ചോനോനുറുമ്പു
>> Saturday, June 24, 2023
രാവിലെ ഒരു കടുംകാപ്പിയും എടുത്തു മുറ്റത്തെ ഇളം മഞ്ഞ റോസപ്പൂവിലെ വെള്ളത്തുള്ളിയെ നോക്കി അതിന്റെ സൗന്ദര്യം നുകർന്ന്, ചൂട് കാപ്പി ഊതി ഊതി കുടിച്ചുകൊണ്ടിരുന്നപ്പോൾ ആണ് കുഞ്ഞേപ്പ് അവന്റെ നിക്കറിനകത്തു കൊതുകു കടിച്ചു എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട് ഓടി വന്നത്.
ജീൻസിന്റെ നിക്കറാണ് ഇട്ടിരിക്കുന്നത്. എന്നാലും അതിനകത്തു കയറി കടിക്കുന്ന കൊതുകോ? കൊതുകിനും കൃമികടി എന്ന് കേട്ടിട്ടുണ്ട്, പക്ഷെ കൊതുകിനും AI വന്നതായി അറിഞ്ഞില്ല.
ഞാൻ മടിയിൽ ഇരുത്തി നോക്കട്ടെ എന്നുപറഞ്ഞു അവന്റെ നിക്കറൂരി. ചൊമന്ന കടിയൻ ഉറുമ്പു അവന്റെ കുഞ്ഞു കുണ്ടിയിലും സുനാപ്പിയിലും ഒക്കെ കടിച്ചിരിക്കുന്നു. സുനാപ്പിയുടെ തൊലിയുടെ അറ്റം ഉറുമ്പോക്കെ കടിച്ചാൽ വീർത്തു കുമിള പോലെ വരും, ഭയങ്കര വേദനയും ആണ്. ഉറുമ്പിനെ ഓരോന്നായി പിടിച്ചു ഞെരടി കൊന്നു. പാവം ബുദ്ധൻ എവിടെയോ ഇരുന്നു തേങ്ങുന്നുണ്ടാവും എന്റെ കൊലകൾ കണ്ട്.
ഞാൻ പിന്നെ ഉറുമ്പുകളെ കുറിച്ചായി ക്‌ളാസ്. നിന്നെ കടിച്ച ഉറുമ്പിന്റെ പേരാണ് കടിയൻ ഉറുമ്പ്. ചെറിയ ഉറുമ്പാണ്, ഇളം ചൊമല നിറം ആണ്, പക്ഷെ നല്ല വേദനയും നീറ്റലും ആണ് കടിച്ചാൽ. നീയിന്നലെ ചോക്കലേറ്റ് കഴിച്ചിട്ട് നിക്കറിൽ തേച്ചത് കാരണം ആണ് അത് നിക്കറിൽ വന്നത്. പിന്നെ ജീവികൾ അല്ലെ, അതിന്റെ ശത്രുക്കൾ ആണെന്ന് കണ്ടാൽ അത് കടിക്കും.
എന്റെ നെഞ്ചിൽ ചാരികിടന്നു സുനാപ്പിൽ മെല്ലെ തഴുകി അകലങ്ങളിലേക്ക് കണ്ണും നട്ട് അവൻ ചോദിച്ചു, " സുനാപ്പി കണ്ടാൽ ശത്രു ആണെന്ന് ഉറുമ്പിന് തോന്നുമോ? " (tv യിൽ വെടിയും പൊകയും കാണുന്നതിന്റെ ആഫ്റ്റർ എഫ്ഫെക്ട്സ്)
"അല്ല ചാച്ചേ... എന്തിനാ ഈശോ ഈ ഉറുമ്പിനെയും കൊതുകിനെയും ഒക്കെ ഉണ്ടാക്കിയത്?"
ഞാൻ പറഞ്ഞു, "മോനെ, ഉറുമ്പിലും നല്ല ആൾക്കാർ ഉണ്ട്. നീയിപ്പോൾ പഞ്ചസാര പാത്രത്തിൽ ഒക്കെ ഇരിക്കുന്ന ഒരു കറുത്ത ഉറുമ്പിനെ കണ്ടിട്ടില്ലേ? "
അവൻ ഒന്നാലോചിച്ചിട്ടു പറഞ്ഞു " ശരിയാ ചാച്ചേ, അതിനെ ഞാനും തുമ്പിയും അതിനെ ഇക്കിളി ഉറുമ്പെന്നാ വിളിക്കുന്നെ. നമ്മുടെ ദേഹത്തോടെ ഓടിക്കളിക്കുമ്പോൾ അപ്പിടി ഇക്കിളി ആകും. പാവം ഉറുമ്പാണ് അത്, കടിക്കത്തില്ല"
ഞാൻ പറഞ്ഞു "അതാണ് ചാച്ച പറഞ്ഞത്, ഉറുമ്പിലും നല്ലതും ചീത്തയും ഉണ്ട്. ചാച്ചയൊക്കെ കുഞ്ഞായിരുന്നപ്പോൾ അതിനെ സ്നേഹ ഉറുമ്പു എന്നാണ് വിളിച്ചിരുന്നത്. ഒരിക്കലും കടിക്കില്ല. പക്ഷെ ചില ഉറുമ്പുകൾ കടിക്കും. ഉദാഹരണത്തിന് നിങ്ങളുടെ ഇക്കിളിയുറുമ്പിന്റെ വലിയതാണ് കട്ടുറുമ്പ്, അത് പണ്ട് നമ്മുടെ മാവിന്റെ ചോട്ടിൽ കുറെ കൂട്ടം കൂടി ഉണ്ടായിരുന്നില്ലേ? അതിന്റെ ഒരു മൂത്ത സാധനം ആണ് കട്ടുറുമ്പ്, കടിച്ചാൽ നല്ല വേദനയാ.. പിന്നെ അതിലും വലുപ്പം കൂടിയ ഒരെണ്ണം ഉണ്ട്, ചൊട്ടൻ എന്ന് വിളിക്കുന്ന ഒരു ഭീകര സാധനം. നിന്നെ ഇപ്പോൾ കടിച്ച ചൊമല കുഞ്ഞുറുമ്പിന്റെ കടി പോലെ അല്ല. പൊകഞ്ഞു ഇരിക്കും. വിരലൊക്കെ നീര് വെച്ച് വീർത്തു ഇരിക്കും. കുഞ്ഞേപ്പ് വീർത്തിരിക്കുന്ന സുനാപ്പിയിൽ ഒന്നൂടെ നോക്കി.
പിന്നെയും അകലങ്ങളിലേക്ക് നോട്ടം ഇട്ട കുഞ്ഞേപ്പ് ചോദിച്ചു, " അപ്പോൾ ഈ ചൊമന്ന കടിയനുറുമ്പിന്റെ വലുതായിരിക്കും അല്ലെ നീറ്, പേരയിലും ചാമ്പയിലും എല്ലാം മുഴുവൻ അതാണ്. എനിക്കിട്ടു ഇടക്കെല്ലാം കടി കിട്ടും."
അവന്ന് തുടർന്നു " അപ്പൊ ഈ ചെറുതായിരിക്കുമ്പോൾ ഇക്കിളിയൊക്കെ ഇടുന്ന ചാച്ചേടെ സ്നേഹ ഉറുമ്പോക്കെ വലുതാകുമ്പോൾ കട്ടുറുമ്പും ചൊട്ടനും ഒക്കെ ആയി കടി തുടങ്ങും അല്ലെ? അപ്പൊ ചേട്ടന്മാരൊക്കെ ഇത്തിരി കഴിയുമ്പോൾ വലിയ ഉറുമ്പുകളെ പോലെ കടിയും തല്ലും ഒക്കെ തുടങ്ങുമോ?"
എവിടെയോ ഒരു കൊച്ചു വിലക്കം വന്നു എനിക്ക്. വിഷമത്തോടെ ഞാൻ ചോദിച്ചു. "അങ്ങനെ ആണേൽ ചാച്ചയും അമ്മയും ഒക്കെ ചൊട്ടനെ പോലെ വലിയ വേദന ഉള്ള കടി തരുന്നവരാണോ?"
കുഞ്ഞേപ്പ് ഇന്ന് ഫുൾ ആലോചനാ മൂഡിൽ ആണ്. അതോ ഇനി അവന്റെ സുനാപ്പിയുടെ തൊലിയുടെ വേദന അവനെ ആഴത്തിൽ ചിന്തിപ്പിക്കുന്നതാണോ ആവോ? അവൻ പറഞ്ഞു "ചിലപ്പോൾ അമ്മ വഴക്കു പറയുമ്പോൾ ചൊട്ടൻറെ കണക്കായോ എന്ന് തോന്നും. പക്ഷെ ചാച്ച കുഴപ്പമില്ല കേട്ടോ, സ്നേഹയുറുമ്പാണ്."
വിഷയം മാറ്റാൻ ഞാൻ അവനെ പതുക്കെ കൈപിടിച്ച് മുറ്റത്തേക്ക് കൊണ്ട് പോയി. പടിഞ്ഞാറേ മാട്ടേലോട്ടു ചെന്ന് ചാരി നിന്ന് അറ്റത്തു നിക്കുന്ന മാവിൽ നോക്കിയപ്പോൾ ആണ് ശ്രദ്ധിച്ചത് അതിൽ ഇപ്പോൾ ചോനൻ (ജോനോൻ) ഉറുമ്പാണ്. അമ്മ ഇടയ്ക്കു പറഞ്ഞിരുന്നു, നീറിനെ ഓടിക്കാൻ ചോനൻ ഉറുമ്പിനെ കേറ്റി വിറ്റാൽ മതിയെന്ന്.
ഞാൻ പിന്നെ കുഞ്ഞേപ്പിനോട് പറഞ്ഞു. ഈ കടിക്കുന്ന നീറിനെ ഒക്കെ ഓടിക്കാൻ ഈ ചോനൻ ഉറുമ്പിന് പറ്റും. പക്ഷെ ചോനൻ നമ്മുടെ കൂട്ടുകാരൻ ആണ്. കടിക്കില്ല, മറ്റേ കറമ്പൻ കുഞ്ഞിന്റെ അത്ര ഇക്കിളി ഒന്നും ഇല്ല, പക്ഷെ സ്നേഹം ഉള്ളവനാണ്"
"നേരാണോ ചാച്ചേ? ഞാൻ നീറിന്റെ കുഞ്ഞാണെന്നു കരുതി കുറെ എണ്ണത്തിനെ കൊന്നിട്ടുണ്ട്. പാവം, നമ്മുടെ ഫ്രണ്ട്‌സ് ആയിരുന്നല്ലേ? ഇനി ഞാൻ കൊല്ലില്ല കേട്ടോ."
അങ്ങനെ പതുക്കെ മുമ്പോട്ടു നടന്ന് പട്ടിക്കൂടിന്റെ അടുത്ത് ചെന്നപ്പോളാണ് അവിടെ പലകയിൽ ഇരിക്കുന്ന കുറച്ചു ചിതലിനെ കണ്ടത്. എന്റെ വിശ്വവിജ്ഞാന കെട്ടഴിക്കാൻ വെമ്പിയ ഞാൻ ചിതലിനെ കുറിച്ചും പിന്നെ മഴക്കാലവും വേനൽക്കാലവും വരുമ്പോൾ അതിന്റെ മുന്നറിയിപ്പായി വരുന്ന ഈയലിനെ പറ്റിയും ഒക്കെ ആ കുഞ്ഞു മനസ്സിന്റെ മുമ്പിൽ വിളമ്പി.
അവസാനം എവിടെയോ കേട്ടു മറന്ന കഥയിലെ നുറുങ്ങുകൾ എന്ന പോലെ, അടമഴ വരുന്നതിനു മുമ്പും വലിയ വേനൽ വരുന്നതിനു മുമ്പും വയസായ ചിതലുകൾ ഈയലുകളായി മാറും എന്നും, മണ്ണിൽ നിന്നും പുറത്തു വന്നു എന്തിനെന്നറിയാതെ ആകാശത്തേക്ക് പറന്നു പൊന്തുമെന്നും, ചിലതൊക്കെ വിളക്കിന്റെയും പ്രകാശത്തിന്റെയും പുറകെപോയി ഒടുങ്ങി തീരുമെന്നും, മറ്റുള്ളവ ആകാശത്തിലേക്ക് പറന്നുയർന്ന്, അവസാനം ഉയരത്തിൽ വെച്ച് മരിച്ചു പ്രകൃതിയിൽ അലിയും എന്നൊക്കെ ആ കുഞ്ഞു മനസ്സിന്റെ ചിന്തകളിലേക്ക് എന്തിനെന്നറിയാതെ പകർന്നു വെച്ചു.
അവൻ എന്നോട് ചോദിച്ചു. "അപ്പോൾ ചാച്ചയും വയസായാൽ ഇത് പോലെ പറന്നു പൊങ്ങി ആകാശത്തിലേക്കാണോ പോവുക?"
ഞാൻ പറഞ്ഞു, "ഇല്ലെടാ കുഞ്ഞേപ്പേ... ചാച്ച ഒരു ചോനൻ ഉറുമ്പിനെ പോലെ നിങ്ങളെ കടിക്കാൻ വരുന്ന നീറിനെയും ചൊട്ടനെയും ഒക്കെ ഓടിക്കുന്ന ഒരു കുഞ്ഞു സ്നേഹ ഉറുമ്പായിരിക്കും, എന്നും, എപ്പോളും." അവൻ സ്നേഹത്തോടെ എന്നെ ഇറുക്കി കെട്ടിപിടിച്ചു.
ഞങ്ങൾ നാല് കുട്ടികൾക്ക് ഒരു ചോനൻ ഉറുമ്പിനെ പോലെ നിക്കേണ്ട ആൾ ഒരു ഈയാം പാറ്റയെപോലെ പറന്നുയർന്ന് എരിഞ്ഞു തീർന്നിട്ട് ഇന്ന് 41 വർഷം.....
0 comments:
Post a Comment