ഡിപ്രഷൻ
>> Sunday, September 21, 2025
അങ്ങനെ വീണ്ടും കുറച്ചു ദിവസം നാട്ടിൽ. ദുബായിയുടെ കൊടും ചൂടും പൊടിയും പണികളും മാറ്റിവെച്ചു നാട്ടിലെ ഹരിതാഭയും പച്ചപ്പും. മഴയും ജോൺസൺ മാഷിന്റെ പാട്ടും കട്ടങ്കാപ്പിയും ഒക്കെയായിരുന്നു മനസിലെ പ്ലാൻ, പതിവുപോലെ കുറച്ചു ക്ലാരയും.
എന്തോ ശരിയായില്ല, മൊത്തം ഡിപ്രഷൻ മൂഡ്. പ്രായമെത്തിയതിന്റെ നിസംഗത അല്ലെങ്കിൽ സെനൈൽ ഡെലിക്വൻസി ഒക്കെയായിരിക്കാം . പക്ഷെ ഒന്നിനും ഒന്നിലും താല്പര്യമില്ലാത്ത അവസ്ഥ. സോഷ്യൽ മീഡിയയിലും അല്ലാതെയും ഉള്ള ഉള്ള വാർത്തകളിലെ മുപ്പത്തഞ്ചും നാപ്പത്തഞ്ചും ഒക്കെയുള്ളവരുടെ മരണവാർത്തകൾ ഒരുതരം പ്രത്യേക മരവിപ്പ് ഉണ്ടാക്കുന്നു. മരിക്കാൻ പേടിയൊന്നും ഇല്ല, ഒരു മാതിരി പോകാൻ റെഡി ആയ ഒരു പ്രതീതി.
ഉള്ള സമയത്തു കുട്ടികളുടെ കൂടെ കളിക്കണം, സമയം ചെലവഴിക്കണം എന്നൊക്കെയുണ്ട്, പക്ഷെ മൊത്തത്തിൽ ഒരു മടി, അലസത, താൽപര്യമില്ലായ്മ. മൂത്തവർ വലുതായി പോകുന്നു, ഇളയവരും വലുതായി അവരുടെ ലോകത്തേക്ക് ചേക്കേറാൻ തുടങ്ങുന്നു. ഇളയവരുടെ കൂടെ ക്വാളിറ്റി ടൈം സ്പെൻഡ് ചെയ്യാൻ സാധിക്കാത്തതുകൊണ്ട് അവർക്ക് ചാച്ച കുറെ ചോക്കലേറ്റ്‌സും ഡ്രസ്സും ടോയ്സും ഒക്കെയായി വരുന്ന ഒരു കൊച്ചു സാന്റാക്ളോസ് പോലെയൊരുത്തൻ ആയിരിക്കും. മൂത്തവർ അവരുടെ ജീവിതം ആരംഭിക്കുമ്പോൾ നമ്മൾ ഒന്നുമില്ലാതെ ആയിപ്പോകും ( അങ്ങനെ ആവണം) എന്ന നഗ്നസത്യം അംഗീകരിച്ചു കൊത്തിപ്പിരിക്കാൻ (വേദനയോടെ) ശ്രമിച്ചു എങ്കിലും, ഇത് വരെ പിരിഞ്ഞിട്ടില്ല എന്നത് ആശ്വാസമാണോ അതോ വേദനയാണോ ആവോ. ചാച്ച ഇപ്പോളും ഞങ്ങടെ ഹീറോ ആണ് എന്ന് മൂത്തവർ മുഖത്ത് നോക്കി പറഞ്ഞപ്പോൾ സന്തോഷമല്ല തോന്നിയത്. ഡിറ്റാച്ഡ് ആവാൻ ഈ തെണ്ടികൾ സമ്മതിക്കില്ലല്ലോ എന്നായിരിക്കാം ഉപബോധമനസ് തേങ്ങിയത്. എനിക്ക് അവളും അവൾക്ക് ഞാനും ആയിരിക്കും ഒരാൾ പിരിയുന്നത് വരെ ഉണ്ടാവുക. അത് കഴിഞ്ഞാൽ ഒറ്റക്ക് നിൽക്കുന്നവർ എങ്ങനെ ജീവിക്കും എന്നുള്ളത് ഒരു വലിയ ചോദ്യം ആണ്.
സത്യത്തിൽ ഇപ്പോളാണ് എന്റെ നല്ല സമയം. സ്വന്തം വീട്ടിൽ അൽപ്പം വിലയും നിലയും ഉണ്ട്. കുട്ടികൾക്കൊക്കെ ഞാൻ വലിയവനാണ്, നല്ലവനാണ് എന്ന ചിന്ത ഉണ്ട്. കാശുള്ളവനും ജാടയുള്ളവനും മാത്രം വിലകൊടുക്കുന്ന ഈ ലോകത്തിൽ എവിടെയോ കുറച്ചുപേർക്ക് എന്നോട് സ്നേഹം ഉണ്ട്. പണവും പത്രാസും ഇല്ലാത്തവനോടുള്ള മനുഷ്യന്റെ വൈകൃത മനോഭാവം ഏറ്റവും വെറുക്കുന്ന എനിക്ക്, അതൊന്നും കാണിക്കാതെ തന്നെ കുറച്ചു സ്നേഹം എനിക്ക് ലോകം വാരിക്കോരി തരുന്നത് അത്ഭുദപ്പെടുത്തുന്നു. തീർച്ചയായും എന്റെ നല്ല സമയം.
പാതിവ്രത്യം തെളിയിച്ച, അഗ്നിപരീക്ഷ ജയിച്ച, രാഞ്ജിയായിട്ടും കാനന വാസത്തിനു പോവേണ്ടി വന്ന സീത, അവസാനം തിരിച്ചുവരവിന്റെയും അംഗീകാരത്തിന്റെയും സമയത്ത് ഭൂമിദേവിയോട് പ്രാർത്ഥിച്ചു “എന്റെ ജീവിതം മുഴുവനും ഞാൻ സത്യത്തിനും ധർമത്തിനും വേണ്ടി ജീവിച്ചു. ഇനി എനിക്ക് വിശ്രമം വേണം. അമ്മേ, നീ എന്നെ തിരികെ ചേർത്തുകൊൾക.” അങ്ങനെ പറഞ്ഞുതീരുന്നതിന് മുന്നേ, ഭൂമി പൊളിഞ്ഞു തുറന്നു. പച്ചപ്പുള്ള നിലം രണ്ടായി പിളർന്ന്, ഭൂമാതാവ് തന്നെ പ്രത്യക്ഷപ്പെട്ടു. കരങ്ങളാൽ സീതയെ ചേർത്തുപിടിച്ച്, സ്നേഹത്തോടെ അവളെ മടിയിൽ സ്വീകരിച്ചു. എന്തുകൊണ്ട് സീതാദേവി അങ്ങനെ ചെയ്തു എന്ന് എനിക്കത് ഇപ്പോൾ നന്നായി മനസ്സിലാവുന്നു,
എത്ര ചവുട്ടി താഴ്ത്തിയാലും ജീവൻ വിടാതെ പോരാടി എഴുന്നേറ്റ് നിൽക്കാനുള്ള ശേഷി എനിക്കിനിയില്ല. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും നല്ല സമയം, ഭൂമി പിളർന്നെങ്കിൽ എന്ന് കൊതി തോന്നുന്നു.
ഈ ചിന്തകൾ ഒക്കെ ആയിരിക്കും അല്ലെ ഡിപ്രെഷൻ. ചില സമയം അങ്ങനെയാണ്, എന്താ ചെയ്ക. വഴികൾ പലതു നോക്കി. കൂട്ടുകാരോ മദ്യപാനമോ ഒന്നും ഒട്ടും സന്തോഷം പകരുന്നില്ല.
സകലർക്കും ഉപദേശം കൊടുക്കുന്ന ഞാൻ ഇനി വല്ലോ തെറാപ്പിസ്റ്റിനെയും കാണണമല്ലോ എന്നൊക്കെ തോന്നി തുടങ്ങി. അവസാനം അങ്ങനെ ബിസിനസ് ക്ലാസ് പൈസക്ക് ബഡ്ജറ്റ് ഐയർലൈനിൽ ടിക്കറ്റും എടുത്ത് തിരിച്ചു ദുഫായിക്ക് തിരിച്ചു പോരുന്നു. ഏറ്റവും ബോറായിട്ടുള്ള പരിപാടി ആണ് ഫ്ലൈറ്റ് യാത്ര. രണ്ടു മണിക്കൂർ യാത്ര എയർപോർട്ടിലേക്ക്, അവിടെ പിന്നെ ഒരു മൂന്നു മണിക്കൂർ, ഫ്ലൈറ്റിൽ കുറെ സമയം, അങ്ങനെ മൊത്തം ബോറിങ് പരിപാടിയിൽ ഏക ആശ്വാസം ലോഞ്ചിൽ കയറി നാലെണ്ണം വിട്ടിട്ട് ഫ്ലൈറ്റിൽ കയറി അടുത്തിരിക്കുന്ന സകല ബോറന്മാരുടെയും ചെവിയിൽ കദിന പൊട്ടിക്കുന്ന എഫക്ടിൽ കൂർക്കം വലിച്ചു നശിപ്പിക്കുക എന്നുള്ളതാണ്.
സെക്യൂരിറ്റി ചെക്ക് എന്ന കടമ്പ, ഷഡ്ഢി ഒഴിച്ചുള്ള എല്ലാം മാറ്റി വേറേ വേറെ വെപ്പിച്ച് അവസാനം ഇക്കിളിയും ഇട്ടു നിന്നിൽ സംപ്രീതനായിരിക്കുന്നു എന്ന് പറഞ്ഞു വിട്ടു. അങ്ങനെ ഊരിയ ഇതെല്ലാം ഓരോന്നായി തിരിച്ചു വെക്കുമ്പോൾ ആണ് പുറകിൽ ഒരു സുന്ദരിയായ പെണ്ണ് വന്നു നിൽക്കുന്നത്. വെളുത്ത ടീ ഷർട്ടും, നീല ജീൻസും വേഷം, കയ്യിൽ പച്ച കുത്തിയിട്ടുണ്ട്. എന്നെ നോക്കി ഒന്ന് ചിരിച്ചു, ഞാനും (സ്വാഭാവികം).
വിഷമത്തോടെ അവൾ പറഞ്ഞു, "ഇനി മേലിൽ ഞാൻ ഈ ഫ്ലൈറ്റിൽ കയറില്ല. ലഗ്ഗേജ് കൂടുതൽ ആണെന്ന് പറഞ്ഞുചെക്ക് ഇന്നിൽ കുറെ പാടുപെട്ടു, ഇനി ഇതെല്ലാം ഇവിടുന്നു ഇതെല്ലം വാരി അകത്തിടണം." എന്റെ ഉള്ളിലെ ഷെർലക് ഹോംസ് ഉണർന്നു? കാര്യം വയസായപ്പോൾ കോഴിത്തരം ഒക്കെ വരുന്നുണ്ടങ്കിലും റിസ്ക് എടുക്കില്ല നമ്മൾ. ഇവൾ വല്ല മയക്കു മരുന്നും എന്നെ പിടിപ്പിക്കാൻ ആണോ പരിപാടി? അവളോട്ഞാ ഇത്തിരി അഹങ്കാരത്തോടെ പറഞ്ഞു, "ഞാൻ വെയിറ്റ് നോക്കിയെ ലഗേജ് എടുക്കാറുള്ളൂ. ഇവിടെ വന്ന് പിന്നെ ഗുസ്തി പിടിക്കാൻ താല്പര്യം ഇല്ല."
അപ്പോൾ അവൾ പറഞ്ഞു "ഞാൻ കുറച്ചാണ് എടുത്തത്, പക്ഷെ ഒന്ന് രണ്ടു കൂട്ടുകാരുടെ ലഗ്ഗേജ് എയർപോർട്ടിൽ വന്നപ്പോൾ കൊണ്ടുപോകാൻ തന്നിരുന്നതാണ്, അത് കുറച്ചു കൂടുതൽ ആയി പോയി."
ഞാൻ ചോദിച്ചു " എങ്ങോട്ടാണ് യാത്ര?" അവൾ പറഞ്ഞു " ഞാൻ ആംസ്റ്റർഡാമിനാണ്, സാധാരണ എമിറേറ്സിനാണ് പോകുന്നത്. ഈ സമയം ആയതുകൊണ്ട് ഇതല്ലാതെ വേറെ ടിക്കറ്റ് കിട്ടിയില്ല." എന്റെ ചിന്തകൾ വെറുതെ കാട് കയറി. ഈ ബോറിങ് യാത്ര ഇവളുടെ കൂടെ കളർ ആക്കാം, പോരാത്തതിന് ഇവൾ ദുബായിൽ വന്നു കുറച്ചു സമയം ഉണ്ടാവും. വേണമെങ്കിൽ ദുബായ് ഒക്കെ കാണിക്കുകയും ചെയ്യാം. ഡിപ്രഷൻ ഒക്കെ മാറി മൊത്തം ഉഷാറായി. പക്ഷെ ഞാൻ ബെൽറ്റ് വരെ പതുക്കെ ഇട്ടു മുടി ചീകിയിട്ടും അവളുടെ തിരിച്ചു ഫിറ്റ് ചെയ്യാം പകുതി പോലും ആയില്ല. ഇനിയും അവിടെ നിന്നാൽ ഞാൻ വെറും റാസ് അൽ ഖൈമയിലെ രാജകുമാരൻ ആകുമല്ലോ എന്ന് വിചാരിച്ചു ദുരഭിമാനവുമായി അവിടെ നിന്നും നടന്നു. ഡ്യൂട്ടി ഫ്രീയിൽ ഒന്ന് പരതി നടന്നിട്ടും അവളെ കണ്ടില്ല. ഞാൻ നോക്കിയപ്പോൾ ഗേറ്റ് നമ്പർ 7 ആണ്, അങ്ങേ അറ്റം. പതുക്കെ കുറച്ചു ദൂരം നടന്നിട്ട് വീണ്ടും തിരിച്ചു നടന്നു. അതേറ്റു, അവൾ വരുന്നുണ്ട്. ഞാൻ ചിരിച്ചു, അവളും. അവളെന്നോട് ചോദിച്ചു, "ഗേറ്റ് നമ്പർ ഒന്നല്ലേ?" ഞാൻ പറഞ്ഞു "അല്ല, ഏഴാണ്, അങ്ങേ അറ്റം ആണ്. ഇവിടുന്ന് വല്ലതും കഴിച്ചിട്ട് പോകുകയെങ്കിൽ പിന്നെ തിരിച്ചു വരേണ്ടല്ലോ."
അവൾ പറഞ്ഞു "അത് ശരിയാണല്ലോ, എന്നാൽ കഴിച്ചിട്ട് പോകാം. ഇവിടെ ഫോറിൻ കറൻസി എടുക്കാമായിരിക്കുമല്ലോ അല്ലെ?" ഞാൻ പറഞ്ഞു " പിന്നെ... എയർ പോർട്ടല്ലേ, ഇല്ലെങ്കിൽ തന്നെ കാർഡ് എടുക്കും. ധൈര്യമായിട്ട് വാ, ഞാനല്ലേ ഉള്ളത്"
ഇന്ന് ഞങ്ങൾ മസാല ദോശയും വടയും വാങ്ങി ഒന്നിച്ചിരുന്നു കഥ പറഞ്ഞു കഴിക്കും എന്ന അഹങ്കാരത്തിൽ നടന്നപ്പോൾ അവൾ വീണ്ടും ചോദിച്ചു, "ഫോറിൻ കറൻസി എടുക്കുമല്ലോ അല്ലെ?" എന്നിലെ ഷെർലക് ഹോംസ് വീണ്ടും ഉണർന്നു. കാര്യം ആംസ്റ്റർഡാം ഒക്കെയാണെങ്കിലും അവൾ എന്റെ കാശ് ചിലവാക്കിക്കാൻ ഉള്ള പണിയാണല്ലോ? സാധാരണ എയർപോർട്ടിൽ വന്നാൽ അവിടുത്തട്ടെ ബാറിൽ കയറി 700 രൂപ വെച്ചു കൊടുത്തു രണ്ടു ബിയർ അടിക്കുന്ന ഞാൻ ഇന്ന് ഒരു മസാല ദോശ അവൾക്ക് വാങ്ങി കൊടുത്തേക്കാം, ഒന്നുമല്ലേലും ഒരു കമ്പനി കിട്ടുമല്ലോ. അവിടെ ചെന്നു അവൾ ആദ്യമേ ചോദിച്ചു, ഫോറിൻ കറൻസി എടുക്കുമോ എന്ന്. അവർ ഇല്ല എന്നു പറഞ്ഞു. ഞാൻ ആവേശത്തോടുകൂടി പറഞ്ഞു, ഞാൻ കൊടുത്തോളാം എന്ന്. അവൾ സമ്മതിക്കുന്നില്ല, ഞാൻ നിർബന്ധിക്കുന്നു.
പക്ഷെ അവൾ അഭിമാനി ആയിരുന്നു. അവൾ തിരിച്ചു പോയി. അവളെ പറ്റി തെറ്റിദ്ധരിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി. അവിടെ ഒറ്റക്കിരുന്നു ആ കൂതറ മസാലദോശ കുറേശെ നുള്ളി പെറുക്കി കഴിച്ചു. അവൾ പക്ഷെ നോട്ടു മാറ്റി വന്നില്ല. ഞാൻ എണീറ്റു, പകുതി ഉപേക്ഷിച്ച എന്റെ മസാല ദോശ അവിടെ ആരെയോ പ്രതീക്ഷിച്ചു കിടന്നു.
ഏകദേശം പ്ലെയിനിൽ കയറാനുള്ള സമയം ആയി.. അങ്ങ് വരെ വല്ലതും മിണ്ടീമ്പറഞ്ഞും ബോറടിക്കാതെ പോകാമായിരുന്നു ഒരു അവസരം പോയതിന്റെ വ്യാകുലതയും ആയി അങ്ങേ അറ്റത്തുള്ള ഏഴാം നമ്പർ ഗേറ്റ് ലക്ഷ്യമാക്കി, ഏതാണ്ട് പോയ അണ്ണാനെ പോലെ ത്രികോണേ ത്രികോണേ എന്ന പോലെ ഞാൻ നടന്നു.
അപ്പോളതാ അവൾ അങ്ങേ അറ്റത്തു നിന്നും നടന്നു വരുന്നു. ശോ പാവം, എത്ര കുലീനയായ സ്ത്രീ.. ഞാൻ കാത്തിരിക്കണമായിരുന്നു, അല്ലെങ്കിൽ അവൾക്കൊരു പാർസൽ വാങ്ങാമായിരുന്നു. ഞാൻ ആവേശത്തോടു കൂടി ചോദിച്ചു, "കറൻസി മാറിയോ? "
അവൾ ഇത്തിരി സ്പീഡിൽ ആയിരുന്നു, എന്നിട്ടു പറഞ്ഞു " അത് മാറി, ഞാൻ അവിടുന്ന് കഴിക്കുകയും ചെയ്തു. പക്ഷെ ഗേറ്റ് നമ്പർ ഒന്നാണല്ലോ? ഞാൻ ടിക്കറ്റ് എടുത്തു നോക്കി, അല്ല ഏഴാണല്ലോ എന്ന് പറഞ്ഞു അവളെ ടിക്കറ്റ് കാണിച്ചു. അവൾ അവളുടെ ടിക്കറ്റ് കാണിച്ചു. അതിൽ ഗേറ്റ് ഒന്നാണ്, കാരണം അവൾ വേറെ വിമാനത്തിൽ ഒമാൻ വഴിയാണ് പോകുന്നത്.
ഭാഗ്യത്തിന് അവളുടെ വിമാനം പോയില്ല, വെറുതെ ഒരാവേശത്തിനു ഞാൻ സങ്കൽപ്പിച്ചു കൂട്ടിയ ചിന്തകളിൽ ഒരാളുടെ യാത്ര മുടങ്ങാതിരുന്നത് ഭാഗ്യം.
അങ്ങനെ വീണ്ടും ഡിപ്രഷൻ അടിച്ചു രണ്ടാഴ്ചയായി ദുഫായിൽ വിങ്ങി വിങ്ങി ഏങ്ങലടിച്ചു നടക്കുകയാണ് സുർത്തുക്കളെ.. നടക്കുകയാണ്...
0 comments:
Post a Comment