ഞാനൊരു പാവം പാലാക്കാരന്‍

അമ്മ

>> Thursday, December 16, 2010

അങ്ങനെ വാഴക്കാവരയനും സെഞ്ചുറി അടിക്കുന്നു. സിക്സര്‍ അടിച്ചു വേണോ അതോ സിംഗിള്‍ എടുത്തു വേണോ എന്നോക്കെ ചിന്തിച്ചു നോക്കുന്നു. പതിവിനു വിപരീതമായി പാവങ്ങളുടെ രഥം എന്ന് പേരുള്ള ട്രെയിനിലെ മുകളിലെ ബര്‍ത്തില്‍ കമന്ന് കിടന്നാണ് ചിന്ത.

ഒത്തിരി കമന്റും നൂറുകണക്കിന് ഹിറ്റും ഒക്കെ കിട്ടുന്ന ഒരു അടിപൊളി ബ്ലോഗ്‌ ഇട്ടേക്കാം എന്നൊക്കെ ആശ ഉണ്ടെങ്കിലും വീട്ടില്‍ നിന്നും പടിയിറങ്ങുന്ന ദിവസങ്ങള്‍ പൊതുവേ മനസ് അശാന്തമായിരിക്കും. എന്നാ പിന്നെ ആര്‍ക്കെങ്കിലും ഡഡിക്കെറ്റ് ചെയ്തേക്കാം എന്ന് തോന്നി. കരഞ്ഞുകൊണ്ട് യാത്രയാക്കിയ ഭാര്യ, പനീ പിടിച്ചുറങ്ങുന്ന കറിയാച്ചന്‍ , കെട്ടിപിടിച്ചുമ്മ തന്ന കോക്കു ഇവരൊക്കെയാണ് ആദ്യം മനസ്സില്‍ വന്നത്. എന്താണവരെക്കുറിച്ച് എഴുതുന്നത് എന്നാലോചിച്ചിങ്ങനെ ഇരുന്നപ്പോള്‍ വയറ്റില്‍ നിന്നും ഒരു കൊച്ചു ഏമ്പക്കം, വത്തല മുളക് ചുട്ടരച്ച ചമ്മന്തിയുടെ രുചി വീണ്ടും വായില്‍ വന്നു.

എന്റെ നൂറാമത്തെ ബ്ലോഗ്‌ എന്റെ അമ്മയെക്കുറിച്ചല്ലാതെ മറ്റെന്താണെഴുതുക? യാത്രയില്‍ കഴിക്കാനായി ഇലയില്‍ പൊതിഞ്ഞു തന്ന ചോറിനും ചമ്മന്തിക്കും മുട്ടപൊരിച്ചതിനും ഒരു പക്ഷെ അതെന്നെ ഓര്‍മ്മിപ്പിക്കുന്ന ഒരു ദൌത്യവും ഉണ്ടായിരിക്കാം.

പൈകയിലെ ഒരു റോമന്‍ കാത്തലിക്‌ കുടുംബത്തിലെ ബിസിനസുകാരനായ ഒരു അപ്പന്റെ രണ്ടാമത്തെ മകളായി ജനനം. ചെറുപ്പകാലം അപ്പന്റെ തറവാട്ടില്‍ . പിന്നീട് മൂന്നനിയന്മാരും മൂന്നനിയത്തിമാരും. ചെറുപ്പത്തിലേ തന്നെ ഒരനിയത്തിയെ നഷ്ടമായി.

ആനയെ സ്വപ്നം കണ്ടു നിലവിളിച്ചു കരഞ്ഞിരുന്ന ആ പെണ്‍കുട്ടിക്ക് കുഞ്ഞുനാളില്‍ തന്നെ കാലില്‍ ഒരു ഓപ്പറേഷന്‍ , അവസാനം കാലിലൊരു കുഞ്ഞു മുടന്തു ബാക്കി. എങ്കിലും അവള്‍ പഠിച്ചു, അവളുടെ അപ്പന്‍ അവള്‍ പഠിപ്പിച്ചു. ഏകദേശം അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് ചങ്ങനാശ്ശേരി അസംഷന്‍ കോളേജില്‍ നിന്നും ഡിഗ്രീ, എസ് ബി കോളേജില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രീ, പിന്നെ ബീയെഡും. ഇടക്കിത്തിരി കാലം ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജില്‍ അധ്യാപനവും.

പിന്നീട് കല്യാണം, ചടപടാന്ന് നാല് പിള്ളേര്‍ , കെട്ടിയവന്റെ മരണം, ഒരു യുവതിയുടെ മനസിന്‌  ഒന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നതിനു മുമ്പ് സംഭവങ്ങളുടെ പെരുമഴ. എങ്കിലും തളര്‍ന്നില്ല, എല്‍ പി സ്കൂളില്‍ തുടങ്ങിയ ജോലി അവസാനം ഹൈസ്കൂളില്‍ എത്തി റിട്ടയര്‍ ആയി. അന്ന് കൂടെ പഠിച്ചവര്‍ ഒക്കെ വലിയ പ്രൊഫസര്‍മാര്‍ ഒക്കെ ആയി ആവശ്യത്തിന് സമ്പാദിച്ച് മക്കളെ ഒക്കെ നല്ല നിലയില്‍ ആക്കികാണുമായിരിക്കാം. പക്ഷെ അമ്മയും പെണ്മക്കളെ ഒക്കെ കെട്ടിച്ചു, ഇനി ഇളയ മകന്റെ കല്യാണം കൂടികഴിഞ്ഞാല്‍ എല്ലാ ഉത്തരവാദിത്വങ്ങളും തീരും.

എവിടെ തീരാന്‍ ..... അനുഭവങ്ങളുടെ തീചൂളയിലൂടെ നടന്നവളെന്കിലും ഒരു സാധാരണ സ്ത്രീ ആണ് എന്റെ അമ്മ. നാല് ദിവസം മുമ്പ്‌ ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ അമ്മ പറഞ്ഞു, ഇനി എന്റെ കാലം കഴിഞ്ഞാലേ നിങ്ങള്‍ക്കും ഒരു ഗതിയുണ്ടാവൂ എന്നാ തോന്നുന്നേ, അത്രയ്ക്ക് ഗതികെട്ട ജന്മാമായിരിക്കും എന്റേത് എന്ന്. ഞങ്ങളില്‍ ആര്‍ക്കെങ്കിലും ഒക്കെ എന്തെങ്കിലും പ്രശ്നങ്ങള്‍ എപ്പോളും ഉണ്ടായിരിക്കുന്നതിനാല്‍ അമ്മക്ക് ഒരിക്കലും സന്തോഷിക്കാന്‍ പറ്റില്ല.

എന്നും കഷ്ടകാലങ്ങളും ദുരന്തങ്ങളും അനുഭവിക്കേണ്ടി വന്ന ഒരു ജന്മം, സപ്തതിയോടടുക്കുന്ന ഇനിയെങ്കിലും ഇത്തിരി സന്തോഷം അമ്മക്ക് ലഭിക്കുമോ? ഇടക്കൊക്കെ സന്തോഷത്തിന്റെ നാമ്പുകള്‍ ഞാന്‍ കാണുന്നു. പണ്ട് കോളേജില്‍ ഒന്നിച്ചു പഠിച്ച, ഒരുമിച്ചു ഹോസ്റ്റലില്‍ താമസിച്ച ഒരു കൂട്ടുകാരിയുമായി മൂന്നു മാസം മുമ്പ് കണ്ടുമുട്ടി. ഭയങ്കര സന്തോഷമായിരുന്നു അപ്പോള്‍ . രണ്ടു ദിവസം മുമ്പ് ഊട്ടിയില്‍ ചെന്നപ്പോള്‍ അവിടുത്തെ പൂക്കള്‍ കണ്ടപ്പോള്‍  ബോട്ടണിക്കാരിയായ അമ്മയുടെ സന്തോഷം.എന്റെ ദൈവമേ.... ഇനിയും ബെറ്റിക്കോട്ടും ഇട്ടു നിലവിളിച്ചുകൊണ്ട് ആനയുടെ മുമ്പില്‍ നില്‍കുന്ന സ്വപ്നങ്ങള്‍ അമ്മയെ കാണിക്കരുതെ... പൂക്കളും ചെടികളും പൂമ്പാറ്റകളും മാത്രമുള്ള മുറ്റത്ത്‌ ചിരിയുമായി നില്‍ക്കുന്ന അമ്മയോട്... "ഞാന്‍ എന്നാ ഇറങ്ങുവാ കേട്ടോ" എന്ന് പറഞ്ഞു ദിവസവും ജോലിക്ക് പോകാനുള്ള ഒരനുഗ്രഹം നാലുമക്കളില്‍ എനിക്ക് മാത്രം നല്‍കണമേ....ഞങ്ങളുടെ അമ്മക്ക് ഇനിയുള്ള കുറച്ചു കാലമെന്കിലും  നല്ല സന്തോഷമുള്ള നിമിഷങ്ങള്‍ സമ്മാനിക്കുവാന്‍ ഞങ്ങള്‍ക്ക്‌ എല്ലാവര്‍ക്കും അനുഗ്രഹം നല്‍കണമേ........

8 comments:

പട്ടേപ്പാടം റാംജി December 16, 2010 at 3:50 PM  

ഇനിയുള്ള മുഴുവന്‍ ദിവസങ്ങളും സന്തോഷം നിരഞ്ഞതാകട്ടെ.

ramanika December 16, 2010 at 5:20 PM  

താങ്കളും താങ്കളുടെ ബ്ലോഗ്ഗും ആ സ്നേഹവതിയായ അമ്മയും എല്ലാവരും ഇനിയും വര്‍ഷങ്ങള്‍ സന്തോഷത്തോടെ ഇരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു
ആശംസകള്‍ !

ഒരു യാത്രികന്‍ December 16, 2010 at 5:30 PM  

അമ്മയോട് സ്നേഹാന്വേഷണങ്ങള്‍ അറിയിക്കുക.ആശംസകള്‍......സസ്നേഹം

Villagemaan/വില്ലേജ്മാന്‍ December 16, 2010 at 7:07 PM  

ആ അമ്മക്ക് നല്ലത് മാത്രം വരട്ടെ..
നന്മനിറഞ്ഞ ഈ പോസ്റ്റിനു അഭിനന്ദനങ്ങള്‍..

അമ്മയെ ഒരു പാട് സ്നേഹിക്കുന്ന ഒരു മകന്‍..

Unknown December 16, 2010 at 7:56 PM  

ആദ്യം തന്നെ നൂറാം പോസ്റ്റിന് അഭിനന്ദനങ്ങള്‍...
ഇനിയും നൂറുകണക്കിന് പോസ്റ്റുകളും കമന്റുകളും കുമിഞ്ഞു കൂടട്ടെ.. വാഴയ്കാവരയന്‍ സ്റ്റൈലില്‍...

പുതിയൊരു തുടക്കത്തിന് എല്ലാവിധ ഭാവുകങ്ങളും ഒപ്പം പ്രാര്‍ഥനകളും. എന്നെ ബൂലോകത്തിലേയ്ക്ക് കൈപിടിച്ച് നടത്തിയ വാഴയ്ക്കാവരയന്.. സസ്നേഹം... ജിമ്മി..

ചേച്ചിപ്പെണ്ണ്‍ December 17, 2010 at 10:58 AM  

ദൈവത്തിനു തൊട്ടു താഴെ മാത്രം നിക്കണ ജീവി ആണ് യീ അമ്മ ന്നു പറയുന്നത് ..
ഒരു കുടുമ്മത്തിലെ മൊത്തം സങ്കടങ്ങള്‍ ചേര്‍ത്താണ് ദൈവം അമ്മയെ സൃഷ്ടിച്ചിരിക്കുന്നത് ..

അടയാളങ്ങളില്‍ ആലീസിനെ കൊണ്ട് സേതു പറയിച്ചത് ..
ഞാന്‍ എവിടൊക്കെ ഇത് എഴുതീട്ടുണ്ട് എന്നെനിക്കറിയില്ല ,...
--

Uthram Nakshathram December 17, 2010 at 3:09 PM  

how to type in malayalam, its not working. HELP me, enikku kamantaan muttunnu.

ചിതല്‍/chithal January 13, 2011 at 12:08 PM  

എന്ത് വരം വേണം എന്ന് ഭഗവാൻ കൃഷ്ണൻ ചോദിച്ചപ്പോൾ പിതൃസഹോദരിയായ കുന്തി പറഞ്ഞത്രേ: "എനിക്ക് സങ്കടം മാത്രം മതി കൃഷ്ണാ.. അപ്പൊ ദിവസവും നിന്നെ ഓർക്കുമല്ലോ.."
അതാണു്‌ ഓരോ അമ്മമാരും. നൂറാമത്തെ ഈ പോസ്റ്റ് അതിഗംഭീരമായി. എല്ലാ ഭാവുകങ്ങളും.
അമ്മ ആയുരാരോഗ്യത്തോടെ ഏറെക്കാലം ഒപ്പമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP