ഞാനൊരു പാവം പാലാക്കാരന്‍

ഓണം - ഓർമ്മയുടെ ശലകങ്ങളിലെ ഒരേട്...

>> Tuesday, October 17, 2023


ഹരിതാഭയും പച്ചപ്പും ഒക്കെ സ്വപ്നം കണ്ടു നടക്കുന്ന ഏതൊരു ശരാശരി  പ്രവാസിമലയാളിയെയും പോലെ  ഓണത്തെ കുറിച്ച് പറയുമ്പോൾ എനിക്കും ഗതകാല സ്മരണകളെ പൊടി തപ്പിയെടുക്കേണ്ടതായി വരും. അങ്ങനെ ഓർമ്മയുടെ ആഴങ്ങളിൽ മുങ്ങാംകുഴിയിട്ടു അടിത്തട്ടിൽ പരതി കണ്ടെടുത്ത ശലകങ്ങളിലെ ഒരേട്...


അന്ന് ഞാൻ അഞ്ചാം ക്‌ളാസിൽ  പഠിക്കുന്നു. ഞങ്ങളുടെ പറമ്പിന്റെ കരോട്ടുഭാഗത്തുള്ള ഒരു ചെരുവിൽ ആണ് കുട്ടൻ ചേട്ടനും രാധിക ചേച്ചിയും അവരുടെ മകൾ  ദീപ്തി ചേച്ചിയും കൂടി താമസിക്കുന്നത്.  അവർ തൃശൂർ - പാലക്കാട് ഭാഗത്തുനിന്നും വന്നവർ ആണ്. 


ഞാൻ പണ്ടേ ഭീകര ധൈര്യവാൻ ആയതു കൊണ്ടും, വീട്ടിൽ നിന്ന് കുറച്ച്  മോളിൽ ആയതുകൊണ്ടും, കയറ്റം കഴിഞ്ഞുള്ള ചെരിവിൽ ഉള്ള ഒറ്റപ്പെട്ട സ്ഥലം ആയതുകൊണ്ടും എനിക്ക് ഏറ്റവും പേടിയുള്ള ഭാഗമായിരുന്നു അത്. സത്യത്തിൽ അവർ അവിടെ താമസിക്കാൻ വന്നപ്പോൾ വല്യ ആശ്വാസമായി, ദൈവങ്ങൾക്ക് ദേഷ്യവും. റബറിന്റെ രണ്ടാം പാൽ എടുക്കാനും പശുവിനെ മാറ്റിക്കെട്ടാനും ഒക്കെ ആ വഴി  പോകുമ്പോൾ ചൊല്ലിക്കൊണ്ടിരുന്ന നിരവധിയനവധി പ്രാർത്ഥനകൾ അവർ വന്നതോടെ ശുഷ്കിച്ചുപോയി, പേടിയില്ലെങ്കിൽ പിന്നെ ദൈവത്തിനും ഏജന്റുമാർക്കും എന്തുവില. 


ദീപ്തി ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. കാണുമ്പോൾ ഒക്കെ തന്നെ "ഹേയ് ആരപ്പാ ഇത്, എന്തൂട്ടെടാ മോനെ നീ കഴിച്ചെ.." എന്നൊക്കെ തൃശൂർ ഭാഷയിൽ (പാട്ടുകാരി ജോത്സ്നയെ പോലെ) നീട്ടി ചോദിക്കുകയും, വീട്ടിൽ നിന്നും എന്തെങ്കിലുമൊക്കെ കഴിക്കാൻ എടുത്ത് തരുകയും ചെയ്യുമായിരുന്നു. നമ്മുടെ വീട്ടിൽ ആണെങ്കിൽ സ്ഥിരം "കഴുത" "ഓക്കൻ" "ഉണ്ണാക്കൻ" "എരപ്പ"  "പരട്ട" വിളികൾ കേട്ട് മനസ്സ് കംപ്ലീറ്റ് മുരടിച്ചു നിൽക്കുന്ന നമുക്ക് ഒരു കുളിർമഴയാണ് ഈ മോനെ, കുട്ടാ വിളികൾ. എപ്പോഴും സന്തോഷവതിയാണ്  ദീപ്തി ചേച്ചി, പോരാത്തതിന് നമ്മളെ ചേർത്ത് നിർത്തുമ്പോൾ നല്ല മുല്ലപ്പൂവിന്റെ മണവും. (അന്ന് കാച്ചിയ എണ്ണയുടെ മണം അറിയില്ലായിരുന്നു, പോരാത്തതിന് കോഴിക്കുഞ്ഞിൽ നിന്നും പൂവനിലേക്കുള്ള പ്രയാണം ആരംഭിച്ചിട്ടും ഇല്ലായിരുന്നു.) മുടിയിൽ എപ്പോഴും മുല്ല മൊട്ടുകളോ പൂക്കളോ കാണും, വീടിൻറെ മുറ്റത്തും ഒത്തിരി മുല്ല ചെടികൾ ഉണ്ട്. 


അങ്ങനെ ഓണം അടുത്തു. നമ്മള് കഷ്ടപ്പെട്ട് പറമ്പിൽ കൂടെ നടന്ന് തൊട്ടാവാടിയുടെയും തുമ്പയുടെയും, പിന്നെ അതിലെയും ഇതിലേയും കാണുന്ന കാക്കിരി പൂക്കിരി പൂക്കൾ ഒക്കെ പറിച്ചു, കോമ്പസിന് പകരം മോര് കലക്കുന്ന കടകോൽ  കുത്തി നിർത്തി ചരടിൽ കല്ലുപെൻസിൽ വെച്ച് ഒരു വൃത്തം ഒക്കെ ഉണ്ടാക്കി ഒരു പൂക്കളം അങ്ങ് ഇടും. ശരിക്കും ഈ കാർന്നോന്മാർക്ക് അങ്ങ് മൈസൂർ വൃന്ദാവൻ ഗാർഡൻ പോലെ പറമ്പിൽ മുഴുവൻപൂച്ചെടികൾ വെച്ചാൽ എന്തായിരുന്നു കുഴപ്പം? ഇതിപ്പോ ഒരുമാതിരി  കോപ്പിലെ ഒണക്ക മണം ഉള്ള റബർ മരങ്ങളും അതിലും ഭയങ്കരമായി എല്ലുംവണ്ടി പോകുമ്പോളത്തെ മണമുള്ള കുറെ ചണ്ടിപാലും ഒട്ടുപാലും. എന്തായാലും അങ്ങനെ പൂക്കൾ തപ്പി പറമ്പിലൂടെ തേരാപാരാ നടന്നു കരോട്ടുഭാഗത്തു എത്തി.


അവിടെ ചെന്നപ്പോൾ മനസ്സിൽ ഉരുണ്ടുകൂടിയ പേടിയുടെ വിവിധ ഭാവങ്ങളെ തളർത്താനും, വിശപ്പിന്റെ മുകുളങ്ങൾ ഒട്ടും തളരാതെ ഉണർന്നതിനാലും പതുക്കെ ദീപ്തിച്ചേച്ചിയുടെ വീടിന്റെ ഭാഗത്തേക്ക് ഒന്ന് എത്തി നോക്കി. അവിടെ വലിയ ഒരു പൂക്കളം, കളം ഒക്കെ വരച്ചു നല്ല ഭംഗിയിൽ ഇട്ടുകൊണ്ടിരിക്കുന്നു ചേച്ചി. എന്നെ കണ്ടതും "വാടാ കുട്ടാ, ഈ പൂക്കളം ഉണ്ടാക്കാൻ ഒന്ന് കൂടിയേ" എന്ന് പറഞ്ഞു ചേച്ചി വിളിച്ചു.


അവരുടെ പൂക്കളം ഓൾമോസ്റ്റ് തീർന്നു. പണ്ട് നമ്മുടെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു. ബാച്ചലർ ആയി താമസിക്കുന്ന സമയത്ത്, നമ്മൾ പാത്രം കഴുകി, പച്ചക്കറിയോ ഇറച്ചിയോ മീനോ ഒക്കെ വെട്ടി വൃത്തിയാക്കി, കറി ഒക്കെ വെച്ച്  തീരാറാകുമ്പോൾ ഈ കക്ഷി വന്ന് ഇത്തിരി ഉപ്പും വെളിച്ചെണ്ണയും ഒക്കെ മേമ്പൊടി ചേർത്ത് , എല്ലാരും വന്നു കഴിക്കൂ എന്ന് പറയും. എന്ന് വെച്ചാൽ ഈ കാണുന്നതെല്ലാം ഉണ്ടാക്കിയത് താനാണ് എന്നും ആദ്യം മുതൽ ഇതൊക്കെ ചെയ്തവൻ ഉണ്ണാക്കൻ ആണെന്നും അർത്ഥം. അത് പോലെ വെറുതെ ദീപ്തി ചേച്ചിയെ ആക്കണ്ടല്ലോ എന്ന് വിചാരിച്ചു ആട്ടുകട്ടിലിൽ ഇരുന്നു ചെറുതായി ആടിക്കൊണ്ട് ഞാൻ മൊഴിഞ്ഞു,  "ഇത് നല്ല രസമുണ്ടല്ലോ കാണാൻ, ഞാനായിട്ട് ഇത് തൊട്ടു നശിപ്പിക്കുന്നില്ല"


അവർ പാലായിൽ പോയി പൂക്കളം ഇടാനുള്ള പൂക്കൾ കുറച്ചൊക്കെ വാങ്ങി, ബാക്കി അവരുടെ പറമ്പിൽ നിൽക്കുന്നതും എല്ലാം കൂട്ടിയാണ് ഇടുന്നത്. വീട്ടിൽ കാര്യം കുറെ റോസും, ബോഗെൻ വില്ലയും, വേറെ പൊങ്ങച്ച പൂവുകളായ ഓർക്കിഡും വേറെ എന്താണ്ടൊക്കെയോ ഒക്കെ ഉണ്ടെങ്കിലും നമുക്ക് പറിക്കാൻ അനുവാദം ഉള്ളത് വല്ല ജമന്തിയും ബാൾസവും മുസാണ്ടയും അമ്മ കറമ്പിയും ഒക്കെ മാത്രം. എന്നാലും എവർഗ്രീനിന്റെ ഇല പൊടിച്ചും, തൊട്ടാവാടിയുടെ പൂവ് പൊടിയാക്കിയും ഒക്കെ എന്തെങ്കിലും ചെയ്യും.


വെറുതെ നോക്കി നിന്നു ബോറടിക്കണ്ട എന്നോർത്തിട്ടാവും, ദീപ്തി ചേച്ചി പറഞ്ഞു "മോനെ ദാ ആ തെക്കുവശത്തെ മാവിൽ ഊഞ്ഞാൽ കെട്ടിയിട്ടുണ്ട്, പോയിരുന്നു ആടിക്കൊ". കുരങ്ങനിൽ നിന്നും പരിണമിച്ചതിൽ എന്തോ മിച്ചം കിടക്കുന്ന ഒരാളായതുകൊണ്ടാവാം മരംകേറ്റം, അതിന്റെ കമ്പിൽ നിന്നും ഞാന്നു അടുത്ത മരത്തിൽ കയറ്റം, ചാട്ടം തുടങ്ങിയ സാഹസിക പ്രവർത്തികൾ നമുക്ക് അന്ന് വളരെ പ്രിയങ്കരം ആയിരുന്നു. ഓടിച്ചെന്നു ഊഞ്ഞാലിൽ കയറി. നമ്മുടെ വീട്ടിൽ ഒരു കൊച്ചു ചക്കര കയറിൽ തെങ്ങും മടൽ വെട്ടിവെച്ചുള്ള ഒണക്ക ഊഞ്ഞാൽ മാത്രമേ ഉണ്ടാക്കാറുള്ളു, ഊഞ്ഞാലിൽ കയറി കയ്യും കാലും ഓടിക്കേണ്ട എന്നതാണ് വീട്ടുകാരുടെ ലൈൻ. 


ഇത് നല്ല തടി ഷേപ്പിൽ കട്ട് ചെയ്‌തു നല്ല ബലമുള്ള കയറിൽ കെട്ടിയ വലിയ ഊഞ്ഞാൽ. ഞാൻ പതുക്കെ അതിൽ കയറി ഇരുന്നു ആടാൻ തുടങ്ങി. ശരിക്കും പറഞ്ഞാൽ ഊഞ്ഞാലിൽ ഇരുന്നു ആടാനൊന്നും നമുക്കറിയില്ലല്ലോ. അത് കണ്ടു ദീപ്തി ചേച്ചി വന്നു - "എന്റെ കുട്ടാ, നിനക്ക് ഊഞ്ഞാലാടാൻ അറിയില്ല അല്ലേ? ഞാൻ കാണിച്ചു തരാം"


പിന്നെ ചേച്ചി ഊഞ്ഞാലിൽ കയറി നിന്നു ചെറുതായി ആടിയിട്ടു , കാലിന്റെ മുട്ട് പതിയെ മടക്കി മുന്നോട്ട് ആഞ്ഞപ്പോൾ ഊഞ്ഞാൽ കൂടുതൽ മുന്നോട്ട് നീങ്ങി. അങ്ങനെ ക്രമേണ നല്ല ആയത്തിൽ ആടിയിട്ട് എന്നോട് പറഞ്ഞു "ഇങ്ങനെ ആണ് ഊഞ്ഞാൽ  ആടുന്നത് " എന്ന്. ഒരു പുതിയ കാര്യം പഠിച്ച ആവേശത്തിൽ ഞാൻ പ്രയത്നം ആരംഭിച്ചു. വളരെ പെട്ടെന്ന് തന്നെ ഞാൻ പ്രഗത്ഭൻ ആയി.  പണ്ട് സൈക്കിൾ ചവിട്ടു പഠിച്ച സമയത്തു ഒരുസൈക്കിൾ (അന്ന് ഒരുസൈക്കിൾ, മുക്കാസൈക്കിൾ, അരസൈക്കിൾ ഒക്കെയായിരുന്നു ഉണ്ടായിരുന്നത്) കമ്പിയുടെ ഇടവഴി കാലിട്ടു ഓടിച്ചു തുടങ്ങിയ അന്ന് തന്നെ പാലകയുടെ ഒരു സൈഡ് ഇഷ്ടിക വെച്ച് പൊക്കി സൈക്കിൾ ജമ്പ് ചെയ്യിപ്പിച്ച സാഹസികൻ ആയിരുന്നു ഞാൻ.  ആ ഞാൻ ഇടക്കൊന്നു ഒറ്റക്കൈ വിട്ടു ആടി നോക്കി, വലിയ കുഴപ്പമില്ല.


അങ്ങനെ ഊഞ്ഞാലാട്ടം സ്പീഡ് കൂടി ഏകദേശം അർദ്ധവൃത്താകൃതിയിൽ ആയി. ദീപ്തി ചേച്ചി പറഞ്ഞു, മോനെ ആവേഷ് ഖാൻ ആകാതിരിക്കൂ, മര്യാദരാമൻ ആകൂ എന്നൊക്കെ. എന്നോടാണോ കളി, ഞാൻ ആരാ മോൻ. പുറകോട്ടു വന്ന് മുകളിൽ എത്തിയപ്പോൾ കൂടുതൽ ആവേശത്തതിൽ മുട്ട് വളച്ചു മുന്നോട്ടു കുതിച്ചു. പക്ഷെ ആ കുതിപ്പിൽ എന്റെ കാൽ ഊഞ്ഞാലിൽ നിന്നും തെന്നി പോയി. കയറിൽ പിടിവിടാതെ ഞാൻ കിടന്നു. പക്ഷെ താഴെ എത്തിയപ്പോൾ കാൽ മടക്കി വെച്ചിട്ടും മുട്ട് നിലത്തുരഞ്ഞു. സാൻഡ്‌പേപ്പർ ഇട്ടു തുരുമ്പിൽ ഉരക്കുന്ന ഒരു പ്രത്യേകതരം ഒച്ച അന്നേരം എന്റെ കാതുകളിൽ മുഴങ്ങി. ABS ഒന്നും ഇല്ലാത്തതുകൊണ്ട് മുട്ടുകൊണ്ടു മണലിൽ നിരങ്ങിയെങ്കിലും ഞാൻ മുൻപോട്ടു പൊക്കോണ്ടിരുന്നു. അവസാനത്തെ ഒരു രണ്ടുമൂന്നു മീറ്റർ കയറിൽ നിന്നും പിടിവിട്ടു ഒരു ഗ്രിപ്പിനു വേണ്ടി കയ്യും മുഖവും കൂടി ചേർത്ത് മണ്ണിൽ ഉരച്ചാണ് ഞാൻ മുകളിലേക്ക് പൊങ്ങാതെ നിന്നത്. എന്തായാലും മുട്ടിലെ അര  ഇഞ്ചു കനത്തിൽ തൊലിയുടെ കട്ട പോയി വെളുത്ത നിറത്തിൽ കാണാമായിരുന്നു. പോരാത്തതിന് ഓണത്തിന് പായസവും മറ്റും വെക്കാനായി ചെമ്പും വാർപ്പും ഒക്കെ ചാരവും കാരവും ഇട്ടു കഴുകിയ ഭാഗത്തുകൂടി നിരങ്ങിയതിനാൽ നല്ല നീറ്റിലും. മുഖത്ത് കുറച്ച്  ഭാഗത്തെ തൊലിയും പോയി. ഒരുമാസം മുമ്പ് സൈക്കിളെന്ന് വീണു കാലിലെ തൊലി പോയത് ഇപ്പോഴും വെളുത്തിരിപ്പുണ്ട്. എൻറെ മുഖത്ത് മുഴുവൻ വെള്ളപ്പാണ്ട് വന്നു എൻറെ സൗന്ദര്യമൊക്കെ നശിച്ചു ഒരു സിനിമാനടൻ ആകാനുള്ള മോഹം ഇപ്പോൾ പൊലിഞ്ഞു പോകൂല്ലോ  ഈശോയെ എന്ന് വിചാരിച്ച് ഞാൻ സങ്കടപ്പെട്ടു. ചേച്ചിയും കുട്ടൻചേട്ടനും കൂടി മുറിവൊക്കെ കഴുകി ഇത്തിരി കമ്മ്യുണിസ്റ്റുപള്ള ചതച്ചു മുറിവിൽ തേച്ചു തന്നു.


അന്നൊക്കെ വീണിട്ടു വീട്ടിൽ ചെല്ലുവാണെങ്കിൽ ആദ്യം ഒരു അടിയാണ് കിട്ടുക. അത് ഒരു മാതിരി ഫ്രൂട്ട് സാലഡിന്റെ മുകളിൽ ഐസ് ക്രീമിട്ടു തരുന്ന പോലെയാണ്. മുറിവിന്റെ വേദനയാണോ അടിയുടെ  വേദനയാണോ കൂടുതൽ എന്നറിയാതെ വരും. ഞാൻ കൊണ്ട് വിടാണോടാ മോനെ എന്ന് ദീപ്തി ചേച്ചി ചോദിച്ചു, വെറുതെ അടി കിട്ടുന്നത് എന്തിനാ അവരെക്കൂടി കാണിക്കുന്നത് എന്നോർത്ത് വേണ്ട എന്ന് പറഞ്ഞു ഞാൻ ഇറങ്ങി.


പക്ഷെ വീട്ടിൽ ചെന്നാൽ അടി ഉറപ്പ്, അത് ഒരു വീരനെപോലെ ചെന്ന് വാങ്ങാൻ ഞാൻ വീരപ്പൻ അല്ലല്ലോ. അങ്ങനെ കറങ്ങി തിരിഞ്ഞു കപ്പ തോട്ടത്തിൽ ചെന്ന് പന്നിയെലിയുടെ പൊത്തിന്റെ കണക്കും എടുത്തു കുറെ നേരം നടന്നിട്ടും അടിവാങ്ങാനുള്ള വീരപ്പൻ ആയില്ല. അവസാനം പടിഞ്ഞാട്ടുള്ള ആഞ്ഞിലിയുടെ കീഴെ തണലുപറ്റി വല്ല ആനിക്കാവിളയും തലയിൽ വീണു മറ്റൊരു ന്യുട്ടൺ ആവുന്നത് സ്വപ്നം കണ്ടു അറിയാതെ ഉറങ്ങി പോയി.


പെട്ടെന്നാണ് ഒരാരവം ഞാൻ കേട്ടത്, ഞെട്ടി കണ്ണുതുറന്ന് നോക്കുമ്പോൾ ഒരു ഗ്രാമം മുഴുവൻ എത്തിയിട്ടുണ്ട്. സങ്കടവും രോഷവും ആശ്വാസവും നിറഞ്ഞ മുഖത്തോടെ വീട്ടുകാർ, ഭാഗ്യത്തിന് കയ്യിൽ ചൂരലോന്നും കണ്ടില്ല. 


വീഴ്ചയുടെ വേദനയും, വിശപ്പിന്റെ ആധിക്യവും കാരണം നോം ന്യുട്ടൺ ആകാതെ തന്നെ മൂന്നാലു മണിക്കൂർ ഉറങ്ങിയത്രേ. 


0 comments:


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP