ഞാനൊരു പാവം പാലാക്കാരന്‍

എന്റെ പെണ്ണ്

>> Thursday, August 21, 2008

അങ്ങനെ നാളെ ഞാന്‍ എന്റെ ഭാര്യയേയും മക്കളേയും കാണാന്‍ പോകുന്നു. ഏതാനും മാസങ്ങളായി ഞങ്ങള്‍ കണ്ടിട്ട്. അതു കൊണ്ടു തന്നെ ഞങ്ങള്‍ നല്ല ത്രില്ലില്‍ ആണ്. എന്നാല്‍ സഹിക്കാനാവാത്തത് എയര്‍പോര്‍ട്ടിലെ താമസങ്ങളാണ്. എന്തായാലും ആ ബോറന്‍ സമയം ഭാര്യയുമായുള്ള പഴയ ഓര്‍മ്മകള്‍ അയവിറക്കനായി ചിലവഴിച്ചു.
പാവമാണവള്‍, എന്നെയും പരിചരിച്ച് ഇരിക്കാനാണ് അവള്‍ക്കിഷ്ടം. അതു തന്നെയാണ് എനിക്കും ഇഷ്ടം (എന്നെ പരിചരിക്കുന്നത് - തിരിച്ചു പരിചരിക്കാന്‍ അത്ര താല്പര്യം പോരാ). കുന്നോളം മോഹിച്ചാലേ കുരുവോളം കിട്ടുകയുള്ളൂ എന്ന വാക്കു കേട്ട് നല്ല നാളുകളില്‍ എന്റെ പ്രണയങ്ങള്‍ മുഴുവനും ശ്രീദേവി, സ്റ്റെഫി ഗ്രാഫ് തുടങ്ങിയ സുന്ദരികളും പ്രഗല്‍ഭരുമൊക്കെയായവര്‍ ആരുന്നു. പിന്നീട് പ്രേമിക്കാനുള്ള ആശ മൂത്ത് പ്രാക്ടിക്കാലിറ്റിയുടെ ബുള്‍ഡോസര്‍ വച്ച് കുന്നു മാന്തി വലിപ്പം കുറച്ചു കൊണ്ടുവന്നെങ്കിലും അതവസാനം കുരുവായിട്ടും നമ്മുടെ കാര്യം സങ്കല്പത്തില്‍ തന്നെ ഒതുങ്ങി നിന്നു. എന്തൊക്കെയായാലും അതെല്ലാം കൂട്ടി വെച്ച് ഇപ്പോള്‍ എന്റെ ഭാര്യക്കുകൊടുക്കാന്‍ സാധിക്കുന്നതിനാല്‍ അവളും ഖുശി ഖുശി.
സാധാരണ എവിടെ പോയാലും, കോലില്‍ തുണി ചുറ്റിവെച്ചാല്‍ പോലും അതിനു സൌന്ദര്യമുണ്ടോ എന്നു നോക്കുന്ന ഞാന്‍ മോഹന്‍ലാല്‍ പറയുന്നപോലെ പല തരത്തില്‍ പല സൈസില്‍ പല നിറത്തില്‍ ഒഴുകി നടക്കുന്ന എയര്‍പോര്‍ട്ടിലെ സുന്ദരിമാരെയൊക്കെ വിട്ട് എന്റെ ഭാര്യയുടെയും മക്കളുടെയും ഓര്‍മ്മകളിലേക്ക് കടന്നു. രണ്ടാമത്തവന്‍ ഇത്തിരി കുറുമ്പനാണെന്നാണ് കേട്ടത്. എന്തായാലും എന്റെ ഓര്‍മ്മകള്‍ ഇതാ 2006 ലേക്കു പറക്കുന്നു. ഞങ്ങള്‍ കല്യാണം കഴിക്കുന്ന കാലഘട്ടം.
കാവ്യയുടെ മുടി, ഹേമമാലിനിയുടെ കണ്ണ്, ലക്ഷ്മി ഗോപാലസ്വാമിയുടെ തൊലി തുടങ്ങി ലോകത്തിലെ എല്ലാ സുന്ദരികളുടെയും നല്ല ഗുണങ്ങള്‍ എല്ലാം ഉണ്ടായിരിക്കണം എന്റെ പെണ്ണിനു എന്നായിരുന്നു ഒരു ശരാശരി ആണ്‍കുട്ടിയും ഇത്തിരി അന്തര്‍മുഖനും ആയ എന്റെ ആഗ്രഹം. എല്ലാ സുന്ദരികളേയും എനിക്കിഷ്ടമാണ്, എന്നു വെച്ചാല്‍ ഇനി എല്ലാരെയും ഒന്നിച്ചു കല്യാണം കഴിക്കണം എന്നു പറഞ്ഞാലും എനിക്കു അതൊരു ബുദ്ധിമുട്ടേ അല്ലായിരുന്നു. എന്തായാലും ദുബായിയില്‍ നിന്നും 1 മാസം അവധിക്കായി നാട്ടില്‍ ചെല്ലുമ്പോള്‍ എല്ലാ ഗുണങ്ങളും തികഞ്ഞ ഒരു പെണ്ണിനെ കണ്ടിട്ട്, എനിക്ക് അവളെ കെട്ടാതെ പറ്റില്ല എന്നു വാശി തോന്നിയാല്‍ വേണമെങ്കില്‍ കെട്ടുന്ന കാര്യം ആലോചിക്കാം എന്നൊക്കെയായിരുന്നു എന്റെ മനസില്‍ സത്യമായും ഉണ്ടായിരുന്നത്.
എന്നും രാവിലെ കുളിച്ച് ഈറന്‍ അണിഞ്ഞ് ,(വല്ല്യ പ്രയാസം ആണു ഇന്നത്തെ കാലത്ത്) സെറ്റുസാരിയും ഉടുത്ത് വരുന്ന ഒരു ഭാര്യയെ ആയിരുന്നു ഒരു ശരാശരി നാട്ടിന്‍ പുറത്തുകാരനായ എന്റെയും സങ്കല്പം. ഉണ്ടക്കണ്ണുകളും, കോലന്‍ മുടിയും ഒക്കെയുള്ള, മുടിയില്‍ മുറ്റത്തെ മുല്ലയില്‍ നിന്നുള്ള പൂവ് വെച്ച് (പാണ്ടി മണം ഇല്ലാത്ത മുല്ല) എന്നെ വിളിച്ചെഴുന്നേല്പിച്ച് ഒരു ജ്യുസുമായി (പാല്‍, ചായ, കാപ്പി ഇതൊക്കെ ഹാങ് ഓവര്‍ ഉള്ളപ്പോള്‍ ശരിയാവില്ല) നില്‍ക്കുന്ന ഭാര്യയെ ഞാന്‍ സങ്കല്‍പ്പിക്കാന്‍ തുടങ്ങി. അവളുടെ ദേഹത്തുള്ള ആ തണുപ്പ്, മുടിയിലെ ചെറിയ നനവ്, powder ഇടാത്ത മുഖമാണ് ഇഷ്ടമെങ്കിലും ക്യൂട്ടിക്കൂറായുടെ ചെറിയ ഒരു മണം ഇതൊക്കെയുള്ള ഒരു നിഷ്കളങ്ക ആയ പെണ്ണിനെ ആയിരുന്നു ഞാന്‍ സ്വപ്നം കണ്ടിരുന്നത്. എനിക്കിഷ്ടമുള്ള ഭക്ഷണം ഓരൊ ദിവസവും മെനു മാറ്റി, fridge ഇല്‍ ഒന്നും വെക്കാതെ വെച്ചു വിളമ്പി തരാനും, എന്റെ പറ്റുന്നിടത്തോളം കുട്ടികളെ പ്രസവിക്കാനും, രണ്ടെണ്ണം വീശാന്‍ നേരം ഗ്ലാസും ഐസുമായി വരാനും, ദേഷ്യം വരുമ്പോള്‍ രണ്ടു വീക്കു കൊടുക്കാനും ഒക്കെയുള്ള ഒരു ജീവി, ഇതായിരുന്നു ഒരു പുരുഷാഥിപധ്യത്തിന്റെ വാക്താവായ എന്റെയും പ്രതീക്ഷകള്‍.
സങ്കല്പങ്ങളുടെ അതിപ്രസരണം മൂലമാണോ എന്തോ എനിക്ക് കല്ല്യാണം കഴിക്കണം എന്ന ആഗ്രഹം നാട്ടില്‍ ചെന്നു രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ മൂര്‍ച്ചിച്ചു. കൂട്ടുകാര്‍ എല്ലാം ഭാര്യമാരുമാ‍യി കറങ്ങുന്നു, ഞാന്‍ അവര്‍ക്കൊരു കട്ടുറുമ്പാകുന്നു, അഴിച്ചുവിട്ടാല്‍ പിന്നെ കൂട്ടില്‍ കയറാന്‍ മടിയുള്ള വീട്ടിലെ ബ്ലാക്കി അനിയന്റെ വടി കാണുമ്പോള്‍ വാലും താഴ്ത്തി കൂട്ടില്‍ കയറുന്ന പോലെ തെണ്ടി തിരിഞ്ഞു നടന്നിരുന്ന ഞാന്‍ വേറെ വഴിയില്ലാതെ വീട്ടില്‍ കയറാന്‍ നിര്‍ബന്ധിതനാകുന്നു. എന്തൊക്കെയോ ഒരു ശ്യൂന്യത. എന്തായാലും പെണ്ണുകാണല്‍ തുടങ്ങാം എന്നു തീരുമാനിച്ചു.
ഞാന്‍ അവധിക്കു വരും മുമ്പേ വീട്ടുകാര്‍ 4-5 പെണ്ണുങ്ങളെ സെലക്ട് ചെയ്ത് എന്റെ selection ആയി വെച്ചിരുന്നു എങ്കിലും ആദ്യമേ പറഞ്ഞ മല അതു വരെ കുരുവാകാഞ്ഞതു കാരണം ഒന്നിനെയും കാണാന്‍ പോലും ഞാന്‍ പോകില്ല എന്നു പറഞ്ഞിരുന്നു. ഒരു പെണ്ണിനെ കണ്ടിട്ടു വേണ്ടാ എന്നു പറഞ്ഞാല്‍ ആ കൊച്ചിനു വിഷമം ആകില്ലേ? അതു മാത്രവുമല്ല No പറയാന്‍ പണ്ടു മുതലേ ഞാന്‍ ഭയങ്കര മിടുക്കനും ആയിരുന്നു. (അല്ലാതെ എല്ലാ പെണ്ണുങ്ങളെയും കെട്ടാന്‍ തോന്നും എന്ന കാരണം ഒന്നുമല്ല കേട്ടോ). ജീവിതത്തില്‍ No എന്ന ചെറിയ വാക്ക് പറയാന്‍ എത്ര പ്രയാസം ആണ് എന്ന് അറിയണമെങ്കില്‍ എന്നോട് ചോദിച്ചാല്‍ മതി.
എന്തായാലും ആദ്യത്തെ കാണല്‍ എരുമേലിക്കപ്പുറത്ത്, ഒരു വാധ്യാരുടെ മോള്‍, MCA കഴിഞ്ഞു ചൂടോടെ നില്‍ക്കുന്നു. നല്ല കണ്ണുകള്‍ ഉള്ള മെലിഞ്ഞ ഒരു പെണ്‍കുട്ടി. എന്റെ ലാളിത്യ ചിന്തകള്‍ക്കു എരിവു കൂട്ടി അവള്‍ ഒരു ചുളുങ്ങിയ ചുരിദാര്‍ ഒക്കെ ഇട്ടിരിക്കുന്നു. ആങ്ങള ഗല്‍ഫില്‍ നിന്നും പെങ്ങളുടെ കല്യാണം നടത്താന്‍ എത്തിയിരിക്കുന്നു. പെണ്‍കുട്ടിയുമായി പേര്‍സണലായി സംസാരിച്ചപ്പോള്‍ ഇത്തിരി നീറിന്റെ സ്വഭാവം ഉള്ള ഒരു ചെറിയ ഫീലിങ് തോന്നി എങ്കിലും മൊത്തത്തില്‍ കുഴപ്പം തോന്നിയില്ല. എന്നാലും വീട്ടുകാര്‍ക്കു ഒരു തളര്‍ച്ച പോലെ തോന്നി, മൊത്തത്തില്‍ ഒരു ഉന്മേഷം ഇല്ലായ്മ. ഇവള്‍ നിന്റെ പെണ്ണ് എന്നു കര്‍ത്താവിന്റെ സ്വരം കേള്‍ക്കുന്നില്ല. എന്തായാലും അറിയിക്കാം എന്നും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി. കൂടെ വന്ന London അളിയനും പെങ്ങളും കുഴപ്പമില്ല എന്നു പറഞ്ഞു എങ്കിലും മൊത്തത്തില്‍ നമ്മുടെ മാര്‍കെറ്റ് അറിയാം എന്നു വെച്ചു.
അടുത്തതായി ഒരു Bsc nurse, കാലത്തിന്റെ ട്രെന്റ് അനുസരിച്ച് ലോകത്തെവിടെയും പോയി ജോലി ചെയ്യനുള്ള അവകാശമുള്ളവര്‍. 10 വര്‍ഷത്തോലമായി വിവിധ ജോലികള്‍ ചെയ്ത് ഒന്നും നേടാനാവാതെ പോയ ഒരു പാഴ് ജന്മമായിരുന്നതിനാല്‍ ഇനിയുള്ള കാലം കുട്ടികളെയും നോക്കി, ഇത്തിരി ചീട്ടും കളിച്ച്, 2 എണ്ണവും വിട്ടിരിക്കുന്ന കാര്യവും പരിഗണനയില്‍ വന്നു. വീടിനു അടുത്തുള്ള സ്ഥലം ആയിരുന്നതിനാല്‍ നമ്മുടെ കുടുംബവും മറ്റും അറിയാവുന്നവര്‍. ചെന്നു കണ്ടപ്പോള്‍ എന്റെ ഒപ്പം പൊക്കവും, എന്നെ ഒക്കത്തിരുത്താവുന്ന തഞ്ചവും പെരുമാറ്റത്തില്‍ തര്‍ക്കവും തണ്ടും. ഓടി രക്ഷപെട്ടു ഞാന്‍. ദൈവമേ,ഈ ലോകത്തു നല്ല പെണ്ണുങ്ങള്‍ ഒക്കെ എവിടെ പോയി ഒളിച്ചു? വഴിയില്‍ വായി നോക്കി നടക്കുമ്പോള്‍ എല്ലായിടത്തും തരുണീമണികള്‍.
അങ്ങനെ സാഹചര്യ സമ്മര്‍ദ്ദവശാല്‍ ഞാന്‍ കാലക്രമേണ എന്റെ ഭാര്യയായ കൊച്ചിനെ കാണാന്‍ പോയി. കാല്‍ക്രമേണ എന്നു പറയാന്‍ പറ്റില്ല, ദിവസക്രമേണ എന്നു വേണമെങ്കില്‍ പറയാം, കാരണം 15 ദിവസത്തിനുള്ളില്‍ അവള്‍ എന്റെ ഭാര്യയായി മാറി. ചെന്നു കണ്ടപ്പോള്‍ ഇത്തിരി മിണ്ടാന്‍ തോന്നി. ഉണ്ട കണ്ണ്, കോലന്‍ മുടി, മെലിഞ്ഞ് ഇത്തിരി പൊക്കം ഇതൊന്നും ഇല്ലാത്ത എന്നാല്‍ കണ്ടപ്പോളെ അയ്യോ എന്നു വെച്ച് ഓടാന്‍ തോന്നാത്ത ഒരു കൊച്ച്. ഒരു മംഗോളിയന്‍ ലുക്ക് ഉള്ള ഇത്തിരി വണ്ണം ഉള്ള വെളുത്ത ഒരു കൊച്ച്. വീട്ടുകാര്‍ നേരത്തെ കണ്ടിരുന്ന കൊണ്ട് ഫോട്ടോ ഒക്കെ അയച്ചു തന്നിരുന്നു. അതില്‍ കണ്ടപ്പോള്‍ കന്യാസ്ത്രീമഠത്തില്‍ ജോലിക്കു നില്‍ക്കുന്ന പെണ്ണുങ്ങളുടെ പ്രതീതി തോന്നിയതിനാല്‍ കാണുകയേ വേണ്ടാ എന്നു വെച്ചിരുന്നെങ്കിലും, കാണേണ്ടിവന്നു. കണ്ടപ്പോള്‍ എന്തോ ഒത്തിരി മിണ്ടാന്‍ തോന്നി. എന്നാലും ഐശ്വര്യാ മാറി ഷക്കീല ആവാന്‍ വേണ്ട സമയത്തിന്റെ പകുതി എങ്കിലും വേണ്ടേ സാധാരണ ഒരാളെ ഇഷ്ടപ്പേടാന്‍. അതു കൊണ്ട് 3 ദിവസം കഴിഞ്ഞു പറയാം എന്നു പറഞ്ഞു.
അടുത്ത ദിവസം നടന്നത് മൂന്നാര്‍ മുതല്‍ മുണ്ടക്കയം വരെ ഓടി നടന്നുള്ള പെണ്ണുകാണല്‍ ആയിരുന്നു. ഡല്‍ഹിയില്‍ പഠനവും ജോലിയും കഴിഞ്ഞു അയര്‍ലണ്ടിനുള്ള വണ്ടിക്കു കൈയ് കാണിക്കാന്‍ നില്‍കുന്ന Bsc നഴ്സിന്റെ അപ്പന്റെയും ചേട്ടന്റെയും മനോഭാവം, അതൊരു പാവം പെണ്ണായിട്ടു കൂടി വേണ്ടെന്നു ഞാന്‍ വേണ്ടെന്നു വെച്ചു. എന്റെ ജോലിയും സര്‍ട്ടിഫിക്കേറ്റും ഒക്കെ ഒറിജിനല്‍ ആണോ എന്നു ഞാന്‍ തെളിയിച്ചു കൊടുക്കണം എന്നൊക്കെയുള്ള രീതിയില്‍ ഉള്ള അവരുടെ ജാട എന്റെ ജാടയെ മുറിവേല്പിച്ചു എന്നതു സത്യം. അല്ലാതെ സര്‍ട്ടിഫിക്കറ്റിനു ശേഷം ഞാന്‍ അണാണെന്നു തെളിയിച്ചു കാണിക്കണം എന്നു പറയും എന്നുള്ള പേടി കൊണ്ടല്ല. പിന്നെ ജോലിയുള്ളത്, ഇല്ലാത്തത്, സുന്ദരികള്‍, വിരൂപികള്‍ എന്നിങ്ങനെ അവസാനം 7 പേരെ കണ്ട് അന്നത്തെ പരിപാടി അവസാനിപ്പിച്ചു.
വൈകുന്നേരം വീട്ടില്‍ ഒറ്റക്കിരുന്നു. Duty free സാധനങ്ങള്‍ എല്ലാം തീര്‍ന്നതിനാല്‍ പഴയ ഓര്‍മ്മകള്‍ അയവിറക്കാനായി വാങ്ങിയ MC Celebration ല്‍ നിന്നും ഒരു ലാര്‍ജ്ജ് എടുത്ത് തുടങ്ങി - ആലോചനയും റമ്മടിയും. എന്താണു ജീവിതം? എന്താണു കല്ല്യാണം? ഏതു തരം പെണ്ണു വേണം? എങ്ങിനത്തെ കുടുംബം വേണം? സിഗരറ്റുകള്‍ എരിഞ്ഞമര്‍ന്നു. ഐസിട്ടു തണുപ്പിച്ച റം അധരങ്ങളില്‍ നിന്നും അന്നനാളം വഴി ആമാശയത്തിലെത്തി അവിടെ നിന്നും കിഡ്നി കാണാതെ കരളിനെ മര്‍ദ്ദിച്ചവശനാക്കി കശേരുക്കളിലെത്തി. എന്റെ മജ്ജയും മാംസവും മാര്‍ദ്ദവപ്പെട്ടതിന്റെ ഫലമായി ഞാന്‍ ചാരിയിരുന്നു. ആന്തരിക അവയവങ്ങളില്‍ നിന്നും ഊര്‍ന്നിറങ്ങിയ മദ്യത്തിന്റെ നേര്‍ത്ത ആറ്റങ്ങള്‍, അതിലെ ഇലക്ട്രോണും പ്രോട്ടോണും ന്യൂട്രോണും കെട്ടിപ്പിടിച്ചുകൊണ്ടു തന്നെ സെറിബെല്ലത്തിന്റെ ബെല്ലടിക്കാതെ മെഡുല്ല ഒബ്ലാംഗേറ്റയുടെ വാതില്‍ ചവുട്ടി തുറന്ന് തലച്ചോറിലെത്തി. ചിന്തകള്‍ തെളിയാനായ് തുടങ്ങിയ മദ്യ സേവ, സിഗരറ്റിന്റെ പുകമറയാല്‍ മങ്ങിയതാവാം. എന്തായാലും നാളെ പ്രഭാതത്തില്‍ നല്ല മനസോടെ കാര്യങ്ങള്‍ തീരുമാനിക്കാം എന്നു വെച്ച് നന്നായി അങ്ങു മിനുങ്ങി, കിടന്നുറങ്ങി.
നല്ല കാറ്റുള്ള സന്ധ്യാസമയം. ചെറായി ബീച്ചിന്റെ വിജനമായ ഭാഗത്തു കൂടി ഞാന്‍ മെല്ലെ നടന്നു. മണല്‍തരികള്‍ക്ക് സ്വര്‍ണ്ണനിറം. സൂര്യന്‍ പാതി കണ്ണടച്ചു കഴിഞ്ഞു. കാറ്റിനു ചെറിയ തണുപ്പ്, മണല്‍തരികള്‍ക്കു ചെറുചൂട്. എന്റെ നിഴലിനു നീളം കൂടി തീരത്തിനരികിലുള്ള യൂക്കാലിപ്റ്റസ് മരങ്ങളുടെ ഇടയിലൂടെ പോയി. മീന വരമെന്നു പറഞ്ഞിരുന്നു. ഒരു ഇളം നീല ഷിഫോണ്‍ സാരിയുടുത്തതാ അവള്‍ വരുന്നു. പ്രശസ്തിയും പണവും ഉണ്ടെങ്കിലെന്താ, അവളുടെ കണ്‍കോണുകളില്‍ എപ്പോളും ഒരു തുള്ളി നിറഞ്ഞിരിക്കുന്നപോലെ. കടല്‍ തീരത്തിരുന്നു സിനിമാനടി മീനയുമായി സല്ലപിച്ചിരുന്നപ്പോള്‍ മനസിനുള്ളില്‍ എന്തൊരു സുഖം. ആ കണ്ണുകളില്‍ നോക്കിയിരുന്നു ഞാന്‍. ഇത്തിരി പൊങ്ങിയ ആ മേല്‍ചുണ്ടില്‍ ഒരുമ്മ കൊടുത്തു ഞാന്‍. സിനിമാഭിനയത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഒരിത്തിരി മനുഷ്യസ്ത്രീ ആവാനായി എന്റടുത്തു വന്ന പാവം മീന. എനിക്കു എന്റെ രൂപം തന്നെയായിരുന്നെങ്കിലും മോഹന്‍ലാലിന്റെ ഒരു ചെറിയ സാമ്യം ഇല്ലാതില്ല എന്നു പറയാതെ വയ്യ. പെട്ടെന്നണ് കടലില്‍ നിന്നും നരസിംഹത്തിലെ മോഹന്‍ലാല്‍ ആക്രോശത്തോടെ ഓടി വന്നത്. പെട്ടെന്നു തന്നെ രൂപം മാറി ഉടയോനിലെ കുഞ്ഞിപ്പാപ്പയായി. എന്തൊരു ക്രൂരഭാവം ആണ് ഇപ്പോള്‍ മോഹന്‍ലാലിന്റെ മുഖത്ത്. തൂക്കിയെടുത്തെറിഞ്ഞു എന്നെ കടലിലേക്ക്. കുറച്ചുനേരം നീന്തിയെങ്കിലും കാലുകള്‍ കുഴയാന്‍ തുടങ്ങി. താഴേക്കു താണുതുടങ്ങി, ശ്വാസം കിട്ടുന്നില്ല. സമുദ്രാടിത്തട്ടിലെ അത്യഗാഥ ഗര്‍ത്തത്തിലേക്കു താണുപോകതിരിക്കാന്‍ ഇരയെത്തേടി വന്ന കിനാവള്ളിയുടെ വള്ളിയില്‍ പിടിച്ചുനോക്കി. പുതപ്പില്‍ പിടിച്ചു വലിച്ചാലും കട്ടിലില്‍ നിന്നു താഴെ പോകതിരിക്കുമോ? എന്തായാലും മീനയെ കണ്ടതുകൊണ്ട് നേരത്തെ എണീക്കാന്‍ സാധിച്ചു.
രാവിലെ ഏതയാലും കുളിച്ചു കുട്ടപ്പനായി ചിന്തിക്കാനിരുന്നു. കാര്യം ഇന്നലത്തെ പെണ്ണുകാണല്‍, അല്ഫോന്‍സാ കോളേജിനു മുമ്പില്‍ KMS ലേഡീസ് ഒണ്‍ലി വന്നു നിന്നപ്പോള്‍ നോക്കിയപോലെ ആയെങ്കിലും അയവിറക്കി നോക്കി. വേണ്ട, അതൊന്നും വേണ്ട. അങ്ങനെ വീണ്ടും ഞാന്‍ എന്റെ കൊച്ചിന്റെ കാര്യം അലോചിച്ചു. അമ്മ ചോദിച്ചു, എന്താടാ മോനെ അലോചന, ആരേം ഇഷ്ടപ്പെട്ടില്ലെ? ഞാനൊന്നും മിണ്ടിയില്ലെങ്കിലും അമ്മക്കു മനസിലായി എന്റെ മാനസിക വ്യാപാരങ്ങള്‍. ആമ്മ പറഞ്ഞു, നീ ആ കുറവിലങ്ങാട്ടിലെ പെണ്ണിനെ (എന്റെ കൊച്ച്) നന്നായി ഒന്നു ചിന്തിച്ചു നോക്കു. അവള്‍ നിന്നെ പൊന്നുപോലെ നോക്കിക്കൊള്ളും. എന്നാലും ഇത്തിരി കൂടി ബുള്‍ഡോസര്‍ വച്ചു മാന്താന്‍ ഉണ്ടായിരുന്നു എന്റെ സങ്കല്‍പ്പങ്ങള്‍. എന്റെ പ്രയാസം കണ്ടിട്ടു ചാച്ചയുടെ ചേട്ടന്‍ വാഗ്ദാനം ചെയ്തു, ഞാന്‍ കണ്ടിട്ടു പറയാം എന്ന്‍.
അങ്ങനെ രണ്ടാം വട്ട കാഴ്ച. ചാച്ചയുടെ 3 ചേട്ടന്മാര്‍ തലയെടുപ്പോടെ സോഫായില്‍ ഇരിക്കുന്നു. അമ്മാവനും ആന്റിയും അമ്മയും ഇത്തിരി കൂടി friendly അപ്രോച്ച് ആണ്. പെണ്ണിനെ കാണുന്ന വരെ എല്ലാവരും വളരെ മസില്‍ പിടിച്ചിരുന്നു. എന്തായാലും പെണ്ണിനെ കണ്ടപ്പോള്‍ ചാച്ചയുടെ ചേട്ടന്മാര്‍ തമാശൊക്കെ പറയാന്‍ തുടങ്ങിയതോടെ എനിക്കു മനസിലായി, ഇവള്‍ തന്നെ എന്റെ പെണ്ണ്. പിന്നെ ഒന്നുകൂടി വര്‍ത്തമാനം പറയാന്‍ ഇരുന്ന എന്നെ എഴുന്നേല്പിക്കാന്‍ അമ്മാവനു വന്നു ജനലില്‍ കൂടി വാണിങ് തരേണ്ടി വന്നു എന്നതു സത്യം.
അങ്ങനെ മനസമ്മതം, ചരക്കെടുക്കല്‍, ബച്ചെലേര്ഴ്സ് പാര്‍ട്ടി, കല്ല്യാണം ഒക്കെ സംഭവബഹുലമായി തന്നെ നടന്നു. സംസാരപ്രിയനായ ഞാന്‍ എന്റെ ഏക സംസാരത്തോട് സംസാരമാകുന്നതിനു മുമ്പു കിട്ടിയ ചുരുങ്ങിയ ദിവസങ്ങള്‍ ഒട്ടും നഷ്ടപെടുത്താതെ തന്നെ BSNL ന്റെ സഹായത്തോടു കൂടെ തന്നെ ഉപയോഗപ്പെടുത്തിയതിനാല്‍ എന്റെ ആക്രാന്തം അവള്‍ക്കും മനസമ്മതം, ചരക്കെടുക്കല്‍, കല്ല്യാണം ഇതിനൊക്കെ ഞങ്ങളുടെ ഡ്രൈവര്‍ ആയി വന്ന സ്വന്തക്കാര്‍ക്കും മനസിലായി എന്നതു വാസ്തവം. ഇത്രനാളും ഞാന്‍ സങ്കല്പത്തിലൂടെ വെറുതെ കളഞ്ഞിരുന്ന എന്റെ സ്നേഹവും വികാരങ്ങളും ഞാന്‍ ഒരു നിമിഷവും പാഴാക്കാതെ അവള്‍ക്കു പകര്‍ന്നു. അവള്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതുയെന്നു വിശ്വസിച്ചു. ദൈവത്തെ പോലും മറന്നു അവള്‍ എന്നെ സ്നേഹിച്ചു. ഞാനവളെയും.
കല്ല്യാണപിറ്റേന്നു തന്നെ സ്നേഹത്തിന്റെ തീവ്രതയില്‍ പെട്ട് സ്വന്തം രഹസ്യങ്ങളും സ്വഭാവ സവിശേഷതകളും ഗീര്‍വാണങ്ങളും വിളമ്പി ജീവിതം ഭാര്യയുടെ കാല്‍ക്കീഴില്‍ ആക്കരുത് എന്നുള്ള അനുഭവസ്തരുടെ ഉപദേശത്തിനാല്‍ ഞാന്‍ പൂര്‍ണ്ണമായും തമാശുകളും കളിചിരികളുമായി ഉല്ലസിച്ചുപോന്നു. ആകെയുള്ള 10 ഡേയ്സ് ചെറിയ യാത്രകളും ഒക്കെയായി ഞങ്ങള്‍ ഉല്ലസിച്ചു. എങ്കിലും എല്ലാ സധാരനക്കരെയും പോലെ ഞാനും ഭാര്യയുടെ മുമ്പില്‍ ഇത്തിരി ഭയങ്കരനാ ഞാന്‍ എന്നു വരുത്താന്‍ ഉള്ള വേലത്തരങ്ങള്‍ ഒക്കെ ചെയ്തിരുന്നു. കാര്‍ നല്ല സ്പീഡില്‍ ഓടിക്കുക, സൈഡുതരാത്ത ഹണിമൂണിനു പോയ വര്‍ക്കലയിലെ ബീച്ചില്‍ തലയും കുത്തി മറിയുക, കേട്ടിട്ടില്ലാത്ത കോക്ടൈല്‍ (ഒരെണ്ണത്തിനു ഒരു ഫുള്‍ MCR ന്റെ വിലയാ) രാവിലെ ചായക്കു പകരം ഇതൊക്കെയാണു എന്റെ പതിവെന്നമട്ടില്‍ അടിക്കുക എന്നിങ്ങനെയുള്ള സാമാന്യം തരക്കേടില്ലാത്ത പൊട്ടത്തരങ്ങള്‍ ചെയ്തിരുന്നു. അതെല്ലാം സാധാരണ പുതു മണവാട്ടികള്‍ ചെയ്യുന്ന പോലെ അവളും നന്നായി ആസ്വദിക്കുന്നതായി കാണിച്ചിരുന്നു. എന്തായാലും ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ നിമിഷങ്ങളിലൂടെ ഞങ്ങള്‍ ആ 10 ദിവസങ്ങള്‍ പിന്നിട്ടു.
അങ്ങനെ പരസ്പരം മനസിലാക്കികൊണ്ടിരുന്ന ആ നിമിഷങ്ങളിലാണ് ഞാനും എന്റെ ഭാര്യയെ പറ്റി ശരിക്കും മനസിലാക്കിയത്. ഒരു കൂട്ടുകാരന്റെ വീട്ടില്‍ വിരുന്നു പോയാപ്പോള്‍ അവന്റെ വക നിര്‍ദ്ദേശം, ഞങ്ങളുടെ ഇഷ്ട ലൊക്കേഷന്‍ ആയ വാഗമണ്‍ പോയാലോ എന്ന്. സമയം 5 മണി ആയെങ്കിലും അവനും പുതുമോടിയില്‍ തന്നെ ആയതിനാല്‍ രണ്ടുകൂട്ടരും തയ്യാര്‍. അങ്ങനെ വാഗമണ്‍ മൊട്ടക്കുന്നുകളുടെയും തേയിലക്കാടുകളുടെയും ഒക്കെ രാത്രിയുടെ വന്യസൌന്ദര്യം ആസ്വദിക്കാനായി ഞങ്ങള്‍ പുറപ്പെട്ടു.
ഈരാറ്റുപേട്ടയില്‍ നിന്നും വാഗമണ്‍ റോഡിലേക്കു കയറിയപ്പോളേ നേരം ഇരുട്ടി. കാര്യം ഇരുട്ടു നമ്മുടെ ആജന്മശത്രുവായിരുന്നെങ്കിലും ഭാര്യയും കൂട്ടുകാരനും അവന്റെ ഭാര്യയും ഉണ്ടായിരുന്ന കാരണം കാറിന്റെ ഗ്ലാസ് ഒക്കെ താഴ്ത്തിയിട്ടു. വളഞ്ഞു തിരിഞ്ഞ റോഡുകള്‍, കുത്തനെയുള്ള കൊക്കകള്‍, ഹെയര്‍ പിന്‍ വളവുകള്‍, കയറ്റങ്ങള്‍. പുറത്തുനിന്നും തണുത്ത കാറ്റ് മഞ്ഞുകണങ്ങളുടെ മേമ്പൊടിയോടെ അകത്തേക്കു കയറി, ദുബായിലെ AC ഡെ വൃത്തികെട്ട തണുപ്പല്ലല്ലോ പ്രകൃതിയുടെ തണുപ്പ്. ഒരു കൈ ഗിയറിലും മറ്റേ കൈ സ്റ്റിയറിങ്ങിലുമായി എന്റെ ഡ്രൈവിങ് സ്കില്‍ ഭാര്യേടെ മുമ്പില്‍ കാണിക്കാനായി ശ്രമിക്കാതെ മര്യാദക്കു കൂട്ടുകാരനെ കൊണ്ട് കാര്‍ ഓടിപ്പിക്കുവായിരുന്നെങ്കില്‍ അവളെ കട്ടിപ്പിടിച്ചു തണുപ്പ് ആസ്വദിക്കാമായിരുന്നു. വിനാശകാലേ വിപരീത ബുദ്ധി, അല്ലതെന്താ? എന്തായാലും എന്റെ സ്റ്റൈലന്‍ ഓടിക്കലില്‍ കൂട്ടുകാരനും അവന്റെ ഭാര്യയും നല്ല ആശങ്കാകുലരായിരുക്കയും ഇടക്കിടെ അപശബ്ദങ്ങള്‍ കേല്‍പ്പിക്കുകയും ചെയ്തുപോന്നു. കൂട്ടുകാരന്റെ കാല്‍ മുമ്പില്‍ ചവുട്ടി ചവുട്ടി വണ്ടീടെ പ്ലാറ്റ്ഫോര്‍മില്‍ തുള വീണു എന്നാ തോന്നുന്നെ, അവന്‍ ബ്രെയ്ക് ചവിട്ടാന്‍ ശ്രമിച്ചിട്ട്.
എന്തായാലും വാഗമണ്‍ എത്തി, മൊട്ടക്കുന്നുകള്‍ കടന്നു ഞങ്ങള്‍ സ്വസ്തമായ ഒരിടം തേടി. ഇനി ഞങ്ങളെ കണ്ടാല്‍ കല്ല്യാണം കഴിഞ്ഞവരല്ലാ എന്നു മറ്റുള്ളവര്‍ക്കു തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ? കല്ല്യാണം കഴിയാത്തവരും ഇങ്ങനെയൊക്കെ തന്നെയല്ലേ ഇപ്പോള്‍ വരുന്നത്. വണ്ടി ഒരു തേയിലകാട്ടിലേക്കു കയറ്റി. പുറത്തു നിന്നു കാണാന്‍ പെട്ടെന്നു സാധിക്കത്ത കാരണം ഉളിഞ്ഞു നോട്ടക്കാരും കടല വില്പനക്കാരും ഒന്നും ശല്യപെടുത്തുകയും ഇല്ല. കൂട്ടുകാരനും ഭാര്യയും വണ്ടിയുടെ അടുത്തു തന്നെ ഇരുന്നു. ഭാര്യ പറഞ്ഞു നമുക്കു ആ പാറയില്‍ പോയിരിക്കാം. ഇത്തിരി നടക്കണം, രാത്രിയല്ലേ? മനസു പറഞ്ഞു വേണ്ടാ എന്നു. അവള്‍ വിചാരിക്കില്ലേ പേടിയായിട്ടണ് എന്ന്? വഴിയില്‍ പാമ്പും കീരിയും ഒന്നും കാണല്ലേ എന്നു പ്രാര്‍ത്തിച്ചു കൊണ്ടു ഞാനും മറ്റുള്ളവര്‍ കാണാതെ എന്നെ കെട്ടിപ്പിടിച്ചിരിക്കുന്ന സുഖം ഓര്‍ത്തു ഭാര്യയും നടന്നു.
പാറമേല്‍ കെട്ടിപ്പിടിച്ചു ഞങ്ങളിരുന്നു. പഴയ ട്രാന്‍സ്പോര്‍ട്ട് ബസിന്റെ മഴക്കാലത്തെ പടുതാ കാറ്റത്തു പൊങ്ങി അടഞ്ഞിരുന്ന പോലെ അവളുടെ സാരി കാറ്റില്‍ പാറിപറന്നു. ചന്ദ്രന്‍ ഞങ്ങളുടെ കാമ സല്ലാപങ്ങള്‍ നോക്കി നാണത്താല്‍ കാര്‍മേഘത്തിനുള്ളില്‍ മറയുകയും പ്രണയസല്ലാപങ്ങള്‍ കേട്ട് പുറത്തു വരുകയും ചെയ്തുകൊണ്ടേയിരുന്നു. പമ്പോ പഴുതാരയോ വന്നു കുണ്ടിക്കു കടിക്കുമോ എന്നുള്ള എന്റെ പേടി പിന്നീടു പടികടന്നെത്തുന്ന പതനിസ്വരം കേട്ടതേയില്ല. തേയിലക്കടുകളെയും മൊട്ടകുന്നുകളെയും തഴുകിയുറക്കി വന്ന തണുത്ത കാറ്റിനും ഞങ്ങളുടെ കാമത്തിന്റെ അഗ്നിസ്പുലിംഗങ്ങളെ തകര്‍ക്കാനായില്ല, തണുപ്പിക്കാനുമായില്ല. അതൊനൊരു സ്വാഭാവിക അന്ത്യം വരുന്ന വരെ കൂട്ടുകാരനും ഭാര്യയും അവരുടെ കുഞ്ഞു ലീലകളില്‍ മുഴുകി, മടുത്തപ്പോള്‍ കാറില്‍ കയറി ശോകഗാനം കേട്ടു. കിഴക്കുവശത്തിരുന്ന ചന്ദ്രന്‍ കുറച്ചുകൂടി അടുത്തുവന്നു തലക്കു മുകളിലായി, ഞങ്ങലെണീറ്റു.
സാറും ബാറും തമ്മിലുള്ള അക്ഷരസാമ്യത്തേക്കാളേറെ പാലായിലെ ബാറുകളുമായി ബന്ധം സൂക്ഷിച്ചിരുന്ന സാറായ എന്റെ കൂട്ടുകാരന്‍ ഒരു പൈന്റ് കരുതിയിരുന്നു. എന്നെക്കൂടാതെ ഇന്നേവരെ വാഗമണ്‍ പോകാത്ത നീ പെണ്ണുകെട്ടിയപ്പോള്‍ എന്നെ ഉപേക്ഷിച്ചോ എന്നു ചോദിച്ചു മദ്യപരദേവത കോപിക്കുമോ എന്ന ഭയത്താലായിരിക്കാം അവന്‍ അതു കരുതിയത്. തണുപ്പോക്കെ ആയതിനാല്‍ ഭാര്യമാരോടു ചോദിച്ചാല്‍ അവര്‍ വേണമെന്നെങ്ങാനും പറഞ്ഞാലോ എന്ന പേടിയാല്‍ ഞങ്ങള്‍ പെട്ടെന്നു തന്നെ ആ പൈന്റിന്റെ കഥ കഴിച്ചു.
വാഗമണിന്റെ ഏറ്റവും ചെങ്കുത്തായ ഭാഗത്തു നിര്‍ത്തി ഞങ്ങള്‍. താഴെ ഭീകരമായ കൊക്ക. കാറ്റടിച്ചു കൊക്കയില്‍ പോകാതിരിക്കാനായ് കലുങ്ക്. അരണ്ട വെളിച്ചം, കൊടും തണുപ്പ്. ഞാന്‍ പതുക്കെ കലുങ്കിന്റെ അടുത്തു ചെന്നു. താഴേക്കു നോക്കി. കാര്‍മേഘപ്പുതപ്പില്‍ നിന്നും ഒളിഞ്ഞുനോക്കിയ ചന്ദ്രന്റെ വെളിച്ചത്തിലും കൊക്കയുടെ അടിഭാഗം കാണാന്‍ സാധിക്കുന്നില്ല. നാലഞ്ചു മീറ്റര്‍ അകലേ നില്‍ക്കുന്ന അവര്‍ 3 പേരും എന്നെ ശ്രദ്ധിക്കുന്നില്ല. ഞാന്‍ സൂക്ഷിച്ചു കലുങ്കിനു മുകളില്‍ കയറി. ആഞ്ഞു വീശുന്ന കാറ്റിനു കീഴ്പെടാതിരിക്കാനായി ഞാന്‍ 90 ഡിഗ്രിയില്‍ നില്‍ക്കാതെ 75 ഡിഗ്രി ടുവേര്‍ഡ്സ് റോഡിലേക്കു ചെരിഞ്ഞു നിന്നു.
എന്റെ ചക്കരേ....ഓടിവരൂ പൊന്നേ....നമുക്കു ടൈറ്റാനിക്കില്‍ റോസും ജാക്കും നില്‍കുന്നപോലെ ഇവിടെ നില്‍ക്കാം. ഓടിയെത്തി അവള്‍, ചാടിക്കയറി എന്നെ കെട്ടിപുണര്‍ന്നു. കാറ്റില്‍ പറന്നു കളിച്ച അവളുടെ സാരിയയാല്‍ എന്റെ കാഴ്ചമറഞ്ഞു. ഞാന്‍ റോഡാണെന്ന ഉദ്ദേശത്താല്‍ ചാടിയതു റോഡുതന്നെയായിരുന്നു. എന്നില്‍ നിന്നും ഒരു ദീര്‍ഘശ്വാസം ഉയര്‍ന്നു പൊങ്ങി.
അവള്‍ ഒരിക്കലും അവിടെ കയറും എന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. മാത്രവുമല്ല, എന്റെ സാഹസിക പ്രവര്‍ത്തനങ്ങള്‍ കണ്ട് കൂട്ടുകാര്‍ ഒക്കെ ഭയപ്പെട്ട് എന്നെ അതില്‍ നിന്നു പിന്തിരിപ്പിക്കുമ്പോള്‍ ഞാന്‍ ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങള്‍ വരെ അവര്‍ എന്നെ പിന്തിരിപ്പിക്കും എന്ന ഉത്തമ വിശ്വാസത്താല്‍ ചെയ്യാന്‍ ശ്രമിക്കുകയും അവര്‍ പിന്തിരിപ്പിക്കുകയും ചെയ്തിരുന്നു. ഇവളെ ഞാന്‍ ഇനി എങ്ങനെ പേടിപ്പിക്കും, ഞാന്‍ ധൈര്യവാന്‍, സാഹസികന്‍ ഒക്കെ ആണെന്നു അവളെ കാണിക്കാനായി ചെയ്യുന്നതെല്ലാം എന്നെക്കാളും ധൈര്യവും സാ‍ഹസികതയും അവള്‍ക്കാണെന്നു തെളിയിക്കാനാണല്ലോ ഉപകരിക്കുന്നത്.
എന്തായാലും എനിക്കു മനസിലായി, ഇനി ഇത്തരം കാര്യങ്ങള്‍ ശ്രമിച്ചാല്‍ ഞാന്‍ അവളുടെ പിറകിലാണു എന്നവള്‍ക്കു മനസിലാകും. പിന്നീട് ഇന്നു വരെ ഞാന്‍ അവളുടെ മുമ്പില്‍ ആളാകാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ പിന്നീട് ചോദിച്ചു, എന്തു ധൈര്യത്തില്‍ ആണു നീ അവിടെ കയറിയതു എന്ന്. ഞാന്‍ പറഞ്ഞാല്‍ തഴോട്ടു ചാടാനും അവള്‍ റെഡിയാണെന്നു പറഞ്ഞു. ഇന്നെനിക്കറിയാം, അവളതിനും റെഡിയാണ്, എന്നെ അത്രക്കിഷ്ടമാണ്.

4 comments:

കാര്‍വര്‍ണം August 22, 2008 at 9:18 AM  

ha ha angane thanne venam

hmm kollam thudaroo.
Aksharapisasine aavahikkan sramikkoo.
Chilayidathu sentence sukalkk theere vyakthatha yilla. athu vayanayude rasam kalayum. Sraddikkumallo

Anoop Technologist (അനൂപ് തിരുവല്ല) August 22, 2008 at 12:31 PM  

:)

Sinochan August 22, 2008 at 8:07 PM  

Thanks for the comments.

Vyakthathayillatha sentencukalku oru eg: parayamo? Ingane ezhuthi ezhuthi vende teliyaan...

PIN August 23, 2008 at 3:47 AM  

Nice post..

keep writing...
all the best..


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP