ഞാനൊരു പാവം പാലാക്കാരന്‍

ഡെസേർട് ഡ്രൈവ്

>> Thursday, June 6, 2019

കുറച്ചധികം അവധി ദിവസങ്ങൾ. എന്ത് ചെയ്യണം എന്ന കൂലംകുഷമായ ചിന്തയിൽ ഇരിക്കുകയായിരുന്നു. ദുഫായിലുള്ള സകല തെണ്ടികളും ഒന്നുകിൽ നാട്ടിൽ പോകും, അല്ലെങ്കിൽ ടൂറു പോകും. നമ്മൾ ഈ പ്രാവശ്യം ഒറ്റക്കായതിനാൽ വിശ്രമിച്ചു തീർക്കാം എന്ന ചിന്തയിൽ രണ്ടെണ്ണം ഒക്കെ അടിച്ചു അങ്ങനെ ഇരിക്കുമ്പോളാണ് അമേരിക്കയിൽ നിന്നും സുഹൃത്ത് മനുക്കുട്ടൻ വിളിക്കുന്നത്.
മനു "അളിയോ, എന്നാ പണിയാ, അഞ്ചാറു ദിവസം അവധി ഒക്കെ ആണെന്ന് കേട്ടു"
ഞാൻ "എന്റളിയാ, ഒരു മലരും ഇല്ല, വെറുതെ ചൊറീം കുത്തി ഇവിടെ ഇരിക്കാമെന്ന് വെച്ചു. പിള്ളേരും പിടക്കോഴീം ഒന്നുമില്ലാത്തോണ്ട് ഒരു ഉത്സാഹം ഇല്ല, കുൽസിത പ്രവർത്തികൾക്ക് അവസ്ഥയും ഇല്ല. സോ ഒരു രണ്ടെണ്ണം ഒക്കെ അടിച്ചു ഇങ്ങനെ ഒക്കെ അങ്ങ് ഇരിക്കാം..."
മനു "എന്നാ അളിയന് ഒരു ചെറിയ പണി തരാം. നമ്മുടെ കുറച്ചു ഫ്രണ്ട്‌സ് അങ്ങോട്ട് ട്രിപ്പ് വരുന്നുണ്ട്. ദേ ആർ നോട് ഇന്ററസ്റ്റഡ് ഇൻ സിറ്റി ആന്റ് ഇറ്റ്സ് ഫൺ. ഇവിടെ കിട്ടാത്ത എന്ത് മാങ്ങാത്തൊലി ആണ് അവിടെ ഉള്ളത്?"
ഞാൻ " അങ്ങനെ പറയരുത്, എല്ലാ അമേരിക്കക്കാരന്റെയും വൃത്തികെട്ട ഒരു ചിന്തയാണ് അത്. എന്റെ ഉള്ളിലെ പ്രവാസദേശസ്നേഹി ഉണർന്നു. ബുർജ് ഖലീഫയുടെ അത്ര ഉയരം ഉള്ള കെട്ടിടം അവിടുണ്ടോ? ഇവിടെയില്ലാത്ത എന്ത് കോത്താഴത്തെ സാധനമാണ് അവിടെ ഉള്ളത്?"
മനു "എടാ കോപ്പേ, നീ അത് വിട്. അവർക്ക് വേണ്ടത് വല്ല മരുഭൂമിയും, അവിടുത്തെ താമസവും ഒക്കെ ആണ്. അവർ മരുഭൂമിയുടെ നടുക്കുള്ള ഏതോ ബാബ് അൽ ഷംസ് എന്നോ മറ്റോ പറഞ്ഞ റിസോർട്ടിൽ ബുക്ക് ചെയ്തിട്ടുണ്ട്. ബട്ട് യു ക്യാൻ ടേക്ക് ദെം അറ്റ്ലീസ്റ്റ് 2 -3 ഡേയ്സ് "
ഞാൻ " ഓ.. ഈ മലര് സായിപ്പന്മാർക്കൊക്കെ ഒടുക്കത്തെ ജാടയും പോരാത്തതിന് ഇംഗ്ലീഷും ആണ്. അത് വേണോടാ?"
മനു " ഇതുവേറെ ലെവൽ ആണ്. മൂന്ന് പേര് ഉണ്ട്, ഒരു മലയാളിയും ഒരു നോർത്ത് ഇന്ത്യനും ഒരു മദാമ്മയും"
ഞാൻ "ഒരു ലഡു ചെറുതായി പൊട്ടി. ഒരെണ്ണമെങ്കിലും ഒരെണ്ണം, ശരി, എന്തേലും ചെയ്യാം"
മനു " എല്ലാം പെണ്ണുങ്ങൾ ആണ് മോനെ, ഒരു മുപ്പതുകളിൽ പിടക്കുന്ന പെണ്ണുങ്ങൾ "
ഞാൻ "ശരിക്കും? ചുമ്മാ പറ്റിക്കുന്നത് അല്ലല്ലോ അല്ലെ? പറ്റിക്കാൻ വേണ്ടിയാണേൽ കൂടെ ഇങ്ങനെയൊന്നും പറയരുത് സാറെ..."
പണ്ട് യാഹൂ ചാറ്റിൽ ഒരു പെണ്ണിന്റെ പേരിൽ അവനെ ഞാൻ പറ്റിച്ചതിനു പ്രതികാരം ചെയ്യുവാണോ എന്നൊരു ശങ്ക തോന്നാതിരുന്നില്ല. പക്ഷെ അവൻ പറഞ്ഞത് സത്യമായിരുന്നു. ഡീറ്റെയിൽസ് അയച്ചു തന്നു, മൂന്നു കിടുക്കാച്ചി പെണ്ണുങ്ങൾ. അമേരിക്കയിൽ നിന്നും ഇവിടുത്തെ പ്രകൃതി ഭംഗി ആസ്വദിക്കാൻ എന്റെ പക്കലേക്ക് വരുന്ന അസ്പ... അപ്സ.... ആ.. പോട്ടേ, സുന്ദരികൾ. 
അവർ വ്യാഴാച ആണ് എത്തിയത്. വന്ന ഉടനെ ഫോൺ വിളിച്ചു. തൃശൂർകാരി മലയാളി, ഡെൽഹിക്കാരി, പിന്നെ അമേരിക്കക്കാരി. എല്ലാം ഡോക്ടർമാർ. ഞാൻ ലഡുവും പേടയും ഡോണറ്റും ഒന്നിച്ചു കഴിക്കുന്നത് മനസിൽ കണ്ടു. ഇന്ന് നിങ്ങൾ അവിടം ഒക്കെ ചുറ്റിക്കറങ്ങി കണ്ടോ, നാളെ രാവിലെ നമ്മൾ ഡെസേർട്ടിലേക്ക് പോകുന്നു എന്ന് അറിയിച്ചു.
വ്യാഴാച്ച രാത്രി തന്നെ നമ്മുടെ പുലിക്കുട്ടനെ ഒന്ന് സ്റ്റീമ് വാഷ് ഒക്കെ ചെയ്തു കുട്ടപ്പൻ ആക്കാൻ നോക്കി. ഒരു വയസൻ കരിമ്പുലി ആണ് നമ്മുടേത്. മരുഭൂമിയിലെ കഴുകന്മാർ എന്ന ഓഫ് റോഡ് കൂട്ടായ്മയിൽ അംഗമായ ഞാൻ എല്ലാ വെള്ളിയാഴ്ചകളിലും അതിരാവിലെ ഡ്രൈവ് പോകാറുണ്ട്. അവിടെയുള്ള ചുള്ളന്മാർ ലക്ഷക്കണക്കിന് രൂപ വണ്ടിയിൽ ചിലവാക്കി നിറയെ ലൈറ്റും ഫിറ്റ് ചെയ്തു സസ്‌പെൻഷൻ ഒക്കെ മാറ്റി അഞ്ചാറിഞ്ചു വണ്ടിയും പൊക്കി പൊളപ്പൻ ടയറും ആയി വരുമ്പോൾ കാശ് മുടക്കി നമുക്ക് പിടിച്ചു നില്ക്കാൻ നമുക്കാവില്ല.
പകരം നമ്മൾ മറ്റൊരു സ്ട്രാറ്റജി എടുത്തു. മോളിൽ ഒരു ചപ്പടാ ലൈറ്റ് എനിക്ക് മുമ്പ് വണ്ടി ഓടിച്ചിരുന്ന അറബി വെച്ചിട്ടുണ്ടാരുന്നു. കൂടെ അല്പനായ നമ്മളെക്കൊണ്ട് പറ്റുന്ന കാര്യങ്ങൾ ആയ അല്പം ചളുക്കം, കുറെ സ്ക്രാച്ചസ് പിന്നെ വളരെയേറെ ചെളി ആൻഡ് പൊടി ഇതൊക്കെ വെച്ച് ചെല്ലുമ്പോൾ ഞാനും ഒരു വലിയ ഡ്രൈവർ ആണ് എന്ന ഫീലിംഗ് കുറഞ്ഞ പക്ഷം എനിക്കെങ്കിലും തോന്നുമായിരുന്നു.



അങ്ങനെയുള്ള ഞാൻ കാശ് മുടക്കി വണ്ടി കഴുകിച്ചിട്ടും പത്തു രൂപ ടിപ് കൊടുത്തു പൊടി കളഞ്ഞിട്ടും, കുളിക്കാത്തവൻ കുളിക്കുമ്പോൾ ചൊറിയും എന്ന പോലെ ഒരു വൃത്തികെട്ട അവസ്ഥയിൽ ആയി വണ്ടി. അമേരിക്കൻ പെണ്ണുങ്ങളെ വണ്ടി വൃത്തിയാക്കി ഇമ്പ്രെസ് ചെയ്യിക്കാനാവില്ല എന്നറിഞ്ഞ ഞാൻ പിന്നെയൊന്നും നോക്കിയില്ല. അടുത്ത മണൽ ഉള്ള സ്ഥലത്തു നിർത്തി, മണൽ വാരി വണ്ടിയിൽ വിതറി. നൂറ്റിമുപ്പതു രൂപ കൊടുത്തു വണ്ടി കഴുകി പത്തു രൂപ ടിപ്പും കൊടുത്തു കൂടുതൽ വൃത്തിയാക്കി കുളി കഴിഞ്ഞ ആന പൂഴി വിതറുന്ന പോലെ വീണ്ടും അതിൽ മണൽ വാരിയിടുന്ന എന്നെ സമ്മതിക്കണം.
ഡോക്ടർമാർ ഒക്കെ ആയതുകൊണ്ട് സാധാരണ പിള്ളേരെ പറ്റിക്കുന്ന ഡയലോഗുകൾ പറഞ്ഞാൽ പോരാ എന്ന ബുദ്ധിപരമായ തിരിച്ചറിവിനാൽ ഞാൻ പ്ലാനിങ് നടത്തി. എക്സ്പെർട്ട് ചുള്ളന്മാരുടെ കൂടെ പോയാൽ മോഡിഫൈഡ് വണ്ടികളുടെ കൂടെ ചുക്കിച്ചുളിഞ്ഞ വയസ്സനായ നമുക്ക് ഒരു വിലയുണ്ടാകില്ല, കണ്ടാലും കൊണ്ടാലും അവരുടെ ഒപ്പമെത്താനുള്ള ശേഷി കാണില്ല. അങ്ങനെ പുതിയ പിള്ളേരുടെ കോൺവോയിൽ സ്വീപ് ആയി പോകാമെന്ന് തീരുമാനിച്ചു. അതാകുമ്പോൾ മണലിൽ താഴുന്ന പാവം പുതിയ വണ്ടിക്കാരെ ഒക്കെ വലിച്ചു കേറ്റാം, എങ്ങനെ റിക്കവർ ചെയ്യണമെന്ന് പറഞ്ഞു കൊടുക്കാം, എല്ലാരും എന്നെയങ്ങു സമ്മതിച്ചു തരും, എന്നെ സാറെ എന്ന് വിളിക്കും, ഹോ... എന്റെയൊരു ബുദ്ധിയെ? 
അതിരാവിലെ മൂന്നേമുക്കാലിന് അലാറം വെച്ചിരുന്നെങ്കിലും മൂന്നരക്കെ എണീറ്റു. നാലുമണിയായപ്പോളേക്കും കുളിച്ചു കുട്ടപ്പനായി, പ്രത്യേക അവസരങ്ങളിൽ മാത്രം അടിക്കുന്ന ഡിയോർ സ്പ്രേയും അടിച്ചു ഞാൻ അവരുടെ റിസോർട്ടിലേക്ക്. മൂക്കാമണിക്കൂർ ഡ്രൈവ് ചെയ്ത് അവരുടെ സ്ഥലത്തെത്തി. വരാനുള്ള മെസ്സേജ് അയച്ചു ഞാൻ കാത്തിരുന്നു. എങ്ങനെയായിരിക്കും അവർ? സുന്ദരിമാരായിരിക്കണേ.....
നിമിഷങ്ങൾ യാമങ്ങളായി തോന്നി, ആകാംക്ഷ കാരണം എനിക്ക് വെറുതെ മൂത്രം ഒഴിക്കാൻ മുട്ടി. അവസാനം അവർ എത്തി.
ആദ്യം എത്തിയത് പമേല എന്ന അമേരിക്കക്കാരി. ജീൻസിന്റെ കുട്ടി നിക്കറും സ്ലീവെലെസ്സ് ടീ ഷർട്ടുമിട്ട് അവൾ വന്ന ഉടനെ എന്നെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ തന്നു. നല്ല ഏതോ പെർഫ്യൂമിന്റെ ഗന്ധം എന്നെ ഹടാതാകർഷിച്ചു. വെൽക്കം റ്റു ഊട്ടി, നൈസ് ട്ടോ മീറ്റ് യു എന്ന് അറിയാതെ പറഞ്ഞു ഞാൻ തരിച്ചു നിന്നു. ടെൻഷൻ കാരണമായിരിക്കാം, എന്റെ കരങ്ങൾ തണുത്തിരുന്നു. രണ്ടാമത് ഡൽഹിക്കാരി പ്രിയങ്ക, ഒരു ജീൻസും ചൂടാണെങ്കിലും ജാക്കറ്റും ഇട്ട് അവൾ വന്നു, ഒരു കൊച്ചു ഹഗ്, അതി ഭീകരമായ വിയർപ്പുനാറ്റവും പല്ലു തേക്കാത്തതിന്റെ ഗന്ധവും കൂടി ഏതോ നിർവൃതിയുടെ ഉത്തുങ്കശൃംഗത്തിൽ ഉലഞ്ഞിരുന്ന എന്നെ നേർവഴിയിലേക്ക് കൊണ്ടുവന്നു. കുളിക്കുകേം വൃത്തയാകുകേം ഇല്ലാത്ത ജന്തുക്കൾ, തണുത്തിരുന്ന കൈകൾ ചൂടായി.
പിന്നെയാണ് അവൾ വന്നത്, ഒരു വെളുത്ത ടീ ഷർട്ടും നീല ജീൻസും അണിഞ്ഞ മീര കൃഷ്ണൻ. രാവിലെ തന്നെ കുളിച്ചു കുറിയും തൊട്ടു ഈറനണിഞ്ഞ മുടിയുമായി അവൾ വന്നു, എന്റെ കരങ്ങൾ ചേർത്ത് പിടിച്ചു രാവിലെ തന്നെ വന്നതിനു നന്ദി പറഞ്ഞു. മീരയെ കണ്ടപ്പോളും അവളുടെ കരങ്ങൾ സ്പർശിച്ചപ്പോളും മൊത്തത്തിൽ ഒരു കുളിർമ, മഞ്ഞുത്തുള്ളികൾ വീണ റോസാപ്പൂവ് പോലെ.
പിന്നെ അവിടെ നിന്നും ബദയാർ എന്ന സ്ഥലത്തേക്ക്ഒരു മണിക്കൂർ ഡ്രൈവ്. ഇന്നലെ രാത്രി ഒരു ഡ്രൈവ് ഉണ്ടായിരുന്നു, അതിനാൽ വണ്ടി വൃത്തിയാക്കാൻ പറ്റിയില്ല, ഐ ആം സൊ സോറി എന്ന പുളുവോടു കൂടി എന്റെ അധര വ്യായാമം ആരംഭിച്ചു ഞാൻ. സാറ് ഭയങ്കര ഡ്രൈവർ ആണ്, ദുബായിലെ ഡെസേർട് പോകുന്ന എല്ലാവരും സാറിനെ ബഹുമാനിക്കും, സാറിനു ഇവിടുത്തെ എല്ലാ മരുഭൂമികളും കൈരേഖ പോലെ അറിയാം എന്ന് തുടങ്ങി ആരൊക്കെ ഡ്രൈവിനെ പറ്റി പറഞ്ഞിട്ടുള്ള കഥകൾ കേട്ടിട്ടുണ്ടോ അതെല്ലാം എന്റെ പേരിലാക്കി ഞാൻ വിളമ്പിക്കൊണ്ടിരുന്നു. ഇടക്കെപ്പോളോ ആവേശം മൂത്തപ്പോൾ സ്പീഡ് കൂടി ഒരു ക്യാമറ അടിച്ചതോടെ ആണ് ലേശം കൺട്രോൾ കിട്ടിയത്.
അങ്ങനെ അൽ ബദയാർ എത്തി, യു എ ഇ ലുള്ള പകുതി ഓഫ് റോഡേഴ്സും ഓടിക്കാൻ എത്തുന്ന ഒരു സ്ഥലം ആയതിനാൽ അവിടെ ഇഷ്ടം പോലെ വണ്ടികൾ ഉണ്ടാകും. കണ്ട എല്ലാവരെയും ഞാൻ കൈ പൊക്കി കാണിച്ചു, ഏതടാ ഈ നാറി എന്ന് മനസ്സിൽ വിചാരിച്ചാണേലും മിക്കവരും തിരിച്ചും വിഷ് ചെയ്‌തു. വെറുതെ ഷൂളം ഒക്കെ അടിച്ചു കസബയിൽ മമ്മൂട്ടി നടക്കുന്നപോലെ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും വെറുതെ നടന്നു. പൊങ്ങൻമാരായ കുറച്ചു മോഡിഫൈഡ് വണ്ടികളുടെ ഉടമകളോട് വെറുതെ അതിന്റെ പ്രത്യേകതകൾ ചോദിച്ചു. ഇതൊക്കെ ആരോട് പറഞ്ഞു കേൾപ്പിക്കും എന്ന വർണ്ണ്യത്തിൽ ആശങ്കയുമായി നിന്നവർ ജാഡ ഒക്കെ മാറ്റി വെച്ച് എന്നെ അങ്ങു കൊന്നു തന്നു. ഇതൊക്കെ നമ്മുടെ പെണ്ണുങ്ങൾ കാണുന്നുണ്ട ല്ല ല്ല ല്ല ല്ലോ.. അല്ലേ എന്ന് ഞാൻ ഒളികണ്ണിട്ടു നോക്കി, ഒരു പത്തു പതിനഞ്ചു മിനിറ്റ് അങ്ങു തകർത്തു. ഇനിയും അവരുടെ അടുത്ത് നിന്ന് മാറി നിന്നാൽ വേറെ എന്നെക്കാളും മൂത്ത ഏതേലും കോഴി അവരെ കൊത്തിയാലോ എന്ന പേടിയിൽ ഞാൻ അവരുടെ അടുത്ത് ചെന്നു.
ഡിക്കിയിൽ കിടന്ന തൂമ്പ, വടം, ജാക്കി, പലക, കംപ്രസ്സർ ഒക്കെ ഇളക്കി (എല്ലാം ഇത്രയും സാധനങ്ങൾ എനിക്കുണ്ട് എന്ന് കാണിക്കാൻ) അവസാനം ഡാഷ്ബോർഡിൽ കിടന്ന വാൾട്യൂബ് ഊരുന്ന കുഞ്ഞു സാധനവും ഒക്കെ തപ്പിയെടുത്തു ടയറിന്റെ കാറ്റ് കളയാൻ തുടങ്ങി. പത്തു വര്ഷം മുമ്പ് ഈ ഓടിക്കൽ തുടങ്ങിയ സമയത്തു വെറും ഒരു തൂമ്പയുമായി മൂന്നു മണിക്കൂർ പൊരിവെയിലത്തു നിന്ന് വണ്ടി മാന്തി പുറത്തെടുത്ത നമ്മളാ ഇപ്പോൾ ഈ ജാഡയൊക്കെ.



അങ്ങനെ പത്തിരുപത് ഡ്രൈവിൽ താഴെ ഓടിച്ചിട്ടുള്ള എട്ടു വണ്ടികളുടെ സ്വീപ്പ് ആയി നമ്മൾ യാത്ര തുടങ്ങി. വളരെ കഴിവുള്ളവർക്ക് മാത്രമേ സ്വീപ്പ് ആകാൻ സാധിക്കുകയുള്ളൂ, കുടുങ്ങി കിടക്കുന്നവരെ കൃത്യമായി പറഞ്ഞു കൊടുത്തു അല്ലെങ്കിൽ കെട്ടി വലിച്ചു നമ്മൾ കയറ്റിയില്ലെങ്കിൽ വണ്ടി മറിയും, നാശനഷ്ടങ്ങൾ ഉണ്ടാകും, സാറ് ഒത്തിരി വലിച്ചു കയറ്റിയിട്ടുണ്ട്, സാറ് ഭയങ്കര മിടുക്കനാണ്, സുന്ദരനാണ് എന്നൊക്കെ നമ്മൾ വീണ്ടും തള്ളൽ.
ശരിക്കും നമ്മളെ പോലെ തല്ലിപ്പൊളി വണ്ടിയുള്ളവന് ഇത് മാത്രം വഴി. കാശു മുടക്കി അവനവന്റെ വണ്ടി പണിതിട്ടു വല്ലവന്റെയും വണ്ടി കെട്ടി വലിക്കാൻ ആർക്കാ ഇത്ര സൂക്കേട്? ഭയങ്കര ഫുദ്ധിമാൻ ആയതുകൊണ്ട് അവരുടെ ആ ബലഹീനത നമ്മൾ ചൂഷണം ചെയ്യുന്നു, അത്ര തന്നെ.
മീര മുൻപിലാണ് ഇരുന്നത്, അധികം സംസാരിക്കില്ല. പ്രിയങ്ക ഫുൾ ടൈം ചിലക്കൽ ആണ്. പമേല രണ്ടിന്റെയും ഇടയ്ക്കു നിൽക്കുന്ന പരുവം. ഇടക്ക് ചെറുതായി മണലിൽ താഴ്ന്നവർക്ക് റേഡിയോയിലൂടെ നിർദേശം നല്കി അവരെയൊക്കെറിക്കവർ ചെയ്തപ്പോൾ എനിക്ക് തന്നെ എന്നോട് ബഹുമാനം തോന്നി. പെട്ടെന്നാണ് പ്രിയങ്ക അവളുടെ ജാക്കറ്റ് ഊരിയത്. അത് അറിയാതെ റിവ്യൂ മിററിലൂടെ നോക്കിയ എന്റെ കോൺസെൻട്രേഷൻ ഒന്ന് പോയി, കഴുകാത്ത ജാക്കറ്റിന്റെ ഗന്ധം നാസാരന്ദ്രങ്ങളിലൂടെ തലച്ചോർ തിരിച്ചറിയുന്നതിനു മുമ്പേ വണ്ടി അന്തരീക്ഷത്തിലൂടെ ഒന്നോടി. ഒരു കുഴിയിലേക്ക് പോയ വണ്ടി അവിടുണ്ടായിരുന്ന മരക്കുറ്റിയിൽ ഇടിച്ചു തകരാതിരുന്നത് വണ്ടീടെ മാത്രം മുജ്ജന്മ സുകൃതം. അതി സാഹസികമായി വണ്ടി പുറത്തെടുത്തു ഞാൻ എന്റെ സ്‌കിൽ തെളിയിച്ചു. ഈ കുഞ്ഞു പിള്ളേരുടെ കൂടെ ഓടിക്കുമ്പോൾ നിങ്ങൾക്കൊരു ത്രില്ലിനു വേണ്ടി ഞാൻ മനഃപൂർവ്വം ചാടിച്ചതെന്ന വ്യാജേന.


കോൺവോയ് ലീഡ് ചെയ്തിരുന്ന ഷബീർ പറഞ്ഞു, ദീസ് ഗയ്‌സ് ഏറെ ഡൂയിങ് വെൽ. ഞാൻ ഷബീറിനിനോട് പറഞ്ഞു, എന്തോന്ന് വെൽ, രണ്ടു സ്റ്റക്കില്ലാതെ എന്ത് ഡ്രൈവ്. ഇപ്പൊ ശരിയാക്കാം എന്ന് ഷബീർ, പിന്നെ സ്റ്റക്കോട് സ്റ്റക്ക്. പൊരി വെയിലത്തു കെട്ടി വലിച്ചും തൂമ്പയെടുത്തു മാന്തിയും എന്റെ പത വന്നു. 
അങ്ങനെ അവസാനം ഞങ്ങൾ ഇഫ്‌താർ ബൗൾ എന്ന പ്രശസ്തമായ ഒരു വലിയ മലയും കുഴിയും കൂടിയ സ്ഥലത്ത് വന്നു, ഒരു സൈഡിൽ വളരെ ഉയരം ഉള്ള ഒരു മരണക്കിണർ പോലെ. ഇത് വരെ എനിക്ക് അതിന്റെ മണ്ടയിൽ ഓടിച്ചു കയറ്റാൻ പറ്റിയിട്ടില്ല, ബാക്കിയുള്ള പുലികൾ ഒക്കെ അടിച്ചു മിന്നിച്ചു കയറുമ്പോൾ നമ്മൾ ഒരു പകുതി വരെയൊക്കെ പോയി വട്ടം കറങ്ങി ആ കുഴിയിൽ ഇറങ്ങി അവിടെ നിന്നും ഓടിച്ചു കയറ്റി ആശ തീർക്കും. 
നിങ്ങൾക്ക് പേടിയില്ലെങ്കിൽ ഈ മലയിൽ കുറച്ചു നമുക്ക് കയറാം എന്ന് ഞാൻ പറഞ്ഞു. അവർ എന്തിനും ഏതിനും തയ്യാർ, ഇങ്ങനെയും പേടിയില്ലാത്ത മനുഷ്യർ ഒന്നിച്ചു വരുമോ? സാധാരണ ആരെങ്കിലും ഒരാൾ വേണ്ടെന്നു പറയും, നമ്മൾ രക്ഷപെടും. എല്ലാ ഓഫ് റോഡ് ദേവതകളെയും മനസ്സിൽ ധ്യാനിച്ച് ഞാൻ ഒരു പിടിപ്പീരു പിടിപ്പിച്ചു. തിരകളിൽ ചാഞ്ചാടി പായുന്ന സ്പീഡ് ബോട്ടുപോലെ ചാടി ചാടി മുകളിലേക്ക് കുതിക്കുന്നതിനിടയിൽ വണ്ടിയുടെ ഗിയർ സ്ലിപ് ആയി.ഒരു നൂറടി പൊക്കത്തിൽ ഒടുക്കത്തെ ഒരു ചെരുവിൽ വണ്ടി നിന്നു. എന്റെ ഹൃദയം ശിവമണി കഞ്ചാവടിച്ചു ഉറഞ്ഞുകൊട്ടുന്നപോലെ ഇടിച്ചുകൊണ്ടിരുന്നു. വൗ വണ്ടർഫുൾ എന്ന് പറഞ്ഞു അവർ മൂന്നും പുറത്തിറങ്ങി, ചെരിഞ്ഞും ഇരുന്നും കിടന്നും ഫോട്ടോ എടുത്തു. ശരാശരി മധ്യവയസ്കനെ പോലെ ഉളിഞ്ഞുനോക്കാൻ പോയിട്ട് ശ്വാസം വിടാനുള്ള ശേഷി എനിക്കില്ലായിരുന്നു. 
അവസാനം ഷബീറിന്റെ നിർദ്ദേശം അനുസരിച്ചു, വണ്ടി ഫോർ വീൽ ലോ ഇൽ ഇട്ടു ഡിഫറെൻഷ്യൽ ലോക്ക് ചെയ്തു വണ്ടി നേരെ കുഴിയിലേക്ക് ഒരു തരത്തിൽ ഇറക്കി ദീർഘനിശ്വാസം വിട്ടപ്പോളാണ് ശ്രദ്ധിച്ചത്, എന്റെ കൈകൾ മുഴുവൻ വിയർത്തു നനഞ്ഞിരുന്നു. ആരും കാണാതെ കൈകൾ ഗുഹ്യഭാഗത്തും ഒന്ന് വെച്ചു, നനവുണ്ടോ എന്നറിയാൻ.
തിരിച്ചു മുകളിൽ വന്നു ഊഞ്ഞാലാടിയ ജാള്യതകൾ ഒന്നും പുറത്തു വരാത്തതിൽ അഭിമാനിച്ചു ചെറിയ ബ്രേക്കിനായി ഇറങ്ങിയപ്പോൾ ആണ് അടുത്ത പണി.
മീര കൃഷ്ണന് വണ്ടി ഒന്നോടിക്കണം. മാനുവൽ ഗിയർ വണ്ടി ഓടിക്കാനറിയുമോ എന്ന് ചോദിച്ചു ഞാൻ, അറിയാമെന്നു മീര. പ്രിയങ്കയും പമേലയും പുറത്തിറങ്ങി. ഞാൻ മീരയുടെ കൂടെയിരുന്നു ഗിയറും, വണ്ടിയുടെ പ്രത്യേകതകളും ഒക്കെ പറഞ്ഞു കൊടുത്തു. പണ്ടാരം അടങ്ങി ഇനി ഗിയറിടിച്ചു വണ്ടി എത്ര പ്രാവശ്യം നിന്ന് പോകുമോ എന്ന ആശങ്കയിൽ ഞാൻ സീറ്റ് ബെൽറ്റ് ഒക്കെ ഇട്ടു. അവൾ പതുക്കെ വണ്ടി എടുത്തു. നിരപ്പായ പ്രദേശത്തു കൂടി വളരെ പതുക്കെ രണ്ടു മൂന്നു റൗണ്ട്. കുഴപ്പമില്ല അവളുടെ ഡ്രൈവിങ്. പിന്നെ അവൾ ഇഫ്‌താർ ബൗളിന്റെ അരികത്തേക്കു നീങ്ങി, ഞാൻ പറഞ്ഞു അതികം അടുത്തേക്ക് പോകണ്ടാ എന്ന്. അവൾ പതുക്കെ ഫസ്റ്റ് ഗിയറിൽ അതിന്റെ അടുത്തേക്ക് നീങ്ങി. ഗിയർ സ്ലിപ് ആകുന്നതു ഫസ്റ്റിലാണോ എന്ന് ചോദിച്ചു, ഞാൻ മെല്ലെ തലയാട്ടി. 
ഇനി വല്ല ആത്മഹത്യാ പ്രവണത ഒക്കെ ഉള്ള പെണ്ണാണോ ഇവൾ? അതാണോ മറ്റവർ രണ്ടും പുറത്തിറങ്ങിയത്? അവൾ സ്പീഡ് കൂട്ടി ബൗളിന്റെ ചെരുവിലേക്ക് പോയി, അവളുടെ ഒരു കരം ഗിയറിലും മറ്റേ കരം സ്റ്റീറിങ്ങിലും. മുഖത്ത് ഭാവങ്ങൾ ഒന്നുമില്ലാതെ എന്തിലോ ഉറപ്പിച്ച പോലെ. സ്പീഡ് ഭയങ്കരമായി കൂടി, ഞാൻ പതുക്കെ ഒന്ന് നോക്കിയപ്പോൾ ആർ പി എം ചുവന്ന മാർക്ക് ഉള്ള സ്ഥലത്തെത്തി, ആറായിരത്തിലും മുകളിൽ, വണ്ടി ചീറ്റപ്പുലിയെ പോലെ കുതിച്ചു കയറി. പിന്നെ ചുറ്റും നടന്നതൊന്നും എനിക്ക് കാണാനോ കേൾക്കാനോ പറ്റിയില്ല.
എന്റെ വയസൻ പുലി ഒരു പുലിക്കുട്ടൻ ആദ്യമായി ആ ഉയരം കീഴടക്കി, എന്റെ കണ്ണിൽ കൂടി ആനന്ദാശ്രുക്കൾ പൊഴിഞ്ഞു. നനഞ്ഞോ എന്ന് ഒരിടത്തും തപ്പി നോക്കേണ്ടി വന്നില്ല. പകരം എന്തോ ഒരു സുരക്ഷിത ബോധം ഉള്ളിൽ വന്നു. അവൾ പിന്നീടോടിച്ച പത്തു മിനിറ്റ് ഞാൻ വണ്ടിയുടെ മുരൾച്ചയോ ചാട്ടമോ ഒന്നും അറിഞ്ഞില്ല. ഒരു പൂവിനെപ്പോലെ അവൾ വണ്ടിയോടിക്കുന്നതു കണ്ടിരുന്നു. വന്യതയോടെ വന്ന ഒറ്റക്കൊമ്പൻ ഒറ്റയാനെ മെരുക്കിയെടുത്ത മാലാഖയെപ്പോലെ അവൾ ചിരിച്ചുകൊണ്ട്ഓടിച്ചുകൊണ്ടിരുന്നു. 
അവൾ വണ്ടി നിർത്തി ഇറങ്ങി, എന്നോട് പറഞ്ഞു. 
"ഗിയറിന്റെ സിങ്കർനൈസർ പോയതാണ്, പണിയേണ്ടി വരും. സ്റ്റിയറിംഗ് കോളം ചേഞ്ച് ചെയ്യേണ്ടി വരും, ഇളക്കം ഉണ്ട്"
ഒരു കൊച്ചു കുട്ടിയെ പോലെ അത് കേട്ടുകൊണ്ട് നിന്ന എന്നെ പുറകിൽ നിന്നും വന്നു കെട്ടിപിടിച്ചുകൊണ്ടു പ്രിയക പറഞ്ഞു, ഷീ ഈസ് എ പ്രൊഫെഷണൽ അഡ്വെഞ്ചർ ഡ്രൈവർ മൈ ബോയ്.....

1 comments:

സുധി അറയ്ക്കൽ November 13, 2019 at 9:10 PM  

നിങ്ങൾക്ക് കുറച്ചു വായനക്കാരെ തരാൻ പറ്റുമോന്ന് നോക്കട്ടെ.


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP