എന്റെ പേര് മണിയൻ, ഞാനൊരു ഈച്ചയാണ്. "ഈ" എന്ന സിനിമയിൽ കണ്ടമാതിരി വളരെ ബുദ്ധിയും ശക്തിയും ഒന്നുമുള്ള സൂപ്പർഹീറോ ഒന്നുമല്ല. കൊച്ചിയിൽ കൂടി സന്തോഷത്തോടെ പഴത്തിലും പലഹാരത്തിലും ഒക്കെ നക്കി നടന്നിരുന്ന എന്നെ ആ പിഷാരടി എന്ന് പറയുന്ന ദുഷ്ടൻ പിടിച്ചു കാറിനകത്തിട്ടു കേശവദാസപുരത്ത് ഇറക്കിവിട്ടതാണ്. മൃഗസ്നേഹിയും ജീവജാലങ്ങളോട് കരുണയും ഉള്ളവൻ ആണത്രേ, ഞാനിനി എങ്ങനെ പറന്ന് തിരിച്ചു കൊച്ചിക്കു വരും? എന്റെ പ്രണയിനിയെ കാണും? ഞാനാണെങ്കിൽ അവൾക്ക് ഈ വാലന്റൈൻസ് ദിനത്തിൽ ഒരു വടയുടെ തരി കൊണ്ടുവന്നു കൊടുക്കാമെന്ന് പറഞ്ഞിരുന്നതാണ്.
നമ്മൾ ജീവികൾ ദിവാകരൻ പൊങ്ങിവരുന്നതിനു മുമ്പേ എണീറ്റ് പണി തുടങ്ങുമല്ലോ. നിങ്ങൾ മനുഷേന്മാരെ പോലെ പല്ലുതേച്ചു കുളിക്കേണ്ട കാര്യമില്ല, പ്രാഥമിക കൃത്യങ്ങൾ ഒക്കെ വരുന്നപോലെ കൈകാര്യം ചെയ്താലും മതി. എന്റെ മണിക്കുട്ടിക്ക് കൊച്ചിയിൽ പോയി എങ്ങനെ വടയിലെ തരി കൊടുക്കും എന്ന ചിന്തയിൽ, ഇന്നലെ രാത്രി ഏതോ ഉന്നതകുലജാതൻ, വെജിറ്റേറിയൻ ഹോട്ടലിൽ പോയി പാർസൽ വാങ്ങി ബെൻസ് കാറിലിരുന്ന് കഴിച്ചിട്ട് റോഡരികിൽ വലിച്ചെറിഞ്ഞ വടയുടെ നടുക്കത്തെ തുളയിൽ ചന്തി താങ്ങി ഞാൻ ആലോചിച്ചുകൊണ്ടേയിരുന്നു.
സങ്കടം സഹിക്കാൻ വയ്യാതെ ഞാൻ ദൈവം തമ്പുരാനോട് ഉള്ളുരുകി പ്രാർത്ഥിച്ചു. തിരുവനന്തപുരം അല്ലെ എന്ന് കരുതി ശ്രീപദ്മനാഭനോട് പ്രാർത്ഥിച്ചു, കണ്ണീർചിന്തി ഏത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന ചൊല്ലി, പിന്നെ അറിയാവുന്ന എല്ലാ ദൈവങ്ങളോടും ചറപറാ പ്രാർത്ഥിച്ചു...
അത്ഭുദമെന്നു പറയട്ടെ, ഒരു ഡിഫൻഡർ വണ്ടി വന്ന് ഞാനിരുന്നു വടയുടെ അടുത്തായി പാർക്ക് ചെയ്തു, അതിന്റെ ചില്ലു തുറന്ന് ഒരു സുന്ദരൻ എന്നെ മാടി വിളിച്ചു, എന്നിട്ടു ചോദിച്ചു. നിന്നെയല്ലേ കഴിഞ്ഞ ദിവസം ആ പിഷാരടി കൊച്ചീന്ന് ഇവിടെ കൊണ്ടുവന്നു വിട്ടത്? ഞാൻ കണ്ണീരോടെ കൈകൂപ്പി അദ്ദേഹത്തോട് പറഞ്ഞു, അതെ സാർ, എന്നെ രക്ഷിക്കൂ...
അദ്ദേഹം എന്നെ വിളിച്ചു, വണ്ടിയിൽ കയറ്റി, ഞാൻ ഡാഷ്ബോർഡിൽ കയറി മുമ്പിലത്തെ ഗ്ലാസിലൂടെ കാഴ്ചകൾ കണ്ട് കൊച്ചിയെത്തി. ഞാൻ നന്ദി പറഞ്ഞു കൊണ്ട് അവിടെ ഇറങ്ങി, താങ്കളെ ദൈവം ആണ് അയച്ചത്, ഒരു ദൈവദൂതൻ ആണ് താങ്കൾ, വിരോധമില്ലെങ്കിൽ അങ്ങയുടെ പേര് പറയാമോ?
അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെ മറുപടി പറഞ്ഞു. ഞാൻ മമ്മൂട്ടി...
എല്ലാ പ്രണയിക്കുന്നവർക്കും പ്രണയം മനസ്സിൽ കൊണ്ടുനടക്കുന്നവർക്കും സ്നേഹം നിറഞ്ഞ വാലന്റൈൻസ് ദിനാശംസകൾ
Read more...