ഞാനൊരു പാവം പാലാക്കാരന്‍

അഹിംസ

>> Tuesday, June 9, 2020

കുട്ടിക്കാലം മുതൽ സിദ്ധാർത്ഥ ഗൗതമന്റെ ആരാധകൻ ആയിരുന്നു ഞാൻ. ഒരു ഉറുമ്പിനെ പോലും നോവിക്കാതെ എങ്ങനെ ജീവിക്കാം എന്നതിൽ നിരീക്ഷണ പരീക്ഷണങ്ങൾ നടത്തിയിരുന്നവൻ. പക്ഷെ പ്രായോഗിക ജീവിതത്തിന്റെ പുഴുക്കുത്തുകൾ എന്റെ കുഞ്ഞു മനസ്സിനെ വളരെ അസ്വസ്ഥമാക്കിയിരുന്നു. നാം തന്നെ വളർത്തിയിരുന്ന കോഴി, മൂരി, പന്നി, താറാവ് ഇവയെ ഒക്കെ കൊന്നു തിന്നുക.  പാവം കോഴികൾ ഇടുന്ന മുട്ട തട്ടിപ്പറിച്ചു പൊരിച്ചു തിന്നുക, ക്ടാവ് കുടിക്കേണ്ട പാൽ അതിനെ കൊണ്ട് വെറുതെ ചുരത്തിപ്പിച്ചു കറന്നെടുക്കുക തുടങ്ങിയ അതീവ ദുഷ്ടതകൾ ചെയ്തിരുന്ന കാരണവന്മാർ എന്റെ കൊച്ചു മനസ്സിൽ കൊലപാതികകളും മ്ലേച്ചന്മാരും ആയിരുന്നു.


കാലക്രമേണ ഞാനും മൂത്തു, തളിർത്തു, പൂത്തു,  കായ്ച്ചു, നരച്ചു. ഈ കാലയളവിൽ ഞാൻ തിന്നു തീർത്ത ഇറച്ചിക്കും മീനിനും പാലിനും ഒരു കണക്കും ഇല്ല. എത്രയോ ജീവികളെയും സസ്യങ്ങളെയും തിന്നൊടുക്കിയ കാപാലികർ എങ്കിലും കൊന്ന  പാപം തീരെയില്ലായിരുന്നു എനിക്ക്.

അങ്ങനെ ഈ കോവിഡ് കാലം. ലോകം മുഴുവൻ കൊറോണ വൈറസ് എന്ന കാപാലികനെ കൊന്നൊടുക്കാൻ കയറു പൊട്ടിച്ചു നടക്കുന്നു. കൊറോണ വരാത്തതുകൊണ്ടു വെറുതെ ചൊറിയും കുത്തി ഇരിക്കുക ആണ്. ഇവിടുത്തെ പണിയുടെ കാര്യം പറയുമ്പോൾ ദുഫായിലെ പണികൾ ഓര്മ വരും, അവിടുത്തെ പണികൾ ചെയ്യാമെന്ന് വെക്കുമ്പോൾ മഴ, ഇന്റര്നെറ് പ്രശ്‍നം, പിള്ളേരുടെ മേളം അങ്ങനെ ചുരുക്കത്തിൽ ചെകുത്താന്റെയും മാലാഖയുടെയും, കടലിന്റെയും കരയുടെയും, തോടിന്റെയും പറമ്പിന്റെയും ഒക്കെ ഇടയ്ക്കു കിടന്നു ദീർഘവും ഹ്രസ്വവും ആയ നിർശ്വാസങ്ങൾ വിട്ടു സമയം  നീക്കുന്നു.

ഇളയ കൊച്ചു തുമ്പി എന്നെ ആനന്തിപ്പിച്ചു കൊണ്ട് ഇതിലെ കറങ്ങി നടക്കുന്നു. പണ്ടൊക്കെ പ്രകൃതിയുമായി പിള്ളേർ യോജിച്ചു വളരണം എന്ന നിർബന്ധത്തിൽ  മഴയത്തും മഞ്ഞത്തും വെയിലത്തും മണലിലും ഒക്കെ പിള്ളേരെ ഞാൻ ഇരുത്തിയും കിടത്തിയും നിരക്കിയും നനച്ചും ഒക്കെ വളർത്തിയിരുന്നു. പിള്ളേരുടെ എണ്ണം കൂടി, സമയം കുറഞ്ഞു. അത്യാവശ്യ സമയങ്ങളിൽ ഒഴികെ ഡയപ്പർ ഉപയോഗിക്കാൻ പാടില്ല എന്ന നിഷ്കർഷയാൽ എന്റെ ഭാര്യ ആദ്യ കുട്ടികളെ ഒക്കെ വളരെ ഫ്രീ ആയിട്ടു എന്റർടൈൻമെന്റ് ആൻഡ് ഡ്രൈനേജ് ഏരിയയിൽ  വളരെ അധികം കാറ്റും കേറ്റി, നന്നായി തീറ്റ കുത്തിക്കയറ്റി ആവശ്യത്തിലധികം മൂത്രവും മലവും കോരി വളർത്തി. ഇപ്പോൾ തുമ്പി ആയപ്പോൾ ഡയപ്പർ ഊരാൻ സമയം ഇല്ല. സദാ സമയം താറാവിന്റെ കണക്ക് ഒരു ലോഡ് അസംസ്കൃത വസ്തുക്കളും ആയി ആടി ആടി നടക്കുന്ന തുമ്പി.

അലസമായ മനസ് ചെകുത്താന്റെ പണിപ്പുര എന്നല്ലേ പറയാറ്.. എന്റെ മനസ്സിൽ വീണ്ടും പഴയ പ്രകൃതി സ്‌നേഹി  ഉണർന്നു. ഊരിക്കളയെടി എന്റെ കൊച്ചിന്റെ തീട്ട പൊതി  എന്ന് പറഞ്ഞു അവളുടെ ഡയപ്പർ ഊരി പറമ്പിൽ എറിഞ്ഞു. വേണ്ടെങ്കിൽ വേണ്ട, മൂത്രം ഒഴിക്കുന്നത് തുടച്ചിട്ടോണം, എനിക്കെങ്ങും സമയം ഇല്ല എന്ന് പറഞ്ഞു അവൾ പറമ്പിലേക്ക് പോയി. ഞാനറിഞ്ഞ ഡയപ്പർ എടുത്തു കുഴിയിൽ ഇട്ടു, കൃത്യമായ ഇടവേളകളിൽ അവ സൂക്ഷിച്ചു നശിപ്പിച്ച എങ്കിൽ വാഴ വെക്കാൻ കിളക്കുമ്പോൾ മണ്ണിനു പകരം ഡയപ്പർ മാത്രമേ കിട്ടൂ എന്നൊക്കെ പ്രകൃതി സ്‌നേഹി അല്ലെങ്കിലും പ്രായോഗിക വിജ്ഞാനം അവൾക്കുണ്ടായിരുന്നു .

ഊരിക്കളഞ്ഞ തുമ്പിയുടെ പൃഷ്ഠഭാഗത്തെ ചുവപ്പ് കണ്ട എന്നിലെ അച്ഛൻ ഉണർന്നു. അവളെ മിറ്റത്തു ഇറക്കിവിട്ടു മണ്ണിൽ കളിച്ചോളാൻ പറഞ്ഞു ഞാൻ കാലും നീട്ടി ഇരുന്നു കൊറോണയെ പറ്റി  ചിന്തിച്ചു.

കൊറോണയും ഒരു ജീവൻ അല്ലേ? മനുഷ്യരുടെ കോശങ്ങളെ പിടിച്ചു തിന്നു ഈ വംശം തന്നെ ഇല്ലാതാക്കാൻ വന്ന പിശാശ് ഒന്നുമല്ലല്ലോ. ആ പാവം വൈറസിന് ജീവിക്കാൻ പറ്റിയ ഒരു അവസ്ഥ കിട്ടിയപ്പോൾ പെറ്റു പെരുകുന്നു, അത്ര തന്നെ. അത് നമ്മുടെ ദൗർഭാഗ്യത്തിന് നമ്മുടെ ശരീരം തന്നെ ആയി പോയി എന്ന് മാത്രം. ആ ജീവിയെ നമ്മൾ ക്വറന്റൈൻ ചെയ്തും വാക്സിൻ എടുത്തും ഒക്കെ നശിപ്പിക്കുന്നത് തികച്ചും അധാർമികം അല്ലേ? ആനയുടെ വായിൽ പടക്കം പൊട്ടുമ്പോളും, തെരുവു പട്ടികളെ കൊല്ലുമ്പോളും മാത്രം പ്രകടിപ്പിക്കുന്ന സെലക്ടീവ് മൃഗസ്നേഹം നമുക്ക് പാടില്ലല്ലോ? സസ്യങ്ങൾക്കും ജീവനില്ലേ?  പയറൊക്കെ നട്ടപ്പോൾ കൃത്യമായി കയറിൽ പിടിച്ചു കയറി പോകുന്നു, തെങ്ങു വെളിച്ചം ഉള്ള ഭാഗത്തേക്ക് വളഞ്ഞു വളരുന്നു, തൊട്ടാവാടി തൊടുമ്പോൾ വാടുന്നു, അവയൊക്കെയും ജീവനല്ലേ?

എല്ലാ ജീവികളെയും നമ്മൾ സ്നേഹിക്കണം, എന്റെ മനസ് സാർവ്വ ലൗകീക സ്നേഹത്താൽ ജ്വലിച്ചുകൊണ്ടു നിന്നു. ആ ജ്വാലയുടെ സൈഡിൽ കൂടി നോക്കിയപ്പോൾ കണ്ടത് താഴെ പറമ്പിൽ നിൽക്കുന്ന കളകൾ അമ്മ പറിച്ചു കളയുന്നതാണ്.  രണ്ടാഴ്ച മുമ്പ്  കിളച്ചു മറിച്ചിട്ട മണ്ണിൽ, നിർത്താതെ പെയ്ത മഴയുടെ കാരുണ്യത്താൽ കിളിർത്തു തളിർത്ത കളകൾ. പ്രതീക്ഷയോടെ കിളിർത്തു വന്ന ജീവന്റെ നാമ്പുകൾ അമ്മ നിർദാക്ഷിണ്യം പിഴുതെറിയുന്നതു കണ്ടപ്പോൾ എന്റെ സ്നേഹജ്വാല കോപജ്വാല ആയി മാറി.

ഞാൻ അലറി... "നിർത്തുന്നുണ്ടോ അമ്മെ ഈ കൊലപാതകം. "

അവനെന്തു തേങ്ങയാ ഈ പറയുന്നത് എന്ന് മനസിലാകാതെ അമ്മ എന്നെ നോക്കി. വീട്ടിൽ കുത്തിയിരുന്നു മൂക്ക് മുട്ടെ തിന്നു കേറ്റി കിളി പോയിരിക്കുന്നത് ആണോ എന്നറിയാത്തതിനാൽ അമ്മ കൂടുതൽ വിവരിക്കാൻ നിന്നില്ല. എന്നാലും പറഞ്ഞു, മൊത്തം മഷിത്തണ്ടും ചൊറിയെണവും  കമ്യുണിസ്റ്റ് പള്ളയും ആണ്, അത് പറിച്ചു കളഞ്ഞാൽ കപ്പയും വാഴയും നന്നായി വളരും.



അമ്മേ, ഈ മഷിത്തണ്ട്.... ഞങ്ങളെ പോലെ ഉള്ള പ്രവാസികളുടെ മനസിലെ ഏറ്റവും കുളിർമയുള്ള ഓർമ്മകളാണ്. പണ്ട് കറുത്ത സ്ളേറ്റിലെ, കല്ലുപെൻസിൽ കൊണ്ടുള്ള എഴുത്തുകൾ മായ്ക്കാൻ നമ്മൾ ഉപയോഗിച്ചിരുന്ന മഷിത്തണ്ട്. എന്റെ മനസ്സിൽ നല്ല പച്ചയുടെ നിറങ്ങൾ തെളിഞ്ഞു വന്നു. ഏറ്റവും നല്ല തണ്ടു ഓടിച്ചു വെച്ച് രണ്ടാം ക്‌ളാസിൽ പഠിക്കുമ്പോൾ ലൈലയുടെ സ്ളേറ്റ് മായ്ക്കാൻ കൊടുത്ത് എന്റെ ഓർമയിൽ വന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ കല്ലിൽ തട്ടി വീണ സീനയുടെ കാലിൽ കമ്യുണിസ്റ് പച്ചയുടെ ഇല ഇടിച്ചു പിഴിഞ്ഞ് വെച്ചത് ഓര്മ വന്നു. ഇതൊക്കെ എങ്ങനെ പറിച്ചു കളയും നമ്മൾ.

പിള്ളേരെയൊക്കെ ഉള്ളതല്ലേ, ആ ചൊറിയെണം എങ്കിലും പറിച്ചു കളയെടാ. കഴിഞ്ഞ വര്ഷം അത്  പറിച്ചു കളയാത്തതുകൊണ്ട് അതിന്റെ പൂവ് വീണാണ് ഇത്രയും ഉണ്ടായത്.

ഞാൻ പറഞ്ഞു, അമ്മേ, ഈ  ചൊറിയെണം നല്ല ഗുണമുള്ളതാണ് അമ്മേ. അതിന്റെ ഇല തോരൻ വെക്കാം. പിന്നെ ഗൂഗിൾ അമ്മച്ചിയിൽ പരതി. അതിന്റെ പൂവിന്റെയും കായുടെയും ഗുണഗണങ്ങൾ പഠിച്ചു. അതിമോഹനൻ വൈദ്യന്റെയും പ്രകൃതി സ്നേഹികളുടെയും വിഡിയോകൾ തപ്പി. അങ്ങനെ സംഘടിപ്പിച്ച വിവരങ്ങളും ആയി ഞാൻ അമ്മയെ വിളിച്ചു നടക്കല്ലിൽ ഇരുന്നു ക്ലാസ് കൊടുത്തു തുടങ്ങി.

കാര്യം ഒരു പഴയ MSc ബോട്ടണി ആണ് അമ്മ, ഞാൻ ആണെങ്കിൽ ബോട്ടണി പോയിട്ട് ബയോളജി പോലും പത്താം ക്‌ളാസിനു ശേഷം വെറുതെ പ്രത്യുല്പാദനം പഠിക്കാൻ വേണ്ടി പോലും തുറന്നു നോക്കാത്തവൻ. എങ്കിലും ഉപദേശം കൊടുക്കാൻ ഈ ഗൂഗിൾ കാലഘട്ടത്തിൽ എന്ത് പ്രയാസം!

അമ്മേ, ഈ ലോകത്തു എല്ലാ ജീവ ജാലങ്ങൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്. നമ്മുടെ ആമാശയത്തിൽ തന്നെ എത്ര ദശലക്ഷം ബാക്ടീരിയകൾ ഉണ്ടെന്നറിയാമോ? നമ്മുടെ ദഹന വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നത് അവരാണ്. നാം ഈ ആന്റി ബയോട്ടിക്സ് ഒക്കെ കഴിക്കുമ്പോൾ വയറിനു പ്രശ്‍നം ഉണ്ടാകുന്നത് എന്ത് കൊണ്ടാണ്? അവയെ നശിപ്പിക്കുന്നത് കൊണ്ടാണ്. അമ്മയൊക്കെ ഓരോ കോഴിയേയും കൊല്ലുമ്പോൾ, അവയുടെ ജീവൻ കയ്യിലിരുന്ന പിടയുന്നത് അമ്മക്ക് ഇന്നേ വരെ ഫീൽ ചെയ്‌തിട്ടില്ലാ? അമ്മയുടെ കൊച്ചുമകളുടെ കാലിൽ ഒരു പോറൽ വീണാൽ അമ്മയുടെ കണ്ണുകൾ നനയും, പക്ഷെ എന്ത് കൊണ്ട് മറ്റു ജീവജാലങ്ങളോട് ആ സ്നേഹവും ദയയും അമ്മക്ക് തോന്നുന്നില്ല? ഞാൻ കത്തി കയറി....

പ്രകൃതി ഒരു പ്രതിഭാസം ആണ്. നമ്മൾ കൂടുതൽ സ്വാർത്ഥർ ആകുമ്പോളാണ് പ്രകൃതി ഒരു ശുചീകരണ പ്രക്രിയയുടെ വരുന്നത്. നമ്മൾ പ്രകൃതിയെ നശിപ്പിച്ചിട്ടല്ല ജീവിക്കേണ്ടത്, പ്രകൃതിയുമായി ഇഴചേർന്ന് ജീവിക്കണം.  

പെട്ടെന്നാണ് തുമ്പിയുടെ കരച്ചിൽ കേട്ടത്. എന്നെക്കാളും മുമ്പേ അമ്മ ഞെട്ടി എണീറ്റു, പുറകെ ഞാനും. ഓടി പോയി കുഞ്ഞിനെ വാരി എടുത്ത അമ്മ എന്റെ മുഖത്തിനിട്ടു ഒരു അടിയും തന്നിട്ട് അകത്തേക്ക് ഓടി.

പ്രകൃതിയുമായി ഇഴചേരാൻ ഞാൻ മണ്ണിൽ ഇറക്കിവിട്ട നഗ്നയായ തുമ്പി ഇഴചേർന്ന് ചേർന്ന് അവസാനം ചേർന്നത്  ചൊറിയെണത്തിന്റെ മുകളിൽ ആയിരുന്നു. വലിച്ചെറിഞ്ഞു ഞാൻ, എന്റെ പ്രകൃതി സ്നേഹം, തേങ്ങാക്കൊല.....






0 comments:


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP