ഞാനൊരു പാവം പാലാക്കാരന്‍

ഒറ്റപ്പെടൽ

>> Wednesday, December 2, 2020

മൂക്കും വായും മൂടിക്കെട്ടി  സ്വന്തം ശ്വാസത്തിന്റെ മാദകഗന്ധം വലിച്ചു കേറ്റി ഉന്മാദത്തിൻറെ ഉത്തുംഗശൃംഗത്തിൽ കിറുങ്ങി നടക്കുന്ന കോവിഡ് കാലം. കൂടെ കൈ വിരലുകൾക്കിടയിലൂടെ കടന്നെത്തുന്ന സാനിറ്റൈസറിലെ ആൾക്കഹോളിന്റെ തരിപ്പും. ഒരു വീക്കെൻഡിൽ അജ്മാനിലെ കള്ളുകടയിലെ നിരനിരയായി ഒരുങ്ങിയിരിക്കുന്ന തരുണീമണികളിൽ നിന്നും ഞാൻ അവളെ തിരഞ്ഞെടുത്തു, കൊറോണ ബിയർ.വീട്ടിൽ വന്ന് കയറി മൂന്നെണ്ണം എടുത്തു ഫ്രീസറിൽ വച്ചു. താഴത്തെ കടയിൽ പോയി ഒരു പായ്ക്കറ്റ് സിഗരറ്റും നാല് നാരങ്ങയും വാങ്ങിച്ചു തിരിച്ചു വീട്ടിൽ വന്നു. ഫ്രീസറിൽ ഏതു കുപ്പി ആണോ കൂടുതൽ തണുത്തത് എന്ന് നോക്കി, കൺഫ്യൂഷന്റെ അവസാനം അക്കാ ഇക്കാ വെക്കം പൊക്കോ പറഞ്ഞ് ഒരു കുപ്പി എടുത്തു അത് തുറന്ന് ചെറുതായി മുറിച്ച നാരങ്ങയുടെ രണ്ടു പീസ് അകത്തോട്ട് കുത്തിക്കയറ്റി, കുപ്പിയുടെ സൈഡിൽ ഒരു നാരങ്ങ അലങ്കാരത്തിനു മുറിച്ചുവെച്ച് വായിൽ വെക്കുന്നതിന് മുൻപ് ഫോൺ ചിലച്ചു.സച്ചു ആയിരുന്നു വിളിച്ചത്, അവൻറെ കൂട്ടുകാരൻറെ കൊറോണ കഥ. അവനു ചുമയും പനിയും ഒന്നുമില്ലായിരുന്നു, ആകെയുള്ള ലക്ഷണം മണവും രുചിയും അറിയില്ല എന്നുള്ളത്. ഞാൻ കൊറോണ ഒന്ന് സിപ്പ് ചെയ്തു നോക്കി. "അളിയോ... പുളിയും കയ്പും ഒന്നും തോന്നുന്നില്ലല്ലോ?" അവൻ പറഞ്ഞു നീ സിഗരറ്റെടുത്ത് ഒന്നു സ്മെൽ ചെയ്തു നോക്കിയേ. മണത്തും വലിച്ചും നോക്കി, കിം ഫലം. ചെറിയൊരു സംശയം, നേരെ പിറ്റെ ദിവസം ടെസ്റ്റ് ബുക്ക് ചെയ്തു. കഴിച്ച കൊറോണയുടെ തലവേദനയും ആയി കിടന്നുറങ്ങി.അങ്ങനെ പോയി ടെസ്റ്റ് ചെയ്തു. നാസാരന്ധ്രങ്ങളിൽ കോലിട്ട് കുത്തിയതുകൊണ്ടാണോ എന്നറിയില്ല നല്ല ക്ഷീണം. ടെസ്റ്റ് ചെയ്യാൻ പോയ വഴിക്ക് വല്ലോ വൈറസും കേറി തൊണ്ടയിൽ ഒളിച്ചിരിക്കുന്നുണ്ടെങ്കിൽ തുരത്താനായി കുറച്ച് ആൽക്കഹോൾ തൊണ്ടയിൽ ഇട്ടു കുലുകുഴിഞ്ഞു. ക്യാൻസർ ഹാർട്ടറ്റാക്ക് അങ്ങനെ തുടങ്ങി ഗ്ലാമർ ഉള്ള ഷുഗറും ബിപിയും വരെ പ്രതീക്ഷയോടെ പലപ്പോഴും ടെസ്റ്റ് ചെയ്‌തെങ്കിലും നമുക്ക് നെഗറ്റീവ് റിസൾട്ട് ആണ് തന്നിരുന്നത്. എന്നാൽ മഞ്ഞപ്പിത്തം അഞ്ചാംപനി തുടങ്ങിയ സമ്പർക്ക രോഗങ്ങൾ പോലെ പോലെ അവസാനം കൊറോണയും നമ്മളെ  പോസിറ്റീവ് ആക്കി.റിസൾട്ട് വന്നതോടെ നമ്മൾ ഉഷാറായി, നിലവിളി ശബ്ദം ഇട്ട ആംബുലൻസുകളുടെ ആരവവും കൊട്ടും കുരവയും ഒന്നും ഇല്ലാതെ നമ്മൾ ഫ്ലാറ്റിൽ കയറി കതകടച്ചു. കൊറോണ വലിയ ഭീകരൻ ആയിരുന്ന മാർച്ച് മാസത്തിൽ നാട്ടിലേക്ക് സാഹസികമായി യാത്ര ചെയ്തു 28 ദിവസം ക്വാറന്റയിൻ ഇരുന്ന എന്നോടാണോ ബാലാ നിന്റെ കളി.... അന്നൊക്കെ നാട്ടുകാർ വീടിനു മുൻപിലുള്ള വഴിയിലൂടെ നടന്ന് പോകാൻ പോലും മടിച്ച കാലം.കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കണ്ടുമുട്ടിയ ആൾക്കാരൊക്കെ വിളിച്ച് അവരുടെ നെഞ്ചിലേക്ക് ഇത്തിരി തീ കോരിയിട്ടു. നാട്ടിൽ വിളിച്ച് ഭാര്യയോട് പറഞ്ഞു, അവളുടെ നെഞ്ചത്തടിച്ചുള്ള "എന്റെ ദൈവമേ" എന്ന നിലവിളി കേട്ട് ഉള്ളിൽ സന്തോഷിച്ചു. അമ്മയുടെ കണ്ണിൽനിന്നു വീണ കണ്ണീർ ലേശം വേദനയുണ്ടാക്കി എങ്കിലും വലിയ ക്ഷീണവും പ്രയാസവും ഒന്നും ഇല്ലാത്തതു കൊണ്ടും വീഡിയോ കോൾ വഴി എപ്പോഴും കാണാൻ സാധിക്കുന്നത് കൊണ്ടും പറയുന്നതാണ് നല്ലത് എന്ന് തന്നെയാണ് തോന്നിയത്.അങ്ങനെ കൂട്ടുകാരും നാട്ടുകാരും ദുഫയിക്കാരും ഒക്കെ അറിഞ്ഞു. ഉപദേശങ്ങൾ കുമിഞ്ഞു കൂടി, തൊണ്ടയിൽ തീയിട്ടു വൈറസിനെ കൊല്ലാനും ശ്വാസകോശത്തിലെ സ്പൊഞ്ചിൽ ഒളിച്ചിരിക്കുന്ന കുട്ടി വൈറസുകളെ പുകച്ചു ചാടിക്കാനും, ആമാശയം കിഡ്നി കശേരുക്കൾ ഇവയുടെ ഒക്കെ ഇടയിൽ പാത്തിരിക്കുന്ന വില്ലന്മാരെ വെളുത്തുള്ളി, ഇഞ്ചി, ചുക്ക് കുരുമുളക് മഞ്ഞൾ തുടങ്ങിയ വിഷം അടിച്ചു തുരത്താനും ഉള്ള ജാലവിദ്യകൾ ലോകത്തിന്റെ നാനാഭാഗത്തു നിന്നും  പുറകെ പുറകെ വന്നു കൊണ്ടിരുന്നു.ആട്ടിറച്ചിയും ഫ്രഷ് മത്തിയും വാങ്ങിക്കൊണ്ടുവന്ന ലിഫ്റ്റിൽ കേറ്റി മുകളിലേക്ക് വിട്ട കൂട്ടുകാർ, പച്ചക്കറിയും പഴവർഗങ്ങളും കൊണ്ടുവന്ന് ഫ്ലാറ്റിന്റെ മുൻപിൽ വെച്ച കമ്പനിയിലെ പിള്ളേർ, അങ്ങനെ നിരവധിപേരുടെ സ്നേഹവും സഹതാപവും പിടിച്ചുപറ്റി ദിവസങ്ങൾ മുന്നോട്ട് പോയി. രാവിലെ വെറും വയറ്റിൽ ഇത്തിരി ചെറുതേൻ നോർമൽ ടെമ്പറേച്ചറിൽ, കുറച്ചു ചുക്കും കഷായം നല്ല ചൂടിൽ, കരിക്കും നാരങ്ങാവെള്ളവും തണുപ്പിൽ അങ്ങനെ ദിവസങ്ങൾ തള്ളി. വായിക്കു രുചി ഇല്ലാത്തതു കൊണ്ട് മട്ടൻ കറിയിൽ കാൽ കിലോ വീതം ഇഞ്ചിയും വെളുത്തുള്ളിയും കുറച്ചു പച്ചമഞ്ഞളും ചേർത്ത് വൈറസിനെ തുരത്താൻ നോക്കി. ചൂടുള്ളതെ കഴിക്കാവൂ എന്ന് പറഞ്ഞവരോട്, ഓറഞ്ചും കരിക്കും നാരങ്ങാവെള്ളവും ചൂടോടെ കഴിക്കാനുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞില്ല. ചൂടാണെങ്കിലും തണുപ്പാണെങ്കിലും വയറ്റിൽ കിടക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് ദഹിപ്പിച്ചിട്ടാണ് ബാക്കി അവയവങ്ങളിലേക്ക് അതിലെ ഗുണദോഷങ്ങളെ വിതരണം ചെയ്യാറ് എന്ന് കേട്ടിട്ടുണ്ട്. ചൂടോടെ കഴിച്ചാൽ തൊണ്ടയിൽ ഇരിക്കുന്ന വൈറസ് ചാകുമോ, ആവി പിടിച്ചാൽ ശ്വാസകോശത്തിലെ അണുക്കൾ ചാകുമോ എന്നൊക്കെ സംശയം തോന്നിയെങ്കിലും ജീവന്റെ കാര്യമല്ലേ, വിട്ടു വീഴ്ച ചെയ്‌തില്ല.ഫ്ലാറ്റിൽ ഒറ്റക്ക് താമസിക്കുന്നത് കൊണ്ട് എല്ലാവര്ക്കും ഒരു ബുദ്ധിമുട്ട്, ചത്തുകിടന്നാലോ, വലിയ പ്രായസം ഉണ്ടായാലോ ആരും അറിയില്ല എന്ന ഭയം ഭാര്യക്കും പെങ്ങമ്മാർക്കും തോന്നി. പിന്നെ അമാന്തിച്ചില്ല, ഒരു ക്യാമറ വാങ്ങി കിടപ്പറയിൽ വെച്ച് ഭാര്യക്ക് കണക്ട് ചെയ്തു കൊടുത്തു. ഇന്നേവരെ ഒരത്യാവശ്യ കാര്യത്തിന് വിളിച്ചാൽ ഫോണിൽ കിട്ടാത്ത ഭാര്യയാണ് ഇനി പാതിരാത്രിയിൽ പരവേശം എടുത്താൽ ക്യാമറയിലൂടെ വെള്ളം തരാൻ പോകുന്നത്. ഇനി എന്ത് പറഞ്ഞു അതൊന്നു ഊരി മറ്റുവോ എന്റെ ദൈവമേ...ലോകത്തുള്ള സകല കിടുമണ്ടികളോടും പേടിയുണ്ടായിരുന്നു എന്റെ ഭയം കുറച്ചെങ്കിലും മാറിയത് ഇരുപതുകളിൽ ഉണ്ടായ ഒരു ആക്സിഡന്റിൽ കൂടെ ഉണ്ടായൊരുന്ന ആൾ മരിച്ചപ്പോളാണ്. മരിക്കാനുള്ള പേടി മാറിയതുകൊണ്ടു മറ്റു ഭയങ്ങൾ എന്നെ വിട്ടു പോകാൻ തുടങ്ങി, ദൈവ വിശ്വാസം കുറഞ്ഞും തുടങ്ങി. അതുകൊണ്ടു തന്നെ കൊറോണയോ, അത് മൂലം മരിച്ചവരോ ഒന്നും എന്നെ അലട്ടിയില്ല. പണ്ടൊക്കെ മരിച്ചു കഴിഞ്ഞാൽ എന്തായിരിക്കും എന്ന ചിന്ത എന്നെ ഒത്തിരി കുഴച്ചിരുന്നു. ദൈവം ഉണ്ടെങ്കിൽ കുഴപ്പമില്ല, സ്വർഗ്ഗത്തിലോ അല്ലെങ്കിൽ നരകത്തിൽ എങ്കിലും നമ്മൾ ഉണ്ടാവുമല്ലോ. പക്ഷെ ദൈവവും ചെകുത്താനും ഒന്നും ഇല്ല എങ്കിൽ, നമ്മൾ ഈ ഭൂമിയിൽ നിന്നും എന്നന്നേക്കും ആയി ഇല്ലാതായാൽ...  വഴക്കവരയൻ എന്ന ഞാൻ ഈ പ്രപഞ്ചത്തിലെ ഒരു തരിയായി പോലും ഇനി ഒരിക്കലും ഇല്ലാതെ വന്നാൽ എന്ന ചിന്ത എന്നെ ഒത്തിരി ഭ്രാന്തു പീടിപ്പിച്ചിരുന്നു. ഇന്നിപ്പോൾ അതൊക്കെ കുറെയൊക്കെ മാറി, അല്ലാത്ത ഭ്രാന്തുകൾക്കിടയിൽ ഇതിനൊക്കെ എവിടെ സമയം.കുറച്ചു ദിവസങ്ങൾ കഴിഞ്ഞു, ജയിൽ വാസം കഴിഞ്ഞു. പേടിപ്പിക്കുന്ന പോസ്റ്റ് കൊറോണ അവസ്ഥകൾ കേട്ട് കുലുങ്ങാതെ ഇരിക്കുന്നു. പക്ഷെ മനസ്സിൽ എവിടെയോ ഒരു തേങ്ങൽ. മരിക്കാൻ ഭയമില്ല, പക്ഷെ കുട്ടികളുടെ കൂടെ രണ്ടു ദിവസം കൂടി കളിച്ചിട്ട് പോകണം, ഇനിയൊരിക്കലും തിരിച്ചുവരാനാവാത്ത ഈ ജന്മം വെറുതെ വിട്ടു പോകാൻ ആവില്ലല്ലോ. എന്നെ പോലെ എത്രയോ ജന്മങ്ങൾ ഈ മരുഭൂമിയിൽ ഉറ്റവരും ഉടയവരും കൂടെ ഇല്ലാതെ, മനസ്സിൽ എല്ലാവരെയും ചേർത്ത് കെട്ടിപിടിച്ചു കഴിയുന്നു. ഭയവും ആശങ്കകളും അവരെ കൊല്ലാതെ കൊല്ലുന്നു. മക്കളെന്നു സങ്കല്പിച്ചു നനഞ്ഞ തലയിണ കെട്ടിപിടിച്ചു കിടക്കുന്ന, ഭാര്യയുടെ മടിയിലെന്ന പോലെ തല ചേർത്ത് കിടക്കുന്ന, അമ്മ വാരിത്തരുന്നത് പോലെ ഭക്ഷണം വാരി കഴിക്കുന്ന എത്രയോ ജീവനുകൾ. കുട്ടികളുടെ കളിചിരികൾ, പങ്കാളിയുടെ പരിലാളനകൾ, മാതാപിതാക്കളുടെ മനസമാധാനം ഒക്കെ അനുഭവിക്കാതെ, ഭൂമിയുടെ മറ്റൊരു കോണിൽ ആയുസ്സിന്റെ കുറെ സമയങ്ങൾ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആയി കുറെ ജന്മങ്ങൾ ..... രാത്രിയിൽ മരിച്ചു പോകുമോ എന്ന പേടിയിൽ ഉറങ്ങാൻ പോലും മടിക്കുന്ന പാവങ്ങൾ.....  ഒറ്റപ്പെടൽ...ഭീകരം ആണ് അത്...    
Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP