ഞാനൊരു പാവം പാലാക്കാരന്‍

അവന്‍ മരിക്കുമോ ???

>> Tuesday, November 4, 2008

ഓഫീസില്‍ പതിവു പോലെ തിരക്കു പിടിച്ച ഒരു ദിവസം. മാനേജര്‍മാരുടെ പ്രതിമാസ മീറ്റിങ് നടക്കുന്നു. അതാ ഒരു ഇന്റര്‍നാഷണല്‍ കോള്‍, ബഹറിനില്‍ നിന്നും ആണ്. അതവനായിരുന്നു, ഞാന്‍ പറഞ്ഞു, എടാ ഇത്തിരി തിരക്കിലാണ് ഞാന്‍ പിന്നീട് വിളിക്കാം. അവന്‍ പറഞ്ഞു വളരെ അത്യാവശ്യം ആണ്, വിളിക്കാതിരിക്കരുത്. ഞാന്‍ സമ്മതിച്ചു. പക്ഷെ വൈകിട്ടു വീട്ടില്‍ ചെന്ന് ഭാര്യയെക്കൂട്ടി ഷോപ്പിങ്ങിനു പോയി എല്ലാം കഴിഞ്ഞ് കിടന്നപ്പോളാണ് ഓര്‍ത്തത്. വിളിക്കണോ, ഒത്തിരി ലേറ്റ് ആയി, എന്തായാലും അത്യാവശ്യമെന്നു പറഞ്ഞതല്ലേ, വിളിച്ചേക്കാം. വിളിച്ചപ്പോള്‍ പാവം എന്റെ വിളി വരാത്തതില്‍ സങ്കടപ്പെട്ടിരിക്കുകയായിരുന്നു. അവന്‍ കുറച്ചു കാര്യങ്ങള്‍ പറഞ്ഞു, ഞാനുമായി നേരത്തെ ഉണ്ടായിരുന്ന നല്ല ഒരു ആത്മബന്ധം ഓര്‍ത്തിട്ടാണ് അവന്‍ വിവരങ്ങള്‍ എന്നോട് പറഞ്ഞത്. ആശ്വസിപ്പിക്കാനല്ലാതെ ഒരു പരിഹാരം എനിക്കില്ലായിരുന്നു.


അവന്‍ പാവമായിരുന്നു. ഇടത്തരം കുടുംബത്തില്‍ പിറന്ന അവന്‍ സാധാരണ ഏതൊരു ഗള്‍ഫുകാരന്റെ മകനേയും പോലെ അപ്പന്‍ കഷ്ടപ്പെണ്ടുക്കുന്ന കാശിന്റെ വില അറിയാത്ത അലസനായിരുന്നു. പഠനത്തില്‍ വലിയ താല്പര്യം ഇല്ലാതിരുന്ന അവന്‍ സിനിമയും കൂട്ടുകാരും വോളിബോളും ഒക്കെയായി ജീവിതം ആസ്വദിച്ചു പോന്നു. മോഡിഫൈ ചെയ്ത ബൈക്കും അലക്കിതേച്ചു പശമുക്കിയ മുണ്ടുമുടുത്ത് അവന്‍ നാട്ടിലെ എല്ലാ ഉത്സവങ്ങളും പെരുന്നാളുകളും കൂടിനടന്നു. കൂട്ടുകൂടുമ്പോള്‍ അല്പസ്വല്പം മദ്യപിക്കുമെങ്കിലും എല്ലാവര്‍ക്കും അവനെ ഇഷ്ടമായിരുന്നു, കാരണം ആരോടും പരിഭവങ്ങളില്ലാത്ത, എപ്പോളും ചിരിക്കുന്ന ഒരു സുന്ദരനായിരുന്നു അവന്‍.


ഡിഗ്രിക്കു ശേഷം അപ്ടെക്കിലും NIIT യിലുമൊക്കെയായി കുറെ കമ്പ്യൂട്ടര്‍ പഠനവും ഒക്കെ നടത്തി ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട മൃദുലയെന്ന പാലക്കാടന്‍ പെണ്‍കുട്ടിയെ പ്രണയിച്ചു നടന്ന അവനു പെട്ടെന്നാണ് ജീവിതത്തില്‍ ഉത്തരവാദിത്വത്തോടുകൂടി നില്‍ക്കേണ്ട അവസ്ഥ വന്നത്. വര്‍ഷങ്ങളോളം ഗള്‍ഫില്‍ ജോലിചെയ്ത് കുടുംബത്തിനു വേണ്ടി ജീവിച്ച ആ പാവം അച്ഛന്‍ തിരിച്ചു വന്നു. ഗല്‍ഫിലെ ഏകാന്തവാസത്തിന്റെയും കുബ്ബൂസും സോസേജും ബര്‍ഗ്ഗറും ഒക്കെ അടിച്ച് ഒരു ബെഡ് സ്പേസില്‍ ഒതുങ്ങി ജീവിച്ചതിന്റെ പ്രതിഫലമായ കൊളസ്ട്രോള്‍, പ്രഷര്‍, പ്രമേഹം തുടങ്ങിയ അസുഖങ്ങളുടെ ഭാരത്താല്‍ ആ പാവം തിരികെ പോന്നു. കാര്യം സ്വത്തും സമ്പാദ്യങ്ങളും ഒക്കെയുണ്ടെങ്കിലും അവന്റെ ഇളയതായി നില്‍ക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ക്കു പഠിക്കാനും കല്ല്യാണത്തിനും ഉള്ള കാര്യങ്ങളൊക്കെ ബാങ്കിലും ഇട്ടിട്ടുണ്ടെങ്കിലും മകനേകൂടി ഒരു വഴി ആക്കിയെങ്കിലല്ലേ ആ പാവം അച്ഛനു സമാധാനത്തോടുകൂടി ജീവിക്കാനാവൂ.


അങ്ങിനെ അവന്‍ ബഹറിനില്‍ എത്തിയത്. അമ്മാവന്‍ മുതല്‍ കൂട്ടുകാര്‍ വരെയായി ധാരാളം വേണ്ടപ്പെട്ടവര്‍ ഉണ്ട് മനാമയില്‍. എങ്കിലും ആദ്യമായി നാട്ടില്‍ നിന്നും കുറച്ചധികം നാളത്തേക്കു മാറി നില്‍ക്കുന്നത്. ഗള്‍ഫിലെ ജീവിത രീതികള്‍ അറിയാമായിരുന്ന അച്ഛന്‍ മകനു താമസിക്കാനായി ബെഡ് സ്പേസ് വരെ ഒരുക്കിയിരുന്നു. എന്നാല്‍ നാട്ടിലെ സുഖസമ്പന്നതയില്‍ ജീവിച്ച അവനു ഒരു ബെഡ് സ്പേസില്‍ ഒതുങ്ങുക എന്നുള്ളത് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല. അവിടെയും കൂട്ടുകാര്‍ തന്നെ രക്ഷ, മുണ്ടില്‍ നിന്നും പാന്റിലേക്കുമാറിയതൊഴിച്ചാല്‍ എല്ലാം പഴയതുപോലെ തന്നെ. റമ്മി, പരിയല്‍, ബാങ്ക് തുടങ്ങിയ ചീട്ടുകളികളും അത്യാവശ്യം വെള്ളമടിയുമായി അവന്‍ മനാമ തകര്‍ത്തു. ജോലി അന്വേഷണം അമ്മാവനും അച്ഛന്റെ കൂട്ടുകാരും നടത്തിക്കൊണ്ടിരുന്നു. അവനു ഒന്നിനും സമയം ഉണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം.

എല്ലാവരും രാവിലെ ജോലിക്കു പോകുമ്പോള്‍ അവന്‍ പത്തുമണിവരെ കിടന്നുറങ്ങി. പിന്നെ പതുക്കെ എണീറ്റ് അവന്റെ ദിവസം ആരംഭിക്കും. ആര്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അവര്‍ അവനെയും കൂട്ടും, പരോപകാരിയും നിര്‍ദ്ദോഷിയും ആണല്ലോ അവന്‍. ബയോഡാറ്റ അയക്കാനായി പോകുന്ന സമയത്ത് ഒരെണ്ണം പോലുമയക്കാതെ അവന്‍ മൃദുലയുമായി ചാറ്റ് ചെയ്തു. അങ്ങനെ പ്രണയം, ഭക്ഷണം, മദ്യം, ചീട്ടുകളി എന്നിവയൊക്കെയായി അവന്റെ ദിനങ്ങള്‍ നാട്ടിലെക്കാളും തിരക്കിലായിരുന്നു. ഒരു മാസമായിട്ടും നാട്ടുകാരെയും കൂട്ടുകാരെയും മുഴുവന്‍ കണ്ട് തീര്‍ന്നുമില്ല.


അങ്ങനെയിരിക്കുമ്പോളാണ് നാട്ടുകാരനും കൂട്ടുകാരനുമായ കുട്ടന്‍ അവനെ വിളിച്ചത്. കുട്ടന്‍ ഏതോ ഷിപ്പിലോ മറ്റോ ആണ് വര്‍ക്കുചെയ്യുന്നത്. മിക്കവാറും പുറത്തായിരിക്കും. കുട്ടന്റെ ഫ്ലാറ്റില്‍ പോയി അന്ന് നന്നായി അങ്ങു മിനുങ്ങി. രാവിലെ തുടങ്ങിയ മദ്യപാനം ഉച്ചക്കു സുഭിക്ഷമായ ഭക്ഷണത്തോടെ ഒന്നൊതുക്കി. അപ്പോള്‍ കുട്ടന്‍ പറഞ്ഞു, ബാടാ...താഴെ വരെ പോയിട്ടു വരാം.

അവര്‍ രണ്ടു പേരും കൂടി ഫ്ലാറ്റില്‍ നിന്നിറങ്ങി. അവര്‍ അടുത്ത നിലയിലെ ഫ്ലാറ്റില്‍ ചെന്നു ബെല്‍ അടിച്ചു, അവന്‍ വിചാരിച്ചു ഇനി കൂട്ടുകാരെ കൂട്ടാനായിരിക്കും. വാതില്‍ തുറന്ന ചേട്ടന്‍ കുട്ടനെ നോക്കി ചിരിച്ചു, കുട്ടന്‍ അവനെയും കൂട്ടി അകത്തേക്കു കയറി. അവനു ഒന്നും മനസിലായില്ല ആദ്യം. രണ്ടുമൂന്നു പെണ്ണുങ്ങള്‍ അവിടെയും ഇവിടെയും ആയി ഇരിക്കുന്നു. കുട്ടന്‍ ഒരു ചിരി ചിരിച്ചു, എന്നിട്ട് പറഞ്ഞു, ഏതാ വേണ്ടത് എന്നു പറയെടാ പൊട്ടാ. അവന്‍ നോക്കി, മിഡിയും ടീ ഷര്‍ട്ടുമിട്ട് ഒരു പെണ്ണ്, കണ്ടാലറിയാം പോക്കാണെന്ന്. ജീന്‍സും സ്ലീവ് ലെസ്സ് ടോപ്പുമിട്ട് അടുത്തവള്‍, അവള്‍ വന്നു അവന്റെ കുണ്ടിയില്‍ ഒരു ഞോണ്ട്. അവന്റെ മുഖം കുനിഞ്ഞു. അവന്‍ സോഫായില്‍ ഇരുന്നു. വല്ല്യപാവാടയും ബ്ലൌസും ഇട്ട് മുടിയൊക്കെ വിടര്‍ത്തിയിട്ട പെണ്ണ് അവന്റെ അടുത്തു വന്നിരുന്നു. അവനു കാര്യങ്ങള്‍ മനസിലായി, അവനു പോയാലോ എന്നു തോന്നി.

പക്ഷെ അവള്‍ അവന്റെ കയ്യില്‍ പിടിച്ചു, എന്നിട്ടു ചോദിച്ചു, പോകാം അകത്തേക്ക്? അവന്‍ അറിയാതെ മൂളിപ്പോയി. ഒരു മുറി, കട്ടിലും കസേരയും ഒക്കെയുള്ള തരക്കേടില്ലാത്ത സ്ഥലം. അവന്‍ പറഞ്ഞു, എനിക്കു വേണം എന്നില്ല. അവള്‍ ചോദിച്ചു, എന്താ ആദ്യമായിട്ടാ? ഏയ്..അല്ല എന്നു പറയണമെന്നുണ്ടായിരുന്നു അവന്, പക്ഷെ അവന്‍ പറഞ്ഞു, ഇങ്ങനെ ആദ്യായിട്ടാ‍. അവള്‍ കൂടെ അവനെ മുട്ടിയിരുന്നു. അവന്‍ ചോദിച്ചു, പേരെന്താ? അവള്‍ പറഞ്ഞു റെജീനാ. അവനു ദേഷ്യം വന്നു, മുഖം ചുളിച്ചുകൊണ്ട് അവന്‍ ചോദിച്ചു, ചുമ്മാ നുണ പറയാതെ പെണ്ണേ, നീയെന്താ കുഞ്ഞാലിക്കുട്ടീടെ അടുത്തൂന്നു വരുവാ..? അവന്റെ ദേഷ്യം മാറ്റാനായി അവന്റെ മുഖത്ത് ഒരുമ്മ കൊടുത്തുകൊണ്ട് അവള്‍ പറഞ്ഞു, അല്ലെടാ കണ്ണേ, എന്റെ ശരിക്കുള്ള പേരാ അത്.


പിന്നീട് അവള്‍ അവനെ മറ്റേതോ ലോകത്തേക്കു കൂട്ടിക്കൊണ്ടു പോയി. സംഭവം ഒക്കെ കഴിഞ്ഞു പുറത്തിറങ്ങി, കുട്ടന്‍ നേരത്തെ പരിപാടി ഒക്കെ കഴിഞ്ഞു നില്‍ക്കുന്നു. എന്തോ അവനോട് വെറുപ്പാണ് തോന്നിയത്. എങ്കിലും സിനിമകളിലും കഥകളിലും ഒക്കെയുള്ള ഒരു വേശ്യയായി അവളെ കാണാന്‍ അവനു സാധിച്ചില്ല. പിന്നെയും പോയി രണ്ടെണ്ണം അടിച്ചു, അപ്പോള്‍ അവനു തോന്നി ഒന്നു കൂടി പോകണമെന്ന്, കുട്ടന്‍ റെഡി. വീണ്ടും അവിടെ ചെന്നു, അവള്‍ മറ്റൊരുവന്റെ കൂടെ ആയിരുന്നു, അവന്‍ കാത്തിരുന്നു. വന്നും പോയും ഇരിക്കുന്ന പുരുഷന്മാര്‍, വരുന്നവരെ മയക്കാന്‍ നോക്കുന്ന പെണ്ണുങ്ങള്‍, അവന്‍ മുഖം കുനിച്ചിരുന്നു.
അവള്‍ വീണ്ടും തയ്യാറായി എത്തി.

അവര്‍ മുറിയിലേക്കു പോയി. അവന്‍ ചോദിച്ചു, ഇങ്ങനെ അടുപ്പിച്ചു നടത്താന്‍ നിങ്ങള്‍ക്കു പ്രയാസം ഇല്ലേ? അവള്‍ പറഞ്ഞു, പ്രയാസപ്പേട്ടിട്ട് കാര്യം ഇല്ലല്ലോ, ഇതൊരു ജോലിയായി ചെയ്യുന്നു. വരുന്നവരെ പരമാവധി തൃപ്തിപ്പെടുത്തുന്നു. അവന്‍ ചിന്തിച്ചു, ശരിയാണ്, അല്ലെങ്കില്‍ അവന്‍ വീണ്ടും വരില്ലാരുന്നല്ലോ. അവനു ധൃതിയില്ലായിരുന്നു, പക്ഷെ അവള്‍ക്കുണ്ടായൊരുന്നു. എങ്കിലും ഇടക്കുള്ള സ്നേഹസംഭാഷണങ്ങളില്‍ അവള്‍ അവളുടെ ഇടുക്കിനുള്ള ഒരു ചെറിയ തടിപ്പും വേദനേയേയും കുറിച്ചു പറഞ്ഞു. അവന്‍ അവള്‍ക്കു തിരുമ്മി കൊടുത്തു. അങ്ങനെ വീണ്ടും അവര്‍ നിര്‍വൃതിയുടെ ലോകത്തേക്കു മടങ്ങി. അവള്‍ അവന്റെ ഫോണ്‍ നംമ്പര്‍ വാങ്ങി. അവള്‍ ചോദിച്ചതിന്‍ പ്രകാരം അവന്‍ അവള്‍ക്കു കുറച്ചു കാശും കൊടുത്തു.


തിരികെ അവന്റെ താമസഥലത്തു വന്നു, ആരോടും വേശ്യാലയത്തില്‍ പോയ കാര്യം പറഞ്ഞില്ല. എങ്കിലും പിറ്റേന്ന് മദ്യത്തിന്റെ കെട്ടുവിട്ടപ്പോള്‍ അവനു മനസില്‍ കുറ്റബോധം തോന്നി. അന്നവന്‍ മൃദുലയെ ഫോണ്‍ വിളിച്ച് ഒത്തിരി സംസാരിച്ചു. അവന്‍ നിരാശനായിരുന്നു എന്നു മനസിലായ അവള്‍ ഒത്തിരി വര്‍ത്തമാനം പറഞ്ഞു, നിരാശയുടെ കാരണം അവള്‍ക്കറിയില്ലെങ്കിലും. അവനവളോട് ഒത്തിരി സ്നേഹംതോന്നി, ഇന്റര്‍നെറ്റ് കഫേയില്‍ പോയി ചാറ്റ് ചെയ്തു. പതിയെ വീണ്ടും അവന്‍ നോര്‍മല്‍ ലൈഫിലേക്ക് തിരിച്ചു വന്നു, ആ അപശിപ്ത നിമിഷം അവന്‍ മറന്നു.


ഒരാഴ്ച കഴിഞ്ഞു. അവനു മൂത്രമൊഴിക്കുമ്പോള്‍ ഒരു വേദന. എന്തോ പഴുപ്പ് ഉള്ള പോലെ. അവനു മനസിലായി, എന്തോ കുഴപ്പം സംഭവിച്ചിരിക്കുന്നു. എന്താ ചെയ്ക, അവസാനം അവന്‍ വിശ്വസിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെ വിളിച്ച് വിവരം പറഞ്ഞു. അവര്‍ രണ്ടുപേരും കൂടി ഡോക്ടറെ കണ്ടു. ഡോക്ടര്‍ മൂന്നു ചോദ്യങ്ങള്‍ ചോദിച്ചു. പുറത്തു പോയി ലൈംഗിക ബന്ധം നടത്തിയോ? മദ്യപിച്ചിട്ടുണ്ടായിരുന്നോ?
കോണ്ടം സ്ലിപ് ആയോ? എല്ലാത്തിനും ഉത്തരം യേസ് എന്നായിരുന്നു അവന്. അപ്പോളേ മൂത്രം ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞു, റിസള്‍ട് വന്നു, ഇന്‍ഫെക്ഷന്‍ ഉണ്ട്. അതിനു മരുന്നും കുത്തിവെപ്പും എടുത്തു. ഒരു മാസം കഴിഞ്ഞു വന്ന് രക്തം പരിശോധിക്കാന്‍ പറഞ്ഞു, വേറെ എന്തെങ്കിലും രോഗങ്ങളുണ്ടോ എന്നറിയാന്‍, മൂന്നു മാസം കഴിഞ്ഞു രക്തം നോക്കിയാല്‍ മാത്രമേ എച്ച് ഐ വി ഉണ്ടോ എന്നറിയാന്‍ സാധിക്കൂ.


അവന്‍ തകര്‍ന്നു പോയി. ഏതോ ഒരു നിമിഷത്തില്‍ സംഭവിച്ച ഒരു തെറ്റ്, അതിനിത്രയും ശിക്ഷ
വേണമായിരുന്നോ? ഇനി മൂന്നു മാസം കാത്തിരിക്കുന്നതെങ്ങനെ? അതിനു മുമ്പ് നോക്കിയാലും കാര്യം ഇല്ലല്ലോ. ഇനി അത്രയും നോക്കിയിരുന്ന് അതുണ്ടെങ്കില്‍? അവന്റെ മനസ് തളര്‍ന്നു തുടങ്ങി.


അവന്‍ ഇന്റര്‍നെറ്റില്‍ പരതി എയിഡ്സിനെക്കുറിച്ച് പഠനം തുടങ്ങി. എയിഡ്സ് രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിയുമ്പോള്‍ ശരീരത്തില്‍ ഉണ്ടാവുന്ന അന്റിബോഡി രക്തത്തില്‍ ഉണ്ടോ എന്നു നോക്കിയാണ് HIV ഇന്‍ഫെക്റ്റഡ് ആയോ എന്നു നോക്കുന്നത്. അതുണ്ടാവാന്‍ രണ്ടാഴ്ച മുതല്‍ ആറുമാസം വരെ എടുക്കാമെങ്കിലും മൂന്നു മാസം കഴിയുമ്പോല്‍ 97% ലഭിക്കും. ലക്ഷണങ്ങള്‍ എന്നു പറയുന്നത് ചിലതൊക്കെ അല്ലാതെയും വരുന്നതാണ്. പനി, ശരീരത്തില്‍ ചെറിയ തടിപ്പുകള്‍, ജലദോഷം തുടങ്ങി തലവേദന വരെ ഇതിന്റെ ലക്ഷണങ്ങളാണ്.

അവനാണെങ്കില്‍ ജലദോഷം, പനി പിന്നെ ദേഹത്തു റാഷസ് ഒക്കെ വന്നു ഈ ഒരാഴ്ചക്കുള്ളില്‍. പോരാത്തതിനു ആദ്യം വന്ന ഇന്‍ഫെക്ഷനും, അവന്‍ ഉറപ്പിച്ചു അവനു ഏകദേശം 90% HIV ഉണ്ട്.
ഇതു പറയാനായിരുന്നു എന്നെ വിളിച്ചത്. ഞാനെന്തു പറയാന്‍? അവനെ ആശ്വസിപ്പിച്ചു, നമുക്കിനി മൂന്നാം മാസം വരെ സമയം ഉണ്ടല്ലോ അറിയാന്‍, നിനക്കതൊന്നും വരില്ലേടാ എന്നൊക്കെയുള്ള ശരാശരി
ആശ്വാസവാക്കുകളല്ലാതെ എന്തു പറയാന്‍. പോരാത്തതിനു അവന്‍ എല്ലാ വിവരങ്ങളും ശേഖരിച്ചിരിക്കുന്നതു കാരണം നുണയൊന്നും പറയാനും പറ്റില്ലല്ലോ. അവിവേകം ഒന്നും കാട്ടരുത് എന്നു പറഞ്ഞു. ഇനി അതു എയിഡ്സ് ആയി വരാനായി 8 മുതല്‍ 10 വര്‍ഷം വരെ എടുക്കും എന്നും അതിനുള്ളില്‍ മരുന്നൊക്കെ ആകും എന്നുമൊക്കെ പറഞ്ഞു എന്നു മാത്രം.


എന്റെ വാക്കുകള്‍ ഒക്കെ ഒരു പ്രഹസനം മാത്രമായി മാറി. അവന്‍ പറഞ്ഞു, ഞാന്‍ എല്ലാത്തിനെയും കുറിച്ചു ആലോചിച്ചിട്ടുണ്ട്. ഒക്കെ നിന്നോടു പറയാം. പക്ഷെ ഇപ്പോള്‍ അതല്ല പ്രശ്നം. അവനു അമ്മാവന്‍ ഒരു ജോലി ശരിയാക്കിയിട്ടുണ്ട്. സാമാന്യം തരക്കേടില്ലാത്ത ജോലി. അതിനു കയറിയാല്‍ ഒരു മാസത്തിനകം ഉടനെ മെഡിക്കല്‍ ടെസ്റ്റ് ഉണ്ടാവും. അപ്പോളേക്കും ഈ പരിപാടിക്കു ശേഷം മൂന്നു മാസം കഴിയുമത്രേ. അപ്പോള്‍ പിറ്റിക്കപ്പേട്ടാലത്തെ അവസ്ഥ എന്തായിരിക്കും? അമ്മാവന്‍ അറിയും, പുള്ളിക്കാരന്റെ പരിചയക്കാരന്‍ ജോലി തന്നയാള്‍ അറിയും. നാട്ടില്‍ അമ്മവന്റെ വീട്ടുകാര്‍ അറിയും, അവരുടെ അകല്‍ച്ചയും പെരുമാറ്റവും മൂലം അവന്റെ വീട്ടില്‍ അറിയും. എത്ര മറച്ചാലും കാലം പലതരത്തില്‍ നാട്ടില്‍ അറിയിക്കും.


ഞാന്‍ പറഞ്ഞു, ഏതായാലും നിനക്ക് വിസിറ്റ് വിസ മാറാന്‍ രാജ്യത്തിനു പുറത്തു പോകണം. അപ്പോള്‍ പിന്നെ നാട്ടില്‍ ഒന്നു പോയിട്ടു വരാം എന്നു അമ്മാവനോട് പറയുക. നാട്ടില്‍ ചെന്നു ടെസ്റ്റ് ഒക്കെ നടത്തി കുഴപ്പമില്ലെങ്കില്‍ ബഹറിനു തിരിച്ചു വന്ന് ജോലിക്കു കയറുക, അല്ലെങ്കില്‍ നാട്ടില്‍ നിന്നു മാറാന്‍ ഇഷ്ടമില്ല എന്നു പറഞ്ഞു അവിടെ തന്നെ തല്‍ക്കാലം നില്‍ക്കുക. എയിഡ്സ് ഉള്ളവന്‍ എന്നു പറയുന്നതിലും ഭേതമാണല്ലോ ഉത്തരവാദിത്വം ഇല്ലാത്തവന്‍ എന്നു പറയുന്നത്.


ഒത്തിരി സമയം സംസാരിച്ചതിനാലും ഇന്റര്‍നാഷണല്‍ കോള്‍ ആയതിനാലും ബാക്കി അവന്‍ മെയില്‍ ചെയ്യാം എന്നു പറഞ്ഞു.ഒരാഴ്ചക്കു ശേഷം ഒരു മെയില്‍ കിട്ടി. അവന്‍ ഞാന്‍ പറഞ്ഞതു പോലെ നാട്ടില്‍ പോകാന്‍ തീരുമാനിച്ചു. പിന്നെ അവന്‍ എടുത്ത തീരുമാനങ്ങള്‍ ആ മെയിലില്‍ വിവരിച്ചിരുന്നു. അതിപ്രകാരമായിരുന്നു.


പ്രിയപ്പെട്ട ............,
നിന്നോടു സംസാരിച്ചപ്പോള്‍ എനിക്കൊത്തിരി ആശ്വാസം ലഭിച്ചു. എനിക്ക് ആരോടും പറയാനാവാതെ ഹൃദയം പൊട്ടുകയായിരുന്നു. ഇവിടെയുള്ളവരോട് പറഞ്ഞാല്‍ പിന്നെ ഒരു പക്ഷെ പേടി കാരണം അവര്‍ എന്റെ അടുത്തു പോലും വരില്ലായിരിക്കാം. അവര്‍ക്കു അടുപ്പമുള്ളവരെയും വിവരം പറഞ്ഞ് ഒഴിവാക്കും, പതുക്കെ അത് എല്ലാവരും അറിയും. നിന്നെ എനിക്കു വിശ്വാസം ഉള്ളതിനാലും ആരോടും പറയില്ല എന്നുറപ്പുള്ളതിനാലും പിന്നെ എന്റെ അടുത്തു വരാന്‍ നിനക്കു സാഹചര്യം ഇല്ലാത്തതിനാലുമാണ് നിന്നോട് ഈ വിവരം പറഞ്ഞത്. പറഞ്ഞതിനു ശേഷം എനിക്കുണ്ടായ ആശ്വാസം പറഞ്ഞറിയിക്കാനാവാത്തതാണ്. റോഡില്‍ ചീറിപ്പാഞ്ഞു വരുന്ന വണ്ടിക്കു മുമ്പിലേക്കു ചാടാനും, കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്കു ചാടാനുമൊക്കെയുള്ള പ്രലോഭനങ്ങള്‍ ഇടക്കൊക്കെ ഒരു ഇടിത്തീ പോലെ മനസില്‍ പലപ്പോളും വന്നെങ്കിലും എല്ലാം അറിയുന്ന വരെ കാത്തിരിക്കാനും സമചിത്തതയോടു കൂടി തീരുമാനങ്ങള്‍ എടുക്കാനും നിന്നോട് ഉള്ളു തുറന്നപ്പോള്‍ സാധിച്ചു എന്നു വാസ്തവം.


ഞാന്‍ എല്ലാ വശങ്ങളും ആലോചിച്ചു. എനിക്കു എയിഡ്സ് ഇല്ലായെങ്കില്‍ എല്ലാം ശുഭം. അതിനെക്കുറിച്ചു ഞാന്‍ പറയേണ്ട കാര്യം ഇല്ല. ഇനി എനിക്കുണ്ടെങ്കില്‍? ലോകത്ത് അതറിയാവുന്ന ഏക വ്യക്തി നീയായിരിക്കും. ടെസ്റ്റു ചെയ്യുന്നതൊക്കെ ഞാന്‍ ആര്‍ക്കും പിടി കൊടുക്കാതെ നടത്തിക്കൊള്ളാം. ഇനി അധവാ ടെസ്റ്റ് റിപ്പോര്‍ട്ട് ഗവണ്മെന്റിനു കൊടുക്കുമെങ്കിലും ഞാന്‍ കള്ളത്തരത്തില്‍ നടത്തിക്കൊള്ളാം. പക്ഷെ നിന്റെ വായില്‍ നിന്നു ആരും ഇതറിയരുത്.


ലോകത്ത് എത്രയോ ലക്ഷം ആള്‍ക്കാര്‍ നിത്യവും വേശ്യകളുടെ അടുത്തു പോകുന്നു. ആദ്യമായി, അതും സാഹചര്യം മൂലം അകപ്പെട്ടു പോയ എനിക്കു ഇതു വന്നാല്‍ അതു ദൈവം എന്നോടു കാട്ടുന്ന അനീതിയാണ്. ശരിയാണ്, ഞാന്‍ ജീവിതത്തില്‍ സീരിയസ് ആയി ഒരു കാര്യവും ചെയ്തിട്ടില്ല. പക്ഷെ ഒരു മനുഷ്യനും ഉപദ്രവം ചെയ്തിട്ടില്ല. വേശ്യാലയങ്ങള്‍ നടത്തുന്നവര്‍, ഗുണ്ടകള്‍, കൊലയാളികള്‍, കള്ളന്മാര്‍ ഇവരൊക്കെ അടങ്ങിയ ഈ സമൂഹത്തില്‍ ഇങ്ങനെയൊരു സംഭവം എനിക്കു വരാന്‍ മാത്രം ഞാന്‍ എന്തു തെറ്റാണ് ചെയ്തത്? എന്തായാലും നീ പേടിക്കണ്ടാ. ഞാന്‍ എന്റെ രക്തം ഒരു സിറിഞ്ചിലെടുത്ത് ലോകത്ത് പറ്റാവുന്നത്ര ആള്‍ക്കാര്‍ക്ക് പകര്‍ത്തി കൊടുത്ത് ഈ അസുഖം പടര്‍ത്തില്ല. അതിനുള്ള പ്രതികാരവാഞ്ച എനിക്കില്ല. എനിക്കു കൂടുതലും നിസംഗഭാവം ആണ്.


എനിക്കു വിഷമം ഉണ്ട്. എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എന്റെ അമ്മ. ചേട്ടായി എന്നും പറഞ്ഞു പുറകേ നടക്കുന്ന പെങ്ങന്മാര്‍. എന്റെ മനസില്‍ പ്രണയത്തിന്റെ മഴവില്ലു വിടര്‍ത്തിയ എന്റെ മൃദുല. എനിക്കു മാനസികമായി അധികം അടുപ്പം ഇല്ലെങ്കിലും എനിക്കു വേണ്ടി ഇക്കാലമത്രയും അധ്വാനിച്ചു ഈ സമ്പത്തെല്ലാം ഉണ്ടാക്കിയ എന്റെ അച്ഛന്‍. ഇവരെയൊക്കെ പിരിയേണ്ടി വരില്ലേ എന്നോര്‍ക്കുമ്പോള്‍ മനസു തകരുന്നു. പക്ഷെ വേറെ മാര്‍ഗ്ഗമില്ലല്ലോ?


ഞാന്‍ ഒരു രോഗിയായി ജീവിക്കാന്‍ തീരുമാനിച്ചാല്‍? എന്റെ അമ്മ എന്നെ ഉപേക്ഷിക്കില്ല. പക്ഷെ എത്ര നാള്‍. ഒരു പക്ഷെ ഈ വിവരം അറിഞ്ഞാല്‍ തന്നെ എന്റെ അച്ഛനോ അമ്മയോ ആരെങ്കിലും ഒരാള്‍ ഹൃദയം പൊട്ടി മരിക്കും. എന്റെ അനുജത്തിമാര്‍ എങ്ങിനെ പെരുമാറും എന്നെനിക്കറിയില്ല, ഒരു പക്ഷെ എന്നെ തൊടാന്‍ ഒക്കെ അവര്‍ക്കു പേടിയാകുമായിരിക്കാം. അവര്‍ എന്റെ അടുത്തു നിന്നും മാറി പോകുന്നത് എനിക്കു ഓര്‍ക്കാന്‍ കൂടി വയ്യ. പിന്നെ എങ്ങനെയെങ്കിലും ഈ വിവരം പുറത്തറിഞ്ഞാന്‍? അവരുടെ കല്ല്യാണം നാട്ടുകാരുടെ ഒറ്റപ്പെടുത്തല്‍ എനിക്കതൊന്നും ആലോചിക്കാന്‍ വയ്യ.


ആതമഹത്യ ചെയ്യാന്‍ എനിക്കു പേടിയില്ല ഇപ്പോള്‍. പക്ഷെ എന്നെ സ്നേഹിച്ചിട്ടു മാത്രം ഉള്ള ഒരാളെയും
വിഷമിപ്പിക്കാന്‍ എനിക്കു താല്പര്യം ഇല്ല. ആത്മഹത്യ ചെയ്തവന്റെ പെങ്ങള്‍ എന്ന പേരില്‍ ഒരു കല്ല്യാണ ആലോചന പോലും അവര്‍ക്കു മുടങ്ങാന്‍ പാടില്ല. അതിനാല്‍ ഞാന്‍ മറ്റൊരു വഴി കണ്ടു പിടിച്ചു. എന്റെ പറമ്പില്‍ പാമ്പുകള്‍ ധാരാളം ഉണ്ടെന്ന് നിനക്കറിയാമല്ലോ. കൂടുതല്‍ ഉള്ള സ്ഥലവും അതിന്റെ മാളങ്ങളും എനിക്കറിയാം. ഇന്നു വരെ എനിക്കു പേടിയായിരുന്നു അവറ്റകളെ. ഇന്നെനിക്ക് സ്നേഹം തോന്നുന്നു അവയോട്, അവരുടെ മാളത്തില്‍ കയ്യിട്ടു അതിനെ ഉപദ്രവിച്ചു കിട്ടുന്ന കടിയേറ്റു വേണം എനിക്കു മരിക്കാന്‍. ആര്‍ക്കും ഉപദ്രവം ഉണ്ടാക്കാതെ ഒരു മരണം.


പിന്നെ ജീവിതത്തില്‍ ഒരു ലക്ഷ്യവും നിറവേറ്റാതെ വെറുതേ ജീവിച്ചവനായി പോകാന്‍ ഞാനൊരുക്കമല്ലാ.
അതിനായി നിന്റെ ചെറിയ ഒരു സാമ്പത്തിക സഹായം എനിക്കു വേണം. ഞാന്‍ നാട്ടില്‍ ഒരു ബൈനോക്കുലര്‍ ഗണ്‍ ലഭിക്കാനുള്ള വഴി ഉണ്ടാക്കിയിട്ടുണ്ട്. ലോകത്തില്‍ സമാധാനത്തിനും നല്ല ജീവിതത്തിനും വിഹ്നമുണ്ടാക്കുന്ന ആള്‍ക്കാരുടെ ലിസ്റ്റ് ഞാന്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ആ ലിസ്റ്റ് എന്റെ മാത്രം സൃഷ്ടി ആണ്. എന്റെ ശരിയും തെറ്റും വിലയിരുത്തലില്‍ നിന്നും ഉണ്ടായത്. ലോകത്തിലെ നേതാക്കന്മാരെ ഒന്നും ചെയ്യാന്‍ എനിക്കാവില്ല. എന്നാല്‍ നാട്ടിലെയും കേരളത്തിലെയും കുറെയെങ്കിലും ചീത്ത മനുഷ്യരെ നശിപ്പിക്കാന്‍ സാധിച്ചാല്‍ എന്റെ ജന്മം അത്രയുമെങ്കിലും സഫലമാകട്ടെ. രാഷ്ട്രീയത്തിലും സിനിമയിലും മതത്തിലും ഉദ്യോഗത്തിലും സാമൂഹ്യസേവനത്തിലും ഒക്കെയുള്ള എനിക്കറിയാവുന്നവരുടെ ഒരു ലിസ്റ്റ്. അതില്‍ ചിലപ്പോള്‍ നിനക്കു വേണ്ടപ്പെട്ടവരും കണ്ടേക്കാം. പക്ഷെ പിടിക്കപ്പെടില്ല ഞാന്‍. വേറെ ലക്ഷ്യങ്ങളൊന്നും ഇല്ലാത്തവനെ തോല്പിക്കാന്‍ ആര്‍ക്കാണ് സാധിക്കുക?


നീ ഇതാരോടെങ്കിലും പറയുമോ എന്ന ഭയം എനിക്കില്ല. ഈ അവസാന നാളുകളില്‍ ഞാന്‍ നല്ലതല്ലാത്തതൊന്നും ചെയ്യില്ല. എന്റെ വീട്ടില്‍ ഒരിക്കലും ഇതറിയരുത്, എങ്കിലും മൃദുല ഇതറിയണം, എന്റെ മരണശേഷം. എന്റെ മൃദുല ഒത്തിരി പാവമാണ്. എന്റെ മരണ ശേഷം അവള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി കൊടുക്കണം. നീ ഇനി എന്നാണോ നാട്ടില്‍ വരുന്നത് അന്നവളെ കാണണം.


തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇനി കാണുമോ ഇല്ലയോ എന്നറിയില്ല. മരണാനതര ജീവിതത്തെക്കുറിച്ച്
എനിക്കറിയില്ല. എങ്കിലും എന്തെങ്കിലും വഴിയുണ്ടെങ്കില്‍ എന്റെ നന്ദി ഞാന്‍ പ്രകാശിപ്പിച്ചിരിക്കും. പ്രേതമായി വന്നാല്‍ നിനക്കു പേടി ഉണ്ടെങ്കില്‍ പറയണേ, ഞാന്‍ വരാതിരുന്നോളാം.


എന്നു ഒത്തിരി സ്നേഹത്തോടും നന്ദിയോടും കൂടെ,
(ഒപ്പ്)...................


മെയില്‍ വായിച്ചതേ എനിക്കൊരു വിറയല്‍. എനിക്കെന്താ ചെയ്യാന്‍ പറ്റുക? ഞാനെന്താ പറയുക? അവന്‍
പറഞ്ഞതില്‍ അപ്പുറമായി എനിക്കൊന്നും പറഞ്ഞുകൊടുക്കാന്‍ ഇല്ല. ഞാനായിരുന്നെങ്കില്‍ എന്തു ചെയ്തേനേ?
അവന്‍ പറഞ്ഞതു പോലെ ആരെങ്കിലും എനിക്കു സിറിഞ്ചില്‍ കൊണ്ടു കുത്തിയാണെങ്കിലും എയിഡ്സ് തന്നെങ്കില്‍ ഞാന്‍ എന്തു തീരുമാനം എടുക്കും? ആലോചിക്കാന്‍ കൂടി വയ്യ. ജീവിതത്തില്‍ ഒരു തീരുമാനവും എടുക്കാതിരുന്ന അവന്‍ ഇപ്പോള്‍ എടുത്ത തീരുമാനങ്ങളില്‍ ഒരു കുറവ് കാണാന്‍ എനിക്കായില്ല. അവന്‍ ജീവിക്കണമെന്നു പറയാനും എനിക്കായില്ല.

4 comments:

Unknown November 5, 2008 at 10:22 AM  

Super ............. Really touching.....

Anu

sv November 5, 2008 at 3:47 PM  

വായിച്ച് കഴിഞ്ഞപ്പോള്‍ ഒരു വല്ലാത്ത വേദന.....

നന്മകള്‍ നേരുന്നു

BS Madai November 5, 2008 at 4:01 PM  

ഇതു ശരിക്കും ഉള്ളതാണോ? വായിച്ചു കഴിഞ്ഞപ്പോള്‍ ആകെ ഒരു വല്ലായ്മ... വെറും കഥ മാത്രമാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ...

Ashly September 23, 2009 at 3:59 PM  

is it true ? what happed after ?


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP