ഞാനൊരു പാവം പാലാക്കാരന്‍

എന്റെ മീര 2

>> Monday, February 16, 2009

പ്രണയം അങ്ങനെ തലക്കു പിടിച്ചു. എന്തിലും ഏതിലും സൌന്ദര്യം കണ്ടുതുടങ്ങി. ബാംഗളൂര്‍ മുഴുവന്‍ പൂക്കളായതു പോലെ തോന്നി. എല്ലാവരും നല്ല മനുഷ്യരായി തോന്നി. പ്രഭാതത്തിലേക്ക് വര്‍ഷങ്ങള്‍ക്കു ശേഷം കണ്‍തുറന്നു നോക്കിയത് മീരയെ കണ്ടതിനു ശേഷം ആണ്. നൈറ്റ് ഷിഫ്റ്റു കഴിഞ്ഞു ബൈക്കില്‍ തണുത്തുറഞ്ഞു വരുമ്പോള്‍ പാതിയടഞ്ഞ കണ്ണുകള്‍ കൊണ്ട് പ്രാകിക്കൊണ്ട് കണ്ടിരുന്ന പ്രഭാതങ്ങള്‍ ഞാന്‍ ആസ്വദിച്ചു തുടങ്ങി.

മൂന്നാഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും വന്നിരുന്ന നൈറ്റ് ഷിഫ്റ്റില്‍ ഞാന്‍ ഉറങ്ങാതിരിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയിരുന്ന നിയമങ്ങളെ വരെ കാറ്റില്‍ പറത്തി ബാത്ത് റൂമിലെ ഇടനാഴിയില്‍ പോയിരുന്നുറങ്ങിയിരുന്ന ആളായിരുന്നു ഞാന്‍. അവിടെ പോകാന്‍ പാടില്ല എന്നാരും പറയില്ലല്ലോ? അതിനു കണക്കു വെക്കാനും പറ്റില്ലല്ലോ? പിന്നെ മിനിമം ടാര്‍ജറ്റ് ഒരു മണിക്കൂറുകൊണ്ട് തീര്‍ക്കുന്ന ഫാസ്റ്റസ്റ്റ് തൊഴിലാളി ആയിരുന്നു ഞാന്‍. ജൂനിയേര്‍സിനെയും സീനിയേര്‍സിനെയും ഉറങ്ങാനുള്ള ഐഡിയ കൊടുത്ത് പിഴപ്പിക്കുന്നവനായി ഞാന്‍. അതിനായി എന്തൊക്കെ നിയമങ്ങള്‍ ഉണ്ടാക്കിയിട്ടും എന്റെ നൈറ്റ് ഷിഫ്റ്റിലെ ഉറക്കത്തെ തോല്‍പ്പിക്കാനാവാത്ത കമ്പനിയിലെ സീനിയര്‍ മാനേജര്‍മാര്‍ എന്റെ മാറ്റം കണ്ടമ്പരന്നു. ഫുള്‍ റ്റൈം കമ്പ്യൂട്ടറിന്റെ മുമ്പില്‍ സുസ്മരവദനനായി ഇരിക്കുന്നു. ഉറക്കം ലവലേശമില്ല. രാവിലെ ബൈക്കില്‍ കയറി ചീറിപ്പായുന്ന ഞാന്‍ പതുക്കെ തണുത്ത കാറ്റിന്റെ സ്പര്‍ശനം പുലര്‍ച്ചെ കുളിച്ചിട്ടു വന്ന മീരയുടെ കരങ്ങളുടെ തണുപ്പായി ആസ്വദിച്ചു.

ഒറ്റക്കു ടെറസില്‍ ബ്ലാങ്കറ്റിന്റെ അടിയില്‍ കിടന്ന് നക്ഷത്രങ്ങളുടെയും നിലാവിന്റെയും കൂടെ കഥകള്‍ പറഞ്ഞ് ഞാനും മീരയും നടന്നുകൊണ്ടേയിരുന്നു. ബ്ലാങ്കറ്റും തലയിണയും ഒക്കെ എന്റെ സങ്കല്പങ്ങളില്‍ മീരയായി. ചേര്‍ന്നു കിടന്ന മീരയുടെ ചൂരിലും ചൂടിലും എന്റെ തണുപ്പ് അലിഞ്ഞില്ലാതായി. വര്‍ണ്ണിക്കാനാവാത്ത അനുഭൂതികളിലൂടെ ഞാന്‍ കടന്നു പോകുകയായിരുന്നു.

അന്നൊരു ശനിയാഴ്ച. നാളെയാണ് ഞാന്‍ മീരയേയും ജേക്കബിനെയും ശാലുവിനെയും കൂട്ടി ലഞ്ചിനും ടൈറ്റാനിക് സിനിമാ കണാനുമായി പോകുന്നത്. അന്നേരം വേണം എന്റെ പ്രണയം അവളോട് നേരിട്ടു പറയാന്‍. അതിപ്പോള്‍ പറയാനെന്തിരിക്കുന്നു എങ്കിലും ഒഫിഷ്യലി പറയണമല്ലോ? വീട്ടില്‍ ഒരു പടയുണ്ട്, നാളത്തെ പ്രണയ ഫിക്സിങിന്റെ ചിലവാണ്. എന്നെ കോരിത്തരിപ്പിക്കുന്ന ഡയലോഗുകള്‍ അടിച്ചു കൊണ്ട് അവര്‍ റമ്മടിച്ചു. ഞാന്‍ രോമാഞ്ചകിഞ്ചക കഞ്ചുകമണിഞ്ഞുകൊണ്ട് വീണ്ടും ടെറസിലേക്കു മാറി. എന്റെ പ്രണയ സാഫല്ല്യത്തിനായി സന്തോഷിക്കുന്ന കൂട്ടുകാര്‍. എത്ര നല്ലവരാണീ ഭൂമിയിലെ മനുഷ്യര്‍ എല്ലാം.

വീട്ടിലെ മദ്യപന്മാരുടെ സ്വരം കുറഞ്ഞുതുടങ്ങി, പട്ടികളുടെ കുരയുടെ ശബ്ദം കൂടി. ചെറിയ വാളുകളുടെയും മറ്റും ഡിസ്റ്റര്‍ബന്‍സ് ഒഴിച്ചാല്‍ സുന്ദരമായ രാത്രി. നാളെയാണ് എന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടിയെ ഞാന്‍ ക്ഷണിക്കാന്‍ പോകുന്നത്. എന്തു പറയണം, എങ്ങിനെ പറയണം എന്നൊന്നും എനിക്കു വല്ല്യ ടെന്‍ഷന്‍ ഒന്നും ഇല്ലായിരുന്നു. കൂട്ടുകാര്‍ ഒക്കെ പല രീതികളും ഉപദേശിച്ചെങ്കിലും എനിക്ക് എന്റേതായ വഴികള്‍ എന്നും ഉണ്ടായിരുന്നു. സമയവും സാഹചര്യവും അനുസരിച്ച് അതു തനിയേ വന്നുകൊള്ളും. മിക്കവാറും രണ്ടു കല്ല്യാണം നടത്തേണ്ടി വരും. അവരുടെ വീട്ടുകാര്‍ക്കായി ഒരു ഹിന്ദുക്കല്ല്യാണവും ഞങ്ങളുടെ കുടുംബക്കാര്‍ക്കായി ഒരു ക്രിസ്ത്യാനിക്കല്ല്യാണവും. എന്റെ വീട്ടില്‍ അമ്മക്കും അളിയനും ഒന്നും കുഴപ്പം ഉണ്ടാവില്ല. പക്ഷെ കുടുംബക്കാര്‍ക്കൊക്കെ പ്രശ്നങ്ങള്‍ കാണും. ആരു നോക്കുന്നു അതൊക്കെ. എന്റെ വീട്ടിലെ കാര്‍ണവര്‍ ഞാന്‍ തന്നെ. ആര്‍ക്കും വേണ്ടാ എന്നു പറയാനുള്ള അധികാരം ഒന്നും ഇല്ലല്ലോ. അവള്‍ടെ വീട്ടില്‍ എന്തൊക്കെയാണാവോ പ്രശ്നങ്ങള്‍? എന്തേലും ആവട്ടെ. ഇത്തിരി ത്രില്‍ ഒക്കെ ഇല്ലെങ്കില്‍ പിന്നെന്തു രസം. മതങ്ങളും ഭാഷയും ഒന്നും പ്രണയത്തിനും സ്നേഹത്തിനും തടസമാവില്ലല്ലോ.
പലതും അലോചിച്ചു കിടന്നു. രാത്രിക്കു നീളം കൂടുതലാണെന്നു തോന്നി.

വെളുപ്പാങ്കാലത്ത് ഉറങ്ങിപ്പോയ എന്നെ കസിന്‍ ജോസി വന്ന് ഫെയര്‍ ആന്റ് ലവ് ലിയുമായി വന്നു വിളിച്ചു. കാളമിലന്‍ അവന്റെ നല്ല ഷര്‍ട്ട് തേച്ചു കൊണ്ടുവന്നു തന്നു. ബേളയനീഷ് അവന്റെ കൂള്‍ വാട്ടര്‍ പെര്‍ഫ്യൂം, ബേളയനീഷ് അവന്റെ പുതുതായി പെയിന്റടിച്ച് യെസ്ഡിയുടെ വീലിട്ട യമഹാ അങ്ങനെ എല്ലാവരും എന്നെ പരമാവധി സ്മാര്‍ട്ടാവാന്‍ സഹായിച്ചു. അങ്ങനെ എല്ലാ നല്ല സാധനങ്ങളുമായി ഞാന്‍ ഒരുങ്ങിയിറങ്ങീയ കൊച്ചിന്ദ്രന്‍സിനെപ്പോലെ ജേക്കബിന്റെ കൂടെ ബൈക്കുമായി അവളുടെ ഹോസ്റ്റലില്‍ ചെന്നു. ഹോസ്റ്റലിനെ മുമ്പില്‍ ചെന്ന് ജേക്കബ് പ്രത്യേക ട്യൂണില്‍ ഹോണ്‍ അടിച്ചിട്ട് ഞങ്ങള്‍ അടുത്ത ജംക്ഷനില്‍ ചെന്നു നിന്നു.

വളവുതിരിഞ്ഞ് അവര്‍ വരുന്നതു കണ്ടപ്പോള്‍ തന്നെ മനസില്‍ ആകെ ഒരു കുളിര്. എന്റെ കയ്യുടെ അകം ഒക്കെ ചെറുതായി വിയര്‍ത്തു. എന്തോ ഒരു കൊച്ചു നാണവും എനിക്കു വന്നു. എന്തായാലും ഈ പ്രാവശ്യം മീരക്കു ബൈക്കില്‍ കയറാന്‍ നാണമുണ്ടായില്ല.

ഞങ്ങള്‍ നേരെ തീയേറ്ററിലേക്കാണ് ആദ്യം പോയത്. ടൈറ്റാനിക്ക് റിലീസ് ആയിട്ട് രണ്ടാഴ്ച ആയതേ ഉള്ളൂ. കഴിഞ്ഞയാഴ്ച 350 രൂപാക്കാണ് ടിക്കറ്റ് ബ്ലാക്കില്‍ എടുത്തത്. ഇന്നെത്ര ആവുമോ അവോ?
മോര്‍ണിങ് ഷോക്കു ചെന്ന ഞങ്ങള്‍ക്ക് ബ്ലാക്കില്‍ ടിക്കറ്റു കിട്ടിയത് മാറ്റിനിക്ക്, അതും 300 രൂപ ഒരെണ്ണത്തിന്. അപ്പോഴേക്കും ഉച്ചയാകാറായി. അതും എടുത്ത് ഞങ്ങള്‍ നല്ലൊരു ഹോട്ടലിലേക്കു പോയി. അവിടെ ചെന്ന് നല്ല കുശാലായി ഭക്ഷണം. കാര്യം ചൈനീസ് ഡിഷുകള്‍ പോയിട്ട് നോര്‍ത്ത് ഇന്ത്യന്‍ പോലും നമുക്കറിയില്ലെങ്കിലും ജേക്കബ് അതൊക്കെ മാനേജ് ചെയ്തു. അങ്ങനെ അതും കഴിഞ്ഞു.

ഹോട്ടലിന്റെ ഗാര്‍ഡനില്‍ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ ഉള്ള സമയവും സാഹചര്യവും തന്നുകൊണ്ട് ജേക്കബും ശാലുവും കുറച്ചകലേക്കു മാറി. ഞാന്‍ മീരയുടെ കയ്യില്‍ പിടിച്ച് ഒരു കോണിലേക്ക് ചൂണ്ടി പറഞ്ഞു, “നമുക്കവിടെ ഇരിക്കാം“.

മീര പറഞ്ഞു, “ ആയിക്കോട്ടെ”
എന്റെകയ്യില്‍ ചെറിയ നനവു തോന്നിയതു കാരണം ഞാന്‍ പിടി വിട്ടു. ഞങ്ങള്‍ ഒരു പുല്‍തകിടിയിലെ അരമതിലില്‍ ഇരുന്നു. ഞാനവളുടെ മുഖത്തേക്കു നോക്കി. അവള്‍ ചിരിച്ചു, ഞാനും.
ഞാന്‍ - “ എനിക്കു മീരയെ ഇഷ്ടമാനെന്നു മീരക്കറിയാമല്ലോ അല്ലേ?”
മീര - “കുറച്ചൊക്കെ”
ഞാന്‍ - “എന്നാല്‍ മീരയെ എനിക്കൊത്തിരി ഇഷ്ടമാണ്. എനിക്കു കല്യാണം കഴിക്കാന്‍ താല്പര്യമുണ്ട്.”
മീര - “ അതു നടക്കില്ല”
അതൊരു ഇടിമുഴക്കമായാണ് ഞാന്‍ കേട്ടത്.....വെടികൊണ്ടതുപോലെ ഞാന്‍ ഞെട്ടിപ്പോയി. എന്റെ നോട്ടം തഴേക്കായി. എന്റെ അപകര്‍ഷതാബോധം ഉണര്‍ന്നു. ഞാന്‍ അത്രക്കു മോശമാണോ? എങ്കിലും നിലത്തോട്ട്തന്നെ നോക്കി ഞാന്‍ ചോദിച്ചു.
ഞാന്‍ - “എന്നെ മീരക്കിഷ്ടമല്ലേ?”
മീര - “ ഇഷ്ടക്കുറവൊന്നുമില്ല”
ഞാന്‍ - “പിന്നെയെന്താ?”
മീര - “വാഴക്കാവരയന്‍ ഒന്നാലോചിച്ചു നോക്കിക്കേ, നമ്മള്‍ രണ്ടുപേരും രണ്ടുമതത്തില്‍ പെട്ടവര്‍. അമ്മക്കൊക്കെ വിഷമമാവില്ലേ? പിന്നെ ഇനി അനിയത്തിക്കും ഒക്കെ കല്യാണം വേണ്ടേ? ”
ഞാന്‍ - “അനിയത്തിയുടെ കല്യാണം കഴിഞ്ഞിട്ടു മതി നമ്മുടേത്, പിന്നെ അമ്മക്കു ഞാന്‍ കണ്ടുപിടിക്കുന്ന പെണ്ണിനെ ഇഷ്ടമാവും.”
മീര - “എനിക്കു മൂന്നനിയത്തിമാരുണ്ട്”
ഞാനവളെ വേദനയോടുകൂടി നോക്കി പറഞ്ഞു - “അതിനെനിക്ക് ഉത്തരമില്ല കുട്ടീ.“
എന്റെയനിയത്തിയുടെ കാര്യം പറഞ്ഞപ്പോളാ‍ണ് എന്റെ മനസില്‍ അവളുടെ അനിയത്തിമാരുടെ ചിത്രം വന്നത്. ആ ചൊദ്യത്തിനു എനിക്കു മറുപടി ഉണ്ടായിരുന്നില്ല. അതു മാത്രമാണോ കാരണം എന്നു ഞാന്‍ ചോദിച്ചു. അതിനവള്‍ പറഞ്ഞു.

“ നമ്മള്‍ പ്രണയിക്കാന്‍ തുടങ്ങുന്നതേ ഉള്ളൂ. പരസ്പരം ഇഷ്ടമാണ്, പക്ഷെ നമ്മുടെ ഇഷ്ടം ഒത്തിരി ആള്‍ക്കാരെ വേദനിപ്പിക്കും. എന്തിനാ അറിഞ്ഞുകൊണ്ട് നാം മറ്റുള്ളവരെ വേദനിപ്പിക്കണം. വാഴക്കാവരയന്‍ ഒത്തിരി നല്ല ചെക്കനാണ്, എന്നെക്കാളും നല്ല ഒരു പെണ്ണിനെ കിട്ടും. നമുക്കു നല്ല സുഹൃത്തുക്കളായിരുന്നു കൂടെ? “

സ്നേഹത്തിന്റെ മാത്രം പരവതാനിയിലൂടെ എന്റെ ചിന്തകള്‍ പായിച്ച എനിക്ക് മറ്റുള്ള യാഥാര്‍ത്യങ്ങളിലേക്ക് ചിന്തകളെ മറ്റാന്‍ സാധിച്ചില്ലായിരുന്നു എന്നുള്ളതായിരുന്നു വാസ്തവം. ഒരു വേഴാമ്പലിനെപ്പോലെ ഒന്നു പ്രണയിക്കാന്‍ കാത്തിരുന്ന ഞാന്‍ ഈ കാര്യത്തില്‍ പക്വമതിയല്ലാതെ പോയതാവാം.

ജേക്കബും ശാലുവും എത്തി. സിനിമക്കു സമയമായത്രേ. ഞങ്ങള്‍ തീയേറ്ററിലേക്കു പോയി. ജാക്കും റോസും പ്രണയിച്ചു നടന്ന സമയങ്ങള്‍ - ഞാനും മീരയുമായി ഞാന്‍ സങ്കല്പിച്ച നിമിഷങ്ങള്‍ - എന്നെ വേട്ടയാടി. അവസാനം റോസിന്റെ കയ്യില്‍ നിന്നും മരിച്ച ജാക്കിന്റെ കൈയ് വിട്ടപ്പോള്‍ എന്റെ കണ്ണില്‍ നിന്നും കണ്ണുനീര്‍ നന്നായൊഴുകി. പക്ഷെ ഞാന്‍ മീരയുടെ എതിര്‍വശത്തേക്കാണ് ചെരിഞ്ഞിരുന്നത്.
പിന്നെയും ഞങ്ങള്‍ രണ്ടുമൂന്നു പ്രാവശ്യം പാര്‍ക്കിലിരുന്നു സംസാരിച്ചു. അവള്‍ക്കിത്തിരി വണ്ണം ഉണ്ടായിരുന്നു. അതുകൊണ്ട് അവളുടെ കൂട്ടുകാരികള്‍ പറഞ്ഞത്രേ നിങ്ങള്‍ തമ്മില്‍ ഒരു ചേര്‍ച്ചയുമില്ലെന്ന്. ശരിയായിരുന്നിരിക്കാം, പൊരുത്തങ്ങളെക്കാള്‍ പൊരുത്തക്കേടുകള്‍ ആയിരുന്നിരിക്കാം. എങ്കിലും കുറച്ചുനാള്‍ ഞാന്‍ അറിയാതെ പ്രണയിച്ചു പോയിരുന്നു.

പിന്നെ അതികം കാലം ബാംഗളൂരില്‍ തുടരാന്‍ എനിക്കായില്ല. എല്ലാം കൊണ്ടും അവിടം വെറുത്തു ഞാന്‍. ജോലി നിര്‍ത്തി ഞാന്‍ നാട്ടിലേക്കു വന്നു. ഇടക്ക് രണ്ടുമൂന്നു കത്തുകള്‍, കുനുകുനെ നല്ല ഭംഗിയുള്ള അക്ഷരങ്ങള്‍. കാലം പിന്നെയും ഒഴുകിക്കൊണ്ടിരുന്നു. പല ജീവിതാനുഭവങ്ങളിലൂടെയും കടന്നു പോയെങ്കിലും കാലം എന്നില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയില്ല. പക്ഷെ ജീവിതത്തിരക്കുകള്‍ക്കിടയില്‍ എവിടെയൊ എഴുത്തുകളും മറന്നു. അവളുടെ പഠിത്തവും കഴിഞ്ഞുകാണണം.

മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ അനിയത്തിയുടെ ഒത്തുകല്യാണ ദിവസം. അവളോട് പ്രാര്‍ഥനക്കും സ്തുതി കൊടുക്കാനുമായി വരാന്‍ പറഞ്ഞസമയം ചേച്ചി വന്നു പറഞ്ഞു, നിനക്കതാ ഒരു ഫോണ്‍ വന്നിരിക്കുന്നു. ഞാന്‍ ഫോണ്‍ എടുത്തു. അപ്പുറത്തു നിന്നും പറഞ്ഞു, “ ഞാന്‍ മീരയാണ് “
എനിക്കെന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു. പിന്നെ പതുക്കെ കല്യാണ വിശേഷങ്ങള്‍ ഒക്കെ പറഞ്ഞു. അവളുടെ വിശേഷങ്ങള്‍ ചോദിച്ചു. സുഖമാണെന്നു പറഞ്ഞു.

നടുക്കത്തെ മുറിയില്‍ നിന്നും ആന്റി വിളിച്ചു, വാഴക്കാവരയാ..നീ എന്നാ എടുക്കുവാ അവിടെ സ്തുതി ചെല്ലാറായി. കാര്യം ലുക്കില്ലെങ്കിലും വീട്ടിലെ കാര്‍ന്നൊരല്ലേ ഞാന്‍. ഇവിടെ ഫോണില്‍ മിണ്ടിക്കൊണ്ടിരുന്നാല്‍ മതിയോ? ഞാന്‍ മീരയോടു പറഞ്ഞു, മീരാ.. സമയമായി, ഞാന്‍ വെച്ചോട്ടെ? അവള്‍ പറഞ്ഞു, - “ശരി വാഴക്കാവരയാ, അനിയത്തിക്ക് എന്റെ എല്ലാ മംഗളങ്ങളും അറിയിക്കുക” “ഉം...“ ഞാന്‍ മൂളി. “വെച്ചേച്ചു വാടാ ഇവിടെ പള്ളീല്‍ പോകാന്‍ താമസിക്കും“ എന്നു പറഞ്ഞു അമ്മാവന്‍ കയ്യില്‍ പിടിച്ചു വലിക്കുമ്പോള്‍ ഫോണിലൂടെ ഞാന്‍ കേട്ടു, “ I really miss you"

നേരെ പോയി മുഖം കഴുകി. പിന്നെ ഞാന്‍ വീണ്ടും പെങ്ങളുടെ ചേട്ടനായി, വീട്ടിലെ കാരണവരായി. രാത്രിയില്‍ തളര്‍ച്ചയോടെ അമ്മയോട് ചേര്‍ന്നു കിടന്നപ്പോള്‍ മീരയുടെ ഫോണ്‍ നമ്പര്‍ പോലും വാങ്ങാന്‍ പറ്റിയില്ലല്ലോ എന്നോര്‍ത്ത് സങ്കടം തോന്നി. എല്ലാത്തിനുമൊടുവില്‍ ഒരു സ്വരം മാത്രം എന്റെ കാതില്‍ മുഴങ്ങി.

I really miss you

5 comments:

mayilppeeli February 16, 2009 at 11:32 AM  

ഇവിടെ അവസാനിപ്പിച്ചോ അതോ തുടരുമോ.....ഇനിയുമുണ്ടാവുമല്ലോ ഇതിന്റെ ബാക്കി പറയാന്‍....

ശ്രീ February 16, 2009 at 12:53 PM  

ശരിയ്ക്കും വിഷമം തോന്നി, മാഷേ.

എന്നാലും ആ പ്രായത്തിലും പക്വതയോടെ ചിന്തിയ്ക്കാന്‍ കഴിഞ്ഞ മീരയ്ക്ക് ആശംസകള്‍ നേരുന്നു. ഫോണ്‍ നമ്പര്‍ ചോദിയ്ക്കാന്‍ മറന്നത് കഷ്ടമായിപ്പോയി.

പകല്‍കിനാവന്‍ | daYdreaMer February 16, 2009 at 1:40 PM  

എടൊ മണ്ടന്‍ വാഴക്കാ താന്‍ ആ Phone നമ്പര്‍ വാങ്ങി വെക്കേണ്ടേ?
:)
Good..!

Unknown February 16, 2009 at 3:05 PM  

ഉടന്‍ ബാക്കി ഭാഗം പ്രതീക്ഷിക്കുന്നു ... നല്ല (ആത്മ)കഥ ... രസായി...

രഞ്ജിത് വിശ്വം I ranji February 19, 2009 at 2:41 PM  

പ്രണയം മലകയറ്റം പോലെയാണെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. പ്രണയമല കയറി മുകളിലെത്തുമ്പോള്‍ വിവാഹം...പിന്നെ താഴോട്ടിരക്കം ആണത്രേ ... സ്നേഹത്തിന്റെ മലയിറക്കം.. എനിക്ക് തോന്നുന്നു നമ്മളെപ്പോലെ ആര്‍ക്കും വേണ്ടാത്ത ആരോ മെനഞ്ഞ കഥയാണ് അതെന്നു..എന്തായാലും പ്രേമിക്കാന്‍ കൊതിച്ചു നടന്ന കാലത്തൊന്നും ഒരു പട്ടി പോലും നമ്മളെ മൈന്‍ഡ് ചെയ്യാതിരുന്നത് കൊണ്ടാണോ എന്നറിയില്ല .. ഈ പ്രേമത്തിന്റെ വിജയ പരാജയങ്ങളെ ക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല.


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP