ഞാനൊരു പാവം പാലാക്കാരന്‍

അണ്ണാന്‍

>> Thursday, February 25, 2010

വീണ്ടും ബാല്യകാലത്തിലേക്ക്, 1985 കാലഘട്ടം. ഞങ്ങല്‍ നാലു സഹോദരങ്ങള്‍ അമ്മവീട്ടിലെ ചിട്ടവട്ടങ്ങളില്‍ ജീവിക്കുന്ന കാലം. രാത്രിയിലെ ഇരുട്ടും നിഴലാട്ടങ്ങളും ഭീകര സ്വപ്നങ്ങളും പകലുകളില്‍ പൂക്കള്‍ക്കും പൂമ്പാറ്റക്കും തുമ്പികള്‍ക്കും കുഞ്ഞുകളികള്‍ക്കും വഴിമാറിയിരുന്ന കാലം. പഠനമെന്ന ഭീകരതയും ചിട്ടവട്ടങ്ങളും മാറ്റിവെച്ചാല്‍ ശനിയും ഞായറും പറമ്പിലിറങ്ങാനും സസ്യലതാദികള്‍ക്കും കായ്കനികള്‍ക്കും കുരുവികള്‍ക്കുമൊപ്പം ആടിപ്പാടാനുള്ള സമയം.

അനിയന്‍ രണ്ടുദിവസം മുമ്പ് പൊരുന്നയിരുന്നു വിരിഞ്ഞന്‍ പതിനാലു കോഴിക്കുഞ്ഞുങ്ങളെ കുട്ടയില്‍ നിന്നിറക്കി ചികയാന്‍ വിട്ട് തള്ളക്കോഴിയുടെ കൂടെ കാവലിരിക്കുന്നു. കയ്യിലൊരു പിഞ്ഞാണവും കോലുമുണ്ട്. കോഴിക്കുഞ്ഞുങ്ങളെ പിടിക്കാന്‍ വരുന്ന പരുന്ത് എറിയന്‍ മുതലായ ഭീകര പക്ഷികളെ ഓടിക്കാന്‍ പിഞ്ഞാണത്തില്‍ കമ്പുകൊണ്ടടിക്കുന്ന ശബ്ദമാണ് ഏറ്റവും നല്ലത്. ഒരു ഭദ്രകാളിയേപോലെ മക്കളുടെ ചുറ്റും നടക്കുന്ന തള്ളക്കോഴിക്കും പരുന്തിനേയും എറിയനേയും എപ്പോളും തുരത്താനാവില്ല എന്ന അറിവ് അനിയനേ എപ്പോളും ജാഗരൂഗനാക്കിയിരുന്നു. ഉണക്ക കപ്പ കോരിവക്കാനുപയോഗിക്കുന്ന വലിയ വല്ലക്കുട്ടക്കകത്ത് അവനില്ലാത്തപ്പോള്‍ എപ്പോളും കുഞ്ഞുങ്ങളേ മൂടിയിടണം എന്നാണ് വലിയമ്മക്ക് അവന്റെ നിര്‍ദ്ദേശം.

ചേച്ചിയും അനുജത്തിയും ഞാനും കൂടി ഒരു ബക്കറ്റുമെടുത്ത് കൊക്കോ കായ് പറിക്കാന്‍ പതുക്കെ പുറത്തേക്കിറങ്ങി, കൊഴിക്കുഞ്ഞുങ്ങളെ കുട്ടക്കകത്താക്കി അനുജനും കൂടെ കൂടി. കൊക്കോക്കായ് പറിക്കന്‍ ഞങ്ങള്‍ക്കിഷ്ടമാണ്, കാരണം പറിച്ച് അതു പൊട്ടിച്ച് ബക്കറ്റിലാക്കുമ്പോള്‍ ഇടക്ക് അതു തിന്നാനും രസമുണ്ട്. പിന്നെ കോക്കോയില്‍ കയറാന്‍ എളുപ്പവുമാണ്, നല്ല തണലും ഉണ്ട്.

അണ്ണാന്‍ കൊക്കോക്കായ്ക് ഒരു ശല്യമാണ് അന്ന്. കാര്യം അണ്ണാനെ വലിയ ഇഷ്ടമാണെങ്കിലും പഴുക്കാന്‍ തുടങ്ങുന്നതിനു മുമ്പ് തന്നെ അവന്‍ കൊക്കോക്കായ്ക് തുരങ്കം ഇടും. അതിനാല്‍ തന്നെ അടിച്ചില്‍, എലിപ്പെട്ടി മുതലായ സാധനങ്ങള്‍ മൂത്ത കായുള്ള കൊക്കോയുടെ സമീപം പണ്ട് ആദമിനേയും ഹവ്വായേയും പ്രലോഭിപ്പിച്ചപോലെ ആപ്പിളോ മുന്തിരിയോ ഒക്കെ ഇത്തിരി പ്രലോഭനത്തിനായി വെച്ച് തുറന്നു വെച്ചിരിക്കും. വല്ലപ്പോളും പന്നിയെലി എന്ന വലിയ എലിയെ കിട്ടാറുണ്ടായിരുന്നെങ്കിലും അണ്ണാന്‍ ഭയങ്കര വിദ്വാന്‍ തന്നെയായിരുന്നു.

പക്ഷെ ഒരു ഹതഭാഗ്യന്‍, ഒരു അണ്ണാങ്കുഞ്ഞ് ഒരു ദിവസം എലിപ്പെട്ടിയില്‍ വീണു. അവന്റെ മാതാപിതാക്കളുടെ ഉപദേശം കേള്‍ക്കാഞ്ഞിട്ടാണോ ചെറുപ്പത്തിന്റെ അതിസാഹസികത അവനെ തോല്‍പ്പിച്ചതാണോ അല്ലെങ്കില്‍ അവനൊരു കൊതിയനായിട്ടാണോ അതോ ഇനി അവന്റെ തലയിലെ വരയുടേതാണൊ എന്നറിയില്ല, അവന്‍ പെട്ടിയില്‍ വീണു. സാധരണ എലിയെ കൊല്ലുന്നപോലെ അവനെ ചാക്കിലാക്കി ഭിത്തിക്കിട്ടടിച്ചു കൊല്ലണോ വെള്ളത്തില്‍മുക്കി കൊല്ലണോ എന്നൊന്നും നമുക്ക് പ്ലാന്‍ ചെയ്യാന്‍ തോന്നിയില്ല. തത്തയുടെ കൂടിനകത്തിട്ട് വളര്‍ത്താന്‍ തീരുമാനിച്ചു. അനിയന്റെ വല്യപ്പനോടുള്ള അപേക്ഷ സ്വീകരിക്കപ്പെട്ടു. അവനു കുട്ടന്‍ എന്ന പേരുമിട്ട് തത്തക്കൂടിനകത്താക്കി. എലി, പാമ്പ് മുതലായവയെ കൊല്ലുന്നതില്‍ യാതൊരു സങ്കടവും ഇല്ലാതിരിക്കുകയും മീന്‍കറിയും കോഴിക്കറിയും വെട്ടിവിഴുങ്ങുകയും ചെയ്യുന്ന ഞങ്ങള്‍ക്ക് പക്ഷെ മീന്‍, കോഴി, മുയല്‍ തുടങ്ങിയവയെ കൊല്ലുന്നത് ഭയങ്കര സങ്കടം ആയിരുന്നു. ഇതു തന്നെയായിരിക്കും ഒരുപക്ഷെ മനുഷ്യരാശിയില്‍ പരസ്പരമുള്ള നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള കൊലകളില്‍ മനുഷ്യത്തമില്ലാതായതിന്റെ കാരണം.

ഞങ്ങള്‍ക്ക് കിട്ടുന്ന പാലിന്റെ അംശം അവനും നക്കിക്കുടിക്കുന്നത് ഞങ്ങല്‍ സന്തോഷത്തോടെ നോക്കി നിന്നു. പേരക്ക കുഞ്ഞിപ്പല്ലുകള്‍ ഉപയോഗിച്ച് കാര്‍ന്നു തിന്നുന്നത് നോക്കി നിന്നു. വാലിട്ടു വെട്ടിച്ച് കൂട്ടില്‍ ചാടിനടക്കുന്നത് നോക്കി നിന്നു. അവനെ വലിയ മരങ്ങളില്‍ കയറ്റി വിട്ട് മാങ്ങയും ആനിക്കാവിളയും പറിപ്പിക്കുന്നത് ഞങ്ങളുടെ സങ്കല്പങ്ങളില്‍ കണ്ടു.

അവസാനം ഒരു മാസം കഴിഞ്ഞു അനിയന്റെ കോഴിക്കുഞ്ഞുങ്ങള്‍ തനിയേ നടക്കാറായി, ഇപ്പോള്‍ അവന്‍ ഇണങ്ങിക്കാണും എന്നു ഞങ്ങള്‍ ഉറപ്പിച്ചു. അവനെ അഴിച്ചു വിട്ടു. സന്തോഷത്തോടു കൂടി ചാടിപ്പോയി മുറ്റത്തെ പതിനെട്ടാം പാത്തി (പതീട്ടാം മാസത്തില്‍ കുലക്കുന്ന തെങ്ങ്)തെങ്ങില്‍ കയറി അവന്‍. എവിടുന്നോ കേട്ട ചില്‍ ചില്‍ ശബ്ദത്തില്‍ ആകൃഷ്ടനായി അവന്‍ പാഞ്ഞു, ഞങ്ങള്‍ പുറകേയും. എവിടുന്നൊ പറന്നുവന്നൊരു പരുന്ത് അവനെ പിടിച്ചു. ഞങ്ങളുടെ ശബ്ദങ്ങളും ചേച്ചി ഓടിപ്പോയി കൊണ്ടുവന്ന പിഞ്ഞാണത്തിന്റെ ഒച്ചയും പരുന്തിനെ പേടിപ്പിച്ചതായിരിക്കാം, അതു ഞങ്ങളുടെ കുട്ടനെ താഴേക്കിട്ടു.

അനക്കമില്ലാതെ കിടക്കുന്ന കുട്ടന്റെ മുമ്പില്‍ ഞങ്ങള്‍ മിണ്ടാതെ നോക്കി. വീണ്ടും ഒരു മരണത്തിന്റെ മരവിപ്പ്. മൂന്നുമാസം മുമ്പ് മരിച്ചടക്കിയ വാഴക്കാവരന്‍ കുഞ്ഞിന്റെ അടുത്ത് ഞങ്ങള്‍ ഒരു കുഞ്ഞുകുഴിയെടുത്തു. അതിന്റെ മുമ്പില്‍ നിന്ന് പ്രാര്‍ഥിച്ചു, കുട്ടന്റെ ആത്മാവിനേയും സ്വര്‍ഗ്ഗത്തില്‍ കൊണ്ടുപോകണമേ എന്ന് കരഞ്ഞ് ഈശോയോട് പറഞ്ഞു.

സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കൊപ്പം കുട്ടനും കാണുമോ, നാലുമക്കളുടെ പല പ്രാര്‍ഥനകളും ചെവിക്കൊള്ളാതിരുന്ന ദൈവം ഇതെങ്കിലും കേട്ടുകാണുമോ ആവോ?

Read more...

പുല്ലന്‍ ചാത്തു ഫ്രം പൈക

>> Monday, February 22, 2010

വീണ്ടും ഒന്നുകൂടി ബാല്യകാലത്തേക്ക്. വണ്ടിയോടിക്കുന്നവര്‍, പ്രത്യേകിച്ച് പോലീസ് ഡൈവര്‍, സിനിമാ താരങ്ങള്‍, മസിലുള്ളവര്‍ അങ്ങനെ നമുക്കറിയാവുന്ന ലോകത്തെ വീരന്മാരോട് ഒക്കെ ഒരു ആരാധനയൊക്കെ ഉള്ള സമയം. മൂന്നിലും നാലിലുമൊക്കെ പഠിക്കുന്ന ആ കാലത്ത് നമുക്ക് സില്‍ക് സ്മിത നയന്‍ താര ടൈപിനോട് വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു. എങ്കിലും കണ്ടാല്‍ വെറുതെ ഒന്നു നോക്കുമായിരുന്നു എന്നു മാത്രം, ഭാവിയില്‍ ചിലപ്പോള്‍ ആവശ്യം വരും എന്ന രീതിയില്‍.


അന്നൊക്കെ ഷര്‍ട്ടിടാതെ വീടിനുപുറത്തിറങ്ങാന്‍ പാടില്ല. പട്ടി, നാറി തുടങ്ങിയ ചീത്ത വാക്കുകള്‍ ഉപയോഗിക്കാന്‍ പറ്റില്ല. ഷര്‍ട്ടില്‍ ചെളിയാക്കാന്‍ പാടില്ല, തോട്ടിലൊന്നും അധികം സമയം കുളിക്കാന്‍ പാടില്ല, മരത്തില്‍ കയറാന്‍ പാടില്ല. പിന്നെ ഏറ്റവും കഷ്ടമായ കാര്യം, എന്നും ഇരുന്നു പഠിക്കണം. എന്തിനും ഏതിനും ചിട്ടകള്‍, എന്തിനേറെ മനസമാധാനത്തോടെ ഒരു അധോവായു പോലും വിടാന്‍ സ്വാതന്ത്ര്യം ഇല്ലാത്ത കാലം.

ആ കാലഘട്ടത്തിലാണ് പൈക പട്ടണത്തിലെ ചുമട്ടുകാര്‍ നമ്മുടെ ഹീറോകള്‍ ആയത്. സ്കൂള്‍ കഴിഞ്ഞ് വല്ല്യപ്പന്റെ കടയില്‍ പോയി ജീപ്പ് റെഡിയാകുന്ന വരെ കുറച്ചു സമയം വായിനോക്കി നില്‍ക്കാന്‍ കിട്ടാറുണ്ടാ‍യിരുന്നു അന്ന്. അങ്ങനെ അവര്‍ നമ്മുടെ വീര പുരുഷന്മാര്‍ ആയി. നെഞ്ചില്‍ കടുവായുടെ പടം പച്ച കുത്തിയ കടുവാ കുട്ടപ്പന്‍, ആറടിപ്പൊക്കവും തങ്കപെട്ട സ്വഭാവവും ഉള്ള പുല്ലന്‍ ചാത്തു, നല്ല മസില്‍ തുട കാണിച്ചു കൊണ്ട് നടക്കുന്ന കൊച്ചു മാത്തായി എന്നിങ്ങനെ ഏകദേശം അന്‍പതോളം ചുമട്ടുകാര്‍. വളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേക്കു കുതിക്കുന്നു പൈക.

ഒന്നു നേരെ നില്‍ക്കാറാകുമ്പോള്‍ ഇത്തിരി അഹങ്കാരം മലയാളികള്‍ക്ക് പൊതുവേ ഉണ്ടെന്നു തോന്നുന്നു, ഏതായാലും പൈകക്കാര്‍ പൊതുവേ ഇത്തിരി അഹംഭാവം ഉള്ളവരായിരുന്നു. അതിനാല്‍ തന്നെ പൈകയിലെ കച്ചവടക്കാര്‍, ചുമട്ടുകാര്‍, ഡ്രൈവര്‍മാര്‍ എന്തിനേറെ പൈക ചന്തയിലെ എല്ലും തിന്നു കിടക്കുന്ന കില്ലപ്പട്ടികള്‍ക്ക് വരെ ഭയങ്കര അഹങ്കാരം ആയിരുന്നു. ഞാനെങ്ങാനും ആ വഴിക്കു പോയാല്‍ ഓടിച്ചിട്ട് കടിക്കാന്‍ നോക്കും, തെണ്ടികള്‍. എന്താണാവോ കാര്യം എന്നറിയില്ല, ഞാന്‍ ഒന്നിനേയും ഉപദ്രവിക്കാറില്ലെങ്കിലും സകലമാന മൃഗങ്ങളേയും പേടിയായിരുന്നെങ്കിലും പട്ടി, പശു, കോഴി എന്തിനേറെ മണ്ണിരവരെ വേണേല്‍ ഓടിച്ചിട്ടു കടിക്കും. ഈ ലോകത്ത് മറ്റുള്ളവരെ പേടിപ്പിച്ചാലേ ജീവികാന്‍ പറ്റൂ എന്ന തോന്നുന്നേ.

വൈകുന്നേരം ജീപ്പ് വേറെ എന്തേലും കാര്യത്തിനു പോയി വരാന്‍ താമസിക്കുകയാണെങ്കില്‍ കടയില്‍ കുറച്ചു നേരം നില്‍ക്കാം എന്നതിലേറെ സന്തോഷം കൈലാസ് ചായക്കടയില്‍ നിന്നും ചായയും വടയും കിട്ടും എന്നുള്ളതായിരുന്നു. അന്നൊക്കെ എന്റെ വിചാരം ചുമട്ടുകാരനായി ജീവിക്കുകയായിരുന്നെങ്കില്‍ എന്തു സുഖം എന്നായിരുന്നു. വൈകുന്നേരം ഞാന്‍ വടയും, കൂടിവന്നാല്‍ ദോശയും കഴിക്കുമ്പോള്‍ അവര്‍ പെറോട്ടായും ഇറച്ചിയും കഴിക്കും. ചായക്കടയിലെ പാത്രം കഴുകുന്ന വെള്ളത്തിനു വരെ ഭയങ്കര ടേസ്റ്റ് ആണെന്നു വിചാരിച്ചിരിക്കുന്ന കാലം അല്ലേ, കൊതിയോടെ ഒളികണ്ണിട്ട് നോക്കുക മാത്രം ചെയ്യും. ഇടക്ക് സ്കൂളില്‍ പഠിക്കുന്ന അവരുടെ മക്കള്‍ക്കും വാങ്ങികൊടുക്കുന്ന കാണുമ്പോള്‍ എന്റെ അപ്പന്‍ ചുമട്ടുകാരന്‍ ആവാഞ്ഞത് എന്റെ ദൌര്‍ഭാഗ്യം എന്നു വിചാരിച്ചു.

രാവിലെ വളരെ നല്ല തങ്കപ്പെട്ട സ്വഭാവക്കാരും ഷര്‍ട്ടൊക്കെ ഇട്ടുവരുന്നവരുമായ അവര്‍ ഉച്ചകഴിയുമ്പോളേക്കും രൂപം പതുക്കെ മാറും. ഉച്ചക്കത്തെ ഊണ് മിക്കാവാറും ഷാപ്പില്‍ ആയിരിക്കും, അതു കഴിഞ്ഞാല്‍ പിന്നെ അവരുടെ നിക്കറിനു മിക്കവാറും ഇറക്കം കൂടും. രാവിലെ സാറേ എന്നു വിളിച്ചവരേ പിന്നെ സ്റ്റാറേ എന്നും മറ്റു റേ കളും ഉപയോഗിച്ച് വിളിക്കും. അങ്ങനെ പത്തുമണിപ്പൂവും നാലുമണിപ്പൂവും പോലെ പലസമയങ്ങളില്‍ വിരിയുന്ന വിത്യസ്ഥ സ്വഭാവങ്ങള്‍ അവരുടെ പ്രത്യേകത ആയിരുന്നു, എല്ലാ സ്ഥലങ്ങളിലേയും പോലെ. പൈകയിലെ കച്ചവടക്കാരും മോശമല്ലായിരുന്നു, അതിരാവിലെ വന്നു കടതുറക്കുന്നവര്‍, വീട്ടിലെ റബര്‍ വെട്ടിയതിനുശേഷം വരുന്നവര്‍ അങ്ങനെ തുടങ്ങി തോമസുചേട്ടന്റെ പട്ടക്കടയിലെ ചാരയത്തിന്റെ വീര്യം അനുസരിച്ച് മുഖത്തിന്റെ നിറം വരെ മാറുന്നവര്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും പോലെ രണ്ടുമുന്നണിയില്‍ പെട്ടവരാണെങ്കിലും പാലാക്കാരുടെ മുഖമുദയായ അഹങ്കാരം രണ്ടുകൂട്ടര്‍ക്കും ഉണ്ടായിരുന്നു.

വൈകുന്നേരം കള്ളിനും ചാരായത്തിനും ശേഷം വന്നു വിരിഞ്ഞു നിന്നു തെറിവിളിക്കുന്ന ചുമട്ടുകാരെ കൊങ്ങാക്കു പിടിച്ചിട്ട് അവരുടെ അധ്വാനിക്കുന്ന ശരീരത്തിന്റെ തലോടല്‍ വാങ്ങിക്കാന്‍മാത്രം വിവരക്കേടില്ലാത്തവരായതിനാല്‍ കച്ചവടക്കാന്‍ പൊതുവേ പാലായിലെ പോലീസിനു മിക്കവാറും കുറച്ചു കാശും കള്ളും കൊടുക്കുകയായിരുന്നു പതിവ്. അതിനാല്‍ തന്നെ പരസ്പര ബഹുമാനം കച്ചവടക്കാര്‍ക്കും ചുമട്ടുകാര്‍ക്കും ഉണ്ടായിരുന്നു. സാമ്പാറിലെ വെണ്ടക്കയും മുരിങ്ങക്കയും ഉരുളക്കിഴങ്ങും പോലെ കുരിശുപള്ളിയും പട്ടക്കടകളും ഇറച്ചിക്കടകളും ചായക്കടകളും എന്തിനേറെ ആശുപത്രിയും മെഡിക്കല്‍ ഷോപ്പ് വരെയുള്ള പൈകയില്‍ ഇടക്കിടെ ചില വെടിയും പുകയും ഉണ്ടാകാറുണ്ടായിരുന്നു. ന്യൂ തിയേറ്ററില്‍ പുതിയ പടം വരുമ്പോളും അല്ഫോന്‍സാ കോളേജില്‍ ഒന്നു കയറണമെന്നു തോന്നുമ്പോളും ഏതെങ്കിലും ബസിലെ പാവം കണ്ടക്ടറിന്റെ കുത്തിനു പിടിച്ച് അതിന്റെ പേരില്‍ സമരമുണ്ടാക്കുന്ന സെന്റ് തോമസ് കോളേജിലെ പിള്ളേരെ പോലെ ബോറടി മാറ്റാന്‍ മാസത്തിലൊന്നെങ്കിലും ഒരു പ്രശ്നമുണ്ടാകും പൈകയില്‍. തലേന്നു മുതലാളിയെ പറഞ്ഞ ചീത്തയുടെ ആവേശം മറ്റു ചുമട്ടുകാരിലേക്ക് തൊഴിലാളി പകരുമ്പോള്‍ മുതലാളി അവനിട്ടു കൊടുപ്പിച്ച അടിയുടെ കഥ വിവരിക്കും. പോരടിച്ച രണ്ടുകൂട്ടര്‍ക്കും കുറച്ചു നാളത്തേക്ക് പരസ്പര ബഹുമാനവും.

സാറുമ്മാരുടെ അടിയുടെ ചൂട് പിള്ളേര്‍ക്ക് എത്ര നാള്‍ കാണും, അതു പോലെ തന്നെ ഇവരുടെയും കാര്യം. ചന്തിക്കിട്ടടിക്കുന്ന സ്റ്റഡി കുഞ്ഞപ്പന്‍ സാറിന്റെ അടി തടയാന്‍ പാന്റിനടിയില്‍ അഞ്ചു ഷഡ്ഡി വരെ ഇട്ടു വന്ന രാ‍ജീവ്, തുടക്കിട്ടടിക്കുന്ന മഞ്ഞമത്തായിയുടെ അടിയെ പറ്റിക്കാന്‍ മുണ്ടുടുത്ത് വന്ന് അടിയുടെ കൃത്യ സമയത്ത് മുട്ടുമടക്കി മുണ്ട് തളര്‍ത്തി ഇട്ട് അടിയെ മുണ്ടില്‍ പ്രതിരോധിക്കുന്ന മാത്യൂസ്, കയ്യില്‍ നുള്ളുന്ന പല്ലിമേരി ടീച്ചറിന്റെ നുള്ളു തടയാന്‍ കയ്യില്‍ എണ്ണ തേച്ചു വന്ന റോഷന്‍ എന്നതു പോലെ പൈകയിലെ തൊഴിലാളികള്‍ക്കും പോലീസുകാരന്റെ ഇടി വാങ്ങുന്നത് പ്രതിരോധിക്കാന്‍ പല മാര്‍ഗ്ഗങ്ങളും കണ്ടുപിടിച്ചു.

പൈകപ്പെരുന്നാളിനു കമുകിന്‍ കാലുനാട്ടി തോരണം കെട്ടുന്ന അന്ന് കള്ളടിച്ച് വാളുവെച്ച ജോക്കര്‍ വാവക്ക് പിന്നെ കുടിക്കാന്‍ കള്ളുതരില്ലെന്നു പറഞ്ഞ പാലാഴി പാപ്പച്ചനോട് വാവക്ക് ദേഷ്യം തോന്നിയത് പെരുന്നാളിന് രണ്ടാഴ്ചക്കു ശേഷം. പരസ്പരം സ്നേഹം തോന്നിയ കുട്ടപ്പനും ചാത്തുവും എല്ലാവരും ചേര്‍ന്ന് പാപ്പച്ചനെ ചീത്ത പറഞ്ഞു. ബാക്കിയുള്ളവര്‍ അതു കേട്ടു ചിരിച്ചു. കടയില്‍ വന്ന അളിയന്റെയടുത്ത് അടുത്ത മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റാകാന്‍ പോകുന്ന കാര്യവും മറ്റുകടക്കാര്‍ക്കും തൊഴിലാളികള്‍ക്കും തന്നോടുള്ള ബഹുമാനവും വര്‍ണ്ണിച്ചു കൊണ്ടിരുന്ന പാപ്പച്ചന് സഹിക്കനാവുമോ അത്. തിരുമ്മിയേച്ചിരിക്കുന്ന കാരണമാണ് അല്ലെങ്കില്‍ അവന്റെ ചെപ്പക്കുറ്റി തകര്‍ത്തേനെ എന്നു അളിയനോട് പറഞ്ഞ് പാപ്പച്ചന്‍ ആ ചീത്ത മുഴുവന്‍ കേട്ടു. പക്ഷെ വൈകിട്ട് തന്നെ പാപ്പച്ചന്‍ രൂപാ ആയിരം മുടക്കി, പാലാ പോലീസ് പൈകയില്‍ എത്തി ചീത്ത പറഞ്ഞതും അതു കെട്ടു ചിരിച്ചതുമായി കയ്യില്‍ കിട്ടിയ പന്ത്രണ്ട് എണ്ണത്തിനെയും എടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി.

അണ്ടര്‍വയറുമിട്ട് മൂന്നുമണിക്കൂര്‍ സ്റ്റേഷനില്‍ ഇരുന്നപ്പോള്‍ വാവക്കു തോന്നി ഇതൊന്നും വേണ്ടായിരുന്നു എന്ന്. കൂട്ടത്തിലെ ബുദ്ധിമാന്‍ ആയിരുന്നു പുല്ലന്‍ ചാത്തു. ഏതു ശിക്ഷാ നടപടിയാണ് ഇന്ന് എന്നറിയാന്‍ കാത്തിരുന്നു ചാത്തു. അവസാനം എസ് ഐ എല്ലാവരെയും വിളിപ്പിച്ചു. ചൂരല്‍ കൊണ്ട് പത്തടി വീതം ഊള്ളം കാലില്‍‍. ബുദ്ധിമാനായ ചാത്തു മനസില്‍ കണ്ടു, ഇത്രയും പേരുടെ കാലിനിട്ട് പത്തെണ്ണം വീതം അടിക്കുമ്പോള്‍ എസ് ഐ സാറു മടുക്കും. പോരാത്തതിനു പുതിയ ആളായതിനാല്‍ പലായിലെ ഏതെങ്കിലും ചീട്ടുകളിക്കാരുടെ അടുത്തു പോയി തല്ലു വാങ്ങി വന്നതാവാനും സാധ്യതയുണ്ട്. അതുകൊണ്ട് പന്ത്രണ്ടാമനായി ചാത്തു പോയി കിടന്നു. ചിലപ്പോള്‍ മടുത്തിട്ട് എസ് ഐ തല്ലിന്റെ എണ്ണം കുറച്ചാലോ, ഒന്നുമില്ലെങ്കിലും അടിയുടെ ശക്തിയെങ്കിലും കുറയും. മൂന്നുമണിക്കൂര്‍ കുത്തിയിരുന്ന മടുപ്പില്‍ വേഗന്ന് ഉള്ള അടിവാങ്ങിച്ച് രാജധാനിയില്‍ നിന്നു തന്നെ അടിയുടെ അത്ര ലാര്‍ജ് അടിച്ച് വീട്ടില്‍ പോകാമെന്നു വിചാരിച്ച വാവയും കുട്ടപ്പനും ഒക്കെ ഒന്നാമനായും രണ്ടാമനായുമൊക്കെ അടികൊണ്ട് വേദനിക്കുന്ന കണ്ട് ചാത്തു തന്റെ ഊഴത്തിനായി കാത്തിരുന്നു. വല്ലവനിട്ടും അടികൊള്ളുന്ന കാണാന്‍ എന്തു രസം എന്നും, ഞാനെത്ര ബുദ്ധിമാനെന്നും വിചാരിച്ച് ചാത്തു നോക്കിയിരുന്നപ്പോള്‍ എസ് ഐ പത്താമത്തെ ആള്‍ക്കിട്ട് എട്ടടി കൊടുത്ത് നിനക്കിതു മതു എന്നു പറഞ്ഞു. ചാത്തു മനസില്‍ വീണ്ടും ചിരിച്ചു, ഞാനാരാ മൊതല്, വല്ല രാഷ്ട്രീയത്തിലും പോകേണ്ടതായിരുന്നു എന്നു വിചാരിച്ചു. കാര്യം ചെറുപ്പക്കാരനാണെങ്കിലും പത്തു പേര്‍ക്കിട്ടൊക്കെ അടിച്ചു കഴിയുമ്പോള്‍ ഏതു പോലീസുകാരനും മടുത്തു പോകില്ലേ? പതിനൊന്നാമത്തെ വര്‍ക്കിക്കിട്ട് രാണ്ടാമത്തെ അടി ക്ഷീണിതനായി അടിച്ച എസ് ഐക്ക് ഉന്നം പിഴച്ചു സ്വന്തം കാലില്‍ തന്നെ അടികൊണ്ടു. കിട്ടാന്‍ പോകുന്ന അടിയേക്കാളേറെ തനിക്കു ലഭിക്കുന്ന ഡിസ്കൌണ്ട് ഓര്‍ത്ത് സന്തോഷിച്ചിരുന്ന ചാത്തുവിന് അതു കണ്ട് ചിരിക്കാതിരിക്കാനായില്ല. ഗവണ്മെന്റ് ടാപ്പില്‍ നിന്നും വെള്ളം വരുന്ന പോലെ കുറച്ച് ശബ്ദവും പിന്നെ വെള്ളവും എന്നപോലെ അമര്‍ത്തിവെച്ച ചിരി പൊട്ടിപ്പുറത്തു വന്നു. പാവം ചാത്തു, ബുദ്ധിമാന് ശനിദിശ വരുമ്പോള്‍ ഗുളികനും കൂടെ വരുമായിരിക്കും

Read more...

ഓര്‍മ്മകള്‍

>> Sunday, February 14, 2010

അങ്ങനെ വീണ്ടും പ്രണയത്തിനായി ഒരു ദിനം. ഇതു പാശ്ചാത്യരുടെ ഭാരതീയ സംസകാരത്തിന്മേലുള്ള കടന്നു കയറ്റമാണെന്നും, ആര്‍ച്ചീസ് കമ്പനി കാശുണ്ടാക്കാന്‍ തുടങ്ങിയ പരിപാടിയാണെന്നും ഒക്കെ പറയുമ്പോളും ഇതിന്റെ മാധുര്യം കാണാന്‍ ഇഷ്ടപ്പെടുന്നവരാണ് കൂടുതലും. അല്ലെങ്കില്‍ തന്നെ മദേര്‍സ് ഡേ വരുമ്പോള്‍ എങ്കിലും അറിയാതെ അമ്മയെപറ്റി ഓര്‍ക്കാന്‍ ഈ തിരക്കിട്ട ജീവിതത്തില്‍ ഏതെങ്കിലും മക്കള്‍ക്ക് സാധിച്ചാല്‍ അതു തന്നെ ഒരു നന്മയല്ലേ? അതിനാല്‍ തന്നെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇങ്ങന്ത്തെ ഡേ കള്‍ ഒക്കെ നമുക്കു നല്ലതു തന്നെയാണ്. ഇതിനെ എതിര്‍ക്കുന്നവര്‍ ഒരു പക്ഷെ നല്ല പ്രായത്തില്‍ പ്രണയിക്കാന്‍ സാധിക്കാതെ ഇപ്പോളത്തെ പിള്ളേര്‍ ചുമ്മാ പ്രണയിച്ച് അര്‍മ്മാദിക്കുന്ന കണ്ടിട്ട് കൊതിക്കെറുവ് തീര്‍ക്കുന്നതായിരിക്കാം.

പത്തുമുപ്പതു വയസു വരെ ഏതെങ്കിലും ഒരു പെണ്ണിന് വാലെന്റൈന്‍സ് ഡേ യില്‍ ഏതെങ്കിലും ഒരു പെണ്ണിനു ഒരു ചുംബനമോ അറ്റ്ലീസ്റ്റ് ഒരു പൂവെങ്കിലും കൊടുക്കാമെന്ന് പ്രതീക്ഷിച്ചെങ്കിലും തമ്പുരാന്‍ കനിഞ്ഞ് എല്ലാം വെറും സ്വപ്നത്തില്‍ മാത്രം ആയിപ്പോയി. ആദ്യകാലത്തൊക്കെ ഏതു പെണ്ണിനെ പ്രണയിക്കണം എന്ന കണ്‍ഫ്യൂഷനില്‍ അതു നടന്നില്ല. നമ്മുടെ നാട്ടിലെ ഏതെങ്കിലും പെണ്ണിനെ പ്രണയിച്ചു കഴിഞ്ഞാല്‍ പിന്നെ വല്ല ശ്രീദേവിയോ കാജലോ സ്റ്റെഫി ഗ്രാഫോ ഒക്കെ പ്രണയിക്കാന്‍ വന്നാല്‍ നാം നാട്ടിലെ പെണ്ണിനോട് ചെയ്യുന്ന വഞ്ചന ആവില്ലേ എന്നോര്‍ത്ത് കുറച്ചു വര്‍ഷങ്ങള്‍ പോയി. കഷ്ടകാലത്തിനു ഞാനൊരു മാന്യനും ശുദ്ധമനസ്കനും ആയിപ്പോയി (സ്വയം എങ്കിലും പറയണ്ടേ?). അങ്ങനെ മനസില്‍ മാത്രം പ്രണയമഴ പെയ്യിച്ച് ഞാന്‍ കുറെ നല്ല വര്‍ഷങ്ങള്‍ നഷ്ടപ്പെടുത്തി.

ഇന്നിപ്പോള്‍ കല്യാണം ഒക്കെ കഴിഞ്ഞു, പിള്ളേരും ആയി. ചെറുപ്പക്കാര്‍ ഒക്കെ തകര്‍ക്കുന്നതു കാണുമ്പോള്‍ വല്ല ശ്രീരാമസേനയിലും ചേര്‍ന്ന് ഈ മനുഷ്യരിലെ അനസൂയ ആളിക്കത്തിക്കുന്ന പരിപാടികള്‍ ഒക്കെ നിര്‍ത്തിച്ചാലോ എന്നു വരെ തോന്നിപ്പോകും. ഇനി അന്നേരം ബെര്‍ളിയും നട്ടപ്രാന്തനും ഒക്കെ പറയുന്നപോലെ കാമുകന്മാര്‍ കാമസൂത്രാദിനമോ, വാത്സ്യായനദിനമോ ഒക്കെ കൊണ്ടുവന്ന് അതിനെ മറികടക്കും. അതുകൊണ്ട് ജീവിതയാഥാര്‍ത്യങ്ങളെ അംഗീകരിക്കാനും തനിക്കു ലഭിച്ച നല്ലകാര്യങ്ങളോര്‍ത്ത് സന്തോഷിക്കാനും തീരുമാനിച്ചു.

രാവിലെ തന്നെ ഭാര്യ ഉറക്കത്തില്‍ നിന്ന് എണീപ്പിച്ച് ഒരു വാലന്റൈന്‍സ് ഡേ വിഷ് തന്നു. തിരിച്ചൊരു ചുടുചുംബനം എത്തിസലാത്ത് വഴി ശബ്ദത്തിലൂടെയും പിന്നെ പോരാഞ്ഞിട്ട് എസ് എം എസ് ആയും കൊടുത്ത് പല്ലു തേച്ച് കൂടെയുള്ള മറ്റൊരു വിരഹ കണവന്‍ ഉണ്ടാക്കി തന്ന സുലൈമാനിയുമടിച്ച് അപ്പിയിടാന്‍ ഇരുന്നു. ഇന്നുമുതല്‍ നിര്‍ത്താനിരുന്ന സിഗരറ്റുവലി നാളെമുതല്‍ ആക്കാം എന്നു വിചാരിച്ച് ഒരു കൈയ്യില്‍ സിഗരറ്റുമായി ഇരുന്ന് ചിന്തയുടെ ലോകത്തേക്ക് ആഴ്ന്നിറങ്ങിയപ്പോള്‍ ചുണ്ടില്‍ ഒരു പാട്ടുവന്നു.
“പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു.
മണ്ണില്‍ വീണുടയുന്ന തേന്‍കുടത്തെ കണ്ണുനീരെന്നും വിളിച്ചു, കണ്ണുനീരെന്നും വിളിച്ചു.”

ഒരു തേന്‍കുടം ഉടഞ്ഞോ ആവോ..

റെഡി റ്റു ഈറ്റ് പൊറോട്ടാ പോലെ പ്രണയമൊന്നുമില്ലാതെ ഒരു ശരാശരി ഗള്‍ഫുകാരന്റെ ഫാസ്റ്റ് ഫുഡ്
കല്യാണമായിരുന്നെങ്കിലും, പൊറോട്ട കൊയക്കണപോലെ എന്നെയങ്ങു കൊയക്ക് ചേട്ടാ എന്നു അവള്‍ മന്ത്രിക്കും പോലെ തോന്നിയിട്ടാവണം രാണ്ടാമത്തെ വിവാഹവാര്‍ഷികം ആയപ്പോളേക്കും രണ്ട് കോന്തന്മാര്‍ ഭൂമിയിലെത്തി. ഇതിന്റിടയിലെ ഗ്യാപ്പും, പ്രസവിക്കാനും ശിശ്രൂഷകള്‍ക്കായുള്ള കാലഘട്ടവും ഒക്കെ ഞങ്ങളുടെ മനസ്സില്‍ ഇന്നും ആ ഫ്രെഷ്നെസ്സ് നിലനിര്‍ത്താന്‍ കാരണമായി. ഞങ്ങളുടെ രണ്ടുപേരുടെയും വീട്ടുകാരും കാശുള്ളപ്പോളൊക്കെ ഡ്യൂറക്സും അല്ലാത്തപ്പോള്‍ കാമസൂത്രയും നോക്കിയിട്ട് നടക്കാതെ പോയ കാര്യങ്ങള്‍ ഇപ്പോള്‍ രണ്ടു ചട്ടമ്പികളും ഷിഫ്റ്റ് വെച്ചു നോക്കി നടത്തുന്നുണ്ട്.

രാവിലെ തന്നെ അവള്‍ക്ക് ഏറ്റവുമിഷ്ടമുള്ള, ഞാന്‍ അവളെ പെണ്ണ് കാണാന്‍ പോയപ്പോല്‍ ഇട്ട ബ്ലാക്ക് ചെക് ഷര്‍ട്ട് തന്നെ ഇട്ടുകൊണ്ട് ഞാന്‍ ബര്‍ജുമാന്റെ സൈഡിലൂടെ ഖലീജ് സെന്റര്‍ ലക്ഷ്യമാക്കി നടന്നു. നാലുവര്‍ഷമായെങ്കിലും ഷര്‍ട്ടിന് ഇപ്പോളും നല്ല പുതുമ. ഓര്‍മ്മകള്‍ പിന്നിലേക്കോടി.

ഞാന്‍ പെണ്ണുകണാന്‍ ചെന്നപ്പോള്‍ എന്റെയടുത്ത് വിറക്കുന്ന കയ്യില്‍ ചായയുമായി വന്ന് എന്റെ മനസില്‍ എവിടെയോ കയറിപറ്റിയവള്‍. ഞാന്‍ പോകാനിറങ്ങിയപ്പോള്‍ അകത്തെ മുറിയിലെ ജനലിലൂടെ വീണ്ടും ഒരു നോക്കു കാണാന്‍ നോക്കിയവള്‍. ഞാന്‍ അവള്‍ക്ക് വിധിച്ചിരിക്കുന്ന ചെറുക്കനായിരിക്കണേ എന്ന് നൂറ്റമ്പത്തുമണി ജപം ചെല്ലി പ്രാര്‍ത്ഥിച്ചവള്‍. ആദ്യരാത്രി അഞ്ചുമണിക്കേ ആക്കിയ എന്റെ ആക്രാന്തത്തിനു കൂട്ടുനിന്നവള്‍. കുളിച്ചീറനണിഞ്ഞ് സെറ്റുസാരിയുടുത്ത് ഒന്‍പതുമണിക്ക് വീണ്ടും പാലുമായി ആദ്യരാത്രിക്കെത്തിയവള്‍. എന്റെയൊപ്പം ചിരിക്കുകയും കരയുകയും ചെയ്തവള്‍. ഓഫീസില്‍ പോകാനായി ലിഫ്റ്റില്‍ കയറുമ്പോല്‍ ടൈയില്‍ പിടിച്ചു വലിച്ച് ചുണ്ടത്ത് ഒരുമ്മയും കൂടി തരുന്നവള്‍. എന്റെ കരവലയത്തിലൊതുങ്ങി നെഞ്ചില്‍ തലചായ്ച്ച് ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ
കിടക്കുന്നവള്‍. വിഷമിച്ചു കിടക്കുമ്പോള്‍ ആ നിറമാറില്‍ എന്റെ തല അമര്‍ത്തിവെച്ച് അമ്മയുടെ സുരക്ഷിതത്വം തരുന്നവള്‍. വെറുതെ അടുത്തുകൂടി പോകുമ്പോല്‍ കുണ്ടിക്കു നുള്ളുവെച്ചു തരുന്നവള്‍. ഓരോ ദിവസവും വെറൈറ്റി പ്രാതല്‍ ഉണ്ടാക്കിത്തരുന്നവള്‍. എന്റെ രണ്ടു സുന്ദരക്കുട്ടപ്പന്മാര്‍ക്ക് ജന്മം നല്‍കിയവള്‍, ഇനി വരാനിരിക്കുന്ന സുന്ദരികള്‍ക്കും സുന്ദരന്മാര്‍ക്കും ജന്മം നല്‍കേണ്ടവള്‍. ഒന്നിച്ചുള്ളപ്പോളൊക്കെ എന്നെ തളര്‍ത്തിയുറക്കിയവള്‍,

എനിക്കു നിന്നെ ഒത്തിരി നഷ്ടമായെടീ കൊച്ചേ.... Really I miss you a lot.

ഞാന്‍ നിന്നെ സ്നേഹിക്കുന്നു, എന്റെ ജീവനേക്കാളേറെ.

Read more...

യരലവഷസഹ

>> Thursday, February 11, 2010

ഇപ്പോള്‍ രാവിലെ എണീക്കാന്‍ വലിയ പാടാണ്. എട്ടുമണിക്ക് ഓഫീസില്‍ ചെല്ലാനായി ആറേമുക്കാലിന് അലാം വെച്ചാലും സ്നൂസ് ചെയ്ത് അതു ഏഴുപത്തു വരെയാക്കും. എന്നിട്ട് ഓടിപ്പിടിച്ച് ഒരു കാക്കക്കുളിയും നടത്തി ഓഫീസില്‍ ചെല്ലും. രാവിലെ ഭാര്യയുടെ മിസ്കാള്‍ ഉണ്ടായിരുന്നു, പിന്നെ പറഞ്ഞു വേണ്ടാ എന്ന്. പറ്റുന്നിടത്തോളം ഉറങ്ങാം, എന്തായാലും ഈ മാസം കൂടി അല്ലേ ജോലി ഉള്ളൂ.

രാവിലെ തന്നെ ഭാര്യ വിളിക്കുന്നു, മിസ്കാള്‍ അല്ല. ഫോണ്‍ എടുത്തു. ഹലോ ചാച്ചേ... കറിയാച്ചനാ..

ഞാന്‍ “എന്താടാ ചക്കരേ...?“

കറിയാച്ചന്‍ “ഞാന്‍ ഇന്ന് സ്കൂളില്‍ പൊവ്വാ...”

ഞാന്‍ “ആണോ..? ബിഗ് ബോയ് ആയല്ലേ അപ്പോള്‍..?”

കറിയാച്ചന്‍ “ഉം...ബിഗ് ആയി ഞാന്‍.. ചാച്ചേ.. പാത്ത്രിക്കേണം കെട്ടോ...”

ഞാനൊന്നും മിണ്ടിയില്ല. കണ്ണില്‍ ഒരു നനവു പൊടുന്നനേ എത്തി. അവന്‍ പറഞ്ഞു, “ ഞാന്‍ വെച്ചേക്കുവാണേ...” ഞാന്‍ മൂളി.

നന്നായി വരും മോനേ നന്നായി വരും, എന്റെ മനസു മന്ത്രിച്ചുകൊണ്ടേ ഇരുന്നു. അവന്റെ കൈ പിടിച്ച് സ്കൂളില്‍ കൊണ്ടാക്കുന്ന ഒരു ചാച്ചയായി സ്വപ്നംകണ്ടിരുന്ന ഞാന്‍ ഇന്നിവിടെ പുതപ്പിനടിയില്‍ എന്തൊക്കെയോ ഭ്രാന്തന്‍ സ്വപ്നങ്ങള്‍ കണ്ടുറങ്ങിക്കൊണ്ടേ ഇരുന്നു. നേരത്തെ പറഞ്ഞിരുന്നതെങ്കിലും രാവിലെ ഒന്നുമോര്‍ക്കാതെ ഉറങ്ങിക്കൊണ്ടിരുന്നു. അമ്മയുടെ കൈ പിടിച്ച് അച്ഛനുണ്ടെങ്കിലും ഇല്ലാത്തവനെപോലെ അവന്‍ സ്കൂളില്‍ പോകും. ചെറുപ്പത്തിലേ അച്ഛന്‍ നഷ്ടപ്പെട്ട എനിക്കതൊരു യാഥാര്‍ത്യമായിരുന്നു എങ്കിലും അവന്റെ സ്വപ്നങ്ങളിലെ ആദ്യ സ്കൂള്‍ യാത്രയില്‍ ഒരു പക്ഷെ അവനതൊരു ആഗ്രഹമോ സ്വപ്നമോ ഒക്കെയായിരുന്നിരിക്കാം. അവന്‍ ദുബായില്‍ നിന്നും കൊണ്ടുപോയ ചേട്ടായിയുടെ മകന്റെ ടൈ ഒക്കെ ആദ്യദിനത്തിനു ഒരാഴ്ചമുമ്പേ എടുത്തു റെഡി ആക്കി വെച്ചിരുന്നു. ഒരു പക്ഷെ അവരും ഞാനും ഒക്കെ എന്നും രാവിലെ ഇറങ്ങി പൊകുന്നത് കണ്ടപ്പോള്‍ അവന്‍ വിചാരിച്ചിട്ടുണ്ടാവും ഇതു ഭയങ്കര രസമുള്ള പരിപാടിയാണ്, ഉടനെ തന്നെ ഒരു പജീറോ ഒക്കെ അവനും കിട്ടും എന്ന്.

അവര്‍ക്ക് ഞാനൊരു നഷ്ടമാണോ അല്ലയോ എന്നൊന്നും മനസിലാക്കാനുള്ള പ്രായം ആയില്ലായിരിക്കാം. പക്ഷെ എനിക്ക് അതൊരു നഷ്ടമാണ്. അവന് പഠനത്തിനൊപ്പം തന്നെ കളിയിലും ട്രൈനിങ് നല്‍കാനുള്ള എന്റെ ആഗ്രഹം ഇനി എങ്ങനെയാവുമോ ആവോ. കഴിഞ്ഞ ദിവസം ഇന്‍സ്പോര്‍ട്സ് ക്ലബില്‍ നാലഞ്ചു വയസുള്ള ഒരു കൊച്ചിനു പാഡും ഹെല്‍മറ്റും ഒക്കെയായി ട്രൈനിങ് നല്‍കുന്ന കണ്ടപ്പോള്‍ ഞാനും ഓര്‍ത്തു, എന്തു വിലകൊടുത്തും എന്റെ മകനും ഇതൊക്കെ നല്‍കണമെന്ന്. എനിക്കു നഷ്ടമായ ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും ബാലപാടങ്ങള്‍ അവനും കോക്കുവിനും പറഞ്ഞുകൊടുത്ത് പഠനത്തിലും കളിയിലും എല്ലാം പ്രഗഭനാകണമെന്ന്. കറിയാച്ചനും കോക്കുവും ബോളെടുത്ത് എറിയുന്നതു കാണുമ്പോള്‍ മനസു പറയും ഇവര്‍ തീര്‍ച്ചയായും സ്പോര്‍ട്സില്‍ നന്നാകും എന്ന്. നമ്മുടെ മനസിലെ നഷ്ടസ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിച്ചെടുക്കനുള്ള കളിപ്പാട്ടങ്ങളായാണോ നാം കുട്ടികളെ കാണുന്നത്? ആവോ.. എനിക്കറിയില്ല.

ഫുട്ബോളിലും ക്രിക്കറ്റിലും പിന്നീട് വോളീബോളിലും ക്രമേണ എല്ലാ ഗെയിംസിലും ലോകതാരമാകുന്നത് സ്വപ്നം കണ്ട ഞാന്‍, മന്ത്രിമാരുടെ പോലീസ് എസ്കോര്‍ട്ട് ജീപിന്റെയോ ആംബുലന്‍സിന്റെയോ ഫയറെഞ്ചിന്റെയോ ഡ്രൈവറാകാന്‍ കൊതിച്ചിരുന്ന ഞാന്‍ ഇന്നിപ്പോള്‍ കുത്തിപ്പിടിച്ചിരുന്നു ജോലി ചെയ്യുന്നവന്‍. മനസിനിഷ്ടമുള്ള ഒരു കരിയര്‍ തിരഞ്ഞെടുക്കാന്‍ ഒരു പക്ഷെ ഇനിയും അവസരം ഉണ്ടാവാം. പുതു തലമുറക്ക് വഴികാണിക്കുന്ന ഒരാളായെങ്കിലും...

അങ്ങനെ കറിയാച്ചന്‍ നഴ്സറിക്കു മുമ്പായി വെറുതെ സ്കൂളില്‍ പോയിത്തുടങ്ങി. കോക്കുവിനും പോകണമെന്ന് ആഗ്രഹം. പൊതുവേ ശാന്തനായിരുന്ന കറിയാച്ചന്റെ സ്വഭാവത്തില്‍ ഇത്തിരി ആവേശം ഒക്കെ കാണുന്നു. അവനും അമ്മയുടെ ചിറകിനടിയില്‍ നിന്ന് മറ്റൊരു ലോകത്തേക്ക് കാല്‍ വെച്ചു തുടങ്ങി...

മക്കളേയും കുടുംബത്തേയും പിരിഞ്ഞ് ജീവിക്കുന്ന ആയിരങ്ങള്‍ ഉള്ള ഈ മരുഭൂമിയില്‍ ഈ നിസ്സാരകാര്യങ്ങള്‍ക്ക് ഞാന്‍ എന്തിനാ ഇത്ര വേവലാതി കാണിക്കുന്നത്? ചിലപ്പോല്‍ കുഞ്ഞുമനസായതിനാലാവാം, അല്ലെങ്കില്‍ ഇത്തിരി ഭ്രാന്തുണ്ടാവാം.....

Read more...

ഒരു മദ്യപാനയാത്ര

>> Tuesday, February 9, 2010

അല്‍ ഐന്‍ നിന്നും ഇവിടെ ദുബായില്‍ വന്ന് ഒന്നു കറങ്ങാനും മരുഭൂമിയില്‍ ഒക്കെ പോകാനും ഒക്കെയായി വന്നസണ്ണീച്ചന്റെയും മാത്തുകുട്ടിയുടേയും കൂടെ ഞങ്ങള്‍ വീണ്ടും അല്‍ ഐന്‍ എന്ന സ്ഥലത്തേക്ക് ഒരു യാത്ര പോയി. ബുര്‍ജ് ഖലീഫയിലെ ഫൌണ്ടന്‍, പാം ഐലന്റ്, ടൈം സ്ക്വയറിലുള്ള ഐസുംകൊണ്ടുള്ള ഹോട്ടല്‍ ഇതൊക്കെ കാണിക്കാം എന്ന് പറഞ്ഞ് ഇങ്ങോട്ട് വരുത്തിയ അവരെ റമ്മിന്റെയും വിസ്കിയുടേയും കുപ്പികള്‍ക്ക് മുമ്പില്‍ എറിഞ്ഞു കൊടുത്ത് ഞങ്ങള്‍ എല്ലാത്തിന്റെയും ഫോട്ടോ കാണിച്ചു കൊടുത്തു. ഗുരുവായൂര്‍ നിന്നുള്ള പ്രസാദം വേണോ അതോ ഇത്തിരി നുണ പറയുന്നോ എന്ന് പണ്ട് കരുണാകരനോട് ചോദിച്ച പോലെ ഏതാ വേണ്ടത് എന്ന് ചോദിച്ചപ്പോള്‍ ആദ്യം മദ്യം പോരട്ടെ എന്നവര്‍ പറയുകയും ഒരു വേദനിക്കുന്ന മദ്യപാനിയായ ഞാനും അതില്‍ പങ്കുചേരുകയും മാത്രമാണുണ്ടായത്. അല്ലേലും ഫോട്ടോയില്‍ കാണുന്ന ഭംഗിയൊന്നും നേരിട്ട് കണ്ടാല്‍ ഇല്ലെന്ന് നമുക്കറിയാന്‍ പാടില്ലേ?

അങ്ങനെ വെളുപ്പിന് മൂന്നുമണിവരെ നോണ്‍ സ്റ്റോപ് കള്ളുകുടിയുമായി ഞങ്ങള്‍ തകര്‍ത്തു. അതിനു ശേഷം കട്ടിലില്‍ കിടന്ന് അമ്മാവന്‍ വണ്ടി എന്നു നമ്മള്‍ വിളിച്ചിരുന്ന റോഡ് റോളര്‍ ഒരു രണ്ടു കറക്കിന് സ്റ്റാര്‍ട്ട് ആക്കിയപോലെ ഞാന്‍ എന്റെ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു പതുക്കെ കുതിരാന്‍ കയറ്റം ടാറുചെയ്തു നീങ്ങി. കള്ളുകുടിയില്‍ എന്നേക്കാളും മിടുക്കന്മാരായുള്ള പലരും ഉണ്ടായിരുന്നെങ്കിലും അവരെയെല്ലാം കൂര്‍ക്കം വലിയില്‍ തോല്‍പ്പിച്ചു കിടന്നുറങ്ങി. പെട്രോള്‍ ട്യൂബില്‍ കരടുകയറിയ ബുള്ളറ്റും യെസ്ഡിയും ചവിട്ടി ചവിട്ടി സ്റ്റാര്‍ട്ടാക്കുന്നതുപോലെ ഉറങ്ങാന്‍ പാടുള്ള അവരുടെ മുമ്പില്‍ ചുമ്മാ ഞെക്കി സ്റ്റാര്‍ട്ടാക്കുന്ന പള്‍സറിന്റെ കണക്ക് കട്ടിലില്‍ ചരിയുന്നതിനു മുമ്പ് ഞാന്‍ കൂര്‍ക്കം പരിപാടി ആരംഭിച്ചു. പാവം ജിമ്മി, എന്നെക്കാളും മുമ്പേ ഉറങ്ങി അവന്റെ കൂര്‍ക്കം വലി കേള്‍പ്പിച്ച് എന്നെ ഉറക്കാതിരിക്കണം എന്നു പ്ലാന്‍ ചെയ്തെങ്കിലും അവസാനത്തെ കുപ്പിയുടെ അടിയില്‍ ഒരു മൂന്നു തുള്ളി മിച്ചമുണ്ടായിരുന്നത് അവനെ ചതിച്ചു.

എങ്കിലും വെള്ളിയാഴ്ച അലൈനില്‍ പോകാന്‍ നേരം വണ്ടി ഓടിക്കേണ്ടതായതിനാല്‍ എനിക്ക് അവിടെ ചെല്ലുന്ന വരെ മദ്യം തൊടാന്‍ പറ്റില്ല എന്നറിയാവുന്ന അവര്‍ എനിക്കിട്ട് നല്ല ഒരു പണി തന്നു. ഞാന്‍ ചായ കുടിച്ചപ്പോള്‍ അവര്‍ രാവിലെ കട്ടന്‍ കാപ്പിയുടെ കളറില്‍ റം അടിച്ചു.  ഉച്ചക്കു മുമ്പ് പോകാനിരുന്ന ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ഏഴു മണി. അവിടെ ചെല്ലുന്നവരെ അവര്‍ ഫിങ് ഫിങ്, ഞാന്‍ തലേന്നത്തെ അടിയുടെ ക്ഷീണം കാരണം നനഞ്ഞ കോഴുപ്പൂവന്റെ കണക്ക്.

കമ്പനി അക്കൊമഡേഷന്‍ ആയിരുന്ന അവരുടെ ബാച്ചിലേര്‍സ് ഭവനത്തില്‍ എത്തിയ ഞങ്ങള്‍ ഞെട്ടിപ്പോയി. ബിയര്‍ വിസ്കി ബ്രാന്‍ഡി ആന്റ് റം, കള്ളിനു ടച്ചിങ്സിനായി മത്തിയും കൊഴുവയും വറുത്തത്. പിന്നെ സാലഡ്, പീനട്ട് മസാല അങ്ങനെ കടിപിടികള്‍ വേറെയും. അടുക്കളയില്‍ പി ആര്‍ എന്നു വിളിക്കുന്ന ഒരു അധ്വാനിയും കൂട്ടുകാരുമായി മീന്‍പീര, ബീഫ് ഉലത്തിയത്, മട്ടണ്‍ സ്റ്റൂ തുടങ്ങിയവക്കായി പ്രയത്നിക്കുന്നു. ജിമ്മിയും അളിയനും ഒന്നു നിവര്‍ന്നിരുന്നു, ഞാന്‍ ഒരു കട്ടിലില്‍ ചെരിഞ്ഞും. സണ്ണിച്ചനും മാത്തുക്കുട്ടിയും ചെരിഞ്ഞിരുന്ന എനിക്ക് അടുപ്പിച്ച് കടുപ്പത്തില്‍ ഒരു രണ്ട് ലാര്‍ജ്ജ് റം തന്ന് നേരെയാക്കി. പിന്നെ ഗാനമേള, ഡാന്‍സ്, വാള്‍, വെടിക്കെട്ട് അങ്ങനെപലവിധ കലാപരിപാടികള്‍. സണ്ണിച്ചനേയും മാത്തുക്കുട്ടിയേയും അവര്‍ ഇത്രയധികം സ്നേഹിക്കുന്നതിനു കാരണം അവരുടെ സ്വഭാവം തന്നെ, അതിനാല്‍ തന്നെ വളരെ ഗംഭീര സ്വീകരണമായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ചത്.

അങ്ങനെ ഒരു ശബ്ദ സുന്ദരമായ ഒരു രാത്രി. പാവം സണ്ണിച്ചന്‍ മൂന്നുമണിവരെ ഞങ്ങളുടെ കൂടെ ഇരുന്നിട്ട് മൂന്നുമണി ഷിഫ്റ്റില്‍ പോയി ജോലി ചെയ്തു. ഒരു മുറിയില്‍ നാലു പേരു വെച്ച് കിടക്കുന്ന സ്ഥലത്ത് ഞങ്ങള്‍ക്ക് രണ്ട് മുറികളിലായിട്ടാണ് അറേഞ്ജ് ചെയ്തിരുന്നത്. പക്ഷെ മൂന്നുമണിക്ക് സണ്ണിച്ചന്‍ പോയപ്പോള്‍ ഞാന്‍ പതുക്കെ ഉറങ്ങിപ്പോയി, ബുള്ളറ്റും സ്റ്റാര്‍ട്ട് ചെയ്തു. ക്രാംഗ് വെയിറ്റ് കൂട്ടി സൈലന്‍സര്‍ പൊട്ടിച്ച ബൈക് അല്ലേ...പിന്നെ ആ റൂമിലെ താമസക്കാര്‍ വരെ മറ്റു മുറികളില്‍ പോയി കിടന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

രാവിലെ പത്തു മണിക്ക് എണീറ്റപ്പോള്‍ തണുത്ത കഞ്ഞിയും ഉണക്കമീന്‍ വറുത്തതും ഉള്ളിയും ഇഞ്ചിയും പച്ചമുളകും ഇടിച്ചു ചേര്‍ത്ത് പച്ചമുളകും തയ്യാറാക്കി വെച്ചിരിക്കുന്നു.തകര്‍ന്നു പോയി ഞാന്‍. സ്വന്തം ഭാര്യപോലും ഇത്ര സ്നേഹത്തോടെ കള്ളുകുടിച്ചതിന്റെ പിറ്റേ ദിവസം പെരുമാറിയിട്ടില്ല. എന്തായാലും ഉച്ചക്കു ചോറുണ്ണുന്നു, പിന്നെ നേരെ ജബല്‍ ഹഫീത്ത് എന്നു പറയുന്ന മനോഹരമായ മല കയറാന്‍ പോകുന്നു, ഇതായിരുന്നു പ്ലാന്‍. എന്നാല്‍ റമ്മുകൊണ്ട് പല്ലുതേച്ച് ജിമ്മിയും വിസ്കി കൊണ്ട് മുഖം കഴുകി ജിമ്മിയും അളിയന്‍ വിനോദും രാവിലെ എണീറ്റ് വന്നതോടെ കാര്യങ്ങള്‍ മറ്റൊരു രീതിയിലേക്കായി. പലരുടെയും പ്രണയ നൈരാശ്യങ്ങള്‍ കരഞ്ഞുതീര്‍ക്കുകയും പുതിയതിനായുള്ള ഉപദേശങ്ങള്‍ നല്‍കുകയും കണ്ണുനീര്‍ പോകുന്നതിനനുസരിച്ച് ഗ്ലാസ് വീണ്ടും നിറക്കുകയും ഒക്കെ ചെയ്തപ്പോള്‍ ഞാന്‍ കൂട്ടിലിട്ട വെരുകിനെപോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. നല്ല വിശന്നിരിക്കുമ്പോള്‍ സദ്യക്കു വിളമ്പാന്‍ നിന്നാല്‍, ഇത്തിരികൂടി കടുപ്പത്തില്‍ പറഞ്ഞാല്‍ വെറുതെ കിടന്നുറങ്ങിയിരുന്ന നമ്മളെ പിടിച്ച് കെട്ടിയിട്ടിട്ട് ബ്ലൂ ഫിലിം ഷൂട്ട് ചെയ്യാന്‍ പറഞ്ഞാല്‍ സ്ഥിതി എന്താവും? അതുപോലെ വണ്ടി ഓടിക്കേണ്ടതിനാല്‍ മദ്യത്തിന്റെ മണം മാത്രം അടിക്കാനും അതു കുടിച്ച് ആനന്ദിക്കുന്നവരോട് കലിപ്പടിക്കാനും മാത്രം സാധിച്ചുകൊണ്ട് ഞാന്‍ കാത്തിരുന്നു.അവസാനം അവരുടെ കൂട്ടത്തില്‍നിന്നും പ്രഗല്ഫരായ രണ്ടുപേരെക്കൂടി വിളിച്ചുകൊണ്ട് മൊത്തത്തില്‍ ഏഴുപേരായി ഞങ്ങള്‍ ഒരു ഫുള്‍ വാഹനത്തില്‍ അങ്ങു തിരിച്ചു.

ചെറിയമഴ, മലയുടെ പകുതിയില്‍ തന്നെ മൂടല്‍ മഞ്ഞ്, അകത്തിരിക്കുന്ന ആറുപേരുടെയും അകത്ത് ആളിക്കത്തുന്ന വിസ്കിയും റമ്മും, തിരിച്ചു ദുബായിയില്‍ വന്നിട്ട് ആളിക്കത്തിക്കാനായി ചാരം ഒക്കെ വാരി റെഡിയാക്കിയ വയറുമായി ഞാന്‍. എനിക്കു വലിയ താല്പര്യമില്ലായിരുന്നെങ്കിലും വഴിയിലെ
പ്രകൃതി ദ്രിശ്യങ്ങളില്‍ ആക്രാന്തം പൂണ്ട അവര്‍ മലയുടെ തുടക്കത്തില്‍ തന്നെ മൂന്നു പ്രാവശ്യം വണ്ടി നിര്‍ത്തി ഫോട്ടോ എടുക്കുക, ഇതിലും നല്ല സ്ഥലങ്ങളുടെ വെടി പറയുക തുടങ്ങിയ സംഭവങ്ങളുമായി തകര്‍ത്തു. അവസാനം എല്ലാവര്‍ക്കും മുള്ളാന്‍ മുട്ടിയതോടെ ഇനി മുകളില്‍ ചെന്നിട്ട് മുള്ളിയിട്ട് അര്‍മാദിക്കാം എന്നതീരുമാനവുമായി ഞങ്ങള്‍ മുകളില്‍ എത്തി. നാട്ടിലെ പോലെ കാണുന്നിടത്ത് മുണ്ടുപൊക്കിയാല്‍ വല്ല അറബിയും വന്ന് അവന്റെ പെമ്പ്രന്നോരെ മുണ്ടുപൊക്കി കാണിച്ചു എന്നു പറഞ്ഞ് ജയിലിലിടുവോ എന്ന് എല്ലാവര്‍ക്കും പേടിയുള്ളതിനാലാണ് അങ്ങനെ പ്ലാന്‍ ചെയ്തത്. അവിടെ നിന്ന് കാര്യപരിപാടികള്‍ കഴിഞ്ഞ് തിരിച്ചു വരുന്ന വഴി ഒരു വ്യൂ പോയിന്റില്‍ ഞങ്ങള്‍ ഗാനമേള, ഡാന്‍സ് തുടങ്ങിയ സംഭവങ്ങള്‍ നടത്തി അടുത്ത പോയിന്റിലേക്ക് പോയി. അവിടെ ചെന്നപ്പോള്‍ കൂട്ടത്തിലുള്ള രാജുമോന് വീണ്ടും മുള്ളണം. ഇനിയും തിരിച്ചുപോയാല്‍ താമസിക്കും എന്നുള്ളതിനേക്കാള്‍ ദുബായിയില്‍ ചെല്ലുമ്പോള്‍ അവിടെ ബാക്കിയിരിക്കുന്ന കുപ്പി എന്നെ ദേഷ്യം
പിടിപ്പിച്ചു. അവസാനം അവനെ ഒരു സൈഡില്‍ നിര്‍ത്തി സിബ് തുറന്നിട്ടിട്ട് ഫോണ്‍ വിളിച്ചോണ്ട് കാര്യം സാധിച്ചോ, ഞങ്ങള്‍ മറഞ്ഞുനിന്നോളാം എന്നു പറഞ്ഞ് അവന്റെ ഡ്രെയിനേജ് ക്ലീനിങിനു അവസരം നല്‍കി.
അടുത്ത ജംക്ഷനില്‍ ചെല്ലുമ്പോള്‍ പാടേണ്ട പാട്ടിനെക്കുറിച്ചുള്ള തര്‍ക്കവുമായി ഇറക്കം ഇറങ്ങിയപ്പോള്‍ ഞാന്‍ ഒരു വളവില്‍ വെച്ച് വണ്ടി സഡണ്‍ ബ്രേക് ഇട്ടു. മുമ്പില്‍ ഒരു ലാണ്ട് ക്രൂയിസര്‍ വിലങ്ങനെ നില്‍ക്കുന്നു, മുന്‍വശം ഇടിച്ചു ചളുങ്ങിയിട്ടുണ്ട്. ഇടിനടന്ന ഉടനേയായതിനാലും ഞങ്ങളെ
കണ്ടതും അറബിപ്പയ്യന്‍ വണ്ടിയുടെ അടുത്തേക്ക് ഓടിവന്ന് പ്ലീസ് ഡ്രോപ് ഹെര്‍ ഇന്‍ ദ സിറ്റി എന്നു പറഞ്ഞു. അതിലെ ഹെര്‍ എന്നുള്ളത് കേട്ടതിനാല്‍ എല്ലാവരും അങ്ങോട്ട് ശ്രദ്ധിക്കുകയും ജീന്‍സും ടോപ്പും തല സ്കാര്‍പ്പുകൊണ്ട് മറക്കുകയും ചെയ്ത ഒരു പെണ്ണ് കരഞ്ഞുകൊണ്ട് ഓടി വരികയും ചെയ്തു. അറബിച്ചെക്കന്‍ വന്നു പറഞ്ഞപ്പോള്‍ ആരും ഒരു വാക്കുപോലും എതിര്‍ക്കാതിരുന്നത് അവനോട് എതിര് ആരും പറയും എന്ന കണ്‍ഫ്യൂഷനില്‍ ആയിരുന്നു. വണ്ടിയില്‍ കയറ്റേണ്ടത് പെണ്ണായതും ഞങ്ങളുടെ സഹായമനസ്കതയും ഒക്കെ ബിരിയാണിയുടെ കൂടെ പപ്പടവും അച്ചാറും ഒക്കെയെന്നതുപോലെ
മാത്രമായിരുന്നു എന്നതു സത്യം.

അവള്‍ വണ്ടിയുടെ അടുത്തു വന്നതും ഞാന്‍ മുമ്പില്‍ ഇരുന്ന വിനോദിനോട് നീ പുറകോട്ട് പൊക്കോ എന്നു പറഞ്ഞു. അറബിച്ചെക്കനോട് ഹോസ്പിറ്റലില്‍ വല്ലോം കൊണ്ടുപോണോ എന്നു ചോദിച്ചപ്പോള്‍ വേണ്ട സിറ്റിയില്‍ ഏതെങ്കിലും ടാക്സിയുടെ അടുത്ത് ഇറക്കിയാല്‍ മതി എന്നു പറഞ്ഞു. അവള്‍ മുമ്പിലത്തെ സീറ്റില്‍ കയറി. പുറകില്‍ ഇരുന്ന ആറുപേരുടെയും പല്ലിറുമ്മുന്ന സ്വരം ഞാന്‍ കേട്ടു. ഇത്രയും നേരം കള്ളും കുടിക്കാതെ ഇരുന്നിട്ട് ഇനി അവള്‍ അവരുടെ കൂടെ മുട്ടിയുരുമ്മി ഇരിക്കുന്നതിലുള്ള അസൂയയൊന്നുമല്ലായിരുന്നു, അവരുടെ കള്ളിന്റെ നാറ്റം കാരണം വല്ല പ്രശ്നവും ഉണ്ടാകുമോ എന്ന ഭയവുമല്ലായിരുന്നു. പിന്നെ അവര്‍ പൂസല്ലേ, വല്ലതും ഉപദ്രവിച്ചാലോ? എന്തായലും വണ്ടി വീണ്ടും ഇറക്കമിറങ്ങി. ആദ്യത്തെ ഓളത്തിനു, ഹൌ ഡു ഉ ഫീല്‍ നൌ? യു വാണ്ടു ഗൊ റ്റു ഹോസ്പിറ്റല്‍
എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് അവള്‍ വലിയ പ്രാധാന്യം കല്‍പ്പിക്കാതിരിക്കുകയും ആദ്യത്തെ കരച്ചില്‍ ഒക്കെ മാറി വണ്ടിയുടെ മിററില്‍ മുഖം ഒക്കെ നോക്കി പാടുകള്‍ വല്ലതും ഉണ്ടോ എന്ന് നോക്കുകയും മറ്റും ചെയ്തപ്പോള്‍ എല്ലാവരും പതുക്കെ ചിന്തിക്കാന്‍ തുടങ്ങി.

എന്തായാലും അവള്‍ കയറിയതില്‍ പിന്നെ എനിക്ക് മദ്യത്തിന്റെ മണം ഒന്നും വന്നില്ല, നല്ല അത്തറിന്റെ മണം മാത്രം. അവളുടെ മുഖവും ഒന്നും കാണാന്‍ പറ്റാത്തതിനാല്‍ പുറകിലിരിക്കുന്നവര്‍ക്ക് കുരു പൊട്ടി. എനിക്ക് എന്റെ സമയോജിതമായ ബുദ്ധിയില്‍ അഭിമാനവും. പെട്ടെന്നാണ് സണ്ണിച്ചന്‍ പറഞ്ഞത്,
“ഇവിടെ ആക്സിഡന്റ് ആയാല്‍ നമ്മള്‍ ഒന്നും ചെയ്യാന്‍ പാടില്ല, പോലീസിനെ അറിയിക്കുക മാത്രമേ ചെയ്യാവൂ“. പിന്നെ അങ്ങനത്തെ പ്രശ്നങ്ങളുടെ കൂമ്പാരം തന്നെ ഓരോരുത്തരും പറയാന്‍ തുടങ്ങി. അവന്‍ എന്തുകൊണ്ടാണ് ഇടിച്ച ഉടനെ അവളെ ഞങ്ങളുടെ കൂടെ കയറ്റി വിട്ടത്? അപ്പോള്‍ അവള്‍ കേസുകെട്ടു തന്നെ. പോലീസ് വരുമ്പോള്‍ അവളെ കണ്ടാല്‍ പ്രശ്നമാണ്, അതിനാലാണ് നിറച്ചും ആളുമായി വന്ന ഞങ്ങളുടെ കൂടെ അവളെ കയറ്റി വിട്ടത്. ഹേയ് ചിലപ്പോള്‍ മലയാളികളായതിനാല്‍ വെറുതെ സങ്കല്പിക്കുക മാത്രമേ ഉള്ളൂ എന്ന് ഇവിടുത്തെ സകല അറബിക്കും അറിയാം, അതായിരിക്കും എന്നു ഞാന്‍. പക്ഷെ എങ്ങനെ സമാധാനിക്കും? അവള്‍ ഏതു ടൈപ്പ് ആണെന്നോ, ചെക്കന്‍ ചുമ്മാ പൂശാന്‍
കൊണ്ടുവന്നതാണോ എന്നതൊക്കെ ചെറിയ പ്രശ്നങ്ങള്‍. പോലീസോ വല്ല അറബിയോ ഏഴു
ചെറുക്കന്മാരും ഒരു അറബിപെണ്ണും കൂടി യാത്ര ചെയ്യുന്നതു കണ്ടാലോ? ഇത്രയും നല്ല ഒരു ചരക്കിനെ ഇത്രേം അറബിച്ചെറുക്കന്മാര്‍ ഇവിടെ വേറെ ഒരു പണിയുമില്ലാതെ ഈന്തപ്പഴവും ഈയിടെയായി ഇറക്കുമതി ചെയ്ത മുസ്ലി പവറും അടിച്ചിരുന്നിട്ട് ഈ പരട്ട ഇന്ത്യാക്കാര്‍ ആണോ കൊണ്ടുനടക്കുന്നത് എന്നവര്‍ക്ക് തോന്നിയാല്‍ നമുക്കു കുറ്റം പറയാന്‍ പറ്റുമോ? അവളേ പുറകില്‍ ഇരുതിയാ മതിയായിരുന്നു എന്ന് എനിക്കു തോന്നി. ഒന്നുമല്ലെങ്കിലും അദ്ദ്യത്തെ ഇടി അവര്‍ക്കല്ലേ കിട്ടുകയുള്ളൂ.

പോലീസിനെ വിളിച്ചു പറഞ്ഞാലോ എന്ന് രാജുമോന്‍, ഹേയ് അതു വേണ്ട നമുക്ക് സ്റ്റേഷനിലേക്ക് പോകാം എന്ന് രാജീവ്. അതാ വരുന്നു പോലീസ് വണ്ടി, നിര്‍ത്തിക്കോ എന്ന് രാജീവ് പറഞ്ഞു. ഞാന്‍ നിര്‍ത്തുവോ, ചുമ്മാ നടക്കുന്ന കില്ലപ്പട്ടിയുടെ ആസനത്തില്‍ എന്തിനാ ചുണ്ണാമ്മിട്ട് ഇളക്കുന്നത്? അവള്‍ക്ക്
പോകണ്ടത് ഷാര്‍ജക്കാണത്രേ. അപ്പോളാണ് ജിമ്മി അടുത്ത പ്രശ്നം കണ്ടുപിടിച്ചത്, ബുദ്ധി ചിലസമയം കൂടുതല്‍ ടെന്‍ഷന്‍ അടിപ്പിക്കും എന്നത് എത്ര സത്യമാ‍ണ്. ഇവളേ കൊണ്ടുപോകുന്ന ടാക്സി ഡ്രൈവര്‍ക്ക് വല്ലതും തോന്നിയാലോ? പച്ചകള്‍ക്കാണെങ്കില്‍ ആ‍ടിന്റെയോ പെണ്ണിന്റെയോ മണം മാത്രം മതി മത്തു പിടിക്കാന്‍ എന്നാണ് കേട്ടിട്ടുള്ളത്. അവളേയെങ്ങാനും ബലാത്സംഗം ചെയ്തു തട്ടിയാല്‍ ആകെ അറബിച്ചെക്കനുള്‍പടെ അറിയാവുന്നത് ഞങ്ങളെ, പോരാത്തതിന് ഏഴു പേരും.

അന്നേരമാണ് എന്റെ അമ്മായിയപ്പന് എന്നെ ഒന്നു വിളിക്കാന്‍ തോന്നിയത്. പുതിയ ജോലി വല്ലതും കിട്ടിയോ എന്നൊക്കെ ചോദിച്ച് പുള്ളി നില്‍ക്കുമ്പോള്‍ ഞങ്ങള്‍ ഒരു ടാക്സി കണ്ട് നിര്‍ത്തി. അപ്പോള്‍ അവള്‍ എന്നെ നോക്കി വളരെ നന്ദിയോടെ പറഞ്ഞു. താങ്ക്യു വെരി മച്ച്, ഐ റിയലി അപ്രീഷ്യേറ്റ് യുവര്‍
ഹെല്പ്. ഫോണില്‍ എന്നോട് സംസാരിച്ചോണ്ടിരുന്ന അമ്മായിഅപ്പന്‍ എന്നാ പിന്നെ മോനേ ഞാന്‍ വെച്ചേക്കുവാ, നിന്റെ പണി നടക്കട്ടെ. നന്നായി പ്രാര്‍ത്ഥിച്ചൊക്കെ നടന്നാല്‍ മതി, ജോലി ശരിയാകും എന്നു പറഞ്ഞ് ഫോണ്‍ വെച്ചു.

എന്നാ പണി നടക്കട്ടെ എന്നാണോ അദ്ദേഹം പറഞ്ഞത്? ഒരു പെണ്ണിന്റെ ശബ്ദം കേട്ട അദ്ദേഹം ഇനി ഞാന്‍ വല്ലോരേം ചുമ്മാ ഹെല്പ് ചെയ്തോണ്ടിരിക്കുവാണെന്നാണോ അതോ ഇനി കാശില്ലാഞ്ഞിട്ട് കള്ള ടാക്സി ഓടിക്കുവാണെന്നൊ മറ്റോ വിചാരിച്ചോ ആവോ? എന്തായാലും പിന്നെ ആ സീറ്റില്‍ ഇരിക്കാന്‍ എല്ലാവര്‍ക്കും ഒരു രസം ഒക്കെയായിരുന്നെങ്കിലും തിരിച്ചു ദുബായിയില്‍ വന്ന് ബാക്കിയിവിടെ ഇരുന്ന റമ്മിന്റെ ആദ്യത്തെ പെഗ്ഗ് ചെല്ലുന്ന വരെ പോലീസിന്റെ നിലവിളിശബ്ദം കേല്‍ക്കുന്നുണ്ടോ എന്നു
മാത്രമായിരുന്നു എന്റെ ചിന്ത.

സ്വഭാവ സര്‍ട്ടിഫിക്കേറ്റ്.

നല്ല മര്യാദക്കാരനും ഒരിക്കലും മറ്റുപെണ്ണുങ്ങളെ ദുരുദ്ദേശത്തോടെ നോക്കത്തയാളും വല്ലപ്പൊളും മാത്രം മദ്യപിക്കുകയും ചെയ്യുന്ന ഒരു മാന്യനാണ് എന്റെ ഭര്‍ത്താവായ വാഴക്കാവരയന്‍. അദ്ദേഹം മുഴുക്കുടിയനും പെണ്ണുപിടിയനുമാണെന്ന് ഇതിനാല്‍ നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. ഷാപ്പിലെ കറിക്ക് എരിവിത്തിരി കൂടുതലിടും പോലെ ഇത്തിരി ചേര്‍ത്തിരിക്കുന്നു എന്നേ ഉള്ളൂ.

എന്ന് വാഴക്കാവരയന്റെ ഭാര്യ,
ഒപ്പ്

Read more...

വെള്ളം

>> Sunday, February 7, 2010

സ്വര്‍ണ്ണത്തിനോ സ്പടികത്തിനോ ഭംഗി...?

ഒരു വലിയ പൈപ്പില്‍ നിന്നും വരുന്ന വെള്ളത്തിന്റെ ചില ചിത്രങ്ങള്‍

Read more...

ഓര്‍മ്മച്ചിത്രങ്ങള്‍

>> Tuesday, February 2, 2010

ഞാന്‍ വളര്‍ന്ന അമ്മവീട്ടിലെ ചില കാഴ്ചകള്‍. ഓര്‍മ്മകള്‍ക്ക് നേരിയ നൊമ്പരമേകിക്കൊണ്ട് എല്ലാം അവിടെ തന്നെയുണ്ട്, ആര്‍ക്കും വേണ്ടാതെ.

33 വ്ര്ഷം മുമ്പ് ഞാന്‍ നില്‍ക്കുന്നത് ഈ മിഷ്യന്‍പുരയുടെ മുമ്പില്‍. ഇന്നും അതവിടെ തന്നെ, കാലം വലിയ മാറ്റങ്ങള്‍ വരുത്താതെ. ഷീറ്റടിക്കുന്ന മിഷ്യനും പലുറക്കുന്ന ഡിഷും റബര്‍കത്തിയും ഒട്ടുപാലുമിടുന്ന കൂടയും എല്ലാമുണ്ടെങ്കിലും പ്രവര്‍ത്തനം ഇല്ല, എല്ലാവരും പാല്‍ തന്നെ വില്‍ക്കാന്‍ തുടങ്ങിയിരീക്കുന്നു.

വീടിന്റെ മുമ്പിലെ പതിനെട്ടാം പടി. ഇതു രണ്ടു ചാട്ടത്തിനു ചാടി റിക്കോര്‍ഡ് ഇടുകയും പിന്നീട് പല അനിയന്മാരും അതു തിരുത്തുകയും ചെയ്തു എന്നുള്ളത് ഒരു പുളിവല്ല, സത്യമാണ്. ആദ്യത്തെ ചാട്ടം ഒന്‍പതാം പടിയില്‍ നില്‍ക്കാതെ ഒന്നു കാല്‍തെന്നിയാല്‍, ഒന്നു വേച്ചാല്‍, ഹോ... നമ്മുടെ മക്കള്‍ ഇങ്ങനെ ഒന്നു ട്രൈ ചെയ്യാന്‍ നാം സമ്മതിക്കുമോ?


ആട്ടിന്‍കൂട്                                                                                കോഴിക്കൂട്

എത്രയോ ആട്ടിന്‍കുട്ടികള്‍ ജനിച്ചു വളര്‍ന്ന കൂട്. പല മുട്ടനാടിന്‍ കുഞ്ഞുങ്ങളേയും വില്ക്കുമ്പോള്‍ ഞങ്ങള്‍ അതിന്റെ തള്ളയുടെ കൂടെ സങ്കടപ്പെട്ട സ്ഥലം. ഇന്നിപ്പോള്‍ ആ കൂട് ആടിനെ കണ്ടിട്ട് വര്‍ഷങ്ങളാകുന്നു.    അനിയന്റെ ഇഷ്ടവിനോദം ആയിരുന്നു കോഴിവളര്‍ത്തല്‍. കഴുത്തേല്‍ പപ്പുള്ള സുന്ദരന്മാരും കഴുത്തേല്‍ പപ്പില്ലാത്ത കഷണ്ടിക്കാരും ആയ പൂവന്മാരും പിടകളും വസിച്ചിരുന്ന കൂടുകളില്‍ ഒന്ന്. ഇന്നതും ശൂന്യം, ങാ‍ാ കോഴിത്തീട്ടത്തില്‍ ചവിട്ടണ്ടല്ലോ...

പശുക്കളും കിടാങ്ങളും വാണിരുന്ന തൊഴുത്ത്. നാലു പശുക്കള്‍ വരെ ഇതില്‍ ജീവിച്ചിരുന്ന കാലം  ഉണ്ടായിരുന്നു. പിണ്ണാക്കും ഓ കെ യും കച്ചിയും കാടിയുമൊക്കെയായി തകര്‍ത്തു നിന്നിരുന്ന കാലിതൊഴുത്ത്, വാഴപ്പിണ്ടിയും പച്ചപ്പുല്ലും വെട്ടിമുറിച്ചിട്ട് കൊടുത്ത് പശുക്കളുടെ സ്നേഹം വാങ്ങിയിരുന്ന ഒരു കാലം. ഇന്നിപ്പോള്‍ തകര്‍ന്ന ഒരു ഇല്ലത്തിന്റെ കണക്ക്.....


അറിവായതില്‍ പിന്നെ എന്നെ ആദ്യമായി നുണ പറയിപ്പിച്ച താറാവിന്‍ കൂട്. മുകളില്‍ ആസ്ബസ്റ്റോസ് വച്ച് അടച്ചിരുന്നു, കൂടെ കാണുന്ന ചെറിയ ടാങ്ക് താറാവിനു കുളിക്കനുള്ള കുളം. ഇതു പണിത സമയത്ത് ഇഷ്ടിക വെച്ച് ഭിത്തികെട്ടിക്കഴിഞ്ഞ് വൈകുന്നേരമായപ്പോള്‍ ഞാന്‍ മേസ്തിരിയോട് ചോദിച്ചു, ഇതു ചവിട്ടിയാല്‍ പൊളിയുമോ എന്ന്. ഇല്ലെന്ന് മേസ്തിരി. ഞാന്‍ ചവിട്ടി, അതു പൊളിഞ്ഞു. മേസ്തിരി തന്നെ എന്നോട് പറഞ്ഞു, നീ സ്റ്റെപ്പില്‍ നിന്നും കാലുതെറ്റി വീണതാണെന്നു പറഞ്ഞാല്‍ മതി അല്ലെങ്കില്‍ അടി കിട്ടില്ലേ എന്ന്. ഞാന്‍ മനസില്ലാമനസോടെ അടിയുടെ കാര്യം ഓര്‍ത്ത് അങ്ങനെ പറഞ്ഞു. അവസാനം മേസ്തിരി തന്നെ വല്യപ്പന്റെ അടുത്ത് കാര്യം പറയുകയും വൈകുന്നേരം കുരിശിവരയുടെ നേരത്ത് വല്ല്യപ്പന്റെയും അമ്മാവന്റെയും വക അടിയും കിഴുക്കും. അവസാനം ഞാന്‍ ആദ്യമായി വയലന്റായി.ഒരു വിറകുപുര, ഇന്നും അന്നത്തേ പോലെ തന്നെ, കീറി വെച്ച വിറകുകള്‍ ഇല്ലെന്നു മാത്രം. ചകിരിയും ചൂട്ടും തൂക്കിയിട്ടിരിക്കുന്ന തൂമ്പായും മമ്മട്ടിയും ഒക്കെ പഴയകാല ചിത്രം തന്നെ.വിറകു കീറാനായി ഉപയോഗിക്കുന്ന തെങ്ങിന്മുട്ടി, വിറകുപുരയിലെ സ്ഥിരവാസക്കാരായ അരണ.എത്രയോ കാലം ദോശയും ഇഡലിയും തിന്നാനായി ഞങ്ങള്‍ക്കുവേണ്ടി ആടിയ ആട്ടുകല്ല്.

                                                                                                  കപ്പക്കും ചക്കക്കും, തേങ്ങാച്ചമ്മന്തിക്കും മാങ്ങാച്ചമ്മന്തിക്കുമായി അരഞ്ഞകല്ല്. അമ്മിക്കല്ലിനെ അന്വേഷിച്ചു കൊണ്ട് ഇന്നവനും പടിക്കു പുറത്ത്.

എന്റെ സങ്കല്പങ്ങള്‍ക്ക് നിറം ചാര്‍ത്തിയിരുന്ന സ്ഥലം. വീടിനു പുറത്തുള്ള കക്കൂസും കുളിമുറിയും അത്യാവശ്യസമയങ്ങളില്‍ മാത്രം ഉപയോഗിക്കനുള്ളതായിരുന്നു. പേടിയുടെ അഖിലേന്ത്യാ നേതാവായിരുന്ന ഞാന്‍ എന്റെ ഇതുപുയോഗിക്കാന്‍ ആവശ്യം വന്നാല്‍ ഏതെങ്കിലും സഹോദര-അര്‍ധ സഹോദരങ്ങളേ കൂട്ടിനു വിളിച്ച് പറഞ്ഞ് കേള്‍പ്പിച്ചിരുന്ന ക്രിക്കറ്റിന്റെയും ഫുട്ബോളിന്റെയും സ്റ്റണ്ടിന്റെയും സങ്കല്പകഥകള്‍ എന്നെ ഒരു നല്ല പകല്‍കിനാവനാക്കി. ഇതൊക്കെ കേട്ടിരുന്ന പലരും ഇന്നു ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമായി.


ഇവിടെ ഒരു പന്നിക്കൂടുണ്ട്. വാര്‍ത്തതായതിനാല്‍ ഒരിക്കലും നശിക്കില്ല, കാടുകയറിയാലും. പന്നികള്‍ക്ക് കുളിക്കാന്‍ കുളവും കഴുകാനും മറ്റും വെള്ളത്തിനായി ഒരിഞ്ചിന്റെ പൈപ്പും ഉണ്ടായിരുന്ന കൂട് പോലും ഇന്ന് കാണണമെങ്കില്‍ പള്ളവെട്ടണം.വീഐടിന്റെ മുറ്റത്തുള്ള പതിനെട്ടാം മാസത്തെങ്ങിന്റെ മധ്യഭാഗം. എന്റ്റെയും മറ്റു കുട്ടികളുടെയും എത്രയോ യൂറിയകുടിച്ചു വളര്‍ന്നവന്‍. പക്ഷെ വാക്കത്തിയോ അരിവായോ ആയി ആരു പണികഴിഞ്ഞു വന്നാലും കൊത്തിവക്കുന്നത് ഇവന്റെ നെഞ്ചത്ത്. അതിന്റെ മാറാപാടുമായി ഇന്നും അവന്‍ മുറ്റത്തു നില്‍ക്കുന്നു.

ഇനിയുമങ്ങനെ എത്രയോ ചിത്രങ്ങള്‍, ഇന്നിതൊക്കെ നോക്കുകുത്തികളായെങ്കിലും ഉള്ളതു തന്നെ ഭാഗ്യം. കാല്‍ഘട്ടത്തിന്റെ മാറ്റങ്ങള്‍ നാമറിയുന്നത് ഇതൊക്കെ കാണുമ്പോളാണ്. ആ കാലത്തേക്കൊരു മടക്കം കൊതിക്കുന്നു, വിദൂരമെന്നറിയാമെങ്കിലും.

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP