ഏകാന്തത
>> Saturday, June 25, 2022
ഏകാന്തത എന്നു പറയുന്നത് ചിലർക്ക് ഒരു സ്വപ്നമാണ്. കേട്ടിട്ടില്ലേ, വനാന്തരങ്ങളിലും ഹിമാലയത്തിലും ഒക്കെ ഒറ്റയ്ക്ക് പോയി തപസ്സിരിക്കുന്ന മുനിമാരെ കുറിച്ച്? എന്നാൽ മറ്റുചിലർക്ക് ഏകാന്തത വളരെ മടുപ്പിക്കുന്ന, പേടിപ്പിക്കുന്ന, ഭ്രാന്ത് പിടിപ്പിക്കുന്ന ഒന്നാണ്. ചിലർക്കാകട്ടെ ഇത് വളരെ ആപേക്ഷികമാണ്. ഞാൻ ആ കൂട്ടത്തിൽ ആണ്, ഒറ്റപ്പെടലിനെ വേദന ആളിക്കത്തുമ്പോൾ ഓടി നാട്ടിലേക്ക് ചെല്ലും. അവിടെ ആകുമ്പോൾ ഭാര്യയുണ്ട്, അമ്മയുണ്ട്, പുരമുഴുവൻ ചിതറി നടക്കുന്ന പിള്ളേരുണ്ട്. പിന്നെ സഹോദരങ്ങൾ കുടുംബക്കാർ പിന്നെ അതൊന്നും പോരാഞ്ഞിട്ട് ആവശ്യത്തിലധികം കൂട്ടുകാരും. എൻറെ ഭാര്യക്ക് പക്ഷേ ഈ ലക്ഷുറി ഒന്നുമില്ല. അവളുടെ ഏകാന്തത എന്നുപറയുന്നത് ഒരു പക്ഷേ രാത്രിയുടെ, അല്ലേൽ പുലർച്ചയുടെ ഏതെങ്കിലും യാമങ്ങളിൽ എന്നോടൊപ്പം കഴിയുന്ന കുറച്ചു നിമിഷങ്ങൾ മാത്രമായിരിക്കാം.
കുറച്ചുദിവസം അവിടെ പാറിപ്പറന്നു നടന്ന് അവസാനം ദുബായിൽ നിന്നും കമ്പനിക്കാരും കടക്കാരും ഒക്കെ വിളി പതുക്കെ മുറുക്കുമ്പോൾ തിരികെ മണലാരണ്യത്തിലേക്ക്. ആവശ്യത്തിലധികം ഏകാന്തത എനിക്കിവിടെ ലഭിക്കുന്നത് കൊണ്ടു തന്നെ പലപ്പോഴും അത് മടുപ്പുളവാക്കുന്നതാണ്. ചിലപ്പോഴൊക്കെ ഫോൺ വിളികളിലൂടെ ആരുടെയൊക്കെയോ ഒപ്പമുണ്ടെന്ന് ഉള്ള ഒരു തോന്നലിൽ കഴിയും, കിടക്കാൻ നേരം തലയിണയിൽ ഭാര്യയുടെ ഉടുപ്പിടുവിച്ച് കെട്ടിപ്പിടിച്ചു കിടക്കും. അങ്ങനെ നമുക്ക് നമ്മുടേതായ ചില പരിഹാര മാർഗ്ഗങ്ങൾ.
എന്നാൽ ചിലപ്പോഴൊക്കെ മനസ്സും മടുക്കുമ്പോൾ, ഏകനാണ് എന്ന ചിന്ത മനസ്സിനെ വല്ലാതെ വേദനിപ്പിക്കുമ്പോൾ, നേർചിന്തകളുടെയും വിഭ്രാന്തിയുടെയും വരമ്പത്തുകൂടി മനസ് ചഞ്ചലപ്പെട്ട് നടക്കുമ്പോൾ, വണ്ടിയുമെടുത്ത് രാത്രിയുടെ അന്ത്യയാമങ്ങളിൽ മരുഭൂമിയുടെ ഏതെങ്കിലും ഒരു ഒഴിഞ്ഞ കോണിൽ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കാറുണ്ട്. അങ്ങനെ ഇന്നും നക്ഷത്രങ്ങളെ നോക്കി, അതൊക്കെ മരിച്ചുപോയ എന്റെ പ്രിയപ്പെട്ടവർ എന്നെ നോക്കി ചിരിക്കുന്നതാണ് എന്ന് വിചാരിച്ചു കൊണ്ട് വെറുതെ അങ്ങനെ കിടന്നു.
പെട്ടെന്ന് ഈ കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോളത്തെ ചില സംഭവങ്ങൾ എന്റെ ഓർമയിലേക്ക് പതുക്കെ തികട്ടി വന്നു. മൂത്ത മകൻ കുഞ്ഞു കറിയാച്ചൻ, അവന് ഇപ്പോൾ 15 വയസ്സ് ആയി, ഒത്തിരി വലുതായി. കാര്യം കൗമാരത്തിലേക്ക് കടന്നുവെങ്കിലും, ചാച്ചയുടെ കാലിന്റെ അറ്റത്തു എങ്കിലും ഒന്നു തൊട്ടുകൊണ്ട് കൂട്ടത്തിൽ കിടന്നോട്ടെ എന്ന് ചോദിച്ചു ഇപ്പോളും കൂടെ കിടക്കുന്ന ചെക്കൻ. നാട്ടിലുണ്ടായിരുന്ന എന്റെ അനിയൻ തിരിച്ചു ബാംഗ്ലൂരിലേക്ക് പോകുമ്പോൾ നീ പോരുന്നോടാ കൂടെ എന്ന് അവനോട് ചോദിച്ചു. "ഞാൻ പൊക്കോട്ടെ ചാച്ചേ" എന്ന് അവനെന്നോട് അനുവാദം ചോദിച്ചു. ഒന്നാലോചിച്ചിട്ട് ഞാൻ പൊക്കോളാൻ പറഞ്ഞു.
അങ്ങനെ രണ്ടു പേരും കൂടി ബാംഗ്ലൂർ പോയി. കാര്യം ബാക്കി നാലെണ്ണം കൂടെ ഉണ്ട് എങ്കിലും അവനെ ഭയങ്കരാമായി മിസ് ചെയ്തു. കാണാതെ പോയ ആടിനെ തിരക്കി നടന്ന ഇടയന്റെ മനസ് എനിക്ക് മനസ്സിലായി. കുറച്ച് ദിവസത്തേക്ക് വന്ന ഞാൻ കുഞ്ഞുങ്ങളിൽ ഒരാളെ പോലും മിസ് ചെയ്തിരിക്കാൻ ഒട്ടും ആഗ്രഹിക്കുന്നില്ല. പക്ഷെ അവൻ അവിടെ ഒരാഴ്ച അടിച്ചുപൊളിച്ചു തിരിച്ചു വന്നു. ഇനി ആകെ ഒരാഴ്ച മാത്രം എനിക്ക് തിരികെ മടങ്ങാൻ. എന്തോ ചെറിയ കശപിശക്കിടയിൽ, അവൻ പരാതി പറഞ്ഞപ്പോൾ അമ്മ അവനോടു പറഞ്ഞു, മോനെ ചാച്ചക്ക് നീ പോയത് സങ്കടം ആയിരുന്നു, പിന്നെ നിന്റെ ആഗ്രഹം കണ്ടപ്പോൾ പൊക്കോട്ടെ എന്ന് വെച്ചതായിരുന്നു എന്ന്.
അവൻ ഓടി വന്നു എന്നോട് ചേർന്ന് നിന്നു പറഞ്ഞു, "ചാച്ച.. ഒന്ന് പറഞ്ഞിരുന്നെകിൽ ഞാൻ പോകില്ലായിരുന്നല്ലോ". ഞാൻ അവനോട് പറഞ്ഞു.
"മോനെ, നിനക്ക് പതിനഞ്ചു വയസായി. ഇനി നീ അപ്പനെയും അമ്മയെയും ഒക്കെ വിട്ടു പുറത്തു പോകേണ്ട സമയം ആയി. ഞങ്ങൾക്ക് എത്ര നാൾ പൊതിഞ്ഞു വെക്കാൻ പാറ്റും നിന്നെ? നിന്റെ വഴികളിൽ ഒരു തടസം ആയി ഞങ്ങൾ ഒരിക്കലും ഉണ്ടാവില്ല. ഒരു പ്രായം ആകുമ്പോൾ കോഴിയൊക്കെ കുഞ്ഞുങ്ങളെ കൊത്തിപ്പിരിച്ചു തനിയെ വിടും. ഞങ്ങൾക്ക് അങ്ങനെ വിടാൻ ഒരിക്കലും പറ്റില്ല, പക്ഷെ പോകുന്നത് ഒരിക്കലും തടസപ്പെടുത്തില്ല."
പൊട്ടിക്കരഞ്ഞുകൊണ്ട് അവൻ എന്നെ കെട്ടിപ്പിടിച്ചു, കണ്ണുനീർ ധാരധാരയായി ഒഴുകി, ഏങ്ങലടികൾ നിയന്ത്രിക്കാൻ സാധിച്ചില്ല. ഒരിക്കലും നിങ്ങടെ അടുത്തു നിന്നും ഞാൻ പോവില്ല എന്നവൻ പറഞ്ഞു. ഞാൻ പറഞ്ഞു, ഇതൊക്കെ പണ്ട് പറഞ്ഞതാണ് ഞങ്ങളും. ഇന്നിപ്പോൾ സ്വന്തം കുടുംബം ആകുമ്പോൾ എല്ലാം മാറും, മാറണം, അതാണ് ജീവിതം. അച്ഛനെയും അമ്മയെയും വിട്ടു ഭാര്യ ഭർത്താവിനോടും ഭർത്താവു ഭാര്യയോടും ചേരണം. അതാണ് പ്രകൃതി നിയമം.
അവന്റെ കരച്ചിലിൽ എനിക്ക് സങ്കടം തോന്നിയില്ല, പക്ഷെ തന്റെയൊപ്പത്തോളം വളർന്ന അവൻ എന്റെ നെഞ്ചിന്റെ ചൂടിൽ കിടന്നപ്പോൾ ഒരു നിർവൃതി തോന്നി.
പണ്ടൊരിക്കൽ നാല് കുട്ടികൾക്ക് നഷ്ടമായ ഒരു കരുതൽ, ഒരു ധൈര്യം, ഒരാശ്വാസം. ആ നഷ്ടത്തിന്റെ നാല്പതാം ഓർമയാണ് ഇന്ന്. ഇന്നും ആ നെഞ്ചിൽ ഒന്ന് ചേർന്ന് നിന്നു കരയാൻ കൊതിയുണ്ട്. വെറുതെ എന്റെ കണ്ണുകൾ നക്ഷത്രങ്ങൾക്കിടയിൽ പരതി നോക്കി. സ്വർഗത്തിൽ ഇപ്പോൾ ചാച്ചക്കു ഏകാന്തത ആയിരിക്കുമോ? അതോ നിരവധി നക്ഷത്രങ്ങളുടെ കൂടെ ഉല്ലാസവാനായി നടക്കുകയാണോ? ഞങ്ങളെ ഒക്കെ മിസ് ആകുന്നുണ്ടാവുമോ, അതോ മറന്നോ? ഒരിക്കലെങ്കിലും ഒന്ന് വന്നു കെട്ടിപ്പിടിക്കാൻ, ഏറ്റവും കുഞ്ഞായിരുന്നയാളെയെങ്കിലും ഒന്ന് നെഞ്ചോട് ചേർക്കാൻ തോന്നില്ലേ?
ഈ ഭൂമിയിൽ കുറച്ചു കാലം ജീവിച്ചു പ്രകൃതിയിലേക്ക് മടങ്ങിപ്പോയ ഞങ്ങളുടെ ചാച്ച, ഇന്നിപ്പോൾ അദ്ദേഹത്തെ ഓർക്കുന്നവർ വളരെ കുറവായിരിക്കാം. അമ്പതു വയസിനു മുകളിൽ പ്രായമുള്ള ജീവിച്ചിരിക്കുന്ന കുറച്ചു പേർക്ക് മാത്രം ഓർമയുള്ള ഒരു മുഖം. വല്ലപോലും ഒക്കെ ആ ചാച്ചയുടെ കഥകൾ ആരെങ്കിലും പറഞ്ഞു കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു വികാരം ആണ്. നൊമ്പരവും സന്തോഷവും പറഞ്ഞറിയിക്കാനാവാത്ത എന്തൊക്കെയോ ചേർന്ന ഒരു പ്രത്യേക അനുഭവം.
ഒത്തിരി ആളുകളിൽ നിന്നും സ്നേഹം ലഭിച്ചിട്ടുണ്ട്. ബന്ധുക്കളിൽ നിന്നും, സത്യം പറഞ്ഞാൽ കൂട്ടുകാരിൽ നിന്ന് വരെ കുറേശ്ശെ അതൊക്കെ ലഭിച്ചിട്ടുണ്ട്, അല്ലെങ്കിൽ ഞങ്ങൾ എടുത്തിട്ടുണ്ട്. എല്ലാം നന്ദിയോടെ ഓർക്കുന്നു. പക്ഷെ ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്.
1 comments:
നല്ല എഴുത്ത്.
നമ്മൾ ഒരേ നാട്ടുകാരാ കേട്ടോ 🥰
Post a Comment