ഞാനൊരു പാവം പാലാക്കാരന്‍

കുട്ടപ്പായി കഥകള്‍ 4, മടി

>> Monday, August 17, 2009

കാലും മടക്കി വെച്ച് ഈ വെള്ളത്തില്‍ ഇങ്ങനെ ഒന്നും പേടിക്കാതെ കിടക്കാന്‍ എന്തു സുഖം! പുറത്തു നിന്ന് എന്തോ സ്വരം ഒക്കെ കേള്‍ക്കുന്നുണ്ട്. വരാറായെന്നാ തോന്നുന്നത് എന്നോക്കെ.എനിക്കും ഒരു തള്ളല്‍ ഒക്കെ തോന്നുന്നു. അവസാനം തള്ളല്‍ രൂക്ഷമായപ്പോല്‍ ഞാന്‍ പതുക്കെ ഒരു വാതില്‍ പോലെ കണ്ട സ്ഥലത്തേക്കു നീങ്ങീ. അവിടെ ചെന്നപ്പോളോ, തല കടക്കുന്നില്ല. അമ്മ കരയുന്ന ഒച്ച കേള്‍ക്കാം, എന്നെ പുറത്തേക്കിടാന്‍ ഉള്ള ശ്രമം ആണ്. ഒന്നു മൂടി ശ്രമിക്കണോ എന്നൊന്ന് ആലോചിച്ചു. ഓ പിന്നെ, വേറെ പണി ഒന്നും ഇല്ലേ, ഞാന്‍ അവിടെ തന്നെ കിടന്നു. പിന്നെ ഡോക്ടര്‍മാര്‍ വയര്‍ കീറി എന്നെ പുറത്തെടുത്തു, മുപ്പതില്‍ പരം വര്‍ഷങ്ങള്‍ക്കു മുമ്പ്. അങ്ങനെ കുട്ടപ്പായി എന്ന ഞാന്‍ ഭൂമിയിലെത്തി, എന്റെ കൂടെപ്പിറപ്പായി മടിയും. ജനിച്ച ഉടനെ തന്നെ എന്താ ഇവന്‍ കരയാത്തത് എന്നു ഡോക്ടര്‍ ചോദിച്ചോണ്ട് നോക്കി. വെറുതെ എന്തിനാ കരഞ്ഞ് അത്രയും ഊര്‍ജ്ജം കളയുന്നത് എന്നു വിചാരിച്ച് ഞാന്‍ കണ്ണും അടച്ചു കിടന്നു. അവസാനം ഒരു മുതുക്കി നേഴ്സ് വന്ന് എന്നെ കലേപിടിച്ചു പൊക്കി കുണ്ടിയില്‍ ഒന്നു നുള്ളിയപ്പോള്‍ ഞാന്‍ അറിയാതെ കരഞ്ഞുപോയി. പക്ഷെ അന്നു ഞാന്‍ മറ്റൊരു പാഠം പഠിച്ചു, കരച്ചിലിന്റെ ഗുണം.

അങ്ങനെ മടിയും വാശിയുള്ള കരച്ചിലുമായി ഞാന്‍ എന്റെ ബാല്യകാലം ചിലവിട്ടു. ഭക്ഷണം ചവച്ചരക്കാനുള്ള മടി കൊണ്ട് ഞാന്‍ അമ്മയും പെങ്ങന്മാരും അരച്ചു തരുന്ന ഭക്ഷണമേ കഴിച്ചിരുന്നുള്ളൂ. കാര്യം ഒറ്റമോനായിരുന്നെങ്കിലും എല്ലാത്തിനും ഒരു പരിധിയില്ലേ? അങ്ങനെ അവര്‍ മടുത്തപ്പോള്‍ ഞാന്‍ ഭക്ഷണം ചവച്ചു കഴിക്കാന്‍ തുടങ്ങി, കാരണം മടിയാണെന്നു കരുതി വിശപ്പിനു ഒരു കുറവില്ലായിരുന്നു. എങ്കിലും കൂടുതലും പാലുകുടിക്കാനായിരുന്നു താല്പര്യം, അധികം ചവക്കേണ്ടല്ലോ. എല്ലുള്ള കോഴിയിറച്ചി (പ്രത്യേകിച്ച് കഴുത്തിന്റെ ഭാഗം), മുള്ളുള്ള മീന്‍(മത്തി, നത്തോലി), ഉണക്കിറച്ചി, അവല്‍, എന്തിനേറെ ബബിള്‍ഗം പോലും ഞാന്‍ ഇഷ്ടപെട്ടിരുന്നില്ല. പക്ഷെ എന്റെ സ്വപനങ്ങളില്‍ കുരുവില്ലാത്ത മുന്തിരി, തൊലിയില്ലാത്ത ആപ്പില്‍, തൊലിയും കുരുവും ഇല്ലാത്ത ഓറഞ്ച്, ചകിണിയും മുളഞ്ഞിയും (അരക്ക്) മടലും ചക്കക്കുരുവും ഇല്ലാത്ത ചക്കപ്പുഴം എന്നിങ്ങനെ പലതരം പഴങ്ങളും നിറഞ്ഞു നിന്നിരുന്നു. എങ്കിലും ഞാന്‍ സഹജീവികളോട് സ്നേഹമുള്ളവനായിരുന്നു. പൊക്കമുള്ള ആഞ്ഞിലിയില്‍ പഴുത്തു കിടക്കുന്ന ആനിക്കാവിള കണ്ടപ്പോള്‍ ഒരു കുരങ്ങനുണ്ടായിരുന്നെങ്കില്‍ അവനെ കയറ്റി വിട്ട് അതു പറിപ്പിക്കാമായിരുന്നു എന്ന് എന്റെ കൂട്ടുകാര്‍ സങ്കല്പിച്ചപ്പോള്‍ ഞാന്‍ അങ്ങനെയല്ല ചിന്തിച്ചത്. സാധാരണ കുരങ്ങനുപകരം കപീഷായിരുന്നെങ്കില്‍ അവനെ മരത്തില്‍ പോലും കയറ്റാതെ വാലു നീട്ടി ആനിക്കവിള പറിപ്പിക്കാമല്ലോ എന്നായിരുന്നു എന്റെ ചിന്ത.

ഞാന്‍ ഏതാണ്ട് അഞ്ചാം ക്ലാസു വരെ കട്ടിലില്‍ കിടന്നു മൂത്രമൊഴിച്ചിരുന്നു, അല്ലേല്‍ തന്നെ ഉറങ്ങുമ്പോള്‍ മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ എഴുന്നേറ്റുപോയി മൂത്രമൊഴിക്കാന്‍ ഒക്കെ ആര്‍ക്കാ തോന്നുന്നത്. പിന്നീട് അതിന്റെ നാറ്റം ഒരു ബുദ്ധിമുട്ടായപ്പോള്‍ ഞാന്‍ ഒരു വഴി കണ്ടെത്തി. ഈ സുനാപ്പി തന്നെ പുറത്തുപോയി മുള്ളീട്ട് വരുവായിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചിരുന്ന കാലം. ഇത്രയും കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന ശാസ്ത്രഞ്ജര്‍ക്ക് എന്തു കൊണ്ട് ഇങ്ങനത്തെ ഉപകാരപ്രദമായ കാര്യങ്ങല്‍ ചെയ്തുകൂടാ എന്നായിരുന്നു എന്റെ ചിന്ത.അത്യാവശ്യങ്ങള്‍ അല്ലെ കണ്ടുപിടുത്തങ്ങളുടെ അമ്മ (ഇനി ഇതു ഇംഗ്ലീഷില്‍ ടൈപ്പുചെയ്യാനും മടിയാണ് ). വീട്ടിലെ ചെടി നനക്കുന്ന ഹോസ് ഒരു ജീപ്പുകയറി പൊട്ടിയപ്പോള്‍ അതിന്റെ നീളമുള്ള ഒരു കഷണം എടുത്ത് എന്റെ കട്ടിലില്‍ നിന്നും ജനലിലേക്കിട്ടു. പക്ഷെ ആദ്യത്തെ തവണ ജനലിന്റെ ഉയരവും കട്ടിലിന്റെ ഉയരവും തമ്മിലുള്ള അന്തരം കാരണം എന്റെ മൂത്രം ഒഴിക്കല്‍ തീര്‍ന്നപ്പോള്‍ ഓസ് മൂത്രം തിരിച്ചു കട്ടിലിലേക്ക് തന്നെ ഒഴിച്ചു. എങ്കിലും ഫിസിക്സിലെ സിദ്ധാന്തങ്ങള്‍ ഉപയോഗിച്ച് ഉയരവും അകലവും ക്രമീകരിച്ച് ഞാന്‍ അതില്‍ വിജയിച്ചു, കിടന്നുകൊണ്ട് സാധിക്കുന്നതിനു പകരം ചെറുതായി ഒന്നു പൊങ്ങണം എന്നു മാത്രം.

മടിയനാണെങ്കിലും ഒറ്റമോനായതിന്റെ സ്നേഹം വീട്ടുകാര്‍ക്കുണ്ടായിരുന്നതു കൊണ്ട് ഞാന്‍ തെങ്ങു പോലെ ഒത്തിരി വളര്‍ന്നു പൊങ്ങി (പനങ്കള്ളിലും ലഹരി തെങ്ങിന്‍ കള്ളിനല്ലേ? ). അങ്ങനെ ഞാന്‍ വലുതായി, കൂടെ എന്റെ മടിയും. മീശയുണ്ടെങ്കില്‍ ഷേവ് ചെയ്യാന്‍ പ്രയാസമാ‍യതു കൊണ്ട് ഞാന്‍ ക്ലീന്‍ ഷേവ് ആയി നടന്നു, മുടി ചീകാന്‍ മടിയായതുകാരണം ഞാന്‍ മുടി പറ്റെ വെട്ടിച്ചു. ഇതു രണ്ടും ബാര്‍ബര്‍ ഷോപ്പിലാണ് ചെയ്യുന്നതെങ്കിലും എന്റെ സഹജീവികളുടെ മടിയുടെ കാര്യത്തില്‍ വരെ ഞാന്‍ ശ്രദ്ധിച്ചിരുന്നു എന്നു നിങ്ങള്‍ക്കു മനസിലായില്ലേ? ബീഡി വലിച്ചിട്ട് പുക ഞാന്‍ പുറത്തേക്ക് വിട്ടിരുന്നില്ല, മദ്യത്തില്‍ വെള്ളം ചേര്‍ത്തിരുന്നില്ല, എന്തിനു പറയുന്നു, ഇടിച്ചു പതം വരുത്തി വായിലിട്ട മുറുക്കാന്‍ തുപ്പാന്‍ പോലും എനിക്കു മടിയായിരുന്നു. എഴുതാന്‍ മടിയായതിനാല്‍ സാമൂഹ്യപാഠം, മലയാളം എന്നിവയില്‍ മാര്‍ക്കു കുറവും എന്റെ ഒടുക്കത്തെ ബുദ്ധികാരണം കണക്ക്, കെമിസ്ട്രി എന്നിവക്കു മാര്‍ക്കു കൂടുതലും ആയിരുന്നു. ഒരിക്കല്‍ കൈയ്യൊടിഞ്ഞപ്പോള്‍ പരീക്ഷ എഴുതാതെ പറഞ്ഞുകൊടുത്തതിന്റെ സുഖം അറിഞ്ഞപ്പോള്‍ എല്ലാ പരീക്ഷക്കു മുമ്പും കയ്യൊടിക്കാന്‍ തോന്നിയിരുന്നെങ്കിലും വേദന എന്നെ ആ സാഹസത്തില്‍ നിന്നും പിന്തിരിപ്പിച്ചു.

അങ്ങനെ ജീവിതമാകുന്ന പുഴ മുമ്പോട്ടൊഴുകി. മഴക്കാലത്തെപ്പോലെ കുത്തിയൊഴുകിയൊന്നുമല്ല, വേനല്‍ക്കാലത്തെ മീനച്ചിലാറുപോലെ അതിലെയും ഇതിലെയും ഇത്തിരി ഇത്തിരിയായി ചാലുകളിലൂടെയും ഓലികളിലൂടെയും മന്ദം മന്ദം ഒഴുകി. അവസാനം എന്റെ ജന്മവും പരാഗണം നടത്താനും പൂക്കാനും കായ്ക്കാനുമൊക്കെ കാലമെത്തി. ആദ്യരത്രിയും ഹണിമൂണും ഒക്കെ സങ്കല്‍പ്പിക്കുന്നതിനു പകരം ഭാര്യയെ ജൊലിക്കു വിട്ട് ജീവിതം എങ്ങനെ മടിപിടിച്ചിരിക്കാം എന്നതിനെക്കുറിച്ചായിരുന്നു എന്റെ സങ്കല്പം. രാവിലെ പത്തു മണിവരെ കിടന്നുറങ്ങണം. പിന്നെ എണീറ്റ് ഒരു ഗ്ലാസ് വെള്ളവുമായി ബാല്‍ക്കണിയില്‍ പോയി നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് കുടിക്കണം. ഡയറ്റിങ് ഒക്കെ വേണ്ടേ, ചുമ്മാ വല്ല കൊളസ്ട്രോളോ പ്രമേഹമോ വന്നാല്‍ പിന്നെ രാവിലെ ഓടാന്‍ ഒക്കെ പോകേണ്ടി വന്നാലോ? പിന്നെ ഒരു മണിക്കൂര്‍ ബാത്ത് ടബില്‍ കിടന്ന് നോവല്‍ ഒക്കെ വായിച്ചു ഒരു കുളി. പിന്നെ സോഫായില്‍ വന്നു കിടന്ന് ഉച്ചവരെ ടി വി കാണണം. ഉച്ചക്ക് ഭാര്യ ഉണ്ടാക്കി വെച്ചിരിക്കുന്ന ഭക്ഷണം എടുത്തു ഓവനില്‍ വെച്ച് ചൂടാക്കി കഴിക്കണം. ഒരു വേലക്കാരത്തി കൂടി ആവാം, അപ്പോള്‍ പിന്നെ പാത്രം ഒന്നും കഴുകേണ്ടിയും വരില്ലല്ലോ. പിന്നെ ഉച്ച മയക്കം. വൈകിട്ട് സ്വിമ്മിങ് പൂളിലെ ഒഴുകുന്ന കിടക്കയില്‍ കിടന്ന് ഭാര്യ തരുന്ന പെഗ്ഗും കാഷ്യൂ നട്ടും കഴിക്കണം. നീന്താനൊക്കെ എന്റെ പട്ടി പോകും. പിന്നെ വീണ്ടും അത്താഴം കഴിച്ച് കാമലീലകളുമായി കിടന്നുറങ്ങണം. ആഹാ...എത്ര സുഖം

ജീവിതത്തിലെ വലിയ കാര്യങ്ങല്‍ക്കു മുമ്പ് ദൈവത്തെ വിളിക്കണമല്ലോ? അങ്ങനെ ഞാന്‍ വീണ്ടും ഒരു ധ്യാനത്തിനു പോയി. പോട്ടയിലൊക്കെ പോയാല്‍ ഇടക്ക് എണീറ്റ് നിന്ന് കൈകൊട്ടി പാടേണ്ടിവരുമല്ലോ എന്നോര്‍ത്ത് ഞങ്ങളുടെ അടുത്തുള്ള ഭരണങ്ങാനം അസീസ്സിയില്‍ പോയി. അവിടെ ചെന്ന് കൌണ്‍സിലിങിന്റെ സമയത്ത് എന്തേലും ഒരു പ്രശ്നം പറഞ്ഞില്ലേല്‍ എന്നെ കൌണ്‍സില്‍ ചെയ്യാന്‍ വന്നവന്‍ എന്തു വിചാരിക്കും എന്നു വിചാരിച്ച് കല്യാണക്കാര്യവും മടിയുടെ കാര്യവും ഒക്കെ പറഞ്ഞു. അദ്ദേഹം മടിയനായ ഒരാളുടെ കഥ പറഞ്ഞു. കല്യാണത്തിനു ശേഷം സെക്സിന്റെ കാര്യത്തില്‍ പോലും മടിയനായിരുന്ന പുള്ളിക്കാരനിട്ട് ഭാര്യ കൊടുത്ത പണിയുടെ കഥ(പിന്നെ, എന്റെ പട്ടി പറയും ആ കഥയിവിടെ). ഞാന്‍ ഞെട്ടിപ്പോയി, ശക്തമായ തീരുമാനങ്ങള്‍ എടുത്തു ഞാന്‍.

അങ്ങനെ ഒരാഴ്ചത്തെ ധ്യാനം ഒക്കെ കഴിഞ്ഞ് രാത്രിയില്‍ തന്നെ വീട്ടില്‍ ചെന്നു. സമാധാനമായി കിടന്നുറങ്ങി. രാവിലെ അഞ്ചു മണിക്കേ എണീറ്റു, അടുക്കളയില്‍ ചെന്ന് ഒരു കട്ടന്‍ കാപ്പി തനിയെ എടുത്തു കുടിച്ചു! അടുക്കളയില്‍ ഒച്ച കേട്ടു വന്ന അമ്മ അതു കണ്ടു ഞെട്ടി, പരിശുദ്ധാത്മാവ് മകനെ അനുഗ്രഹിച്ചതാണോ ഇതു? മുറ്റത്തിറങ്ങിയപ്പോള്‍ രാത്രിക്കു പട്ടി കൊണ്ടു വന്നിട്ട പന്നിയെലിയെ കമ്പുകൊണ്ട് തോണ്ടി മതിലിനു താഴെ ഇട്ടു. തൂമ്പാ എടുത്ത് കുഴികുത്തി, അവനെ മണ്ണിട്ട് മൂടി അവസാനം കല്ലുവരെ ചുമന്നു അതിന്റെ മുകളില്‍ വെച്ചു. എന്താ മനസിനു ഒരു സുഖം ഇത്തിരി പണി ഒക്കെ ചെയ്തപ്പോള്‍. പിന്നെ തണുത്ത വെള്ളത്തില്‍ ഒരു കുളി. പ്രാതലിന് കുശാലായി പുട്ടും പോത്തിറച്ചുയും അടിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും ഒന്നു കിടക്കാന്‍ തോന്നി. എങ്കിലും മടി ഒഴിവാകാനായി പൈക വരെ ഒന്നു പോയേക്കാം എന്നു വെച്ചു. സാധനം വല്ലതും വാങ്ങാനുണ്ടോ എന്നന്വേഷിച്ചപ്പോള്‍ അമ്മ പറഞ്ഞു ഞാന്‍ പണിക്കാരനോട് പറഞ്ഞോളാം എന്ന്. എന്നതാ വേണ്ടത് എന്നു പറ, ഞാന്‍ വാങ്ങാം എന്നായി ഞാന്‍. സാധനങ്ങളുടെ ലിസ്റ്റ് തന്നു. ഇന്നു ഉച്ചക്കു വരുന്ന അമ്മയുടെ സഹോദരന്റെ മകള്‍ക്കും കെട്ടിയോനും ഉള്ള സദ്യക്കുള്ള സാധനങ്ങളാണ്.
ഒരു മൂളിപ്പാട്ടുമായി ഞാന്‍ കാറില്‍ കയറി പൈകയിലേക്കു തിരിച്ചു. കെ എം എസിന്റെ പമ്പിന്റെ അവിടെ എത്തിയപ്പോള്‍ ആണ് പെട്രോള്‍ തീരാറായല്ലോ എന്നോര്‍ത്തത്. സാധാരണ മടി കാരണം അതു ചെയ്യാറില്ല, ഒരു കിലോമീറ്റര്‍ തിരിച്ചു പോയാല്‍ വീട്ടില്‍ ചെല്ലും. മാത്രവുമല്ല തീരാറാകുമ്പോള്‍ പപ്പാ പെട്രോള്‍ അടിക്കുകയും ചെയ്യും. ഇന്ന് എന്തായാലും പെട്രോള്‍ ഒക്കെ അടിച്ചേക്കാം എന്നു വെച്ചു. അവിടെ പെട്രോള്‍ അടിച്ചുകൊണ്ടിരുന്നപ്പോള്‍ ആണ് എന്റെ സഹപാഠൊയായ കുഞ്ചപ്പന്‍ എന്നെ വിളിച്ചത്. ഒരാഴ്ച കഴിഞ്ഞായിരുന്നു അവനെ കണ്ടിട്ട്. അവന്റെ ഓഫീസില്‍ ചെന്നപ്പോള്‍ അവന്‍ അകത്തോട്ട് വിളിച്ചു. അറിയാതെ അങ്ങോട്ട് പോയി. നാടന്‍ വാറ്റും, നാരങ്ങാ അച്ചാറും അവിടെ എന്നെ നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു. പെട്ടെന്ന് ഒരു ചിറക്കടി ശബ്ദം കേട്ടു, പരിശുദ്ധാത്മാവ് പറന്നു പോയതാണെന്നാ തോന്നുന്നേ...

Read more...

കുട്ടികളും മൊബൈലും

>> Monday, August 10, 2009

കുട്ടികള്‍ക്കു മൊബൈല്‍ വേണോ? പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ വഴി ഉണ്ടാവുന്ന ദോഷങ്ങള്‍, അതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍, അതു നിരോധിക്കേണ്ടതിന്റെ ആവശ്യകത എന്നിങ്ങനെ ദിവസേന ഒരോരോ വാഗ്വാദങ്ങള്‍! ഞാനും ഒന്നു ചിന്തിച്ചു. ഇന്നത്തെ കാലത്തെക്കുറിച്ചും, കാലത്തിനനുസരിച്ചു മാറേണ്ടതിനെക്കുറിച്ചും, കൌമാരത്തിലെ ചിന്തകളും മാതപിതാക്കളുടെ ചിന്തകളും, പിന്നെ എല്ലാത്തിലും ഉപരിയായി, നിഷ്പക്ഷമായി, പ്രായോഗികതയെ കണക്കിലെടുത്തുകൊണ്ട് ഒരു വിശകലനം.

പലരുടെയും വാദം പണ്ടത്തെ കാലത്ത് അനാശ്യാസപ്രവര്‍ത്തികള്‍ കുറവായിരുന്നു എന്നാണ്. ഇന്ന് സ്വവര്‍ഗ്ഗരതിക്കാര്‍, കുട്ടികളെ പീഡിപ്പിക്കുന്നവര്‍, മക്കളെ പീഡിപ്പിക്കുന്നവര്‍, പരസ്ത്രീഗമനം ഇതൊക്കെ വളരെയധികം വര്‍ദ്ധിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. എന്നാല്‍ ജനസംഖ്യയില്‍ വന്ന വര്‍ദ്ധനവും, വിവരങ്ങള്‍ ജനങ്ങളിലേക്കെത്തുന്നതില്‍ വന്ന വേഗവും, വിവിധ ടെക്നോളജികള്‍ മൂലം ഇത്തരം വാര്‍ത്തകള്‍ കൂടുതല്‍ പരക്കുന്നതും അല്ലാതെ വലിയ മാറ്റം ഉണ്ടോ എന്നു സംശയമാണ്. നൂറ്റാണ്ടുകള്‍ മുമ്പെഴുതിയ പുരാണങ്ങളിലും മതഗ്രന്ധങ്ങളിലും എന്തിനേറെ ഗ്രീക്ക് മിത്തുകളിലും എല്ലാ പുരാണ സംസ്കാരങ്ങളിലും ഇങ്ങനെയുള്ള പല സംഭവങ്ങളും കാണാന്‍ കഴിയും. 15 വര്‍ഷം മുമ്പ് മെക്സിക്കോയില്‍ ഒരു അച്ഛന്‍ 20 വര്‍ഷം സ്വന്തം മകളെ പീഡിപ്പിച്ചതായി കണ്ടുപിടിച്ചാന്‍ ആ വാര്‍ത്ത ഈ കൊച്ചു കേരളത്തില്‍ എത്തില്ലായിരുന്നു, ചിലപ്പോള്‍ മെക്സിക്കോയുടെ പുറത്തു പോലും. ഇന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അതു ലോകം മുഴുവന്‍ പരക്കുന്നു. അതല്ലാതെ മനിഷ്യന്റെ ചെയ്തികളില്‍, അവന്റെ വൈകൃതങ്ങളില്‍, ടെക്നോളജികൊണ്ടുണ്ടായ ചില മാറ്റങ്ങള്‍ അല്ലാതെ വലിയ മാറ്റങ്ങള്‍ ഉണ്ടോ? കൊച്ചുപുസ്തകത്തിനു പകരം ബ്ലൂഫിലിമും, നാട്ടിലെ സുന്ദരികളായവരെ പറ്റി സങ്കല്പ കഥകള്‍ക്കു പകരം അവരറിയാതെയുള്ള അവരുടെ മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങളും അല്ലെങ്കില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും, വൈബ്രേറ്ററും കുറച്ചു സെക്സ്വല്‍ ഉപകരണങ്ങളും വന്നതല്ലാതെ എന്തു മാറ്റമാണ് സമൂഹത്തില്‍ വന്നിരിക്കുന്നത്?

മൊബൈലിനെ എതിര്‍ക്കുന്നവര്‍ എല്ലാവരും തന്നെ മാതപിതാക്കള്‍ അല്ലെങ്കില്‍ പക്വതയോടുകൂടി ചിന്തിക്കുന്നവര്‍ ആണ്. പക്ഷെ അവര്‍ എന്തു കൊണ്ട് കുട്ടികളുടെ മനസിനെക്കുറിച്ച് അല്ലെങ്കില്‍ അവരുടെ ചിന്തകളെ കണക്കിലെടുക്കുന്നില്ല എന്ന് മനസിലാകുന്നില്ല. നമ്മളുടെ ചെറുപ്പത്തിലേക്ക് അല്ലെങ്കില്‍ കൌമാരത്തിലേക്ക് ഒന്നു പുറകോട്ട് പോയി നോക്കൂ.

പ്രായപൂര്‍ത്തിയായ ഏതൊരു ആണ്‍കുട്ടിയും പെണ്ണിനെക്കുറിച്ചുള്ള വിവരങ്ങളില്‍ അതീവ തല്പരന്‍ ആയിരിക്കും. ഒരു പെണ്‍കുട്ടിയുടെ ശരീരത്തിലെ പ്രധാന ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ താല്പര്യമില്ലാത്ത ഏത് ആണ്‍കുട്ടിയാണുള്ളത്? പേടികൊണ്ട് ചിലര്‍ മര്യാദക്കിരിക്കുന്നതല്ലാതെ താല്പര്യമില്ലാത്തവര്‍ (ഹോമോസെക്സ്വത്സിനെ ഒഴിവാക്കുന്നു) വളരെ കുറവായിരിക്കും. അപ്പോള്‍ കൌമാരപ്രായക്കാരില്‍ ജിജ്ഞാസയും സെക്സിനോടുള്ള അമിത ആവേശവും ഉണ്ടാവും. കല്യാണം കഴിച്ച് അല്ലെങ്കില്‍ സെക്സില്‍ എല്ലാം ആസ്വദിച്ചു കഴിയുമ്പോള്‍ വെറുതെ ഒന്നു തൊടുന്നതിന്റെ സുഖം അല്ലെങ്കില്‍ അതിനുള്ള ആഗ്രഹം, ഒരു പെണ്ണിന്റെ നഗ്നതയുടെ ചെറിയ ഒരംശം കാണുന്നതിനായുള്ള താല്പര്യം ഇതൊക്കെ ഒഴിവായിപ്പോകുമ്പോള്‍ കൌമാരക്കാരായ നമ്മുടെ മക്കളിലും സഹോദരങ്ങളിലും ഇതിനുള്ള താല്പര്യം നമ്മള്‍ കാണാതിരിക്കരുത്. നമ്മള്‍ തന്നെ നമ്മുടെ അന്നത്തെ വികാരവിചാരങ്ങളിലേക്ക് സത്യസന്ധമായി ഒന്ന് ആത്മ പരിശോധന നടത്തണം. എത്രയോ ഫാന്റസികള്‍, എത്രയോ വേണ്ടാത്ത ചിന്തകള്‍ ഉണ്ടായിരുന്നവരായിരുന്നു നമ്മള്‍? നമ്മള്‍ ചെയ്തോ എന്നല്ല, കുറഞ്ഞ പക്ഷം നമ്മുടെ മനസിലെങ്കിലും പലതും ഉണ്ടായിരുന്നു. അവസരം കിട്ടാഞ്ഞതിനാല്‍ പലരും നല്ല മനുഷ്യരായി ഇരുന്നു എന്നു മാത്രം. നാലിലും അഞ്ചിലും ഒക്കെ പഠിക്കുമ്പോള്‍ പോലും വനിതയില്‍ അന്നുണ്ടായിരുന്ന ഏഞ്ചല്‍ ഫോമിന്റെ പാന്റീസിന്റെ പരസ്യത്തില്‍ ആരും കാണാതെ നോക്കി കിടക്കുമ്പോള്‍ ഉണ്ടായിരുന്ന ഒരു സുഖം, വല്യപാവാടയും ബ്ലൊവ്സുമിട്ട് മൊന്തയില്‍ പാലൊഴിച്ചു തന്നിരുന്ന ചേച്ചിയുടെ അമ്മിഞ്ഞയില്‍ നോക്കാനുള്ള മോഹം എന്നിങ്ങനെ ഓര്‍മ്മവെച്ചപ്പോള്‍ തന്നെ സെക്സിന്റെ വിചാരങ്ങളും ചിന്തകളും ഉണ്ടായിരുന്ന ഞാന്‍ ഏകനല്ല എന്ന് എനിക്കറിയാം. എന്നില്‍ നിന്നും വിത്യസ്തരായ സാധാരണക്കാരായ ഒരാളെപോലും ഞാന്‍ കണ്ടിട്ടില്ല.

പെണ്‍കുട്ടികളുടെ ജീവിത രീതികളും ഇന്ന് ഒത്തിരി മാറി. പണ്ടൊക്കെ വീടിന്റെ ഉമ്മറത്തേക്കു പോലും പ്രത്യക്ഷപ്പെടാതിരുന്ന പെണ്‍കുട്ടിള്‍ ഇന്ന് ആണ്‍കുട്ടികളെ പോലെ തന്നെ എല്ലാ കാര്യങ്ങളിലും ഇടപെട്ടു തുടങ്ങി. അടിച്ചമര്‍ത്തപെട്ട് ചുവരുകള്‍ക്കിടയില്‍ കഴിഞ്ഞിരുന്ന അവര്‍ പുറം ലോകം കണ്ടുതുടങ്ങി.പുരുഷന്മാരെക്കാലും എത്രയോ മടങ്ങ് സെക്സ് ആസ്വദിക്കാന്‍ കഴിയുന്ന സ്ത്രീയെ പണ്ടത്തെ സമൂഹം പലരീതിയില്‍ അടിച്ചമര്‍ത്തിയിരുന്നു. എന്തിനേറെ പറയുന്നു സ്ത്രീ സൌന്ദര്യത്തിനു മാറ്റു കൂട്ടുന്നു എന്നു നാം അവകാശപ്പെടുന്ന കമ്മലിനും മൂക്കുത്തിക്കും വരെയുണ്ട് ഇത്തരം അടിച്ചമര്‍ത്തലില്‍ പങ്ക്. എന്തിലും വൈകൃതങ്ങളും പുതുമയും കണ്ടെത്തുന്ന ഇന്നത്തെ തലമുറയില്‍ ചിലര്‍ അതു പുക്കിളിലും ചുണ്ടിലും മറ്റു പലസ്ഥലങ്ങളിലും കുത്തുന്നുണ്ടെങ്കിലും സ്ത്രീയുടെ വികാരങ്ങളെ അടിച്ചമര്‍ത്തുന്നതായി എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. കമ്മലും മൂക്കുത്തിയും ഇപ്പോളും ഉണ്ടെങ്കിലും അവളുടെ ലോകം നന്നായി മാറിയിരിക്കുന്നു ഇന്ന്. ടി വി, ഇന്റര്‍നെറ്റ്, മറ്റു മാധ്യമങ്ങള്‍, വിദ്ധ്യാഭ്യാസം തുടങ്ങി എല്ലാ മേഖലകളിലും അവള്‍ക്കുണ്ടായ അഭിവൃത്തി അവളുടെ വൈകാരിക തലങ്ങളെയും ബാധിച്ചിരിക്കാം. പണ്ടൊക്കെ കിടക്കയില്‍ പുരുഷന്റെ ചടുലപ്രവര്‍ത്തനങ്ങളില്‍ അവളുടെ വികാരങ്ങളുടെ തുടക്കമെത്തുമ്പോള്‍ തന്നെ തന്റെ പണിയും തീര്‍ത്ത് വിജയ ശ്രീലാളിതനായി പോകുന്ന പുരഷനെ നോക്കി നെടുവീര്‍പ്പെട്ടിരുന്ന സ്ത്രീ ഇന്ന് അവളുടെ വികാരങ്ങളെ കുറിച്ചും ബോധവതിയാണ്. ഋതുമതിയാകുന്നതോടെ അമ്മയാകാനും സെക്സിനും ശാരീരികമായി തയ്യാറാവുന്ന പെണ്‍കുട്ടി ഇന്ന് പണ്ടത്തെപ്പോലെ ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയവളല്ല. അവളുടെ ലോകവും വലുതായിരിക്കുന്നു, അവളുടെ വികാരങ്ങളെക്കുറിച്ചു അവളും ബോധവതിയായിരിക്കുന്നു എന്ന് എല്ലാവരും മനസിലാക്കണം. സാഹചര്യങ്ങളും മനോഭാവങ്ങളും മാറിയതിനാല്‍ ഇന്നത്തെ പെണ്‍കുട്ടികളും സെക്സിന്റെ കാര്യത്തില്‍ ഒരു പക്ഷെ മാതാപിതാക്കളുടെ കാഴ്ചപാടില്‍ നിന്നും വിത്യസ്തരായിരിക്കാം. പെണ്‍കുട്ടികളുടെ ചിന്തകളെക്കുറിച്ച് എനിക്കറിയില്ല, എങ്കിലും അമ്മമാരായിരിക്കുന്ന സ്ത്രീകള്‍ ഒന്നു ആത്മപരിശോധന നടത്തി നോക്കൂ അവരുടെ കൌമാരത്തിലെ ചിന്തകളും മറ്റും.

അപ്പോള്‍ മൊത്തത്തില്‍ ചിന്താഗതി മാറി. ജീന്‍സും മൈക്രോ മിഡിയുമൊക്കെ നിഷിദ്ധമായിരുന്ന പഴയകാലത്തെ പെണ്‍കുട്ടികള്‍ അവര്‍ക്കിഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ തുടങ്ങി. ഒറ്റക്കിരുന്നു സ്വയം ഭോഗം നടത്തിയിരുന്ന ആണ്‍കുട്ടികള്‍ ഇപ്പോള്‍ പെണ്‍കുട്ടികളെ പ്രാപിച്ചു തുടങ്ങി. അങ്ങനെ അല്ലെന്നു വിശ്വസിക്കുന്ന അല്ലെങ്കില്‍ കണ്ണടച്ചിരിക്കുന്ന മുതിര്‍ന്നവര്‍ ഈ മാറ്റത്തെ അംഗീകരിച്ചെ പറ്റൂ. സമൂഹത്തില്‍ ധാരാളമായ മാറ്റങ്ങള്‍ വന്നു. മാനസികവും ശാരീരികവുമായ പൊരുത്തക്കേടുകള്‍ കിടപ്പുമുറിയുടെ അതിര്‍ത്തിയില്‍ നിന്നും കുടുംബത്തിലേക്കും കോടതിയിലേക്കും വിവാഹമോചത്തിലേക്കും മാറി. വിവാഹമോചനങ്ങള്‍ കൂടി എന്നു പരിതാപപ്പെടുന്നവര്‍ എന്തു കൊണ്ട് പൊരുത്തക്കേടുകള്‍ കൊണ്ട് വീര്‍പ്പുമുട്ടി ജീവിതം അരോചകമായി ആര്‍ക്കോ വേണ്ടി നശിപ്പിച്ചു തീര്‍ത്ത അല്ലെങ്കില്‍ ഇപ്പോളും തീര്‍ത്തുകൊണ്ടിരിക്കുന്ന പഴയ ജന്മങ്ങളെ കാണുന്നില്ല?

അതൊക്കെ പോകട്ടെ, നമുക്കു മൊബൈലിലേക്കു തിരിച്ചു വരാം. ഇപ്പോളത്തെ കുട്ടികളും മൊബൈലും എന്ന വിഷയത്തിലെ ചോദ്യങ്ങള്‍ ഇതൊക്കെയാണ്.
1 ഏന്തിനാണ് കുട്ടികള്‍ക്ക് മൊബൈല്‍?
2 വീട്ടില്‍ നിന്നും സ്കൂളിലേക്കും തിരിച്ചും, കൂടി വന്നാല്‍ ട്യൂഷനും മാത്രം ഉള്ള കുട്ടികളെ ഇടക്ക് ആരാണ് വിളിക്കേണ്ടത്?
3 അതില്‍ തന്നെ ക്യാമറ ഉള്ള മൊബൈല്‍ എന്തിന്?
4 സ്കൂളില്‍ മൊബൈല്‍ നിരോധിച്ചു കൂടെ?
5 മാതാപിതാക്കള്‍ എന്തിനാണ് കുട്ടികള്‍ക്ക് മൊബൈല്‍ വാങ്ങി കൊടുക്കുന്നത്?
6 സ്കൂളിലെ മൊബൈല്‍ ഉപയോഗത്തിനെതിരെ നിയമം ഉണ്ടാക്കിക്കൂടെ?


ഇതിനു കുട്ടികള്‍ തിരിച്ചൊരു ചോദ്യം ചോദിച്ചാലോ?
1 രാവിലെ ജോലിക്കു പോയി തിരിച്ചു വരുന്ന ജോലിക്കാര്‍ക്ക് എന്തിനാ മൊബൈല്‍? ജോലിയൊന്നുമില്ലാത്ത വീട്ടമ്മമാര്‍ക്ക് എന്തിനാ മൊബൈല്‍?
2 വളരെ യാത്രയുള്ള ബിസിനസുകാര്‍ക്കും സെയിത്സ് റപ്രസെന്റിറ്റീവ്മാര്‍ക്കും ഒഴിച്ച് ജോലിയും ബിസിനസുമായി കഴിയുന്നവര്‍ക്ക് എന്തിനാ മൊബൈല്‍?
3 എന്തിനാ ഈ ക്യാമറ ഉള്ള മൊബൈല്‍? വഴിക്കു മുഴുവന്‍ ഫോട്ടോ എടുക്കാനോ? എന്ന പിന്നെ ഒരു ക്യാമറാ കൊണ്ടു നടന്നാല്‍ പോരെ?
4 ബ്ലൂ ഫിലിം, ചീത്ത പുസ്തകങ്ങള്‍ , സിഗരറ്റ്, മയക്കു മരുന്ന് ഒക്കെ സ്കൂളില്‍ നിരോധിച്ചതാണ്. എന്നിട്ടും ഇതൊക്കെ സ്കൂളില്‍ ഉണ്ടല്ലോ?
5 മാതപിതാക്കള്‍ എന്തിനാ വാങ്ങിക്കൊടുക്കുന്നത് എന്ന് ഇതുവരെ ഏതേലും മാതാപിതാക്കളോട് ചോദിച്ചിട്ടുണ്ടോ?
6 മൊബൈലില്‍ അനാവശ്യം സ്കൂളില്‍ മാത്രമേ നിരോധിക്കാന്‍ പാടുള്ളോ?

ഇതൊക്കെ തര്‍ക്കുത്തരങ്ങളായി തോന്നാം. പക്ഷെ എന്തെങ്കിലും കാര്യമുണ്ടോ എന്നൊന്നു ചിന്തിച്ചുകൂടെ?

ഓരോരുത്തരും അവനവന്റെ സാഹചര്യങ്ങല്‍ക്കനുസരിച്ചാണ് ജീവിക്കുന്നത്. ഇന്നത്തെ അണുകുടുംബത്തില്‍ അച്ഛനും അമ്മയും ജോലിക്കു പോകുകയും, മക്കള്‍ പഠിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് മൊബൈല്‍ കൊടുക്കുന്നുണ്ടാവാം. അല്ലെങ്കില്‍ തന്നെ മാരുതി ഇവിടുള്ളപ്പോള്‍ എന്തിനാ പൈസായുള്ളവര്‍ ബെന്‍സ് വാങ്ങുന്നത് എന്ന് ചോദിക്കുന്നപോലെയല്ലെ കുട്ടികള്‍ക്കെന്തിനാ മൊബൈല്‍ എന്നു ചോദിക്കുന്നത്? പുതിയ സാങ്കേതിക വിദ്യകളെയും സൌകര്യങ്ങളേയും കുറ്റം പറയുന്നതിനു പകരം അതിന്റെ അടിസ്ഥാനപരമായ കരണങ്ങള്‍ കണ്ടെത്തുകയല്ലേ വേണ്ടത്? ലൈംഗികതയും മറ്റും സ്വന്തം മക്കളോട് തുറന്നു പറയാന്‍ സാധിക്കാത്ത മാതാപിതാക്കളും, മക്കളുടെ വളര്‍ച്ചയേയും, അവരുടെ വിത്യസ്തമായ കാലഘട്ടത്തേയും അംഗീകരിക്കാതെ ഇങ്ങനത്തെ കാരണങ്ങള്‍ കണ്ടെത്തുന്നതില്‍ കഴമ്പുണ്ടോ? നമ്മുടെ സമൂഹം അധപതിക്കുന്നുണ്ടോ ഉണ്ടെങ്കില്‍ അതിന്റെ കാരണങ്ങളെന്ത് എന്ന് കണ്ടു പിടിക്കനല്ലേ നാം ശ്രമിക്കേണ്ടത്? രാഷ്ട്രീയക്കാര്‍ നമ്മളില്‍ ഒരാളാണെന്നും, അവര്‍ നമ്മള്‍ തിരഞ്ഞെടുത്തവരാണെന്നും മറന്ന് അവര്‍ മുഴുവന്‍ മോശമാണെന്നും തെണ്ടികളാണെന്നും നാം പറയുന്ന പോലെ.

പിന്നെ ഒരാളെ മനപ്പൂര്‍വ്വം ദ്രോഹിക്കണം എന്നു വെച്ചാല്‍ എത്രയോ വഴികളാണുള്ളത് ഇന്ന്. അതിനു മൊബൈല്‍ ഫോണ്‍ വേണമെന്നില്ലല്ലോ. ഒരു പെണ്‍കുട്ടിയുടെ മുഖം മാത്രം കിട്ടിയാല്‍ എന്താണ് ഇവിറ്റെ ചെയ്യാന്‍ പറ്റാത്തത്? ഇന്നത്തെ കാലഘട്ടത്തില്‍ ഒരു ഫോട്ടോ പുറത്താകാന്‍ എത്രയോ സാഹചര്യങ്ങളുണ്ട്? നമ്മുടെ ഉപയോഗ ശൂന്യമായ കൊമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്കില്‍ നിന്നും ഡിലീറ്റ് ചെയ്ത മെമ്മറി കാറ്ഡില്‍ നിന്നുമൊക്കെ വിവരങ്ങള്‍ ശേഖരിക്കാന്‍ വളരെ എളുപ്പം ആണല്ലോ ഇന്ന്. നമുക്കുപരിചയമുള്ള ഒരു പെണ്‍കുട്ടിയുറ്റെ നഗ്ന ഫോട്ടോ കണ്ടാല്‍ അതു കൃത്രിമമാണോ എന്നൊന്നും വിശദമായി പരിശോധിക്കാന്‍ ചിലപ്പോള്‍ മിനക്കെട്ടു എന്നു വരില്ല. പ്രാഥമിക നിരീക്ഷണത്തില്‍ ശരിയായതെന്നു തോന്നിയാല്‍ മാത്രം മതിയാവും. അവളുടെ നഗ്നമായ ശരീരത്തിലെ പ്രത്യേകതകള്‍ നമുക്കറിയില്ലല്ലോ. സ്വന്തം ഭര്‍ത്താവിന് പടം കൃത്രിമമാണെന്നു മനസിലായാലും മറ്റുള്ളവര്‍ക്ക് മനസിലാവില്ലല്ലോ. എന്റെ ഭാര്യയുടെ ആ ഭാഗം ഇങ്ങനെയല്ല എന്നൊന്നും ആര്‍ക്കും വിശദീകരിക്കാന്‍ പറ്റില്ലല്ലോ? അതിനാല്‍ തന്നെ അത്യാവശ്യം ഒരു മാനസിക വളര്‍ച്ചയാണ് നമുക്കുണ്ടാകേണ്ടത്. നമ്മുടെ മക്കള്‍ക്കാണ് ഈ ഗതി വരുന്നതെങ്കില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉടനെ പ്രതികരിക്കുന്നതിനു പകരം കാര്യങ്ങള്‍ മനസിലാക്കാന്‍ പക്വതയോടു കൂടിയ ഒരു സമീപനം ആണ് ആവശ്യം.

പിന്നെ സാങ്കേതിക വിദ്യയുടെ വികസനത്തിനു പുറം തിരിഞ്ഞു നില്‍ക്കുന്നത് ശരിയാണെന്നു തോന്നുന്നില്ല. അങ്ങിനെയാണെങ്കില്‍ പെണ്‍കുട്ടികളെ സ്കൂളില്‍ വിടാതിരിക്കുക, അല്ലെങ്കില്‍ പര്‍ദ്ദ പോലത്തെ മുഴുവനും മറക്കുന്ന വസ്ത്രങ്ങള്‍ ധരിപ്പിക്കുക, സ്ത്രീകള്‍ക്ക് പ്രത്യേകം സൌകര്യങ്ങള്‍ എല്ലായിടത്തും ഒരുക്കുക, മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ സാധനങ്ങള്‍ സ്തീകളുടെ അടുത്ത് കൊണ്ടുവരാതിരിക്കുക തുടങ്ങിയ നിബന്ധനകള്‍ കൊണ്ടു വരേണ്ടിവരും.

Read more...

ബേബിച്ചന്‍ ഫ്രം പൈക

>> Sunday, July 12, 2009

പൈകയിലെ വളര്‍ന്നു വരുന്ന കൌമാരക്കാരുടെ അഭയകേന്ദ്രമായിരുന്നു ചതുരക്കുന്നേല്‍ ബേബിയുടെ സൈക്കിളുകട. പഠിക്കാന്‍ നല്ല മിടുക്കനായിരുന്നെങ്കിലും വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനാല്‍ എട്ടില്‍ നാലാമത്തെ വര്‍ഷം പഠനം നിര്‍ത്തി. അങ്ങനെ പൈകയില്‍ ഒരു സൈക്കിളുകട ആരംഭിച്ചു. കാര്യം പെണ്ണുകെട്ടാറായെങ്കിലും കടയിലെ ക്ലയന്റ്സ് സൈക്കിളില്‍ വരുന്ന സ്കൂള്‍ കുട്ടികള്‍ ആയതിനാലാവാം, വര്‍ഷങ്ങള്‍ കഴിയുന്തോറും പുള്ളിക്കാരന്റെ സുഹൃത്തുക്കളുടെ പ്രായവും കുറഞ്ഞു വന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഇപ്പോളും മീരാജാസ്മിന്റെയും മംതയുടെയും കൂടെ അഭിനയിക്കുന്നതും ഇതുപോലെയാവും. എന്തായാലും ബേബി നാള്‍ക്കു നാള്‍ ബേബിയായി വന്നു. ചെറിയ പെണ്‍കുട്ടികളുമായുള്ള ബന്ധം ചെറുപ്പമാക്കും എന്നു പല വിദഗ്ധരും പറയുന്ന പോലെ.
എന്തായാലും ബേബിയുടെ കടയില്‍ പിള്ളേരുടെ തിരക്ക് രാവിലെയും വൈകിട്ടും വളരെ കൂടുതലായിരുന്നു.

കാലം മാറി വന്നതനുസരിച്ചു ബേബിയുടെ കോലവും മാറി വന്നു. കടയില്‍ ഏതു കസ്റ്റമര്‍ വന്നാലും ബേബി കസേരയില്‍ നിന്നനങ്ങില്ല. ആ നാലാമത്തെ റാക്കിലെ മൂന്നമത്തെ റോയില്‍ ഇരിക്കുന്ന ബോള്‍ട്ടെടുത്തു കൊണ്ടുവാ എന്ന് കസ്റ്റമറിനോടു പറയും. പിന്നെ വരുന്ന കസ്റ്റമര്‍ എല്ലാം തലതെറിച്ച പിള്ളേര്‍ ആയതിനാലും, ബേബിയുടെ കടയില്‍ നിന്നാല്‍ പൈകയില്‍ ബസില്‍ വന്നിറങ്ങുന്നതും നടന്നുവരുന്നവരുമായ എല്ലാ പെണ്‍പിള്ളെരുടെയും അറ്റന്‍ഡന്‍സ് എടുക്കാം എന്ന ബെനിഫിറ്റ് ഉള്ളതിനാലും ബേബിയുടെ ജാട പോലീസ് സ്റ്റേഷനിലെ നടയടി പോലെ പൊതുവേ അംഗീകരിക്കപ്പെട്ടിരുന്നു. ബേബി അഹങ്കാരം കൊണ്ടായിരുന്നില്ല അങ്ങിനെ പെരുമാറിയിരുന്നത്, അവന്റെ മുടന്ത് മറ്റുള്ളവര്‍ കാണാതിരിക്കാനായിരുന്നു എന്നു മാത്രം. പക്ഷെ ബേബി ഭയങ്കര പരസഹായി ആയിരുന്നു. കുട്ടികള്‍ക്ക് അവരുടെ പ്രണയ സാഫല്യത്തിനുള്ള ഉപദേശങ്ങള്‍ നല്‍കുക, പെണ്ണുങ്ങളുടെ വീട്ടിലേക്ക് കടയിലെ ഫോണ്‍ ഉപയോഗിച്ച് വിളിക്കാന്‍ അനുവധിക്കുക തുടങ്ങിയ ഉപകാരങ്ങള്‍ക്കൊപ്പം, അവരെ തന്റെ വീരഗാഥകള്‍ പറഞ്ഞ് അത്ഭുതപ്പെടുത്തുക എന്ന ചെറിയ ഉപദ്രവം മാത്രമേ ബേബി ചെയ്തിരുന്നുള്ളൂ.

വര്‍ഷങ്ങള്‍ കടന്നു പോയതനുസരിച്ച് ബേബിയിലും ചെറിയ പരിഷ്കാരങ്ങള്‍ വന്നു. സൈക്കിളിന്റെ ബോളും, കാറ്റടിക്കലും, നന്നാക്കലുമൊക്കെ പഴയ കല്ലുപെന്‍സില്‍ വില്പന പോലെയായപ്പോള്‍ ബേബി സൈക്കിള്‍ വില്പനയും ബൈക്കിന്റെ പാര്‍ട്സ് വില്പനയും ആരംഭിച്ചു. മീശക്കു കട്ടിവന്നെങ്കിലും അതു നരക്കുന്ന വരെയെങ്കിലും അതാര്‍ക്കും ഒറ്റനോട്ടത്തില്‍ മനസിലാവില്ല. എങ്കിലും സംസര്‍ഗം കൂടുതലും പിള്ളേരുമായി തന്നെ.

വസ്ത്രധാരണത്തില്‍ കാലോചിതമായ മാറ്റം വരുത്തി പാന്റിടാന്‍ ബേബി തയ്യാറായില്ല. പക്ഷെ അരക്കിലൊ മൈദ മുക്കിയ ഷര്‍ട്ടും മുണ്ടും ഉടുത്ത് അതിന്റെ ഭാരം താങ്ങാന്‍ എപ്പോളും എവിടെയെങ്കിലും ചാരിമാത്രം നിന്നുകൊണ്ട് ബേബി സുന്ദരനാകാന്‍ ശ്രമം തുടങ്ങി. നേരെ എതിര്‍വശത്തുള്ള സ്വര്‍ണ്ണക്കടയിലെ സിബിയെ എല്ലാവരും സിബിച്ചന്‍ എന്നു വിളിക്കുന്ന കേട്ട് ബേബിക്കുംമൊരു ആഗ്രഹം, എല്ലാരും ബേബിച്ചന്‍ എന്നു വിളിക്കുവരുന്നെങ്കില്‍ ഒരു രസം ഉണ്ടാരുന്നു എന്ന്. പിന്നെ കടയില്‍ ബേബിയെ എന്നു വിളിച്ചു വരുന്നവരെ രാവിലെയും വൈകിട്ടും പെണ്‍കുട്ടികളുടെ പീക്ക് സമയത്ത് ബേബി കടയില്‍ നിര്‍ത്തിയില്ല. കടയിലെ കസേരയിലും തൂണിലും ചാരി നിന്ന്, പുഞ്ചവയല്‍, വിഴിക്കത്തോട് ചെങ്ങളം ബസുകളുടെ കളക്ഷന്‍ എടുക്കാന്‍ എന്തു വിലയും കൊടുക്കാന്‍ തയ്യാറായിരുന്ന പൈകയിലെ ചെറുപ്പക്കാര്‍ വളരെ പെട്ടെന്ന് ബേബിയെ ബേബിച്ചനാക്കി.

ആദ്യമായി ഒരു മൊബൈലുമായി വന്ന ജാടയില്‍ വെറും ബേബി എന്നു വിളിച്ച് കടയില്‍ വന്ന രാജേഷിനെ കച്ചവട സമയത്ത് കസേരയില്‍ ഇരിക്കാതെ എന്നു പറഞ്ഞ് ബേബി കടയില്‍ നിന്നും ഇറക്കിവിട്ടു. പുഞ്ചവയലു ബസില്‍ അല്ഫോന്‍സാ കോളേജില്‍ പോകുന്ന ലതയെ കാണാതെ ഇരിക്കപ്പൊറുതിയില്ലാതെ രാജേഷ് പിന്നെ ബേബിക്ക് ഇംഗ്ലീഷില്‍ സംസാരിക്കുന്ന പെണ്ണിനെ ഫോണ്‍ വിളിച്ചു കൊടുത്താണ് സോള്‍വ് ചെയ്തത്. (അന്നു നംബര്‍ ബിസിയാകുമ്പോള്‍ ഇംഗ്ലീഷില്‍ മാത്രമേ മെസ്സേജ് ഉണ്ടായിരുന്നുള്ളൂ). ഒരു 10 സെക്കന്‍ഡ് പെണ്ണിന്റെ ശബ്ദം കേട്ടാല്‍ തന്നെ എന്തൊരു സംതൃപ്തി. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ തോണ്ടലും ഞെക്കലും പെണ്ണുങ്ങള്‍ അനുഭവിക്കുന്നത് എന്നാണ് എല്ലാവരുടെയും പരാതി. ബാക്കി എല്ലായിടത്തും കൌമാര യൌവ്വന തൃഷ്ണകള്‍ ശമിപ്പിക്കാന്‍ എത്ര എത്ര അവസരങ്ങള്‍! പാവം മലയാളി ആണുങ്ങള്‍!

രാവിലെ ഒരോ ബസിന്റെയും ഇരമ്പല്‍ കേള്‍ക്കുമ്പോളേ ബേബി മേശയുടെ സൈഡില്‍ വച്ചിരിക്കുന്ന കണ്ണാടിയില്‍ നോക്കി മുടി ചീകും. എന്നിട്ട് കസേരയില്‍ ഞെളിഞ്ഞിരിക്കും. ദിവസേന എത്രയോ കണ്ണുകള്‍ ബേബിയുടെ കടയിലേക്കും തിരിച്ചും സന്ധിക്കും. എല്ലാവര്‍ഷവും പുതിയതായി വരുന്ന പെണ്‍കുട്ടികള്‍ എങ്കിലും തന്നെ പ്രേമിക്കും എന്ന പ്രതീക്ഷയില്‍ ബേബിയും കുട്ടികളേപ്പോലെ മേയ് മാസം പുതിയ ഷര്‍ട്ടുകള്‍ വാങ്ങി വെക്കും. കാലവര്‍ഷത്തണുപ്പില്‍ ഉണങ്ങാത്ത പശമുക്കിയ തുണികളുടെ മണം മാറ്റാനായി ഉജാലക്കും മൈദക്കുമൊപ്പം ചേട്ടന്‍ ഗള്‍ഫില്‍ നിന്നും കൊണ്ടു വന്ന ബ്രൂട്ട് വരെ ഒഴിച്ചു. ഞായറാഴ്ചകളില്‍ പള്ളിയില്‍ പോലും പോകാതെ പിച്ചള തേപ്പുപെട്ടിയില്‍ ചിരട്ട കരിച്ചിട്ട് ഷര്‍ട്ടും മുണ്ടും തേച്ചു വെച്ച് ബേബി കേരളാ ഇലക്ട്രിസിറ്റി ബോര്‍ഡിനെ വരെ തോല്‍പ്പിച്ചെങ്കിലും ബേബിയുടെ പ്രേമം സ്വപ്നമായി തന്നെ തുടര്‍ന്നു. എങ്കിലും ആ പ്രതീക്ഷയാണ് ഉറക്കപ്രിയനായ ബേബിയെ എന്നും രാവിലെ എണീപ്പിച്ചിരുന്നതും കടയിലേക്ക് ഒരുക്കി വിട്ടിരുന്നതും.

അങ്ങനെയൊരു ദിവസം കടയിലെ രാവിലത്തെ വായിനോക്കികളില്‍ ഒരാളായ മനുവിന്റെ ലൈന്‍ താരയുടെ കൂട്ടുകാരി ഒരു സുന്ദരി ബേബിയെ ഒന്നു നോക്കി. സ്ഥിരമായി പുഞ്ചവയല്‍ ബസിനു വന്നുകൊണ്ടിരുന്ന അവള്‍ ഇപ്പോള്‍ താരയുടെ കൂടെ ചെങ്ങളം ബസിനാണ് വരവ്. പിറ്റേദിവസവും അവള്‍ ചെങ്ങളം ബസിനു തന്നെ വന്നു, ബേബിയെ അന്നും നോക്കി. ബേബി ഉഷാറായി, പുതിയ ഷര്‍ട്ടും മുണ്ടും വാങ്ങി, കടയില്‍ പുതിയ സ്റ്റോക്ക് വാങ്ങി. മനുവിനെ പ്രത്യേകം അടുത്തിരുത്തി.താരയും കൂട്ടുകാരിയും കൂട്ടുകാരാണെങ്കില്‍ മനുവും ബേബിയും കൂട്ടുകാരായി ഇരിന്നാല്‍ എളുപ്പമുണ്ടല്ലോ. മനുവിനോട് ചോദിച്ച് കൂട്ടുകാരിയുടെ പേരും അറിഞ്ഞു, റോസ്. അന്നു തന്നേ ഏറ്റുമാനൂര്‍ കാരിത്താസിനു മുമ്പിലുള്ള നേഴ്സറിയില്‍ പോയി അഞ്ചു റോസ് ചെടികള്‍ പൂവിട്ടതു തന്നെ വാങ്ങി രണ്ടെണ്ണം കടയിലും മൂന്നെണ്ണം വീട്ടിലും വെച്ചു ബേബി. ടൈറ്റാനിക് സിനിമാ വീണ്ടും വീണ്ടും കണ്ട് റോസ് എന്നു എങ്ങനെ പ്രണയപൂര്‍വ്വം വിളിക്കാം എന്നു പഠിച്ചു ബേബി. റോസ് ഷര്‍ട്ടിനോട് പ്രത്യേക ഇഷ്ടക്കൂടുതല്‍, മുണ്ടിന്റെ റോസ് നിരത്തിലുള്ള കര തുടങ്ങി എന്തിനധികം പറയുന്നു, റോസ് നിറത്തിലുള്ള നീലത്തിനു വരെ ഉജാലാ കമ്പനിയുമായി അന്വേഷണം നടത്തി ബേബി. ചെറുപ്പത്തില്‍ പാലുകുടിക്കാതെ വാശിക്കു കടുംകാപ്പി കുടിച്ചതിനാലാണ് കറത്തുപോയതെന്ന വെളിപാടുണ്ടായപ്പോള്‍ അതു കോമ്പന്‍സേറ്റ് ചെയ്യാന്‍ കുടിച്ചു കൊണ്ടിരുന്ന പാലു വരെ നിര്‍ത്തി റോസ് മില്‍ക്കാക്കി ബേബി.

അഞ്ചാമത്തെ ദിവസം റോസ് ബേബിയെ നോക്കി എന്തോ പറഞ്ഞു ചിരിച്ചു താരയോട്. ബേബിക്ക് ഇരിക്കപ്പൊറുതിയില്ലെന്നായി. മനുവിനോട് അന്വേഷിക്കാന്‍ പറഞ്ഞു. അന്നു വെകിട്ട് മനു വരാന്‍ കാത്തു നിന്ന ബേബി ആദ്യമായി ഒരു സിഗരറ്റ് വലിച്ചു ചുമ്മാ ചുമച്ചു. വൈകുന്നേരം മനു വന്നില്ല. പിറ്റേദിവസം രാവിലെ തന്നെ മനുവിനെ ചീത്ത പറഞ്ഞ ബേബി ചെങ്ങളം വണ്ടി വരാറായപ്പോള്‍ അറിയാതെ ചീപ്പെടുത്തു. മനുവിനോട് പറഞ്ഞു ഇന്നലെ നീ കണ്ടില്ലാത്തത് ഞാന്‍ ക്ഷമിച്ചിരിക്കുന്നു, ഇന്ന് എന്തായാലും ചോദിക്കണം എന്ന്. അല്ലെങ്കില്‍ അവനെ നാളെ മുതല്‍ കടയിലെ വായിനോട്ടത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും എന്നു വരെ പറഞ്ഞു. അന്ന് മനുവും ചെങ്ങളം വണ്ടിയില്‍ തന്നെ പാലാക്കു പോയി. ബെബി ടെന്‍ഷന്‍ സഹിക്കവയ്യാതെ തൊട്ടപ്പുറത്തെ നരിതൂക്കില്‍ കടയിലെ ജോസിയെ വിളിച്ചു.
ബേബി - “എടാ, എനിക്കപ്പിടി ടെന്‍ഷന്‍ ആണ് ഇന്ന്”
ജോസി - “എന്ന നീ ഒരു സിഗരറ്റു വലിച്ചോടാ..”
ബേബി - “ഓ..ഇന്നലെ വലിച്ചിട്ട് ഒരു മാതിരി ടഗോ ടഗൊന്നാ ചുമച്ചത്,അതൊന്നും എനിക്കു പറ്റിയ പണിയല്ലാ”
ജോസി - “എന്നാ പിന്നെ പോയി ബിയര്‍ അടിക്കാം”
ബേബി ആലോചിച്ചു, അതു ശരിയാണല്ലോ, സിനിമയിലും മറ്റും ടെന്‍ഷന്‍ വരുമ്പോള്‍ ആള്‍ക്കാര്‍ ചെയ്യുന്നത് ഇതു തന്നെയല്ലേ.
ബേബി - “എന്നാ വാടാ, നമുക്കു പോകാം”
ജോസി - “എവിടെ പോയി അടിക്കും, നമ്മളെ അറിയുന്ന ആരെങ്കിലും കണ്ടാല്‍ പ്രശ്നമല്ലേ?”
ബേബി ആലോചിച്ചു, ശരിയാണ്, പാലായില്‍ പോയാല്‍ അവള്‍ എങ്ങാനും കണ്ടാലോ? പൊന്‍കുന്നത്തു പോയാലും ചില്ലപ്പോള്‍ ആരെങ്കിലും സ്വന്തക്കാര്‍ കാണാന്‍ സാധ്യത ഉണ്ട്.
ബേബി - “എന്നാ പിന്നെ കാഞ്ഞിരപ്പള്ളിക്കു പോകാം, അവിടെ ഹില്‍ടോപ്പ് എന്നൊരു ബാറുണ്ട്. എടാ ഐഡിയാ വേണമെടാ.. ഐഡിയ.”
ജോസി - “എന്ന ശരി, വണ്ടിയെടുത്തോ...”
ബേബി - “പെട്രോള്‍ നീ അടിക്കണം”
ജോസി - “പോടാ തെണ്ടി, നിന്റെ കാര്യത്തിന് ഞാന്‍ പെട്രോള്‍ അടിക്കാനോ, വേണേല്‍ നിന്റെ ടെന്‍ഷനു ഒരു കമ്പനി തരാമെന്നു വെച്ചപ്പോള്‍?”
ബേബി - “എന്നാ കോപ്പേലുമാകട്ടെ, വാ നീ ഏതായാലും”
ജോസി - “നീ ഇതിനു മുമ്പ് കള്ളടിച്ചിട്ടുണ്ടോ?“
ബേബി - “പണ്ട് ഒരു കല്ല്യാണത്തിനു പോയപ്പോള്‍ എന്റെ അങ്കിള്‍ കയറിയപ്പോള്‍ കൂടെ കയറിയതാ, ഞാനന്ന് അവിടുന്ന് പെറോട്ടായും ബീഫും അടിച്ചു. നല്ല രുചിയാരുന്നു”
ജോസി - “എന്നാല്‍ വണ്ടിയെട്”

അങ്ങനെ ബേബിയും ജോസും കൂടി കാഞ്ഞിരപ്പള്ളി ഹില്‍ടോപ്പിലേക്ക് വെച്ചു പിടിച്ചു. ഇടക്ക് തന്റെ ടെന്‍ഷന്റെ കാര്യം ചോദിച്ച ജോസിയോട് ബേബി പറഞ്ഞു, ആദ്യം ഒരെണ്ണം അടിച്ചാലേ പറയാന്‍ പറ്റുകയുള്ളൂ. തന്നെക്കാള്‍ നാലുവയസിളപ്പം ഉള്ള ജോസിയോട് ഈ കഥ പറയണമെങ്കില്‍ ഒരെണ്ണം ചെല്ലണ്ടേ?

നേരെ ബാറില്‍ ചെന്നു, സപ്ലയറോട് ബേബി പറഞ്ഞു.“ഒരു ഫുള്‍ ബിയര്‍”
സപ്ലയര്‍ - “വേറെ?”
ജോസി - “ നാലു സോഡാ”
സപ്ലയര്‍ കണ്ണു മിഴിച്ചു.
ബേബി - “ആറു പെറോട്ടാ, ഒരു ബീഫ് കറി, ഇത്തിരി ചാറും പിന്നെ ലേശം അച്ചാറും പോരട്ടെ”
അന്തം വിട്ട സപ്ലയര്‍ നേരെ ചെന്ന് ബാര്‍ കൌണ്ടറിലെ കോക്ടെയില്‍ പാത്രത്തില്‍ നിന്ന് ഒരു പെഗ് എടുത്തടിച്ചിട്ട് സാധനങ്ങള്‍ എടുക്കാന്‍ പോയി.

ബിയറില്‍ സോഡാ ഒഴിച്ചു ആദ്യത്തെ ഗ്ലാസ് കഴിച്ച ബേബിക്കും ജോസിക്കും തങ്ങള്‍ പൂസായതായി തോന്നി. അപ്പോളാണ് ജോസിയുടെ കുടുംബക്കാരന്‍ തോമസുചേട്ടന്‍ പരിവാരങ്ങളുമായി ബാറില്‍ വരുന്നതു കണ്ടത്. ജോസി തലകുനിച്ചിരുന്നു, ബേബി കൂളായി അടുത്ത പെഗ് ബിയറിലേക്ക് സോഡാ ഒഴിച്ചു. ഇതു കണ്ട തോമസു ചേട്ടന്‍ വന്നു കുനിഞ്ഞിരുന്ന ജോസിയുടെ തലപൊക്കി പറഞ്ഞു.
“എടാ മണ്ടാ, ബിയറിലാരാടാ വെള്ളം ഒഴിക്കുന്നത്? ചുമ്മാ കുടുംബത്തിന്റെ പേരുകളയാതെ മര്യാദക്കു കുടിക്കെടാ..”
തോമസുചേട്ടന്‍ പോയിക്കഴിഞ്ഞപ്പോള്‍ ബേബി ജോസിയോട് പറഞ്ഞു.
“--മോന്‍ നമ്മളെ വാളുവെപ്പിച്ചു കിടത്താന്‍ നോക്കുവാ, നുമുക്കിങ്ങനെ തന്നെ അടിച്ചാല്‍ മതി, തിരിച്ചു വണ്ടി ഓടിച്ചു പോകണ്ടേ”

ബിയറിന്റെയും ബീഫിന്റെയും ഇടക്ക് ബേബി ടെന്‍ഷന്‍ മറന്നു പോയി, ജോസി തോമസു ചേട്ടന്‍ കണ്ടതിന്റെ ടെന്‍ഷനിലുമായി. ബാറില്‍ നിന്നും ഇറങ്ങിയപ്പോള്‍ രണ്ട്പേര്‍ക്കും നല്ല പൂസായതു പോലെ തോന്നി. എന്നാല്‍ പിന്നെ പള്ളിമുറ്റത്തുപോയി ഇത്തിരി വിശ്രമിച്ചിട്ടു പോകാമെന്നു വെച്ചു. അങ്ങനെ രണ്ടുപേരും കഞ്ഞിരപ്പള്ളി പള്ളിയുടെ മുറ്റത്തുള്ള മരത്തിന്റെ ചുവട്ടില്‍ വിശ്രമിച്ചിരുന്നു. അപ്പോളാണ് പള്ളിമുറ്റത്തു നില്‍ക്കുന്ന റോസ് ബേബി കണ്ടത്. പിന്നെയും റോസിന്റെ ഓര്‍മ്മ വന്ന ബേബി ടെന്‍ഷന്‍ മാറ്റാന്‍ ജോസിയെ വിളിച്ചെങ്കിലും മൂപ്പര്‍ ഉറക്കം പിടിച്ചു കഴിഞ്ഞിരുന്നു. പള്ളിയില്‍ ഒക്കെ ഒന്നുകയറിയേക്കാം എന്നു കരുതി പതുക്കെ പള്ളിനടയെ ലക്ഷ്യമാക്കി ബേബി നടന്നു. അപ്പോളാണ് മനുവിന്റെ ഫോണ്‍ വന്നത്.
“ ബേബിച്ചേട്ടാ, നേരിട്ട് പറയാന്‍ വയ്യാത്തകൊണ്ടാണ് ഫോണ്‍ വിളിച്ചു പറയുന്നത്. അവല്‍ക്ക് വേറൊരു ലൈന്‍ ഉണ്ട്”
ബേബി തകര്‍ന്നു പോയി. നിരാശയോടെ അവന്‍ ചോദിച്ചു. ”അപ്പോള്‍ കഴിഞ്ഞ ദിവസം ഒക്കെ അവര്‍ എന്നെ നോക്കി ചിരിക്കുകയും പറയുകയും ചെയ്തതോ? അതു ചോദിക്കാനല്ലേ ഞാന്‍ നിന്നോട് പറഞ്ഞത്?”
മനു - “ചോദിച്ചു,പക്ഷെ അതു വേറെ എന്തോ ആണ്”
ബേബി - “ചുമ്മാ പറയാതെ, അതു പറയാതെ നിന്നെ ഇനി കടയില്‍ കയറ്റില്ല”
മനു ഒരു നിമിഷം ചിന്തിച്ചു, എന്നിട്ടു പറഞ്ഞു.”അലവലാതീടെ വായിനോട്ടം കണ്ടില്ലേ എന്നാ അവള്‍ പറഞ്ഞത്”
സത്യം പറഞ്ഞാലും പറഞ്ഞില്ലേലും ബേബി ഇനി മനുവിനെ കടയില്‍ കയറ്റില്ല, പിന്നെ മനുവെന്തിനാ പറയാതിരിക്കുന്നത്?
ബേബി - “ആരാ അവളുടെ ലൈന്‍?”
മനു - “ഓ..നിന്റെ അപ്പുറത്തെ നരിതൂക്കില്‍ കടയിലെ ജോസി”
പൈക പള്ളി പെരുന്നാളിന് ചെമ്പ്ലാവ് സെറ്റിന്റെ വെടിക്കെട്ടിന്റെ അവസാനം ഉള്ള ഗര്‍ഭം കലക്കി ചങ്കിനുള്ളില്‍ കിടന്നു പൊട്ടിയതായി ബേബിക്കു തോന്നി. പള്ളിനടയില്‍ നിന്ന് പള്ളിക്കകത്ത് കുരിശില്‍ കിടക്കുന്ന കര്‍ത്താവിനെ ദയനീയമായി ഒന്നു നോക്കി, പിന്നെ തിരിച്ചു നടന്നു. പള്ളിമുറ്റത്തെ മരത്തണലില്‍ ശാന്തമായുറങ്ങുന്ന ജോസിയെ ഒന്നു നോക്കുകപോലും ചെയ്യാതെ. കാലം പിന്നെയും ഒഴുകി, ഇപ്പോളും ഒഴുകിക്കൊണ്ടിരിക്കുന്നു. ബേബിയും.

Read more...

എനിക്ക് വയസായപ്പോള്‍

>> Monday, June 29, 2009

രാവിലെ എണീക്കാനേ തോന്നുന്നില്ല, ക്ഷീണം പോലെ. വയസ് അറുപത്തിമൂന്നായില്ലേ, ഇനിയിപ്പോള്‍ ഇത്തിരി ക്ഷീണമൊക്കെ കാണുമായിരിക്കും. കല്ല്യാണം കഴിച്ച സമയത്തു തന്നെ ലേശം വണ്ണമുണ്ടായിരുന്ന ഭാര്യക്ക് ഇപ്പോള്‍ പാകത്തിനു വണ്ണം. അന്നു ഡോബര്‍മാന്റെ കണക്ക് വയര്‍ അകത്തോട്ട് വളഞ്ഞിരുന്ന എനിക്ക് ഇപ്പോള്‍ എട്ടുമാസ ലക്ഷണം. അതിന്റെയൊക്കെ ആയിരിക്കും ഈ ക്ഷീണം. ഉടുത്തിരുന്ന ലുങ്കി ചുളുങ്ങി കട്ടിലിന്റെ ഒരു കോണില്‍ കിടപ്പുണ്ട്. ചെറുപ്പത്തില്‍ മറ്റുള്ളവരുടെ കൂടെ കിടക്കുമ്പോള്‍ ലുങ്കിയുടെ അറ്റം കെട്ടിയിട്ട് കിടക്കുമായിരുന്നു, അല്ലെങ്കില്‍ അഴിഞ്ഞുപോവുമ്പോള്‍ ആരെങ്കിലും കാണില്ലേ. കല്ല്യാണം ഒക്കെ കഴിഞ്ഞപ്പോള്‍ പിന്നെ അതിന്റെ ആവശ്യമില്ലല്ലോ. അല്ലെങ്കിലും നഗ്നനായി ഭാര്യയുടെ ശരീരത്തിന്റെ ചൂടും ചൂരുമേറ്റു കിടക്കുകയല്ലേ അതിന്റെ സുഖം.

നേരെ അടുക്കളയിലേക്ക് ചെന്നു. ഇഡലിയും ചമ്മന്തിയും ഉണ്ടാക്കി പാത്രത്തില്‍ വെച്ചിട്ട് ഭാര്യാമണി പാവക്കാത്തോരനും അടുപ്പത്ത് വെച്ച് എന്തോ ആലോചിച്ചു നില്പാ‍ണ്. പതുക്കെ ചെന്ന് ഭാര്യയുടെ പുറകില്‍ ബ്ലൌസ് മറക്കാതിരുന്ന ഭാഗത്ത് ഒന്നു കയ്യോടിച്ചു. ഞെട്ടിത്തിരിഞ്ഞ അവള്‍ തുടയില്‍ ഒരു നുള്ള്. ഹോ, പൊള്ളിപ്പോയി. പണ്ടേ അവള്‍ക്കുള്ളതാ ഈ നുള്ളല്‍, മനുഷ്യന്റെ എടപാടുതീരും. അവള്‍ ചോദിച്ചു, “പാലും കാപ്പി വേണൊ അതോ കട്ടന്‍ കാപ്പി മതിയോ?”. ഞാന്‍ പറഞ്ഞു കട്ടന്‍ മതി.

ഇനി പാലുകുടിച്ച് കൂടുതല്‍ പോഷകം അകത്തോട്ട് ചെന്നാല്‍ പിന്നെ അതായിരിക്കും അരയിഞ്ചു വയറും, ഇരുന്നൂറ്റംബത് കൊളസ്ട്രോളുമൊക്കെയായി വരുന്നത്. തിണ്ണയില്‍ ചെന്നു നോക്കി, പത്രം എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വരെ ജോലിയുമായി ഗള്‍ഫിലായിരുന്ന കാലത്ത് ആദ്യം ഓഫീസില്‍ ചെന്നാല്‍ നോക്കുക ഇന്റര്‍നെറ്റില്‍ പത്രമായിരുന്നു. എന്തിനേറെ, കൊച്ചു കാലത്ത് പോലും എഴുന്നേല്‍റ്റാല്‍ പിന്നെ പത്രം കണ്ടില്ലേല്‍ ഒരു സുഖവുമില്ല. അന്നു മാന്‍ഡ്രേക്കും ഫാന്റവുമായിരുന്നു എങ്കില്‍ ഇപ്പോള്‍ അച്യുതാനന്തനും പിണറായിയുമായി എന്നു മാത്രം.

പത്രവുമായി ചാരുകസേരയിലിരുന്നു ഒരു കവിള്‍ കാപ്പി കുടിച്ചപ്പോളേ വയറ്റില്‍ നിന്നു വിളി വന്നു. കാപ്പി അവിടെ വെച്ചു പത്രവുമായി നേരെ ചിന്താമുറിയിലേക്കു കയറി. ആദ്യകാലത്തു സിഗരറ്റുവലിച്ചു തുടങ്ങിയ ശീലം, പിന്നീട് വലി നിറുത്തിയപ്പോല്‍ എന്തെങ്കിലും വായിക്കാന്‍ കൊണ്ടുപോകണം എന്നായി.അവസാനം സിഗരറ്റും വായനയും എല്ലാംകൂടിയായി. അല്ലെങ്കില്‍ തന്നെ ഏറ്റവും കൂടുതല്‍ കോണ്‍സെന്റ്റേഷന്‍ കിട്ടുന്ന സമയവും സ്ഥലവും ആണ് അത്. അല്ലെങ്കില്‍ തന്നെ ഒരു മനുഷ്യന്റെ ജീവിതത്തില്‍ എത്രയോ സുപ്രധാന കാര്യങ്ങളുടെ ചിന്തകള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത് ഈ സ്ഥലത്തു നിന്നായിരിക്കും? ബാല്യത്തില്‍ സിനിമാനടനും, ഫുട്ബോളുകാരനും, ഡ്രൈവറുമൊക്കെയായി സങ്കല്പത്തില്‍ മേഞ്ഞിരുന്നത് കൌമാരം ആയപ്പോളേക്കും സിനിമാനടികളും നാട്ടിലെ സുന്ദരികളുമായി മാറി. പിന്നീടതിന് എന്തൊക്കെ വ്യതിയാനങ്ങള്‍. ഇടക്കാലത്ത് പഠനം വരെ അതിനകത്താക്കിയിരുന്നു.

ഒരു പത്തുമണി കഴിയുവാരുന്നേല്‍ മച്ചുവും, ദാസനും, ജോസും, പാലാ സാറും എത്തിയേനെ. അവന്മാര്‍ ഒക്കെ രാവിലെ കിടന്ന് ഉറങ്ങും. ഇന്നലത്തെ ചീട്ടുകളിയില്‍ രൂപാ ആയിരത്തി അഞ്ഞൂറാ പോയത്. ഇന്നെന്താകുമോ ആവോ. സ്ഥിരം പരിപാടി ആയതുകൊണ്ടും ഒരേ ആള്‍ക്കാര്‍ ആയതുകൊണ്ടും കാശ് ആര്‍ക്കും അധികം പോവില്ല. എല്ലാം ഇവിടെ തന്നെ കിടന്നു കറങ്ങിക്കോളും. പിന്നെ മച്ചുവും സാറും തമ്മിലുള്ള അടി സഹിക്കാന്മേലന്നേ ഉള്ളൂ. പണ്ടും അവന്മാര്‍ അങ്ങനെ ആയിരുന്നു.

മക്കളും എല്ലാം ദൂരെ ആയതിന്റെ വിഷമം തീര്‍ക്കുന്നത് വീണ്ടും ഒത്തു ചേര്‍ന്ന ഈ പഴയകാല സുഹൃത്തുക്കളുടെ പുനസംഗമത്തിലാണ്. എല്ലാവനും വയസായെങ്കിലും സ്വഭാവം പഴയ പോലെ തന്നെ. ഇടക്കാലത്തു കുറഞ്ഞിരുന്ന സിഗരറ്റുവലി ഉഷാറായെന്നു മാത്രം. ഒരു വിത്സും കത്തിച്ചു വീണ്ടും തിണ്ണയില്‍ വന്ന് കാലും പൊക്കി അരഭിത്തിയില്‍ വെച്ച് വഴിയിലേക്ക് കണ്ണും നട്ടിരുന്നു.
പുറത്തൊരു കൈവന്നപ്പോള്‍ ഞെട്ടിപ്പോയി. ഭാര്യയായിരുന്നു. എന്റെ ഞെട്ടല്‍ കണ്ട് അവളും ഞെട്ടി. എന്നിട്ട് പറഞ്ഞു, ഇത്ര വയസായിട്ടും പേടി മാറിയില്ല, ബാക്കിയൊള്ളോരെ കൂടെ പേടിപ്പിക്കുവാ. ഇങ്ങനെ ഞെട്ടിയാല്‍ വല്ല ഹാര്‍ട്ട് അറ്റാക്കും വരും, വയസായെന്ന് ഓര്‍ത്തോണം. പതുക്കെ അവളെ ചേര്‍ത്തു നിര്‍ത്തി. അവളുടെ വിയര്‍ത്ത് വയറില്‍ തല ചേര്‍ത്തപ്പോള്‍ നല്ല തണുപ്പ്. എന്റെ മുടിയിഴകളിലൂടെ വിറലോടിച്ച് അവല്‍ നിന്നു. അവള്‍ക്കറിയാം എനിക്കതൊത്തിരി ഇഷ്ടമാണെന്ന്. എനിക്കു കൂട്ടുകാരെങ്കിലും ഉണ്ട്, അവള്‍ക്ക് ഞാനല്ലാതെ ആരുമില്ലല്ലോ ഇപ്പോള്‍. മക്കളും കുഞ്ഞുമക്കളും വരുമ്പോളല്ലേ അവള്‍ക്ക് എന്തെങ്കിലും ഉള്ളത്. ഇപ്പോള്‍ കൂടുതലും ഒറ്റക്കു ചിന്തിക്കുന്നതുകാണാം. ഞാന്‍ പോകുന്നതിനു മുമ്പ് പോകണം എന്നാണവളുടെ ആഗ്രഹം. എനിക്കാണെങ്കില്‍ അവള്‍ ഇല്ലാതെ ഒരു നിമിഷം പോലും പറ്റില്ല താനും. ഒരുമിച്ചു പോകാന്‍ പറ്റുകയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

അതാരാണപ്പാ ഒരു പരിചയമില്ലാത്ത വണ്ടി വരുന്നത്? ദാസനും ഉണ്ടല്ലോ വണ്ടിയില്‍. ഓ.. നമ്മുടെ ശാന്തന്‍ എത്തിയിരിക്കുന്നു അമേരിക്കയില്‍ നിന്നും. ദാ എത്തിക്കഴിഞ്ഞു ബാക്കി പരിവാരങ്ങള്‍. കെട്ടിപ്പിടുത്തവും കുശലവും മക്കള്‍ പുരാണവും ഒക്കെ കൈമാറി. പാലാസാര്‍ വന്ന ഉടനെ തന്നെ കള്ളുകുടിക്കുള്ള സെറ്റപ്പ് റെഡിയാക്കുന്നു. ഭാര്യയോട് പോത്ത് ഉലത്താനും, സവോള അരിഞ്ഞ് സാലഡ് ഉണ്ടാക്കാനും ഓര്‍ഡര്‍ കൊടുത്തിട്ട് പുള്ളികാരന്‍ കവലക്കു പോയി. ഇനി സിഗരറ്റ്, സോഡ, ഐസ്, മുറുക്കാന്‍ മുതലായ സാധനങ്ങളുമായി എത്തിക്കോളും. കള്ളുകുടി തുടങ്ങുന്നതിനു മുമ്പ് എല്ലാം റെഡിയായിരിക്കണം എന്നുള്ളത് സാറിന്റെ നിര്‍ബന്ധം ആണ്. അന്യായ വലിക്കാരനായിരുന്ന സാറു കല്ല്യാണം കഴിഞ്ഞതോടെ വലി നിര്‍ത്തിയെങ്കിലും പകരം മുറുക്കാന്‍ തുടങ്ങി. രണ്ടെണ്ണം കഴിയുമ്പോല്‍ തുടങ്ങും മുറുക്ക്. പിറ്റേ ദിവസം ഭാര്യ ചീത്ത പറയും എന്നു മാത്രം, മുറ്റം നിറച്ചും മുറുക്കാന്‍ തുപ്പലല്ലേ.

ജോസ് കൊണ്ടുവന്ന മുന്തിരിങ്ങ ആദ്യം നിരത്തിവെച്ചു. ഇപ്പോള്‍ വയസന്മാര്‍ക്ക് കൊളസ്ട്രോളും മറ്റുമായതു കൊണ്ട് ഇറച്ചി കുറച്ചു കഴിച്ച് പഴങ്ങള്‍ കൂട്ടി കള്ളുകുടിക്കുകയാണ് പതിവ്. പ്രമേഹക്കാരനായ മച്ചു മൂന്നു പെഗ്ഗിനുള്ള മരുന്നായ ഒരു ഡോസ് ഇന്‍സുലിന്‍ മടിക്കുത്തില്‍ എടുത്തു നിന്നും സിറിഞ്ചില്‍ നിറച്ചു. ഇനി ചിയേര്‍സ് പറയാന്‍ ഗ്ലാസ് എടുക്കുമ്പോല്‍ അവന്‍ ഒരു സ്റ്റൈല്‍ ആയി ഒരു സെക്കന്‍ഡ് എന്നു പറഞ്ഞ് സിറിഞ്ച് എടുത്ത് മുണ്ട്മാറ്റി തുടയില്‍ ഒരു കുത്തുണ്ട്. എന്നതാന്നു പറഞ്ഞാലും അവന്‍ കാര്യങ്ങളെല്ലാം സ്റ്റൈലായേ ചെയ്യൂ, പണ്ടും ഇന്നും.

ശാന്തന്‍ കൊണ്ടുവന്ന ഷിവാസ് രണ്ടെണ്ണം പെട്ടെന്നു തന്നെ കഴിഞ്ഞു. വയസന്മാര്‍ക്കെല്ലാം നല്ല കപ്പാസിറ്റിയ ഇപ്പോള്‍. എനിക്കാണെങ്കില്‍ പണ്ടത്തെ പോലെ പറ്റുന്നില്ല. ഒരു നാലെണ്ണം കഴിഞ്ഞാല്‍ പിന്നെ വര്‍ത്തമാനവും അടിയും കൂടും. ഭാര്യയോട് പറഞ്ഞിട്ടുണ്ട് വാണിങ് തരണം എന്ന്. പൂസായാല്‍ പിന്നെ തര്‍ക്കവും ഫിലോസഫിയും കൂടുതലാകും. പിന്നെ രാവിലെ ആണ് പ്രശ്നം, ഒരു ദിവസം പോക്കാ. ഹാങ് ഓവര്‍ മാറ്റാന്‍ എത്ര കാര്യങ്ങളാ പരീക്ഷിച്ചിരിക്കുന്നത്. നാരങ്ങാവെള്ളം, കരിക്ക്, പഴയന്‍ കഞ്ഞി, ഏത്തക്കാ പുഴുങ്ങിയത്, മോരു തുടങ്ങിയ എല്ലാം പരീക്ഷിച്ചാലും ഒരു ദിവസം പോക്കാ.

റമ്മികളിച്ച് കാശുപോയപ്പോള്‍ മച്ചു പറഞ്ഞു ഇനി പരിയല്‍ കളിക്കാം. എല്ലാവരും തയ്യാര്‍. ഇനി കാശ് വരവും പോക്കും പെട്ടെന്നാവും. കളിമൂത്തു. എന്റെ അടുത്തിരുന്ന ജോസ് രണ്ട് ഗുലാന്‍ വച്ച് രണ്ടാസിനെ രണ്ടു പ്രാവശ്യം ഓടിച്ചു. എന്താന്നു പറഞ്ഞാലും ഇതൊക്കെ കുറച്ചു ധൈര്യവും ഭാഗ്യവും തന്നെ. അതാ അടുത്ത കൈ ഇട്ടത് ഉഷാറായി. രണ്ടിടത്തും പരിയലു കയറി എന്നുറപ്പ്. ഒരു കളറും വെച്ചോണ്ടിരുന്ന ഞാന്‍ CPI യുടെയും CPM ഇന്റെയും ഇടക്കുപെട്ട ജനദാദള്‍ പോലെ പോയ കാശിന്റെ സങ്കടത്തില്‍ ഇരുന്നു.

കളി വാശിയായി. കഴിഞ്ഞ ഉടക്കിന്റെ സമയത്ത് കടം വാങ്ങിയുള്ള കളി നിരോധിച്ചിരുന്നു. അവസാനം പാലാസാറിന്റെ കാശു തീര്‍ന്നു. മച്ചു വീണ്ടും കാശുവെച്ചു. പാലാസാറ് പറഞ്ഞു, കയ്യെനിക്കാണ്, മൂന്നാസു കയറി. മച്ചു വിട്ടില്ല, മൂന്നാസുകാരന് മറിക്കാന്‍ പറയാന്‍ പറ്റില്ല. ഒന്നുകില്‍ കൈ വിടണം, അല്ലെങ്കില്‍ മറ്റെയാള്‍ മറിപ്പിക്കണം. മൂന്നാസു കയറിയ പാലാസാര്‍ വിടുവോ? രണ്ട് പേരും വഴക്കായി. അവസാനം കയ്യാങ്കളി ആയപ്പോള്‍ ഞങ്ങള്‍ ചാടി വീണു. ഇനി മേലില്‍ ഈ നാറിയുടെ കൂടെ കളിക്കാന്‍ ഇല്ല എന്നു പറഞ്ഞ് പാലാസാര്‍ പോയി. മുശടു ന്യായം പറഞ്ഞിരുന്ന മച്ചുവിനോടും മിണ്ടാതെ പൊക്കോളാന്‍ പറഞ്ഞു. അത്രയും ആയപ്പോളേക്കും ഭാര്യ എത്തി. ഇനി മേലില്‍ ഇവിടെ കള്ളു കുടിയും ചീട്ടുകളിയും നടത്തിപ്പോകരുതെന്നു അവളുടെ ഓര്‍ഡര്‍. എല്ലാവരും മിണ്ടാതെ എഴുന്നേറ്റു. ജോസ് പറഞ്ഞു, “ഇതിപ്പോള്‍ വീട്ടില്‍ കയറിയേക്കരുത് എന്നു പറഞ്ഞപോലായല്ലോ?”. ഞാന്‍ ചിരിച്ചു. എല്ലാ അവന്മാരും വയസായാലും പിള്ളേരുടെ കണക്കുതന്നെ. വെറുതെയല്ല പണ്ട് കാര്‍ന്നവന്മാര്‍ പിള്ളേരെ കൂട്ടത്തില്‍ കൂട്ടാതിരുന്നത്. ഈ പിള്ളേരു സ്വഭാവം ഒക്കെ കണ്ടാല്‍ പിള്ളേര്‍ക്ക് അവരോടുള്ള വില പോകില്ലേ?

എന്തായാലും രാത്രിയില്‍ ഒരു സങ്കടം, നാളെ മുതല്‍ എന്തു ചെയ്യും. കിടക്കാന്‍ നേരം ഭാര്യ പറഞ്ഞു, “സങ്കടമായല്ലേ?, ഞാന്‍ അങ്ങനെ പറഞ്ഞത് ഇഷ്ടമായില്ലേ?” ഞാന്‍ പറഞ്ഞു, “കുഴപ്പമില്ലെടി, ഇടക്കൊരു കണ്ട്രോള്‍ നല്ലതാ.”

രാത്രി പന്ത്രണ്ടരക്കു ഫോണ്‍. സൂര്യനാണ്, ഐക്യരാഷ്ട്രസഭയുടെ ഒരു മാസത്തെ എന്തോ പരിപാടിക്കു ശേഷം ജനീവയില്‍ നിന്നും വരുന്നതാണത്രെ. നാളെ എയര്‍പോര്‍ട്ടില്‍ ചെല്ലാനാണ് വിളിച്ചത്. ഇവിടുത്തെ പിണക്കം ഒന്നും പറയണ്ടാ എന്നു വെച്ചു. ഇനിയിപ്പോള്‍ ആരെയാ കൂട്ടത്തില്‍ കൊണ്ടുപോകാന്‍ വിളിക്കേണ്ടത്? മച്ചൂനെ വിളിച്ചാല്‍ പാലാസാര്‍ പിണങ്ങുമൊ എന്നൊക്കെയൊരു ചെറിയ ഭയം. എന്തായാലും ഭാര്യയേയും കൂട്ടി അങ്ങു പോകാമെന്നു വെച്ചു.

ഭാര്യ രാവിലെ മുതലേ ഉഷാറാണ്. അല്ലേലും അവള്‍ പണ്ടേ യാത്രക്കു തല്പരയാണ്. എനിക്കാണെങ്കില്‍ മറ്റു വാനരന്മാരോട് പറയാത്തതിന്റെ ഒരു ചെറിയ വിമ്മിഷ്ടം ഉണ്ട്. അങ്ങനെ പതുക്കെ വൈകിട്ട് നാലുമണിക്ക് പുറപ്പെട്ടു. പോകുന്ന വഴി അങ്കമാലിയിലെ അങ്കിളിന്റെ വീട്ടിലും ഒന്നു കയറാമല്ലോ.

പതിനൊന്നു മണിക്കാണ് വിമാനം. കൃത്യം പതിനൊന്നായപ്പോള്‍ അവിടെ എത്തി. വണ്ടി പാര്‍ക്ക് ചെയ്ത് അവിടെ കാത്തിരിക്കുന്നവരുടെ കൂടെ എത്തി നോക്കി നില്‍പ് തുടങ്ങി. ഹോ, ഭയങ്കര ബോറിങാ ഈ പരിപാടി, നോക്കി നോക്കി മടുത്തു പോകും. അപ്പോളതാ പുറകില്‍ നിന്നും ഒരടി, മിന്നലിന്റെ പുറകേ ഇടി വരുന്ന പോലെ “ -- മോനെ, ഞങ്ങളോട് മിണ്ടാതെ നീ ഒറ്റക്കു പോരും അല്ലേടാ..”
പലാസാറിന്റെ തോളില്‍ തൂങ്ങി മച്ചു. വളിച്ച ചിരിയുമായി ബാക്കിയെല്ലാ വാനരന്മാരും. അല്ലേല്‍ തന്നെ സ്കൂളില്‍ അടിയുണ്ടാക്കിയാല്‍ കൂടിയാല്‍ ഒരു ദിവസം, അതില്‍ കൂടുതല്‍ എവിടെ പോകാനാ.

Read more...

Toilet ഉപയോഗത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

>> Tuesday, June 9, 2009

കക്കൂസ് ഉപയോഗത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - ലോകത്തില്‍ ആദ്യത്തേത്

അങ്ങനെ വളെരെയധികം ആലോചനകള്‍ക്കു ശേഷം ഞാന്‍ തീരുമാനിച്ചു, ഈ കൃത്യം ഞാന്‍ തന്നെ നിര്‍വിഹിക്കാം എന്ന്. വിവരസാങ്കേതിക വിദ്യ ഇത്രയധികം പുരോഗമിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന നമുക്ക് എന്തിനെയും ഏതിനെയും കുറിച്ചുള്ള വിവരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇന്റര്‍നെറ്റിലും അല്ലാതെയും ലഭ്യമാണ്. നല്ല ഉറക്കം ലഭിക്കാന്‍ എത്ര ഡിഗ്രി ചെരിഞ്ഞു കിടക്കണം എന്നും, മറ്റുള്ളവന്റെ ഉറക്കം കളയാന്‍ എങ്ങിനെ കിടക്കണം എന്നും, റൊമാന്റിക് സ്വപ്നങ്ങള്‍ കാണാന്‍ തല എത്രത്തോളം ചെരിച്ചു വെക്കണം എന്നും പറഞ്ഞു തരാന്‍ മാസികകള്‍ മത്സരിക്കുന്നു. കഷണ്ടിയും അസൂയയും വരെ മാറ്റാന്‍ മരുന്നുകളും, ഭ്രാന്ത് മാറ്റാന്‍ വരെ ഡോക്ടര്‍മാര്‍ ടിവിയിലൂടെ ചികിത്സിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഈയൊരു കാര്യത്തിനു മാത്രം ഒരു വിവരവും ലഭ്യമല്ല. സി ഐ എ, മൊസാദ് മുതല്‍ ഇങ്ങ് കണ്ണൂരിലെ അടുത്ത സി പി എം അറ്റാക്കിനെ പറ്റി വരെ ഇന്റെര്‍നെറ്റില്‍ വിവരം ഉണ്ടെങ്കിലും ഇതിനെ കുറിച്ചു മത്രം ങ്ങാഹാ. ഏങ്കിലും ലോകത്തിലെ ലക്ഷക്കണക്കിനു മനുഷ്യരുടെ കീറമുട്ടിയായ ഈ പ്രശ്നത്തിനു ഒരു ചെറിയ മാര്‍ഗ്ഗരേഖ നല്‍കാന്‍ ശ്രമിക്കുകയണു ഞാനിവിടെ. അതെ ഞാന്‍ പറഞ്ഞു വരുന്നതു അതിനെക്കുറിച്ചു തന്നെ, അപ്പിയിടല്‍ alias മലവിസര്‍ജജനം.

എവിടെയാണു ഇതിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍? സയാഹ്ന ക്ലാസുകള്‍, സെമിനാറുകള്‍? പുലരും മുമ്പെ വഴി വക്കില്‍ വിരിഞ്ഞ പുഷ്പങ്ങളെ പോലെ പല നിറത്തില്‍ പല തരത്തില്‍ കാര്യം സാധിക്കുന്ന തമിഴരേയും, ലോക്കല്‍ ട്രൈനിലെ ആള്‍ക്കാരെ നോക്കി അവരുടെ വലുപ്പത്തിനനുസ്രതമായി വയറ്റില്‍ പ്രഷര്‍ കൊടുക്കുന്ന ബോംബെ ചേരിയേയും നമുക്കു ഒഴിവാക്കാം. കൊക്കോ ഇലയിയിലും തോട്ടിന്‍ കരയിലും കാര്യം സാധിക്കുകയും തേരകത്തിന്‍ ഇലയോ അബന്ധത്തില്‍ ചൊറിചുണങ്ങിന്‍ ഇലയോ ഉപയോഗിച്ച് ക്ലീന്‍ ചെയ്തിരുന്ന ബാല്യകാലവും നമുക്കു മറക്കാം.


മലയാളം മീഡിയത്തിലും നാടന്‍ English മീഡിയത്തിലും പഠിച്ചുവളര്‍ന്ന് Eng, Med, IT, Nursing മുതലായ മേഖലകളില്‍ നൈപുണ്യം നേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന സാധാരണ മലയാളികല്‍ക്ക് ഇതൊരു സഹായമാകുമെങ്കില്‍ ഞാന്‍ കൃതാര്‍ഥനായി. ബസ് സ്റ്റാന്റിലെ ഓര്‍ഗാനിക് കക്കൂസുകളും train ലെ ഊഞ്ഞാല്‍ കക്കൂസുകളും ഉപയോഗിച്ചു ശീലിച്ച നമുക്ക് ലോകത്തിലെ ഏതു കക്കൂസും പുല്ലാണെന്നു വിചാരിച്ചു പോയാല്‍ കുഴഞ്ഞു പോകും. ( ചാഞ്ചാടിയാടുന്ന train ലെ കക്കൂസുകളില്‍ ബാലന്‍സു ചെയ്തിരുന്നു 3” വ്യാസത്തിലുള്ള ദ്വാരത്തില്‍ കൂടി കൃത്യമായി പാളത്തില്‍ നിക്ഷേപിക്കുന്ന നിങ്ങളെ അംഗീകരിക്കുന്നു, സ്റ്റേഷനില്‍ എത്തുമ്പോള്‍ അവിടുത്തെ യാത്രക്കരുടെ ബുദ്ധിമുട്ടും നമ്മുടെ വയറിന്റെ ബുദ്ധിമുട്ടും തമ്മിലുള്ള പിടിവലിയില്‍ decission making എന്ന കടമ്പ seconds നുള്ളില്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്ന നിങ്ങളെ ബഹുമാനിക്കുന്നു.) ഇറങ്ങെടാ വേഗം എന്നാക്രോശിച്ചുകൊണ്ട് വാതിലില്‍ മുട്ടി നില്‍ക്കുന്ന നാടന്‍ ആള്‍ക്കരെ അല്ല നമ്മല്‍ അഭിമുകീകരിക്കുന്നത്, മുല്ലപ്പെരിയാര്‍ ഡാമിനെക്കളും പരിതാപകരമായ സ്തിതിയില്‍ നില്‍ക്കുമ്പോളും അച്യുതാനന്തനെ പോലെ ചിരിച്ചു നില്‍ക്കുന്ന സംസ്കാര സമ്പന്നരെന്നഭിമാനിക്കുന്ന ഒരു ജനതയെയാണ് നാം ഫേസ് ചെയ്യുന്നത്. എന്തായാലും ആദ്യമായി കക്കൂസുകളെ ഒന്നു തരംതിരിക്കാം നമുക്ക്.


1. നാടന്‍ ക്ലോസറ്റ് വിത്ത് ബക്കറ്റ് ആന്റ് മഗ്
2. യൂറോപ്യന്‍ ക്ലോസറ്റ് വിത്ത് ബക്കറ്റ് ആന്റ് മഗ്
3. യൂറോപ്യന്‍ ക്ലോസറ്റ് വിത്ത് പേപ്പര്‍, felxible and pointed pipe ( വിത്തൌട്ട് ബക്കറ്റ് ആന്റ് മഗ്)
4. യൂറോപ്യന്‍ ക്ലോസറ്റ് വിത്ത് പേപ്പര്‍ only

ക്ലാസ്സ് 1 ഉം 2 ഉം നമുക്ക് സുപരിചിതങ്ങളാണ്. അതിനാല്‍ ഈ ലേഖനത്തില്‍ കൂടുതലും പ്രതിപാധിക്കുന്നത് 3 ഉം 4 ഉം ക്ലാസ്സില്‍ പെട്ട കക്കൂസുകളെ ആണ്.

തയ്യറെടുപ്പുകല്‍

സിഗരറ്റ്, ലൈറ്റര്‍, വീഡിയോ ഗെയിം, മൊബൈല്‍, പത്രം, മാസിക, പഴയ പേപ്പറുകള്‍ (വല്ലഭന് പുല്ലും ആയുധം) എന്നിങ്ങനെ ഓരോരുത്തരുടെയും താല്പര്യത്തിനും അവസ്ഥക്കും അനുസരിച്ചു സാധനങ്ങള്‍ തിരഞ്ഞെടുക്കുക. smoke detector കാരണം സിഗരറ്റ് ഉപയോഗിക്കാന്‍ പറ്റാത്തവര്‍ക്ക് ഏതെങ്കിലും നോവലുകള്‍ തിരഞ്ഞെടുക്കവുന്നതാണ്. ബലം പ്രയോഗിക്കേണ്ടവര്‍ക്ക് യുദ്ധ കഥകളും, ലൂസ് മോഷന്‍ ഉള്ളവര്‍ക്ക് പെട്ടന്നു നിര്‍ത്താനായി പ്രേതകഥകളും അല്ലാത്തവര്‍ക്ക് ഖസാക്കിന്റെ ഇതിഹാസവും തിരഞ്ഞെടുക്കാം.

കക്കൂസ് സെലക്ഷന്‍

വീടുകളിലും ഹോട്ടെലുകളിലും ഇതൊരു പ്രശ്നമല്ലാ എങ്കിലും പൊതുസ്തലങ്ങളില്‍ ഇതൊരു പ്രശ്നമായേക്കാം. എന്തായാലും ഇവിടെ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.

Check 1 - ബാഗ്, വസ്ത്രങ്ങള്‍ മുതലായവ തൂക്കിയിടാനായി hook, clip എന്നിങ്ങനെ എന്തെങ്കിലും ഉണ്ടോ?
Check 2 - വാതിലില്‍ന്റെ താഴെ ഒരടിയില്‍ കൂടുതല്‍ ഗ്യാപ് ഉണ്ടോ?
Check 3 - ഇരിക്കാന്‍ പാകത്തിന് പൊട്ടാത്തതും വൃത്തിയുള്ളതുമായ സീറ്റ് ആണോ?
Check 4 - വയറ്റിലെ കോളിളക്കങ്ങളും പൊറിയും ഞരക്കങ്ങളും സീല്‍ക്കാരങ്ങളും മറക്കാനാവശ്യമായ ശബ്ദമലിനീകരണം ഉള്ള സ്ഥലമാണോ?

പ്രാരംഭ നടപടികള്‍

‍ആദ്യമായി ടിഷ്യു ഉപയോഗിച്ച് നാം ഇരിക്കുന്ന പ്ലാസ്റ്റിക് സീറ്റ് വൃത്തിയാക്കുക. കമ്പ്യൂട്ടര്‍ കീബോര്‍ഡിനെക്കാളും ബാക്ടീരിയ കുറഞ്ഞാതാണിതെന്നു അമേരിക്കന്‍ ശാസ്ത്രഞ്ഞ്ജര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് അല്ലേ കേരളം ഭരിക്കുന്നതു, അതിനാല്‍ ഇതു അമേരിക്കന്‍ മീഡിയാ സിന്‍ഡിക്കേറ്റ് ആയി തള്ളിക്കളയുന്നു. ഇനി പാന്റ്, അടിവസ്ത്രങ്ങല്‍ എന്നിവ അവനോന്റെ തിരക്കിനനുസരിച്ച് ഒന്നിച്ചോ രണ്ടായോ താഴോട്ടാക്കുക. കാല്പാദത്തിന്റെ അവിടം വരെ ഊരിവക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം, കാരണം കാലുകള്‍ അകത്തിവച്ച് ഒരു സുഗമമായ വഴി ഉണ്ടാക്കികൊടുക്കുവാനുള്ള കടമ നമ്മുടേതാണ് എന്നു മറക്കേണ്ട. നമ്മുടെ മുണ്ടായിരുന്നുവെങ്കില്‍ എത്ര എളുപ്പമായിരുന്നു അല്ലേ?

കര്‍മ്മപരിപാടികള്‍

1. നിശബ്ദമായ കക്കൂസുകള്‍ ആണെങ്കില്‍, വെള്ളത്തിലേക്ക് അപ്പിക്കഷണങ്ങള്‍ ഊളിയിടുന്ന ശബ്ദം നിങ്ങളെ ആശങ്കാകുലരാക്കുന്നുണ്ടാകാം. നിങ്ങളുടെ കര്‍ത്തവ്യം ആരംഭിക്കുന്നതിനു മുമ്പു തന്നെ കുറച്ചു ടിഷ്യൂ എടുത്ത് ക്ലോസെറ്റ് ലെ വെള്ളത്തില്‍ ഇടുക. ആവേശത്തോടെയെത്തുന്ന ഇരന്മിയെത്തുന്ന ബീജങ്ങളെ പോലെ ആര്‍ത്തലച്ചു വരുന്ന ആദ്യത്തെ കണ്മണികള്‍ സാന്ദ്രത കൂടിയ പേപ്പറില്‍ പതിക്കുകയും സാന്ദ്രത കുറഞ്ഞ വെള്ളത്തിന്റെ നാനാഭാഗങ്ങളിലേക്കു മര്‍ദ്ദം വ്യാപിക്കുന്നതിന്റെ ഫലമായി ശബ്ദം ഇല്ലാതവുകയും ചെയ്യുന്നു. അങ്ങനെ അതൊരു സൈലന്‍സര്‍ ആയി പ്രവര്‍ത്തിക്കുന്നു, നിങ്ങള്‍ സമാധാനത്തോടെ ആ‍രംഭിക്കുന്നു.

2. വളരെ നിശബ്ദമായ കക്കൂസുകള്‍ ആണെങ്കില്‍ നിങ്ങളുടെ ശ്വാസോച്ഛ്വാസം വരെ പുറത്തുനില്‍ക്കുന്നവര്‍ക്കു കേള്‍ക്കാമോ എന്ന ഭയം നിങ്ങളെ അലട്ടാം. അതിനായി ചില പോംവഴികള്‍
* ബക്കറ്റ് ഉണ്ടെങ്കില്‍ അതില്‍ വെള്ളം നിറക്കുക
* ഫ്ലഷ് അടിക്കുക, അതു റീഫില്‍ ആകുന്നതു വരെ വെള്ളം വീഴുന്ന ശബ്ദം ഉണ്ടാവും
* മന്ത്രിമാരുടെ പൈലറ്റ് വാഹനം പോലെ വളിക്കു മുമ്പേ ഒരു ചുമയോ, തുമ്മലോ നടത്തുക.
* ഇതൊന്നുമല്ലെങ്കില്‍ പൂച്ച പാലു കുടിക്കുന്ന പോലെ 2 ചെവിയിലും വിരലിട്ട് കേഴ്വി അടക്കുക

3. അങ്ങനെ പ്രാരംഭ ബുദ്ധിമുട്ടുകള്‍ തരണം ചെയ്തു ആശ്വാസത്തോടെയിരിക്കുന്ന നിങ്ങള്‍ക്ക് ഇരമ്പിയടിക്കുന്ന കൊടുംകാറ്റുപോലെ ക്ലോസെറ്റ് ലെ ആദ്യ ബാച്ചിന്റെ രൂക്ഷഗന്ധം അലോരസപ്പെടുത്താം. അതു വീട്ടിലായാലും പുറത്തായാലും നിങ്ങളുടെ ഇമേജിനു കോട്ടം തട്ടിയേക്കാം. അതിനാല്‍ മലം മുഴുവന്‍ ശേഖരിച്ചിട്ടു ഫ്ലഷ് ചെയ്യുന്നതിനു പകരം ഇടക്കിടെ ഫ്ലഷ് ചെയ്യുക. പ്രത്യേകിച്ച് ആദ്യ ബാച്ചിനു ശേഷം. ഇതു നിങ്ങള്‍ക്ക് സമാധാനത്തോടെയുള്ള മലവിസര്‍ജ്ജനം നല്‍കുകയും next customer നിങ്ങളെ പ്രാകാതിരിക്കുന്നതിന് സഹായിക്കുകയും ചെയ്യും.

4. പുറത്തുനില്‍ക്കുന്നവരുടെ വ്യഥ, അത്യാവശ്യക്കരുടെ reminders ഒക്കെ നിങ്ങളുടെ സുഗമമായ വിസര്‍ജ്ജനത്തിന് തടസമായേക്കാം. ചുമയോ അല്ലെങ്കില്‍ അറിയാത്തപോലെവാതിലില്‍ ഉരഞ്ഞുള്ള നടപ്പോ ഒക്കെയാവാം അത്. Forget them. നാട്ടിലായിരുന്നെങ്കില്‍ ആരെടാ അകത്ത് ? അവനെന്ന അതിനകത്ത് ഉറങ്ങുവാണോ തുടങ്ങിയ ആക്രോശങ്ങള്‍ കേട്ടേനെ.

അങ്ങനെ അവസാനത്തെ അപ്പിക്കുട്ടനും പുറത്തെത്തിക്കഴിഞ്ഞാല്‍ നമുക്ക് അടുത്ത ഘട്ടത്തിലേക്കു കടക്കാം. ബക്കറ്റ് ആന്റ് മഗ് ഉള്ളവര്‍ ഭാഗ്യവാന്മാര്‍, കഴുകാന്‍ പൈപ്പ് ഉള്ളവരും ഭാഗ്യവാന്മാര്‍ എന്തുകൊണ്ടെന്നാല്‍ അവര്‍ക്കു ടിഷ്യു വെള്ളം ഒപ്പാനുള്ളതാകുന്നു. Car service station ലെ പൈപ്പിനെക്കാളും ശക്തിയിലും pointed ആയും വെള്ളം വരുന്ന പൈപ്പ് ഉള്ള സ്ഥലമാണെങ്കില്‍ സൂക്ഷിക്കണം, വെള്ളത്തിന്റെ കൂടെ ഒരുപക്ഷെ ചെറിയ കഷണങ്ങള്‍ കൂടി തെറിച്ചു പുറത്ത് പോകാം. എന്തായാലും ടിഷ്യു മാത്രമുള്ളവര്‍ holder ഇല്‍ നിന്നും ആവശ്യത്തിനു ടിഷ്യു എടുക്കുക. ഒരു മുഴുവന്‍ റോള്‍ ഒരുമിച്ചു തീര്‍ക്കുന്നവരും, ഒരു ടിഷ്യുവിന്റെ layers രണ്ടായി കീറി ഉപയോഗിക്കുന്നവരും ഉണ്ടാകാം (പിശുക്കന്മാരും ധാരാളികളും). സാധാരണ ആവശ്യത്തിന് 5 മീറ്റര്‍ മതിയാവും.

5. ചിലപ്പോള്‍ നമ്മെ പറ്റിച്ചുകൊണ്ട് നിന്നെ വിട്ടുപിരിയാന്‍ എനിക്കു വയ്യ എന്ന വാശിയില്‍ ചില കഷണങ്ങള്‍ തൂങ്ങി കിടപ്പുണ്ടാകം. ചെറുതായി കുണ്ടി ഒരു കുലുക്കല്‍, അല്ലെങ്കില്‍ ടിഷ്യു കൊണ്ട് ഒരു ചെറിയ തോണ്ടല്‍ ഈ പ്രശ്നം സോള്‍വ് ചെയ്യും. പക്ഷെ വളരെ സൂക്ഷിച്ചു ചെയ്യേണ്ട ഒരു കാര്യമാണിത്. കാരണം വെള്ളത്തിലല്ലാതെ ഇതെവിടെ വീണാലും ഇവന്‍ വിട്ടു പിരിയാന്‍ പ്രയാസം കണിക്കാം.

6. ടിഷ്യു എടുത്ത് കട്ടി കൂടാന്‍ വീണ്ടി ഒന്നോ രണ്ടോ ആയി മടക്കി കൈയ്ക്കകത്തു വെച്ച് പ്രശ്നമേഖലയില്‍ ചെറുതായി അമര്‍ത്തി തുടക്കുക. വേണമെങ്കില്‍ രണ്ടു വശങ്ങളും ഉപയോഗിക്കവുന്നതാണ്. ഈ പ്രവര്‍ത്തനം നിങ്ങള്‍ക്കു തൃപ്തി ആകുന്നവരെ തുടരുക, holder ലെ ടിഷ്യു തീരാതെ സൂക്ഷിക്കുക. നമുക്കു ഒരു ആത്മവിശ്വാസത്തിനുവേണ്ടി അല്‍പ്പം വെള്ളം ടിഷ്യുവില്‍ മുക്കി തുടക്കുന്നത് നല്ലതാണ്.

7. ഇനി മുമ്പോട്ടു തുടക്കണോ? പിന്നോട്ടു തുടക്കണോ? എന്ന confussion ഉണ്ടെങ്കില്‍ ഓര്‍ക്കുക, അങ്ങനെ പ്രത്യേക നിയമങ്ങള്‍ ഒന്നും ഇല്ല. പെണ്ണുങ്ങള്‍ക്കു പൊതുവേ മുമ്പോട്ടു തുടക്കാന്‍ അത്ര താല്പര്യം കാണില്ല, എന്നാല്‍ ആണുങ്ങള്‍ മുമ്പോട്ടു കുറച്ചു തുടച്ചതിനു ശേഷം ദിവസം മുഴുവന്‍ നില്‍ക്കുന്ന freshness നു വേണ്ടി ഇത്തിരി വെള്ളം കൂട്ടി പുറകോട്ടു തുടച്ചു നിര്‍ത്തുകയാണ് സാധാരണ ചെയ്യാറ്.

8. ചിലപ്പോള്‍ നമ്മള്‍ പരിപാടി തുടങ്ങികഴിയുമ്പോളാണ് ടിഷ്യു ഇല്ലാ എന്നറിയുന്നതെങ്കില്‍ പരിഭ്രാന്തരാകരുത്. ഒരു നിമിഷം കണ്ണടച്ച് മനസിനെ ശാന്തമാക്കുക. എന്നിട്ട് എവിടെയെങ്കിലും കൈയ് തുടക്കനുള്ള പേപ്പര്‍ ടൌവ്വല്‍ ഉണ്ടോ എന്നു നോക്കുക. അതു sandpaper പോലെയാണെങ്കിലും അത്യാവശ്യസന്ദര്‍ഭങ്ങളില്‍ വേറെ വഴിയില്ലല്ലോ? ഇനി അതും ഇല്ലെങ്കില്‍ നമ്മുടെ ബാഗ്, പോക്കറ്റ്, പേഴ്സ് എന്നിവിടങ്ങളില്‍ എവിടെ നിന്നെങ്കിലും അല്പം പേപ്പര്‍ തപ്പിയെടുക്കുക. അത്യാവശ്യസമയങ്ങളില്‍ visiting card വരെ വളരെ ഉപയോഗപ്രദം ആണ്. ഇനി അതും ലഭ്യമല്ലെങ്കില്‍ പിന്നെ തൂവാല, അടിവസ്ത്രം, സോക്സ് ഇതിലേതെങ്കിലും അടിയന്തിരമായി ഉപയോഗിക്കുകയല്ലതെ വേറെ മാര്‍ഗ്ഗമില്ല.

9. ഇനിയാണ് നമ്മള്‍ ഫ്ലഷ് ചെയ്യണ്ട സമയം. പൊതുവേ വലിയ പ്രശ്നങ്ങള്‍ ഉണ്ടാവാറില്ലെങ്കിലും ചിലപ്പോള്‍ നാരങ്ങാവെള്ളത്തിലെ കുരു പോലെ എത്ര നോക്കിയാലും പിടികിട്ടാത്ത ചില കഷണങ്ങള്‍ പൊങ്ങി കിടക്കാം. എത്ര ഫ്ലഷ് ചെയ്താലും അവന്‍ നമ്മെ നോക്കി ചിരിച്ചുകൊണ്ടു അവിടെ കിടക്കും. നിസാരമായി എടുക്കരുത്, നിങ്ങള്‍ക്കു ശേഷം നിങ്ങളുടെ ബോസ് അല്ലെങ്കില്‍ പുതിയ ബന്ധുക്കള്‍ ആണ് കയറുന്നതെങ്കില്‍ നിങ്ങളുടെ ഇമേജിനെക്കുറിച്ച് ഒന്നു ചിന്തിച്ചു നോക്കൂ. പക്ഷെ പോംവഴി ഉണ്ട്. ഒരു ചെറിയ കഷണം ടിഷ്യു അതിന്റെ മുകളില്‍ ഇടുക, 5 നിമിഷം കാത്തിരിക്കുക, വീണ്ടും ഫ്ലഷ് ചെയ്യുക, ആ ടിഷ്യു നമ്മെ കബളിപ്പിച്ചുകിടന്ന കുരുവിനെയും കൊണ്ടു അഗാധ ഗര്‍ത്തത്തിലേക്കു പൊയ്മറയും.

10. ചിലപ്പോള്‍ നാം മറ്റൊരു വലിയ പ്രശ്നത്തെ അഭിമുകീകരിക്കേണ്ടിവരാം, ഫ്ലഷ് വര്‍ക്ക് ചെയ്യാതെ വരുക. വലിയൊരു നിര പുറത്ത് കാത്ത് നില്‍കുന്നുണ്ടെങ്കില്‍ പരിഭ്രമിക്കരുത്, സമചിത്തതയോടെ കര്യങ്ങള്‍ നേരിടേണ്ട സമയം ആണിത്. അവിടെ കിട്ടവുന്നതില്‍ നിന്നും ഏറ്റവും വലിയ പാത്രം എടുക്കുക, mug, glass, plastic cover, സോപ്പ് പെട്ടി എന്നിങ്ങനെ എന്തും ഉപയോഗിക്കാം (കൈക്കുമ്പിളിലും വെള്ളം എടുക്കവുന്നതാണ്). എന്നിട്ട് പൂര്‍വാധികം ശക്തിയോടുകൂടി അതില്‍ വെള്ളം നിറച്ച് ഒഴിക്കുക. ക്ലോസെറ്റ് ലെ കീടങ്ങള്‍ പോകുന്ന വരെ repeat this step.

11. അടുത്ത കസ്തമറിന് കൈയ്മാറുന്നതിനു മുമ്പ് അവസാനമായി ഒരു ചെക്ക് അപ് നടത്തുക. ക്ലോസെറ്റില്‍ എവിടെയെങ്കിലും മലം തെന്നിപ്പോയതിന്റെ പാട് അവശേഷിക്കുണ്ടോ എന്ന്. അതു ക്ലീന്‍ ചെയ്യുന്നതിനാണ് Toilet ബ്രഷ് ഉള്ളത്. ഇതും വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യണ്ട പ്രവര്‍ത്തിയാണ്. അതു ഇരിക്കുന്നത് തന്നെ ഒരു സൂപ്പ് ബൌള്‍ പോലത്തെ സാധനത്തിലാണ്. ചെറിയ കഷണങ്ങള്‍ ചാറിന്റെ കൂടെ ഉണ്ടാവാം. അതുപോലെ തന്നെ, അതുപയോഗിക്കുമ്പോള്‍ കഷണങ്ങള്‍ തെറിച്ചു വീഴാനും സാധ്യത ഉണ്ട്. എങ്കിലും ഉപയോഗിക്കാതെ വഴി ഇല്ല. ഫ്ലഷ് ചെയ്യുന്നതിനു മുമ്പായി ബ്രഷ് ഒന്നു ക്ലോസെറ്റ് ലെ വെള്ളത്തില്‍ കറക്കി ക്ലീന്‍ ചെയ്ത് യഥാസ്താനത്തു വക്കുക. ഇനി അഥവാ ബ്രഷ് ഇല്ലെങ്കില്‍ നിങ്ങള്‍ കുഴഞ്ഞതു തന്നെ. എങ്കിലും സ്വര്‍ഗ്ഗത്തില്‍ സ്ഥാനം വേണം എന്നുള്ളവര്‍ക്ക് പേന, വിരല്‍ ഇവയിലേതിലെങ്കിലും അല്പം ടിഷ്യു ചുറ്റി തുടക്കവുന്നതാണ്.

12. അവസാനമായി കൈയ്കള്‍ നന്നായി കഴുകുക, മണം ഉണ്ടോ എന്നു നോക്കവുന്നതാണ്. ഫാന്‍, ജനാലകള്‍ എന്നിവ ഉണ്ടെങ്കില്‍ തുറന്നിടുക. അവിടെയുള്ള room freshner, spray, shaamboo, mouth wash, paste ഇവയില്‍ എന്തെങ്കിലും ഉപയോഗിച്ച് അധികരിച്ചുനില്‍കുന്ന മണം മാറ്റാവുന്നതാണ്.

എന്തായാലും ഒത്തിരി പ്രയാസപ്പെട്ടിട്ടാണെങ്കിലും ഇത്രയുമെങ്കിലും ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്. നിങ്ങല്‍ക്കും ഇതില്‍ വേണ്ട മാറ്റങ്ങളും, ചേരുവകളും ചേര്‍ത്ത് അഖിലലോക ജനതകളുടെ ഈ അന്താരാഷ്ട്ര പ്രശ്നത്തിനു ഒരു കൈയ് സഹായിക്കാവുന്നതാണ്.

Read more...

Hatta Pools (ഒരു യാത്രാ വിവരണം)

>> Sunday, May 31, 2009

ഹത്ത പൂള്‍സിലേക്കുള്ള ഞങ്ങളുടെ യാത്ര. കുട്ടികളും പരിവാരങ്ങളുമായി രണ്ടു വണ്ടിയില്‍ യാത്ര തിരിച്ചു. ഭക്ഷണവും വെള്ളവും, കുട്ടികള്‍ക്കും അത്യാവശ്യം മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാന്‍ വേണ്ടുവോളം ഡയപ്പറുകളും കരുതിയിരുന്നു.














മുമ്പിലും പുറകിലും ഇടക്ക് ഒന്നിച്ചും ഞങ്ങള്‍ യാത്ര തുടര്‍ന്നു.മരുഭൂമിയുടെയും വരണ്ടമലനിരകളുടെയും ഭംഗി നിങ്ങള്‍ നേരത്തെ ആസ്വദിച്ചതാണെങ്കില്‍, ദുബായില്‍ നിന്നും ഹത്തവരെയുള്ള ഹൈവേയിലൂടെ ഉറങ്ങിയും, പഴയ മണ്ടത്തരങ്ങള്‍ പറഞ്ഞും, മലനിരകളുടെ ഉത്ഭവത്തെ പറ്റി നുണപറഞ്ഞും സമയം കളയേണ്ടിവരും.















കാര്യം മാപ്പൊക്കെ കയ്യിലുണ്ടായിരുന്നെങ്കിലും ചെറിയ വഴിപ്പിശക്. അവസാനം ചോദിച്ച ഹത്താ നിവാസികള്‍ പറഞ്ഞുതന്നത് ഈ ഡാം. വെള്ളം എന്നൊക്കെ കേട്ടപ്പോള്‍ ഡാമായിരിക്കും എന്നവര്‍ വിചാരിച്ചു. നമ്മുടെ അറബി അത്ര ഗംഭീരമാണല്ലോ.















എങ്കിലും മനോഹരമാണ് ഡാം. കുത്തനെയുള്ള കയറ്റവും മനോഹര ദൃശ്യവും.
















ചൂട് അസഹനീയം. ടര്‍ക്കി ഒക്കെ കരുതുന്നതാ നല്ലത്
















കൂളിങ് ഗ്ലാസ് അത്യാവശ്യം. ട്രൈ പോഡും നല്ലതാണ്,പ്രത്യേകിച്ച് വീഡിയോ ഉണ്ടെങ്കില്‍.















ഡാമില്‍ നിറയെ വെള്ളം (മരുഭൂമിയല്ലേ എന്നു നമ്മള്‍ പ്രത്യേകം ഓര്‍ക്കണം)














എന്തായാലും അവസാനം ഒരു എത്തിസലാത്തുകാരന്‍ മലയാളി സഹായിച്ചു. മാപ്പിന്റെ കുഴപ്പമല്ല, അതു നോക്കിയവരുടെ കുഴപ്പമായിരുന്നു എന്നു പ്രൂവ് ചെയ്ത് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ടാറിട്ട റോഡില്‍ നിന്നും 15-20 കിലോമിറ്റര്‍ സഞ്ചരിക്കണം. ബോര്‍ഡുകള്‍ ഉണ്ട് വഴി നിറയെ. ഫോര്‍ വീല്‍ വേണമെന്ന്
നിര്‍ബന്ധം ഇല്ല.















ഒട്ടകങ്ങളെയും കാണാം. മര്യാദയുള്ള മൃഗങ്ങളാ.. ഒന്നു ഹോണടിക്കു പോലും വേണ്ടാ. മരുഭൂമി അവരുടെ അപ്പന്റെയാന്നുള്ള വിചാരം ഒന്നും ഇല്ല.

















മനോഹരമായ മലകള്‍ പാറകള്‍. വഴികള്‍ ഒക്കെ സുന്ദരം തന്നെ. പൊടിയും മൊത്തത്തില്‍ ഒരു ബ്രൊവ്ണ്‍ കളറും ആണെങ്കിലും എന്തൊക്കെയോ ഒരു വൈല്‍ഡ് ബ്യൂട്ടി.















അവസാനം തോടുകണ്ടു. മരുപ്പച്ച കണ്ടപോലെ ഞങ്ങള്‍ പുളകിതരായി. മരുഭൂമിയിലും തോട്. കാറിലാണെങ്കില്‍ സുക്ഷിച്ചു കടക്കണം, അല്ലെങ്കില്‍ വെള്ളത്തില്‍ നിന്നും ത്ളളിക്കയറ്റേണ്ടി വരും
















പ്രാഡോചേട്ടന്‍ വഴികാണിച്ചു മുമ്പേ. ഒന്നുമല്ലെങ്കിലും ഒന്നു രണ്ടു വര്‍ഷത്തെ അനുഭവ സമ്പത്തില്ലേ?















കുറക്കാന്‍ പറ്റുമോ, പജീറോ അല്ലേ?

















പണ്ടൊക്കെ മഴക്കു ശേഷം റോഡില്‍ കിടക്കുന്ന തെളിഞ്ഞ വെള്ളം കാലുകൊണ്ട് തെറിപ്പിക്കാതെ പോകാന്‍ പറ്റുമായിരുന്നോ? ഇന്നിപ്പോള്‍ വണ്ടിയിലായി എന്നു മാത്രം.
















വണ്ടി പാര്‍ക്കു ചെയ്തു ഞങ്ങള്‍ വെള്ളത്തിലിറങ്ങി.

















കോക്കുവിനു വരെ ഇറങ്ങാവുന്ന വെള്ളം. കണ്ടാല്‍ കുടിക്കാന്‍ വരെ തോന്നും.

















പാമ്പേര്‍സ് അഴിച്ചു വെക്കുകയാ‍ണ് നല്ലത്. ഇല്ലെങ്കില്‍ വെള്ളത്തിന്റെ ഭാരം താങ്ങാനാവാതെ ബാലന്‍സ് ചെയ്തു നില്‍ക്കേണ്ടി വരും.

















തലയില്‍ എന്തെങ്കിലും വെക്കാതെ ദീര്‍ഘനേരം വെയില്‍ കൊണ്ടാല്‍ സണ്‍ബേണ്‍ ഉറപ്പ്. മൊട്ടത്തലയില്‍ വെയില്‍ അടിച്ചതിനാല്‍ പീള്ളേരുടെ തലയില്‍ കുമിള വന്നു. പേടിക്കനൊന്നുമില്ല, ഒരാഴ്ച കൊണ്ടു മാറിക്കോളും. തലചൊറിഞ്ഞു കുമിള പൊട്ടിക്കാതെ നോക്കിയാല്‍ മതി.















സ്വപ്ന വാഹനമായ നിസ്സാന്‍ പട്രോളിനെ വലിച്ചു കയറ്റാന്‍ കുഞ്ഞന്‍ പജീറോക്കു സാധിച്ചു. വഴിനോക്കാതെ ഓടിച്ചാലത്തെ കുഴപ്പം.















സാഹസികന്മാര്‍ക്കു അവസരങ്ങള്‍
















ലോകത്തിന്റെ നെറുകയിലെന്ന പോലെ. എന്തൊക്കെയോ നേടിയ സംതൃപ്തി. കാലിന്റെ മസിലു പിടിക്കാതെ നോക്കണം എന്നു മാത്രം.















നനഞ്ഞ ശരീരം ഉണക്കാനിടാം

















പാറയില്‍ വലിഞ്ഞുകയറാം

















സാഹസികന്മാര്‍ക്കു വീണ്ടും പണി

















എന്താ ചാട്ടം. പണ്ട് തോട്ടില്‍ ചാടിനടന്ന കാലത്തേക്ക് മടങ്ങിപ്പോക്ക്

















പാവം പുറകില്‍ കിടക്കുന്ന വണ്ടി, സീറ്റിനു മുകളില്‍ വരെ വെള്ളം കായറി പോയി. തോളൊപ്പം വെള്ളത്തില്‍ താണുപോയി. പ്രാഡോയും, ജീപ്പും പത്തിരുപത് ആള്‍ക്കാരുടെ 2 മണിക്കൂറത്തെ പരിശ്രമവും അവസാനം വണ്ടി കയറ്റി. ഇനി എഞ്ചിനില്‍ നിന്നും വെള്ളം കളയണമെല്ലോ?

















എന്തൊരു ഭീകര ഭംഗി. വലുപ്പം മനസിലാകാന്‍ ആള്‍ക്കാരെ ശ്രദ്ധിക്കുക

















അവസാനം മടക്കയാത്ര. എങ്കിലും സൌങര്യം ആസ്വദിച്ചു പോകും
















ഉണക്കമരത്തിനു വരെ എന്തോ സൌ‍ങര്യം. നരച്ച മുടിയുള്ള അമ്മൂമ്മയെ പോലെ.

















ഹത്ത റോഡിലെ അറബികളുടെ സൂക്കേട് തീര്‍ക്കുന്ന സ്ഥലം. കറുത്ത് പൊട്ടിട്ടിരിക്കുന്ന വണ്ടി ശ്രദ്ധിക്കുക

















കോരിത്തരിച്ചു പോയി അവന്റെ ഓടിക്കല്‍ കണ്ടപ്പോള്‍ !


















മണ്ണില്‍ പുതഞ്ഞുള്ള മറ്റൊരുത്തന്റെ പോക്ക്. ഇതൊക്കെ കണ്ടാല്‍ എത്ര നേരം പിടിച്ചു നില്‍ക്കാനാവും

















പിന്നെ അമാന്തിച്ചില്ല, വെച്ചു പിടിപ്പിച്ചു ഞങ്ങളും




















കുട്ടികള്‍ക്ക്കും മുതിര്‍ന്നവര്‍ക്കും കളിക്കാം

















കുറച്ചു മറ്റുള്ളവരുടെ കളി കണ്ടപ്പോള്‍ നമുക്കും സൂക്കേട് കയറി. എത്ര നേരമെന്നും പറഞ്ഞാ നോക്കി നില്‍ക്കുന്നത്? മരുഭൂമിയില്‍ ഓടിക്കാന്‍ പ്രത്യേക പരിശീലനം വേണമെന്ന് ആരുപറഞ്ഞു? അണ്ണാക്കണ്ണനും തന്നാലായത്




















ആന വളിവിടുന്ന കണ്ട് അണ്ണാന്‍ മുക്കിയാല്‍ ഇങ്ങനെ ഇരിക്കും.

















അറിയാത്ത പിള്ളക്കു ചൊറിയുമ്പോള്‍ അറിയും. ചൊറിഞ്ഞു അറിഞ്ഞു.

















എത്രയോ സഹായമന‍സ്ഥിതിയുള്ളവരാണ് അറബികള്‍. എത്ര പെട്ടെന്നാണ് അവര്‍ സഹായിക്കാന്‍ എത്തുന്നതെന്നോ? അവരുടെ ഉപദേശങ്ങള്‍ ഞങ്ങളെ പുതിയ കാര്യങ്ങള്‍ പഠിപ്പിച്ചു. എങ്ങനെ ഓടിക്കണം എന്നും ചെറീയ ധാരണ കിട്ടി.

















കറിയാച്ചന് കൂടുതല്‍ സ്വപനങ്ങള്‍ കാണുനുള്ള ഇന്‍പുട്ടുകള്‍. രാത്രിയില്‍ മണലില്‍ പോകുന്ന കഥകള്‍ മതി ഇപ്പോളവന്.കോക്കു ചാച്ച എന്നു വിളിക്കനുള്ള ശ്രമം നിര്‍ത്തി ക്വാഡ് ബൈക്ക് എന്നു പറയാന്‍ ശ്രമിക്കുന്നു.

















ചെറിയ തിരിച്ചടികളെങ്കിലും വളരെ നന്നായി എഞ്ചോയ് ചെയ്തു. ഒത്തിരി അധികം വിവരങ്ങളും ലഭിച്ചു.




സന്ധ്യയോടുകൂടി മടക്കയാത്ര. ഒത്തിരി ഒത്തിരി സംതൃപ്തിയോടെ.

ചില ചിത്രങ്ങള്‍ക്ക് കടപ്പാട് - സുനില്‍, രാജേഷ്

Read more...

പഴയൊരു മഴ

>> Monday, May 4, 2009

രാവിലെ തന്നെ നല്ല മഴ. രണ്ടു ദിവസമായി എന്നും വൈകുന്നേരം നല്ല മഴയും ഇടിയും ആണ് . ഇന്നു പക്ഷെ രാവിലെ തന്നെ തുടങ്ങി. തണുപ്പുള്ള രാവിലെ എണീറ്റ് അടുപ്പിന്റെ പാതകത്തില്‍ കയറി കുത്തിയിരുന്ന് തീ കായാന്‍ നല്ല സുഖം. അപകടം ആണ് ആ ഇരുപ്പ് എന്ന് അമ്മ പലപ്പോഴും പറഞ്ഞിട്ടുണ്ട്. പണ്ട്  പാതകത്തിൽ ഇരുന്നു ഉറങ്ങിപ്പോയി തീയിലേക്ക് വീണത്, പാകത്തിൽ നിന്ന് ഇറങ്ങിയപ്പോൾ വിറകുകമ്പു തട്ടി കഞ്ഞിക്കലം  മറിഞ്ഞു വീണു പൊള്ളിയത് അങ്ങനെയൊക്കെയുള്ള കഥകൾ. പക്ഷെ എത്രയായാലും ആ ഇരുപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ.   

ഉന്തിന്റെ കൂടെ ഒരു തള്ള് എന്നപോലെ കൂട്ടത്തില്‍ വിറക് അടുപ്പിച്ചു വെച്ച് അമ്മക്ക് ഒരു കുഞ്ഞു സഹായം ചെയ്തോണ്ടിരുന്നു. അടച്ചു വാറ്റിയില് തവിക്കണ കൊണ്ട് ചുട്ട വറ്റൽ മുളക് ഞെരടിക്കൊണ്ടിരുന്ന അമ്മയെ ഇടയ്ക്കു പാളി ഒന്ന് നോക്കി. മടിപിടിച്ചു ഇരിക്കുവാണെന്നു മനസിലായ അമ്മ "പോയി കുളിക്കെടാ" എന്നു പറഞ്ഞ് എണീപ്പിച്ചു വിട്ടു. 


പതുക്കെ ചെന്ന് ചായിപ്പിന്റെ വാതില്‍ തുറന്ന്  വീടിന്റെ ഓടില്‍ നിന്നും മണലിലേക്ക് നൂലുപോലെ വീഴുന്ന വെള്ളത്തുള്ളികല്‍ പതുക്കെ കൈകൊണ്ട് തെറിപ്പിച്ച് തണുപ്പുമായി താതാത്മ്യം പ്രാപിക്കാന്‍ ശ്രമിച്ചു. "അമ്മേ.. ഇച്ചിരെ വെള്ളം ചൂടാക്കി തരാമോ?”  അമ്മ ദേഷ്യത്തോടെ  “എന്നാ പിന്നെ ഇത്തിരി കുഴമ്പും കൂടി തേച്ചോ, ഒരു കിളവന്‍ വന്നേക്കുന്നു. പോയി തണുത്ത വെള്ളത്തില്‍ കുളിയെടാ ചെക്കാ." എന്നിട്ടു ആശുപത്രിയിലെ കുത്തിവെപ്പിന് ശേഷം തരുന്ന തിരുമ്മു പോലെ  "ആദ്യത്തെ മഗ്ഗിലെ വെള്ളത്തിനു ശേഷം തണുക്കത്തില്ലെടാ കുട്ടാ" എന്നും പറഞ്ഞു.

മഴയില്ലായിരുന്നെങ്കില്‍ കിണറ്റില്‍ നിന്നും വെള്ളം കോരി കുളിക്കാമായിരുന്നു, അതിനു ചെറിയ ചൂടുകാണും രാവിലെ. രാവിലെ അമ്മാവന്‍ നേരത്തെ പോയതിനാല്‍ ബസിനു പോകണം. യൂണിഫൊമില്‍ ഇന്നലെ വൈകിട്ടു നടന്നപ്പോള്‍ ചെരുപ്പില്‍ നിന്നും പറ്റിയ ചെളി വട്ടത്തില്‍ നല്ല പൊട്ടുപോലെ കാണാം. എത്ര കഴുകിയാലും അതു പോകില്ല. ചെരുപ്പിട്ട് എത്ര സൂക്ഷിച്ചു നടന്നാലും ഇത്തിരി ചെളിയെങ്കിലും തെറിക്കും. ഒരു ഷൂ ഉണ്ടാരുന്നെങ്കില്‍ ഇത്രയും ചെളി പുറകിൽ വരില്ല എന്ന് അമ്മയോട് പറഞ്ഞതാണ്, കിം ഫലം. ഒരു ഞെക്കുമ്പോള്‍ നിവരുന്ന കുട വാങ്ങി തന്നത് ഒരാഴ്ച മുമ്പ് സ്‌കൂളിൽ കളഞ്ഞു പോയി. ഇപ്പോള്‍ അമ്മയുടെ പഴയ ഒറ്റ മടക്കുള്ള കുടയാണ് ശരണം. ഒന്നു രണ്ടു തുളയുണ്ട്, ഒരു കമ്പി ഇത്തിരി വളഞ്ഞിട്ടും ഉണ്ട്, എന്നാലും ഒള്ളതാകട്ടെ. 

കടൂക്കുന്നേല്‍ വാതിക്കലെ ബസ് സ്റ്റോപ്പില്‍ ചെല്ലുന്നതിനു മുമ്പേ തന്നെ തിങ്ങിനിറഞ്ഞ് പുഞ്ചവയല്‍ ബസു പോയി. ഇനി കോരുത്തോട് ബസിനു പോകാം. കുടയും ചൂടി അവിടെ കിടന്ന തെങ്ങുംതടിയില്‍ കയറിനിന്നു. അതാവുമ്പോള്‍ പിന്നെ വെള്ളം നിലത്തു തല്ലി തെറിക്കുന്ന കുഞ്ഞു മണല്‍തരികളുടെ തരിതരിപ്പ് ഇല്ല. പുറകിലുള്ള കാനയില്‍ മഴവെള്ളം നിറഞ്ഞിട്ടുണ്ട്. വാഴക്കാവരയനും  നെറ്റിയെപൊട്ടനും ഒക്കെ തോട്ടിൽ നിന്നും കയറി അവിടെ എത്തിയിരിക്കുന്നു. ഒറ്റവെയില്‍ തെളിയുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്കുനില്‍ക്കും. പിന്നെ ഇവന്മാര്‍ ഒക്കെ ഇവിടെ കിടന്നു ചാവേണ്ടി വരും, പാവങ്ങള്‍. വെള്ളം പൊങ്ങിയപ്പോള്‍ ആക്രാന്തത്തിൽ ചാടിക്കയറി ഇങ്ങുപോന്നതല്ലേ, വരും വരായ്ക നോക്കാതെ. വൈകുന്നേരം ആകട്ടെ, വരുമ്പോള്‍ പിടിച്ചു വീ‍ട്ടിലെ കുളത്തില്‍ ഇട്ടേക്കാം. 

കോരുത്തോട് ബസ് വരുന്ന ഒച്ച കേള്‍ക്കുന്നു. ദൈവമേ..നിറച്ചു ആളുമായാണ് വരവ്. ഒരു ഫുള്‍ ടിക്കറ്റുപോലുമില്ലാതെ ഞാനെന്ന പേട്ട് എസ് റ്റി കാരനെ കയറ്റാന്‍ അത് എന്റെ അപ്പന്റെ വകയൊന്നുമല്ലല്ലോ, എന്റെ ആത്മഗതം കേട്ടത് പോലെ അവര്‍ നിര്‍ത്തിയില്ല. ഭാഗ്യത്തിനു കൈയ്യില്‍ 2 രൂപയുണ്ട്, അടുത്ത ട്രാന്‍സ്പോര്‍ട്ടിന് ഫുള്‍ ടിക്കറ്റെടുത്ത് പോകാം. 

 പെട്ടെന്നാണ് കവിതയുടെ മുഖം മനസിലേക്ക് ഒരു വെള്ളത്തുള്ളി പോലെ ഒഴുകിവന്നത്. എന്റെ കൂടെ നാലാം ക്ലാസുവരെ പഠിച്ച കടുവാതൂക്കില്‍ ഷിബുവിന്റെ പെങ്ങളാണ്. എന്നെക്കാളും രണ്ടുവയസ് കുറവ്, വിളക്കുമാടം മഠം സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു. ഈ വര്‍ഷം സ്കൂളുതുറന്ന സമയത്ത് ഇതുപോലൊരു ദിവസം ആനവണ്ടിയിൽ കയറി പോയപ്പോളാണ് ശരീക്കും അടുത്തു കണ്ടത്. അവരൊക്കെ പാലായില്‍ പോയി കെ എസ് ആര്‍ ടി സി യിലെ മന്ത്‌ലി കാര്‍ഡ് ആണ് എടുക്കുന്നത്. 

എനിക്ക് കവിതയെ ഭയങ്കരമായി ഇഷ്ടപ്പെട്ടു. നല്ല വിടര്‍ന്ന കണ്ണുകളാണ് കവിതയുടേത്. കൃസ്ത്യാനിപ്പെണ്ണുങ്ങള്‍ക്ക് പൊതുവേയില്ലാത്ത ശീലമെങ്കിലും, ഞാൻ കണ്ട സമയത്തൊക്കെ അവൾ  രാവിലെ കുളിച്ച് ഭംഗിയായി മുടി വിടര്‍ത്തിയിട്ടിരുന്നു. എന്നാല്‍ എണ്ണമെഴുക്കോ മണമോ ഒന്നുമില്ലതാനും. നല്ല ക്യൂട്ടിക്കൂറാ പൌഡറിന്റെ മണമാണവള്‍ക്ക്. ഈയിടെയായി കിടക്കാന്‍ നേരം മനസില്‍ എന്നും വരുന്നത് അവളുടെ മുഖമാണ്. ഇന്നും കാണാമല്ലോ എന്നോര്‍ത്തപ്പോള്‍ കോരുത്തോട് ബസ് നിര്‍ത്താതെ പോയ ഡ്രൈവറോട് തോന്നിയ ദേഷ്യമൊക്കെ മാറി. ബസിന്റെ ഉടമസ്തരുടെ വീട്ടിലും കുട്ടികളുടെ വീട്ടിലും തുമ്മലും ചീറ്റലും അക്കാലങ്ങളിൽ പതിവായിരുന്നു. വണ്ടി നിർത്താതെ പോകുന്ന സമയം കുട്ടികളും,  ഇടിച്ചു വണ്ടി നിറയെ കയറുന്ന പത്തുപൈസ ടിക്കറ്റിന്റെ ദേഷ്യത്തിൽ ബസുകാരും പരസ്പരം ഉള്ളിലും പുറത്തും  പറയാറുണ്ടായിരുന്ന മാതാപിതാ സ്തുതികളുടെ ബാക്കിപത്രം എന്ന നിലയിൽ.

അവസാനം ചെവിയാട്ടിയെത്തുന്ന ആനയെപ്പോലെ രണ്ടുസൈഡിലെയും പടുതാ ആട്ടി നമ്മുടെ ആനവണ്ടിയെത്തി. കുടമടക്കി ചാടിക്കയറി ഞാന്‍, നിറച്ചും ആള്‍ക്കാരാണ് വണ്ടിയില്‍. ബസ് കയറ്റം കയറുന്നതിനു ഇറങ്ങുന്നതിനു അനുസരിച്ചു അടിയില്‍ വെള്ളം ഒഴുക്കാണ് മുന്നോട്ടും പിന്നോട്ടും. ഞാന്‍ പതുക്കെ മുമ്പോട്ട് നുഴഞ്ഞു കയറി. കവിത സീറ്റിന്റെ സൈഡില്‍ തന്നെ ഇരിപ്പുണ്ട്. ഞാന്‍ പതുക്കെ അവളുടെ അടുത്തു ചെന്നു നിന്നു. പക്ഷെ അവളെ മുട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇനി നമ്മള്‍ മുട്ടിയാല്‍ അവള്‍ ഞാനൊരു ചീത്തയാണെന്നു വിചാരിച്ച് എന്നന്നേക്കുമായി അവളെ നഷ്ടപ്പെട്ടാലോ എന്ന ചിന്ത കാരണം ഏറ്റവും മാന്യനായി തന്നെ പെരുമാറണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. (അതാണ് ഈ ജന്മത്ത് എനിക്കൊരു പ്രണയം ഉണ്ടാവാതെ പോയതിനു കാരണം)

 മഞ്ചക്കുഴിയുടെ വളവ് വണ്ടി വീശി എടുത്തപ്പോള്‍ അറിയാതെ അവളെ ഇത്തിരി മുട്ടി എങ്കിലും കുഴപ്പമൊന്നുമുണ്ടായില്ല. എങ്കിലും അടുത്തു നിന്നവര്‍ക്കൊന്നും ഞാന്‍ നുഴഞ്ഞ് കയറി അവളുടെ അടുത്ത് നിന്നത് അത്ര ഇഷ്ടമായില്ല എന്നു തോന്നുന്നു. പെട്ടെന്നാണ് അവളെന്നോട് അതു പറഞ്ഞത്. കേള്‍ല്‍ക്കാനായി കുനിഞ്ഞു നിന്ന ഞാന്‍ നിവരും മുമ്പേ സൈഡില്‍ നിന്ന ചേട്ടന്‍ എന്റെ കുത്തിനു പിടിച്ചു. "ഡാ, മൊട്ടേന്നു വിരിയും മുമ്പേ പെണ്ണുങ്ങളെ പിടിക്കുന്നോടാ.. "എന്നു ചോദിച്ച് കോളേജില്‍ പഠിക്കുന്ന ഒരു ചേട്ടന്‍ കൈയ്യില്‍ പിടിച്ചു വലിച്ചു. ഏല്ലാ ഭാഗത്തു നിന്നും ഒരു വൃത്തികെട്ടവനെ എന്ന പോലെയുള്ള നോട്ടം. നാണക്കേട് മൂലവും തല്ലു കിട്ടാതിരിക്കാനുമായി ഞാന്‍ മുഖം താഴ്ത്തി പൊത്തിപീടിച്ചു. 

ഇവന്‍ ഇന്നവീട്ടിലെ  കൊച്ചല്ലേ, ഇവന്റെ കാർന്നോന്മാരുടെ പേര് കളയാൻ ആണോ ഭാവം എന്ന് ആരോ പറയുന്നതും കേട്ടു, . പെട്ടെന്ന് അവള്‍ എണീറ്റു നിന്നു പറഞ്ഞു. “അയ്യോ ആ ചേട്ടനെ ഒന്നും ചെയ്യേണ്ട... കുടയില്‍ നിന്നു വെള്ളം വീണപ്പോള്‍ ഒന്നു മാറ്റിവെക്കാന്‍ പറഞ്ഞതേ ഉള്ളൂ ഞാന്‍”. എന്റെ മനസില്‍ കൂടി ഒരു ചെറിയ കാറ്റ് വീശി. ആകെ കൂടെ മര്‍മ്മരങ്ങളും അടക്കിയ ചിരിയും മറ്റും ബസില്‍. എനിക്കണെങ്കില്‍ ആരെയും നോക്കാന്‍ പോലും പറ്റുന്നില്ല. കുത്തിനു പിടിച്ച ചേട്ടന്‍ പതുക്കെ മാറി. ബസ് കുരുവിക്കൂട് സ്റ്റോപ്പില്‍ എത്തി അപ്പോളേക്കും. ഞാന്‍ പതുക്കെ നാണക്കേടു കാരണം അവിടെ ഇറങ്ങാന്‍ വേണ്ടി തിരിഞ്ഞു.

 അപ്പോള്‍ പൈകയില്‍ കടനടത്തുന്ന സുകുമാരന്‍ ചേട്ടന്‍ പറഞ്ഞു “സാരമില്ല മോനേ, എല്ലാരും തെറ്റിദ്ധരിച്ചതല്ലേ. നീ ഇറങ്ങുവൊന്നും വേണ്ട.” പെട്ടെന്ന് ഒരു ചെറിയ ചൂട് കൈയ്യില്‍, ഞാന്‍ പേടിയോടെ ആ ഭാഗത്തേക്ക് നോക്കി. അത് കവിത എന്റെ കയ്യില്‍ പതുക്കെ പിടിച്ചതായിരുന്നു. അവള്‍ കണ്ണുകളുയര്‍ത്തി എന്നെ നോക്കി. ക്ഷമയും സഹതാപവും ഇഷ്ടവും ഒക്കെ നിറഞ്ഞ ഒരു നോട്ടം. എന്റെ മനസിലും ഒരു മഴ പെയ്തു, നല്ല തണുപ്പുള്ള ഒരു കുളിര്‍മഴ.

Read more...

Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP