ഞാനൊരു പാവം പാലാക്കാരന്‍

എന്റെ മീര.

>> Thursday, February 12, 2009

പ്രണയത്തെക്കുറിച്ചുള്ള വികാരങ്ങളും വിചാരങ്ങളും സങ്കല്പങ്ങള്‍ മാത്രമായി ഒതുങ്ങി നിന്നതിന് കാരണം ഒരു പക്ഷെ ഒരിക്കല്‍ No പറഞ്ഞാല്‍ പിന്നെ എന്നന്നേക്കുമായി അതു നഷ്ടപ്പെടുമല്ലോ എന്ന സംശയവും പിന്നെ വലിയ ഒരു നിലയില്‍ എത്താത്തതിന്റെ ആത്മവിശ്വാസക്കുറവും ആയിരുന്നു. എങ്കിലും ബാംഗളൂരില്‍ ജോലിയുടെ ഇടക്ക് വിദേശപര്യടനം ഒക്കെ കഴിഞ്ഞപ്പോള്‍ കുറച്ച് ആത്മവിശ്വാസം ഒക്കെ വന്നു. അങ്ങനെ ആരെ പ്രേമിക്കണം എന്ന വിചാരത്തില്‍ ഇരിക്കുന്ന സമയം.

പതിവുപോലെ ഒരു ഞായറാഴ്ച. എന്റെ കൂടെ താമസിക്കുന്ന വിദ്ധ്യാര്‍ഥികള്‍ക്ക് എല്ലാ ദിവസവും ഒരുപോലെയാണെങ്കിലും ജൊലി ചെയ്യുന്ന നമുക്ക് അങ്ങനെയല്ലല്ലോ. എന്തായാലും പതിവുപോലെ ചിക്കണും വാങ്ങി വീട്ടില്‍ വന്നപ്പോള്‍ അതാ അവിടിരിക്കുന്നു ജേക്കബിന്റെ ലൈന്‍ ശാലുവും അവളുടെ കൂടെ ഒരു പെണ്‍കൊച്ചും. പൊതുവെ എല്ലാ ആണുങ്ങളും തന്നെ വായിനോക്കികള്‍ ആണെങ്കിലും ഞാന്‍ ഇത്തിരി ഡീസന്റ് വായിനോക്കി ആണ്. കാരണം മറ്റുള്ളവര്‍ എന്നെക്കുറിച്ച് ചീത്തയായി വിചാരിക്കുന്നത് എനിക്കിഷ്ടമല്ല, അതു തന്നെ. ശാലുവിന്റെ കൂടെ വന്ന പെണ്‍കുട്ടി ഇത്തിരി സുന്ദരി ആയതുകൊണ്ട് തന്നെ എല്ലാവരും സദസില്‍ ഉണ്ട്. ജേക്കബ് എന്നെയും പരിചയപ്പെടുത്തി. അവളുടെ പേരു മീര ബാലചന്ദ്രന്‍.

എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പാര വെച്ച് ഞാനാണ് വല്ല്യവന്‍ എന്നു കാണിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്തായാലും നിങ്ങളുടെ ചിക്കണും കൂട്ടി ചോറുണ്ടിട്ട് പോകുന്നുള്ളൂ എന്നു ശാലു പറഞ്ഞപ്പോള്‍ പിന്നെ എല്ലാവര്‍ക്കും കുക്ക് ചെയ്യാനായി തിടുക്കം. എടാ വാഴക്കാവരയാ, വന്നു സവോളയും മുളകും അരിയെടാ എന്നു പറഞ്ഞ് ബേളയനീഷ് അവന്റെ സ്റ്റൈല്‍ കാ‍ണിച്ചു. ഉണ്ടയനീഷും റഷീദും ചിക്കണ്‍ വെക്കാനുള്ള ചീഫ് കുക്കുകളായി വലിയ പരിപാടികളിലേക്കും കടന്നു. പാവം ഞാന്‍, കാര്യം നല്ല കുക്ക് ആണുഞാന്‍ എങ്കിലും ഏറ്റവും ഊപ്പകളുടെ പണിയായ ഉള്ളീം സവോളേം പൊളിക്കുക അല്ലേ നമുക്കു കിട്ടിയത്. ആദ്യം കണ്ടവര്‍ക്കാണ് ആദ്യം പെണ്ണിനെ വീഴിക്കാനുള്ള ധാര്‍മിക അവകാശം, സോ ക്രമമനുസരിച്ച് വരുമ്പോള്‍ എന്റെ കാര്യം ഗോപി.

എന്തായാലും അടുക്കളയുടെ പുറത്ത് അരമതിലില്‍ ഇരുന്ന് ഉള്ളി പൊളിച്ചു കൊണ്ടിരുന്ന എന്റെ അടുക്കലേക്ക് അവള്‍ വന്ന് എന്റെ കൂടെ കൂടി. എനിക്ക് വല്ല്യ സന്തോഷം ആയി, മറ്റുള്ളവര്‍ക്ക് സങ്കടവും. ഞാന്‍ അവളോട് വീട്ടുകാര്യങ്ങളും പഠന കാര്യങ്ങളും ഒക്കെ തിരക്കി.

പാലക്കാട് ജില്ലയിലെ നെല്‍വയലുകളുടെ ഒരു ഗ്രാമം. അവിടെ ബിസിനസുകാരനായ അച്ഛനും ടീച്ചറായ അമ്മക്കും കൂടി നാലു മക്കള്‍, നാലും പെണ്ണുങ്ങള്‍. മീരയാണ് മൂത്തത്. ഇവിടെ ബാംഗ്ലൂരില്‍ LLB ക്കു പഠിക്കുന്നു. എന്റെ കാര്യങ്ങളും ഒക്കെ ചോദിച്ചു. ഞങ്ങള്‍ സിമ്പിളായിട്ടുള്ള ജീവിതകാര്യങ്ങളെക്കുറിച്ച് സംസാരിച്ചിരുന്ന് സവോളയും മുളകും എല്ലാം റെഡിയാക്കി. അവള്‍ പാചകം ഒക്കെ ഇഷ്ടമുള്ള ആളാണെന്നു പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു ഇത്തിരി പച്ചക്കറിയും തേങ്ങായും വാങ്ങി വന്നാല്‍ അവിയല്‍ വെക്കാമോ എന്ന്? അതിനെന്താ എന്നവള്‍ പറഞ്ഞു. പിന്നെ അവിയലും ചിക്കണും ഒക്കെ അവള്‍ തന്നെ പാകം ചെയ്തു. ബാംഗ്ലൂര്‍ ജീവിതത്തില്‍ അത്ര നല്ല ഭക്ഷണം ഞങ്ങള്‍ അതു വരെയും കഴിച്ചിട്ടില്ലായിരുന്നു.

എന്നെ ഉള്ളിയരിയാന്‍ വിട്ടതിനു എല്ലാവരെയും വാരി അവളുടെ ഇഷ്ടം കിട്ടിയതിന്റെ ജാടയില്‍ ഇരുന്നെങ്കിലും അവര്‍ തിരിച്ചടിച്ചു, നായരല്ലെ, നീ എങ്ങനെ ലൈന്‍ അടിക്കും? എന്തായാലും ഒരു സുഖം തോന്നി. വൈകിട്ട് എല്ലാവരും റമ്മടിച്ചുകൊണ്ടിരുന്ന സമയത്ത് ഞാന്‍ ബ്ലാങ്കറ്റുമാ‍യി ടെറസില്‍ നക്ഷത്രങ്ങളെ നോക്കി കിടന്നു. നല്ല അടക്കവും ഒതുക്കവും എളിമയും ഉള്ള കൊച്ച്. ക്രിസ്ത്യാനിയായിരുന്നെങ്കില്‍ പ്രണയിച്ചു കെട്ടാമായിരുന്നു.

പിറ്റേന്നു ശാലുവിനെ കണ്ടപ്പോള്‍ മീരയെ പ്രത്യേകം അന്വേഷിച്ചതായി പറയണം എന്നു പറഞ്ഞു. അതിനു പിറ്റെ ദിവസം മീരയും എന്നെ പ്രത്യേകം അന്വേഷിച്ചതായി പറഞ്ഞു എന്നു പറഞ്ഞപ്പോള്‍ കൂട്ടുകാര്‍ എല്ലാം കൂടി തീരുമാനിച്ചു, ഇവള്‍ തന്നെ നിന്റെ പ്രണയിനി. ഞാനും ആലോചിച്ചു, മതം എനിക്കൊരു പ്രശ്നമല്ല, എന്റെ വീട്ടുകാരെയും സമ്മതിപ്പിക്കാം. നായരുകൊച്ചായതു കൊണ്ട് രാവിലെ ഒക്കെ എണീറ്റ് കുളിച്ച് കുട്ടപ്പിയായി വരും, നല്ല ഭക്ഷണം ഉണ്ടാക്കിത്തരും. എല്ലാത്തിനും ഉപരി സൌന്ദര്യവും എളിമയും ഉള്ള ഒരു നല്ല കൊച്ച്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു.

അടുത്ത ഞായറാഴ്ച മീരയേയും കൂട്ടി ശാലു വരും. വെറുതെ നമുക്ക് നല്ല ഭക്ഷണം ഉണ്ടാക്കാന്‍ എന്ന ഭാവത്തില്‍ ശാലു കൂട്ടുമത്രെ! എന്തായാലും ചിലവൊക്കെ എന്റെ വക. മട്ടണ്‍, കിങ് ഫിഷ് തുടങ്ങിയ വില കൂടിയ ഐറ്റംസ് ഒക്കെയുണ്ടെങ്കിലല്ലേ നമ്മുടെ സ്റ്റൈല്‍ കാണിക്കാന്‍ പറ്റൂ എന്നു ഉണ്ടയനീഷ്. എല്ലാം ഏറ്റു, വര്‍ഷങ്ങളായി പനി പിടിച്ചു കിടന്ന പ്രണയത്തിനുള്ള സാധ്യത ആല്ലേ തെളിഞ്ഞിരിക്കുന്നത്?

അങ്ങനെ അവള്‍ എത്തി, ഞങ്ങള്‍ ഒന്നിച്ചിരുന്ന് പാചകവും വാചകവും നടത്തി. ഇപ്രാവശ്യം അവള്‍ക്കും ചെറിയ നാണം. എല്ലാവരുടെയും മുമ്പില്‍ അവള്‍ ഒറ്റയായപോലെ തോന്നി. എത്ര മറച്ചാലും രണ്ടുപേര്‍ക്കും അറിയാമല്ലോ ഇതൊരു തിരക്കഥയുടെ ഭാഗം ആണെന്ന്. നല്ല രുചിയോടെ ഞങ്ങളെല്ലാവരും ഭക്ഷണം കഴിച്ചു. തുടര്‍ന്നാണ് തിരക്കഥയുടെ അടുത്ത ഭാഗം. മീരക്ക് അവളുടെ അങ്കിളിന്റെ വീട്ടില്‍ പോകണം. മിലിട്ടറിയില്‍ ആണ്, അതുകൊണ്ട് യലഹങ്കയിലാണ് താമസം. മൂന്നുമണിയാകുമ്പോള്‍ അവള്‍ പോകാനായി എഴുന്നേല്‍ക്കും,അപ്പോള്‍ ജേക്കബ് പറയും വാഴക്കാവരയാ..നീ അവളെ ഒന്നു കൊണ്ടുവിട്ടേക്ക്. അതായിരുന്നു പ്ലാന്‍.

ഭക്ഷണത്തിനു ശേഷം ചെറിയ പാട്ടുകളും തമാശകളുമായി ഞങ്ങള്‍ എല്ലാവരും കൂടിയിരുന്നപ്പോളും എന്റെ മനസില്‍ സന്തോഷത്തിന്റെ പൂക്കളായിരുന്നു. ആദ്യമായി ഇഷ്ടപ്പെട്ട ഒരു പെണ്ണിനെയും ബൈക്കിലിരുത്തി യാത്ര പോകുന്നു. ചെറിയ കാറ്റുമടിച്ച് ചേര്‍ന്നിരിക്കുന്ന പ്രണയിനിയേയും കൂട്ടി നഗരത്തിലൂടെ ഒരു യാത്ര. ഹാ..എത്ര റൊമാന്റിക് ആയ കാര്യം!

കാര്യങ്ങള്‍ മുറ പോലെ നടന്നു. പക്ഷെ വണ്ടിയില്‍ കയറുന്ന കാര്യത്തില്‍ അവള്‍ക്കൊരു മടി. അവള്‍ പറഞ്ഞു, “വാഴക്കാവരയാ..നമുക്കു ബസ് സ്റ്റോപ്പ് വരെ നടന്നു പോവാം. എന്നിട്ട് ഞാന്‍ അവിടുന്ന് തന്നേ പൊയ്ക്കോളാം. എനിക്കു ബൈക്കിലൊന്നും കയറി പരിചയമില്ല. പിന്നെ അവിടെ ചെല്ലുമ്പോള്‍ അവരെങ്ങാനും കണ്ടെങ്കില്‍ പിന്നെ അതും കുഴപ്പമല്ലേ.“ എസ്ക്യൂസുകളുടെ പ്രളയം. എന്റെ കൂട്ടുകാര്‍ ആരാ മക്കള്‍? അവര്‍ എല്ലാത്തിനും പോംവഴിയും കണ്ടുപിടിച്ചു.

അവസാനം അവര്‍ പറഞ്ഞു ഞങ്ങള്‍ മാറി നിന്നേക്കാം. അവരു വീട്ടിലേക്കു കയറി. അവള്‍ പിന്നെയും ബൈക്കിന്റെ സീറ്റില്‍ ചുരിദാര്‍ വെച്ചു തൂത്തുകൊണ്ട് നിന്നു. അവസാനം ഞാന്‍ മടുത്തിട്ടു പറഞ്ഞു, നീ എന്നാല്‍ ബസിനു പൊക്കോ എന്ന്. എന്റെ സങ്കടം കണ്ടു മനസലിഞ്ഞിട്ടാണോ ആവോ, അവള്‍ കയറി.

എത്രയോ ചെക്കന്മാര്‍ പെണ്ണുങ്ങളുമായി കറങ്ങുന്നതു കണ്ടു കൊതിവിട്ട ഞാന്‍ ഇതാ ഒരു സുന്ദരിയുമായി ബൈക്കില്‍. ഞാന്‍ ചുമ്മാ ചിരിച്ചോണ്ട് ബൈക്കോടിച്ചു. ഇടക്കവള്‍ പറഞ്ഞു, ഇത്തിരി മെല്ലെ പോയിക്കൂടെ, എനിക്കു ലേശം പേടിയുണ്ട് എന്ന്. സധാരണ പൂവാലന്മാര്‍ സ്പീഡില്‍ വിടുന്നപോലെ തട്ടാനും മുട്ടാനും വേണ്ടിയായിരുന്നില്ല ഞാന്‍ സ്പീഡില്‍ വിട്ടിരുന്നത്. പരിശുദ്ധപ്രണയത്തിന്റെ വാക്താവായിരുന്നു ഞാന്‍. പിന്നെ പോതുവെ ഇത്തിരി സ്പീഡുണ്ടായിരുന്നത് സന്തോഷം കൊണ്ട് ലേശം കൂടിയതാവാം. എന്തായാലും ഞാന്‍ സ്പീഡു കുറച്ചു. എന്തിനാ വേഗന്നു പോയി മീരയുടെ കൂടെ അത്രയും നേരം ഇരിക്കാനുള്ള സമയം കളയുന്നത്? ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്കു പുറത്ത് എന്നാണല്ലോ നമ്മുടെ നയം. അവസാനം എന്റെ സ്പീഡ് ഒത്തിരി കുറഞ്ഞു സൈക്കില്‍ വരെ ഓവര്‍ടേക്ക് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു, ഇത്തിരികൂടെയൊക്കെ സ്പീഡ് ആവാം, അല്ലെങ്കില്‍ നമ്മള്‍ ഒത്തിരി താമസിക്കും. പിന്നെ വര്‍ത്തമാനം ഒക്കെ പറഞ്ഞു രസിച്ച് ഞങ്ങള്‍ യെലഹങ്കയിലെത്തി.

അവള്‍ ഇറങ്ങി, എന്നോടു വരുന്നോ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു വരാന്‍ എനിക്കു പ്രശ്നമില്ല, നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ? അവള്‍ ഒന്നാലോചിച്ചു, എന്നിട്ടു പറഞ്ഞു. എന്തായാലും ഇവിടം വരെ വന്നതല്ലേ..കയറിയിട്ടു പോകാം. എന്റെ ക്ലാസ് മേറ്റ് ആണെന്നു പറഞ്ഞാല്‍ മതി.

ഞങ്ങള്‍ വീട്ടിലെത്തി. അവള്‍ എന്നെ പരിചയപ്പെടുത്തി. പാലാക്കാരനാണ് എന്നു പറഞ്ഞപ്പോള്‍ എന്തോ അവളുടെ കസിന്‍ ഒരുത്തന്‍ ഉണ്ടായിരുന്നവന് എന്നോടൊരു താല്പര്യം. LLB ത്രീ ഇയര്‍ ആണോ അതോ ഫൈവ് ഇയറിനാണൊ എന്ന് ചോദ്യം. ഈ 3 ഇയറും 5 ഇയറും ഒക്കെ എന്താ എന്നറിയില്ലാത്ത ഞാന്‍ ഒന്നു പരുങ്ങി. എങ്കിലും എന്റെ ഭാഗ്യ നമ്പര്‍ എന്നു വിചാരിച്ചിരുന്ന 3 തന്നെ അടിച്ചു. അപ്പോള്‍ ഡിഗ്രി എവിടയിരുന്നു എന്നടുത്ത ചോദ്യം. പ്രീഡിഗി പോയ പരിചയം ഉണ്ടായിരുന്നകൊണ്ട് പാലാ സെന്റ് തോമസ് എന്നടിച്ചു. അപ്പോളേക്കും മീര ഗ്ലാസില്‍ പെപ്സിയുമായി എത്തി. ഞാന്‍ അവളെ വേദനയോടു കൂടി ഒന്നു നോക്കി. ഇനി അടുത്ത ചോദ്യം എന്താ അവന്റെ വായില്‍ നിന്നും വരുന്നതെന്ന ടെന്‍ഷനില്‍. ഞാന്‍ കുറേശെ വിയര്‍ക്കുന്നതു കണ്ടിട്ടായിരിക്കാം അവള്‍ എന്റെ അടുത്തിരുന്നു.

പിന്നീടവരൊന്നും ചോദിച്ചില്ല. ഞാന്‍ യാത്ര പറഞ്ഞിറങ്ങി. അവള്‍ എന്റെ കൂടെ ഗൈറ്റിന്റെ അടുത്തുവരെ വന്നു. പിരിയാന്‍ ഇഷ്ടമില്ലായിരുന്നെങ്കിലും ഞങ്ങള്‍ പിരിഞ്ഞു. തിരിച്ചുള്ള എന്റെ വരവില്‍ സിഗ്നലുകളും ട്രാഫിക്കും ഒന്നും എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു. പക്ഷെ പോലീസുകാര്‍ക്ക് അങ്ങനെയല്ലല്ലോ, *&%$ നന്‍ മകനേ എല്ലി ഹോക്ത്താരെ എന്നോ മറ്റോ ഒരു ഒച്ച കേട്ടു. കിട്ടി ഒരു 200 ഫൈന്‍. കൊടുത്തു ഞാന്‍ 300. അവര്‍ എന്നെ അത്ഭുതത്തോടെ നോക്കി. ആദ്യമായിട്ടയിരിക്കും ഫൈനിനു കരയാത്ത ഒരു മലയാളിയെ അവര്‍ കാണുന്നത്.

പിന്നീടുള്ള ദിനങ്ങള്‍. ഞാന്‍ കാണുന്ന എന്തിലും ഏതിലും സൌങര്യം. ഹൃദയം നിറഞ്ഞിരിക്കുന്ന ഒരവസ്ഥ. ഒറ്റക്കിരിക്കാന്‍ കൂടുതല്‍ ഇഷ്ടം. രാത്രിയില്‍ ഉറങ്ങാതെ ആകാശത്തു നോക്കി കിടക്കാന്‍ ഭയങ്കര രസം. അതിനായി രാത്രിയില്‍ പലതവണ അലാം വെച്ചെഴുന്നേല്‍ക്കും. എന്നിട്ട് ഞാനും മീരയുമായി സങ്കല്പങ്ങളില്‍ പ്രണയിച്ചു നടക്കും. എന്റെ പ്രണയം മീരയെ അറിയിക്കുന്നതും അവള്‍ നാണം കൊണ്ട് ഓടി മറയുന്നതും ഞാന്‍ മനക്കണ്ണില്‍ കണ്ടു. മൊബൈലും സൌകര്യങ്ങളും ഒന്നുമില്ലെങ്കിലും അടുത്തയാഴചയില്‍ ജേക്കബ് ഒരുക്കിത്തരുന്ന അവസരം വരെ എന്റെ സങ്കല്പലോകത്ത് ഞാന്‍ രാജകുമാരനായി പാറിനടന്നു. എത്ര മനോഹരമാണീ പ്രണയം, ഇതിലും നല്ല വേറെ എന്തു ഫീലിങാണ് ഈ ലോകത്തുള്ളത്?

8 comments:

Anees February 12, 2009 at 6:33 PM  

polappan chettaaa, polappan. u r right. pranayam oru vallaatha feeling thanneyaanu. anubhavichavarke athu manassilaaku.

Thaikaden February 12, 2009 at 7:54 PM  

Ithaa oruvantekoodi kashtakaalam aarambhichirikkunnu.(Kashtakaalam nerathu thala mottayadichappol charalmazha peythu...ennareethiyil aakathe nokkane.)

Unknown February 13, 2009 at 2:46 AM  

പ്രേമം വെള്ളത്തിലോടുന്ന വഴക്കാവരയന്‍ പോലെ ആണു, വെള്ളത്തിലാവുമ്പം എന്തു രസമാ കാണാന്‍ വാഴക്കാവരയനെ..
വെള്ളത്തില്‍ നിന്നും പിടിച്ചു പുറത്തിട്ടാല്‍ വഴക്കയുമില്ലാ വരയുമില്ല വെറും വെള്ളിമാത്രം..

ബാക്കി കൂടെ വരട്ടെ...

ശ്രീ February 13, 2009 at 10:17 AM  

എന്നിട്ടെന്തു സംഭവിച്ചു എന്ന് പറഞ്ഞില്ലല്ലോ. അതോ തുടരനാക്കാം എന്ന് തീരുമാനിച്ചോ?

mayilppeeli February 13, 2009 at 1:53 PM  

ശ്രീയുടെ അഭിപ്രായം തന്നെയാണ്‌ എനിയ്ക്കും...മുഴുവനാക്കാമായിരുന്നു......ഇതിപ്പോള്‍ വെള്ളിയാഴ്ച്ച സസ്പെന്‍സില്‍ നിര്‍ത്തിയ സീരിയലിന്റെ ബാക്കിഭാഗം കാണാന്‍ തിങ്കളാഴ്ച്ച വരെ തള്ളിനീക്കേണ്ടിവരുന്ന അവസ്ഥയാണല്ലോ.....

നിലാവ് February 13, 2009 at 2:34 PM  

നന്നായി എഴുതിയിരിക്കുന്നു...
എന്നിട്ടെന്തു സംഭവിച്ചു ?

Unknown February 14, 2009 at 12:47 AM  

കലക്കി മച്ചൂ.... സംഗതി കൊള്ളാം...
ഈ സസ്പെന്‍സിന്റെ ബാക്കി കൂടി അറിയാന്‍ കാത്തിരിക്കുന്നു...

"മനോഹരമാണീ പ്രണയം, ഇതിലും നല്ല വേറെ എന്തു ഫീലിങാണ് ഈ ലോകത്തുള്ളത്..??"

തകരുന്നത് വരെ ഈ ലോകത്തുള്ള ഏറ്റവും മനോഹരമായ വികാരമാണ് പ്രണയം. പക്ഷെ അത് നഷ്ടപ്പെടുന്നതിന്‍റെ വേദന ഒരിക്കലും ആര്‍ക്കും ഉണ്ടാവാതിരിക്കട്ടെ...

രഞ്ജിത് വിശ്വം I ranji February 17, 2009 at 12:38 PM  

ee pranayathile NO undallo..athu bheekaram thanne...


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP