ദുർമേദസ്
>> Tuesday, January 6, 2026
ഈ ഡിസംബറിൽ പിറന്നത് ശക്തമായ ചില തീരുമാനങ്ങളുമായാണ്. കള്ളുകുടിക്കില്ല, നാട്ടിൽ പിള്ളേരുമായി കൂടുതൽ സമയം ചെലവഴിക്കണം, പ്രായമായ ബന്ധുമിത്രാതികളെ ഒക്കെ കാണണം അങ്ങനെ കുറെ പ്ലാനും പദ്ധതിയും. അതിൽ പ്രധാനം ആരോഗ്യപരിപാലനം ആൻഡ് മദ്യപാന നിയന്ത്രണം.
എട്ടാം തീയതി നാട്ടിലേക്ക്, എയർപോർട്ടിൽ വെച്ച് എട്ടുവർഷം കൂട്ടിലിട്ട സിംഗിൾ മാൾട്ട് പൊട്ടിച്ചടിച്ചു ആദ്യത്തെ പ്രതിജ്ഞ പൊട്ടി. എന്നിട്ടും കംപ്ലീറ്റ് വിട്ടില്ല, വീട്ടിൽ തന്നെ കഴിവതും കൂടി, പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി, നല്ല പിള്ളയായി പെരുന്നാളും ക്രിസ്തുമസും ന്യൂ ഇയറും ഒക്കെ ഘോഷിച്ചു. അങ്ങനെ ജനുവരി ആയി. തിരിച്ചു പോകാറായി.
മലന്നു കിടന്ന് മൊബൈലിൽ ഞോണ്ടിക്കൊണ്ടിരുന്ന എന്റെ വയറ്റിൽ കയറി ഇരുന്നു കുഞ്ഞേപ്പ് പറഞ്ഞു, ചാച്ചേടെ വയറു അമ്മേടെ വയറിനേക്കാൾ വലുതായല്ലോ എന്ന്. വണ്ണത്തിന്റെ പേരിൽ അവളെ എന്നും ബോഡി ഷെയിമിങ് നടത്തുന്ന എനിക്കിട്ട് തിരിച്ചൊരെണ്ണം കിട്ടിയ സന്തോഷത്തിൽ ഭാര്യയും കൂടെ കൂടി. അഞ്ചുപെറ്റ എന്റെ വയറിനേക്കാൾ മടക്കാണല്ലോ ചാച്ചക്കിപ്പോൾ. ശരിയാണ്, വയറിന്റെ അടിയിൽ ഒരു മടക്കു വരെ രൂപപ്പെട്ടു.
ഏറ്റവും പ്രയാസം ഷഡി ഇടാനാണ്, പട്ടി മുള്ളാൻ നിക്കുന്നപോലെ കഷ്ടിച്ച് നിന്ന് ഒരു കാലിൽ ഇടും. പിന്നെ കട്ടിലിൽ മലന്നു കിടന്നു കാലുപൊക്കി വേണം അടുത്ത തുളയിൽ കാലിടാൻ. അങ്ങനെ ഓരോരോ കഷ്ടപ്പാടുകൾ. എന്തായാലും പതിവുപോലെ മെഡിക്കൽ ചെക്കപ്പിനായി മാർ സ്ലീവായിലേക്ക് പോയി.
നാല്പതാം വയസ്സിൽ അറ്റാക്ക് വന്നു മരിച്ച അപ്പൻ, സോ ഫാമിലി ഹിസ്റ്ററി കോളം ടിക് അടിച്ചു. ഇരുപത് വർഷം മുമ്പ് നടത്തിയ കൊളസ്ട്രോൾ പരിശോധനയിൽ ട്രൈഗ്ലിസറൈഡ് എഴുന്നൂറ്റി ചില്വാനും (കൂട്ടത്തിൽ നോക്കിയ മച്ചുവിന് അതിൽ കൂടുതൽ ഉണ്ടായിരുന്നത്കൊണ്ട് ആശ്വാസം). രണ്ടാമത്തെ കോളവും ടിക്. തൂക്കം തൊണ്ണൂറ്റിമൂന്ന്, അടുത്ത കോളവും ടിക്. നിനക്കെപ്പോ അറ്റാക്ക് വന്നു എന്നു ചോദിച്ചാൽ മതി എന്ന ചോദ്യം കേൾക്കാൻ തുടങ്ങി വർഷങ്ങളായി.
ആദ്യമൊക്കെ എന്റെ ഹീറോ മോഹനൻ വൈദ്യൻ, മരുന്നൊക്കെ എന്റെ പട്ടി കഴിക്കും. കറന്നെടുത്ത പശുവിൽ പാലിൽ ഉറയൊഴിച്ചു തൈരാക്കി, അതിനെ കടഞ്ഞെടുത്തു മോരാക്കി, അതിൽ കാന്താരിയും കറിവേപ്പിലയും ഇട്ടുവെച്ചു പിറ്റേദിവസം പല്ലുപോലും തേക്കുന്നതിനു മുമ്പ് വെറും വയറ്റിൽ സേവിച്ചവനാണ് ഞാൻ. വായിൽ രാത്രിയിൽ പാത്തിരുന്നു വളരുന്ന ബാക്ടീരിയ വയറിനു നല്ലതാണ് എന്ന് പണ്ട് ആയുർവേദത്തിൽ പറഞ്ഞിട്ടുണ്ടത്രെ. ഇന്നിപ്പോൾ വയറ്റിലെ ചത്തുപോയ നല്ല ബാക്ടീരിയ ഉണ്ടാക്കാൻ ഒരു കെട്ട് കാശുകൊടുത്തു പ്രോബയോട്ടിക് ഒക്കെ വാങ്ങി തിന്നുന്ന മനുഷ്യരെ കാണുമ്പോൾ എന്റെ ആയുർവേദത്തെ ഞാൻ ഇപ്പോളും ചുമ്മാ നമിക്കും.
പിന്നെ സദ്ഗുരു, കുറെ മുറി വൈദ്യന്മാർ, മുറി ശാശ്ത്രജ്ഞർ ഒക്കെ തുടങ്ങി അവസാനം അഗസ്റ്റസ് മോറിസിലും രവിചന്ദ്രനിലും ഒക്കെ എത്തി നിക്കുന്ന ഞാൻ ആധുനിക ശാസ്ത്രത്തിന്റെ ബഹുമാനിച്ചു തുടങ്ങി.അതിനാൽ എപ്പോൾ നാട്ടിൽ വന്നാലും ചെക്കപ്പ് നടത്തി ഉടനെ അറ്റാക്ക് വരില്ല എന്നുറപ്പിക്കും, പിന്നെ മൂന്നു മാസം അർമാദിച്ചു തിന്നും.
എന്നാൽ ഈ പ്രാവശ്യം ജീവിതം ഇത്തിരി ചിട്ടയാക്കിയില്ലേൽ കോഞ്ഞാട്ടയാകും എന്ന് മനസിലായി. കാർഡിയാക് ഡോക്ടർ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു. ഷുഗർ ബോഡറാണ്, ലിവർ വീർത്തു തുടങ്ങി, ഇനി നോക്കിയേ പറ്റൂ. ഇസിജി, ട്രെഡ്മിൽ, എക്കോ ഇതൊക്കെ കഴിഞ്ഞ പ്രാവശ്യം നോക്കിയതുകൊണ്ടു ഒരു പുതിയ ടെസ്റ്റ് ഈ പ്രാവശ്യം തന്നു, കാൽസ്യം സ്കോർ നോക്കാൻ.
കാര്യം കാശിത്തിരി പോകുമെങ്കിലും അവിടെ പോയി ഒറ്റയ്ക്ക് കിടക്കുമ്പോൾ രാത്രിക്കു കാഞ്ഞുപോകുമോ എന്ന പേടി ഇത്തിരി കുറക്കാമല്ലോ എന്ന് കരുതി അതിനു റെഡിയായി.പെണ്ണുങ്ങളുടെ നൈറ്റി പോലെ ഒരു ഡ്രസും ഇട്ട് അവിടെ വെയിറ്റ് ചെയ്തപ്പോൾ ഒരു ഏഴു വയസുകാരൻ കൊച്ചും അമ്മയും കൂടി അവിടെ വന്നു.
കൊച്ചിന്റെ കയ്യിൽ ഒരു കുഞ്ഞു ലാൻഡ് ക്രൂയിസർ ടോയ് ഉണ്ട്. വയസ് അമ്പത് കഴിഞ്ഞെങ്കിലും വണ്ടി കണ്ടാൽ എന്റെ മനസിലെ കുട്ടി ഉണരും. വെറുതെ ആ കൊച്ചിനെ നോക്കി ചിരിച്ചു വണ്ടി എടുത്തോട്ടെ എന്നൊക്കെ ചോദിച്ചു കളിപ്പിച്ചു നിന്നപ്പോൾ അവരുടെ ടെസ്റ്റിന്റെ ഊഴമെത്തി. ആ കുഞ്ഞിന്റെ നെറ്റിയിൽ ഒരു കുരിശുവരച്ചു അമ്മ അവനെ അകത്തേക്ക് കടത്തിവിട്ടു. ഞാൻ ചോദിച്ചു എന്താണ് മോന് പറ്റിയത്. അവർ പറഞ്ഞു, ബ്രെയിൻ ട്യൂമർ. വേദനയും ദൈന്യതയും നിറഞ്ഞ ആ കണ്ണുകളിലേക്ക് എനിക്ക് പിന്നെ നോക്കാൻ കഴിഞ്ഞില്ല.
വെറുതെ തിന്നും കുടിച്ചും അർമാദിച്ചും കൊളസ്ട്രോളും ഷുഗറും ഉണ്ടാക്കി ഹോസ്പിറ്റലിൽ കയറി നടക്കുന്ന ഞാനൊക്കെ എന്തൊരു ജന്മമാണെന്ന പുച്ഛം തോന്നി. കുറ്റബോധത്തോടെ തലകുനിച്ചുരുന്ന എന്റെ അടുത്ത കസേരയിൽ അവൻ കളിച്ചുകൊണ്ടിരുന്ന ലാൻഡ് ക്രൂയിസർ അപ്പോളും ഇരിക്കുന്നുണ്ടായിരുന്നു.
