ഞാനൊരു പാവം പാലാക്കാരന്‍

കുട്ടപ്പായി കഥകള്‍ 1

>> Saturday, January 10, 2009

എന്റെ പേരു കുട്ടപ്പായി. പൈകയില്‍ എന്നെ അറിയാത്തവര്‍ വളരെ ചുരുക്കം. ജീവിതത്തെ കളിയായും കാര്യമായും പഠിച്ചു കൊണ്ടിരുന്ന ഞാന്‍ ജീവിതത്തെ കുറെയൊക്കെ മനസിലാക്കി വന്നപ്പോളാണ് വാഴക്കാവരയനുമായി കൂട്ടാവുന്നത്. അങ്ങനെ ഞാന്‍ ജീവിതവുമായും അവന്‍ ജോലിയുമായും അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനിടയില്‍ ഒരു ഡിഗ്രി കൈയ്യില്‍ വന്നു. അപ്പോള്‍ വീണ്ടും അഹങ്കാരം, ഒരു മാസ്റ്റര്‍ ഡിഗ്രി കൂടെയെടുത്തേക്കാം, ഇത്തിരി സോഷ്യല്‍ വര്‍ക്കും കൂടിയായേക്കാം.

അതിനു ചേര്‍ന്നപ്പോളാണ് അടുത്ത പ്രശ്നം, സര്‍ട്ടിഫിക്കേറ്റ്, മാര്‍ക്കുലിസ്റ്റ്, റ്റി സി തുടങ്ങിയ സാധനങ്ങള്‍ വേണം, അതിനു യൂണിവേര്‍സിറ്റിയില്‍ ചെല്ലണം. പാലായില്‍ നിന്നും കാലിക്കട്ട് യൂണിവേര്‍സിറ്റിയില്‍ പോകുന്നത് അത്ര എളുപ്പ കാര്യമല്ലല്ലോ. പിന്നെ അവിടെ നിന്നും എന്തെങ്കിലും പേപ്പര്‍ കിട്ടണമെങ്കില്‍ എത്ര പ്രാവശ്യം പോകണം?

വാഴക്കാവരയന്റെ കൂട്ടുകാരനായ രാമപുരംകാരന്‍ ഫുട്ബോള്‍ താരം മനോജ് യൂണിവേര്‍സിറ്റിയിലാണ് M.PEd (Master in Physical Education) നു പഠിക്കുന്നത്. അങ്ങനെ ഞാനും വാഴക്കാവരയനും അവരുടെ കൂടെയായി യൂണിവേര്‍സിറ്റിയില്‍
ചെല്ലുമ്പോള്‍. അവര്‍ക്ക് ഞങ്ങള്‍ വെളുപ്പാന്‍ കാലത്ത് തന്നെ റമ്മുമായി എത്തുന്ന പാലാക്കാരായ അച്ചായന്മാര്‍. ഞങ്ങള്‍ക്ക് അവര്‍ യൂണിവേര്‍സിറ്റിയിലെ കാര്യങ്ങള്‍ പെട്ടെന്ന് ചെയ്തു തീര്‍ക്കാര്‍ വണ്ടിയും പരിചയവും ഉള്ള സീനിയര്‍ തല്ലിപ്പൊളികള്‍. ആവശ്യത്തിലധികം കള്ളും തമാശയും പൊങ്ങച്ചവുമായി എത്തുന്ന രണ്ട് നിരുപദ്രവകാരികളെ ആര്‍ക്കെങ്കിലും വെറുക്കാനാവുമോ? അങ്ങനെ രണ്ട് പ്രാവശ്യത്തെ സന്ദര്‍ശനം കൊണ്ട് യൂണിവേര്‍സിറ്റി പിള്ളേരുടെ, പ്രത്യേകിച്ച് M.PEd കുട്ടികളുടെ കണ്ണിലുണ്ണികളായി ഞങ്ങള്‍.

ഫുട്ബോള്‍ താരങ്ങള്‍, വോളീബോള്‍ കളീക്കാര്‍, ഗുസ്തിക്കാര്‍, ഓട്ടക്കാര്‍, ചാട്ടക്കാര്‍ തുടങ്ങി എന്തിനേറേ, ഖൊ ഖൊ കളിക്കുന്നവര്‍ വരെ അവിടെയുണ്ടായിരുന്നു. പുറത്തു താമസിച്ചിരുന്ന മനോജും സംഘവും കോളേജ് ഹോസ്റ്റലിലേക്ക് മാറി. കഴിഞ്ഞ പ്രാവശ്യം വാഴക്കാവരയന്‍ പോയതിനാല്‍ അവന് സ്ഥലം സ്ഥലം അറിയാം.

എറണാകുളം വരെ ഞങ്ങള്‍ ബൈക്കിനു വന്നു. അതിനിടയില്‍ പുതുതായി പാടേണ്ട പാരടി (ഭരണി) ഗാനങ്ങള്‍ ഞങ്ങള്‍ റെഡിയാക്കി. പഴയതിന്റെ ഒക്കെ സ്റ്റോക്ക് മൊത്തം തീര്‍ത്തിട്ടാണ് ആ തല്ലിപ്പോളി സ്പോര്‍ട്സ് കാരുടെ അടുത്ത് ഞങ്ങള്‍ പിടിച്ചു നിന്നത്. ഇനി പുതിയതില്ലെങ്കില്‍ അവന്മാര്‍ക്ക് നമ്മളെ ഒരു വിലിയില്ലെന്നായാലോ? പോരാത്തതിനു വിവരം ഇല്ലാത്ത തടിയന്മാര്‍ ആണെങ്കിലും ഗുസ്തിക്കാരൊക്കെ അല്ലേ, തൂക്കിയെടുത്തെറിഞ്ഞാലോ? വാഴക്കാവരയനെ ഇടക്കൊക്കെ അമേരിക്കയില്‍ പോയി വരുന്ന ഒരു സമ്പന്നനായിട്ടാണ് ഞാന്‍ അവതരിപ്പിക്കുന്നത്. എന്നെ അവന്‍ ഭയങ്കര ബുദ്ധിജീവി ആയിട്ടും, മലബാറിലും തമിഴ്നാട്ടിലും ഒക്കെ എസ്റ്റേറ്റ് ഉള്ളവനായും അവതരിപ്പിക്കുന്നു. ഈ പ്രാവശ്യം അവന്‍ അമേരിക്ക മാറ്റി അവന്റെ പെങ്ങള്‍ ഉള്ള
ഇംഗ്ലണ്ടിലെ ബ്രിസ്റ്റോളിനെക്കുറിച്ച് അവള്‍ പറഞ്ഞകാര്യങ്ങളും അവിടത്തെ പള്ളിയും മറ്റു ക റെ വിവരങ്ങളും ഇന്റര്‍നെറ്റില്‍ നിന്നും ശേഖരിച്ചു വെച്ചു. വെറും നാടനാണെന്ന് വിചാരിച്ച് വില കുറയണ്ടാ എന്നു കരുതി ഞാന്‍ വാനില കൃഷിയെക്കുറിച്ച് ഗവേഷണം നടത്താന്‍ മഡഗാസ്കറിനു പോയതായി പറയാനും തീരുമാനിച്ചു.

എറണാകുളത്തു നിന്നും വയറു നറച്ചു ഫുഡും ആവശ്യത്തിനു കള്ളും വാങ്ങി രണ്ടുകുപ്പി റമ്മും വാങ്ങി ബാഗില്‍ വെച്ച് രാത്രി വണ്ടിയില്‍ കയറി. വാഴക്കാവരയന്‍ ആലുവ എത്തുന്നതിനു മുമ്പ് ഉറങ്ങി, ഞാന്‍ അവരോട് പറയേണ്ട പൊങ്ങച്ച നുണക്കഥകളുടെ മൂശയിലേക്കു കടന്നു.

വെളുപ്പിനെ മൂന്നരയായപ്പോള്‍ ഞങ്ങള്‍ യൂണിവേര്‍സിറ്റിയില്‍ എത്തി. നിറയെ മരങ്ങള്‍ തിങ്ങി നില്‍ക്കുന്ന വഴികള്‍ക്കിടയിലൂടെ വാഴക്കാവരയന്‍ എന്നെ അവരുടെ ഹോസ്റ്റലിലേക്കു നയിച്ചു. ഹോസ്റ്റല്‍ എന്നു വെച്ചാല്‍ വീട് ആണ്, അവിടെ ഇവര്‍ ആറുപേര്‍ താമാസിക്കുന്നു. അതുപോലത്തെ അയലോക്ക വീടുകളില്‍ മറ്റുള്ളവരും. വലിയ ലൈറ്റുകള്‍ ഉണ്ടെങ്കിലും ആകെ ഒരു ഭീകരാവസ്ഥ, നല്ല തണുപ്പും. ഞാന്‍ റമ്മിന്റെ കുപ്പി തുറന്ന് രണ്ടുകവിള്‍ അകത്താക്കി. വാഴക്കാവരയന്‍ എന്നെ തോല്‍പ്പിച്ചുകൊണ്ട് നാലെണ്ണം വിട്ടു. അങ്ങനെ ഞങ്ങള്‍ അവരുടെ വീടിന്റെ വാതിക്കല്‍ എത്തി. ഞാന്‍ പറഞ്ഞു, എന്തിനാ അവന്മാരെ ഇപ്പോള്‍ വിളിച്ചെഴുന്നേല്‍പ്പിച്ച് അവരുടെ ഉറക്കം കളയുന്നത്? പോലീസും പട്ടാളവും പോലെ രാവിലെ അഞ്ചുമണിക്കെഴുന്നേറ്റ് പ്രാക്റ്റീസിനു
പോകണ്ട പാവങ്ങളല്ലേ, നമുക്ക് തിണ്ണയില്‍ കിടന്നേക്കാം. ചാക്കും തടിയും കാര്‍ഡ് ബോര്‍ഡും എന്തിനേറെ ഷഡ്ഡി വരെ തലയിണയായി (അല്ലാതെ ഉപയോഗിക്കാറില്ല) വെക്കുന്നവരുടെ അടുത്ത് ഞങ്ങള്‍ വലിയ കോടീശ്വരന്മാര്‍ പുതപ്പും ഒക്കെയായിട്ടാണ്
ചെന്നത്.

നേരെ പത്രംവിരിച്ചു, കൊതുകില്‍ നിന്നും രക്ഷക്കായി വാഴക്കാവരയന്‍ നാലു സിഗരറ്റ് പൊട്ടിച്ചിട്ട് പുകച്ചു, പുതപ്പും പുതച്ച് ഉറക്കമായി. പതിവുപോലെ വെളുപ്പാന്‍കാല നിദ്രയിലേക്ക് ഞാനും വഴുതി വീണു.രാവിലെ ഒരു കിലുകില ഒച്ച, പുതപ്പു ദേഷ്യത്തോടെ തലയില്‍ നിന്നും മാറ്റി നോക്കിയ ഞാന്‍ ഒന്നാലോചിച്ചു, ഇതെന്താ സ്വപ്നമോ? വായില്‍ ബ്രഷും വെച്ച് ചുരിദാര്‍ ഇട്ട
രണ്ടെണ്ണം, മിഡിയിട്ട ഒരു പടപ്പത്തലച്ചി, നിക്കറിട്ട ഒരെണ്ണം, പിന്നെ നൈറ്റിയിട്ട മൂന്നെണ്ണം. എല്ലാം എന്നെ നോക്കി നില്‍ക്കുന്നു. അവര്‍ നോക്കിയപ്പോള്‍ നല്ല നീളത്തില്‍ ഒരാള്‍ പുതച്ചു മൂടി കിടക്കുന്നു, തലയുടെ സൈഡില്‍ ആയി കാല്‍ ഭാഗം കഴിഞ്ഞ ഒരു
കുപ്പി റം. അതും പെണ്ണുങ്ങളുടെ വീട്ടില്‍!. എനിക്കു ചമ്മാന്‍ പറ്റുമോ, ഞാന്‍ പുതപ്പു മുഖത്തേക്ക് വലിച്ചിട്ട് വീണ്ടും കിടന്നു. വാഴക്കാവരയനും സംഘവും അപ്പോളെക്കും എത്തി അവരെ കാര്യങ്ങള്‍ ബോധിപ്പിച്ചു. സ്പോട്സ്കാരികളും അത്യാവശ്യം ധൈര്യശാലികളും ആയിരുന്നതിനാല്‍ അവര്‍ ഒച്ചവെച്ചു ബഹളം വെക്കുകയോ ഒന്നും ചെയ്തതുമില്ല.

അതോടെ കുട്ടപ്പായിച്ചേട്ടന്‍ പെണ്ണുങ്ങളുടെ അടുത്തും പ്രശസ്ഥനായി എന്നു പറഞ്ഞാല്‍ മതിയല്ലോ. രാവിലെ എണീറ്റ് മുള്ളാന്‍ പോയ വാഴക്കാവരയന്‍ അലക്കിയിട്ടിരുന്ന ബ്രാ കാണുകയും തല്ഫലമായി അടുത്ത വീടുകളുടെ ചുറ്റുവട്ടത്ത് നിരീക്ഷണം
നടത്തിയിരിക്കുകയും അവസാനം ഗുസ്തിക്കാരന്‍ സിറിയക്കിന്റെ ബുള്ളറ്റ് കണ്ടുപിടിച്ച് അവനെ വിളിച്ച് കൊണ്ട്വരുന്നതിന്റെ ഇടക്കാണത്രെ ബാക്കിയെല്ലാം സംഭവിച്ചത്.എന്തായാലും രാവിലെ തന്നെ ഞങ്ങള്‍ റമ്മെടുത്ത് അവന്മാര്‍ക്ക് പ്രചോദനം നല്‍കുകയും
തല്ഫലമായി അവരുടെ അന്നത്തെ പ്രാക്ടീസ് മുടങ്ങുകയും ചെയ്തു.

വൈകുന്നേരങ്ങളില്‍ എന്നെയും വാഴക്കാവരയനെയും കാണാനായി അവരുടെ ഒത്തിരി കൂട്ടുകാര്‍ എത്തിയപ്പോള്‍ ഞങ്ങളുടെ പ്രശസ്തി ഞങ്ങള്‍ക്കു മനസിലാവുകയും ചെയ്തു. അങ്ങനെ ഞാന്‍ കയ്യില്‍ കരുതിയിരുന്ന കവടി എടുത്ത് അവരുടെ ജാതകം പറയുക എന്ന
പാതകം നടത്തുകയും വാഴക്കാവരയന്‍ മനസിന്റെ പ്രഹേളികകളെക്കുറിച്ച് കുറെ പൊട്ടന്മാരെ വെറും പൊട്ടന്മാര്‍ ആക്കുകയും ചെയ്തപ്പോളാണ് ഗുസ്തിക്കാരന്‍ സിറിയക് ഒരുത്തനെ കാണിച്ചത്. ഒരുത്തന്‍ ബൈക്കില്‍ വന്ന് റോഡില്‍ നിന്ന് പറയുന്നു, എടാ
ഞങ്ങള്‍ ഇപ്പോ വന്നേക്കാം എന്ന്. അവന്‍ അവരുടെ കൂട്ടത്തിലെ ഒരു മഹാ അങ്കാരിയും വിഷവും ആണത്രേ. ഖൊ ഖൊ കളിക്കാരനായി എത്തിയതാണ്, ഏറ്റു നില്‍ക്കാന്‍ ഊരില്ല, അല്ലരുന്നെങ്കില്‍ സിറിയക് രണ്ട് പൊട്ടീരു കൊടുത്ത് സൈഡിലിരുത്തിയേനെ. വായില്‍ നിന്നെ ഒന്നരക്കിലോയുള്ള ഡയലോഗേ വരൂ. നിങ്ങള്‍ക്കു പറ്റുമെങ്കില്‍ ഒരു പണി അവനിട്ട് കൊടുക്ക്.

വാഴക്കാവരയന്‍ പറഞ്ഞു, കുട്ടപ്പാ, നീ എന്തെങ്കിലും ഖൊ ഖൊയെക്കുറിച്ച് രണ്ടുമൂന്ന് പോയിന്റ്സ് പഠിക്ക്. ഞാന്‍ അവനെ ഖൊഖൊ സബ്ജെക്റ്റിലേക്ക് കൊണ്ടുവരാം. അപ്പോളേക്കും സഖാവെത്തി, പരിചയപ്പെട്ട വകയില്‍ വാഴക്കാവരയന്‍ അവനുമായി ഒന്നു ചെറുതായി കോര്‍ത്തു. ഖൊഖൊ ഒരു വൃത്തികെട്ട കളിയാണ്, ഒരു വകക്കും കൊള്ളില്ല എന്നൊക്കെ. അവനു സഹിക്കുമോ, ലോകത്തിലെ ഏറ്റവും നല്ല കളിയാണ് ഖൊ ഖൊ എന്നു പറഞ്ഞ് അവന്‍ തകര്‍ക്കാന്‍ തുടങ്ങി. നിങ്ങള്‍ക്കാര്‍ക്കും അറിയില്ലാത്തതു
കൊണ്ടാണ് എന്നൊക്കെയായി അവന്‍. സത്യമാണ്, നമുക്കാര്‍ക്കും അതിനെക്കുറിച്ച് ഒന്നും അറിയില്ലല്ലോ.

ഞാന്‍ ഇടപെട്ടു. സുഹൃത്തേ ആര്‍ക്കും അറിയില്ല എന്നൊന്നും പറയരുത്, അവര്‍ക്കിഷ്ടമില്ലാഞ്ഞിട്ടല്ലേ അങ്ങനെ പറഞ്ഞത്. അവന്‍ സമ്മതിക്കുമോ? അപ്പോള്‍ ഞാന്‍ പതുക്കെ തുടങ്ങി. 1863 ലോ മറ്റൊ ആണെന്നു തോന്നുന്നു, മഹാരാഷ്ട്രയിലെ ഖലോരാ എന്ന സ്ഥലത്തു നിന്നാണ് ഈ കളി ആരംഭിച്ചത്. 1950 കളില്‍ ഹൈദരാബാദില്‍ ആദ്യത്തെ ചാമ്പ്യന്‍ഷിപ്പു നടന്നു. പിന്നെ കളിയിലെ രണ്ടുമൂന്നു നിയമങ്ങളും. അതിന്റെ അളവുകളും മറ്റും പറഞ്ഞു. കബഡിയും മറ്റുമായുള്ള സാമ്യങ്ങളും. ഇത്രയും സത്യങ്ങളുടെ കൂടെ എന്റെ മനോധര്‍മ്മമനുസരിച്ച് അത്യാവശ്യം പൊടിപ്പും തൊങ്ങലും ചേര്‍ക്കുകയും ചെയ്തു. വിട്ടുതരാന്‍ മനസില്ലായിരുന്ന അവന്‍ തര്‍ക്കിച്ചു 1800 കളിലൊന്നും ഖൊ ഖൊ ഇല്ലായിരുന്നു എന്ന്. സിറിയക് പറഞ്ഞു എന്തിനാ തര്‍ക്കിക്കുന്നത്, നമ്മള്‍ക്ക് ബുക്കെടുത്ത് നോക്കാമല്ലോ?

എന്തൊരത്ഭുതം! ഞാന്‍ ആധികാരികമായി പറഞ്ഞതൊക്കെ ശരി. ഖൊ ഖൊ യെപ്പറ്റി കേരളാ സ്പോര്‍ട്സ് മിനിസ്ട്രിക്ക് ഒരു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ ആളാണ് ഞാന്‍ എന്നും KKFI (ഖൊ ഖൊ ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ) ല്‍ മെബറായിരുന്നു എന്നും മറ്റും
വാഴക്കാവരയന്‍ ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ് ചെയ്തപ്പോളേക്കും അവന്‍ തകര്‍ന്നു. എല്ലാവരും കൂടി അവനെ കളിയാക്കി ഒരു പരുവമാക്കി എന്നു പറയേണ്ടതില്ലല്ലോ..

ഷട്ടില്‍ കളിക്കാരന്‍ രാഘവന്‍ അവരുടെ പൊടിപിടിച്ചിരിക്കുന്ന ബുക്ക് കൊണ്ടു തന്നിരുന്നു, ഞാന്‍ അതുമായി ഒരു സിഗരറ്റും കത്തിച്ച് ബാത്ത് റൂമില്‍ കയറുകയും പേജ് ഒന്നു, നാല്‍പ്പത്താറ്, എഴുപത്തൊന്ന് എന്നിവ കവര്‍ ചെയ്ത് വര്‍ഷങ്ങള്‍, KKFI, കുറച്ചു നിയമങ്ങള്‍ ഒക്കെ പഠിച്ചിരുന്നു. ഒരിക്കലും ബുക്ക് നോക്കാതെ നടന്ന അവന്‍ അവസാനം തോല്‍ക്കികയല്ലാതെ വേറെ വഴിയില്ലല്ലോ...?

Read more...

മാലിനി

>> Tuesday, January 6, 2009

1984, പൈക ലിറ്റില്‍ ഫ്ലവര്‍ LP സ്കൂളിലെ നാലു B യില്‍ ഒരു നല്ല കുട്ടിയായി ഞാന്‍ പഠിക്കുന്ന കാലം. മൂന്നാം ക്ലാസില്‍ പഠിപ്പിച്ചിരുന്ന അന്നക്കുട്ടി ടീച്ചറിന്റെ അത്ര ഇഷ്ടമില്ല ഇപ്പോഴത്തെ ക്ലാസ് ടിച്ചര്‍ സോഫിയ ടീച്ചറിനെ, ചില ദിവസങ്ങളില്‍ ടീച്ചര്‍ കേട്ടേഴുത്ത് തെറ്റിച്ചാല്‍ അടിതരും. എങ്കിലും ചില ദിവസങ്ങളില്‍ ടീച്ചര്‍ ചേര്‍ത്തു പിടിച്ച് തെറ്റു പറഞ്ഞു തരുമ്പോള്‍ ഒത്തിരി സ്നേഹവും തോന്നാറുണ്ടായിരുന്നു.

ക്ലാസിലെ എന്നല്ല സ്കൂളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ ഒരു തരം ശത്രുതയിലാണ് കഴിഞ്ഞിരുന്നത്. ഒരു പക്ഷെ നമ്മുടെ ഉള്ളില്‍ അദ്യമേ തന്നെ പരസ്പരം ഒരു ശത്രുത ഉണ്ടാക്കിയാല്‍ പിന്നെ കുറച്ചു നാളത്തേക്ക് ആണുങ്ങളും പെണ്ണുങ്ങളും അടിയുണ്ടാക്കുന്നതല്ലാതെ വേറെ കുഴപ്പങ്ങളൊന്നും ഉണ്ടാക്കില്ലല്ലോ.എന്നാലും ചില പെണ്ണുങ്ങളോട് നമുക്കൊരു സോഫ്റ്റ് കോര്‍ണര്‍ ഉണ്ടാവുക സ്വാഭാവികം. ഞങ്ങളുടെ ക്ലാസിലും പലര്‍ക്കും പലരോടും അങ്ങനെയുണ്ടായിരുന്നു, കൂട്ടത്തില്‍ എനിക്കും.

ഞങ്ങളുടെ ക്ലാസിലെ പുഴുപ്പല്ലന്‍ ബേബിയും, നാല് A യിലെ തവള രാജുവും ആയിരുന്നു സ്കൂളിലെ ഗുണ്ടകള്‍. എന്നു വെച്ചാല്‍ ആരെങ്കിലുമായി സ്ഥിരം വഴക്കുണ്ടാക്കുക, തങ്ങളുടെ ആരോഗ്യം മറ്റുള്ളവരെ ഇടിച്ചും ഓടിച്ചും കാണിക്കുക, ടീച്ചറുടെ അടി കരയാതെ നിന്നു വാങ്ങുക തുടങ്ങിയവയാണ് LP സ്കൂളിലെ ഗുണ്ടകളുടെ ലക്ഷണങ്ങള്‍. ഇവരെ ചുറ്റിപ്പറ്റി ഗുണ്ടകളാവാന്‍ പരിശ്രമിക്കുന്നവരുടെ ഒരു കൂട്ടവും ഉണ്ടാവും. ഇന്റര്‍വെല്ലിനു പോകുന്ന വൃത്തിയായ സ്ലെറ്റുകളുള്ള കുട്ടികളുടെ, പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ സ്ലേറ്റില്‍ കുത്തിവരക്കുക, നീളമുള്ള കല്ലുപെന്‍സില്‍ ഒടിക്കുക, പെന്‍സിലില്‍ന്റെ മുന ഒടിക്കുഅക് ഇവരുടെ ചിലപ്രയോഗങ്ങള്‍. നമ്മള്‍ പൊതുവേ എല്ലാ കൂട്ടത്തിലും കൂടി ആരുമായും യാതൊരു പ്രശ്നവുമില്ലാതെ കഴിഞ്ഞു പോന്നു.

ഇന്റര്‍വെല്‍ എന്നു പറയുന്നത് ഒരു യുദ്ധം തന്നെയാണ്. ആദ്യം ഓടിച്ചെന്ന് മൂത്രമൊഴിക്കണം. അതിനായി സിമന്റുകൊണ്ടോക്കെ ഒരു ചാലുപോലെയുണ്ടാക്കി ഒരു മൂത്രപ്പുര ഉണ്ടാക്കിയിട്ടുണ്ടെങ്കിലും എല്ലാവര്‍ക്കും സ്കൂളിന്റെ അതിര്‍ത്തിയില്‍ ഉള്ള തോടിന്റെ മതിലില്‍ നിന്നു തോട്ടിലേക്കു മുള്ളുക എന്നുള്ളതാണ്. പിന്നെ അതിലും സ്പീഡില്‍ വന്ന് ഓട്ടപ്പിടുത്തം, ഗോലികളി, ഡ്രില്‍ പീരിയഡിന്റെ ബാക്കി വാശിയില്‍ ഒറ്റക്കാലേച്ചാട്ടം തുടങ്ങിയ കലാപരിപാടികള്‍. നമ്മുടെ ഗുണ്ടാ ഗാങ് ഏതെങ്കിലും അടിയുണ്ടാക്കിയിരിക്കുകയും ചെയ്യും.

അങ്ങനെ ഒരു ഇന്റര്‍വെല്‍, പതിവുപോലെ കയ്യാലയില്‍ പോയി തോട്ടിലേക്ക് ചെരിച്ചും വട്ടത്തിലും ഒക്കെ മൂത്രമൊഴിച്ചു രസിച്ച ശേഷം അന്ന് എന്നേക്കാളും കൂടുതല്‍ മുള്ളിയ സിജോയെ ഉച്ചക്കു മുള്ളി തോല്‍പ്പിക്കാന്‍ കൂടുതല്‍ വെള്ളം കുടിച്ചിട്ട് വന്ന് പുല്ലുകള്‍ക്കിടയിലൂടെ നടന്ന് പച്ച പുല്‍ച്ചാടിയെ പിടിക്കാന്‍ നോക്കി നടക്കുന്ന നേരം. അമ്മേ എന്നൊരു വിളികേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞു, കയ്യിലിരുന്ന ഉണക്കപ്പുല്‍ച്ചാടി (വരണ്ട നിറമുള്ളത്) ചാടിപ്പോയി. എന്റെ തൊട്ടു പിന്നിലായി വീണത് അവളായിരുന്നു.

വീഴ്ചയില്‍ പൊങ്ങിപ്പോയ പാവട അവള്‍ പിടിച്ചു താഴ്ത്തി. കമഴ്ന്നുതന്നെ അവള്‍ മുഖം പൊത്തി കിടന്നു കരഞ്ഞു. ആദ്യത്തെ ഞട്ടലില്‍ നിന്നും ഞാന്‍ മുക്തനായി, എഴുന്നേല്‍ക്കു കൊച്ചെ എന്നു പറഞ്ഞു അവളെ പിടിച്ചെഴുന്നേല്‍പ്പിച്ചു. അവള്‍ എന്റെ കണ്ണിലേക്കൊന്നു നോക്കിയ ശേഷം കരഞ്ഞുകൊണ്ടുതന്നെ ഓടിപ്പോയ്. അവളുടെ പുറകില്‍ നിന്ന തവള രാജുവും പല്ലന്‍ രാജേഷും വില്ലന്‍ ചിരി ചിരിക്കുന്നു. എന്താടാ തവളേ നീ കാണിച്ചേ എന്നു ചോദിക്കണം എന്നു വിചാരിച്ചെങ്കിലും പ്രതികരണശേഷി നന്നേ കുറവായിരുന്ന ഞാന്‍ മനസിലേ ചോദിച്ചുള്ളൂ. ഞാന്‍ ഇനി അവള്‍ തന്നത്താനെ വീണതായി ഞാന്‍ കരുതും എന്നു കരുതിയിട്ടാവും പല്ലന്‍ പറഞ്ഞു “ഞാന്‍ അവളുടെ സ്ലേറ്റില്‍ കുത്തിവരച്ചു എന്ന് ടിച്ചറിനോട് പറഞ്ഞ് എനിക്കിട്ട് അടി വാങ്ങിച്ചു തന്നു അവള്‍, അതിനു ഉന്തിയിട്ടതാ”‍.

പ്രതികാരം ചെയ്യുന്നതാണ് അന്നത്തെ ഹീറോകളുടെ ലക്ഷണം എങ്കിലും അവളുടെ കരഞ്ഞുകൊണ്ടുള്ള നോട്ടം എവിടെയോ ഉടക്കി കിടന്നു. പല്ലന്റെ കൂടെ മുന്ന് B ആണ് അവള്‍ പഠിക്കുന്നത്. പല്ലനും തവളയും ഒരു ക്ലാസില്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷം. പക്ഷെ പല്ലന്‍ തോറ്റുപോയി.

പിന്നെകുറച്ചു നാളുകള്‍ക്ക് ശേഷം സ്കൂള്‍ അസംബ്ലിയില്‍ ഞങ്ങളുടെ രണ്ട് ലൈന്‍ അപ്പുറെ നിന്ന് ഒരു പെണ്‍കുട്ടി എന്നെ തിരിഞ്ഞു നോക്കി. ഒരു ഫ്ലാഷ് പോലെയാണ് കണ്ടതെങ്കിലും ആ കണ്ണുകള്‍ എനിക്കു മനസിലായി, അതവള്‍ തന്നെ. എന്തോ അവളെ ഒന്നു നന്നായി കാണാന്‍ എനിക്കു തോന്നി. അന്നു ഇന്റര്‍വെല്ലിന്റെ മണിയടിക്കാന്‍ രഞ്ചിത്തിനെ മണിയടിച്ച് ഞാന്‍ പോയി. അവളുടെ ക്ലാസിനു മുമ്പിലൂടെ ആണ് മണിയടിക്കാന്‍ പോകണ്ടത്. പക്ഷെ അവിടെ ചെന്ന് നേരെ മണിയടിച്ചതല്ലാതെ ക്ലാസില്‍ നോക്കാന്‍ എന്റെ മനസിന്റെ പ്രത്യേകതകള്‍ എന്നെ അനുവദിച്ചില്ല.

പിന്നെയും ഞാന്‍ ആ കാര്യത്തില്‍ വലിയ ശുഷ്കാന്തി കാണിച്ചില്ലെങ്കിലും ഇടക്കിടെ അവള്‍ വൈകുന്നേരങ്ങളില്‍ എന്റെ മനസില്‍ വന്നിരുന്നു,പ്രത്യേകിച്ച് അവളുടെ കണ്ണും ആ നോട്ടവും. എന്റെ അനിയത്തി പഠിക്കുന്ന ക്ലാസ് ആയതിനാല്‍ ഒരു ദിവസം അവളുടെ കൂടെ ഈ പെണ്‍കൊച്ചും നടക്കുന്നതു കണ്ടു. ഞാന്‍ ചോദിച്ചു,“നിന്റെ കൂട്ടുകാരിയാണോടി ഇത്?” അവള്‍ പറഞ്ഞു, “ഇപ്പോള്‍ കൂട്ടായതാ, പാവം കൊച്ചാ, മാലിനീന്നാ പേര്“. മാലിനി ഒന്നു ചിരിച്ചു കാണിച്ചു. കുഞ്ഞു പല്ലുകളും വലിയ തിളക്കമുള്ള കണ്ണുകളും നല്ല ഓമനത്തവും ഉള്ള ഒരു സുന്ദരിക്കുട്ടി. എനിക്കും അവളോട് കൂട്ടുകൂടാന്‍ തോന്നി.

തുലാമാസത്തിലെ മഴതോര്‍ന്ന ഒരുച്ച നേരത്ത് മൊട്ടപൊരിച്ചതും തേങ്ങാച്ചമ്മന്തിയും ഉപ്പുമാങ്ങാ ഉള്ളിയും മുളകും കൂട്ടി അരിഞ്ഞതും കൂട്ടി പൊതിച്ചോറ് കഴിച്ചിട്ട് സ്കൂളിന്റെ മുറ്റത്ത് വേള്ളത്തില്‍ കളിച്ചു കൊണ്ട് നടക്കുന്ന സമയം. കെട്ടിക്കിടക്കുന്ന തെളിഞ്ഞ വെള്ളം ചാടിച്ചെന്ന് ഒരു കാലുകൊണ്ട് തെറിപ്പിച്ച് മറ്റേകാലുകൊണ്ട് ആ തെറിക്കുന്ന വെള്ളത്തില്‍ തൊഴിക്കുമ്പോള്‍ കേല്‍ക്കുന്ന ശബ്ദം ആണ് ഞങ്ങളുടെ ഹരം.

അങ്ങനെ ആവേശത്തില്‍ വെള്ളത്തില്‍ പടക്കം പൊട്ടിച്ചു വന്നപ്പോളാണ് അപ്പുറത്തായി കടലാസു വള്ളം ഉണ്ടാക്കി ഒഴുക്കിക്കൊണ്ടിരുന്ന എന്റെ അനിയത്തിയുടെയും മാലിനിയുടെയും റാണിയുടെയും ദേഹത്തേക്ക് എന്റെ തൊഴിയില്‍ വെള്ളം തെറിച്ചത്. ഞാന്‍ ടീച്ചറിനോട് പറയും എന്നു പറഞ്ഞ് റാണി ചീറി, വീട്ടില്‍ ചെല്ലട്ടെ ഞാന്‍ കാണിച്ച് തരാമെന്നു പറഞ്ഞ് അനിയത്തിയും. സ്കൂളില്‍ നിന്നു ടിച്ചറിന്റെ അടി, വീട്ടില്‍ ചെല്ലുമ്പോള്‍ കുഞ്ഞുപ്പപ്പന്റെ അടി, എനിക്കു സങ്കടം വന്നു. ഇതു കലക്കവെള്ളം അല്ലല്ലോ, അതുകൊണ്ട് സാരല്ല, പോട്ടെന്നേ... നിന്റെ ചേട്ടനല്ലേ? മാലിനി പറഞ്ഞു.

ഞാന്‍ എന്തായാലും അവിടെ നിന്നു മുങ്ങി. അവള്‍ക്കെന്താ ആണുങ്ങളോട് ശത്രുതയില്ലാത്തെ? പാവം കൊച്ചായിട്ടയിരിക്കും. പിന്നീട് ചില്ലപ്പോളൊക്കെ ഞാന്‍ കാണുന്ന സ്വപ്നത്തില്‍ ഡോള്‍ഫിന്റെ കൂടെ നീന്താനും, മുയലിന്റെ കൂടെ ചാടാനും, അണ്ണാന്റെ കൂടെ കൊക്കൊ കായ് പറിക്കാനും കുരങ്ങച്ചനെ ആഞ്ഞിലിയില്‍ കയറ്റാനുമൊക്കെ അവളും കൂടെവന്നു.

അങ്ങനെ ശിശുദിനം വന്നു. സ്കൂളിന്റെ കോമ്പോണ്ടില്‍ കുറെ തണല്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കാനായി തീരുമാനിച്ചു. അതു നടാനും വെള്ളമൊഴിക്കാനും ഓരോ ക്ലാസില്‍ നിന്നും റാങ്കനുസരിച്ച് പിള്ളേരെയും നിഴ്കയിച്ചു. സ്കൂളിലേക്ക് നടക്കല്ലിറങ്ങിവരുന്ന സ്ഥലത്ത് ആദ്യം തന്നെ എന്റെ മരം. എല്ലാ തിങ്കളാഴ്ചയും എനിക്കു വെള്ളമൊഴിക്കാന്‍ ഡ്യൂട്ടി. ബാക്കി ദിവസങ്ങളില്‍ ഓരോ ക്ലാസില്‍ നിന്നും ഓരോരുത്തര്‍. ചൊവ്വാഴ്ച മൂന്നു B ക്കാണ് ഡ്യൂട്ടി. എന്റെ മരം നോക്കാന്‍ മാലിനി ആയിരുന്നെങ്കില്‍! രണ്ട് ദിവസം ഞങ്ങള്‍ രണ്ട് പേരും കൂടി മരം വളര്‍ത്തുന്നത് ഞാന്‍ സ്വപ്നംകണ്ടു.

മരം നടാന്‍ നേരം എന്റെ കൂടെ വന്നത് റാണി, അവള്‍ വളരെ ഉത്സാഹത്തോടുകൂടി എന്റെ കൂടെ നടാന്‍ കൂടി. നമുക്ക് എന്നും ഇതിന് വെള്ളം ഒഴിക്കണം ഞാന്‍ എല്ലാ ദിവസവും വെള്ളം ഒഴിക്കാം എന്നൊക്കെ അവള്‍ പറഞ്ഞു. എന്റെ അനിയത്തിയുടെയും മാലിനിയുടെയും ഒക്കെ മരത്തിനേക്കാള്‍ വലുതാവണം നമ്മുടെ മരം എന്നായിരുന്നു അവളുടെ ആഗ്രഹം. എന്റെ മരത്തില്‍നിന്നും കുറെ അകലെയായി സിജോയും മാലിനിയും കൂടി മരം നടുന്നതു ഞാന്‍ കണ്ടു.

വാശിയോടെ ഞങ്ങള്‍ മരത്തിന്റെ തൈയില്‍ വെള്ളമൊഴിയും മറ്റും നടത്തിക്കൊണ്ടിരുന്നു. മരങ്ങള്‍ വേരു പിടിച്ചു. മാലിനി മരത്തിനെ നന്നായി നോക്കിയിരുന്നു എങ്കിലും ചെറിയതായിരുന്നു അത്. ഞാന്‍ ഉച്ചക്കു ചോറുണ്ടിട്ടു ചോറ്റുപാത്രം കഴുകി വരുന്ന വഴിയില്‍ പാത്രത്തിലെ വെള്ളം അറിയാത്ത ഭാവത്തില്‍ മാലിനിയുടെ മരത്തിന്റെ ചുവട്ടില്‍ ആരും കാണാതെ ഒഴിച്ചിരുന്നു. ഒരു ദിവസം ഞാന്‍ ഒഴിക്കുന്നതു കണ്ട മാലിനി എന്നെ നോക്കി ചിരിച്ചു. അവളുടെ വിടര്‍ന്ന കണ്ണൂകള്‍ക്കൊപ്പം ആ കുഞ്ഞിപ്പല്ലുകളും എന്റെ മനസില്‍ പതിഞ്ഞു, നല്ല നിറഞ്ഞ ചിരി.

ഡിസംബറിന്റെ തണുപ്പില്‍ പിടിച്ചിരുന്നതിന്റെ ടെന്‍ഷന്‍ തീര്‍ക്കാന്‍ തോട്ടരികിലെ കയ്യാലയിലേക്ക് ഓടിച്ചെന്ന ഞാന്‍ ബാലന്‍സ് നഷ്ടപ്പെട്ട് തോട്ടിലേക്കു പറന്നു. നനഞ്ഞ യൂണിഫോമില്‍ തിരിച്ചു വന്നപ്പോള്‍ അനിയത്തിയുടെ അന്വേഷണങ്ങള്‍ക്കിടയില്‍ എന്താ പറ്റിയത് എന്ന ചോദ്യം കണ്ണുകളില്‍ വെച്ച് അവള്‍...

ക്രിസ്തുമസ് അവുധി കഴിഞ്ഞെത്തിയ സമയം. തണല്‍ മരത്തൈകള്‍ എല്ലാം മണ്ണില്‍ പിടിച്ചു കഴിഞ്ഞു. അന്ന് പതിവില്ലാതെ ജനുവരിയിലെ തണുപ്പില്‍ ഒരു മഴ പെയ്തു. ജനലിലൂടെ മഴയും കണ്ടുകൊണ്ടിരുന്ന സമയത്ത് വരാന്തയിലൂടെ മാലിനി ഒരു പാന്റൊക്കെ ഇട്ട ഒരാളുടെ കൂടെ ഹെഡ്മിസ്ട്രസിന്റെ റൂമിലേക്കു പോകുന്നു. കയ്യില്‍ ബാഗൊന്നുമില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചു വന്നു. വരുന്ന വഴി ജനലിലൂടെ നോക്കി നിന്ന എന്നെ അവള്‍ ഒന്നു നോക്കി, അവള്‍ വീണ അന്നു നോക്കിയമാതിരി വേദനയുള്ള എന്നാല്‍ പിടിച്ചു വലിക്കുന്ന ഒരു നോട്ടം.

പോയവഴി അവള്‍ എന്റെ തൈമരത്തില്‍ ഒന്നു തലോടി. യാത്രപറഞ്ഞതാവാം. ഞങ്ങളുടെ എല്ലാവരുടെയും മരങ്ങള്‍ വളര്‍ന്നു. ചിലതൊക്കെ ആദ്യവര്‍ഷങ്ങളില്‍ തന്നെ വെട്ടിക്കളഞ്ഞു. എന്റെ മരം ദീര്‍ഘകാലം ഉണ്ടായിരുന്നു, നാലു വര്‍ഷം മുമ്പു റോഡിനു വീതി കൂട്ടിയ വകയില്‍ മുറിച്ചുമാറ്റുന്നതു വരെ. അവള്‍ നട്ട മരം ഇന്നും ആ സ്കൂളിനു തണലേകുന്നു. കഴിഞ്ഞ നവംബറില്‍ ഞാന്‍ ചെല്ലുമ്പോള്‍ നിറയെ പൂത്തു നില്‍ക്കുന്നു. മറന്നു പോയ എന്റെ മാലിനിയുടെ നോട്ടവും ചിരിയും എന്റെ മനസില്‍ വീണ്ടും.... നഷ്ടപ്പെട്ട വിലയേറിയ പലതിന്റെയും കൂടെ ചേര്‍ത്തുവെക്കാന്‍ ഒരു പവിഴം........

Read more...

വിധി

>> Sunday, January 4, 2009

ഈ വിധി അല്ലെങ്കില്‍ തലേവര എന്നൊക്കെ പറയുന്നതില്‍ എങ്ങനെ വിശ്വസിക്കാതിരിക്കും? അല്ലെങ്കില്‍ പിന്നെ ഈ ക്രിസ്തുമസും ന്യൂ ഇയറും ഈ ദുബായില്‍ എന്റെ മക്കളും ഭാര്യയുമില്ലാതെ അഘോഷിക്കാന്‍ ഇടയാതതെന്ത്? ആഘോഷിച്ചോ എന്നു ചോദിച്ചാല്‍ മറ്റുള്ളവരുടെ നോട്ടത്തില്‍ നല്ല ആഘോഷം തന്നെ. ഒരു പക്ഷെ സ്വര്‍ണ്ണ കട്ടിലില്‍ കിടന്നുറങ്ങുന്നതിലും എനിക്കിഷ്ടം പുല്പായില്‍ കിടന്നുറങ്ങുന്നതാവാം.


ക്രിസ്തുമസിനു ഉച്ചക്കു ഒരു കസിന്റെ വീട്ടില്‍ പോയി. അദ്ദേഹമാണെങ്കില്‍ ഒരു ബാങ്കില്‍ വളരെ വലിയ സ്ഥാനത്തിരിക്കുന്നുവെങ്കിലും അതിന്റെ അഹങ്കാരം ഒന്നുമില്ലാതെ കൊഞ്ചു ഫ്രൈ, പോര്‍ക്കു ഫ്രൈ, കട് ലേറ്റ്, മീന്‍ വറുത്തത്, സലാഡ് തുടങ്ങിയ കൊതിയൂറുന്ന വിഭവങ്ങള്‍ പണ്ടു വനിതയില്‍ വന്നതും പാചക
പുസ്റ്റകങ്ങളില്‍ വന്നതുമൊക്കെയായി ഷാപ്പു സ്റ്റൈലിലും, നാടന്‍ സ്റ്റൈലിലും ഒക്കെ കറങ്ങുന്ന ഒരു ഊണുമേശയില്‍ വെച്ചിരിക്കുന്നു. നാടന്‍ ചട്ടിയില്‍ വെച്ച മീന്‍ വറ്റിച്ചതും, കാഴിമോരുമൊക്കെ ഒന്നിനൊന്നു മെച്ചം. പുള്ളിക്കാരന്റെ ഭാര്യ ഉണ്ടാക്കിയിട്ടാണെന്നു തോന്നുന്നു സലാഡു മാത്രം എന്നത്തെയും പോലെ അങ്ങ് ഏറ്റില്ല. ജോണി വാക്കര്‍ ഗോള്‍ഡും, എന്റെ ഇഷ്ട ബ്രാന്‍ഡ് ആയ ബക്കാര്‍ഡി ലെമണും ബീയറും ഒക്കെയുണ്ടായിരുന്നെങ്കിലും കാര്‍ ഓടിച്ചുകൊണ്ട് വന്നതിനാല്‍ മദ്യം തൊട്ടില്ല. ടക്സിക്കു വന്നാല്‍ മതിയാരുന്നു, പാര്‍ക്കിങുനു തന്നെ മൂന്നു മണിക്കൂര്‍ ഇരുന്നപ്പോള്‍ 30 ദിര്‍ഹം പോയിക്കിട്ടി. പക്ഷെ ഭക്ഷണം, കുശാലായി അടിച്ചു കേറ്റി. വൈകിട്ട് സഹമുറിയന്‍ കെ കെ യുടെ കൂടെ അംബാസിഡര്‍ ബാറില്‍ പോയി നാലഞ്ചു ഡബിള്‍, ക്രിസ്തുമസ് ഖതം.


ന്യൂ ഇയറിനാണെങ്കില്‍ ക്രിക്കറ്റ് ക്ലബിലെ ഒരാള്‍ ഓര്‍ഗനൈസ് ചെയ്യുന്ന പാര്‍ട്ടി റമദാ ഹോട്ടലില്‍. ഇടക്കു ഷേക്ക് മുഹമ്മദ് പാലസ്തീനുകാര്‍ക്ക് ഐക്യദാര്‍ട്യം പ്രക്യാപിച്ചെങ്കിലും പിന്നീട് ഹോട്ടലുകാരുടെ കരച്ചില്‍ കേട്ട് അഘോഷനിരോധനം പിന്വലിച്ചു. കറുത്തതും വെളുത്തതും ചുവന്നതും (ബക്കാര്‍ഡി ബ്രീസര്‍) ആയ പല നിറത്തില്‍ പല തരത്തില്‍ ഉള്ള മദ്യങ്ങളും പലതരം ഭക്ഷണങ്ങളും. ഡാന്‍സ് ഫ്ലോര്‍ വിത്ത് സ്മോക്ക് ആന്റ് ലേസര്‍, നല്ല പാട്ടുകള്‍ അങ്ങനെ വേണ്ടതെല്ലാം. വന്നവര്‍ എല്ലാം ഭാര്യമാരും കുട്ടികളും ഒക്കെയായി ഡാന്‍സും പാട്ടും. എനിക്കെന്തോ ഏകാന്തത തോന്നി. അതു മാറ്റാന്‍ ബക്കാര്‍ഡി ഓറഞ്ച് ജ്യൂസൊഴിച്ച് അടിച്ചു കൊണ്ടേയിരുന്നു. പിന്നെ അവര്‍ എന്നെ ഡാന്‍സുമത്സരത്തിന്റെ ജഡ്ജിയാക്കി. പരിചയക്കാര്‍ കുറവായിരുന്നതു കൊണ്ട് തന്റേടത്തോടു കൂടി മാര്‍ക്കിട്ടു. അവസാനം ഒരു പത്തുമിനിറ്റ് ഡാന്‍സു ചെയ്തു നോക്കി, കിളവന്മാര്‍ വരെ മണിക്കൂറുകല്‍ ചാടിയപ്പോള്‍ ഞാന്‍ കാലു കഴച്ചതിനാല്‍ പിന്‍വാങ്ങി. എല്ലാം ഉണ്ടെങ്കിലും എന്തിന്റെയോ ഒരു കുറവ്.


ഇതിന്റെ രണ്ടിന്റെയും ഇടക്ക് എന്റെ ജന്മദിനം, കൂടെ കെകെയുടെ വക ഒരു പാര്‍ട്ടിയും ഒന്നിച്ചു നടത്തമെന്നു വെച്ചു. കാര്യം IT ആണെങ്കിലും സ്റ്റോക്കിന്റെ ഒക്കെ ഉത്തരവാദിത്വം എന്റെ തലേല്‍ ആയിപ്പോയി. അങ്ങനെ 27 മുതല്‍ തുടങ്ങിയ മാമാംഗത്തില്‍ എന്റെ ബര്‍ത്ത്ഡേ ആഘോഷിക്കാന്‍ ഞാനെത്തിയപ്പോള്‍ സമയം രാത്രി 11.30. അങ്ങനെ തിരക്കിട്ട ഒരാഴ്ച, നിറയെ ആഘോഷങ്ങള്‍, ശ്വാസം വിടാന്‍ പറ്റാത്ത പോലെ പണിയും.


ഇതിന്റിടക്ക് രണ്ട് ഔട് ഡോര്‍ ക്രിക്കറ്റ് മാച്ച്.ക്രിസ്തുമസിന്റെ പിറ്റേദിവസം ഷാര്‍ജയില്‍ നടന്ന കളിയില്‍ എന്തായാലും മാസങ്ങള്‍ക്കു ശേഷം ബൌള്‍ ചെയ്യാന്‍ ലഭിച്ചു. കളിക്കു മുമ്പ് പ്രാക്ടീസ് ചെയ്യാന്‍ അവസരം കിട്ടിയത് ടീമില്‍ പുതുതായി എത്തിയ താരങ്ങള്‍ കണ്ടത് ഭാഗ്യം, അവര്‍ റെക്കമന്റ് ചെയ്തു. ആദ്യത്തെ ഓവറില്‍ കിട്ടി വിക്കറ്റ് ഒന്ന്, പിന്നെ 2 ക്യാച്ച് ചാന്‍സുകളും. രണ്ടാമത്തെ ഓവറില്‍ ആദ്യത്തെ രണ്ടു ബോളും സിക്സ്, പക്ഷെ തന്ത്രപരമായ മൂന്നാം ബോളില്‍ അവന്‍ ക്യാച്ച് നല്‍കിയെങ്കിലും ഫീല്‍ഡര്‍ വിട്ടു കളഞ്ഞു. ആകെ ഒരു ക്യാച്ചാണ് ആ കളിയില്‍ ഞങ്ങളുടെ ടീം എടുത്തത്. ദുഷ്ടന്മാര്‍. എങ്കിലും എന്റെ പ്രശ്നമായിരുന്ന വൈഡ് രണ്ട് ഓവറില്‍ രണ്ടില്‍ തന്നെ ഒതുങ്ങി. ഏറ്റവും പ്രത്യേകത ടീമംഗങ്ങല്‍ക്ക് ഒരു വിശ്വാസം ലഭിച്ചു എന്നുള്ളതാണ്. അതിന്റെ ആവേശത്തില്‍ ഏഴാമനായി ഇറങ്ങിയ ഞാനും നിലയുറപ്പിച്ചിരുന്ന അനീഷും കൂടി അവിടെ ഞാന്നു നില്‍ക്കുകയും ആദ്യമായി ഞാന്‍ UAE ഇല്‍ ഒരു സിക്സടിക്കുകയും ചെയ്തു എന്നുള്ളത് മനസിനു കുളിര്‍മ്മ നല്‍കി. കാര്യം കളി തോറ്റെങ്കിലും ഭാര്യയെ വിളിച്ച് അരമണിക്കൂയ് സന്തോഷം പങ്കിട്ടു. (വേറെ ആര എന്റെ ഈ വാചകം കേള്‍ക്കുന്നത്?).

പിന്നെ ഒന്നാം തീയതി വൈകിട്ട് സബീല്‍ പാര്‍ക്കില്‍ ടെന്നീസ് ബോളില്‍ കളി. അവിടെ പ്രകടനം വീണ്ടും മെച്ചം. ബാറ്റിങില്‍ രണ്ടാമത്തെ ബോളില്‍ തന്നെ ഫോറടിച്ചു തുടങ്ങിയെങ്കിലും മൂന്നമത്തെ ബോളില്‍ ലോങോണില്‍ ക്യാച്ച്. പക്ഷെ ബൌളിങില്‍ എന്റെ ക്വോട്ട മുഴുവന്‍ എറിഞ്ഞു, അധികം റണ്‍സ് കൊടുക്കാതെ മൂന്നു വിക്കറ്റും. കളി ജയിക്കുകയും ചെയ്തു. നല്ല തുടക്കം പുതു വര്‍ഷത്തില്‍.


രണ്ടാം തീയതി വെള്ളിയാഴ്ചയായതിനാല്‍, വെറുതേ വീട്ടില്‍ കുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ ക്ലോസ് ചെയ്ത് 2009 ന്റെ ഫയല്‍ ഓപ്പണ്‍ ചെയ്തു, എല്ലാം കൃത്യമാക്കി. പിന്നെ ഒറ്റക്കിരുന്ന് ഇത്തിരി അലോചിച്ചു.


എന്തിനായിരുന്നു ഞാന്‍ കഴിഞ്ഞ വര്‍ഷം ജോലി മാറിയത്? സാമാന്യം തരക്കേടില്ലായിരുന്ന ജോലി, കമ്പനിയുടെ വക ഫാമിലി താമസം. രണ്ട് വര്‍ഷത്തിനിടെ പ്രസവിക്കാനായി നാട്ടില്‍ ആറുമാസം വീതം പോയി നിന്നു എങ്കിലും ബാക്കി കൂടെയും നിന്നല്ലോ. പക്ഷെ ജോലി മാറി, കൂടുതല്‍ കാശ്, വീടുമാത്രം
തന്നെയെടുക്കണം. ഓ അതിനിപ്പോള്‍ എന്താ ഇത്ര പ്രയാസം, ഷാര്‍ജയിലോ അജുമാനിലോ ഉമ്മല്‍ കോയിനിലോ എടുക്കാമല്ലോ. പിന്നെ പണ്ടാരം അടങ്ങി മൂന്നു വര്‍ഷം ചെയ്തു മടുത്ത ജോലി മാറി പുതിയ ജോലി, നല്ല കരിയര്‍, എല്ലാം ഞങ്ങളുടെ ഭാഗ്യം.


ജോലിക്കു കയറി, എന്തായാലും ഭാര്യ രണ്ടാമത്തെ പ്രസവത്തിനു നാട്ടിലല്ലേ, ഒരു അഞ്ചാറു മാസത്തേക്ക്ബാച്ചിലര്‍ ആയി നിന്നാല്‍ കുറച്ചു ക്യാഷ് ഉണ്ടാക്കാമല്ലോ എന്നെല്ലാവരുടെയും അഭിപ്രായം. ബുള്ളറ്റു വിറ്റേച്ച് വീണ്ടും സൈക്കിള്‍ വാങ്ങുന്നപോലെയാണെങ്കിലും ക്യാഷും ജീവിതത്തിനാവശ്യമല്ലേ. ജോലി മാറുന്നതിനു മുമ്പ് അന്വേഷിച്ചപ്പോള്‍ ഇന്റര്‍ നാഷണല്‍ സിറ്റിയില്‍ ഒരു ബെഡ് റൂം ഫ്ലാറ്റിനു 52K ഉണ്ടായിരുന്നത് ആറുമാസം കഴിഞ്ഞപ്പോള്‍ 75K ആയി. ബര്‍ദുബായില്‍ തന്നെ ഫ്ലാറ്റ് എടുക്കാമെങ്കില്‍ ഉച്ചക്കും വന്നു ഭാര്യയേയും മക്കളേയും കാണമല്ലോ എന്നാഗ്രഹിച്ചിരുന്ന എനിക്കു ഇവിടുത്തെ ഫ്ലാറ്റിന്റെ ഫ്ലാറ്റല്ലാത്തറേറ്റിന്റെ ഗ്രോത്ത് ഭ്രാന്താക്കി. കാര്യം നാലുമാസമേ നാട്ടില്‍ പോയിട്ട് അയിരുന്നുള്ളെങ്കിലും അവസാ‍നം നവംബറില്‍ നാട്ടിലേക്കു പോയി, മാസം ഫ്ലാറ്റിനു കൊടുക്കുന്ന റെന്റ് ഉണ്ടെങ്കില്‍ മാസത്തില്‍ തന്നെ മൂന്നുതവണ നാട്ടില്‍ പോയി വരാം. എന്തായാലും ഷാര്‍ജയില്‍ മറ്റും താമസിക്കുന്നതിലും ഭേദം അതു തന്നെ. പത്തു മണിക്കൂര്‍ ജോലിയും 4 മണിക്കൂര്‍ ട്രാഫിക്കും കഴിഞ്ഞിട്ട് പിന്നെ മക്കളേം ഭാര്യേം തെറിപറയാന്‍ ആയി
എന്തിനാ വീട്ടിലോട്ട് പോകുന്നത്, വീക്കെണ്ടില്‍ നാട്ടില്‍ പോയാ പോരെ?


എന്റെ കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ തോന്നി, പൈസായിലെന്തു കാര്യം!. എന്തായാലും കിട്ടുന്ന ലക്ഷങ്ങള്‍ ഒക്കെ ലക്ഷങ്ങളായി തന്നെ പലവഴിക്കു പോകുന്നു. ഇവരുടെ ഈ പ്രായം കൂടെ നിന്നാസ്വദിച്ചില്ലെങ്കില്‍ ഈ ജന്മം തന്നെ പാഴ്. തിരിച്ചു വന്നാല്‍ ഉടനെ ഫ്ലാറ്റെടുക്കാം. സമ്പാദിക്കാന്‍ പറ്റിയില്ലെങ്കിലും വേണ്ടാ, ജീവിക്കാം. ഞങ്ങള്‍ തീരുമാനിച്ചു.


അവളുടെ വീട്ടിലെ കാറുമായി ഞങ്ങള്‍ കറങ്ങാല്‍ പോയതു കൊണ്ട് അവളുടെ പപ്പായും മമ്മിയും കൂടെ സ്കൂട്ടറില്‍ രാവിലെ ഒരു ശവമടക്കിനു പോയി. സ്കൂട്ടറിന്റെ മുമ്പിലത്തെ ടയര്‍ പഞ്ചര്‍, രണ്ടു പേരും റോഡില്‍. രണ്ടു പേര്‍ക്കും ഒടിവു, പൊള്ളല്‍ പിന്നെ ഓപ്പറേഷന്‍, കമ്പിയിടീല്‍ ഒക്കെയായി. ഞാന്‍ ചെന്നതു കാരണം അവര്‍ക്കങ്ങനെയൊരു യോഗമുണ്ടായി. പാവം അവരെ നോക്കാന്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലേ? ഭാര്യക്കായി ആ ജോലി. ഇനി ഫെബ്രുവരി ആകുമ്പോള്‍ ആ ഡ്യൂട്ടി തീരുമായിരിക്കാം. റിസഷന്റെയും ഡിപ്രഷന്റെയും ഭാഗമായി റെന്റ് കുറയുമായിരിക്കാം എന്ന പ്രതിക്ഷ ഉണ്ടായിരുന്നു, എവിടെ? ഇപ്പോള്‍ താമസിക്കുന്ന ബാച്ചിലര്‍ ഹൌസിന്റെ വാടക കൂട്ടാനിരിക്കുവാ അറബി.


എന്തൊക്കെ ആയാലും വിധി എന്നൊരു കാര്യം കാണുമായിരിക്കാം. ചെറുപ്പത്തില്‍ അമ്മയുടെ കൂടെ പേടിയില്ലാതെ കെട്ടിപ്പിടിച്ചുറങ്ങാന്‍ കൊതിച്ചിരുന്ന ആ പാവം ചെക്കന് ഇന്നു വരെ സാധിച്ചില്ല കൊതി തീരെ കിടക്കാന്‍. സ്വന്തമായി ഒരു വീടായപ്പോളേക്കും പഠനവും ജോലിയുമായി ഊരുതെണ്ടാനായിരുന്നു അവനു വിധി. പലതരത്തിലുള്ള സഹമുറിയന്മാരുടെ കൂടെ സഹവസിച്ചു, പലരുടെയും സ്വപ്നമായിരുന്ന ബഅച്ചെലര്‍ ലൈഫ്. അന്നും കിട്ടുന്ന അവുധി ദിനങ്ങളില്‍ വീട്ടില്‍ വന്ന് അമ്മയുടെ പാവക്കാ തോരനും, തൊട്ടുനക്കിയും കൂട്ടി ചോറുണ്ണുമ്പോള്‍ കിട്ടുന്ന സുഖം എന്നും വീട്ടില്‍ നിന്നും കഴിക്കുന്നവര്‍ക്ക് അറിയില്ലല്ലോ.


പിന്നീട് ദൈവം എന്റെ ഇഷ്ടത്തിനനുസരിച്ച് ഭാര്യയും, കാമുകിയും , മകളും ചിലപ്പോളൊക്കെ അമ്മയുമാകുന്ന ഒരു പെണ്‍കൊച്ചിനെ കൈപിടിച്ചു തന്നു. എന്റെ കരവലയത്തില്‍ ഒതുങ്ങി കിടക്കാനും അവളുടെ നെഞ്ചില്‍ ചേര്‍ത്ത് എന്നെയുറക്കാനും രണ്ടു പിള്ളേര്‍ ആയിട്ടും അവള്‍ക്കു കഴിയുന്നു. എന്റെ കുഞ്ഞുപോത്തന്‍ എന്നെ കിടത്താതിരിക്കാനായി മാക്സിമം ഉറങ്ങാതിരിക്കുമെങ്കിലും ഞാനല്ലേ മോന്‍.


എങ്കിലും അതൊക്കെ എനിക്കു സ്കൂളില്‍ നിന്നു ലഭിക്കുന്ന ഓണം, ക്രിതുമസ്, വലിയവുധി പോലെ റേഷനാകുന്നതെന്തേ? എനിക്ക് അമ്മയും ഭാര്യയുമുണ്ട്, ഒന്നിച്ചു താമസിക്കാന്‍ മറ്റുള്ളവരുടെ കണ്ണിലെങ്കിലും അവസ്ഥയുമുണ്ട്. എന്നിട്ടും സാധിക്കുന്നില്ല, ഇതായിരിക്കാം വിധി..........


എത്രയൊ പേരുടെ ജീവിതം കണ്ടിട്ട് നാം തീരുമാനിച്ചിട്ടുണ്ട് അവനൊക്കെ എന്തിനാ ഇങ്ങനെ ജീവിക്കുന്നത് എന്ന്. ഓരോ മനുഷ്യന്റെയും അവസ്ഥ അവര്‍ക്കല്ലേ അറിയൂ. എന്റെ ഇവിടുത്തെ കൂട്ടുകാര്‍ക്ക് ന്യൂ ഇയര്‍ പാര്‍ട്ടിക്കു പോയ ഞാന്‍ ഭാഗ്യവാനായിരുന്നു. പക്ഷെ അവിടെ കണ്ട കുട്ടികളുടെ ഓട്ടവും ചാട്ടവും എന്റെ
മനസില്‍ കറിയാച്കന്റെയും കോക്കുവിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തി വിഷമിപ്പിച്ചതേ ഉള്ളൂ. ചക്രവും പൂത്തിരിയുംകണ്ട് കുതിച്ചു ചാടുന്ന കോക്കു, ബലൂണും തോരണവും വാരി എറിഞ്ഞു നടക്കുന്ന കറിയാച്ചന്‍..... മനസു അവിടെക്കു തന്നെ പറക്കുന്നു, എപ്പോഴും.....


നേട്ടങ്ങളും സന്തോഷങ്ങളും ഒത്തിരിയുണ്ട് എന്റെ ജീവിതത്തില്‍. എങ്കിലും എന്നും എനിക്കു നഷ്ടമായിരുന്ന ചിലതുണ്ട്. ഏറ്റവും കൊതിക്കുന്ന ചിലത്. വിധിയെന്നു കരുതി ഞാന്‍ കാത്തിരിക്കുമ്പോള്‍ ഒരു പക്ഷേ എന്നന്നേക്കുമായി നഷ്ടമാവുമോ അത്? വിധിയെ തോല്പിക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ വലിയതു വന്ന്
തടയുമായിരിക്കാം എന്ന ഭയമാണ്. ധാരാളം അനുഭവങ്ങള്‍ എന്നെ അതു പഠിപ്പിച്ചിട്ടുണ്ട്. അമ്മയുടെ വിറകുപുര സ്വപ്നം അന്നു വരെ ആശുപത്രിയില്‍ കിടക്കാന്‍ കൊതിച്ചിരുന്ന ഞാന്‍ മൂന്നു പ്രാവശ്യത്തെ ആശുപത്രിവാസത്തിലൂടെ തകര്‍ത്തതു പോലെ...

Read more...

ദുബായിയുടെ ചില വേറിട്ട കാഴ്ചകള്‍

>> Thursday, January 1, 2009

അജ്മാനില്‍ നിന്നും ദുബായിയിലേക്കു വന്ന വഴിയില്‍ കണ്ട ഒരു സുന്ദര ദൃശ്യം.

ക്രിക്കറ്റ് ഗ്രൌണ്ടില്‍ നിന്നും സുനില്‍ ഒപ്പിയെടുത്ത ഒരു ദൃശ്യം

ഷര്‍ജയില്‍ നിന്നും ദുബായിലേക്കുള്ള വഴിയില്‍ എമിറേറ്റ്സ് റോഡില്‍ നിന്നും കിട്ടിയ ഒരു ചിത്രം


മഴ പെയ്തു തെളിഞ്ഞ ക്രീക്ക് സൈഡിലെ ഒരു കാഴ്ച. ആകെ ഒരു തെളിമ, കുളിര്‍മ.
വളരെ വിരളമായ ഒരു കാഴ്ച. മഴക്കാറു മൂടിനില്‍ക്കുന്ന ഈ കാഴ്ച, ഷേക്ക് സായിദ് റോഡില്‍ നിന്നും

മൂടിക്കെട്ടിയ ഈ അന്തരീക്ഷം, ഓള്‍ഡ് ടൌണ്‍ ഐലന്റില്‍ നിന്നും വരുന്ന വഴി കിട്ടിയ ഒരു അപൂര്‍വ്വ ദൃശ്യം

ഓള്‍ഡ് ടൌണ്‍ ഐലന്റില്‍ നിന്നുള്ള മറ്റൊരു കാഴ്ച

ഓള്‍ഡ് ടൌണ്‍ ഐലന്റില്‍ നിന്നുള്ള വേറൊരു കാഴ്ച

മഴ, ,എത്രയോ കൊതിയുള്ള ഈ കാഴച ഞങ്ങള്‍ ദുബായിക്കാര്‍ക്കും കിട്ട്യ് കഴിഞ്ഞയാഴ്ച.

മഴയുടെ മറ്റൊരു കാഴ്ച

മരുഭൂമിയില്‍ എന്തിനേയോ കാത്തിര്‍ക്കുന്ന ഒരു കുഞ്ഞിക്കിളി.

വീണ്ടും മരുഭൂമിയിലേക്ക് ഒരു യാത്ര. ചൂടും പൊടിയുമൊക്കെയെങ്കിലും ഇതിരു ഹരം തന്നെ.

ചില ദൃശ്യങ്ങള്‍ വളരെ സുന്ദരങ്ങളാണ്

കുട്ടിക്കളിയും ചാട്ടവും ഇന്നും മനസില്‍ ഒളിഞ്ഞുകിടക്കുന്നു.

Read more...

ഡിസംബറിന്റെ ഓര്‍മ്മകള്‍

>> Tuesday, December 23, 2008

വീണ്ടും ഒരു ക്രിസ്തുമസ് കാലം. എത്രയോ വര്‍ഷങ്ങളായി ഡിസംബര്‍ മനസിനു വളരെ കുളിര്‍മയുള്ള
മാസമായി നില്‍ക്കുന്നു! ജന്മം കൊണ്ട് ഒരു ക്രിസ്ത്യാനിയായിപ്പോയതു കൊണ്ടല്ല, പൈകയിലെ ആള്‍ക്കാരെ സംബന്ധിച്ചിടത്തോളം ഒരു ആഘോഷത്തിന്റെ മാസമാണിത്.

പൈകപ്പെരുന്നാള്‍, ക്രിസ്തുമസ്, ന്യൂ ഇയര്‍ തുടങ്ങി ഈ ചെറിയവന്റെ ജന്മദിനവും. അവസാനം പറഞ്ഞത് പൈകക്കാര്‍ ആഘോഷിക്കാറില്ല, ഇനി ഭാവിയില്‍ വല്ല വാഴക്കാവരയന്‍ ജയന്തിയും വരുമോ എന്നൊന്നും അറിയില്ല. എന്തായാലും ശിശുദിനമോ അല്ലെങ്കില്‍ സേവനവാരമോ ഒക്കെയായി ആഘോഷിക്കാനുള്ള സാധ്യത തുലോം കുറവ്. ഇനി അഥവാ അങ്ങനെവല്ലതും സംഭവിച്ചാല്‍ സകലമാന പിള്ളേരുടെയും ശാപം എനിക്കു കിട്ടും, ഒരവുധി ദിവസം വല്ല വീഗാലാന്റിലും പോകണ്ടതിനു പകരം സ്കൂളില്‍ വരാന്‍ ആര്‍ക്കാ താല്പര്യം? ചെറുപ്പത്തിലെ ഏറ്റവും വലിയ സങ്കടം അവുധിദിവസമായതിനാല്‍ ജീവിതത്തിലൊരിക്കലും ബര്‍ത്ത്ഡേക്ക് സ്കൂളില്‍ കൊണ്ടുപോയി മുട്ടായി കൊടുക്കാം പറ്റില്ലല്ലോ എന്നുള്ളതായിരുന്നു. എങ്കിലും ക്രിസ്തുമസിന് കിട്ടുന്ന കേക്കിന്റെ മിച്ചം എപ്പോളും ഉണ്ടായിരുന്നതു കൊണ്ട് എല്ലാ വര്‍ഷവും കേക്ക് മുറിച്ച് ആഘോഷിക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നു എന്നു മാത്രം.

അമ്മ വീട്ടില്‍ നിന്നു മാറി ഞങ്ങള്‍ സ്വന്തമായി താമസിക്കാന്‍ തുടങ്ങീയപ്പോളാണ് നന്നായി ഡിസംബര്‍ ആസ്വദിക്കാന്‍ സാധിച്ചത്. അന്നൊക്കെ ഡിസംബറില്‍ എല്ലാ ദിവസവും രാവിലെ എണീറ്റ് പള്ളിയില്‍ പോകും. പുതപ്പിന്റെ അടിയില്‍ നിന്നു എഴുന്നേല്‍ക്കാന്‍ ഭയങ്കര പ്രയാസം ആയിരുന്നെങ്കിലും കൊച്ചു വെളുപ്പിനെ തണുത്ത വെള്ളത്തില്‍ കുളിക്കുമ്പോള്‍ തണുപ്പും മാറി നല്ല ഫ്രെഷ് ആകും. പിന്നെ പള്ളിയിലേക്കുള്ള നടത്തം. റബറിന്റെ ഇലയില്‍നിന്നും കൊമ്പില്‍നിന്നും വീഴുന്ന മഞ്ഞുകണങ്ങള്‍. അതു ദേഹത്തു വീഴുമ്പോളുള്ള കുളിര്‍മ്മ. കൊന്തചൊല്ലിക്കൊണ്ട് പോകുന്ന ചട്ടയും കവണിയും ഉടുത്ത അമ്മച്ചിമാര്‍, വെള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞ അപ്പാപ്പന്മാര്‍. ആകെക്കൂടെ മഞ്ഞിന്റെ മൂടലും അതില്‍ തെളിയുന്ന വെണ്മയും. മിക്ക വീട്ടിലും ചാര്‍ത്തിയിരിക്കുന്ന നക്ഷത്രങ്ങള്‍ നേര്‍ത്ത മഞ്ഞിനിടയിലൂടെ കാണുമ്പോള്‍ ഉള്ള ഒരു സുഖം. സുങരിമാരായ പെണ്‍കുട്ടികളെ ആരെയെങ്കിലും വഴിയില്‍ കണ്ടാല്‍ കൂടുതല്‍ സംതൃപ്തമായി ആ പ്രഭാതം.

എല്ലാവര്‍ഷവും ക്രിസ്തുമസിനു മുമ്പുള്ള ഞായറാഴ്ചയായിരിക്കും പൈകപ്പെരുന്നാള്‍. എന്റെയൊക്കെ
ചെറുപ്പത്തില്‍ നാനാ മതസ്കരായ പൈക ലിറ്റില്‍ ഫ്ലവര്‍ എല്‍ പി സ്കൂളിലെ പിള്ളേരും, പൈകയിലെ
കച്ചവടക്കാര്‍, ചുമട്ടു തൊഴിലാളികള്‍ എന്നിവരും ഇടവകക്കാരും ചേര്‍ന്നുള്ള രണ്ടുമൂന്നാഴ്ചത്തെ
പരിശ്രമഫലമായാണ് തോരണം കെട്ടിയുണ്ടാക്കുക. പണ്ടൊക്കെ ഒരടി നീളമുള്ള കീറിയ
തോരണകഷണങ്ങള്‍ കെട്ടിയിട്ട നീളമുള്ള ചാക്കുനൂലില്‍ മൈദാകൊണ്ടുള്ള പശ തേച്ച് ഒട്ടിച്ചാണ്
തെക്കേപന്തല്‍ മുതല്‍ വടക്കേ പന്തല്‍ വരെയുള്ള റോഡ് അലങ്കരിക്കുന്നത്. അങ്ങനെ പിള്ളേരും നാട്ടുകാരും
കച്ചവടക്കാരും ചേര്‍ന്ന് ഒട്ടിച്ച് മടക്കിവെച്ചിരിക്കുന്ന തോരണം വ്യാഴാഴ്ച രാത്രിയില്‍ കെട്ടും. അതൊരു
ആഘോഷം തന്നെ, ഭക്തിയുള്ളവരും കള്ളുകുടിയന്മാരും ഒക്കെ ചേര്‍ന്നുള്ള ഒരു ആഘോഷം. ഉന്തു വണ്ടിയില്‍ ഏണി വെച്ചുകെട്ടിയും, കെ എം എസ് ബസിന്റെ മുകളില്‍ കയറിയും ഒക്കെ ആഘോഷമായ തോരണം കെട്ടല്‍. വെള്ളിയാഴ്ച മുതല്‍ അതിന്റെ അടിയിലൂടെ നടക്കുമ്പോള്‍ ഉള്ള ഒരു ഫീലിങ് . പരവതാനി വിരിച്ച് നമ്മെ ആനയിക്കുന്നതു പോലെയുള്ള ഒരു രാജകീയ സുഖം, കാറ്റത്തു തോരണം ഇളകുന്നതിന്റെ ഒരു സുങര ശബ്ദവും.

പിന്നെ പ്രസിദ്ധമായ പെരുന്നാളും ആഘോഷങ്ങളും. വെച്ചുവാണിക്കടകളിലൂടെ ഉള്ള തെണ്ടല്‍. ആപ്പിള്‍ ബലൂണ്‍ കൊണ്ടുള്ള വോളീബോള്‍ കളി. പൊങ്കുന്നം മത്തായിയുടെ ചെണ്ടമേളം, ആരാണ്ടുടെയൊക്കെ ബാന്റുമേളം, എന്റെ ഏറ്റവും പ്രിയ ഇനമായ വെടിക്കെട്ട്, പിന്നെ കാത്തിരുത്തി വെറുപ്പിച്ചിട്ട് കത്തിപ്പടരുന്ന കലാപരിപാടി. പണ്ടൊക്കെ യേശുദാസിനെയും ചിത്രയേയും പോലെയുള്ള പ്രശസ്തരും ചടങ്ങു കൊഴുപ്പിക്കാന്‍ മമ്മൂട്ടി ജയറാം തുടങ്ങിയവരും എത്തിയിരുന്ന പൈകയില്‍ ഇന്നിപ്പോള്‍ ആരാണാവോ വരുന്നത്? റബറിന്റെ വില കുറഞ്ഞതിനാല്‍ മിക്കവാറും മിമിക്രിയിലെ കുടിയന്‍ ബൈജുവായിരിക്കും.

പുല്‍ക്കൂടും ക്രിസ്തുമസ് ട്രീയുമായി പിന്നെ ഒരാഴ്ച. പാതിരാ കുര്‍ബാനയും സമ്മാനങ്ങളും, എല്ലാത്തിനും ശേഷം രാവിലെതുടങ്ങി സുഭിക്ഷമായ ഭക്ഷണവും. അതിഥികളായി എത്തിയിരിക്കുന്ന കസിന്‍സിന്റെ കൂടെ കളികള്‍. എല്ലാം ഒരു കാലം.

ഇന്നിപ്പോള്‍ ദുബായിയില്‍ ഒരു ഒറ്റയാനായി ക്രിസ്തുമസിനെ കാണുന്നു. മൈലുകളകലെ എന്റെ കോക്കു അവന്റെ ആദ്യത്തെ ക്രിസ്തുമസ് ആഘോഷിക്കും. കഴിഞ്ഞ ക്രിസ്തുമസും ഞാനിവിടെയായിരുന്നു. അതിനു മുമ്പുള്ള മിക്ക ക്രിസ്തുമസും ഞാന്‍ നാട്ടില്‍ കൂടിയിരുന്നു, എന്തു വിലകൊടുത്തും. ഇന്നിപ്പോല്‍ കൂട്ടുകാരുടെ കൂടെ കൂടണമോ അതോ ഒറ്റക്കിരുന്ന് ഒരു ഫുള്ളുമായി ഓര്‍മ്മകള്‍ അയവിറക്കണോ? എന്തായാലും മനസ് നാട്ടില്‍ തന്നെ. എന്തേ എനിക്ക് ദുബായിയുടെ കളറുകളും ആഘോഷങ്ങളും ഡാന്‍സ് ബാറുകളും ഒന്നും ആസ്വദിക്കാന്‍ സാധിക്കാത്തത്? ഓഫീസിലെ ഏകമലയാളിയായിട്ടും എന്റെ നാടിന്റെ ഓര്‍മ്മകള്‍, സുന്ദരനിമിഷങ്ങള്‍ എല്ലാം മനസില്‍ നിന്നും മായാത്തതെന്തേ? തിരികേ പോകാനായി ഞാന്‍ കൊതിക്കുന്ന പോലെ എന്റെ ഗ്രാമവും എന്നെ കൊതിക്കുന്നുണ്ടാവുമോ? അവിടെ ആരെങ്കിലും ഉണ്ടാവുമോ ഇപ്പോള്‍?

Read more...

ക്രിക്കറ്റും ഞാനും...

>> Friday, December 19, 2008

രണ്ടാം ക്ലാസുമുതല്‍ എന്റെ ബാല്യം എന്റെ അമ്മവീട്ടില്‍ ആയിരുന്നു. എന്റെ ചാച്ചയുടെ മരണ ശേഷം 2 മാസം കഴിഞ്ഞപ്പോള്‍ എന്റെ കുഞ്ഞുപ്പാപ്പന്‍ (അമ്മയുടെ അച്ഛന്‍) ആക്സിഡന്റായി കാലൊടിഞ്ഞ് വീട്ടിലിരുപ്പായി. വല്ല്യ പ്രതാപശാലിയും ബിസിനസുകാരനുമായ കുഞ്ഞുപ്പാപ്പന് വെറുതെയുള്ള വീട്ടിലിരുപ്പ് വളരെ ബുദ്ധിമുട്ടായിരുന്നു. അങ്ങനെ സന്ദര്‍ശകരൊന്നും ഇല്ല്ലാതെ ബോറടിച്ചിരിക്കുന്ന സമയങ്ങളില്‍ അദ്ദേഹം പലതരത്തില്‍ പലര്‍ സമ്മാനമായി നല്‍കിയ വടികളിലേതെങ്കിലും എടുത്ത് പതുക്കെ മുറ്റത്തേക്കും പറമ്പിലേക്കും മേല്‍നോട്ടത്തിനിറങ്ങും. അപ്പോള്‍ സഹായത്തിനായി എന്നെയും വിളിക്കും. നാലെണ്ണത്തില്‍ ആണായും മൂത്തതായും ഉള്ളവനാണു ഞാന്‍. കാര്യം കുഞ്ഞുപ്പാപ്പന്‍ വടി കുത്തി നടക്കാറായപ്പോള്‍ ഞാന്‍ വീഴാതെ നടക്കാറായതേ ഉള്ളെങ്കിലും പുള്ളിക്കാരനെ വീഴാതെ പിടിക്കേണ്ട ഉത്തരവാദിത്വം എനിക്കല്ലേ? ഭാഗ്യത്തിനെങ്ങാനും പുള്ളിക്കാരന്‍ നമ്മുടെ മണ്ടേലെങ്ങാനും അന്നു വീണാരുന്നെങ്കില്‍ സ്റ്റാമ്പായി ഭിത്തിയില്‍ കിടക്കാരുന്നു. അങ്ങനെ റബ്ബര്‍ഷീറ്റിന്റെ ഭംഗിനോക്കിയും കൊക്കോക്കായ് അണ്ണാന്‍ ചപ്പിയതിന്റെ ബാക്കി കണ്ട് നെടുവീര്‍പ്പെട്ട് നടക്കുന്നതിന്റെ ഇടക്ക് അദ്ദേഹത്തിന്റെ ഫുട്ബോള്‍ കളിയുടെ വീരഗാഥകള്‍ പറഞ്ഞിരുന്നു. ഒരു പക്ഷെ എന്നെ ബോറടിപ്പിക്കാതിരിക്കാനായിരിക്കാം. എന്തായാലും പെലെ, ഗാരിഞ്ച, ബെക്കന്‍ ബോവര്‍ തുടങ്ങിയ പേരുകള്‍ ഒക്കെ അദ്ദേഹത്തിനറിയാമായിരുന്നു. അന്നൊക്കെ നാട്ടിലെവിടെയാ ക്രിക്കറ്റുകളി?

അങ്ങനെ ഞാന്‍ ഒരു ഫുട്ബോള്‍ ആരാധകനായി. മറഡോണയുടെ തിളക്കവും സീക്കോ, സൊക്രട്ടീസ് തുടങ്ങിയ ബ്രസീലിയന്‍ താരങ്ങളുടെ തളര്‍ച്ചയും ഒക്കെ കണ്ട ഞാന്‍ ഒരു ഫുട്ബോള്‍ കളിക്കാരനാകുന്നത് സ്വപ്നം കണ്ട് തുടങ്ങി. മറഡോണയുടെയും കുഞ്ഞുപ്പപ്പന്റെയും ഇടങ്കാലനടികളുടെ വര്‍ണ്ണനകേട്ട് വലങ്കാലനായ ഞാനും ഇടങ്കലിനടി സഹോദരങ്ങളില്‍ പ്രാക്ടീസ് ചെയ്തു. കൂട്ടത്തില്‍ ഇത്തിരി കാന്താരി അനിയത്തിയായതിനാല്‍ എന്റെ സിസര്‍കട്ട് അനുഭവിക്കാന്‍ യോഗം കിട്ടിയത് അവള്‍ക്കായിരുന്നു. നെഹ്രു ട്രോഫിയില്‍ പാപ്പച്ചനും ക്രിഷ്ണാനുഡേയും കളിക്കുന്നതും, യു എസ് എസ് ആര്‍ ഇന്റെ എതാണ്ട് ചെങ്കോവ് നേടിയ ഗോളിലൂടെ അവര്‍ കിരീടം നേടുന്നതിന്റെയുമൊക്കെ കമന്ററി റേഡിയോയിലൂടെ കേട്ട് പുളകം കൊണ്ടുനടന്നു എങ്കിലും കളിക്കാന്‍ മാത്രം യോഗമുണ്ടായിരുന്നില്ല. കാരണം സിമ്പിള്‍, വീട്ടില്‍ ഫുട്ബോള്‍ ഇല്ലായിരുന്നു, സ്റ്റേഡിയവും. തേങ്ങയും മാങ്ങയും ഒന്നും ഫുട്ബോളായി ഉപയോഗിക്കാന്‍ പറ്റില്ലല്ലോ? കാര്യം പൊതിച്ച തേങ്ങാ കാണുമ്പോള്‍ കാല്‍ തരിക്കുമെങ്കിലും റൊണാല്‍ഡീഞ്ഞോ ഒക്കെ ചെറുപ്പത്തില്‍ പേപ്പറുകൊണ്ട് ബോളുണ്ടാക്കി പട്ടിയുമായി കളിച്ചാണ് ഇത്ര ഡ്രിബ്ബിളിങ് പാടവം ഉണ്ടാക്കിയതെന്നമാതിരിയുള്ള കഥകള്‍ ഒന്നും അന്ന് വരാതിരുന്നത് ഭാഗ്യം. അല്ലെങ്കില്‍ ഇപ്പോള്‍ സൂപ്പര്‍മാനെപ്പോലെ ഷഡ്ഡിയിട്ട് അഞ്ചാം നിലയില്‍ നിന്നും ചാടിയ കുട്ടി മരിച്ചു എന്നൊക്കെ പറയുന്നപോലെ തേങ്ങാകൊണ്ട് ഫ്രീ കിക്കെടുത്ത് കാലുപോയ വാഴക്കാവരയന്‍ എന്നു പറയേണ്ടിവന്നേനെ.


എവിടെയാണെങ്കിലും ഒറ്റക്കിരിക്കാന്‍ പേടിയുള്ള ഞാന്‍ കൂട്ടിനായി എന്റെ സങ്കല്പ ഫുട്ബോള്‍ കഥകള്‍ സഹോദരങ്ങളോടും അര്‍ഥസഹോദരങ്ങളോടും അവൈലബിലിറ്റി അനുസരിച്ച് പറഞ്ഞ് നിര്‍വൃതി അടഞ്ഞിരുന്നു. ഒരു പക്ഷെ കുഞ്ഞുപ്പാപ്പന്‍ പറയുന്നതും ഞാന്‍ അങ്ങനെയാവാം കേട്ടത്. അതിനാലാവാം ഒരു പക്ഷെ ഒരു സ്പോര്‍ട്സ് പ്രേമി ആയത്. എന്നും ഉറങ്ങാന്‍ കിടക്കുമ്പോള്‍ അന്നേ ഉണ്ടായിരുന്ന വനിതാ സങ്കല്പങ്ങള്‍ക്ക് വല്ല്യ സോഴ്സ് ഒന്നും കിട്ടിയില്ലെങ്കില്‍ അതു ഫുട്ബോളിലേക്കു മാറ്റിയിരുന്നു. പ്രണയവും ഫുട്ബോളും എന്റെ ജീവിതത്തില്‍ ഒരു പോലെയായിരുന്നു, വെറും സങ്കല്പങ്ങളില്‍ മാത്രം. എന്നാലെന്താ, ആര്‍ക്കും പറ്റാത്ത രീതിയില്‍ സങ്കല്പങ്ങളില്‍ എങ്കിലും ഞാന്‍ അര്‍മാദിച്ചിരുന്നു.

അങ്ങനെയിരിക്കുമ്പോളാണ് എന്നു ഇന്ത്യ ക്രിക്കറ്റില്‍ വേള്‍ഡ് കപ്പടിക്കുന്നത്. അങ്ങനെ നമ്മുടെ ഗ്രാമങ്ങളിലും വന്ന മാറ്റങ്ങളുടെ ഭാഗമായി എന്റെ ശ്രദ്ധയും അതിലേക്കു തിരിഞ്ഞു. അതാകുമ്പോള്‍ ഗ്രൌണ്ട് വേണമെന്നു നിര്‍ബന്ധമില്ല. റബറിന്റെ ഇടക്കു വേണമെങ്കിലും കളിക്കാം. റബര്‍ പന്തിനു കാശില്ലെങ്കില്‍ കടലാസിനകത്ത് കല്ലു വെച്ച് ഒട്ടുപാലുകൊണ്ട് ചുറ്റി ഉപയോഗിക്കാം. അതുമില്ലെങ്കില്‍ ഉണക്ക പേരക്കായും ഉപയോഗിക്കാം. ബാറ്റിനു തെങ്ങിന്‍ മടലിനെക്കാള്‍ പറ്റിയ വേറെന്താ ഉള്ളത്? അങ്ങനെ സഹോദരങ്ങളെയും കളി പഠിപ്പിച്ച് കളിക്കാന്‍ ആരംഭിച്ചു. മണിക്കല്ലിലെ അന്തോനിച്ചന്‍ നിയമങ്ങള്‍ ഒക്കെ പറഞ്ഞു തന്നിരുന്നു. എന്തായാലും ഫുട്ബോളു പോലെ സങ്കല്പം മാത്രമായി മാറിയില്ലെങ്കിലും ഒരു സ്റ്റിച്ചു ബോളില്‍ അറ്റ്ലീസ്റ്റ് ഒരു ഗ്ലൌ എങ്കിലും ഇട്ടൊന്നു കളിക്കാന്‍ കൊതിച്ചിരുന്നു. വലിയൊരു പുല്‍മൈതനത്ത് ഗ്ലൌവും പാഡുമൊക്കെ അണിഞ്ഞ് ബാറ്റുചെയ്യുന്ന കാലം ഞാന്‍ സ്വപ്നം കണ്ടു.

ഏഴാം ക്ലാസില്‍ അമ്മയുടെ സ്കൂളിലെ ഡിവിഷന്‍ പോകാതിരിക്കാന്‍ കാരക്കുളം UP സ്കൂളില്‍ ചെന്നപ്പോള്‍ അവിടെ ആദ്യമായി ക്രിക്കറ്റ് പിള്ളേരെ പഠിപ്പിച്ചു കളി തുടങ്ങിയ ക്രെഡിറ്റ് എനിക്കു ലഭിച്ചു.അങ്ങനെ കാലം കടന്നുപോയി, എട്ടാം ക്ലാസില്‍ വെച്ച് ഗ്രൌണ്ടില്‍ സ്റ്റിച്ച് ബോളില്‍ കളിപ്പിക്കാം എന്നു പറഞ്ഞ് ഒരു ദുഷ്ടന്‍ എന്നെ റബര്‍ തോട്ടത്തില്‍ കുറുക്കു വഴിക്കു നടന്നു പോയ വഴിക്കു പീഡിപ്പിച്ചതോടെ വല്ല്യ ശ്രമങ്ങള്‍ ഒക്കെ നിറുത്തിയ ഞാന്‍ പിന്നെ ഇടക്കൊക്കെ കിട്ടിയ അവസരങ്ങളിലൊക്കെ കളിക്കാറുണ്ടായിരുന്നെങ്കിലും പണ്ടത്തെ ഇന്ത്യയുടെ ഗതി തന്നെയായിരുന്നു എന്നും. കുരുവിക്കൂട്ടെ കൂട്ടുകാരുടെ ഒക്കെ കൂടെ കല്ലുവെച്ചു പേപ്പറില്‍ പൊതിഞ്ഞ് അതു രബര്‍പാലില്‍ മുക്കി സ്പെഷ്യല്‍ ആയിട്ടുണ്ടാക്കിയ കോര്‍ക്കുബോളിനെ തോല്‍പ്പിക്കുന്ന പന്തിലൊക്കെ ഇടക്കൊക്കെ കളിച്ചതു വിസ്മരിക്കുന്നില്ല. എന്നാലും സംതൃപ്തമായി യുവരാജിനെപ്പോലെ ഒക്കെ രണ്ട് സിക്സും ഫോറും അടിക്കാന്‍ കൊതിയായിരുന്നു എന്നും. കാര്യം നമ്മള്‍ എറിയുമ്പോള്‍ ഇടക്കൊക്കെ മറ്റുള്ളവര്‍ അടിക്കുമെങ്കിലും. അതെങ്ങനാ..ആദ്യമായി ടിവിയില്‍ കണ്ട കളിയില്‍ തന്നെ മിയാന്‍ദാദ് എന്റെ ഇഷ്ടതാരമായിരുന്ന ചേതന്‍ ശര്‍മ്മയെ ലാസ്റ്റ് ബോളില്‍ സിക്സറടിച്ചു ഇന്ത്യയെ തോല്‍പ്പിച്ചു. അതു തന്നെയായിരുന്നു നമ്മുടെ ഗതി എന്നും. പ്രതീക്ഷ ഒക്കെ തോന്നുമെങ്കിലും ഒരു രക്ഷയുമില്ലാത്ത ഒരു താരം.

പിന്നെയും വര്‍ഷങ്ങള്‍ കടന്നു പോയി, വര്‍ഷങ്ങള്‍ ചുമ്മാ സ്പീഡില്‍ പോക്കോണ്ടിരിക്കുവാ, അരോടും ചോദിക്കാതെ. എന്തായാലും അവസാനം ഞാന്‍ ദുബായില്‍ വന്നു. ജോലിയും പരമ ബോറടിയുമായി ബര്‍ദുബായിയിലെ മ്യൂസിയത്തിനടുത്തു താമസിക്കുന്ന കാലം. ഭക്ഷണം വല്ല്യ കുഴപ്പം ഇല്ലാത്ത രീതിയിലായിരുന്ന കാരണം ഇത്തിരി വണ്ണം വെച്ചു തുടങ്ങി. കല്ല്യാണം ഒന്നും കഴിച്ചിട്ടില്ലായിരുന്ന കാരണം ആദ്യം ക്രീക്ക് സൈഡിലൂടെ ഓട്ടം തുടങ്ങി, വല്ല പെണ്ണുങ്ങളും ആ വഴിക്കു ലൈന്‍ ഒത്താലോ എന്നൊരു പ്രതീക്ഷയും ഇല്ലതിരുന്നില്ല. എവിടെ, വെറുതെ ഓടി കാണുന്ന പെണ്ണുങ്ങളുടെ സൈഡില്‍ ഒക്കെ അവരറിയാത്ത പോലെ ചെന്ന് കാരാട്ടയിലെയും കുങ്ഫൂവിലെയും എക്സര്‍സൈസ് ഒക്കെ ചെയ്ത് അവസാനം തളര്‍ന്നു ഒഫീസില്‍ പോയിരുന്ന് ഉറക്കം തൂങ്ങുന്നതു മിച്ചം. മൂന്നു മാസം ഓട്ടവും പിന്നെ ഭക്ഷണമായി ലറ്റൂസും കബേജും കുക്കുമ്പറും വെട്ടിക്കൂട്ടി ബ്രെഡിന്റെ കൂടെ അടിച്ചതു മിച്ചം. പോരാത്തതിനു പരമ ബോറും. മൂന്നേ മൂന്നു മാസം, ഞാന്‍ നിര്‍ത്തി ആ പരിപാടി.

അപ്പോളാണ് ദൈവദൂതനെപ്പോലെ നമ്മുടെ ഓഫീസിലെ കണക്കന്‍ വിജുവിന്റെ സുഹ്രുത്ത് ജോര്‍ജ്ജ് ക്രിക്കറ്റുകളിക്കാരുണ്ടോ എന്നു ചോദിച്ച് വരുന്നത്. ചാടി വീണു ഞാന്‍. ചെന്നപ്പോള്‍ ഇന്‍ഡോര്‍ ക്രിക്കറ്റ് ആണ്. പകുതി വയസന്മാരും പകുതി യുവാക്കളും ആയി ഞങ്ങളുടെ ക്ലബ് ആദ്യത്തെ വര്‍ഷം 50 കളികളിച്ച് കെനിയയെക്കാളും മെച്ചമായി ഒരു ജയം സമ്പാദിച്ചു. മനസും കണ്ണും അപ്പുറത്തെ ക്രീസില്‍ ചെല്ലുമ്പോളും കാലു നിന്നിടത്തു നിന്നനങ്ങാത്ത കിളവന്മാരുടെ അടുത്ത് ഞാന്‍ ഭയങ്കര സ്പീഡില്‍ ഓടിയും ഡൈവു ചെയ്തും കളിക്കാരനായി. അകലെക്കൂടി പോകുന്ന പന്തില്‍ ജോണ്ടി റോഡ്സിനെ പോലെ പറന്നു പന്തില്‍ തൊടുക എന്നുള്ളത് എന്റെ പ്രധാന വിനോദം ആയി. നൂറില്‍ 99 പ്രാവശ്യവും പന്ത് നിലത്തിടുകയും ചെയ്തിരുന്നു എങ്കിലും എല്ലാവരും വന്ന് ഫണ്ടാസ്റ്റിക് എഫര്‍ട്ട് എന്നും മറ്റും റിയാലിറ്റി ഷോയിലെ ജഡ്ജിമാര്‍ പറയുന്ന പോലെ (Fantastic, marvelous, gorgeous, fabulous)പറയുകയും ചെയ്തിരുന്നു. അതില്‍ ആവേശം മൂത്ത് നേരെ കയ്യിലേക്കു വരുന്ന ക്യാച്ച് വരെ ഡൈവു ചെയ്ത് കളയുകയും തല്‍ഫലമായി ഇമേജിനു ഇത്തിരി ക്ഷീണം സംഭവിക്കുകയും ചെയ്തിരുന്നു എന്നുണ്ടായിരുന്നെങ്കിലും ബൌളിങ്ങും ബാറ്റിങ്ങും ഫീല്‍ഡിങ്ങും എല്ലാം എല്ലാവരും ചെയ്യേണ്ടി വരുന്ന ആ കളിയില്‍ എല്ലാം ചെയ്യാമായിരുന്നു എന്നൊരു മെച്ചം ഉണ്ടായിരുന്നു.

അങ്ങനെ തണുപ്പുകാലം ദുബായിയിലും വന്നു. ഞങ്ങളുടെ ടീമും ഔട്ട് ഡോര്‍ കളിക്കായി തയ്യാറെടുത്തു. ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നു തുടങ്ങി ഉമല്‍ക്കോയിനില്‍ വരെ നൂറുകണക്കിനു ക്രിക്കറ്റ് ഗ്രൌണ്ടുകള്‍ ഉണ്ടെന്ന വിവരം ഞാനങ്ങനെയാണ് അറിഞ്ഞത്. കളികള്‍ തുടങ്ങി. ഫാസ്റ്റ് ബൌളറായ ഞാന്‍ ഓപ്പണിങ് ബൌളര്‍. വളരെ സൂക്ഷിച്ചു ബാറ്റ് ചെയ്യുന്ന ഞാന്‍ ഓപ്പണിങ് ബാറ്റ്സ് മാന്‍. ഓ.. എന്റെ ദൈവമേ, ഞാന്‍ സന്തോഷം കൊണ്ട് മതി മറന്നു.

കുറച്ചു കളികള്‍ ഒക്കെ പിടിച്ചു നിന്നു. ബാറ്റിങ്ങില്‍ വല്ലപ്പോളും ഒരു ഫോര്‍ അടിക്കാന്‍ പറ്റുന്നതൊഴിച്ചാല്‍ വല്ല്യ മെച്ചമൊന്നുമുണ്ടായില്ല. ഗതികേടിനു ഞാന്‍ അടിക്കാന്‍ നോക്കിയാല്‍ ഔട്ടാകും, എല്ലാവരും കുറ്റം പറയും, നീയെന്തിനാ ആ ഷോട്ട് ഇപ്പോള്‍ കളിച്ചത്? പാവം ഞാന്‍, ടീമിലെ ദ്രാവിഡായിപ്പോയി. ബൌളിങില്‍ പിന്നെ ഞങ്ങളുടെ ടീമിനു അന്നു വേറെ ഓപ്ഷന്‍ ഇല്ലായിരുന്നു. കോണ്‍ക്രീറ്റ് പിച്ചില്‍ എത്ര വലിച്ചെറിഞ്ഞാലും ബാറ്റ് ചെയ്യുന്ന പരട്ട പച്ചകള്‍ സിക്സര്‍ അടിക്കുന്നത് സ്പിന്‍ വരുമ്പോള്‍ മാത്രമാണ് ഇത്തിരി മെരുങ്ങുന്നത്. എങ്കിലും ബോളിന്റെ മിനുസം മാറ്റുക എന്നുള്ള കടമ ഞങ്ങള്‍ പാവം ഫാസ്റ്റ് ബൌളേര്‍സ് എറിഞ്ഞും ചൊറിഞ്ഞും നടത്തികൊണ്ടിരുന്നു. ബാറ്റിങില്‍ പിന്നെ ഓപ്പസിറ്റ് ടീമിന്റെ ഓപ്പണിങ് ബൌളേര്‍സ് നല്ലതാണെങ്കില്‍ ചിലപ്പോള്‍ അവസരം കിട്ടും. ഒന്നുകില്‍ ആദ്യത്തെ ഓവറുകള്‍ പിടിച്ചു നില്‍ക്കാന്‍, അല്ലെങ്കില്‍ അവര്‍ ഔട്ടാകുമ്പോള്‍.

കാലം പിന്നെയും ഒഴുകി, ഈ പ്രവശ്യവും സ്പീഡില്‍ തന്നെ കുത്തിയൊഴുകുകയായിരുന്നു. എന്റെ ബൌളിങില്‍ എവിടെ നിന്നോ ഇര്‍ഫാന്‍ പത്താന്റെ സ്വിങ് കടന്നു വന്നു. എങ്ങനെയെറിഞ്ഞാലും സ്വിങ് ചെയ്ത് ഓഫ് സൈഡില്‍ കൂടി പോകുന്നു. കൂടുതല്‍ കണ്‍ട്രോള്‍ ചെയ്യുമ്പോള്‍ ലെഗ് സൈഡില്‍ വൈഡ്. അവസാനം ഒന്നുമല്ലെങ്കിലും പഴയ ഓപ്പണിങ് ബൌളറല്ലേ എന്നു കരുതി ക്യാപ്റ്റന്‍ ബോള്‍ പഴയതായപ്പോള്‍ തന്നു, അപ്പോളും തഥൈവ. ബാറ്റിങില്‍ ബാറ്റ് നേരെ പിടിക്കാന്‍ പോലും അറില്ലാതെ വന്നവര്‍ വരെ എന്നെ അവസാനം കുറ്റം പറയുന്നു, നീ പ്രീഡിറ്റര്‍മൈന്റ് ഷോട്ടണ് കളിക്കുന്നത്, ആ ബോള്‍ ഫ്ലികെ ചെയ്യണമായിരുന്നു എന്നൊക്കെ. മണ്ണാങ്കട്ട, അങ്ങനെ കറക്ടായി എല്ലാവരും ചെയ്യുവാരുന്നെങ്കില്‍ ആരെങ്കിലും ഔട്ടാകുമോ?
എന്നും കളി കഴിഞ്ഞു വന്നിരുന്ന് ചിന്തിക്കും. ആ ഷോട്ട് കളിക്കാതിരുന്നുവെങ്കില്‍? ഇന്‍ഡോര്‍ കളിയിലാണെങ്കില്‍ ഔട്ടായാലും 5 റണ്‍സ് കുറക്കുമെന്നേയുള്ളൂ. ബൌളിങിലാണെങ്കില്‍ ഒരു ദിവസം പത്തു മുപ്പത് ഓവര്‍ പ്രാക്ടീസ് എറിഞ്ഞ് എല്ലാം ഒന്നു ശരിയാക്കിയതാ, പിന്നെയും പോയി. പതുക്കെ എന്നെ ബൌളിങില്‍ നിന്നു തന്നെ ഒഴിവാക്കി. എന്തായാലും എന്നെ അവര്‍ ഒരിക്കലും ടീമില്‍ നിന്ന് ഒഴിവാക്കിയില്ല. എല്ലാ കളിക്കും വിളിക്കും, ഇന്നും.





ഇതാണ് ഇപ്പോളത്തെ എന്റെ അവസ്ഥ. എങ്കിലും തീയില്‍ കുരുത്തതല്ലേ ഞാന്‍, എവിടെയേലും പോയി ഇനിയും ഒന്ന് പ്രക്ടീസ് ചെയ്യാന്‍ അവസരം കിട്ടട്ടെ, തിരിച്ചു വരും ഞാന്‍.






ഇല്ലെങ്കില്‍ എന്റെ മകന്‍ കറിയാച്ചന്‍ ഇപ്പോളേ എറിയാന്‍ തുടങ്ങി. അവന്‍ കളിക്കുന്നത് കണ്ട് ആശ തീര്‍ക്കും ഞാന്‍.... ആശ തീര്‍ക്കും.....




ചാച്ചയുടെ പ്രയാസം കണ്ടിട്ട് എനിക്കു സങ്കടം വരുന്നു, എടുത്തു പൊക്കാന്‍ പാടാണ് ഈ ബാറ്റ്. എങ്കിലും ഞാന്‍ ശ്രമിച്ചു തുടങ്ങി കേട്ടോ.










ഇതു ഞാന്‍, എന്റെ അമ്മവീട്ടിലെ മിഷ്യന്‍പെരയുടെ മുമ്പില്‍. ഈ മിഷ്യന്‍പെരയുടെ മുമ്പിലത്തെ തൂണ്‍ ആയിരുന്നു ഞങ്ങളുടെ ആദ്യ കാല സ്റ്റംപ്സ്.













ഇതൊക്കെ ദുബായിയിലെ തുടക്കകാലം എന്നെ പോലെ തന്നെ ഞങ്ങളുടെ ടീമിനും എന്നെ വല്ല്യ പ്രതീക്ഷ ആയിരുന്നു.























ഇന്‍സ്പോര്‍ട്സിലെ ബൌളിങ്. സസൂക്ഷ്മം പുറകിലിരുന്ന് നിരീക്ഷിക്കുന്നത് കറിയാച്ചന്‍
ഫീല്‍ഡില്‍ ശ്രദ്ധയോടെ നില്‍ക്കുന്നതു കണ്ടോ?















കാലന്മാരായ മൊട്ടകള്‍ വന്ന് ഇങ്ങനെയൊക്കെ എറിഞ്ഞാല്‍ എങ്ങനാ നമ്മള്‍ രക്ഷപെടുക?
ആദ്യമൊക്കെ ഇതുപോലെ ഓപ്പണിങ് പെയര്‍ ആയിരുന്നു




വല്ലപ്പോളും കിട്ടുന്ന ഗപ്പുകളില്‍ ഒന്ന്

Read more...

ഓരോ ദിനങ്ങള്, 30 Nov

>> Monday, December 1, 2008

ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പുതിയ തീരുമാനങ്ങള്‍ എടുത്ത് പ്രാവര്‍ത്തികമാക്കാന്‍ തിരഞ്ഞെടുക്കുന്ന ദിവസം ആണ് ജനുവരി 1. ക്രിക്കറ്റുകളിക്കാരനായി ഇന്ത്യന്‍ ടീമില്‍ കളിക്കണം എന്നും സിനിമാനടനാകണം എന്നും സ്വപ്നം കണ്ടു നടക്കുന്നവരെപോലെയാണ് ഇതില്‍ ഭൂരിപക്ഷം പേരും,
ചുരുക്കം ചിലര്‍ക്കെല്ലേ ആ സ്വപ്ന സാക്ഷാല്‍ക്കാരം നടക്കൂ. വയസു 31 ആയപ്പോള്‍ ഏതായാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലാകാം എന്ന സ്വപ്നം ഞാന്‍ ഉപേക്ഷിച്ചു. സിനിമായില്‍ പിന്നെ വയസായാലും അഭിനയിക്കമല്ലോ. ജോസ് പ്രകാശ് ഒക്കെ എത്ര വയസായിട്ടും വില്ലനായി അഭിനയിച്ചു!


ആ‍കെ അലങ്കോലമായിരുന്നു നാ‍ട്ടില്‍ നിന്നും വന്നതിനു ശേഷമുള്ള രണ്ടാഴ്ചത്തെ ജീവിതം. മദ്യപാനം, പുകവലി, ഉറക്ക ക്ഷീണം, യാത്ര, ക്രിക്കറ്റുകളി അങ്ങനെ ആകെക്കൂടെ ഒരു തിരക്കിട്ട ജീവിതം. ഒരു പരിധിവരെ ഭാര്യയേയും എന്റെ കുഞ്ഞുങ്ങളേയും പിരിഞ്ഞതിന്റെ വ്യസനം കുറക്കാന്‍ അതു സഹായിച്ചു എന്നുള്ളതു വാസ്തവം. എങ്കിലും ഇതൊക്കെ ഒന്നു നിറുത്തി നന്നായി കൂടെ എന്ന് മനസില്‍ നിന്നും ഒരു വിളി.


ഇന്നലെ തന്നെ തീരുമാനിച്ചിരുന്നു കുടിയും വലിയുമൊക്കെ നിറുത്തണം ഒന്നാം തീയതി മുതല്‍ എന്ന്. അതുകൊണ്ടു തന്നെ 30-ആം തീയതി രാവിലെ എണീറ്റപ്പോള്‍ തന്നെ സഹമുറിയന്‍ കെ കെ വെച്ചിരുന്ന സിഗരറ്റ് ഒരെണ്ണം എടുത്തു കത്തിച്ചു കക്കൂസില്‍ പോയി. നിറുത്തുമ്പോള്‍ ആഘോഷിച്ചു വേണ്ടേ നിറുത്താന്‍. വളരെ നാളുകളായി ഉപേക്ഷിച്ച ശീലം ആയിരുന്നു എങ്കിലും നിറുത്തുന്നതിനു മുമ്പ് ഒന്നു ആസ്വദിച്ചു പോകാന്‍ ആഗ്രഹം. പാവം കെ കെ, ഇന്ന് മിക്കവാറും അവന്റെ അപ്പിയിടീല്‍ മുടങ്ങിയതു തന്നെ.


ഹോസ്റ്റല്‍ ജീവിതത്തില്‍ ആരംഭിച്ച് ഒരു ശീലമായ സിഗരറ്റുവലിച്ച് അപ്പിയിടല്‍ പിന്നെ വളരെ പാടുപെട്ടാണ് നിറുത്തിയത്. അവസാനം ആയപ്പോള്‍ സിഗരറ്റുവലിക്കാന്‍ അപ്പിയിടുകയും അപ്പിയിടാന്‍ ഗരറ്റുവലിക്കുകയും പിന്നെ ക്രമേണ സിഗരറ്റു വലിക്കുമ്പോള്‍ ഒക്കെ അപ്പിയിടാന്‍ മുട്ടുകയും ചെയ്തതോടെ പതുക്കെ രാവിലെ അതു ഒഴിവാക്കി. വെറും വയറ്റില്‍ ചൂടു വെള്ളം കുടിച്ചും, വായിക്കാന്‍ എന്തെങ്കിലും ഒക്കെ എടുത്തും പാടുപെട്ടാണ് അതൊഴിവാക്കിയത്. പിന്നെ ഇടക്കാലത്ത് അതു സിഗരറ്റും മാസികയും ഒപ്പം വേണമെന്നായി. എങ്കിലും ഇടക്കൊക്കെ ഒരെണ്ണം വലിച്ചു കൊണ്ടു പോകാറുണ്ട്.

രാവിലെ തന്നെ വലിച്ചപ്പോള്‍ ചങ്കിനൊക്കെ ഒരു പ്രയാസം. എനിക്കു പ്രത്യേകിച്ച് സുഖം ഒന്നും ഇല്ല വലിക്കുമ്പോള്‍, പിന്നെ എന്തിനാണാവോ വലിക്കുന്നത്. ഒരു ആക്ടിവിറ്റി തന്നെ , പോരാത്തതിനു വലിച്ചു കഴിയുമ്പോള്‍ കുറച്ചു ക്ഷീണം വരും എന്നല്ലാതെ വല്ല്യ മെച്ചമൊന്നുമില്ല. എന്നാലും ഇപ്പോളും മൂന്നലെണ്ണം വലിച്ചു കേറ്റുകേം ചെയ്യും, കള്ളു കുടിക്കുമ്പോള്‍ ചെയിന്‍ ആയിട്ടും.


വൈകിട്ടു വരുമ്പോള്‍ അടിക്കാനായി കെ കെ കൊണ്ടുവന്ന ടക്കീലയുടെ ഒരു പകുതി ഇരുപ്പുണ്ട്. അങ്ങനെ എല്ലാം പൂര്‍ത്തിയാക്കി നാളെ മുതല്‍ നന്നാവാം എന്നു വെച്ചു. വൈകിട്ടു ഓഫീസ് വിട്ടു വരുന്ന വഴി നേരെ ചേട്ടായിയുടെ വീട്ടില്‍ കയറി അവരെ ഇത്തിരി സഹായിച്ചു. വരുന്ന വഴി സിഡി കടയില്‍ കയറിയപ്പോള്‍ അതാ അവിടെ ഇരിക്കുന്നു യോഗാ സിഡി. ശില്പാ ഷെട്ടി ആണ് പഠിപ്പിക്കുന്നത്. പിന്നെ അമാന്തിച്ചില്ല, അതും എടുത്തു. നാളെ നല്ല കുട്ടിയായി യോഗായും ഒക്കെ ചെയ്തു തുടങ്ങാം. അവസാനത്തെ രണ്ടെണ്ണം ടിക്കാനായി ആര്‍ത്തിയോടെ ചെന്ന ഞാന്‍ കാണുന്നത് അച്ചായനും കെകെയും കൂടി തീര്‍ത്ത കുപ്പി. എങ്കിലും എന്റെ പ്രതിജ്ഞ ഒരു മാസം മുമ്പോട്ടാക്കിയില്ല. ദൈവമേ, നാളെ മുതല്‍ നല്ല കുട്ടിയായി ജീവിക്കാന്‍ അനുഗ്രഹിക്കണേ....

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP