ഞാനൊരു പാവം പാലാക്കാരന്‍

വിശാലേട്ടന്റെ വീട്

>> Wednesday, December 29, 2021

ഒരു വിർച്വൽ ലോകത്തിരുന്നു നാം തന്നെ നമുക്കിഷ്ടം ഉള്ള  മറ്റൊരു നമ്മെ വാർത്തെടുത്ത് ശരിക്കുള്ള നമ്മെ നാം മറന്നു പോകുന്ന ഇന്നത്തെ കാലം. സോഷ്യൽ മീഡിയായുടെ സ്വാധീനത്തിൽ ജീവിക്കുന്ന നമുക്ക് ഓരോ ദിവസവും പലതരത്തിൽ ഉള്ള പ്രലോഭനങ്ങൾ ഉണ്ടാകാറുണ്ട്.  അതിലൊന്ന് ആണ് ചലഞ്ച് എന്നും പറഞ്ഞു ഓരോരുത്തർ തുടങ്ങി വെക്കുന്ന ഓരോ പരിപാടികൾ. 25 വർഷത്തെ ഫോട്ടോ ചലഞ്ച്, ഉടുപ്പ് ചലഞ്ച്, മൊട്ടയടി ചലഞ്ച് എന്ന് തുടങ്ങി രാവിലെ പല്ലു തേക്കുന്നത് വരെ ചലഞ്ച് ആയി നടക്കുന്ന കാലത്തു ആണ് ഭാര്യയെ എടുത്തു പൊക്കൽ ചലഞ്ച് ഏതോ ഒരുത്തൻ ഇട്ടത്.  മകനോട് ഒരു ഫോട്ടോ എടുക്കെടാ എന്ന് പറഞ്ഞു നേരെ പോയി ഭാര്യയെ എടുത്തു ഒരു പൊക്കൽ. 

കല്യാണം കഴിഞ്ഞു വർഷങ്ങൾ കടന്നുപോയത്മനസ്സിന്റെ ഒരു കോർണറിൽ പോലും ആ സമയത്തു വരാതിരുന്നത് കാലത്തിന്റെ വികൃതി അല്ലെങ്കിൽ പ്രായം തലച്ചോറിലെ കോശങ്ങളോട് ചെയ്ത ചതി. കോശങ്ങളുടെയും പേശികളുടെയും കശേരുക്കളുടെയും ശേഷി കുറഞ്ഞ ഞാൻ പ്രായത്തോടൊപ്പം ബുദ്ധിയും അതിലും കൂടുതൽ ശരീരവും വളർന്ന അവളെ പൊക്കാൻ ആയി ശ്രമിച്ച വകയിൽ വെട്ടിയിട്ട വാഴത്തണ്ടു പോലെ നിലത്തു വീണു. നടു വെട്ടിയത് ആണത്രേ....

ഹൗവെവർ... കഴിഞ്ഞ ദിവസം കണ്ട മറ്റൊരു ചലഞ്ച് എന്നെ ഹഠാതാകര്ഷിച്ചു. എഴുത്തുകാരുടെ വീടിന്റെ ഗെയിറ്റിന്റെ മുൻപിൽ നിന്നുള്ള ഒരു പടം പിടിത്തം. 

വർഷങ്ങൾക്ക് മുൻപ് കൊടകരപുരണാം വായിച്ചു ചിരിച്ചു മണ്ണുകപ്പി ഒരു വലിയ വിശാലമനസ്കൻ ആകാനും, ബെർളിത്തരങ്ങൾ വായിച്ചു അതിരൂക്ഷ ആക്ഷേപഹാസ്യത്തിന്റെ വാക്താവ് ആകാനും നമ്മൾ ഇറങ്ങി പുറപ്പെട്ടു, വാഴക്കാവരയൻ എന്ന തൂലികാ നാമവും ആയി. 

പണ്ടത്തെ ഹരിതാഭയുടെയും പച്ചപ്പിന്റെയും സ്‌കൂളിലെ നൊസ്റ്റാൾജിയയുടെയും ഒക്കെ കാര്യങ്ങൾ വെറുതെ കുത്തിനിറച്ചു നമ്മളും എഴുത്തു തുടങ്ങി. കുഞ്ഞിലേ എന്താവണം എന്ന സ്വപ്നത്തിൽ പോലും,  ക്രിക്കറ്റ് വേണോ അതോ ഫുട്ബാൾ വേണോ എന്ന സെലക്ഷൻ പ്രയാസം ആയിരുന്ന പോലെ  നമ്മൾ കോമഡി, സെന്റി, പ്രണയം, പൈങ്കിളി എന്ന് തുടങ്ങി എല്ലാവരോടും പകയോടെ കുശ്‌വന്ദ സിങ് വരെ ആകാന് നോക്കി.   ഒരേ സമയം ഉത്തരത്തിലും ചോദ്യത്തിലും കക്ഷത്തിലും എല്ലാം  കൈവെക്കാൻ നോക്കി ആക്രാന്തം മൂലം  ഒന്നും ആകാതെ തേരാപാരാ നടക്കുന്നു. എന്നാലും ചെറുതായി എഴുതി വെറുപ്പിക്കൽസ് തുടരുന്നു.

ബെർളി എന്ന വൻവൃക്ഷത്തെ കുറിച്ച് ഒന്നും കേൾക്കാനേ ഇല്ല.  പക്ഷെ ജബൽ അലിയിലും പിന്നീട്  റാസ് അൽ ഖൈമയുടെ അപ്പുറെ ഉള്ള ഫുജൈറയിലും ഒരു രാജകുമാരൻ ആയിരുന്ന വിശാലമനസ്കനെ ഞാൻ കണ്ടു പിടിച്ചു. ഇടയ്ക്കിടെ കാണും, പക്ഷെ ബഹുമാനം കൊണ്ട് ഒരു ഫോട്ടോ പോലും എടുത്തിട്ടില്ല, പക്ഷെ ഈ എഴുത്തുകാരുടെ വീടിന്റെ മുൻപിൽ നിന്നുള്ള ഫോട്ടോ ചലഞ്ച് എനിക്കിഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം ഏതോ ഒരു ചേച്ചി വിശാലമനസ്കന്റെ കൊടകരയിലെ വീട്ടിൽ നിന്ന് ഫോട്ടോ എടുത്തപോലെ ഞാനും ഒരെണ്ണം എടുക്കാൻ തീരുമാനിച്ചു. ഭാര്യയും അമ്മയും പെങ്ങളും  പിള്ളേരും ഒക്കെ ആയി തൃശൂർ വരെ പോകുന്ന നേരം. ചാലക്കുടി കഴിഞ്ഞു, ഭാര്യയോട് ഫേസ്ബുക് നോക്കി വിശാലേട്ടന്റെ പോസ്റ്റ് എടുത്തു വീട് നോക്കാൻ പറഞ്ഞു. 

തൃശ്ശൂരിലേക്ക് പോകുന്ന വഴി  ഫ്ലൈ ഓവർ ഇറങ്ങുമ്പോൾ ഉടനെ ഇടതു വശത്തു ആണത്രേ, വീടിന്റെ ഫോട്ടോ നോക്കി നീല ഗൈയിട്ടും ആണെന്ന് പറഞ്ഞു. പക്ഷെ ഫ്ലൈ ഓവർ ഇറങ്ങി പുറകോട്ടു പതുക്കെ വണ്ടിയുമായി വന്നപ്പോൾ കണ്ട വിശാലമായ നീല ഗേറ്റ് പക്ഷെ വിശാലേട്ടന്റെ അല്ലായിരുന്നു, പക്ഷെ കഥയിൽ പലപ്പോഴും എവിടെയെക്കൊയോ കേട്ടത്‌പോലെ ഓര്മയുള്ള ഗോൾഡൻ ബാർ. എന്റെ കണ്ണുകൾ ഒരു ആവശ് ഖാൻ ആയി പെട്ടെന്ന് തിളങ്ങി എങ്കിലും അമ്മ കൂടെയുള്ളത് കൊണ്ട് ഞാൻ തിരിച്ചിറങ്ങി. പതുക്കെ മുൻപോട്ടു പോയ വഴിയിൽ ഇടതു സൈഡിൽ ഒരു വയസ്സനും വലതു സൈഡിൽ ഒരു സുന്ദരിയായ ചേച്ചിയും.  ക്രിക്കറ്റ് വേണോ ഫുട്ബാൾ വേണോ എന്ന കൺഫ്യുഷൻ അതിൽ ഇല്ലായിരുന്നു. വലതു വശത്തു നിന്ന ചേച്ചിയോട് വളരെ അഭിമാനത്തോടെ ചോദിച്ചു, ഞങ്ങൾ അങ്ങ് പാലായിൽ നിന്നും വരുവാണ്, ഈ കൊടകരപുരാണം എഴുതിയ സജീവ് ഇടത്തേടന്റെ വീട് എവിടെയെയാണ്? 

അല്ലെങ്കിലും സ്വന്തം നാട്ടിൽ ഒരു പ്രവാചകനെയും ആരും ബഹുമാനിച്ചിട്ടില്ല. കൊടകര ഇതാണ്, പറഞ്ഞ കക്ഷിയെ എനിക്കറീല്യ കേട്ടോ എന്ന് തൃശൂർ സ്ലാങ്ങിൽ മൊഴിഞ്ഞിട്ടു സുന്ദരി അവിടുന്ന് പോയി. എന്നാൽ അവളെ ഒന്ന് മനസ്സിലാക്കി കൊടുപ്പിച്ചിട്ടു തന്നെ കാര്യം എന്ന് വിചാരിച്ചു ബെർളിയെ പോലെ രൂക്ഷൻ ആയി ഇറങ്ങിയെങ്കിലും എന്നെ അറിയാവുന്ന ഭാര്യ വിളിച്ചു ഇങ്ങു പോരാൻ പറഞ്ഞു. 

എന്തായാലും ദൗത്യം അവസാനിപ്പിച്ചു ഞങ്ങൾ തൃശൂരിന് പോയി. പക്ഷെ ഞങ്ങൾ പാലാക്കാർ പരാജയപ്പെട്ടു പിന്മാറുന്നവർ അല്ലല്ലോ. മൂന്നാലു മണിക്കൂറിനു ശേഷം പോയ കാര്യം ഒക്കെ കഴിഞ്ഞു തിരിച്ചു വരുന്ന വഴി വീണ്ടും ഫ്ലൈ ഓവറിന്റെ താഴെക്കൂടെ വന്ന് യു ടേൺ അടിച്ചു. വീണ്ടും നീല ഗേറ്റിൽ ഒരു ചാഞ്ചാട്ടം ഉണ്ടായി എങ്കിലും മുൻപോട്ടു പോയി. ഫോട്ടോയിൽ കാണുന്ന വീട് കാണുന്നില്ല. വീണ്ടും ഹൈവേയിൽ കയറുന്നതിനു തൊട്ടു മുൻപ് അവിടെ കണ്ട വീട്ടിൽ ഒരു ചേട്ടൻ നിൽക്കുന്നു. ചേച്ചിമാരെ ഒന്നും കാണാഞ്ഞത് കൊണ്ട്, ചേട്ടനോട് ചോദിച്ചു. 

എടത്തേടൻമാർ അപ്പുറത്തെ സൈഡിൽ ഉണ്ടെന്നു തോന്നുന്നു എന്ന് പറഞ്ഞു ആ ചേട്ടനും പ്രവാചകന്റെ നാട്ടുകാരൻ ആയി, എനിക്ക് വാശി കൂടി. ഈ നാട്ടുകാരെ എന്റെ വിശാലേട്ടന്റെ ലോകം മുഴുവനും ഉള്ള പ്രശസ്തി അറിയിച്ചിട്ടേ കാര്യം ഉളളൂ എന്ന് വിചാരിച്ചു ഞാൻ തന്നെ അമേരിക്ക, ദുബായ് തുടങ്ങി അന്റാർട്ടിക്ക വരെയുള്ള സ്ഥലത്തു നിന്ന് ആണെന്ന് പറഞ്ഞു പ്രശസ്തൻ അന്വേഷണം തുടങ്ങാൻ തീരുമാനിച്ചു. വീണ്ടും യു ടേൺ അടിക്കാൻ വന്നപ്പോൾ ഒരു വണ്ടി പോലീസുകാർ നിൽക്കുന്നു. 

നേരെ വണ്ടി നിർത്തി ചോദിച്ചു, സാറെ ഈ കൊടകരപുരാണം എഴുതിയ വിശാലേട്ടന്റെ വീട് അറിയാമോ? 

വണ്ടികളുടെ ഒച്ചകാരണം കേൾക്കാഞ്ഞിട്ടു ആയിരിക്കും,  എന്താ സാറെ എന്ന് അവർ തിരിച്ചു ചോദിച്ചു. എന്നെ സാറെ എന്ന് പോലീസ് കാർ വിളിച്ച സന്തോഷത്തിൽ ഞാൻ പിന്നെ കൂടുതൽ ചോദിയ്ക്കാൻ പോയില്ല. ഇവിടെ യു ടേൺ എടുക്കാമോ എന്ന് ചോദിച്ചു വീണ്ടും കറങ്ങി ഗോൾഡൻ ബാറിന്റെ മുൻപിൽ വന്നു. 

വണ്ടി വളരെ പതുക്കെ മുമ്പോട്ടു പോകുമ്പോൾ രണ്ടു മൂന്നു അമ്മൂമ്മമാരും ഒരു സ്‌കൂളിൽ പഠിക്കുന്ന കുട്ടിയും അവിടെ നിൽക്കുന്നു. വണ്ടിയിൽ നിന്നും പെങ്ങൾ ആ കുഞ്ഞിനോട് ചോദിച്ചു. 

അവൾ വായനാശീലം ഉള്ളതും നാട്ടിലെ പ്രവാചകരെ ബഹുമാനം ഉള്ളവളും ആയതുകൊണ്ട് കൃത്യം ആയി പറഞ്ഞു തന്നു. നേരെ അവിടെ ചെന്നു. ഫോട്ടോയിൽ കാണുന്ന അതെ വീട് തന്നെ. പക്ഷെ വീടിന്റെ മുമ്പിൽ മൂന്നാലു ചെറുപ്പക്കാർ ഇന്നത്തെ ഫ്രീക്കൻ ലുക്കിൽ ഇരിക്കുന്നു. ഇനി വല്ല കഞ്ചാവോ അല്ലെങ്കിൽ പ്രശ്നക്കാരോ ആണോ ആവൊ. എന്തായാലും ധൈര്യം സംഭരിച്ചു ഗേറ്റിന്റെ മുമ്പിൽചെന്ന് അവരോടു ചോദിച്ചു, ചേട്ടന്മാരെ രണ്ടു ഫോട്ടോ എടുത്തു തരാമോ എന്ന്.

വളരെ സന്തോഷത്തോടെ അവർ ഫോട്ടോ എടുത്തു തന്നു. നിങ്ങൾ അറിയുമോ കൊടകരപുരാണം എഴുതിയ സജീവേട്ടനെ എന്ന് ചോദിച്ചപ്പോൾ  അവർ കൂട്ടത്തിൽ ഉള്ള ഒരുത്തനെ ചൂണ്ടി പറഞ്ഞു, ഇവന്റെ പാപ്പൻ ആണത്രേ. 

എന്തായാലും പുതു തലമുറയിൽ ഉള്ളവർ പറഞ്ഞു തന്നതിൽ നിന്നും മനസ്സിലായി, നാട്ടിലും വിലയുള്ള ഒരു പ്രവാചകൻ തന്നെ ആണ് നമ്മുടെ വിശാലേട്ടൻ.    


0 comments:


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP