ഞാനൊരു പാവം പാലാക്കാരന്‍

ഒറ്റപ്പെടൽ

>> Wednesday, December 2, 2020

മൂക്കും വായും മൂടിക്കെട്ടി  സ്വന്തം ശ്വാസത്തിന്റെ മാദകഗന്ധം വലിച്ചു കേറ്റി ഉന്മാദത്തിൻറെ ഉത്തുംഗശൃംഗത്തിൽ കിറുങ്ങി നടക്കുന്ന കോവിഡ് കാലം. കൂടെ കൈ വിരലുകൾക്കിടയിലൂടെ കടന്നെത്തുന്ന സാനിറ്റൈസറിലെ ആൾക്കഹോളിന്റെ തരിപ്പും. ഒരു വീക്കെൻഡിൽ അജ്മാനിലെ കള്ളുകടയിലെ നിരനിരയായി ഒരുങ്ങിയിരിക്കുന്ന തരുണീമണികളിൽ നിന്നും ഞാൻ അവളെ തിരഞ്ഞെടുത്തു, കൊറോണ ബിയർ.വീട്ടിൽ വന്ന് കയറി മൂന്നെണ്ണം എടുത്തു ഫ്രീസറിൽ വച്ചു. താഴത്തെ കടയിൽ പോയി ഒരു പായ്ക്കറ്റ് സിഗരറ്റും നാല് നാരങ്ങയും വാങ്ങിച്ചു തിരിച്ചു വീട്ടിൽ വന്നു. ഫ്രീസറിൽ ഏതു കുപ്പി ആണോ കൂടുതൽ തണുത്തത് എന്ന് നോക്കി, കൺഫ്യൂഷന്റെ അവസാനം അക്കാ ഇക്കാ വെക്കം പൊക്കോ പറഞ്ഞ് ഒരു കുപ്പി എടുത്തു അത് തുറന്ന് ചെറുതായി മുറിച്ച നാരങ്ങയുടെ രണ്ടു പീസ് അകത്തോട്ട് കുത്തിക്കയറ്റി, കുപ്പിയുടെ സൈഡിൽ ഒരു നാരങ്ങ അലങ്കാരത്തിനു മുറിച്ചുവെച്ച് വായിൽ വെക്കുന്നതിന് മുൻപ് ഫോൺ ചിലച്ചു.സച്ചു ആയിരുന്നു വിളിച്ചത്, അവൻറെ കൂട്ടുകാരൻറെ കൊറോണ കഥ. അവനു ചുമയും പനിയും ഒന്നുമില്ലായിരുന്നു, ആകെയുള്ള ലക്ഷണം മണവും രുചിയും അറിയില്ല എന്നുള്ളത്. ഞാൻ കൊറോണ ഒന്ന് സിപ്പ് ചെയ്തു നോക്കി. "അളിയോ... പുളിയും കയ്പും ഒന്നും തോന്നുന്നില്ലല്ലോ?" അവൻ പറഞ്ഞു നീ സിഗരറ്റെടുത്ത് ഒന്നു സ്മെൽ ചെയ്തു നോക്കിയേ. മണത്തും വലിച്ചും നോക്കി, കിം ഫലം. ചെറിയൊരു സംശയം, നേരെ പിറ്റെ ദിവസം ടെസ്റ്റ് ബുക്ക് ചെയ്തു. കഴിച്ച കൊറോണയുടെ തലവേദനയും ആയി കിടന്നുറങ്ങി.അങ്ങനെ പോയി ടെസ്റ്റ് ചെയ്തു. നാസാരന്ധ്രങ്ങളിൽ കോലിട്ട് കുത്തിയതുകൊണ്ടാണോ എന്നറിയില്ല നല്ല ക്ഷീണം. ടെസ്റ്റ് ചെയ്യാൻ പോയ വഴിക്ക് വല്ലോ വൈറസും കേറി തൊണ്ടയിൽ ഒളിച്ചിരിക്കുന്നുണ്ടെങ്കിൽ തുരത്താനായി കുറച്ച് ആൽക്കഹോൾ തൊണ്ടയിൽ ഇട്ടു കുലുകുഴിഞ്ഞു. ക്യാൻസർ ഹാർട്ടറ്റാക്ക് അങ്ങനെ തുടങ്ങി ഗ്ലാമർ ഉള്ള ഷുഗറും ബിപിയും വരെ പ്രതീക്ഷയോടെ പലപ്പോഴും ടെസ്റ്റ് ചെയ്‌തെങ്കിലും നമുക്ക് നെഗറ്റീവ് റിസൾട്ട് ആണ് തന്നിരുന്നത്. എന്നാൽ മഞ്ഞപ്പിത്തം അഞ്ചാംപനി തുടങ്ങിയ സമ്പർക്ക രോഗങ്ങൾ പോലെ പോലെ അവസാനം കൊറോണയും നമ്മളെ  പോസിറ്റീവ് ആക്കി.റിസൾട്ട് വന്നതോടെ നമ്മൾ ഉഷാറായി, നിലവിളി ശബ്ദം ഇട്ട ആംബുലൻസുകളുടെ ആരവവും കൊട്ടും കുരവയും ഒന്നും ഇല്ലാതെ നമ്മൾ ഫ്ലാറ്റിൽ കയറി കതകടച്ചു. കൊറോണ വലിയ ഭീകരൻ ആയിരുന്ന മാർച്ച് മാസത്തിൽ നാട്ടിലേക്ക് സാഹസികമായി യാത്ര ചെയ്തു 28 ദിവസം ക്വാറന്റയിൻ ഇരുന്ന എന്നോടാണോ ബാലാ നിന്റെ കളി.... അന്നൊക്കെ നാട്ടുകാർ വീടിനു മുൻപിലുള്ള വഴിയിലൂടെ നടന്ന് പോകാൻ പോലും മടിച്ച കാലം.കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കണ്ടുമുട്ടിയ ആൾക്കാരൊക്കെ വിളിച്ച് അവരുടെ നെഞ്ചിലേക്ക് ഇത്തിരി തീ കോരിയിട്ടു. നാട്ടിൽ വിളിച്ച് ഭാര്യയോട് പറഞ്ഞു, അവളുടെ നെഞ്ചത്തടിച്ചുള്ള "എന്റെ ദൈവമേ" എന്ന നിലവിളി കേട്ട് ഉള്ളിൽ സന്തോഷിച്ചു. അമ്മയുടെ കണ്ണിൽനിന്നു വീണ കണ്ണീർ ലേശം വേദനയുണ്ടാക്കി എങ്കിലും വലിയ ക്ഷീണവും പ്രയാസവും ഒന്നും ഇല്ലാത്തതു കൊണ്ടും വീഡിയോ കോൾ വഴി എപ്പോഴും കാണാൻ സാധിക്കുന്നത് കൊണ്ടും പറയുന്നതാണ് നല്ലത് എന്ന് തന്നെയാണ് തോന്നിയത്.അങ്ങനെ കൂട്ടുകാരും നാട്ടുകാരും ദുഫയിക്കാരും ഒക്കെ അറിഞ്ഞു. ഉപദേശങ്ങൾ കുമിഞ്ഞു കൂടി, തൊണ്ടയിൽ തീയിട്ടു വൈറസിനെ കൊല്ലാനും ശ്വാസകോശത്തിലെ സ്പൊഞ്ചിൽ ഒളിച്ചിരിക്കുന്ന കുട്ടി വൈറസുകളെ പുകച്ചു ചാടിക്കാനും, ആമാശയം കിഡ്നി കശേരുക്കൾ ഇവയുടെ ഒക്കെ ഇടയിൽ പാത്തിരിക്കുന്ന വില്ലന്മാരെ വെളുത്തുള്ളി, ഇഞ്ചി, ചുക്ക് കുരുമുളക് മഞ്ഞൾ തുടങ്ങിയ വിഷം അടിച്ചു തുരത്താനും ഉള്ള ജാലവിദ്യകൾ ലോകത്തിന്റെ നാനാഭാഗത്തു നിന്നും  പുറകെ പുറകെ വന്നു കൊണ്ടിരുന്നു.ആട്ടിറച്ചിയും ഫ്രഷ് മത്തിയും വാങ്ങിക്കൊണ്ടുവന്ന ലിഫ്റ്റിൽ കേറ്റി മുകളിലേക്ക് വിട്ട കൂട്ടുകാർ, പച്ചക്കറിയും പഴവർഗങ്ങളും കൊണ്ടുവന്ന് ഫ്ലാറ്റിന്റെ മുൻപിൽ വെച്ച കമ്പനിയിലെ പിള്ളേർ, അങ്ങനെ നിരവധിപേരുടെ സ്നേഹവും സഹതാപവും പിടിച്ചുപറ്റി ദിവസങ്ങൾ മുന്നോട്ട് പോയി. രാവിലെ വെറും വയറ്റിൽ ഇത്തിരി ചെറുതേൻ നോർമൽ ടെമ്പറേച്ചറിൽ, കുറച്ചു ചുക്കും കഷായം നല്ല ചൂടിൽ, കരിക്കും നാരങ്ങാവെള്ളവും തണുപ്പിൽ അങ്ങനെ ദിവസങ്ങൾ തള്ളി. വായിക്കു രുചി ഇല്ലാത്തതു കൊണ്ട് മട്ടൻ കറിയിൽ കാൽ കിലോ വീതം ഇഞ്ചിയും വെളുത്തുള്ളിയും കുറച്ചു പച്ചമഞ്ഞളും ചേർത്ത് വൈറസിനെ തുരത്താൻ നോക്കി. ചൂടുള്ളതെ കഴിക്കാവൂ എന്ന് പറഞ്ഞവരോട്, ഓറഞ്ചും കരിക്കും നാരങ്ങാവെള്ളവും ചൂടോടെ കഴിക്കാനുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞില്ല. ചൂടാണെങ്കിലും തണുപ്പാണെങ്കിലും വയറ്റിൽ കിടക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡ് ദഹിപ്പിച്ചിട്ടാണ് ബാക്കി അവയവങ്ങളിലേക്ക് അതിലെ ഗുണദോഷങ്ങളെ വിതരണം ചെയ്യാറ് എന്ന് കേട്ടിട്ടുണ്ട്. ചൂടോടെ കഴിച്ചാൽ തൊണ്ടയിൽ ഇരിക്കുന്ന വൈറസ് ചാകുമോ, ആവി പിടിച്ചാൽ ശ്വാസകോശത്തിലെ അണുക്കൾ ചാകുമോ എന്നൊക്കെ സംശയം തോന്നിയെങ്കിലും ജീവന്റെ കാര്യമല്ലേ, വിട്ടു വീഴ്ച ചെയ്‌തില്ല.ഫ്ലാറ്റിൽ ഒറ്റക്ക് താമസിക്കുന്നത് കൊണ്ട് എല്ലാവര്ക്കും ഒരു ബുദ്ധിമുട്ട്, ചത്തുകിടന്നാലോ, വലിയ പ്രായസം ഉണ്ടായാലോ ആരും അറിയില്ല എന്ന ഭയം ഭാര്യക്കും പെങ്ങമ്മാർക്കും തോന്നി. പിന്നെ അമാന്തിച്ചില്ല, ഒരു ക്യാമറ വാങ്ങി കിടപ്പറയിൽ വെച്ച് ഭാര്യക്ക് കണക്ട് ചെയ്തു കൊടുത്തു. ഇന്നേവരെ ഒരത്യാവശ്യ കാര്യത്തിന് വിളിച്ചാൽ ഫോണിൽ കിട്ടാത്ത ഭാര്യയാണ് ഇനി പാതിരാത്രിയിൽ പരവേശം എടുത്താൽ ക്യാമറയിലൂടെ വെള്ളം തരാൻ പോകുന്നത്. ഇനി എന്ത് പറഞ്ഞു അതൊന്നു ഊരി മറ്റുവോ എന്റെ ദൈവമേ...ലോകത്തുള്ള സകല കിടുമണ്ടികളോടും പേടിയുണ്ടായിരുന്നു എന്റെ ഭയം കുറച്ചെങ്കിലും മാറിയത് ഇരുപതുകളിൽ ഉണ്ടായ ഒരു ആക്സിഡന്റിൽ കൂടെ ഉണ്ടായൊരുന്ന ആൾ മരിച്ചപ്പോളാണ്. മരിക്കാനുള്ള പേടി മാറിയതുകൊണ്ടു മറ്റു ഭയങ്ങൾ എന്നെ വിട്ടു പോകാൻ തുടങ്ങി, ദൈവ വിശ്വാസം കുറഞ്ഞും തുടങ്ങി. അതുകൊണ്ടു തന്നെ കൊറോണയോ, അത് മൂലം മരിച്ചവരോ ഒന്നും എന്നെ അലട്ടിയില്ല. പണ്ടൊക്കെ മരിച്ചു കഴിഞ്ഞാൽ എന്തായിരിക്കും എന്ന ചിന്ത എന്നെ ഒത്തിരി കുഴച്ചിരുന്നു. ദൈവം ഉണ്ടെങ്കിൽ കുഴപ്പമില്ല, സ്വർഗ്ഗത്തിലോ അല്ലെങ്കിൽ നരകത്തിൽ എങ്കിലും നമ്മൾ ഉണ്ടാവുമല്ലോ. പക്ഷെ ദൈവവും ചെകുത്താനും ഒന്നും ഇല്ല എങ്കിൽ, നമ്മൾ ഈ ഭൂമിയിൽ നിന്നും എന്നന്നേക്കും ആയി ഇല്ലാതായാൽ...  വഴക്കവരയൻ എന്ന ഞാൻ ഈ പ്രപഞ്ചത്തിലെ ഒരു തരിയായി പോലും ഇനി ഒരിക്കലും ഇല്ലാതെ വന്നാൽ എന്ന ചിന്ത എന്നെ ഒത്തിരി ഭ്രാന്തു പീടിപ്പിച്ചിരുന്നു. ഇന്നിപ്പോൾ അതൊക്കെ കുറെയൊക്കെ മാറി, അല്ലാത്ത ഭ്രാന്തുകൾക്കിടയിൽ ഇതിനൊക്കെ എവിടെ സമയം.കുറച്ചു ദിവസങ്ങൾ കഴിഞ്ഞു, ജയിൽ വാസം കഴിഞ്ഞു. പേടിപ്പിക്കുന്ന പോസ്റ്റ് കൊറോണ അവസ്ഥകൾ കേട്ട് കുലുങ്ങാതെ ഇരിക്കുന്നു. പക്ഷെ മനസ്സിൽ എവിടെയോ ഒരു തേങ്ങൽ. മരിക്കാൻ ഭയമില്ല, പക്ഷെ കുട്ടികളുടെ കൂടെ രണ്ടു ദിവസം കൂടി കളിച്ചിട്ട് പോകണം, ഇനിയൊരിക്കലും തിരിച്ചുവരാനാവാത്ത ഈ ജന്മം വെറുതെ വിട്ടു പോകാൻ ആവില്ലല്ലോ. എന്നെ പോലെ എത്രയോ ജന്മങ്ങൾ ഈ മരുഭൂമിയിൽ ഉറ്റവരും ഉടയവരും കൂടെ ഇല്ലാതെ, മനസ്സിൽ എല്ലാവരെയും ചേർത്ത് കെട്ടിപിടിച്ചു കഴിയുന്നു. ഭയവും ആശങ്കകളും അവരെ കൊല്ലാതെ കൊല്ലുന്നു. മക്കളെന്നു സങ്കല്പിച്ചു നനഞ്ഞ തലയിണ കെട്ടിപിടിച്ചു കിടക്കുന്ന, ഭാര്യയുടെ മടിയിലെന്ന പോലെ തല ചേർത്ത് കിടക്കുന്ന, അമ്മ വാരിത്തരുന്നത് പോലെ ഭക്ഷണം വാരി കഴിക്കുന്ന എത്രയോ ജീവനുകൾ. കുട്ടികളുടെ കളിചിരികൾ, പങ്കാളിയുടെ പരിലാളനകൾ, മാതാപിതാക്കളുടെ മനസമാധാനം ഒക്കെ അനുഭവിക്കാതെ, ഭൂമിയുടെ മറ്റൊരു കോണിൽ ആയുസ്സിന്റെ കുറെ സമയങ്ങൾ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആയി കുറെ ജന്മങ്ങൾ ..... രാത്രിയിൽ മരിച്ചു പോകുമോ എന്ന പേടിയിൽ ഉറങ്ങാൻ പോലും മടിക്കുന്ന പാവങ്ങൾ.....  ഒറ്റപ്പെടൽ...ഭീകരം ആണ് അത്...    
Read more...

ഭാഗ്യവാൻ

>> Friday, November 6, 2020


ദുഫായിലും പ്രാന്തപ്രദേശങ്ങളിലും  ഉള്ള മലയാളികളും അല്ലാത്തവരുമായ ഒട്ടുമിക്ക ആളുകളുടെയും ഒരു വലിയ സ്വപ്നമാണ് ലോട്ടറി അടിക്കുക എന്നുള്ളത്. പണ്ടുമുതലേ നമ്മള് ഒടുക്കത്തെ ഭാഗ്യവാനാണ്. ലോട്ടറി, കുലുക്കി കുത്ത്, ചുക്കിണി, കീച്ച്, ബാങ്ക് എന്ന് തുടങ്ങി കൈവച്ച മേഖലകളിലെല്ലാം ഒടുക്കത്തെ വരവായിരുന്നു. നമ്മുടെ കാശു തീർന്നു കഴിയുമ്പോൾ ഒരു കളി സുഖം കിട്ടാൻ വല്ലവരുടെയും കൂട്ടത്തിൽ നിന്നാൽ അവരുടെ കൂടെ കളസം കീറുന്ന രീതിയിലുള്ള ഭാഗ്യം. അതിനാൽ അഞ്ഞൂറാനെ തൊട്ടുള്ള കളിക്കു നമ്മളില്ലേ എന്ന് പറഞ്ഞു വാശി പിടിച്ച് നടക്കുന്ന കാലം.അങ്ങനെ ഇരിക്കുമ്പോളാണ് ഇന്നേക്ക് കൃത്യം ഒരു വർഷം മുമ്പ് അയർലൻഡിലേയ്ക്ക് ഉള്ള യാത്രാമധ്യേ കുട്ടപ്പായി ദുബായിൽ ഇറങ്ങുന്നത്. വെറും മൂന്നു ദിവസങ്ങൾ കൊണ്ട് എങ്ങനെ ഞാൻ ഇവിടുത്തെ സ്ഥലങ്ങളൊക്കെ കാണിച്ചു തീർക്കും എന്നോർത്ത് വ്യാകുലപ്പെട്ട എന്നെ ഞെട്ടിച്ചുകൊണ്ട് കുട്ടപ്പായി പറഞ്ഞു, നമുക്ക് വല്ലതും വർത്താനം ഒക്കെ പറഞ്ഞ രണ്ടു ദിവസം ഇവിടെ ചെലവഴിക്കാം. എന്നാലും എൻറെ ഒരു മനസുഖത്തിന്  ബുർജ് ഖലീഫ ഡെസേർട്ട് ഡ്രൈവ് തുടങ്ങിയ കലാപരിപാടികൾ നടത്തി ഞങ്ങൾ ആദ്യത്തെ ദിനം ചിലവഴിച്ചു.ദുബായ് മാൾ ഒരു സംഭവമാണ്, മരുഭൂമിയിലെ നിൻറെ ഡ്രൈവിംഗ്  ഉജ്ജ്വലം തന്നെ എന്നൊക്കെ പറഞ്ഞ് എന്നെ ദൃതങ്കപുളകിതൻ ആക്കിയ കുട്ടപ്പായി രണ്ടാംദിനം പക്ഷേ ഒരിടത്തും പോകണ്ട എന്നു പറഞ്ഞു. കൈനിറയെ ചോക്ലേറ്റ് കിട്ടിയതുകൊണ്ട് കുട്ടികളും നാല് ലിറ്റർ കള്ളു കിട്ടിയതുകൊണ്ട് ഞാനും സംതൃപ്തരായിരുന്നു.പൈകയിലെ ഭീകരൻ ആയിരുന്നു കുട്ടപ്പായി ഇവിടെ എൻറെ കുട്ടികളുടെ കൂടെ ഇരുന്ന് അക്കുത്തിക്കുത്ത്, അക്കാ ഇക്കാ തുടങ്ങിയ കളികൾ കളിക്കുന്നത് കണ്ടു ഞാൻ വിസ്മയ ഭരിതനായി. ഇടയ്ക്ക് പൈസ വെച്ച് ചുക്കിണി കളിക്കുന്നതിനിടയിൽ എൻറെ രണ്ടാമത്തെ മകൻറെ കണ്ണുകളിലെ തിളക്കം എന്നെ ഹഠാദാകർഷിച്ചു. അവനാണ് ഏറ്റവും കൂടുതൽ കാശു കിട്ടിയത്.മൂന്നാംദിനം കുട്ടപ്പായി ആരംഭിച്ചതു തന്നെ തന്നെ ലോട്ടറിയുടെ കഥയും പറഞ്ഞിട്ടാണ്. യൂറോ ലോട്ടോ അയർലൻഡ് ലോട്ടോ തുടങ്ങി ലോട്ടറിയുടെ മായാ ലോകത്തിലേക്ക് കുട്ടപ്പായി എന്നെ പതുക്കെ കൈ പിടിച്ചു കൊണ്ടുപോയി. അവസാനം എന്നോട് ചോദിച്ചു നമുക്ക് ഒരു ബിഗ് ടിക്കറ്റ് എടുത്താലോ. അഞ്ഞൂറാനെ ഭയങ്കര ബഹുമാനം ഉള്ള ഞാൻ, നമ്മൾ ഇതിനൊന്നും ഇല്ലേ എന്നു പറഞ്ഞ് സ്കൂട്ട് ആയി.വൈകുന്നേരം ഫ്ലൈറ്റിനു സമയമായി. പെട്ടീം കാര്യങ്ങളും ഒക്കെ എടുത്ത് പോകുന്നതിനു മുമ്പായി കുട്ടപ്പായി കുറച്ച് യൂറോ എടുത്ത് രണ്ടാമത്തെ കയ്യിൽ കൊടുത്തു. എന്നിട്ട് വീണ്ടും കുറച്ച് യൂറോ എടുത്ത് എൻറെ കയ്യിൽ തന്നിട്ട് പറഞ്ഞു എടാ എനിക്കൊരു ബിഗ് ടിക്കറ്റ് എടുക്കണം. അടിച്ചാൽ ഫിഫ്റ്റി ഫിഫ്റ്റി. എന്നിട്ട് പതുക്കെ രണ്ടാമനെ നോക്കി പറഞ്ഞു, എടാ നമുക്ക് ഇതുകൊണ്ട് ലോട്ടറി എടുത്താലോ. ചുക്കിണിയുടെ ഹാങ്ങോവറിൽ ഇരിക്കുന്ന അവൻ ദാ റെഡി. അങ്ങനെ അവർക്ക് ഗിഫ്റ് കൊടുത്ത പൈസ കൊണ്ട് അവരെക്കൊണ്ട് തന്നെ ലോട്ടറി എടുപ്പിച്ചു. അങ്ങനെ ടു പ്ലസ് വൺ ഓഫറിൽ മൂന്ന് ടിക്കറ്റ് എടുത്ത് ഞങ്ങളുടെ ഭാഗ്യ പരീക്ഷണം ആരംഭിച്ചു.ആദ്യത്തേത് ഗണപതി ക്ക്  കൊടുത്തു. ചങ്കിടിപ്പോടെ കമ്പ്യൂട്ടർ മുമ്പിലിരുന്ന് നറുക്കെടുപ്പ് കണ്ട് എൻറെ കുട്ടികളും ഭാര്യയും നെഞ്ചത്തടിച്ചു നിലവിളിച്ചു. ഭാഗ്യത്തിലും ദൈവത്തിലും ഒന്നും വിശ്വാസം ഇല്ലാതിരുന്ന ഞാൻ വലിയ താൽപര്യം കാണിച്ചില്ല എന്നുള്ളത് വാസ്തവം.ഏതായാലും ഒരു ടിക്കറ്റ് എടുത്തതുകൊണ്ട് എൻറെ ഫേസ്ബുക്കിലും മറ്റും ബിഗ് ടിക്കറ്റ് പരസ്യം വരാൻ തുടങ്ങി. അടുത്തമാസം 7 million. കണക്ക് കൂട്ടി നോക്കിയപ്പോൾ 15 കോടി ഇന്ത്യൻ രൂപ. കഷ്ടിച്ച് ഒരു 20 കോടി എങ്കിലും കിട്ടിയാൽ മാത്രമേ എനിക്കൊന്ന് നേരെ നിൽക്കാൻ പറ്റുള്ളൂ. അതിനാൽ ഞാൻ പിടിച്ചു നിന്നു.എന്നാൽ അതിന് അടുത്തമാസം, സമ്മാനം 12 മില്യൺ. രണ്ടും ഒന്നും കൂട്ടിയാൽ മൂന്ന്. എൻ്റെ ഭാഗ്യ നമ്പർ എന്ന് ഞാൻ തന്നെ വിശ്വസിക്കുന്ന നമ്പർ, പോരാത്തതിന് രണ്ടാമൻ ജനിച്ച മാസവും. ആരോടും പറയാതെ ഒരെണ്ണം എടുത്തു. ആ ലോട്ടറി അടിച്ചു കഴിയുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ, കടം ചോദിച്ചു വിളിക്കുന്ന ആൾക്കാരെ എങ്ങനെ ഒഴിവാക്കാം എന്ന പദ്ധതി, അഹങ്കാരവും ധൂർത്തും ഒഴിവാക്കി എങ്ങനെ ഭാര്യയെയും കുട്ടികളെയും കൊണ്ടുനടക്കാം എന്നിങ്ങനെയുള്ള അനവധി നിരവധി പ്ലാനുകൾ. പക്ഷേ അതും ഖുദ ഗവാ.പങ്കുകൂടി പോത്തിനെ കൊല്ലുന്നത് പോലെ ഷെയർ ഇട്ടും, ആരെയും കൂട്ടാതെ ചേക്കിനും ഒക്കെ നോക്കി, ഫലം കിം. വിവരവും വിവേകവും ഉള്ള  നല്ലപാതി പറഞ്ഞു. വേണ്ട മോനേ വാഴക്കാവരയാ, ആ കാശ് ബാങ്കിൽ എങ്ങാനും ഇടാൻ നോക്ക്. പക്ഷേ ലോലമായ മനസ്സല്ലേ, പിടിച്ചു നിൽക്കാൻ പറ്റുന്നില്ല.അല്ലാതെ കാശ് നോട് അത്യാർത്തി ഒന്നുമുണ്ടായിട്ടല്ല. പക്ഷേ ഇടയ്ക്ക് 15 മില്യൺ വന്നു വന്നു, എങ്ങനെ എടുക്കാതിരിക്കാൻ. ആ സൂക്കേട് കഴിഞ്ഞപ്പോൾ ദേണ്ടെ  വരുന്നു 20 മില്യൺ. നറുക്കെടുപ്പുകൾ നടന്നുകൊണ്ടേയിരുന്നു... അഞ്ഞൂരാനും ആയിരത്താനും  പൊയ്ക്കൊണ്ടേയിരുന്നു...ഷട്ടിൽ കളിക്കുന്ന പ്ലെയേഴ്സ് എല്ലാംകൂടെ ഒരെണ്ണം എടുക്കുന്നു. അതാണെങ്കിൽ ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റും ബിഗ് ടിക്കറ്റും, രണ്ടും ചേർന്നു. അതെല്ലാം എല്ലാവർക്കും കൂടെ വീതം വെച്ചാൽ ഒരു പൂക്കചൊളയും  കിട്ടില്ല, താൽപര്യം തോന്നിയില്ല. എന്നാലും അവർ എല്ലാർക്കും കുറെശ്ശേ കാശ് കിട്ടും എന്ന് ഓർത്തപ്പോൾ അങ്ങ് ചേർന്നു. കൂടെ ഒരെണ്ണം സ്വന്തമായും. ഇടയ്ക്ക് നല്ല ഭാഗ്യവാൻ എന്നു വിചാരിച്ചിരുന്ന ഒരു കൂട്ടുകാരൻറെ കൂടെ അവൻറെ ഭാഗ്യത്തിൻ്റെ  കുറച്ചു ഗുണം നമുക്ക് കൂടെ കിട്ടട്ടെ എന്നുവിചാരിച്ച് ചേർന്നു, രക്ഷയില്ല. പിന്നെ കട്ട ശോകം ആയ, ദൗർഭാഗ്യ ത്തിൻറെ മൂർത്തീഭാവം ആയ ഒരു കൂട്ടുകാരൻറെ കൂടെയും നോക്കി. അങ്ങനെ ഒറ്റക്കും പെട്ടക്കും ഗ്രൂപ്പ് ആയും, ദ്രാവിഡിൻ്റെയും സെവാഗിൻ്റെയും, മെസ്സിയുടെയും റൊണാൾഡോയുടെയും ഒക്കെ കൂടെ ചേർന്ന് നോക്കി.  ഒക്കെ പല വഴികൾ, പല പരീക്ഷണങ്ങൾ, നോ ഫലം.അങ്ങനെ അംഗബലം കൊണ്ട് വിജ്രംഭിച്ച നിൽക്കുന്ന മറ്റൊരു ഗ്രൂപ്പിൽ ആർക്കോ ഒരു കുബുദ്ധി തോന്നിയത്, നമുക്ക് ഷെയർ ഇട്ട് ലോട്ടറി എടുത്താലോ എന്ന്. ഒട്ടും അമാന്തിച്ചില്ല, ആദ്യത്തെ സെറ്റിൽ ചേർന്നു. അതിൽ ചേരാൻ പറ്റാത്തവർ രണ്ടാമത്തെ സെറ്റ് ഇട്ടു. ഇനി പണ്ടാരം അതിനെങ്ങാനും അടിച്ചാലോ എന്ന് വിചാരിച്ചു അതിലും ചേർന്നു. അപ്പൊൾ ദാണ്ടെ വരുന്നു 11 എണ്ണം. രണ്ടു കൊണ്ട് തൃപ്തിപ്പെട്ടു ഞാൻ. ആദ്യത്തെ മാസത്തെ ചീറ്റിപ്പോയ അന്നുതന്നെ 13 സെറ്റ് വീണ്ടും വന്നു. എന്നിലെ ലോലനെ ഞാൻ പിടിച്ചുനിർത്തി,എന്നോടാ കളി.ഓരോ ഗ്രൂപ്പിലും കൊണ്ടുപിടിച്ച പരിപാടികൾ നടക്കുന്നു. ദൈവത്തെയും കുട്ടിച്ചാത്തനെയും ഒന്നിച്ചു വിളിക്കുന്നു, പേർമുടേഷൻ ആൻഡ് കോമ്പിനേഷൻ നടത്തുന്നു. മൊത്തം ലോട്ടറി മയം, ആകെ ജഗപൊഗ. അങ്ങനെ സെലിബ്രേഷനിൽ ആറാടി കിടന്ന ഒരു രാത്രി. അന്ന് എൻറെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത് ഫ്രാൻസിസ് പുണ്യവാളൻ ആയിരുന്നു. പുണ്യാളാ... ഒരുഗതിയും പരാഗതിയും ഇല്ല. രക്ഷപ്പെടാൻ ഒരു വഴിയും കാണുന്നില്ല. ഈ പ്രാവശ്യം 12 മില്യൺ ആണ്. കഷ്ടിച്ചു പിടിച്ചു നിൽക്കാം, എടുത്തോട്ടെ... എന്തിനാടാ മോനെ ലോട്ടറി, എന്തിനാ കാശൊക്കെ,  എന്നൊക്കെയായിരിക്കൂം പുണ്യാളന് പറയാൻ തോന്നിയത്. പക്ഷേ പുള്ളി എന്നോട് പറഞ്ഞു, നീ ഒരെണ്ണം അങ്ങ് എടുത്തോ. ആർക്കും വേണ്ടാതെ കിടക്കുന്ന ഒരു നമ്പറാണ് 13. ഭാഗ്യം കെട്ട നമ്പർ എന്നു വിചാരിച്ച് ആൾക്കാർ ഒഴിവാക്കുന്നത് കൊണ്ട് ആ നമ്പറിലെ ഭാഗ്യം മുഴുവൻ എനിക്ക് കിട്ടിയാലോ എന്ന കുടില ബുദ്ധിയിൽ ഞാൻ നേരത്തെ ദത്തെടുത്തതാണ് 13നേ. അങ്ങനെ പതിമൂന്നാം തീയതി ടിക്കറ്റെടുത്തു, ഭാഗ്യനമ്പരുകളായ 7, 3 ഒക്കെ കൂടെ മിക്സ് ചെയ്തു ഒരു അവിയൽ നമ്പർ.പ്രൊജക്റ്റ് മാനേജ്മെൻറ് ബാലപാഠങ്ങൾ എല്ലാം പൊടിതട്ടിയെടുത്ത് ഭീകര പ്ലാനിങ് ആയിരുന്നു പിന്നെ. എൻ്റെ പേരിൽ എടുത്താൽ പിന്നെ ഭയങ്കര ശല്യം ആയിരിക്കും, ഭാര്യയുടെ പേരിൽ എടുത്തു. കടം വാങ്ങാനുള്ളവരും കൊടുക്കാൻ ഉള്ളവരും എല്ലാം വിളിച്ചു കൊണ്ടേയിരിക്കും. പഴയ ഒരു സിം കിടന്നത് ആക്ടീവ് ആക്കി ആ നമ്പർ കൊടുത്തു. ആർക്കും വിളിച്ചാൽ കിട്ടാതിരിക്കാൻ വേണ്ടി ആ നമ്പർ ഫോണിൽ ഇട്ടില്ല. നാട്ടിൽ ഓഫ് റോഡ് പോകാനായി പഴയ പ്രാഡോ, ലാൻഡ് ക്രൂയിസർ ഒക്കെ olx ഇൽ തപ്പി. മോഡിഫൈ ചെയ്യാനായി ആയി പാർട്സ് ഇവിടെ നിന്നും എങ്ങനെ കൊണ്ടുപോകാം എന്ന് ചെക്ക് ചെയ്തു. ഫാമിലി കാർ ആയി പുതിയ ബെൻസ് വേണോ അതോ ഡിഫെൻഡര് വേണോ എന്ന് കൺഫ്യൂഷൻ ആയി. വീടുപണിയുമ്പോൾ ബാത്റൂമിൽ വെള്ളം കെട്ടിനിൽക്കാതെ ചെരുവിട്ട് പണിയണമെന്ന് പ്രത്യേകം കോൺട്രാക്ടർനോടു പറയാൻ നോട്ട് എഴുതി വെച്ചു. കുറച്ച് ക്യാഷ് ഇവിടുത്തെ ബാങ്കിലും കുറച്ച് നാട്ടിലും ഡെപ്പോസിറ്റ് ചെയ്യണം, എവിടെയെങ്കിലും പൊട്ടിയാലും ഒരിടത്ത് കാണുമല്ലോ. പിള്ളേർക്ക് പഠിക്കാൻ പൈസ കരുതണം, മോളെ കെട്ടിക്കാൻ ഇത്തിരി അവളുടെ പേരിൽ ഇട്ടെക്കാം.നാട്ടിൽ ചെന്നാൽ വള്ളി ചെരുപ്പും മുണ്ടും മാത്രം ഉടുക്കാൻ പാടുള്ളൂ. വളരെ സിമ്പിൾ ആയി വേണം നടക്കാൻ. പൈസാക്കാരൻ്റെ അഹങ്കാരം ഒട്ടും കാണിക്കരുത്. ഒരു വർഷത്തേക്ക് പൈസ ഒരിടത്തും ചെലവാക്കാൻ പാടില്ല. കമ്പനിയിലെ സ്റ്റാഫിന് ഒക്കെ സാലറി കുടിശ്ശികയും ഒരു 5000 വീതം എക്സ്ട്രയും  കൊടുത്തേക്കാം.കാര്യം scientific temper വളർത്തുകയും, മതാന്ധതയുടെ കെട്ടുകൾ പൊട്ടിച്ചെറിയുകയും ചെയ്തെങ്കിലും രാത്രിയിൽ ലൈറ്റ് ഓഫ് ചെയ്തു കഴിഞ്ഞാൽ പേടി ഉള്ളതുകൊണ്ട് മാതാവിൻറെ ഇരുട്ടത്ത് തെളിയുന്ന ഒരു രൂപം മാത്രമാണ് ഉണ്ടായിരുന്നത്. കൂടെ ഈശോയുടെയും പുണ്യാളൻ്റെയും ഓരോ രൂപം വെച്ചു. വെറുതെ ബൈബിൾ ഒന്ന് വായിക്കാൻ തുടങ്ങി. ആദ്യത്തെ വചനം "ആരോഗ്യവാൻമാർക്ക് അല്ല, രോഗികൾക്കാണ് വൈദ്യനെ കൊണ്ട് ആവശ്യം". ശരിയാണ്, ഞാൻ ദൈവത്തിൽനിന്ന് അകന്നത് ഒരു കണക്കിന് നന്നായി. എന്നെ ദൈവത്തിലേക്ക് അടുപ്പിക്കാൻ ഞാൻ ഈ ലോട്ടറിയുമായി ദൈവം വരും.പുണ്യാളാ നിങ്ങൾ ഒരു സംഭവം തന്നെ.അങ്ങനെ എന്നും വൈകിട്ട് പ്രാർത്ഥിക്കാൻ തുടങ്ങി, സിഗരറ്റ് വലി, കള്ളുകുടി, മറ്റു കുൽസിത പ്രവർത്തികൾ എല്ലാം പടിക്കു പുറത്താക്കി. അവസാനം നാളെയാണ് നാളെയാണ് എന്ന് പറഞ്ഞ് ആ സുദിനം നാളെ ആകതമാകും. നാളെ രാവിലെ മുതൽ ഉപവസിച്ചെക്കാം എന്ന് കരുതിയത് കൊണ്ട് നന്നായി വലിച്ചു കേറ്റി, പ്രാർത്ഥിച്ചു കിടന്നുറങ്ങി.രാത്രിയുടെ അന്ത്യയാമത്തിൽ എപ്പോളോ പുണ്യാളൻ ദേണ്ടേ വീണ്ടും വന്നു." എന്താ പുണ്യാളാ ഈ വരവിനെ ഉദ്ദേശം? വാക്ക് മാറ്റാനാണോ?" ഞാൻ ആകാംക്ഷാഭരിതൻ ആയി. "ഇല്ലെടോ വാഴക്കാവരയാ. നിനക്ക് തന്നെയാണ് ഈ പ്രാവശ്യം ലോട്ടറി. പക്ഷേ ഒരു കുഴപ്പമുണ്ട്". ചെറിയൊരു പോസ് പുണ്യാളന് അവിടെ വന്നപ്പോൾ ഞാൻ ലൂസിഫർ സിനിമയിലെ ഡയലോഗ് ഓർത്തു പോയി. തന്തയ്ക്ക് പറയാനാണെങ്കിൽ ഞങ്ങൾ പാലക്കാരു പുണ്യാളൻ ആണോ എന്നൊന്നും നോക്കില്ല. ഞാനൊന്ന് വിരിഞ്ഞു നിന്നു.പുണ്യാളൻ തുടർന്നു "For every action, there is an equal and opposite reaction" "എൻറെ പൊന്നു പുണ്യാളാ ഇത് ഞാൻ യുപി സ്കൂളിൽ നിന്നും ഇമ്പോസിഷൻ എഴുതി പഠിച്ചതാണ്. ഇനിയും ഈ പാതിരായ്ക്ക് അത് പഠിപ്പിക്കാൻ വരരുത്"പുണ്യാളൻ തുടർന്നു "അതല്ലടാ മോനേ, ഒരു കയറ്റത്തിന് ഒരു ഇറക്കവും ഉണ്ടാകും ഒരു നേട്ടത്തിന് ഒരു കോട്ടം ഉണ്ടാവും. അതുകൊണ്ട് നിനക്ക് ഈ ലോട്ടറി അടിച്ചാൽ നിൻറെ പ്രിയപ്പെട്ട എന്തെങ്കിലും നഷ്ടമാകും"എൻ്റെ കുടില ബുദ്ധി വീണ്ടും ഉണർന്നു. എനിക്ക് ഏറ്റവും ഇഷ്ടം കൊറോണയാണ് ആണ് എന്ന് പറഞ്ഞാലോ? ഒറ്റ വെടിക്ക് രണ്ടു പക്ഷി, പിന്നെ ലോകത്തിനു മുഴുവൻ ഒരുപകാരവും. പുണ്യാളൻ ഒരു ഊറിയ ചിരിയുമായി അവിടെ ഇരുന്നു. ദൈവത്തെ പറ്റിക്കാൻ ആണോ മോനേ എന്ന ചോദ്യം ആ ചിരിയിൽ ഉണ്ടായിരുന്നു.പെട്ടെന്ന് തന്നെ എൻറെ മനസ്സിലേക്ക് കുട്ടികളുടെ, പ്രിയപ്പെട്ടവരുടെ എല്ലാം മുഖങ്ങൾ തെളിഞ്ഞുവന്നു. ഒരു ശങ്കയും കൂടാതെ, ഒട്ടും അമാന്തിക്കാതെ ഞാൻ പുണ്യാളനോട് പറഞ്ഞു. "എനിക്കു വേണ്ട ഈ ലോട്ടറി."പുണ്യാളൻ പറഞ്ഞു, നല്ല കാര്യം മോനെ, പക്ഷേ ഞാൻ നിനക്ക് ഒരു വരം തരുകയാണ്, നിനക്ക് ഇഷ്ടമുള്ള ഒരാൾക്ക് ഈ ലോട്ടറി കൊടുക്കാം. ഞാൻ ആലോചിച്ചു, ആർക്കു കൊടുക്കും? പിള്ളേച്ചന് കഴിഞ്ഞ ആഴ്ച ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി അടിച്ചു. അതുകൊണ്ട് ഈ പ്രാവശ്യം നോബിന് കൊടുക്കാം. 
പ്രത്യേക ശ്രദ്ധക്ക് - ഇതൊരു കഥ മാത്രം ആണ്. യാഥാർഥ്യവുമായി മുള്ളിതെറിച്ച ബന്ധം മാത്രമേ ഉള്ളൂ...

Read more...

കണ്ടുമുട്ടൽ

>> Friday, August 21, 2020

ഇന്ന് ഒരു വെള്ളിയാഴ്ച. ഉച്ചിയിലേക്ക് എത്താറായ സൂര്യൻ, പത്ത് നാപ്പത്തഞ്ച് ഡിഗ്രി ചൂടുള്ള തൻറെ രശ്മികൾ (പശുപാലൻ അല്ല കേട്ടോ) വെറുതെ അലസനായി കട്ടിലിൽ മലർന്നു കിടക്കുന്ന എന്റെ നിതംബത്തിലേക്ക് ജനലിലൂടെ തൊടുത്തുവിട്ടു കൊണ്ടിരുന്നു. സഹികെട്ട് ഞാൻ എണീറ്റു. പല്ലൊക്കെ വെറുതെ തേച്ചപോലെ വരുത്തി അടുപ്പത്ത് ലേശം കട്ടനിട്ടു. മണി പതിനൊന്നര ആയി, ഇനി എന്തു കുൽസിത പ്രവർത്തിയിലാണ്  ഇന്ന് ഏർപ്പെടുന്നത് എന്ന് ആലോചിച്ചു കൊണ്ടിരുന്നു.

പെട്ടെന്നാണ് മൊബൈൽ ശബ്ദിച്ചത്. എടുത്തു നോക്കിയപ്പോൾ പരിചയമില്ലാത്ത നമ്പർ, നല്ല പച്ചകളും ലോട്ടറി അടിച്ചു എന്ന് പറയാൻ വിളിച്ചതായിരിക്കും എന്ന് വെച്ച് എടുത്തില്ല.

വീണ്ടും ദേണ്ടെ അടിക്കുന്നു. കഷ്ടകാലത്തു എന്നാ കോപ്പാണോ എന്ന് ശങ്കിച്ച്  ഇടത്തെ കൈ കൊണ്ട് ഫോൺ എടുത്തു വലത്തേ ചെവിയിൽ വെച്ച് ഞാൻ വലംകൈയ്യാൽ പൃഷ്ഠം ചൊറിഞ്ഞു ത്രികോണേ എന്ന ഷേപ്പിൽ നിന്ന് ഒരു ഹാലോ അങ്ങ് കാച്ചി.

അതാ അപ്പുറത്തു നിന്നും ഒരു കിളി നാദം, ഹാലോ.... പെട്ടെന്ന് തന്നെ ഞാൻ ഡീസന്റ് ആയി. നിവർന്നു നിന്ന് നെഞ്ചുംകൂട് അകത്തോട്ടു പിടിച്ചു, ടൈ കെട്ടി സ്യൂട്ടും ഇട്ടു നിൽക്കുന്ന ഭാവത്തിൽ ഒരു ഗുഡ് മോർണിംഗ് അങ്ങോട്ട് കൊടുത്തു. 

കിളി - "എന്നെ ഓർക്കുന്നുണ്ടോടാ നീ?"

എന്റെ മനസ് ദ്രുതഗതിയിൽ വർക്ക് ചെയ്തു. എടാ എന്ന് വിളിക്കണമെങ്കിൽ ഒന്നെങ്കിൽ മൂത്തവർ ആയിരിക്കും, അല്ലെങ്കിൽ പിന്നെ അത്ര സുഹൃത് ബന്ധം ഉള്ളവർ ആയിരിക്കണം. ചിന്തിച്ചിട്ട് ഒരന്തവും കിട്ടിയില്ല, അബദ്ധങ്ങൾ പറ്റാതെ നോക്കുകയും ചെയ്യണമല്ലോ.....

കിളി - " എന്റെ പൊന്നു വാഴക്കാവരയാ.... ഓർത്തു ടെൻഷൻ അടിക്കേണ്ട....നിങ്ങൾടെ കൂടെ പ്രീഡിഗ്രിക്ക് ട്യൂഷൻ പഠിച്ച ആളാണ് ഞാൻ. മുടി ഒക്കെ സ്റ്റെപ് കട്ട് ചെയ്ത....

ഞാൻ - എന്റെ പൊന്നേ.... ഇപ്പൊ പിടികിട്ടി... ഇവിടെ ദുബായ് ഇൽ ആണോ? എന്റെ നമ്പർ എങ്ങനെ കിട്ടി.

കിളി - അതൊക്കെ കിട്ടി മോനെ, ഈ സോഷ്യൽ മീഡിയ യുഗത്തിൽ അതിനാണോ പാട്. അതൊക്കെ പോട്ടെ...എന്തൊക്കെയുണ്ട് വിശേഷം...?

ഞാൻ - ഓ... എന്നാ പറയാനാ.... ഇങ്ങനെയൊക്കെ പോകുന്നു.

കിളി - അതേ... ഇന്ന് ഫ്രീ ആണോ, എങ്കിൽ ഉച്ചക്ക് എന്റെ കൂടെ ഒരു ലഞ്ചിന്‌ വരാമോ?

അവൾ ചോദിച്ചു തീരുന്നതിനു മുമ്പേ എന്റെ ഉത്തരം - പിന്നെന്താ, ഫ്രീ അല്ലെങ്കിൽ ഫ്രീ ആക്കാമല്ലോ... 

കിളി - എന്നാൽ ഉച്ചക്ക് സിറ്റി സെന്ററിൽ കാണാം..

ലഡു പൊട്ടിയ ഞാൻ വരും വരായ്കകളെ കുറിച്ച് ആലോചിക്കാതെയാണ്  മറുപടി കൊടുത്തത്. ഇനി എന്തെങ്കിലും ഉടായിപ്പ് ആണോ? 

ഹേയ്... ആവില്ല. വളരെ നല്ല പെൺകുട്ടി ആയിരുന്നു അവൾ, എനിക്കിഷ്ടമായിരുന്നു ഒത്തിരി. കാര്യം സ്റ്റെപ് കട്ട് ഒക്കെ ആയിരുന്നെങ്കിലും സുന്ദരി ആയിരുന്നു, കെട്ടി കഴിഞ്ഞു അവളുടെ മുടി ഒക്കെ നീട്ടി വളർത്തി, നല്ല ശാലീന സുന്ദരി ആക്കാം എന്നായിരുന്നു അന്നത്തെ എന്റെ സ്വപ്നങ്ങളുടെ പ്ലാൻ...

എനിക്കിഷ്ടമാണെന്ന് അവളോട് ഞാൻ പറഞ്ഞിട്ടില്ല. എന്തിനു, അങ്ങനെ മനസിലാക്കാൻ ഞാൻ ഒരു അവസരം പോലും കൊടുത്തിട്ടില്ല. അതൊക്കെ കുടുംബത്തിൽ പിറന്നവരുടെ പണിയല്ല എന്ന മിഥ്യാ ധാരണ കാരണം എത്ര സുന്ദരികളോട് എന്റെ ഇഷ്ടം പറയാതെ പോയത്. ആ... ഇനി അതൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം. അവൾക്ക് എന്നെ ഇഷ്ടമായിരുന്നു ആവോ.. 

പക്ഷെ എന്റെ മെഡുല്ല ഒബ്ലാന്കെറ്റ വീണ്ടും വീണ്ടും വാണിംഗ് തന്നു കൊണ്ടിരുന്നു. എന്തിനായിരിക്കും എന്നെ വിളിച്ചത്? ഈ വയസാം കാലത്തു എന്തിനാണ് എന്നെ കാണണമെന്ന് പറഞ്ഞത്? എന്തായാലും ലൈംഗിക ദാരിദ്ര്യം അല്ലെങ്കിൽ പ്രണയ രാഹിത്യം അനുഭവിക്കുന്ന ഒരുത്തൻ ആണെന്ന് കരുതി ആവില്ല. ഒരു സ്നേഹവും സുഹൃത്ബന്ധവും ഒക്കെ തോന്നിയിട്ടാവണം. കെട്ടിയോനും പിള്ളേരും ഒക്കെ കൂടെ കാണുമോ ആവോ?  എന്തായാലും വളരെ ഡീസന്റ് ആയി വേണം പെരുമാറാൻ എന്ന് ഞാൻ തീരുമാനിച്ചു.

കുളിച്ചു കുട്ടപ്പനായി കക്ഷത്തിൽ പൗഡറും ഇട്ട്, നല്ല ഷർട്ടും പാന്റും ഒക്കെ ഇട്ടു ഒരു കേട്ട് പെർഫ്യൂമും അടിച്ചു കേറ്റി സുന്ദരനായി. പോരാത്തതിന് വായിൽ ഇത്തിരി മൗത്ത് വാഷ് എടുത്ത് കുലുക്കുഴിഞ്ഞ് എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ മൊത്തത്തിൽ അഴകിയ രാവണൻ ആയി.

നേരെ സിറ്റി സെന്ററിൽ  ചെന്നു, ഞാൻ അവിടെ എത്തിയ കാര്യം അവളെ വിളിച്ചു പറഞ്ഞു. നേരെ പോയി ചില്ലീസിൽ ഇരുന്നോ , ദാ... അഞ്ചു മിനിറ്റിനുള്ളിൽ അവൾ എത്താം എന്നു പറഞ്ഞു. എത്ര സീറ്റ് വേണം എന്ന് ചോദിച്ചപ്പോൾ അവൾ ചോദിച്ചു, "എന്റെ പൊട്ടൂസെ, ഞാൻ ഒറ്റക്കാണ് വന്നിരിക്കുന്നത്, നിന്റെ കൂടെ ഒരു ലോഡ് ആൾക്കാരുണ്ടോ?" ഞാൻ വീണ്ടും ബ്ലിങ്കസ്യാ....

 എന്തായാലും പോയി ചില്ലീസിൽ ഒരു കോർണറിൽ ഇരുന്നു. എന്തിനോ വേണ്ടി ഹൃദയം തുടിച്ചുകൊണ്ടിരുന്നു. മനസ് പെട്ടെന്ന് തന്നെ പഴയ പ്രീഡിഗ്രി കാലത്ത് ചെന്നെത്തി. ഇവിടെ പുറത്തു കൊടും ചൂടാണെങ്കിലും അകത്തു നല്ല കുളിരുന്ന തണുപ്പ്. പണ്ട് ട്യൂഷൻ സെന്ററിൽ മഴക്കാലത്തു ചെറിയ കുളിരും ആയി തടി ബെഞ്ചിൽ ഇരുന്നകാലം മനസ്സിൽ തികട്ടി വന്നു. 

എന്നും ഞാനും സജിയും ആയിരുന്നു ട്യൂഷൻ ക്ലാസിൽ ആദ്യം എത്തുന്നത്. കർക്കിടകത്തിലെ കുഞ്ഞു കുളിരിൽ, ട്യൂഷൻക്ലാസിലെ തടി ബെഞ്ചിൽ ആ തണുത്ത തടിയുടെ നനഞ്ഞ ഗന്ധവുമായി അവിടെ പെൺകുട്ടികൾ വരുന്നത് കാത്തുള്ള ആ ഇരിപ്പ്, അതിന്റെ ഒരു സുഖം! അവർ വരുന്നതിനു മുമ്പ് മനസ്സിൽ കൂടി തുള്ളിച്ചാടി നടക്കുന്ന വിവിധ വികാരങ്ങൾ, ഇഷ്ടമുള്ളവരുടെ മുഖം മനസിൽ വിചാരിച്ചു ഡെസ്കിൽ കുത്തിവരക്കുന്ന വികൃതികൈകൾ.

പതുക്കെ പോക്കറ്റിൽ നിന്നും പേനയെടുത്തു ഒന്നും അറിയാത്ത പോലെ ചില്ലീസിലെ ഡെസ്കിൽ ഒന്നു വരച്ചു, നാട്ടിലെ ഡിസ്കിന്റെ ആ മണം ഫീൽ ചെയ്യാനായി  ചെറുതായി ഒന്ന് കുനിഞ്ഞു നോക്കാം വിചാരിച്ചപ്പോളാണ് അവൾ കയറി വന്നത്. 

ഒരു മിഡിയും ടോപ്പും ആണ് വേഷം, നീണ്ട മുടി വിടർത്തിയിട്ടിരിക്കുന്നു. വിടർന്ന ആ കണ്ണുകളിൽ നല്ല തിളക്കം. എന്റെ ഹൃദയം വീണ്ടും ആ പതിനാറു വയസുകാരന്റെ പോലെ ഇടിച്ചു തുടങ്ങി. അവൾ കൈകൾ നീട്ടി, കരങ്ങൾ ഗ്രഹിച്ചു. അവൾ അതഭുതം കൂറി ചോദിച്ചു, "നിന്റെ കൈയ്യെന്താടാ തണുത്തു വിറച്ചിരിക്കുന്നതു?" ഞാൻ എന്ത് പറയാൻ, എന്റെ ചങ്കിൽ തൊട്ടാൽ അത് ഇടിച്ചു മരിക്കുന്നതു അറിയാമായിരുന്നു.

അവൾ "എടാ... പണ്ട് ഒരിക്കൽ ഒരാഴ്ചത്തെ പനി കഴിഞ്ഞു ഞാൻ  ക്ലാസിൽ വന്നപ്പോൾ നിന്നോട്  നോട്ട്സ് ചോദിച്ചപ്പോൾ നീ നിന്ന മാതിരി തന്നെ ആണല്ലോ ഇപ്പോളും നിൽക്കുന്നേ, ഒരു മാറ്റവുമില്ലേ നിനക്ക്? "

ഞാൻ "എനിക്ക് അന്ന് നിന്നെ കണ്ടത് പോലെ തന്നെയാണ് ഇപ്പോളും ഫീൽ ചെയ്യുന്നത്, സെയിം ഓൾഡ് ഫീൽ "

ഞങ്ങൾ ഫുഡ് പറഞ്ഞു, കഴിച്ചു തുടങ്ങി. എന്റെ പ്ലേറ്റിൽ നിന്നും വളരെ സ്വാതന്ത്ര്യത്തോടെ അവൾ എടുത്തു കഴിക്കുന്നുണ്ടായിരുന്നു. എത്രയോ കാലം ഒന്നിച്ചു അടുപ്പമുണ്ടായിരുന്ന പോലെ ആയിരുന്നു അവളുടെ പെരുമാറ്റം. താമസിയാതെ എന്റെ സങ്കോചവും മാറി, ഒത്തിരി കളിതമാശകൾ പറഞ്ഞു പഴയ കാലത്തേക്ക് തിരിച്ചു പോയി. ഇടയ്ക്കു അവൾ ഓർഡർ ചെയ്തതിൽ ഒരു നുള്ളു ബീഫ് ഇത്തിരി ബാർബിക്യു സോസിൽ മുക്കി "ഇതൊന്നു കഴിച്ചു നോക്കെടാ, സൂപ്പറാ"  എന്നും പറഞ്ഞു എന്റെ  വായിൽ വെച്ച് തന്നു. എനിക്കൊട്ടും ഇഷ്ടമില്ലാതിരുന്ന ആ സോസിനു പോലും ഗംഭീര രുചി. ചുറ്റും നടക്കുന്നതൊന്നും അറിയാതെ, ഒന്നിനെക്കുറിച്ചും വേവലാതി ഇല്ലാതെ, മനസ്സിൽ നിറഞ്ഞു തുളുമ്പിയ സന്തോഷത്തോടെ, ലോകത്തെ ഏതോ മനോഹരമായ പൂന്തോട്ടത്തിൽ ഞങ്ങൾ മാത്രം എന്ന പോലെ പഴയ പ്രീഡിഗ്രി കാലത്തേ ഞാനും അവളും മാത്രമായി കുറച്ചു സമയം...

ഭക്ഷണം കഴിച്ചു ഞങ്ങൾ പുറത്തേക്കിറങ്ങി, എന്റെ കൈകൾ പിടിച്ചു അവൾ നടന്നു. ഒരു മഞ്ഞുകാല പുലരിയിൽ, മൃദുലമായ ഒരു റോസിന്റെ ഇതളിൽ തൊട്ടുനടക്കുന്ന ഒരു ഫീലിംഗ്. അവൾ എന്നോട് ചോദിച്ചു, "നിനക്കെപ്പോളാ പോകേണ്ടത്?". 

എനിക്കിങ്ങനെ സമയം തീരരുതേ എന്നേ ഉള്ളൂ...അപ്പോളാണ്...സമയം ഒരു പ്രശ്നവും അല്ലെന്നു ഞാൻ പറഞ്ഞു. 

അവൾ - "എന്നാൽ നമുക്ക് ബീച്ച് വരെ ഒന്ന് പോയാലോ?"
ഞാൻ - " ഈ ചൂടത്തോ?"

അവൾ - "എനിക്കൊരു ആഗ്രഹം, അഞ്ചു മാണി ഒക്കെ കഴിയുമ്പോൾ ചൂട് കുറയും, പോയി നോക്കാം."

എന്തായാലും അവളുടെ കൂടെ കുറച്ചു സമയം കൂടി ചിലവഴിക്കാം എന്നുള്ളതിനാൽ നേരെ ബീച്ചിലേക്ക് വിട്ടു. അവിടെ അവളുടെ കൈ പിടിച്ചു തീരത്തു കൂടി നടന്നപ്പോൾ ചൂടൊന്നും അറിഞ്ഞേ ഇല്ല. അവിടെയുള്ള ഒരു  ചെറിയ മുനമ്പിലേക്ക്എന്റെ കൈ പിടിച്ചു അവൾ നടന്നു. അവൾ ഒരു മൂളിപ്പാട്ട് മൂളുന്നുണ്ടായിരുന്നു "മൂവന്തി താഴ്‌വരയിൽ..." ആ സുന്ദരമായ ഈണത്തിൽ ലയിച്ചു,
ഒരു മുളംതണ്ടായി അവളുടെ ചുണ്ടത്തെ പാട്ടിന്റെ ഈണങ്ങൾ ഞാനേറ്റു വാങ്ങി, ആ ചൂടത്തും... ഒരു കുളിരായ്, വെണ്മുത്തുകളായ് എന്റെ മനസ്സിന്റെ മൺകൂടിനുള്ളിൽ അവളുടെ സാമീപ്യം നിറഞ്ഞു നിന്നു.   

ആ മുനമ്പിൽ നിന്ന് ഇളം കാറ്റിന്റെ തഴുകലിൽ മുഴുകി അങ്ങനെ നിന്നപ്പോൾ അവൾ ചോദിച്ചു, "നമുക്കൊന്ന് ജാക്കും റോസും ആയാലോ?" അവൾ പെട്ടെന്ന് ഏറ്റവും തുഞ്ചത്ത് ചെന്ന് നിന്ന് കൈകൾ വിരിച്ചു പിടിച്ചു നിന്നു. അവളുടെ പുറകിൽ ചെന്ന് ഞാൻ അവളെ കെട്ടിപിടിച്ചു നിന്നു. മാന്യതയുടെ മൂടുപടത്തിൽ നിൽക്കാനുള്ള ശ്രമത്തിൽ എന്റെ കൈകൾ അവളുടെ സ്തനങ്ങളിൽ മുട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. 

പെട്ടെന്നാണ് അവൾ കുഴഞ്ഞു വീണത്. അവളെ വാരിയെടുത്തു ഞാൻ തീരത്തേക്ക് നടന്നു. ആളുകൾ കൂടി.  എന്ത് പറ്റി, വൈഫ് ആണോ, അസുഖം എന്തെങ്കിലും ഇങ്ങനെയുള്ള അവരുടെ ചോദ്യങ്ങൾക്ക് എനിക്കും ഉത്തരം ഇല്ലായിരുന്നു. ആരോ വിവരം അറിയതിനെ തുടർന്ന് ബീച്ചിലെ ആംബുലൻസ് എത്തി.  

അവർ പേരും വിവരങ്ങളും ചോദിച്ചു, അവളുടെ പേര് പോലും ഞാൻ മറന്നു പോയി. ആളുകൾ സംശയത്തോടെ എന്നെ നോക്കുന്നു, പ്രത്യേകിച്ച് രണ്ടു മലയാളികൾ. ഇതേതോ അവിഹിത കേസ് ആണോ ചേട്ടാ എന്ന് ചോദിച്ചു ഒതുക്കത്തിൽ രണ്ടു ഫോട്ടോയും എടുത്തു. എന്റെ ചങ്കിടിച്ചു.

ഞാൻ അവളുടെ ഫോൺ എടുത്തു നോക്കി. ഭാഗ്യം, സ്ക്രീൻ ലോക്ക് ഒന്നും ഇല്ലായിരുന്നു.  ഡാഡി എന്ന് കണ്ട നമ്പറിൽ നല്ല ഭയത്തോടെ ആണെങ്കിലും വിളിച്ചു.വഴിയിൽ വെച്ച് കണ്ടതാണ് എന്ന് പറയാം എന്ന് വിചാരിച്ചു. ഞാൻ കുഴഞ്ഞു വീണ കാര്യംപറഞ്ഞപ്പോൾ എന്നോട് ചോദിച്ചു വാഴക്കാവരയൻ ആണോ എന്ന്.  ഞാൻ ഞെട്ടി, ഇവൾ വീട്ടിലൊക്കെ പറഞ്ഞിട്ടാണോ എന്റടുത്തോട്ടു പോന്നത്? 

അദ്ദേഹം പേരും വിവരങ്ങളും പറഞ്ഞു തന്നു. വേഗന്ന് അവിടെ അടുത്തുള്ള ഒരു ഹോസ്പിറ്റലിന്റെ പേരും അവിടെ കാണേണ്ട ഡോക്ടറിന്റെ പേരും തന്നു. അവർ അങ്ങോട്ടേക്ക് എത്തിക്കൊള്ളാം എന്നും  പറഞ്ഞു.

ഹോസ്പിറ്റലിൽ എത്തി, അവൾക്ക് ശ്വാസം ഉണ്ടെന്നു മാത്രം. അവളെ കൊണ്ടുപോയി, ഞാൻ പുറത്തു നിർവികാരനായി കാത്തു നിന്നു. കുറച്ചു നിമിഷങ്ങൾക്കകം അവളുടെ ഭർത്താവും രണ്ടു കുട്ടികളും എത്തി. ഒരു ചെറിയ ചമ്മലോടെ ഞാൻ ചിരിച്ചു. അദ്ദേഹം എന്റെ കൈ പിടിച്ചു, എന്നിട്ടു പറഞ്ഞു. അവൾക്ക് ക്യാൻസർ ആണ്, സ്റ്റേജ് ഫോർ ആയി. പാവം ഒരു പെണ്ണാണ് അവൾ, കലപില സംസാരിച്ചുകൊണ്ടു എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു നല്ല സ്ത്രീ. സംസാരിക്കാൻ ഒത്തിരി ഇഷ്ടമായിരുന്നു അവൾക്ക്, എന്നോട് പഴയ കാര്യങ്ങൾ ഒക്കെ ഇങ്ങനെ വിശദമായി പറയുമായിരുന്നു.  നിങ്ങളെ പഠിച്ചുകൊണ്ടിരുന്ന സമയത്തു  ഒത്തിരി ഇഷ്ടമായിരുന്നു അവൾക്ക്.  ഇവിടെ ഉണ്ടെന്നറിഞ്ഞപ്പോൾ പോയി ഒന്ന് കണ്ടു മിണ്ടിയേച്ചു വരാൻ ഞാൻ ആണ്  പറഞ്ഞു വിട്ടത്.  

നിറഞ്ഞ കണ്ണും വിങ്ങിപൊട്ടാറായ ഹൃദയവും ആയി ,ആ കുഞ്ഞുങ്ങളെ ഒന്ന് കെട്ടിപിടിച്ചു ഞാൻ അവിടെനിന്നും ഇറങ്ങി.    

Read more...

അഹിംസ

>> Tuesday, June 9, 2020

കുട്ടിക്കാലം മുതൽ സിദ്ധാർത്ഥ ഗൗതമന്റെ ആരാധകൻ ആയിരുന്നു ഞാൻ. ഒരു ഉറുമ്പിനെ പോലും നോവിക്കാതെ എങ്ങനെ ജീവിക്കാം എന്നതിൽ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തിയിരുന്നവൻ. പക്ഷെ പ്രായോഗിക ജീവിതത്തിന്റെ പുഴുക്കുത്തുകൾ എന്റെ കുഞ്ഞു മനസ്സിനെ വളരെ അസ്വസ്ഥമാക്കിയിരുന്നു. നാം തന്നെ വളർത്തിയിരുന്ന കോഴി, മൂരി, പന്നി, താറാവ് ഇവയെ ഒക്കെ കൊന്നു തിന്നുക.  പാവം കോഴികൾ ഇടുന്ന മുട്ട തട്ടിപ്പറിച്ചു പൊരിച്ചു തിന്നുക, ക്ടാവ് കുടിക്കേണ്ട പാൽ അതിനെ കൊണ്ട് വെറുതെ ചുരത്തിപ്പിച്ചു കറന്നെടുക്കുക തുടങ്ങിയ അതീവ ദുഷ്ടതകൾ ചെയ്തിരുന്ന കാരണവന്മാർ എന്റെ കൊച്ചു മനസ്സിൽ കൊലപാതികകളും മ്ലേച്ചന്മാരും ആയിരുന്നു.


കാലക്രമേണ ഞാനും മൂത്തു, തളിർത്തു, പൂത്തു,  കായ്ച്ചു, നരച്ചു. ഈ കാലയളവിൽ ഞാൻ തിന്നു തീർത്ത ഇറച്ചിക്കും മീനിനും പാലിനും ഒരു കണക്കും ഇല്ല. എത്രയോ ജീവികളെയും സസ്യങ്ങളെയും തിന്നൊടുക്കിയ കാപാലികർ എങ്കിലും കൊന്ന  പാപം തീരെയില്ലായിരുന്നു എനിക്ക്.

അങ്ങനെ ഈ കോവിഡ് കാലം. ലോകം മുഴുവൻ കൊറോണ വൈറസ് എന്ന കാപാലികനെ കൊന്നൊടുക്കാൻ കയറു പൊട്ടിച്ചു നടക്കുന്നു. കൊറോണ വരാത്തതുകൊണ്ടു വെറുതെ ചൊറിയും കുത്തി ഇരിക്കുക ആണ്. ഇവിടുത്തെ പണിയുടെ കാര്യം പറയുമ്പോൾ ദുഫായിലെ പണികൾ ഓര്മ വരും, അവിടുത്തെ പണികൾ ചെയ്യാമെന്ന് വെക്കുമ്പോൾ മഴ, ഇന്റര്നെറ് പ്രശ്‍നം, പിള്ളേരുടെ മേളം അങ്ങനെ ചുരുക്കത്തിൽ ചെകുത്താന്റെയും മാലാഖയുടെയും, കടലിന്റെയും കരയുടെയും, തോടിന്റെയും പറമ്പിന്റെയും ഒക്കെ ഇടയ്ക്കു കിടന്നു ദീർഘവും ഹ്രസ്വവും ആയ നിർശ്വാസങ്ങൾ വിട്ടു സമയം  നീക്കുന്നു.

ഇളയ കൊച്ചു തുമ്പി എന്നെ ആനന്തിപ്പിച്ചു കൊണ്ട് ഇതിലെ കറങ്ങി നടക്കുന്നു. പണ്ടൊക്കെ പ്രകൃതിയുമായി പിള്ളേർ യോജിച്ചു വളരണം എന്ന നിർബന്ധത്തിൽ  മഴയത്തും മഞ്ഞത്തും വെയിലത്തും മണലിലും ഒക്കെ പിള്ളേരെ ഞാൻ ഇരുത്തിയും കിടത്തിയും നിരക്കിയും നനച്ചും ഒക്കെ വളർത്തിയിരുന്നു. പിള്ളേരുടെ എണ്ണം കൂടി, സമയം കുറഞ്ഞു. അത്യാവശ്യ സമയങ്ങളിൽ ഒഴികെ ഡയപ്പർ ഉപയോഗിക്കാൻ പാടില്ല എന്ന നിഷ്കർഷയാൽ എന്റെ ഭാര്യ ആദ്യ കുട്ടികളെ ഒക്കെ വളരെ ഫ്രീ ആയിട്ടു എന്റർടൈൻമെന്റ് ആൻഡ് ഡ്രൈനേജ് ഏരിയയിൽ  വളരെ അധികം കാറ്റും കേറ്റി, നന്നായി തീറ്റ കുത്തിക്കയറ്റി ആവശ്യത്തിലധികം മൂത്രവും മലവും കോരി വളർത്തി. ഇപ്പോൾ തുമ്പി ആയപ്പോൾ ഡയപ്പർ ഊരാൻ സമയം ഇല്ല. സദാ സമയം താറാവിന്റെ കണക്ക് ഒരു ലോഡ് അസംസ്കൃത വസ്തുക്കളും ആയി ആടി ആടി നടക്കുന്ന തുമ്പി.

അലസമായ മനസ് ചെകുത്താന്റെ പണിപ്പുര എന്നല്ലേ പറയാറ്.. എന്റെ മനസ്സിൽ വീണ്ടും പഴയ പ്രകൃതി സ്‌നേഹി  ഉണർന്നു. ഊരിക്കളയെടി എന്റെ കൊച്ചിന്റെ തീട്ട പൊതി  എന്ന് പറഞ്ഞു അവളുടെ ഡയപ്പർ ഊരി പറമ്പിൽ എറിഞ്ഞു. വേണ്ടെങ്കിൽ വേണ്ട, മൂത്രം ഒഴിക്കുന്നത് തുടച്ചിട്ടോണം, എനിക്കെങ്ങും സമയം ഇല്ല എന്ന് പറഞ്ഞു അവൾ പറമ്പിലേക്ക് പോയി. ഞാനറിഞ്ഞ ഡയപ്പർ എടുത്തു കുഴിയിൽ ഇട്ടു, കൃത്യമായ ഇടവേളകളിൽ അവ സൂക്ഷിച്ചു നശിപ്പിച്ച എങ്കിൽ വാഴ വെക്കാൻ കിളക്കുമ്പോൾ മണ്ണിനു പകരം ഡയപ്പർ മാത്രമേ കിട്ടൂ എന്നൊക്കെ പ്രകൃതി സ്‌നേഹി അല്ലെങ്കിലും പ്രായോഗിക വിജ്ഞാനം അവൾക്കുണ്ടായിരുന്നു .

ഊരിക്കളഞ്ഞ തുമ്പിയുടെ പൃഷ്ഠഭാഗത്തെ ചുവപ്പ് കണ്ട എന്നിലെ അച്ഛൻ ഉണർന്നു. അവളെ മിറ്റത്തു ഇറക്കിവിട്ടു മണ്ണിൽ കളിച്ചോളാൻ പറഞ്ഞു ഞാൻ കാലും നീട്ടി ഇരുന്നു കൊറോണയെ പറ്റി  ചിന്തിച്ചു.

കൊറോണയും ഒരു ജീവൻ അല്ലേ? മനുഷ്യരുടെ കോശങ്ങളെ പിടിച്ചു തിന്നു ഈ വംശം തന്നെ ഇല്ലാതാക്കാൻ വന്ന പിശാശ് ഒന്നുമല്ലല്ലോ. ആ പാവം വൈറസിന് ജീവിക്കാൻ പറ്റിയ ഒരു അവസ്ഥ കിട്ടിയപ്പോൾ പെറ്റു പെരുകുന്നു, അത്ര തന്നെ. അത് നമ്മുടെ ദൗർഭാഗ്യത്തിന് നമ്മുടെ ശരീരം തന്നെ ആയി പോയി എന്ന് മാത്രം. ആ ജീവിയെ നമ്മൾ ക്വറന്റൈൻ ചെയ്തും വാക്സിൻ എടുത്തും ഒക്കെ നശിപ്പിക്കുന്നത് തികച്ചും അധാർമികം അല്ലേ? ആനയുടെ വായിൽ പടക്കം പൊട്ടുമ്പോളും, തെരുവു പട്ടികളെ കൊല്ലുമ്പോളും മാത്രം പ്രകടിപ്പിക്കുന്ന സെലക്ടീവ് മൃഗസ്നേഹം നമുക്ക് പാടില്ലല്ലോ? സസ്യങ്ങൾക്കും ജീവനില്ലേ?  പയറൊക്കെ നട്ടപ്പോൾ കൃത്യമായി കയറിൽ പിടിച്ചു കയറി പോകുന്നു, തെങ്ങു വെളിച്ചം ഉള്ള ഭാഗത്തേക്ക് വളഞ്ഞു വളരുന്നു, തൊട്ടാവാടി തൊടുമ്പോൾ വാടുന്നു, അവയൊക്കെയും ജീവനല്ലേ?

എല്ലാ ജീവികളെയും നമ്മൾ സ്നേഹിക്കണം, എന്റെ മനസ് സാർവ്വ ലൗകീക സ്നേഹത്താൽ ജ്വലിച്ചുകൊണ്ടു നിന്നു. ആ ജ്വാലയുടെ സൈഡിൽ കൂടി നോക്കിയപ്പോൾ കണ്ടത് താഴെ പറമ്പിൽ നിൽക്കുന്ന കളകൾ അമ്മ പറിച്ചു കളയുന്നതാണ്.  രണ്ടാഴ്ച മുമ്പ്  കിളച്ചു മറിച്ചിട്ട മണ്ണിൽ, നിർത്താതെ പെയ്ത മഴയുടെ കാരുണ്യത്താൽ കിളിർത്തു തളിർത്ത കളകൾ. പ്രതീക്ഷയോടെ കിളിർത്തു വന്ന ജീവന്റെ നാമ്പുകൾ അമ്മ നിർദാക്ഷിണ്യം പിഴുതെറിയുന്നതു കണ്ടപ്പോൾ എന്റെ സ്നേഹജ്വാല കോപജ്വാല ആയി മാറി.

ഞാൻ അലറി... "നിർത്തുന്നുണ്ടോ അമ്മെ ഈ കൊലപാതകം. "

അവനെന്തു തേങ്ങയാ ഈ പറയുന്നത് എന്ന് മനസിലാകാതെ അമ്മ എന്നെ നോക്കി. വീട്ടിൽ കുത്തിയിരുന്നു മൂക്ക് മുട്ടെ തിന്നു കേറ്റി കിളി പോയിരിക്കുന്നത് ആണോ എന്നറിയാത്തതിനാൽ അമ്മ കൂടുതൽ വിവരിക്കാൻ നിന്നില്ല. എന്നാലും പറഞ്ഞു, മൊത്തം മഷിത്തണ്ടും ചൊറിയെണവും  കമ്യുണിസ്റ്റ് പള്ളയും ആണ്, അത് പറിച്ചു കളഞ്ഞാൽ കപ്പയും വാഴയും നന്നായി വളരും.അമ്മേ, ഈ മഷിത്തണ്ട്.... ഞങ്ങളെ പോലെ ഉള്ള പ്രവാസികളുടെ മനസിലെ ഏറ്റവും കുളിർമയുള്ള ഓർമ്മകളാണ്. പണ്ട് കറുത്ത സ്ളേറ്റിലെ, കല്ലുപെൻസിൽ കൊണ്ടുള്ള എഴുത്തുകൾ മായ്ക്കാൻ നമ്മൾ ഉപയോഗിച്ചിരുന്ന മഷിത്തണ്ട്. എന്റെ മനസ്സിൽ നല്ല പച്ചയുടെ നിറങ്ങൾ തെളിഞ്ഞു വന്നു. ഏറ്റവും നല്ല തണ്ടു ഓടിച്ചു വെച്ച് രണ്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ലൈലയുടെ സ്ളേറ്റ് മായ്ക്കാൻ കൊടുത്ത് എന്റെ ഓർമയിൽ വന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ കല്ലിൽ തട്ടി വീണ സീനയുടെ കാലിൽ കമ്യുണിസ്റ് പച്ചയുടെ ഇല ഇടിച്ചു പിഴിഞ്ഞ് വെച്ചത് ഓര്മ വന്നു. ഇതൊക്കെ എങ്ങനെ പറിച്ചു കളയും നമ്മൾ.

പിള്ളേരെയൊക്കെ ഉള്ളതല്ലേ, ആ ചൊറിയെണം എങ്കിലും പറിച്ചു കളയെടാ. കഴിഞ്ഞ വര്ഷം അത്  പറിച്ചു കളയാത്തതുകൊണ്ട് അതിന്റെ പൂവ് വീണാണ് ഇത്രയും ഉണ്ടായത്.

ഞാൻ പറഞ്ഞു, അമ്മേ, ഈ  ചൊറിയെണം നല്ല ഗുണമുള്ളതാണ് അമ്മേ. അതിന്റെ ഇല തോരൻ വെക്കാം. പിന്നെ ഗൂഗിൾ അമ്മച്ചിയിൽ പരതി. അതിന്റെ പൂവിന്റെയും കായുടെയും ഗുണഗണങ്ങൾ പഠിച്ചു. അതിമോഹനൻ വൈദ്യന്റെയും പ്രകൃതി സ്നേഹികളുടെയും വിഡിയോകൾ തപ്പി. അങ്ങനെ സംഘടിപ്പിച്ച വിവരങ്ങളും ആയി ഞാൻ അമ്മയെ വിളിച്ചു നടക്കല്ലിൽ ഇരുന്നു ക്ലാസ് കൊടുത്തു തുടങ്ങി.

കാര്യം ഒരു പഴയ MSc ബോട്ടണി ആണ് അമ്മ, ഞാൻ ആണെങ്കിൽ ബോട്ടണി പോയിട്ട് ബയോളജി പോലും പത്താം ക്‌ളാസിനു ശേഷം വെറുതെ പ്രത്യുല്പാദനം പഠിക്കാൻ വേണ്ടി പോലും തുറന്നു നോക്കാത്തവൻ. എങ്കിലും ഉപദേശം കൊടുക്കാൻ ഈ ഗൂഗിൾ കാലഘട്ടത്തിൽ എന്ത് പ്രയാസം!

അമ്മേ, ഈ ലോകത്തു എല്ലാ ജീവ ജാലങ്ങൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്. നമ്മുടെ ആമാശയത്തിൽ തന്നെ എത്ര ദശലക്ഷം ബാക്ടീരിയകൾ ഉണ്ടെന്നറിയാമോ? നമ്മുടെ ദഹന വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നത് അവരാണ്. നാം ഈ ആന്റി ബയോട്ടിക്സ് ഒക്കെ കഴിക്കുമ്പോൾ വയറിനു പ്രശ്‍നം ഉണ്ടാകുന്നത് എന്ത് കൊണ്ടാണ്? അവയെ നശിപ്പിക്കുന്നത് കൊണ്ടാണ്. അമ്മയൊക്കെ ഓരോ കോഴിയേയും കൊല്ലുമ്പോൾ, അവയുടെ ജീവൻ കയ്യിലിരുന്ന പിടയുന്നത് അമ്മക്ക് ഇന്നേ വരെ ഫീൽ ചെയ്‌തിട്ടില്ലാ? അമ്മയുടെ കൊച്ചുമകളുടെ കാലിൽ ഒരു പോറൽ വീണാൽ അമ്മയുടെ കണ്ണുകൾ നനയും, പക്ഷെ എന്ത് കൊണ്ട് മറ്റു ജീവജാലങ്ങളോട് ആ സ്നേഹവും ദയയും അമ്മക്ക് തോന്നുന്നില്ല? ഞാൻ കത്തി കയറി....

പ്രകൃതി ഒരു പ്രതിഭാസം ആണ്. നമ്മൾ കൂടുതൽ സ്വാർത്ഥർ ആകുമ്പോളാണ് പ്രകൃതി ഒരു ശുചീകരണ പ്രക്രിയയുടെ വരുന്നത്. നമ്മൾ പ്രകൃതിയെ നശിപ്പിച്ചിട്ടല്ല ജീവിക്കേണ്ടത്, പ്രകൃതിയുമായി ഇഴചേർന്ന് ജീവിക്കണം.  

പെട്ടെന്നാണ് തുമ്പിയുടെ കരച്ചിൽ കേട്ടത്. എന്നെക്കാളും മുമ്പേ അമ്മ ഞെട്ടി എണീറ്റു, പുറകെ ഞാനും. ഓടി പോയി കുഞ്ഞിനെ വാരി എടുത്ത അമ്മ എന്റെ മുഖത്തിനിട്ടു ഒരു അടിയും തന്നിട്ട് അകത്തേക്ക് ഓടി.

പ്രകൃതിയുമായി ഇഴചേരാൻ ഞാൻ മണ്ണിൽ ഇറക്കിവിട്ട നഗ്നയായ തുമ്പി ഇഴചേർന്ന് ചേർന്ന് അവസാനം ചേർന്നത്  ചൊറിയെണത്തിന്റെ മുകളിൽ ആയിരുന്നു. വലിച്ചെറിഞ്ഞു ഞാൻ, എന്റെ പ്രകൃതി സ്നേഹം, തേങ്ങാക്കൊല.....


Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP