ഞാനൊരു പാവം പാലാക്കാരന്‍

ഉരുള

>> Sunday, January 30, 2022

ഭയങ്കര തണുപ്പ്, പുതപ്പു ഒന്നുകൂടി വലിച്ചിട്ടു അമ്മയെ നന്നായി കെട്ടിപിടിച്ചു കിടന്നു.  അമ്മയുടെ വയറിൽ ഉള്ള ഒരു കുഞ്ഞു മണി പോലെയുള്ള ഒരു കുരു പിടിച്ചു ഞെരടിക്കൊണ്ടു കിടക്കാൻ നല്ല സുഖം ആണ്. പക്ഷെ മുള്ളാൻ മുട്ടിയിട്ടു വയ്യ, അമ്മയോട് ചോദിച്ചു എന്നെ ഒന്ന് മുള്ളിക്കാൻ കൊണ്ടുപോകുമോ എന്ന്. അമ്മ എന്നെ ചേർത്ത് പിടിച്ചു അടുക്കളയുടെ പുറകിൽ ഉള്ള പതിനെട്ടാംപാത്തി തെങ്ങിന്റെ അടിയിൽ കൊണ്ടുപോയി നിക്കറിന്റെ സിബ് ഊരി തന്നു. അമ്മയോട് ചേർന്ന് നിന്ന് ഞാൻ നീട്ടി ഒഴിച്ചു. എന്റെ നിക്കർ നനഞ്ഞു, കെട്ടിപ്പിടിച്ച തലയിണയും. ഞാൻ സ്വപ്നത്തിൽ നിന്നും ഉണർന്നു. 

ഞാൻ അശ്വിൻ രവീന്ദ്രൻ, ആറാം ക്ലാസിൽ പഠിക്കുന്നു. അപ്പയുടെ കൂടെ അച്ഛവീടായ കാഞ്ഞിരപ്പള്ളിയിൽ താമസിക്കുന്നു. ഒരു കുഞ്ഞു കാന്താരി തുളസി എന്ന ചിന്നു ഉണ്ട് കൂടെ, ആറു വയസ്  ആയി അവൾക്ക്. എന്നെയും സ്നേഹത്തോടെ ചിലരൊക്കെ അച്ചു എന്ന് വിളിക്കും കേട്ടോ. 

അപ്പയെയും ചിന്നുവിനെയും കൂടാതെ അപ്പൂപ്പനും അമ്മൂമ്മയും ഉണ്ട്, പണിക്കാരി അമ്മിണിയമ്മ ഉണ്ട്, പിന്നെ വെട്ടുകാരൻ ചാക്കോ ചേട്ടൻ , വീട്ടിലെ പട്ടി കട്ടപ്പ അങ്ങനെ കുറച്ചുപേർ ആണ് ഇവിടുത്തെ ആളുകൾ. ഇപ്പൊ സ്‌കൂളും കാര്യങ്ങളും ഒന്നും ഇല്ല, കൊറോണ ആണല്ലോ. ഓൺലൈൻ ക്ലാസ് ആയതുകൊണ്ട് വീട്ടിൽ തന്നെ ഇരുപ്പാണ്, ആരും കാണാതെ കുറെ ഗെയിംസ് കളിക്കും, കാർട്ടൂൺ കാണും, യൂട്യൂബ് കാണും. ഇതൊക്കെ തന്നെ പരിപാടി. 

ബാംഗ്ളൂർ ആയിരുന്നു ഞങ്ങൾ, നാല് വർഷം മുമ്പ് എന്റെ അമ്മ മരിച്ചതിനു ശേഷം ആണ് അപ്പയുടെ വീടായ കാഞ്ഞിരപ്പള്ളിയിൽ എത്തിയത്. നിറയെ വെളിച്ചവും ആളുകളും ഉള്ള ബാംഗ്ലൂർ നിന്നും മരങ്ങളും ഇരുട്ടും നിറഞ്ഞ കാഞ്ഞിരപ്പള്ളിയിൽ. അവിടെ ഫ്ളാറ്റിലെ ജീവിതം എന്തോരം രസമായിരുന്നു എന്നറിയാമോ? എന്നും വൈകിട്ട് കളിക്കാൻ കുറെ കൂട്ടുകാർ. ചിലപ്പോൾ സാറയുടെ വീട്ടിൽ പോയി അവളുടെ മമ്മി തരുന്ന സ്വീറ്സ് ഒക്കെ കഴിച്ചു ഡോറ കാണും, സെക്യൂരിറ്റി അങ്കിളിനെ മണിയടിച്ചു പാർക്കിങ്ങിൽ ക്രിക്കറ്റ് കളിക്കും, സൈക്കിൾ ഓടിക്കും, അങ്ങനെ അടിപൊളി ആയിരുന്നു. ഇവിടെ ഇപ്പോൾ കളിക്കണമെങ്കിൽ ചിന്നു മാത്രം ഉണ്ട് കൂട്ട്, ചലപ്പോൾ അമ്മിണിയമ്മ ചെറുതായി കൊഞ്ചിക്കും. പക്ഷെ ചിന്നു കുശുമ്പ് കാണിച്ചു അവിടെയും വന്നു എന്നെ ഓടിക്കും. 

അപ്പൂപ്പനും അമ്മൂമ്മക്കും ഞാൻ ടാബും, ലാപ്ടോപ്പും ഒക്കെ യൂസ് ചെയ്യുന്നത് കാണുന്നതേ ദേഷ്യം ആണ്. നിന്റെ നല്ല കണ്ണാണ്, അത് സോഡാ ഗ്ലാസ് വെച്ച് ചത്ത മീനിന്റെ കണ്ണുപോലെയാകും എന്നൊക്കെ പറഞ്ഞു എപ്പോൾ കണ്ടാലും വഴക്കാണ്. ഞാൻ മൈൻഡ് ചെയ്യാറില്ല. ഉച്ചക്ക് അവർ ഉറങ്ങുന്ന സമയത്തു മുഴുവൻ കളിക്കും.

അപ്പോൾ രാവിലെ ഈ മൂത്രമൊഴിച്ച കാര്യം ഒന്ന് സോൾവ് ചെയ്യണം. ആരെയും അറിയിക്കാതെ പതുക്കെ നിക്കറും തലയിണക്കവറും ഊരി പതിയെ വാഷിംഗ് മെഷീന്റെ അടുത്ത് ചെന്നപ്പോൾ അവിടെയൊരു കെട്ട് തുണിയുമായി അമ്മിണിയമ്മ. രാവിലെ ശൂന്നു പോയി അല്ലെ അച്ചുക്കുട്ടാ എന്ന് പറഞ്ഞു ഒന്ന് കളിയാക്കി. ഞാൻ സങ്കടത്തോടെ ഡ്രെസ് കൊടുത്തിട്ടു തിരിഞ്ഞു നടന്നപ്പോൾ കൃത്യം ചിന്നു വന്നു, കാര്യം മനസിലായ അവൾ ഉറക്കെ അപ്പൂപ്പനോടും ഒക്കെ ചെന്ന് പറഞ്ഞു. നാണം കേട്ട  ഞാൻ കുളിക്കാൻ എന്ന പോലെ വേഗം ബാത്‌റൂമിൽ കയറി.

ഇവിടെ ആണെങ്കിൽ ചൂടുവെള്ളം, ഹീറ്റർ ഒന്നുമില്ല. പനി ഒക്കെ വരുമ്പോൾ അമ്മൂമ്മ വെള്ളം അനത്തി തരും. അല്ലാത്തപ്പോൾ തണുത്ത വെള്ളത്തിൽ കുളിക്കണം, അതാണ് ആരോഗ്യത്തിന് നല്ലതു എന്നാണു അമ്മൂമ്മയുടെ വാദം. അപ്പൂപ്പൻ ഒക്കെ ഇപ്പോളും ആരോഗ്യത്തോടെ ഇരിക്കുന്നത് അതുകൊണ്ടാണത്രെ. ഞാൻ പതുക്കെ കാലിൽ ഒക്കെ കുറേശെ കുറേശെ വെള്ളം ഒഴിച്ച് നിന്നിട്ടു ശ്വാസം ഒക്കെ വലിച്ചു പടേന്ന് വെള്ളം കോരി ദേഹത്തൊഴിക്കും. തണുപ്പ് കാരണം ഷവറിൽ നിന്ന് കുളിക്കാൻ പറ്റില്ല.

അങ്ങനെ കുളി ഒക്കെ ലാവിഷ് ആയി നടത്തി പതുക്കെ വന്നു മുറിയിൽ വന്നു ടാബ് ഓൺ ചെയ്തു ഇരുന്നപ്പോളേക്കും അപ്പയുടെ വിളി വന്നു, കഴിക്കാൻ. രാവിലെ ഭക്ഷണം എല്ലാവരും കൂടി ഇരുന്നാണ് കഴിക്കുക. എനിക്കാണെങ്കിൽ ഇന്ന് കിടന്നുമുള്ളിയത് കൊണ്ട് ആകെ വിഷമം. ചിന്നു ഉറപ്പായും കളിയാക്കും, കുറഞ്ഞത് വെറുതെ ചിരിക്കുക എങ്കിലും ചെയ്യും. അപ്പ വല്ലതും പറയുമോ ആവോ,  ശോ..എന്ത് ചെയ്യും?

പതുക്കെ ചമ്മലോടെ മേശയുടെ അടുത്ത് ചെന്നു. ഇങ്ങു വാടാ അച്ചുക്കുട്ടാ എന്ന് പറഞ്ഞു കൊണ്ട് അപ്പ ചേർത്ത് പിടിച്ചു. ഞാൻ അറിയാതെ കരഞ്ഞു പോയി. അപ്പാ പറഞ്ഞു സാരമില്ലെടാ മോനെ, അപ്പയും ചെറുപ്പത്തിൽ കിടന്നു മുള്ളുമായിരുന്നു. അത് കുറച്ചു കഴിയുമ്പോൾ മാറിക്കോളും. അപ്പൂപ്പൻ അപ്പയോടു പറഞ്ഞു: എടാ രവി.. നീയാ അമ്പലത്തിൽ ചെന്ന് നമ്പൂരിയുടെ കയ്യീന്ന് ഒരു ചരട് ജപിച്ചു തരാൻ പറ, അവൻ ശരിയായിക്കൊള്ളും.

രാവിലെ പുട്ടും കടലയും ആണ്, എനിക്ക് ഇഷ്ടമില്ല കടല. അമ്മയാണെങ്കിൽ ബാംഗ്ളൂർ വെച്ച് ചിക്കൻകറി വെച്ച് തരുമായിരുന്നു. ഇവിടെ വെജിറ്റേറിയൻ ആണ്, അമ്മ മരിച്ചതിൽ പിന്നെ നോൺ വെജ് ഒന്നും വെച്ചിട്ടില്ല. അപ്പക്കറിയാം എനിക്ക് കടല ഇഷ്ടം അല്ലെന്ന്. അമ്മിണിയമ്മയോടു പറന്ന് പഴം എടുപ്പിച്ചു പുട്ടു കുഴച്ചു ഉരുള ആക്കി തന്നു അപ്പാ. വല്ലപ്പോളും ഒക്കെ മാത്രമേ അപ്പ ഇങ്ങനെ ഒക്കെ സ്നേഹിക്കുകയുള്ളൂ. എന്റെ വിഷമം ഒക്കെ പതുക്കെ മാറി.   

ഞാനതുകൊണ്ടു ഇന്ന് ഡിവൈസ് ഒന്നും എടുക്കേണ്ട എന്ന് തീരുമാനിച്ചു, നല്ല കൊച്ചായി അങ്ങ് നിന്നേക്കാം. വല്ലപ്പോളും അല്ലേ ഈ സ്നേഹം ഒക്കെ കിട്ടുന്നത്. അമ്മ പോയെ പിന്നെ അപ്പയും ബാംഗ്ളൂർ ജീവിതം ഒക്കെ വിട്ടു ഒരു കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ നിന്നും അധികം എങ്ങോട്ടും  പോകാതെ ആയി. സാധാരണ ഞങ്ങടെ ആൾക്കാർ മരിച്ചാൽ ദഹിപ്പിക്കുകയാണ് പതിവ്, അമ്മയെ പക്ഷെ ദഹിപ്പിച്ചില്ല. വീടിന്റെ ഒരു സൈഡിൽ ഒരിടത്തു കുഴിച്ചിടുകയാണ് ചെയ്തത്. അമ്മൂമ്മ പറഞ്ഞു കേട്ടു, അവിടെ ഒരു വാഴ വെച്ചിട്ടു അതിന്റെ പഴം കിളികൾക്കു നൽകി എന്ന്. അങ്ങനെ  അമ്മയുടെ ശരീരം പ്രകൃതിയിൽ ലയിച്ചു ചേർന്ന് എന്ന്. 

അതിനടുത്തായി ഒരു മാവുണ്ട്. ഞാൻ അതിന്റെ ചുവട്ടിൽ പോയിനിന്നു.  ഇപ്പോൾ ആ നാടൻ മാവിലെ മാങ്ങാക്കു മധുരം കൂടി എന്ന് അമ്മൂമ്മ പറയാറുണ്ട്. പണ്ട് ഇതിലും പുളിയായിരുന്നു അതിലെ മാങ്ങക്ക് എന്നാണു അമ്മൂമ്മയുടെ അഭിപ്രായം. മിക്കവാറും അമ്മയുടെ ശരീരം ആ മാവും കൂടി കുറച്ചു വലിച്ചെടുത്തിട്ടുണ്ടാവും, അതായിരിക്കാം മധുരം കൂടിയത്. എനിക്കെന്തോ ആ മാവിനോട് വലിയ സ്നേഹം ആണ്. ഇത്തിക്കണ്ണി കയറി എന്ന് പറഞ്ഞു ആ മാവിന്റെ കൊമ്പുകൾ ഒരു മാസം മുമ്പ്  മുറിച്ചപ്പോൾ ഞാനെന്തോ അകത്തു പോയിരുന്നു വെറുതെ കുറച്ചു നേരം കരഞ്ഞു. പക്ഷെ ഇപ്പോൾ അതിന്റെ കൊമ്പുകളിൽ ഒക്കെ പുതിയ നാമ്പുകൾ വന്നു തുടങ്ങി. 

വെട്ടുകാരൻ ചാക്കോ ചേട്ടൻ ആ വഴി വന്നു. അച്ചുക്കുട്ടാ, പാലെടുക്കാൻ പോകുന്നകൂട്ടത്തിൽ വരുന്നോടാ എന്ന് ചോദിച്ചു. വീട്ടിൽ ഇരുന്നാൽ ടാബ് എടുത്തു എന്തെങ്കിലും ചെയ്യാൻ തോന്നും, അതിനാൽ ചാക്കോ ചേട്ടന്റെ കൂടെ പറമ്പിൽ കറങ്ങി. കറക്കം ഒക്കെ കഴിഞ്ഞ കൊണ്ട് നല്ല വിശപ്പ് ആയിരുന്നു. അല്ലെങ്കിൽ തന്നെ വണ്ണം വെക്കുന്നു എന്ന് പറഞ്ഞു അമ്മൂമ്മ ഇടക്കൊക്കെ ഭക്ഷണം കുറക്കാൻ പറയും, എനിക്കാണെങ്കിൽ അത് ദേഷ്യം ആണ്. എന്തായാലും ആവശ്യത്തിൽ കൂടുതൽ കഴിച്ചു.

ഊണൊക്കെ കഴിഞ്ഞു അമ്മൂമ്മയും അപ്പൂപ്പനും ഉറങ്ങാൻ പോയി. ചിന്നു അമ്മിണിയമ്മയുടെ കൂടെ എന്തൊക്കെയോ ചെയ്തു കൊണ്ട് നിൽക്കുന്നു. ഓൺലൈൻ ക്ലാസ് എന്ന് പറഞ്ഞു കൂടെ പഠിക്കുന്ന ജോസഫിന്റെ കൂടെ ഓൺലൈൻ ഗെയിം കളിച്ചാലോ എന്നൊരു തോന്നൽ വന്നു.  പിന്നെ അത്  വേണ്ടാ എന്ന് വെച്ച് അമ്മൂമ്മയുടെ സൈഡിൽ കയറി ഉറങ്ങാൻ കിടന്നു. ഞാൻ ചെറുതായി ഒന്ന് കെട്ടിപിടിച്ചു. അമ്മൂമ്മയ്ക്ക് കെട്ടിപ്പിടിക്കുന്നു പോയിട്ട് തൊടുന്നത് പോലും ഇഷ്ടം അല്ല. അങ്ങോട്ട് മാറിക്കിടക്കു ചെക്കാ, നീ വേണമെങ്കിൽ അപ്പൂപ്പനെ കെട്ടിപിടിച്ചോ എന്ന് പറഞ്ഞു. അപ്പൂപ്പന് ഒരു കുഴമ്പിന്റെ മണം ഉണ്ട്, എനിക്ക് അത് ഒട്ടും ഇഷ്ടം അല്ല. ഞാൻ പതുക്കെ അമ്മൂമ്മയുടെ കാലിന്റെ ഭാഗത്തു വെറുതെ കിടന്നു ഉറങ്ങി പോയി.

നാലുമണി കഴിഞ്ഞപ്പോൾ അമ്മിണിയമ്മ വന്നു എണീപ്പിച്ചു. നല്ല ഏത്തക്കാ ബോളി ഉണ്ടായിരുന്നു. അതും ചായയും കഴിച്ചു വീണ്ടും മാവിന്റെ ചോട്ടിൽ പോയി വെറുതെ കറങ്ങി തിരിഞ്ഞു നടന്നു. അവിടെ നിക്കുമ്പോൾ എന്തോ ഒരു സുരക്ഷിത ബോധം, അല്ലെങ്കിൽ നാട്ടിലെ എല്ലാ ജന്തുക്കളെയും, കട്ടപ്പ ഒഴിച്ച് എല്ലാത്തിനെയും എനിക്ക് പേടി ആണ്. പല്ലി, പാറ്റ, പാമ്പു, എട്ടുകാലി എന്നിങ്ങനെ എല്ലാം എന്റെ പേടി സ്വപ്‌നങ്ങൾ ആണ്. ത്രിസന്ധ്യക്ക് പറമ്പിൽ കറങ്ങി നടക്കാതെ വന്നു നാമം ജപിക്കെടാ എന്ന് പറഞ്ഞു അമ്മൂമ്മ വിളിച്ചു. അമ്മിണിയമ്മ പണിയൊക്കെ തീർത്തു അവരുടെ വീട്ടിൽ പോയി. 

അപ്പ കാഞ്ഞിരപ്പള്ളി ടൗണിൽ ഒക്കെ പോയിട്ട് വീട്ടിൽ വന്നിട്ടുണ്ട്. കൂടെ ആരൊക്കെയോ കൂട്ടുകാരും. അവർ ചായ്പ്പിന്റെ ഒരു സൈഡിൽ ഇരുന്നു കള്ളുകുടി തുടങ്ങി. അമ്മൂമ്മ ദേഷ്യപ്പെട്ടു അപ്പൂപ്പനോട് എന്തൊക്കെയോ പറഞ്ഞു വീട്ടിനുള്ളിൽ കയറി. അപ്പൂപ്പൻ അപ്പയുടെ അടുത്തോട്ടു പോകുന്നത് കണ്ടു ഞാനും പതുക്കെ പുറകെ ചെന്നു. അപ്പൂപ്പൻ ഇനി അപ്പയെയും കൂട്ടുകാരെയും വഴക്കു പറഞ്ഞു ഓടിക്കുമോ ആവോ?

പക്ഷെ അവിടെ ചെന്ന അപ്പൂപ്പന് അപ്പ ഒരു ഗ്ലാസ്സിൽ കുറച്ചു കള്ളു കൊടുത്തു, അതും കഴിച്ചു അപ്പൂപ്പൻ തിരിച്ചു പോയി. അവർ അവിടെ ഇറച്ചി കഴിക്കുന്നുണ്ട്, നല്ലമണം വന്നു. ഞാനും പതുക്കെ ചെന്ന് അവിടെ. എന്താടാ നിനക്ക് വേണോ ഒരു പെഗ് എന്ന് അപ്പ ചോദിച്ചു, ഞാൻ ചിരിച്ചുകൊണ്ട് ആ ഇറച്ചിയിൽ നോക്കി. അപ്പയുടെ കൂട്ടുകാരനെ സണ്ണി അങ്കിൾ എനിക്ക് ഒരു കഷ്ണം എടുത്തു തന്നു. സണ്ണി അങ്കിളിനു ഒരു ഉമ്മ കൊടുക്കാൻ തോന്നി എനിക്ക്. ഒരു പ്ളേറ്റിൽ പെറോട്ടയും കുറച്ചു ഇറച്ചിയും എടുത്തു തന്നു നീ ഇത് കഴിച്ചോടാ എന്ന് പറഞ്ഞു അപ്പ. ഒത്തിരി നാള് കൂടി ഞാൻ നോൺ വെജ് കഴിച്ചു. 

കഴിപ്പും കഴിഞ്ഞു അടുക്കളയിൽ ചെന്നപ്പോൾ പോയി സോപ്പിട്ടു കഴുകിയിട്ടു വാടാ എന്ന് പറഞ്ഞു അമ്മൂമ്മ ഓടിച്ചു. അതും കഴിഞ്ഞു ഞാൻ പതുക്കെ മുറിക്കകത്തു ചെന്നു. ചിന്നുവിന് ആണ് എന്നും അപ്പയുടെ കൂടെ കിടക്കാൻ അനുവാദം. എനിക്ക് ജനലിന്റെ അടുത്ത് ഒരു ചെറിയ കട്ടിൽ ആണ്. എനിക്കാണെങ്കിൽ ജനലും അതിന്റെ അപ്പുറെ ഉള്ള ഇരുട്ടും ഭയങ്കര പേടി ആണ്.

ചിന്നു കിടന്നു ഉറങ്ങി, അപ്പയും കൂട്ടുകാരും വർത്തമാനം പറയുന്ന ഒച്ചയും ബഹളവും കാരണം എനിക്ക് തത്കാലം വലിയ പേടി തോന്നിയില്ല. പേടിച്ചിട്ടാണെങ്കിലും വെറുതെ ജനലിൽ കൂടി ഞാൻ പുറത്തോട്ടു നോക്കി. നല്ല ഇരുട്ടാണ്. പക്ഷെ എനിക്ക് മാവ് ചെറുതായി ഇരുട്ടത്ത് കാണാം. സാധാരണ  വാഴയുടെ ഇലകൾ ഇളകുന്നത് കാണുമ്പോൾ എനിക്ക് പ്രേതം, പിശാചുക്കൾ ഒക്കെ ഓർമ വരും. കഴിഞ്ഞ ദിവസം അമ്മിണിയമ്മ പറയുന്ന യക്ഷിയുടെ കഥയും കൂടി കേട്ടപ്പോൾ പുതിയ ഒരു സാധനം കൂടി ആയി പേടിക്കാൻ. രാത്രിയായി കഴിഞ്ഞാൽ പിന്നെ എനിക്ക് ഭയങ്കര പേടിയാണ്, പേടിച്ചു വിറച്ചു ഇരിക്കുമ്പോളും അപ്പയുടെ കൂടെ കിടക്കാൻ എനിക്ക് യോഗം ഇല്ല. അപ്പയുടെ കൂടെ ചിന്നു കിടക്കുന്നതു കാണുമ്പോൾ സങ്കടം തോന്നും, ഇടക്കെങ്കിലും എന്നെ ഒന്ന് കിടത്തിയിരുന്നെങ്കിൽ എന്നോർക്കും.

ഞാൻ വെറുതെ ജനലിലൂടെ നോക്കി. വാഴയുടെ ഇലകൾ അനങ്ങുന്നുണ്ട്. ഹൃദയം നന്നായി മിടിക്കുന്നുണ്ട്. ഈ മരിച്ചു കഴിഞ്ഞവർ അല്ലെ പ്രേതങ്ങൾ ആകുന്നത്. അങ്ങനെ ആണെങ്കിൽ എന്റെ അമ്മയോട് ഒരു പ്രേതം ആയി ഇവിടെ വരാൻ പറഞ്ഞാലോ. അതാകുമ്പോൾ എനിക്ക് പേടിക്കണ്ടല്ലോ. അമ്മിണിയമ്മ പറഞ്ഞ ആ യക്ഷി ആയി വന്നാൽ മതി. വെളുത്ത സാരി ഒക്കെ ഉടുത്ത്, നല്ല സുന്ദരി ആയി വരട്ടെ. എന്നെ ഏതായാലും ഒന്നും ചെയ്യില്ല എന്ന് ഉറപ്പാണ്. യക്ഷിയായ അമ്മയെ ഒന്ന് ചേർത്ത് പിടിക്കണം. കൂട്ടികൊണ്ടു വന്നു അപ്പയും ചിന്നുവും കാണാതെ എന്റെ കട്ടിലിൽ കിടത്തണം,  ആ മടിയിൽ തല ചേർത്ത് കിടക്കണം. അമ്മയുടെ വയറിലെ കുഞ്ഞു മണിയിൽ ഞെരടണം. 

ഒരു യക്ഷിയായി എന്റെ അമ്മയെ കൊണ്ട് വരാൻ സുബ്രമണ്യ ഭഗവാനോട് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഒരു പേടിയും ഇല്ലാതെ വാതിൽ തുറന്നു മാവിൻ ചുവട്ടിലേക്ക് മെല്ലെ  നടന്നു.....അമ്മയുടെ കയ്യിൽ നിന്നും നെയ്യിട്ടു മൂപ്പിച്ച ഒരു ഉരുള ചോറ് കഴിക്കാനുള്ള കൊതിയോടെ....

 




0 comments:


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP