ഞാനൊരു പാവം പാലാക്കാരന്‍

ഞാന്‍ ഒരു ഡോക്ടര്‍

>> Tuesday, September 29, 2009

പത്തറുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഗ്രാമത്തില്‍ ജനിച്ച് അവിടുത്തെ എല്ലാ സാഹചര്യങ്ങളോടും പൊരുതി വന്നവനാണ് ഞാന്‍. രാവിലെ എണീറ്റ് കന്നുകാലിത്തൊഴുത്തില്‍ പോയി ചാണകം വാരി, പശുവിനെയും കറന്ന് വീട്ടിലെ പണികളും ഒക്കെ ചെയ്തു വളര്‍ന്ന ഞാന്‍ അതിന്റെ കൂടെ ചെറുതായി പഠിക്കുകയും ചെയ്തു. കച്ചവടക്കാരനും ദീര്‍ഘദര്‍ശിയുമായിരുന്ന അപ്പന്റെ നിര്‍ബന്ധപ്രകാരം എങ്ങനെയോ ഞാനും പഠിച്ചു, പിന്നീട് ഡോക്ടര്‍ ആയി. കൂട്ടത്തില്‍ പഠിച്ച പലരും സിംഗപ്പൂരിനും അമേരിക്കക്കും ഒക്കെ പോയപ്പോള്‍ അപ്പന്റെ നിര്‍ബന്ധപ്രകാരം നാട്ടില്‍ തന്നെ ഞാന്‍ നിന്നു പോയി. അതിനാല്‍ തന്നെ ഒരു സാധരണ ഡോക്ടര്‍ ആയി ജീവിച്ചു, പുറത്തുനിന്നും സമ്പന്നരായ കൂട്ടുകാരെ ഒക്കെ പിന്നീട് കണ്ടപ്പോള്‍ നിരാശ തോന്നിയെങ്കിലും മലയാളം പറയുന്ന മലയാളിത്തമുള്ള മക്കളെയെങ്കിലും കിട്ടി എന്നു ഞാനിന്നാശ്വസിക്കുന്നു.അങ്ങനെ ഗവണ്മെന്റ് ഡോക്ടര്‍ ആയി ഞാന്‍ ജോലി ചെയ്തുവരുന്ന വഴിക്കു തന്നെ കല്യാണവും കഴിഞ്ഞു,ക്രമേണ കുട്ടികളും ആയി. കേരളത്തിന്റെ അങ്ങോളമിങ്ങോളം ഉള്ള ഗ്രാമങ്ങളില്‍ ജോലി ചെയ്തു. അവരുടെ ഒക്കെ ബഹുമാനവും സ്നേഹാദരവും ഒക്കെ എന്നെ എന്റെ ജോലിയില്‍ ഉത്സാഹഭരിതനാക്കി. എവിടെ ചെന്നാലും ബഹുമാനവും സ്ഥാനവും ഉണ്ടാവും. ദൈവത്തെപ്പോലെ കാണുന്ന എത്രയോ മനുഷ്യര്‍. സ്നേഹത്തോടെ സന്തോഷത്തോടെ വാഴക്കുലയും മാങ്ങയും കൈതച്ചക്കയും ഒക്കെ കൊണ്ടുവന്ന് തരുന്ന പാവപ്പെട്ടവര്‍ മുതല്‍ സ്കോച്ച് വിളമ്പി സല്‍ക്കരിക്കുന്ന നാട്ടിലെ പ്രമാണിമാര്‍ വരെ. ഫീയറ്റു കാറും പിന്നെ മാരുതിയും ഒക്കെയായി വണ്ടിയും താമസിക്കുന്നിടത്ത് ഫ്രിഡ്ജ്, മിക്സി, വാഷിങ് മെഷീന്‍, ടി വി തുടങ്ങിയ സൌകര്യങ്ങളും. എല്ലാവരും കൊതിക്കുന്ന ജീവിതം.പക്ഷെ ആരും കാണാത്ത ചില ഭാഗങ്ങള്‍ കൂടിയുണ്ട് ഈ ജീവിതത്തിന്. ഗവണമെന്റ് ഹോസ്പിറ്റലിലെ പരിമിതമായ സൌകര്യങ്ങളില്‍ ഉള്ള ചികിത്സ. പിന്നെ വീട്ടില്‍ വന്നാലും കാണാന്‍ വരുന്ന രോഗികള്‍, രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കും സമയം ഇല്ലല്ലോ? മൂന്നല്ലെങ്കില്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ക്വാര്‍ട്ടേര്‍സ് എന്ന കൊച്ചു വീട്ടില്‍ നിന്നും എല്ലാം കെട്ടിപ്പെറുക്കി കേരളത്തിലെ മറ്റൊരു കോണിലേക്കുള്ള യാത്ര. കുട്ടികളുടെ സ്കൂള്‍ മാറ്റം മുതല്‍ നാട്ടിലെ സംസാരരീതികള്‍ക്കും സംസ്കാരത്തിനും വരെ മാറ്റങ്ങള്‍. ഏതൊരു നേട്ടത്തിനും അതിന്റേതായ കോട്ടങ്ങളും ഉണ്ടാകാം. അതിനാല്‍ തന്നെ കുറെയൊക്കെ നമ്മള്‍ അഡ്ജസ്റ്റു ചെയ്യേണ്ടിവരും. എന്നാല്‍ സാധാരണ മനുഷ്യജന്മങ്ങളായ നമുക്കും മനസും വികാരങ്ങളും ജീവിതവും ഇല്ലേ? പ്രൈവറ്റ് പ്രാക്ടീസ് നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒരു ഡോക്ടറിന്റെ കാര്യമല്ല ഇത്. സ്കാനിങിനും ടെസ്റ്റുകള്‍ക്കും മറ്റും എഴുതിക്കൊടുത്ത് കാറും വീടും സമ്പാദിക്കുന്ന ഇന്നത്തെ ഡോക്ടര്‍മാരുടെ കഥയല്ല ഇത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള, സാധാരണക്കാര്‍ പോലും കയറാത്ത പ്രൈമറി ഹെല്‍ത്ത് സെന്ററുകളും മറ്റുമടങ്ങുന്ന സാധാരണ ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ ജീവിതം, മജ്ജയും മാംസവുമുള്ള സാധാരണ മനുഷ്യരുടെ കാര്യം. എന്റെ ഓര്‍മ്മയില്‍ വന്ന ഒന്നു രണ്ടു കാര്യങ്ങള്‍.എല്ലാവരെയും പോലെ ഒന്നാമത്തെ കുട്ടിയുടെ ഒന്നാം ജന്മദിനം ഞാനും ആഘോഷിച്ചേക്കാമെന്നു വെച്ചു. ഞാനന്നു ജോലി ചെയ്യുന്നത് പുത്തഞ്ചിറ എന്ന ഗ്രാമത്തില്‍. പാലക്കാട്ടുള്ള എന്റെ ഭാര്യയുടെ വീട്ടുകാരും പാലായിലുള്ള എന്റെ വീട്ടുകാരും എത്തിയിട്ടുണ്ട്. പുത്തഞ്ചിറയില്‍ എത്തിയിട്ട് ഒരു മാസമേ ആയുള്ളൂ, അതിനാല്‍ തന്നെ ഒരു കൊച്ചു വീടാണ് തല്‍ക്കാലം കിട്ടിയിരിക്കുന്നത്. ക്വാര്‍ട്ടേര്‍സ് ഒന്നും ഇല്ലാത്തതുകൊണ്ട് അവരെ അവിടെ താമസിപ്പിക്കാനും വയ്യ. ഉച്ചക്ക് കേക്ക് മുറിച്ച് ഊണും കഴിച്ചിട്ട് എല്ലാവര്‍ക്കും തിരിച്ചു പോകണം. അങ്ങനെ കേക്ക് മുറിക്കാനായി ഞാന്‍ ഉച്ചക്ക് ഞാന്‍ വീട്ടിലെത്തി. കാര്‍ന്നവന്മാരോട് ഒന്നു കുശലം പറഞ്ഞ് ഭാര്യയോട് കേക്ക് എടുക്കാന്‍ പറഞ്ഞപ്പോളാണ് ഹോസ്പിറ്റലില്‍ നിന്ന് അറ്റന്‍ഡര്‍ ദാമു ഓടി വന്നത്. തെക്കേത്തിലെ ഭാസ്കരന്‍ പ്ലാവില്‍ നിന്നും താഴെ വീണ് ഹോസ്പിറ്റലില്‍ കൊണ്ടുവന്നിരിക്കുന്നു. ഞാന്‍ ചോദിച്ചു, ഒരു 10 മിനിറ്റു കഴിഞ്ഞു വന്നാല്‍ മതിയോ? ദാമു പറഞ്ഞു, “സീരിയസ് ആണെന്നാ തോന്നുന്നേ, ബ്ലീഡിങ് ഉണ്ട്”. എന്നാല്‍ പിന്നെ നിങ്ങള്‍ കേക്ക് മുറിച്ചോളൂ എന്ന് പറഞ്ഞ് ഞാന്‍ ദാമുവിന്റൊപ്പം തിരിച്ചു.ആശുപത്രിയില്‍ എത്തിയപ്പോള്‍ ഭാസ്കരനെ കൊണ്ടുവന്നതില്‍ ഒരുത്തന്റെ ചോദ്യം, “ ഇവിടെ മനുഷ്യന്‍ ചാകാന്‍ കിടക്കുമ്പോള്‍ ആണ് അവന്റെ ബര്‍ത്ത് ഡേ പാര്‍ട്ടി”. ഒന്നും മിണ്ടിയില്ല എങ്കിലും അവനെ ഒന്നു നോക്കി ഞാന്‍. പന്ത്രണ്ടരമുതല്‍ അഞ്ചുവരെ വിശ്രമം ഉള്ള ഞാന്‍ ഒരു പ്രസവക്കേസിനു താമസിച്ചതിനാല്‍ ഒന്നര ആയപ്പോളാണ് വീട്ടില്‍ പോയത്. എന്റെ കൊച്ചിന്റെ ബര്‍ത്ത് ഡേ ആണെന്ന് ഉണ്ടാകാന്‍ പോകുന്ന കൊച്ചിനറിയില്ലല്ലോ. ഭാസ്കരന് പ്രധാനമായി ഉണ്ടായിരുന്ന ചുമലിലെ മുറിക് തുന്നിക്കെട്ടി. പിന്നെ ഭാസ്കരനെ കട്ടിലില്‍ ഒന്നു തിരിച്ചു കിടത്തി കാല്‍ ഒന്നു തിരിച്ചു നോക്കി, വേദന കൊണ്ട് ഭാസ്കരന്‍ കരഞ്ഞു പോയി. ഒടിവുണ്ട്, അപ്പോളാണ് കൂട്ടത്തില്‍ വന്നവന്റെ അടുത്ത ഡയലോഗ്, “ പാര്‍ട്ടി കൂടാന്‍ പറ്റാത്തതിന്റെ ദേഷ്യം ഡോക്ടര്‍ രോഗിയുടെ നേര്‍ക്ക് തീര്‍ക്കുവാനെന്നാ തോന്നുന്നേ”. എല്ലാവരോടും ഇറങ്ങിപോകാന്‍ പറഞ്ഞ് ഞാന്‍ പണിയില്‍ വ്യാപൃതനായി. ഡോക്ടര്‍മാര്‍ക്ക് ഈ പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ലേ ആവോ? എന്തായാലും വികാരവുമായി നിന്നാല്‍ പണി തീരില്ലല്ലോ, മറ്റുള്ളവരുടെ ജീവന്‍ വെച്ചു കളിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ അതു വെച്ചു കെട്ടാനും ഒക്കെയായി കുറെ സമയം എടുത്തു. എല്ലാം കഴിഞ്ഞ് രാത്രി എട്ടുമണിയായി ഹോസ്പിറ്റലില്‍ നിന്നിറങ്ങിയപ്പോള്‍. നേരെ കവലയില്‍ ചെന്ന് ഒരു കേക്ക് കൂടി വാങ്ങിയേക്കാം, കാര്യം വീട്ടുകാര്‍ ഒക്കെ കേക്ക് മുറിച്ച് പോയി കാണുമെങ്കിലും ഞാന്‍ അച്ഛനല്ലേ, ഒന്നു കൂടി മുറിച്ചാഘോഷിക്കാം. കവലയിലെ കൊച്ചു ബേക്കറിയില്‍ ചെന്ന് ഒരു കൊച്ചു കേക്കുമായി വീട്ടില്‍ ചെന്നപ്പോളേക്കും കൊച്ച് ഉറങ്ങിയിരുന്നു. എത്ര കഴുകിയാലും പോകാത്ത ചോരയുടെ മണമുള്ള കൈയ്യുമായി ഞാന്‍ ഭാര്യയെ കെട്ടിപ്പിടിച്ചു കിടന്നു.മറ്റൊരു സമയം, ഞാന്‍ പത്തനംതിട്ടക്കടുത്തുള്ള ഇലവനംതിട്ട എന്ന സ്ഥലത്തു ജോലി ചെയ്യുന്നു. ആശുപത്രിയിലെ തിരക്കും പിള്ളേരുടെ പഠിത്തവും ഒക്കെയായി ജീവിതം തിരക്കിട്ടു പോകുന്നു. ഒരു ഡോക്ടര്‍ എന്നതിനൊപ്പം തന്നെ ഒരു ഭര്‍ത്താവായും അച്ഛനായും ജീവിക്കാന്‍ ഞാന്‍ നന്നായി പാടുപെടുന്നുണ്ടായിരുന്നു. മരണങ്ങളോ, വലിയ അപകടങ്ങളോ ഒക്കെ കണ്ടുകഴിഞ്ഞു വന്ന് അതൊക്കെ മറന്ന് ഭാര്യയുടെ അടുത്ത് ഒരു ഭര്‍ത്താവായി ഇരിക്കാന്‍ എന്റെ മനസ് കല്ലൊന്നുമല്ലായിരുന്നു. എങ്കിലും വലിയ തിരക്കുകളൊന്നുമില്ലായിരുന്ന ഒരു ദിവസം. നല്ല മഴയുണ്ടായിരുന്നു, ഹോസ്പിറ്റലില്‍ തിരക്കില്ലായിരുന്നതിനാല്‍ നേരത്തെ വീട്ടില്‍ വന്നു. മഴയുടെ ചെറിയ തണുപ്പില്‍ പിള്ളേരൊക്കെ പുതപ്പിനടിയില്‍ കിടന്ന് ഉറങ്ങുയപ്പോള്‍ ഞാനും ഭാര്യയും അടുത്തിരുന്നു. യുവമിഥുനങ്ങളായി ഞങ്ങള്‍ വീണ്ടും കെട്ടിപ്പിടിച്ചു. ഡെറ്റോളും, പാരസിറ്റാമോളും, ചോരയും, പഴുപ്പുമൊക്കെ മനസില്‍ നിന്നും മാഞ്ഞു. മുല്ലപ്പൂ‍വും മഞ്ഞും മര്‍മ്മരങ്ങളുമൊക്കെ മനസില്‍ നിറഞ്ഞു. ശരീരം ശരീരത്തൊട് ചേരുന്ന സമയം, കതകില്‍ വലിയ മുട്ട്. ഞാന്‍ തിരിഞ്ഞു കിടന്നു, വീണ്ടും വാതിലില്‍ മുട്ട്, കൂടെ തന്നെ സംസാരവും “ഡോക്ടറെ..ഞങ്ങള്‍ പോലീസ് ആണ്... ഒരു ആക്സിഡന്റ് കേസ്”ഞാന്‍ ഡ്രസ് മാറി ഇറങ്ങി, അവരുടെ കൂടെ ഹോസ്പിറ്റലില്‍ ചെന്നു. ചോരയില്‍ കുളിച്ച് ഒരു മധ്യവയസ്കന്‍. ചെന്നപ്പോളേ നല്ല മദ്യത്തിന്റെ മണം. “മദ്യപിച്ചതിനാല്‍ ബ്ലീഡിങ് നില്‍ക്കാനും പാടാണല്ലോ”ഞാന്‍ പോലീസുകാരനോട് പറഞ്ഞു. “നിന്റെ അപ്പനാടാ കള്ളുകുടിച്ചിരിക്കുന്നത്, പ***&%$#, ത$%&*‌..... ഞങ്ങടെ കാശു കൊണ്ടല്ലേ നാറീ നീയൊക്കെ അന്തസായിട്ട് ജീവിക്കുന്നത്“ എല്ലാം കേട്ടു, എന്തു പറയാന്‍, ഞാന്‍ എന്റെ ജോലി ചെയ്തു.യുദ്ധങ്ങളും, പകര്‍ച്ചവ്യാദികളും, തീവ്രവാദവുമൊക്കെ തീതുപ്പുന്ന ഇന്നത്തെ കാലത്ത് ഇതൊക്കെ മൃദുലവികാരമുള്ളവര്‍ക്കുള്ള വേദനകളാവാം. പക്ഷെ ഞങ്ങളും മനുഷ്യരാണ്, ജീവിതത്തില്‍ ഒത്തിരി നഷ്ടങ്ങള്‍ ഉള്ള പച്ചയായ മനുഷ്യര്‍. ഇതുപോലെ എത്രയോ സംഭവങ്ങള്‍. സിനിമാ തിയേറ്ററിലും, വല്ലപ്പോളും സ്വന്തം വീട്ടിലും ഭാര്യയുടെ വീട്ടിലും പോകുമ്പോള്‍ മാത്രം ലഭിക്കുന്ന ഉറക്കവും, കുഞ്ഞു കുഞ്ഞു ജീവിത മുഹൂര്‍ത്തങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു പ്രത്യേക ജീവിതം. പഴുത്ത വ്രണങ്ങളും കീറിമുറിച്ച യോനീമുഖവും ചോരയും ചലവും കണ്ടതിനു ശേഷവും വന്ന് ഭാര്യയുമായി കിടപ്പറ പങ്കിടണം, കുട്ടികളെ താലോലിക്കണം. എന്നും മനുഷ്യരുടെ വേദനയേറിയ മുഖം മാത്രം കാണാന്‍ വിധിക്കപ്പെട്ടവര്‍!വര്‍ഷങ്ങളുടെ സര്‍വ്വീസിനു ശേഷം ഒരു പനിയോ ചെറിയ അസുഖങ്ങളോ കാണുമ്പോള്‍ നമുക്കുണ്ടാകുന്ന നിസംഗഭാവത്തെ, ഡോക്ടര്‍ക്ക് നമ്മളെ നോക്കാന്‍ ശ്രദ്ധയില്ല എന്നു മറ്റുള്ളവരെക്കൊണ്ട് പറയിക്കാതിരിക്കാന്‍ വേണ്ടി അഭിനയിക്കാന്‍ ശ്രമിക്കുമ്പോള്‍ മനസില്‍ എല്ലാം ഒരു ശൂന്യത തന്നെ. ഡോക്ടര്‍മാരുടെ സമരത്തെക്കുറിച്ചും അവരുടെ മന:സാക്ഷിയില്ലാത്ത പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഒക്കെ ഘോരഘോരം പ്രസംഗിക്കുന്നതും എഴുതുന്നതും കണ്ടപ്പോള്‍ എന്തെങ്കിലും എഴുതണം എന്നു തോന്നി. എല്ലാം ശരിയാണെന്നല്ല, ആരെങ്കിലും ഒക്കെ എന്തെങ്കിലും നല്ലതു പറയേണ്ടേ? പൈസയെക്കാളും കൂടുതല്‍ ചാരിതാര്‍ഥ്യവും ബഹുമാനവും ഉള്ള ഒരു ജോലി, അല്ലെങ്കില്‍ സേവനം എന്നതില്‍ നിന്നും ഈ പ്രൊഫഷന്‍ ഒത്തിരി മാറിയെങ്കിലും ഇന്നും അങ്ങനെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിരവധി ആളുകള്‍ ഉണ്ടെന്നു നാം മറക്കാന്‍ പാടില്ല. പ്രതിഫലം (ബഹുമാനമോ, അംഗീകാരമോ, ചാരിതാര്‍ഥ്യമോ, പണമോ)ഏതെങ്കിലും ലഭിക്കേണ്ടേ...?

Read more...

കറിയാച്ചന്റെ വിദ്യാരംഭം

>> Monday, September 28, 2009

ഞാന്‍ കറിയാച്ചന്‍. കുറച്ചു നാളുകളായി ഒന്നെഴുതിയിട്ട്. ഓടാനും ചാടാനും ഒക്കെ തുടങ്ങിയതുകൊണ്ട് ഇത്തിരി ബിസി ആയിരുന്നു. നിങ്ങളൊക്കെ അറിഞ്ഞോ? ഇന്ന് എന്റെ വിദ്യാരംഭം ആയിരുന്നു. ബിഗ് ബോയി ആയെന്ന അമ്മ പറഞ്ഞത്.

സാധാരണ ലേറ്റ് ആയി ചാച്ചക്കും അമ്മക്കും കൂട്ടിരിക്കുന്ന ഡ്യൂട്ടി എനിക്കണല്ലോ, അതിനാല്‍ തന്നെ രാവിലെ അമ്മ വിളിച്ചപ്പോള്‍ എണീക്കാന്‍ എന്തു പാടായിരുന്നെന്നോ? ഞാന്‍ രാത്രിയില്‍ കഷ്ടപ്പെട്ട് ഉറക്കമിളച്ചിരിക്കുന്നതല്ലേ?, ചാച്ചയേയും അമ്മയേയും ഒന്നുറക്കാന്‍ എന്തു പാടാണെന്നോ? അനിയന്‍ കോക്കു പ്രത്യേകം പറഞ്ഞിട്ടുണ്ട് രാത്രിയില്‍ സൂക്ഷിച്ചോണം എന്ന്. പകലും രാവിലെയും അവന്‍ നോക്കിക്കോളും. അല്ലേലും ഇനി ഒരു വാവയും കൂടി വന്നാല്‍ അവനല്ലേ കൂടുതല്‍ നഷ്ടം.

എന്തായാലും രാവിലെ അമ്മ എണീപ്പിച്ച് കുളിപ്പിച്ചു കുട്ടപ്പനാക്കി പള്ളിയില്‍ കൊണ്ടുപോയി. ദുബായിയില്‍ ഇത്ര അടുത്ത് പള്ളിയൊക്കെ ഉണ്ടായിട്ടും അങ്ങോട്ടൊരു പോക്ക് ചാച്ചക്ക് അത്ര താല്പര്യം ഇല്ല. എന്തായാലും ഇന്ന് ചാച്ച വളരെ കാര്യമായി എന്നെക്കൊണ്ടുപോയി പ്രാര്‍ത്ഥിപ്പിച്ചു. പിന്നെ വീട്ടില്‍ വന്നു.

അരിയൊക്കെ ഒരു പാത്രത്തില്‍ എടുത്തു വെച്ച് എന്നെ മടിയില്‍ ഇരുത്തി. എന്നിട്ട് നാക്കു നീട്ടാന്‍ പറഞ്ഞ് നാക്കില്‍ ഒരു കുരിശു വരച്ചു. പിന്നെ ഓം എന്നു പറയാന്‍ പറഞ്ഞു. എന്നിട്ട് എന്നെക്കൊണ്ട് ആ അരിയില്‍ എഴുതിച്ചു, “ഹരിശ്രീ യേശുവേ നമ: അവിഘ്ന മസ്തു”. പിന്നെ ഒന്നു കൂടി എഴുതിച്ചു, “ഹരിശ്രീ ഗണപതായേ നമ: അവിഘ്ന മസ്തു”. ഒന്നു ക്രിസ്ത്യാനി ആയതുകൊണ്ടും അടുത്തത് ഇന്ത്യാക്കാരന്‍ ഹിന്ദു ആയതുകൊണ്ടും ആണെന്നാണ് പറഞ്ഞത്. വിശാലമായി പിന്നീട് പറഞ്ഞുതരാമെന്നും പറഞ്ഞിട്ടുണ്ട്. പിന്നീട് അരിയില്‍ തന്നെ അ ആ ഇ ഈ യും പിന്നെ ABCD യും എഴുതിച്ചു.

അതിന്റെ ചിത്രങ്ങള്‍ കണ്ടു കൊള്ളൂ. ചടങ്ങിന്റെ സമയത്ത് ആരും ഫോട്ടോ എടുത്തില്ല കേട്ടോ, പക്ഷെ അതു കഴിഞ്ഞപ്പോള്‍ ഒന്നു കൂടി ഫോട്ടോക്കായ് ഇരുന്നതാണ് ഇതൊക്കെ.                                                   എങ്ങനുണ്ട് എന്റെ മുണ്ട്?കോക്കുവിനും എഴുതാന്‍ തിടുക്കമായി എന്നു തോന്നുന്നുഇനി അക്ഷരങ്ങളുടെ ലോകത്തേക്ക് ഞാനും
കൈപിടിച്ചു നടത്താന്‍ ചാച്ചയും അമ്മയും

അങ്ങനെ ഞാനും എന്റെ വിദ്യാരംഭം നടത്തി. ഇനി ചാച്ച എന്നും എന്നെ ലോകകാര്യങ്ങള്‍ പഠിപ്പിച്ചു തരാമെന്നാണ് പറഞ്ഞിരിക്കുന്നത്, അക്ഷരങ്ങളും മറ്റും അമ്മയുടെ വക. പാവം അമ്മ, എന്റെ വിദ്യാരംഭം നടത്തണമെന്ന് അമ്മക്കായിരുന്നു നിര്‍ബന്ധം. വേറെ ആരെയും കിട്ടാഞ്ഞിട്ടാണോ അതോ ചാച്ചയാണ് കൂടുതല്‍ നല്ലത് എന്നു തോന്നിയിട്ടാണോ ചാച്ചയെക്കൊണ്ട് ആദ്യാക്ഷരം കുറിപ്പിച്ചത് എന്നു മാത്രം റിയില്ല.


കരയും കടലും പിന്നെ എനിക്കേറെ പ്രിയപ്പെട്ട വണ്ടികളും ഒക്കെയടങ്ങുന്ന ലോകത്തില്‍ നിന്നും അക്ഷരങ്ങളുടെ ഒരു തടവറയിലേക്കാകരുതേ എന്റെ യാത്ര എന്നു മാത്രമാണെന്റെ പ്രാര്‍ഥന.

Read more...

ആറാമിന്ദ്രിയം

>> Wednesday, September 23, 2009

സംഭവം നടക്കുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. അതായത് ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന കാലഘട്ടം. പാലാ സെന്റ് തോമസ് അന്നും മെന്‍സ് കോളേജ് ആയിരുന്നതു കൊണ്ട് കോളേജിനകത്ത് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. സമരം നടത്താനോ നേതാവാകാനോ ഉള്ള ഏക്കമില്ല. സ്പോര്‍ട്സില്‍ താല്പര്യമുണ്ടെങ്കിലും ആരും ഒന്നിനും കൂട്ടുന്നുമില്ല. പോരാത്തതിന് സ്വന്തമായി ധാരാളമായുണ്ടായിരുന്ന ഈഗൊയും ഇന്‍ഫീരിയോരിറ്റി കോമ്പ്ലെക്സും.

വായിനോക്കി വേണമെങ്കില്‍ അല്ഫോന്‍സാ കോളേജിന്റെ മുമ്പില്‍ നില്‍ക്കാം. പക്ഷെ ഭയങ്കര അഭിമാനിയായി പോയി, വല്ല പെണ്ണുങ്ങളും ഞാന്‍ ഒരു വായിനോക്കി ആണെന്നു വിചാരിച്ചു പോയാല്‍ പിന്നെ ജീവിച്ചിട്ട് കാര്യമുണ്ടോ? ഇന്നാലോചിക്കുമ്പോളാ മനസിലാകുന്നത്, അന്നും ഞാന്‍ ഒരു പൊട്ടന്‍ ആയിരുന്നു. അതെല്ലാം നഷ്ടമായില്ലേ?

എന്നാലും സങ്കല്പങ്ങളില്‍ ഞാന്‍ നല്ല ഒരു വായിനോക്കി ആയിരുന്നു. കാരണം കാണാന്‍ തരക്കേടില്ലാത്ത എല്ലാ പെണ്ണുങ്ങളേയും എനിക്കിഷ്ടം ആയിരുന്നു. ചില ദിവസങ്ങളില്‍ കിടക്കാന്‍ നേരം ഇന്നത്തെ സങ്കല്പം ആരുടെ കൂടെ ആവണം എന്ന കാര്യത്തില്‍ വല്ലാത്ത പിടിവലി തന്നെ നടന്നിരുന്നു. ചില സമയങ്ങളില്‍ ഒരാളില്‍ കേന്ദ്രീകരിക്കാം എങ്കിലും മിക്കവാറും അന്നു കണ്ടതില്‍ ഏറ്റവും നല്ലതിനെയാണ് ഞാന്‍ എന്റെ സങ്കല്പ പ്രണയിനിയായി സാധാരണ തിരഞ്ഞെടുക്കാറ്.

എന്തായാലും നേരിട്ട് പോയി ഇഷ്ടമുള്ള പെണ്ണുങ്ങളോട് മിണ്ടാനോ പ്രണയാഭ്യര്‍ഥന നടത്താനോ ഉള്ള ധൈര്യം ഇല്ലാത്തതിനാല്‍ പലപ്പോളും അതിനുള്ള ഒരു സന്ദര്‍ഭം സിനിമയിലെ പോലെ വന്നു കിട്ടാനായി ഞാന്‍ പ്രാര്‍ഥിച്ചിരുന്നു. അന്നൊക്കെ ഒരു ഭക്തനായ ഞാന്‍ ചില ഞായറാഴ്ച കൂടാതെ ഇട ദിവസങ്ങളിലൊക്കെ പള്ളിയില്‍ പോയിരുന്നു. അങ്ങനെ ഒരു ദിവസം ഞാന്‍ നടക്കുമ്പോള്‍ അവളെ കണ്ടു, വലിയവീട്ടിലെ റോസിലിനെ. വിടര്‍ന്ന കണ്ണുകളും കോലന്‍ മുടിയുമുള്ള അവളെ എനിക്കിഷ്ടമായിരുന്നു, കാരണം രാവിലെ കുളിച്ചിട്ടു പള്ളിയില്‍ വരുന്ന ചുരുക്കം ചില ക്രിസ്ത്യാനിപ്പെണ്ണുങ്ങളില്‍ ഒരുവളായിരുന്നു റോസിലിന്‍. എന്റെ മുമ്പിലായി നടന്നു പോയ അവളെ കുറച്ചു നാളുകള്‍ക്കു ശേഷം കണ്ടപ്പോള്‍ തീരുമാനിച്ചു, എന്റെ സങ്കല്പങ്ങളിലെ നായികയായി ഇനി കുറച്ചു നാളത്തേക്ക് ഇനി ഇവള്‍ തന്നെ.

ആന്നു രാത്രിയിലെ സങ്കല്പത്തില്‍ പിറ്റേന്നു രാവിലെ ഞാന്‍ പള്ളിയില്‍ പോകുന്ന വഴിക്ക് അവളെ മുമ്പില്‍ പോകുന്നതായി കാണുന്നു. ഞാന്‍ സ്പീഡില്‍ നടന്ന് അവളെ ഓവര്‍ടേക്കു ചെയ്യുന്നു. അപ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഞാന്‍ അവളെ നോക്കുന്നതേ ഇല്ല എന്നുള്ളതാണ്. ഞാന്‍ സ്പീഡില്‍ നടക്കുന്നത് അവളുടെ മുമ്പില്‍ കയറാനാണെന്ന് ആര്‍ക്കും മനസിലാവാനും പാടില്ല എന്നുള്ളതും ഞാന്‍ ശ്രദ്ധിക്കേണ്ടതാണ്. അവളുടെ മുമ്പില്‍ ചെന്നു കഴിയുമ്പോള്‍ ഞാന്‍ ഒരു കൊച്ചു കല്ലില്‍ തട്ടി അബദ്ധത്തിലെന്നപോലെ വീഴുന്നു. അങ്ങനെ വീഴുമ്പോള്‍ ഒന്നും പറ്റാതെ എന്റെ പ്രത്യേക ഡൈവിങ് സ്കില്‍ ഉപയോഗിച്ച് തലയുംകുത്തി മറിഞ്ഞ് നില്‍ക്കണം. അപ്പോള്‍ അവള്‍ പാവം എന്ന സഹതാപത്തോടെ എന്നെ നോക്കും, വല്ലതും പറ്റിയോ എന്നു അവളുടെ നല്ല സ്വഭാവം വെച്ച് ചോദിക്കുകയും ചെയ്യും. ഹേയ് ഒന്നും പറ്റിയില്ല എന്നു വളരെ കൂളായി ഞാന്‍ പറഞ്ഞ് അവളെ ഒന്നു ചിരിച്ചു കാണിച്ച് ഞാന്‍ പള്ളിയിലേക്ക് പോകും. അവള്‍ക്ക് എന്നോട് ഒരു ആരധനയും പ്രണയവും ഒക്കെ തോന്നും. സങ്കല്പം അങ്ങനെ തരക്കേടില്ലാതെ പോയി, പിന്നെ ഞങ്ങള്‍ പ്രണയിച്ച് പതുക്കെ ഉറക്കത്തിലേക്കും.

രാവിലെ തന്നെ എണീറ്റ് കുളിച്ചു കുട്ടപ്പനായി ഷര്‍ട്ടും മുണ്ടുമുടുത്തപ്പോളാണ് ഓര്‍ത്തത്, ഇനി തലയും കുത്തി വീഴുമ്പോള്‍ മുണ്ട് മാറിപ്പോയി വല്ലതും ഒക്കെ കണ്ടാല്‍ ചിലപ്പോള്‍ അവള്‍ നാണമായി നോക്കാതെ പോയാലോ? മുണ്ട് മാറ്റി ജീന്‍സ് എടുത്ത് ഇട്ടു. പുറത്തേക്ക് ഇറങ്ങിയപ്പോള്‍ മുറ്റമടിച്ചോണ്ടിരുന്ന അമ്മ ചോദിച്ചു, നീ എന്താ ഇന്നും പള്ളിയില്‍ പോകുന്നേ, ക്ലാസില്‍ പോകണ്ടേ? ഞാന്‍ പറഞ്ഞു,“ഓ, ചുമ്മാ പോകാന്‍ തോന്നി, അത്ര തന്നെ”. പാവം അമ്മ വിചാരിച്ചു വല്ല പരിശുദ്ധാത്മാവും അവന്റെ തലയില്‍ വന്നിറങ്ങിയിട്ടുണ്ടാവും എന്ന്. പതുക്കെ മെയില്‍ റോഡിലെത്തിയപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും കണ്ണോടിച്ചു. നേരെയുള്ള റോഡ് ആയതിനാല്‍ എവിടെയുണ്ടെങ്കിലും കാണാം. ഒന്നു നോക്കിയിട്ട് അവളെ കാണാനില്ല. മനസില്‍ ഒരു നൊമ്പരം. കയ്യാലയുടെ അടുത്ത് നിന്ന് ഒന്നു മൂത്രമൊഴിച്ച് ഇത്തിരെ സമയം കളഞ്ഞു, അതിനും ഒരു പരിധിയില്ലേ? അപ്പോളാണ് പുളിമരത്തിലെ മത്തായിച്ചേട്ടന്‍ വന്നത്. പിന്നെ നാട്ടുവാര്‍ത്തകള്‍ ഒക്കെ പറഞ്ഞ് പള്ളിയിലേക്ക് പോകേണ്ടി വന്നു. കുര്‍ബാനയുടെ ഇടക്ക് ഇരിക്കുന്ന സമയത്ത് സീറ്റു നോക്കുന്ന വ്യാജേന ഒളികണ്ണിട്ട് നോക്കികൊണ്ടിരുന്നെങ്കിലും നാലാമത്തെ പ്രാവശ്യമാണ് അവളെ കണ്ടുപിടിച്ചത്. ശ്ശൊ, ഇന്നു മിസ് ആയല്ലോ എന്നോര്‍ത്ത് അടുത്തതെന്തു വഴി എന്നാലോചിച്ച് കുര്‍ബാന കൂടി.

കുര്‍ബാന കഴിഞ്ഞു വരുമ്പോള്‍ അവളെ കാത്തു നിന്നാല്‍ കാര്യമില്ല. അവള്‍ സെമിത്തേരിയില്‍ കയറി അമ്മൂമ്മയുടെ കല്ലറയില്‍ പ്രാര്‍ഥിച്ചിട്ടാണ് വരുക. ഞാനും പോയി പ്രാര്‍ഥിക്കാം എന്നു വെച്ചാല്‍ എന്റെ അത്ര ബന്ധമുള്ളവരാരും തന്നെ അവിടെ കല്ലറേല്‍ കിടപ്പില്ല. അങ്ങനെ ആദ്യ ദിവസം ഗോവിന്ദ. അല്ലേലും നമ്മള്‍ പോയി അവളുടുത്ത് മന:പൂര്‍വ്വം വീണാല്‍ അതു കൃത്രിമമായി ഉണ്ടാക്കുന്നതല്ലേ? ആകസ്മികമായി സംഭവിക്കുന്നതാകണം, എങ്കിലേ ഇതു തന്നെയാണ് നമ്മുടെ പെണ്ണ് എന്നുറപ്പിക്കാന്‍ പറ്റൂ. ഇനി ഇവളൊന്നുമല്ലാതെ മാധുരി ദീക്ഷിത് വല്ലതുമാണോ നമ്മുടെ പെണ്ണ് എന്നു നമുക്കറിയില്ലല്ലോ.

തുലാമാസമായിരുന്നതിനാല്‍ അന്നു വൈകിട്ട് മഴ പെയ്തു. മഴയത്തു കുളിക്കാനുള്ള മനസിന്റെ വിളിയെ മിന്നലിനോടും ഇടിയോടും ഉള്ള പേടിയെന്ന പ്രായോഗിക ബുദ്ധിയാല്‍ അതിജീവിച്ച് ജനലിലൂടെ മുറ്റത്തേക്കു പതിക്കുന്ന വെള്ളത്തുള്ളികളെ കയ്യിലിരിക്കുന്ന കട്ടങ്കാപ്പി ഊതിക്കുടിച്ച് നോക്കിയിരുന്ന സമയത്ത് അടുത്ത സങ്കല്പം എത്തിയത്. രാവിലെ പള്ളിയില്‍ പോകുന്ന വഴിക്ക് ഞാന്‍ അവളുടെ മുമ്പില്‍ കൂടി നടക്കുന്ന സമയത്ത് ഒരു ടാങ്കര്‍ ലോറി (അന്നൊന്നും ടിപ്പര്‍ ലോറി ഇല്ലായിരുന്നു) വന്ന് എന്റെ ദേഹത്തു ചെളിവെള്ളം തെറിപ്പിക്കുന്നു. സാധാരണ ഒരു പാലാക്കാരനെപ്പോലെ അന്നേരം ഞാന്‍ മ, പു, ത ഒന്നും പറയാതെ പ്രെയിസ് ദ ലോര്‍ഡ് എന്നു പറയുന്നു, അതില്‍ അവള്‍ ആകൃഷ്ടയാകുന്നു. വല്യ സംഭവം ഒന്നുമല്ലായിരുന്നെങ്കിലും മഴയും തണുപ്പും ഒക്കെയുള്ളതിനാലും, ഡൈയിലി സങ്കല്പങ്ങള്‍ നടത്തി ഉറവ വറ്റിയതിനാലും ഇതിലും കാമ്പുള്ളതൊക്കെ കിട്ടാന്‍ പ്രയാസമായിരുന്നു.

പക്ഷെ പിറ്റേന്ന് ഹര്‍ത്താല്‍ ആയിപോയി. പക്ഷെ ഞാന്‍ വിട്ടില്ല, പകല്‍ മുഴുവന്‍ സങ്കല്പിച്ചു. അവളെ പിടിക്കാന്‍ വരുന്ന പാണ്ടിയെ തല്ലിയോടിക്കുന്ന ഹീറോ ആയി നോക്കി. ബൈക്കില്‍ എത്തി മാല പറിക്കുന്നവനെ സ്ലോ മോഷനില്‍ പൊങ്ങി വണ്ടിയില്‍ നിന്നും തൊഴിച്ചു വീഴിച്ച് പിടിക്കുന്നതായും, എന്റെ പിടിവിട്ട് ഓടുന്ന അവനെ അവന്റെ ബൈക്ക് എടുത്ത് മുന്‍വശം പൊക്കി ഓടിച്ച് പിടിക്കുന്നതായും സങ്കല്പിച്ചു. അവന്‍ ഓടിയെങ്കിലല്ലേ സ്വന്തമായി ബൈക്ക് ഇല്ലാത്ത എനിക്ക് ബൈക്ക് ഓടിക്കാനും അഭ്യാസം നടത്തനും പറ്റൂ. ഇതെല്ലാം സങ്കല്പങ്ങള്‍ മാത്രമായി തന്നെ അവശേഷിച്ചു. അവളുടെ മുമ്പിലും പിന്നിലും നടക്കുന്നതല്ലാതെ ഒന്നു നേരെ നോക്കാന്‍ പോലും എനിക്കു പറ്റിയുമില്ല. എന്തിനും ഏതിനും ഒരു അവസാനം വേണ്ടേ? എന്നും രാവിലെ പള്ളിയില്‍ പോയി അതും മടുത്തു.

അങ്ങനെ ഞാന്‍ തീരുമാനിച്ചു, ഇനി കുറച്ചു നാളത്തേക്ക് വൈകുന്നേരം പാലാ സെന്റ് മേരീസില്‍ നിന്നും ഞങ്ങളുടെ ബസില്‍ വരുന്ന പത്താം ക്ലാസുകാരി ലീനയെ പ്രണയിക്കാം. അങ്ങനെ ഞാന്‍ പതുക്കെ ലീനയിലേക്ക് പ്രണയം വഴിമാറ്റി ഒഴുക്കി. ഇടദിവസങ്ങളിലെ പള്ളിയില്‍ പോക്ക് ഒഴിവാക്കാന്‍ തീരുമാനിച്ചു എങ്കിലും അന്നൊരു ദിവസം കൂടി പോയേക്കാം എന്നു വെച്ചു, ദൈവം ഇനി ഞാന്‍ വായിനോക്കാന്‍ തന്നെയാണ് പള്ളിയില്‍ വരുന്നതെന്നു വിചാരിച്ചാലോ?

ഇനി പള്ളിയില്‍ വരവിനു ഒരു ഗ്യാപ് ഉണ്ടല്ലോ എന്നു വിചാരിച്ച് ഒരു കുമ്പസാരവും നടത്തി. സ്ഥിരം പാപങ്ങളൊക്കെ തന്നെ പറഞ്ഞതിനാല്‍ അച്ചനും വേഗന്ന് അഞ്ചു സ്വര്‍ഗ്ഗസ്ഥനായ പിതാവേ പ്രായ്ചിത്തവും തന്ന് എണീപ്പിച്ചു വിട്ടു. അങ്ങനെ കുര്‍ബാന സ്വീകരിക്കുന്ന സമയമായി. ഞാനും പതുക്കെ ക്യൂവില്‍ നിന്നു. ഒരു പകുതിയായപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചത്, എന്റെ ഏകദേശം അതേ ഭാഗത്തായാണ് സ്ത്രീകളുടെ ക്യൂവില്‍ റോസലിന്‍ നില്‍ക്കുന്നത്. പെട്ടെന്ന് എന്റെ ആറാമിന്ദ്രിയം മന്ത്രിച്ചു, നീ കുര്‍ബാന സ്വീകരിച്ചതിനു ശേഷം അവളാണ് സ്വീകരിക്കുന്നതെങ്കില്‍ അവള്‍ നിന്റെ പെണ്ണാണ്. ആറാമിന്ദ്രിയം പറഞ്ഞത് ശരിയെന്ന് തീരുമാനിക്കുന്നതിനു മുമ്പ് ഞാന്‍ ഒന്നു എണ്ണി നോക്കി, മുമ്പില്‍ നിന്നും ക്രമത്തില്‍ ഒരാണിനു കൊടുത്ത് ഒരു പെണ്ണിനു കൊടുത്തു വരുമ്പോള്‍ സംഗതി ശരിയാണ്. അപ്പോള്‍ ഞാന്‍ കുര്‍ബാന സ്വീകരിച്ചു കഴിയുമ്പോള്‍ അവള്‍ സ്വീകരിക്കും. ആറാമിന്ദ്രിയത്തിന്റെ കണ്ടുപിടുത്തം ശരിവെച്ച് ഞാന്‍ നമ്രശിരസ്കനായി നിന്നു.

കല്യാണ ദിവസം എന്റെ സൈഡില്‍ നാണിച്ചു നില്‍ക്കുന്ന റോസലിനെ ഞാന്‍ മനസില്‍ കണ്ടു. ഞാന്‍ പതുക്കെ ഒളികണ്ണിട്ട് നോക്കി, അവള്‍ ഭക്തി പുരസരം കൈകൂപ്പി നില്‍ക്കുന്നു. എന്റെ ഹൃദയം വല്ലാതെ ഇടിച്ചു. എന്റെ പെണ്ണാകാന്‍ പോകുന്നവള്‍, എന്റെ ജീവിതത്തിന്റെ ഭാഗമാകാന്‍ പോകുന്നവള്‍. കല്യാണത്തിനും ഇതു പോലെ ഞാന്‍ കുര്‍ബാന കൈക്കൊണ്ടു കഴിയുമ്പോള്‍ അവളും കൈക്കൊള്ളും, അതിന്റെ റിഹേര്‍സല്‍ പോലെ ഇന്ന്.

നല്ല സന്തോഷം തോന്നി മനസിന്, അതു പോലെ തന്നെ എന്റെ ആറാമിന്ദ്രിയത്തില്‍ അഭിമാനവും. പള്ളീലച്ചനു ഇത്തിരി പതുക്കെ കുര്‍ബാന കൊടുത്താല്‍ എന്താ എന്നൊക്കെ എന്റെ മനസ് ചോദിച്ചു, കാരണം ക്യൂ വേഗത്തില്‍ നീങ്ങുന്നതാ‍യി തോന്നി. ഞാന്‍ അവളെ ഒന്നുകൂടി ഒളികണ്ണിട്ട് നോക്കി, ഇനി അവളും എന്നെ പോലെ തന്നെ ഇതു വിചാരിക്കുന്നുണ്ടാവുമോ ആവോ? എന്തായാലും ഇതു കഴിയുമ്പോള്‍ ഇവള്‍ എന്റെ പെണ്ണെന്ന് ദൈവം നമുക്ക് സൂചന തന്നതായി ഉറപ്പിക്കാം എന്നും, ധൈര്യമായി അവളോട് പ്രണയം വെളിവാക്കാം എന്നും വിചാരിച്ചു. ഇനി അഥവാ അവള്‍ എതിരു പറഞ്ഞാലും ഭാവിയില്‍ എന്റടുത്തു തന്നെ വരുന്നവള്‍ അല്ലേ, അപ്പോള്‍ മാനേജ് ചെയ്യമല്ലോ.

അങ്ങനെ അച്ചന്റെ അടുത്ത് എത്താറായി. പെട്ടെന്നാണ് ആ ശബ്ദം കേട്ടത്. ഞാന്‍ നോക്കിയപ്പോള്‍ “ഒന്നു പുറകോട്ട് മാറിക്കെ കൊച്ചെ“ എന്നു പറഞ്ഞ് ഒറോതച്ചേടത്തി റോസലിന്റെ സ്ഥാനത്തു കയറി. റോസലിന്‍ വളരെ വിനയപൂര്‍വ്വം ചേടത്തിക്കു വഴിമാറിക്കൊടുത്തു. എന്റെ മനസില്‍ നിന്നും ഒരു കല്യാണപ്പെണ്ണ് പതുക്കെ ഇറങ്ങിപ്പോയി. ആദ്യം ഇനി ഒറോതച്ചെടത്തിയായിരിക്കുമോ എന്റെ പെണ്ണ് എന്നു ഞാന്‍ സംശയിച്ചെങ്കിലും എന്റെ മനസാരാ മോന്‍! നമ്മുടെ പ്രശ്നം എന്റെ കല്യാണ പെണ്ണ് ആരെന്നുള്ളതല്ലായിരുന്നല്ലോ, റോസലിന്‍ എന്റെ പെണ്ണ് ആണോ എന്നുള്ളതായിരുന്നല്ലോ എന്ന് വീണ്ടും ആറാമിന്ദ്രിയം പിറുപിറുത്തു. റോസലിന്‍ അല്ല എന്റെ പെണ്ണ്, അതുകൊണ്ടാണ് അവസാനനിമിഷത്തില്‍ ചേടത്തി വഴി മുടക്കിയത് എന്നാശ്വസിച്ചു ഞാന്‍. എന്റെ ആറാമിന്ദ്രിയവും ഒരു നിശ്വാസം വിട്ടു.

Read more...

ഫ്രൂട്ട് സലാഡ്

>> Tuesday, September 8, 2009

ഇതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കഥയാണ്. പൈക എന്ന ചെറിയ പട്ടണവും (അങ്ങനെയും പറയാം) അതിനോട് ചേര്‍ന്നുള്ള നിരവധി ഗ്രാമങ്ങളും അടങ്ങിയ പാലായുടെ പ്രാന്തപ്രദേശമായ ഇവിടുത്തെ ചെറുപ്പക്കാരും സാധാരണ നാട്ടിന്‍പുറത്തുകാരെപോലെ അന്നൊന്നും അധികം പഠിക്കാറില്ലായിരുന്നു എന്നതാണ് സത്യം. അത്യാവശ്യം കുറച്ചു റബറും കൊക്കോയും മറ്റു കൃഷികളും ഒക്കെ ഉണ്ടാവും, പിന്നെ കുറച്ചുപേര്‍ക്ക് പൈകയില്‍ കച്ചവടവും. വൈകുന്നേരമാകുമ്പോള്‍ പൈകക്കിറങ്ങുക, അവിടെ തങ്ങള്‍ക്കു പരിചയമുള്ള കടയിലും മറ്റും ചെന്ന് അത്യാവശ്യം ഗോസിപ്പുകള്‍ കേള്‍ക്കുക, പറയുക എന്നതൊക്കെയാണ് ഒരു ശരാശരി മനുഷ്യന്റെ ജീവിതെ രീതി.

കാലം മുമ്പോട്ടു പോയതനുസരിച്ച് പൈകയിലും മാറ്റങ്ങള്‍ വന്നു. ചെറുപ്പക്കാര്‍ വിദ്യാഭ്യാസം കുറഞ്ഞവരെങ്കിലും CD, DB തുടങ്ങിയ ബ്രാന്‍ഡുകളുടെ ഷര്‍ട്ടുകള്‍ വരെ ഇടാന്‍ തുടങ്ങി. ബോംബെയില്‍ മാത്രം കിട്ടുന്ന ഷര്‍ട്ടായതിനാല്‍ ഏറ്റവും ഡിമാന്റ് സി ഡി ഷര്‍ട്ടിനായിരുന്നു. എങ്കിലും മാറ്റമില്ലാതിരുന്നത് ഒന്നിനുമാത്രം, ചെറുപ്പക്കാരുടെ വായിനോട്ടം, കുളിസീന്‍ കാണല്‍, തോണ്ടല്‍ ആന്റ് പ്രണയശ്രമങ്ങള്‍. പൈകക്കും പാലാക്കും അപ്പുറം ഒരു പട്ടണം പോലും കാണാത്ത അവര്‍ എന്തു ചെയ്യാന്‍? ബോംബെയിലെയും ഗള്‍ഫിലെയും അമേരിക്കയിലെയും ഒക്കെ കഥകള്‍ കേട്ട് ഒരു ഡ്രൈവറോ വേലക്കാരനോ ആയി അവിടെയൊക്കെ പോകാന്‍ ഓരോരുത്തരും കൊതിച്ചു. എന്തിനുപറയുന്നു, സെന്റ് തെരേസ്സാസിന്റെ ഹോസ്റ്റലിലെ പാല്‍ക്കാരനെങ്കിലുമാകാന്‍ അവര്‍ കൊതിച്ചു. നാട്ടിലെ മരങ്ങളൊക്കെ പൂക്കുകയും പരാഗണം നടത്തുകയും ചിലതൊക്കെ കായിക്കുകയും ചെയ്തെങ്കിലും കല്യാണം കഴിക്കുന്ന വരെ വരിയുടച്ച (കപ്പായെടുത്ത) പട്ടിയുടെ കണക്ക് ശൂരന്മാരായി നടക്കാനായിരുന്നു നാട്ടിലെ ചെറുപ്പക്കാരായ ആണുങ്ങളുടെ വിധി. എങ്കിലും കിട്ടിയ അവസരങ്ങളിലൊക്കെ ആണുങ്ങള്‍ അവരുടെ ശൂരത്വം തെളിയിച്ചു കൊണ്ടിരുന്നു. പ്രധാനമായും ബസു സമരം ഉള്ളപ്പോള്‍ കെ എസ് ആര്‍ ടി സി ബസിലും, പൈക-പാലാ പെരുന്നാളിന്റെയൊക്കെ പ്രദിക്ഷണത്തിനും, ഓണത്തിനും ക്രിസ്തുമസിനും തീയേറ്ററിലും എന്നു തുടങ്ങി അവസരങ്ങള്‍ കിട്ടുമ്പോളൊക്കെ ചെറുപ്പക്കാര്‍ അതുവരെ കഴിച്ച വെണ്ടക്കായുടെയും മുരിങ്ങക്കായുടെയും തരിപ്പ് മാറ്റിയിരുന്നു.

അവനവന്റെ സ്വഭാവത്തെക്കുറിച്ച് നല്ല ബഹുമാനം ഉള്ളതിനാലായിരിക്കാം ആണുങ്ങള്‍ക്കാര്‍ക്കും തന്നെ സ്വന്തം പെങ്ങന്മാരുടെ കാര്യം വരുമ്പോള്‍ കൂട്ടുകാരെ ആരെയും തന്നെ വിശ്വാസം ഇല്ലായിരുന്നു. സൈക്കിളില്‍ വലിയ ഒരു കയറ്റം എഴുന്നേറ്റു നിന്നു ചവിട്ടിക്കയറ്റിയപ്പോള്‍ സൈക്കിളിന്റെ ചെയിന്‍ പൊട്ടുകയും സീറ്റിനു മുമ്പുള്ള കമ്പിയില്‍ തന്റെ വൃഷണങ്ങള്‍ കൂഴപ്ലാവിലെ തള്ളച്ചക്കയും പിള്ളച്ചക്കയും പാറപ്പുറത്തു വീണപോലെ ചിതറുകയും ചെയ്ത രാജുവിനെ പോലും ആര്‍ക്കും വിശ്വാസം ഇല്ലായിരുന്നു. പാവം, ഒരിക്കല്‍ എല്ലാവരും കൂടി നിന്നെ ഇനി ധൈര്യമായി വീട്ടില്‍ കയറ്റാമല്ലോ എന്നു കളിയാക്കിയപ്പോള്‍ നിലനില്‍പ്പിനായി “എന്റെ നാക്കുള്ളിടത്തോളം കാലം ഞാന്‍ പിടിച്ചു നില്‍ക്കും“ എന്നു പറഞ്ഞതിന്റെ ഭാഗമായാണ് അവനെയും വിശ്വാസമില്ലാതായത്.

എന്തായാലും പൈകയിലും സമീപപ്രദേശങ്ങളിലും ഉള്ള പുരോഗമനവാദികള്‍ അക്കാലത്ത് മലബാറില്‍ സ്ഥലം വാങ്ങി. ചെറിയ വിലക്ക് ഏക്കറുകള്‍ വാങ്ങിക്കൂട്ടി അവിടെ അധ്വാനിച്ച് റബറും കുരുമുളകും കമുകും ഒക്കെ വിളയിച്ച് അവര്‍ സമ്പന്നരായി. കറന്റു പോലും ഇല്ലാത്ത സ്ഥലത്ത് ക്ഷീണം മാറ്റാന്‍ വാറ്റും അത്യാവശ്യം നായാട്ടും വെടിവെപ്പും ഒക്കെയായി ആണുങ്ങള്‍ അവിടെ പൊന്നു വിളയിച്ചു. നാട്ടുകാര്‍ തിരിച്ചറിയാന്‍ ഇല്ലാത്തതിനാല്‍ ഇടക്കൊക്കെ വേറെ ചിലതും വിളഞ്ഞതായി പരദൂഷണം കേട്ടുവെങ്കിലും കമ്യൂണിസ്റ്റുകാരന് മുതലാളിമാരോടുള്ള വിരോധം പോലെയെ മുതലാളിമാര്‍ അതിനെ കരുതിയിരുന്നുള്ളൂ. ക്രമേണ മലബാറിലും സൌകര്യങ്ങല്‍ ആയിത്തുടങ്ങി. കുടിലുകള്‍ക്കു പകരം വീടുകള്‍ ആയി, കുടുംബത്തിലെ പെണ്ണുങ്ങളും സ്ഥലം കാണാനും മറ്റുമായി അവിടെ പോയി ഒന്നു രണ്ടു ദിവസമോ അല്ലെങ്കില്‍ ഒരാഴ്ചയും മറ്റും താമസിച്ചു തുടങ്ങി.

അങ്ങനെയൊരു ദിവസം, നടുപ്പാതിയിലെ ബിജു അവന്റെ ഇളയ പെങ്ങള്‍ ബിന്ദു എലിയാസ് കുഞ്ഞിയുമായി ബന്തടുക്കയിലേക്കു പോകാന്‍ റെഡിയായിരിക്കുന്നു. ബന്തടുക്കയിലെ അവരുടെ വീടിനടുത്തുള്ള അമ്പലത്തില്‍ ഉത്സവം ആണ്. അമ്മയും ചേച്ചിയും ഒക്കെ രണ്ടുദിവസം മുമ്പേ പോയിരുന്നു. കുഞ്ഞിക്ക് എണ്ട്രന്‍സ് കോച്ചിങ് ഉള്ളതു കാരണം ബിജു വെയിറ്റ് ചെയ്തു കൊണ്ടുപോകുകയാണ്. രാത്രിയില്‍ കണ്ണൂര്‍ എക്സ്പ്രസില്‍ കയറിയാല്‍ രാവിലെ കണ്ണൂരെത്തി ബാക്കി യാത്ര തുടരാം. അങ്ങനെ രണ്ടുപേരും കൂടി കോട്ടയം റയില്‍വേ സ്റ്റേഷനില്‍ എത്തി. ബുക്കിങും ബര്‍ത്തും കാര്യങ്ങളും ഒക്കെയുണ്ടെങ്കിലും ഇത്തിരി നേരത്തെ പോന്നു. സ്റ്റേഷനിലെത്തി ബാഗും ഒക്കെ വെച്ച് കുഞ്ഞിയെ പൈകക്കാരനായ സ്റ്റേഷന്മാസ്റ്ററുടെ കെയറോഫില്‍ അവിടെ ഫര്‍സ്റ്റ് ക്ലാസുകാരുടെ വിശ്രമ സങ്കേതത്തില്‍ കയറ്റി ഇരുത്തി ബിജു പതുക്കെ പുറത്തിറങ്ങി. ട്രൈയിന്‍ അര മണിക്കൂര്‍ ലേറ്റാണത്രെ, പോയി ഒരു നിപ്പന്‍ അടിച്ചിട്ടു വരുവാണെങ്കില്‍ ട്രൈനിലെ പണ്ടാരക്കുലുക്കത്തിനിടക്ക് ഉറങ്ങാന്‍ പറ്റും. നേരെ റെയില്‍വേ സ്റ്റേഷനെതിരെയുള്ള ബാറിനെ ലക്ഷ്യമാക്കി ബിജു നടന്നു.

നേരെ കൌണ്ടറില്‍ ചെന്ന് ഒരു ഹണിബീയും ഒരു മുട്ട പുഴുങ്ങിയതും ശടേന്നു പിടിപ്പിച്ചിട്ട് അടുത്തത് പറഞ്ഞിട്ട് ഒരു സിഗരറ്റുകത്തിച്ചു. “ഡേയ് ബിജുവേ” എന്ന വിളികേട്ട് ബിജു തിരിഞ്ഞു നോക്കുമ്പോള്‍ അതാ നില്‍ക്കുന്നു സമപ്രായക്കാരനും റബര്‍ കച്ചവടത്തില്‍ നമ്മുടെ പ്രതിയോഗിയുമായ കറുപ്പുങ്കല്‍ ഷിബു. അവനും കണ്ണൂരിനു പോരുന്നത്രേ. എന്തായാലും രണ്ടുപേരും കൂടി പിന്നെയും രണ്ടെണ്ണം വിട്ടു. പുറത്തിറങ്ങി റയില്‍വേ സ്റ്റേഷനില്‍ എത്തി. കയറിയപ്പോളേ പൈകക്കാരന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ കുഞ്ഞൂഞ്ഞ് അവിടെ നില്‍ക്കുന്നു. എന്നാപ്പിന്നെ രണ്ടുപേരുടെയും ടിക്കറ്റ് ഒന്നിച്ചക്കാം എന്നു പറഞ്ഞ് കുഞ്ഞൂഞ്ഞ് ആ കര്‍ത്തവ്യവും നടത്തി.

ട്രൈയിന്‍ എത്തി, എല്ലാവരും കയറി. അത്യാവശ്യം തിരക്കുണ്ട് ട്രൈയിനില്‍, സീറ്റ് അങ്ങനെ കാര്യമായി കാലിയില്ല. കുറെ നേരം കൂടി റബറിന്റെ ഇറക്കുമതിയെക്കുറിച്ചും, പുതുതായി 105 നു പകരം വന്ന 311 ഇനം റബറിന്റെ ദൂഷ്യവും എന്നു വേണ്ട, കൃത്രിമ റബറ് പ്ലാസ്റ്റിക്കു പോലെയാണെന്നും അതിനു പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടെന്നു വരെ അവര്‍ സംസാരിച്ചു. അടുത്തിരുന്ന സെക്രട്ടറിയേറ്റ് ജീവനക്കാരനെ തങ്ങളുടെ സമ്പത്തിനെക്കുറിച്ചും ബിസിനസിനെക്കുറിച്ചും ഒക്കെ അവര്‍ വര്‍ണ്ണിച്ച് അവശനാക്കിക്കളഞ്ഞു. പതുക്കെ ബിജുവിന് ഉറക്കം വന്നു തുടങ്ങി. അപ്പോളാണ് ബിജു ഒരു വര്‍ഷം മുമ്പ് ഷിബുവുമായി നടത്തിയ യാത്ര ഓര്‍മ്മിച്ചത്. അന്ന് അവരുടെ കമ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്ന ഒരു പെണ്‍കൊച്ചിനെ വെളുപ്പാങ്കാലത്ത് മുകളിലത്തെ ബര്‍ത്തില്‍ നിന്നും വളരെ കഷ്ടപ്പെട്ട് ഞെക്കുകയും അവസാനം താന്‍ മൂത്രമൊഴിക്കാന്‍ പോയപ്പോള്‍ രണ്ടുപേരും കൂടി മൂത്രപ്പുരയില്‍ നിന്നും ഒന്നിച്ചിറങ്ങി വരുന്നതു കണ്ടതും ബിജു ഞെട്ടലോടെ ഓര്‍ത്തു.

എത്ര നേരം എന്നു പറഞ്ഞാ ഉറങ്ങാതിരിക്കുന്നത്, പോരാത്തതിന് ഹണി ബീക്ക് ഉറക്കം വന്നു തുടങ്ങി. കുഞ്ഞിയുടെ കണ്ണുകളും തൂങ്ങുന്നു. എന്നാ പിന്നെ കിടന്നേക്കാം എന്നു വെച്ചപ്പോള്‍ ഷിബുവിനെ പേടിച്ചിട്ട് ഉറക്കം വരുന്നുമില്ല. കുഞ്ഞിയെ വല്ലോ ഞോണ്ടുകയോ പിടിക്കുകയോ ചെയ്യുമ്പോള്‍ അവള്‍ വല്ല കരയുകയോ മറ്റോ ചെയ്താല്‍ ട്രയിനില്‍ എല്ലാവരും അറിയുകയും ചെയ്യും. ഉറക്കവും വരുന്നു, എന്താ ഒരു വഴി?

പൈകക്കാരനല്ലേ, ബുദ്ധിക്കു വല്ല കുറവും ഉണ്ടോ? ബിജു നേരെ കുഞ്ഞിയോട് രഹസ്യമായി പറഞ്ഞു. എടീ, ഈ ഷിബുവിനെ വിശ്വസിക്കാന്‍ കൊള്ളത്തില്ല. അവന്‍ നിന്നെ ഉപദ്രവിക്കുകയാണെങ്കില്‍ നീ ബഹളമുണ്ടാക്കാതെ എന്നോട് പറഞ്ഞാന്‍ മതി, ഞാന്‍ അവനെ വിളിച്ച് ബാത്ത് റൂമിന്റെ അവിടെ കൊണ്ടുപോയി അവന്റെ പ്രവര്‍ത്തിയുടെ ഗ്രേഡ് അനുസരിച്ച് ഇടി കൊടുത്തോളാം. ട്രൈയിനിലുള്ള ആരും അറിയുകേം ഇല്ല, നാണക്കേടും ഇല്ല. അതു കൊള്ളാമല്ലോ, ചേട്ടന്റെ ഒരു ബുദ്ധിയേ എന്ന് കുഞ്ഞി എലിയാസ് ബിന്ദുവിനും തോന്നി. പക്ഷെ ബിന്ദുവിന് ഒരു സംശയം തോന്നി, മുകളിലത്തെ ബര്‍ത്തില്‍ കിടക്കുന്ന ബിജുവിനോട് എങ്ങനെ ഇതു പറയും? എന്റെ അവിടെ പിടിച്ചു എന്നൊക്കെ പറയുന്നതു കേട്ടാല്‍ മറ്റുള്ളവര്‍ അറിയില്ലേ? ബിജുവിന്റെയല്ലേ ബുദ്ധി, അവന്‍ പറഞ്ഞു. അവന്‍ നിന്റെ കയ്യില്‍ പിടിക്കുവാനെങ്കില്‍ അന്നേരം പറയണം ചേട്ടാ പഴം താ എന്ന്. ആപ്പിള്‍, കൈതച്ചക്ക, ഓറഞ്ച്, കപ്പളങ്ങ അങ്ങനെ ഓരോ സ്ഥലത്തിനും ഓരോ പേര് പറഞ്ഞുകൊടുത്തു.

സമയം കുലുങ്ങി കുലുങ്ങി പോയി. ബിജു കൂര്‍ക്കം വലിച്ചുറങ്ങി, കുഞ്ഞി കൂര്‍ക്കം വലിക്കാതെയും. ഷിബുവിനു മാത്രം ഉറക്കം വന്നില്ല, നേരെ എതിരെ കിടക്കുന്നത് കുഞ്ഞിയല്ലേ. ശരീരത്തിനു മൊത്തം വലിപ്പക്കുറവുണ്ടെങ്കിലും ദൈവം അവന്റെ കൈയ്ക്കുമാത്രം നല്ല നീളം കൊടുത്തിരുന്നു, സായ്പിനു ചിമ്പാന്‍സിയില്‍ ഉണ്ടായപോലെ. അവസാനം അവന്‍ പതുക്കെ കുഞ്ഞിയുടെ കയ്യില്‍ തൊട്ടു. കുഞ്ഞി പതുക്കെ പറഞ്ഞു, ചേട്ടാ പഴം. ഇവള്‍ക്കെന്താ ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന സ്വഭാവം ഉണ്ടോ എന്നമ്പരന്ന ഷിബു ഒന്നമാന്തിച്ചെങ്കിലും പിന്നെ പതുക്കെ അവളുടെ തുടയില്‍ കൈ വച്ചു. അപ്പോള്‍ കുഞ്ഞി പറഞ്ഞു, ചേട്ടാ കൈതച്ചക്ക. ഷിബു അതൊന്നു മൈന്‍റ്റു ചെയ്തില്ല, പതുക്കെ പ്രവര്‍ത്തനമേഖല വ്യാപിപ്പിച്ചു. കുഞ്ഞിയുടെ പിച്ചും പേയും ഹണിബീയുടെ കുത്തേറ്റുകിടക്കുന്ന ബിജു എങ്ങിനെയറിയാന്‍. അവസാനം സഹികെട്ട് കുഞ്ഞി ഉറക്കെ വിളിച്ചു, ചേട്ടാ...

കമ്പാര്‍ട്ടുമെന്റിലെ എല്ലാവരും എണീറ്റു, കൂടെ ബിജുവും. ചുവന്ന മുഖവുമായി ഇരുന്ന കുഞ്ഞി പറഞ്ഞു, “ചേട്ടാ, ഫ്രൂട്ട് സലാഡ്”.

അപ്പുറത്തിരുന്ന ചേച്ചി പറഞ്ഞു,“പാവം സ്വപനം കണ്ടതാ”, എല്ലാവരും ചിരിച്ചു. അപ്പോളും ഒരാള്‍ മാത്രം ഉറക്കമെണീറ്റില്ല, മറ്റാരുമല്ല ഷിബു.

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP