ഞാനൊരു പാവം പാലാക്കാരന്‍

കുഞ്ഞേപ്പ് വരും, എല്ലാം ശരിയാകും......

>> Friday, June 24, 2016

പ്രാഞ്ചിയേട്ടൻ സിനിമാ പതിമൂന്നാം തവണയും കണ്ടതിനു ശേഷമാണ് എനിക്കു ഈ അസുഖം തുടങ്ങിയത്. രണ്ട് അല്ലെങ്കിൽ മൂന്നു പെഗ്..... ഇത്തിരി ഇരുട്ട്.... ഒറ്റക്കുള്ള ഇരുപ്പ്.... ഇത്രയും ആയിക്കഴിഞ്ഞാൽ ഏതെങ്കിലും പരേതാത്മാക്കൾ എത്തും. സാഹചര്യവും സമയവും സന്ദർഭവും അനുസരിച്ച് എന്റെ ചാച്ച, കുഞ്ഞുപ്പാപ്പൻ, ഇളേമ്മ, അന്തോനിച്ചൻ എന്നു തുടങ്ങി ഫോട്ടോയിൽ മാത്രം കണ്ടിട്ടുള്ള അപ്പ, ഗാന്ധിജി, യേശുവേട്ടൻ, സിദ്ധാർത്തേട്ടൻ (ബുദ്ധൻ) അങ്ങനെ നല്ല ആത്മാക്കൾ മാത്രം എന്നോട് സംസാരിക്കാൻ വരും. ഈയിടെ ചൂടോടെ അലിയിക്കയും വന്നാരുന്നു, ജയരാജന്റെ കാര്യവും സോഷ്യൽ മീഡിയ ട്രോളുകളും ഒക്കെ പറഞ്ഞു ഞങ്ങൾ ഒത്തിരി ചിരിച്ചു. അങ്ങനെ അവരിങ്ങനെ എന്തേലും നാട്ടുവർത്തമാനവും പൗശൂന്യവും ഒക്കെ പറഞ്ഞിരിക്കും, എന്നെ ഉറക്കീട്ടു പോകും.

അങ്ങനെ രാത്രിയായി,  ചാച്ചക്കു ഒരു ആനിവേഴ്സറി കയ്യോടെ പറഞ്ഞേക്കാം എന്ന് വിചാരിച്ചു ഞാൻ ഇരുന്നു. മൂന്നാമത്തെ പെഗ്ഗിൽ ഐസ് മാത്രം ഇട്ടു രണ്ടു സിപ്പ് എടുത്തിട്ടും പുള്ളിക്കാരനെ കാണാനില്ല. ഓൾഡ് മങ്ക് റമ്മായതുകൊണ്ടാണോ ഇനി? വലിയ ഗൾഫുകാരനൊക്കെ ആയിട്ടും നല്ല സ്കോച് ഒന്നും അടിക്കാതെ കണ്ട കൂതറ റമ്മും അടിച്ചിരിക്കുന്നതു കണ്ടാൽ ചിലപ്പോൾ പുള്ളിക്കു പിടിക്കില്ലായിരിക്കും....

പതുക്കെ ബാൽക്കണിയിൽ ഇറങ്ങി ഒരു സിഗരറ്റു കത്തിച്ചു, പുക ആകാശത്തേക്ക് നോക്കി ഊതി ഊതി വിട്ടു. അതാ പുകയുടെ ഇടയിലൂടെ, മഞ്ഞിൽ നിന്നെന്നപോലെ പതുക്കെ വരുന്നുണ്ട് ആശാൻ, മൂന്നു നക്ഷത്രങ്ങളുടെ അടുത്ത് നിന്നും ശടേന്ന്....

വാഴക്കാവരയൻ:  വണക്കം ചാച്ചെ.... ഹാപ്പി ആനിവേഴ്‌സറി...

ചാച്ച: താങ്ക്യൂ പുത്രാ... എന്നതാ ഇന്ന് കണ്ട റമ്മും ഒക്കെ അടിച്ചു സെന്റി ആകാനാണോ?

വാഴക്കാവരയൻ: ഓ എന്നാത്തിനാ... പത്തു മുപ്പത്തിനാല് വർഷം ആയി. ഇനി എന്തു സെന്റിയടിക്കാനാ...

ചാച്ച: പിന്നെയെന്നാ കാണിക്കാനാ ഈ വലിച്ചു കേറ്റുന്നേ? ഭാര്യേം പിള്ളേരും നാട്ടിൽ പോയേന്റെ ഫീലിംഗ്‌സാ?

വാഴക്കാവരയൻ: ഇത്തിരി ഇല്ലാതില്ല, പിള്ളേരെ കെട്ടിപിടിച്ചു കിടന്നു ശീലിച്ചതുകൊണ്ടു ഉറക്കം കുറച്ചു പാടാ...

ചാച്ച: പിന്നേ... പിള്ളേരെ കെട്ടിപിടിച്ചു കിടന്നതു കൊണ്ടല്ലേ നിന്റെ ഭാര്യ പിന്നേം ഗർഭിണി ആയതു, പോടാ ഡാഷേ... നീയെന്നെകൊണ്ടു ഒന്നും പറയിക്കല്ല് ....(feeling പുച്ഛം)

വാഴക്കാവരയൻ:  ദേ ഒരു കാര്യം പറഞ്ഞേക്കാം, കാര്യം അപ്പനാണെങ്കിലും ഇപ്പോ ഭൂമിയിൽ എനിക്കാ മൂപ്പു കൂടുതൽ....

ചാച്ച: ആഹാ... എന്നാൽ അപ്പനെ കേറി ഔസേപ്പ് ചേട്ടാ എന്നു വിളിക്കെടാ...

വാഴക്കാവരയൻ: ഉം...  കാലം മാറുന്പോൾ ഒക്കെ അങ്ങനാ... മകൻ എസ് ഐ ആകുന്പോൾ അപ്പനാണെങ്കിലും സീനിയോറിറ്റി ഉണ്ടേൽ സലൂട്ടടിക്കണം.

ചാച്ച: ശരി പുത്രോ....

വാഴക്കാവരയൻ: ചാച്ചയെന്താ ഇന്ന് വെള്ള ഷർട്ടൊക്കെ മൂക്കിലെ പഞ്ഞീം ഒക്കെ മാറ്റി ഈ പൊട്ടുകളും പുള്ളികളും ഉള്ള ഷർട്ടിട്ടുകൊണ്ട് വന്നത്? ഇതിന്റെ കളറൊക്കെ മങ്ങിയല്ലോ...?

ചാച്ച: സ്വർഗ്ഗത്തിൽ കളറ് മങ്ങാറില്ല മോനെ. നിന്റെ കണ്ണു അടിച്ചു പോകാറായി.. മൂപ്പു കൂടിയില്ലേ..അതാ.....

വാഴക്കാവരയൻ: (feeling കലി)

ചാച്ച: ആനിവേഴ്‌സറി ഒക്കെ അല്ലെ പുത്രാ? ഒരു ചെയ്ഞ്ച് ആർക്കാണിഷ്ടമില്ലാത്തതു! പിന്നെ നിനക്കോർമ്മയുണ്ടോ ഈ ഷർട്ട്?

വാഴക്കാവരയൻ: ഓ.... (വിഷയം മാറ്റൽ). അതേ... ചാച്ചക്കിപ്പോൾ സ്വർഗ്ഗത്തിൽ എന്നതാ പണി? ഹല്ലേലൂയാ ഒക്കെ പാടി ദൈവത്തെ സ്തുതിച്ചോണ്ടിരിക്കുവാണോ?

ചാച്ച: ഞാൻ സ്വർഗ്ഗത്തിലാണെന്നു നീ എങ്ങനെ അറിഞ്ഞു? ഈ സ്വർഗ്ഗവും നരകവും ഒക്കെ എന്താന്നാ നിന്റെ വിചാരം?

വാഴക്കാവരയൻ: നമ്മക്കൊക്കെ എന്തു വിവരം ചാച്ചെ, കൊച്ചായിരുന്നപ്പോൾ ആരോ പറഞ്ഞു തന്നിരിക്കുന്ന പോലെ, സ്വർഗ്ഗത്തിൽ ഒരു വെളുത്ത താടിയും മുടിയും ഉള്ള ദൈവത്തെ നമ്മളെല്ലാം കൂടി സ്തുതിച്ചോണ്ടിരിക്കും...നരകത്തിലാണേൽ ഭയങ്കര പീഡകളും... കൂടുതൽ അറിയാനായി അവിടം വരെ പോയാൽ പിന്നെ തിരിച്ചു വരാൻ പറ്റില്ലല്ലോ. നിങ്ങളൊട്ടു പറഞ്ഞു തരികേം ഇല്ല. 

ചാച്ച: മോനേ... അതൊക്കെ മനസ്സിലാക്കാൻ ഇത്തിരി പാടാണ്. ഉദാഹരണത്തിന് നിന്റെ ശരീരം എന്താണെന്നു നിനക്കറിയാമോ? 

വാഴക്കാവരയൻ: എന്റെ ചാച്ചേ, അതൊക്കെ ഞാൻ രണ്ടു വർഷം മുന്പ് പാപ്പിക്ക് പറഞ്ഞു കൊടുത്തതാ. കണ്ണ് മൂക്ക്.....

ചാച്ച: പോടാ മണകുണാഞ്ഞാ, വെറുതെയല്ല നീ വെറും ഉണ്ണാക്കൻ ആണെന്ന് നാട്ടുകാര് പറയുന്നത്. ശരീരത്തിൽ എത്ര കോശങ്ങൾ ഉണ്ടെന്നറിയാമോ? ഒരു കോശത്തിനു എത്ര ദിവസം ആയുസുണ്ടെന്നു അറിയാമോ? മിക്കവാറും കോശങ്ങൾക്കും വെറും വിരലിലെണ്ണാവുന്ന ദിവസങ്ങളെ ആയുസ്സുള്ളൂ. കണ്ണിന്റെ ലെൻസും നട്ടെല്ലിലെ നാഡികളും തുടങ്ങി വിരലിലെണ്ണാവുന്ന വളരെ കുറച്ചു കോശരൂപങ്ങൾ ഒഴിച്ചാൽ ബാക്കിയൊക്കെ നിന്റെ ജീവിതത്തിൽ പല പ്രാവശ്യം മാറിയിട്ടുണ്ട്‌. അതായത് നീ എന്നതു തന്നെ പലപ്രാവശ്യം മാറിയ ഒരു നീ ആണ്. കൂടാതെ കുറെയധികം കോശങ്ങളും പിന്നെ അനവധി ബാക്ടീരിയ, വൈറസ്, പരാദജീവികൾ ഇതെല്ലാം കൂടിയുള്ള ഒരു സെറ്റപ്പ് ആണ്. 

വാഴക്കാവരയൻ: അപ്പോൾ പിന്നെ ഭൂമിയും അങ്ങനെ പല സംഗതികൾ കൂടിയ ഒരു വലിയ മനുഷ്യൻ  ആവുമോ?

ചാച്ച: (feeling ചിരി)... സൂക്ഷ്മാണു മുതൽ പരമാണു വരെ അങ്ങനെയൊക്കെ നിനക്കറിയില്ലാത്ത എന്തൊക്കെ കാര്യങ്ങൾ..!

വാഴക്കാവരയൻ: വെറുതെ മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കാതെ പോ ചാച്ചേ... 

ചാച്ച: ഓ ഇനിയും അതെന്തു പിടിപ്പിക്കാനാ... (feeling ആക്കൽ).. അതൊക്കെ പോട്ടെ, ഫക്കിന്റെ അർത്ഥം ചോദിച്ച കറിയാച്ചനെ നീ എങ്ങനെ ഒതുക്കി. എല്ലാം പറഞ്ഞു കൊടുത്തോ?

വാഴക്കാവരയൻ: അതിന്റെ അർത്ഥം എന്നുള്ളതിൽ കൂടുതൽ അതു ബാഡ് വേർഡ് ആണെന്നുള്ളതും അതു പാപം ആണെന്നുള്ളതും ആണ് അവന്റെ പ്രശ്‌നം. അതു ഒഴിവാക്കാൻ നോക്കും തോറും അതവന്റെ മനസ്സിൽ വന്നു കൊണ്ടേ ഇരിക്കും, ദേഷ്യം വരുന്പോൾ വിളിക്കാൻ തോന്നും. 

ചാച്ച: എന്നിട്ടു നീ എന്തു ചെയ്‌തു? നിന്റെ കാര്യം ആയതുകൊണ്ട് ചിലപ്പോൾ പറഞ്ഞോ കാണിച്ചോ കൊടുത്തിരിക്കും...

വാഴക്കാവരയൻ: എല്ലാവരേം പോലെ കളിയാക്കലാ അല്ലെ? ഊം... ഞാൻ അവനു ഓഷോയുടെ ഒരുസ്‌പീച്ച് കാണിച്ചു കൊടുത്തു. ഫക്ക് എന്ന വാക്കു നാമം, ക്രിയ, വിശേഷണം, നവരസങ്ങൾ ഒക്കെ ആയി ഉപയോഗിക്കുന്ന കുറച്ചു പദപ്രയോഗങ്ങൾ അതിൽ ഉണ്ട്. അതൊരു വലിയ കാര്യമല്ല എന്നു തോന്നിയാൽ പ്രശ്നമില്ലല്ലോ. വെറുതെ ഉള്ള കുറ്റം ബോധം ഒക്കെ പിഞ്ചു മനസ്സിൽ ഉണ്ടാക്കി അവരുടെ ആത്മവിശ്വാസം കെടുത്തരുതല്ലോ.

ചാച്ച: എന്നിട്ടു അവനു ആത്മവിശ്വാസം വന്നോ? നിന്നെയൊക്കെ ഓഷോ പറഞ്ഞ നാമവിശേഷണം കൂട്ടി വിളിക്കാൻ തുടങ്ങിയോ?... (feeling  കളിയാക്കൽ)

വാഴക്കാവരയൻ: വെറുതെയല്ല നേരത്തെ വിളിച്ചോണ്ട് പോയത്. മനുഷ്യനെ ഇങ്ങനെ കളിയാക്കരുത്, കാര്യം ഒരു ഓക്കൻ ആണെങ്കിലും സ്വന്തം മോനല്ലേ.... 

ചാച്ച: പോട്ടെടാ..... നീമിടുക്കനാടാ.... നല്ല മനുഷ്യനാ ...

വാഴക്കാവരയൻ: ..ശരിക്കും ഉള്ളതാണോ അതോ ഇതും ആക്കിയതാണോ?

ചാച്ച: അതു പോട്ടെ.... കുഞ്ഞുവാവ ഉണ്ടാകുന്നതെങ്ങനെ എന്നു ചോദിച്ച പിള്ളേരെ നീ എങ്ങനെ ഒതുക്കി?

വാഴക്കാവരയൻ: ഇന്നത്തെ കാലത്ത് അതിനാണോ പാട്, ഒരു യുട്യൂബ് വിഡിയോ അങ്ങു കാണിച്ചു. ബീജം വന്നു അണ്ഡത്തിൽ യോജിക്കുന്നതും, കുഞ്ഞു വലുതായി പുറത്ത് വരുന്നത് വരെയുള്ള സംഭവങ്ങൾ നല്ല ഡീറ്റൈൽ ആയി പറയുന്നുണ്ട്. 

ചാച്ച: എന്നിട്ടു എല്ലാം മനസ്സിലായോ പിള്ളേർക്ക്?

വാഴക്കാവരയൻ: എല്ലാർക്കും കുഞ്ഞിന്റെ വളർച്ചാ സ്റ്റേജുകൾ കണ്ടപ്പോൾ ഭയങ്കര പേടിയായിരുന്നു. ആ പേടി കണ്ടപ്പോൾ ഉറപ്പിച്ചു...മൂന്നും എന്റെ പിള്ളേർ തന്നെ എന്നു.... കറിയാച്ചന് ആകെ സങ്കടം. അണ്ഡത്തിൽകയറിപ്പറ്റുന്ന ഒരു ബീജം ഒഴികെ ബാക്കിയുള്ള കോടിക്കണക്കിന് ബീജങ്ങൾക്ക് എന്തു സംഭവിക്കും എന്നോർത്ത്... സത്യത്തിൽ എന്തൊരു മത്സരം ആയിരിക്കും അല്ലേ? അതേ... ചാച്ചേ... ബാക്കിയുള്ള ബീജങ്ങൾ സത്യത്തിൽ മരിച്ചു പോകുവാണോ? അതൊക്കെ ഓരോ ജന്മങ്ങൾ തന്നെ ആയിരിക്കുമോ?

ചാച്ച: നീ എന്തൊരു കൊണാപ്പൻ ആണെടാ... നിനക്കു പോലും മനസ്സിലാകാത്ത കാര്യമാണോ പിള്ളേർക്ക് കാണിച്ചു കൊടുക്കുന്നത്?

വാഴക്കാവരയൻ: അങ്ങനെ പറയരുത് ചാച്ചേ... കാര്യം ഞാൻ ഇതൊക്കെ കാണിച്ചു അവന്മാരെ അഡ്‌ജസ്‌റ് ചെയ്തെങ്കിലും ബസിലെ ചേട്ടന്മാർ അവന്മാർക്ക് വിശദമായി കാര്യങ്ങൾ പറഞ്ഞു കൊടുത്തു എന്നു കോക്കു പറഞ്ഞു. ഇനിയിപ്പോൾ പാപ്പിക്ക് ഇവന്മാർ പറഞ്ഞു കൊടുത്തോളും. 

ചാച്ച: എന്നതാ പറഞ്ഞത് എന്നു അവന്മാർ പറഞ്ഞോ?

വാഴക്കാവരയൻ: ഹേയ് ഇല്ല 

ചാച്ച: നിനക്കില്ലാത്ത വിവേചന ബുദ്ധി അവർക്കുണ്ട്... ആശ്വാസം...

വാഴക്കാവരയൻ: (feeling രൗദ്രം) ഓർമ്മ വെച്ചപ്പോൾ മുതൽ കേൾക്കുന്നതാ... ഓക്കൻ, ഉണ്ണാക്കൻ, പൊട്ടൻ, മണുങ്കൂസ്, പേടിത്തോണ്ടാൻ... മടുത്തു..   ഞാൻ തന്ന ഹാപ്പി ആനിവേഴ്സറി തിരിച്ചെടുക്കുവാ....

ചാച്ച: പോട്ടെടാ.. എന്റെ ചക്കരയല്ലേ നീ... നിന്നെ എനിക്കറിയാം... 

വാഴക്കാവരയൻ: (ആശ്വാസം... സന്തോഷം.. ) (കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നി)

ചാച്ച: ആട്ടെ... ഭാര്യയെ സ്‌കാൻ ചെയ്‌തിട്ടു കൊച്ചു പെണ്ണാണോ...?

വാഴക്കാവരയൻ: നിങ്ങടെയൊക്കെ രീതി അനുസരിച്ചു ആരോടും മിണ്ടരുത്, നേരത്തെ ഉടുപ്പു വാങ്ങരുത്, കൊച്ചിന് അമ്മാവൻ കാലുണ്ടോ, അങ്ങനെയൊക്കെ എത്ര ടെൻഷനുകളാ, രീതികളാ...? ഗർഭിണി ആണെന്നു പോലും നിങ്ങൾ പറയില്ലല്ലോ...?

ചാച്ച: എന്നിട്ടു നിന്റെ കാര്യം അറിയാത്തതായി ഇനി ആരുണ്ട്? നീ കൊച്ചിന് പേരുവരെ ഇട്ടെന്നാണല്ലോ പാണന്മാർ പാടുന്നത്?

വാഴക്കാവരയൻ: എന്റെ മറിയാമ്മക്കുവേണ്ടി ഇനിയും ശ്രമിക്കണം ചാച്ചേ... ഈ പ്രാവശ്യം കുഞ്ഞേപ്പാ വരുന്നത്.... ഞാൻ അവനു ഉടുപ്പു വരെ വാങ്ങി. എന്നാ കോപ്പു നോക്കാനാ... 

ചാച്ച: അല്ല പിന്നെ, നാലാണ്മക്കൾ ഉള്ള തന്തയായി നിനക്കു വിരിഞ്ഞു നിന്നു കൂടെ?

വാഴക്കാവരയൻ: ഉവ്വ, മക്കളെ കണ്ടും മാന്പൂ കണ്ടും മയങ്ങരുത് എന്നല്ലേ കവി പാടിയിരിക്കുന്നേ... (feeling ഓൾഡ് മങ്ക് എഫക്ട്‌ ).. എല്ലാവരും പെൺകൊച്ചായിരിക്കട്ടെ എന്നാശംസിച്ചു. ആൺകോച്ചാണ് എന്നു പറഞ്ഞപ്പോൾ ഒത്തിരി പേർ പറഞ്ഞു, നാലാമത്തെ കൊച്ചു ആണാണെങ്കിൽ ലോകം കീഴടക്കും എന്ന്.... അതു ശരിക്കും നാലാമത്തെ ആൺകൊച്ചു എന്നാണോ അതോ നാലാമത്തെ കൊച്ചു എന്നാണോ?

ചാച്ച: ആശ്വാസം... അതല്ലേ എല്ലാം....

വാഴക്കാവരയൻ: വിശ്വാസം എന്നല്ലേ ചാച്ചേ.... അതു പോട്ടെ, ചാച്ച നാലാമത്തെ ആണല്ലേ? ഇനി മൊത്തത്തിൽ നാലാമത്തെ ആണെങ്കിൽ ഇഷ്ടം പോലെ ആൾക്കാർ ഉണ്ടല്ലോ....

ചാച്ച: മോനെ... അങ്ങനെ നിയമങ്ങളോ രീതികളോ അതിനില്ല. ഓരോ ജന്മവും അതിന്റെതായ രീതിയിൽ പോകും. അത്ര തന്നെ... നിന്റെ മക്കൾ ഒക്കെ മിടുക്കന്മാരാ... നിന്റെ സന്പാദ്യം അവരാണ്. 

വാഴക്കാവരയൻ: എന്നാൽ ഞാൻ ഒരു പെഗ്ഗും കൂടെ എടുത്തിട്ടു വരട്ടെ ചാച്ചേ ....

ചാച്ച: വേണ്ടെടാ മോനേ... നീ ഇപ്പോൾ നല്ല പൂസാ....

വാഴക്കാവരയൻ: (feeling സങ്കല്പം) ഇപ്പൊ ചാച്ച ശരിക്കും ഉണ്ടാരുന്നെങ്കിൽ എങ്ങനെ ഇരുന്നേനെ? തിലകനെ പോലെയാണോ, നെടുമുടിയെ പോലെയാണോ അതോ ഒടുവിൽ ഉണ്ണികൃഷ്ണനെ പോലെയാണോ.... (ഓരോ കഥാപാത്രങ്ങൾ മനസ്സിൽ വന്നു തുടങ്ങി)

ചാച്ച: പലവിധ ഭാവങ്ങൾ കൂടിയതല്ലേ മോനേ മനുഷ്യജീവിതം.... അവരുടെയൊക്കെ ഭാവങ്ങൾ ആയിരിക്കുമോ എന്നെനിക്കറിയില്ല. പക്ഷെ എല്ലാക്കാര്യങ്ങളും എല്ലാവർക്കുമില്ല എന്നു മാത്രം ഓർക്കുക. നിനക്കു നിന്റെ അപ്പനെ ചെറുപ്പത്തിലേ നഷ്ടപ്പെട്ടപ്പോൾ അതേ അളവിൽ നോക്കുകയാണെങ്കിൽ, എനിക്കു എന്റെ ഭാര്യയെ, നാലു മക്കളെ, എന്നെ ഇഷ്ടപെട്ട ഒത്തിരി കൂടപ്പിറപ്പുകളെ...  എല്ലാം പിരിയേണ്ടി വന്നു. കൊഴിയുന്ന ഓരോ നിമിഷവും തിരിച്ചു വരില്ല എന്നതുപോലെ, ജീവനും പോകും.....തിരിച്ചു വാരാനാകാതെ.....

വാഴക്കാവരയൻ: ചാച്ചേ... എന്റെ ദേഹത്തും കരങ്ങളിലും കിടന്നാണ് പിള്ളേർ ഉറങ്ങുന്നത്. ആരും ഇല്ലാത്തതു കാരണം ആകെ ഒരു ഏകാന്തത... ചാച്ചയുണ്ടായിരുന്നെങ്കിൽ ഉറപ്പായും ഞാൻ ഇന്ന് കെട്ടിപ്പിടിച്ചേനെ....  ആഗ്രഹം കൊണ്ടു ചോദിക്കുവാ... പറ്റുവോ?...ഇല്ല അല്ലെ....

ചാച്ച: ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാത്തതായി പലതുണ്ട് മോനെ ഈ ലോകത്ത്. അതുകൊണ്ടു തന്നെ ഉള്ള സമയത്ത് അനുഭവിക്കുക, സന്തോഷിക്കുക.

വാഴക്കാവരയൻ: ഇനി എന്നാ സന്തോഷിക്കാനാ ചാച്ചേ... പണ്ടൊക്കെ എന്നും വലിയ പ്രതീക്ഷകൾ, സ്വപ്നങ്ങൾ ഒക്കെ ആയിരുന്നു. ഫുട്‍ബോൾ കളിക്കാരൻ, ക്രിക്കറ്റ് കളിക്കാരൻ, സിനിമാ നടൻ, പ്രധാനമന്ത്രി, മാഫിയ കിങ്, റാലി ഡ്രൈവർ, ബിസിനസ് മാഗ്നറ്റ്... അങ്ങനെ എത്ര സ്വപ്നങ്ങളായിരുന്നു....! ഒരു പക്ഷെ ഒരു കാര്യത്തിൽ ഉറച്ചു നിന്നെങ്കിലും എന്തെങ്കിലും ആയിത്തുതീർന്നേനെ, അല്ലേ ചാച്ചേ..?

ചാച്ച: അതുകൊണ്ടു നിനക്കൊരു നോർമൽ മനുഷ്യനായി ജീവിക്കാൻ പറ്റി. എന്തെങ്കിലും ഒന്നു മാത്രം നേടണമെങ്കിൽ അതിനായി ഒത്തിരി നഷ്ടപ്പെടുത്തണം.... നിനക്കെല്ലാത്തതിന്റെയും അരികുപറ്റി നടക്കാൻ സാധിച്ചു, അതു തന്നെ വലിയ കാര്യം.

വാഴക്കാവരയൻ:  ഉവ്വ...വയസ്സനായി, ക്ഷീണം ആയി, ആരോഗ്യം കുറഞ്ഞു. സ്വപ്നങ്ങൾ പോലും മങ്ങിത്തുടങ്ങി. മക്കളുടെ ഒക്കെ മുന്പിൽ വിരിഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ഒന്നു ചുരുണ്ടു കൂടി ഏതോ ഒരു സംരക്ഷണയിൽ എല്ലാം മറന്നു ഒന്നു കിടക്കാൻ മോഹം....

ചാച്ച: നീ നല്ല പൂസാ.... സെന്റി അടിക്കാതെ പോയി കിടക്കൂ...
(ചിരിച്ചുകൊണ്ട് പുറകോട്ടു നടന്നുകൊണ്ടു......) സങ്കടപ്പെടേണ്ട മോനെ...നിന്റെ നല്ല നിമിഷങ്ങൾ വരുന്നുണ്ടടാ..... നീ ധൈര്യമായി ഇരിക്കൂ.... അവൻ വരുവല്ലേ....

"കുഞ്ഞേപ്പ് വരും.... എല്ലാം ശരിയാകും...."


ഒരു ഫ്ലയിങ് കിസ്സ് നൽകി ചാച്ച നക്ഷത്രങ്ങൾക്കിടയിലേക്ക് തിരിച്ചു പോയി....... ശരിക്കും ഒരുമ്മ തരാൻ ചാച്ചക്കും കൊതിയുണ്ടെന്നു എനിക്കു തോന്നി....


Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP