ഞാനൊരു പാവം പാലാക്കാരന്‍

ഞാന്‍ ഒരു ഡോക്ടര്‍

>> Tuesday, September 29, 2009

പത്തറുപത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഗ്രാമത്തില്‍ ജനിച്ച് അവിടുത്തെ എല്ലാ സാഹചര്യങ്ങളോടും പൊരുതി വന്നവനാണ് ഞാന്‍. രാവിലെ എണീറ്റ് കന്നുകാലിത്തൊഴുത്തില്‍ പോയി ചാണകം വാരി, പശുവിനെയും കറന്ന് വീട്ടിലെ പണികളും ഒക്കെ ചെയ്തു വളര്‍ന്ന ഞാന്‍ അതിന്റെ കൂടെ ചെറുതായി പഠിക്കുകയും ചെയ്തു. കച്ചവടക്കാരനും ദീര്‍ഘദര്‍ശിയുമായിരുന്ന അപ്പന്റെ നിര്‍ബന്ധപ്രകാരം എങ്ങനെയോ ഞാനും പഠിച്ചു, പിന്നീട് ഡോക്ടര്‍ ആയി. കൂട്ടത്തില്‍ പഠിച്ച പലരും സിംഗപ്പൂരിനും അമേരിക്കക്കും ഒക്കെ പോയപ്പോള്‍ അപ്പന്റെ നിര്‍ബന്ധപ്രകാരം നാട്ടില്‍ തന്നെ ഞാന്‍ നിന്നു പോയി. അതിനാല്‍ തന്നെ ഒരു സാധരണ ഡോക്ടര്‍ ആയി ജീവിച്ചു, പുറത്തുനിന്നും സമ്പന്നരായ കൂട്ടുകാരെ ഒക്കെ പിന്നീട് കണ്ടപ്പോള്‍ നിരാശ തോന്നിയെങ്കിലും മലയാളം പറയുന്ന മലയാളിത്തമുള്ള മക്കളെയെങ്കിലും കിട്ടി എന്നു ഞാനിന്നാശ്വസിക്കുന്നു.അങ്ങനെ ഗവണ്മെന്റ് ഡോക്ടര്‍ ആയി ഞാന്‍ ജോലി ചെയ്തുവരുന്ന വഴിക്കു തന്നെ കല്യാണവും കഴിഞ്ഞു,ക്രമേണ കുട്ടികളും ആയി. കേരളത്തിന്റെ അങ്ങോളമിങ്ങോളം ഉള്ള ഗ്രാമങ്ങളില്‍ ജോലി ചെയ്തു. അവരുടെ ഒക്കെ ബഹുമാനവും സ്നേഹാദരവും ഒക്കെ എന്നെ എന്റെ ജോലിയില്‍ ഉത്സാഹഭരിതനാക്കി. എവിടെ ചെന്നാലും ബഹുമാനവും സ്ഥാനവും ഉണ്ടാവും. ദൈവത്തെപ്പോലെ കാണുന്ന എത്രയോ മനുഷ്യര്‍. സ്നേഹത്തോടെ സന്തോഷത്തോടെ വാഴക്കുലയും മാങ്ങയും കൈതച്ചക്കയും ഒക്കെ കൊണ്ടുവന്ന് തരുന്ന പാവപ്പെട്ടവര്‍ മുതല്‍ സ്കോച്ച് വിളമ്പി സല്‍ക്കരിക്കുന്ന നാട്ടിലെ പ്രമാണിമാര്‍ വരെ. ഫീയറ്റു കാറും പിന്നെ മാരുതിയും ഒക്കെയായി വണ്ടിയും താമസിക്കുന്നിടത്ത് ഫ്രിഡ്ജ്, മിക്സി, വാഷിങ് മെഷീന്‍, ടി വി തുടങ്ങിയ സൌകര്യങ്ങളും. എല്ലാവരും കൊതിക്കുന്ന ജീവിതം.പക്ഷെ ആരും കാണാത്ത ചില ഭാഗങ്ങള്‍ കൂടിയുണ്ട് ഈ ജീവിതത്തിന്. ഗവണമെന്റ് ഹോസ്പിറ്റലിലെ പരിമിതമായ സൌകര്യങ്ങളില്‍ ഉള്ള ചികിത്സ. പിന്നെ വീട്ടില്‍ വന്നാലും കാണാന്‍ വരുന്ന രോഗികള്‍, രോഗങ്ങള്‍ക്കും അപകടങ്ങള്‍ക്കും സമയം ഇല്ലല്ലോ? മൂന്നല്ലെങ്കില്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ ക്വാര്‍ട്ടേര്‍സ് എന്ന കൊച്ചു വീട്ടില്‍ നിന്നും എല്ലാം കെട്ടിപ്പെറുക്കി കേരളത്തിലെ മറ്റൊരു കോണിലേക്കുള്ള യാത്ര. കുട്ടികളുടെ സ്കൂള്‍ മാറ്റം മുതല്‍ നാട്ടിലെ സംസാരരീതികള്‍ക്കും സംസ്കാരത്തിനും വരെ മാറ്റങ്ങള്‍. ഏതൊരു നേട്ടത്തിനും അതിന്റേതായ കോട്ടങ്ങളും ഉണ്ടാകാം. അതിനാല്‍ തന്നെ കുറെയൊക്കെ നമ്മള്‍ അഡ്ജസ്റ്റു ചെയ്യേണ്ടിവരും. എന്നാല്‍ സാധാരണ മനുഷ്യജന്മങ്ങളായ നമുക്കും മനസും വികാരങ്ങളും ജീവിതവും ഇല്ലേ? പ്രൈവറ്റ് പ്രാക്ടീസ് നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒരു ഡോക്ടറിന്റെ കാര്യമല്ല ഇത്. സ്കാനിങിനും ടെസ്റ്റുകള്‍ക്കും മറ്റും എഴുതിക്കൊടുത്ത് കാറും വീടും സമ്പാദിക്കുന്ന ഇന്നത്തെ ഡോക്ടര്‍മാരുടെ കഥയല്ല ഇത്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള, സാധാരണക്കാര്‍ പോലും കയറാത്ത പ്രൈമറി ഹെല്‍ത്ത് സെന്ററുകളും മറ്റുമടങ്ങുന്ന സാധാരണ ഗവണ്മെന്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ ജീവിതം, മജ്ജയും മാംസവുമുള്ള സാധാരണ മനുഷ്യരുടെ കാര്യം. എന്റെ ഓര്‍മ്മയില്‍ വന്ന ഒന്നു രണ്ടു കാര്യങ്ങള്‍.എല്ലാവരെയും പോലെ ഒന്നാമത്തെ കുട്ടിയുടെ ഒന്നാം ജന്മദിനം ഞാനും ആഘോഷിച്ചേക്കാമെന്നു വെച്ചു. ഞാനന്നു ജോലി ചെയ്യുന്നത് പുത്തഞ്ചിറ എന്ന ഗ്രാമത്തില്‍. പാലക്കാട്ടുള്ള എന്റെ ഭാര്യയുടെ വീട്ടുകാരും പാലായിലുള്ള എന്റെ വീട്ടുകാരും എത്തിയിട്ടുണ്ട്. പുത്തഞ്ചിറയില്‍ എത്തിയിട്ട് ഒരു മാസമേ ആയുള്ളൂ, അതിനാല്‍ തന്നെ ഒരു കൊച്ചു വീടാണ് തല്‍ക്കാലം കിട്ടിയിരിക്കുന്നത്. ക്വാര്‍ട്ടേര്‍സ് ഒന്നും ഇല്ലാത്തതുകൊണ്ട് അവരെ അവിടെ താമസിപ്പിക്കാനും വയ്യ. ഉച്ചക്ക് കേക്ക് മുറിച്ച് ഊണും കഴിച്ചിട്ട് എല്ലാവര്‍ക്കും തിരിച്ചു പോകണം. അങ്ങനെ കേക്ക് മുറിക്കാനായി ഞാന്‍ ഉച്ചക്ക് ഞാന്‍ വീട്ടിലെത്തി. കാര്‍ന്നവന്മാരോട് ഒന്നു കുശലം പറഞ്ഞ് ഭാര്യയോട് കേക്ക് എടുക്കാന്‍ പറഞ്ഞപ്പോളാണ് ഹോസ്പിറ്റലില്‍ നിന്ന് അറ്റന്‍ഡര്‍ ദാമു ഓടി വന്നത്. തെക്കേത്തിലെ ഭാസ്കരന്‍ പ്ലാവില്‍ നിന്നും താഴെ വീണ് ഹോസ്പിറ്റലില്‍ കൊണ്ടുവന്നിരിക്കുന്നു. ഞാന്‍ ചോദിച്ചു, ഒരു 10 മിനിറ്റു കഴിഞ്ഞു വന്നാല്‍ മതിയോ? ദാമു പറഞ്ഞു, “സീരിയസ് ആണെന്നാ തോന്നുന്നേ, ബ്ലീഡിങ് ഉണ്ട്”. എന്നാല്‍ പിന്നെ നിങ്ങള്‍ കേക്ക് മുറിച്ചോളൂ എന്ന് പറഞ്ഞ് ഞാന്‍ ദാമുവിന്റൊപ്പം തിരിച്ചു.ആശുപത്രിയില്‍ എത്തിയപ്പോള്‍ ഭാസ്കരനെ കൊണ്ടുവന്നതില്‍ ഒരുത്തന്റെ ചോദ്യം, “ ഇവിടെ മനുഷ്യന്‍ ചാകാന്‍ കിടക്കുമ്പോള്‍ ആണ് അവന്റെ ബര്‍ത്ത് ഡേ പാര്‍ട്ടി”. ഒന്നും മിണ്ടിയില്ല എങ്കിലും അവനെ ഒന്നു നോക്കി ഞാന്‍. പന്ത്രണ്ടരമുതല്‍ അഞ്ചുവരെ വിശ്രമം ഉള്ള ഞാന്‍ ഒരു പ്രസവക്കേസിനു താമസിച്ചതിനാല്‍ ഒന്നര ആയപ്പോളാണ് വീട്ടില്‍ പോയത്. എന്റെ കൊച്ചിന്റെ ബര്‍ത്ത് ഡേ ആണെന്ന് ഉണ്ടാകാന്‍ പോകുന്ന കൊച്ചിനറിയില്ലല്ലോ. ഭാസ്കരന് പ്രധാനമായി ഉണ്ടായിരുന്ന ചുമലിലെ മുറിക് തുന്നിക്കെട്ടി. പിന്നെ ഭാസ്കരനെ കട്ടിലില്‍ ഒന്നു തിരിച്ചു കിടത്തി കാല്‍ ഒന്നു തിരിച്ചു നോക്കി, വേദന കൊണ്ട് ഭാസ്കരന്‍ കരഞ്ഞു പോയി. ഒടിവുണ്ട്, അപ്പോളാണ് കൂട്ടത്തില്‍ വന്നവന്റെ അടുത്ത ഡയലോഗ്, “ പാര്‍ട്ടി കൂടാന്‍ പറ്റാത്തതിന്റെ ദേഷ്യം ഡോക്ടര്‍ രോഗിയുടെ നേര്‍ക്ക് തീര്‍ക്കുവാനെന്നാ തോന്നുന്നേ”. എല്ലാവരോടും ഇറങ്ങിപോകാന്‍ പറഞ്ഞ് ഞാന്‍ പണിയില്‍ വ്യാപൃതനായി. ഡോക്ടര്‍മാര്‍ക്ക് ഈ പാര്‍ട്ടി ഒന്നും പറഞ്ഞിട്ടില്ലേ ആവോ? എന്തായാലും വികാരവുമായി നിന്നാല്‍ പണി തീരില്ലല്ലോ, മറ്റുള്ളവരുടെ ജീവന്‍ വെച്ചു കളിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ അതു വെച്ചു കെട്ടാനും ഒക്കെയായി കുറെ സമയം എടുത്തു. എല്ലാം കഴിഞ്ഞ് രാത്രി എട്ടുമണിയായി ഹോസ്പിറ്റലില്‍ നിന്നിറങ്ങിയപ്പോള്‍. നേരെ കവലയില്‍ ചെന്ന് ഒരു കേക്ക് കൂടി വാങ്ങിയേക്കാം, കാര്യം വീട്ടുകാര്‍ ഒക്കെ കേക്ക് മുറിച്ച് പോയി കാണുമെങ്കിലും ഞാന്‍ അച്ഛനല്ലേ, ഒന്നു കൂടി മുറിച്ചാഘോഷിക്കാം. കവലയിലെ കൊച്ചു ബേക്കറിയില്‍ ചെന്ന് ഒരു കൊച്ചു കേക്കുമായി വീട്ടില്‍ ചെന്നപ്പോളേക്കും കൊച്ച് ഉറങ്ങിയിരുന്നു. എത്ര കഴുകിയാലും പോകാത്ത ചോരയുടെ മണമുള്ള കൈയ്യുമായി ഞാന്‍ ഭാര്യയെ കെട്ടിപ്പിടിച്ചു കിടന്നു.മറ്റൊരു സമയം, ഞാന്‍ പത്തനംതിട്ടക്കടുത്തുള്ള ഇലവനംതിട്ട എന്ന സ്ഥലത്തു ജോലി ചെയ്യുന്നു. ആശുപത്രിയിലെ തിരക്കും പിള്ളേരുടെ പഠിത്തവും ഒക്കെയായി ജീവിതം തിരക്കിട്ടു പോകുന്നു. ഒരു ഡോക്ടര്‍ എന്നതിനൊപ്പം തന്നെ ഒരു ഭര്‍ത്താവായും അച്ഛനായും ജീവിക്കാന്‍ ഞാന്‍ നന്നായി പാടുപെടുന്നുണ്ടായിരുന്നു. മരണങ്ങളോ, വലിയ അപകടങ്ങളോ ഒക്കെ കണ്ടുകഴിഞ്ഞു വന്ന് അതൊക്കെ മറന്ന് ഭാര്യയുടെ അടുത്ത് ഒരു ഭര്‍ത്താവായി ഇരിക്കാന്‍ എന്റെ മനസ് കല്ലൊന്നുമല്ലായിരുന്നു. എങ്കിലും വലിയ തിരക്കുകളൊന്നുമില്ലായിരുന്ന ഒരു ദിവസം. നല്ല മഴയുണ്ടായിരുന്നു, ഹോസ്പിറ്റലില്‍ തിരക്കില്ലായിരുന്നതിനാല്‍ നേരത്തെ വീട്ടില്‍ വന്നു. മഴയുടെ ചെറിയ തണുപ്പില്‍ പിള്ളേരൊക്കെ പുതപ്പിനടിയില്‍ കിടന്ന് ഉറങ്ങുയപ്പോള്‍ ഞാനും ഭാര്യയും അടുത്തിരുന്നു. യുവമിഥുനങ്ങളായി ഞങ്ങള്‍ വീണ്ടും കെട്ടിപ്പിടിച്ചു. ഡെറ്റോളും, പാരസിറ്റാമോളും, ചോരയും, പഴുപ്പുമൊക്കെ മനസില്‍ നിന്നും മാഞ്ഞു. മുല്ലപ്പൂ‍വും മഞ്ഞും മര്‍മ്മരങ്ങളുമൊക്കെ മനസില്‍ നിറഞ്ഞു. ശരീരം ശരീരത്തൊട് ചേരുന്ന സമയം, കതകില്‍ വലിയ മുട്ട്. ഞാന്‍ തിരിഞ്ഞു കിടന്നു, വീണ്ടും വാതിലില്‍ മുട്ട്, കൂടെ തന്നെ സംസാരവും “ഡോക്ടറെ..ഞങ്ങള്‍ പോലീസ് ആണ്... ഒരു ആക്സിഡന്റ് കേസ്”ഞാന്‍ ഡ്രസ് മാറി ഇറങ്ങി, അവരുടെ കൂടെ ഹോസ്പിറ്റലില്‍ ചെന്നു. ചോരയില്‍ കുളിച്ച് ഒരു മധ്യവയസ്കന്‍. ചെന്നപ്പോളേ നല്ല മദ്യത്തിന്റെ മണം. “മദ്യപിച്ചതിനാല്‍ ബ്ലീഡിങ് നില്‍ക്കാനും പാടാണല്ലോ”ഞാന്‍ പോലീസുകാരനോട് പറഞ്ഞു. “നിന്റെ അപ്പനാടാ കള്ളുകുടിച്ചിരിക്കുന്നത്, പ***&%$#, ത$%&*‌..... ഞങ്ങടെ കാശു കൊണ്ടല്ലേ നാറീ നീയൊക്കെ അന്തസായിട്ട് ജീവിക്കുന്നത്“ എല്ലാം കേട്ടു, എന്തു പറയാന്‍, ഞാന്‍ എന്റെ ജോലി ചെയ്തു.യുദ്ധങ്ങളും, പകര്‍ച്ചവ്യാദികളും, തീവ്രവാദവുമൊക്കെ തീതുപ്പുന്ന ഇന്നത്തെ കാലത്ത് ഇതൊക്കെ മൃദുലവികാരമുള്ളവര്‍ക്കുള്ള വേദനകളാവാം. പക്ഷെ ഞങ്ങളും മനുഷ്യരാണ്, ജീവിതത്തില്‍ ഒത്തിരി നഷ്ടങ്ങള്‍ ഉള്ള പച്ചയായ മനുഷ്യര്‍. ഇതുപോലെ എത്രയോ സംഭവങ്ങള്‍. സിനിമാ തിയേറ്ററിലും, വല്ലപ്പോളും സ്വന്തം വീട്ടിലും ഭാര്യയുടെ വീട്ടിലും പോകുമ്പോള്‍ മാത്രം ലഭിക്കുന്ന ഉറക്കവും, കുഞ്ഞു കുഞ്ഞു ജീവിത മുഹൂര്‍ത്തങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ ഒരു പ്രത്യേക ജീവിതം. പഴുത്ത വ്രണങ്ങളും കീറിമുറിച്ച യോനീമുഖവും ചോരയും ചലവും കണ്ടതിനു ശേഷവും വന്ന് ഭാര്യയുമായി കിടപ്പറ പങ്കിടണം, കുട്ടികളെ താലോലിക്കണം. എന്നും മനുഷ്യരുടെ വേദനയേറിയ മുഖം മാത്രം കാണാന്‍ വിധിക്കപ്പെട്ടവര്‍!വര്‍ഷങ്ങളുടെ സര്‍വ്വീസിനു ശേഷം ഒരു പനിയോ ചെറിയ അസുഖങ്ങളോ കാണുമ്പോള്‍ നമുക്കുണ്ടാകുന്ന നിസംഗഭാവത്തെ, ഡോക്ടര്‍ക്ക് നമ്മളെ നോക്കാന്‍ ശ്രദ്ധയില്ല എന്നു മറ്റുള്ളവരെക്കൊണ്ട് പറയിക്കാതിരിക്കാന്‍ വേണ്ടി അഭിനയിക്കാന്‍ ശ്രമിക്കുമ്പോള്‍ മനസില്‍ എല്ലാം ഒരു ശൂന്യത തന്നെ. ഡോക്ടര്‍മാരുടെ സമരത്തെക്കുറിച്ചും അവരുടെ മന:സാക്ഷിയില്ലാത്ത പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഒക്കെ ഘോരഘോരം പ്രസംഗിക്കുന്നതും എഴുതുന്നതും കണ്ടപ്പോള്‍ എന്തെങ്കിലും എഴുതണം എന്നു തോന്നി. എല്ലാം ശരിയാണെന്നല്ല, ആരെങ്കിലും ഒക്കെ എന്തെങ്കിലും നല്ലതു പറയേണ്ടേ? പൈസയെക്കാളും കൂടുതല്‍ ചാരിതാര്‍ഥ്യവും ബഹുമാനവും ഉള്ള ഒരു ജോലി, അല്ലെങ്കില്‍ സേവനം എന്നതില്‍ നിന്നും ഈ പ്രൊഫഷന്‍ ഒത്തിരി മാറിയെങ്കിലും ഇന്നും അങ്ങനെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിരവധി ആളുകള്‍ ഉണ്ടെന്നു നാം മറക്കാന്‍ പാടില്ല. പ്രതിഫലം (ബഹുമാനമോ, അംഗീകാരമോ, ചാരിതാര്‍ഥ്യമോ, പണമോ)ഏതെങ്കിലും ലഭിക്കേണ്ടേ...?

12 comments:

ponjaran September 29, 2009 at 11:55 AM  

Nice writing ..... touching .....

Anonymous September 29, 2009 at 12:00 PM  

I wish if you could say the same about our police men, fire& rescue team. how r they portraited in the media?

കെ.കെ.എസ് September 29, 2009 at 4:12 PM  

പൊതു ജനങൾക്ക് ഡോക്ടർമാരെ കുറിച്ച് ഒരു സങ്കല്പമുണ്ട്.ഏതു പാതിരാക്കും
രോഗിയെ കാത്തുകൊണ്ട് അവർ കണ്ണിലെണ്ണയൊഴിച്ചിരിക്കുകയായിരിക്കണം
(രാത്രി ഒരു മണിനേരത്ത് വന്ന് ബെല്ലടിക്കുമ്പോൾ തുറക്കാൻ വൈകിയാൽ
അവർ പിറുപിറുക്കും “എന്തൊരുറക്കമാണ്...ഞങൾ എത്രനേരമായി ബെല്ലടിക്കുന്നു്‌!!)
അവർ അസുഖമായോ അത്യാവശ്യത്തിനോ ലീവെടുക്കെത്തുന്നത് ശരിയായ ഏർപ്പാടല്ല
( ഇന്നലെ ഞങൾ വന്നു ഡോക്ടറെ കാണാതെ മടങി പോയി ..ചെറിയ ഒരു കുറ്റപെടു
ത്തലിന്റെ ആസ്വരം കേട്ട് ഡോക്ടർ പറയുന്നു...’‘എനിക്ക് സുഖമില്ലായിരുന്നു പനി“
ഓ ...ഡോക്റ്റർ ക്കും അസുഖങൾ വരുമോ?)
തുടർന്ന് രോഗിയെ ഡോക്ടർ പരിശോധിക്കുന്നു..വിശദമായ പരിശോധൻ ക്കൊടുവിൽ
മരുന്നു കുറിച്ച് കഴിയുമ്പോൾ ...അയ്യാൾ നന്ദി സൂചകമായി നൂറ് രൂപ മേശപുറത്തുവക്കുന്നു
ഡോക്ടർ അതെടുത്ത് പോക്കറ്റിലും വക്കുന്നു.പുറത്തേക്കിറങിയ രോഗിയുടെ ഡയലോഗ്
പക്ഷെ ഡോക്ടർ കേൾക്കുന്നില്ല..( ഇത്രയും പണകൊതിയനായ ഒരു ഡോകടറെ
ഞാൻ കണ്ടിട്ടില്ല...നൂറ് രൂപകൊടുത്തിട്ട് ഒരു രൂപ പോലും മടക്കി തന്നില്ല!!)

Ashly September 30, 2009 at 1:31 PM  

totally different writing style (compared to your old post)

very touching.

കണ്ണനുണ്ണി October 1, 2009 at 8:48 AM  

മറു ഭാഗം കൂടെ കാണാനുള്ള നല്ല ശ്രമം..

Sinochan October 1, 2009 at 5:19 PM  

നന്ദി പൂഞ്ഞാറനന്‍

അനോനി - ശരിയാണ്, അവരിലും നല്ല കഷ്ടപെടുന്ന ഒത്തിരി പേര്‍ ഉണ്ട്. പ്രത്യേകിച്ച് ഫയര്‍ഫോര്‍സ്, യാതൊരു അനുമോദനവും ലഭിക്കാത്ത പാവങ്ങള്‍

കെ കെ എസ് - താങ്കളുടെ വികാരത്തോട് യോജിക്കുന്നു. ഒരു ഡോക്ടര്‍ക്ക് സമൂഹത്തോടുള്ള കടപ്പാട് മറന്നിട്ടല്ലാ ഞാനിതെഴുതിയത്, പക്ഷെ ഒരു മാനുഷിക പരിഗണന തീര്‍ച്ചയായും വേണം എന്നതുകൊണ്ടു തന്നെ.
Captain Haddock - വിത്യസ്തത ഇടക്കൊക്കെ വേണ്ടേ?

കണ്ണനുണ്ണീ - ചിന്തയിലെങ്കിലും
ഒരു കൊച്ചു റിബലായതിന്റെ ബാക്കിപത്രം

ചിതല്‍/chithal October 1, 2009 at 9:34 PM  

സാധാരണ, ഡോക്ടര്‍മാരുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാറില്ല. അത്‌ വളരെ സരസമായി വര്‍ണിച്ചതിന്‌ നന്ദി!

മനുഷ്യസമൂഹത്തിനു് ഏറ്റവും വലിയ സംഭാവനകള്‍ ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക്‌ അഭിവാദനങ്ങള്‍! ഞങ്ങള്‍ എന്‍ജിനീയര്‍മാര്‍ക്ക്‌ മനുഷ്യത്വം വേണമെന്നില്ല. പക്ഷെ ഏത്‌ അവസ്ഥയിലും മനസ്സാന്നിദ്ധ്യം വിടാതെ പെരുമാറേണ്ടി വരുന്ന നിങ്ങള്‍ ഞങ്ങളുടെ ആദരവര്‍ഹിക്കുന്നു!

Anil Peter October 2, 2009 at 11:28 PM  

Nicely pointed out. When the ordinary people look at the doctors, they are having a better life than most of them. Then when they go strike you cannot expect them to take it in the positive sense. Doctors should come up with some different forms of strike, that will not affect the lives of common man. Don't have any suggestion.
Do respect the effort you put in to save each life, which is of no value to the burocrats in India.

Suraj October 3, 2009 at 1:19 PM  

എന്ത് പറയാന്‍ ! ഈ പരാധീനതകളൊക്കെ നില്‍ക്കുമ്പോള്‍ തന്നെയാണ് കേരളത്തിന്റെ ഹെല്‍ത് ഇന്‍ഡിസസ് ഇത്ര നന്നായിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ ചെറുതല്ല മാഷേ നിങ്ങളെപ്പോലുള്ളവരെ ഓര്‍ത്ത് അഭിമാനം.

ഏതാണ്ടിതുപോലൊരു ജീവിതം അമ്മാവന്‍ ജീവിച്ചുതീര്‍ക്കുന്നതു കണ്ട് മടുത്തിട്ടാണ് അക്കാഡമിക്സ് എന്ന ജാമ്യമെടുത്ത് നാടുവിട്ടത്. പക്ഷേ കഥ ഏകദേശം ഒരു പോലെയാണ് എല്ലായിടത്തും. ഒരു വ്യത്യാസമുണ്ട്. വെളിയില്‍ അല്പം കൂടി ജീവിതസൌകര്യമുണ്ട്, ടെക്നോളജിയുടെ സഹായവും. ട്രയല്‍ ആന്റ് എറര്‍ നടത്തി “മരുന്നുമാറി കുത്തിവച്ചേ” എന്ന നെലവിളി കേള്‍ക്കാതെയെങ്കിലും ജീവിക്കാം.

Unknown October 3, 2009 at 2:02 PM  

really a touching story... nice style of writing...

കുറ്റക്കാരന്‍ October 6, 2009 at 5:51 PM  

ഒരു ഡോക്ടറുടെ ജീവിതത്തിലെ ഇരുണ്ട വശങ്ങളെക്കുറിച്ചും മനസിലാക്കിയിരിക്കാന്‍ തങ്കളുടെ ഈ പോസറ്റ് ഉപകരിക്കും..

ഹാഫ് കള്ളന്‍||Halfkallan October 6, 2009 at 8:34 PM  

നന്നായി .. വളരെ നന്നായി .. നാല് പേര് ഇത് അറിയണം .. സ്വകാര്യത നഷ്ടപ്പെടുന്ന ഒരു തൊഴില്‍ .. ഈ കുറ്റം പറയുന്നവര്‍ ഒന്നും ഇത് അറിയുന്നില്ല .. "ബൈ ഡിഫോള്‍ട്ട്" സംഭവിക്കേണ്ട കാര്യം പോലെ ആണ് പാതിരാത്രി ഡോക്ടറെ വിളിച്ചുനര്തുമ്പോ വരുന്നവന്‍ കരുതുന്നത്


Jaalakam

ജാലകം

About This Blog

Lorem Ipsum

  © Blogger templates Inspiration by Ourblogtemplates.com 2008

Back to TOP