കൊല്ലും കൊലയും ആസ്വദിക്കുന്നവർ
>> Monday, April 8, 2019
സോഷ്യൽ മീഡിയ പലതരത്തിൽ ആശ്വാസം തന്നിരുന്നു നമുക്ക്. അകലെയുള്ള സുഹൃത്തുക്കളെ / ബന്ധുക്കളെ കാണാൻ, അവരുടെ വിശേഷങ്ങൾ അറിയാൻ. നാട്ടുകാരുടെയും കൂട്ടുകാരുടെയും വിശേഷങ്ങൾ അറിയാൻ, പഴയ ബന്ധങ്ങൾ അയവിറക്കാൻ.
ഇന്നിപ്പോൾ രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും വെറുപ്പ് കലർന്ന, അറപ്പുളവാക്കുന്ന, മടുപ്പുളവാക്കുന്ന പോസ്റ്റുകളാണ് കൂടുതലെങ്കിലും വല്ലപ്പോളും നോക്കാനും കാണാനും ഇഷ്ടമായിരുന്നു.
ഇപ്പോൾ തുറന്നാൽ ഉടനെ കാണുന്നത് മരിച്ചു പോയ ആ കുഞ്ഞിന്റെ ചിരിക്കുന്ന മുഖം മാത്രം. ഉമ്മ കൊടുക്കുന്ന മുഖം, മുന്തിരിങ്ങ കഴിക്കുന്ന മുഖം അങ്ങനെ പല വിധം. ആ കുഞ്ഞിന്റെ മുഖം വീണ്ടും വീണ്ടും കാണുന്നതിലൂടെ ഭീകരമായി അസ്വസ്ഥമാകുന്ന മനസ്സിനു പിടിച്ചു നിൽക്കാനാകുന്നില്ല. മനസ്സിൽ വല്ലാത്ത വിങ്ങൽ, കൂടെയില്ലാത്ത എന്റെ കുഞ്ഞുങ്ങളെക്കുറിച്ചുള്ള വേവലാതി. അകാരണമായ എന്തൊക്കെയോ ഭീതി, ദുസ്വപ്നങ്ങൾ, ദുർചിന്തകൾ.
ആളുകൾ ഇങ്ങനെ ഷെയർ ചെയ്യുന്നതിനിലൂടെ ഒരു സുഖം അനുഭവിക്കുകയല്ലേ എന്നൊരു സംശയം. കൊലപാതകത്തിന്റെയും കിരാതമായ ആക്രമണങ്ങളുടെയും വിവരങ്ങൾ പകർത്തിവിടുന്നതിലൂടെ നമ്മുടെ മനസ്സും മാറുകയില്ലേ? ആ അമ്മയെ അടിച്ചു കൊല്ലണം, അവനെ ഇഞ്ചിഞ്ചായി കൊല്ലണം എന്നൊക്കെ ആക്രോശിച്ചുകൊണ്ടാണ് ഈ ബഹളങ്ങളൊക്കെ. ആ കൊച്ചിനെ ചതച്ചു കൊന്നവനെ അങ്ങനെ തന്നെ കൊന്നാൽ പിന്നെ നാമും അവനും തമ്മിൽ എന്ത് വിത്യാസം? ഒരു പരിഷ്‌കൃത സമൂഹത്തിന്റെ പ്രതികരണങ്ങൾ ആയി അതിനെ കാണാനേ ആവുന്നില്ല. അമ്മയുടെ കൂട്ടുകാരന്റെ വൈകൃതങ്ങൾ, അമ്മയുടെ കാമവെറി എന്നൊക്കെ ആൾക്കാർ അവരവരുടെ ഭാവനയും അറിവും വെച്ച് തട്ടി വിടുന്നു.
പലരിലും ഇതുണ്ടാക്കുന്ന പ്രകമ്പനങ്ങൾ പലവിധമാകാം. ഭാര്യയെ, ഭർത്താവിനെ, കൂട്ടുകാരെ, വീട്ടുകാരെ, അങ്ങനെ ഈ ലോകത്തെ തന്നെ സംശയമാകാം, ഭയമാകാം. apocalypto എന്ന ഫിലിം കണ്ടപ്പോൾ പ്രാകൃത മനുഷ്യരുടെ രീതികൾ ഇങ്ങനെയൊക്കെയും ആയിരുന്നിരിക്കാം എന്ന ചിന്ത ഒരു വേദന ഉളവാക്കിയിരുന്നു. ഇന്നിപ്പോൾ ആളുകളുടെ ആക്രോശങ്ങൾ കൂടുതൽ ഭയപ്പെടുത്തുന്നു.
ആ കുഞ്ഞിന്റെ ചിരി ഇനിയും എനിക്ക് താങ്ങാനാവില്ല, അതിലുപരി അത് വീണ്ടും വീണ്ടും പബ്ലിഷ് ചെയ്തുകൊണ്ട് സഹതാപവും പ്രതികാരവും ആഹ്വാനം ചെയ്തുകൊണ്ടുള്ള വൈകൃതവും.
0 comments:
Post a Comment