ഞാനൊരു പാവം പാലാക്കാരന്‍

Hatta Pools (ഒരു യാത്രാ വിവരണം)

>> Sunday, May 31, 2009

ഹത്ത പൂള്‍സിലേക്കുള്ള ഞങ്ങളുടെ യാത്ര. കുട്ടികളും പരിവാരങ്ങളുമായി രണ്ടു വണ്ടിയില്‍ യാത്ര തിരിച്ചു. ഭക്ഷണവും വെള്ളവും, കുട്ടികള്‍ക്കും അത്യാവശ്യം മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാന്‍ വേണ്ടുവോളം ഡയപ്പറുകളും കരുതിയിരുന്നു.














മുമ്പിലും പുറകിലും ഇടക്ക് ഒന്നിച്ചും ഞങ്ങള്‍ യാത്ര തുടര്‍ന്നു.മരുഭൂമിയുടെയും വരണ്ടമലനിരകളുടെയും ഭംഗി നിങ്ങള്‍ നേരത്തെ ആസ്വദിച്ചതാണെങ്കില്‍, ദുബായില്‍ നിന്നും ഹത്തവരെയുള്ള ഹൈവേയിലൂടെ ഉറങ്ങിയും, പഴയ മണ്ടത്തരങ്ങള്‍ പറഞ്ഞും, മലനിരകളുടെ ഉത്ഭവത്തെ പറ്റി നുണപറഞ്ഞും സമയം കളയേണ്ടിവരും.















കാര്യം മാപ്പൊക്കെ കയ്യിലുണ്ടായിരുന്നെങ്കിലും ചെറിയ വഴിപ്പിശക്. അവസാനം ചോദിച്ച ഹത്താ നിവാസികള്‍ പറഞ്ഞുതന്നത് ഈ ഡാം. വെള്ളം എന്നൊക്കെ കേട്ടപ്പോള്‍ ഡാമായിരിക്കും എന്നവര്‍ വിചാരിച്ചു. നമ്മുടെ അറബി അത്ര ഗംഭീരമാണല്ലോ.















എങ്കിലും മനോഹരമാണ് ഡാം. കുത്തനെയുള്ള കയറ്റവും മനോഹര ദൃശ്യവും.
















ചൂട് അസഹനീയം. ടര്‍ക്കി ഒക്കെ കരുതുന്നതാ നല്ലത്
















കൂളിങ് ഗ്ലാസ് അത്യാവശ്യം. ട്രൈ പോഡും നല്ലതാണ്,പ്രത്യേകിച്ച് വീഡിയോ ഉണ്ടെങ്കില്‍.















ഡാമില്‍ നിറയെ വെള്ളം (മരുഭൂമിയല്ലേ എന്നു നമ്മള്‍ പ്രത്യേകം ഓര്‍ക്കണം)














എന്തായാലും അവസാനം ഒരു എത്തിസലാത്തുകാരന്‍ മലയാളി സഹായിച്ചു. മാപ്പിന്റെ കുഴപ്പമല്ല, അതു നോക്കിയവരുടെ കുഴപ്പമായിരുന്നു എന്നു പ്രൂവ് ചെയ്ത് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ടാറിട്ട റോഡില്‍ നിന്നും 15-20 കിലോമിറ്റര്‍ സഞ്ചരിക്കണം. ബോര്‍ഡുകള്‍ ഉണ്ട് വഴി നിറയെ. ഫോര്‍ വീല്‍ വേണമെന്ന്
നിര്‍ബന്ധം ഇല്ല.















ഒട്ടകങ്ങളെയും കാണാം. മര്യാദയുള്ള മൃഗങ്ങളാ.. ഒന്നു ഹോണടിക്കു പോലും വേണ്ടാ. മരുഭൂമി അവരുടെ അപ്പന്റെയാന്നുള്ള വിചാരം ഒന്നും ഇല്ല.

















മനോഹരമായ മലകള്‍ പാറകള്‍. വഴികള്‍ ഒക്കെ സുന്ദരം തന്നെ. പൊടിയും മൊത്തത്തില്‍ ഒരു ബ്രൊവ്ണ്‍ കളറും ആണെങ്കിലും എന്തൊക്കെയോ ഒരു വൈല്‍ഡ് ബ്യൂട്ടി.















അവസാനം തോടുകണ്ടു. മരുപ്പച്ച കണ്ടപോലെ ഞങ്ങള്‍ പുളകിതരായി. മരുഭൂമിയിലും തോട്. കാറിലാണെങ്കില്‍ സുക്ഷിച്ചു കടക്കണം, അല്ലെങ്കില്‍ വെള്ളത്തില്‍ നിന്നും ത്ളളിക്കയറ്റേണ്ടി വരും
















പ്രാഡോചേട്ടന്‍ വഴികാണിച്ചു മുമ്പേ. ഒന്നുമല്ലെങ്കിലും ഒന്നു രണ്ടു വര്‍ഷത്തെ അനുഭവ സമ്പത്തില്ലേ?















കുറക്കാന്‍ പറ്റുമോ, പജീറോ അല്ലേ?

















പണ്ടൊക്കെ മഴക്കു ശേഷം റോഡില്‍ കിടക്കുന്ന തെളിഞ്ഞ വെള്ളം കാലുകൊണ്ട് തെറിപ്പിക്കാതെ പോകാന്‍ പറ്റുമായിരുന്നോ? ഇന്നിപ്പോള്‍ വണ്ടിയിലായി എന്നു മാത്രം.
















വണ്ടി പാര്‍ക്കു ചെയ്തു ഞങ്ങള്‍ വെള്ളത്തിലിറങ്ങി.

















കോക്കുവിനു വരെ ഇറങ്ങാവുന്ന വെള്ളം. കണ്ടാല്‍ കുടിക്കാന്‍ വരെ തോന്നും.

















പാമ്പേര്‍സ് അഴിച്ചു വെക്കുകയാ‍ണ് നല്ലത്. ഇല്ലെങ്കില്‍ വെള്ളത്തിന്റെ ഭാരം താങ്ങാനാവാതെ ബാലന്‍സ് ചെയ്തു നില്‍ക്കേണ്ടി വരും.

















തലയില്‍ എന്തെങ്കിലും വെക്കാതെ ദീര്‍ഘനേരം വെയില്‍ കൊണ്ടാല്‍ സണ്‍ബേണ്‍ ഉറപ്പ്. മൊട്ടത്തലയില്‍ വെയില്‍ അടിച്ചതിനാല്‍ പീള്ളേരുടെ തലയില്‍ കുമിള വന്നു. പേടിക്കനൊന്നുമില്ല, ഒരാഴ്ച കൊണ്ടു മാറിക്കോളും. തലചൊറിഞ്ഞു കുമിള പൊട്ടിക്കാതെ നോക്കിയാല്‍ മതി.















സ്വപ്ന വാഹനമായ നിസ്സാന്‍ പട്രോളിനെ വലിച്ചു കയറ്റാന്‍ കുഞ്ഞന്‍ പജീറോക്കു സാധിച്ചു. വഴിനോക്കാതെ ഓടിച്ചാലത്തെ കുഴപ്പം.















സാഹസികന്മാര്‍ക്കു അവസരങ്ങള്‍
















ലോകത്തിന്റെ നെറുകയിലെന്ന പോലെ. എന്തൊക്കെയോ നേടിയ സംതൃപ്തി. കാലിന്റെ മസിലു പിടിക്കാതെ നോക്കണം എന്നു മാത്രം.















നനഞ്ഞ ശരീരം ഉണക്കാനിടാം

















പാറയില്‍ വലിഞ്ഞുകയറാം

















സാഹസികന്മാര്‍ക്കു വീണ്ടും പണി

















എന്താ ചാട്ടം. പണ്ട് തോട്ടില്‍ ചാടിനടന്ന കാലത്തേക്ക് മടങ്ങിപ്പോക്ക്

















പാവം പുറകില്‍ കിടക്കുന്ന വണ്ടി, സീറ്റിനു മുകളില്‍ വരെ വെള്ളം കായറി പോയി. തോളൊപ്പം വെള്ളത്തില്‍ താണുപോയി. പ്രാഡോയും, ജീപ്പും പത്തിരുപത് ആള്‍ക്കാരുടെ 2 മണിക്കൂറത്തെ പരിശ്രമവും അവസാനം വണ്ടി കയറ്റി. ഇനി എഞ്ചിനില്‍ നിന്നും വെള്ളം കളയണമെല്ലോ?

















എന്തൊരു ഭീകര ഭംഗി. വലുപ്പം മനസിലാകാന്‍ ആള്‍ക്കാരെ ശ്രദ്ധിക്കുക

















അവസാനം മടക്കയാത്ര. എങ്കിലും സൌങര്യം ആസ്വദിച്ചു പോകും
















ഉണക്കമരത്തിനു വരെ എന്തോ സൌ‍ങര്യം. നരച്ച മുടിയുള്ള അമ്മൂമ്മയെ പോലെ.

















ഹത്ത റോഡിലെ അറബികളുടെ സൂക്കേട് തീര്‍ക്കുന്ന സ്ഥലം. കറുത്ത് പൊട്ടിട്ടിരിക്കുന്ന വണ്ടി ശ്രദ്ധിക്കുക

















കോരിത്തരിച്ചു പോയി അവന്റെ ഓടിക്കല്‍ കണ്ടപ്പോള്‍ !


















മണ്ണില്‍ പുതഞ്ഞുള്ള മറ്റൊരുത്തന്റെ പോക്ക്. ഇതൊക്കെ കണ്ടാല്‍ എത്ര നേരം പിടിച്ചു നില്‍ക്കാനാവും

















പിന്നെ അമാന്തിച്ചില്ല, വെച്ചു പിടിപ്പിച്ചു ഞങ്ങളും




















കുട്ടികള്‍ക്ക്കും മുതിര്‍ന്നവര്‍ക്കും കളിക്കാം

















കുറച്ചു മറ്റുള്ളവരുടെ കളി കണ്ടപ്പോള്‍ നമുക്കും സൂക്കേട് കയറി. എത്ര നേരമെന്നും പറഞ്ഞാ നോക്കി നില്‍ക്കുന്നത്? മരുഭൂമിയില്‍ ഓടിക്കാന്‍ പ്രത്യേക പരിശീലനം വേണമെന്ന് ആരുപറഞ്ഞു? അണ്ണാക്കണ്ണനും തന്നാലായത്




















ആന വളിവിടുന്ന കണ്ട് അണ്ണാന്‍ മുക്കിയാല്‍ ഇങ്ങനെ ഇരിക്കും.

















അറിയാത്ത പിള്ളക്കു ചൊറിയുമ്പോള്‍ അറിയും. ചൊറിഞ്ഞു അറിഞ്ഞു.

















എത്രയോ സഹായമന‍സ്ഥിതിയുള്ളവരാണ് അറബികള്‍. എത്ര പെട്ടെന്നാണ് അവര്‍ സഹായിക്കാന്‍ എത്തുന്നതെന്നോ? അവരുടെ ഉപദേശങ്ങള്‍ ഞങ്ങളെ പുതിയ കാര്യങ്ങള്‍ പഠിപ്പിച്ചു. എങ്ങനെ ഓടിക്കണം എന്നും ചെറീയ ധാരണ കിട്ടി.

















കറിയാച്ചന് കൂടുതല്‍ സ്വപനങ്ങള്‍ കാണുനുള്ള ഇന്‍പുട്ടുകള്‍. രാത്രിയില്‍ മണലില്‍ പോകുന്ന കഥകള്‍ മതി ഇപ്പോളവന്.കോക്കു ചാച്ച എന്നു വിളിക്കനുള്ള ശ്രമം നിര്‍ത്തി ക്വാഡ് ബൈക്ക് എന്നു പറയാന്‍ ശ്രമിക്കുന്നു.

















ചെറിയ തിരിച്ചടികളെങ്കിലും വളരെ നന്നായി എഞ്ചോയ് ചെയ്തു. ഒത്തിരി അധികം വിവരങ്ങളും ലഭിച്ചു.




സന്ധ്യയോടുകൂടി മടക്കയാത്ര. ഒത്തിരി ഒത്തിരി സംതൃപ്തിയോടെ.

ചില ചിത്രങ്ങള്‍ക്ക് കടപ്പാട് - സുനില്‍, രാജേഷ്

Read more...

പഴയൊരു മഴ

>> Monday, May 4, 2009

രാവിലെ തന്നെ നല്ല മഴ. രണ്ടു ദിവസമായി എന്നും വൈകുന്നേരം നല്ല മഴയും ഇടിയും ആണ് . ഇന്നു പക്ഷെ രാവിലെ തന്നെ തുടങ്ങി. തണുപ്പുള്ള രാവിലെ എണീറ്റ് അടുപ്പിന്റെ പാതകത്തില്‍ കയറി കുത്തിയിരുന്ന് തീ കായാന്‍ നല്ല സുഖം. അപകടം ആണ് ആ ഇരുപ്പ് എന്ന് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പണ്ട്  പാതകത്തിൽ ഇരുന്നു ഉറങ്ങിപ്പോയി തീയിലേക്ക് വീണത്, പാകത്തിൽ നിന്ന് ഇറങ്ങിയപ്പോൾ വിറകുകമ്പു തട്ടി കഞ്ഞിക്കലം  മറിഞ്ഞു വീണു പൊള്ളിയത് അങ്ങനെയൊക്കെയുള്ള കഥകൾ. പക്ഷെ എത്രയായാലും ആ ഇരുപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ.   

ഉന്തിന്റെ കൂടെ ഒരു തള്ള് എന്നപോലെ കൂട്ടത്തില്‍ വിറക് അടുപ്പിച്ചു വെച്ച് അമ്മക്ക് ഒരു കുഞ്ഞു സഹായം ചെയ്തോണ്ടിരുന്നു. അടച്ചു വാറ്റിയില് തവിക്കണ കൊണ്ട് ചുട്ട വറ്റൽ മുളക് ഞെരടിക്കൊണ്ടിരുന്ന അമ്മയെ ഇടയ്ക്കു പാളി ഒന്ന് നോക്കി. മടിപിടിച്ചു ഇരിക്കുവാണെന്നു മനസിലായ അമ്മ "പോയി കുളിക്കെടാ" എന്നു പറഞ്ഞ് എണീപ്പിച്ചു വിട്ടു. 


പതുക്കെ ചെന്ന് ചായിപ്പിന്റെ വാതില്‍ തുറന്ന്  വീടിന്റെ ഓടില്‍ നിന്നും മണലിലേക്ക് നൂലുപോലെ വീഴുന്ന വെള്ളത്തുള്ളികല്‍ പതുക്കെ കൈകൊണ്ട് തെറിപ്പിച്ച് തണുപ്പുമായി താതാത്മ്യം പ്രാപിക്കാന്‍ ശ്രമിച്ചു. "അമ്മേ.. ഇച്ചിരെ വെള്ളം ചൂടാക്കി തരാമോ?”  അമ്മ ദേഷ്യത്തോടെ  “എന്നാ പിന്നെ ഇത്തിരി കുഴമ്പും കൂടി തേച്ചോ, ഒരു കിളവന്‍ വന്നേക്കുന്നു. പോയി തണുത്ത വെള്ളത്തില്‍ കുളിയെടാ ചെക്കാ." എന്നിട്ടു ആശുപത്രിയിലെ കുത്തിവെപ്പിന് ശേഷം തരുന്ന തിരുമ്മു പോലെ  "ആദ്യത്തെ മഗ്ഗിലെ വെള്ളത്തിനു ശേഷം തണുക്കത്തില്ലെടാ കുട്ടാ" എന്നും പറഞ്ഞു.

മഴയില്ലായിരുന്നെങ്കില്‍ കിണറ്റില്‍ നിന്നും വെള്ളം കോരി കുളിക്കാമായിരുന്നു, അതിനു ചെറിയ ചൂടുകാണും രാവിലെ. രാവിലെ അമ്മാവന്‍ നേരത്തെ പോയതിനാല്‍ ബസിനു പോകണം. യൂണിഫൊമില്‍ ഇന്നലെ വൈകിട്ടു നടന്നപ്പോള്‍ ചെരുപ്പില്‍ നിന്നും പറ്റിയ ചെളി വട്ടത്തില്‍ നല്ല പൊട്ടുപോലെ കാണാം. എത്ര കഴുകിയാലും അതു പോകില്ല. ചെരുപ്പിട്ട് എത്ര സൂക്ഷിച്ചു നടന്നാലും ഇത്തിരി ചെളിയെങ്കിലും തെറിക്കും. ഒരു ഷൂ ഉണ്ടാരുന്നെങ്കില്‍ ഇത്രയും ചെളി പുറകിൽ വരില്ല എന്ന് അമ്മയോട് പറഞ്ഞതാണ്, കിം ഫലം. ഒരു ഞെക്കുമ്പോള്‍ നിവരുന്ന കുട വാങ്ങി തന്നത് ഒരാഴ്ച മുമ്പ് സ്‌കൂളിൽ കളഞ്ഞു പോയി. ഇപ്പോള്‍ അമ്മയുടെ പഴയ ഒറ്റ മടക്കുള്ള കുടയാണ് ശരണം. ഒന്നു രണ്ടു തുളയുണ്ട്, ഒരു കമ്പി ഇത്തിരി വളഞ്ഞിട്ടും ഉണ്ട്, എന്നാലും ഒള്ളതാകട്ടെ. 

കടൂക്കുന്നേല്‍ വാതിക്കലെ ബസ് സ്റ്റോപ്പില്‍ ചെല്ലുന്നതിനു മുമ്പേ തന്നെ തിങ്ങിനിറഞ്ഞ് പുഞ്ചവയല്‍ ബസു പോയി. ഇനി കോരുത്തോട് ബസിനു പോകാം. കുടയും ചൂടി അവിടെ കിടന്ന തെങ്ങുംതടിയില്‍ കയറിനിന്നു. അതാവുമ്പോള്‍ പിന്നെ വെള്ളം നിലത്തു തല്ലി തെറിക്കുന്ന കുഞ്ഞു മണല്‍തരികളുടെ തരിതരിപ്പ് ഇല്ല. പുറകിലുള്ള കാനയില്‍ മഴവെള്ളം നിറഞ്ഞിട്ടുണ്ട്. വാഴക്കാവരയനും  നെറ്റിയെപൊട്ടനും ഒക്കെ തോട്ടിൽ നിന്നും കയറി അവിടെ എത്തിയിരിക്കുന്നു. ഒറ്റവെയില്‍ തെളിയുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്കുനില്‍ക്കും. പിന്നെ ഇവന്മാര്‍ ഒക്കെ ഇവിടെ കിടന്നു ചാവേണ്ടി വരും, പാവങ്ങള്‍. വെള്ളം പൊങ്ങിയപ്പോള്‍ ആക്രാന്തത്തിൽ ചാടിക്കയറി ഇങ്ങുപോന്നതല്ലേ, വരും വരായ്ക നോക്കാതെ. വൈകുന്നേരം ആകട്ടെ, വരുമ്പോള്‍ പിടിച്ചു വീ‍ട്ടിലെ കുളത്തില്‍ ഇട്ടേക്കാം. 

കോരുത്തോട് ബസ് വരുന്ന ഒച്ച കേള്‍ക്കുന്നു. ദൈവമേ..നിറച്ചു ആളുമായാണ് വരവ്. ഒരു ഫുള്‍ ടിക്കറ്റുപോലുമില്ലാതെ ഞാനെന്ന പേട്ട് എസ് റ്റി കാരനെ കയറ്റാന്‍ അത് എന്റെ അപ്പന്റെ വകയൊന്നുമല്ലല്ലോ, എന്റെ ആത്മഗതം കേട്ടത് പോലെ അവര്‍ നിര്‍ത്തിയില്ല. ഭാഗ്യത്തിനു കൈയ്യില്‍ 2 രൂപയുണ്ട്, അടുത്ത ട്രാന്‍സ്പോര്‍ട്ടിന് ഫുള്‍ ടിക്കറ്റെടുത്ത് പോകാം. 

 പെട്ടെന്നാണ് കവിതയുടെ മുഖം മനസിലേക്ക് ഒരു വെള്ളത്തുള്ളി പോലെ ഒഴുകിവന്നത്. എന്റെ കൂടെ നാലാം ക്ലാസുവരെ പഠിച്ച കടുവാതൂക്കില്‍ ഷിബുവിന്റെ പെങ്ങളാണ്. എന്നെക്കാളും രണ്ടുവയസ് കുറവ്, വിളക്കുമാടം മഠം സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. ഈ വര്‍ഷം സ്കൂളുതുറന്ന സമയത്ത് ഇതുപോലൊരു ദിവസം ആനവണ്ടിയിൽ കയറി പോയപ്പോളാണ് ശരീക്കും അടുത്തു കണ്ടത്. അവരൊക്കെ പാലായില്‍ പോയി കെ എസ് ആര്‍ ടി സി യിലെ മന്ത്‌ലി കാര്‍ഡ് ആണ് എടുക്കുന്നത്. 

എനിക്ക് കവിതയെ ഭയങ്കരമായി ഇഷ്ടപ്പെട്ടു. നല്ല വിടര്‍ന്ന കണ്ണുകളാണ് കവിതയുടേത്. കൃസ്ത്യാനിപ്പെണ്ണുങ്ങള്‍ക്ക് പൊതുവേയില്ലാത്ത ശീലമെങ്കിലും, ഞാൻ കണ്ട സമയത്തൊക്കെ അവൾ  രാവിലെ കുളിച്ച് ഭംഗിയായി മുടി വിടര്‍ത്തിയിട്ടിരുന്നു. എന്നാല്‍ എണ്ണമെഴുക്കോ മണമോ ഒന്നുമില്ലതാനും. നല്ല ക്യൂട്ടിക്കൂറാ പൌഡറിന്റെ മണമാണവള്‍ക്ക്. ഈയിടെയായി കിടക്കാന്‍ നേരം മനസില്‍ എന്നും വരുന്നത് അവളുടെ മുഖമാണ്. ഇന്നും കാണാമല്ലോ എന്നോര്‍ത്തപ്പോള്‍ കോരുത്തോട് ബസ് നിര്‍ത്താതെ പോയ ഡ്രൈവറോട് തോന്നിയ ദേഷ്യമൊക്കെ മാറി. ബസിന്റെ ഉടമസ്തരുടെ വീട്ടിലും കുട്ടികളുടെ വീട്ടിലും തുമ്മലും ചീറ്റലും അക്കാലങ്ങളിൽ പതിവായിരുന്നു. വണ്ടി നിർത്താതെ പോകുന്ന സമയം കുട്ടികളും,  ഇടിച്ചു വണ്ടി നിറയെ കയറുന്ന പത്തുപൈസ ടിക്കറ്റിന്റെ ദേഷ്യത്തിൽ ബസുകാരും പരസ്പരം ഉള്ളിലും പുറത്തും  പറയാറുണ്ടായിരുന്ന മാതാപിതാ സ്തുതികളുടെ ബാക്കിപത്രം എന്ന നിലയിൽ.

അവസാനം ചെവിയാട്ടിയെത്തുന്ന ആനയെപ്പോലെ രണ്ടുസൈഡിലെയും പടുതാ ആട്ടി നമ്മുടെ ആനവണ്ടിയെത്തി. കുടമടക്കി ചാടിക്കയറി ഞാന്‍, നിറച്ചും ആള്‍ക്കാരാണ് വണ്ടിയില്‍. ബസ് കയറ്റം കയറുന്നതിനു ഇറങ്ങുന്നതിനു അനുസരിച്ചു അടിയില്‍ വെള്ളം ഒഴുക്കാണ് മുന്നോട്ടും പിന്നോട്ടും. ഞാന്‍ പതുക്കെ മുമ്പോട്ട് നുഴഞ്ഞു കയറി. കവിത സീറ്റിന്റെ സൈഡില്‍ തന്നെ ഇരിപ്പുണ്ട്. ഞാന്‍ പതുക്കെ അവളുടെ അടുത്തു ചെന്നു നിന്നു. പക്ഷെ അവളെ മുട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇനി നമ്മള്‍ മുട്ടിയാല്‍ അവള്‍ ഞാനൊരു ചീത്തയാണെന്നു വിചാരിച്ച് എന്നന്നേക്കുമായി അവളെ നഷ്ടപ്പെട്ടാലോ എന്ന ചിന്ത കാരണം ഏറ്റവും മാന്യനായി തന്നെ പെരുമാറണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. (അതാണ് ഈ ജന്മത്ത് എനിക്കൊരു പ്രണയം ഉണ്ടാവാതെ പോയതിനു കാരണം)

 മഞ്ചക്കുഴിയുടെ വളവ് വണ്ടി വീശി എടുത്തപ്പോള്‍ അറിയാതെ അവളെ ഇത്തിരി മുട്ടി എങ്കിലും കുഴപ്പമൊന്നുമുണ്ടായില്ല. എങ്കിലും അടുത്തു നിന്നവര്‍ക്കൊന്നും ഞാന്‍ നുഴഞ്ഞ് കയറി അവളുടെ അടുത്ത് നിന്നത് അത്ര ഇഷ്ടമായില്ല എന്നു തോന്നുന്നു. പെട്ടെന്നാണ് അവളെന്നോട് അതു പറഞ്ഞത്. കേള്‍ല്‍ക്കാനായി കുനിഞ്ഞു നിന്ന ഞാന്‍ നിവരും മുമ്പേ സൈഡില്‍ നിന്ന ചേട്ടന്‍ എന്റെ കുത്തിനു പിടിച്ചു. "ഡാ, മൊട്ടേന്നു വിരിയും മുമ്പേ പെണ്ണുങ്ങളെ പിടിക്കുന്നോടാ.. "എന്നു ചോദിച്ച് കോളേജില്‍ പഠിക്കുന്ന ഒരു ചേട്ടന്‍ കൈയ്യില്‍ പിടിച്ചു വലിച്ചു. ഏല്ലാ ഭാഗത്തു നിന്നും ഒരു വൃത്തികെട്ടവനെ എന്ന പോലെയുള്ള നോട്ടം. നാണക്കേട് മൂലവും തല്ലു കിട്ടാതിരിക്കാനുമായി ഞാന്‍ മുഖം താഴ്ത്തി പൊത്തിപീടിച്ചു. 

ഇവന്‍ ഇന്നവീട്ടിലെ  കൊച്ചല്ലേ, ഇവന്റെ കാർന്നോന്മാരുടെ പേര് കളയാൻ ആണോ ഭാവം എന്ന് ആരോ പറയുന്നതും കേട്ടു, . പെട്ടെന്ന് അവള്‍ എണീറ്റു നിന്നു പറഞ്ഞു. “അയ്യോ ആ ചേട്ടനെ ഒന്നും ചെയ്യേണ്ട... കുടയില്‍ നിന്നു വെള്ളം വീണപ്പോള്‍ ഒന്നു മാറ്റിവെക്കാന്‍ പറഞ്ഞതേ ഉള്ളൂ ഞാന്‍”. എന്റെ മനസില്‍ കൂടി ഒരു ചെറിയ കാറ്റ് വീശി. ആകെ കൂടെ മര്‍മ്മരങ്ങളും അടക്കിയ ചിരിയും മറ്റും ബസില്‍. എനിക്കണെങ്കില്‍ ആരെയും നോക്കാന്‍ പോലും പറ്റുന്നില്ല. കുത്തിനു പിടിച്ച ചേട്ടന്‍ പതുക്കെ മാറി. ബസ് കുരുവിക്കൂട് സ്റ്റോപ്പില്‍ എത്തി അപ്പോളേക്കും. ഞാന്‍ പതുക്കെ നാണക്കേടു കാരണം അവിടെ ഇറങ്ങാന്‍ വേണ്ടി തിരിഞ്ഞു.

 അപ്പോള്‍ പൈകയില്‍ കടനടത്തുന്ന സുകുമാരന്‍ ചേട്ടന്‍ പറഞ്ഞു “സാരമില്ല മോനേ, എല്ലാരും തെറ്റിദ്ധരിച്ചതല്ലേ. നീ ഇറങ്ങുവൊന്നും വേണ്ട.” പെട്ടെന്ന് ഒരു ചെറിയ ചൂട് കൈയ്യില്‍, ഞാന്‍ പേടിയോടെ ആ ഭാഗത്തേക്ക് നോക്കി. അത് കവിത എന്റെ കയ്യില്‍ പതുക്കെ പിടിച്ചതായിരുന്നു. അവള്‍ കണ്ണുകളുയര്‍ത്തി എന്നെ നോക്കി. ക്ഷമയും സഹതാപവും ഇഷ്ടവും ഒക്കെ നിറഞ്ഞ ഒരു നോട്ടം. എന്റെ മനസിലും ഒരു മഴ പെയ്തു, നല്ല തണുപ്പുള്ള ഒരു കുളിര്‍മഴ.

Read more...

കോഴിപ്പൂവന്‍

>> Thursday, April 23, 2009

പഴയൊരു കാലന്‍കുടയുടെ ശീലപോയ കമ്പി എടുത്തു തന്നിട്ട് പഴുത്ത പ്ലാവില കുത്തിക്കൊണ്ടുവരാനായി വല്ല്യമ്മ പറഞ്ഞയച്ചപ്പോള്‍ എനിക്ക് നല്ല ദേഷ്യം വന്നു. കാര്യം ആട് ആ പ്ലാവില തിന്നുന്നതൊക്കെ കാണാന്‍ രസമുണ്ടെങ്കിലും, ഒറ്റക്കു പറമ്പിൽ പോകാനുള്ള പേടി കാരണം എനിക്കതത്ര സുഖം തോന്നിയില്ല. 


എങ്കിലും വീടിന്റെ കരോട്ട് കപ്പത്തോട്ടത്തിനു മുകളിലായി നില്‍ക്കുന്ന വരിക്ക പ്ലാവിന്റെ കീഴിലെ പ്ലാവില്‍ എടുക്കാനായി ഞാന്‍ നടന്നു. കപ്പക്കു ഇടകിളച്ചുകൊണ്ടിരുന്ന പാലാക്കാട്ടുകാരായ സരസനോടും സുന്ദരനോടും കുശലം പറഞ്ഞ് ഞാന്‍ കരോട്ടോട്ടു നടന്നു. എലിപിടുത്തക്കാരൻ മൂപ്പൻ കയ്യാലയുടെ ഇടക്കുള്ള പൊത്തില്‍ ചൂട്ടു വെച്ചു പുകച്ച് എലിയെ പിടിക്കുന്നത് കുറച്ചു സമയം വായും പൊളിച്ചു നോക്കി നിന്നു. പുകയടിച്ചു പുറത്തു ചാടിവന്ന എലി ഒരെണ്ണത്തിനെ പുള്ളിക്കാരന്‍ തട്ടിയപ്പോളേ ഞാന്‍ അവിടുന്നു മുങ്ങി. കാര്യം എലി ഉപദ്രവകാരിയാണെങ്കിലും ജീവന്‍ പോകുന്നതു കാണാന്‍ എനിക്കു വയ്യ. ഇനി ഇന്നു രാത്രി ആ എലിയെയായിരിക്കും സ്വപ്നം കാണുക. ഹോ.. മിനിഞ്ഞാന്ന്, വീട്ടിലെ കഴുത്തേപ്പപ്പില്ലാത്ത പൂവനെ റബറുവെട്ടുകാരന്‍ തോമ്മാ കഴുത്തിനു പിടിച്ചു തിരിച്ചു കൊല്ലുന്നതു കണ്ടു കിളിപോയതാണ് ഞാൻ. ആക്രമണകാരിയും എല്ലാ പിടക്കോഴിയുടെയും മുകളില്‍ കയറി അതുങ്ങളുടെ കൊച്ചു പൂവിനെ കൊത്തുകയും ചെയ്യുന്ന ദുഷ്ടനാണെങ്കിലും കാലില്‍ ചവിട്ടിപിടിച്ച്, കഴുത്തു തിരിച്ചപ്പോള്‍ ആ പൂവന്റെ ഒരു പിടച്ചില്‍, ഇപ്പോളും മനസില്‍ നിന്നു മായുന്നില്ല. പക്ഷെ കറിവെച്ചു തിന്നാനിരുന്നപ്പോള്‍ അതൊന്നും ഓർത്താതെ ഇല്ല. അതോ സൌകര്യപൂര്‍വ്വം മറന്നതായിരുന്നോ ആവോ? ഇങ്ങനായിരിക്കും മനുഷ്യന്റെ കാര്യവും, ആര്‍ക്കറിയാം. ഹിറ്റ്ലറൊക്കെ ഒത്തിരി മനുഷ്യരെ കൊന്നു എന്നൊക്കെ പറയുന്നതു കേല്‍ക്കുമ്പോള്‍ തോന്നാറുണ്ട്, എങ്ങനെ ഇതൊക്കെ ചെയ്യാന്‍ അവര്‍ക്കു സാധിക്കുന്നു എന്ന്. കൊന്നു കൊന്നു അവസാനം ഒരുപക്ഷെ  മരണം കാണാൻ ഒരു പ്രയാസവും ഇല്ലാതെ വരാം.

 പേരയുടെ ചുവട്ടിലെത്തിയപ്പോൾ അതില്‍ പഴുത്ത പേരക്കാ വല്ലതും ഉണ്ടോ എന്നു നോക്കിയേക്കാം എന്നുതോന്നി. അകം ചുവന്നിരിക്കുന്ന പേരക്കായാണെങ്കിലും കാണാൻ അഴകുണ്ടെങ്കിലും, മധുരം വീടിനു പുറകില്‍ നില്‍ക്കുന്ന ചെറിയ പേരയിലെ കുഞ്ഞുപേരക്കായ്ക്കാണ്. ഇതു വല്ല്യ പേരയായതിനാല്‍ വലിഞ്ഞു കയറുന്നതു  ആരെങ്കിലും കണ്ടാല്‍ വഴക്കുപറയും. എന്നാലും പഴുത്തതു കണ്ടപ്പോള്‍ കയറി പറിച്ചേക്കാം എന്നു വെച്ചു. കാര്യം മാടത്തയും വാവലും മറ്റും നല്ല പേരക്ക നോക്കി കൊത്തുന്നതിനാല്‍ പഴുത്തത് കിട്ടില്ലെങ്കിലും പഴുക്കാന്‍ തുടങ്ങിയത് അവര്‍ തൊടുന്നതിനു മുമ്പേ നമുക്കു കിട്ടും. ഒരു മൂത്ത പേരക്കാ വടക്കുള്ള തുഞ്ചത്തു കയറി പറിച്ച് അവിടെത്തന്നെ ശിഖരങ്ങളുടെ ഇടക്കിരുന്നു പതുക്കെ ആടി ഇരുന്നു കഴിച്ചു. നല്ല രസമാണ് ഇങ്ങനെ പൊക്കത്തിരിക്കാന്‍. വീടിന്റെ നടുമുറ്റം വരെ കാണാം. വീടിന്റെ പുറകില്‍ നിന്ന് തള്ളക്കോഴി കൊക്കുന്നത് കേട്ട് കോഴിക്കുഞ്ഞുങ്ങള്‍ എല്ലാം തള്ളയുടെ ചിറകിനടിയില്‍ കയറുന്നു. വല്ല്യമ്മ പിഞ്ഞാണം എടുത്ത് കൊട്ടി എറിയനെ ഓടിക്കാന്‍ നോക്കുന്നു. പണ്ടേ എനിക്ക് പേടിയാ എറിയനെ, തള്ളക്കോഴിയെ പറ്റിച്ച് കുഞ്ഞുങ്ങളെ റാഞ്ചുന്നവനല്ലേ. തള്ളക്കോഴി കൊക്കുന്നതു കേല്‍ക്കുമ്പോളേ പേടിയാ, ഏതു ഹതഭാഗ്യന്‍ കുഞ്ഞാണോ ഇന്നു പോയത് എന്നോര്‍ത്ത്. ഒരു തോക്കു ഉണ്ടായിരുന്നെങ്കില്‍ എറിയനെയും പരുന്തിനെയും ഒക്കെ വെടിവെച്ചു കൊല്ലാരുന്നു. 

എന്തായാലും അനിയന്‍ ചെന്ന് വല്ല്യമ്മയോട് എന്തോ പറഞ്ഞ് കോഴിക്കുഞ്ഞുങ്ങളെ പിടിച്ച് ചൂരല്‍ കൊട്ടക്കകത്തിട്ടു. കഴിഞ്ഞ ദിവസം ഒരു കോഴിക്കുഞ്ഞിനെ പരുന്തു പിടിക്കാൻ തുടങ്ങിയപ്പോൾ അവൻ ഓടി വന്നു രക്ഷിച്ചിട്ടു വല്യമ്മയും കൂടി ചേർന്ന് മഞ്ഞൾ ഒക്കെ തേച്ചു പരിചരിക്കുന്നത് കണ്ടു. തൂങ്ങി നിന്ന കോഴിക്കുഞ്ഞിനെ പിഞ്ഞാണത്തിന്റെ അടിയിൽ ഇട്ടു മുകളിൽ വടി കൊണ്ട് കൊട്ടുന്നത് കണ്ടു, എന്തിനാണോ ആവോ?  അവന്റെ പരിപാടികളാണ് കോഴികളെ പൊരുന്നയിരുത്തും കുഞ്ഞുങ്ങളെ വളര്‍ത്തും. 

 രണ്ടു പേരക്കാ തിന്നു കഴിഞ്ഞ് പതുക്കെ ഇറങ്ങി പ്ലാവിന്‍ ചുവട്ടിലേക്കു നടന്നു. തേക്കിന്റെ ചുവട്ടില്‍ കൂടി പോയപ്പോള്‍ ഒരു പുഴു ദേഹത്തു തട്ടിയപ്പോളാണ് അതിന്റെ കാര്യം ഓര്‍ത്തത്. നൂലില്‍ തൂങ്ങിക്കിടക്കുന്ന നൂറുകണക്കിനു പുഴുക്കളാണ് ആ സീസണില്‍ തേക്കു മുഴുവന്‍. അതിന്റെ ഇല മുഴുവന്‍ തിന്നുകയും ചെയ്യും. എന്തൊക്കെ ജീവികളാണോ ഈ പറമ്പില്‍? പച്ച കളറിലും പലകളറിലും ഉള്ള പുഴുക്കളേ മാത്രം ഇഷ്ടമാണ്. ആട്ടിന്‍പുഴുവിനെ എങ്ങാനും തൊട്ടാല്‍ പിന്നെ പറയണ്ടാ. എന്നാ പിന്നെ ഈ ദൈവത്തിന് നല്ല പുഴുക്കളേ മാത്രം സൃഷ്ടിച്ചാല്‍ മതിയാരുന്നല്ലോ? എന്തിനാ ഈ ചൊറിയന്‍ പുഴുവിനെയും മറ്റും ഉണ്ടാക്കിയത്? പോരാത്തതിന് കൂടുതല്‍ ഉള്ളതും ഈ വക ആട്ടിന്‍ പുഴു, ഈച്ച, അട്ട, കാക്ക, കൊതുക്, എലി തുടങ്ങിയ സാധനങ്ങള്‍. ഇതിനൊക്കെ പകരം എല്ലാ കൂട്ടത്തിലെയും സുന്ദരന്മാരെ ഉണ്ടാക്കിയാല്‍ മതിയാരുന്നല്ലോ. പാമ്പുകളില്‍ പച്ചിലപാമ്പ്, മീനുകളിൽ സ്വർണ മീൻ, പുഴുക്കളില്‍ പച്ചപ്പുഴു, പക്ഷികളില്‍ മയിലും തത്തയും ഒക്കെ. 

ഓ പറഞ്ഞിട്ടു കാര്യമില്ലല്ലോ, അങ്ങനെ തന്നെയാ മനുഷ്യരെയും സൃഷ്ടിക്കുന്നതെങ്കില്‍ എന്നെപോലെയുള്ള  പാവം വികൃതരൂപികൾ ഒക്കെ എന്തു ചെയ്തേനേ? പഴുത്ത പ്ലാവിലെ കുറെ കുത്തിയെടുത്തു. പിന്നെ പതുക്കെ വല്ല്യപ്പന്‍ കുടയുമായി നടക്കുന്നപോലെ കുടക്കാലു കുത്തിക്കുത്തി വീട്ടിലേക്കു നടന്നു. അങ്ങനെ നടന്നു പോയപ്പോളാണ് അനിയന്റെ അരുമയായ ഗിരിരാജാ കോഴിപ്പൂവന്‍ ഒരെണ്ണം വഴിയില്‍ നില്‍ക്കുന്നത്. സാധാരണ നമ്മള്‍ വരുമ്പോള്‍ ബഹുമാനത്തോടെ മാറിത്തരുന്നതാണ് കോഴികള്‍. ഇവന്റെ അഹങ്കാരം കണ്ടില്ലേ? കുടക്കമ്പികൊണ്ട് ഒരു തോണ്ടു കൊടുത്തു ഞാന്‍. കൊക്കിക്കൊണ്ട് ഒരു ചാട്ടം അവന്‍, ഞാന്‍ മുമ്പോട്ടു നടന്നു. 

 പുറകില്‍ നിന്നും ഒരു ശബ്ദം, ഞെട്ടിത്തിരിഞ്ഞുനോക്കിയ ഞാന്‍ കണ്ടത് എന്നെ കൊത്താന്‍ പറന്നു വരുന്ന പൂവനെയാണ്. എന്റമ്മോ എന്നു കരഞ്ഞു ഓടിയെങ്കിലും ഒരു കൊത്തു കിട്ടി, കൃത്യം  കുണ്ടിക്കു തന്നെ. അതിന്റെ വേദനിയില്‍ കയ്യാലയില്‍ നിന്നും എടുത്തു ചാടിയ ഞാന്‍ ചെന്നു ചവുട്ടിയത് നനഞ്ഞുകിടന്ന വാഴപ്പോളയില്‍. അതിൽ ചവുട്ടി തെന്നിചെന്നു വീണത് തെങ്ങില്‍ കെട്ടിയിരുന്ന ആടിന്റെ മുമ്പില്‍. ഇനി അതിന്റെ ചവുട്ടോ അല്ലെങ്കില്‍ കുത്തോ കിട്ടുമോ എന്ന് വിചാരിച്ചെങ്കിലും പാവം ആട്, നേരെ വന്നു കുടക്കമ്പിയിലെ പഴുത്ത പ്ലാവില തിന്നാന്‍ തുടങ്ങി. അതു വിചാരിച്ചു കാണും സ്നേഹംകാരണം പറന്നുവന്നു പ്ലാവില തന്നതാണെന്ന്. എന്നാലും ഒരു കോഴിപ്പൂവന്റെ മുമ്പില്‍ പോലും അഹങ്കരിക്കാന്‍ യോഗമില്ലാത്തവനാണല്ലോ ഞാന്‍ എന്നാലോചിച്ചപ്പോള്‍ കൊത്തിയിടത്തെ വേദന വീണ്ടും കൂടി. 

ഇന്നും നല്ല കോഴിപ്പൂവനെ കാണുമ്പോള്‍ ഞാന്‍ ഇത്തിരി മാറി നടന്നേക്കും, എന്തിനാ വെറുതെ അഹങ്കരിക്കുന്നത്?


Read more...

കറിയാച്ചന്റെ വിചാരങ്ങള്‍

>> Sunday, April 5, 2009

ഞാന്‍ കറിയാച്ചന്‍. ഈ ലോകത്തേക്കു വന്നിട്ട് രണ്ടു വര്‍ഷങ്ങളും കുറച്ചു മാസങ്ങളും കഴിഞ്ഞിരിക്കുന്നു. ബുദ്ധി ഉറച്ചു വരുന്നതേ ഉള്ളൂ എന്ന് ചാച്ചയും അമ്മയും പറയുമ്പോള്‍ അവര് ‍എത്രത്തോളം ബുദ്ധിയില്ലാത്തവരാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. നീണ്ട രണ്ടുവര്‍ഷങ്ങള്‍ ലോകം കണ്ടവനല്ലേ ഞാന്‍? എങ്കിലും ഇനിയുമെത്ര ദൂ‍രം പോകേണ്ടിയിരിക്കുന്നു.



ഈ ചാച്ചയെക്കൊണ്ട് ഞാന്‍ തോറ്റു. രാവിലെ ഉറങ്ങിക്കിടക്കുമ്പോളാ കൂടുതല്‍ സ്നേഹം. എന്നും രാവിലെ റ്റാറ്റാ പോകാന്‍ നേരം ചാച്ച കെട്ടിപീടിച്ച് ഉമ്മ തരും. ഞാനാണെങ്കില്‍ നല്ല ഉറക്കത്തിലുമായിരിക്കും. രാത്രീലൊക്കെ അമ്മേനേം ചാച്ചേനേം ഉറക്കാന്‍ നോക്കി ലേറ്റായി കിടക്കുന്നതല്ലേ? രാവിലെയെങ്കിലും ഇത്തിരി സമാധാനമായി ഉറങ്ങിയില്ലേ ക്ഷീണമല്ലേ? അന്നേരമാ കുളിയൊക്കെ കഴിഞ്ഞു വന്നു തണുപ്പോടെ ഒരു ഉമ്മ. എന്നാലും സ്നേഹത്തോടെയായതു കൊണ്ട് ഞാന്‍ ക്ഷമിച്ചേക്കും. ചെറിയൊരു ചിരിയും കൊടുത്തേക്കും. പാവം സന്തോഷത്തോടെ പൊക്കോട്ടെ.

ചാച്ചക്കൊക്കെ എന്തു സുഖമാ, എന്നും കറങ്ങാന്‍ പോക്കല്ലേ? വല്ലപ്പോളും ഞങ്ങളെ പാര്‍ക്കിലോ ഷൊപ്പിങിനോ കൊണ്ടുപോകും. പക്ഷെ ചാച്ച എന്നും രാവിലേം ഉച്ചക്കും പോകും. ഞാന്‍ കുറെ കരഞ്ഞു നോക്കി, പക്ഷെ ആഴ്ചയില്‍ ഒരു ദിവസം മാത്രമേ പകല്‍ കൊണ്ടുപോകുകയുള്ളൂ. എനിക്കണേങ്കില്‍ എപ്പോളും പുറത്തു പോകാന്‍ കൊതിയാ. സെല്‍ഫിഷായിരിക്കും ചാച്ച, അതല്ലേ എന്നും തന്നെ പോകുന്നത്. പോകുമ്പോളൊക്കെ എന്നേം കൊണ്ടുപോയാല്‍ എന്താ കുഴപ്പം?

ഇന്നലെ രാത്രി ലുലുവില്‍ പോയപ്പോള്‍ ഞാന്‍ എത്ര കരഞ്ഞെന്നോ ഒരു സൈക്കിള്‍ വാങ്ങി തരാന്‍. ഈ ചാച്ചയെന്തിനാ ഇത്ര ദുഷ്ടനായത്. കണ്ട അരിയും മുളകും ഒക്കെ വാങ്ങാം. എല്ലാം കഴിഞ്ഞ് ഒരു കാര്‍ഡ് അങ്ങോട്ട് ഉരച്ചാല്‍ പോരെ. എന്നാ പിന്നെ ഇഷ്ടം പോലെ ഐസ് ക്രീമും ചോക്കളേറ്റും വാങ്ങുവരുന്നേല്‍ കുഴപ്പമില്ലാരുന്നു. അതുക്കൂട്ട് ഒരു കാര്‍ഡ് കിട്ടുവരുന്നേല്‍ ചുമ്മാ പോയി എന്തേലുമൊക്കെ വാങ്ങാരുന്നു. വേറേം പിള്ളെരു കരയുന്ന കണ്ടു. എല്ലാ ചാച്ചമാരും ഇങ്ങനെയാരിക്കും.

വൈകിട്ട് തിരിച്ചു വരുമ്പോള്‍ ഞാന്‍ നല്ല രസമുള്ള ഒരു വണ്ടി കണ്ടു. ലോറി ആണെന്നാ ചാച്ച പറഞ്ഞത്. കോണ്‍ക്രീറ്റ് മിക്സര്‍ എന്നാ ചാച്ച പറഞ്ഞേ. അതോടുമ്പോള്‍ അതിന്റെ പുറകിലുള്ള ഒരു ടാങ്ക് കറങ്ങും. ഇടക്കു ചാച്ച കള്ളുകുടിക്കാന്‍ നേരം കഴിക്കുന്ന എരിവുള്ള മിക്ചര്‍ ആണ് എനിക്കറിയാവുന്നത്. ഇതു സിമന്റ് മിക്സ് ചെയ്ത് കൊണ്ടുപോകുന്നതാണ് എന്നൊക്കെ പറഞ്ഞു. ഞാന്‍ നോക്കിയപ്പോള്‍ അമ്മക്ക് പുട്ടു കുഴക്കാന്‍ പറ്റിയ സാധനമാ. അതിനകത്തോട്ട് എല്ലാം കൂടി ഇട്ടാല്‍ കുഴച്ചിങ്ങു വരില്ലേ. പാവം, പുട്ടിനും ചപ്പാത്തിക്കും ഒക്കെ കുഴക്കുന്നതു കണ്ടാല്‍ സങ്കടം വരും.

കാറിലാണെങ്കില്‍ എന്നെ ഒന്നു മുമ്പില്‍ പോലും ഇരുത്തില്ല. ആദ്യം ഒക്കെ ഓടിക്കാന്‍ വേണ്ടി കരഞ്ഞു നോക്കി, എവിടെ ഒന്നു മുമ്പില്‍ പോലും ഇരുത്തില്ല. രാവിലെ മുതല്‍ ചാച്ചക്കു കറങ്ങാം. നമ്മള്‍ വല്ല കളിവണ്ടിയും ഓടിച്ചു ഇരുന്നോണം. അതും നല്ല ഒരെണ്ണം കടയില്‍ കണ്ടാല്‍ അതൊന്നു വാങ്ങിത്തരാന്‍ എത്ര കരഞ്ഞാലും തരില്ല. എല്ലാ ദിവസവും ഒരു മൂന്നു പുതിയ കാര്‍ വാങ്ങിത്തന്നാല്‍ എന്താ കുഴപ്പം. കാര്‍ഡ് ഉരച്ചാല്‍ പോരെ?

വണ്ടി ഒക്കെ ചാച്ചക്കു ഇത്തിരി സ്പീഡില്‍ ഓടിച്ചാല്‍ എന്താ കുഴപ്പം. സ്പീഡില്‍ പോകാന്‍ പറയുമ്പോള്‍ പറയും ക്യാമറ ഉണ്ട്, ഫൈന്‍ വരും എന്നൊക്കെ. ഇടക്കു നല്ല വല്ല്യ ജീപ്പോക്കെ വന്നു ചാച്ചേടെ പുറകില്‍ നിന്നു ലൈറ്റ് അടിച്ചു കാണിക്കും. അപ്പോള്‍ ചാച്ച സൈഡ് കൊടുക്കും, അവന്മാര്‍ മുമ്പില്‍ കയറി പോകും. ഈ തലേക്കെട്ടും കെട്ടിയ പണിക്കാര്‍ക്കൊക്കെ വല്ല്യ വണ്ടി. അവര്‍ക്കൊക്കെ എത്ര സ്പീഡില്‍ വേണേലും പോകാം. ടൈ ഒക്കെ കെട്ടി വല്ല്യ പത്രാസില്‍ പോകുന്ന ചാച്ച കുഞ്ഞു കാറുമായി പതുക്കെ പോകും. കലികാലം അല്ലാതെന്താ.ചാച്ചക്കും തലേക്കെട്ടു കെട്ടിയ പണിക്കാരെ വല്ല്യ ബഹുമാനമാ. പാവം നമ്മളെ ഒക്കെ ഒന്നു ബഹുമാനിച്ചാ എന്താ കുഴപ്പം?

അമ്മയും കണക്കാ, എന്നും ഒരു സാധനം കൊണ്ട് വന്ന് കുണ്ടി പൊതിഞ്ഞു കെട്ടും. അപ്പിയിട്ടാല്‍ മുഴുവന്‍ അതിലിരിക്കും. അതില്ലെങ്കില്‍ ചുമ്മാ കാണുന്നിടത്തൊക്കെ ചൂചു വെക്കാരുന്നു. രാത്രിക്കു കിടന്നു മുള്ളുമ്പോള്‍ നനയാതിരിക്കും എന്നൊരു മെച്ചം മാത്രം. പക്ഷെ ഭയങ്കര ചൂടാന്നേ അകത്ത്, പിന്നെ ഇടക്കൊക്കെ ചൊറിച്ചിലും വരും. പാപ്പം കുടിക്കുമ്പോളൊക്കെ സുനാപ്പിയില്‍ പിടിച്ചോണ്ടു കിടക്കാന്‍ എന്തൊരു രസമാ, സമ്മതിക്കില്ല ഈ അമ്മ.

കോക്കു കരയുമ്പോളൊക്കെ അമ്മ എടുക്കും, ഞാന്‍ കരഞ്ഞാല്‍ അമ്മയും ചാച്ചയും അടിതരും. അവന്‍ വന്നതു കാരണം എന്തൊക്കെ കുഴപ്പങ്ങളാ. എന്നാലും ചിലപ്പോല്‍ അവന്റെ കൂടെ കളിക്കാന്‍ നല്ല രസമാ. അവന്റെ മാന്തിപ്പറിയാ സഹിക്കാന്‍ വയ്യാത്തത്. ഇപ്പോള്‍ വന്നു വന്നു എല്ലാര്‍ക്കും അവനെയാ ഇഷ്ടം. ഞാന്‍ മാക്സിമം എല്ലാരേം കയ്യിലെടുക്കാന്‍ നോക്കുന്നുണ്ട്.

രാത്രിക്കു ചിലപ്പോള്‍ ചാച്ചയും അമ്മയും നല്ല സ്നേഹമുള്ളപ്പോള്‍ കഥകള്‍ ഒക്കെ പറഞ്ഞുതരും. എനിക്കേറ്റവുമിഷ്ടം ചാച്ച ഫാന്റം ആകുന്നതാ. അമ്മ ഇത്തിരി വണ്ണമുള്ള ഡയാനയാകും. ഞാന്‍ റെക്സ് ആയിട്ടും, കോക്കു കിറ്റ് ആയിട്ടും കാട്ടിലൂടെ ഒക്കെ പോകും. ഞങ്ങള്‍ക്ക് ഒരു അനിയത്തി കൂടി ഉണ്ട് കഥയില്‍, ഹെലോയിസ്. ശരിക്കും അവള്‍ ഇനി എപ്പോളാണോ വരുന്നത്. ഇന്ന് എന്തു കഥയാണോ ആവോ പറയുന്നേ.

ഫുള്‍ ടൈം അമ്മിഞ്ഞകുടിയാണ് കോക്കുവിന്റെ പണി. രണ്ടു ദിവസം മുമ്പ് അമ്മയും ചാച്ചയും കൂടി എന്നെ ഒന്നു കൂടി കുടിപ്പിക്കാന്‍ നോക്കി. എനിക്കണെങ്കില്‍ നാണമാ. ചാച്ച കുടിച്ചു കാണിച്ചു തന്നു, ഒരു നാണവും ഇല്ലന്നേ ചാച്ചക്ക്. ഓ..പണ്ട് പുളിചുവ വന്നപ്പോള്‍ നിര്‍ത്തിയതല്ലേ, ഇനിയിപ്പോള്‍ വേണ്ട. എന്നാലും അമ്മ അമ്മിഞ്ഞയില്‍ ചേര്‍ത്ത് പിടിച്ചു സ്നേഹിക്കുമ്പോള്‍ നല്ല സുഖം തോന്നും. ആരേം പേടിക്കണ്ടാത്തതുപോലെ...
വലിയ ചേട്ടായി ഒക്കെ ആയില്ലേ, ഇനി ഇത്തിരി സ്റ്റൈല്‍ ഒക്കെ ആവാം അല്ലേ?

ഈ ആരാധകരെ കൊണ്ട് തോറ്റു...

ഇതു കോക്കു. ഇവന്‍ ഇപ്പോള്‍ എന്നെ മുകളിലേക്കാ നോക്കുന്നതെങ്കിലും ഈ രീതിയിലാണെങ്കില്‍ രണ്ടു വര്‍ഷം കഴിയുമ്പോള്‍ ഞാന്‍ ഇങ്ങനെ നോക്കേണ്ടി വരും.

Read more...

കോക്കു

>> Monday, March 23, 2009

രാവിലെ എണീക്കാന്‍ എന്താ ഒരു ബുദ്ധിമുട്ട്. പണ്ട് കേട്ടിരിക്കുന്നതും ശീലിച്ചിരുന്നതും പുലരുമ്മുമ്പെണീക്കണം, കുളിച്ച് വെളുത്ത മുണ്ടുടുക്കണം എന്നൊക്കെയായിരുന്നു.
(വെളുത്തമുണ്ടുടുത്തില്ലെങ്കിലും കുളിച്ച് ലുങ്കിയെങ്കിലും ഉടുത്തിരുന്നു.)ഇപ്പോള്‍ കിടക്കുന്നത് പുലര്‍ച്ചക്ക്, എഴുന്നേല്‍ക്കുന്നത് ബ്രഞ്ചിന്റെ സമയത്ത്.

എന്നാലും ഉറങ്ങാന്‍ പറ്റുവോ? കറിയാച്ചന്‍ ലേറ്റാ കിടന്ന് ലേറ്റാ വരുമ്പോള്‍ ഇളയവന്‍ കോക്കു ലേറ്റാ കിടന്ന് ലേറ്റസ്റ്റാ വരും. സാധാരണ കുഞ്ഞുങ്ങള്‍ ഒത്തിരി ഉറങ്ങുമെങ്കിലും കോക്കുവിന് ചുരുക്കത്തില്‍ ഉറക്കം വളരെ കുറവ്. മിക്കവാറും കുട്ടികള്‍ ഉറക്കത്തില്‍ കൈ വായില്‍ വെക്കും, അല്ലെങ്കില്‍ സുനാപ്പിയില്‍ പിടിക്കും, അമ്മയുടെ മുടിയില്‍ പിടിക്കും അങ്ങനെ എന്തെങ്കിലും ഒരു പ്രത്യേകത കാണും. കോക്കുവിന് പ്രിയം അമ്മിഞ്ഞയാണ്. എല്ലാവരും പിള്ളേരും അമ്മിഞ്ഞ കുടിക്കുമെങ്കിലും ഇവന്റെ ഇത്തിരി കടന്ന കുടിയാണ്. ഉറക്കത്തിലെങ്ങാനും അമ്മിഞ്ഞ അവന്റെ അവന്റെ വായില്‍ നിന്നും പോയാല്‍ പിന്നെ
അവിടെ മഴക്കാലത്തെ ചീവീടിന്റെ ഒച്ചയാണ്. ഉറക്കത്തില്‍ അവന്‍ തിരിയുമ്പോള്‍ അമ്മിഞ്ഞ അവന്റെ കൂടെ തിരിയാത്തതെന്താണ് എന്നാലോചിച്ച് ചില രാത്രികളില്‍ അവന്‍ നിര്‍ത്താതെ കരയും. പാവം എന്റെ ഭാര്യ, വേദനയാല്‍ പുളയാതിരിക്കാന്‍ അതു റബര്‍പാലുകൊണ്ടുണ്ടാക്കിയതല്ലല്ലോ, ഇതൊക്കെ വലിയുന്നതിനൊക്കെ ഒരു പരിധിയില്ലേ? അമ്മിഞ്ഞയില്‍ നിന്നു പിടി വിടുകയോ അല്ലെങ്കില്‍ കൂടുതല്‍ ഉറങ്ങുകയോ ചെയ്താല്‍ അവന്‍ ശടേന്നു വന്ന പോലെ മൂന്നാമതൊരെണ്ണം കൂടി വന്നാലത്തെ അവസ്ഥ
ആലോചിച്ചിട്ടാവാം. ചാച്ചക്കും അമ്മക്കും ഉത്തരവാദിത്വബോധം ഇല്ലെങ്കിലും അവനുണ്ടാവണമല്ലോ? അതായിരിക്കും പുതിയ കുടുംബാസൂത്രണം, മക്കള്‍ വഴി.

മറ്റുള്ളവര്‍ പിള്ളേരുടെ സമയത്തിനു അഡ്ജസ്റ്റ് ചെയ്ത് യാത്രകള്‍ പോലും ക്രമീകരിക്കുന്നത് കണ്ട് ഞങ്ങള്‍ തീരുമാനിച്ചിരുന്നു ഒരിക്കലും പിള്ളേരുടെ സൌകര്യത്തിന് ഞങ്ങള്‍ പെരുമാറില്ല എന്ന്. വന്ന് വന്ന് ഇപ്പോള്‍ ഒരു മാസമായപ്പോളേക്കും അവരുടെ സമയത്തിനനുസരിച്ചായി കാര്യങ്ങള്‍. വൈകുന്നേരം ചാച്ച വന്നിട്ടു പുറത്തു പോകാനായി ഫ്ലാറ്റിലെ ഒറ്റമുറിയില്‍ ജയിലിലെ പോലെ കഴിയുകയല്ലേ? പാവങ്ങള്‍!, എന്റെ വീട്ടിലും അവളുടെ വീട്ടിലും മുറ്റത്തും പറമ്പിലും എല്ലാവരുടെയും കൊഞ്ചിക്കലുകള്‍ ഏറ്റുവാങ്ങി
നടന്നിരുന്ന പിള്ളേരാ. ഇവിടെ ഇങ്ങനെ ജയിലിലായത്. ഒരു പണിയുമില്ലാതെ ചൊറിയും കുത്തിയിരുന്ന് ബ്ലോഗിക്കൊണ്ടിരുന്ന ഞാന്‍ അവര്‍ വന്നതോടെ ബ്ലോഗ് എന്ന വാക്കുപോലും കേട്ടിട്ടില്ലാത്തവനെ പോലെയായി. ക്രിക്കറ്റ് ടീം ഒക്കെ എപ്പോളേ എന്നെ മറന്നു.

അതെങ്ങനെയാ, എന്നു കുടുംബം വന്നാലും കെട്ടിയെടുക്കും ഞങ്ങളുടെ ഒരു ഓവര്‍സീസ് ഐ റ്റി ഡയറക്ടര്‍. കുടുംബമായി ജീവിക്കുന്നതിന്റെ പ്രയാസങ്ങള്‍ അറിയാത്ത തെണ്ടി. പണ്ടാരക്കാലനെ ഏതെങ്കിലും ഒരു കോന്തി വന്ന് വേഗന്നു ഒന്നു കെട്ടിവരിയാന്‍ അനുഗ്രഹിക്കണേ എന്റെ പൊന്നു മദ്യപരദേവതകളേ...അയാള്‍ വന്നാല്‍ പിന്നെ ഇത്രയും കാലം ചൊറികുത്തിയിരുന്നതിന്റെ മുഴുവന്‍ കേടും തീര്‍ത്ത് പണിയോട് പണി. ഈ
പ്രാവശ്യം രണ്ടാഴ്ചക്കു വന്നവന്‍ നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. അതും വെള്ളിയാഴ്ച പോലും ഒഴിവില്ലാതെ രാത്രി വരെ. ഞാന്‍ കൂട്ടിനെങ്കിലും ഇരുന്നില്ലെങ്കില്‍ എന്നെ ജോലീന്നെങ്ങാനും പിരിച്ചു വിട്ടാലോ?

ഇന്നലെ ഭാര്യയുമായി ഒന്നു സല്ലപിക്കാന്‍ കാത്തിരുന്നത് വെളുപ്പിനെ മൂന്നു മണി വരെ. മിക്കവാറും കാത്തിരുന്ന് ഞങ്ങളില്‍ ആരെങ്കിലും ഉറങ്ങിപോവുകയും ഉറങ്ങിക്കിടക്കുന്ന മറുഭാഗത്തെ നോക്കി നെടുവീര്‍പ്പെടുകയും ചെയ്യാനായിരുന്നു ഞങ്ങളുടെ വിധി. രാവിലെ എന്തായാലും ഇത്തിരി താമസിച്ചു പോകാം എന്നു കരുതിയപ്പോള്‍ കോക്കുച്ചേട്ടന്‍ ആറുമണിക്കേ ചീവീടായി അലാറം അലറിയടിച്ചു. പാവം ഭാര്യ, അവള്‍ തളര്‍ന്നുറങ്ങുന്നു. ഞാന്‍ ഡ്യൂട്ടി ഏറ്റെടുത്തു. വെറുതെയല്ല, ക്രിക്കറ്റ് കാണുകയും ചെയ്യാമല്ലോ. കറിയാച്ചന്‍ ഇടക്കെണീക്കുമ്പോള്‍ വീണ്ടും ഉറക്കാന്‍ കൊടുക്കാനായി ഒരു ടാങ്ക് പാലും റെഡിയാക്കി.
പാവം, അവള്‍ ഇത്തിരി നേരം കിടന്നുറങ്ങട്ടെ. രാവിലെ കോക്കു ഭയങ്കര ഊര്‍ജസ്വലനാണ്. എന്തിനാ രാവിലെ, ഫുള്‍ ടൈം ഊര്‍ജസ്വലനല്ലേ? ഒരു തരത്തില്‍ നീറും ചീവീടും ചേര്‍ന്ന ഒരു കൊച്ചു തെമ്മാടി.

എങ്കിലും നല്ല രസമാ കൊഞ്ചിക്കാനൊക്കെ. കറിയാച്ചന്‍ ശരിക്കും പാവമാ. രാവിലെ മിക്കവാറും ചിരിച്ചോണ്ട് ഒരു കൊച്ചു നാണത്തോടു കൂടിയാണ് പുള്ളിക്കാരന്‍ എണീറ്റു വരിക. പാലു എത്ര വേണമെങ്കിലും കുടിച്ചോളും, ഖരമായുള്ളത് ഒന്നും കഴിക്കില്ല. എന്നാല്‍ വെളിയില്‍ ഇറങ്ങിയാല്‍ ആരെങ്കിലും കഴിക്കുന്നിടത്തു പോയി നോക്കി നില്‍ക്കുന്നതു കണ്ടാല്‍ ആരും എന്തെങ്കിലും കൊടുത്തു പോകും. ഒരു ദിവസം ക്രിക്കറ്റു കളിക്കാന്‍ ഇന്‍സ്പോര്‍ട്സ് ക്ലബില്‍ വന്ന ഡാന്‍യൂബിന്റെ കളിക്കാരുടെ മട്ടണ്‍
ബിരിയാണി ഒരു പ്ലേറ്റ് ആണ് ഇഷ്ടന്‍ അടിച്ചത്. അടുത്തയാഴ്ച ഹോട്ടലില്‍ നിന്നും വാങ്ങി വീട്ടില്‍ കൊണ്ടുവന്ന സൂപ്പര്‍ മട്ടണ്‍ ബിരിയാണി അവന്‍ തൊട്ടു നോക്കിയില്ല. സമയമുണ്ടായിരുന്നെങ്കില്‍ പുറത്തൊക്കെ കൊണ്ടുപോയി കഴിപ്പിക്കാമായിരുന്നു.

കോക്കു കൊഞ്ചല്‍ ഒക്കെ ഇത്തിരി കുറച്ചു അമ്മ കിടക്കുന്ന ഭാഗത്തേക്ക് ഇത്തിരി കോണ്‍സെന്റ്രേറ്റ് ചെയ്യാന്‍ തുടങ്ങി. നല്ല വിശപ്പുകാരനാ, എന്തേലും ഉണ്ടാക്കി കൊടുത്തില്ലേല്‍ എന്നെ പിടിച്ചു തിന്നു കളയും. എന്നാല്‍ അതൊട്ടു ശരീരത്തില്‍ കാണാനും ഇല്ല. മൊത്തം ഊര്‍ജ്ജമായി പോവുകയായിരിക്കും. അടുക്കളയില്‍ കയറി ഇത്തിരി ബ്രഡും ബട്ടറും എടുത്തു, ഒരു ഏത്തക്കായും. അതു കൊണ്ടുവന്നപ്പോളേ പിടയെ കണ്ട കോഴിപ്പൂവന്‍ ചിറകടിക്കുന്ന പോലെ കൈ തുടക്കിട്ടടിച്ച് അവനെത്തി. അവന്‍ പിന്നെ എന്നാ വേണമെങ്കിലും തിന്നോളും. ഇടക്ക് ടിവിയില്‍ ഒരു ക്യാച്ച് എടുത്തതിന്റെ ആഘോഷങ്ങളില്‍ മുഴുകിയിരുന്നപ്പോള്‍ ഏത്തക്കായുടെ തൊലിയും കൂടി ചെക്കന്‍ തിന്നു. അട്ടയും കോഴിത്തീട്ടവും ഒക്കെ എടുത്തടിക്കുന്ന പിള്ളേരെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇവന്‍ ആ ടൈപ്പ് ആകാനാണ് സാധ്യത.

പണ്ടോക്കെ പിള്ളേര്‍ റേഡിയോയില്‍ തൊടുകയാണെങ്കില്‍ ഇവന്‍ പാട്ടുകാരനാവും, പറമ്പില്‍ നടക്കുകയാണെങ്കില്‍ കൃഷിക്കാരനാകും എന്നൊക്കെ പറയുന്നപോലെയാണെങ്കില്‍ ഇവന്‍ തീര്‍ച്ചയായും മുന്‍സിപ്പാലിറ്റി ജോലിക്കാരനാകും. എഴിന്നേറ്റ് നടക്കാന്‍ തുടങ്ങിയ അന്നു മുതല്‍ വീട്ടിലെ വേസ്റ്റ് ബോക്സ് തപ്പുകയാണ് ഏറ്റവും താല്പര്യമുള്ള ജോലി. ബാത്തുറൂമില്‍ കയറിയാല്‍ ക്ലോസറ്റ് കഴുകുന്ന ബ്രഷിന്റെ
അടുത്തേക്കാണ് ആദ്യം പോവുക. ദൈവമേ... ഇവനെ പഠിപ്പിക്കാന്‍ വിടണോ ആവോ? എന്തിനാ വെറുതെ ക്യാഷ് കളയുന്നത്. അവന്‍ വയറ്റിലുണ്ടായിരുന്നപ്പോള്‍ നടക്കാനിറങ്ങുമ്പോള്‍ എപ്പോളും ഞാന്‍ വേസ്റ്റുബോക്സിന്റെ അടുത്തോടെയാണ് ഭാര്യയെ നടത്തുന്നത് എന്ന് അവള്‍ പരാതി പറയുമായിരുന്നു. അവര്‍ ആ സമയത്ത് ഒത്തിരി സെന്‍സിറ്റീവ് ആണല്ലോ മണത്തിനോട്. അങ്ങനെയാണെങ്കില്‍ കറിയാച്ചനെ വയറ്റില്‍ ഉണ്ടായിരുന്ന സമയത്ത് ഞങ്ങള്‍ കൂടുതലും ബാറിന്റെ അടുത്തുകൂടി നടന്നിരിക്കാനാണ് സാധ്യത. ഇന്നലെയും ഞാന്‍ രണ്ടെണ്ണം അടിച്ചപ്പോള്‍ അവന്‍ വന്നു. പിള്ളേരെ കൊതിപ്പിച്ചു നമ്മള്‍ അടിച്ചാല്‍ അവര്‍ക്ക്
അതിനോടൊരു പ്രതിപത്തി മനസില്‍ കാണുമെന്ന് എന്റെ അനുഭവം തന്നെ എന്നെ പഠിപ്പിച്ചതിനാല്‍ ഞാന്‍ അവനു കൊതി തോന്നുമ്പോള്‍ ഒരു കവിള്‍ കൊടുക്കും. അവന്‍ അതു മുഖം ചുളിച്ച് കുടിച്ചേച്ചു പോകും, പിന്നെ കുറേ നാളത്തേക്ക് ചോദിക്കില്ല. പക്ഷെ കഴിഞ്ഞ രണ്ടുമൂന്നു തവണയായി അവന്‍ മുഖം അത്ര ചുളിക്കാറില്ല. ഇന്നലെ രാത്രി ഭാര്യ പറഞ്ഞു, ഇനി മിക്കവാറും സ്കൂളില്‍ പോകുമ്പോള്‍ മകന് പാലിനു പകരം ബക്കാര്‍ഡി റം കൊടുത്തു വിടണമായിരിക്കും എന്ന്. ഞാന്‍ ആലോചിച്ചു നോക്കി. ബിസ്കറ്റുവേണോ
എന്നു ചോദിക്കുന്ന ടീച്ചറോട് “ഓ അതൊന്നും വേണ്ട, വല്ല അച്ചാറോ മീന്‍ ചാറോ ഉണ്ടെങ്കില്‍ താ” എന്നു പറയുന്ന കറിയാച്ചന്റെ മുഖം. ഇനി മേലില്‍ കുടിക്കാതിരിക്കാം എന്ന് എല്ലാ വാളിന്റെയും പിറ്റേദിവസം മനസിലെടുക്കുന്നപോലെ ഒന്നു കൂടി തീരുമാനിച്ചു.

ഭാര്യ എണീറ്റു. തൊണ്ടവരെ ബ്രെഡും ഏത്തപ്പഴവും അടിച്ചു കേറ്റിയ കോക്കു അമ്മയെ കണ്ടപ്പോള്‍ അമ്മിഞ്ഞാക്കു പോയി പിന്നേം. എല്ലാരും പറയും പിള്ളേരു കഴിക്കുന്നതിനു പറഞ്ഞാന്‍ പിന്നെ അവര്‍ കഴിക്കില്ലാന്ന്. ഒരു കാര്യവുമില്ല. നമ്മളു പറഞ്ഞില്ലേലും രണ്ടാം വയസുമുതല്‍ നെഗറ്റീവ് സ്വഭാവം കാണിക്കുമ്പോള്‍ പിള്ളേരു കഴിക്കാതാവും. അപ്പോള്‍ നമ്മള്‍ പറയും നമ്മുടെ ശത്രുക്കല്‍ പിള്ളേരുടെ കഴിപ്പുകണ്ട് പറഞ്ഞിട്ടുണ്ടാവും എന്ന്. കറിയാ ഉറക്കത്തില്‍ തന്നെ ആയിരുന്നകൊണ്ട് കോക്കുവിന്റെ കറവ കഴിഞ്ഞപ്പോള്‍ ഭാര്യ അടുക്കളയില്‍ കയറി. ഞാന്‍ പതുക്കെ പ്രഭാത കൃത്യങ്ങള്‍ ഒക്കെ
നടത്തി.

രാവിലെ പ്രാതല്‍ ആയി പുട്ടും ഏത്തപ്പഴം പുഴുങ്ങിയത്, മുട്ട ബുള്‍സൈ ()തുടങ്ങിയ സൈഡ് ഐറ്റംസുമായി ഇരുന്നപ്പോള്‍ കോക്കു വന്ന് എന്റെ പാത്രത്തിലും കൈയിട്ടു, ഭാര്യ ചൂടായി അവനോട്. ഭാര്യക്കു ഈയിടെ ഇത്തിരി ദേഷ്യം കൂടുന്നു, ഉറക്കക്കുറവും എന്റെ തിരക്കും കാരണമായിരിക്കും. ഞാന്‍ പറഞ്ഞു പിള്ളേരെ നമ്മള്‍ ടാക്കിള്‍ ചെയ്യണം. ഉദാഹരണത്തിനു ഞാന്‍ കഴിക്കാനിരിക്കുമ്പോള്‍ അവളോട് പറയും കറിയാച്ചന്
കൊടുക്കണ്ടാ എന്ന്. അപ്പോള്‍ കറിയാച്ചന് കഴിച്ചേ പറ്റൂ എന്ന വാശി. അതുപോലെ നമ്മള്‍ ബുദ്ധിപരമായി വേണം പിള്ളേരുടെ അടുത്ത് കാര്യങ്ങള്‍ നടത്താന്‍. അവള്‍ പറഞ്ഞു ശ്രമിക്കാമെന്ന്.

രാവിലെ ഇല്ലാത്ത സമയത്ത് ഷര്‍ട്ട് തേച്ചു. തേപ്പിച്ചു വച്ചിരുന്ന ഷര്‍ട്ട് എല്ലാം തിര്‍ന്നു. അതിനു കൊണ്ടുക്കൊടുക്കാന്‍ പോലും സമയം ഇല്ല. എന്തൊരു തിരക്കാണോ? ഇനി ആ കാലന്‍ ഒന്നു പോയിട്ടു വേണം എല്ലാം ശരിയാക്കാന്‍. അപ്പോളാണ് കോക്കുവിന് ഷര്‍ട്ട് ചുളുക്കണം. ഭാര്യക്കു ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു, മോളേ.. നമ്മള്‍ ബുദ്ധിപരമായി നീങ്ങണം. ഞാന്‍ അവനെ കെട്ടിപ്പിടിച്ച് പറഞ്ഞു. “മോനേ..ചാച്ചക്ക് ഇടാന്‍ വേറെ ഷര്‍ട്ടില്ല കേട്ടോ, അമ്മക്കാണേല്‍ തേക്കാനും സമയമില്ല. എന്റെ മോന് തുണിയില്‍ കളിക്കണേല്‍ എന്റെ മുഷിഞ്ഞ ഷര്‍ട്ടു തരാം“ എന്നു പറഞ്ഞ് അവന് പഴയ ഒരെണ്ണം കൊടുത്തു. അവന്റെ മാറ്റം ഭയങ്കരം ആയിരുന്നു. അവന്‍ ആ മുഷിഞ്ഞ ഷര്‍ട്ട് എടുത്ത് ഭാര്യ മടക്കിവെക്കുന്നതു കണ്ടിട്ടാവണം, മടക്കിവെക്കാന്‍ ശ്രമിക്കുന്നു. ഭാര്യയുടെ മുഖത്ത് എന്റെ കെട്ടിയോന്റെ ഒരു ബുദ്ധിയേ എന്ന ഭാവം. എന്റെ മുഖത്ത് ഒരു ഗംഭീര ഭാവം. മിടുക്കന്‍ എന്നു പറഞ്ഞ് ഭാര്യ അവനു ഒരുമ്മ കൊടുത്തു. അവന്‍ സന്തോഷത്തോടെ
ചിരിച്ചു കൊണ്ട് ഓടി. അവന്റെ മുഖത്തെ കഴിച്ചതിന്റെ ബാക്കി കൊണ്ടുപോയി തുടച്ചിട്ട് വീണ്ടും ഉമ്മക്കായി വന്നു. തുടച്ചത് എന്റെ തേച്ചു വെച്ച ഷര്‍ട്ടിലാണെന്നു മാത്രം.

Read more...

കുട്ടപ്പായികഥകള്‍ 3- ഭാവി,ഭൂതം

>> Wednesday, March 4, 2009

അലാസ്കയിലെ മഞ്ഞുപൊടികള്‍ക്കിടയില്‍ ജോലിയന്വേഷിച്ചു പോകാനിരുന്ന സമയത്താണ് പൊതുവേ താല്പല്പര്യമുണ്ടായിരുന്ന ജ്യോതിഷകലകളില്‍ ഒന്നുകൂടി ശ്രദ്ധപതിപ്പിക്കുന്നത്. ഞാനും വാഴക്കാവരയനും പല്‍ഗുവും പിന്നെ കാരാങ്കനും ആയിരുന്നു ഇതിലെ പങ്കാളികള്‍. പല്‍ഗു ബാംഗളൂര്‍ ആയതിനാല്‍ അവന്‍ ഒഴിച്ചുള്ള മൂന്നുപേരും കണിയാന്റെ അടുത്തും ധ്യാനാഗുരുക്കളുടെ അടുത്തും ഒക്കെ ഒറ്റക്കും കൂട്ടായും ഒക്കെ പോയി കണ്‍സല്‍ട്ട് ചെയ്തു. ചുമ്മാ ചെറിയകാര്യം അല്ലല്ലോ? ഒന്നാമതെ അമേരിക്കയുടെ ഭാഗം. പോരാത്തതിന് ഉഷ്ണം പൂജ്യത്തിനു മുകളില്‍ എത്താനേ സാധ്യത ഇല്ല. പിന്നെ മലയാളം അവര്‍ക്കറിയില്ലല്ലോ, അവരെ പഠിപ്പിക്കാന്‍ ഒക്കെ വലിയ പ്രയാസമല്ലേ?


എന്തായാലും അലാസ്കയിലെ മീന്‍ പിടിത്തം നടന്നില്ല. നാഷണല്‍ ജോഗ്രഫിക്കില്‍ ജാക്കറ്റില്‍ പൊതിഞ്ഞുകയറി കൊടും കാറ്റിനോടും തണുപ്പിനോടും മല്ലടിച്ച് കൊച്ചു ബോട്ടില്‍ സ്രാവിനെ ഒക്കെ പിടിക്കുന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് ആദ്യം ത്രില്ലു തോന്നിയിരുന്നു എങ്കിലും ഇവിടുത്തെ തുലാമാസത്തിലെ ഇടിപോലും പേടിയുള്ള വാഴക്കാവരയന്‍ ഒക്കെ എങ്ങിനെ ചൂണ്ടയിട്ട് സ്രാവിനെ പിടിക്കും എന്ന സംശയം പതുക്കെ തോന്നിത്തുടങ്ങി. പൈക തോട്ടിലെ കാച്ചവനേയും നെറ്റിയേപൊന്നനേയും പോലും പിടിക്കാന്‍ പറ്റാതെ വെറും വാഴക്കാവരയനെ മാത്രം പിടിച്ചു നടന്നവര്‍ പതുക്കെ കര്‍ത്താവുറങ്ങിയപ്പോള്‍ തോണിയിലിരുന്നു പേടിച്ച ശിഷ്യന്മാരെപ്പോലെ ആയി. എന്തായാലും കുറച്ചു കാശുപോയതൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. പിന്നെ ലോട്ടറി എടുത്ത് കാത്തിരിക്കുന്നപോലെ ഒരു സുഖവും കിട്ടി.


എന്തായാലും ആ സമയത്ത് ഞാന്‍ ബൈബിളും ഭഗവത് ഗീതയും കഴിഞ്ഞിട്ട് ഖുറാന്റെ മലയാളം പരിപാഷ വായിച്ചിരിക്കുന്ന സമയം. വാഴക്കാവരയന്‍ എവിടുന്നോ കവടി നിരത്തുന്ന ചിപ്പുകള്‍ കൊണ്ടുവന്നു. അപ്പോളാണ് ഒരു ഐഡിയാ തോന്നിയത്. ചെറുതായി ജ്യോതിഷ പരിപാടികള്‍ നടത്തിയാലോ എന്ന്. കൈനോട്ടക്കാരുടെ സൈക്കോളജി പഠിക്കുകയും ചെയ്യാം, വരുന്ന മനുഷ്യരുടെ ആക്രാന്തം കാണുകയും ചെയ്യാം. എന്തായാലും കവടിനിരത്തലും കൈനോട്ടവും വിവരമുള്ളവര്‍ക്കു മാത്രം തെറ്റുമനസിലാവുന്ന അസ്ഥാനത്തുള്ള സംസ്കൃത പ്രയോഗങ്ങളുമായി കുറച്ചു പേരുടെ ഭാവിയും ഭൂതവും ഒക്കെ പ്രവചിച്ചു.


കാര്യം ഹിന്ദുക്കള്‍ ഒക്കെയായിരുന്നെങ്കിലും കൂടുതല്പേര്‍ക്കും ആകെ അറിയാവുന്ന സംസ്കൃതം “ യേ സംസ്കൃത വാര്‍ത്തായേം സുയംതാ..പ്രവാചക ബലദേവാനന്ദ സാഗര“ എന്നുള്ളതായിരുന്നു. പിന്നെ പരിചയമുള്ളവരെ ഒക്കെ ഒതുക്കാല്‍ നമ്മുടെ ലോക്കല്‍ പൊതുവിജ്ഞാനം മാത്രം മതിയായിരുന്നു. നാട്ടിന്‍ പുറത്തെ അവരവരുടെ വീടുകളില്‍ പോലും അറിയില്ലാത്ത വിവരങ്ങള്‍ നാട്ടുകാര്‍ക്കല്ലേ അറിയാവുന്നത്. എന്തായാലും ഇത്തിരി ഒതുക്കാനുള്ളവരെ ഈ വഴിയില്‍ കൂടി ഒതുക്കുകയും ചെയ്തിരുന്നു എന്നതായിരുന്നു വാസ്തവം. DYSP ക്രിഷ്ണകുമാറിന്റെ സഹപാഠി എന്നവകാശപ്പെടുന്ന എന്നാല്‍ നഴ്സറിയില്‍ പോലും പോയിട്ടില്ലാത്ത ലോക്കല്‍ കമ്മറ്റി അംഗം സൈക്കിളുകട ശശി ആയിരുന്നു അതിലൊന്ന്. കമ്മ്യൂണിസ്റ്റുകാരനും അതിലുപരി ഒരടികിട്ടിയാല്‍ പത്തടി അങ്ങോട്ടു കൊടുത്തിട്ട് വരുന്നവനാണെന്നു പറയുകയും നായനാരും DYSP ക്രിഷ്ണകുമാറും ഒക്കെ ശശിയുടെ തോളില്‍ കയ്യിട്ടു നടക്കുന്നവരുമാണെന്നുള്ള കത്തി അസഹഷ്ണീയമായിരുന്നു. പാര്‍ട്ടിയുടെ എന്തെങ്കിലും കാര്യം പറഞ്ഞാല്‍ നന്നാക്കിക്കൊണ്ടിരിക്കുന്ന സൈക്കിള്‍ അവിടെ നിറുത്തിയിട്ട് പോയിരുന്ന ശശിയെ ഞാന്‍ കൈനോക്കി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും എന്നു പറഞ്ഞത് പുള്ളിയെ കൊല്ലുന്നതിനു തുല്ല്യമായിരുന്നു.


ഒരു ദിവസം പൈകയിലെ എന്റെ ഓഫീസില്‍ വായനയുടെ ലോകത്തു നിന്നും ഇത്തിരി റെസ്റ്റ് എടുക്കാനായി ഇരിക്കുന്ന സമയം. നേരമ്പോക്ക് ഒന്നും കിട്ടാഞ്ഞതുകൊണ്ട് ശശിയോട് പണ്ട് ഒളിവില്‍ പോയ കാര്യം ഒന്നു ചോദിച്ചു. വേഗന്നു തന്നെ പണിതോണ്ടിരുന്ന സൈക്കിള്‍ സറ്റാന്‍ഡില്‍ കയറ്റി വെച്ച് ചായക്കടയില്‍ നിന്നും ചായയും പരിപ്പുവടയും വാങ്ങി ശശി കഥ പറയാന്‍ വന്നു. കഥകേള്‍ക്കുകയാണെങ്കില്‍ കാലുവരെ തിരുമ്മി തരും ശശി. എന്തായാലും അങ്ങനെ പരിപ്പുവടയും തിന്ന് ശശിയുടെ നുണകള്‍ കേട്ടിരിക്കുന്ന സമയത്താണ് വാഴക്കാവരയന്‍ അവന്റെ കൂടെ ജോലി ചെയ്യുന്ന തിരോന്തോരന്‍കാരന്‍ സുനിലുമായി എത്തുന്നത്. പരിചയപ്പെട്ടപ്പോള്‍ കഥമുറിഞ്ഞ വൈരാഗ്യത്തിലായിരിക്കാം ശശി പറഞ്ഞു ഞാന്‍ നല്ലൊരു കൈനൊട്ടക്കാരനാണ് എന്ന്. പിന്നെ ഒരു പരിചയവുമില്ലത്തവനെ കൈ നോക്കി എന്തു പറയും എന്നറിയാനുള്ള ഒരു ആകാംക്ഷയും കാണുമായിരിക്കാം.


പെട്ടെന്നു പറയാന്‍ പൊതുവേ നുണകള്‍ വായില്‍ തത്തിക്കളിക്കറുണ്ടെങ്കിലും അപ്പോള്‍ ഒന്നും വന്നില്ല. എന്തായാലും ഒന്നു പയറ്റാം എന്നു തീരുമാനിച്ചു. ദക്ഷിണയായ മഴുകുതിരിയും മൂന്നു വിത്സും വാങ്ങാനായി വാഴക്കാവരയനും സുനിലും കടയിലേക്കു പോയി. ശശി ഒന്നു നിവര്‍ന്നിരുന്നു. സുനില്‍ മെഴുകുതിരിയും സിഗരറ്റുമായെത്തി. വാഴക്കാവരയന്‍ ഒരു സുഹൃത്തിനെ കണ്ടിട്ട് വേഗന്നു വരാമെന്നു പറഞ്ഞ് അപ്പുറത്തോട്ട് പോയത്രേ. സുനില്‍ വന്നപ്പോള്‍ ഞാന്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുവാരുന്നു. ഞാന്‍ ഇരിക്കുവാന്‍ ആംഗ്യം കാണിച്ചു. ശശി മെഴുകുതിരി കത്തിച്ചു വെച്ചു. വിത്സ് രണ്ടെണ്ണം എന്റെ മുന്നിലേക്കും ഒരെണ്ണം സുനിലിന്റെ മുന്നിലേക്കും തിരിച്ചു വെച്ചു.


ഫോണ്‍ വിളി അവസാനിപ്പിച്ച് ഞാന്‍ കാര്യത്തിലേക്കു കടന്നു. സുനിലിന്റെ കൈ പിടിച്ച് മേശപ്പുറത്ത് നീട്ടി വെച്ചു. ഞാന്‍ ആ കൈകളില്‍ പിടിച്ച് രേഖകള്‍ ഹൃദിസ്തമാക്കുന്നപോലെ കൈ ഓടിച്ചു. പിന്നെ കണ്ണടച്ചു.


കണ്ണടച്ചു കൊണ്ടുതന്നെ ഞാന്‍ പറഞ്ഞു “കാലാഹിനാ പരിഗ്രസ്ഥമാം ലോകാഹ: നികടേ വസതി... ദര്‍ദ്ദുരന്‍.... കൊജഭന്‍.... സത്ഗമയാ”ഞാന്‍ പതുക്കെ കണ്ണു തുറന്നു, സുനിലിനെ നോക്കി പറഞ്ഞു.


“ചക്ഷുശ്രവണഗളസ്ഥമാണല്ലോ?....“ഒന്നും മനസിലാവാതെ സുനില്‍ കണ്ണുമിഴിച്ചു. മുഖം ഗൌരവത്തിലാക്കി ഞാന്‍ ഒന്നിരുത്തി നീട്ടി മൂളി “ഊം....“ പലകയും കവടിയും എടുത്തു. കവടി നിരത്തുന്നതിനിടയില്‍ തന്നെ ചോദിച്ചു “ നായരാണല്ലേ..?” അതേ എന്നു സുനില്‍ പറഞ്ഞു.


ഞാന്‍ അരുളി ”ശിവോ രക്ഷതു ഗീര്‍വാണഭാഷാരസാസ്വദതത്പരാന്‍“, “ശിവനേ വിചാരിച്ചുകൊള്ളൂ...”
ഞാന്‍ - “ഒറ്റമോനാണല്ലേ?....“
സുനില്‍ - “അതെ“
ഞാന്‍ - “അച്ഛന്‍ ദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണല്ലോ പ്രവര്‍ത്തിക്കുന്നത്?“
സുനില്‍ - “അതെ, ദേവസത്തിലാണ് ജോലി“ സുനിലിന്റെ മുഖത്ത് ചെറിയ ആശ്ചര്യം.
ഞാന്‍ - “അമ്മ അക്ഷരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണുന്നു, പത്രത്തിലാണോ?”
സുനില്‍ - “അല്ല, മലയാളം അദ്ധ്യാപികയാണ്”
ഞാന്‍ - “അതും അക്ഷരസംബന്ധിയായ കാര്യം തന്നെ”
ഞാന്‍ സൂക്ഷിച്ചു കവടിപലകയിലേക്കു നോക്കി പറഞ്ഞു “ ഒരു പ്രണയമല കയറിയിറങ്ങിയിരിക്കുന്നല്ലോ?” സുനില്‍ - വിടര്‍ന്ന കണ്ണുകളോടെ “മനസിലായില്ല?”
ഞാന്‍ - “ഒരു പ്രണയത്തിലാണ്, പക്ഷെ അതു ഉടനെ അവസാനിക്കാനാണ് സാധ്യത.”
സുനില്‍ ഒന്നും മിണ്ടിയില്ല, എങ്കിലും എന്തോ ചിന്തിക്കുന്നതായി തോന്നി.
ഞാന്‍ - “പുതിയ ജോലിയിലേക്കു മാറ്റം ഉടനെ കാണുന്നുണ്ടല്ലോ, അവിടെ മറ്റൊരു പ്രണയത്തിന്റെ തുടക്കവും കാണുന്നല്ലോ?, അപ്പോള്‍ നിലവിലുള്ള പ്രണയം നിലനില്‍ക്കില്ല”
സുനില്‍ സന്തോഷവാനായി.


പിന്നീടെല്ലാം പറഞ്ഞതു ഭാവിയായിരുന്നു. അതു കാത്തിരുന്നു കാണേണ്ടകാര്യങ്ങളല്ലെ. എന്തായാലും സുനില്‍ സന്തോഷവാനായി. വൈകുന്നേരം സുനിലിനു ഭയങ്കര നിര്‍ബന്ധം, പാലാക്കു പോണം. പിന്നെ അന്നു രാജധാനിയില്‍ ചിലവു മുഴുവന്‍ സുനിലിന്റെ വക.


രണ്ടുദിവസം കഴിഞ്ഞ് വാഴക്കാവരയന്‍ വിളിച്ചു. അവന്റെ ഓഫീസില്‍ നിന്ന് നാലഞ്ചു പേര്‍ അടുത്തയാഴ്ച വരുന്നുണ്ടത്രേ. നാട്ടിലും സൈക്കിളുശശിയുടെ വക നല്ല പബ്ലിസിറ്റി.


സുനിലിന്റെ കൂടെ ദക്ഷിണ വാങ്ങിക്കാന്‍ പോയ വാഴക്കാവരയന്‍ മുങ്ങിയത് അവന്റെ അമ്മാവന്റെ കടയില്‍ കയറി സുനിലിന്റെ ഡീറ്റെയിത്സ് എനിക്കു തരാന്‍. രണ്ടുമിനിറ്റിനുള്ളില്‍ അവന്റെ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങളും സുനിലിന്റെ ജോലിയുടെ മാറ്റവും ഒക്കെ അവന്‍ പറഞ്ഞുതന്നു. ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടതും എന്നാല്‍ അവളുടെ വീടു കണ്ടപ്പോള്‍ സാമ്പത്തിക സ്ഥിതി മോശമായതിനാല്‍ അവനു താല്പര്യം കുറഞ്ഞതും അവന്‍ പറഞ്ഞു തന്നു. ചക്ഷുശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം ഭക്ഷണത്തിനപേക്ഷിക്കുന്നപോലെ, കാലാഹിനാ പരിഗ്രസ്ഥമാം ലോകവും അലോലചേതസാ ഭോഗങ്ങള്‍ തേടുന്നു എന്ന ഏഴാം ക്ലാസിലെ കവിതയുടെയും, ഉടിരാജമുഖി എന്ന സംസ്കൃത ശ്ലോകത്തിലെയും മറ്റും വാക്കുകള്‍ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി ഇത്തിരി സംസ്കൃതം പറഞ്ഞത് സുനിലിനെ ആദ്യം തന്നെ ഇമ്പ്രസ് ചെയ്യിപ്പിച്ചു. പിന്നെ അറിഞ്ഞുകൊണ്ടുതന്നെ ടീച്ചറായ അമ്മയുടെ കാര്യം ചെറിയ തെറ്റിലൂടെ അവതരിപ്പിച്ചതും അവന്റെ മനസിനു പാകത്തില്‍ പ്രണയ കാര്യങ്ങള്‍ പറഞ്ഞതും അവനെ എപ്പോ വിശ്വസിപ്പിച്ചു എന്നു പറയേണ്ടതില്ലല്ലോ.


പിന്നെ സുന്ദരമായ ഭാവി, അതാര്‍ക്കാ ഇഷ്ടമല്ലാത്തത്?

Read more...

എന്റെ ഒരു ധൈര്യമേ...

>> Wednesday, February 18, 2009

അങ്ങനെ രണ്ടുമാസങ്ങള്‍ക്കു ശേഷം ഞാന്‍ എന്റെ ഭാര്യയുടെയും മക്കളുടെയും കൂടെ സന്തോഷവാനായി ജീവിക്കാന്‍ തുടങ്ങിയപ്പോളേക്കും നാശം പിടിച്ച പനി എത്തി. ദുബായിലിപ്പോള്‍ റിസെഷന്റെ കൂടെ വൈറല്‍ പനിയും എത്തിയിട്ടുണ്ടത്രെ. ഇതൊരു പ്രത്യേകതരം പനി, രാവിലെ അസ് ഫ്രെഷ് അസ് എ ലില്ലി. വൈകുന്നേരമാകുമ്പോള്‍ ഒടിഞ്ഞുമടങ്ങി ഒരു മൂലക്ക്.

തണുപ്പെന്നു പറഞ്ഞാല്‍ പണ്ട് മൈന്‍സ് പതിനഞ്ചില്‍ നിന്നപ്പോള്‍ ഇത്ര തണുത്തിട്ടില്ല. എന്നു വെച്ചാല്‍ അത്ര തണുപ്പുണ്ടായിട്ടല്ല, നമുക്കു തോന്നുവാണ്. കറിയാച്ചനെ ഒതുക്കത്തില്‍ ഉറക്കി അമ്മിഞ്ഞയില്‍ നിന്നും പിടിവിടാതുറങ്ങുന്ന കോക്കുവിന്റെ കൂടെ ഷെയറുചെയ്ത് ഞാന്‍ ഭാര്യയെ കെട്ടിപ്പിടിച്ചു തണുപ്പു മാറ്റിക്കിടന്നപ്പോളാണ് ഭാര്യ പതുക്കെ അമ്മയുടെ കൂടെ കുറച്ചുനാള്‍ നിന്ന വകയില്‍ മനസിലാക്കിയ എന്റെ
ഭയത്തെക്കുറിച്ച് ചോദിച്ചത്. വിറച്ചുകൊണ്ട് കിടക്കുന്നത് കണ്ടപ്പോള്‍ ഇനി പേടികൊണ്ടെങ്ങാനും ആണോ എന്നു സംശയിച്ചണോ ആവോ? പണ്ട് നാഗര്‍കോവിലില്‍ നിന്നും മറ്റും ഞാന്‍ ധൈര്യവാനാകാന്‍ കാരണമാകിയ ചില സംഭവങ്ങളുടെ ചുരുക്കം അമ്മ അവള്‍ക്കു പറഞ്ഞു കൊടുത്തിരുന്നു. ഇരുട്ടിലേക്കു
നോക്കാന്‍ പോലും ഭയമുണ്ടായിരുന്ന ഒരു കൌമാരക്കാരനില്‍ നിന്നും അപാര ധൈര്യവാനായ ഇന്നത്തെ എന്നിലേക്കുള്ള (ജീവിച്ചു പൊക്കോട്ടെ, പ്ലീസ്..) വളര്‍ച്ചയുടെ കാരണങ്ങള്‍ ഞാനവള്‍ക്ക് പറഞ്ഞുകൊടുത്തു.


മരണങ്ങള്‍ എന്നും എനിക്ക് പേടിയായിരുന്നു. അറിയാവുന്ന ആരെങ്കിലും മരിച്ചാല്‍ പിന്നെ കുറെ ദിവസത്തേക്ക് അവരെങ്ങാനും വരുമോ എന്ന പേടിയായിരുന്നു എനിക്ക്. എന്റെ മരിച്ചു പോയ ചാച്ച ഒഴിച്ച് ആരും മരിച്ചിട്ട് തിരിച്ചു വരുന്നതോ അല്ലെങ്കില്‍ സ്വപ്നത്തില്‍ പോലും വരുന്നത് എനിക്കിഷ്ടമല്ലായിരുന്നു. പക്ഷെ കൌമാരപ്രായത്തില്‍ ഏതൊരു ആണ്‍കുട്ടിയേയും പോലെ ഞാനും ധൈര്യവാന്‍ ആകാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അങ്ങനെ പ്രീഡിഗ്രീക്കു പഠിക്കുമ്പോളാണ് സ്വമനസാല്‍ ഒരു അപകടം കാണാന്‍ പോകുന്നത്.

രാവിലെ പത്രം വന്നതാദ്യം ഏടുക്കാന്‍ അനിയത്തിയുമായി അടിവെച്ചോടിയപ്പോളാണ് പത്രക്കാരന്‍ പറഞ്ഞത് ടൌണില്‍ അയ്യപ്പന്‍ വണ്ടിയുമായി ഇടിച്ച് നമ്മുടെ മില്ലുകാരന്റെ വണ്ടി കിടക്കുന്നു എന്ന്. നേരെ വിട്ടു പൈക ടൌണിലേക്ക്. അവിടെ ചെന്നപ്പോളോ...ഇടിച്ച ജീപ്പ് തലേംകുത്തിമറിഞ്ഞ് ഒരു വഴിക്കു കിടക്കുന്നു. ബസിനെ പുറകിലത്തെ ടയറിന്റെ അടിയില്‍ അതാ കിടക്കുന്നു ഞങ്ങള്‍ക്ക് സ്ഥിരം തേങ്ങാപൊതിക്കുമ്പോള്‍ തേങ്ങാപൊങ്ങ് തരാറുള്ള രാജു ചേട്ടന്‍. ഓ.. ആ കിടപ്പ് ഇപ്പോളും മനസില്‍ നിന്നും മാഞ്ഞിട്ടില്ല. ബ്രേക്കിട്ട ടയറിന്റെ അടിയില്‍ കൂടി നിരങ്ങിയ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നും പൊടിഞ്ഞു വീണ തരികള്‍ വര്‍ഷങ്ങള്‍ക്കു ശേഷവും എന്നില്‍ ചെറിയ ഭീതി ഉണര്‍ത്തിയിരുന്നു. ആ KMS മാത്രം മദിച്ചു നടന്ന തിരക്കേറിയ പൈകയുടെ രാജവീഥികളില്‍ KSRTC യുടെ ചൈയിന്‍ സര്‍വ്വീസും മറ്റു ബസുകളും
എത്തിയെങ്കിലും എന്റെ മനസില്‍ ആ വളവിങ്കല്‍ എത്തുമ്പോളെല്ലാം ആ സംഭവം എവിടെ നിന്നോ ഓടിയെത്തിയിരുന്നു. പെരുന്നാളിനു തോരണം കെട്ടാന്‍ പോകുമ്പോള്‍ പോലും ആള്‍ക്കാര്‍ 50 മീറ്റര്‍ അപ്പുറത്തെങ്ങാനും ആണെങ്കില്‍ ഞാന്‍ നടത്തത്തിനു ലേശം സ്പീഡ് കൂട്ടിയിരുന്നു.

അങ്ങനെ നാഗര്‍കോവിലില്‍ പഠിക്കുന്ന കാലം. സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്യമായപ്പോള്‍ നമ്മള്‍ ഹോസ്റ്റലും സാമ്പാറുമായി നാടുവിടേണ്ടിവന്നു. ആ വീട്ടില്‍ ഇതുവരെ ഒന്നു കൊതി തീരെ കിടക്കാന്‍ സാധിച്ചിട്ടില്ല. എന്തായാലും ആറുമാസത്തില്‍ കൂടുതല്‍ ഞാന്‍ ഇതുവരെ ആ വീട്ടില്‍ ചെല്ലാതിരുന്നത് ദുബായില്‍ വന്നശേഷം മാത്രം. എങ്കിലും 8 മാസത്തില്‍ കൂടുതല്‍ ഇന്നേവരെ പോകാതിരുന്നിട്ടില്ല. അതൊക്കെ
പോകട്ടെ, അങ്ങനെ നാഗര്‍കോവിലില്‍ നിന്നും വീട്ടിലേക്കു വന്ന ഒരു ദിവസം. രാത്രിയില്‍ 12 മണിക്ക് വരുന്ന ഒരു മലബാര്‍ ഫാസ്റ്റ് ഉണ്ടായിരുന്നു ആ സമയത്ത്. വൈകിട്ട് നാഗര്‍കോവിലില്‍ നിന്നും കയറ്ഇ ഒരു തരത്തില്‍ അതിന്റെ സമയത്ത് പാലായില്‍ എത്തി. അതു മിക്കവാറും ലേറ്റ് ആയിരിക്കും. അങ്ങനെ ചെറിയ
ചാറ്റല്‍മഴയില്‍ സുഖമായി ഉറങ്ങിക്കിടന്ന പലായിലെ ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ ഉണര്‍ന്നിരിക്കുന്ന കൊതുകിനോടും സ്വവര്‍ഗ്ഗമോഹികളായ വികടന്മാരോടും പോരാടി കാത്തിരുന്ന് അവസാനം ബസുവന്നു.


പലായില്‍ നിന്നും പണ്ട് പൈക വരെ വരാന്‍ കുറഞ്ഞത് 1 മണിക്കൂര്‍ എടുത്തിരുന്നത് രാത്രിക്കത്തെ ഈ ഫാസ്റ്റില്‍ കയറിയാല്‍ 10 മിനിറ്റുകൊണ്ട് എത്തും. അങ്ങനെ പാതിരാക്കു ശേഷം ഞാന്‍ പൈകയില്‍ വന്നിറങ്ങി. ചെറിയ ചാറ്റല്‍ മഴ. മരങ്ങളും മലകളും റബറും ഉള്ള നാടായതുകൊണ്ട് മഴ എന്നാരെങ്കിലും പറഞ്ഞാല്‍ അന്നേരേ കറണ്ടു പോകും. മഴ എന്ന സിനിമയുടെ പോസ്റ്റര്‍ വന്ന ഒരു മാസം മുഴുവന്‍ കറന്റില്ലായിരുന്നു ഞങ്ങളുടെ നാട്ടില്‍. പൈകയില്‍ ഇറങ്ങിയ ഞാന്‍ ചുറ്റും നോക്കി.

കുറ്റാകുറ്റിരുട്ട്. എങ്ങും ചീവീടുകളുടെയും തവളയുടെയും ശബ്ദം. മരങ്ങളുടെ ഇലയില്‍ നിന്നും വെള്ളം ഇറ്റിറ്റു വീഴുന്നതിന്റെയും ചാറ്റല്‍ മഴയുടെയും ശബ്ദം മാത്രം. പണ്ടാരടങ്ങാനായിട്ട് മാക്രി പിടിക്കാന്‍ പോലും ഒരു പെട്രോള്‍മാക്സിന്റെ വെളിച്ചം ഇല്ല. പൈക പട്ടണം പിന്നെ 8 മണിക്കേ ഉറങ്ങും. ഓട്ടോ അന്ന് രാത്രിയില്‍ 10 മണികഴിഞ്ഞാല്‍ പിന്നെ ഇല്ല. തട്ടുകട ബ്രാണ്ടിക്കട തുടങ്ങിയവ പൈകയെ
സംബന്ധിച്ചിടത്തോളം 10 മണിവരെയേ ഉള്ളൂ. എന്തിനേറെ പ്രേതങ്ങള്‍ പോലും 11 മണികഴിഞ്ഞ് പൈകയില്‍ പുറത്തിറങ്ങാറില്ല എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്.

ഞാന്‍ പതുക്കെ പോസ്റ്റാഫീസിന്റെ അവിടേക്കു നടന്നു. അവിടെ നിന്നും അകത്തേക്കു കയറുന്ന വഴിയില്‍ കൂടെ വേണം എനിക്കു വീട്ടില്‍ പോകാന്‍. അന്നൌ അതിന്റെ തുടക്കത്തില്‍ ഉള്ള വര്‍ക് ഷോപ് കഴിഞ്ഞാല്‍ പിന്നെ ഒരു മലകയറി കഴിഞ്ഞാലേ വീടുകള്‍ ഉള്ളൂ. എന്തായാലും വര്‍ക് ഷോപ്പിന്റെ മുമ്പില്‍ ഒന്നു നിന്നു. ബാഗ് ഒക്കെ ഒന്ന് തോളില്‍ ഉറപ്പിച്ചു. കഴുത്തിലെ കൊന്ത ഒന്നു ചെക്ക് ചെയ്തു. മഴയും ഇരുട്ടും കൂടുതലായതു കാരണം സകലപുണ്യവാന്മാരുടെ പ്രാര്‍ത്ഥനയില്‍ തുടങ്ങാം എന്നു വെച്ചു. പേടിക്കണ്ട
സമയമാവുമ്പോള്‍ കൃത്യമായി അപകടമരണങ്ങളില്‍ മരിച്ചവരുടെ ഒക്കെ വികൃതരൂപങ്ങള്‍ മനസിലേക്ക് എവിടുന്നേലും ഓട്ടോ പിടിച്ചു വരും.

രണ്ടുസൈഡിലും റബര്‍ വളര്‍ന്നതു കൊണ്ട് മുകളിലേക്കു നോക്കിയാലും വഴി കാണില്ല. അല്ലെങ്കില്‍ നടുക്ക് ഒരു ചെറിയ ആകാശത്തിന്റെ വെളിച്ചം കാണാന്‍ പറ്റിയേനെ. പെട്ടെന്ന് ഇലകളെ അനക്കിക്കൊണ്ട് ഒരു വാവല്‍ പറന്നു പോയി. ശരീരത്തില്‍ കൂടി രക്തം അതിവേഗം പ്രസരിച്ചു. എനിക്ക് അതിഭീകരമായ അരോഗ്യം വന്ന പോലെ തോന്നി. ഈ നൂറു മീറ്റര്‍ ഓട്ടത്തിനും മറ്റും സ്റ്റാര്‍ട്ട് ചെയ്യാന്‍ വെടിപൊട്ടിക്കുന്ന പരിപാടിയുടെ മനശാസ്ത്രം ഇതായിരിക്കും എന്നാ തോന്നുന്നേ. പെട്ടെന്നുള്ള പേടിയില്‍ എന്താ ഓടാനുള്ള തോന്നലും ആരോഗ്യവും!

അവിടെ നിന്നും പത്തു സ്റ്റെപ് വെച്ചതേയുള്ളൂ, വീണിതല്ലോ കിടക്കുന്നു ഓടയില്‍. കടവാവല്‍ പറന്നതിന്റെ ഷോക്കില്‍ ചെറുതായി ദിശ മാറിപ്പോയതായിരുന്നു. എന്തായാലും കയ്യാലയില്‍ പിടിച്ചു ദിശ ശരിയാക്കി. എല്ലാ പുണ്യവാന്മാരെയും ഒന്നിച്ചു സുഖിപ്പിക്കാന്‍ നോക്കിയതിനാല്‍ ആയിരിക്കും ഈ തിരിച്ചടി എന്നുവിചാരിച്ചു കുന്തവുമായി നടക്കുന്ന ഗീവര്‍ഗീസ് പുണ്യവാളനെ തന്നെ പിടിച്ചു അടുത്തതായി.
ഉറച്ചകാല്‍ വെപ്പുകളുമായി ഞാന്‍ നടന്നു. ധൈര്യം മൂലമല്ല, പാമ്പൊക്കെ ഉണ്ടെങ്കില്‍ ഉറച്ചകാല്‍ വെപ്പുകള്‍ ഉണ്ടെങ്കില്‍ മാറിപ്പോകുമത്രെ. ഇനി അടുത്ത കടമ്പ ആദ്യത്തെ വീടായ കഴുതമാത്തുവിന്റെ വീട്ടിലെ കില്ലപട്ടിയാണ്. എന്തായാലും ഭാഗ്യത്തിന് തണുപ്പൊക്കെ ആയതിനാലായിരിക്കും അവന്‍ അവന്റെ അനക്കം കേല്‍ക്കുന്നില്ല. അടുത്ത പ്രശ്നം കാരാങ്കലെ ക്രൂരന്‍ പട്ടി, അവന്‍ അവരുടെ ഇറച്ചിക്കടയില്‍ മിച്ചം വരുന്ന
ഇറച്ചിമുഴുവന്‍ അടിച്ച് പല്ലിന്റെ ഇടകിള്ളാന്‍ നോക്കിയിരിക്കുവാരിക്കും. നമ്മുടെ ചന്തിയേലായിരിക്കും ഇന്നത്തെ കിള്ളല്‍. അതിനെ എങ്ങിനെ മറികടക്കും എന്ന ആലോചനയില്‍ ഞാന്‍ പതുക്കെ നടന്നു.

അതാ നമ്മുടെ തേങ്ങാക്കൊട്ടകയില്‍ ഒരു വെളിച്ചം. ചങ്കില്‍ കൂടി ഒരു മിന്നായം. ബസിന്റെ അടിയില്‍ കിടന്ന രാജുചേട്ടന്റെ രൂപം മനസിലൂടെ മിന്നായം പോലെ വന്നു. ദൈവമേ, പുള്ളിക്കാരന്‍ ഭൂമിയില്‍ നിന്നു പോകാതെ ഇവിടെതന്നെ കിടക്കുവാണോ? അതും ഈ രാത്രിയില്‍ തിരിയും കത്തിച്ചുവച്ച് ഞാന്‍ വരുന്നതു നോക്കി ഇരിക്കുവാണോ? ഞെട്ടിത്തരിച്ചു സ്തബ്ദനായിപ്പോയ ഞാനാകെ തളര്‍ന്നു. ഇരുട്ടായതുകൊണ്ട് കണ്ണില്‍കൂടി ഇരുട്ടു കയറിയോ എന്നറിയില്ല. പെട്ടെന്ന് പുറകില്‍ ഒരു മുറുമുറുപ്പ്, മാതാവേ, ഇനി വേറെ ഏതാ‍ണോ പുറകില്‍? അതു കാരാങ്കലെ പട്ടി, ഒറ്റ ചാട്ടം ഞാന്‍. തളര്‍ച്ച മാറി, ഹുസൈന്‍ ബോള്‍ട്ടിനെപോലെ ഞാന്‍ ഒറ്റവിടീല്‍. രണ്ടു ചാട്ടത്തിന് വീട്ടിലെത്തി. വീടിന്റെ ജനലിന്റെ ഷേഡില്‍ ചാടിപ്പിടിച്ച് തൂങ്ങിക്കിടന്ന് അമ്മയെ വിളിച്ചു. പട്ടി അഥവാ വന്നാലും കടിക്കരുതല്ലോ.

തേങ്ങാകൊട്ടക പൂട്ടിയതുകാരണം അതു ഒരു പാവത്തിനു വീടായി താമസിക്കാന്‍ കൊടുത്തതു ഞാനറിഞ്ഞില്ലല്ലോ. പിന്നെ കരണ്ടില്ലാത്ത അവരുടെ വീട്ടില്‍ മണ്ണെണ്ണവിളക്കിനെന്തു പവര്‍ക്കട്ട്?

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP