴിവുള്ളവർക്ക് മാത്രമേ സ്വീപ്പ് ആകാൻ സാധിക്കുകയുള്ളൂ, കുടുങ്ങി കിടക്കുന്നവരെ കൃത്യമായി പറഞ്ഞു കൊടുത്തു അല്ലെങ്കിൽ കെട്ടി വലിച്ചു നമ്മൾ കയറ്റിയില്ലെങ്കിൽ വണ്ടി മറിയും, നാശനഷ്ടങ്ങൾ ഉണ്ടാകും, സാറ് ഒത്തിരി വലിച്ചു കയറ്റിയിട്ടുണ്ട്, സാറ് ഭയങ്കര മിടുക്കനാണ്, സുന്ദരനാണ് എന്നൊക്കെ നമ്മൾ വീണ്ടും തള്ളൽ.
ശരിക്കും നമ്മളെ പോലെ തല്ലിപ്പൊളി വണ്ടിയുള്ളവന് ഇത് മാത്രം വഴി. കാശു മുടക്കി അവനവന്റെ വണ്ടി പണിതിട്ടു വല്ലവന്റെയും വണ്ടി കെട്ടി വലിക്കാൻ ആർക്കാ ഇത്ര സൂക്കേട്? ഭയങ്കര ഫുദ്ധിമാൻ ആയതുകൊണ്ട് അവരുടെ ആ ബലഹീനത നമ്മൾ ചൂഷണം ചെയ്യുന്നു, അത്ര തന്നെ.
മീര മുൻപിലാണ് ഇരുന്നത്, അധികം സംസാരിക്കില്ല. പ്രിയങ്ക ഫുൾ ടൈം ചിലക്കൽ ആണ്. പമേല രണ്ടിന്റെയും ഇടയ്ക്കു നിൽക്കുന്ന പരുവം. ഇടക്ക് ചെറുതായി മണലിൽ താഴ്ന്നവർക്ക് റേഡിയോയിലൂടെ നിർദേശം നല്കി അവരെയൊക്കെറിക്കവർ ചെയ്തപ്പോൾ എനിക്ക് തന്നെ എന്നോട് ബഹുമാനം തോന്നി. പെട്ടെന്നാണ് പ്രിയങ്ക അവളുടെ ജാക്കറ്റ് ഊരിയത്. അത് അറിയാതെ റിവ്യൂ മിററിലൂടെ നോക്കിയ എന്റെ കോൺസെൻട്രേഷൻ ഒന്ന് പോയി, കഴുകാത്ത ജാക്കറ്റിന്റെ ഗന്ധം നാസാരന്ദ്രങ്ങളിലൂടെ തലച്ചോർ തിരിച്ചറിയുന്നതിനു മുമ്പേ വണ്ടി അന്തരീക്ഷത്തിലൂടെ ഒന്നോടി. ഒരു കുഴിയിലേക്ക് പോയ വണ്ടി അവിടുണ്ടായിരുന്ന മരക്കുറ്റിയിൽ ഇടിച്ചു തകരാതിരുന്നത് വണ്ടീടെ മാത്രം മുജ്ജന്മ സുകൃതം. അതി സാഹസികമായി വണ്ടി പുറത്തെടുത്തു ഞാൻ എന്റെ സ്‌കിൽ തെളിയിച്ചു. ഈ കുഞ്ഞു പിള്ളേരുടെ കൂടെ ഓടിക്കുമ്പോൾ നിങ്ങൾക്കൊരു ത്രില്ലിനു വേണ്ടി ഞാൻ മനഃപൂർവ്വം ചാടിച്ചതെന്ന വ്യാജേന.


കോൺവോയ് ലീഡ് ചെയ്തിരുന്ന ഷബീർ പറഞ്ഞു, ദീസ് ഗയ്‌സ് ഏറെ ഡൂയിങ് വെൽ. ഞാൻ ഷബീറിനിനോട് പറഞ്ഞു, എന്തോന്ന് വെൽ, രണ്ടു സ്റ്റക്കില്ലാതെ എന്ത് ഡ്രൈവ്. ഇപ്പൊ ശരിയാക്കാം എന്ന് ഷബീർ, പിന്നെ സ്റ്റക്കോട് സ്റ്റക്ക്. പൊരി വെയിലത്തു കെട്ടി വലിച്ചും തൂമ്പയെടുത്തു മാന്തിയും എന്റെ പത വന്നു. 
അങ്ങനെ അവസാനം ഞങ്ങൾ ഇഫ്‌താർ ബൗൾ എന്ന പ്രശസ്തമായ ഒരു വലിയ മലയും കുഴിയും കൂടിയ സ്ഥലത്ത് വന്നു, ഒരു സൈഡിൽ വളരെ ഉയരം ഉള്ള ഒരു മരണക്കിണർ പോലെ. ഇത് വരെ എനിക്ക് അതിന്റെ മണ്ടയിൽ ഓടിച്ചു കയറ്റാൻ പറ്റിയിട്ടില്ല, ബാക്കിയുള്ള പുലികൾ ഒക്കെ അടിച്ചു മിന്നിച്ചു കയറുമ്പോൾ നമ്മൾ ഒരു പകുതി വരെയൊക്കെ പോയി വട്ടം കറങ്ങി ആ കുഴിയിൽ ഇറങ്ങി അവിടെ നിന്നും ഓടിച്ചു കയറ്റി ആശ തീർക്കും. 
നിങ്ങൾക്ക് പേടിയില്ലെങ്കിൽ ഈ മലയിൽ കുറച്ചു നമുക്ക് കയറാം എന്ന് ഞാൻ പറഞ്ഞു. അവർ എന്തിനും ഏതിനും തയ്യാർ, ഇങ്ങനെയും പേടിയില്ലാത്ത മനുഷ്യർ ഒന്നിച്ചു വരുമോ? സാധാരണ ആരെങ്കിലും ഒരാൾ വേണ്ടെന്നു പറയും, നമ്മൾ രക്ഷപെടും. എല്ലാ ഓഫ് റോഡ് ദേവതകളെയും മനസ്സിൽ ധ്യാനിച്ച് ഞാൻ ഒരു പിടിപ്പീരു പിടിപ്പിച്ചു. തിരകളിൽ ചാഞ്ചാടി പായുന്ന സ്പീഡ് ബോട്ടുപോലെ ചാടി ചാടി മുകളിലേക്ക് കുതിക്കുന്നതിനിടയിൽ വണ്ടിയുടെ ഗിയർ സ്ലിപ് ആയി.ഒരു നൂറടി പൊക്കത്തിൽ ഒടുക്കത്തെ ഒരു ചെരുവിൽ വണ്ടി നിന്നു. എന്റെ ഹൃദയം ശിവമണി കഞ്ചാവടിച്ചു ഉറഞ്ഞുകൊട്ടുന്നപോലെ ഇടിച്ചുകൊണ്ടിരുന്നു. വൗ വണ്ടർഫുൾ എന്ന് പറഞ്ഞു അവർ മൂന്നും പുറത്തിറങ്ങി, ചെരിഞ്ഞും ഇരുന്നും കിടന്നും ഫോട്ടോ എടുത്തു. ശരാശരി മധ്യവയസ്കനെ പോലെ ഉളിഞ്ഞുനോക്കാൻ പോയിട്ട് ശ്വാസം വിടാനുള്ള ശേഷി എനിക്കില്ലായിരുന്നു. 
അവസാനം ഷബീറിന്റെ നിർദ്ദേശം അനുസരിച്ചു, വണ്ടി ഫോർ വീൽ ലോ ഇൽ ഇട്ടു ഡിഫറെൻഷ്യൽ ലോക്ക് ചെയ്തു വണ്ടി നേരെ കുഴിയിലേക്ക് ഒരു തരത്തിൽ ഇറക്കി ദീർഘനിശ്വാസം വിട്ടപ്പോളാണ് ശ്രദ്ധിച്ചത്, എന്റെ കൈകൾ മുഴുവൻ വിയർത്തു നനഞ്ഞിരുന്നു. ആരും കാണാതെ കൈകൾ ഗുഹ്യഭാഗത്തും ഒന്ന് വെച്ചു, നനവുണ്ടോ എന്നറിയാൻ.
തിരിച്ചു മുകളിൽ വന്നു ഊഞ്ഞാലാടിയ ജാള്യതകൾ ഒന്നും പുറത്തു വരാത്തതിൽ അഭിമാനിച്ചു ചെറിയ ബ്രേക്കിനായി ഇറങ്ങിയപ്പോൾ ആണ് അടുത്ത പണി.
മീര കൃഷ്ണന് വണ്ടി ഒന്നോടിക്കണം. മാനുവൽ ഗിയർ വണ്ടി ഓടിക്കാനറിയുമോ എന്ന് ചോദിച്ചു ഞാൻ, അറിയാമെന്നു മീര. പ്രിയങ്കയും പമേലയും പുറത്തിറങ്ങി. ഞാൻ മീരയുടെ കൂടെയിരുന്നു ഗിയറും, വണ്ടിയുടെ പ്രത്യേകതകളും ഒക്കെ പറഞ്ഞു കൊടുത്തു. പണ്ടാരം അടങ്ങി ഇനി ഗിയറിടിച്ചു വണ്ടി എത്ര പ്രാവശ്യം നിന്ന് പോകുമോ എന്ന ആശങ്കയിൽ ഞാൻ സീറ്റ് ബെൽറ്റ് ഒക്കെ ഇട്ടു. അവൾ പതുക്കെ വണ്ടി എടുത്തു. നിരപ്പായ പ്രദേശത്തു കൂടി വളരെ പതുക്കെ രണ്ടു മൂന്നു റൗണ്ട്. കുഴപ്പമില്ല അവളുടെ ഡ്രൈവിങ്. പിന്നെ അവൾ ഇഫ്‌താർ ബൗളിന്റെ അരികത്തേക്കു നീങ്ങി, ഞാൻ പറഞ്ഞു അതികം അടുത്തേക്ക് പോകണ്ടാ എന്ന്. അവൾ പതുക്കെ ഫസ്റ്റ് ഗിയറിൽ അതിന്റെ അടുത്തേക്ക് നീങ്ങി. ഗിയർ സ്ലിപ് ആകുന്നതു ഫസ്റ്റിലാണോ എന്ന് ചോദിച്ചു, ഞാൻ മെല്ലെ തലയാട്ടി. 
ഇനി വല്ല ആത്മഹത്യാ പ്രവണത ഒക്കെ ഉള്ള പെണ്ണാണോ ഇവൾ? അതാണോ മറ്റവർ രണ്ടും പുറത്തിറങ്ങിയത്? അവൾ സ്പീഡ് കൂട്ടി ബൗളിന്റെ ചെരുവിലേക്ക് പോയി, അവളുടെ ഒരു കരം ഗിയറിലും മറ്റേ കരം സ്റ്റീറിങ്ങിലും. മുഖത്ത് ഭാവങ്ങൾ ഒന്നുമില്ലാതെ എന്തിലോ ഉറപ്പിച്ച പോലെ. സ്പീഡ് ഭയങ്കരമായി കൂടി, ഞാൻ പതുക്കെ ഒന്ന് നോക്കിയപ്പോൾ ആർ പി എം ചുവന്ന മാർക്ക് ഉള്ള സ്ഥലത്തെത്തി, ആറായിരത്തിലും മുകളിൽ, വണ്ടി ചീറ്റപ്പുലിയെ പോലെ കുതിച്ചു കയറി. പിന്നെ ചുറ്റും നടന്നതൊന്നും എനിക്ക് കാണാനോ കേൾക്കാനോ പറ്റിയില്ല.
എന്റെ വയസൻ പുലി ഒരു പുലിക്കുട്ടൻ ആദ്യമായി ആ ഉയരം കീഴടക്കി, എന്റെ കണ്ണിൽ കൂടി ആനന്ദാശ്രുക്കൾ പൊഴിഞ്ഞു. നനഞ്ഞോ എന്ന് ഒരിടത്തും തപ്പി നോക്കേണ്ടി വന്നില്ല. പകരം എന്തോ ഒരു സുരക്ഷിത ബോധം ഉള്ളിൽ വന്നു. അവൾ പിന്നീടോടിച്ച പത്തു മിനിറ്റ് ഞാൻ വണ്ടിയുടെ മുരൾച്ചയോ ചാട്ടമോ ഒന്നും അറിഞ്ഞില്ല. ഒരു പൂവിനെപ്പോലെ അവൾ വണ്ടിയോടിക്കുന്നതു കണ്ടിരുന്നു. വന്യതയോടെ വന്ന ഒറ്റക്കൊമ്പൻ ഒറ്റയാനെ മെരുക്കിയെടുത്ത മാലാഖയെപ്പോലെ അവൾ ചിരിച്ചുകൊണ്ട്ഓടിച്ചുകൊണ്ടിരുന്നു. 
അവൾ വണ്ടി നിർത്തി ഇറങ്ങി, എന്നോട് പറഞ്ഞു. 
"ഗിയറിന്റെ സിങ്കർനൈസർ പോയതാണ്, പണിയേണ്ടി വരും. സ്റ്റിയറിംഗ് കോളം ചേഞ്ച് ചെയ്യേണ്ടി വരും, ഇളക്കം ഉണ്ട്"
ഒരു കൊച്ചു കുട്ടിയെ പോലെ അത് കേട്ടുകൊണ്ട് നിന്ന എന്നെ പുറകിൽ നിന്നും വന്നു കെട്ടിപിടിച്ചുകൊണ്ടു പ്രിയക പറഞ്ഞു, ഷീ ഈസ് എ പ്രൊഫെഷണൽ അഡ്വെഞ്ചർ ഡ്രൈവർ മൈ ബോയ്.....

Read more...

കൊല്ലും കൊലയും ആസ്വദിക്കുന്നവർ

>> Monday, April 8, 2019


സോഷ്യൽ മീഡിയ പലതരത്തിൽ ആശ്വാസം തന്നിരുന്നു നമുക്ക്. അകലെയുള്ള സുഹൃത്തുക്കളെ / ബന്ധുക്കളെ കാണാൻ, അവരുടെ വിശേഷങ്ങൾ അറിയാൻ. നാട്ടുകാരുടെയും കൂട്ടുകാരുടെയും വിശേഷങ്ങൾ അറിയാൻ, പഴയ ബന്ധങ്ങൾ അയവിറക്കാൻ.
ഇന്നിപ്പോൾ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും വെറുപ്പ് കലർന്ന, അറപ്പുളവാക്കുന്ന, മടുപ്പുളവാക്കുന്ന പോസ്റ്റുകളാണ് കൂടുതലെങ്കിലും വല്ലപ്പോളും നോക്കാനും കാണാനും ഇഷ്ടമായിരുന്നു.

ഇപ്പോൾ തുറന്നാൽ ഉടനെ കാണുന്നത് മരിച്ചു പോയ ആ കുഞ്ഞിന്റെ ചിരിക്കുന്ന മുഖം മാത്രം. ഉമ്മ കൊടുക്കുന്ന മുഖം, മുന്തിരിങ്ങ കഴിക്കുന്ന മുഖം അങ്ങനെ പല വിധം. ആ കുഞ്ഞിന്റെ മുഖം വീണ്ടും വീണ്ടും കാണുന്നതിലൂടെ ഭീകരമായി അസ്വസ്ഥമാകുന്ന മനസ്സിനു പിടിച്ചു നിൽക്കാനാകുന്നില്ല. മനസ്സിൽ വല്ലാത്ത വിങ്ങൽ, കൂടെയില്ലാത്ത എന്റെ കുഞ്ഞുങ്ങളെക്കുറിച്ചുള്ള വേവലാതി. അകാരണമായ എന്തൊക്കെയോ ഭീതി, ദുസ്വപ്നങ്ങൾ, ദുർചിന്തകൾ.

ആളുകൾ ഇങ്ങനെ ഷെയർ ചെയ്യുന്നതിനിലൂടെ ഒരു സുഖം അനുഭവിക്കുകയല്ലേ എന്നൊരു സംശയം. കൊലപാതകത്തിന്റെയും കിരാതമായ ആക്രമണങ്ങളുടെയും വിവരങ്ങൾ പകർത്തിവിടുന്നതിലൂടെ നമ്മുടെ മനസ്സും മാറുകയില്ലേ? ആ അമ്മയെ അടിച്ചു കൊല്ലണം, അവനെ ഇഞ്ചിഞ്ചായി കൊല്ലണം എന്നൊക്കെ ആക്രോശിച്ചുകൊണ്ടാണ് ഈ ബഹളങ്ങളൊക്കെ. ആ കൊച്ചിനെ ചതച്ചു കൊന്നവനെ അങ്ങനെ തന്നെ കൊന്നാൽ പിന്നെ നാമും അവനും തമ്മിൽ എന്ത് വിത്യാസം? ഒരു പരിഷ്‌കൃത സമൂഹത്തിന്റെ പ്രതികരണങ്ങൾ ആയി അതിനെ കാണാനേ ആവുന്നില്ല. അമ്മയുടെ കൂട്ടുകാരന്റെ വൈകൃതങ്ങൾ, അമ്മയുടെ കാമവെറി എന്നൊക്കെ ആൾക്കാർ അവരവരുടെ ഭാവനയും അറിവും വെച്ച് തട്ടി വിടുന്നു.

പലരിലും ഇതുണ്ടാക്കുന്ന പ്രകമ്പനങ്ങൾ പലവിധമാകാം. ഭാര്യയെ, ഭർത്താവിനെ, കൂട്ടുകാരെ, വീട്ടുകാരെ, അങ്ങനെ ഈ ലോകത്തെ തന്നെ സംശയമാകാം, ഭയമാകാം. apocalypto എന്ന ഫിലിം കണ്ടപ്പോൾ പ്രാകൃത മനുഷ്യരുടെ രീതികൾ ഇങ്ങനെയൊക്കെയും ആയിരുന്നിരിക്കാം  എന്ന ചിന്ത ഒരു വേദന ഉളവാക്കിയിരുന്നു. ഇന്നിപ്പോൾ ആളുകളുടെ ആക്രോശങ്ങൾ കൂടുതൽ ഭയപ്പെടുത്തുന്നു.

ആ കുഞ്ഞിന്റെ ചിരി ഇനിയും എനിക്ക് താങ്ങാനാവില്ല, അതിലുപരി അത് വീണ്ടും വീണ്ടും പബ്ലിഷ് ചെയ്തുകൊണ്ട് സഹതാപവും പ്രതികാരവും ആഹ്വാനം ചെയ്തുകൊണ്ടുള്ള വൈകൃതവും.   

Read more...

പേടി

>> Wednesday, April 3, 2019മക്കളോടുള്ള മാതാപിതാക്കളുടെ സ്നേഹത്തിന്റെ തോത് എങ്ങനെയാണാവോ? ഒരു കൊച്ചുള്ളവൻ നൂറു ശതമാനം സ്നേഹം ആ കൊച്ചിന് കൊടുക്കുകയും രണ്ടു കൊച്ചുള്ളവൻ പകുതി വീതം (അമ്പത് ശതമാനമോ അല്ലെങ്കിൽ ആനുപാതികമായി 40 - 60, 30 - 70 ) കൊടുക്കയാണോ? അങ്ങനെയെങ്കിൽ ഞാൻ ഇപ്പോൾ അഞ്ചു പേർക്കായി 20 % സ്നേഹമേ കൊടുക്കുന്നുണ്ടാവൂ. തീർച്ചയായും അല്ല, സമയത്തിന്റെ പരിമിതകൾ ഉണ്ടെങ്കിൽ പോലും എല്ലാവർക്കും 100  ശതമാനം കൊടുക്കാൻ നോക്കുന്നുണ്ട്. അപ്പോൾ 500 ശതമാനം സ്നേഹം നിറഞ്ഞിരിക്കുന്ന ഒരു  പിതാവാണ് ഞാൻ.

ഇപ്പോൾ ന്യൂസ് ചാനൽസ് കാണാറില്ല, രാഷ്ട്രീയം കേൾക്കാറില്ല. എങ്കിലും എവിടുന്നെങ്കിലും ഈ വക വാർത്തകൾ കേൾക്കും. വൈകുന്നേരങ്ങളിൽ കിടക്കാൻ നേരം മനസ്സിൽ ആധിയാണ്. മക്കളെ പിരിഞ്ഞു നിൽക്കുന്ന ഒരു പിതാവിന്റെ വ്യഥ.

തലക്കടിച്ചു കൊല്ലാൻ നോക്കുന്നവർ, തട്ടിയെടുത്തു കൊണ്ടുപോയി പിച്ചക്കാർ ആക്കുന്നവർ, അവയവങ്ങൾ വിൽക്കാൻ തട്ടിയെടുക്കുന്നവർ, പീഡിപ്പിക്കാൻ കൊണ്ട് പോകുന്നവർ, ചീറി പാഞ്ഞു വരുന്ന ടിപ്പർ ലോറികൾ, പാമ്പും പട്ടിയും പഴുതാരയും..... ലിസ്റ്റ് നീണ്ടു പോകുന്നു.

എല്ലാ കുഞ്ഞുങ്ങളെയും എന്റെ കരങ്ങളിൽ പൊതിഞ്ഞു വെക്കാൻ ഹൃദയം വെമ്പുന്നു. സുരക്ഷിതരായി അവരെ വഴി നടത്താൻ കരം പിടിച്ചു നടത്താൻ കൊതിക്കുന്നു.

പക്ഷെ എത്ര നാൾ? സ്‌കൂളും കോളേജിലും ഒക്കെ മയക്കു മരുന്നിന്റെ അതി പ്രസരം. വഴി തെറ്റി പോകാനുള്ള അനേകായിരം സാധ്യതകൾ. എത്ര പൊതിഞ്ഞു വെച്ചാലും പോകാനുള്ളത് പോകും. നല്ല വഴികളും, നല്ല മനസും ഉള്ള നല്ല കൊച്ചുങ്ങളാകാൻ അവരെ പഠിപ്പിക്കാം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും കഥകൾ അവരെ പഠിപ്പിക്കാതെ, സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സഹനത്തിന്റെയും വഴികൾ കാട്ടി കൊടുക്കാം. ഒരു നല്ല തലമുറക്കായി, അവരെങ്കിലും നല്ല മനുഷ്യരായി ജീവിക്കാൻ പ്രജോദനം നൽകാം.

അനന്തരം അവൻ എന്തോ എടുത്തു, വിഭജിച്ചു കൂട്ടുകാർക്കു കൊടുത്ത ശേഷം അവരോടു അരുൾ ചെയ്തു....

ചിയേർസ് ........

Read more...

ഒരു ബാലന്റൈൻ ഡേ

>> Friday, February 15, 2019


ഒരു ബാലന്റൈൻ ഡേ

സർപ്രൈസുകൾ.... അതൊരു രസമാണ്, സുഖമാണ്. അങ്ങനെ ഈ പതിനാലിന് ഒരു സർപ്രൈസ് ആയി ഞാൻ നാട്ടിലെത്തി. അടുത്തയാഴ്ച വരുന്ന എന്നെയും അതിനു ശേഷം വരാനിരിക്കുന്ന തുമ്പിയെയും കാത്തിരിക്കുന്ന ഭാര്യ (നിറവയറുമായി). അവൻ ഒന്ന് വന്നാൽ സമാധാനം ആയി എന്ന് കരുതി ഇരിക്കുന്ന അമ്മ. കുറെ സമ്മാനങ്ങളും പൊതിക്കെട്ടുകളുമായി വരുന്ന എന്നെ കാത്തിരിക്കുന്ന മക്കൾ. അവരുടെ മുന്നിലേക്ക് ഒരു ഇടിവെട്ടു പോലെ ഞാൻ എത്തി. കൂട്ടുകാരൻ ടോമിച്ചനെ മാത്രം അറിയിച്ചുള്ള ഒരു വാലറ്റൻസ് ഡേ സ്പെഷ്യൽ എൻട്രി.

വൈകുന്നേരം ആണ് ഞാൻ എത്തിയത്. അതെന്നാടാ പറയാതെ വന്നത് എന്ന് ചോദിച്ചു അമ്മ. കറിയായും കോക്കുവും പാപ്പിയും ഓടി വന്നു കെട്ടി പിടിച്ചു. കുഞ്ഞേപ്പ് ചിരിച്ചു കൊണ്ട് ഇത്തിരി മാറി നിന്ന് നോക്കുന്നു, വിളിച്ചിട്ടും അവനു അടുത്ത് വരാൻ നാണം.

കറി ഒന്നും സ്പെഷ്യൽ ഇല്ലല്ലോടാ എന്ന് പറഞ്ഞു അമ്മക്ക് ചെറിയ വ്യസനം. ഞാൻ എന്ന പറമ്പിൽ നിന്ന് ഇത്തിരി നെച്ചിക്കറിയാൻ (നിത്യക്കാറിയൻ) പറിക്കാം എന്ന് പറഞ്ഞു അമ്മ മുറ്റത്തോട്ടിറങ്ങി. മുറിക്കകത്തു കയറിയ ഞാൻ പെട്ടെന്ന് ഭാര്യക്ക് ഒരു ഉമ്മ കൊടുത്തു, അവൾ കെട്ടിപിടിച്ചു എന്റെ ചെവിക്കു ഒരു കടിയും തന്നു. അപ്പോളേക്കും കുഞ്ഞേപ്പിന്റെ കീറ്റികൊണ്ടുള്ള മാസ് എൻട്രി. പിന്നെ അവളുടെ കയ്യിൽ പിടിച്ചു വയർ ഒക്കെ തടവി തുമ്പിയുടെ അനക്കം ഒക്കെ നോക്കി നിന്നപ്പോൾ ടോമിച്ചൻ വിളിച്ചു ചോദിച്ചു, ഞാൻ പോക്കോട്ടേന്ന്...

ഹേയ് ഞാനും ടൗണിനു വരുന്നു എന്ന് പതിവ് പോലെ പറഞ്ഞപ്പോൾ ഭാര്യ ഒന്ന് നോക്കിയിട്ടു കൈ പിടിച്ചു വയറ്റിൽ വെച്ചു.  എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാർ പോലെ ഞാൻ ആ കൈ മാറ്റി ടോമിച്ചന്റെ കൂടെ പതുക്കെ കവലക്കിറങ്ങി. കയ്യിൽ കൊണ്ട് വന്ന കുപ്പികളിൽ നിന്നും ഒരു Ballantine എടുത്തു കവലയിൽ ചെന്നു ഓരോന്നടിച്ചു കത്തികൾ കുത്തിക്കേറ്റി കുറച്ചു സമയം.

അപ്പോളേക്കും പെങ്ങളും അളിയനും എത്തി. പിന്നെ അവർ കൊണ്ട് വന്ന പോർക്ക് ഫ്രൈ, ബീഫ് ഫ്രൈ, അതിന്റെ കൂടെയുള്ള സവോള ഒക്കെ കൂട്ടി വീണ്ടും കള്ളടി. അതിനു ശേഷം ഒരു സുഖത്തിനു അമ്മയുടെ കറിയും, ഭാര്യയുടെ വക ചമ്മന്തിയും കൂട്ടി ഇത്തിരി ചോറ്. അതിഥികൾ ഓരോരുത്തരായി പിരിഞ്ഞു.

കള്ളിന്റെ അളവ് കൂടിയതനുസരിച്ചു ഉച്ചസ്ഥായിയിലായ സംസാരത്തിന്റെ ഇടക്കും അമ്മയുടെ അടുത്ത് നിന്ന് നാട്ടുകാര്യവും കൃഷിക്കാര്യവും പറഞ്ഞു ടോമിച്ചൻ ഇരിപ്പുണ്ടായിരുന്നു. അവസാനം ഞങ്ങൾ രണ്ടും മാത്രം ആയി. പിള്ളേരെല്ലാം ഉറങ്ങി,ഭാര്യ വയറും തടവി അകത്തു കാത്തിരിക്കുന്നു.

അങ്ങനെ പോകാനായി മുറ്റത്തുനിന്ന ടോമിച്ചനുമായി അവസാന കവിൾ സംസാരിക്കുന്നതിന്റെ ഇടക്കാണ് എനിക്ക് ചെറിയ  ഒരു വേദന തോന്നിയത്. ഇടത്തെ തോളിനാണ് വേദന. പെട്ടെന്ന് തന്നെ മനസ്സിൽ ഒരു ബീപ് ബീപ് സൗണ്ട് വന്നു. രണ്ടു ദിവസം ആയി കുറച്ചു കിതപ്പ് കൂടുതൽ ഉണ്ടായിരുന്നു. കഴിഞ്ഞ പ്രാവശ്യം കൊളസ്‌ട്രോൾ ചെക്ക് ചെയ്തപ്പോൾ കൂടുതൽ ഉണ്ടായിരുന്നു, ട്രൈ ഗ്ലിസറൈഡ് ആണ് നല്ല കൂടുതൽ. അപ്പൻ നാല്പതാം വയസിൽ അറ്റാക്ക് വന്നു പോയത് കൊണ്ട് അതിലും നാല് വയസു മൂത്ത ഞാൻ സൂക്ഷിക്കണം എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞിരുന്നു.

ഞാൻ പതുക്കെ ടോമിച്ചനോട് പറഞ്ഞു, "അതേ... എനിക്ക് ചെറിയ ഒരു പ്രയാസം തോന്നുന്നു, ചങ്കിനു ചെറിയ പ്രശ്നമുണ്ടോ എന്നൊരു സംശയം" ഓ.. അതൊന്നും ഇല്ലെടാ, യാത്രയുടെ ക്ഷീണം ആയിരിക്കും. നീ ഒരു കാര്യം ചെയ്യ്, നന്നായി രണ്ടു മൂന്നു പ്രാവശ്യം ചുമക്ക്. അപ്പോൾ രക്ത ഓട്ടം കൂടി ചെറിയ ബ്ലോക്ക് ഒക്കെ ഉണ്ടെങ്കിൽ മാറും എന്ന് ടോമിച്ചൻ.

കഴിഞ്ഞ രണ്ടു പ്രാവശ്യവും ജലദോഷം വന്നപ്പോൾ ചുമ വരുന്നതിനു മുമ്പേ മരുന്നടിച്ചു ചുമയെ നിർത്തിയ മണ്ടത്തരം ഓർത്തു ഞാൻ ലജ്ജിച്ചു. വർഷത്തിൽ രണ്ടു പ്രാവശ്യം ജലദോഷം വന്നാൽ, ഒരു നാല് നേരം നന്നായി ചുമച്ചാൽ ഹാർട്ട് പമ്പിങ് ഉഷാറാക്കി, ബ്ലോക്ക് ഒക്കെ എടുത്തു പള്ളേൽ കളയും എന്ന വലിയ സത്യം എന്ത് കൊണ്ട് ഒരു ശാസ്ത്രജ്ഞരും കണ്ടു പിടിച്ചില്ല എന്ന ചിന്തയിൽ ഞാൻ ഉള്ള ശക്തിയിൽ ഒരു നാല് ചുമ.

ഉടനെ എന്റെ ഉരത്തിന്റെ മുകൾ ഭാഗത്തായി ഒരു മുഴ പെട്ടെന്ന് വന്നു. ചുമക്കുമ്പോൾ അത് അനങ്ങുന്നു. അത് കണ്ട ടോമിച്ചൻ പറഞ്ഞു, ഇത് അറ്റാക്ക് തന്നെ. അമ്മേ... ഞാനും ഇവനും കൂടെ ഒന്നൂടെ കവലക്കു പോയിട്ട് വരാം എന്ന് പറഞ്ഞു പെട്ടെന്ന് തന്നെ ടോമിച്ചൻ എന്ന വണ്ടിയിൽ കയറ്റി. വണ്ടി തിരിക്കുന്ന വഴിക്ക് ഇനിയും പോകുവാണോ എന്നുള്ള ചോദ്യവും കണ്ണുകളിൽ നിറച്ചു ഭാര്യ ജനലില്ന്റെ അടുത്ത് വന്നു. ഞാൻ നിശബ്ദമായി യാത്ര ചോദിച്ചു.

ടോമിച്ചൻ ഹസാർഡ് ലൈറ്റും ഇട്ടു കാരിത്താസിലേക്ക് വണ്ടി പായിച്ചു. അതിന്റിടക്ക് ഞാൻ പരലോകം പോകാൻ റെഡിയായി തുടങ്ങി. ഇളയ മകൻ കുഞ്ഞേപ്പിന്റെ മകളുടെ മാമ്മോദീസ കൂടെ കണ്ടിട്ടേ ഞാൻ ഇവിടുന്നു പോകൂ എന്ന അമിത ആഗ്രഹങ്ങൾ ഒന്നുമില്ല. കുഞ്ഞേപ്പ് വരും... എല്ലാം ശെരിയാകും എന്ന് പറഞ്ഞിരുന്ന പോലെ തുമ്പി വരും, ഇത്തിരി കൂടുതൽ ശെരിയാകും എന്ന സ്വപ്നങ്ങളും ഇല്ല. അല്ലെങ്കിൽ തന്നെ ഇപ്പോൾ എന്താണ് തെറ്റ്? ഇനി ഇതിൽ കൂടുതൽ സന്തോഷം എന്ന് പറയുന്നത് എന്താണ്? എന്നാലും കുറച്ചു ദിവസം കൂടി ജീവിക്കാൻ തന്നുകൂടെ ദൈവമേ.... എന്റെ നക്ഷത്രം എത്തുന്ന വരെയെങ്കിലും അറ്റ് ലീസ്റ്റ്.

 പെട്ടെന്നാണ് വണ്ടി ബ്രേക്ക് ഇട്ടതു, മുമ്പിൽ ഒരു ജനക്കൂട്ടം. ഈ പാതിരാത്രിക്കും ഹർത്താലോ എന്ന് ചോദിച്ചു ടോമിച്ചൻ തലയിൽ കൈ വെച്ചു.

ഏറ്റവും മുമ്പിൽ നിന്നതു ഡൊമിനിങ്കോസ് ആയിരുന്നു. കൂടെ അപ്രേം, ഗ്രിഗോറിയോസ്, പ്രോത്താസീസ്, ബർണ്ണവായ്, ലംബെ, തെക്ല എന്ന് തുടങ്ങി സകല പുണ്യവതികളും വിശുദ്ധരും.... പെട്ടെന്ന് ആരോ ഡോർ തുറന്നു, ഞാൻ തലയുയർത്തി നോക്കി. അതാ കയ്യിൽ ഒരു ബാലന്റൈനും ആയി അയ്യപ്പ ബൈജു.......
Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP