ഞാനൊരു പാവം പാലാക്കാരന്‍

കൊളറാഡോയിലെ സാഹസികത

>> Tuesday, October 28, 2008

അങ്ങനെ പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഞാന്‍ ആദ്യമായി കൊളറാഡോയില്‍ എത്തുന്നത്. രണ്ടാമതും നൂറാമതും ഒക്കെ എത്തണം എന്നാഗ്രഹമുണ്ടായിരുന്നെങ്കിലും പിന്നീടിതുവരെ കൊളറാഡോയില്‍ പോയിട്ട് ആ വന്‍കരയുടെ അടുത്ത പ്രദേശത്തുപോലും പോകാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടായിരിക്കാം ഇടക്കിടെ എന്റെ ചിന്തകളില്‍ കൊളറാഡോയും ഡെന്‍വറും ഒക്കെ തലപൊക്കി നോക്കുന്നത്.


പ്രകൃതി സുന്ദരമായ പ്രദേശം. എവിടെയും പച്ചപ്പ്, അങ്ങകലങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന റോക്കി മൌണ്ടന്‍സ്. ഞാനും എന്റെ കൂടെ വന്ന ഒരു വട്ടനായ തെലുങ്കനും കൂടി ഡെന്‍വറിലുള്ള ഫ്രെഞ്ച് ക്വാര്‍ട്ടര്‍ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്നു. അന്നു ക്വാര്‍ട്ടര്‍ അടിക്കാനേ കപ്പാസിറ്റിയുള്ളൂ എന്നു മനസിലാക്കിയാവണം ഫ്രെഞ്ച് ക്വാര്‍ട്ടറില്‍ തന്നത്, അല്ലെങ്കില്‍ ഫ്രെഞ്ച് പൈന്റോ ഫ്രെഞ്ച് ഫുള്ളിലോ താമസിപ്പിച്ചിരുന്നേനെ. അവിടെയാണെങ്കില്‍ മഷിയിട്ടു നോക്കിയിട്ട് ഒരു മലയാളിയെ കാണാനില്ല. എനിക്കാണെങ്കില്‍ മലയാളവും അല്പം തമിഴും അല്ലാതെ മറ്റൊന്നും തന്നെ കാര്യമായി അറിയില്ല. കാര്യം ബോംബെയില്‍ അഞ്ചാറുമാസം തെണ്ടിയെങ്കിലും എനിക്കു ഹിന്ദി അറിയാമെന്നു വിചാരിച്ച് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ തെണ്ടിയതു തന്നെ. അന്നൊക്കെ ഹിന്ദി എന്നു പറയുമ്പോള്‍ വരുന്നത് ആറാം ക്ലാസില്‍ പഠിച്ച മോട്ടെ മോട്ടെ അഞ്ചറുപഞ്ചറു ചൌഡീ സീറ്റു ലഗായി തുടങ്ങി ഇമ്പോസീഷന്‍ എഴുതിപഠിച്ച പദ്യത്തിലെ ചില വാക്കുകളും വാചകങ്ങളും ഒക്കെ മാത്രം. ഇംഗ്ലീഷിനോട് പണ്ടേ വെറുപ്പായിരുന്നു. സായിപ്പന്മാര്‍ അവര്‍ക്കു മലയാളം പഠിക്കാന്‍ വയ്യഞ്ഞിട്ട് നമ്മളില്‍ അടിച്ചേല്‍പ്പിച്ച ആഗോളവല്‍ക്കരണത്തിന്റെയും മുതലാളിത്തത്തിന്റെയും പ്രതീകമായിരുന്നതിനാല്‍ ഞാന്‍ ഒട്ടുംതന്നെ സംസാ‍രിക്കാന്‍ ശ്രമിച്ചിരുന്നില്ല. വിരോധികള്‍ ഇംഗ്ലീഷില്‍ സംസാരിക്കാനുള്ള പേടികൊണ്ടാണെന്നു പറയുമെങ്കിലും.


ഓഫീസില്‍ പോകുന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ പേടി. മൂന്നാമത്തെ കല്യാണത്തിനായി ഒരുങ്ങിയിരിക്കുന്ന റിസപ്ഷനിസ്റ്റ് നീഗ്രോ പെണ്ണിനെ ഫേസ് ചെയ്യാനാണ് ഏറ്റവും പേടി. I love you എന്ന് ദിവസവും ഏതെങ്കിലും പെണ്ണിനോട് മനോരാജ്യത്തില്‍ പറഞ്ഞിരുന്ന എനിക്കു അവള്‍ അതു പറഞ്ഞാലും തന്തക്കു പറഞ്ഞാലും മനസിലാവില്ലാരുന്നതു കൊണ്ട് ഞാന്‍ എല്ലാത്തിനും ഒരു ചിരിയില്‍ ഒതുക്കി ഭയങ്കര ബിസിയായി എന്റെ റൂമിലേക്ക് ഓടിക്കയറും, ഒഴിച്ചിലുള്ളവന്‍ കക്കൂസില്‍ കയറുന്ന പോലെ. മൌനം വിദ്വാനു ഭൂഷണം എന്ന പഴഞ്ചൊല്ലില്‍ മുഴുവന്‍ പതിരാണെന്ന് എനിക്കു മനസിലായി. അല്ലെങ്കില്‍ ബാംഗ്ലൂരില്‍ നിന്ന് ഞാന്‍ ഭയങ്കര മിടുക്കന്‍ ആണെന്നു വിചാരിച്ച് അവര്‍ എന്നെ ഇങ്ങോട്ടു വിടുമായിരുന്നോ? ഇനിയിപ്പോള്‍ ഇവിടുത്തുകാരും ഞാന്‍ ഭയങ്കര ബുദ്ധിജീവിയാണെന്ന് വിചാരിച്ചിട്ടുണ്ടാവും. ആകെ മാസത്തില്‍ രണ്ടുമണിക്കൂര്‍ വിളിക്കാന്‍ കിട്ടുന്ന ISD മുഴുവന്‍ നാട്ടിലെ വീട്ടുകാരെയും കൂട്ടുകാരെയും വിളിച്ച് എന്റെ ആശ തീര്‍ത്തു ഞാന്‍. ഏറ്റവും പ്രയാസം പ്രൊജെക്ട് മാനേജര്‍ ജൂലിയറ്റിന്റെ മുമ്പില്‍ ഇരിക്കാനായിരുന്നു. മൈക്രോ മിഡിയുമിട്ട് കാലുംമേല്‍ കാലും കേറ്റിവെച്ച് അവള്‍ ഇരിക്കുമ്പോള്‍ ആ മുഖത്തേക്കു നോക്കാന്‍ ഞാന്‍ പെട്ട പാട്, തീക്കൂണ്ടത്തിലൂടെ നടക്കാന്‍ പറയുന്നതായിരുന്നു അതിലും ഭേദം. ധ്യാനം കൂടി കുടി നിറുത്തി വരുന്നവന്‍ ഷാപ്പിന്റെ മുമ്പിലെ ബസ് സ്റ്റോപ്പില്‍ ബസ്സുനിറുത്തുമ്പോള്‍, കള്ളിന്റെ ആ മണമടിക്കുമ്പോള്‍ പ്രയാസപ്പേടുന്ന പോലെ.


അങ്ങനെ ഒരുതരത്തില്‍ അഡ്ജസ്റ്റു ചെയ്ത് ജീവിക്കുമ്പോളാണ് ഷങ്കര്‍ എന്ന തമിഴനെ പരിചയപ്പെടുന്നത്. പുള്ളിക്കാരന്‍ അവിടെ പ്രൊഫസര്‍ ആണത്രേ. കാര്യം വലുപ്പത്തില്‍ ചെറുതായിരുന്നു എങ്കിലും കുഞ്ചാക്കോ ബോബനെപ്പോലെ സുന്ദരനായിരുന്നു അദ്ദേഹം. എന്തായാലും ഞങ്ങളെ ഒരു ദിവസം ക്ഷണിച്ചു, ഭക്ഷണത്തിനും സര്‍ക്കീട്ടിനുമായി. ഞാനും തെലുങ്കനും പിന്നീട് ഞങ്ങളേ സഹായിക്കാന്‍ വന്ന കന്നടക്കാരനും കൂടി പുള്ളിക്കരന്റെ വീട്ടില്‍ പോയി. ഭാര്യ അമേരിക്കക്കാരി ലിന്‍ഡ. അവരുടെ പൊരുത്തം ഭയങ്കരമായിരുന്നു. അവരെ ഒന്നിച്ചു കണ്ടപ്പോള്‍ എനിക്ക് ചില പഴചൊല്ലുകള്‍ മനസിലേക്ക് ഓടി വന്നു.

ആനവായി അമ്പഴങ്ങ - അദ്ദേഹം ലഡ്ഡു ഭാര്യയുടെ വായില്‍ വെച്ചുകൊടുത്തപ്പോള്‍അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കുമോ - അദ്ദേഹം ഉമ്മ കൊടുക്കാനായി തോളില്‍ പിടിച്ചു എത്തിക്കുത്തിയപ്പോള്‍ആന വളിവിടുന്നതു കണ്ട് അണ്ണാന്‍ മുക്കാമോ - പുള്ളിക്കാരി ദേഷ്യപ്പേട്ടപ്പോള്‍ അദ്ദേഹം തിരിച്ചു പറഞ്ഞപ്പോള്‍ആനപ്പുറത്ത് അണ്ണാന്‍ ഇരിക്കുന്നപോലെ - വൈകിട്ടു അവര്‍ കിടന്നുറങ്ങുന്നത് ആലോചിച്ചപ്പോള്‍


പക്ഷെ എന്തു പറഞ്ഞാലും അവര്‍ ഉണ്ടാക്കി തന്ന ഇഡലിയും എരിവില്ലാത്ത ചമ്മന്തിയും അന്നു തന്ന സന്തോഷം എത്ര വര്‍ണ്ണിച്ചാലും മതിയാവില്ല. ഞങ്ങളുടെ വലുപ്പം കണ്ട് അവര്‍ തന്ന നാലെണ്ണത്തിനു പകരം നാല്പതെണ്ണം കഴിക്കാനുള്ള ആര്‍ത്തിയുണ്ടായിരുന്നു എന്നു മാത്രം. അവര്‍ ഇനിയും വിളിക്കണേ എന്നു പ്രാര്‍ഥിച്ചെങ്കിലും അതുണ്ടായില്ല. എന്തായാലും ഞങ്ങള്‍ യാത്രക്കായി പുറപ്പെട്ടു.


ഞാനും തെലുങ്കനും കന്നടക്കാരനും കാറിന്റെ പുറകില്‍ ലിന്‍ഡ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് സൈഡിലേക്കു തിങ്ങിയിരുന്നെങ്കിലും വണ്ടി ആ സൈഡിലേക്കു ചെരിഞ്ഞുതന്നെയിരുന്നു. ഒരു പക്ഷെ വര്‍ഷങ്ങളായി ഇരുന്നു വണ്ടിക്ക് ആ സൈഡിലേക്കു ചെരിവുണ്ടായതാവാം, എന്നും മുട്ടില്‍കുത്തിനില്‍ക്കുന്നവന്റെ മുട്ടില്‍ തഴമ്പു വരുന്നപോലെ. അവര്‍ കാര്യങ്ങളൊക്കെ വിവരിച്ചു തന്നുകൊണ്ടിരുന്നു, ഷങ്കര്‍ പറയുന്ന കാര്യങ്ങള്‍ മാത്രം മനസിലാക്കിക്കൊണ്ട് ഞാനും. ഒരു സൈഡില്‍ മലനിരകള്‍, ഹിമാലയത്തിന്റെ ഒക്കെ പടം കണ്ടതുപോലെയുള്ള മലകള്‍ നല്ല വെള്ളി നിറത്തില്‍ മഞ്ഞുപുതഞ്ഞ് തിളങ്ങുന്നു. താഴെ ആ മഞ്ഞുരുകി വരുന്ന നദി. ഇടക്കൊരിടത്ത് വണ്ടി നിറുത്തി.

ഞങ്ങള്‍ പുറത്തിറങ്ങി. അന്തരീക്ഷത്തില്‍ ചെറിയ തണുപ്പും ശരീരത്തില്‍ വെയിലടിക്കുമ്പോള്‍ ഉള്ള സുഖമുള്ള ചൂടും. കുറച്ചു ഫോട്ടോസ് എടുത്തു. എല്ലാ മരങ്ങളും ഇല പൊഴിച്ചുകൊണ്ടേയിരുന്നു. ഇലകള്‍ക്കെല്ലാം സ്വര്‍ണ്ണ നിറം. അതുകൊണ്ടുതന്നെ ആ സ്ഥലത്തിന്റെ പേരു ഗോള്‍ഡന്‍ എന്നാണത്രേ. അതിന്റെ മനോഹാരിത, കലണ്ടറിലെ ചിത്രങ്ങളെ പോലും തോല്‍പ്പിക്കുന്ന ഭംഗി, ഹോ..ഇനിയെന്നെങ്കിലും എവിടെയെങ്കിലും പോകണമെന്നുണ്ടെങ്കില്‍ അതവിടെ മാത്രം. അത്രക്കു മോഹിപ്പിക്കുന്ന മനോഹാരിത.


ഞാന്‍ കുറ്റിച്ചെടികള്‍ക്കിടയിലൂടെ താഴേക്കിറങ്ങി. കുഞ്ഞുകാലത്ത് വേള്‍ഡ് ഓഫ് സ്പോര്‍ട്സില്‍ കണ്ടിട്ടില്ലേ കുത്തിയൊഴുകുന്ന പുഴയില്‍ റബര്‍ ബോട്ടില്‍ തുഴഞ്ഞു പോകുന്നവരെ? അങ്ങനെ പാറക്കല്ലുകളെ പൊടിക്കാനെന്നപോലെ കുത്തി പതഞ്ഞൊഴുകുന്ന പുഴ. കാലങ്ങളായി ഒഴുകുന്ന വെള്ളത്തിന്റെ തലോടലേറ്റ് തേയ്മാനം സംഭവിച്ച പാറകള് ഇടക്കിടെ തലയുയര്‍ത്തി നില്‍ക്കുന്നു‍. ഞാന്‍ അതിനടുത്തേക്കു ചെന്നു. റോക്കി മലനിരകളില്‍ നിന്നും മഞ്ഞുരുകി വരുന്ന ജലമാണത്രേ അത്. വെള്ളത്തിനു നല്ല തണുപ്പ്. എന്റെ പുറകേ ഷങ്കറും ലിന്‍ഡയും പിന്നെ കന്നടക്കാരനായ ഉമാശങ്കറും. തെലുങ്കന്‍ ഈവക കാര്യങ്ങളില്‍ താല്പര്യമില്ലാത്തവനാകയാല്‍ മുകളില്‍ തന്നെ നിന്നു.


എല്ലാവരും കൂടി പുഴയുടെ അടുത്തു വന്നപ്പോള്‍ എനിക്കു കുറേശെ സാ‍ഹസികതയുടെ കൃമികടി തുടങ്ങി. നാലുപേരുടെ മുമ്പില്‍ ഞാനല്പം സാഹസികനാണെന്നു കാണിക്കാനുള്ള ഒരു പ്രകടനപരത എനിക്കു ജന്മനാ ഉള്ള ഒരു വൈകല്യമായിരുന്നു. എല്ലാവരും വെള്ളത്തില്‍ കാലൊക്കെ ഇട്ടും മുഖത്തു തണുത്ത ആ വെള്ളമൊഴിച്ചും ഒക്കെ ആ കുളിര്‍മയും ഫ്രെഷ്നെസ്സും അനുഭവിച്ചുകൊണ്ടിരുന്നു. ഷങ്കര്‍ തമിഴാ‍നായതു ഭാഗ്യം, സാധാരണ അമേരിക്കക്കാര്‍ കാണിക്കുന്നതു പോലെ അവിടെ കിടന്ന് ഉമ്മവെപ്പും തരികിട പണിയും കാണിക്കാതെ അവര്‍ നമ്മുടെ സിനിമയിലെ പോലെ വെള്ളം അങ്ങോട്ടും ഇങ്ങോട്ടും തെറിപ്പിച്ചും മറ്റും കളിച്ചുകൊണ്ടിരുന്നു, കുട്ടികളെപ്പോലെ.


ഞാന്‍ പതുക്കെ ഒരു പാറയില്‍ കയറി അതിന്റെ അറ്റത്തു പോയി. അവിടെ നിന്നും ഒരു മൂന്നടിമാറി അടുത്തപാറ, അതു ഇത്തിരി നീണ്ട് ഏകദേശം പുഴയുടെ മധ്യഭാഗം വരെ നീണ്ടുകിടക്കുന്നു. അതിനിടക്കു കൂടി വെള്ളം കുതിച്ചുപാഞ്ഞ് ഒരു അഞ്ചടി താഴ്ചയിലേക്ക് പതഞ്ഞു വീഴുന്നു. ഞാന്‍ പതിയെ മൂന്നടി അകലെയുള്ള പാറയുടെ അല്പം തഴ്ന്ന ഭാഗത്തേക്ക് കൈകള്‍ രണ്ടും കൊത്തി ചാഞ്ഞു. എന്നിട്ടു തവളയേപ്പോലെ അതിലേക്കു ചാടി, എന്റെ പുറകേ ഉമാശങ്കറും എന്റെ കൈ പിടിച്ചു ചാടി. കാര്യം ഷങ്കറിനു അല്പം ഭയമുണ്ടായിരുന്നെങ്കിലും ലിന്‍ഡക്ക് എങ്ങനെയും ഞങ്ങളുടെ കൂടെ വന്നേ പറ്റൂ. ഞങ്ങള്‍ രണ്ടുപേരും കൂടി ലിന്‍ഡയേയും വലിച്ചു കേറ്റി, പുറകേ ഷങ്കറിനെയും.


എന്തൊരു സുന്ദരമായ അനുഭവം! ഞങ്ങളുടെ ചുറ്റും പുഴ അടിച്ചു പൊളിച്ചൊഴുകുന്നു. പാറയില്‍ തട്ടിചിതറിയ ജലകണങ്ങള്‍ ഞങ്ങളുടെ ദേഹത്ത് അപ്പൂപ്പന്‍ താടിയേപ്പോലെ സ്പര്‍ശിച്ചു പോകുന്നു. മുകളില്‍ നിന്നുരുന്ന തെലുങ്കന്‍ ബോറടിച്ച് ഞങ്ങളുടെ ദൃഷ്ടിയില്‍ നിന്നു മാറി മലഞ്ചെരുവില്‍ പോയി കിടന്നു. ഏതെങ്കിലും മലയാളി പെണ്‍കൊടി എന്റെ കൂടെ ഉണ്ടായിരുന്നെങ്കില്‍...വെറുതെ ഇവിടിരുന്ന് അക്കുത്തിക്കുത്ത് കളിക്കാമായിരുന്നു, കല്ലു കളിക്കാമായിരുന്നു. ഞാന്‍ ഏതായാലും അവിടെ മലര്‍ന്നും കമഴ്ന്നും കിടന്ന് അന്നത്തെ എന്റെ സ്വപ്ന സുന്ദരി ആയിരുന്ന സിനിമാനടി ലിസിയുടെ കൂടെ സല്ലപിച്ചു.


കുറെ അധികം സമയം അങ്ങനെ ഇരുന്നു. ലിന്‍ഡയും ഷങ്കറും കത്തിവെച്ചു തീര്‍ന്നു, ഇനിയും മിണ്ടിയാല്‍ ഒരാഴ്ച പിണങ്ങിയിരിക്കേണ്ടിവരുമത്രേ. ഇനിയിപ്പോള്‍ തിരിച്ചു പോകണം. അപ്പോളാണ് പ്രശ്നം, ഇങ്ങോട്ടു വന്നപ്പോള്‍ പാറയുടെ താഴ്ന്നിരുന്ന സ്ഥലത്തോട്ടു എത്തിപിടിച്ചതു കാരണം വലിയ പ്രശ്നം ഇല്ലായിരുന്നു, അങ്ങോട്ട് അതു പറ്റില്ല, പോരാത്തതിനു കൈപിടിച്ചു വലിക്കാന്‍ പറ്റില്ല, കാരണം തൊട്ടു പുറകില്‍ വലിയ വെള്ളപ്പാച്ചില്‍ ഉണ്ട്. ബാലന്‍സ് തെറ്റിയാല്‍ അതില്‍ പോയതു തന്നെ. ഇങ്ങോട്ടു വന്നപ്പോള്‍ മുകളില്‍ കൂടി കയറി ആ ചെറിയ കല്ലില്‍ വന്നാണ് നടുവിലത്തെ പാറയില്‍ കയറിയത്. ഊട്ടിയിലെ കുട്ടിക്കുരങ്ങന്മാര്‍ സര്‍ക്കസ് കാണിക്കുന്നപോലെ ഞാന്‍ ഒന്നു ചാടി അപ്പുറത്ത് പോയി വന്നെങ്കിലും മറ്റുള്ളവര്‍ക്കു അത്ര ആത്മവിശ്വാസം വന്നില്ല. ഉമാശങ്കറിനു പ്രശ്നമില്ല, ബട്ട് ഈ തടിച്ചിയേയും നീര്‍ക്കോലി ഷങ്കറിനേയും അങ്ങോട്ട് കടത്തണമല്ലോ. ഈ പാറകള്‍ക്കിടയിലൂടെ കുത്തിയൊഴുകുന്ന വെള്ളം കണ്ടാല്‍ തന്നെ ഒരുമാതിരിപ്പെട്ടവര്‍ പ്രേതസിനിമാ കണ്ടിട്ട് സെമിത്തേരിയുടെ അടുത്തോടെ ഒറ്റക്കു നടക്കേണ്ടിവന്നവരെപ്പോലെ ആകും. അവസാനം ഞാനും ഉമയും കൂടി തീരുമാനിച്ചു, ഞാന്‍ അവിടെ പോയി കൈ പിടിക്കാം, ഉമ ഇവിടെ പാറയുടെ അറ്റത്തു നിന്ന് പാറയിലെ ഒരു വിടവില്‍ ചവുട്ടി അവരുടെ കൈ പിടിച്ച് എന്റെ കയ്യില്‍ തരും. (അല്ലെങ്കില്‍ എത്തില്ല, അവര്‍ക്കു പാറയുടെ അറ്റത്തു വരാനും പേടിയാണ്). പാറയുടെ വിടവില്‍ ചവുട്ടാന്‍ കാ‍ലുവെച്ച ഉമാശങ്കര്‍ കാലുതെറ്റി വെള്ളത്തിലേക്ക്, എന്തോ ഒരുള്‍പ്രേരണയാല്‍ ഞാന്‍ പുറകില്‍ നിന്നും കുതിച്ചു ചാടി ഒറ്റത്തള്ള്. അവനു പാറയില്‍ പിടുത്തം കിട്ടി, എനിക്കു അവന്റെ കാലിലും. ശക്തമായ ഒഴുക്കിലും ഞങ്ങള്‍ രക്ഷപെട്ടു.


ഇന്നും എനിക്കറിയില്ല, എന്തുകൊണ്ട് എനിക്കങ്ങനെ ചെയ്യാന്‍ അപ്പോള്‍ തോന്നി എന്ന്. ഞാന്‍ ചാടിയില്ലെങ്കില്‍ അവന്‍ ഒഴുകി അടുത്ത പാറയുടെ ഇടയില്‍ കുടുങ്ങി മരിച്ചേനെ. അവന്റെ കാലില്‍ എനിക്കു പിടുത്തം കിട്ടിയില്ലെങ്കില്‍ ഞാന്‍ ഏതേലും പാറയില്‍ പറ്റിയിരുന്നേനെ, അതുമല്ലെങ്കില്‍ രണ്ട് ഇന്ത്യന്‍ ശവങ്ങള്‍ കൊളറാഡോ ക്രീക്കില്‍ പൊന്തിയേനെ, അതിനടുത്ത മാസത്തിലെ കൂര്‍സ് ബീയറില്‍ ഞങ്ങളുടെ ശവത്തിന്റെ രുചി വന്നേനെ. (ആ നദിയിലെ വെള്ളമെടുത്താണ് കൂര്‍സ് ബീയര്‍ ഉണ്ടാക്കുന്നത്).


ഇതോടു കൂടി ലിന്‍ഡയും ഷങ്കറും പാതി ജീവനായി. തെലുങ്കനാണെങ്കില്‍ മലഞ്ചെരുവില്‍ കിടന്നുറങ്ങിപ്പോയി എന്നു തോന്നുന്നു. അന്നു മൊബൈല്‍ ഒന്നും സാധാരണമല്ലാത്തതുകൊണ്ട് പോലീസിനെ വിളിക്കാനും രക്ഷയില്ല. അവന്‍ വരുന്നതു വരെ കാത്തിരിക്കുകയേ രക്ഷ ഉള്ളൂ. അവസാനം ഞങ്ങള്‍ ഒരു വഴി കണ്ടു. വെള്ളം താഴേക്കു കുത്തി പതിക്കുന്നതിനു മുമ്പായി ഒരു ചെറിയ പാറ വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്നു. അതു ഏകദേശം നടുക്കായാണ്. ഞാന്‍ അവിടെ പാറ എന്റെ ഇടക്കായി ഇരുന്നു ലോക്കു ചെയ്തു. വെള്ളത്തിനു നല്ല തണുപ്പ്, ഒരു മിനിറ്റില്‍ കൂടുതല്‍ ഇരുന്നാല്‍ ഞാന്‍ അവിടെ മരവിച്ചു പോകും. പെട്ടെന്നു തന്നെ അവരോടു കൈ തരാന്‍ പറഞ്ഞു. ആദ്യം ഷങ്കര്‍ കൈ തന്നു, എന്റെ കയ്യില്‍ പിടിച്ചു ഒറ്റച്ചാട്ടം ചാടണം, അപ്പുറെ ഉമാശങ്കര്‍ കൈ നീട്ടിയിരിക്കുന്നു. ഷങ്കര്‍ രക്ഷപെട്ടു. അടുത്തത് ലിന്‍ഡ, ഒരു കുട്ടി ഐരാവതം.

എന്റെ കയ്യില്‍ പിടിച്ച് ഉമയുടെ കയ്യിലേക്ക് ആഞ്ഞ ലിന്‍ഡ അവിടം വരെ എത്തിയില്ല്, എന്നാല്‍ പുറപ്പെടുകയും ചെയ്തു. നേരെ വെള്ളത്തില്‍, പക്ഷെ ഒരു കൈ എന്റെ കയ്യിലുണ്ടായിരുന്നു. ഞാന്‍ രണ്ടുകയ്യും കൂട്ടി ആഞ്ഞു പിടിച്ചു, ലിന്‍ഡ എന്റെ കയ്യില്‍ കിടന്ന് ഒഴുക്കില്‍ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും ആടി. ആ ആട്ടത്തിനിടയില്‍ ഉമാശങ്കറിനു അവളുടെ ഒരുകൈ കിട്ടി, അങ്ങനെ ഞങ്ങള്‍ അവളെ കരക്കടുപ്പിച്ചു. പേടിച്ചു ജീവന്‍ പോയി ആ പാവത്തിന്റെ, കയ്യില്‍ നിന്നും വിട്ടുപോകാതിരിക്കാം എന്നെ അവള്‍ നോക്കിയ നോട്ടം ഇന്നും മനസിലുണ്ട്.


ഒരു ദിവസം തന്നെ സംഭവിക്കാമായിരുന്നത് എത്ര അപകടങ്ങള്‍, എല്ലാം പ്രായത്തിന്റെ ചില എടുത്തു ചാട്ടങ്ങള്‍. ഇതൊക്കെ തന്നെ എല്ലാവരും ചെയ്യുന്നു, വളരെ ചുരുക്കം പേര്‍ അപകടത്തില്‍ പെടുന്നു. അവരുടെ പേരാണ് ഇടക്കു പത്രങ്ങളില്‍ വരുന്നത്, കുളിക്കാന്‍ ഇറങ്ങി മരിച്ചു, വാഴച്ചാലില്‍ മരിച്ചു എന്നൊക്കെ. ഇതൊക്കെ അറിയാമെങ്കിലും നാം വീണ്ടും ചെയ്യും, ഭൂരിപക്ഷവും രക്ഷപെടും. എല്ലാം ഏതോ ശക്തിയാല്‍ എഴുതപ്പെട്ട കാര്യങ്ങള്‍.

8 comments:

ശ്രീ October 28, 2008 at 1:13 PM  

തമാശ കലര്‍ത്തി എഴുതിയതാണെങ്കിലും ദുരന്തം സംഭവിയ്ക്കാവുന്ന സാഹചര്യങ്ങള്‍ തുറന്നു കാട്ടിയിരിയ്ക്കുന്നു. ആരായാലും, എപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ സൂക്ഷിയ്ക്കുന്നത് നന്ന്.

എങ്കിലും ഓര്‍മ്മക്കുറിപ്പ് നന്നായി.

വിന്‍സ് October 29, 2008 at 10:03 AM  

kollaam.

ജിജ സുബ്രഹ്മണ്യൻ October 29, 2008 at 9:36 PM  

എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന അപകടങ്ങള്‍..പലതും നമ്മുടെ അശ്രദ്ധ കൊണ്ട് സംഭവിക്കുന്നതും ഉണ്ട്..എന്തായാലും ഒന്നും സംഭവിച്ചില്ലല്ലോ ഭാഗ്യം

മോട്ടെ മോട്ടെ അഞ്ചറുപഞ്ചറു ചൌഡീ സീറ്റു ലഗായി ....എനിക്കും ഇതോര്‍ക്കുമ്പോള്‍ പഴയ സ്കൂള്‍ ജീവിതവും ഇമ്പോസിഷന്‍ എഴുത്തും ഒക്കെ ഓര്‍മ്മ വരുന്നു..

BS Madai October 30, 2008 at 12:06 AM  

സംഭവങള്‍ നേരില്‍ കാണുന്ന പ്രതീതിയോടെ വായിച്ചു...പിന്നെ ദുരന്തങളൊന്നും സംഭവിച്ചില്ല എന്ന സൂചന വരികളില്‍ എങനെയോ കിട്ടിയതുകൊണ്ട് ടെന്‍ഷന്‍ ഇല്ലാതെ വായിച്ചു. നന്നായിട്ടൂണ്ട് - അഭിനന്ദനങള്‍

സരസന്‍ October 30, 2008 at 5:15 AM  

മോട്ടെ മോട്ടെ അഞ്ചറുപഞ്ചറു ചൌഡീ സീറ്റു ലഗായി .
ബാന്ദ് സൈക്കിള്‍ ഇഞ്ചന്‍ കോ ഫട് ഫട് ....

നനായി...അഭിനന്ദനങള്‍

Unknown October 30, 2008 at 8:06 PM  

nice one..

Jayasree Lakshmy Kumar October 30, 2008 at 11:05 PM  

അങ്ങനെ അഞ്ചാറു പഞ്ചർ ഒഴിവായി കിട്ടി. ഈശ്വരനു നന്ദി.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM October 31, 2008 at 4:33 PM  

പ്രകൃതി സൌന്ദര്യം ആസ്വദിക്കാനെത്തുന്നവര്‍ ചെറിയ ചെറിയ അശ്രദ്ധകള്‍ മൂലമാണ് വലിയ ദുരന്തങ്ങളില്‍ ചെന്നു പെടുന്നത്. ഇവിടെ സംഭവിച്ചതു പോലെ പൊടുന്നനെ കൂട്ടത്തിലൊരാളുടെ ഉള്‍പ്രേരണയോ മനസ്സാ‍ന്നിദ്ധ്യമോ ഇത്തരുണത്തില്‍ ചിലപ്പോഴെല്ലാം രക്ഷക്കെത്തുമെങ്കിലും മറിച്ചു സംഭവിക്കുന്നതും സാധാരണമാണ്.


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP