ഞാനൊരു പാവം പാലാക്കാരന്‍

കറിയാച്ചന്റെ വിദ്യാരംഭം

>> Monday, September 28, 2009

ഞാന്‍ കറിയാച്ചന്‍. കുറച്ചു നാളുകളായി ഒന്നെഴുതിയിട്ട്. ഓടാനും ചാടാനും ഒക്കെ തുടങ്ങിയതുകൊണ്ട് ഇത്തിരി ബിസി ആയിരുന്നു. നിങ്ങളൊക്കെ അറിഞ്ഞോ? ഇന്ന് എന്റെ വിദ്യാരംഭം ആയിരുന്നു. ബിഗ് ബോയി ആയെന്ന അമ്മ പറഞ്ഞത്.

സാധാരണ ലേറ്റ് ആയി ചാച്ചക്കും അമ്മക്കും കൂട്ടിരിക്കുന്ന ഡ്യൂട്ടി എനിക്കണല്ലോ, അതിനാല്‍ തന്നെ രാവിലെ അമ്മ വിളിച്ചപ്പോള്‍ എണീക്കാന്‍ എന്തു പാടായിരുന്നെന്നോ? ഞാന്‍ രാത്രിയില്‍ കഷ്ടപ്പെട്ട് ഉറക്കമിളച്ചിരിക്കുന്നതല്ലേ?, ചാച്ചയേയും അമ്മയേയും ഒന്നുറക്കാന്‍ എന്തു പാടാണെന്നോ? അനിയന്‍ കോക്കു പ്രത്യേകം പറഞ്ഞിട്ടുണ്ട് രാത്രിയില്‍ സൂക്ഷിച്ചോണം എന്ന്. പകലും രാവിലെയും അവന്‍ നോക്കിക്കോളും. അല്ലേലും ഇനി ഒരു വാവയും കൂടി വന്നാല്‍ അവനല്ലേ കൂടുതല്‍ നഷ്ടം.

എന്തായാലും രാവിലെ അമ്മ എണീപ്പിച്ച് കുളിപ്പിച്ചു കുട്ടപ്പനാക്കി പള്ളിയില്‍ കൊണ്ടുപോയി. ദുബായിയില്‍ ഇത്ര അടുത്ത് പള്ളിയൊക്കെ ഉണ്ടായിട്ടും അങ്ങോട്ടൊരു പോക്ക് ചാച്ചക്ക് അത്ര താല്പര്യം ഇല്ല. എന്തായാലും ഇന്ന് ചാച്ച വളരെ കാര്യമായി എന്നെക്കൊണ്ടുപോയി പ്രാര്‍ത്ഥിപ്പിച്ചു. പിന്നെ വീട്ടില്‍ വന്നു.

അരിയൊക്കെ ഒരു പാത്രത്തില്‍ എടുത്തു വെച്ച് എന്നെ മടിയില്‍ ഇരുത്തി. എന്നിട്ട് നാക്കു നീട്ടാന്‍ പറഞ്ഞ് നാക്കില്‍ ഒരു കുരിശു വരച്ചു. പിന്നെ ഓം എന്നു പറയാന്‍ പറഞ്ഞു. എന്നിട്ട് എന്നെക്കൊണ്ട് ആ അരിയില്‍ എഴുതിച്ചു, “ഹരിശ്രീ യേശുവേ നമ: അവിഘ്ന മസ്തു”. പിന്നെ ഒന്നു കൂടി എഴുതിച്ചു, “ഹരിശ്രീ ഗണപതായേ നമ: അവിഘ്ന മസ്തു”. ഒന്നു ക്രിസ്ത്യാനി ആയതുകൊണ്ടും അടുത്തത് ഇന്ത്യാക്കാരന്‍ ഹിന്ദു ആയതുകൊണ്ടും ആണെന്നാണ് പറഞ്ഞത്. വിശാലമായി പിന്നീട് പറഞ്ഞുതരാമെന്നും പറഞ്ഞിട്ടുണ്ട്. പിന്നീട് അരിയില്‍ തന്നെ അ ആ ഇ ഈ യും പിന്നെ ABCD യും എഴുതിച്ചു.

അതിന്റെ ചിത്രങ്ങള്‍ കണ്ടു കൊള്ളൂ. ചടങ്ങിന്റെ സമയത്ത് ആരും ഫോട്ടോ എടുത്തില്ല കേട്ടോ, പക്ഷെ അതു കഴിഞ്ഞപ്പോള്‍ ഒന്നു കൂടി ഫോട്ടോക്കായ് ഇരുന്നതാണ് ഇതൊക്കെ.                                                   എങ്ങനുണ്ട് എന്റെ മുണ്ട്?കോക്കുവിനും എഴുതാന്‍ തിടുക്കമായി എന്നു തോന്നുന്നുഇനി അക്ഷരങ്ങളുടെ ലോകത്തേക്ക് ഞാനും
കൈപിടിച്ചു നടത്താന്‍ ചാച്ചയും അമ്മയും

അങ്ങനെ ഞാനും എന്റെ വിദ്യാരംഭം നടത്തി. ഇനി ചാച്ച എന്നും എന്നെ ലോകകാര്യങ്ങള്‍ പഠിപ്പിച്ചു തരാമെന്നാണ് പറഞ്ഞിരിക്കുന്നത്, അക്ഷരങ്ങളും മറ്റും അമ്മയുടെ വക. പാവം അമ്മ, എന്റെ വിദ്യാരംഭം നടത്തണമെന്ന് അമ്മക്കായിരുന്നു നിര്‍ബന്ധം. വേറെ ആരെയും കിട്ടാഞ്ഞിട്ടാണോ അതോ ചാച്ചയാണ് കൂടുതല്‍ നല്ലത് എന്നു തോന്നിയിട്ടാണോ ചാച്ചയെക്കൊണ്ട് ആദ്യാക്ഷരം കുറിപ്പിച്ചത് എന്നു മാത്രം റിയില്ല.


കരയും കടലും പിന്നെ എനിക്കേറെ പ്രിയപ്പെട്ട വണ്ടികളും ഒക്കെയടങ്ങുന്ന ലോകത്തില്‍ നിന്നും അക്ഷരങ്ങളുടെ ഒരു തടവറയിലേക്കാകരുതേ എന്റെ യാത്ര എന്നു മാത്രമാണെന്റെ പ്രാര്‍ഥന.

6 comments:

കണ്ണനുണ്ണി September 28, 2009 at 12:49 PM  

കറിയാച്ചാ ഇനി ബ്ലോഗ്ഗിലും കുറിച്ചോ ആദ്യാക്ഷരങ്ങള്‍... പുതിയ തലമുറ അത്യാവശ്യമായി ചെയ്യന്ടാത്ത അത്...
സ്വാഗതം അക്ഷരങ്ങളുടെ ലോകത്തേയ്ക്ക്

രഞ്ജിത് വിശ്വം I ranji September 28, 2009 at 1:48 PM  

ഹരീ ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു.

നന്നായി വരട്ടെ

ശ്രീ September 28, 2009 at 4:03 PM  

:)

Ashly September 30, 2009 at 1:30 PM  

നന്നായി വരട്ടെ!!

ot: കറിയാച്ചന്‍ ബ്ലോഗ്‌ തോടങ്ങുമോ?

Areekkodan | അരീക്കോടന്‍ September 30, 2009 at 2:30 PM  

അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് സ്വാഗതം

Sinochan October 1, 2009 at 5:21 PM  

അനുഗ്രഹിച്ച എല്ലാവര്‍ക്കും കറിയാച്ചന്റെ നന്ദി....


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP